യോഹന്നാൻ എഴുതിയ മൂന്നാമത്തെ കത്ത്
1 വൃദ്ധനായ* ഈ ഞാൻ ആത്മാർഥമായി സ്നേഹിക്കുന്ന എന്റെ പ്രിയപ്പെട്ട ഗായൊസിന്:
2 പ്രിയപ്പെട്ട ഗായൊസേ, ഇപ്പോഴായിരിക്കുന്നതുപോലെതന്നെ നീ ആരോഗ്യത്തോടെ ഇരിക്കട്ടെയെന്നും എല്ലാ കാര്യത്തിലും ഇനിയും പുരോഗതി നേടട്ടെയെന്നും ഞാൻ പ്രാർഥിക്കുന്നു. 3 സഹോദരന്മാർ വന്ന്, നീ സത്യം മുറുകെ പിടിക്കുന്നെന്നും സത്യത്തിൽ നടക്കുന്നെന്നും പറഞ്ഞപ്പോൾ എനിക്ക് ഒരുപാടു സന്തോഷം തോന്നി.+ 4 എന്റെ മക്കൾ സത്യത്തിൽ നടക്കുന്നു+ എന്നു കേൾക്കുന്നതിനെക്കാൾ വലിയ സന്തോഷം എനിക്കില്ല.*
5 പ്രിയപ്പെട്ട ഗായൊസേ, സഹോദരന്മാർക്കുവേണ്ടി ചെയ്യുന്ന കാര്യങ്ങളിലൂടെ നീ നിന്റെ വിശ്വസ്തത കാണിക്കുന്നു. അവർ അപരിചിതരായിരുന്നിട്ടുകൂടി+ നീ അവർക്കുവേണ്ടി പലതും ചെയ്തു. 6 സഭയുടെ മുമ്പാകെ അവർ നിന്റെ സ്നേഹത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നു. ദൈവത്തിനു പ്രസാദകരമായ വിധത്തിൽ അവരെ യാത്രയാക്കുക.+ 7 ദൈവത്തിന്റെ പേരിനെപ്രതിയാണല്ലോ അവർ പുറപ്പെട്ടിരിക്കുന്നത്; ജനതകളിൽപ്പെട്ടവരിൽനിന്ന് അവർ ഒന്നും സ്വീകരിക്കുന്നില്ല.+ 8 അതുകൊണ്ട് ഇങ്ങനെയുള്ളവരോട് ആതിഥ്യം കാണിക്കാൻ നമ്മൾ ബാധ്യസ്ഥരാണ്.+ അങ്ങനെ നമ്മൾ സത്യത്തിനുവേണ്ടി പ്രവർത്തിക്കുന്നവരുടെ സഹപ്രവർത്തകരായിത്തീരും.+
9 സഭയ്ക്കു ഞാൻ ചില കാര്യങ്ങൾ എഴുതിയിരുന്നു. പക്ഷേ അവരിൽ ഒന്നാമനാകാൻ ആഗ്രഹിക്കുന്ന ദിയൊത്രെഫേസ്+ ഞങ്ങളുടെ വാക്കുകളൊന്നും ആദരവോടെ സ്വീകരിക്കുന്നില്ല.+ 10 അതുകൊണ്ട് ഞാൻ അവിടെ വന്നാൽ ദിയൊത്രെഫേസിന്റെ ചെയ്തികൾ ഓർമയിലേക്കു കൊണ്ടുവരും. ദിയൊത്രെഫേസ് ദ്രോഹബുദ്ധിയോടെ ഞങ്ങളെക്കുറിച്ച് മോശമായ കാര്യങ്ങൾ പറഞ്ഞുനടക്കുന്നു;+ സഹോദരന്മാരെ+ ആദരവോടെ സ്വീകരിക്കാനും തയ്യാറല്ല. അതും പോരാഞ്ഞിട്ട്, അങ്ങനെ ചെയ്യാൻ ആഗ്രഹിക്കുന്നവരെ തടയാനും സഭയിൽനിന്ന് പുറത്താക്കാനും നോക്കുന്നു.
11 പ്രിയപ്പെട്ട ഗായൊസേ, തിന്മയായതിനെ അനുകരിക്കാതെ നന്മയായതിനെ അനുകരിക്കുക.+ നന്മ ചെയ്യുന്നവർ ദൈവത്തിൽനിന്നുള്ളവർ.+ തിന്മ ചെയ്യുന്നവരോ ദൈവത്തെ കണ്ടിട്ടില്ല.+ 12 ദമേത്രിയൊസിനെക്കുറിച്ച് എല്ലാവരും നല്ല അഭിപ്രായം പറഞ്ഞിരിക്കുന്നു; സത്യവും അതുതന്നെ സാക്ഷി പറയുന്നു. ഞങ്ങൾക്കും ദമേത്രിയൊസിനെക്കുറിച്ച് നല്ല അഭിപ്രായമാണ്. ഞങ്ങൾ പറയുന്നതു സത്യമാണെന്നു നിനക്ക് അറിയാമല്ലോ.
13 ഇനിയും പലതും നിനക്ക് എഴുതാനുണ്ട്. എന്നാൽ അതു പേനയും മഷിയും കൊണ്ട് എഴുതാൻ ഞാൻ ആഗ്രഹിക്കുന്നില്ല. 14 നിന്നെ ഉടനെ നേരിൽ കാണാമെന്നു ഞാൻ പ്രതീക്ഷിക്കുന്നു. അപ്പോൾ നമുക്കു മുഖാമുഖം സംസാരിക്കാം.
നിനക്കു സമാധാനം!
ഇവിടെയുള്ള സുഹൃത്തുക്കൾ നിന്നെ സ്നേഹം അറിയിക്കുന്നു. അവിടെയുള്ള സുഹൃത്തുക്കളെയെല്ലാം പേരുപേരായി അന്വേഷണം അറിയിക്കുക.