യഹോവയുടെ രക്ഷിക്കുന്ന ഭുജത്തിൽ ആശ്രയിക്കുക
“യഹോവേ, . . . ഓരോ പ്രഭാതത്തിലും ഞങ്ങളുടെ ഭുജം, അതെ, കഷ്ടകാലത്ത് ഞങ്ങളുടെ രക്ഷ, ആയിത്തീരേണമേ.”—യെശയ്യാവ് 33:2.
1. ഏതർത്ഥത്തിലാണ് യഹോവക്ക് ഒരു ബലമുള്ള ഭുജമുള്ളത്?
യഹോവക്ക് ബലമുള്ള ഒരു ഭുജമുണ്ട്. തീർച്ചയായും, “ദൈവം ആത്മാവാകുന്നു”വെന്നുള്ളതുകൊണ്ട് അവ ജഡിക ഭുജങ്ങളല്ല. (യോഹന്നാൻ 4:24) ബൈബിളിൽ ആലങ്കാരിക ഭുജം ശക്തി പ്രയോഗിക്കാനുള്ള പ്രാപ്തിയെ പ്രതിനിധാനംചെയ്യുന്നു. അങ്ങനെ ദൈവം തന്റെ ഭുജംകൊണ്ടാണ് തന്റെ ജനത്തെ വിടുവിക്കുന്നത്. തീർച്ചയായും, ‘ഒരു ഇടയനെപ്പോലെ ദൈവം തന്റെ കന്നുകാലിപ്പററത്തെ മേയിക്കുന്നു. അവൻ തന്റെ ഭുജംകൊണ്ട് തന്റെ കുഞ്ഞാടുകളെ കൂട്ടിച്ചേർക്കുന്നു, അവൻ തന്റെ മാർവിൽ അവയെ വഹിക്കുന്നു.’ (യെശയ്യാവ് 40:11; സങ്കീർത്തനം 23:1-4) യഹോവയുടെ സ്നേഹമസൃണമായ ഭുജങ്ങളിൽ അവന്റെ ജനത്തിന് എത്ര സുരക്ഷിതത്വമാണ് അനുഭവപ്പെടുന്നത്!
2. ഇവിടെ ഏതു ചോദ്യങ്ങൾ നമ്മുടെ പരിചിന്തനം അർഹിക്കുന്നു?
2 യഹോവയുടെ ഭുജം തന്റെ കഴിഞ്ഞ കാലത്തെയും ഇക്കാലത്തെയും ജനങ്ങളെ എങ്ങനെയാണ് രക്ഷിച്ചിരിക്കുന്നത്? ഒരു സഭയെന്ന നിലയിൽ അവർക്ക് ദൈവം എന്തു സഹായമാണ് കൊടുക്കുന്നത്? അവന്റെ ജനത്തിന് അവരുടെ ക്ലേശങ്ങളിലെല്ലാം അവന്റെ രക്ഷിക്കുന്ന ഭുജത്തിൽ ആശ്രയിക്കാൻ കഴിയുന്നതെന്തുകൊണ്ട്?
ദൈവത്തിന്റെ രക്ഷിക്കുന്ന ഭുജം പ്രവർത്തനത്തിൽ
3. ഈജിപ്ററിൽനിന്നുള്ള ഇസ്രയേലിന്റെ വിടുതൽ ആർ നിമിത്തമാണെന്ന് തിരുവെഴുത്തുകൾ പറയുന്നു?
3 ഇസ്രായേല്യരെ 3,500 വർഷം മുമ്പ് ഈജിപ്ററിലെ അടിമത്വത്തിൽനിന്ന് വിടുവിക്കുന്നതിനു മുമ്പ് ദൈവം തന്റെ പ്രവാചകനായ മോശയോട് ഇങ്ങനെ പറഞ്ഞു: “ഇസ്രായേൽപുത്രൻമാരോടു പറയുക, ‘ഞാൻ യഹോവയാകുന്നു, ഞാൻ തീർച്ചയായും ഈജിപ്ററുകാരുടെ ഭാരങ്ങളിൻകീഴിൽനിന്ന് നിങ്ങളെ പുറത്തുവരുത്തുകയും നിങ്ങളെ അവരുടെ അടിമത്വത്തിൽനിന്ന് വിടുവിക്കുകയും ചെയ്യും, ഞാൻ തീർച്ചയായും നിങ്ങളെ നീട്ടിയ ഭുജംകൊണ്ടും വലിയ ന്യായവിധികളാലും വീണ്ടുകൊള്ളും.’” (പുറപ്പാട് 6:6) അപ്പോസ്തലനായ പൗലോസ് പറയുന്നതനുസരിച്ച്, ദൈവം ഇസ്രായേല്യരെ ഈജിപ്ററിൽനിന്ന് “ഉയർത്തപ്പെട്ട ഒരു ഭുജംകൊണ്ട്” പുറത്തുകൊണ്ടുവന്നു. (പ്രവൃത്തികൾ 13:17) തങ്ങൾ നിർവഹിച്ച വാഗ്ദത്തനാടിന്റെ ജയിച്ചടക്കൽ ദൈവത്താലാണെന്ന് ആരോപിച്ചുകൊണ്ട് കോരഹ്പുത്രൻമാർ ഇങ്ങനെ പറഞ്ഞു: “അവർ തങ്ങളുടെ സ്വന്തം വാളിനാലല്ലായിരുന്നു ദേശം കൈവശപ്പെടുത്തിയത്, അവരുടെ സ്വന്തം ഭുജമല്ലായിരുന്നു അവർക്ക് രക്ഷ വരുത്തിയത്. എന്തുകൊണ്ടെന്നാൽ അത് നിന്റെ വലംകൈയും നിന്റെ ഭുജവും നിന്റെ മുഖത്തെ പ്രകാശവുമായിരുന്നു, എന്തുകൊണ്ടെന്നാൽ നീ അവരിൽ പ്രസാദിച്ചു.”—സങ്കീർത്തനം 44:3.
4. അസ്സീറിയൻ ആക്രമണത്തിന്റെ നാളുകളിൽ യഹോവയുടെ രക്ഷിക്കുന്ന ഭുജത്തിലുള്ള ആശ്രയത്തിന് എങ്ങനെ പ്രതിഫലം കിട്ടി?
4 യഹോവയുടെ ഭുജം അശ്ശൂറിന്റെ ആക്രമണനാളുകളിലും തന്റെ ജനത്തിന്റെ സഹായത്തിനെത്തി. ആ സമയത്ത് പ്രവാചകനായ യെശയ്യാവ് ഇങ്ങനെ പ്രാർത്ഥിച്ചു: “യഹോവേ, ഞങ്ങളോടു പ്രീതി കാട്ടേണമേ. നിന്നിൽ ഞങ്ങൾ പ്രത്യാശിച്ചിരിക്കുന്നു. ഓരോ പ്രഭാതത്തിലും ഞങ്ങളുടെ ഭുജം, അതെ, കഷ്ടകാലത്ത് ഞങ്ങളുടെ രക്ഷ, ആയിത്തീരേണമേ.” (യെശയ്യാവ് 33:2) ദൈവത്തിന്റെ ദൂതൻ അശ്ശൂർപാളയത്തിൽ 1,85,000 പേരെ കൊല്ലുകയും സെൻഹെരീബ് രാജാവ് യെരൂശലേമിൽനിന്ന് “മുഖത്തെ ലജ്ജയോടെ” തുരത്തപ്പെടുകയും ചെയ്തപ്പോൾ ആ പ്രാർത്ഥനക്ക് ഉത്തരം കിട്ടി. (2 ദിനവൃത്താന്തം 32:21; യെശയ്യാവ് 37:33-37) യഹോവയുടെ രക്ഷിക്കുന്ന ഭുജത്തിൽ ആശ്രയം വെക്കുന്നതിന് എല്ലായ്പ്പോഴും പ്രതിഫലം ലഭിക്കുന്നു.
5. ഒന്നാം ലോകമഹായുദ്ധകാലത്ത് പീഡിപ്പിക്കപ്പെട്ട ക്രിസ്ത്യാനികൾക്കുവേണ്ടി ദൈവത്തിന്റെ ബലമുള്ള ഭുജം എന്തു ചെയ്തു?
5 ഒന്നാം ലോകമഹായുദ്ധകാലത്ത് ദൈവത്തിന്റെ ബലമുള്ള ഭുജം പീഡിതരായ അഭിഷിക്ത ക്രിസ്ത്യാനികളെ രക്ഷിച്ചു. 1918-ൽ ഭരണസംഘത്തിന്റെ മുഖ്യ ആസ്ഥാനം അവരുടെ ശത്രുക്കളാൽ ആക്രമിക്കപ്പെട്ടു, സുപ്രസിദ്ധരായ സഹോദരൻമാർ തടവിലാക്കപ്പെട്ടു. ലൗകികാധികാരങ്ങളെ ഭയന്ന് അഭിഷിക്തർ ഫലത്തിൽ തങ്ങളുടെ സാക്ഷ്യവേല നിർത്തി. എന്നാൽ അവർ അതിന്റെ പുനരുജ്ജീവനത്തിനും നിഷ്ക്രിയത്വത്തിന്റെ പാപത്തിൽനിന്നും ഭയത്തിന്റെ അശുദ്ധിയിൽനിന്നുമുള്ള ശുദ്ധീകരണത്തിനും വേണ്ടി പ്രാർത്ഥിച്ചു. തടവിലാക്കപ്പെട്ടിരുന്ന സഹോദരൻമാർ അല്പകാലം കഴിഞ്ഞ് കുററവിമുക്തരായി വിടുവിക്കപ്പെടാനിടയാക്കിക്കൊണ്ട് ദൈവം പ്രതികരിച്ചു. 1919-ലെ അവരുടെ കൺവെൻഷനിൽ വ്യക്തമാക്കപ്പെട്ട സത്യങ്ങളുടെയും കർമ്മോദ്യുക്തമായ ദൈവാത്മാവിന്റെ പകരലിന്റെയും ഫലമായി അഭിഷിക്തർ യോവേൽ 2:28-32ന്റെ അന്തിമ നിവൃത്തിയായി നിർഭയമായ യഹോവാസേവനത്തിനുവേണ്ടി പുനരുജ്ജീവിപ്പിക്കപ്പെട്ടു—വെളിപ്പാട് 11:7-12
സഭയിലെ സഹായം
6. ഒരു സഭയിലെ പീഡാനുഭവത്തിന്റെ സാഹചര്യം സഹിക്കുക സാദ്ധ്യമാണെന്ന് നാം എങ്ങനെ അറിയുന്നു?
6 ദൈവം തന്റെ സ്ഥാപനത്തെ പൊതുവായി പിന്തുണക്കുമ്പോൾ, അവന്റെ ഭുജം അതിലെ വ്യക്തികളെ പിന്താങ്ങുന്നു. തീർച്ചയായും സകല മനുഷ്യരും അപൂർണ്ണരായതുകൊണ്ട് യാതൊരു സഭയിലും അവസ്ഥകൾ പൂർണ്ണമല്ല. (റോമർ 5:12) അതുകൊണ്ട് യഹോവയുടെ ചില ദാസൻമാർക്ക് ഒരു സഭയിൽ ചിലപ്പോൾ പീഡാനുഭവത്തിന്റെ ഒരു സാഹചര്യം അനുഭവപ്പെട്ടേക്കാം. ഉദാഹരണത്തിന്, ഗായോസ് സന്ദർശകരായ സഹോദരൻമാരെ സ്വീകരിക്കുന്നതിൽ “വിശ്വസ്തമായ ഒരു വേല” ചെയ്തുവെങ്കിലും ദെമത്രിയോസ് അവരെ സ്വീകരിക്കാതിരിക്കുകയും അതിഥിപ്രിയമുള്ളവരെ സഭയിൽനിന്ന് പുറന്തള്ളാൻ ശ്രമിക്കുകയുംപോലും ചെയ്തു. (3 യോഹന്നാൻ 5, 9, 10) എന്നിരുന്നാലും, യഹോവ ഗായോസിനെയും മററുള്ളവരെയും രാജ്യപ്രസംഗവേലയെ പിന്താങ്ങിക്കൊണ്ട് അതിഥിപ്രിയം കാണിക്കുന്നതിൽ തുടരാൻ സഹായിച്ചു. ദൈവത്തിലുള്ള പ്രാർത്ഥനാനിരതമായ ആശ്രയം നമ്മുടെ വിശ്വാസത്തെ പരീക്ഷിച്ചേക്കാവുന്ന ഒരു സാഹചര്യത്തെ തിരുത്തുന്നതിന് നാം അവനുവേണ്ടി കാത്തിരിക്കവേ വിശ്വസ്തപ്രവൃത്തികൾ ചെയ്തുകൊണ്ടിരിക്കാൻ നമ്മെ സഹായിക്കണം.
7. കൊരിന്ത്യസഭയിലെ ഏതു സാഹചര്യങ്ങൾ ഉണ്ടായിരുന്നിട്ടും അവിടത്തെ വിശ്വസ്ത ക്രിസ്ത്യാനികൾ ദൈവത്തിനായുള്ള തങ്ങളുടെ സമർപ്പണത്തെ നിറവേററി?
7 നിങ്ങൾ ഒന്നാം നൂററാണ്ടിലെ കൊരിന്ത്യസഭയോടു സഹവസിച്ചിരുന്നുവെന്നു സങ്കൽപ്പിക്കുക. ഒരു സമയത്ത് കക്ഷിപിരിവുകൾ അതിന്റെ ഐക്യത്തെയും ദുർമ്മാർഗ്ഗത്തിന്റെ അനുവാദം അതിന്റെ ആത്മാവിനെയും ഭീഷണിപ്പെടുത്തി. (1 കൊരിന്ത്യർ 1:10, 11; 5:1-5) വിശ്വാസികൾ അന്യോന്യം ലോകകോടതിയിൽ കയററി, ചിലർ വിവിധ കാര്യങ്ങൾ സംബന്ധിച്ച് വഴക്കടിച്ചു. (1 കൊരിന്ത്യർ 6:1-8; 8:1-13) പിണക്കവും അസൂയയും കോപവും കലക്കവും ജീവിതത്തെ പ്രയാസകരമാക്കി. ചിലർ പൗലോസിന്റെ അധികാരത്തെ ചോദ്യംചെയ്യുകയും അവന്റെ പ്രസംഗപ്രാപ്തിയെ നിസ്സാരീകരിക്കുകയും ചെയ്തു. (2 കൊരിന്ത്യർ 10:10) എന്നിരുന്നാലും, സഭയോട് സഹവസിച്ചിരുന്ന വിശ്വസ്തർ ആ പരിശോധനാകരമായ സമയത്ത് ദൈവത്തിനായുള്ള തങ്ങളുടെ സമർപ്പണത്തെ നിവർത്തിച്ചു.
8, 9. ഒരു സഭയിൽ പീഡാനുഭവത്തിന്റെ ഒരു സാഹചര്യം നമുക്കു നേരിടുന്നുവെങ്കിൽ നാം എന്തു ചെയ്യണം?
8 പീഡാനുഭവത്തിന്റേതായ ഒരു സാഹചര്യം ഉയർന്നുവരുന്നുവെങ്കിൽ, നാം ദൈവജനത്തോടു പററനിൽക്കേണ്ടതുണ്ട്. (യോഹന്നാൻ 6:66-69 താരതമ്യപ്പെടുത്തുക.) നമുക്ക് അന്യോന്യം ക്ഷമയുള്ളവരായിരിക്കാം, ചില വ്യക്തികൾ “പുതിയ വ്യക്തിത്വം ധരിക്കാനും” സഹാനുഭൂതിയും ദയയും മനസ്സിന്റെ എളിമയും സൗമ്യതയും ദീർഘക്ഷമയും ധരിക്കാനും മററുള്ളവരെ അപേക്ഷിച്ച് കൂടുതൽ സമയം എടുക്കുന്നുവെന്ന് തിരിച്ചറിഞ്ഞുകൊണ്ടുതന്നെ. ദൈവദാസൻമാർ പശ്ചാത്തലങ്ങളിലും വ്യത്യസ്തരായതുകൊണ്ട് നമ്മളെല്ലാം സ്നേഹം പ്രകടമാക്കുകയും ക്ഷമിക്കുകയും ചെയ്യേണ്ടതുണ്ട്.—കൊലോസ്യർ 3:10-14.
9 യഹോവക്കായുള്ള അനേകം വർഷത്തെ സേവനത്തിനുശേഷം ഒരു സഹോദരൻ ഇങ്ങനെ പറഞ്ഞു: “എനിക്ക് ഒരു സംഗതി ഏററവും പ്രധാനമായിട്ടുണ്ടെങ്കിൽ, അത് യഹോവയുടെ ദൃശ്യസ്ഥാപനത്തോട് അടുത്തുനിൽക്കുന്നതിന്റെ സംഗതിയാണ്. എന്റെ ആദ്യകാല അനുഭവം മാനുഷ ന്യായവാദത്തിൽ ആശ്രയിക്കുന്നത് എത്ര അനാരോഗ്യകരമാണെന്ന് എന്നെ പഠിപ്പിച്ചു. ആ ആശയം സംബന്ധിച്ച് എന്റെ മനസ്സ് ദൃഢമായിക്കഴിഞ്ഞപ്പോൾ ഞാൻ വിശ്വസ്തസഭയിൽ ഉറച്ചുനിൽക്കാൻ തീരുമാനിച്ചു. ഒരുവന് യഹോവയുടെ പ്രീതിയും അനുഗ്രഹവും എങ്ങനെ നേടാൻ കഴിയും?” നിങ്ങൾ സമാനമായി യഹോവയുടെ സന്തോഷമുള്ള ജനത്തോടുകൂടെ അവനെ സേവിക്കുന്നതിന്റെ പദവിയെ വിലമതിക്കുന്നുവോ? (സങ്കീർത്തനം 100:2) അങ്ങനെയെങ്കിൽ നിങ്ങൾ ദൈവസ്ഥാപനത്തിൽനിന്ന് നിങ്ങളെ വലിച്ചകററാനോ തന്നെ സ്നേഹിക്കുന്ന എല്ലാവരെയും രക്ഷിക്കുന്ന ഭുജത്തോടുകൂടിയവനുമായുള്ള ബന്ധത്തെ നശിപ്പിക്കാനോ യാതൊന്നിനെയും അനുവദിക്കുകയില്ല.
പരീക്ഷകൾ നമ്മെ ആക്രമിക്കുമ്പോൾ സഹായം
10. (എ) പ്രാർത്ഥന പരീക്ഷയെ അഭിമുഖീകരിക്കുന്നതിന് ദൈവജനത്തെ സഹായിക്കുന്നതെങ്ങനെ? (ബി) 1 കൊരിന്ത്യർ 10:13-ൽ പൗലോസ് എന്ത് ഉറപ്പുനൽകി?
10 ദൈവത്തിന്റെ സ്ഥാപനത്തോടു സഹവസിക്കുന്ന വിശ്വസ്തരായ വ്യക്തികളെന്ന നിലയിൽ നമുക്ക് പീഡാനുഭവസമയത്ത് അവന്റെ സഹായമുണ്ട്. ഉദാഹരണത്തിന്, നാം പരീക്ഷകളാൽ ആക്രമിക്കപ്പെടുമ്പോൾ അവനോടുള്ള നമ്മുടെ നിർമ്മലത പാലിക്കാൻ അവൻ നമ്മെ സഹായിക്കുന്നു. തീർച്ചയായും, നാം യേശുവിന്റെ ഈ വാക്കുകൾക്ക് ചേർച്ചയായി പ്രാർത്ഥിക്കണം: “ഞങ്ങളെ പരീക്ഷയിലേക്കു വരുത്തരുതേ, എന്നാൽ ദുഷ്ടനായവനിൽനിന്ന് ഞങ്ങളെ വിടുവിക്കേണമേ,” അതായത് പിശാചായ സാത്താനിൽനിന്ന്. (മത്തായി 6:9-13) ഫലത്തിൽ, നാം ദൈവത്തോട് അനുസരണക്കേടുകാണിക്കാൻ പരീക്ഷിക്കപ്പെടുമ്പോൾ പരാജയപ്പെടാൻ നമ്മെ അനുവദിക്കാതിരിക്കാൻ നാം ദൈവത്തോട് അപേക്ഷിക്കുകയാണ്. പീഡാനുഭവങ്ങളെ തരണംചെയ്യുന്നതിനുള്ള ജ്ഞാനത്തിനുവേണ്ടിയുള്ള നമ്മുടെ പ്രാർത്ഥനകൾക്കും അവൻ ഉത്തരം നൽകുന്നു. (യാക്കോബ് 1:5-8) യഹോവയുടെ ദാസൻമാർക്ക് അവന്റെ സഹായം ലഭിക്കുമെന്ന് ഉറപ്പുണ്ടായിരിക്കാൻ കഴിയും, എന്തെന്നാൽ പൗലോസ് ഇങ്ങനെ പറഞ്ഞു: “മനുഷ്യർക്ക് സാധാരണമായതല്ലാത്ത യാതൊരു പരീക്ഷയും നിങ്ങൾക്ക് നേരിട്ടിട്ടില്ല. എന്നാൽ ദൈവം വിശ്വസ്തനാകുന്നു, നിങ്ങൾക്ക് സഹിക്കാവുന്നതിനതീതമായി നിങ്ങൾ പരീക്ഷിക്കപ്പെടാൻ അവൻ അനുവദിക്കുകയില്ല, എന്നാൽ പരീക്ഷ സഹിക്കാൻ നിങ്ങൾ പ്രാപ്തരാകേണ്ടതിന് അവൻ അതിനോടുകൂടെ പോംവഴിയും ഉണ്ടാക്കും.” (1 കൊരിന്ത്യർ 10:13) അങ്ങനെയുള്ള പരീക്ഷയുടെ ഉറവ് എന്താണ്, ദൈവം എങ്ങനെയാണ് പോംവഴി ഉണ്ടാക്കുന്നത്?
11, 12. ഇസ്രായേല്യർ ഏതു പരീക്ഷകൾക്ക് വഴിപ്പെട്ടു, അവരുടെ അനുഭവങ്ങളിൽനിന്ന് നമുക്ക് എങ്ങനെ പ്രയോജനമനുഭവിക്കാൻ കഴിയും?
11 പരീക്ഷ വരുന്നത് ദൈവത്തോട് അവിശ്വസ്തരാകാൻ നമ്മെ പ്രേരിപ്പിക്കാൻ കഴിയുന്ന സാഹചര്യങ്ങളിൽനിന്നാണ്. പൗലോസ് പറഞ്ഞു: “[ഇസ്രായേല്യർ] ഹാനികരമായ കാര്യങ്ങൾ ആഗ്രഹിച്ചതുപോലെ, നാം അവ ആഗ്രഹിക്കുന്ന ആളുകളായിരിക്കാതിരിക്കേണ്ടതിന് ഇവ നമ്മുടെ ദൃഷ്ടാന്തങ്ങളായിത്തീർന്നു. അവരിൽ ചിലർ ആയിത്തീർന്നതുപോലെ വിഗ്രഹാരാധകരുമായിത്തീരരുത്; എഴുതപ്പെട്ടിരിക്കുന്നതുപോലെതന്നെ: ‘ജനം തിന്നാനും കുടിക്കാനും ഇരുന്നു, അവർ വിനോദത്തിനുവേണ്ടി എഴുന്നേററു.’ ഒരു ദിവസം കൊണ്ട് അവരിൽ ഇരുപത്തിമൂവായിരം പേർ വീഴാൻവേണ്ടിമാത്രം, അവരിൽ ചിലർ ദുർവൃത്തി നടത്തിയതുപോലെ നമുക്ക് ദുർവൃത്തിയും ആചരിക്കാതിരിക്കാം. അവരിൽ ചിലർ സർപ്പങ്ങളാൽ നശിക്കാൻവേണ്ടിമാത്രം യഹോവയെ പരീക്ഷിച്ചതുപോലെ നമുക്ക് അവനെ പരീക്ഷിക്കാതെയുമിരിക്കാം. വിനാശകനാൽ നശിക്കാൻമാത്രം അവരിൽ ചിലർ പിറുപിറുത്തതുപോലെ പിറുപിറുപ്പുകാരുമാകരുത്.”—1 കൊരിന്ത്യർ 10:6-10.
12 ദൈവം അത്ഭുതകരമായി പ്രദാനംചെയ്ത കാടകളെ ശേഖരിക്കുകയും ഭക്ഷിക്കുകയും ചെയ്യുന്നതിൽ അത്യാഗ്രഹം കാട്ടാനുള്ള പരീക്ഷക്ക് വഴങ്ങിയപ്പോൾ ഇസ്രായേല്യർ ഹാനികരമായ കാര്യങ്ങൾ ആഗ്രഹിച്ചു. (സംഖ്യാപുസ്തകം11:19, 20, 31-35) നേരത്തെ, മോശയുടെ അസാന്നിദ്ധ്യം കാളക്കുട്ടിയാരാധനയിൽ ഏർപ്പെടാനുള്ള പരീക്ഷ ഉളവാക്കിയപ്പോൾ അവർ വിഗ്രഹാരാധകരായിത്തീർന്നു. (പുറപ്പാട് 32:1-6) അവർ പരീക്ഷക്ക് വഴിപ്പെടുകയും മോവാബ്യസ്ത്രീകളുമായി ദുർവൃത്തിയിലേർപ്പെടുകയും ചെയ്തപ്പോൾ ആയിരങ്ങൾ നശിച്ചു. (സംഖ്യാപുസ്തകം 25:1-9) ഇസ്രയേല്യർ പരീക്ഷക്ക് വഴിപ്പെടുകയും മത്സരികളായിരുന്ന കോരഹിന്റെയും ദാഥാന്റെയും അബീരാമിന്റെയും നാശത്തെക്കുറിച്ച് പിറുപിറുക്കുകയും ചെയ്തപ്പോൾ ദിവ്യമായി അയക്കപ്പെട്ട ഒരു ബാധയാൽ 14,700 പേർ നശിച്ചു. (സംഖ്യാപുസ്തകം 16:41-49) ഈ പരീക്ഷകളിലൊന്നും ഇസ്രായേല്യർക്ക് ചെറുത്തുനിൽക്കാൻ കഴിയാത്തവിധം അത്ര കടുത്തതല്ലായിരുന്നുവെന്ന് നാം തിരിച്ചറിയുന്നുവെങ്കിൽ അങ്ങനെയുള്ള അനുഭവങ്ങളിൽനിന്ന് നമുക്ക് പ്രയോജനമനുഭവിക്കാൻ കഴിയും. അവർ വിശ്വാസം പ്രകടമാക്കുകയും ദൈവത്തിന്റെ സ്നേഹപൂർവകമായ പരിപാലനത്തോട് നന്ദിയുള്ളവരായിരിക്കുകയും അവന്റെ ന്യായപ്രമാണത്തിന്റെ നീതിയുക്തതയെ വിലമതിക്കുകയും ചെയ്തിരുന്നെങ്കിൽ അവർക്ക് ചെറുത്തുനിൽക്കാൻ കഴിയുമായിരുന്നു. അപ്പോൾ യഹോവയുടെ ഭുജം അവരെ രക്ഷിക്കുമായിരുന്നു, ഇന്ന് അതിന് നമ്മെ രക്ഷിക്കാൻ കഴിയുന്നതുപോലെ.
13, 14. തന്റെ ദാസൻമാർ പരീക്ഷയെ അഭിമുഖീകരിക്കുമ്പോൾ യഹോവ എങ്ങനെ പോംവഴി ഉണ്ടാക്കുന്നു?
13 ക്രിസ്ത്യാനികളെന്ന നിലയിൽ നാം മനുഷ്യവർഗ്ഗത്തിന് സാധാരണമായ പരീക്ഷകളെ അഭിമുഖീകരിക്കുന്നു. എന്നിരുന്നാലും, സഹായത്തിനുവേണ്ടി പ്രാർത്ഥിച്ചുകൊണ്ടും പരീക്ഷയെ ചെറുത്തുനിൽക്കാൻ ശ്രമിച്ചുകൊണ്ടും നമുക്ക് ദൈവത്തോട് വിശ്വസ്തരായി നിലകൊള്ളാൻ കഴിയും. ദൈവം വിശ്വസ്തനാണ്, നമുക്ക് സഹിക്കാവുന്നതിനതീതമായി നാം പരീക്ഷിക്കപ്പെടാൻ അവൻ അനുവദിക്കുകയില്ല. നാം ദൈവത്തോടു വിശ്വസ്തരാണെങ്കിൽ, അവന്റെ ഇഷ്ടംചെയ്യുക അസാദ്ധ്യമാണെന്ന് നാം ഒരിക്കലും കണ്ടെത്തുകയില്ല. പരീക്ഷയെ ചെറുത്തുനിൽക്കാൻ നമ്മെ ശക്തീകരിക്കുന്നതിനാൽ അവൻ പോംവഴി ഉണ്ടാക്കുന്നു [1 കൊരിന്ത്യർ 10:13]. ദൃഷ്ടാന്തത്തിന്, പീഡിപ്പിക്കപ്പെടുമ്പോൾ ദണ്ഡനമോ മരണമോ ഒഴിഞ്ഞുപോകാനുള്ള ആശയിൽ വിട്ടുവീഴ്ച ചെയ്യാൻ നാം പരീക്ഷിക്കപ്പെട്ടേക്കാം. എന്നാൽ നാം യഹോവയുടെ ബലമുള്ള ഭുജത്തിൽ ആശ്രയിക്കുന്നുവെങ്കിൽ, നമ്മുടെ വിശ്വാസത്തെ ബലപ്പെടുത്താനും നിർമ്മലത പാലിക്കാൻതക്ക ശക്തി നമുക്ക് നൽകാനും അവനു കഴിയാത്ത ഒരു ഘട്ടത്തിൽ പരീക്ഷ ഒരിക്കലും എത്തുന്നില്ല. അപ്പോസ്തലനായ പൗലോസ് പറഞ്ഞതുപോലെ: “ഞങ്ങൾ എല്ലാ വിധത്തിലും ഞെരുക്കപ്പെടുന്നു, എന്നാൽ അനങ്ങാൻപാടില്ലാതെ ഞെരുങ്ങിപ്പോകുന്നില്ല; ഞങ്ങൾ പരിഭ്രമിച്ചുപോകുന്നു, എന്നാൽ തികച്ചും പോംവഴിയില്ലാതെയല്ല; ഞങ്ങൾ പീഡിപ്പിക്കപ്പെടുന്നു, എന്നാൽ ദുർഘടാവസ്ഥയിൽ വിടപ്പെടുന്നില്ല; ഞങ്ങൾ മറിച്ചിടപ്പെടുന്നു, എന്നാൽ നശിപ്പിക്കപ്പെടുന്നില്ല.”—2 കൊരിന്ത്യർ 4:8, 9.
14 ഓർമ്മിപ്പിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന ഒന്നായി തന്റെ ആത്മാവിനെ ഉപയോഗിക്കുന്നതിനാലും യഹോവ തന്റെ ജനത്തെ പുലർത്തുന്നു. അത് തിരുവെഴുത്താശയങ്ങളെ മനസ്സിലേക്കു വരുത്തുകയും പരീക്ഷയെ ചെറുത്തുനിൽക്കത്തക്കവണ്ണം അവയെ ബാധകമാക്കുന്നതെങ്ങനെയെന്ന് തിരിച്ചറിയാൻ നമ്മെ സഹായിക്കുകയുംചെയ്യുന്നു. (യോഹന്നാൻ 14:26) യഹോവയുടെ വിശ്വസ്തദാസൻമാർക്ക് ഒരു പരീക്ഷയിൽ ഉൾപ്പെട്ടിരിക്കുന്ന വിവാദപ്രശ്നങ്ങൾ മനസ്സിലാകുന്നു, ഒരു തെററായ ഗതി പിന്തുടരാൻ അവർ വഞ്ചിക്കപ്പെടുന്നില്ല. പരീക്ഷക്ക് വഴിപ്പെടാതെ മരണംവരെ പോലും സഹിച്ചുനിൽക്കാൻ അവരെ പ്രാപ്തരാക്കിക്കൊണ്ട് ദൈവം പോംവഴി ഉണ്ടാക്കിയിരിക്കുന്നു. (വെളിപ്പാട് 2:10) യഹോവ തന്റെ ആത്മാവു മുഖേന തന്റെ ദാസൻമാരെ സഹായിക്കുന്നതിനു പുറമേ തന്റെ സ്ഥാപനത്തിന്റെ പ്രയോജനത്തിനുവേണ്ടി അവൻ തന്റെ ദൂതൻമാരെ ഉപയോഗിക്കുന്നു.—എബ്രായർ 1:14.
വ്യക്തിപരമായ കാര്യങ്ങളിൽ സഹായം
15. നമുക്ക് ശലോമോന്റെ ഗീതത്തിൽ എന്തു വ്യക്തിപരമായ സഹായം കണ്ടെത്താവുന്നതാണ്?
15 യഹോവയുടെ സ്ഥാപനത്തോടു സഹവസിക്കുന്നവർക്ക് വ്യക്തിപരമായ കാര്യങ്ങളിൽ അവന്റെ സഹായം ലഭിക്കുന്നു. ദൃഷ്ടാന്തത്തിന്, ചിലർ ഒരു ക്രിസ്തീയ ഇണയെ അന്വേഷിക്കുകയായിരിക്കാം. (1 കൊരിന്ത്യർ 7:39) ഒരു നിരാശ ഉണ്ടെങ്കിൽ, ഇസ്രയേലിലെ ശലോമോൻരാജാവിനെ പരിഗണിക്കുന്നത് സഹായകമായിരിക്കാം. അദ്ദേഹം ഒരു ശൂലേമ്യകന്യകയുടെ സമ്മതം നേടുന്നതിൽ പരാജയപ്പെട്ടു. കാരണം അവൾ എളിയ ഒരു ഇടയനെ സ്നേഹിച്ചിരുന്നു. ഈ സംഗതിസംബന്ധിച്ച രാജാവിന്റെ രേഖയെ ശലോമോന്റെ വിഫലസ്നേഹത്തിന്റെ ഗീതം എന്നു വിളിക്കാവുന്നതാണ്. ഒരു പ്രത്യേകകേസിൽ നമ്മുടെ സ്വന്തം പ്രേമാത്മക ശ്രമങ്ങൾ നിഷ്ഫലമാകുന്നുവെങ്കിൽ നാം കണ്ണുനീർ പൊഴിച്ചേക്കാം, എന്നാൽ ശലോമോൻ തന്റെ നിരാശയെ തരണംചെയ്തു, നമുക്കും അതു സാധിക്കും. ആത്മനിയന്ത്രണവും മററു ദൈവികഗുണങ്ങളും പ്രകടമാക്കാൻ ദൈവാത്മാവിനു നമ്മെ സഹായിക്കാൻ കഴിയും. ഏതൊരാളോടും പ്രേമാത്മകസ്നേഹം ഒരു വ്യക്തിക്ക് സാദ്ധ്യമല്ലെന്നുള്ള മിക്കപ്പോഴും വേദനാകരമായ വസ്തുത അംഗീകരിക്കാൻ അവന്റെ വചനം നമ്മെ സഹായിക്കുന്നു. (ശലോമോന്റെ ഗീതം 2:7. 3:5) എന്നിരുന്നാലും, നമ്മെ അതിയായി സ്നേഹിക്കുന്ന ഒരു സഹവിശ്വാസിയെ കണ്ടെത്തുക സാദ്ധ്യമായേക്കാമെന്ന് ശലോമോന്റെ ഗീതം പ്രകടമാക്കുന്നു. അതിലും പ്രധാനമായി, ഈ “ഉത്തമഗീതം” നിവർത്തിക്കപ്പെടുന്നത് നല്ല ഇടയനായ യേശുക്രിസ്തുവിന് അവന്റെ 144000 അഭിഷിക്ത അനുഗാമികളാകുന്ന “മണവാട്ടി”യോടുള്ള സ്നേഹത്തിലാണ്.—ശലോമോന്റെ ഗീതം 1:1; വെളിപ്പാട് 14:1-4; 21:2, 9; യോഹന്നാൻ 10:14.
16. വിവാഹിതക്രിസ്ത്യാനികൾ അനുഭവിക്കുന്ന “തങ്ങളുടെ ജഡത്തിലെ കഷ്ടത”യിൽ എന്ത് ഉൾപ്പെട്ടേക്കാം?
16 ഒരു വിശ്വാസിയെ വിവാഹംകഴിക്കുന്നവർക്കുപോലും “തങ്ങളുടെ ജഡത്തിൽ കഷ്ടത” ഉണ്ട്. (1 കൊരിന്ത്യർ 7:28) ഭർത്താവും ഭാര്യയും അവരുടെ മക്കളും ഉൾപ്പെടുന്ന ആശങ്കകളും ഉത്ക്കണ്ഠകളുമുണ്ടായിരിക്കും. (1 കൊരിന്ത്യർ 7:32-35) രോഗം ഭാരങ്ങളും സമ്മർദ്ദവും കൈവരുത്തിയേക്കാം. പീഡനം തന്റെ കുടുംബത്തിന് ജീവിതാവശ്യങ്ങൾ സാധിച്ചുകൊടുക്കുന്നത് ഒരു ക്രിസ്തീയ പിതാവിന് പ്രയാസകരമാക്കിത്തീർത്തേക്കാം. തടവുവാസത്താൽ മാതാപിതാക്കളും മക്കളും വേർപെടുത്തപ്പെട്ടേക്കാം. ചിലർ ദണ്ഡിപ്പിക്കപ്പെടുകയോ വധിക്കപ്പെടുകപോലുമോ ചെയ്തേക്കാം. എന്നാൽ അങ്ങനെയുള്ള സാഹചര്യങ്ങളിലെല്ലാം നാം യഥാർത്ഥത്തിൽ യഹോവയുടെ രക്ഷിക്കുന്ന ഭുജത്തിൽ ആശ്രയിക്കുന്നുവെങ്കിൽ നമുക്ക് വിശ്വാസത്തെ തള്ളിപ്പറയാനുള്ള പരീക്ഷകളെ ചെറുത്തുനിൽക്കാൻ കഴിയും.—സങ്കീർത്തനം 145:14.
17. ഏത് കുടുംബപ്രശ്നം സഹിക്കാൻ യഹോവ ഇസ്ഹാക്കിനെയും റിബേക്കായെയും പ്രാപ്തരാക്കി?
17 ചില പീഡാനുഭവങ്ങൾ നാം ദീർഘകാലം സഹിച്ചുനിൽക്കേണ്ടതുണ്ടായിരിക്കാം. ഉദാഹരണത്തിന്, ഒരു പുത്രൻ ഒരു അവിശ്വാസിയെ വിവാഹംചെയ്തുകൊണ്ട് അവന്റെ ദൈവഭക്തരായ മാതാപിതാക്കൾക്ക് ദുഃഖംവരുത്തിയേക്കാം. ഗോത്രപിതാവായ ഇസ്ഹാക്കിന്റെയും അവന്റെ ഭാര്യയായിരുന്ന റിബേക്കയുടെയും കുടുംബത്തിൽ അതു സംഭവിച്ചു. 40 വയസ്സുണ്ടായിരുന്ന അവരുടെ പുത്രൻ ഏശാവ് രണ്ടു ഹിത്യസ്ത്രീകളെ വിവാഹംചെയ്തു, അവർ “ഇസ്ഹാക്കിനും റിബേക്കക്കും മനോവ്യസനത്തിന്റെ ഉറവ്” ആയിരുന്നു. യഥാർത്ഥത്തിൽ, “റിബേക്കാ ഇസ്ഹാക്കിനോട് ഇങ്ങനെ പറഞ്ഞുകൊണ്ടിരുന്നു: ‘ഹേത്തിന്റെ പുത്രിമാർ നിമിത്തം എന്റെ ഈ ജീവിതത്തെ ഞാൻ വെറുക്കാനിടയായിരിക്കുന്നു. യാക്കോബ് [അവരുടെ മറേറ പുത്രൻ] ദേശത്തിലെ പുത്രിമാരിൽനിന്നുള്ള ഇവരെപ്പോലെ ഹേത്തിന്റെ പുത്രിമാരിൽനിന്ന് ഒരു ഭാര്യയെ എന്നെങ്കിലും എടുക്കുന്നുവെങ്കിൽ ജീവിതംകൊണ്ട് എനിക്ക് എന്തു പ്രയോജനം?’” (ഉല്പത്തി 26:34, 35; 27:46) പ്രത്യക്ഷത്തിൽ, ഈ നീണ്ടുനിന്ന പ്രശ്നം ഹേതുവായി റിബേക്കയുടെ നീതിയുള്ള ദേഹി ദണ്ഡിപ്പിക്കപ്പെട്ടിരുന്നു. (2 പത്രോസ് 2:7, 8 താരതമ്യംചെയ്യുക.) എന്നിരുന്നാലും, തന്നോട് ശക്തമായ ഒരു ബന്ധം നിലനിർത്തവേ ഈ പീഡാനുഭവം സഹിക്കാൻ പ്രാപ്തരാക്കിക്കൊണ്ട് ഇസ്ഹാക്കിനെയും റിബേക്കയെയും യഹോവയുടെ ഭുജം പിന്താങ്ങി.
18. ദൈവത്തിന്റെ സഹായത്താൽ സി. ററി. റസ്സൽ ഏത് വ്യക്തിപരമായ പീഡാനുഭവം സഹിച്ചു?
18 സ്നാപനമേററ ഒരു കുടുംബാംഗം ദൈവസേവനത്തിൽ മന്ദീഭവിക്കുമ്പോൾ അത് സങ്കടകരമാണ്. (2 തിമൊഥെയോസ് 2:15) എന്നിരുന്നാലും ചിലർക്ക് ഒരു ഇണയുടെ ആത്മീയ നഷ്ടം പോലും അനുഭവപ്പെട്ടിട്ടുണ്ട്, വാച്ച്ററവർ സൊസൈററിയുടെ ഒന്നാമത്തെ പ്രസിഡണ്ടായിരുന്ന ചാൾസ് റെറയ്സ് റസ്സലിന് അങ്ങനെ സംഭവിച്ചു. അദ്ദേഹത്തിന്റെ ഭാര്യ സൊസൈററിയുമായുള്ള തന്റെ ബന്ധം വിച്ഛേദിക്കുകയും ഏതാണ്ട് 18 വർഷത്തെ ദാമ്പത്യബന്ധത്തിനുശേഷം 1897ൽ അദ്ദേഹത്തെ ഉപേക്ഷിക്കുകയും ചെയ്തു. 1903ൽ ഭാര്യ നിയമപരമായ വേർപാടിന് കേസുകൊടുക്കുകയും 1908ൽ അത് അനുവദിക്കപ്പെടുകയും ചെയ്തു. നേരത്തെയുള്ള ഒരു കത്തിൽ അദ്ദേഹം അവരോട് ഇങ്ങനെ പറഞ്ഞപ്പോൾ അദ്ദേഹത്തിന്റെ ദുഃഖം പ്രകടമായിരുന്നു: “ഞാൻ ആത്മാർത്ഥമായി കർത്താവിനോട് നിനക്കുവേണ്ടി പ്രാർത്ഥിച്ചിട്ടുണ്ട്. . . . എന്റെ ദുഃഖത്തിന്റെ കണക്കുകൾകൊണ്ട് ഞാൻ നിന്നെ ഭാരപ്പെടുത്തുകയോ എന്റെ വികാരങ്ങൾ വിശദമായി വർണ്ണിച്ചുകൊണ്ട് നിന്റെ സഹതാപം ഉണർത്താൻ ശ്രമിക്കുകയോ ഇല്ല, ഞാൻ ചിലപ്പോൾ നിന്റെ മുൻവ്യക്തിത്വത്തെ എന്റെ മനസ്സിലേക്ക് ഭംഗ്യന്തരേണ ആനയിക്കുന്ന നിന്റെ വസ്ത്രങ്ങളും മററു വസ്തുക്കളും കാണാറുണ്ട്—സ്നേഹവും സഹതാപവും സഹായമനഃസ്ഥിതിയും—ക്രിസ്തുവിന്റെ ആത്മാവ്—നിറഞ്ഞതുതന്നെ. . . . ഹാ, ഞാൻ പറയാൻ പോകുന്നത് പ്രാർത്ഥനാപൂർവം പരിചിന്തിക്കുക. എനിക്ക് ഏററം വേദനാജനകമായത്, അതിന്റെ വൈകാരികഫലം, ശേഷിച്ച ജീവിതയാത്രയിലെ എന്റെ സ്വന്തം ഏകാന്തതയല്ല, പിന്നെയോ, പ്രിയേ എനിക്ക് കാണാൻ കഴിയുന്നടത്തോളം നിന്റെ വീഴ്ചയാണ്, നിന്റെ നിത്യനഷ്ടം.” അങ്ങനെയുള്ള ഹൃദയവേദന ഉണ്ടായിരുന്നിട്ടും റസ്സലിന് അദ്ദേഹത്തിന്റെ ഭൗമികജീവിതത്തിന്റെ അവസാനംവരെ ദൈവത്തിന്റെ പിന്തുണ ഉണ്ടായിരുന്നു. (സങ്കീർത്തനം 116:12-15) യഹോവ എല്ലായ്പ്പോഴും തന്റെ വിശ്വസ്തദാസൻമാരെ പിന്താങ്ങുന്നു.
സകല ക്ലേശങ്ങളിൽനിന്നും
19. ക്ലേശകരമായ പ്രശ്നങ്ങൾ തങ്ങിനിൽക്കുന്നുവെങ്കിൽ നാം എങ്ങനെ വർത്തിക്കണം?
19 യഹോവയുടെ ജനം അവനെ “രക്ഷിക്കൽ പ്രവർത്തനങ്ങളുടെ ഒരു ദൈവം” “ദിവസവും നമുക്കുവേണ്ടി ചുമടു വഹിക്കുന്ന” ഒരുവൻ ആയി അറിയുന്നു. (സങ്കീർത്തനം 68:19, 20) അതുകൊണ്ട്, അവന്റെ ഭൗമികസ്ഥാപനത്തോട് സഹവസിക്കുന്ന സമർപ്പിതവ്യക്തികളെന്ന നിലയിൽ ക്ലേശകരമായ പ്രശ്നങ്ങൾ തങ്ങിനിൽക്കുന്നുവെങ്കിൽ നമുക്ക് ഒരിക്കലും നിരാശക്ക് കീഴ്പ്പെടാതിരിക്കാം. “ദൈവം നമുക്ക് ഒരു സങ്കേതവും ബലവും ക്ലേശ സമയങ്ങളിൽ അനായാസം കണ്ടെത്താവുന്ന ഒരു സഹായവുമാകുന്നു” എന്ന് ഓർക്കുക. (സങ്കീർത്തനം 46:1) അവനിലുള്ള നമ്മുടെ ആശ്രയത്തിന് എല്ലായ്പ്പോഴും പ്രതിഫലം കിട്ടുന്നു. “ഞാൻ യഹോവയോട് അന്വേഷിച്ചു, അവൻ എനിക്ക് ഉത്തരം നൽകി, എന്റെ സകല ഭീതികളിൽനിന്നും അവൻ എന്നെ വിടുവിച്ചു. . . . ഈ പീഡിതൻ വിളിച്ചു, യഹോവതന്നെ കേട്ടു. അവന്റെ സകല ക്ലേശങ്ങളിൽനിന്നും അവൻ അവനെ രക്ഷിച്ചു”വെന്ന് ദാവീദ് പറഞ്ഞു.—സങ്കീർത്തനം 34:4-6.
20. ഏതു ചോദ്യം പരിചിന്തനത്തിന് അവശേഷിക്കുന്നു?
20 അതെ, നമ്മുടെ സ്വർഗ്ഗീയ പിതാവ് തന്റെ ജനത്തെ സകല ക്ലേശങ്ങളിൽനിന്നും രക്ഷിക്കുന്നു. അവൻ സഭാകാര്യങ്ങളിലും വ്യക്തിപരമായ കാര്യങ്ങളിലും സഹായം നൽകിക്കൊണ്ട് തന്റെ ഭൗമികസ്ഥാപനത്തെ പിന്തുണക്കുന്നു. തീർച്ചയായും, “യഹോവ തന്റെ ജനത്തെ ഉപേക്ഷിക്കുകയില്ല.” (സങ്കീർത്തനം 94:14) എന്നാൽ യഹോവ തന്റെ ജനത്തെ വ്യക്തിപരമായി സഹായിക്കുന്ന മററു വിധങ്ങൾ നമുക്ക് അടുത്തതായി പരിചിന്തിക്കാം. രോഗികളോ മാനസികമായി വിഷാദമഗ്നരോ മരണംമൂലം ദുഃഖബാധിതരോ തങ്ങളുടെ സ്വന്തം തെററുകളെ പ്രതി സങ്കടമുള്ളവരോ ആയ തന്റെ ദാസൻമാരെ യഹോവ എങ്ങനെ പുലർത്തുന്നു? നാം കാണാൻ പോകുന്നതുപോലെ, ഈ കാര്യങ്ങളിലും നമുക്ക് യഹോവയുടെ ബലമുള്ള ഭുജത്തിൽ ആശ്രയിക്കാൻ കാരണമുണ്ട്. (w91 10/1)
നിങ്ങൾ എങ്ങനെ പ്രതിവചിക്കും?
◻മുൻകാലങ്ങളിൽ യഹോവയുടെ ഭുജം എങ്ങനെ രക്ഷ കൈവരുത്തിയിട്ടുണ്ട്?
◻ഇന്ന് യഹോവ സഭയിൽ തന്റെ ജനത്തെ എങ്ങനെ സഹായിക്കുന്നു?
◻വ്യക്തിപരമായ കാര്യങ്ങളിൽ ദൈവം എന്തു സഹായം നൽകുന്നു?
◻ക്ലേശകരമായ പ്രശ്നങ്ങൾ തങ്ങിനിൽക്കുന്നുവെങ്കിൽ നാം എന്തു ചെയ്യണം?
[8, 9 പേജുകളിലെ ചിത്രം]
യഹോവ ഇസ്രായേല്യരെ ഈജിപ്ററിൽനിന്ന് “ഉയർത്തപ്പെട്ട ഒരു ഭുജംകൊണ്ട്” പുറത്തുകൊണ്ടുവന്നു