അധികാരം ശരിയായി വിനിയോഗിക്കുന്നവർ സന്തുഷ്ടർ!
“യഹോവ കോപത്തിനു താമസമുള്ളവനും മഹാശക്തനുമാകുന്നു, യാതൊരു പ്രകാരത്തിലും യഹോവ ശിക്ഷിക്കുന്നതിൽനിന്ന് പിൻമാറുകയില്ല.”—നാഹും 1:3.
1. ഒരു വ്യക്തിക്ക് ഏതെങ്കിലും തരം അധികാരമുള്ളത് വീമ്പടിക്കുന്നതിനു കാരണമല്ലാത്തതെന്തുകൊണ്ട്?
ബുദ്ധിശക്തിയുള്ളവർക്ക് ശരിയായ വിധത്തിൽ പ്രയോഗിക്കാൻ കഴിയുന്ന അനേകതരം അധികാരങ്ങളുണ്ട്. സ്വാഭാവികമായി ലഭിച്ചതിനാലോ സാഹചര്യങ്ങൾ നിമിത്തമോ നമുക്ക് ഏതെങ്കിലുംതരം പ്രത്യേക അധികാരം ഉണ്ടായിരുന്നേക്കാം. എന്നാൽ ഇത് വീമ്പടിക്കുന്നതിനു കാരണമാണോ? അശേഷമല്ല. യിരെമ്യാവ് 9:23-ൽ നാം എന്താണു വായിക്കുന്നത്? “ജ്ഞാനി തന്റെ ജ്ഞാനത്തെക്കുറിച്ചോ ബലവാൻ തന്റെ ബലത്തെക്കുറിച്ചോ ധനവാൻ തന്റെ ധനത്തെക്കുറിച്ചോ വീമ്പടിക്കാതിരിക്കട്ടെ.” (ന്യൂ ഇൻറർ നാഷനൽ വേർഷൻ) എന്തുകൊണ്ട്? അപ്പോസ്തലനായ പൗലോസ് 1 കൊരിന്ത്യർ 4:7-ൽ ഒരു നല്ല ഉത്തരം നൽകുന്നു: “നിങ്ങളെ അന്യോന്യം വ്യത്യസ്തരാക്കുന്നതാർ? തീർച്ചയായും നിങ്ങൾ സ്വീകരിക്കാത്ത എന്താണ് നിങ്ങൾക്കുള്ളത്? ഇപ്പോൾ, നിങ്ങൾ തീർച്ചയായും അതു സ്വീകരിച്ചെങ്കിൽ നിങ്ങൾ അതു സ്വീകരിച്ചിട്ടില്ലാത്തതുപോലെ വീമ്പടിക്കുന്നതെന്തിന്?
2. അധികാരം ഉപയോഗിക്കുന്ന സംഗതിയിൽ നാം ജാഗ്രത പാലിക്കേണ്ട ആവശ്യമുള്ളതെന്തുകൊണ്ട്?
2 നമുക്കുണ്ടായിരുന്നേക്കാവുന്ന ഏത് അധികാരത്തിന്റെയും ദുർവിനിയോഗത്തിനെതിരെ നാം ജാഗ്രത പാലിക്കേണ്ടതെന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ “മമനുഷ്യന്റെ ഹൃദയചായ്വ് അവന്റെ ബാല്യം മുതൽ ചീത്തയാണ്.” (ഉല്പത്തി 8:21) നമുക്കെല്ലാം അവകാശപ്പെടുത്തിയ ഈ സ്വാർത്ഥ പ്രവണതയുള്ളതുകൊണ്ട് നമുക്കുള്ള ഏത് അധികാരവും ശരിയായി വിനിയോഗിക്കാൻ നാം ജാഗ്രത പുലർത്തേണ്ടതുണ്ട്. ഒരിക്കൽ ഒരു കവി ഈ ആശയം പ്രകാശിപ്പിച്ചു: “ദുഃഖത്തിന്റെ നിഴൽ വീഴ്ത്താത്ത ഒരു നിക്ഷേപം ഒരിക്കലുമില്ല. ഒരു വിദഗ്ദ്ധ കെണി ഒളിഞ്ഞിരിക്കാത്ത ഒരു അധികാരവും ഒരിക്കലുമില്ല.” അതെ, അവകാശപ്പെടുത്തിയ അപൂർണ്ണത നിമിത്തം എല്ലായ്പ്പോഴും സ്വാർത്ഥപൂർവ്വം അധികാരം വിനിയോഗിക്കാനുള്ള ഒരു പ്രവണതയുണ്ട്.
യഹോവ—ശക്തനെങ്കിലും ജ്ഞാനിയും നീതിമാനും
3. യഹോവയിൽ ഏതുതരം ശക്തികൾ സ്ഥിതിചെയ്യുന്നു?
3 സ്രഷ്ടാവായ യഹോവയാം ദൈവമല്ലാതെ മററാരുമല്ല അധികാരവിനിയോഗത്തിൽ നല്ല, അതെ പൂർണ്ണതയുള്ള, ദൃഷ്ടാന്തം വെക്കുന്നത്. തന്റെ ശക്തി പ്രതികൂലമായി പ്രകടമാക്കേണ്ട ആവശ്യമുള്ളപ്പോൾ പോലും അവൻ ധുതഗതിയിൽ പ്രവർത്തിക്കാതെ കോപത്തിന് താമസമുള്ളവനായിരിക്കുന്നു. (നാഹും 1:3) ദൈവത്തെക്കാൾ കൂടിയ ശക്തി ആർക്കുമില്ല, തന്നിമിത്തം നാം അവനെ സർവ്വശക്തൻ എന്നു പരാമർശിക്കുന്നു. അവൻ ശരിയായിത്തന്നെ “സർവ്വശക്തൻ” എന്ന സ്ഥാനപ്പേർ തനിക്കു പ്രയോഗിക്കുന്നു. (ഉല്പത്തി 17:1) അപരിമിതമായ ശക്തിയുണ്ടെന്നുള്ള അർത്ഥത്തിൽ അവന് പൂർണ്ണ അധികാരമുണ്ടെന്നു മാത്രമല്ല, താൻ സൃഷ്ടിച്ചിട്ടുള്ള അഖിലാണ്ഡത്തിന്റെ പരമാധികാര കർത്താവെന്നനിലയിൽ തനിക്കുള്ള സ്ഥാനം ഹേതുവായി തനിക്ക് സകല അധികാരവുമുള്ളതിനാൽ അവന് പരമോന്നത ശക്തിയുമുണ്ട്. അതുകൊണ്ടാണ് ‘അവന്റെ കൈ തടുക്കാനോ “നീ എന്തു ചെയ്യുന്നു?” എന്ന് അവനോട് ചോദിക്കാനോ’ ആർക്കും കഴിയാത്തത്.—ദാനിയേൽ 4:35.
4. യഹോവയെ ഭയപ്പെടുന്നത് ജ്ഞാനമാർഗ്ഗമായിരിക്കുന്നതെന്തുകൊണ്ട്?
4 യഹോവയാം ദൈവം സർവ്വശക്തനാണെന്നുള്ള വസ്തുത നിമിത്തം, അവനെ അപ്രീതിപ്പെടുത്തുന്നതിൽ ഭയമുണ്ടായിരിക്കുന്നത് ജ്ഞാനമാർഗ്ഗമാണ്. അതെ, “യഹോവാഭയമാണ് ജ്ഞാനത്തിന്റെ ആരംഭം, അതിപരിശുദ്ധനെക്കുറിച്ചുള്ള അറിവാണ് വിവേകമായിരിക്കുന്നത്.” (സദൃശവാക്യങ്ങൾ 9:10) ഏതെങ്കിലും രൂപത്തിലുള്ള വിഗ്രഹാരാധനയിൽ ഏർപ്പെടുന്നതിനാൽ യഹോവയാം ദൈവത്തിന് അസൂയ ജനിപ്പിക്കുന്നതിനെതിരെ പൗലോസ് നമുക്കു മുന്നറിയിപ്പു നൽകുന്നു, എന്തുകൊണ്ടെന്നാൽ “നാം അവനെക്കാൾ ശക്തരല്ല, ആണോ?” തികച്ചും അല്ല! (1 കൊരിന്ത്യർ 10:22) എന്നിരുന്നാലും, ദൈവത്തിന്റെ നീതിനിഷ്ഠമായ കല്പനകളെ മന:പൂർവ്വം ലംഘിക്കുന്നവരെല്ലാം തങ്ങൾ യഹോവയെക്കാൾ ശക്തരാണെന്നുള്ളതുപോലെ വർത്തിക്കുകയാണ്! പൗലോസിന്റെ കൂടുതലായ വാക്കുകൾ ഈ ആശയത്തിന് അടിവരയിടുന്നു: “നമ്മുടെ ദൈവം ദഹിപ്പിക്കുന്ന അഗ്നിയുമാകുന്നു.”—എബ്രായർ 12:29.
5. യഹോവയുടെ സർവ്വശക്തി നിമിത്തം നമുക്ക് അവനോട് ദൂഷിതമായ ഒരു ഭയം ഉണ്ടായിരിക്കേണ്ടതില്ലാത്തതെന്തുകൊണ്ട്?
5 യഹോവയാം ദൈവം തന്റെ വേറെ മൂന്ന് മുഖ്യഗുണങ്ങളായ ജ്ഞാനം, നീതി, സ്നേഹം എന്നിവയുമായി തന്റെ സർവ്വശക്തമായ അധികാരത്തെ പൂർണ്ണമായി സമനിലയിൽ നിർത്തുന്നില്ലായിരുന്നെങ്കിൽ ഈ വസ്തുതകൾ നമ്മിൽ ദൂഷിതമായ ഒരു ഭീതി ജനിക്കാനിടയാക്കുമായിരുന്നു. ഒരു പ്രതികൂല വിധത്തിലുള്ള അവന്റെ ശക്തിയുടെ വിനിയോഗം എല്ലായ്പ്പോഴും ഈ ഗുണങ്ങൾക്ക് അനുയോജ്യമായിട്ടാണ്. ദൃഷ്ടാന്തമായി, നോഹയുടെ നാളിലെ ജലപ്രളയം യഥാർത്ഥത്തിൽ യഹോവയുടെ ശക്തിയുടെ ഒരു വലിയ പ്രത്യക്ഷതയായിരുന്നു. എന്നിരുന്നാലും ദൈവത്തിന്റെ ശക്തിപ്രകടനം അന്യായമോ സ്നേഹരഹിതമോ ആയിരുന്നോ? യാതൊരു പ്രകാരത്തിലും അല്ലായിരുന്നു! മനുഷ്യവർഗ്ഗം അതിന്റെ വഴി വളരെയധികം വഷളാക്കിയിരുന്നതിനാൽ ദൈവത്തിന് താൻ കണ്ടതിൽ പ്രയാസംതോന്നി. (ഉല്പത്തി 6:5-11) പ്രളയത്തിനു മുമ്പത്തെ ആ ദുഷ്ടർ ദൈവത്തിന്റെ അനുഗ്രഹങ്ങളെ ദുർവിനിയോഗം ചെയ്യുകയായിരുന്നതിനാൽ അവരെ തുടച്ചുനീക്കി ഭൂമിയെ ശുദ്ധീകരിച്ചതിൽ അവൻ ഉചിതമായി പ്രവർത്തിച്ചു, വിശേഷിച്ച് “നീതിപ്രസംഗി”യായ നോഹയുടെ മുന്നറിയിപ്പുകളെ അവർ അവഗണിച്ചതുകൊണ്ട്.—2 പത്രോസ് 2:5.
6. സോദോമിനോടും ഗോമോറയോടുമുള്ള യഹോവയുടെ ഇടപെടലുകൾ എന്തു പ്രകടമാക്കുന്നു?
6 സോദോമിലെയും ഗോമോറയിലെയും നിവാസികൾ മനുഷ്യവർഗ്ഗത്തിന്റെ ഭാഗമെന്നനിലയിൽ യഹോവയുടെ കയ്യാൽ ആസ്വദിച്ചുകൊണ്ടിരുന്ന അനുഗ്രഹങ്ങളെ ദുർവിനിയോഗം ചെയ്തുകൊണ്ട് സർവ്വത്ര ദുഷിച്ചവരായ പാപികളെന്നു പ്രകടമാക്കിയപ്പോൾ അവർ നശിപ്പിക്കപ്പെടണമെന്ന് അവൻ വിധിച്ചു. തന്റെ സ്നേഹിതനായിരുന്ന അബ്രാഹാമിനോടുള്ള പരിഗണനയാൽ സോദോമിനെയും ഗോമോറയേയും സംബന്ധിച്ച തന്റെ ഉദ്ദേശ്യം യഹോവ ആ വിശ്വാസമുണ്ടായിരുന്ന മനുഷ്യനോടു പറഞ്ഞു. ഇത് ശക്തിയുടെ ഒരു വലിയ ദുരുപയോഗമായിരിക്കുമെന്ന് അബ്രാഹാം വിചാരിച്ചതായി തോന്നുന്നു. തന്നിമിത്തം അവൻ യഹോവയോടു ചോദിച്ചു: “സർവ്വഭൂമിയുടെയും ന്യായാധിപതി നീതി ചെയ്യാൻ പോകുകയല്ലേ?” എന്നിരുന്നാലും, അബ്രാഹാം ഒരു തെററിദ്ധാരണ പുലർത്തുകയായിരുന്നു. ഒടുവിൽ യഹോവയുടെ വിധി തീർച്ചയായും നീതിനിഷ്ഠമായിരുന്നുവെന്ന് അവൻ സമ്മതിക്കേണ്ടിവന്നു, എന്തുകൊണ്ടെന്നാൽ ആ രണ്ടു നഗരങ്ങളിൽ പത്തു നീതിമാൻമാരെപോലും കണ്ടെത്താൻ കഴിഞ്ഞില്ല. തീർച്ചയായും, തന്റെ ശക്തി നീതിനിഷ്ഠമായി ഉപയോഗിക്കുന്നതിൽ യഹോവയാം ദൈവം എത്ര ശ്രദ്ധാലുവാണെന്ന് ഇതു പ്രകടമാക്കുന്നു.—ഉല്പത്തി 18:17-33; യെശയ്യാവ് 41:8
7. ഫറവോൻ യഹോവയുടെ ശക്തിയുടെ ഒരു പ്രതികൂലപ്രകടനം ഏററുവാങ്ങാൻ അർഹനായതെന്തുകൊണ്ട്?
7 പിന്നീട്, യിസ്രായേല്യരെ ഈജിപ്ററിലെ അന്യായമായ അടിമത്തത്തിൽനിന്ന് വിടുവിക്കേണ്ടിവന്നപ്പോൾ യഹോവ സഹകരിക്കുന്നതിനുള്ള അവസരം ഫറവോനു കൊടുത്തു. ഇത് ഫറവോനും അവന്റെ ജനത്തിനും നിരുപദ്രവകരമായിരിക്കുമായിരുന്നു. എന്നാൽ ആ ഭരണാധികാരി ധിക്കാരത്തോടും ശാഠ്യത്തോടും കൂടെ യഹോവയുടെ അപേക്ഷ അനുവദിക്കുന്നതിനു വിസമ്മതിച്ചു. തന്നിമിത്തം ദൈവം ഈജിപ്ററിൻമേലുള്ള പത്തു ബാധകളിൽ ഒന്നിനു പിറകേ ഒന്നായി തന്റെ ശക്തിപ്രകടനങ്ങൾ നടത്തി. (പുറപ്പാട് 9:16) ഫറവോൻ യിസ്രായേല്യരെ വിട്ടയച്ചശേഷം അവരെ പിന്തുടർന്നുകൊണ്ട് ശാഠ്യപൂർവ്വം യഹോവയെ വെല്ലുവിളിക്കുന്നതിൽ തുടർന്നു. അതുകൊണ്ട് യഹോവ ഫറവോനെയും അവന്റെ സൈന്യങ്ങളെയും ചെങ്കടലിൽ തുടച്ചുനീക്കുന്നതിന് തന്റെ കരുത്തുററ ശക്തി നീതിപൂർവ്വം ഉപയോഗിച്ചു. (സങ്കീർത്തനം 136:15) ഓരോ ദൃഷ്ടാന്തത്തിലും, യഹോവ തന്റെ വിശ്വസ്ത ദാസൻമാരെ—നോഹയേയും അവന്റെ കുടുംബത്തെയും, ലോത്തിനെയും അവന്റെ രണ്ടു പെൺമക്കളെയും യിസ്രായേൽ ജനതയെയും—കാത്തു സൂക്ഷിക്കുന്നതിന് തന്റെ വലിയ ശക്തി ഉപയോഗിച്ചുവെന്നും കുറിക്കൊള്ളുക.—ഉല്പത്തി 19:16.
8. യഹോവ സെൻഹെരീബിനോട് ഏതു നല്ല കാരണത്താൽ ആ വിധത്തിൽ ഇടപെട്ടു?
8 നൂററാണ്ടുകൾ കഴിഞ്ഞ്, ഹിസ്ക്കിയാവു രാജാവിന്റെ കാലത്ത്, അശൂർ രാജാവായിരുന്ന സെൻഹെരീബ് യെരൂശലേമിനെ ഭീഷണിപ്പെടുത്തിയപ്പോൾ യഹോവയാം ദൈവം ഒരു വിസ്മയാവഹവും നീതിനിഷ്ഠവുമായ വിധത്തിൽ തന്റെ മഹാശക്തി പ്രത്യക്ഷമാക്കി. ദൈവഭയവും വിശ്വസ്തതയുമുണ്ടായിരുന്ന ഹിസ്ക്കിയാ രാജാവിന്റെ നായകത്വത്തിൽ യഹോവയുടെ ജനം സഹായത്തിനായി അവനോട് അപേക്ഷിച്ചു. അവർ അവനെ വിശ്വസ്തമായി സേവിക്കുകയായിരുന്നു. തന്നിമിത്തം ദൈവം അവർക്കുവേണ്ടി പ്രവർത്തിച്ചു. മറിച്ച് സെൻഹെരീബ് രാജാവിന്റെ ദൂതൻ ഇങ്ങനെ വീമ്പടിച്ചിരുന്നു: “ഹിസ്ക്കിയാവിനെ ശ്രദ്ധിക്കരുത്, യഹോവ നിങ്ങളെ വിടുവിക്കുമെന്ന് വാഗ്ദാനം ചെയ്തുകൊണ്ട് നിങ്ങളെ പ്രലോഭിപ്പിക്കാൻ അവനെ അനുവദിക്കരുത്. മററു ജനതകളുടെ ദൈവങ്ങളിൽ ആരെങ്കിലും സെൻഹെരീബിന്റെ കൈയിൽനിന്ന് അവരുടെ ജനത്തെ വിടുവിക്കാൻ പ്രാപ്തനായിട്ടുണ്ടോ? ഈ ദൈവങ്ങളിലാർക്കും അങ്ങനെ ചെയ്യാൻ കഴിയാത്തതുകൊണ്ട് യഹോവ നിങ്ങളെ വിടുവിക്കാൻ പ്രാപ്തനാകുമെന്ന് നിങ്ങൾ സങ്കൽപ്പിക്കുന്നതെന്തിന്?’ (യെശയ്യാവ് 36:13-20) അങ്ങനെയുള്ള വീമ്പിളക്കൽ നിമിത്തം, ഒററരാത്രിയിൽ 1,85,000 പടയാളികളെ വീഴ്ത്തിക്കൊണ്ട് ദൈവം കേവലം തന്റെ മഹാശക്തി പ്രയോഗിക്കേണ്ടിവന്നു, തീർച്ചയായും ജനതകളുടെ ദൈവങ്ങളും യഹോവയും തമ്മിൽ ഒരു വ്യത്യാസമുണ്ടെന്ന് തെളിയിച്ചുകൊണ്ടുതന്നെ.
9. യഹോവ ശക്തി ഉപയോഗിക്കുന്നത് എങ്ങനെയെന്നതു സംബന്ധിച്ച് ശ്രദ്ധാലുവാണെന്നു പ്രകടമാക്കാൻ വേറെ ഏതു ദൃഷ്ടാന്തങ്ങൾ എടുത്തു പറയാൻ കഴിയും?
9 ഇതിന് അനേകം ദൃഷ്ടാന്തങ്ങൾ നൽകാൻ കഴിയും. ഏതാനും ചിലതുകൂടെ പരിചിന്തിക്കുക. യഹോവ മിര്യാമിനെ കുഷ്ഠരോഗത്താൽ പ്രഹരിച്ചപ്പോൾ അത് അവന്റെ ശക്തിയുടെ തികച്ചും നീതിനിഷ്ഠവും ജ്ഞാനപൂർവ്വവുമായ ഒരു പ്രകടനമായിരുന്നു. ദൈവനിയമിതനായിരുന്ന, അവളുടെ സഹോദരൻ മോശയ്ക്കെതിരെ വളരെ ധിക്കാരപൂർവ്വം സംസാരിച്ചതുകൊണ്ട് മിര്യാം അത്തരം ശിക്ഷ അർഹിച്ചു. (സംഖ്യാപുസ്തകം 12:1-15) ഉസ്സിയാവു രാജാവ് ലേവ്യ പുരോഹിതൻമാരാൽ പിന്തിരിപ്പിക്കപ്പെടാൻ ധിക്കാരപൂർവ്വം വിസമ്മതിച്ചുകൊണ്ട് വിശുദ്ധമന്ദിരത്തെ ധാർഷ്ട്യപൂർവ്വം ആക്രമിക്കുകയും സുവർണ്ണ യാഗപീഠത്തിൻമേൽ ധൂപം കാട്ടാൻ മുതിരുകയും ചെയ്തപ്പോൾ അവസ്ഥ സമാനമായിരുന്നു. യഹോവ രാജാവിനെ കുഷ്ഠരോഗത്താൽ പ്രഹരിച്ചുകൊണ്ട് തന്റെ ശക്തി പ്രകടമാക്കി. (2 ദിനവൃത്താന്തം 26:16-21) അവരുടെ പാപങ്ങൾ ഒരേ തോതിലുള്ളതല്ലാഞ്ഞതുപോലെ യഹോവ അവർക്കുകൊടുത്ത ശിക്ഷയും അങ്ങനെയല്ലായിരുന്നു. മിര്യാമിന്റെ കുഷ്ഠം താൽക്കാലികമായിരുന്നു, എന്നാൽ ഉസ്സിയാവു ഒരു കുഷ്ഠരോഗിയായി മരിച്ചു. അങ്ങനെ എല്ലാ സമയങ്ങളിലും യഹോവ ജ്ഞാനപൂർവ്വകവും നീതിപൂർവ്വകവുമായ വിധത്തിൽ തന്റെ ശക്തി പ്രയോഗിക്കാൻ ശ്രദ്ധിച്ചിരുന്നതായി നമുക്കു കാണാൻ കഴിയും. തന്നെ സ്നേഹിക്കുന്ന വിശ്വസ്തരെ കാത്തുസൂക്ഷിക്കാനും ദുഷ്ടരെ നശിപ്പിക്കാനും അവൻ പ്രാപ്തനാണ്.—സങ്കീർത്തനം 145:20.
യേശുക്രിസ്തുവിന്റെ ദൃഷ്ടാന്തം
10, 11. യേശു അധികാരം ശരിയായി ഉപയോഗിക്കുന്നതു സംബന്ധിച്ച് തൽപ്പരനായിരുന്നുവെന്ന് ഏതു സംഭവങ്ങൾ പ്രകടമാക്കുന്നു?
10 ദൈവപുത്രൻ ശക്തി ഉപയോഗിക്കുന്നതിൽ യഥാർത്ഥത്തിൽ തന്റെ പിതാവിന്റെ നല്ല ഒരു അനുകാരിയാണ്. ഏററവും നേരത്തെയുള്ള ഉദാഹരണങ്ങളിലൊന്നാണ് സാത്താൻ മോശയുടെ ശരീരത്തെക്കുറിച്ച് അവനുമായി തർക്കിച്ച സമയം. ലോഗോസിന് നിഷ്പ്രയാസം സാത്താനെ കഠിനമായി ശാസിക്കാമായിരുന്നു. പകരം, ശകാരം യഹോവയാം ദൈവത്തിൽനിന്നുതന്നെ വരേണ്ടതിന് ലോഗോസ് പിൻമാറുകയായിരുന്നു എന്നുതന്നെ പറയാം.—യൂദാ 8, 9.
11 മരുഭൂമിയിൽവച്ച് സാത്താൻ യേശുവിങ്കൽ അവതരിപ്പിച്ച ആദ്യ പരീക്ഷതന്നെ ശക്തി ദുരുപയോഗപ്പെടുത്തുന്നതിനോടു ബന്ധപ്പെട്ടതായിരുന്നു. യേശുവിന്റെ പ്രകൃതാതീതശക്തി ഒരു സ്വാർത്ഥോദ്ദേശ്യത്തിനുവേണ്ടി, കല്ലുകളെ അപ്പമാക്കി മാററാൻ, ഉപയോഗിക്കുന്നതിന് സാത്താൻ അവനെ പ്രലോഭിപ്പിച്ചു. യേശു 40 ദിവസമായി ഭക്ഷണം കഴിച്ചിട്ടില്ലാഞ്ഞതുകൊണ്ടും “അവനു വിശപ്പു തോന്നി”യിരുന്നതുകൊണ്ടും ഇത് തികച്ചും ഒരു പരീക്ഷതന്നെയായിരുന്നു. യേശുവിനെ ഒരു സ്വാർത്ഥഗതി സ്വീകരിക്കുന്ന കെണിയിൽ വീഴിക്കത്തക്കവിധത്തിലാണ് സാത്താൻ ഈ പരീക്ഷ അവതരിപ്പിച്ചത്, എന്തുകൊണ്ടെന്നാൽ “നീ ഒരു ദൈവപുത്രനാണെങ്കിൽ ഈ കല്ലുകൾ അപ്പമായിത്തീരാൻ പറയു” എന്നു പറഞ്ഞുകൊണ്ടാണ് അവൻ തുടക്കമിട്ടത്. യേശു, ‘എന്തിന്, തീർച്ചയായും ഞാൻ ഒരു ദൈവപുത്രനാണ്, അതു തെളിയിക്കുന്നതിന്, ഞാൻ ആ കല്ലുകളെ അപ്പമാക്കി മാററും’ എന്ന് പ്രതിവചിക്കുമെന്ന് സാത്താൻ ആശിച്ചുവെന്നതിന് സംശയമില്ല. എന്നാൽ സ്വാർത്ഥപൂർവ്വം അല്ലെങ്കിൽ മൗഢ്യമായി പ്രവർത്തിക്കുന്നതിലേക്ക് പ്രലോഭിപ്പിക്കപ്പെടാതെ അഥവാ കുരുക്കിൽ വീഴാതെ യേശു “‘മനുഷ്യൻ അപ്പം കൊണ്ടു മാത്രമല്ല, യഹോവയുടെ വായിലൂടെ വരുന്ന സകല അരുളപ്പാടും കൊണ്ട് ജീവിക്കേണ്ടതാണ്’ എന്ന് എഴുതപ്പെട്ടിരിക്കുന്നു” എന്നു മറുപടി പറഞ്ഞു. (മത്തായി 4:1-4) അവൻ ഒരു ദൈവപുത്രനാണോയെന്നു സൂചിപ്പിക്കപ്പെട്ട സംശയത്തെ അവൻ അവഗണിച്ചു. ദൈവം തനിക്ക് നൽകിയിരുന്ന ശക്തി ദുർവിനിയോഗം ചെയ്യുന്നതിന് അവൻ വിസമ്മതിച്ചു.
12. താൻ അധികാരക്കൊതിയുള്ളവനല്ലെന്ന് യേശു കൂടുതലായി എങ്ങനെ പ്രകടമാക്കി?
12 പിന്നീട്, യേശുക്രിസ്തു അനേകം സ്ത്രീകൾക്കും കുട്ടികൾക്കും പുറമേ 5000 പുരുഷൻമാരെ പോഷിപ്പിച്ചശേഷം യഹൂദൻമാർ അവനെ രാജാവാക്കാനാഗ്രഹിച്ചു. അവൻ അവരുടെ വാഗ്ദാനം സ്വീകരിച്ചിരുന്നെങ്കിൽ അത് തന്റെ അത്ഭുതങ്ങളാൽ ആളുകളെ സ്വാധീനിക്കാനുള്ള ശക്തിയുടെ ദുരുപയോഗമായിരിക്കുമായിരുന്നു. ലോകരാഷ്ട്രീയം സംബന്ധിച്ച് താൻ നിഷ്പക്ഷനായിരിക്കേണ്ടതാണെന്നും യഹോവയാം ദൈവം തനിക്ക് രാജത്വം നൽകാൻ കാത്തിരിക്കേണ്ടതാണെന്നും അവന് അറിയാമായിരുന്നു. (യോഹന്നാൻ 6:1-15) കൂറേകൂടെ കഴിഞ്ഞ് ജനകൂട്ടം തന്നെ തടവുകാരനാക്കാൻ വന്നപ്പോൾ തനിക്ക് 12 ലെഗ്യോൻ ദൂതൻമാരെ ചോദിക്കാനും അങ്ങനെ തന്നെ തടവിലാക്കുന്നതു തടയാനും അവനു കഴിയുമായിരുന്നു. എന്നിരുന്നാലും, അത് ശക്തിയുടെ ഒരു ദുർവിനിയോഗമായിരിക്കുമായിരുന്നു, എന്തുകൊണ്ടെന്നാൽ അവൻ കീഴ്വഴങ്ങണമെന്നുള്ളത് അവന്റെ പിതാവിന്റെ ഇഷ്ടമായിരുന്നു.—മത്തായി 26:39, 53.
ശക്തി ദുർവിനിയോഗം ചെയ്യാഞ്ഞ മററ ചിലർ
13, 14. (എ) താൻ അധികാരക്കൊതിയുള്ളവനല്ലെന്നു പ്രകടമാക്കാൻ ഗിദയോൻ ഏതു നല്ല ദൃഷ്ടാന്തം വെച്ചു? (ബി) ശൗൽ ആദ്യമായി രാജാവായിത്തീർന്നപ്പോൾ അവൻ നല്ല ദൃഷ്ടാന്തം വെച്ചതെങ്ങനെ?
13 ശക്തി ദുർവിനിയോഗം ചെയ്യുന്നതിനുള്ള പ്രലോഭനത്തെ ചെറുത്തുനിന്ന അപൂർണ്ണമനുഷ്യരുടെ കൂട്ടത്തിൽ ന്യായാധിപനായ ഗിദയോന്റെ പേരും പറയേണ്ടതാണ്. അവൻ യിസ്രായേലിനെ മിദ്യാന്റെ കൈയിൽനിന്ന് വിടുവിച്ചശേഷം ജനങ്ങൾ അവനെ രാജാവാക്കാനാഗ്രഹിച്ചു. ഗിദയോൻ വിസമ്മതിക്കുകയും ശരിയായിത്തന്നെ ഇങ്ങനെ പ്രസ്താവിക്കുകയും ചെയ്തു: “ഞാൻ നിങ്ങളുടെ മേൽ ഭരിക്കുകയില്ല, എന്റെ പുത്രനും നിങ്ങളുടെമേൽ ഭരിക്കുകയില്ല. യഹോവയാണ് നിങ്ങളുടെമേൽ ഭരിക്കുന്നവൻ.” അതെ, ന്യായാധിപൻ എന്ന നിലയിലുള്ള അവന്റെ ജീവിതവൃത്തിയുടെ തുടക്കത്തിൽ അവൻ പ്രകടമാക്കിയ എളിമ ഇപ്പോഴുമുണ്ടായിരുന്നു. ഗിദയോന്റെ മറുപടി യിസ്രായേലിന് ഒരു മനുഷ്യരാജാവുണ്ടായിരിക്കുന്നതു സംബന്ധിച്ച് യഹോവയാം ദൈവത്തിന്റെതന്നെ വിചാരത്തെ പ്രതിഫലിപ്പിച്ചു. ശമുവേൽ പ്രവാചകന്റെ കാലത്ത് യിസ്രായേൽ ഒരു രാജാവിനെ ആവശ്യപ്പെട്ടപ്പോഴത്തെ ദൈവത്തിന്റെ മറുപടിയിൽനിന്ന് നമുക്ക് ഇതു തിരിച്ചറിയാൻ കഴിയും.—ന്യായാധിപൻമാർ 8:23; 6:12, 16; 1 ശമുവേൽ 8:7.
14 ഏതായാലും, ഒരു രാജാവ് തെരഞ്ഞെടുക്കപ്പെട്ടപ്പോൾ, ആദ്യം ശൗൽ അധികാരവിനിയോഗം സംബന്ധിച്ച് നല്ല ദൃഷ്ടാന്തം വെച്ചു. കഴകത്തില്ലാത്ത ചിലർ ഇങ്ങനെ പറഞ്ഞു: “‘ഇയാൾ നമ്മെ എങ്ങനെ രക്ഷിക്കും?’ അതിൻപ്രകാരം അവർ അവനെ നിന്ദിച്ചു . . . എന്നാൽ അവൻ ഊമനായിത്തീർന്നവനെപ്പോലെ തുടർന്നു.” തന്റെ രാജാധികാരത്തോടെ അവന് അവിവേകമായി പ്രവർത്തിക്കാൻ കഴിയുമായിരുന്നു, എന്നാൽ അവൻ അതു ചെയ്തില്ല. അതുപോലെതന്നെ, ശൗൽ അമ്മോന്യരുടെമേൽ വിജയം നേടിയശേഷം, ശൗലിനെ നിന്ദിച്ചവരോടു പകരം വീട്ടാൻ അത് നല്ല ഒരു അവസരമായിരിക്കുമെന്ന് അവന്റെ ആൾക്കാരിൽ ചിലർ വിചാരിച്ചു. തന്നിമിത്തം അവർ അവനോടു പറഞ്ഞു: “‘ശൗൽ ഞങ്ങളുടെമേൽ രാജാവായിരിക്കണമോ?’ എന്ന് ആരാണ് പറയുന്നത്. അവരെ കൊല്ലേണ്ടതിന് വിട്ടുതരിക.” എന്നിരുന്നാലും ശൗൽ അശേഷം ആ മനഃസ്ഥിതിക്കാരനായിരുന്നില്ല. അവൻ ഇങ്ങനെ മറുപടി പറഞ്ഞു: “ഇന്നേദിവസം യാതൊരു മനുഷ്യനും കൊല്ലപ്പെടരുത്, എന്തുകൊണ്ടെന്നാൽ യഹോവ ഇന്ന് യിസ്രായേലിൽ രക്ഷ കൈവരുത്തിയിരിക്കുന്നു.” ശൗൽ തീർച്ചയായും എളിമയോടെ നന്നായി തുടക്കമിട്ടുവെന്ന് നമുക്ക് കാണാൻ കഴിയും. (1 ശമുവേൽ 9:21; 10:20-23, 27; 11:12, 13) അവൻ തന്റെ രാജകീയാധികാരം ദുരുപയോഗപ്പെടുത്തിത്തുടങ്ങുകയും ഒരു ദുരന്തത്തിലെത്തുകയും ചെയ്തത് എത്ര സങ്കടകരം! 1 ശമുവേൽ 28:6; 31:3-6.
15, 16. (എ) നീതിന്യായപരമായ അധികാരത്തിന്റെ ഉപയോഗം സംബന്ധിച്ചു ന്യായാധിപനായ ശമുവേലിന് ഏതു സാക്ഷ്യം കൊടുക്കാൻ കഴിഞ്ഞു? (ബി) ദാവീദുരാജാവ് സമാനമായ ഏതു ദൃഷ്ടാന്തം വെച്ചു?
15 യിസ്രായേലിനു ന്യായപാലനം ചെയ്ത ശമുവേലും നല്ല ദൃഷ്ടാന്തം വെച്ചു. ദൈവം അവനെ ബാല്യം മുതൽ ശക്തമായി ഉപയോഗിച്ചു. ശമുവേൽ നീതിപൂർവ്വം തന്റെ ജനത്തിനു ന്യായപാലനം ചെയ്യുകയും അവർക്ക് വിടുതൽ കൈവരുത്തുകയും ചെയ്തു. അവൻ സ്വാർത്ഥലാഭത്തിനുവേണ്ടി എന്നെങ്കിലും തന്റെ സ്ഥാനത്തിൽനിന്ന് മുതലെടുത്തോ? തികച്ചും ഇല്ല! ജനത്തോടുള്ള തന്റെ വിടവാങ്ങൽ പ്രസംഗത്തിൽ ഇങ്ങനെ പറഞ്ഞു: “ഇതാ, നിങ്ങൾ എന്നോടു പറഞ്ഞിട്ടുള്ള എല്ലാററിലും ഞാൻ നിങ്ങളുടെ ശബ്ദം കേട്ടിരിക്കുന്നു, നിങ്ങളുടെമേൽ ഒരു രാജാവിനെ ഞാൻ വാഴിക്കണമെന്നുതന്നെ . . . ഇതാ ഞാൻ. യഹോവയുടെ മുമ്പാകെയും അവന്റെ അഭിഷിക്തന്റെ മുമ്പാകെയും എന്റെ നേരെ ഉത്തരം പറയുവിൻ: ഞാൻ ആരുടെ കാളയെ എടുത്തിരിക്കുന്നു, അല്ലെങ്കിൽ ആരുടെ കഴുതയെ ഞാൻ എടുത്തിരിക്കുന്നു, അല്ലെങ്കിൽ ഞാൻ ആരെ വഞ്ചിച്ചിരിക്കുന്നു, അല്ലെങ്കിൽ ഞാൻ ആരെ ഞെരുക്കിയിരിക്കുന്നു, അല്ലെങ്കിൽ എന്റെ കണ്ണു മറയ്ക്കേണ്ടതിന് ഞാൻ ആരുടെ കൈയിൽനിന്ന് കൈക്കൂലി വാങ്ങിയിരിക്കുന്നു?” ഈ കാര്യങ്ങളിലെല്ലാം ശമുവേലിന്റെ പ്രവർത്തനഗതി നിഷ്ക്കളങ്കമായിരുന്നുവെന്ന് അവന്റെ ജനം സമ്മതിക്കേണ്ടിവന്നു. അവൻ തന്റെ നീതിന്യായപരമായ ഉദ്യോഗത്തിന്റെ അധികാരം ദുരുപയോഗപ്പെടുത്തിയിരുന്നില്ല.—1 ശമുവേൽ 12:1-5.
16 ദാവീദുവെച്ച നല്ല ദൃഷ്ടാന്തത്തെയും നാം അവഗണിക്കരുത്. രണ്ടു പ്രാവശ്യം ശൗൽ രാജാവിന്റെ മേൽ അവനു ശക്തി പ്രയോഗിച്ചു കൊല്ലാൻ കഴിയുമായിരുന്നു. ദാവീദിന് ഇങ്ങനെ ന്യായവാദം ചെയ്യാൻ കഴിയുമായിരുന്നു: ‘ശൗൽ എനിക്കു പ്രാണഹാനിവരുത്താൻ പുറപ്പെട്ടിരിക്കുകയാണ്, അതുകൊണ്ട് ഒന്നുകിൽ അവൻ അല്ലെങ്കിൽ ഞാൻ.’ അല്ലെങ്കിൽ അവന് സ്വാർത്ഥപരമായി ഇങ്ങനെ ന്യായവാദം ചെയ്യാൻ കഴിയുമായിരുന്നു: ‘ശമുവേൽ എന്നെ യിസ്രായേലിലെ അടുത്ത രാജാവായി അഭിഷേകം ചെയ്തിരിക്കുന്നതുകൊണ്ട്, ഒടുവിൽ ഇങ്ങനെയായിരിക്കാം അതു സഫലമാകേണ്ടത്. അതുകൊണ്ട് ഇപ്പോൾ എന്തുകൊണ്ടു പ്രവർത്തിച്ചുകൂടാ?’ ഇല്ല, തനിക്ക് രാജ്യം നൽകാനുള്ള യഹോവയുടെ സമയം വരുന്നതുവരെ ദാവീദ് ക്ഷമാപൂർവ്വം കാത്തിരുന്നു. (1 ശമുവേൽ 24:1-22; 26:1-25) എന്നുവരികിലും, ദാവീദ് രാജാവായശേഷം അവൻ രണ്ടു അവസരങ്ങളിൽ തന്റെ അധികാരം ദുരുപയോഗപ്പെടുത്തി. ഊരിയാവിന്റെ മരണത്തിനിടയാക്കിയപ്പോഴും യിസ്രായേലിന്റെ സൈന്യത്തിന്റെ എണ്ണം എടുത്തപ്പോഴും.—2 ശമുവേൽ 11:15; 24:2-4, 12-14.
17. താൻ ഒരിക്കലും അത്യാഗ്രഹി ആയിരുന്നിട്ടില്ലെന്നും തന്റെ അധികാരം ദുർവിനിയോഗം ചെയ്തിട്ടില്ലെന്നും പൗലോസ് പ്രകടമാക്കിയതെങ്ങനെ?
17 യേശുക്രിസ്തുവിന്റെ അനുഗാമികളുടെ ഇടയിൽ അപ്പോസ്തലനായ പൗലോസ് ഈ കാര്യത്തിൽ നല്ല ദൃഷ്ടാന്തം വെച്ചു. അവന് താൻ സേവിച്ച സഭകളിൽനിന്ന് സഹായം ആവശ്യപ്പെടാൻ കഴിയുമായിരുന്നു. എന്നാൽ അവൻ അതിൽനിന്ന് മുതലെടുത്തില്ല. അവൻ എഫേസൂസിലെ മൂപ്പൻമാരോട് ഇങ്ങനെ പറഞ്ഞു: “ഞാൻ യാതൊരു മനുഷ്യന്റെയും വെള്ളിയോ പൊന്നോ വസ്ത്രമോ മോഹിച്ചിട്ടില്ല. ഈ കൈകൾ എന്റെയും എന്റെകൂടെ ഉള്ളവരുടെയും ആവശ്യങ്ങൾക്ക് ശുശ്രൂഷ ചെയ്തുവെന്ന് നിങ്ങൾക്കുതന്നെ അറിയാം.” (പ്രവൃത്തികൾ 20:33, 34) കൊരിന്തിലെ സഭക്ക് എഴുതിയപ്പോൾ അപ്പോസ്തലൻ ഈ ആശയം സംബന്ധിച്ച് കൂടുതൽ ശക്തമായി പ്രതിപാദിച്ചു. (1 കൊരിന്ത്യർ 9:1-18) അവന് ലൗകികജോലിയിൽനിന്ന് മാറിനിൽക്കാനുള്ള അധികാരമുണ്ടായിരുന്നു, എന്തുകൊണ്ടെന്നാൽ സ്വന്തം ചെലവിൽ ഒരു പടയാളിയായി സേവിക്കുന്നതാരാണ്? ധാന്യം മെതിക്കുന്ന കാളക്കു മുഖക്കൊട്ട കെട്ടരുതെന്ന് മോശെ പറഞ്ഞില്ലയോ? “എന്നാൽ ഞാൻ ഈ വകകളിലൊന്നുപോലും ഉപയോഗപ്പെടുത്തിയിട്ടില്ല” എന്ന് പൗലോസ് വിശദീകരിച്ചു. അവന്റെ പ്രതിഫലം എന്തായിരുന്നു? “സുവാർത്തയിൽ എനിക്കുള്ള അധികാരം ഞാൻ ദുരുപയോഗപ്പെടുത്തരുതെന്നുള്ള ലക്ഷ്യത്തിൽ, സുവാർത്ത പ്രഖ്യാപിക്കുമ്പോൾ, ഞാൻ ചെലവുകൂടാതെ സുവാർത്ത നൽകേണ്ടതിനുതന്നെ.”
18. (എ) യഹോവയുടെ ശക്തിയുടെ നല്ല ഉപയോഗം സംബന്ധിച്ച് നാം എങ്ങനെ വിചാരിക്കണം? (ബി) ഈ കാര്യത്തിൽ അവനെ അനുകരിക്കുന്നവരെ സന്തുഷ്ടരെന്നു പറയാൻ കഴിയുന്നതെന്തുകൊണ്ട്?
18 വാസ്തവത്തിൽ, ‘തങ്ങളുടെ അധികാരം ദുരുപയോഗപ്പെടുത്താത്തവർ സന്തുഷ്ടരാകുന്നു’ എന്നു പറയാൻ കഴിയും. എല്ലായ്പ്പോഴും തന്റെ സർവ്വശക്തമായ അധികാരത്തെ ജ്ഞാനം, നീതി, സ്നേഹം എന്നിങ്ങനെയുള്ള തന്റെ മററു ഗുണവിശേഷങ്ങളെക്കൊണ്ട് സന്തുലിതമാക്കിക്കൊണ്ട് നല്ല ദൃഷ്ടാന്തം വെക്കുക നിമിത്തം യഹോവക്ക് എത്ര വിശിഷ്ടമായ നാമമാണുള്ളത്! അങ്ങനെ, നമുക്ക് സങ്കീർത്തനക്കാരനായ ദാവീദിനോടൊത്ത് ഇങ്ങനെ പറയാൻ കഴിയും: “എൻ ദേഹിയേ, എന്നിലുള്ള സകലവുമേ, യഹോവയെ, അവന്റെ വിശുദ്ധനാമത്തെ, വാഴ്ത്തുക.” (സങ്കീർത്തനം 103:1) ശക്തിയുടെ ശരിയായ ഉപയോഗത്തിൽ യഹോവയുടെ ദൃഷ്ടാന്തത്തെ അനുകരിച്ചിട്ടുള്ള എല്ലാവരും തീർച്ചയായും സന്തുഷ്ടരാണ്. നാം അപൂർണ്ണ മനുഷ്യരാണെങ്കിലും, തിരുവെഴുത്തുകളിൽനിന്ന് നാം പരിചിന്തിച്ച ദൃഷ്ടാന്തങ്ങൾ നമുക്കും നമ്മുടെ ശക്തി ശരിയായി ഉപയോഗിക്കാൻ കഴിയുമെന്ന് തെളിയിക്കുന്നു. അങ്ങനെ ചെയ്യുന്നതിനാൽ നമുക്ക് ഒരു തെളിഞ്ഞ മന:സാക്ഷി മാത്രമല്ല, ദൈവത്തിന്റെ അംഗീകാരവും നമ്മുടെ സമസൃഷ്ടികളുടെ ആദരവും ഉണ്ടായിരിക്കാൻ കഴിയും. (w86 8/15)
നിങ്ങൾ ഓർമ്മിക്കുന്നുവോ?
◻ അധികാര ദുർവിനിയോഗത്തെ സംബന്ധിച്ച ബുദ്ധിയുപദേശം ആവശ്യമായിരിക്കുന്നതെന്തുകൊണ്ട്?
◻ യഹോവയാം ദൈവം തന്റെ ശക്തി ശരിയായി ഉപയോഗിക്കുന്നുവെന്ന് ഏതു ദൃഷ്ടാന്തങ്ങൾ തെളിയിക്കുന്നു?
◻ യേശു അധികാരം ദുർവിനിയോഗം ചെയ്യാതിരിക്കാൻ ശ്രദ്ധാലുവായിരുന്നുവെന്ന് പറയാൻ കഴിയുന്നതെന്തുകൊണ്ട്?
◻ എബ്രായ തിരുവെഴുത്തുകളിലെ ഏതു കഥാപാത്രങ്ങൾ തങ്ങൾ ശക്തി ദുർവിനിയോഗം ചെയ്തില്ലെന്നു പ്രകടമാക്കി?
◻ അധികാരത്തിന്റെ ഉപയോഗം സംബന്ധിച്ച് അപ്പോസ്തലനായ പൗലോസ് മാതൃകായോഗ്യനെന്ന് പ്രകടമാക്കിയതെങ്ങനെ?
[22-ാം പേജിലെ ചിത്രങ്ങൾ]
യഹോവയുടെ മുഖ്യ ഗുണങ്ങൾ പൂർണ്ണമായി സന്തുലിതമാണ്
സ്നേഹം ശക്തി നീതി ജ്ഞാനം
[23-ാം പേജിലെ ചിത്രങ്ങൾ]
ദൈവം നീതിപൂർവ്വം തന്റെ ശക്തി പ്രദർശിപ്പിച്ചു
പ്രളയത്താൽ
സോദോമിലും ഗോമോറയിലും
ചെങ്കടലിങ്കൽ