ഏകാകിത്വം—ശ്രദ്ധാശൈഥില്യം കൂടാതെയുള്ള പ്രവർത്തനത്തിലേക്ക് ഒരു വാതിൽ
‘ശ്രദ്ധാശൈഥില്യം കൂടാതെ കർത്താവിനെ നിരന്തരം ശുശ്രൂഷിക്കുന്നതിനെ [അത്] അർഥമാക്കുന്നു.’—1 കൊരിന്ത്യർ 7:35, NW.
1. കൊരിന്തിലെ ക്രിസ്ത്യാനികളെസംബന്ധിച്ച് ഏത് അസഹ്യപ്പെടുത്തുന്ന വാർത്തകൾ പൗലോസിന്റെ അടുക്കലെത്തി?
അപ്പോസ്തലനായ പൗലോസ് ഗ്രീസിലെ കൊരിന്തിലുണ്ടായിരുന്ന തന്റെ ക്രിസ്തീയ സഹോദരൻമാരിൽ തത്പരനായിരുന്നു. ദുർമാർഗം സംബന്ധിച്ചു കുപ്രസിദ്ധമായിരുന്ന ആ സമ്പദ്സമൃദ്ധ നഗരത്തിൽ അന്നേക്ക് ഏതാണ്ട് അഞ്ചുവർഷം മുമ്പ് അവൻ സഭ സ്ഥാപിച്ചിരുന്നു. പിന്നീടു പൊ.യു. (പൊതുയുഗം) ഏതാണ്ട് 55-ൽ ഏഷ്യാമൈനറിലെ എഫേസൂസിലായിരുന്നപ്പോൾ, കക്ഷിപിരിവുകളെക്കുറിച്ചും ഒരു ഹീനമായ ദുർമാർഗകേസ് വെച്ചുപൊറുപ്പിക്കുന്നതിനെക്കുറിച്ചും അസഹ്യപ്പെടുത്തുന്ന വാർത്തകൾ അവനു കൊരിന്തിൽനിന്നു ലഭിച്ചു. കൂടാതെ, ലൈംഗികബന്ധങ്ങൾ, അവിവാഹിതാവസ്ഥ, വിവാഹം, വേർപിരിയൽ, പുനർവിവാഹം എന്നിവ സംബന്ധിച്ചു മാർഗനിർദേശം ചോദിച്ചുകൊണ്ടുള്ള ഒരു എഴുത്തു പൗലോസിനു കൊരിന്ത്യ ക്രിസ്ത്യാനികളിൽനിന്നു കിട്ടിയിരുന്നു.
2. കൊരിന്തിൽ വ്യാപകമായിരുന്ന ദുർമാർഗം പ്രത്യക്ഷത്തിൽ ആ നഗരത്തിലെ ക്രിസ്ത്യാനികളെ ബാധിച്ചുകൊണ്ടിരുന്നത് എങ്ങനെ?
2 കൊരിന്തിൽ വ്യാപിച്ചിരുന്ന കടുത്ത ദുർമാർഗം തദ്ദേശസഭയെ രണ്ടു വിധങ്ങളിൽ ബാധിക്കുന്നതായി തോന്നി. ചില ക്രിസ്ത്യാനികൾ ധാർമിക ദുരാചാരത്തിന്റെ അന്തരീക്ഷത്തിനു വഴങ്ങിക്കൊടുത്തുകൊണ്ടു ദുർമാർഗം അനുവദിക്കുകയുമായിരുന്നു. (1 കൊരിന്ത്യർ 5:1; 6:15-17) പ്രത്യക്ഷത്തിൽ മററു ചിലർ ആ നഗരത്തിൽ സർവവ്യാപകമായിരുന്ന ജഡികോല്ലാസങ്ങളോടുള്ള പ്രതികരണമെന്നവണ്ണം സകല ലൈംഗികവേഴ്ചകളുടെയും വർജനം, വിവാഹിത ഇണകൾക്കുപോലും ശുപാർശ ചെയ്യത്തക്കവണ്ണം അങ്ങേയററംവരെ പോയി.—1 കൊരിന്ത്യർ 7:5.
3. കൊരിന്ത്യർക്കുള്ള തന്റെ ഒന്നാമത്തെ ലേഖനത്തിൽ പൗലോസ് ആദ്യം ഏതു കാര്യങ്ങൾ കൈകാര്യംചെയ്തു?
3 കൊരിന്ത്യർക്കെഴുതിയ നീണ്ട ലേഖനത്തിൽ പൗലോസ് ആദ്യം അനൈക്യത്തിന്റെ പ്രശ്നം കൈകാര്യംചെയ്തു. (1 കൊരിന്ത്യർ, അധ്യായങ്ങൾ 1-4) മനുഷ്യരെ അനുഗമിക്കുന്നത് ഒഴിവാക്കാൻ അവൻ അവരെ ഉദ്ബോധിപ്പിച്ചു. അതിനു ഹാനികരമായ പിളർപ്പുകളിലേക്കു മാത്രമേ നയിക്കാനാവുമായിരുന്നുള്ളൂ. അവർ ദൈവത്തിന്റെ ‘കൂട്ടുവേലക്കാരെന്ന’ നിലയിൽ ഒററക്കെട്ടായിരിക്കണം. പിന്നീട് അവൻ സഭയെ ധാർമികമായി ശുദ്ധമായി സൂക്ഷിക്കുന്നതിനെക്കുറിച്ചു നിഷ്കൃഷ്ടമായ നിർദേശങ്ങൾ നൽകി. (അധ്യായങ്ങൾ 5, 6) അപ്പോസ്തലൻ അടുത്തതായി അവരുടെ എഴുത്തു കൈകാര്യം ചെയ്തു.
ഏകാകിത്വം ശുപാർശചെയ്തു
4. “സ്ത്രീയെ തൊടാതിരിക്കുന്നതു മനുഷ്യന്നു നല്ലതു” എന്നു പറഞ്ഞപ്പോൾ പൗലോസ് എന്താണർഥമാക്കിയത്?
4 അവൻ ഇങ്ങനെ തുടങ്ങി: “നിങ്ങൾ എഴുതി അയച്ച സംഗതികളെക്കുറിച്ചു എന്റെ അഭിപ്രായം എന്തെന്നാൽ: സ്ത്രീയെ തൊടാതിരിക്കുന്നതു മനുഷ്യന്നു നല്ലതു.” (1 കൊരിന്ത്യർ 7:1) ‘സ്ത്രീയെ തൊടാതിരിക്കുക’ എന്ന പ്രയോഗം ഇവിടെ ലൈംഗികസംതൃപ്തിക്കുവേണ്ടി ഒരു സ്ത്രീയുമായി ശാരീരികസമ്പർക്കം പുലർത്തുന്നത് ഒഴിവാക്കുന്നതിനെ അർഥമാക്കുന്നു. പൗലോസ് നേരത്തെ പരസംഗത്തെ കുററം വിധിച്ചിരുന്നതിനാൽ അവൻ ഇപ്പോൾ വിവാഹക്രമീകരണത്തിനുള്ളിലെ ലൈംഗികബന്ധങ്ങളെ പരാമർശിക്കുകയായിരുന്നു. അതുകൊണ്ട്, പൗലോസ് ഇപ്പോൾ ഏകാകിത്വത്തെ ശുപാർശചെയ്യുകയായിരുന്നു. (1 കൊരിന്ത്യർ 6:9, 16, 18; ഉല്പത്തി 20:6-ഉം സദൃശവാക്യങ്ങൾ 6:29-ഉം താരതമ്യം ചെയ്യുക.) അൽപ്പം കഴിഞ്ഞ് അവൻ ഇങ്ങനെ എഴുതി: “വിവാഹം കഴിയാത്തവരോടും വിധവമാരോടും: അവർ എന്നെപ്പോലെ പാർത്തുകൊണ്ടാൽ അവർക്കു കൊള്ളാം എന്നു ഞാൻ പറയുന്നു.” (1 കൊരിന്ത്യർ 7:8) പൗലോസ് അവിവാഹിതൻ, ഒരുപക്ഷേ ഒരു വിഭാര്യൻ, ആയിരുന്നു.—1 കൊരിന്ത്യർ 9:5.
5, 6. (എ) പൗലോസ് ഒരു സന്ന്യാസജീവിതരീതി ശുപാർശചെയ്യുകയല്ലായിരുന്നുവെന്നു വ്യക്തമായിരിക്കുന്നത് എന്തുകൊണ്ട്? (ബി) പൗലോസ് ഏകാകിത്വം ശുപാർശചെയ്തത് എന്തുകൊണ്ട്?
5 കൊരിന്തിലെ ക്രിസ്ത്യാനികൾ ഗ്രീക്ക് തത്ത്വജ്ഞാനവുമായി സമ്പർക്കത്തിൽ വന്നിരിക്കാനിടയുണ്ട്, അതിന്റെ ചില ശാഖകൾ അങ്ങേയററത്തെ സന്ന്യാസത്തെ അല്ലെങ്കിൽ ആത്മപരിത്യാഗത്തെ പ്രകീർത്തിച്ചു. ക്രിസ്ത്യാനികൾ സകല ലൈംഗികവേഴ്ചയും ഒഴിവാക്കുന്നതു ‘കൊള്ളാമോ’ എന്നു കൊരിന്ത്യർ പൗലോസിനോടു ചോദിച്ചത് അതുകൊണ്ടായിരിക്കുമോ? പൗലോസിന്റെ ഉത്തരം ഗ്രീക്ക് തത്ത്വജ്ഞാനത്തെ പ്രതിഫലിപ്പിച്ചില്ല. (കൊലൊസ്സ്യർ 2:8) അവിവാഹിതർ പ്രത്യേകിച്ചും പരിശുദ്ധരാണെന്നും അവരുടെ ജീവിതരീതിയാലും പ്രാർഥനകളാലും അവരുടെ രക്ഷയ്ക്കു സഹായിക്കാനാവുമെന്നുമുള്ള മട്ടിൽ ഒരു സന്ന്യാസിമഠത്തിലോ കോൺവെൻറിലോ ഉള്ള അവിവാഹിത സന്ന്യാസജീവിതത്തെ കത്തോലിക്കാ ദൈവശാസ്ത്രജ്ഞർ ചെയ്യുന്നതുപോലെ അവൻ ഒരിടത്തും ശുപാർശചെയ്തില്ല.
6 “ഇവിടെ നമുക്കുള്ള ആവശ്യത്തിന്റെ വീക്ഷണത്തിൽ” പൗലോസ് ഏകാകിത്വത്തെ ശുപാർശചെയ്തു. (1 കൊരിന്ത്യർ 7:26, NW) ക്രിസ്ത്യാനികൾക്ക് അനുഭവപ്പെട്ടുകൊണ്ടിരുന്ന പ്രയാസകാലങ്ങളെ അവൻ പരാമർശിക്കുകയായിരുന്നിരിക്കാം, അതു വിവാഹത്താൽ രൂക്ഷമായിത്തീരുമായിരുന്നു. (1 കൊരിന്ത്യർ 7:28) അവിവാഹിതരായ ക്രിസ്ത്യാനികളോടുള്ള അവന്റെ ബുദ്ധ്യുപദേശം ഇതായിരുന്നു: “അവർ എന്നെപ്പോലെ പാർത്തുകൊണ്ടാൽ അവർക്കു കൊള്ളാം.” വിഭാര്യരോട് അവൻ പറഞ്ഞു: “നീ ഭാര്യ ഇല്ലാത്തവനോ? ഭാര്യയെ അന്വേഷിക്കരുത്.” ഒരു ക്രിസ്തീയ വിധവയെക്കുറിച്ച് അവൻ ഇങ്ങനെ എഴുതി: “എന്നാൽ അവൾ അങ്ങനെതന്നേ പാർത്തുകൊണ്ടാൽ ഭാഗ്യമേറിയവൾ എന്നു എന്റെ അഭിപ്രായം. ദൈവാത്മാവു എനിക്കും ഉണ്ടു എന്നു തോന്നുന്നു.”—1 കൊരിന്ത്യർ 7:8, 27, 40.
ഏകാകിയായി നിലകൊള്ളാൻ നിർബന്ധമില്ല
7, 8. പൗലോസ് ഒരു ക്രിസ്ത്യാനിയെയും ഏകാകിയായി തുടരാൻ നിർബന്ധിക്കുകയല്ലായിരുന്നുവെന്ന് എന്തു പ്രകടമാക്കുന്നു?
7 ഈ ബുദ്ധ്യുപദേശം കൊടുത്തപ്പോൾ യഹോവയുടെ പരിശുദ്ധാത്മാവു പൗലോസിനെ നയിച്ചുകൊണ്ടിരുന്നുവെന്നതിനു സംശയമില്ല. അവിവാഹിതാവസ്ഥയെയും വിവാഹത്തെയും കുറിച്ചുള്ള അവന്റെ മുഴു പ്രതിപാദനവും, സമനിലയും നിയന്ത്രണവും പ്രകടമാക്കുന്നു. അവൻ അതിനെ വിശ്വസ്തതയുടെയോ അവിശ്വസ്തതയുടെയോ സംഗതി ആക്കുന്നില്ല. മറിച്ച്, അതു സ്വതന്ത്ര തിരഞ്ഞെടുപ്പിന്റെ പ്രശ്നം ആണ്, ഏകാകിത്വത്തിൽ നിർമലരായി നിലകൊള്ളാൻ കഴിയുന്നവർക്ക് അതു ശുപാർശ ചെയ്തുകൊണ്ടുതന്നെ.
8 “സ്ത്രീയെ തൊടാതിരിക്കുന്നതു മനുഷ്യന്നു നല്ലതു” എന്നു പറഞ്ഞശേഷം ഉടനെ പൗലോസ് ഇങ്ങനെ കൂട്ടിച്ചേർത്തു: “എങ്കിലും ദുർന്നടപ്പു നിമിത്തം ഓരോരുത്തന്നു സ്വന്ത ഭാര്യയും ഓരോരുത്തിക്കു സ്വന്ത ഭർത്താവും ഉണ്ടായിരിക്കട്ടെ.” (1 കൊരിന്ത്യർ 7:1, 2) ‘എന്നെപ്പോലെ പാർത്തുകൊള്ളാൻ’ അവിവാഹിതരെയും വിധവമാരെയും ഉപദേശിച്ചശേഷം അവൻ പെട്ടെന്ന് ഇങ്ങനെ കൂട്ടിച്ചേർത്തു: “ജിതേന്ദ്രിയത്വം ഇല്ലെങ്കിലോ അവർ വിവാഹം ചെയ്യട്ടെ; അഴലുന്നതിനെക്കാൾ വിവാഹം ചെയ്യുന്നതു നല്ലതു.” (1 കൊരിന്ത്യർ 7:8, 9) വീണ്ടും, വിഭാര്യൻമാരോടുള്ള അവന്റെ ബുദ്ധ്യുപദേശം ഇതായിരുന്നു: “ഭാര്യയെ അന്വേഷിക്കരുതു. നീ വിവാഹം ചെയ്താലും ദോഷമില്ല.” (1 കൊരിന്ത്യർ 7:27, 28) സമനിലയോടുകൂടിയ ഈ ബുദ്ധ്യുപദേശം തിരഞ്ഞെടുപ്പു സ്വാതന്ത്ര്യത്തെ പ്രതിഫലിപ്പിക്കുന്നു.
9. യേശുവും പൗലോസും പറയുന്നതനുസരിച്ച്, വിവാഹവും ഏകാകിത്വവും ദൈവത്തിൽനിന്നുള്ള വരങ്ങളായിരിക്കുന്നത് എങ്ങനെ?
9 വിവാഹവും ഏകാകിത്വവും ദൈവത്തിൽനിന്നുള്ള വരങ്ങളാണെന്നു പൗലോസ് പ്രകടമാക്കി. “സകല മനുഷ്യരും എന്നെപ്പോലെ ആയിരിക്കേണം എന്നു ഞാൻ ഇച്ഛിക്കുന്നു. എങ്കിലും ഒരുവന്നു ഇങ്ങനെയും ഒരുവന്നു അങ്ങനെയും താന്താന്റെ കൃപാവരം ദൈവം നല്കിയിരിക്കുന്നു.” (1 കൊരിന്ത്യർ 7:7) യേശു പറഞ്ഞതു പൗലോസിന്റെ മനസ്സിൽ ഉണ്ടായിരുന്നുവെന്നതിനു സംശയമില്ല. വിവാഹം ദൈവത്തിൽനിന്നു വന്നതാണെന്നു സ്ഥാപിച്ചശേഷം രാജ്യതാത്പര്യങ്ങൾക്കു സേവചെയ്യാൻ വേണ്ടിയുള്ള സന്നദ്ധ ഏകാകിത്വം ഒരു പ്രത്യേക വരമാണെന്നു യേശു പ്രകടമാക്കി: “എല്ലാ മനുഷ്യരും ഈ മൊഴിക്ക് ഇടമുണ്ടാക്കുന്നില്ല, എന്നാൽ വരമുള്ളവർ മാത്രം. അമ്മയുടെ ഗർഭാശയത്തിൽനിന്നു ഷണ്ഡൻമാരായി ജനിച്ച ഷണ്ഡൻമാരുണ്ട്, മനുഷ്യരാൽ ഷണ്ഡൻമാരാക്കപ്പെട്ട ഷണ്ഡൻമാരുമുണ്ട്, സ്വർഗരാജ്യം നിമിത്തം തങ്ങളെത്തന്നെ ഷണ്ഡൻമാരാക്കിയ ഷണ്ഡൻമാരുമുണ്ട്. അതിന് ഇടമുണ്ടാക്കാൻ കഴിയുന്നവർ അതിന് ഇടമുണ്ടാക്കട്ടെ.”—മത്തായി 19:4-6, 11, 12, NW.
ഏകാകിത്വത്തിന്റെ വരത്തിന് ഇടമുണ്ടാക്കൽ
10. ഒരു വ്യക്തിക്ക് ഏകാകിത്വത്തിന്റെ വരത്തിന് “ഇടമുണ്ടാക്കാൻ” എങ്ങനെ കഴിയും?
10 യേശുവും പൗലോസും ഏകാകിത്വം ഒരു ‘വരം’ ആയിരിക്കുന്നതായി പറഞ്ഞുവെങ്കിലും ചിലർക്കു മാത്രമുള്ള ഒരു അത്ഭുതവരമാണതെന്ന് ഇരുവരും പറഞ്ഞില്ല. ആ വരത്തിന് ‘എല്ലാ മനുഷ്യരും ഇടമുണ്ടാക്കുന്നില്ല’ എന്നു യേശു പറഞ്ഞു, അങ്ങനെ ചെയ്യാൻ കഴിയുന്നവരെ ‘അതിന് ഇടമുണ്ടാക്കാൻ’ അവൻ ഉദ്ബോധിപ്പിച്ചു. യേശുവും പൗലോസും അങ്ങനെ ചെയ്തിരുന്നു. “അഴലുന്നതിനെക്കാൾ വിവാഹം ചെയ്യുന്നതു നല്ലതു” എന്നു പൗലോസ് എഴുതിയെന്നതു സത്യം, എന്നാൽ ‘ജിതേന്ദ്രിയത്വമില്ലാത്തവരെ’ക്കുറിച്ചാണു പൗലോസ് സംസാരിച്ചത്. (1 കൊരിന്ത്യർ 7:9) ക്രിസ്ത്യാനികൾക്കു വികാരത്താൽ ജ്വലിക്കുന്നത് ഒഴിവാക്കാനാവുമെന്നു മുൻ എഴുത്തുകളിൽ പൗലോസ് പ്രകടമാക്കി. (ഗലാത്യർ 5:16, 22-24) ആത്മാവിനെ അനുസരിച്ചു നടക്കുകയെന്നാൽ നമ്മുടെ ഓരോ ചുവടിനെയും നയിക്കാൻ യഹോവയുടെ ആത്മാവിനെ അനുവദിക്കുക എന്നാണർഥം. ചെറുപ്പക്കാരായ ക്രിസ്ത്യാനികൾക്ക് ഇതു ചെയ്യാനാവുമോ? ഉവ്വ്, അവർ യഹോവയുടെ വചനത്തെ അടുത്തു പിൻപററുന്നുവെങ്കിൽ. സങ്കീർത്തനക്കാരൻ ഇങ്ങനെ എഴുതി: “ബാലൻ [അല്ലെങ്കിൽ ബാലിക] തന്റെ നടപ്പിനെ നിർമ്മലമാക്കുന്നതു എങ്ങനെ? നിന്റെ വചനപ്രകാരം അതിനെ സൂക്ഷിക്കുന്നതിനാൽ തന്നേ.”—സങ്കീർത്തനം 119:9.
11. ‘ആത്മാവിനെ അനുസരിച്ചു നടക്കുക’ എന്നതിന്റെ അർഥമെന്ത്?
11 ഇതിൽ അനേകം ടിവി പരിപാടികൾ, ചലച്ചിത്രങ്ങൾ, മാസികാലേഖനങ്ങൾ, പുസ്തകങ്ങൾ, ഗാനവരികൾ എന്നിവ പരത്തുന്ന അനുവാദാത്മക ആശയങ്ങൾക്കെതിരെ സൂക്ഷിക്കുന്നത് ഉൾപ്പെടുന്നു. അങ്ങനെയുള്ള ആശയങ്ങൾ ജഡോൻമുഖമാണ്. ഏകാകിത്വത്തിന് ഇടമുണ്ടാക്കാനാഗ്രഹിക്കുന്ന ഒരു ക്രിസ്തീയ യുവാവ് അല്ലെങ്കിൽ യുവതി “ജഡത്തെയല്ല ആത്മാവിനെ അത്രേ അനുസരിച്ചു” നടക്കേണ്ടത്. “ജഡസ്വഭാവമുള്ളവർ ജഡത്തിന്നുള്ളതും [“ജഡത്തിന്റെ കാര്യങ്ങൾ,” NW] ആത്മസ്വഭാവമുള്ളവർ ആത്മാവിന്നുള്ളതും ചിന്തിക്കുന്നു.” (ചെരിച്ചെഴുത്തു ഞങ്ങളുടേത്.) (റോമർ 8:4, 5) ആത്മാവിനുള്ള കാര്യങ്ങൾ നീതിനിഷ്ഠവും നിർമലവും പ്രിയങ്കരവും സൽഗുണമുള്ളതുമാകുന്നു. ചെറുപ്പക്കാരും പ്രായമുള്ളവരുമായ ക്രിസ്ത്യാനികൾ ‘അതു ഒക്കെയും ചിന്തിക്കുന്നതിൽ തുടരുന്നതു’ കൊള്ളാം.—ഫിലിപ്പിയർ 4:8, 9.
12. ഏകാകിത്വത്തിന്റെ വരത്തിന് ഇടമുണ്ടാക്കുന്നതിൽ ഏറെയും ഉൾപ്പെട്ടിരിക്കുന്നത് എന്താണ്?
12 ഏകാകിത്വത്തിന്റെ വരത്തിന് ഇടമുണ്ടാക്കുന്നത് ഏറെയും ആ ലക്ഷ്യത്തെക്കുറിച്ചു ചിന്തിക്കുന്നതിന്റെയും അതു പിന്തുടരുന്നതിനു സഹായത്തിനായി യഹോവയോടു പ്രാർഥിക്കുന്നതിന്റെയും സംഗതിയാണ്. (ഫിലിപ്പിയർ 4:6, 7) പൗലോസ് ഇങ്ങനെ എഴുതി: “ആരെങ്കിലും ആവശ്യകതയില്ലാതെ, ഹൃദയത്തിൽ ഉറച്ചു നിലകൊള്ളുകയും, എന്നാൽ സ്വന്ത ഇഷ്ടത്തിൻമേൽ അധികാരമുണ്ടായിരിക്കുകയും തന്റെ സ്വന്തം കന്യകാത്വത്തെ സൂക്ഷിക്കാൻ സ്വന്തഹൃദയത്തിൽ ഈ തീരുമാനം എടുത്തിരിക്കുകയുമാണെങ്കിൽ അവൻ ഉചിതമായി പ്രവർത്തിക്കും. തത്ഫലമായി, തന്റെ കന്യകാത്വത്തെ വിവാഹത്തിനു കൊടുക്കുന്നവനും ഉചിതമായി പ്രവർത്തിക്കുന്നു, എന്നാൽ അതിനെ വിവാഹത്തിനു കൊടുക്കാത്തവൻ മെച്ചമായി പ്രവർത്തിക്കും.”—1 കൊരിന്ത്യർ 7:37, 38, NW.
ഒരു ഉദ്ദേശ്യത്തോടുകൂടിയ ഏകാകിത്വം
13, 14. (എ) വിവാഹിതരും അവിവാഹിതരുമായ ക്രിസ്ത്യാനികൾ തമ്മിൽ പൗലോസ് എന്തു താരതമ്യം നടത്തി? (ബി) ഒരു ഏകാകിയായ ക്രിസ്ത്യാനിക്കു വിവാഹിതരെക്കാൾ ‘മെച്ചമായി പ്രവർത്തിക്കാൻ’ എങ്ങനെ മാത്രമേ കഴിയൂ?
13 ഏകാകിത്വം അതിൽത്തന്നെ പ്രശംസാർഹമല്ല. അപ്പോൾ അത് ഏതർഥത്തിൽ “മെച്ച”മായിരിക്കാവുന്നതാണ്? അതു യഥാർഥത്തിൽ ഒരു വ്യക്തി, അതു കൈവരുത്തുന്ന സ്വാതന്ത്ര്യം എങ്ങനെ ഉപയോഗിക്കുന്നുവെന്നതിനെ ആശ്രയിച്ചിരിക്കുന്നു. പൗലോസ് ഇങ്ങനെ എഴുതി: “നിങ്ങൾ ചിന്താകുലമില്ലാത്തവരായിരിക്കേണം എന്നു ഞാൻ ഇച്ഛിക്കുന്നു. വിവാഹം ചെയ്യാത്തവൻ കർത്താവിനെ എങ്ങനെ പ്രസാദിപ്പിക്കും എന്നുവെച്ചു കർത്താവിന്നുള്ളതു [“കർത്താവിന്റെ കാര്യങ്ങൾ,” NW] ചിന്തിക്കുന്നു; വിവാഹം ചെയ്തവൻ ഭാര്യയെ എങ്ങനെ പ്രസാദിപ്പിക്കും എന്നുവെച്ചു ലോകത്തിന്നുള്ളതു ചിന്തിക്കുന്നു [“ലോകത്തിന്റെ കാര്യങ്ങളിൽ ഉത്കണ്ഠയുള്ളവനാണ്, അവൻ വിഭജിതനുമാണ്,” NW]. അതുപോലെ ഭാര്യയായവൾക്കും കന്യകെക്കും തമ്മിൽ വ്യത്യാസമുണ്ടു. വിവാഹം കഴിയാത്തവൾ ശരീരത്തിലും ആത്മാവിലും വിശുദ്ധയാകേണ്ടതിന്നു കർത്താവിന്നുള്ളതു ചിന്തിക്കുന്നു; വിവാഹം കഴിഞ്ഞവൾ ഭർത്താവിനെ എങ്ങനെ പ്രസാദിപ്പിക്കും എന്നുവെച്ചു ലോകത്തിന്നുള്ളതു ചിന്തിക്കുന്നു. ഞാൻ ഇതു നിങ്ങൾക്കു കുടുക്കിടുവാനല്ല, യോഗ്യത വിചാരിച്ചും നിങ്ങൾ ചാപല്യംകൂടാതെ കർത്താവിങ്കൽ സ്ഥിരമായ്വസിക്കേണ്ടതിന്നും [“യോഗ്യമായതിനും ശ്രദ്ധാശൈഥില്യം കൂടാതെ കർത്താവിനെ നിരന്തരം ശുശ്രൂഷിക്കുന്നതിനെ അർഥമാക്കുന്നതിനും പ്രേരിപ്പിക്കാൻ,” NW] നിങ്ങളുടെ ഉപകാരത്തിനായിട്ടത്രേ പറയുന്നതു.”—1 കൊരിന്ത്യർ 7:32-35.
14 തന്റെ അവിവാഹിതാവസ്ഥയെ സ്വാർഥലക്ഷ്യങ്ങൾ പിന്തുടരാൻ ഉപയോഗിക്കുന്ന ഒരു ഏകാകിയായ ക്രിസ്ത്യാനി വിവാഹിത ക്രിസ്ത്യാനികളെക്കാൾ “മെച്ചമായി” പ്രവർത്തിക്കുന്നില്ല. അയാൾ ഏകാകിയായി നിലകൊള്ളുന്നു, എന്നാൽ “രാജ്യം നിമിത്ത”മല്ല, പിന്നെയോ വ്യക്തിപരമായ കാരണങ്ങളാലാണ്. (മത്തായി 19:12, NW) അവിവാഹിത പുരുഷൻ അല്ലെങ്കിൽ സ്ത്രീ ‘കർത്താവിന്നുള്ളതു ചിന്തിക്കണം,’ “കർത്താവിനെ എങ്ങനെ പ്രസാദിപ്പിക്കും” എന്നു ചിന്തിക്കണം, ‘ശ്രദ്ധാശൈഥില്യം കൂടാതെ കർത്താവിനെ നിരന്തരം ശുശ്രൂഷിക്കണം.’ ഇതിന്റെ അർഥം യഹോവയെയും ക്രിസ്തുയേശുവിനെയും സേവിക്കുന്നതിന് അവിഭക്ത ശ്രദ്ധ കൊടുക്കണമെന്നാണ്. അങ്ങനെ ചെയ്യുന്നതിനാൽ മാത്രമേ അവിവാഹിത ക്രിസ്തീയ സ്ത്രീപുരുഷൻമാർ വിവാഹിത ക്രിസ്ത്യാനികളെക്കാൾ “മെച്ചമായി” പ്രവർത്തിക്കുന്നുള്ളൂ.
ശ്രദ്ധാശൈഥില്യം കൂടാതെയുള്ള പ്രവർത്തനം
15. 1 കൊരിന്ത്യർ 7-ാം അധ്യായത്തിലെ പൗലോസിന്റെ വാദത്തിന്റെ ചുരുക്കം എന്താണ്?
15 ഈ അധ്യായത്തിലെ പൗലോസിന്റെ മുഴു വാദവും ഇതാണ്: വിവാഹം നിയമാനുസൃതവും, ചില സാഹചര്യങ്ങളിൻ കീഴിൽ ചിലർക്ക് അഭികാമ്യവുമാണെങ്കിലും കുറഞ്ഞ ശ്രദ്ധാശൈഥില്യത്തോടെ യഹോവയെ സേവിക്കാനാഗ്രഹിക്കുന്ന ക്രിസ്തീയ പുരുഷന് അല്ലെങ്കിൽ സ്ത്രീക്ക് ഏകാകിത്വം അനിഷേധ്യമായി പ്രയോജനകരമാണ്. വിവാഹിത വ്യക്തി “വിഭജിത”നായിരിക്കെ, അവിവാഹിത ക്രിസ്ത്യാനിക്കു ‘കർത്താവിന്റെ കാര്യങ്ങളിൽ’ ശ്രദ്ധ കേന്ദ്രീകരിക്കാൻ സ്വാതന്ത്ര്യമുണ്ട്.
16, 17. ഒരു ഏകാകിയായ ക്രിസ്ത്യാനിക്കു ‘കർത്താവിന്റെ കാര്യങ്ങളിൽ’ മെച്ചമായി ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുന്നത് എങ്ങനെ?
16 ഒരു അവിവാഹിത ക്രിസ്ത്യാനിക്കു വിവാഹിതരെക്കാൾ കൂടുതൽ സ്വതന്ത്രമായി ശ്രദ്ധിക്കാൻ കഴിയുന്ന കർത്താവിന്റെ കാര്യങ്ങൾ എന്തൊക്കെയാണ്? മറെറാരു സന്ദർഭത്തിൽ, ഒരു ക്രിസ്ത്യാനി കൈസർക്കു കൊടുക്കാൻ പാടില്ലാത്ത ‘ദൈവത്തിന്റെ കാര്യങ്ങളെ’ക്കുറിച്ചു യേശു പറയുകയുണ്ടായി. (മത്തായി 22:21) ഈ കാര്യങ്ങൾ ഫലത്തിൽ ഒരു ക്രിസ്ത്യാനിയുടെ ജീവിതത്തെയും ആരാധനയെയും ശുശ്രൂഷയെയും സംബന്ധിക്കുന്നു.—മത്തായി 4:10; റോമർ 14:8; 2 കൊരിന്ത്യർ 2:17; 3:5, 6; 4:1.
17 ഏകാകികൾ യഹോവയുടെ സേവനത്തിനു സമയം വിനിയോഗിക്കാൻ പൊതുവേ കൂടുതൽ സ്വതന്ത്രരാണ്, അതിന് അവരുടെ ആത്മീയതയ്ക്കും അവരുടെ ശുശ്രൂഷയുടെ വ്യാപ്തിക്കും പ്രയോജനം ചെയ്യാൻ കഴിയും. അവർക്കു വ്യക്തിപരമായ പഠനത്തിനും ധ്യാനത്തിനും കൂടുതൽ സമയം ചെലവഴിക്കാനാവും. ഏകാകികളായ ക്രിസ്ത്യാനികൾക്കു വിവാഹിതരെക്കാൾ മിക്കപ്പോഴും അനായാസം തങ്ങളുടെ പട്ടികയിൽ ബൈബിൾവായന ഉൾപ്പെടുത്താൻ കഴിയും. മീററിംഗുകൾക്കും വയൽസേവനത്തിനും അവർക്കു മെച്ചമായി തയ്യാറാകാവുന്നതാണ്. ഇതെല്ലാം അവർക്ക് “ഉപകാരത്തിന്നായിട്ടത്രേ.”—1 കൊരിന്ത്യർ 7:35.
18. തങ്ങൾ “ശ്രദ്ധാശൈഥില്യം കൂടാതെ” യഹോവയെ സേവിക്കാൻ ആഗ്രഹിക്കുന്നുവെന്ന് ഏകാകികളായ നിരവധി ക്രിസ്ത്യാനികൾക്ക് എങ്ങനെ തെളിയിക്കാനാവും?
18 ഇപ്പോൾത്തന്നെ ശുശ്രൂഷാദാസൻമാരായി സേവിക്കുന്ന ഏകാകികളായ അനേകം സഹോദരൻമാർ യഹോവയോട് ഇങ്ങനെ പറയാൻ സ്വതന്ത്രരാണ്: “അടിയൻ ഇതാ അടിയനെ അയക്കേണമേ.” (യെശയ്യാവു 6:8) അവർക്കു ശുശ്രൂഷാ പരിശീലനസ്കൂളിൽ സംബന്ധിക്കുന്നതിന് അപേക്ഷിക്കാൻ കഴിയും, അത് ആവശ്യം അധികമുള്ളിടത്തു സേവിക്കാൻ സ്വതന്ത്രരായ ഏകാകികളായ ശുശ്രൂഷാദാസൻമാർക്കും മൂപ്പൻമാർക്കുമായി സംവരണം ചെയ്തിരിക്കുകയാണ്. തങ്ങളുടെ സഭ വിട്ടുപോകാൻ സ്വതന്ത്രരല്ലാത്ത സഹോദരൻമാർക്കുപോലും തങ്ങളുടെ സഹോദരൻമാരെ ശുശ്രൂഷാദാസൻമാരോ മൂപ്പൻമാരോ എന്ന നിലയിൽ സേവിക്കാൻ തങ്ങളെത്തന്നെ ലഭ്യമാക്കാവുന്നതാണ്.—ഫിലിപ്പിയർ 2:20-23.
19. ഏകാകികളായ അനേകം സഹോദരിമാർ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നത് എങ്ങനെ, അവർക്കു സഭയ്ക്ക് ഒരു അനുഗ്രഹമായിരിക്കാൻ കഴിയുന്ന ഒരു വിധമെന്ത്?
19 ആലോചന ചോദിക്കാനും വിശ്വസിക്കാനും ഒരു മനുഷ്യശിരസ്സ് ഇല്ലാത്ത ഏകാകികളായ സഹോദരിമാർ ‘തങ്ങളുടെ ഭാരം യഹോവയുടെ മേൽ ഇടാൻ’ കൂടുതൽ യോഗ്യരായിരുന്നേക്കാം. (സങ്കീർത്തനം 55:22; 1 കൊരിന്ത്യർ 11:3) യഹോവയോടുള്ള സ്നേഹത്തിൽനിന്ന് ഏകാകികളായിരിക്കുന്ന സഹോദരിമാർക്ക് ഇതു വിശേഷാൽ മൂല്യവത്താണ്. കാലക്രമത്തിൽ, അവർ വിവാഹം ചെയ്യുന്നുവെങ്കിൽ, അതു “കർത്താവിൽ മാത്രം” ആയിരിക്കണം, അതായത്, യഹോവയ്ക്കു സമർപ്പണം ചെയ്തിരിക്കുന്ന ആരെയെങ്കിലും. (1 കൊരിന്ത്യർ 7:39) തങ്ങളുടെ സഭകളിൽ അവിവാഹിതരായ സഹോദരിമാർ ഉള്ളതിൽ മൂപ്പൻമാർ നന്ദിയുള്ളവരാണ്; ഈ സഹോദരിമാർ മിക്കപ്പോഴും രോഗികളെയും പ്രായമുള്ളവരെയും സന്ദർശിക്കുകയും സഹായിക്കുകയും ചെയ്യുന്നു. ഇതു ബന്ധപ്പെട്ട എല്ലാവർക്കും സന്തുഷ്ടി കൈവരുത്തുന്നു.—പ്രവൃത്തികൾ 20:35.
20. അനേകം ക്രിസ്ത്യാനികൾ ‘ശ്രദ്ധാശൈഥില്യം കൂടാതെ കർത്താവിനെ നിരന്തരം ശുശ്രൂഷിക്കുക’യാണെന്നു പ്രകടമാക്കുന്നത് എങ്ങനെ?
20 ചെറുപ്പക്കാരായ അനേകം ക്രിസ്ത്യാനികൾ ‘ശ്രദ്ധാശൈഥില്യം കൂടാതെ കർത്താവിനെ നിരന്തരം ശുശ്രൂഷിക്കുന്നതിൽ’ ഏർപ്പെടാൻ തക്കവണ്ണം തങ്ങളുടെ കാര്യാദികളെ ക്രമീകരിച്ചിരിക്കുന്നു. (1 കൊരിന്ത്യർ 7:35, NW) അവർ മുഴുസമയ പയനിയർ ശുശ്രൂഷകരായോ മിഷനറിമാരായോ വാച്ച്ടവർ സൊസൈററിയുടെ ബ്രാഞ്ച് ഓഫീസുകളിലൊന്നിലോ യഹോവയെ സേവിച്ചുകൊണ്ടിരിക്കുന്നു. അവർ എത്ര സന്തുഷ്ടമായ കൂട്ടമാണ്! അവരുടെ സാന്നിധ്യം എത്ര നവോൻമേഷദായകമാണ്! എന്തിന്, യഹോവയുടെയും യേശുവിന്റെയും ദൃഷ്ടിയിൽ അവർ “മഞ്ഞുതുള്ളികൾ പോലെതന്നെ” ആണ്.—സങ്കീർത്തനം 110:3, NW.
സ്ഥിരമായ അവിവാഹിതത്വത്തിന്റെ പ്രതിജ്ഞയില്ല
21. (എ) അവിവാഹിതത്വത്തിന്റെ ഒരു പ്രതിജ്ഞ എടുക്കാൻ പൗലോസ് പ്രോത്സാഹിപ്പിച്ചില്ലെന്നു വ്യക്തമായിരിക്കുന്നത് എങ്ങനെ? (ബി) “നവയൗവനം പിന്നിട്ടിരിക്കു”ന്നതിനെക്കുറിച്ചു സംസാരിച്ചപ്പോൾ അവൻ എന്താണു സൂചിപ്പിച്ചത്?
21 പൗലോസിന്റെ ബുദ്ധ്യുപദേശത്തിലെ ഒരു പ്രധാന ആശയം ക്രിസ്ത്യാനികൾ തങ്ങളുടെ ജീവിതത്തിൽ ഏകാകിത്വത്തിന് ഇടമുണ്ടാക്കുന്നതു “നല്ലതു” ആണ് എന്നതാണ്. (1 കൊരിന്ത്യർ 7:1, 8, 26, 37) എന്നിരുന്നാലും, അവിവാഹിതത്വത്തിന്റെ ഒരു പ്രതിജ്ഞ എടുക്കാൻ അവൻ യാതൊരു വിധത്തിലും അവരെ ക്ഷണിക്കുന്നില്ല. മറിച്ച്, അവൻ ഇങ്ങനെ എഴുതി: “ഒരുവൻ തന്റെ കന്യകാത്വത്തോട് അനുചിതമായി പെരുമാറുന്നുവെന്ന് അവൻ വിചാരിക്കുന്നുവെങ്കിൽ, അതു നവയൗവനം പിന്നിട്ടിരിക്കുന്നുവെങ്കിൽ, അതു നടക്കേണ്ടത് ഈ വിധത്തിലാണ്, അവൻ ആഗ്രഹിക്കുന്നത് അവൻ ചെയ്യട്ടെ; അവൻ പാപം ചെയ്യുന്നില്ല. അവർ വിവാഹം ചെയ്യട്ടെ.” (1 കൊരിന്ത്യർ 7:36, NW) “നവയൗവനം പിന്നിട്ടിരിക്കുന്നു” എന്നു വിവർത്തനം ചെയ്തിരിക്കുന്ന ഒരു ഗ്രീക്ക്പദത്തിന്റെ (ഹൈപ്പറാക്മോസ്) അക്ഷരീയാർഥം “അത്യുഗ്രഘട്ടത്തിനപ്പുറം” എന്നാണ്, ലൈംഗികമോഹത്തിന്റെ അത്യുഗ്ര ഇരച്ചുകയററം കഴിയുന്നതിനെ പരാമർശിക്കുകയും ചെയ്യുന്നു. അതുകൊണ്ട് ഏകാകിത്വത്തിൽ പല വർഷങ്ങൾ ചെലവഴിച്ചിട്ടുള്ളവരും കാലക്രമത്തിൽ തങ്ങൾക്കു വിവാഹം ചെയ്യണം എന്നു തോന്നുന്നവരും ഒരു സഹവിശ്വാസിയെ വിവാഹം കഴിക്കുന്നതിനു തികച്ചും സ്വതന്ത്രരാണ്.—2 കൊരിന്ത്യർ 6:14.
22. ഏതു നിലപാടിലും ഒരു ക്രിസ്ത്യാനി നന്നാ ചെറുപ്പത്തിലെ വിവാഹം ചെയ്യാതിരിക്കുന്നതു പ്രയോജനകരമായിരിക്കുന്നത് എന്തുകൊണ്ട്?
22 ഒരു യുവ ക്രിസ്ത്യാനി ശ്രദ്ധാശൈഥില്യം കൂടാതെ യഹോവയെ സേവിച്ചുകൊണ്ടു ചെലവഴിക്കുന്ന വർഷങ്ങൾ ജ്ഞാനപൂർവകമായ ഒരു മുതൽമുടക്കാണ്. ആ വർഷങ്ങൾ പ്രായോഗികജ്ഞാനവും അനുഭവപരിചയവും ഉൾക്കാഴ്ചയും നേടാൻ അവനെ അല്ലെങ്കിൽ അവളെ അനുവദിക്കുന്നു. (സദൃശവാക്യങ്ങൾ 1:3, 4) രാജ്യം നിമിത്തം ഏകാകിയായി കഴിഞ്ഞിട്ടുള്ള ഒരു വ്യക്തി, അയാൾ അങ്ങനെ തീരുമാനിക്കുന്നുവെങ്കിൽ, വിവാഹജീവിതത്തിന്റെയും ഒരുപക്ഷേ പിതൃത്വത്തിന്റെയും ഉത്തരവാദിത്വങ്ങൾ ഏറെറടുക്കാനുള്ള വളരെ മെച്ചമായ സ്ഥാനത്താണ്.
23. വിവാഹത്തെക്കുറിച്ച് ആലോചിക്കുന്ന ചിലർക്ക് എന്തു മനസ്സിലുണ്ടായിരിക്കാം, എന്നാൽ അടുത്ത ലേഖനങ്ങളിൽ ഏതു ചോദ്യങ്ങൾ പരിചിന്തിക്കപ്പെടും?
23 ഏകാകിത്വത്തിൽ യഹോവയെ മുഴു സമയം സേവിച്ചുകൊണ്ടു പല വർഷങ്ങൾ ചെലവഴിച്ചിട്ടുള്ള ചില ക്രിസ്ത്യാനികൾ മുഴുസമയസേവനത്തിന്റെ ഏതെങ്കിലും വശത്തു തുടരുന്നതിനുള്ള വീക്ഷണത്തിൽ തങ്ങളുടെ ഭാവി ഇണയെ ശ്രദ്ധാപൂർവം തിരഞ്ഞെടുക്കുന്നു. ഇതു തീർച്ചയായും അത്യന്തം ശ്ലാഘനീയമാണ്. തങ്ങളുടെ വിവാഹം തങ്ങളുടെ സേവനത്തെ യാതൊരു വിധത്തിലും തടസ്സപ്പെടുത്താൻ അനുവദിക്കരുതെന്നുള്ള ധാരണയോടെ വിവാഹിതരാകാൻ പോലും ചിലർ ഉദ്ദേശിച്ചേക്കാം. എന്നാൽ ഒരു വിവാഹിത ക്രിസ്ത്യാനി ഏകാകിയായിരുന്നപ്പോഴെന്നപോലെ യഹോവയുടെ സേവനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സ്വാതന്ത്ര്യമുണ്ടായിരിക്കണമെന്നു വിചാരിക്കണമോ? അടുത്ത ലേഖനങ്ങളിൽ ഈ ചോദ്യം പരിചിന്തിക്കപ്പെടും.
പുനരവലോകനം
◻ അപ്പോസ്തലനായ പൗലോസിനു കൊരിന്തിലെ സഭയ്ക്ക് എഴുതേണ്ട ആവശ്യം തോന്നിയത് എന്തുകൊണ്ട്?
◻ പൗലോസ് ഒരു സന്ന്യാസ ജീവിതരീതി ശുപാർശചെയ്യുകയല്ലായിരുന്നുവെന്നു നമുക്ക് അറിയാവുന്നത് എന്തുകൊണ്ട്?
◻ ഒരു വ്യക്തിക്ക് ഏകാകിത്വത്തിന് “ഇടമുണ്ടാക്കാൻ” എങ്ങനെ കഴിയും?
◻ ഏകാകികളായ സഹോദരിമാർക്കു തങ്ങളുടെ ഏകാകിത്വത്തിൽനിന്ന് എങ്ങനെ പ്രയോജനം നേടാനാവും?
◻ ഏകാകികളായ സഹോദരൻമാർക്കു യഹോവയെ “ശ്രദ്ധാശൈഥില്യം കൂടാതെ” സേവിക്കാനുള്ള തങ്ങളുടെ സ്വാതന്ത്ര്യത്തെ ഏതു വിധങ്ങളിൽ പ്രയോജനപ്പെടുത്താനാവും?