ക്രിസ്മസ്—യേശുവിനെ സ്വാഗതംചെയ്യാനുള്ള മാർഗ്ഗം ഇതോ?
ദീർഘനാളായി പ്രതീക്ഷിച്ചിരുന്ന മശിഹായായ രക്ഷകന്റെ ജനനം തീർച്ചയായും സന്തോഷിക്കാനുള്ള ഒരു സമയമായിരുന്നു. ബേത്ലഹേമിന്റെ പരിസരത്തായിരുന്ന ഇടയൻമാരോട് “ഭയപ്പെടേണ്ട; സർവജനത്തിനും ഉണ്ടാകുവാനുള്ളോരു മഹാസന്തോഷം ഞാൻ നിങ്ങളോടു സുവിശേഷിക്കുന്നു. കർത്താവായ ക്രിസ്തു എന്ന രക്ഷിതാവ്. . . ഇന്ന് ജനിച്ചിരിക്കുന്നു” എന്ന് ഒരു ദൂതൻ പ്രഖ്യാപിച്ചു. ദൂതൻമാരുടെ ഒരു മഹാസംഘം ആ ദൂതനോടു ചേർന്ന് ദൈവത്തെ സ്തുതിച്ചു: “അത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്വം; ഭൂമിയിൽ ദൈവപ്രസാദമുള്ള മനുഷ്യർക്കു സമാധാനം.” (ലൂക്കോസ് 2:10-14) അന്ന് ക്രിസ്തു ഭൂമിയിലേക്കു വന്നതിൽ സന്തോഷം പ്രകടിപ്പിച്ച ദൂതൻമാരെ ക്രിസ്ത്യാനികൾ അനുകരിക്കണമെന്ന് ചിലർ നിഗമനംചെയ്തേക്കാം.
ദൂതൻമാർ സ്തുതിഗീതങ്ങൾ ആലപിക്കുന്നതിന്റെ ആദ്യ ബൈബിൾരേഖ ഇതല്ലായിരുന്നു. ഭൂമിയുടെ അടിസ്ഥാനമിടപ്പെട്ടപ്പോൾ “പ്രഭാതനക്ഷത്രങ്ങൾ ഒന്നിച്ചു ഘോഷിച്ചുല്ലസിക്കുകയും ദൈവപുത്രൻമാരെല്ലാം സന്തോഷിച്ചാർക്കുകയും” ചെയ്തു. (ഇയ്യോബ് 38:4-7) ബൈബിളിൽ ഇതിന്റെ കൃത്യതീയതി രേഖപ്പെടുത്തിയിട്ടില്ല. (ഉല്പത്തി 1:1, 14-18) ആ സന്ദർഭം എത്ര സന്തോഷപ്രദമായിരുന്നിരിക്കാമെങ്കിലും, ദൂതൻമാർ ആർത്തുഘോഷിച്ചതുകൊണ്ട് തങ്ങൾ വർഷംതോറും ഭൂമിയുടെ സൃഷ്ടി ആഘോഷിക്കുകയും ഒരുപക്ഷേ ആ അവസരത്തെ അനുസ്മരിക്കാൻ ഒരു പുറജാതീയ ഉത്സവം സ്വീകരിക്കുകയുംചെയ്യണമെന്നും ക്രിസ്ത്യാനികൾ വാദിച്ചിട്ടില്ല.
എന്നിരുന്നാലും, ക്രിസ്മസ് ആഘോഷിക്കുന്നവർ യേശുക്രിസ്തുവിന്റെ ജനനംസംബന്ധിച്ച് അതുതന്നെയാണ് ചെയ്യുന്നത്. ഏററവും വിശ്വസനീയമായ ഏതു എൻസൈക്ലോപ്പീഡിയായിലും “ക്രിസ്മസ്” എന്ന തലക്കെട്ടിൻകീഴിലെ ഒരു പരിശോധന യേശുവിന്റെ ജനനത്തീയതി നൽകപ്പെട്ടിട്ടില്ലെന്നുള്ളതിനെ സ്ഥിരീകരിക്കും. ആ തീയതിയുടെ കാര്യത്തിൽ ബൈബിൾ നിശബ്ദമാണ്.
“കാഹളം തെളിവില്ലാത്ത നാദം കൊടുത്താൽ”
“ദൈവം കലക്കത്തിന്റെ ദൈവമല്ല, സമാധാനത്തിന്റെ ദൈവമത്രേ” എന്ന് പുരാതനകൊരിന്ത്യസഭയിലെ ക്രമരാഹിത്യം തിരുത്തിക്കൊണ്ട് അപ്പോസ്തലനായപൗലോസ് എഴുതുകയുണ്ടായി. അതേ സന്ദർഭത്തിൽ അവൻ ചോദിച്ചു: “കാഹളം തെളിവില്ലാത്ത നാദം കൊടുത്താൽ പടെക്ക് ആർ ഒരുങ്ങും?” (1 കൊരിന്ത്യർ 14:8, 33) ഇപ്പോൾ ക്രമത്തിന്റെ ഒരു ദൈവം തന്റെ പുത്രന്റെ ഭൂമിയിലെ ജനനം ക്രിസ്ത്യാനികൾ ആഘോഷിക്കണമെന്ന് ഉദ്ദേശിച്ചിരുന്നുവെങ്കിൽ പുറജാതി ഉത്സവങ്ങളിൽനിന്ന് സേച്ഛാപൂർവം ഒരു തീയതി തെരഞ്ഞെടുക്കാനും ഭക്തികെട്ട ആചാരങ്ങൾ സ്വീകരിക്കാനും അവൻ അപൂർണ്ണമനുഷ്യരെ അനുവദിക്കുമോ?
ബൈബിൾപരമായ ചുരുക്കംചില ദൃഷ്ടാന്തങ്ങളുടെ പരിശോധന യഹോവയാം ദൈവം ആ വിധത്തിൽ തന്റെ ജനവുമായി ഇടപെടുന്നില്ലെന്ന് വ്യക്തമാക്കുന്നു. മോശൈകന്യായപ്രമാണത്തിൻകീഴിൽ വാർഷികാഘോഷങ്ങൾ നടത്താൻ ദൈവം ഇസ്രായേല്യരോട് ആവശ്യപ്പെട്ടപ്പോൾ അവൻ പ്രത്യേക തീയതികൾ നിർദ്ദേശിക്കുകയും ആ ഉത്സവവേളകൾ എങ്ങനെ ആഘോഷിക്കണമെന്ന് അവരോടു പറയുകയുംചെയ്തു. (പുറപ്പാട് 23:14-17; ലേവ്യപുസ്തകം 23:34-43) തന്റെ ജനനം അനുസ്മരിക്കപ്പെടണമെന്ന് ഒരിക്കലും കല്പിക്കുന്നില്ലെങ്കിലും യേശുക്രിസ്തു ഒരു പ്രത്യേക തീയതി ആഘോഷിക്കാൻ തന്റെ അനുഗാമികളോട് കല്പിക്കുകതന്നെ ചെയ്തു. “കർത്താവായ യേശുവിനെ കാണിച്ചുകൊടുത്ത രാത്രിയിൽ”, ക്രി.വ. 33 നീസാൻ 14ന് യേശു പുളിപ്പില്ലാത്ത അപ്പവും വീഞ്ഞും ഉപയോഗിച്ചുകൊണ്ട് കർത്താവിന്റെ സന്ധ്യഭക്ഷണത്തിന്റെ ആഘോഷത്തിന് ആരംഭമിട്ടു. “എന്റെ ഓർമ്മക്കായി ഇതു ചെയ്വിൻ” എന്ന് അവൻ കല്പിച്ചു. (1 കൊരിന്ത്യർ 11:23, 24) കർത്താവിന്റെ സന്ധ്യാഭക്ഷണം എപ്പോൾ, എങ്ങനെ ആഘോഷിക്കണമെന്ന കാഹളനാദം വ്യക്തവും തെററുപററാത്തതുമാണ്. അപ്പോൾ ക്രിസ്മസ് സംബന്ധിച്ചെന്ത്? ക്രിസ്തുവിന്റെ ജനനം ആഘോഷിക്കാൻ യാതൊരു കല്പനയും ബൈബിളിൽ ഒരിടത്തും നാം കാണുന്നില്ല. എപ്പോൾ, അല്ലെങ്കിൽ എങ്ങനെ എന്നും അതു നമ്മോടു പറയുന്നില്ല.
‘ആളുകളെ നേടാൻ’
“ഓ, തീർച്ചയായും ക്രിസ്മസ് പുറജാതിയുത്ഭവമുള്ളതാണെന്ന് എനിക്കറിയാം, എന്നാൽ സാധാരണക്കാർ ഡിസംബർ 25-ാം തീയതി ക്രിസ്ത്യാനിത്വത്തിൽ തത്പരരായിരിക്കുകയും ആദരണീയനായ യേശുവിന്റെ ഉപദേശങ്ങൾ പഠിക്കാൻ ഇടയാകുകയുമാണെങ്കിൽ ക്രിസ്മസിന് ക്രിസ്ത്യാനിത്വത്തിൽ സ്ഥാനമുണ്ട്” എന്ന് ടോക്കിയോ സീയോൻസഭയിലെ ഒരു വൈദികൻ പറയുകയുണ്ടായി. അയാളുടെ ന്യായവാദത്തോട് അനേകർ യോജിക്കുന്നു. അങ്ങനെയുള്ള വിട്ടുവീഴ്ചകൾ ഉചിതമാണെന്ന് നിങ്ങൾ വിശ്വസിക്കുന്നുവോ?
പൗലോസ് പോലും വിശ്വാസികളെ നേടാൻ വിട്ടുവീഴ്ചചെയ്തുവെന്ന് ചിലർ വാദിക്കുന്നു. “സാദ്ധ്യമാകുന്നടത്തോളം പേരെ നേടേണ്ടതിന് . . . ഞാൻ എന്നേത്തന്നെ എല്ലാവരുടെയും അടിമയാക്കുന്നു. ജാതികളോടുകൂടെ പ്രവർത്തിക്കുമ്പോൾ ജാതികളെ നേടേണ്ടതിന് ഞാൻ യഹൂദ ന്യായപ്രമാണത്തിനു പുറത്ത് ഞാൻ ജാതികളെപ്പോലെ ജീവിക്കുന്നു. . . .ഇതെല്ലാം സുവിശേഷത്തിന്റെ അനുഗ്രഹങ്ങളിൽ പങ്കുപറേറണ്ടതിന് ഞാൻ സുവിശേഷത്തിനുവേണ്ടി ചെയ്യുന്നു” എന്ന് അവൻ എഴുതി. (1 കൊരിന്ത്യർ 9:19-23, ററുഡേയ്സ് ഇംഗ്ലീഷ് വേർഷൻ) ഈ വാക്കുകൾ പുറജാതികളെ ക്രിസ്ത്യാനിത്വത്തിലേക്ക് ആകർഷിക്കുന്നതിന് ഒരു പുറജാതിയുത്സവം സ്വീകരിക്കുന്നതിനെ ന്യായീകരിക്കുന്നുവോ?
പൗലോസിന്റെ പ്രസ്താവനയുടെ സന്ദർഭം ശ്രദ്ധാപൂർവം പരിചിന്തിക്കുക. 21-ാം വാക്യത്തിൽ അവൻ ഇങ്ങനെ പറഞ്ഞു: “ഞാൻ ദൈവത്തിന്റെ നിയമം അനുസരിക്കുന്നില്ലെന്ന് ഇതിനർത്ഥമില്ല; ഞാൻ യഥാർത്ഥത്തിൽ ക്രിസ്തുവിന്റെ നിയമത്തിൻകീഴിലാണ്.” (ററു. ഇം. വേ.) അതുകൊണ്ട് അവൻ ക്രിസ്തുവിന്റെ നിയമത്തെ മറികടന്ന കാര്യങ്ങളിൽ അവൻ വിട്ടുവീഴ്ചചെയ്തില്ല, എന്നാൽ സ്ഥലത്തെ ആചാരങ്ങളും ശീലങ്ങളും ക്രിസ്തീയ കല്പനകൾക്കെതിരല്ലാഞ്ഞടത്തോളം കാലം അവയെ ആദരിച്ചുകൊണ്ട് ‘ഒരു പുറജാതിയെപ്പോലെ ജീവിച്ചു.’a
ഇതു മനസ്സിൽപിടിച്ചുകൊണ്ട്, പിൻവരുന്ന ബൈബിൾകല്പനയുടെ വെളിച്ചത്തിൽ വീക്ഷിക്കുമ്പോൾ, ക്രിസ്മസ് എന്ന പേരിൽ പുറജാതി ഉത്സവങ്ങളെ “ക്രിസ്ത്യാനിത്വ”ത്തിലേക്ക് സ്വീകരിക്കുന്നത് എങ്ങനെ കാണപ്പെടുമെന്ന് പരിചിന്തിക്കുക: “അവിശ്വാസികളോടു ഇണയല്ലാപ്പിണ കൂടരുതു; നീതിക്കും അധർമ്മത്തിനും തമ്മിൽ എന്തോരു ചേർച്ച? . . . അല്ല, വിശ്വാസിക്ക് അവിശ്വാസിയുമായി എന്തു ഓഹരി? . . . അതുകൊണ്ടു ‘അവരുടെ നടുവിൽനിന്ന് പുറപ്പെട്ടു വേർപെട്ടിരിപ്പിൻ എന്നു കർത്താവ് അരുളിച്ചെയ്യുന്നു; അശുദ്ധമായതു ഒന്നും തൊടരുതു; എന്നാൽ ഞാൻ നിങ്ങളെ കൈക്കൊള്ളും.’” (2 കൊരിന്ത്യർ 6:14-17) എന്ത് ഒഴികഴിവുകൾ പറഞ്ഞാലും ക്രിസ്ത്യാനിത്വത്തിൽ പുറജാതീയ ഉത്സവങ്ങളെക്കൊണ്ട് മായംചേർക്കുന്നത് യാതൊരു പ്രകാരത്തിലും യേശുവിനെ രക്ഷിതാവായി സ്വാഗതംചെയ്യുകയല്ല. യേശു ജഡത്തിൽ വന്ന ഒന്നാം നൂററാണ്ടിൽ അത് അനുചിതമായിരിക്കുമായിരുന്നു. അത് ഇന്നും അല്ലെങ്കിൽ ദൈവത്തിന്റെ ന്യായവിധികൾ നടത്താൻ ക്രിസ്തു രാജാവായി വരുന്ന ഭാവിയിലും അതുപോലെതന്നെ അനുചിതമായിരിക്കും. (വെളിപ്പാട് 19:11-16) യഥാർത്ഥത്തിൽ ഒരു “ക്രിസ്തീയ” പ്രച്ഛന്ന വേഷത്തിൽ പുറജാതി ഉത്സവങ്ങൾ ആഘോഷിക്കാൻ കൂടുതലിഷ്ടപ്പെടുന്നവർ യേശുക്രിസ്തുവിനെ ശരിക്കും നിഷേധിക്കുകയായിരിക്കാം.
“മറഞ്ഞിരിക്കുന്ന ക്രിസ്ത്യാനികൾ” പുനഃസ്ഥിതീകരിക്കപ്പെട്ടില്ല
ജപ്പാനിൽ ഷോഗൺ യുഗത്തിൽ കത്തോലിക്കർക്ക് സംഭവിച്ചതിൽനിന്ന് ഒരു പാഠം പഠിക്കുക. 1614-ൽ കത്തോലിക്കാമതത്തിന്റെ അടിച്ചമർത്തൽ തുടങ്ങിയപ്പോൾ ഏതാണ്ട് 3,00,000 ജാപ്പനീസ് കത്തോലിക്കർക്ക് മൂന്നു കാര്യങ്ങളേ തെരഞ്ഞെടുക്കാനുണ്ടായിരുന്നുള്ളു: രക്തസാക്ഷികളാകുക, തങ്ങളുടെ വിശ്വാസം ഉപേക്ഷിക്കുക, അല്ലെങ്കിൽ ഒളിവിൽ പോകുക. ഒളിവിൽ പോയവർ മറഞ്ഞിരിക്കുന്ന ക്രിസ്ത്യാനികൾ എന്നു വിളിക്കപ്പെട്ടു. തങ്ങളുടെ വിശ്വാസത്തെ പ്രച്ഛന്നവേഷംധരിപ്പിക്കാൻ അവർ വിവിധ ബുദ്ധമത, ഷിന്റോ ആചാരങ്ങളോട് അനുരൂപപ്പെട്ടു. അവർ തങ്ങളുടെ ആരാധനാക്രമത്തിൽ മരിയാ കാന്നോൻ ഉപയോഗിച്ചു, അത് ഒരു ശിശുവിനെ പിടിച്ചുകൊണ്ടിരിക്കുന്ന ഒരു മാതാവിന്റെ രൂപത്തിലുള്ള ബൗദ്ധ ബോധിസത്വയായി പ്രച്ഛന്ന വേഷമണിഞ്ഞ മറിയ ആയിരുന്നു.അവരുടെ ഉത്സവങ്ങൾ ബുദ്ധമതത്തെയും കത്തോലിക്കാമതത്തെയും നാടോടിമതത്തെയും ഷിന്റോ ആചാരമതത്തെയും കൂട്ടിക്കലർത്തി. എന്നിരുന്നാലും, ബുദ്ധമത ശവസംസ്കാരങ്ങൾക്ക് സംബന്ധിക്കാൻ നിർബന്ധിതരായപ്പോൾ അവർ ക്രിസ്തീയ പ്രാർത്ഥനകൾ ഉരുവിടുകയും ബുദ്ധമതശുശ്രൂഷയെ നിർവീര്യമാക്കാനുള്ള ഒരു ചടങ്ങായ മോഡോഷി നിർവഹിക്കുകയുംചെയ്തു. ആ “ക്രിസ്ത്യാനികൾ”ക്ക് എന്തു സംഭവിച്ചു?
“കിറിഷിററാൻസിൽ [ക്രിസ്ത്യാനികൾ] ഭൂരിപക്ഷത്തെയും സംബന്ധിച്ചടത്തോളം ഷിന്റോ, ബുദ്ധമത ദൈവങ്ങളുടെ ആരാധന ഉപേക്ഷിക്കുക പ്രയാസമാക്കിത്തീർത്ത ഒരു മതബന്ധം അവരിൽ വളർന്നുവന്നു” എന്ന് മറഞ്ഞിരിക്കുന്ന ക്രിസ്ത്യാനികൾ [ഇംഗ്ലീഷ്] എന്ന പുസ്തകം വിശദീകരിക്കുന്നു. നിരോധനം നീക്കപ്പെടുകയും കത്തോലിക്കാ മിഷനറിമാർ ജപ്പാനിലേക്ക് മടങ്ങുകയുംചെയ്തപ്പോൾ ആ “മറഞ്ഞിരിക്കുന്ന ക്രിസ്ത്യാനികളിൽ” ഭൂരിപക്ഷവും അവർ തങ്ങളുടെ മാതൃകയിലുള്ള സമ്മിശ്രമതത്തോടു പററിനിന്നു.
എന്നിരുന്നാലും, കത്തോലിക്കാമതത്തിൽ പുനഃസ്ഥിതീകരിക്കപ്പെടാൻ വിസമ്മതിച്ച ആ “മറഞ്ഞിരിക്കുന്ന ക്രിസ്ത്യാനികളെ” കത്തോലിക്കാസഭക്ക് ന്യായമായി വിമർശിക്കാൻകഴിയുമോ? അതുപോലെതന്നെ കത്തോലിക്കാ സഭ ക്രിസ്മസ് ഉൾപ്പെടെ അനേകം പുറജാതീയ ഉപദേശങ്ങളും ഉത്സവങ്ങളും സ്വീകരിച്ചിട്ടുണ്ട്. ക്രിസ്ത്യാനികൾ എന്ന് അവകാശപ്പെടുന്നുവെങ്കിലും, കത്തോലിക്കരും പ്രോട്ടസ്ററൻറുകാരും തങ്ങളുടെ “ക്രിസ്ത്യാനിത്വ”ത്തെ വിജാതീയ ഉത്സവങ്ങളാൽ പുറജാതീയമാക്കിയെങ്കിൽ അവരും യേശുക്രിസ്തുവിനെ നിരസിക്കുകയായിരിക്കുകയില്ലേ?
സത്യക്രിസ്ത്യാനിത്വത്തിൽ പുനഃസ്ഥിതീകരിക്കപ്പെടുന്നു
മുപ്പത്താറു വർഷമായി ഒരു അർപ്പിത കത്തോലിക്കാവിശ്വാസിയായിരുന്ന സെററ്സുക്കോ ഒടുവിൽ അത് തിരിച്ചറിഞ്ഞു. രണ്ടാംലോകമഹായുദ്ധത്തിനുശേഷം അവർ ഒരു കത്തോലിക്കാപള്ളിയോടു സഹവസിച്ചുകൊണ്ട് അവർ അവരുടെ ആത്മീയശൂന്യാവസ്ഥ നികത്താൻ ശ്രമിച്ചിരുന്നു. പള്ളിക്കകത്തും പുറത്തും പ്രഭാപൂരിതമായ ക്രിസ്മസ് മരങ്ങൾ കാണുകയും ക്രിസ്മസ് കുറുബാനയിൽ സംബന്ധിക്കുകയും ചെയ്തപ്പോൾ ‘എത്ര സംതൃപ്തികരം!’ എന്ന് അവർ വിചാരിച്ചു. “അടുത്തുണ്ടായിരുന്ന പള്ളികളെക്കാൾ മികച്ചുനിന്ന ഞങ്ങളുടെ മനോഹരമായ അലങ്കാരങ്ങളിൽ എനിക്ക് അഭിമാനം തോന്നി”, അവർ പറഞ്ഞു. എന്നിരുന്നാലും, സെററ്സുക്കോയിക്ക് യഥാർത്ഥത്തിൽ കത്തോലിക്കാപഠിപ്പിക്കലുകളെക്കുറിച്ചുള്ള ഗ്രാഹ്യമില്ലായിരുന്നു, കുറേക്കാലം അവർ സണ്ടേസ്കൂളിൽ പഠിപ്പിച്ചിരുന്നെങ്കിലും. അതുകൊണ്ട് പള്ളിപ്രവർത്തനങ്ങളിൽ കൂടുതൽ ഉൾപ്പെടാൻ അവർ ആഗ്രഹിച്ചപ്പോൾ അവർ തന്റെ പുരോഹിതനോട് ചുരുക്കംചില ചോദ്യങ്ങൾ ചോദിച്ചു. പുരോഹിതൻ അവരുടെ ചോദ്യങ്ങൾക്ക് ഉത്തരം പറയുന്നതിനു പകരം അവരെ തുച്ഛീകരിക്കുകയാണു ചെയ്തത്. നിരാശയോടെ അവർ സ്വന്തമായി ബൈബിൾ പഠിക്കാൻ തീരുമാനിച്ചു. രണ്ടാഴ്ചകൾക്കുശേഷം യഹോവയുടെ സാക്ഷികൾ അവരെ സന്ദർശിച്ചു, അവർ ഒരു ഭവനബൈബിളദ്ധ്യയനത്തിന് സമ്മതിച്ചു.
അവർ ഇങ്ങനെ വിശദീകരിക്കുന്നു: “എന്റെ മുൻവിശ്വാസങ്ങളെ ഖണ്ഡിച്ച ബൈബിൾസത്യങ്ങളെ അഭിമുഖീകരിക്കുന്നത് വേദനാജനകമായിരുന്നു. ഞാൻ അസ്വസ്ഥയായതുനിമിത്തം എനിക്ക് മുടികൊഴിച്ചിൽ പോലും (അലോപെഷ്യാ ന്യൂറോട്ടിക്കാ) ഉണ്ടായി. എന്നിരുന്നാലും, ക്രമേണ സത്യത്തിന്റെ വെളിച്ചം എന്റെ ഹൃദയത്തിൽ പ്രകാശിച്ചു. ഇടയൻമാർ രാത്രിയിൽ വെളിയിൽ ആടുകളെ മേയിക്കുകയില്ലാത്ത ഒരു തണുത്ത മഴക്കാല ഡിസംബറിൽ യേശു ജനിച്ചിരിക്കാവുന്നതല്ല എന്നു മനസ്സിലാക്കിയപ്പോൾ ഞാൻ ഞെട്ടിപ്പോയി. (ലൂക്കോസ് 2:8-12) അത് ക്രിസ്തുവിന്റെ ജനനത്തെക്കുറിച്ചുള്ള എന്റെ പ്രതിച്ഛായയെ തകർത്തു, എന്തെന്നാൽ ആടുകളുടെയും ഇടയൻമാരുടെയും രംഗങ്ങളെ അലങ്കരിക്കാൻ ഞങ്ങൾ മഞ്ഞെന്നനിലയിൽ പഞ്ഞിയുടെ പാളികൾ ഉപയോഗിച്ചിരുന്നു.
ബൈബിൾ യഥാർത്ഥത്തിൽ പഠിപ്പിക്കുന്നതിനെക്കുറിച്ച് ബോദ്ധ്യം വന്നശേഷം സെററ്സുക്കോ ക്രിസ്മസ് ആഘോഷം നിർത്താൻ തീരുമാനിച്ചു. ഇപ്പോൾ അവർക്ക് ആണ്ടിലൊരിക്കലുള്ള ക്രിസ്മസ് ആത്മാവില്ല, എന്നാൽ എല്ലാ ദിവസവും സന്തോഷകരമായ ക്രിസ്തീയ കൊടുക്കലിന്റെ ആത്മാവ് പ്രകടമാക്കുന്നു.
നിങ്ങൾ ആത്മാർത്ഥമായി ക്രിസ്തുവിൽ വിശ്വസിക്കുന്നുവെങ്കിൽ, പുറജാതികൾ ക്രിസ്മസിനെ മലിനീകരിക്കുന്നതു കാണുമ്പോൾ മുഷിയരുത്. അവർ അത് ആദ്യം ആയിരുന്നതിനെ—ഒരു പുറജാതീയ ഉത്സവം—ആവർത്തിക്കുകമാത്രമാണ് ചെയ്യുന്നത്. ക്രിസ്മസ് ഒരു സ്വർഗ്ഗീയ രാജാവെന്ന നിലയിൽ അദൃശ്യമായി മടങ്ങിവന്നിരിക്കുന്ന യേശുക്രിസ്തുവിനെ സ്വാഗതംചെയ്യാൻ ആരെയും നയിക്കുന്നില്ല. (മത്തായി, അദ്ധ്യായങ്ങൾ 24ഉം 25ഉം; മർക്കോസ് അദ്ധ്യായം 13; ലൂക്കോസ്, അദ്ധ്യായം 21) പകരം, സത്യക്രിസ്ത്യാനികൾ വർഷത്തിലുടനീളം ക്രിസ്തുസമാനമായ ഒരു ആത്മാവ് പ്രകടമാക്കുന്നു, ക്രിസ്തു എന്തിന്റെ രാജാവായിത്തീർന്നിരിക്കുന്നുവോ ആ രാജ്യത്തിന്റെ സുവാർത്ത അവർ ഘോഷിക്കുകയുംചെയ്യുന്നു. അങ്ങനെയാണ് രക്ഷകനും രാജ്യത്തിന്റെ രാജാവുമെന്ന നിലയിൽ യേശുക്രിസ്തുവിനെ നാം സ്വാഗതംചെയ്യാൻ ദൈവം ആഗ്രഹിക്കുന്നത്.—സങ്കീർത്തനം 2:6-12. (w91 12/15)
[അടിക്കുറിപ്പുകൾ]
a പരിച്ഛേദനയുടെ വിവാദപ്രശ്നം സംബന്ധിച്ച് പൗലോസ് പ്രതികരിച്ച രണ്ടു വിധം താരതമ്യംചെയ്യുക. “പരിച്ഛേദന ഏതുമില്ല” എന്ന് അവൻ അറിഞ്ഞിരുന്നുവെങ്കിലും അവൻ അമ്മവഴിക്ക് ഒരു യഹൂദനായിരുന്ന, സഞ്ചാരകൂട്ടാളിയായ തിമൊഥെയോസിനെ പരിച്ഛേദന കഴിപ്പിച്ചു. (1 കൊരിന്ത്യർ 7:19; പ്രവൃത്തികൾ 16:3) തീത്തോസിന്റെ കാര്യത്തിൽ, യഹൂദമതാനുകൂലികളോടുള്ള പോരാട്ടത്തിൽ തത്വത്തിന്റെ ഒരു സംഗതിയെന്ന നിലയിൽ അവനെ പരിച്ഛേദനകഴിപ്പിക്കുന്നത് ഒഴിവാക്കി. (ഗലാത്യർ 2:3) തീത്തോസ് ഒരു ഗ്രീക്കുകാരനായിരുന്നു, തന്നിമിത്തം തിമൊഥെയോസിൽനിന്നു വ്യത്യസ്തമായി പരിച്ഛേദന കഴിക്കുന്നതിന് ന്യായമായ കാരണമില്ലായിരുന്നു. ഒരു പുറജാതിയായിരുന്ന തീത്തോസ് പരിച്ഛേദനയേൽക്കുന്നുവെങ്കിൽ ‘ക്രിസ്തുവിനെക്കൊണ്ട് അവനു പ്രയോജനമുണ്ടായിരിക്കയില്ല.’—ഗലാത്യർ 5:2-4.
[7-ാം പേജിലെ ചിത്രം]
സത്യക്രിസ്ത്യാനികൾ വർഷത്തിലുടനീളം യേശുവിനെ ആദരിക്കുന്നു