അവിവാഹിതരെങ്കിലും ദൈവസേവനത്തിൽ തികഞ്ഞവർ
“തന്റെ കന്യകാത്വത്തെ വിവാഹം കഴിപ്പിക്കുന്നവനും നന്നായി ചെയ്യുന്നു, എന്നാൽ അതിനെ വിവാഹം കഴിപ്പിക്കാത്തവർ ഏറെ നന്നായി ചെയ്യും.”—1 കൊരിന്ത്യർ 7:38.
1. വിവാഹം ഒരു അനുഗ്രഹമെന്നു തെളിഞ്ഞിരിക്കുന്നതെങ്ങനെ?
ആദ്യമനുഷ്യൻ അവിവാഹിതനായിരിക്കണമെന്ന് യഹോവ ഒരിക്കലും പ്രതീക്ഷിച്ചില്ല. പകരം, ദൈവം മനുഷ്യവർഗ്ഗത്തിന്റെ ജനയിതാവായ ആദാമിനുവേണ്ടി ഒരു വിവാഹഇണയെ സൃഷ്ടിച്ചു. (ഉല്പത്തി 2:20-24; പ്രവൃത്തികൾ 17:26) വിവാഹം എന്തോരനുഗ്രഹമെന്നു തെളിഞ്ഞു! അത് സഖിത്വം പ്രദാനം ചെയ്യുകയും പരസ്പരസഹായം സാദ്ധ്യമാക്കുകയും ചെയ്തു. അത് സന്താനങ്ങളെ ഉളവാക്കുന്നതിനുള്ള ഒരു മാന്യമായ ക്രമീകരണമായിരുന്നു. അത് മനുഷ്യസന്തുഷ്ടിക്ക് വലിയ സംഭാവന ചെയ്തു. എന്തിന്, ദരിദ്രർക്കും മർദ്ദിതർക്കും പോലും, യാതൊരു പണത്തുകക്കും വാങ്ങാൻ കഴിയാത്തത്—ദാമ്പത്യസ്നേഹം!—ആസ്വദിക്കാൻ കഴിയും.—ശലോമോന്റെ ഗീതം 8:6, 7.
2, 3. (എ) ഒരു മതപ്രസിദ്ധീകരണം ബ്രഹ്മചര്യത്തെയും വിവാഹത്തെയും കുറിച്ച് ഏതു വീക്ഷണം പുലർത്തി? (ബി) തിരുവെഴുത്തുപരമായി, വിവാഹത്തെ എങ്ങനെ വീക്ഷിക്കണം?
2 എന്നിരുന്നാലും, ചിലർ വിവാഹത്തെ ഒരു വ്യത്യസ്തവിധത്തിൽ വീക്ഷിക്കുന്നു. ഒരു മതപ്രസിദ്ധീകരണം ഇങ്ങനെ പറയുന്നു: “വിവാഹിതാവസ്ഥയിലുള്ളവർക്ക് പട്ടം കൊടുക്കുന്നതിൽനിന്നും വിശുദ്ധ പട്ടത്വത്തിലുള്ളവർക്ക് വിവാഹം ചെയ്യുന്നതിൽനിന്നും വിലക്കു കൽപ്പിച്ചുകൊണ്ട് വൈദികരുടെമേൽ ചുമത്തിയിരിക്കുന്ന പാശ്ചാത്യസഭയിലെ സഭാനിയമമാണ് ബ്രഹ്മചര്യം. അതിൽ സമ്പൂർണ്ണനിർമ്മലത കാക്കുമെന്നുള്ള പ്രതിജ്ഞ പാലിക്കുന്നതിനുള്ള കടപ്പാട് ഉൾപ്പെട്ടിരിക്കുന്നു. ഇതിനുള്ള കാരണങ്ങൾ പട്ടത്വം കിട്ടിയിട്ടുള്ളവർ ഉദ്ദേശ്യപരമായ കൂടിയ ഏകാഗ്രതയോടെ ദൈവത്തെ സേവിക്കണമെന്നും (1 കൊരിന്ത്യർ 7:32) അങ്ങനെ ഒരു സംയമ ജീവിതം നയിക്കുന്നതിനാൽ അവർ അവിവാഹിതാവസ്ഥ നിലനിർത്തണമെന്നുമുള്ളതാണ്, അത് വിവാഹത്തെക്കാൾ വിശുദ്ധവും ശ്രേഷ്ഠവുമാണ്. പുതിയനിയമത്തിൽ ബ്രഹ്മചര്യം അഥവാ അവിവാഹിതാവസ്ഥ ദാമ്പത്യത്തെക്കാൾ ഉയർന്ന ഒരു വിളിയാണ്.”—ദ കാത്തലിക്ക് എൻസൈക്ലോപ്പിഡിയാ, റോബർട്ട് സി. ബ്രോഡറിക്കിനാൽ സമാഹരിക്കപ്പെട്ടത്.
3 നിർബ്ബന്ധിത ബ്രഹ്മചര്യം ‘വിവാഹത്തെക്കാൾ വിശുദ്ധവും ശ്രേഷ്ഠവു’മായിരിക്കാൻ യഥാർത്ഥത്തിൽ സാദ്ധ്യതയുണ്ടോ? “പുതിയനിയമ”മനുസരിച്ച് ഇല്ല. കാത്തലിക്ക് യെരൂശലേം ബൈബിളിൽ അതിങ്ങനെ പറയുന്നു: “അവസാനനാളുകളിൽ വിശ്വാസം ഉപേക്ഷിക്കുന്നവരും വഞ്ചനാത്മക ആത്മാക്കളെയും ഭൂതങ്ങളിൽനിന്നു വരുന്ന ഉപദേശങ്ങളെയും ശ്രദ്ധിക്കുന്നവരുമായ ചിലർ ഉണ്ടായിരിക്കുമെന്ന് ആത്മാവു സ്പഷ്ടമായി പറഞ്ഞിട്ടുണ്ട്. ഇതിന്റെ കാരണം ചുട്ടുപഴുത്ത ഇരുമ്പുകൊണ്ടെന്നപോലെ മനഃസാക്ഷികളിൽ ചൂടുവെക്കപ്പെട്ടിരിക്കുന്ന കപടഭക്തർ പറഞ്ഞ വ്യാജങ്ങളാണ്: അവർ വിവാഹം വിലക്കപ്പെട്ടിരിക്കുന്നുവെന്നു പറയുകയും, വിശ്വസിക്കുകയും സത്യം അറിയുകയും ചെയ്യുന്നവർക്ക് നന്ദിയോടെ സ്വീകരിക്കാൻ ദൈവം സൃഷ്ടിച്ച ഭക്ഷണങ്ങൾ വർജ്ജിക്കുന്നതു സംബന്ധിച്ചു ചട്ടങ്ങൾ വെക്കുകയും ചെയ്യും.” (1 തിമൊഥെയോസ് 4:1-3) യഥാർത്ഥത്തിൽ വിവാഹം ദൈവത്തിൽനിന്നുള്ള ഒരു ദാനമാണ്, അതു നല്ലതുമാണ്.—രൂത്ത് 1:9.
4. 1 കൊരിന്ത്യർ 7:38-ന്റെ വീക്ഷണത്തിൽ ഏതു ചോദ്യങ്ങൾ ഉദിക്കുന്നു?
4 വിവാഹം ദൈവത്തിൽനിന്നുള്ള ഒരു ദാനമാണെങ്കിലും അപ്പോസ്തലനായ പൗലോസ് ഇങ്ങനെ എഴുതി: “തന്റെ കന്യകാത്വത്തെ വിവാഹം കഴിപ്പിക്കുന്നവനും നന്നായി ചെയ്യുന്നു, എന്നാൽ അതിനെ വിവാഹം കഴിപ്പിക്കാത്തവൻ ഏറെ നന്നായി ചെയ്യും.” (1 കൊരിന്ത്യർ 7:38) അവിവാഹിതരായി കഴിയുന്നത് മെച്ചമായിരിക്കുമെന്ന് പൗലോസ് സൂചിപ്പിച്ചതെന്തുകൊണ്ട്? ഒരു ഏകാകി അപൂർണ്ണനെന്നു വിചാരിക്കേണ്ടതുണ്ടോ? ഏകാകിത്വത്തിന് പ്രതിഫലദായകമായിരിക്കാൻ കഴിയുമോ?
ക്രിസ്തീയ ജീവിതത്തിന്റെ കേന്ദ്രം
5. ക്രിസ്തീയ ജീവിതത്തിന്റെ കേന്ദ്രം എന്തായിരിക്കണം?
5 നാം ഏകാകികളായിരുന്നാലും വിവാഹിതരായിരുന്നാലും യഹോവയെ സേവിക്കൽ നമ്മുടെ ക്രിസ്തീയ ജീവിതത്തിന്റെ കേന്ദ്രഘടകം തന്നെയായിരിക്കണം. ദൈവത്തിന് സന്തോഷപൂർവ്വം അർപ്പിക്കപ്പെടുന്ന വിശുദ്ധസേവനം സാർവ്വത്രികപരമാധികാരിയെന്നനിലയിൽ അവനോടു നമുക്കുള്ള സ്നേഹബന്ധത്തിനു തെളിവു നൽകുന്നു. മുഴുഹൃദയത്തോടുകൂടിയ അനുസരണവും ക്രിസ്തീയ ശുശ്രൂഷയിലെ തീക്ഷ്ണമായ പങ്കുപററലും ആ സ്നേഹബന്ധം പ്രകടിപ്പിക്കാനുള്ള മാർഗ്ഗങ്ങളാണ്. (1 യോഹന്നാൻ 5:2, 3; 1 കൊരിന്ത്യർ 9:16) ഒരു വ്യക്തി അവിവാഹിതനാണെങ്കിൽ ശുശ്രൂഷയും ദിവ്യേഷ്ടത്തിന് ചേർച്ചയായ മററ് അനുസരണപൂർവ്വകമായ പ്രവർത്തനങ്ങളും നിർവ്വഹിക്കാൻ കഴിയും.
6. നാം വിവാഹിതരായാലും അവിവാഹിതരായാലും തീക്ഷ്ണമായ സേവനം എന്തു ചെയ്യാൻ നമ്മെ പ്രാപ്തരാക്കുന്നു?
6 ഇപ്പോൾ സുവിശേഷകൻമാർ യഹോവയുടെ സ്തുതിക്കായി രാജ്യപസംഗവേല നിർവ്വഹിച്ചുകൊണ്ടിരിക്കുകയാണ്. നാം വിവാഹിതരായിരുന്നാലും, ഏകാകികളായിരുന്നാലും, ഒരു തീക്ഷ്ണമായ ശുശ്രൂഷ നമ്മുടെ വ്യക്തിപരമായ വിഭവങ്ങളിലും പ്രാപ്തികളിലും കുറെയെങ്കിലും ദൈവസേവനത്തിൽ കേന്ദ്രീകരിക്കാനുള്ള അവസരം നൽകുന്നു. എന്നാൽ ശുശ്രൂഷ ഒരിക്കലും നമ്മുടെ ജീവിതത്തിന്റെ കേന്ദ്രമല്ലാത്ത ഒരു സ്ഥാനത്തേക്ക് നീക്കപ്പെടാതിരിക്കാൻ നാം നമ്മുടെ സാഹചര്യങ്ങളെ വികസിപ്പിക്കുകയും നിയന്ത്രിക്കുകയും ചെയ്യേണ്ടതാണ്. നാം ‘ഒന്നാമതു രാജ്യം അന്വേഷിക്കണം.’ (മത്തായി 6:33) കേവലം വ്യക്തിപരമായ താൽപ്പര്യങ്ങളിൽ അല്ല ദിവ്യതാൽപ്പര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിൽ സന്തോഷമുണ്ട്.
ശുശ്രൂഷക്കുവേണ്ടി തികഞ്ഞവർ
7. ഒരു അവിവാഹിത ക്രിസ്ത്യാനിക്ക് ശുശ്രൂഷക്കുവേണ്ടി തികഞ്ഞവനായിരിക്കാൻ കഴിയുമെന്ന് പ്രകടമാക്കാൻ ഏതു ദൃഷ്ടാന്തമുണ്ട്?
7 ക്രിസ്ത്യാനികൾ, അവിവാഹിതരായിരുന്നാലും വിവാഹിതരായിരുന്നാലും ശുശ്രൂഷക്കുവേണ്ടി തികഞ്ഞവരായിരിക്കാൻ കഴിയും. തന്നിമിത്തം അവിവാഹിതാവസ്ഥ അവശ്യം മാററമാവശ്യമാക്കിത്തീർക്കാത്ത ഒരു അടിസ്ഥാനമാണ്. (1 കൊരിന്ത്യർ 7:24, 27 താരതമ്യപ്പെടുത്തുക.) ഒരു മനുഷ്യൻ വിവാഹിതനല്ലെങ്കിൽ അയാൾ പൂർണ്ണാവസ്ഥയിലെത്തുന്നില്ലെന്നുള്ള ചില ഗോത്രങ്ങളുടെ വീക്ഷണം ദൈവവചനം കൈക്കൊള്ളുന്നില്ല. യേശുക്രിസ്തു വിവാഹിതനാകാതെ മരിച്ചു. യേശുവിന് സ്വർഗ്ഗത്തിൽ ഒരു ആത്മീയ മണവാട്ടി മാത്രം ഉണ്ടായിരിക്കാനാണ് യഹോവ അധികാരപ്പെടുത്തിയിരിക്കുന്നത്. (വെളിപ്പാട് 21:2, 9) എന്നിരുന്നാലും, ഒരു മനുഷ്യനെന്നനിലയിൽ വിവാഹിതനല്ലാഞ്ഞിട്ടും, ശുശ്രൂഷക്കുവേണ്ടി തികഞ്ഞവനായ ഒരു വ്യക്തിയുടെ പ്രമുഖ ദൃഷ്ടാന്തമായിരുന്നു ദൈവപുത്രൻ.
8. പൗലോസ് പ്രകടമാക്കുന്നതുപോലെ, അവിവാഹിതരായിരിക്കുന്നത് എന്തിന് അനുവദിക്കുന്നു?
8 യഥാർത്ഥത്തിൽ, അവിവാഹിതാവസ്ഥ ശുശ്രൂഷക്ക് വർദ്ധിച്ച വ്യക്തിപരമായ സ്വാതന്ത്ര്യവും സമയവും അനുവദിക്കുന്നു. ഏകാകിത്വം ശുപാർശചെയ്തുകൊണ്ട് പൗലോസ് ഇങ്ങനെ പറഞ്ഞു: “നിങ്ങൾ ഉൽക്കണ്ഠയിൽനിന്നു വിമുക്തരായിരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അവിവാഹിതനായ മനുഷ്യൻ കർത്താവിന്റെ കാര്യങ്ങളിൽ ആകാംക്ഷയുള്ളവനാണ്, തനിക്ക് എങ്ങനെ കർത്താവിന്റെ അംഗീകാരം നേടാമെന്നുതന്നെ. . . . കൂടാതെ, അവിവാഹിതയായ സ്ത്രീയും, കന്യകയും, കർത്താവിന്റെ കാര്യങ്ങളിൽ ആകാംക്ഷയുള്ളവളാണ്.” (1 കൊരിന്ത്യർ 7:32-34) ഇത് അവിവാഹിതരായ ക്രിസ്ത്യാനികൾക്കും, ഒരിക്കൽ വിവാഹിതരായിരുന്നിട്ട് സാഹചര്യങ്ങളുടെ മാററം ഒരു അവിവാഹിതാവസ്ഥയിലേക്ക് തിരിച്ചുവിട്ടവർക്കും ബാധകമാകുന്നു.—മത്തായി 19:9; റോമർ 7:2, 3.
9. അവിവാഹിതനായിരിക്കുന്നത് ഒരു വ്യക്തിയെ ക്രിസ്തീയ ശുശ്രൂഷക്ക് തികഞ്ഞവനല്ലാതാക്കുന്നില്ലെന്ന് യേശുവിന്റെ ദൃഷ്ടാന്തം പ്രകടമാക്കുന്നതെങ്ങനെ?
9 ശാരീരികവും മാനസികവും ആത്മീയവുമായ പക്വതപ്രാപിക്കൽ ദൈവസേവനത്തിനായുള്ള തികവു കൈവരുത്തുന്നു. ദൈവത്തിന്റെ മുഖ്യ ശുശ്രൂഷകന്റെ പങ്കിനും മറുവില പ്രദാനം ചെയ്യുന്നതിനുള്ള മുഖാന്തരമായിരിക്കുന്നതിനും തികഞ്ഞവനായിരിക്കാൻ യേശുക്രിസ്തുവിന് വിവാഹ ഇണയുടെ ആവശ്യമില്ലായിരുന്നു. (മത്തായി 20:28) യേശു അവിവാഹിതനായിരുന്നതിനാൽ തന്റെ ശക്തികൾ മുഴുവൻ ശുശ്രൂഷയിൽ കേന്ദ്രീകരിക്കാൻ സ്വതന്ത്രനായിരുന്നു. അവന്റെ അവിവാഹിതാവസ്ഥ യഹൂദമാതൃകയിൽനിന്ന് തികച്ചും വ്യത്യസ്തമായിരുന്നു, അതിൻകീഴിൽ വിവാഹത്തിനും മക്കൾക്കും ഊന്നൽ കൊടുത്തിരുന്നു. എന്നിരുന്നാലും, യേശു തന്റെ ദൈവദത്ത വേല പൂർത്തീകരിക്കുന്നതിന് തികച്ചും പ്രാപ്തനായിരുന്നു. (ലൂക്കോസ് 3:23; യോഹന്നാൻ 17:3, 4) അതുകൊണ്ട്, വിവാഹം കഴിക്കാതിരിക്കുന്നത് ഒരു വ്യക്തിയെ ക്രിസ്തീയ ശുശ്രൂഷക്ക് അപൂർണ്ണനാക്കുന്നില്ല.
വിവാഹിതർ “വിഭജിത”ർ
10. “ഏകജഡ”ബന്ധം നിമിത്തം, പൗലോസ് വിവാഹിതരെ സംബന്ധിച്ച്, അവിവാഹിതരോടുള്ള താരതമ്യത്തിൽ എന്തു പറഞ്ഞു?
10 അവിവാഹിതരിൽനിന്നു വ്യത്യസ്തരായി, വിവാഹിതരായ ക്രിസ്ത്യാനികൾ തങ്ങളുടെ “ഏകജഡ”ബന്ധം അംഗീകരിച്ചുവേണം ശുശ്രൂഷയിൽ വ്യാപൃതരാകാൻ. (മത്തായി 19:5, 6) ആ ബന്ധവും അതിന്റെ വിവിധ ഉത്തരവാദിത്തങ്ങളും നിമിത്തം വിവാഹിതരായ വ്യക്തികൾ “വിഭജിത”രാണെന്ന് പൗലോസ് പറഞ്ഞു. അവൻ എഴുതി: “നിങ്ങൾ ഉൽക്കണ്ഠയിൽനിന്നു വിമുക്തരായിരിക്കണമെന്നു ഞാൻ ആഗ്രഹിക്കുന്നു. അവിവാഹിതനായ മനുഷ്യൻ കർത്താവിന്റെ കാര്യങ്ങളിൽ ആകാംക്ഷാഭരിതനാണ്, തനിക്ക് എങ്ങനെ കർത്താവിന്റെ അംഗീകാരം നേടാമെന്നുതന്നെ. എന്നാൽ വിവാഹിതനായ മനുഷ്യൻ എങ്ങനെ തന്റെ ഭാര്യയുടെ അംഗീകാരം നേടാമെന്നു വച്ച് ലോകത്തിലെ കാര്യങ്ങളിൽ ആകാംക്ഷാഭരിതനാണ്, അയാൾ വിഭജിതനാണ്. കൂടാതെ, അവിവാഹിത സ്ത്രീയും, കന്യകയും, തന്റെ ശരീരത്തിലും തന്റെ ആത്മാവിലും വിശുദ്ധയായിരിക്കേണ്ടതിന് കർത്താവിന്റെ കാര്യങ്ങളിൽ ആകാംക്ഷാഭരിതയാണ്. എന്നിരുന്നാലും, വിവാഹിതയായ സ്ത്രീ എങ്ങനെ തന്റെ ഭർത്താവിന്റെ അംഗീകാരം നേടാമെന്നുവച്ച് ലോകത്തിലെ കാര്യങ്ങളിൽ ആകാംക്ഷയുള്ളവളാണ്. എന്നാൽ നിങ്ങളുടെമേൽ ഒരു കുരുക്കിടാൻ വേണ്ടിയല്ല, പിന്നെയോ യോഗ്യമായതിലേക്കും, ശ്രദ്ധാശൈഥില്യം കൂടാതെ കർത്താവിനെ നിരന്തരം ശുശ്രൂഷിക്കുന്നതിനെ അർത്ഥമാക്കുന്നതിലേക്കും നിങ്ങളെ പ്രേരിപ്പിക്കാൻ നിങ്ങളുടെ വ്യക്തിപരമായ പ്രയോജനത്തിനു വേണ്ടിയാണ് ഞാൻ ഇതു പറയുന്നത്.”—1 കൊരിന്ത്യർ 7:32-35.
11. പൗലോസ് 1 കൊരിന്ത്യർ 7:32-35-ൽ എന്തു പ്രകടമാക്കുകയായിരുന്നു?
11 കൂടുതൽ ശല്യരഹിതമായ ഒരു ജീവിതത്തിന് പൗലോസ് അവിവാഹിതാവസ്ഥയെ ശുപാർശ ചെയ്തുവെന്നു വ്യക്തമാണ്. അവൻതന്നെ പുനർവിവാഹം ചെയ്യാൻ ഇഷ്ടപ്പെടാഞ്ഞ ഒരു വിഭാര്യനായിരുന്നിരിക്കണം. (1 കൊരിന്ത്യർ 9:5) എങ്ങനെയായാലും, ഈ ലോകത്തിലെ ദാമ്പത്യജീവിതത്തോട് ബന്ധപ്പെട്ട ഉൽക്കണ്ഠകളുണ്ടെന്ന് അവന് അറിയാമായിരുന്നു. അവൻ അവിവാഹിതരായ ക്രിസ്ത്യാനികൾക്ക് ആസ്വദിക്കാൻ കഴിയുന്ന താരതമ്യേനയുള്ള സ്വാതന്ത്ര്യം എടുത്തു കാട്ടുകയായിരുന്നു; വിവാഹിതരായ വിശ്വാസികളുടെ താൽപ്പര്യങ്ങൾ ജഡികവും ആത്മീയവുമായ കാര്യങ്ങളിൽ വിഭജിതമായിരിക്കുന്നുവെന്നും അവൻ പ്രകടമാക്കി. വിവാഹിത വ്യക്തി തന്റെ ശരീരത്തിൻമേൽ പൂർണ്ണാധികാരം പ്രയോഗിക്കുന്നില്ല, എന്തെന്നാൽ അവന്റെ ഇണ അവനുമായി ഏകജഡമാണ്, തന്നിമിത്തം അവന്റെ ശരീരത്തിൻമേൽ ഇണക്ക് ഒരു അവകാശമുണ്ട്. (1 കൊരിന്ത്യർ 7:3-5) ഇതിന്റെ വീക്ഷണത്തിൽ അവിവാഹിത ക്രിസ്ത്യാനിക്ക് ശരീരത്തിലും ആത്മാവിലും വിശുദ്ധനായിരിക്കാൻ, അതായത്, യഹോവയാം ദൈവത്തിന്റെ നേരിട്ടുള്ള ഉപയോഗത്തിന് പൂർണ്ണമായും വേർതിരിക്കപ്പെട്ടവൻ, നീക്കിവെക്കപ്പെട്ടവൻ, ആയിരിക്കാൻ കഴിയും.
12. ഒരു ഇണയില്ലാത്തതുകൊണ്ട് ഒരു അവിവാഹിതനായ വ്യക്തിക്ക് എന്തു ചെയ്യാൻ കഴിയും?
12 അവിവാഹിത ക്രിസ്ത്യാനിയുടെ ആത്മാവ് അഥവാ മാനസിക ചായ്വ് ശല്യം കൂടാതെയുള്ള സജീവ ദൈവരാജ്യസേവനത്തിന് അയാളെ പ്രേരിപ്പിക്കുന്നു. തന്റെ ശരീരത്തിന്റെ ഭാഗിക നിയന്ത്രണം ആവശ്യപ്പെടുന്ന ഇണ ഇല്ലാത്തതിനാൽ അയാൾക്ക് തന്റെ മനസ്സിന്റെയും ഹൃദയത്തിന്റെയും ആത്മാവ്, അഥവാ ചായ്വ് അനുസരിക്കാൻ കഴിയും. മനസ്സിന്റെയും ശരീരത്തിന്റെയും കേന്ദ്രീകരണത്തോടെ അയാൾക്ക് യഹോവയുടെ സേവനത്തിൽ പ്രത്യേകവൽക്കരിക്കാൻ കഴിയും. തന്നിമിത്തം അവിവാഹിത പുരുഷനോ സ്ത്രീക്കോ ഏററവും വലിയ വ്യക്തിപരമായ സ്വാതന്ത്ര്യത്തോടെ കർത്താവിനെ മാത്രം പ്രസാദിപ്പിക്കുന്നതിന് പരമാവധി ശ്രമിക്കാൻ കഴിയും. പൗലോസ് പറഞ്ഞതിനോട് നമുക്ക് ഉചിതമായി വിയോജിക്കാൻ കഴികയില്ല, എന്തെന്നാൽ നമ്മുടെ പ്രബോധനത്തിനുവേണ്ടി അത് രേഖപ്പെടുത്തിയിരിക്കുന്നത് ഉചിതമെന്ന് യഹോവ കണ്ടു.
ഒരു വിവാഹിത വ്യക്തി സമ്പൂർണ്ണനല്ലേ?
13, 14. ഏതു തെററായ ഗതി “ഏകജഡ”ബന്ധത്തെ നിസ്സാരീകരിക്കുകയും ഒരു വിവാഹിത വ്യക്തിയെ ക്രിസ്തീയ ശുശ്രൂഷക്ക് തികഞ്ഞവനല്ലാതാക്കുകയും ചെയ്യും?
13 വിവാഹിതരായ ചില ക്രിസ്ത്യാനികൾ, തങ്ങൾക്ക് ദൈവസേവനത്തിൽ കൂടുതൽ ചെയ്യാൻ കഴിയുമെന്നുള്ള തെററായ ആശയത്താൽ തങ്ങളുടെ വിവാഹജീവിതത്തെ ഒരു അപ്രധാനസ്ഥാനത്തേക്ക് തള്ളിനീക്കിയേക്കാം. ഉദാഹരണത്തിന്, ഭാര്യ ഗൗരവമുള്ള വിധങ്ങളിൽ ഭർത്താവിൽനിന്ന് സ്വതന്ത്രയായി പ്രവർത്തിച്ചു തുടങ്ങിയേക്കാം. ഭർത്താവ് സഭാപ്രവർത്തനങ്ങളിൽ മുഴുകിയേക്കാം. അങ്ങനെയുള്ള സാഹചര്യങ്ങളിൽ അവർ യഹോവയുടെ സേവനത്തിൽ വളരെ നന്നായി പ്രവർത്തിക്കുകയാണെന്ന് അവർ നിഗമനം ചെയ്തേക്കാം. യഥാർത്ഥത്തിൽ, അവർ “ഏകജഡ”ബന്ധത്തെ നിസ്സാരീകരിക്കുന്ന ഒരു ഗതി സ്വീകരിക്കുകയായിരിക്കാം. അങ്ങനെയാണെങ്കിൽ അത് യഹോവക്കു പ്രസാദകരമല്ല.
14 യഥാർത്ഥത്തിൽ, “ഏകജഡ”ബന്ധത്തെ നിസ്സാരീകരിക്കുന്നത് ഒരു വിവാഹിത വ്യക്തിയെ ക്രിസ്തീയ ശുശ്രൂഷക്ക് തികഞ്ഞയാളല്ലാതാക്കും. വിവാഹം ശുശ്രൂഷാപരമായ തികവു വർദ്ധിപ്പിക്കുന്നില്ല, എന്നാൽ ശുശ്രൂഷക്ക് കൊടുക്കാൻ കഴിയുന്ന വ്യക്തിപരമായ ശ്രദ്ധയെ കുറയ്ക്കുകയാണു ചെയ്യുന്നത്. (ലൂക്കോസ് 14:16, 17, 20 താരതമ്യപ്പെടുത്തുക.) എന്നിരുന്നാലും, വിവാഹിതരായിരിക്കുന്നവർ ദൈവത്തെ പ്രസാദിപ്പിക്കുകയും അവന്റെ ശുശ്രൂഷകരെന്നനിലയിൽ തികഞ്ഞവരായിരിക്കുകയും ചെയ്യണമെങ്കിൽ അവർ തങ്ങളുടെ ദാമ്പത്യ കടപ്പാടുകൾക്കനുയോജ്യമായി ജീവിക്കേണ്ടതാണ്.
രാജ്യത്തിനുവേണ്ടി അവിവാഹിതർ
15. (എ) അവിവാഹിത ക്രിസ്ത്യാനികൾ ഏതു ഗുണം നട്ടുവളർത്തണം? (ബി) 1 കൊരിന്ത്യർ 7:36, 37-ൽ പൗലോസ് വിവാഹത്തെയും ഏകാകിത്വത്തെയും കുറിച്ച് ഏത് അടിസ്ഥാന ആശയം വ്യക്തമാക്കി?
15 യഹോവയുടെ വിവാഹിത ദാസൻമാർ തങ്ങളുടെ വൈവാഹിക കടപ്പാടുകൾക്കനുയോജ്യമായി ജീവിക്കണമെന്നിരിക്കെ, അവിവാഹിതരായ ക്രിസ്ത്യാനികൾ അവിവാഹിത തികവിൽ സംതൃപ്തി നട്ടുവളർത്തേണ്ടതാണ്. പൗലോസ് പറഞ്ഞപ്രകാരം: “ഇപ്പോൾ അവിവാഹിതരും വിധവമാരും എന്നെപ്പോലെ [അവിവാഹിതരായി] സ്ഥിതിചെയ്യുന്നത് നന്നാണെന്ന് ഞാൻ അവരോടു പറയുന്നു. നീ ഒരു ഭാര്യയോടു ബന്ധിക്കപ്പെട്ടിരിക്കുന്നുവോ? ഒരു വിമോചനം തേടുന്നതു നിർത്തുക. നീ ഒരു ഭാര്യയിൽനിന്ന് സ്വതന്ത്രനാണോ? ഒരു ഭാര്യയെ തേടുന്നതു നിർത്തുക.” (1 കൊരിന്ത്യർ 7:8, 27) ഒരു അവിവാഹിത വ്യക്തിയെന്നനിലയിൽ, യഹോവയുടെ സഹായത്തോടെ, ദൈവം സാദ്ധ്യമാക്കുന്ന ഉറച്ച അവസ്ഥ നട്ടുവളർത്തുക. അവസ്ഥയുടെ ഏതെങ്കിലും മാററം നേരത്തെ നിശ്ചയിച്ച ഒരു തീരുമാനമോ ഒരു ആചാരമോ സമപ്രായക്കാരുടെ സമ്മർദ്ദത്തോടുള്ള പ്രതികരണമോ ആയിരിക്കരുത്. എന്നാൽ അത് തിരുവെഴുത്തുപരമായ ആവശ്യത്തിൽ നിന്ന് ആവിർഭവിക്കണം, എന്തെന്നാൽ പൗലോസ് പറഞ്ഞു: “ആരെങ്കിലും, തന്റെ നവയൗവനം പിന്നിട്ടിരിക്കുന്നുവെങ്കിൽ, തന്റെ അവിവാഹിതാവസ്ഥയോട് അനുചിതമായി പെരുമാറുന്നുവെന്ന് വിചാരിക്കുന്നുവെങ്കിൽ, അത് നടക്കേണ്ടത് ഈ വിധത്തിലാണ്, അയാൾ ആഗ്രഹിക്കുന്നതു ചെയ്യട്ടെ; അയാൾ പാപം ചെയ്യുന്നില്ല. അവർ വിവാഹം കഴിക്കട്ടെ. എന്നാൽ ഒരുവൻ നിർബ്ബന്ധമില്ലാതെ, തന്റെ ഹൃദയത്തിൽ ഉറച്ചുനിൽക്കുന്നുവെങ്കിൽ, തന്റെ സ്വന്തം അവിവാഹിതാവസ്ഥയെ നിലനിർത്താൻ സ്വന്തം ഇഷ്ടത്തിൻമേൽ അധികാരത്തോടെ തന്റെ സ്വന്തം ഹൃദയത്തിൽ ഈ തീരുമാനം ചെയ്തിരിക്കുന്നുവെങ്കിൽ അയാൾ നന്നായി ചെയ്യും.”—1 കൊരിന്ത്യർ 7:36, 37.
16. “നവയൗവനം പിന്നിടുക”യെന്നാൽ അർത്ഥമെന്ത്? (ബി) വിവാഹം ചെയ്യാതെ സ്ഥിതിചെയ്യുന്ന ക്രിസ്ത്യാനിക്ക് എന്തിനെക്കുറിച്ചു ബോദ്ധ്യമുണ്ടായിരിക്കണം?
16 അങ്ങനെ, അപ്പോസ്തലൻ നിസ്സംശയമായി ഗുരുതരമായ പാപത്തെ പരാമർശിക്കുകയല്ലായിരുന്നെങ്കിലും, ഒരു വ്യക്തി തന്റെ കന്യാത്വത്തോട് ഏതെങ്കിലും അനുചിതമായ വിധത്തിൽ പെരുമാറുകയായിരുന്നെങ്കിൽ, വിവാഹം ചെയ്യുന്നത് തെററായിരിക്കുകയില്ലെന്ന് പൗലോസ് പ്രകടമാക്കി. അവൻ നേരത്തെ പറഞ്ഞതുപോലെ, “വികാരത്താൽ ജ്വലിക്കുന്നതിനെക്കാൾ നല്ലതാണ് വിവാഹം ചെയ്യുന്നത്.” (1 കൊരിന്ത്യർ 7:9) തീർച്ചയായും, ഒരു വ്യക്തി ലൈംഗിക താൽപ്പര്യം ആദ്യം ശക്തമായിത്തീർന്ന സമയത്തിനുമപ്പുറം “നവയൗവനം പിന്നിട്ടിരി”ക്കുന്നുവെങ്കിൽ, ആ സാഹചര്യങ്ങളിലെ വിവാഹത്തെയാണ് അവൻ പരാമർശിച്ചത്. ഒരു പക്വതയുള്ള വ്യക്തിക്ക് “സ്വന്തം ഇഷ്ടത്തിൻമേൽ അധികാര”മുണ്ടായിരിക്കുകയും അവിവാഹിതാവസ്ഥക്ക് ഇടമുണ്ടാക്കാൻ തന്റെ ഹൃദയത്തിൽ ദൃഢമായി തീരുമാനിച്ചിരിക്കുകയുമാണെങ്കിൽ അയാൾ നല്ലതു ചെയ്യുന്നു. വിജയപ്രദമായ അവിവാഹിതാവസ്ഥ വിവാഹത്തിനും കുടുംബജീവിതത്തിനും വേണ്ടിയുള്ള ഒരു ക്ലേശകരമായ, മിക്കവാറും അപ്രതിരോധ്യമായ, ആഗ്രഹത്തെ അടിച്ചമർത്തുന്നതിനെ അർത്ഥമാക്കുന്നില്ല. പകരം വിവാഹം കഴിക്കാതെ കഴിയാനാഗ്രഹിക്കുന്ന ക്രിസ്ത്യാനിക്ക് തന്റെ കാര്യത്തിൽ ഏകാകിത്വം ശരിയാണെന്ന് ഹൃദയത്തിൽ പൂർണ്ണബോദ്ധ്യമുണ്ടായിരിക്കണം. നിർമ്മലതയോടെ ആ അവസ്ഥ നിലനിർത്താൻ ആവശ്യമായ ഏതു ശ്രമവും ചെയ്യാൻ മനസ്സുമുണ്ടായിരിക്കണം. അങ്ങനെ ചെയ്യുന്ന ക്രിസ്ത്യാനിക്ക് കുറഞ്ഞ ശല്യങ്ങളേ ഉണ്ടായിരിക്കയുള്ളു, കർത്താവിനെ സേവിക്കാൻ ഏറിയ സ്വാതന്ത്ര്യം ഉണ്ടായിരിക്കുകയും ചെയ്യും.
17. യേശു പറയുന്നതനുസരിച്ചു, ചിലർ അവിവാഹിതരായി സ്ഥിതിചെയ്യുന്നതെന്തുകൊണ്ട്?
17 അവിവാഹിതരായ ക്രിസ്ത്യാനികൾ യേശുക്രിസ്തുവിന്റെ മനസ്സു നട്ടുവളർത്തുന്നുവെങ്കിൽ അവിവാഹിതാവസ്ഥ നിലനിർത്താൻ അവർ സഹായിക്കപ്പെടും. വിവാഹത്തിന് ഊന്നൽ കൊടുത്തിരുന്ന ഒരു സംസ്ക്കാരത്തിൽ അവൻ അവിവാഹിതനായിരുന്നെങ്കിലും അവൻ തന്റെ സമയവും വരങ്ങളും തന്റെ ആവർത്തിക്കാവതല്ലാത്ത ശുശ്രൂഷയിൽ കേന്ദ്രീകരിച്ചു. യേശുവിനെപ്പോലെ, ഒരു അവിവാഹിത ക്രിസ്ത്യാനിക്ക് ഏകാകിത്വമാകുന്ന വരത്തിൽ സന്തോഷിക്കാൻ കഴിയും, ആ വരം അതിന് ഇടമുണ്ടാക്കുന്നവർക്ക് ദൈവം നൽകുന്നതാണ്. ഇതിനെ സംബന്ധിച്ച് യേശു പറഞ്ഞു: “എല്ലാ മനുഷ്യരും ഈ വചനത്തിന് ഇടമുണ്ടാക്കുന്നില്ല, എന്നാൽ വരമുള്ളവർ മാത്രം. എന്തെന്നാൽ അമ്മയുടെ ഗർഭാശയം മുതൽ ഷണ്ഡൻമാരായി ജനിച്ച ഷണ്ഡൻമാർ ഉണ്ട്, മനുഷ്യരാൽ ഷണ്ഡൻമാരാക്കപ്പെട്ട ഷണ്ഡൻമാരുമുണ്ട്, സ്വർഗ്ഗരാജ്യം നിമിത്തം തങ്ങളേത്തന്നെ ഷണ്ഡൻമാരാക്കിയ ഷണ്ഡൻമാരുണ്ട്. അതിന് ഇടമുണ്ടാക്കാൻ കഴിയുന്നവർ അതിന് ഇടമുണ്ടാക്കട്ടെ.”—മത്തായി 19:11, 12.
18. രാജ്യത്തിനുവേണ്ടി “ഷണ്ഡൻമാരാ”യിരിക്കുന്നവരെ വിവാഹിതരാകുന്നതിൽ നിന്നു തടയുന്നതെന്ത്?
18 ഒരു അവിവാഹിത വ്യക്തി വിവാഹിത വ്യക്തിയെക്കാൾ ശ്രേഷ്ഠനാണെന്ന് യേശു പറഞ്ഞില്ല. ഒരു സ്വതന്ത്രജീവിതത്തിനുവേണ്ടി മാത്രം അവൻ ഏകാകിത്വത്തിന് പ്രോത്സാഹിപ്പിച്ചില്ല. അവിവാഹിത വ്യക്തിക്ക് വിപരീത ലിംഗവർഗ്ഗത്തിൽപെട്ട പലരിലേക്ക് തന്റെ ശ്രദ്ധകൾ വ്യാപിപ്പിക്കാൻ കഴിയേണ്ടതിനും അവൻ അതിനെ ശുപാർശ ചെയ്തില്ലെന്നു തീർച്ച. ഇല്ല, എന്നാൽ രാജ്യത്തെ പ്രതി തങ്ങളേത്തന്നെ “ഷണ്ഡൻമാ”രാക്കുന്നവർ, തങ്ങളുടെ ഹൃദയത്തിൽ ഇതിന് ഇടമുണ്ടാക്കുന്ന ധാർമ്മികമായി നേരുള്ള ആളുകളാണ്. വിവാഹിതരാകുന്നതിൽനിന്ന് അവരെ തടയുന്നതെന്താണ്? ഏതെങ്കിലും ശാരീരിക വൈകല്യമല്ല, പിന്നെയോ ദൈവസേവനത്തിൽ തങ്ങളാലാവോളം പൂർണ്ണമായി ഏർപ്പെടുന്നതിനുള്ള ഒരു അദമ്യമായ ആഗ്രഹമാണ്. രാജ്യം 1914-ൽ സ്വർഗ്ഗത്തിൽ സ്ഥാപിക്കപ്പെട്ടതുകൊണ്ടും, നാശത്തിനു വിധിക്കപ്പെട്ട ഈ വ്യവസ്ഥിതിയുടെ സത്വരം സമീപിച്ചുവരുന്ന അവസാനത്തിനുമുമ്പ് “രാജ്യത്തിന്റെ ഈ സുവാർത്ത” ഒരു സാക്ഷ്യത്തിനായി ഭൂവ്യാപകമായി പ്രസംഗിക്കപ്പെടേണ്ടതുള്ളതുകൊണ്ടും ഈ സേവനം ഇപ്പോൾ വിശേഷാൽ പ്രധാനമാണ്.—മത്തായി 24:14.
അവിവാഹിതരായ ക്രിസ്ത്യാനികളെ അഭിനന്ദിക്കുക
19. രാജ്യത്തിനുവേണ്ടി അവിവാഹിതരായി സ്ഥിതിചെയ്യുന്നവരുടെ കാര്യത്തിൽ എല്ലാ ക്രിസ്ത്യാനികളും എന്തു ചെയ്യണം?
19 രാജ്യത്തിനുവേണ്ടി അവിവാഹിതരായി സ്ഥിതിചെയ്യുന്നവരെ എല്ലാ ക്രിസ്ത്യാനികളും അഭിനന്ദിക്കുകയും പ്രോത്സാഹിപ്പിക്കുകയും വേണം. ഏതായാലും, അവിവാഹിതരായിരിക്കുന്നത് “ശ്രദ്ധാശൈഥില്യം കൂടാതെ കർത്താവിനെ നിരന്തരം ശുശ്രൂഷിക്കുന്നതിനെ അർത്ഥമാക്കുന്നു.” (1 കൊരിന്ത്യർ 7:35) അവിവാഹിതാവസ്ഥയെ സംബന്ധിച്ചും യഹോവയുടെ സേവനം സംബന്ധിച്ച് അതിനുള്ള പ്രയോജനങ്ങളെക്കുറിച്ചും ബൈബിൾ പറയുന്നത് മാതാപിതാക്കൾ തങ്ങളുടെ മക്കളെ പഠിപ്പിക്കുന്നതു കൊള്ളാം. നമുക്കെല്ലാം അവിവാഹിതരായ സഹവിശ്വാസികളെ പ്രോത്സാഹിപ്പിക്കാൻ കഴിയും, രാജ്യത്തിനുവേണ്ടി അവിവാഹിതരായി നിലകൊള്ളാനുള്ള അവരുടെ തീരുമാനത്തെ നാം ഒരിക്കലും ദുർബ്ബലപ്പെടുത്തരുത്.
20. നിങ്ങൾ വിവാഹം കഴിക്കാത്ത ഒരു ക്രിസ്ത്യാനിയാണെങ്കിൽ നിങ്ങൾ എന്തു ചെയ്യണം?
20 അവിവാഹിതരായ ക്രിസ്ത്യാനികൾക്ക് ദൈവത്തിന്റെ തികവുള്ള ശുശ്രൂഷകരെന്ന നിലയിൽ സന്തോഷിക്കാൻ കഴിയും. ഈ പരമോച്ച കാലങ്ങളിൽ രാജ്യപ്രസംഗമാകുന്ന അടിയന്തിര വേലയിൽ പങ്കെടുക്കുന്നതിൽ അവർ സന്തോഷിക്കുന്നു. അതുകൊണ്ട് നിങ്ങൾ ഏകാകിയെങ്കിൽ, തികവുള്ള ഒരു അവിവാഹിത ക്രിസ്തീയ ശുശ്രൂഷകനെന്ന നിലയിൽ യഹോവയാൽ ഉപയോഗിക്കപ്പെടുന്നതിൽ സന്തോഷിക്കുക. ‘ജീവന്റെ വചനത്തിൻമേൽ ദൃഢമായ ഒരു പിടി നിലനിർത്തിക്കൊണ്ട് ലോകത്തിൽ ഒരു ജ്യോതിസ്സായി ശോഭിക്കവേ, ഭയത്തോടും വിറയലോടുംകൂടെ നിങ്ങളുടെ രക്ഷക്കായി പ്രവർത്തിക്കുക.’ (ഫിലിപ്യർ 2:12-16) യഹോവയുടെ സാക്ഷികളുടെ സാർവ്വദേശീയ സഹോദരവർഗ്ഗത്തോടുകൂടെ നിങ്ങൾ ഒററക്കെട്ടായി നിലകൊള്ളുമ്പോൾ രാജ്യതാൽപ്പര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ക്രിസ്തീയ ശുശ്രൂഷ നിറവേററുകയും ചെയ്യുക. നാം കാണാൻ പോകുന്നതുപോലെ ഒരു അവിവാഹിത വ്യക്തിയെന്ന നിലയിൽ അങ്ങനെ ചെയ്യുന്നത് പ്രതിഫലദായകമായ ഒരു ജീവിതരീതിയാണ്. (w87 11/15)
നിങ്ങളുടെ ഉത്തരങ്ങൾ എന്താണ്?
◻ ക്രിസ്തീയ ജീവിതത്തിന്റെ കേന്ദ്രം എന്തായിരിക്കണം?
◻ യഹോവയുടെ അവിവാഹിത ദാസർക്ക് ക്രിസ്തീയ ശുശ്രൂഷക്കുവേണ്ടി തികഞ്ഞവരായിരിക്കാൻ കഴിയുന്നതെന്തുകൊണ്ട്?
◻ ഒരു വിവാഹിത വ്യക്തിക്ക് ഏതു വിധത്തിൽ തികവില്ലാത്തവനായിരിക്കാൻ കഴിയും?
◻ രാജ്യത്തിനുവേണ്ടി ഒരു “ഷണ്ഡൻ” ആയിരിക്കുകയെന്നാൽ അർത്ഥമെന്ത്?
◻ നാം അവിവാഹിതരായ ക്രിസ്ത്യാനികളെ പ്രോത്സാഹിപ്പിക്കേണ്ടതെന്തുകൊണ്ട്?
[10-ാം പേജിലെ ചിത്രം]
അവിവാഹിതനായിരുന്നെങ്കിലും അപ്പോസ്തലനായ പൗലോസ് തികഞ്ഞവനായിരുന്നു
[12-ാം പേജിലെ ചിത്രം]
ശുശ്രൂഷക്ക് തികഞ്ഞവനായ ഒരു വ്യക്തിയുടെ പ്രമുഖ ദൃഷ്ടാന്തമായിരുന്നു യേശു
[15-ാം പേജിലെ ചിത്രം]
രാജ്യത്തിനുവേണ്ടി അവിവാഹിതരായി സ്ഥിതിചെയ്യുന്നവരെ നിങ്ങൾ അഭിനന്ദിക്കുന്നുവോ?