സ്നേഹത്താൽ കെട്ടുപണി ചെയ്യപ്പെടുക
“നിന്റെ ദൈവമായ കർത്താവിനെ [“യഹോവയെ,” NW] നീ പൂർണ്ണഹൃദയത്തോടും പൂർണ്ണാത്മാവോടും പൂർണ്ണമനസ്സോടുംകൂടെ സ്നേഹിക്കേണം.”—മത്തായി 22:37.
1. (എ) ഒരു ക്രിസ്ത്യാനി നട്ടുവളർത്തുന്ന ചില ഗുണങ്ങൾ അല്ലെങ്കിൽ പ്രാപ്തികൾ ഏവ? (ബി) ഏറ്റവും പ്രധാനപ്പെട്ട ക്രിസ്തീയ ഗുണം ഏത്, എന്തുകൊണ്ട്?
ഫലപ്രദനായ ഒരു ശുശ്രൂഷകൻ ആയിരിക്കാൻ ഒരു ക്രിസ്ത്യാനി നിരവധി ഗുണങ്ങൾ അല്ലെങ്കിൽ പ്രാപ്തികൾ നട്ടുവളർത്തുന്നു. സദൃശവാക്യങ്ങളുടെ പുസ്തകം അറിവിന്റെയും ഗ്രാഹ്യത്തിന്റെയും ജ്ഞാനത്തിന്റെയും മൂല്യം എടുത്തുകാട്ടുന്നു. (സദൃശവാക്യങ്ങൾ 2:1-10) പൗലൊസ് അപ്പൊസ്തലൻ ഉറച്ച വിശ്വാസത്തിന്റെയും ശക്തമായ പ്രത്യാശയുടെയും ആവശ്യം ചർച്ചചെയ്തു. (റോമർ 1:16, 17; കൊലൊസ്സ്യർ 1:3; എബ്രായർ 10:39) അതുപോലെ, സഹിഷ്ണുതയും ആത്മനിയന്ത്രണവും മർമപ്രധാനമാണ്. (പ്രവൃത്തികൾ 24:25; എബ്രായർ 10:36) എന്നിരുന്നാലും, ഒരു പ്രത്യേക ഗുണം ഇല്ലെങ്കിൽ ഇവയെല്ലാം നിഷ്പ്രഭമോ പ്രയോജനരഹിതം പോലുമോ ആയേക്കാം. ആ ഗുണമാണ് സ്നേഹം.—1 കൊരിന്ത്യർ 13:1-3, 13.
2. യേശു സ്നേഹത്തിന്റെ പ്രാധാന്യം പ്രകടമാക്കിയത് എങ്ങനെ, ഇത് ഏതു ചോദ്യങ്ങൾ ഉയർത്തുന്നു?
2 പിൻവരുന്ന പ്രകാരം പറഞ്ഞപ്പോൾ യേശു സ്നേഹത്തിന്റെ പ്രാധാന്യം പ്രകടമാക്കി: “നിങ്ങൾക്കു തമ്മിൽ തമ്മിൽ സ്നേഹം ഉണ്ടെങ്കിൽ നിങ്ങൾ എന്റെ ശിഷ്യന്മാർ എന്നു എല്ലാവരും അറിയും.” (യോഹന്നാൻ 13:35) സ്നേഹം ഒരു സത്യക്രിസ്ത്യാനിയെ തിരിച്ചറിയിക്കുന്ന അടയാളമായതിനാൽ, നാം പിൻവരുന്നതുപോലുള്ള ചോദ്യങ്ങൾ ചോദിക്കേണ്ടതാണ്: എന്താണ് സ്നേഹം? മറ്റെല്ലാറ്റിലും ഉപരിയായി തന്റെ ശിഷ്യന്മാരെ തിരിച്ചറിയിക്കുന്നതു സ്നേഹമാണെന്ന് യേശു പറയാൻ തക്കവിധം അതു വളരെ പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്? നമുക്ക് എങ്ങനെ സ്നേഹം നട്ടുവളർത്താനാകും? നമ്മുടെ സ്നേഹം ആരോടായിരിക്കണം? നമുക്ക് ഈ ചോദ്യങ്ങൾ പരിചിന്തിക്കാം.
എന്താണ് സ്നേഹം?
3. സ്നേഹത്തെ എങ്ങനെ വർണിക്കാനാകും, അതിൽ മനസ്സും ഹൃദയവും ഉൾപ്പെട്ടിരിക്കുന്നത് എങ്ങനെ?
3 ‘ഊഷ്മളമായ വ്യക്തിഗത അടുപ്പത്തിന്റെ അല്ലെങ്കിൽ ആഴമായ പ്രിയത്തിന്റെ ഒരു വികാരം, മറ്റൊരാളോടുള്ള ഊഷ്മളമായ പ്രീതി അല്ലെങ്കിൽ ഇഷ്ടം’ എന്നാണ് സ്നേഹത്തിന്റെ ഒരു നിർവചനം. ചിലപ്പോൾ വ്യക്തിപരമായി വലിയ ത്യാഗങ്ങൾ ചെയ്തുകൊണ്ടുപോലും മറ്റുള്ളവരുടെ നന്മയ്ക്കായി പ്രവർത്തിക്കാൻ ആളുകളെ പ്രേരിപ്പിക്കുന്ന ഒരു ഗുണമാണിത്. ബൈബിളിൽ വർണിച്ചിരിക്കുന്ന സ്നേഹത്തിൽ മനസ്സും ഹൃദയവും ഉൾപ്പെട്ടിരിക്കുന്നു. തനിക്കും താൻ സ്നേഹിക്കുന്ന മറ്റു മനുഷ്യർക്കും ദൗർബല്യങ്ങളും അതേസമയം ആകർഷകമായ ഗുണങ്ങളും ഉണ്ടെന്നുള്ള തിരിച്ചറിവോടെയാണ് ഒരു വ്യക്തി സ്നേഹിക്കുന്നത്. അതുകൊണ്ട് സ്നേഹത്തിൽ മനസ്സിന് അഥവാ ബുദ്ധിക്ക് ഒരു സ്ഥാനമുണ്ട്. ചില അവസരങ്ങളിൽ തന്റെ സ്വാഭാവിക ചായ്വിനു വിരുദ്ധമായി പോലും ഒരു ക്രിസ്ത്യാനി മറ്റുള്ളവരെ സ്നേഹിക്കുന്നത് താൻ അപ്രകാരം ചെയ്യണമെന്നുള്ളത് ദൈവത്തിന്റെ ആഗ്രഹമാണെന്ന് ബൈബിൾ വായനയിൽനിന്ന് അയാൾ മനസ്സിലാക്കുന്നതുകൊണ്ടാണ്. ആ അർഥത്തിലും സ്നേഹത്തിൽ ബുദ്ധി ഉൾപ്പെട്ടിരിക്കുന്നു. (മത്തായി 5:44; 1 കൊരിന്ത്യർ 16:14) എന്നിരുന്നാലും, അടിസ്ഥാനപരമായി സ്നേഹം ഹൃദയത്തിൽനിന്നാണു വരുന്നത്. ബൈബിളിൽ വെളിപ്പെടുത്തിയിരിക്കുന്ന യഥാർഥ സ്നേഹം ഒരിക്കലും ബുദ്ധിപരമായ ഒരു സംഗതി മാത്രമല്ല. ആഴമായ ആത്മാർഥതയും തികഞ്ഞ വൈകാരിക പ്രതിബദ്ധതയും അതിൽ അന്തർലീനമായിരിക്കുന്നു.—1 പത്രൊസ് 1:22.
4. സ്നേഹം ശക്തമായ ഒരു ബന്ധമായിരിക്കുന്നത് ഏതു വിധത്തിൽ?
4 സ്നേഹമുള്ള വ്യക്തി സ്വന്തം താത്പര്യങ്ങളെക്കാൾ മറ്റുള്ളവരുടെ താത്പര്യങ്ങൾക്ക് മുൻഗണന നൽകാൻ ഒരുക്കമായിരിക്കും. അതുകൊണ്ട് ഹൃദയത്തിൽ സ്വാർഥരായ ആളുകൾക്ക് സാധാരണഗതിയിൽ യഥാർഥ സ്നേഹബന്ധം ഉണ്ടായിരിക്കില്ല. (ഫിലിപ്പിയർ 2:2-4) “സ്വീകരിക്കുന്നതിൽ ഉള്ളതിനെക്കാൾ സന്തോഷം കൊടുക്കുന്നതിലുണ്ട്” എന്ന യേശുവിന്റെ വാക്കുകൾ വിശേഷാൽ സത്യമായിരിക്കുന്നത് നാം സ്നേഹത്താൽ പ്രേരിതമായി കൊടുക്കുമ്പോഴാണ്. (പ്രവൃത്തികൾ 20:35, NW) സ്നേഹം ശക്തമായ ഒരു ബന്ധമാണ്. (കൊലൊസ്സ്യർ 3:14) അതിൽ മിക്കപ്പോഴും സൗഹൃദം ഉൾപ്പെടുന്നു. എന്നാൽ സ്നേഹബന്ധം സുഹൃദ്ബന്ധത്തെക്കാൾ ശക്തമാണ്. ഭാര്യാഭർത്താക്കന്മാർക്ക് ഇടയിലെ അനുരാഗത്തെ ചിലപ്പോൾ സ്നേഹം എന്നു വിശേഷിപ്പിക്കാറുണ്ട്. എന്നാൽ, നട്ടുവളർത്താൻ ബൈബിൾ നമ്മെ പ്രോത്സാഹിപ്പിക്കുന്ന സ്നേഹം ശാരീരിക ആകർഷണത്തെക്കാൾ ശാശ്വതമാണ്. ദമ്പതികൾ പരസ്പരം ആത്മാർഥമായി സ്നേഹിക്കുന്നെങ്കിൽ, പ്രായാധിക്യംകൊണ്ടുള്ള ദൗർബല്യങ്ങളാലോ ഒരാൾക്കു ശാരീരിക ശേഷി നഷ്ടപ്പെടുന്നതു നിമിത്തമോ ശാരീരിക ബന്ധം മേലാൽ സാധ്യമല്ലാതാകുമ്പോൾ പോലും അവർ ഒന്നിച്ചു തുടരും.
സ്നേഹം—ഒരു അനിവാര്യ ഗുണം
5. ഒരു ക്രിസ്ത്യാനിയെ സംബന്ധിച്ചിടത്തോളം സ്നേഹം അത്യന്താപേക്ഷിതമായ ഒരു ഗുണം ആയിരിക്കുന്നത് എന്തുകൊണ്ടാണ്?
5 ഒരു ക്രിസ്ത്യാനിയെ സംബന്ധിച്ചിടത്തോളം സ്നേഹം അത്യന്താപേക്ഷിതമായ ഒരു ഗുണം ആയിരിക്കുന്നത് എന്തുകൊണ്ടാണ്? ഒന്നാമതായി, പരസ്പരം സ്നേഹിക്കാൻ യേശു തന്റെ അനുഗാമികളോടു കൽപ്പിച്ചു. അവൻ ഇങ്ങനെ പറഞ്ഞു: “ഞാൻ നിങ്ങളോടു കല്പിക്കുന്നതു ചെയ്താൽ നിങ്ങൾ എന്റെ സ്നേഹിതന്മാർ തന്നേ. നിങ്ങൾ തമ്മിൽ തമ്മിൽ സ്നേഹിക്കേണ്ടതിന്നു ഞാൻ ഇതു നിങ്ങളോടു കല്പിക്കുന്നു.” (യോഹന്നാൻ 15:14, 17) രണ്ടാമതായി, യഹോവ സ്നേഹത്തിന്റെ മൂർത്തിമദ്ഭാവമാണ്, അവന്റെ ആരാധകർ എന്ന നിലയിൽ നാം അവനെ അനുകരിക്കണം. (എഫെസ്യർ 5:1; 1 യോഹന്നാൻ 4:16) യഹോവയെയും യേശുവിനെയും കുറിച്ചുള്ള പരിജ്ഞാനം സമ്പാദിക്കുന്നത് നിത്യജീവനെ അർഥമാക്കുന്നുവെന്ന് ബൈബിൾ പറയുന്നു. ദൈവത്തെപ്പോലെ ആയിത്തീരാൻ നാം ശ്രമിക്കുന്നില്ലെങ്കിൽ അവനെ അറിയുന്നുവെന്ന് നമുക്ക് എങ്ങനെ പറയാൻ കഴിയും? യോഹന്നാൻ അപ്പൊസ്തലൻ ഇങ്ങനെ ന്യായവാദം ചെയ്തു: “സ്നേഹിക്കാത്തവൻ ദൈവത്തെ അറിഞ്ഞിട്ടില്ല, എന്തെന്നാൽ ദൈവം സ്നേഹം ആകുന്നു.”—1 യോഹന്നാൻ 4:8, NW.
6. സ്നേഹത്തിന് നമ്മുടെ ജീവിതത്തിന്റെ വ്യത്യസ്ത വശങ്ങളെ സമനിലയിൽ നിറുത്താൻ കഴിയുന്നത് എങ്ങനെ?
6 സ്നേഹം പ്രധാനമായിരിക്കുന്നതിന്റെ മൂന്നാമത്തെ കാരണം ഇതാണ്: ജീവിതത്തിന്റെ വ്യത്യസ്ത വശങ്ങളെ സമനിലയിൽ നിറുത്താനും ഒരു നല്ല ആന്തരത്തോടെ കാര്യങ്ങൾ ചെയ്യാനും അതു നമ്മെ സഹായിക്കുന്നു. ദൃഷ്ടാന്തത്തിന്, ഒരു ക്രിസ്ത്യാനി ദൈവവചന പരിജ്ഞാനം തുടർച്ചയായി സമ്പാദിക്കേണ്ടതു മർമപ്രധാനമാണ്. അയാൾക്ക് അത് ആഹാരം പോലെയാണ്. പക്വതയിലേക്കു വളരാനും ദൈവേഷ്ടത്തിനു ചേർച്ചയിൽ പ്രവർത്തിക്കാനും അത് അയാളെ സഹായിക്കുന്നു. (സങ്കീർത്തനം 119:105; മത്തായി 4:4; 2 തിമൊഥെയൊസ് 3:15, 16) എന്നിരുന്നാലും പൗലൊസ് ഇങ്ങനെ മുന്നറിയിപ്പു നൽകി: “അറിവു ചീർപ്പിക്കുന്നു; സ്നേഹമോ ആത്മികവർദ്ധന വരുത്തുന്നു.” (1 കൊരിന്ത്യർ 8:1) സൂക്ഷ്മ പരിജ്ഞാനത്തിലല്ല പ്രശ്നം, മറിച്ച് നമ്മിലാണ്—നാം പാപപ്രവണത ഉള്ളവരാണ്. (ഉല്പത്തി 8:21) സമനിലയുണ്ടായിരിക്കാൻ പ്രചോദിപ്പിക്കുന്ന സ്നേഹം ഇല്ലാത്ത പക്ഷം താൻ മറ്റുള്ളവരെക്കാൾ ശ്രേഷ്ഠനാണെന്നു ചിന്തിച്ച് അഹങ്കരിക്കുന്നതിലേക്ക് അറിവ് ഒരുവനെ നയിച്ചേക്കാം. എന്നാൽ വ്യക്തി അടിസ്ഥാനപരമായി സ്നേഹത്താൽ പ്രേരിതനാണെങ്കിൽ അതു സംഭവിക്കില്ല. “സ്നേഹം നിഗളിക്കുന്നില്ല. ചീർക്കുന്നില്ല.” (1 കൊരിന്ത്യർ 13:5) സ്നേഹത്താൽ പ്രേരിതനായ ഒരു ക്രിസ്ത്യാനി ആഴമായ പരിജ്ഞാനം സമ്പാദിച്ചാൽ പോലും അഹങ്കരിക്കില്ല. സ്നേഹം അയാളെ താഴ്മ ഉള്ളവനാക്കുന്നു. തനിക്കായിത്തന്നെ എങ്ങനെയും ഒരു പേരുണ്ടാക്കുന്നതിൽനിന്ന് അത് അയാളെ തടയുന്നു.—സങ്കീർത്തനം 138:6; യാക്കോബ് 4:6.
7, 8. കൂടുതൽ പ്രധാനപ്പെട്ട സംഗതികളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സ്നേഹം നമ്മെ സഹായിക്കുന്നത് എങ്ങനെ?
7 പൗലൊസ് ഫിലിപ്പിയർക്ക് ഇങ്ങനെ എഴുതി: “നിങ്ങളുടെ സ്നേഹം മേല്ക്കുമേൽ പരിജ്ഞാനത്തിലും സകലവിവേകത്തിലും വർദ്ധിച്ചു വന്നിട്ടു നിങ്ങൾ ഭേദാഭേദങ്ങളെ വിവേചിപ്പാറാകേണം [“കൂടുതൽ പ്രാധാന്യമുള്ള സംഗതികൾ ഉറപ്പുവരുത്തണം,” NW] എന്നു . . . ഞാൻ പ്രാർഥിക്കുന്നു.” (ഫിലിപ്പിയർ 1:9-11) കൂടുതൽ പ്രാധാന്യമുള്ള സംഗതികൾ ഉറപ്പുവരുത്താനുള്ള ഈ പ്രോത്സാഹനം പിൻപറ്റാൻ ക്രിസ്തീയ സ്നേഹം നമ്മെ സഹായിക്കും. ഒരു ദൃഷ്ടാന്തം എന്ന നിലയിൽ തിമൊഥെയൊസിനോടുള്ള പൗലൊസിന്റെ വാക്കുകൾ പരിചിന്തിക്കുക: “ഒരുവൻ അദ്ധ്യക്ഷസ്ഥാനം കാംക്ഷിക്കുന്നു എങ്കിൽ നല്ലവേല ആഗ്രഹിക്കുന്നു.”(1 തിമൊഥെയൊസ് 3:1) സേവനവർഷം 2000-ത്തിൽ ലോകമെമ്പാടുമായി 1,502 സഭകൾ കൂടെ സ്ഥാപിതമായി, അങ്ങനെ ഇപ്പോൾ മൊത്തം 91,487 സഭകൾ ഉണ്ട്. അതുകൊണ്ട്, കൂടുതൽ മൂപ്പന്മാരുടെ ആവശ്യമുണ്ട്. ആ പദവി എത്തിപ്പിടിക്കുന്നവർ അഭിനന്ദനം അർഹിക്കുന്നു.
8 എന്നിരുന്നാലും, മേൽവിചാരക പദവികളിൽ എത്തിച്ചേരാൻ ശ്രമിക്കുന്നവർ അത്തരം പദവികളുടെ ഉദ്ദേശ്യം എന്താണെന്ന് മനസ്സിൽ പിടിക്കുകയാണെങ്കിൽ, അവർക്ക് നല്ല സമനില പാലിക്കാനാകും. അധികാരമോ പ്രാമുഖ്യതയോ അല്ല പ്രധാനം. യഹോവയോടും തങ്ങളുടെ സഹോദരങ്ങളോടുമുള്ള സ്നേഹമാണ് യഹോവയെ പ്രസാദിപ്പിക്കുന്ന മൂപ്പന്മാർക്കു പ്രചോദനമേകുന്നത്. അവർ പ്രാമുഖ്യതയോ സ്വാധീനമോ തേടുന്നില്ല. നല്ല മനോഭാവം നിലനിറുത്താൻ സഭാമൂപ്പന്മാരെ ബുദ്ധിയുപദേശിച്ച ശേഷം പത്രൊസ് അപ്പൊസ്തലൻ “താഴ്മ”യുടെ ആവശ്യം ഊന്നിപ്പറഞ്ഞു. “ദൈവത്തിന്റെ ബലമുള്ള കൈക്കീഴു താണിരിപ്പിൻ” എന്ന് സഭയിലുള്ള എല്ലാവരെയും അവൻ ബുദ്ധിയുപദേശിച്ചു. (1 പത്രൊസ് 5:1-6) ലോകത്തെങ്ങുമുള്ള അസംഖ്യം മൂപ്പന്മാർ കഠിനാധ്വാനികളും താഴ്മയുള്ളവരും ആയിരുന്നുകൊണ്ട് തങ്ങളുടെ സഭയ്ക്ക് ഒരു അനുഗ്രഹമായി വർത്തിക്കുന്നു. മൂപ്പന്മാരാകാൻ യോഗ്യത പ്രാപിച്ചുകൊണ്ടിരിക്കുന്നവർ അവരുടെ മാതൃക പരിചിന്തിക്കുന്നതു നന്നായിരിക്കും.—എബ്രായർ 13:7.
നല്ല ആന്തരം സഹിച്ചുനിൽക്കാൻ നമ്മെ സഹായിക്കുന്നു
9. യഹോവ വാഗ്ദാനം ചെയ്തിരിക്കുന്ന അനുഗ്രഹങ്ങൾ ക്രിസ്ത്യാനികൾ മനസ്സിൽ പിടിക്കുന്നത് എന്തുകൊണ്ട്?
9 സ്നേഹത്താൽ പ്രചോദിപ്പിക്കപ്പെടേണ്ടതിന്റെ പ്രാധാന്യം മറ്റൊരു വിധത്തിലും പ്രകടമാണ്. സ്നേഹം നിമിത്തം ദൈവിക ഭക്തി പിന്തുടരുന്നവർക്ക് ബൈബിൾ ഇപ്പോൾ സമൃദ്ധമായ അനുഗ്രഹങ്ങൾ വാഗ്ദാനം ചെയ്യുന്നു, ഭാവിയിലേക്കാണെങ്കിൽ അചിന്തനീയമാംവിധം അതിശയകരമായ അനുഗ്രഹങ്ങളും. (1 തിമൊഥെയൊസ് 4:8) ഈ വാഗ്ദാനങ്ങളിലുള്ള ശക്തമായ വിശ്വാസവും യഹോവ “തന്നെ അന്വേഷിക്കുന്നവർക്കു പ്രതിഫലം കൊടുക്കുന്നു” എന്ന ബോധ്യവും വിശ്വാസത്തിൽ ഉറച്ചു നിൽക്കാൻ ഒരു ക്രിസ്ത്യാനിയെ സഹായിക്കുന്നു. (എബ്രായർ 11:6) നമ്മിൽ മിക്കവരും ദൈവിക വാഗ്ദാനങ്ങളുടെ നിവൃത്തിക്കായി വാഞ്ഛിക്കുകയും യോഹന്നാൻ അപ്പൊസ്തലന്റെ വികാരം പ്രതിഫലിപ്പിക്കുകയും ചെയ്യുന്നു: “ആമേൻ, കർത്താവായ യേശുവേ, വരേണമേ.” (വെളിപ്പാടു 22:20) ‘തന്റെ മുമ്പിൽ വെച്ചിരുന്ന സന്തോഷം ഓർത്തത്’ സഹിച്ചു നിൽക്കാൻ യേശുവിനെ സഹായിച്ചു. അതുപോലെ നാം വിശ്വസ്തരാണെങ്കിൽ നമ്മെ കാത്തിരിക്കുന്ന അനുഗ്രഹങ്ങളെ കുറിച്ചു ധ്യാനിക്കുന്നത് സഹിച്ചുനിൽക്കാൻ നമ്മെയും ശക്തരാക്കും.—എബ്രായർ 12:1, 2.
10, 11. സ്നേഹത്താൽ പ്രചോദിപ്പിക്കപ്പെടുന്നത് സഹിച്ചുനിൽക്കാൻ നമ്മെ സഹായിക്കുന്നത് എങ്ങനെ?
10 എന്നാൽ യഹോവയെ സേവിക്കാൻ പ്രേരിപ്പിക്കുന്ന ഏക ഘടകം പുതിയ ലോകത്തിൽ ജീവിക്കാനുള്ള ആഗ്രഹമാണെങ്കിലോ? എങ്കിൽ, പ്രയാസങ്ങൾ ഉണ്ടാകുമ്പോൾ അല്ലെങ്കിൽ കാര്യങ്ങൾ നാം പ്രതീക്ഷിക്കുന്ന വിധത്തിലോ സമയത്തോ സംഭവിക്കാതെ വരുമ്പോൾ നാം പെട്ടെന്നുതന്നെ അക്ഷമരോ അസംതൃപ്തരോ ആയിത്തീർന്നേക്കാം. സത്യത്തിൽനിന്നു സാവധാനം അകന്നു പോകുന്ന, വളരെ അപകടകരമായ ഒരു അവസ്ഥയിൽ നാം എത്തിച്ചേർന്നേക്കാം. (എബ്രായർ 2:1; 3:12) തന്നെ വിട്ടുപോയ, തന്റെ മുൻസഹകാരിയായ ദേമാസിനെ കുറിച്ച് പൗലൊസ് പറഞ്ഞു. എന്തുകൊണ്ടാണ് അവൻ പൗലൊസിനെ വിട്ടുപോയത്? എന്തെന്നാൽ അവൻ ‘ഈ ലോകത്തെ സ്നേഹിച്ചു.’ (2 തിമൊഥെയൊസ് 4:10) തീർത്തും സ്വാർഥമായ കാരണങ്ങളാൽ ദൈവത്തെ സേവിക്കുന്ന ഏതൊരുവനും അതുതന്നെ ചെയ്യാൻ ഇടയുണ്ട്. ഈ ലോകം വാഗ്ദാനം ചെയ്യുന്ന, ഉടൻതന്നെ അനുഭവിക്കാവുന്ന കാര്യങ്ങളിൽ അവർ ആകൃഷ്ടരായേക്കാം. അങ്ങനെയുള്ളവർ വരാനിരിക്കുന്ന അനുഗ്രഹങ്ങളെ മുന്നിൽക്കണ്ട് ഇപ്പോൾ ത്യാഗങ്ങൾ ചെയ്യാൻ മനസ്സൊരുക്കമുള്ളവർ ആയിരിക്കില്ല.
11 ഭാവിയിലെ അനുഗ്രഹങ്ങളും പരിശോധനകളിൽ നിന്നുള്ള വിടുതലും ആഗ്രഹിക്കുന്നത് സ്വാഭാവികവും ഉചിതവുമാണ്. എന്നിരുന്നാലും, നമ്മുടെ ഇഷ്ടമല്ല, മറിച്ച് യഹോവയുടെ ഇഷ്ടമാണ് ഏറ്റവും പ്രാധാന്യം അർഹിക്കുന്ന സംഗതി. അതിനായിരിക്കണം നമ്മുടെ ജീവിതത്തിൽ മുഖ്യ സ്ഥാനം. (ലൂക്കൊസ് 22:41, 42) അതിനോടുള്ള വിലമതിപ്പു കെട്ടുപണി ചെയ്യാൻ സ്നേഹം നമ്മെ സഹായിക്കുന്നു. അതേ, സ്നേഹം നമ്മെ കെട്ടുപണി ചെയ്യുന്നു. ദൈവത്തിന്റെ അനുഗ്രഹങ്ങളിൽ സംതൃപ്തരായിരുന്നുകൊണ്ട് അവനായി ക്ഷമാപൂർവം കാത്തിരിക്കാനും അവൻ വാഗ്ദാനം ചെയ്തിരിക്കുന്ന സകല കാര്യങ്ങളും—അതിൽ ഉപരിയായുള്ള കാര്യങ്ങൾ പോലും—അവന്റെ തക്കസമയത്ത് നമുക്കു ലഭിക്കുമെന്ന് ഉറപ്പുള്ളവരായിരിക്കാനും സ്നേഹം നമ്മെ പ്രാപ്തരാക്കുന്നു. (സങ്കീർത്തനം 145:16; 2 കൊരിന്ത്യർ 12:8, 9) അതുവരെയും, നിസ്വാർഥ സേവനം തുടരാൻ സ്നേഹം നമ്മെ സഹായിക്കുന്നു. കാരണം “സ്നേഹം . . . സ്വാർത്ഥം അന്വേഷിക്കുന്നില്ല.”—1 കൊരിന്ത്യർ 13:4, 5.
ക്രിസ്ത്യാനികൾ ആരെ സ്നേഹിക്കണം?
12. യേശു പറഞ്ഞത് അനുസരിച്ച് നാം ആരെ സ്നേഹിക്കണം?
12 മോശൈക ന്യായപ്രമാണത്തിൽനിന്നുള്ള രണ്ടു പ്രസ്താവനകൾ ഉദ്ധരിച്ചുകൊണ്ട് യേശു, നാം ആരെ സ്നേഹിക്കണം എന്നതു സംബന്ധിച്ച് ഒരു പൊതു തത്ത്വം പ്രദാനം ചെയ്തു. അവൻ ഇങ്ങനെ പറഞ്ഞു: “നിന്റെ ദൈവമായ കർത്താവിനെ [“യഹോവയെ,” NW] നീ പൂർണ്ണഹൃദയത്തോടും പൂർണ്ണാത്മാവോടും പൂർണ്ണമനസ്സോടുംകൂടെ സ്നേഹിക്കേണം.” അതുപോലെ “കൂട്ടുകാരനെ [“അയൽക്കാരനെ,” NW] നിന്നെപ്പോലെ തന്നേ സ്നേഹിക്കേണം.”—മത്തായി 22:37-39.
13. യഹോവയെ കാണാൻ കഴിയില്ലെങ്കിലും അവനെ സ്നേഹിക്കാൻ നമുക്ക് എങ്ങനെ പഠിക്കാനാകും?
13 നാം ഒന്നാമതായി യഹോവയെ സ്നേഹിക്കണമെന്ന് യേശുവിന്റെ വാക്കുകളിൽനിന്നു വ്യക്തമാണ്. എന്നാൽ യഹോവയോടുള്ള പൂർണമായ സ്നേഹം ജന്മനാ ഉണ്ടാകുന്നതല്ല, മറിച്ച് നാം വളർത്തിയെടുക്കേണ്ട ഒന്നാണ് അത്. അവനെ കുറിച്ച് നാം ആദ്യമായി കേട്ട കാര്യങ്ങൾ നമ്മെ അവനിലേക്ക് ആകർഷിച്ചു. മനുഷ്യവർഗത്തിനുവേണ്ടി അവൻ ഭൂമിയെ ഒരുക്കിയത് എങ്ങനെയെന്നു നാം അൽപ്പാൽപ്പമായി പഠിച്ചു. (ഉല്പത്തി 2:5-23) അവൻ മനുഷ്യവർഗവുമായി ഇടപെട്ടത് എങ്ങനെയെന്നു നാം മനസ്സിലാക്കി. മനുഷ്യ കുടുംബത്തിന്മേൽ പാപം ആദ്യമായി കടന്നാക്രമണം നടത്തിയപ്പോൾ അവരെ ഉപേക്ഷിക്കുന്നതിനു പകരം വീണ്ടെടുക്കാനുള്ള പടികളാണ് അവൻ സ്വീകരിച്ചത്. (ഉല്പത്തി 3:1-5, 15) വിശ്വസ്തരായിരുന്നവരോട് അവൻ ദയാപൂർവം ഇടപെട്ടു. നമ്മുടെ പാപമോചനത്തിനായി അവൻ ഒടുവിൽ തന്റെ ഏകജാതപുത്രനെ നൽകി. (യോഹന്നാൻ 3:16, 36) ഈ വർധിച്ച പരിജ്ഞാനം യഹോവയോടുള്ള നമ്മുടെ വിലമതിപ്പു വളരാൻ ഇടയാക്കി. (യെശയ്യാവു 25:1) യഹോവയുടെ സ്നേഹപൂർവകമായ പരിപാലനം നിമിത്തം താൻ അവനെ സ്നേഹിച്ചെന്ന് ദാവീദ് രാജാവ് പറഞ്ഞു. (സങ്കീർത്തനം 116:1-9) ഇന്ന് യഹോവ നമുക്കു വേണ്ടി കരുതുകയും നമ്മെ വഴിനയിക്കുകയും ബലപ്പെടുത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. അവനെക്കുറിച്ചു നാം കൂടുതലായി പഠിക്കുന്തോറും അവനോടുള്ള നമ്മുടെ സ്നേഹത്തിന്റെ ആഴം വർധിക്കുന്നു.—സങ്കീർത്തനം 31:23; സെഫന്യാവു 3:17; റോമർ 8:28.
സ്നേഹം പ്രകടമാക്കാൻ കഴിയുന്ന വിധം
14. ദൈവത്തോടുള്ള നമ്മുടെ സ്നേഹം യഥാർഥമാണെന്ന് നമുക്ക് എങ്ങനെ പ്രകടമാക്കാൻ കഴിയും?
14 ലോകമെമ്പാടുമുള്ള അനേകം ആളുകളും തങ്ങൾ ദൈവത്തെ സ്നേഹിക്കുന്നുവെന്ന് അവകാശപ്പെടുന്നു. എന്നാൽ അവരുടെ പ്രവർത്തനങ്ങൾ അവരുടെ അവകാശവാദങ്ങൾക്കു കടകവിരുദ്ധമാണ്. നാം യഹോവയെ യഥാർഥമായും സ്നേഹിക്കുന്നുണ്ട് എന്ന് നമുക്ക് എങ്ങനെ അറിയാൻ കഴിയും? നമുക്ക് അവനോട് പ്രാർഥിക്കാനും നമ്മുടെ വികാരവിചാരങ്ങൾ അവനെ അറിയിക്കാനും കഴിയും. നമ്മുടെ സ്നേഹം പ്രവർത്തനത്തിലൂടെ നമുക്കു പ്രകടമാക്കാൻ സാധിക്കും. യോഹന്നാൻ അപ്പൊസ്തലൻ ഇങ്ങനെ പറഞ്ഞു: “ആരെങ്കിലും അവന്റെ വചനം പ്രമാണിക്കുന്നു എങ്കിൽ അവനിൽ ദൈവസ്നേഹം വാസ്തവമായി തികഞ്ഞിരിക്കുന്നു. നാം അവനിൽ ഇരിക്കുന്നു എന്നു ഇതിനാൽ നമുക്കു അറിയാം.” (1 യോഹന്നാൻ 2:5; 5:3) മറ്റു കാര്യങ്ങൾക്കൊപ്പം, ദൈവജനത്തോടു സഹവസിക്കാനും ശുദ്ധവും ധാർമികവുമായ ഒരു ജീവിതം നയിക്കാനും ദൈവവചനം നമ്മോടു പറയുന്നു. നാം കപടത വെടിഞ്ഞ് സത്യം സംസാരിക്കുകയും നമ്മുടെ ചിന്തയെ നിർമലമായി സൂക്ഷിക്കുകയും ചെയ്യുന്നു. (2 കൊരിന്ത്യർ 7:1; എഫെസ്യർ 4:15; 1 തിമൊഥെയൊസ് 1:5; എബ്രായർ 10:23-25) ഞെരുക്കമുള്ളവർക്ക് ഭൗതികസഹായം നൽകിക്കൊണ്ട് നാം സ്നേഹം പ്രകടമാക്കുന്നു. (1 യോഹന്നാൻ 3:17, 18) യഹോവയെ കുറിച്ചു മറ്റുള്ളവരോടു സംസാരിക്കുന്നതിൽനിന്ന് നാം വിട്ടുനിൽക്കുന്നില്ല. രാജ്യത്തിന്റെ സുവാർത്തയുടെ ലോകവ്യാപക പ്രസംഗത്തിൽ പങ്കുപറ്റുന്നത് അതിൽ ഉൾപ്പെടുന്നു. (മത്തായി 24:14; റോമർ 10:10) അത്തരം കാര്യങ്ങളിൽ ദൈവവചനം അനുസരിക്കുന്നത് യഹോവയോടുള്ള നമ്മുടെ സ്നേഹം യഥാർഥമാണെന്നു തെളിയിക്കുന്നു.
15, 16. യഹോവയോടുള്ള സ്നേഹം കഴിഞ്ഞ വർഷം അനേകരെ സ്വാധീനിച്ചത് എങ്ങനെ?
15 യഹോവയോടുള്ള സ്നേഹം നല്ല തീരുമാനങ്ങൾ എടുക്കാൻ ആളുകളെ സഹായിക്കുന്നു. തങ്ങളുടെ ജീവിതം അവനു സമർപ്പിക്കാനും ആ തീരുമാനം ജലസ്നാപനത്താൽ പ്രതീകപ്പെടുത്താനും അത്തരം സ്നേഹം കഴിഞ്ഞ വർഷം 2,88,907 വ്യക്തികളെ പ്രചോദിപ്പിച്ചു. (മത്തായി 28:19, 20) അവരുടെ സമർപ്പണം അർഥവത്തായിരുന്നു. അത് അവരുടെ ജീവിതത്തിന് മാറ്റം വരുത്തി. ദൃഷ്ടാന്തത്തിന്, അൽബേനിയയിലെ പ്രമുഖ ബാസ്ക്കറ്റ്ബോൾ താരങ്ങളിൽ ഒരാൾ ആയിരുന്ന ഗസ്മൻഡിന്റെ കാര്യം പരിചിന്തിക്കുക. അദ്ദേഹവും ഭാര്യയും ബൈബിൾ പഠിക്കാൻ തുടങ്ങിയിട്ട് കുറെ വർഷങ്ങൾ ആയിരുന്നു. പ്രതിബന്ധങ്ങൾ ഉണ്ടായിരുന്നിട്ടും ഒടുവിൽ അവർ പ്രസാധകർ ആയിത്തീരാൻ യോഗ്യത പ്രാപിച്ചു. കഴിഞ്ഞ വർഷം ഗസ്മൻഡ് സ്നാപനമേറ്റു. സേവനവർഷം 2000-ത്തിൽ അൽബേനിയയിൽ സ്നാപനമേറ്റ 366 പേരിൽ ഒരാളായിരുന്നു അദ്ദേഹം. ഒരു വർത്തമാനപത്രം അദ്ദേഹത്തെ കുറിച്ച് ഒരു ലേഖനം പ്രസിദ്ധീകരിച്ചു. അതിൽ ഇങ്ങനെ പറഞ്ഞിരുന്നു: “അദ്ദേഹത്തിന്റെ ജീവിതത്തിന് ഒരു ഉദ്ദേശ്യമുണ്ട്. അതുകൊണ്ട് അദ്ദേഹവും കുടുംബവും തങ്ങളുടെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നാളുകൾ ആസ്വദിക്കുകയാണ്. ജീവിതത്തിൽനിന്ന് തനിക്കുതന്നെ എന്തുമാത്രം പ്രയോജനം നേടാൻ കഴിയും എന്നതല്ല, പിന്നെയോ മറ്റുള്ളവരെ സഹായിക്കാനായി തനിക്ക് എന്തുമാത്രം ചെയ്യാനാകും എന്നതാണ് ഇപ്പോൾ അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ട സംഗതി.”
16 സമാനമായി, ഗ്വാമിലെ ഒരു എണ്ണക്കമ്പനിയിൽ ജോലി ചെയ്യുന്ന പുതുതായി സ്നാപനമേറ്റ ഒരു സഹോദരിക്ക് ആകർഷകമായ ഒരു വാഗ്ദാനം ലഭിച്ചു. വർഷങ്ങളായി ഉദ്യോഗക്കയറ്റം ലഭിച്ചുകൊണ്ടിരുന്ന ആ സഹോദരിക്ക് ഒടുവിൽ ആ കമ്പനിയുടെ വൈസ് പ്രസിഡൻറ് ആകാനുള്ള ക്ഷണം ലഭിച്ചു. കമ്പനിയുടെ ചരിത്രത്തിൽ ആദ്യമായിട്ടായിരുന്നു ഒരു വനിതയ്ക്ക് അത്തരം ഒരു അവസരം ലഭിക്കുന്നത്. എന്നാൽ അപ്പോഴേക്കും തന്റെ ജീവിതം യഹോവയ്ക്കു സമർപ്പിച്ചിരുന്ന ആ പുതിയ സഹോദരി ഭർത്താവുമായി കാര്യങ്ങൾ ചർച്ച ചെയ്ത ശേഷം പ്രസ്തുത ക്ഷണം നിരസിച്ചു. എന്നിട്ട്, ഒരു മുഴുസമയ ശുശ്രൂഷക അഥവാ ഒരു പയനിയർ എന്ന നിലയിലേക്കു പുരോഗമിക്കാൻ കഴിയേണ്ടതിന് അവർ ഒരു അംശകാല ജോലി തരപ്പെടുത്തി. ഈ ലോകത്തിലെ സാമ്പത്തിക താത്പര്യങ്ങളെ പിന്തുടരുന്നതിനു പകരം ഒരു പയനിയറായി യഹോവയെ സേവിക്കാൻ അവനോടുള്ള സ്നേഹം അവരെ പ്രേരിപ്പിച്ചു. സേവനവർഷം 2000-ത്തിൽ പയനിയർ ശുശ്രൂഷയുടെ വ്യത്യസ്ത മണ്ഡലങ്ങളിൽ പങ്കുപറ്റാൻ അത്തരം സ്നേഹം ലോകവ്യാപകമായി 8,05,205 പേരെ പ്രേരിപ്പിച്ചു. എന്തൊരു സ്നേഹവും വിശ്വാസവുമാണ് ആ പയനിയർമാർ പ്രകടമാക്കിയത്!
യേശുവിനെ സ്നേഹിക്കാൻ പ്രേരിതർ
17. സ്നേഹത്തിന്റെ ഏതു നല്ല ദൃഷ്ടാന്തമാണ് യേശുവിൽ നാം കാണുന്നത്?
17 സ്നേഹത്താൽ പ്രചോദിപ്പിക്കപ്പെട്ടതിന്റെ അതിശയകരമായ ഒരു ദൃഷ്ടാന്തമാണ് യേശു. തന്റെ മാനുഷപൂർവ അസ്തിത്വത്തിൽ അവൻ തന്റെ പിതാവിനെയും മനുഷ്യവർഗത്തെയും സ്നേഹിച്ചു. ജ്ഞാനത്തിന്റെ മൂർത്തിമദ്ഭാവം എന്ന നിലയിൽ അവൻ പറഞ്ഞു: “ഞാൻ അവന്റെ അടുക്കൽ ശില്പി ആയിരുന്നു; ഇടവിടാതെ അവന്റെ മുമ്പിൽ വിനോദിച്ചുകൊണ്ടു ദിനമ്പ്രതി അവന്റെ പ്രമോദമായിരുന്നു. അവന്റെ ഭൂതലത്തിൽ ഞാൻ വിനോദിച്ചുകൊണ്ടിരുന്നു; എന്റെ പ്രമോദം മനുഷ്യപുത്രന്മാരോടുകൂടെ ആയിരുന്നു.” (സദൃശവാക്യങ്ങൾ 8:30, 31) തന്റെ സ്വർഗവാസം ഉപേക്ഷിച്ച് ഒരു നിസ്സഹായ ശിശുവായി ജനിക്കാൻ സ്നേഹം യേശുവിനെ പ്രേരിപ്പിച്ചു. വിനീതരും എളിയവരും ആയവരോട് അവൻ ക്ഷമാപൂർവം ഇടപെട്ടു. യഹോവയുടെ ശത്രുക്കളുടെ കൈകളാൽ അവൻ ദുരിതം അനുഭവിച്ചു. ഒടുവിൽ മുഴു മാനവരാശിക്കും വേണ്ടി അവൻ ഒരു ദണ്ഡനസ്തംഭത്തിൽ മരണം വരിച്ചു. (യോഹന്നാൻ 3:35; 14:30, 31; 15:12, 13; ഫിലിപ്പിയർ 2:5-11) ശരിയായ ആന്തരത്തിന്റെ എത്ര നല്ല ദൃഷ്ടാന്തം!
18. (എ) നാം യേശുവിനോടുള്ള സ്നേഹം നട്ടുവളർത്തുന്നത് എങ്ങനെ? (ബി) യേശുവിനെ സ്നേഹിക്കുന്നുവെന്ന് നാം പ്രകടമാക്കുന്നത് എങ്ങനെ?
18 ശരിയായ ഹൃദയനിലയുള്ള ആളുകൾ യേശുവിന്റെ ജീവിതത്തെ കുറിച്ചുള്ള സുവിശേഷ വിവരണങ്ങൾ വായിക്കുകയും അവന്റെ വിശ്വസ്തമായ ഗതി തങ്ങൾക്ക് എത്രമാത്രം അനുഗ്രഹങ്ങൾ കൈവരുത്തി എന്നതിനെക്കുറിച്ച് ധ്യാനിക്കുകയും ചെയ്യുമ്പോൾ അത് അവരിൽ അവനോടുള്ള അഗാധ സ്നേഹം വളരാൻ ഇടയാക്കുന്നു. പിൻവരുന്ന പ്രകാരം പറഞ്ഞപ്പോൾ പത്രൊസ് പരാമർശിച്ച ആളുകളെ പോലെയാണ് നാം ഇന്ന്: “[യേശുവിനെ] നിങ്ങൾ കണ്ടിട്ടില്ലെങ്കിലും സ്നേഹിക്കുന്നു.” (1 പത്രൊസ് 1:8) നാം അവനിൽ വിശ്വാസം അർപ്പിക്കുകയും അവന്റെ ആത്മത്യാഗ ജീവിതത്തെ അനുകരിക്കുകയും ചെയ്യുമ്പോൾ നമ്മുടെ സ്നേഹം പ്രകടമാകുന്നു. (1 കൊരിന്ത്യർ 11:1; 1 തെസ്സലൊനീക്യർ 1:6; 1 പത്രൊസ് 2:21-25) 2000 ഏപ്രിൽ 19-ന് യേശുവിന്റെ മരണത്തിന്റെ വാർഷിക അനുസ്മരണത്തിൽ പങ്കെടുത്ത മൊത്തം 1,48,72,086 ആളുകൾ യേശുവിനെ സ്നേഹിക്കാനുള്ള നമ്മുടെ കാരണങ്ങൾ സംബന്ധിച്ച് ഓർമിപ്പിക്കപ്പെട്ടു. എത്രയേറെ ആളുകളാണ് ആ അവസരത്തിൽ കൂടിവന്നത്! യേശുവിന്റെ ബലിയിലൂടെയുള്ള രക്ഷയിൽ വളരെയേറെ ആളുകൾ തത്പരരാണെന്ന് അറിയുന്നത് എത്രയോ ബലദായകമാണ്! യഹോവയ്ക്കും യേശുവിനും നമ്മോടും നമുക്ക് അവരോടും ഉള്ള സ്നേഹം തീർച്ചയായും നമ്മെ കെട്ടുപണി ചെയ്യുന്നു.
19. അടുത്ത ലേഖനത്തിൽ സ്നേഹത്തെ കുറിച്ചുള്ള ഏതു ചോദ്യങ്ങൾ ചർച്ച ചെയ്യുന്നതായിരിക്കും?
19 നമ്മുടെ മുഴു ഹൃദയത്തോടും ആത്മാവോടും മനസ്സോടും ശക്തിയോടും കൂടെ നാം യഹോവയെ സ്നേഹിക്കണമെന്ന് യേശു പറഞ്ഞു. അയൽക്കാരനെ നമ്മെപ്പോലെതന്നെ സ്നേഹിക്കണമെന്നും അവൻ പറഞ്ഞു. (മർക്കൊസ് 12:29-31) നമ്മുടെ ഈ അയൽക്കാരിൽ ആരൊക്കെ ഉൾപ്പെടുന്നു? നല്ല സമനിലയും ശരിയായ ആന്തരവും നിലനിറുത്താൻ അയൽക്കാരനോടുള്ള സ്നേഹം നമ്മെ സഹായിക്കുന്നത് എങ്ങനെ? ഈ ചോദ്യങ്ങൾ അടുത്ത ലേഖനത്തിൽ ചർച്ച ചെയ്യുന്നതായിരിക്കും.
നിങ്ങൾ ഓർമിക്കുന്നുവോ?
• സ്നേഹം ഒരു മർമപ്രധാന ഗുണമായിരിക്കുന്നത് എന്തുകൊണ്ട്?
• യഹോവയെ സ്നേഹിക്കാൻ നമുക്കു പഠിക്കാൻ കഴിയുന്നത് എങ്ങനെ?
• നാം യഹോവയെ സ്നേഹിക്കുന്നുവെന്ന് നമ്മുടെ പ്രവർത്തനം തെളിയിക്കുന്നത് എങ്ങനെ?
• യേശുവിനോടുള്ള സ്നേഹം നാം പ്രകടമാക്കുന്നത് എങ്ങനെ?
[10, 11 പേജിലെ ചിത്രങ്ങൾ]
ആശ്വാസത്തിനായി ക്ഷമയോടെ കാത്തിരിക്കാൻ സ്നേഹം നമ്മെ സഹായിക്കുന്നു
[12-ാം പേജിലെ ചിത്രം]
യേശു അർപ്പിച്ച മഹത്തായ യാഗം അവനെ സ്നേഹിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നു