ഭർത്താവും മൂപ്പനും—ഉത്തരവാദിത്വങ്ങൾ സമനിലയിൽ നിർത്തൽ
‘മേൽവിചാരകൻ ഏകഭാര്യയുടെ ഭർത്താവ് ആയിരിക്കണം.’—1 തിമൊഥെയൊസ് 3:2, NW.
1, 2. പൗരോഹിത്യ അവിവാഹിതാവസ്ഥ തിരുവെഴുത്തുവിരുദ്ധമായിരിക്കുന്നത് എന്തുകൊണ്ട്?
വ്യത്യസ്ത ഉത്തരവാദിത്വങ്ങൾ സമനിലയിൽ നിർത്തുന്നതിൽ ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികൾ തത്പരരായിരുന്നു. ഏകാകിയായി നിലകൊള്ളുന്ന ഒരു ക്രിസ്ത്യാനി “മെച്ചമായി പ്രവർത്തിക്കും” എന്ന് അപ്പോസ്തലനായ പൗലോസ് പറഞ്ഞപ്പോൾ, അങ്ങനെയുള്ള ഒരു മനുഷ്യൻ ക്രിസ്തീയ സഭയിൽ ഒരു മേൽവിചാരകനായി സേവിക്കാൻ മെച്ചമായ യോഗ്യത ഉള്ളവനായിരിക്കും എന്ന് അവൻ അർഥമാക്കിയോ? അവൻ യഥാർഥത്തിൽ ഏകാകിത്വത്തെ മൂപ്പൻപദവിയുടെ ഒരു യോഗ്യത ആക്കുകയായിരുന്നോ? (1 കൊരിന്ത്യർ 7:38) കത്തോലിക്കാ വൈദികരിൽനിന്ന് അവിവാഹിതാവസ്ഥ ആവശ്യപ്പെട്ടിരിക്കുന്നു. എന്നാൽ പൗരോഹിത്യ അവിവാഹിതാവസ്ഥ വേദാനുസൃതമാണോ? വിവാഹിതരായിരിക്കാൻ തങ്ങളുടെ ഇടവകപുരോഹിതൻമാരെ പൗരസ്ത്യ ഓർത്തഡോക്സ് സഭകൾ അനുവദിക്കുന്നുണ്ട്, എന്നാൽ അവരുടെ മെത്രാൻമാരെ അനുവദിക്കുന്നില്ല. അതു ബൈബിളിനു ചേർച്ചയായിട്ടാണോ?
2 ക്രിസ്തീയ സഭയുടെ അടിസ്ഥാന അംഗങ്ങളായ ക്രിസ്തുവിന്റെ 12 അപ്പോസ്തലൻമാരിൽ പലരും വിവാഹിതരായിരുന്നു. (മത്തായി 8:14, 15; എഫെസ്യർ 2:20) പൗലോസ് ഇങ്ങനെ എഴുതി: “ശേഷം അപ്പോസ്തലൻമാരും കർത്താവിന്റെ സഹോദരൻമാരും കേഫാവും [പത്രൊസ്] ചെയ്യുന്നതുപോലെ, ഭാര്യയായോരു സഹോദരിയുമായി സഞ്ചരിപ്പാൻ ഞങ്ങൾക്കു അധികാരമില്ലയോ?” (1 കൊരിന്ത്യർ 9:5) “അവിവാഹിതാവസ്ഥയുടെ നിയമം സഭാപരമായ ഉത്ഭവമുള്ളതാണ്” എന്നും “പുതിയ നിയമത്തിന്റെ ശുശ്രൂഷകർ അവിവാഹിതാവസ്ഥയ്ക്കു കടപ്പാടുള്ളവർ ആയിരുന്നില്ല” എന്നും ന്യൂ കാത്തലിക് എൻസൈക്ലോപീഡിയ സമ്മതിക്കുന്നു. യഹോവയുടെ സാക്ഷികൾ സഭാനിയമമല്ല, തിരുവെഴുത്തുമാതൃകയാണ് അനുസരിക്കുന്നത്.—1 തിമൊഥെയൊസ് 4:1-3.
മൂപ്പൻപദവിയും വിവാഹവും പൊരുത്തപ്പെടുന്നവയാണ്
3. ക്രിസ്തീയ മേൽവിചാരകൻമാർക്കു വിവാഹിതപുരുഷൻമാരായിരിക്കാൻ കഴിയുമെന്ന് ഏതു തിരുവെഴുത്തു വസ്തുതകൾ പ്രകടമാക്കുന്നു?
3 മേൽവിചാരകൻമാരായി നിയമിക്കപ്പെടുന്നവർ അവിവാഹിതരായിരിക്കണമെന്ന് ആവശ്യപ്പെടുന്നതിനു പകരം പൗലോസ് തീത്തൊസിന് ഇങ്ങനെ എഴുതി: “ഞാൻ ക്രേത്തയിൽ നിന്നെ വിട്ടേച്ചുപോന്നതു: ശേഷിച്ച കാര്യങ്ങളെ ക്രമത്തിലാക്കേണ്ടതിന്നും ഞാൻ നിന്നോടു ആജ്ഞാപിച്ചതുപോലെ പട്ടണംതോറും മൂപ്പൻമാരെ [ഗ്രീക്ക്, പ്രെസ്ബിറെററോസ്] ആക്കിവെക്കേണ്ടതിന്നും തന്നേ. മൂപ്പൻ കുററമില്ലാത്തവനും ഏകഭാര്യയുള്ളവനും ദുർന്നടപ്പിന്റെ ശ്രുതിയോ അനുസരണക്കേടോ ഇല്ലാത്ത വിശ്വാസികളായ മക്കളുള്ളവനും ആയിരിക്കേണം. അദ്ധ്യക്ഷൻ [ഗ്രീക്ക്, എപ്പിസ്കോപ്പോസ്, അതിൽനിന്നാണു “ബിഷപ്പ്” എന്ന പദമുണ്ടായത്] ദൈവത്തിന്റെ ഗൃഹവിചാരകനാകയാൽ അനിന്ദ്യനായിരിക്കേണം.”—തീത്തൊസ് 1:5-7.
4. (എ) വിവാഹം ക്രിസ്തീയ മേൽവിചാരകൻമാർക്കുള്ള ഒരു വ്യവസ്ഥയല്ലെന്നു നാം എങ്ങനെ അറിയുന്നു? (ബി) മൂപ്പനായിരിക്കുന്ന ഒരു ഏകാകിയായ സഹോദരന് എന്തു പ്രയോജനമുണ്ട്?
4 മറിച്ച്, വിവാഹം മൂപ്പൻപദവിക്കുള്ള ഒരു തിരുവെഴുത്തുവ്യവസ്ഥയല്ല. യേശു ഏകാകിയായി നിലകൊണ്ടു. (എഫെസ്യർ 1:22) ഒന്നാം നൂററാണ്ടിലെ ക്രിസ്തീയ സഭയിലെ ഒരു മുന്തിയ മേൽവിചാരകനായിരുന്ന പൗലോസ് അപ്പോൾ അവിവാഹിതനായിരുന്നു. (1 കൊരിന്ത്യർ 7:7-9) ഇന്നു മൂപ്പൻമാരായി സേവിക്കുന്ന ഏകാകികളായ നിരവധി ക്രിസ്ത്യാനികളുണ്ട്. അവരുടെ ഏകാകിത്വം മേൽവിചാരകൻമാരെന്ന നിലയിലുള്ള തങ്ങളുടെ കർത്തവ്യങ്ങൾ നിറവേററുന്നതിന് അവർക്കു കൂടുതൽ സമയം അനുവദിച്ചിരിക്കാം.
‘വിവാഹിത മനുഷ്യൻ വിഭജിതനാണ്’
5. വിവാഹിതരായ സഹോദരൻമാർ ഏതു തിരുവെഴുത്തു വസ്തുത തിരിച്ചറിയണം?
5 ഒരു ക്രിസ്തീയ മനുഷ്യൻ വിവാഹം ചെയ്യുമ്പോൾ അയാൾ തന്റെ സമയവും ശ്രദ്ധയും ആവശ്യപ്പെടുന്ന പുതിയ ഉത്തരവാദിത്വങ്ങൾ ഏറെറടുക്കുകയാണെന്നു തിരിച്ചറിയണം. ബൈബിൾ ഇങ്ങനെ പ്രസ്താവിക്കുന്നു: “അവിവാഹിത മനുഷ്യൻ കർത്താവിന്റെ കാര്യങ്ങൾക്കുവേണ്ടി ആകാംക്ഷയുള്ളവനാണ്, കർത്താവിന്റെ അംഗീകാരം എങ്ങനെ നേടാമെന്നുതന്നെ. എന്നാൽ വിവാഹിത മനുഷ്യൻ ലോകത്തിന്റെ കാര്യങ്ങൾക്കുവേണ്ടി ആകാംക്ഷയുള്ളവനാണ്, തന്റെ ഭാര്യയുടെ അംഗീകാരം തനിക്ക് എങ്ങനെ നേടാമെന്നുതന്നെ, അവൻ വിഭജിതനുമാണ്.” (1 കൊരിന്ത്യർ 7:32-34, NW) ഏതർഥത്തിലാണു വിഭജിതനായിരിക്കുന്നത്?
6, 7. (എ) ഒരു വിവാഹിതൻ ‘വിഭജിതനായിരിക്കുന്ന’ ഒരു വിധമെന്ത്? (ബി) വിവാഹിതക്രിസ്ത്യാനികൾക്കു പൗലോസ് എന്തു ബുദ്ധ്യുപദേശം കൊടുക്കുന്നു? (സി) ഒരു ജോലിനിയമനം സ്വീകരിക്കാനുള്ള ഒരു മമനുഷ്യന്റെ തീരുമാനത്തെ ഇതിനു സ്വാധീനിക്കാൻ കഴിയുന്നതെങ്ങനെ?
6 ഒരു സംഗതി പറഞ്ഞാൽ, വിവാഹിതനായ ഒരു മനുഷ്യൻ സ്വന്തശരീരത്തിൻമേലുള്ള അധികാരം വെച്ചൊഴിയുന്നു. പൗലോസ് ഇതു സുവ്യക്തമാക്കി: “ഭാര്യയുടെ ശരീരത്തിൻമേൽ അവൾക്കല്ല ഭർത്താവിന്നത്രേ അധികാരമുള്ളത്; അങ്ങനെ ഭർത്താവിന്റെ ശരീരത്തിൻമേൽ അവന്നല്ല ഭാര്യക്കത്രേ അധികാരം.” (1 കൊരിന്ത്യർ 7:4) തങ്ങളുടെ വിവാഹത്തിൽ ലൈംഗികത വലിയ സംഗതി ആയിരിക്കുകയില്ലാത്തതിനാൽ ഇതിനു വലിയ പ്രാധാന്യമില്ലെന്നു വിവാഹമാലോചിക്കുന്ന ചിലർക്കു തോന്നിയേക്കാം. എന്നിരുന്നാലും, വിവാഹത്തിനു മുമ്പത്തെ ചാരിത്ര്യം ഒരു തിരുവെഴുത്തു വ്യവസ്ഥ ആകയാൽ വിവാഹത്തിനു മുമ്പു ക്രിസ്ത്യാനികൾക്കു യഥാർഥത്തിൽ തങ്ങളുടെ ഭാവി ഇണയുടെ ലൈംഗികാവശ്യങ്ങൾ അറിയില്ല.
7 ‘ആത്മാവിന്റെ കാര്യങ്ങൾ ചിന്തിക്കുന്ന’ ഇണകൾപോലും പരസ്പരമുള്ള ലൈംഗികാവശ്യങ്ങൾ പരിചിന്തിക്കേണ്ടതാണെന്നു പൗലോസ് പ്രകടമാക്കുന്നു. കൊരിന്തിലുള്ള ക്രിസ്ത്യാനികളെ അവൻ ഇങ്ങനെ ബുദ്ധ്യുപദേശിച്ചു: “ഭർത്താവു ഭാര്യെക്കും ഭാര്യ ഭർത്താവിന്നും കടംപെട്ടിരിക്കുന്നതു ചെയ്യട്ടെ. പ്രാർത്ഥനെക്കു അവസരമുണ്ടാവാൻ ഒരു സമയത്തേക്കു പരസ്പരസമ്മതത്തോടെ അല്ലാതെ തമ്മിൽ വേറുപെട്ടിരിക്കരുതു; നിങ്ങളുടെ അജിതേന്ദ്രിയത്വം നിമിത്തം സാത്താൻ നിങ്ങളെ പരീക്ഷിക്കാതിരിക്കേണ്ടതിന്നു വീണ്ടും ചേർന്നിരിപ്പിൻ.” (റോമർ 8:5; 1 കൊരിന്ത്യർ 7:3, 5) ഈ ബുദ്ധ്യുപദേശം അനുസരിക്കാത്തപ്പോൾ വ്യഭിചാരക്കേസുകൾ ഉണ്ടായിട്ടുണ്ട് എന്നതു സങ്കടകരംതന്നെ. ഇതിങ്ങനെയാകയാൽ, ഒരു ദീർഘകാലഘട്ടത്തേക്കു തന്റെ ഭാര്യയിൽനിന്നു തന്നെ വേർപെടുത്തുന്ന ഒരു ജോലിനിയമനം സ്വീകരിക്കുന്നതിനുമുമ്പ് ഒരു വിവാഹിത ക്രിസ്ത്യാനി കാര്യങ്ങൾ ശ്രദ്ധാപൂർവം തൂക്കിനോക്കണം. അയാൾക്കു താൻ ഏകാകിയായിരുന്നപ്പോഴുണ്ടായിരുന്ന അതേ പ്രവർത്തനസ്വാതന്ത്ര്യം മേലാൽ ഇല്ല.
8, 9. (എ) വിവാഹിതരായ ക്രിസ്ത്യാനികൾ “ലോകത്തിന്റെ കാര്യങ്ങൾക്കുവേണ്ടി ആകാംക്ഷയുള്ളവ”രാണ് എന്നു പറഞ്ഞപ്പോൾ പൗലോസ് എന്തർഥമാക്കി? (ബി) വിവാഹിതക്രിസ്ത്യാനികൾ എന്തു ചെയ്യാൻ ആകാംക്ഷയുള്ളവരായിരിക്കണം?
8 മൂപ്പൻമാർ ഉൾപ്പെടെ വിവാഹിത ക്രിസ്തീയ പുരുഷൻമാർ “ലോകത്തിന്റെ [കോസ്മോസ്] കാര്യങ്ങൾക്കുവേണ്ടി ആകാംക്ഷയുള്ള”വരാണെന്ന് ഏതർഥത്തിൽ പറയാൻ കഴിയും? (1 കൊരിന്ത്യർ 7:33) പൗലോസ് ലോകത്തിലെ ദുഷ്കാര്യങ്ങളെക്കുറിച്ചു സംസാരിക്കുകയല്ലായിരുന്നുവെന്നു വ്യക്തമാണ്, അവ എല്ലാ സത്യക്രിസ്ത്യാനികളും വർജിക്കേണ്ടതാണ്. (2 പത്രൊസ് 1:4; 2:18-20; 1 യോഹന്നാൻ 2:15-17) “ഭക്തികേടും പ്രപഞ്ചമോഹങ്ങളും [കോസ്മോസ്] വർജ്ജിച്ചിട്ടു ഈ ലോകത്തിൽ സുബോധത്തോടും നീതിയോടും ദൈവഭക്തിയോടുംകൂടെ ജീവിച്ചുപോരേണ്ടതിന്നു” ദൈവവചനം നമ്മെ ഉദ്ബോധിപ്പിക്കുന്നു.—തീത്തൊസ് 2:12.
9 അതുകൊണ്ട് ഒരു വിവാഹിത ക്രിസ്ത്യാനിക്കു സാധാരണ വിവാഹജീവിതത്തിന്റെ ഭാഗമായിരിക്കുന്ന ലൗകികകാര്യങ്ങളിൽ ന്യായമായി താത്പര്യമുള്ളതുകൊണ്ട് അവൻ അല്ലെങ്കിൽ അവൾ “ലോകത്തിന്റെ കാര്യങ്ങളിൽ ആകാംക്ഷയുള്ള” ആളാണ്. ഇതിൽ പാർപ്പിടവും ഭക്ഷ്യവും വസ്ത്രവും വിനോദവും ഉൾപ്പെടുന്നു—ഇതിനു പുറമേ കുട്ടികൾ ഉണ്ടെങ്കിൽ എണ്ണമററ മററു താത്പര്യങ്ങളും ഉണ്ട്. എന്നാൽ കുട്ടികളില്ലാത്ത ദമ്പതികൾക്കുപോലും, വിവാഹം വിജയിക്കണമെങ്കിൽ ഭർത്താവും ഭാര്യയും തന്റെ വിവാഹിത ഇണയുടെ “അംഗീകാരം നേടാൻ” ആകാംക്ഷയുള്ളവരായിരിക്കണം. ക്രിസ്തീയ മൂപ്പൻമാർ ഉത്തരവാദിത്വങ്ങൾ സമനിലയിൽ നിർത്തുന്നതിനാൽ അവരെ സംബന്ധിച്ച് ഇതു വിശേഷാൽ സത്യമാണ്.
നല്ല ഭർത്താക്കൻമാരും നല്ല മൂപ്പൻമാരും
10. ഒരു ക്രിസ്ത്യാനി ഒരു മൂപ്പനായി യോഗ്യത പ്രാപിക്കുന്നതിന്, അയാളുടെ സഹോദരൻമാർക്കും പുറത്തുള്ളവർക്കും എന്തു നിരീക്ഷിക്കാൻ കഴിയണം?
10 വിവാഹം മൂപ്പൻപദവിക്കുള്ള ഒരു യോഗ്യതയല്ലെങ്കിലും ഒരു ക്രിസ്തീയ പുരുഷൻ മൂപ്പനായുള്ള നിയമനത്തിനു ശുപാർശ ചെയ്യപ്പെടുന്നതിനുമുമ്പ് വിവാഹിതനാണെങ്കിൽ, അയാൾ ഉചിതമായ ശിരഃസ്ഥാനം പ്രയോഗിക്കുമ്പോൾത്തന്നെ സ്നേഹമുള്ള ഒരു നല്ല ഭർത്താവായിരിക്കാൻ ശ്രമിക്കുന്നതിന്റെ തെളിവുനൽകണം. (എഫെസ്യർ 5:23-25, 28-31) പൗലോസ് ഇങ്ങനെ എഴുതി: ‘ഏതെങ്കിലും മനുഷ്യൻ മേൽവിചാരകന്റെ ഒരു സ്ഥാനം എത്തിപ്പിടിക്കുകയാണെങ്കിൽ അയാൾ ഒരു നല്ല വേലയിൽ ആഗ്രഹമുള്ളവനാണ്. അതുകൊണ്ട് മേൽവിചാരകൻ അനിന്ദ്യനും, ഏകഭാര്യയുടെ ഭർത്താവും ആയിരിക്കണം.’ (1 തിമൊഥെയൊസ് 3:1, 2, NW) ഒരു മൂപ്പന്റെ ഭാര്യ ഒരു സഹക്രിസ്ത്യാനി ആണെങ്കിലും അല്ലെങ്കിലും ഒരു നല്ല ഭർത്താവായിരിക്കാൻ അയാൾ പരമാവധി ശ്രമിക്കുന്നുവെന്നതു സ്പഷ്ടമായിരിക്കണം. യഥാർഥത്തിൽ, സഭയ്ക്കു പുറത്തുള്ള ആളുകൾക്കുപോലും അയാൾ തന്റെ ഭാര്യയെ നന്നായി പരിപാലിക്കുന്നതായും മറ്റ് ഉത്തരവാദിത്വങ്ങൾ നന്നായി നിവർത്തിക്കുന്നതായും കാണാൻ കഴിയണം. പൗലോസ് ഇങ്ങനെ കൂട്ടിച്ചേർത്തു: “നിന്ദയിലും പിശാചിന്റെ കണിയിലും കുടുങ്ങാതിരിപ്പാൻ പുറമെയുള്ളവരോടു നല്ല സാക്ഷ്യം പ്രാപിച്ചവനുമായിരിക്കണം.”—1 തിമൊഥെയൊസ് 3:7.
11. “ഏകഭാര്യയുടെ ഭർത്താവ്” എന്ന പദപ്രയോഗം എന്തു സൂചിപ്പിക്കുന്നു, തന്നിമിത്തം മൂപ്പൻമാർ ഏതു മുൻകരുതൽ സ്വീകരിക്കണം?
11 തീർച്ചയായും, ‘ഏക ഭാര്യയുടെ ഭർത്താവ്’ എന്ന പദപ്രയോഗം ബഹുഭാര്യത്വത്തെ നിയമവിരുദ്ധമാക്കുന്നു, എന്നാൽ അതു വൈവാഹിക വിശ്വസ്തതയെയും അർഥമാക്കുന്നു. (എബ്രായർ 13:4) സഭയിലെ സഹോദരിമാരെ സഹായിക്കുമ്പോൾ, മൂപ്പൻമാർ വിശേഷാൽ ശ്രദ്ധാലുക്കൾ ആയിരിക്കണം. ബുദ്ധ്യുപദേശവും ആശ്വാസവും ആവശ്യമായിരിക്കുന്ന ഒരു സഹോദരിയെ സന്ദർശിക്കുമ്പോൾ ഒററയ്ക്കായിരിക്കുന്നത് അവർ ഒഴിവാക്കണം. മറെറാരു മൂപ്പനോ ശുശ്രൂഷാദാസനോ അവരുടെ കൂട്ടത്തിൽ ഉണ്ടായിരിക്കുന്നതു നല്ലതാണ്, അല്ലെങ്കിൽ ഒരു പ്രോത്സാഹന സന്ദർശനം നടത്തുന്ന സംഗതിമാത്രമാണെങ്കിൽ അവരുടെ ഭാര്യയ്ക്കുപോലും കൂട്ടത്തിൽ പോകാം.—1 തിമൊഥെയൊസ് 5:1, 2.
12. മൂപ്പൻമാരുടെയും ശുശ്രൂഷാദാസൻമാരുടെയും ഭാര്യമാർ ഏതു വർണനയ്ക്ക് അനുയോജ്യരാകാൻ കഠിനശ്രമം നടത്തണം?
12 സാന്ദർഭികമായി, മൂപ്പൻമാരുടെയും ശുശ്രൂഷാദാസൻമാരുടെയും യോഗ്യതകൾ പട്ടികപ്പെടുത്തുമ്പോൾ, അത്തരം പദവികൾക്കുവേണ്ടി പരിചിന്തിക്കപ്പെടുന്നവരുടെ ഭാര്യമാർക്കുവേണ്ടിയും ബുദ്ധ്യുപദേശത്തിന്റെ ഒരു വാക്കു പറയാൻ അപ്പോസ്തലനായ പൗലോസിനുണ്ടായിരുന്നു. അവൻ ഇങ്ങനെ എഴുതി: “അവ്വണ്ണം സ്ത്രീകളും ഘനശാലികളായി ഏഷണി പറയാതെ നിർമ്മദമാരും എല്ലാററിലും വിശ്വസ്തമാരുമായിരിക്കേണം.” (1 തിമൊഥെയൊസ് 3:11) ആ വർണനയോടു പൊരുത്തപ്പെടാൻ തന്റെ ഭാര്യയെ സഹായിക്കുന്നതിന് ഒരു ക്രിസ്തീയ ഭർത്താവിനു വളരെയധികം ചെയ്യാൻ കഴിയും.
ഒരു ഭാര്യയോടുള്ള തിരുവെഴുത്തുകടമകൾ
13, 14. ഒരു മൂപ്പന്റെ ഭാര്യ ഒരു സഹസാക്ഷിയല്ലെങ്കിൽപോലും അയാൾ അവളോടുകൂടെ പാർക്കുകയും ഒരു നല്ല ഭർത്താവായിരിക്കുകയും ചെയ്യേണ്ടതെന്തുകൊണ്ട്?
13 തീർച്ചയായും, മൂപ്പൻമാരുടെയോ ശുശ്രൂഷാദാസൻമാരുടെയോ ഭാര്യമാർക്കു കൊടുത്തിരിക്കുന്ന ഈ ബുദ്ധ്യുപദേശം ആ ഭാര്യമാർതന്നെ സമർപ്പിതക്രിസ്ത്യാനികളാണെന്നു സങ്കൽപ്പിച്ചുകൊണ്ടാണ്. “കർത്താവിൽമാത്രം” വിവാഹം ചെയ്യാൻ ക്രിസ്ത്യാനികളോട് ആവശ്യപ്പെട്ടിരിക്കുന്നതുകൊണ്ട് ഇതു പൊതുവേ സത്യമാണ്. (1 കൊരിന്ത്യർ 7:39) എന്നാൽ യഹോവയ്ക്കു തന്റെ ജീവിതം സമർപ്പിച്ചപ്പോൾ ഒരു അവിശ്വാസിയെ നേരത്തെ വിവാഹം ചെയ്തിരുന്ന അല്ലെങ്കിൽ തന്റെ കുററംകൊണ്ടല്ലാതെ ഭാര്യ സത്യത്തിൽനിന്നു വീണുപോകുന്ന ഒരു സഹോദരനെസംബന്ധിച്ചെന്ത്?
14 ഇത് അതിൽത്തന്നെ അദ്ദേഹം ഒരു മൂപ്പൻ ആയിരിക്കുന്നതിൽനിന്നു തടയുകയില്ല. ഭാര്യ തന്റെ വിശ്വാസങ്ങൾ വെച്ചുപുലർത്തുന്നില്ലാത്തതുകൊണ്ടുമാത്രം അവളിൽനിന്നു വേർപെടുന്നതിനെ അതു ന്യായീകരിക്കുകയുമില്ല. പൗലോസ് ഇങ്ങനെ ബുദ്ധ്യുപദേശിച്ചു: “നീ ഭാര്യയോടു ബന്ധിക്കപ്പെട്ടിരിക്കുന്നുവോ? വേറുപാട് അന്വേഷിക്കരുത്.” (1 കൊരിന്ത്യർ 7:27) അവൻ കൂടുതലായി ഇങ്ങനെ പ്രസ്താവിച്ചു: “ഒരു സഹോദരന്നു അവിശ്വാസിയായ ഭാര്യ ഉണ്ടായിരിക്കയും അവൾ അവനോടുകൂടെ പാർപ്പാൻ സമ്മതിക്കയും ചെയ്താൽ അവളെ ഉപേക്ഷിക്കരുതു. അവിശ്വാസി വേറുപിരിയുന്നു എങ്കിൽ പിരിയട്ടെ; ഈ വകയിൽ സഹോദരനോ സഹോദരിയോ ബദ്ധരായിരിക്കുന്നില്ല. എന്നാൽ സമാധാനത്തിൽ ജീവിപ്പാൻ ദൈവം നമ്മെ വിളിച്ചിരിക്കുന്നു. സ്ത്രീയേ, നീ ഭർത്താവിന്നു രക്ഷ വരുത്തും എന്നു നിനക്കു എങ്ങനെ അറിയാം? പുരുഷാ, നീ ഭാര്യെക്കു രക്ഷ വരുത്തും എന്നു നിനക്കു എങ്ങനെ അറിയാം?” (1 കൊരിന്ത്യർ 7:12, 15, 16) തന്റെ ഭാര്യ ഒരു സാക്ഷിയല്ലെങ്കിൽപോലും ഒരു മൂപ്പൻ ഒരു നല്ല ഭർത്താവായിരിക്കണം.
15. അപ്പോസ്തലനായ പത്രൊസ് ക്രിസ്തീയ ഭർത്താക്കൻമാർക്ക് എന്തു ബുദ്ധ്യുപദേശം കൊടുക്കുന്നു, ഒരു മൂപ്പൻ അവഗണന കാട്ടുന്ന ഒരു ഭർത്താവാണെങ്കിൽ പരിണതഫലങ്ങൾ എന്തായിരിക്കാം?
15 ഭാര്യ ഒരു സഹവിശ്വാസിയാണെങ്കിലും അല്ലെങ്കിലും, അവൾക്കു സ്നേഹപൂർവകമായ ശ്രദ്ധയുടെ ആവശ്യമുണ്ടെന്നു ക്രിസ്തീയ മൂപ്പൻ തിരിച്ചറിയണം. അപ്പോസ്തലനായ പത്രൊസ് ഇങ്ങനെ എഴുതി: “അങ്ങനെ തന്നേ ഭർത്താക്കൻമാരേ, നിങ്ങളുടെ പ്രാർത്ഥനെക്കു മുടക്കം വരാതിരിക്കേണ്ടതിന്നു വിവേകത്തോടെ ഭാര്യമാരോടുകൂടെ വസിച്ചു, സ്ത്രീജനം ബലഹീനപാത്രം എന്നും അവർ ജീവന്റെ കൃപെക്കു കൂട്ടവകാശികൾ എന്നും ഓർത്തു അവർക്കു ബഹുമാനം കൊടുപ്പിൻ.” (1 പത്രൊസ് 3:7) മനപ്പൂർവം ഭാര്യയുടെ ആവശ്യങ്ങൾ നിറവേറ്റാതിരിക്കുന്ന ഒരു ഭർത്താവ് യഹോവയോടുള്ള സ്വന്തം ബന്ധത്തെ അപകടപ്പെടുത്തുന്നു; അതിന് ‘പ്രാർത്ഥന കടക്കാതവണ്ണം മേഘംകൊണ്ടു മറയ്ക്കു’ന്നതുപോലെ യഹോവയിങ്കലേക്കുള്ള അവന്റെ പ്രവേശനത്തെ തടയാൻ കഴിയും. (വിലാപങ്ങൾ 3:44) ഇത് ഒരു മൂപ്പനു സംഭവിച്ചുവെങ്കിൽ, അത് ഒരു ക്രിസ്തീയ മേൽവിചാരകനായി സേവിക്കുന്നതിന് അയാൾ അയോഗ്യനായിത്തീരുന്നതിലേക്കു നയിക്കാൻ കഴിയും.
16. പൗലോസ് ഏതു പ്രധാന ആശയം സ്ഥാപിക്കുന്നു, എന്നാൽ മൂപ്പൻമാർക്ക് ഇതേക്കുറിച്ച് എങ്ങനെ തോന്നണം?
16 കണ്ടുകഴിഞ്ഞതുപോലെ, പൗലോസിന്റെ വാദത്തിന്റെ മുഖ്യ ഊന്നൽ, ഒരു മനുഷ്യൻ വിവാഹം ചെയ്യുമ്പോൾ ഒരു ഏകാകിയായ മനുഷ്യനെന്ന നിലയിൽ ‘ശ്രദ്ധാശൈഥില്യം കൂടാതെ കർത്താവിനെ നിരന്തരം ശുശ്രൂഷിക്കുന്നതിനു’ അയാളെ അനുവദിക്കത്തക്കവണ്ണം അയാൾക്കുണ്ടായിരുന്ന സ്വാതന്ത്ര്യത്തിന്റെ ഒരളവ് അയാൾ വെച്ചൊഴിയുന്നു എന്നതാണ്. (1 കൊരിന്ത്യർ 7:35) വിവാഹിതരായ ചില മൂപ്പൻമാർ പൗലോസിന്റെ നിശ്വസ്തബുദ്ധ്യുപദേശത്തെക്കുറിച്ചു ന്യായവാദം ചെയ്യുന്നതിൽ എല്ലായ്പോഴും സമനിലയുള്ളവരല്ലെന്നു റിപ്പോർട്ടുകൾ പ്രകടമാക്കുന്നു. നല്ല മൂപ്പന്മാർ നിർവഹിക്കേണ്ടതെന്ന് അവർക്കു തോന്നുന്ന സംഗതി നിർവഹിക്കാനുള്ള അവരുടെ ആഗ്രഹത്തിൽ, തങ്ങളുടെ ഭർത്തൃ കടമകളിൽ ചിലത് അവഗണിക്കാൻ അനുവദിക്കുന്നുവെന്നുവരാം. ഒരു സഭാപദവി തങ്ങളുടെ ഭാര്യമാർക്കു സ്പഷ്ടമായും ആത്മീയമായി ഹാനികരമായിരിക്കുമെങ്കിലും അതു നിരസിക്കുന്നതു ചിലർക്കു ദുഷ്കരമായി തോന്നുന്നു. വിവാഹത്തോടൊപ്പം വരുന്ന പദവികൾ അവർ ആസ്വദിക്കുന്നുണ്ടെങ്കിലും അതോടൊപ്പമുള്ള ഉത്തരവാദിത്വങ്ങൾ നിറവേറ്റാൻ അവർ ഒരുക്കമാണോ?
17. ചില ഭാര്യമാർക്ക് എന്തു സംഭവിച്ചിരിക്കുന്നു, ഇത് എങ്ങനെ ഒഴിവാക്കാനാവുമായിരുന്നു?
17 തീർച്ചയായും ഒരു മൂപ്പനെന്ന നിലയിലുള്ള തീക്ഷ്ണത ശ്ലാഘനീയമാണ്. എന്നാലും, സഭയിലെ തന്റെ ഉത്തരവാദിത്വങ്ങൾ നിർവഹിക്കുമ്പോൾ അദ്ദേഹം തന്റെ ഭാര്യയോടുള്ള തിരുവെഴുത്തധിഷ്ഠിത ഉത്തരവാദിത്വങ്ങളെ അവഗണിക്കുന്നുവെങ്കിൽ ഒരു ക്രിസ്ത്യാനി സമനിലയുള്ളവനായിരിക്കുമോ? സഭയിലുള്ളവരെ പിന്തുണയ്ക്കാൻ ആഗ്രഹിക്കവേ, സമനിലയുള്ള ഒരു മൂപ്പൻ ഭാര്യയുടെ ആത്മീയതയെപ്പറ്റിയും ശ്രദ്ധയുള്ളവനായിരിക്കും. ചില മൂപ്പന്മാരുടെ ഭാര്യമാർ ആത്മീയമായി ബലഹീനരായിത്തീർന്നിട്ടുണ്ട്, ചിലർ ആത്മീയ ‘കപ്പൽച്ചേതം’ പോലും അനുഭവിച്ചിരിക്കുന്നു. (1 തിമൊഥെയൊസ് 1:19) സ്വന്തം രക്ഷയ്ക്കായി പ്രവർത്തിക്കാനുള്ള ഉത്തരവാദിത്വം ഭാര്യയ്ക്കുണ്ടെങ്കിലും ചില കേസുകളിൽ മൂപ്പൻ തന്റെ ഭാര്യയെ “ക്രിസ്തുവും സഭയെ ചെയ്യുന്നതുപോലെ” ‘പോററിപ്പുലർത്തിയിരുന്നെങ്കിൽ’ ഇത് ഒഴിവാക്കാൻ കഴിയുമായിരുന്നു. (എഫെസ്യർ 5:28, 29) തീർച്ചയായും, മൂപ്പൻമാർ ‘തങ്ങൾക്കുതന്നെയും മുഴു ആട്ടിൻകൂട്ടത്തിനും ശ്രദ്ധകൊടുക്കേണ്ടതാണ്.’ (പ്രവൃത്തികൾ 20:28) അവർ വിവാഹിതരാണെങ്കിൽ ഇതിൽ അവരുടെ ഭാര്യമാരും ഉൾപ്പെടുന്നു.
‘ജഡത്തിൽ കഷ്ടത’
18. വിവാഹിതക്രിസ്ത്യാനികൾക്ക് അനുഭവപ്പെടുന്ന “കഷ്ടത”യുടെ ചില വശങ്ങളേവ, ഇത് ഒരു മൂപ്പന്റെ പ്രവർത്തനങ്ങളെ എങ്ങനെ ബാധിച്ചേക്കാം?
18 അപ്പോസ്തലൻ ഇങ്ങനെയും എഴുതി: “കന്യകാത്വമുള്ള ഒരാൾ വിവാഹംചെയ്താൽ അയാൾ പാപം ചെയ്യുന്നില്ല. എന്നാൽ വിവാഹം ചെയ്യുന്നവർക്കു ജഡത്തിൽ കഷ്ടത ഉണ്ടായിരിക്കും. എന്നാൽ നിങ്ങളെ ഞാൻ ഒഴിവാക്കുകയാണ്.” (1 കൊരിന്ത്യർ 7:28, NW) തന്റെ ഏകാകിത്വത്തിന്റെ ദൃഷ്ടാന്തം പിന്തുടരാൻ ആഗ്രഹിക്കുന്നവരെ വിവാഹത്തോടൊപ്പം അനിവാര്യമായി വരുന്ന ഉത്കണ്ഠകളിൽനിന്ന് ഒഴിവാക്കാൻ പൗലോസ് ആഗ്രഹിച്ചു. മക്കളില്ലാത്ത ദമ്പതികൾക്കുപോലും ഈ ഉത്കണ്ഠകളിൽ ആരോഗ്യപ്രശ്നങ്ങളും അല്ലെങ്കിൽ സാമ്പത്തികപ്രയാസങ്ങളും അതുപോലെതന്നെ ഇണയുടെ പ്രായംചെന്ന മാതാപിതാക്കളോടുള്ള ഉത്തരവാദിത്വങ്ങളും ഉൾപ്പെട്ടേക്കാം. (1 തിമൊഥെയൊസ് 5:4, 8) ഒരു മൂപ്പൻ മാതൃകായോഗ്യമായ വിധത്തിൽ ഈ ഉത്തരവാദിത്വങ്ങൾ കൈയേൽക്കണം. ഇതു ചിലപ്പോൾ ക്രിസ്തീയ മേൽവിചാരകൻ എന്ന നിലയിലുള്ള പ്രവർത്തനങ്ങളെ ബാധിച്ചേക്കാം. സന്തോഷകരമെന്നു പറയട്ടെ, അനേകം മൂപ്പൻമാർ കുടുംബപരമായ ഉത്തരവാദിത്വങ്ങളും സഭാപരമായ ഉത്തരവാദിത്വങ്ങളും നോക്കിക്കൊണ്ടു വിശിഷ്ടമായ വേല ചെയ്യുന്നു.
19. ‘ഭാര്യമാരുള്ളവർ ഇല്ലാത്തവരെപ്പോലെ ആയിരിക്കട്ടെ’ എന്നു പറഞ്ഞപ്പോൾ പൗലോസ് എന്തർഥമാക്കി?
19 പൗലോസ് ഇങ്ങനെ കൂട്ടിച്ചേർത്തു: ‘കാലം ചുരുങ്ങിയിരിക്കുന്നു; ഇനി ഭാര്യമാരുള്ളവർ ഇല്ലാത്തവരെപ്പോലെയായിരിക്കട്ടെ.’ (1 കൊരിന്ത്യർ 7:29) തീർച്ചയായും, അവൻ ഈ അധ്യായത്തിൽ കൊരിന്ത്യർക്ക് എഴുതിക്കഴിഞ്ഞിരുന്നതിന്റെ വീക്ഷണത്തിൽ, വിവാഹിതക്രിസ്ത്യാനികൾ ഏതെങ്കിലും വിധത്തിൽ തങ്ങളുടെ ഭാര്യമാരെ അവഗണിക്കണമെന്ന് അർഥമാക്കിയില്ലെന്നു സ്പഷ്ടമാണ്. (1 കൊരിന്ത്യർ 7:2, 3, 33) താൻ അർഥമാക്കിയതെന്തെന്ന് അവൻ പിൻവരുന്നപ്രകാരം എഴുതിയപ്പോൾ പ്രകടമാക്കി: “ലോകത്തെ അനുഭവിക്കുന്നവർ അതിനെ അനുഭവിക്കാത്തവരെപ്പോലെയും [“പൂർണമായി ഉപയോഗിക്കാത്തവരെപ്പോലെയും,” NW] ആയിരിക്കണം. ഈ ലോകത്തിന്റെ രൂപം ഒഴിഞ്ഞുപോകുന്നുവല്ലോ.” (1 കൊരിന്ത്യർ 7:31) പൗലോസിന്റെയോ അപ്പോസ്തലനായ യോഹന്നാന്റെയോ നാളിനെക്കാളധികമായി ഇപ്പോൾ ‘ലോകത്തിന്റെ രൂപം ഒഴിഞ്ഞുപോകുകയാണ്.’ (1 യോഹന്നാൻ 2:15-17) അതുകൊണ്ട്, ക്രിസ്തുവിനെ അനുകരിക്കുന്നതിനു ചില ത്യാഗങ്ങൾ നടത്തേണ്ടതിന്റെ ആവശ്യമുണ്ടെന്നു മനസ്സിലാക്കുന്ന വിവാഹിത ക്രിസ്ത്യാനികൾക്കു വിവാഹത്തിന്റെ സന്തോഷങ്ങളിലും പദവികളിലും എല്ലായ്പോഴും പൂർണമായി മുഴുകിയിരിക്കാവുന്നതല്ല.—1 കൊരിന്ത്യർ 7:5.
ആത്മത്യാഗികളായ ഭാര്യമാർ
20, 21. (എ) അനേകം ക്രിസ്തീയ ഭാര്യമാർ ചെയ്യാൻ സന്നദ്ധരായിരിക്കുന്ന ത്യാഗങ്ങൾ ഏവ? (ബി) ഭർത്താവ് ഒരു മൂപ്പനാണെങ്കിൽപോലും ഭാര്യയ്ക്ക് അയാളിൽനിന്നു ന്യായമായി എന്തു പ്രതീക്ഷിക്കാൻ കഴിയും?
20 മറ്റുള്ളവർക്കു പ്രയോജകീഭവിക്കാൻ മൂപ്പന്മാർ ത്യാഗങ്ങൾ നടത്തുന്നതുപോലെ, മൂപ്പന്മാരുടെ ഭാര്യമാരിൽ അനേകരും വിവാഹ ഉത്തരവാദിത്വവും രാജ്യതാത്പര്യങ്ങളും സമനിലയിൽ നിർത്താൻ കിണഞ്ഞു പരിശ്രമിച്ചിട്ടുണ്ട്. മേൽവിചാരകൻമാർ എന്ന നിലയിലുള്ള കർത്തവ്യങ്ങൾ നിറവേററുന്നതിനു തങ്ങളുടെ ഭർത്താക്കൻമാരെ പ്രാപ്തരാക്കുന്നതിനു സഹകരിക്കാൻ ആയിരക്കണക്കിനു ക്രിസ്തീയ സ്ത്രീകൾ സന്തോഷമുള്ളവരാണ്. ഇതു നിമിത്തം യഹോവ അവരെ സ്നേഹിക്കുന്നു, അവർ പ്രകടമാക്കുന്ന നല്ല ആത്മാവിനെ അവൻ അനുഗ്രഹിക്കുന്നു. (ഫിലേമോൻ 25) എന്നിരുന്നാലും, മേൽവിചാരകൻമാരുടെ ഭാര്യമാർക്കു തങ്ങളുടെ ഭർത്താക്കൻമാരിൽനിന്നു ന്യായമായ അളവിലുള്ള സമയവും ശ്രദ്ധയും ന്യായമായി പ്രതീക്ഷിക്കാൻ കഴിയുമെന്നു പൗലോസിന്റെ സന്തുലിതമായ ബുദ്ധ്യുപദേശം പ്രകടമാക്കുന്നു. തങ്ങളുടെ ഭാര്യമാർക്കുവേണ്ടി വേണ്ടത്ര സമയം വിനിയോഗിക്കുന്നതും അങ്ങനെ ഭർത്താവും മേൽവിചാരകനുമെന്ന നിലയിലുള്ള തങ്ങളുടെ ഉത്തരവാദിത്വങ്ങൾ സമനിലയിൽ നിർത്തുന്നതും വിവാഹിതരായ മൂപ്പൻമാരുടെ തിരുവെഴുത്തു കർത്തവ്യമാണ്.
21 എന്നാൽ ഒരു ക്രിസ്തീയ മൂപ്പൻ ഒരു ഭർത്താവായിരിക്കുന്നതിനുപുറമേ ഒരു പിതാവുമായിരിക്കുന്നുവെങ്കിലോ? ഇത് അയാളുടെ ഉത്തരവാദിത്വങ്ങൾ വർധിപ്പിക്കുകയും അയാളുടെ മുമ്പാകെ കൂടുതലായ മേൽവിചാരണയുടെ മണ്ഡലം തുറന്നുകൊടുക്കുകയും ചെയ്യുന്നു, അതു നാം അടുത്ത ലേഖനത്തിൽ കാണാൻ പോകുകയാണ്.
പുനരവലോകനം
◻ ഒരു ക്രിസ്തീയ മേൽവിചാരകനു വിവാഹിതനായിരിക്കാമെന്ന് ഏതു തിരുവെഴുത്തു വസ്തുതകൾ പ്രകടമാക്കുന്നു?
◻ ഒരു ഏകാകിയായ മൂപ്പൻ വിവാഹിതനാകുന്നുവെങ്കിൽ, അദ്ദേഹത്തിന് എന്തിനെക്കുറിച്ചു ബോധമുണ്ടായിരിക്കണം?
◻ ഒരു വിവാഹിത ക്രിസ്ത്യാനി ഏതു വിധങ്ങളിൽ “ലോകത്തിന്റെ കാര്യങ്ങൾക്കുവേണ്ടി ആകാംക്ഷയുള്ളവൻ” ആണ്?
◻ മേൽവിചാരകൻമാരുടെ അനേകം ഭാര്യമാർ ആത്മത്യാഗത്തിന്റെ നല്ല ആത്മാവു പ്രകടമാക്കുന്നത് എങ്ങനെ?
[17-ാം പേജിലെ ചിത്രം]
ഒരു മൂപ്പൻ ദിവ്യാധിപത്യ പ്രവർത്തനങ്ങളിൽ വ്യാപൃതനാണെങ്കിൽ പോലും അദ്ദേഹം ഭാര്യയ്ക്കു സ്നേഹപൂർവകമായ ശ്രദ്ധ കൊടുക്കണം