ബൈബിളിന്റെ വീക്ഷണം
ഭാര്യോചിത കീഴ്പെടൽ അത് എന്തർഥമാക്കുന്നു?
ദൈവവചനമായ ബൈബിൾ എഫെസ്യർ 5:22-ൽ ഇപ്രകാരം പറയുന്നു: “ഭാര്യമാരേ, കർത്താവിന്നു എന്നപോലെ സ്വന്ത ഭർത്താക്കന്മാർക്കു കീഴടങ്ങുവിൻ.” ഇതിന്റെ കൃത്യമായ അർഥം എന്താണ്? മറ്റൊന്നും പരിഗണിക്കാതെ ഭർത്താവ് ആവശ്യപ്പെടുന്ന എന്തിനും ഭാര്യ കീഴ്പെടണമോ? മുൻകൈ എടുക്കാനോ അവന്റേതിൽനിന്നു വ്യത്യസ്തമായ അഭിപ്രായങ്ങൾ ഉണ്ടായിരിക്കാനോ അവൾക്ക് ഒരിക്കലും സാധിക്കുകയില്ലേ?
അബീഗയിലിനെക്കുറിച്ചുള്ള ബൈബിൾ വൃത്താന്തം പരിചിന്തിക്കുക. അവൾ ബുദ്ധിപൂർവം പ്രവർത്തിച്ചു. എന്നാൽ, സമ്പന്നനായ അവളുടെ ഭർത്താവ് നാബാലിന്റെ ആഗ്രഹങ്ങൾക്കു വിരുദ്ധമായിരുന്നു അത്. ഇസ്രായേലിന്റെ രാജാവാകാൻ ദൈവം തിരഞ്ഞെടുത്ത ദാവീദിന്റെ അനുയായികൾ നാബാലിനോടു ദയ കാട്ടിയെങ്കിലും നാബാൽ ‘അവരോടു കയർത്തു.’ നാബാലിന്റെ നന്ദിയില്ലായ്മയിൽ രോഷാകുലനായി ദാവീദ് അവനെ കൊല്ലാൻ തയ്യാറെടുത്തു. തന്റെ മുഴുകുടുംബവും അപകടത്തിലാണെന്ന് അബീഗയിൽ മനസ്സിലാക്കി. അവൾ ദാവീദിനെ ശാന്തനാക്കി. എങ്ങനെ?—1 ശമൂവേൽ 25:2-35.
നാബാൽ ‘ഒന്നിനും കൊള്ളാത്തവനാ’ണെന്നു ദാവീദിനോടു സമ്മതിച്ചുപറഞ്ഞ അബീഗയിൽ നാബാൽ തടഞ്ഞുവെച്ച വസ്തുവകകൾ ദാവീദിനു നൽകുകയും ചെയ്തു. പൊതുവേ, ഇണയുടെ തെറ്റുകുറ്റങ്ങൾ കൊട്ടിഘോഷിക്കുന്നതു ഭാര്യയെയോ ഭർത്താവിനെയോ സംബന്ധിച്ചിടത്തോളം തെറ്റാണ്. അബീഗയിൽ ഇത്തരത്തിൽ സംസാരിക്കുകയും പ്രവർത്തിക്കുകയും ചെയ്തതിൽ മത്സരമനോഭാവം കാട്ടിയോ? ഇല്ല. അവൾ നാബാലിന്റെയും കുടുംബാംഗങ്ങളുടെയും ജീവൻ രക്ഷിക്കാൻ ശ്രമിക്കുകയായിരുന്നു. അവൾ പതിവായി അനാദരവോ സ്വതന്ത്രചിന്താഗതിയോ കാട്ടിയിരുന്നു എന്നതിനു യാതൊരു സൂചനയുമില്ല. മാത്രമല്ല, ആർക്കും പ്രീതിപ്പെടുത്താൻ പറ്റാത്ത ആളായ നാബാൽ തന്റെ വലിയ എസ്റ്റേറ്റ് നോക്കിനടത്താൻ അവൾ സഹായിച്ചിരുന്ന വിധത്തിൽ ഒരിക്കലും അസംതൃപ്തി പ്രകടിപ്പിച്ചിരുന്നില്ല. എന്നാൽ, ഈ നിർണായക സാഹചര്യത്തിൽ മുൻകൈ എടുക്കാൻ ജ്ഞാനം അവളെ പ്രേരിപ്പിച്ചു. അതിലുമുപരി, അബീഗയിൽ ചെയ്ത സംഗതി ബൈബിൾ ശരിവെക്കുകയും ചെയ്യുന്നു.—1 ശമൂവേൽ 25:3, 25, 32, 33.
അബീഗയിൽ ജീവിച്ചിരുന്നതിനു വളരെ മുമ്പേതന്നെ ഗോത്രപിതാക്കന്മാരുടെ ഭാര്യമാർ തങ്ങളുടെ വീക്ഷണഗതികൾ പ്രകടിപ്പിക്കുകയും ഭർത്താക്കന്മാരുടെ ആഗ്രഹങ്ങളിൽനിന്നു വിഭിന്നമായ നടപടികൾ സ്വീകരിക്കുകയും ചെയ്ത കാലങ്ങളുണ്ടായിരുന്നു. എങ്കിലും, ‘ദൈവത്തിൽ പ്രത്യാശവെച്ചിരുന്ന ഈ വിശുദ്ധ സ്ത്രീകൾ’ ഒരു ക്രിസ്തീയ ഭാര്യയുടെ കീഴ്പെടലിന്റെ മാതൃകകളാക്കപ്പെട്ടിരിക്കുന്നു. (1 പത്രൊസ് 3:1-6) ഉദാഹരണത്തിന്, അബ്രാഹാമിന്റെ പുത്രനായ യിശ്മായേൽ തങ്ങളുടെ മകനായ യിസ്ഹാക്കിനു ഭീഷണിയായിത്തീർന്നിരിക്കുന്നതായി സാറാ മനസ്സിലാക്കിയപ്പോൾ യിശ്മായേലിനെ പറഞ്ഞയയ്ക്കാൻ അവൾ തീരുമാനിച്ചു. ഇത്, “അബ്രാഹാമിന്നു അനിഷ്ടമാ”യിരുന്നു. എന്നാൽ, ദൈവം അബ്രാഹാമിനോടു പറഞ്ഞു: ‘ബാലന്റെ നിമിത്തം . . . നിനക്കു അനിഷ്ടം തോന്നരുതു; സാറാ നിന്നോടു പറഞ്ഞതിലൊക്കെയും അവളുടെ വാക്കു കേൾക്ക.’—ഉല്പത്തി 21:11, 12.
വിവേചന ആവശ്യം
അപ്പോൾ, കീഴ്പെടലിന്റെ പേരിൽ, ബുദ്ധിശൂന്യമെന്നോ ദൈവികതത്ത്വങ്ങളുടെ ലംഘനമെന്നോ തോന്നുന്ന കാര്യം ചെയ്യാനുള്ള സമ്മർദത്തിനു വഴങ്ങുന്നത് ഒരു ഭാര്യയെ സംബന്ധിച്ചിടത്തോളം ബുദ്ധിയായിരിക്കുകയില്ല. എന്നുമാത്രമല്ല, അബീഗയിലും സാറായും ചെയ്തതുപോലെ അനിവാര്യമായിരിക്കുന്ന ഏതെങ്കിലും സംഗതി മുൻകൈ എടുത്തുചെയ്യുന്നതിൽ അവൾക്കു കുറ്റബോധം തോന്നേണ്ടതുമില്ല.
ഭാര്യോചിത കീഴ്പെടൽ എന്നു പറയുമ്പോൾ, ഭർത്താവ് ആഗ്രഹിക്കുന്ന എന്തിനോടും യോജിക്കണമെന്ന് അർഥമാക്കുന്നില്ല. വ്യത്യാസമുണ്ടാക്കുന്നത് എന്താണ്? ശരിയായ തത്ത്വങ്ങൾ അപകടത്തിലായിരിക്കുമ്പോൾ അവൾക്കു ഭർത്താവിനോടു വിയോജിക്കേണ്ടതുണ്ടായിരിക്കാം. എങ്കിൽപോലും ദൈവികകീഴ്പെടലിന്റെ എല്ലാവശവും ഉൾക്കൊള്ളുന്ന മനോഭാവം അവൾ അപ്പോഴും പ്രകടിപ്പിക്കേണ്ടതാണ്.
തീർച്ചയായും തന്നിഷ്ടം, വിരോധം അല്ലെങ്കിൽ തെറ്റായ ആന്തരങ്ങൾ എന്നിവ നിമിത്തം ഭർത്താവിന്റെ ആഗ്രഹങ്ങളെ മറികടക്കാതിരിക്കാൻ അവൾ ശ്രദ്ധിക്കേണ്ടതാണ്. അവൾ അബീഗയിലിനെപ്പോലെ വിവേചനയുള്ളവളും “വിവേകമുള്ളവളും” ആയിരിക്കണം.—1 ശമൂവേൽ 25:3.
ഭർത്താവ് ഉത്തരവാദിത്വം തഴയുമ്പോൾ
ഭാര്യയുടെ കീഴ്പെടലിന്റെ മുഖ്യ ലക്ഷ്യവും പ്രചോദനവും തന്റെ ഭർത്താവുമായി സഹകരിക്കുകയും അയാളുടെ തീരുമാനങ്ങളെ പിന്തുണയ്ക്കുകയും ചെയ്തുകൊണ്ട് യഹോവയെ പ്രസാദിപ്പിക്കുക എന്നതായിരിക്കണം. ഭർത്താവ് ആത്മീയ പക്വതയുള്ളവനാണെങ്കിൽ ഇതു വളരെ എളുപ്പമായിരിക്കും. അല്ലെങ്കിൽ അതൊരു വെല്ലുവിളിയായേക്കാം.
ഈ സാഹചര്യത്തെ അവൾക്ക് എങ്ങനെ നേരിടാം? അയാളോട് ആത്മാർഥമായി അഭ്യർഥിക്കുകയോ കുടുംബത്തിന് ഏറ്റവും പ്രയോജനപ്രദമായ തീരുമാനങ്ങൾ നിർദേശിക്കുകയോ ചെയ്യാം. ‘നേതൃത്വം വഹിക്കാൻ’ അവൾ അയാളെ അനുവദിക്കുകയാണെങ്കിൽ അയാൾ കൂടുതൽ നിപുണനായേക്കാം. ഭർത്താവിനെ നിരന്തരം കുറ്റപ്പെടുത്തിക്കൊണ്ടിരിക്കുന്നത്, ഉചിതമായ കീഴ്പെടൽ മനോഭാവത്തെ ലംഘിക്കുന്നു. (സദൃശവാക്യങ്ങൾ 21:19) എങ്കിലും, അയാളുടെ നയം കുടുംബക്ഷേമത്തെ അപകടത്തിലാക്കുമെന്നു വ്യക്തമായാൽ, സാറാ ചെയ്തതുപോലെ ശരിയായ ഗതി നിർദേശിക്കാനുള്ള തീരുമാനം അവൾക്ക് എടുക്കാവുന്നതാണ്.
ഭർത്താവ് ഒരു അവിശ്വാസിയാണെങ്കിൽ ഭാര്യയ്ക്കുള്ള വെല്ലുവിളി അതിലും കൂടുതലായിരിക്കും. അപ്പോഴും, ബൈബിൾ നിയമങ്ങൾ ലംഘിക്കാൻ അവളോട് ആവശ്യപ്പെടാതിരിക്കുന്നിടത്തോളം അവൾ കീഴ്പെട്ടിരിക്കേണ്ടതാണ്. അവൻ ബൈബിൾ നിയമങ്ങൾ ലംഘിക്കാൻ ആവശ്യപ്പെടുന്നപക്ഷം ഒരു ക്രിസ്തീയ ഭാര്യയുടെ പ്രതികരണം, ദൈവകൽപ്പന ലംഘിക്കാൻ കോടതി ആവശ്യപ്പെട്ടപ്പോഴത്തെ ശിഷ്യന്മാരുടെ പ്രതികരണത്തോടു സമാനമായിരിക്കേണ്ടതാണ്: “മനുഷ്യരെക്കാൾ ദൈവത്തെ അനുസരിക്കേണ്ടതാകുന്നു.”—പ്രവൃത്തികൾ 5:29.
എങ്കിലും, അനുഭവപരിചയത്തിന്റെ അഭാവവും പരിമിതമായ ജ്ഞാനവും നിമിത്തം നല്ല ഭാര്യാഭർത്താക്കന്മാർപോലും തങ്ങളുടെ ഭാഗധേയത്തെ മറികടന്നേക്കാം. ഭർത്താവ് പരിഗണന കാട്ടാതിരുന്നേക്കാം; ഭാര്യ തന്റെ ഇഷ്ടങ്ങൾക്കായി ശാഠ്യംപിടിച്ചേക്കാം. സഹായകമായ സംഗതി എന്തായിരിക്കും? “നാം എല്ലാവരും പലതിലും തെററിപ്പോകുന്നു” എന്നുള്ളതുകൊണ്ട് ഇരുവർക്കും തന്നെക്കുറിച്ചുതന്നെ എളിയ ഒരു വീക്ഷണമുണ്ടായിരിക്കേണ്ടതു പ്രധാനമാണ്.—യാക്കോബ് 3:2.
ഭാര്യ ആത്മാർഥതയോടെ മുൻകൈ എടുത്തു പ്രവർത്തിക്കുന്നതു വിവേകത്തോടെയാണെങ്കിൽ, പല പുരുഷന്മാരും അതു വിലമതിക്കാൻ ഇടയാകും. തെറ്റു ചെയ്യുമ്പോൾ ഇരുവരും ക്ഷമചോദിക്കുകയാണെങ്കിൽ സഹകരണം വർധിക്കുന്നു. യഹോവ നമ്മുടെ ദൈനംദിന തെറ്റുകുറ്റങ്ങൾ ക്ഷമിക്കുന്നതുപോലെ നാം മറ്റുള്ളവരോടും ക്ഷമിക്കണം. “യഹോവേ, നീ അകൃത്യങ്ങളെ ഓർമ്മവെച്ചാൽ കർത്താവേ, ആർ നിലനില്ക്കും?. . . നിന്റെ പക്കൽ വിമോചനം [“ക്ഷമ,” NW] ഉണ്ടു.”—സങ്കീർത്തനം 130:3, 4.
‘അന്യോന്യമുള്ള കീഴ്പെടൽ’
അപ്പോൾ, മെച്ചപ്പെട്ട പരസ്പര ക്ഷേമത്തിനുവേണ്ടി തിരുവെഴുത്തുകൾ ഇപ്രകാരം ഉപദേശിക്കുന്നു: “ക്രിസ്തുവിന്റെ ഭയത്തിൽ അന്യോന്യം കീഴ്പെട്ടിരിപ്പിൻ.” പരസ്പരം സ്നേഹപുരസ്സരമായ ആദരവു കാട്ടുക; ഇടഞ്ഞുനിൽക്കുകയോ മത്സരിക്കുകയോ ചെയ്യരുത്. വാക്യം തുടരുന്നു: “ഭാര്യമാരേ, കർത്താവിന്നു എന്നപോലെ സ്വന്ത ഭർത്താക്കന്മാർക്കു കീഴടങ്ങുവിൻ. ക്രിസ്തു ശരീരത്തിന്റെ രക്ഷിതാവായി സഭെക്കു തലയാകുന്നതുപോലെ ഭർത്താവു ഭാര്യെക്കു തലയാകുന്നു.”—എഫെസ്യർ 5:21-23.
എഫെസ്യർ 5:21, 22-ൽ പൗലൊസ് ഉപയോഗിച്ച ഗ്രീക്കു പദം, സ്വയം കീഴ്പെടുക എന്നാണ് അർഥമാക്കുന്നത്, അല്ലാതെ കീഴ്പെടാൻ നിർബന്ധിതരാകുക എന്നല്ല. കീഴ്പെടൽ വിവാഹത്തിന്റെ യോജിപ്പിനുവേണ്ടി മാത്രമുള്ളതല്ല, അതു കർത്താവിനുവേണ്ടിയുള്ളതാണ്. ക്രിസ്തുവിന്റെ അഭിഷിക്ത സഭ സ്വമേധയാ, സന്തോഷപൂർവം ക്രിസ്തുവിനു കീഴ്പെടുന്നു. ഭാര്യ ഭർത്താവിനോടും അപ്രകാരം ചെയ്യുമ്പോൾ സാധ്യതയനുസരിച്ച് വിവാഹം സന്തുഷ്ടിയുള്ളതും വിജയപ്രദവുമായിരിക്കും.
തിരുവെഴുത്തുകൾ ഇങ്ങനെയും പറയുന്നു: ഉദാരമായി, ‘ഓരോ [ഭർത്താക്കന്മാരും] താന്താന്റെ ഭാര്യയെ തന്നെപ്പോലെ തന്നേ സ്നേഹിക്കേണം.’ (എഫെസ്യർ 5:33; 1 പത്രൊസ് 3:7) താനും തന്റെ ശിരസ്സിനു കീഴ്പെട്ടിരിക്കേണ്ടതാണെന്നു ഭർത്താവും മനസ്സിൽ പിടിക്കണം. കാരണം, ബൈബിൾ ഇങ്ങനെ പറയുന്നു: “ഏതു പുരുഷന്റെയും തല ക്രിസ്തു.” അതേ, പുരുഷൻ ക്രിസ്തുവിന്റെ പഠിപ്പിക്കലുകളോടു കീഴ്പെട്ടിരിക്കേണ്ടതാണ്. ക്രമത്തിൽ, ക്രിസ്തു തന്റെ ശിരസ്സിനു കീഴ്പെട്ടിരിക്കുന്നു: “ക്രിസ്തുവിന്റെ തല ദൈവം.” അങ്ങനെ, യഹോവയ്ക്കൊഴികെ മറ്റെല്ലാവർക്കും ഒരു ശിരസ്സുണ്ട്. മാത്രമല്ല, യഹോവ തന്റെ നിയമങ്ങളോടു പറ്റിനിൽക്കുകപോലും ചെയ്യുന്നു.—1 കൊരിന്ത്യർ 11:3; തീത്തൊസ് 1:2; എബ്രായർ 6:18.
ക്രിസ്തീയ കീഴ്പെടൽ സന്തുലിതവും ഇരുലിംഗത്തിൽപ്പെട്ടവർക്കും പ്രയോജനപ്രദവുമാണ്. സ്നേഹവാനായ നമ്മുടെ സ്രഷ്ടാവിനു മാത്രം പ്രദാനം ചെയ്യാൻ കഴിയുന്ന യോജിപ്പും സംതൃപ്തിയും അതു വിവാഹത്തിൽ കൈവരുത്തുന്നു.—ഫിലിപ്പിയർ 4:7.
[14-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
Leslie’s