ദൈവവുമായുള്ള സമാധാനം നേടുക—സമർപ്പണത്താലും സ്നാനത്താലും
“യഹോവ തുടർന്നു പറഞ്ഞു: ‘ . . . അടയാളമുള്ള യാതൊരു മനുഷ്യന്റെയും അടുക്കൽ പോകരുത്‘”—യെഹെസ്ക്കേൽ 9:4, 6.
1, 2. (എ)പൊതുജനങ്ങൾ ദൈവവുമായി സമാധാനത്തിലല്ലാത്തതെന്തുകൊണ്ട്? (ബി) എല്ലാവരും അങ്ങനെയുള്ള സമാധാനം നേടുന്നത് മർമ്മപ്രധാനമായിരിക്കുന്നതെന്തുകൊണ്ട്?
ദൈവവുമായുള്ള സമാധാനം നേടുക? എന്തുകൊണ്ട്? ദൈവവുമായി തങ്ങൾ ശത്രുതയിലാണെന്ന് ആരും കരുതുന്നില്ല. എന്നിരുന്നാലും, ദൈവത്തിന്റെ ഒരു യഥാർത്ഥ ശത്രു ആയിരിക്കാനും അതിനെക്കുറിച്ച് ബോധവാനല്ലാതിരിക്കാനുമുള്ള സാദ്ധ്യതയുണ്ടോ? അപ്പോസ്തലനായ പൗലോസ് ഒന്നാം നൂററാണ്ടിലെ ക്രിസ്ത്യാനികളോട് ഇങ്ങനെ വിശദീകരിച്ചു: “ഒരു കാലത്ത് നമ്മളെല്ലാം നമ്മുടെ ജഡത്താലും ചിന്തകളാലും ഇച്ഛിക്കപ്പെടുന്ന കാര്യങ്ങൾ ചെയ്തുകൊണ്ട് ജഡിക മോഹങ്ങൾക്കനുയോജ്യമായി നടന്നു, നാം ശേഷിച്ചവരെപ്പോലെതന്നെ, സ്വാഭാവികമായി ക്രോധത്തിന്റെ മക്കൾ ആയിരുന്നു.—എഫേസ്യർ 2:3.
2 അതുപോലെ ഇന്ന്, നിങ്ങൾ ദൈവത്തെ പ്രസാദിപ്പിക്കുന്നതിൽ തൽപ്പരനായിരിക്കാമെങ്കിലും, ആദാമിൽനിന്ന് അവകാശപ്പെടുത്തിയ പാപം നിങ്ങളുടെ വീക്ഷണത്തെ ബാധിക്കുന്നു. അതിന് “ജഡത്താൽ ഇച്ഛിക്കപ്പെടുന്ന കാര്യങ്ങളെ” നിങ്ങൾ പിന്തുടരാനിടയാക്കാൻ കഴിയും. നിങ്ങൾ യഹോവയുടെ സാക്ഷികളോടുകൂടെ ബൈബിൾ പഠിക്കുന്ന ഒരു വ്യക്തിയോ സാക്ഷികളായ മാതാപിതാക്കളുള്ള ഒരു സ്നാനമേൽക്കാത്ത യുവാവോ ആണെങ്കിൽ പോലും സ്വന്തഇഷ്ടം ചെയ്യാനുള്ള ഒരു സ്വാർത്ഥ മനോഭാവമായിരിക്കാം നിങ്ങളുടെ ജീവിതത്തിലേറെയും പ്രകടമാകുന്നത്. അത് നിങ്ങളെ ദൈവത്തിൽനിന്ന് അന്യപ്പെടുത്തുന്നതിൽ തുടർന്നേക്കാം. അത്തരമൊരു ഗതിയിൽ തുടരുന്ന ഒരു വ്യക്തി ‘തനിക്കുവേണ്ടി ക്രോധം കൂട്ടിവെക്കുകയാണ് ചെയ്യുന്നത്.’ (റോമർ 2:5; കൊലോസ്യർ 1:21; 3:5-8) സത്വരം സമീപിച്ചുവരുന്ന “ക്രോധത്തിന്റെയും ദൈവത്തിന്റെ നീതിയുള്ള ന്യായവിധിയുടെ വെളിപ്പെടലിന്റെയും ദിവസത്തിൽ” ദൈവം പൂർണ്ണമായി തന്റെ കോപം വെളിപ്പെടുത്തും. (റോമർ 1:28-2:6) നിങ്ങൾക്ക് ദൈവവുമായുള്ള സമാധാനം നേടാനും ഈ “ക്രോധദിവസ”ത്തെ അതിജീവിക്കാനും എങ്ങനെ കഴിയും?
സമാധാനത്തിന്റെ അടിസ്ഥാനം
3. ദൈവം നിരപ്പിനുള്ള അടിസ്ഥാനം പ്രദാനം ചെയ്തതെങ്ങനെ?
3 സഹായിക്കുന്നതിന് യഹോവ മുൻകൈ എടുത്തു. “അവൻ നമ്മെ സ്നേഹിക്കുകയും നമ്മുടെ പാപങ്ങൾക്കുവേണ്ടി ഒരു പരിഹാരയാഗമായി തന്റെ പുത്രനെ അയയ്ക്കുകയും ചെയ്തു.” (1 യോഹന്നാൻ 4:10) യേശുവിന്റെ ബലിമരണം പാപപരിഹാരം വരുത്തുന്നു, അതായത് യഹോവയുടെ നീതിയെ തൃപ്തിപ്പെടുത്തുന്നു. ഇതു പാപങ്ങളുടെ മോചനത്തിനും ഒടുവിൽ ദൈവവും മനുഷ്യനും തമ്മിലുള്ള ശത്രുതയുടെ പൂർണ്ണമായ നീക്കത്തിനും നിയമപരമായ ഒരു അടിസ്ഥാനം നൽകുന്നു. അതെ, അപ്പോസ്തലനായ പൗലോസ് എഴുതിയതുപോലെ “ദൈവത്തിന്റെ പുത്രന്റെ മരണത്താൽ അവനോടു നിരപ്പാകുക” സാദ്ധ്യമാണ്.—റോമർ 5:8-10.
4. യെഹെസ്ക്കേലിന് ഏതു പ്രസക്തമായ ദർശനം കൊടുക്കപ്പെട്ടു? നമുക്ക് ഇത് പ്രാധാന്യമുള്ളതായിരിക്കുന്നതെന്തുകൊണ്ട്?
4 എന്നാൽ ക്രിസ്തുവിന്റെ ബലിയിൽനിന്ന് വ്യക്തിപരമായി പ്രയോജനം കിട്ടുന്നതിന് നാം ചില നടപടികൾ സ്വീകരിക്കേണ്ടതാണ്. ഇവ യെഹെസ്ക്കേൽ പ്രവാചകനു കൊടുക്കപ്പെട്ട ഒരു നാടകീയ ദർശനത്തിൽ സൂചിപ്പിക്കപ്പെട്ടിരിക്കുന്നു. അതു ദൈവത്തിന്റെ “ക്രോധദിവസം” ആസന്നമായിരിക്കുന്ന നമ്മുടെ കാലത്ത് നിവൃത്തിയേറുന്ന ഒരു ദർശനമാണ്. ദൈവത്തിന്റെ വധാധികൃത സൈന്യങ്ങൾ ദർശനത്തിൽ ആറു സായുധ പുരുഷൻമാരാൽ ചിത്രീകരിക്കപ്പെടുന്നു. അവർ ദൈവക്രോധം വെളിപ്പെടുത്തുന്നതിനു മുൻപ് ഒരു കാര്യദർശിയുടെ മഷികുപ്പിയോടുകൂടിയ ഏഴാമത്തെ ഒരു പുരുഷനോട് ഇങ്ങനെ പറയപ്പെടുന്നു: “നഗരത്തിന്റെ മദ്ധ്യത്തിലൂടെ കടന്നുപോകുക, . . . അതിൻമദ്ധ്യേ ചെയ്യപ്പെടുന്ന സകല മ്ലേച്ഛകാര്യങ്ങളും നിമിത്തം നെടുവീർപ്പിട്ടു, കരയുന്ന പുരുഷൻമാരുടെ നെററിയിൽ നീ ഒരു അടയാളം ഇടണം.’ ഞാൻ കേൾക്കെ [ആറ് സായുധപുരുഷൻമാരോടു] അവൻ പറഞ്ഞു: ‘അവന്റെ പിന്നാലെ നഗരത്തിലൂടെ കടന്ന് വെട്ടുക. . . . എന്നാൽ അടയാളമുള്ള യാതൊരു മനുഷ്യന്റെയും അടുക്കൽ പോകരുത്.’”—യെഹെസ്ക്കേൽ 9:1-6.
5. അനുതാപത്തിലേക്കു നയിക്കുന്നതെന്ത്?
5 സത്യദൈവത്തെ ആരാധിക്കുന്നതായി അവകാശപ്പെട്ടിരുന്ന ആളുകൾ ‘ദേശത്തെ അക്രമംകൊണ്ടു നിറയ്ക്കുകയും’ ലൈംഗിക ദുർമ്മാർഗ്ഗത്തിലും വിഗ്രഹാരാധനയിലും മററു സകലതരം ദുർന്നടത്തയിലും ഏർപ്പെടുകയും ചെയ്തിരുന്നതുകൊണ്ട് സംരക്ഷണാർത്ഥം ‘അടയാളമിടപ്പെട്ടിരുന്ന’ ഇവർ അസ്വസ്ഥരായിരുന്നു. (യെഹെസ്ക്കേൽ 8:5-18; യിരെമ്യാവ് 7:9) അതുപോലെതന്നെ ഇന്നും ‘അടയാളമിട’പ്പെടേണ്ടവർ ബൈബിളിന്റെ ഒരു പഠനത്തിലൂടെ ദൈവത്തിന്റെ പ്രമാണങ്ങളെ വിലമതിക്കാനും അവനെ അപമാനിക്കുന്ന പഠിപ്പിക്കലുകളും ആചാരങ്ങളും സംബന്ധിച്ച് ഹൃദയത്തിൽ സങ്കടപ്പെടാനും, അതെ, ‘നെടുവീർപ്പിട്ടു കരയാൻ’ ആദ്യം പഠിക്കേണ്ടതാണ്. ഒരുപക്ഷേ അജ്ഞതയാൽ ചിലർ ദുഷ്പ്രവൃത്തിയിൽ ഏർപ്പെടുകയോ പിന്തുണകൊടുത്തുകൊണ്ട് അവയ്ക്കു സമ്മതം മൂളുകയോ ചെയ്തിരിക്കാം. എന്നിരുന്നാലും ഇപ്പോൾ അവർ അത്തരം പ്രവർത്തനങ്ങളെ ദൈവം വീക്ഷിക്കുന്നതുപോലെ വീക്ഷിക്കുന്നു—അറപ്പോടെ! (റോമർ 1:24-32; യെശയ്യാവ് 2:4; വെളിപ്പാട് 18:4; യോഹന്നാൻ 15:19) ഈ വർദ്ധിച്ച വിലമതിപ്പ് ദൈവവുമായുള്ള സമാധാനം നേടുന്നതിന്റെ ആദ്യനടപടികളിലൊന്നിലേക്ക് നയിക്കുന്നു: അനുതാപം. അപ്പോസ്തലനായ പത്രോസ് ഇങ്ങനെ പ്രോത്സാഹിപ്പിച്ചു. “യഹോവയാം വ്യക്തിയിൽനിന്ന് ആശ്വാസകാലങ്ങൾ വരേണ്ടതിന് [ക്രോധമല്ല] നിങ്ങളുടെ പാപങ്ങൾ മായിച്ചുകിട്ടത്തക്കവണ്ണം അനുതപിക്കുകയും തിരിഞ്ഞു വരികയും ചെയ്യുക.” (പ്രവൃത്തികൾ 3:19) അങ്ങനെയുള്ള മോചനം എത്ര ആശ്വാസദായകമാണ്!
“അടയാളം” സ്വീകരിക്കൽ
6. പുരാതനകാലങ്ങളിൽ ചിലയാളുകൾ ഏതു കാരണത്തിന് അടയാളമിടപ്പെട്ടിരുന്നു?
6 ദൈവക്രോധത്തിൽനിന്ന് ഒഴിവാക്കപ്പെടുന്നതിന് ‘നെടുവീർപ്പിട്ടു കരയുന്നവർ’ തങ്ങളുടെ നെററിയിൽ അടയാളമിടപ്പെടേണ്ടിയിരുന്നു. (യെഹെസ്ക്കേൽ 9:4) പുരാതന കാലങ്ങളിൽ വ്യക്തമായി തിരിച്ചറിയുന്നതിന് മിക്കപ്പോഴും അടിമകളുടെ നെററിയിൽ അടയാളമിടുമായിരുന്നു. നെററിയിലും മററുള്ളടങ്ങളിലുമുള്ള വ്യക്തമായ അടയാളങ്ങൾ ഒരു വ്യക്തി ഒരു പ്രത്യേക ദൈവത്തെ ആരാധിച്ചിരുന്നുവെന്നും പ്രകടമാക്കിയേക്കാം.a(യെശയ്യാവ് 44:5 താരതമ്യപ്പെടുത്തുക) അതുകൊണ്ട് നമ്മുടെ നാളിൽ, യഹോവയുടെ ആരാധകരും അടിമകളുമായി വ്യക്തമായി തിരിച്ചറിയിക്കുന്ന വ്യതിരിക്തവും ജീവരക്താകരവുമായ അടയാളമെന്താണ്?
7. പ്രതീകാത്മക അടയാളം എന്താണ്?
7 പ്രതീകാത്മകമായ അടയാളം (1) നിങ്ങൾ യേശുക്രിസ്തുവിന്റെ സമർപ്പിതനും സ്നാനമേററവനുമായ ഒരു ശിഷ്യനാണെന്ന് (2) നിങ്ങൾ ക്രിസ്തുതുല്യമായ പുതിയ വ്യക്തിത്വം ധരിച്ചിരിക്കുന്നുവെന്ന് കാണിക്കുന്ന തെളിവാണ്—അത് ആവരണമില്ലാത്ത നിങ്ങളുടെ നെററിയിൽ പ്രദർശിപ്പിച്ചിരിക്കുന്നതുപോലെയാണ്. (എഫേസ്യർ 4:20-24) അങ്ങനെ ‘അടയാളമിടപ്പെടുന്നവർ’ ആദ്യം ഒരു സമർപ്പണം ചെയ്യേണ്ടിയിരിക്കുന്നതിനാൽ അതിൽ എന്ത് ഉൾപ്പെട്ടിരിക്കുന്നുവെന്ന് നാം അറിയേണ്ടതുണ്ട്. യേശു വിശദീകരിക്കുന്നു: “ആരെങ്കിലും എന്റെ പിന്നാലെ വരാനാഗ്രഹിക്കുന്നുവെങ്കിൽ, അവൻ തന്നെത്താൻ ത്യജിച്ച് തന്റെ ദണ്ഡനസ്തംഭമെടുത്ത് എന്നെ തുടർച്ചയായി അനുഗമിക്കട്ടെ.”—മർക്കോസ് 8:34.
8, 9. (എ) ‘തന്നെത്താൻ ത്വജിക്കുക’ എന്നതിന്റെ അർത്ഥമെന്ത്? (ബി) സമർപ്പണം ആവശ്യപ്പെടുന്നതിനെ എങ്ങനെ ചിത്രീകരിക്കാൻ കഴിയും?
8 “ത്യജിക്കുക” എന്നു വിവർത്തനം ചെയ്തിരിക്കുന്ന ഗ്രീക്ക് പദത്തിന്റെ അർത്ഥം “പൂർണ്ണമായി നിരസിക്കുക” അഥവാ “പരിത്യജിക്കുക” എന്നാണ്. തന്നിമിത്തം, ‘നിങ്ങളേത്തന്നെ ത്യജിക്കുക’ എന്നതിന്റെ അർത്ഥം വല്ലപ്പോഴും ഒരു പ്രത്യേക ഉല്ലാസം അഥവാ ആസക്തി നിരസിക്കുക എന്നല്ല. പകരം അതിന്റെ അർത്ഥം നിങ്ങളുടെ വ്യക്തിപരമായ ആഗ്രഹങ്ങളാലും അഭീഷ്ടങ്ങളാലും നിങ്ങളുടെ ജീവിതം ഭരിക്കപ്പെടാൻ അനുവദിക്കുന്ന കാര്യത്തിൽ നിങ്ങളോടു തന്നെ ഇല്ല എന്നു പറയാൻ സന്നദ്ധനായിരിക്കുക എന്നാണ്. ഈ ആശയം വ്യത്യസ്ത ഭാഷകളിലേക്ക് ഭാഷാന്തരം ചെയ്തിരിക്കുന്നതെങ്ങനെയെന്ന് ശ്രദ്ധിക്കുന്നതിനാൽ യേശുവിന്റെ വാക്കുകളുടെ വ്യാപ്തി കാണാൻ നാം സഹായിക്കപ്പെടുന്നു. “ഒരുവന്റെ സ്വന്തം ഹൃദയം ആഗ്രഹിക്കുന്നതു ചെയ്യുന്നതു നിർത്തുക.” (സെൽററൽ, മെക്സിക്കോ), “മേലാൽ തനിക്കുള്ളതല്ലായിരിക്കുക” (കാഞ്ചോബാൽ, ഗോട്ടിമാലാ) “സ്വയം പുറംതിരിഞ്ഞുകളയുക” (ജാവനീസ്, ഇൻഡോനേഷ്യാ). അതെ, ഇതിന്റെ അർത്ഥം പല കാര്യങ്ങളിൽ ചെയ്യാൻ കഴിയുന്ന ഒരു പ്രതിജ്ഞ എന്നു മാത്രമല്ല, പിന്നെയോ സമ്പൂർണ്ണമായ ഒരു സമർപ്പണം എന്നാണ്.
9 മുമ്പ് തികച്ചും സ്വതന്ത്രയായി പെരുമാറിയിരുന്ന സൂസൻ എന്ന ഒരു ക്രിസ്തീയ സ്ത്രീ തനിക്ക് സമർപ്പണം എന്തർത്ഥമാക്കിയെന്ന് വിശദീകരിക്കുന്നു: “ഞാൻ മറെറാരാൾക്ക് എന്നെ മുഴുവനായി ഏൽപ്പിച്ചുകൊടുക്കുകയായിരുന്നു. ഇപ്പോൾ യഹോവ എന്റെ പ്രവർത്തനഗതി നിശ്ചയിക്കുകയും എന്തു ചെയ്യണമെന്ന് എന്നോടു പറയുകയും എന്റെ മുൻഗണനകൾ തീരുമാനിക്കുകയും ചെയ്യുന്നു.” നിങ്ങൾ യഹോവയാം ദൈവത്തിന് ഇതേ സമ്പൂർണ്ണ സമർപ്പണം ചെയ്യാൻ സന്നദ്ധനാണോ? പ്രതീകാത്മക അടയാളം, യജമാനന്റെ ഒരു സന്തുഷ്ട അടിമ എന്നപോലെ നിങ്ങൾ ദൈവത്തിന് ‘ഉള്ളവ’നെന്നു തിരിച്ചറിയിക്കുന്നുവെന്നോർക്കുക.—പുറപ്പാട് 21:5, 6; റോമർ 14:8, താരതമ്യപ്പെടുത്തുക.
10. ഒരു സമർപ്പണം ചെയ്യുന്നതിനു മുമ്പ് ഏതു കാര്യങ്ങൾ ഒരുവൻ പരിചിന്തിക്കണം?
10 “നിങ്ങളിൽ ഒരു ഗോപുരം പണിയാൻ ആഗ്രഹിക്കുന്ന ആർ അതു പൂർത്തീകരിക്കാൻ മതിയായത് ഉണ്ടോയെന്നറിയാൻ ആദ്യം ഇരുന്നു ചെലവു കണക്കുകൂട്ടാതിരിക്കുന്നു?” എന്ന് യേശു ചോദിച്ചു. (ലൂക്കോസ് 14:28) അതുകൊണ്ട് ക്രിസ്തീയയോഗങ്ങളിൽ ക്രമമായി ഹാജരാകാൻ നിങ്ങൾ സന്നദ്ധരാണോ? (എബ്രായർ 10:25) ദൈവം തന്റെ ദാസർക്കുവേണ്ടിവെച്ചിരിക്കുന്ന ഉന്നതമായ ധാർമ്മിക നിലവാരം പുലർത്താൻ സന്നദ്ധരാണോ? (1 തെസ്സലോനീക്യർ 4:3, 4, 7) നിങ്ങൾ കഴിയുന്നത്ര പൂർണ്ണമായി രാജ്യപ്രസംഗവേലയിൽ പങ്കെടുക്കുന്നുണ്ടോ? ഒരു ജീവിതവൃത്തി തെരഞ്ഞെടുക്കുമ്പോഴോ ജീവിതലക്ഷ്യങ്ങൾ വെക്കുമ്പോഴോ ദൈവേഷ്ടത്തെ ഒന്നാമതു വെയ്ക്കുമോ? (മത്തായി 6:33; സഭാപ്രസംഗി 12:1) നിങ്ങളുടെ കുടുംബകടപ്പാടുകളിൽ ശ്രദ്ധിക്കുമോ? (എഫേസ്യർ 5:22-6:4; 1 തിമൊഥെയോസ് 5:8) നിങ്ങൾ പ്രാർത്ഥനയിൽ ഒരു വ്യക്തിപരമായ സമർപ്പണം ചെയ്തു കഴിയുമ്പോൾ കൂടുതലായ ഒരു നടപടി ഇതിനെക്കുറിച്ചു മററുള്ളവരെ ഔദ്യോഗികമായി അറിയിക്കുന്നു.
സ്നാനം—ആർക്ക്?
11. സ്നാപനം എന്തിനെ പ്രതീകവൽക്കരിക്കുന്നു, അതിനാൽ എന്തു സാധിക്കുന്നു?
11 തന്റെ അനുഗാമികളെ സ്നാനപ്പെടുത്തണമെന്ന് യേശു കൽപ്പിച്ചു. (മത്തായി 28:19, 20) അവരെ മുഴുവനായി വെള്ളത്തിൽ ആഴ്ത്തുകയും പൊക്കിയെടുക്കുകയും ചെയ്യണമായിരുന്നു. ഒരു കുഴിച്ചിടലും പുനരുത്ഥാനവും പോലെ, ഇത് ഒരു വ്യക്തി തന്റെ സ്വാർത്ഥജീവിതഗതി സംബന്ധിച്ചു മരിക്കുന്നതിനെയും ദൈവേഷ്ടം ചെയ്യാൻ ജീവിപ്പിക്കപ്പെടുന്നതിനെയും നന്നായി ചിത്രീകരിക്കുന്നു. സ്നാനത്താൽ നിങ്ങൾ ദൈവത്തിന്റെ ലോകവ്യാപകസഭയോടുള്ള ബന്ധത്തിൽ നിങ്ങളേത്തന്നെ യഹോവയുടെ സാക്ഷികളിലൊരാളായി തിരിച്ചറിയിക്കുന്നു.b സ്നാനം ദൈവവുമായി ചെയ്യുന്ന ഒരു പാവനമായ കരാറിനെ പ്രാബല്യത്തിലാക്കുന്നു. (പുറപ്പാട് 19:3-8 താരതമ്യപ്പെടുത്തുക.) നിങ്ങളുടെ ജീവിതം അവന്റെ നിയമങ്ങൾക്കനുയോജ്യമായിരിക്കണം. (സങ്കീർത്തനം 15; 1 കൊരിന്ത്യർ 6:9-11) ദൈവത്തിന്റെ ഒരു ശുശ്രൂഷകനെന്നനിലയിൽ നിങ്ങളെ നിയോഗിക്കുന്ന സ്നാനം “ഒരു നല്ല മനഃസാക്ഷിക്കുവേണ്ടി ദൈവത്തോടു ചെയ്യുന്ന അപേക്ഷ”യെയും പ്രതിബിംബിപ്പിക്കുന്നു, എന്തുകൊണ്ടെന്നാൽ നിങ്ങൾ ദൈവവുമായി സമാധാനത്തിലാണെന്ന് നിങ്ങൾ അറിയുന്നു.—1 പത്രോസ് 3:21.
12. കുട്ടികൾ അവരുടെ മാതാപിതാക്കളുടെ “അടയാള”ത്താൽ സംരക്ഷിക്കപ്പെടുന്നതെപ്പോൾ?
12 യുവാക്കൾപോലും സ്നാനത്തെക്കുറിച്ചു പരിഗണിക്കണമോ? ശരി, ദർശനത്തിലെ ആറു സായുധ പുരുഷൻമാരോട് യഹോവ ഇങ്ങനെ പറഞ്ഞുവെന്നോർക്കുക: “വൃദ്ധനെയും യുവാവിനെയും കൊച്ചുകുട്ടിയെയും സ്ത്രീകളെയും നിങ്ങൾ കൊന്നുകളയണം—മുടിച്ചുകളയണം. എന്നാൽ അടയാളമുള്ള യാതൊരു മനുഷ്യന്റെയും അടുക്കൽ പോകരുത്.” (യെഹെസ്ക്കേൽ 9:6) തീർച്ചയായും മാതാപിതാക്കൾ യഹോവയെ സ്നേഹിക്കാൻ തങ്ങളുടെ മക്കളെ വളർത്തിക്കൊണ്ടുവരികയും അവർ അനുസരണപൂർവ്വം പ്രതികരിക്കുകയുമാണെങ്കിൽ ഒരു സമർപ്പണം ചെയ്യാൻതക്ക പ്രായമില്ലാത്ത കുട്ടികൾ മാതാപിതാക്കളുടെ “അടയാള”ത്താൽ സംരക്ഷിക്കപ്പെടും. (1 കൊരിന്ത്യർ 7:14) എന്നിരുന്നാലും, ഒരു കുട്ടി വ്യക്തിപരമായ ഒരു തീരുമാനം ചെയ്യാനുള്ള ബുദ്ധിയുള്ളവനും “നൻമ ചെയ്യാൻ അറിയാവുന്ന” ഘട്ടത്തിലെത്തിയവനുമാണെങ്കിൽ അവൻ തന്റെ മാതാപിതാക്കളുടെ “അടയാള”ത്തിന്റെ യോഗ്യതയിൻ കീഴിൽ അനിശ്ചിതകാലം തുടരുമെന്ന് സങ്കൽപ്പിക്കരുത്.—യാക്കോബ് 4:17.
13. സ്നാനത്തിനുള്ള ഒരു കുട്ടിയുടെ യോഗ്യത നിർണ്ണയിക്കുന്നത് സംബന്ധിച്ച് പരിഗണിക്കേണ്ട ചില കാര്യങ്ങളേവ?
13 ഒരു സമർപ്പണം ചെയ്യുന്നതിനു മുൻപ്, ഉൾപ്പെട്ടിരിക്കുന്നതെന്തെന്നു മനസ്സിലാക്കാൻ മതിയായ അറിവ് കുട്ടിക്ക് ഉണ്ടായിരിക്കണം, അവൻ ദൈവവുമായി വ്യക്തിപരമായ ഒരു ബന്ധം നേടേണ്ടതുമാണ്. അവൻ ബൈബിൾ തത്വങ്ങൾ അറിഞ്ഞിരിക്കുകയും അവയോടു പററിനിൽക്കുകയും വേണം, അവയിൽനിന്നുള്ള ഏതു വ്യതിചലനത്തിനും താൻ കണക്കു ബോധിപ്പിക്കേണ്ടിവരുമെന്നുള്ള അറിവോടെതന്നെ. അവന് തന്റെ വിശ്വാസം മററുള്ളവർക്കു പങ്കുവെക്കുന്നതിൽ വേണ്ടത്ര പരിചയമുണ്ടായിരിക്കണം; അതു സത്യാരാധനയുടെ മർമ്മപ്രധാനമായ ഭാഗമാണെന്ന് അറിഞ്ഞിരിക്കുകയും വേണം. അവൻ ദൈവത്തെ സേവിക്കാൻ യഥാർത്ഥമായി ആഗ്രഹിക്കണം. സ്വാഭാവികമായി, അവൻ മുതിർന്ന ഒരാളുടെ പക്വത പ്രകടമാക്കാൻ പ്രതീക്ഷിക്കപ്പെടുകയില്ല, എന്നാൽ അവന്റെ ആത്മീയപുരോഗതി ന്യായമായി സ്ഥിരമായിരിക്കേണ്ടതാണ്.
14. ഒരു ചെറുപ്പക്കാരൻ തന്റെ സ്നാനത്തെ ഒരു സംരക്ഷണമായി കരുതിയതെന്തുകൊണ്ട്?
14 ഒരുവൻ ‘ചെലവു കണക്കുകൂട്ടിയിട്ടുണ്ടെങ്കിൽ’ ഒരു യുവാവെന്നനിലയിൽ ഒരു സമർപ്പണം ചെയ്യുന്നത് ഒരുവനെ പ്രാതികൂല്യത്തിലാക്കുന്നില്ല. മിക്കവാറും എല്ലാ പുതിയ ക്രിസ്ത്യാനികളെ സംബന്ധിച്ചും സ്നാനത്തിനുശേഷം വിലമതിപ്പ് ആഴമേറിയതായിത്തീരുന്നു. “ഒരു ചെറുപ്പക്കാരനെന്നനിലയിൽ സ്നാനമേററത് എനിക്ക് ഒരു സംരക്ഷണമായിരുന്നു” എന്ന് ഡേവിഡ് വിശദീകരിച്ചു. “എനിക്കു പ്രായമേറിവന്നപ്പോൾ സഭയിലെ സ്നാനമേൽക്കാത്ത ചില യുവാക്കൾ മൂപ്പൻമാരുടെ അധികാരത്തിൽനിന്ന് വിമുക്തരാണെന്നു വിചാരിച്ചതും തന്നിമിത്തം ദുർന്നടത്തയിലേക്ക് തിരിഞ്ഞുപോയതും ഞാൻ നിരീക്ഷിക്കുകയുണ്ടായി. എന്നാൽ ഞാൻ എന്റെ ജീവിതത്തെ ദൈവത്തിനു സമർപ്പിച്ചിരുന്നതായി ഞാൻ എല്ലായ്പ്പോഴും ഓർത്തു. എന്റെ ജീവിതം എടുക്കപ്പെട്ടിരുന്നു, തന്നിമിത്തം എനിക്ക് അങ്ങനെയുള്ള യുവാക്കളെ അനുകരിക്കാൻ കഴിയുമായിരുന്നില്ല.
15. (എ) യുവാക്കൾക്ക് സത്യാരാധന സംബന്ധിച്ച് ഗൗരവപൂർണ്ണമായ ഒരു വീക്ഷണം നിലനിർത്തുക സാദ്ധ്യമാണെന്ന് നാം എങ്ങനെ അറിയുന്നു? (ബി) മാതാപിതാക്കൾക്ക് ഏററവും നന്നായി എങ്ങനെ സഹായിക്കാൻ കഴിയും?
15 ‘എന്നാൽ എന്റെ മകനോ മകളോ സ്നാനമേററിട്ട് പിന്നീട് തണുത്തുപോകുകയാണെങ്കിലോ‘ എന്നു ചില മാതാപിതാക്കൾ സ്വയം ചോദിക്കുന്നു. തീർച്ചയായും, ഒരു കുട്ടി മാതാപിതാക്കളെ പ്രീതിപ്പെടുത്താൻവേണ്ടി മാത്രമോ ചില സുഹൃത്തുക്കൾ സ്നാനപ്പെടുന്നതുകൊണ്ടോ സ്നാനമേൽക്കരുത്. എന്നിരുന്നാലും, യുവപ്രായക്കാരായിരുന്നപ്പോൾ യോസേഫിനും ശമൂവേലിനും യോശീയാവു രാജാവിനും യേശുവിനുമെല്ലാം ദൈവാരാധനയെക്കുറിച്ച് ഗൗരവപൂർണ്ണമായ വീക്ഷണമുണ്ടായിരുന്നു, അതിനോടു പററിനിൽക്കുകയും ചെയ്തു. (ഉല്പത്തി 37:2; 39:1-3; 1 ശമൂവേൽ 1:24-28; 2:18-21; 2 ദിനവൃത്താന്തം 34:3; ലൂക്കോസ് 2:42-49) ആധുനികകാലങ്ങളിൽ ജീൻ എന്നു പേരുള്ള ഒരു ക്രിസ്ത്യാനി പത്തു വയസ്സുമാത്രമുണ്ടായിരുന്നപ്പോൾ സ്നാനമേററു. വർഷങ്ങൾക്കുശേഷം, അവൾക്ക് യഥാർത്ഥത്തിൽ ഈ നടപടിയെക്കുറിച്ച് ഗ്രാഹ്യമുണ്ടായിരുന്നോയെന്നു ചോദിച്ചപ്പോൾ, അവൾ ഇങ്ങനെ മറുപടി പറഞ്ഞു: “എനിക്ക് യഹോവയോടു സ്നേഹമുണ്ടെന്നും യേശു നമുക്കുവേണ്ടി ചെയ്തതിനെ ഞാൻ വിലമതിക്കുന്നുവെന്നും ഞാൻ യഹോവയെ സ്നേഹിക്കാനാഗ്രഹിക്കുന്നുവെന്നും എനിക്കറിയാമായിരുന്നു.” അവൾ സ്നാനത്തിനുശേഷം ഏതാണ്ടു 40 വർഷം വിശ്വസ്തമായി സേവിച്ചിരുന്നു. ഓരോ കുട്ടിയും ഒരു വ്യക്തിയാണ്; ഒരുവനും ഒരു പ്രായപരിധി വെക്കാൻ കഴികയില്ല. മാതാപിതാക്കൾ കുട്ടിയുടെ ഹൃദയത്തിലേക്ക് ഇറങ്ങിച്ചെല്ലാൻ ശ്രമിച്ചുകൊണ്ട് ദൈവഭക്തി വളർത്തിയെടുക്കാൻ അവനെ അല്ലെങ്കിൽ അവളെ സഹായിക്കേണ്ടതാണ്.c അവർ തങ്ങളുടെ മക്കളുടെ മുമ്പാകെ സമർപ്പണത്തിന്റെയും സ്നാനത്തിന്റെയും പദവി വെക്കുകയും സ്ഥിരതയുള്ള ആരാധകരായിരിക്കാൻ അവരെ ബലിഷ്ഠരാക്കുകയും വേണം.
തടസ്സങ്ങൾ തരണം ചെയ്യൽ
16. ശിരോവിജ്ഞാനത്തെക്കാളധികം ആവശ്യമായിരിക്കുന്നതെന്തുകൊണ്ട്?
16 ബൈബിൾ പരിജ്ഞാനം അത്യന്താപേക്ഷിതമാണെങ്കിലും, “അടയാള”ത്തിൽ ശിരോവിജ്ഞാനത്തിലധികം ഉൾപ്പെടുന്നു. ഉദാഹരണത്തിന്, വ്യാജദൈവങ്ങൾക്ക് ധൂപം കാട്ടിയതിന് വധിക്കപ്പെട്ട മൂപ്പൻമാർക്ക് യഹോവയുടെ എഴുതപ്പെട്ട വചനത്തെക്കുറിച്ച് വിപുലമായ അറിവുണ്ടായിരുന്നിരിക്കാനിടയുണ്ട്. എന്നാൽ അടച്ചിട്ട വാതിലുകൾക്കു പിൻപിലെ അവരുടെ പെരുമാററം അവർ സത്യാരാധകരല്ലായിരുന്നുവെന്നു പ്രകടമാക്കി. (യെഹെസ്ക്കേൽ 8:7-12; 9:6) അതുകൊണ്ട് അതിജീവനത്തിനുവേണ്ടി ‘അടയാളമിടപ്പെടുന്നതിന് “യഥാർത്ഥനീതിയിലും വിശ്വസ്തതയിലും ദൈവേഷ്ടപ്രകാരം സൃഷ്ടിക്കപ്പെടുന്ന പുതിയ വ്യക്തിത്വം ധരിക്കേണ്ട”താവശ്യമാണ്.—എഫേസ്യർ 4:22-24.
17. (എ) ഏതു തടസ്സമാണ് സ്നാനത്തിൽനിന്ന് ചിലരെ പിൻമാററിനിർത്തുന്നത്? (ബി) യാക്കോബ് 4:8-ലെ ബുദ്ധിയുപദേശം എങ്ങനെ ബാധകമാക്കാൻ കഴിയും?
17 ഒരു ശക്തമായ തടസ്സം നിങ്ങളുടെ പാപപൂർണ്ണമായ ജഡത്തിന്റെ സ്വാധീനമാണ്. (റോമർ 8:7, 8) ചിലർ ഗൗരവമായ ചില ജഡിക ഭൗർബ്ബല്യങ്ങൾ നിയന്ത്രിക്കാത്തതു നിമിത്തം അല്ലെങ്കിൽ അവിഹിത ലൗകികോല്ലാസങ്ങളിൽ ആസക്തരാകാനാഗ്രഹിക്കുക നിമിത്തം സ്നാനത്തിൽനിന്ന് പിൻമാറിനിൽക്കുകപോലും ചെയ്യുന്നുണ്ട്. (യാക്കോബ് 4:1, 4) അങ്ങനെയുള്ളവർക്ക് വിലയേറിയ ഒരു ബന്ധം നഷ്ടപ്പെടുകയാണ്. ദൈവവചനം ഇങ്ങനെ ബുദ്ധിയുപദേശിക്കുന്നു: “ദൈവത്തോട് അടുത്തു ചെല്ലുക, എന്നാൽ അവൻ നിങ്ങളോട് അടുത്തുവരും. പാപികളേ, നിങ്ങളുടെ കൈകളെ വെടിപ്പാക്കുവിൻ, അനിശ്ചിതരേ, നിങ്ങളുടെ ഹൃദയങ്ങളെ നിർമ്മലീകരിക്കുവിൻ.” (യാക്കോബ് 4:8) നിർണ്ണായകമായ പ്രവർത്തനം ആവശ്യമാണ്. ദൃഷ്ടാന്തമായി, ബൈബിൾ പഠിക്കാൻ തുടങ്ങിയ ഒരു മനുഷ്യൻ 16 വർഷം മദ്യവും മയക്കുമരുന്നും ദുരുപയോഗപ്പെടുത്തിയിരുന്നു. ഇതുനിമിത്തം മാരകമായ രോഗത്തിലായി. നിശ്ചയദാർഢ്യത്തോടെ അയാൾ ഈ ദുഃശീലങ്ങളെ തരണം ചെയ്തു. “എന്നാൽ ഞാൻ സമർപ്പണത്തിലേക്കു പുരോഗമിച്ചുകൊണ്ടിരിക്കവേ ഒരു സ്ത്രീ അവളുമായി പ്രേമബന്ധത്തിലാകാൻ എന്നോട് അപേക്ഷിച്ചു തുടങ്ങി. അത് ഒരു യഥാർത്ഥ പരീക്ഷയായിരുന്നു”വെന്ന് അയാൾ ഏററുപറഞ്ഞു. “എനിക്ക് ഭ്രാന്താണെന്ന് ആ സ്ത്രീ വിചാരിച്ചെങ്കിലും ഞാൻ യഹോവയുടെ സാക്ഷികളുമായി ബൈബിൾ പഠിച്ചുകൊണ്ടിരിക്കുകയാണെന്നും എനിക്ക് അതു ചെയ്യാവുന്നതല്ലെന്നും ഞാൻ അവളോടു പറഞ്ഞു.” അയാളുടെ ഈ പ്രതിവചനത്തിന് പ്രേരിപ്പിച്ചതെന്തായിരുന്നു? “മദ്യത്തിൽനിന്ന് വിമുക്തനാകാൻ എന്നെ സഹായിച്ചുകൊണ്ട് യഹോവ എന്റെ ജീവിതത്തിൽ ചെയ്തതെന്തെന്ന് ഞാൻ കണ്ടിരുന്നു. അവൻ മററു വിധങ്ങളിലും എന്നെ സഹായിച്ചു. ഇത് എന്നെ അവനോട് അടുപ്പിച്ചുകൊണ്ടിരുന്നു. എനിക്ക് അവനെ നിരാശപ്പെടുത്താൻ കഴിയുമായിരുന്നില്ല.” ഈ മനുഷ്യൻ ദൈവത്തോട് അടുത്തുനിന്ന് വളർച്ച പ്രാപിച്ചിരുന്നു.
18. തടസ്സങ്ങൾ തരണം ചെയ്യുന്നതിനുള്ള ഒരു താക്കോൽ എന്താണ്?
18 നിങ്ങൾക്ക് എത്രമാത്രം അറിവുണ്ടെന്നുള്ളതല്ല. നിങ്ങളുടെ അറിവിനെ നിങ്ങൾ എത്രമാത്രം സ്നേഹിക്കുന്നുവെന്നതാണ് ഗണ്യം. സങ്കീർത്തനം 119:165 പറയുന്നു: “നിന്റെ നിയമത്തെ സ്നേഹിക്കുന്നവർക്ക് [അറിയുക മാത്രം ചെയ്യുന്നവർക്കല്ല] സമൃദ്ധമായ സമാധാനമുണ്ട്, അവർക്ക് ഇടർച്ച ഇല്ല.” താക്കോൽ ദൈവനിയമത്തെ സ്നേഹിക്കുന്നതാണ്, നിങ്ങളുടെ ജീവിതത്തിൽ അതിന്റെ മൂല്യത്തെ ആഴമായി വിലമതിക്കുന്നതാണ്.—യെശയ്യാവ് 48:17, 18.
19, 20. (എ) ഏതു തടസ്സങ്ങളെ തരണം ചെയ്യേണ്ടതാണ്, നമുക്ക് എന്തു ഉറപ്പുണ്ട്? (ബി) വിജയപൂർവ്വം എല്ലാ തടസ്സങ്ങളെയും തരണം ചെയ്യുന്നത് എന്തിൽ കലാശിക്കും.?
19 തീർച്ചയായും, മററു തടസ്സങ്ങളോ ഇടർച്ചകളോ സംജാതമായേക്കാം. “എന്നേ സംബന്ധിച്ച് അതികഠിനമായിരുന്നത് മനുഷ്യരെയുള്ള ഭയമായിരുന്നു. എനിക്കു ചില ലോക ‘സുഹൃത്തുക്കൾ’ ഉണ്ടായിരുന്നു, അവരോടുകൂടെ ഞാൻ കുടിക്കുമായിരുന്നു. ഞാൻ എന്റെ ജീവിതത്തെ ദൈവത്തിന് സമർപ്പിക്കാൻ പോകുകയായതുകൊണ്ട് ഞാൻ എന്റെ സഹവാസം നിർത്തുകയാണെന്ന് അവരോടു പറയുന്നതായിരുന്നു എനിക്ക് ഏററം പ്രയാസമായിരുന്ന കാര്യം” എന്ന് മേൽപ്പറഞ്ഞ സഹോദരൻ പറയുകയുണ്ടായി. (സദൃശവാക്യങ്ങൾ 29:25) മററു ചിലർ കുടുംബാംഗങ്ങളുടെ നിന്ദയെ അഭിമുഖീകരിച്ചിരിക്കുന്നു. തന്റെ ഭർത്താവിന്റെ എതിർപ്പിനെ തരണം ചെയ്ത, പുതുതായി സ്നാനമേററ ഒരു സാക്ഷി ഇങ്ങനെ പ്രസ്താവിച്ചു: “ഒരു മുഖ്യതടസ്സത്തിനു പകരം ഞാൻ ഓരോന്നോരോന്നായി തരണം ചെയ്യേണ്ടിയിരുന്ന അനേകം ചെറിയ തടസ്സങ്ങൾ ഉണ്ടായിരുന്നു.” ഓരോ തടസ്സവും വരുമ്പോൾ അവയെ വിശ്വസ്തതയോടെ തരണം ചെയ്യുന്നത് നിങ്ങളുടെ ഹൃദയത്തെ ഉറപ്പിക്കും. ദൈവനിയമത്തെ സ്നേഹിക്കുന്നവർക്ക് തരണം ചെയ്യാൻ കഴിയാത്ത തടസ്സമില്ലെന്ന് ഉറപ്പുണ്ടായിരിക്കുക!—ലൂക്കോസ് 16:10.
20 അത്തരം വിലങ്ങുതടികളെ നിങ്ങൾ തരണം ചെയ്യുമ്പോൾ നിങ്ങൾ “സമൃദ്ധമായ സമാധാനം” നേടും. (സങ്കീർത്തനം 119:165) അതെ, “നിങ്ങൾ വഴിയിൽ സുരക്ഷിതമായി നടക്കും . . . നിങ്ങളുടെ ഉറക്കം ഉല്ലാസപ്രദമായിരിക്കേണ്ടതാണ്. നിങ്ങൾ പെട്ടെന്നുള്ള യാതൊരു ഭീഷണിയേയും ഭയപ്പെടേണ്ടയാവശ്യമുണ്ടാകുകയില്ല, ദുഷ്ടൻമാരുമേൽ കൊടുങ്കാററു വരുന്നതുകൊണ്ട് അതിനെയും. ഫലത്തിൽ യഹോവതന്നെ നിങ്ങളുടെ ധൈര്യമെന്ന് തെളിയും.”—സദൃശവാക്യങ്ങൾ 3:23-26. (w87 4/15)
[അടിക്കുറിപ്പുകൾ]
a യെഹെസ്ക്കേലിന്റെ ദർശനത്തിനുശേഷം ഏതാണ്ട് 150 വർഷം കഴിഞ്ഞ് ഹെർക്കുലീസ് ദൈവത്തിന്റെ ഭക്തൻമാരുടെമേലുള്ള അടയാളങ്ങൾ അവർക്കു സംരക്ഷണം നൽകിയതായി ശ്രദ്ധിച്ചുകൊണ്ട് ഗ്രീക്ക് ചരിത്രകാരനായ ഹെറോഡോട്ടസ് ഇങ്ങനെ എഴുതി: “ഏതെങ്കിലും ആളിന്റെ അടിമ തന്റെമേൽ വിശുദ്ധ അടയാളങ്ങൾ പതിപ്പിച്ചുകൊണ്ട്, അങ്ങനെ ദൈവത്തിനു തന്നേത്തന്നെ അർപ്പിച്ചുകൊണ്ട് [ഹെർക്കുലീസിന്റെ ആലയത്തിൽ] അഭയം തേടുന്നുവെങ്കിൽ അവന്റെമേൽ കൈവെക്കുന്നത് ഉചിതമല്ല.”
b അടുത്ത കാലത്ത്, ദൈവത്തോടും അവന്റെ ഭൗമിക സ്ഥാപനത്തോടും ഉററബന്ധത്തിൽ വരുന്നതിൽ ഉൾപ്പെട്ടിരിക്കുന്നതു സംബന്ധിച്ച പൂർണ്ണഗ്രാഹ്യത്തോടെ സ്നാനാർത്ഥികൾക്ക് ഉത്തരം പറയാൻ കഴിയത്തക്കവണ്ണം അവരോടു ചോദിക്കുന്ന രണ്ടു ചോദ്യങ്ങൾ ലളിതമാക്കുകയുണ്ടായി.
c 1985 ഓഗസ്ററ് 15-ലെ ലക്കത്തിൽ “ദൈവികഭക്തി വളർത്തിയെടുക്കാൻ നിങ്ങളുടെ കുട്ടിയെ പരിശീലിപ്പിക്കുക” എന്ന വിഷയം കാണുക.
പുനരവലോകന പോയിൻറുകൾ
◻ താനുമായുള്ള സമാധാനം നേടുന്നതിന് ദൈവം നമ്മെ സഹായിക്കുന്നതെങ്ങനെ?
◻ ജീവരക്താകരമായ പ്രതീകാത്മക അടയാളം എന്താണ്?
◻ സമർപ്പണത്തിന്റെയും സ്നാനത്തിന്റെയും പ്രാധാന്യമെന്താണ്?
◻ ഏതുതരം തടസ്സങ്ങളെ അഭിമുഖീകരിക്കേണ്ടിയിരിക്കുന്നു, ഇവയെ എങ്ങനെ തരണം ചെയ്യാൻ കഴിയും?
[19-ാം പേജിലെ ചതുരം]
നിമജ്ജനമോ തളിക്കലോ?
യേശുവിന്റെ സ്നാപനത്തെക്കുറിച്ചുള്ള വിവരണം അവൻ “വെള്ളത്തിൽനിന്നു പുറത്തുവരുന്ന”തിനെക്കുറിച്ചു പറയുന്നു. (മർക്കോസ് 1:10) യേശു വെള്ളത്തിൽ നിമജ്ജനം ചെയ്യപ്പെട്ടത് സ്നാപനം (ബാപ്ററസ്മാ) എന്നു വിവർത്തനം ചെയ്തിരിക്കുന്ന ഗ്രീക്ക് പദത്തിന്റെ അർത്ഥത്തിന് ചേർച്ചയിലാണ്. ബാപ്റൈസോ എന്ന പദത്തിൽനിന്നാണ് അത് ഉത്ഭവിക്കുന്നത്, അതിന്റെ അർത്ഥം “മുക്കുക, നിമജ്ജനം ചെയ്യുക” എന്നാണ്. ചിലപ്പോൾ കപ്പൽ മുങ്ങുന്നതിനെ വർണ്ണിക്കാൻ അത് ഉപയോഗിക്കപ്പെടുന്നു. ഒരു വ്യക്തി മറെറാരാളെ ആഴത്തിൽ മുക്കുന്നതിനെ വർണ്ണിക്കാൻ രണ്ടാം നൂററാണ്ടിലെ എഴുത്തുകാരനായ ലൂഷിയൻ ബന്ധപ്പെട്ട ഒരു പദം ഉപയോഗിക്കുന്നു: “അവന് വീണ്ടും പൊങ്ങിവരാൻ കഴിയാത്തവിധം അവനെ അത്ര ആഴത്തിൽ ആഴ്ത്തുന്നു.” ദ ന്യൂ ഇൻറർനാഷനൽ ഡിക്ഷണറി ഓഫ് ന്യൂ റെറസ്ററമെൻറ് തിയോളജി ഇങ്ങനെ നിഗമനം ചെയ്യുന്നു: “മറിച്ചുള്ള തറപ്പിച്ചു പറയൽ ഉണ്ടെങ്കിലും യഹൂദസന്ദർഭങ്ങളിലും ക്രിസ്തീയ സന്ദർഭങ്ങളിലും ബാപ്റൈറസോ സാധാരണയായി ‘നിമജ്ജനം ചെയ്യുക’ എന്നർത്ഥമാക്കിയെന്നും അത് സ്നാപനത്തിന്റെ സാങ്കേതിക പദമായിത്തീർന്നപ്പോൾ പോലും നിമജ്ജനത്തിന്റെ ആശയം നിലനിൽക്കുന്നുവെന്നും തോന്നുന്നു.”