സ്നേഹം (അഗാപെ)—അത് എന്തല്ല, എന്താണ്
“നിങ്ങളുടെ സഹോദരപ്രീതിക്കു സ്നേഹവും പ്രദാനം ചെയ്യുക.”—2 പത്രോസ് 1:7, NW.
1. (എ) ബൈബിൾ ഏതു ഗുണത്തിനു പരമോൽകൃഷ്ടത കൽപ്പിക്കുന്നു? (ബി) ഏതു നാലു ഗ്രീക്കുപദങ്ങൾ മിക്കപ്പോഴും “സ്നേഹം” എന്നു വിവർത്തനം ചെയ്തിരിക്കുന്നു, 1 യോഹന്നാൻ 4:8 ഏതിനെയാണു പരാമർശിച്ചിരിക്കുന്നത്?
ഒരു ഗുണത്തിനോ നൻമക്കോ ദൈവവചനമായ ബൈബിൾ പരമോൽകൃഷ്ടത കൽപ്പിക്കുന്നുണ്ടെങ്കിൽ അതു സ്നേഹമാണ്. ക്രിസ്തീയ തിരുവെഴുത്തുകളുടെ മൂലഭാഷയായ ഗ്രീക്കിൽ “സ്നേഹ”മെന്നു മിക്കപ്പോഴും വിവർത്തനം ചെയ്തിരിക്കുന്ന നാലു പദങ്ങളുണ്ട്. ഇപ്പോൾ നാം ചിന്തിക്കുന്ന സ്നേഹം ലൈംഗിക ആകർഷണത്തെ അടിസ്ഥാനപ്പെടുത്തിയുള്ള ഈറോസോ (ക്രിസ്തീയ ഗ്രീക്കു തിരുവെഴുത്തുകളിൽ കാണപ്പെടാത്ത ഒരു പദം), രക്തബന്ധത്തെ അടിസ്ഥാനപ്പെടുത്തിയുള്ള ഒരു വികാരമായ സ്റേറാർജോ, പരസ്പര മതിപ്പിനെ അടിസ്ഥാനപ്പെടുത്തിയുള്ള ഊഷ്മളമായ സൗഹൃദ സ്നേഹമായ ഫീലിയയോ അല്ല. മറിച്ച്, അതു തത്ത്വാധിഷ്ഠിത സ്നേഹമായ അഗാപെയാണ്. “ദൈവം സ്നേഹമാകുന്നു” എന്ന് അപ്പോസ്തലനായ യോഹന്നാൻ പറഞ്ഞപ്പോൾ അദ്ദേഹം പരാമർശിച്ച ഈ സ്നേഹം നിസ്വാർഥതയുടെ പര്യായമാണെന്നു പറയാവുന്നതാണ്.—1 യോഹന്നാൻ 4:8, ഓശാന ബൈ.
2. സ്നേഹ(അഗാപെ)ത്തെക്കുറിച്ച് എന്താണു ശരിയായി പറയപ്പെട്ടിരിക്കുന്നത്?
2 ഈ സ്നേഹ(അഗാപെ)ത്തെ സംബന്ധിച്ച് പ്രൊഫസ്സർ വില്യം ബാർക്ലേ തന്റെ പുതിയനിയമ പദങ്ങളിൽ (New Testament Words) ഇങ്ങനെ പറയുന്നു: “അഗാപെക്കു മനസ്സനോടാണു ബന്ധം; അതു ക്ഷണിക്കപ്പെടാതെ നമ്മുടെ മനസ്സുകളിൽ പൊന്തിവരുന്ന [ഫീലിയയുടെ കാര്യത്തിൽ ആയിരിക്കാവുന്നതുപോലുള്ള] ഒരു കേവല വികാരമല്ല; ആ തത്ത്വത്താൽ നാം മനഃപൂർവം ജീവിക്കുകയാണ്. അഗാപെ ഇച്ഛാശക്തിയോടു വളരെ ബന്ധപ്പെട്ടിരിക്കുന്നു. അത് ഒരു കീഴടക്കലും വിജയവും നേട്ടവും ആണ്. ആരും ഒരുനാളും സ്വതവേ തന്റെ ശത്രുക്കളെ സ്നേഹിച്ചിട്ടില്ല. ഒരുവന്റെ ശത്രുക്കളെ സ്നേഹിക്കുക എന്നത് ഒരുവന്റെ സകല ചായ്വുകളെയും വികാരങ്ങളെയും കീഴടക്കലാണ്. ഈ അഗാപെ വാസ്തവത്തിൽ . . . സ്നേഹിക്കപ്പെടാൻ കഴിയാത്തവരെ സ്നേഹിക്കുന്നതിന്, നാം ഇഷ്ടപ്പെടാത്ത ആളുകളെ സ്നേഹിക്കുന്നതിന്, ഉള്ള ശക്തിയാണ്.”
3. യേശുക്രിസ്തുവും പൗലോസും സ്നേഹത്തിന് എന്ത് ഊന്നൽ നൽകി?
3 അതേ, യഹോവയാം ദൈവത്തിന്റെ നിർമലാരാധനയെ മറെറല്ലാത്തരം ആരാധനകളിൽനിന്നും വേർതിരിച്ചുനിർത്തുന്ന പല കാര്യങ്ങളിൽ ഒന്ന് ഇത്തരം സ്നേഹത്തിന് അതു നൽകുന്ന ഊന്നൽ ആണ്. യേശു ശരിയായിത്തന്നെ ഏററവും വലിയ കൽപ്പനകൾ ഇവ്വിധം പ്രസ്താവിച്ചു: “എല്ലാററിലും മുഖ്യ കല്പനയോ: ‘. . . നിന്റെ ദൈവമായ കർത്താവിനെ നീ പൂർണ്ണഹൃദയത്തോടും പൂർണ്ണാത്മാവോടും പൂർണ്ണമനസ്സോടും പൂർണ്ണശക്തിയോടും കൂടെ സ്നേഹിക്കേണം’ എന്നു ആകുന്നു. രണ്ടാമത്തേതോ: ‘കൂട്ടുകാരനെ നിന്നെപ്പോലെതന്നേ സ്നേഹിക്കേണം’ എന്നത്രേ. ഇവയിൽ വലുതായിട്ടു മറെറാരു കല്പനയും ഇല്ല.” (മർക്കൊസ് 12:29-31) അപ്പോസ്തലനായ പൗലോസ് 1 കൊരിന്ത്യർ 13-ാമധ്യായത്തിൽ സ്നേഹത്തിന് ഇതേ ഊന്നൽ നൽകി. സ്നേഹം അനിവാര്യമായ ഏററവും പ്രമുഖ ഗുണമെന്ന് ഊന്നിപ്പറഞ്ഞശേഷം അദ്ദേഹം ഇങ്ങനെ ഉപസംഹരിച്ചുപറഞ്ഞു: “ആകയാൽ വിശ്വാസം, പ്രത്യാശ, സ്നേഹം ഇവ മൂന്നും നിലനില്ക്കുന്നു; ഇവയിൽ വലിയതോ സ്നേഹം തന്നേ.” (1 കൊരിന്ത്യർ 13:13) തന്റെ അനുഗാമികളുടെ തിരിച്ചറിയിക്കൽ അടയാളം സ്നേഹം ആയിരിക്കുമെന്നു യേശു ശരിയായിപ്പറഞ്ഞു.—യോഹന്നാൻ 13:35.
സ്നേഹം അല്ലാത്ത കാര്യങ്ങൾ
4. പൗലോസ് 1 കൊരിന്ത്യർ 13:4-8-ൽ സ്നേഹത്തിന്റെ നിഷേധാത്മകവും ക്രിയാത്മകവും ആയ എത്ര വശങ്ങൾ പരാമർശിക്കുന്നു?
4 സ്നേഹം എന്താണെന്നതിനെക്കാൾ എന്തല്ലെന്നു പറയുന്നത് എളുപ്പമാണെന്നു പറയപ്പെട്ടിട്ടുണ്ട്. അതിൽ കുറച്ചു സത്യമുണ്ട്, കാരണം സ്നേഹത്തെക്കുറിച്ചുള്ള തന്റെ 1 കൊരിന്ത്യർ 13-മധ്യായത്തിൽ 4 മുതൽ 8 (NW) വരെയുള്ള വാക്യങ്ങളിൽ അപ്പോസ്തലനായ പൗലോസ് സ്നേഹം അല്ലാത്തവയായ ഒൻപതു കാര്യങ്ങളെക്കുറിച്ചും ആയിരിക്കുന്നവയായ ഏഴു കാര്യങ്ങളെക്കുറിച്ചും പരാമർശിക്കുന്നു.
5. “അസൂയ” എങ്ങനെ നിർവചിക്കപ്പെട്ടിരിക്കുന്നു, തിരുവെഴുത്തുകളിൽ അതു ക്രിയാത്മകമായ അർഥത്തിൽ എങ്ങനെ ഉപയോഗിച്ചിരിക്കുന്നു?
5 സ്നേഹം അല്ലാത്തതായി പൗലോസ് പറയുന്ന ഒന്നാമത്തെ കാര്യം അതു “അസൂയപ്പെടുന്നില്ല” എന്നതാണ്. അതിന് ഒരൽപ്പം വിശദീകരണം ആവശ്യമാണ്, കാരണം അസൂയക്കു ക്രിയാത്മകവും നിഷേധാത്മകവുമായ വശങ്ങളുണ്ട്. “അസൂയയുള്ള” എന്നതിനെ ഒരു നിഘണ്ടു “മത്സരത്തോട് അസഹിഷ്ണുതയുള്ള” എന്നും “അനന്യഭക്തി നിഷ്കർഷിക്കുന്ന” എന്നും നിർവചിക്കുന്നു. അതുകൊണ്ടു മോശ പുറപ്പാട് 34:14-ൽ (ഓശാന ബൈ.) ഇങ്ങനെ പ്രസ്താവിച്ചു: “നീ മറെറാരു ദൈവത്തെ ആരാധിക്കരുത്. കാരണം കർത്താവ് അസഹിഷ്ണുവായ ദൈവം ആകുന്നു. കർത്താവിന്റെ പേര് അസഹിഷ്ണു എന്നാകുന്നു.” പുറപ്പാട് 20:5-ൽ (NW) “നിന്റെ ദൈവമായ യഹോവയായ ഞാൻ അനന്യഭക്തി നിഷ്കർഷിക്കുന്ന ദൈവമാകുന്നു.” ഇതിനു സമാനമായ ഭാവത്തിൽ അപ്പോസ്തലനായ പൗലോസ് എഴുതി: “എനിക്കു നിങ്ങളോടു ദൈവികമായ അസൂയ തോന്നുന്നു.”—2 കോറിന്തോസ് 11:2, പി.ഒ.സി.ബൈ.
6. സ്നേഹം അസൂയയുള്ളതല്ലാത്തത് എന്തുകൊണ്ടെന്ന് ഏതു തിരുവെഴുത്തു ദൃഷ്ടാന്തങ്ങൾ പ്രകടമാക്കുന്നു?
6 എന്നിരുന്നാലും, “അസൂയ”ക്ക് ഒരു മോശമായ അർഥധ്വനിയാണുള്ളത്. അക്കാരണത്താൽത്തന്നെ അതു ഗലാത്യർ 5:20-ൽ ജഡത്തിന്റെ പ്രവൃത്തികളുടെ കൂട്ടത്തിൽ തരംതിരിക്കപ്പെട്ടിരിക്കുന്നു. അതേ, ഇത്തരം അസൂയ സ്വാർഥവും സ്നേഹത്തിന്റെ എതിരായ വിദ്വേഷം ജനിപ്പിക്കുന്നതുമാണ്. ഹാബേലിനെ കൊല്ലുന്ന അളവോളം അദ്ദേഹത്തെ ദ്വേഷിക്കാൻ അസൂയ കയീനെ ഇടയാക്കി. ജോസഫിനെ കൊല്ലുന്ന അളവോളം അദ്ദേഹത്തെ വെറുക്കാൻ അത് അദ്ദേഹത്തിന്റെ സഹോദരൻമാരെ ഇടയാക്കി. നാബോത്തിന്റെ മുന്തിരിത്തോട്ടം കണ്ട് ആഹാബ് അയാളോട് അസൂയയോടെ ഈർഷ്യ കാട്ടിയപോലെ സ്നേഹം മററുള്ളവരുടെ സ്വത്തുക്കളോ സൗകര്യങ്ങളോ കണ്ട് അസൂയയോടെ ഈർഷ്യപ്പെടുന്നില്ല.—1 രാജാക്കൻമാർ 21:1-19.
7. (എ) യഹോവ പൊങ്ങച്ചം പറച്ചിലുകാരെ വെറുക്കുന്നുവെന്ന് ഏതു സംഭവം പ്രകടമാക്കുന്നു? (ബി) സ്നേഹം ചിന്താശൂന്യമായിപ്പോലും പൊങ്ങച്ചം പറയുകയില്ലാത്തത് എന്തുകൊണ്ട്?
7 സ്നേഹം “പൊങ്ങച്ചം പറയുന്നില്ല” എന്നു പൗലോസ് അടുത്തതായി നമ്മോടു പറയുന്നു. പൊങ്ങച്ചം പറച്ചിൽ സ്നേഹത്തിന്റെ അഭാവത്തെ വെളിപ്പെടുത്തുന്നു, എന്തെന്നാൽ അത് ഒരുവനെ സ്വയം മററുള്ളവരെക്കാൾ ഉന്നത സ്ഥാനത്താക്കാൻ ഇടയാക്കുന്നു. നെബൂഖദ്നേസർ രാജാവു പൊങ്ങച്ചം പറഞ്ഞപ്പോൾ യഹോവ അദ്ദേഹത്തെ ലജ്ജിപ്പിച്ച വിധത്തിൽനിന്നു കാണാവുന്നതുപോലെ, പൊങ്ങച്ചം പറയുന്നവരെ അവിടുന്നു വെറുക്കുന്നു. (ദാനീയേൽ 4:30-35) സ്വന്തം നേട്ടങ്ങളിലോ ഉടമസ്ഥതകളിലോ അമിതമായി സന്തോഷിക്കുന്നതിനാൽ പൊങ്ങച്ചം പറച്ചിൽ മിക്കപ്പോഴും നടത്തുന്നതു ചിന്താശൂന്യമായാണ്. ചിലർ ക്രിസ്തീയ ശുശ്രൂഷയിലെ വിജയത്തെക്കുറിച്ചു പൊങ്ങച്ചം പറയാൻ ചായ്വു കാട്ടുന്നവരായിരിക്കാം. മററു ചിലർ, ഏതാണ്ട് 50,000 ഡോളർ വില വരുന്ന ഒരു പുതിയ വാഹനം താൻ വാങ്ങിയ വിവരം സുഹൃത്തുക്കളെ ഫോൺ വിളിച്ചറിയിക്കാൻ ഒരുങ്ങിയ ഒരു മൂപ്പനെപ്പോലെയാണ്. ഇത്തരത്തിലുള്ളതെല്ലാം സ്നേഹരഹിതമാണ്, കാരണം അതു പൊങ്ങച്ചക്കാരനെ തന്റെ ശ്രോതാക്കളെക്കാൾ ഉന്നതനെന്നവണ്ണം അവതരിപ്പിക്കുന്നു.
8. (എ) നിഗളിക്കുന്നവരോടുള്ള യഹോവയുടെ മനോഭാവം എന്താണ്? (ബി) സ്നേഹം അപ്രകാരം പെരുമാറാത്തത് എന്തുകൊണ്ട്?
8 പിന്നെ, സ്നേഹം “നിഗളിക്കുന്നില്ല” എന്നു നമ്മോടു പറഞ്ഞിരിക്കുന്നു. നിഗളിക്കുന്നവൻ അഥവാ അഹങ്കരിക്കുന്നവൻ സ്നേഹരഹിതമായി സ്വയം മററുള്ളവർക്കുമീതെ ഉയർത്തുന്നു. ഇത്തരം ഒരു മനോഭാവം അങ്ങേയററം ബുദ്ധിശൂന്യമാണ് കാരണം “ദൈവം നിഗളികളോടു എതിർത്തുനില്ക്കയും താഴ്മയുള്ളവർക്കു കൃപ നല്കുകയും ചെയ്യുന്നു.” (യാക്കോബ് 4:6) സ്നേഹം നേരെ മറിച്ചാണു പ്രവർത്തിക്കുന്നത്; അതു മററുള്ളവരെ ശ്രേഷ്ഠരായി കണക്കാക്കുന്നു. ഇതിനു ചേർച്ചയായി പൗലോസ് ഫിലിപ്പിയർ 2:2, 3-ൽ ഇങ്ങനെയെഴുതി: “നിങ്ങൾ ഏക മനസ്സുള്ളവരായി ഏകസ്നേഹം പൂണ്ടു ഐകമത്യപ്പെട്ടു ഏകഭാവമുള്ളവരായി ഇങ്ങനെ എന്റെ സന്തോഷം പൂർണ്ണമാക്കുവിൻ. ശാഠ്യത്താലോ ദുരഭിമാനത്താലോ ഒന്നും ചെയ്യാതെ താഴ്മയോടെ ഓരോരുത്തൻ മററുള്ളവനെ തന്നെക്കാൾ ശ്രേഷ്ഠൻ എന്നു എണ്ണിക്കൊൾവിൻ.” ഇത്തരം ഒരു മനോഭാവം മററുള്ളവരെ സുഖകരമായ ഒരവസ്ഥയിലാക്കുന്നു, എന്നാൽ അഹങ്കാരിയായ ഒരു വ്യക്തി തന്റെ കലഹശീലം നിമിത്തം മററുള്ളവരെ അസ്വസ്ഥരാക്കുന്നു.
9. സ്നേഹം അയോഗ്യമായി പെരുമാറുകയില്ലാത്തത് എന്തുകൊണ്ട്?
9 സ്നേഹം “അയോഗ്യമായി പെരുമാറുന്നില്ല” എന്നു പൗലോസ് കൂടുതലായി നമ്മോടു പറയുന്നു. “അയോഗ്യമായ” എന്നതിനെ നിഘണ്ടു “തീർത്തും നിരക്കാത്ത അല്ലെങ്കിൽ മര്യാദകൾക്കോ സദാചാരങ്ങൾക്കോ വിരുദ്ധമായ” എന്നു നിർവചിക്കുന്നു. അയോഗ്യമായി (സ്നേഹരഹിതമായി) പെരുമാറുന്ന ഒരുവൻ മററുള്ളവരുടെ വികാരങ്ങളെ മാനിക്കുന്നില്ല. ഇതിന്റെ ഗ്രീക്കുപദത്തെ അനവധി ഭാഷാന്തരങ്ങൾ “സംസ്കാരശൂന്യമായ” എന്നു വിവർത്തനം ചെയ്യുന്നു. ഉചിതമെന്നും നല്ലതെന്നും കരുതപ്പെടുന്നതിനെ ഇത്തരക്കാരൻ പരിഹസിക്കുന്നു. തീർച്ചയായും, മററുള്ളവരോടുള്ള സ്നേഹപൂർവകമായ പരിഗണന സംസ്കാരശൂന്യമോ അയോഗ്യമോ ആയ, വ്രണപ്പെടുത്തുന്നതും ഞെട്ടിക്കുന്നതുപോലുമായ സകല കാര്യങ്ങളും ഒഴിവാക്കുന്നതിനെ അർഥമാക്കും.
സ്നേഹം അല്ലാത്ത മററു കാര്യങ്ങൾ
10. സ്നേഹം അതിന്റെ സ്വന്തം താത്പര്യങ്ങൾ അന്വേഷിക്കുകയില്ലാത്തത് ഏതു വിധത്തിൽ?
10 അടുത്തതായി, നമ്മുടെ വ്യക്തിപരമായ താത്പര്യങ്ങളോ മററുള്ളവരുടേതോ എന്ന പ്രശ്നമുയരുമ്പോൾ സ്നേഹം “അതിന്റെ സ്വന്തം താത്പര്യങ്ങൾ അന്വേഷിക്കുന്നില്ല” എന്നു നമ്മോടു പറയപ്പെട്ടിരിക്കുന്നു. അപ്പോസ്തലൻ മറെറാരിടത്ത് ഇങ്ങനെ പ്രസ്താവിക്കുന്നു: “ആരും ഒരുനാളും തന്റെ ജഡത്തെ പകെച്ചിട്ടില്ലല്ലോ; . . . അതിനെ പോററി പുലർത്തുകയത്രേ ചെയ്യുന്നതു.” (എഫെസ്യർ 5:29) എന്നിരുന്നാലും, നമ്മുടെ താത്പര്യങ്ങൾ മററുള്ളവരുടെ താത്പര്യങ്ങളോട് എതിരിടുകയും മററു ബൈബിൾ തത്ത്വങ്ങളൊന്നും ഉൾപ്പെടാതിരിക്കുകയും ചെയ്യുമ്പോൾ, അബ്രാഹാം ലോത്തിനോടു ചെയ്തതുപോലെ സ്നേഹപൂർവം മറെറ വ്യക്തിയുടെ ആഗ്രഹത്തിനു വിട്ടുകൊടുക്കുക.—ഉല്പത്തി 13:8-11.
11. സ്നേഹം പ്രകോപിതമാകുന്നില്ല എന്നതിന്റെ അർഥമെന്ത്?
11 സ്നേഹം പെട്ടെന്നു നീരസപ്പെടുന്നുമില്ല. അതുകൊണ്ടു സ്നേഹം “പ്രകോപിതമാകുന്നില്ല” എന്നു പൗലോസ് നമ്മോടു പറയുന്നു. അതു വെറും തൊലിക്കനം മാത്രമുള്ളതല്ല. അത് ആത്മനിയന്ത്രണം പാലിക്കുന്നു. ക്ഷമകെട്ടു സ്വരമുയർത്തിപ്പറയുന്നതിനും പരസ്പരം ശകാരിക്കുന്നതിനും എതിരെ ജാഗ്രത പാലിച്ചുകൊണ്ട് വിശേഷിച്ചും വിവാഹിത ദമ്പതികൾ ഈ ബുദ്ധ്യുപദേശം ഗൗരവമായി എടുക്കണം. എളുപ്പം പ്രകോപിതരാകാവുന്ന സാഹചര്യങ്ങളുണ്ട്, ഇതേ കാരണത്താൽ തിമോഥെയോസിനു ബുദ്ധ്യുപദേശം കൊടുക്കേണ്ടതാവശ്യമായി പൗലോസിനു തോന്നി: “കർത്താവിന്റെ ദാസൻ ശണ്ഠ ഇടാതെ എല്ലാവരോടും ശാന്തനും ഉപദേശിപ്പാൻ സമർത്ഥനും ദോഷം സഹിക്കുന്നവനുമായി”—അതേ, പ്രകോപിതനാകുന്നില്ല—“അത്രേ ഇരിക്കേണ്ടതു.”—2 തിമൊഥെയൊസ് 2:24, 25.
12. (എ) സ്നേഹം ദോഷം കണക്കിടാത്തത് എങ്ങനെ? (ബി) ദോഷം കണക്കിടുന്നതു ബുദ്ധിശൂന്യമായിരിക്കുന്നത് എന്തുകൊണ്ട്?
12 സ്നേഹമല്ലാത്ത കാര്യങ്ങളെക്കുറിച്ചു തുടർന്നുപറയവേ, പൗലോസ് ഇങ്ങനെ ബുദ്ധ്യുപദേശിക്കുന്നു: “സ്നേഹം . . . ദോഷം കണക്കിടുന്നില്ല.” അതിന്റെ അർഥം സ്നേഹം ദോഷത്തെക്കുറിച്ചു ശ്രദ്ധിക്കുന്നില്ലെന്നല്ല. നാം ഗുരുതരമായി ദ്രോഹിക്കപ്പെടുമ്പോൾ കാര്യങ്ങൾ എങ്ങനെ കൈകാര്യം ചെയ്യണമെന്നു യേശു കാണിച്ചുതന്നിട്ടുണ്ട്. (മത്തായി 18:15-17) എന്നാൽ സ്നേഹം നമ്മെ വിദ്വേഷത്തിൽ തുടരാൻ, ഈർഷ്യ വെച്ചുപുലർത്തിക്കൊണ്ടിരിക്കാൻ അനുവദിക്കുന്നില്ല. ദോഷം കണക്കിടാതിരിക്കുക എന്നു പറഞ്ഞാൽ, തിരുവെഴുത്തുപരമായ രീതിയിൽ ഒരു സംഗതി കൈകാര്യം ചെയ്തുകഴിഞ്ഞാൽ അതു മറക്കുകയും ക്ഷമിക്കുകയും ചെയ്യുക എന്നർഥമാക്കുന്നു. അതേ, ചെയ്യപ്പെട്ട ഒരു തെററിന്റെ കണക്കു സൂക്ഷിച്ച് അതേപ്പററി ചിന്തിച്ചു ചിന്തിച്ചു നിങ്ങൾ തന്നെത്താൻ പീഡിപ്പിക്കുകയോ കഷ്ടത്തിലാക്കുകയോ ചെയ്യരുത്!
13. അനീതിയിൽ സന്തോഷിക്കുന്നില്ല എന്നതിന്റെ അർഥമെന്ത്, സ്നേഹം അങ്ങനെ സന്തോഷിക്കാത്തത് എന്തുകൊണ്ട്?
13 സ്നേഹം “അനീതിയിൽ സന്തോഷിക്കുന്നില്ല” എന്നു നമ്മോടു കൂടുതലായി പറയപ്പെട്ടിരിക്കുന്നു. അക്രമാസക്തവും അശ്ലീലവും ആയ സാഹിത്യങ്ങൾ, സിനിമകൾ, ടിവി പരിപാടികൾ എന്നിവയുടെ ജനസമ്മതിയിൽനിന്നു മനസ്സിലാക്കാവുന്നതുപോലെ, ലോകം അനീതിയിൽ സന്തോഷിക്കുന്നു. ദൈവത്തിന്റെ നീതിയുള്ള തത്ത്വങ്ങളെയോ മററുള്ളവരുടെ ക്ഷേമത്തെയോ മാനിക്കാത്തതിനാൽ ഇത്തരത്തിലുള്ള എല്ലാ ഉല്ലാസങ്ങളും സ്വാർഥമാണ്. ഇത്തരം സ്വാർഥമായ എല്ലാ ഉല്ലാസങ്ങളും ജഡത്തിൽ വിതയ്ക്കലാണ്, തക്ക സമയത്തു ജഡത്തിൽനിന്നു നാശം കൊയ്യുകയും ചെയ്യും.—ഗലാത്യർ 6:8.
14. സ്നേഹം ഒരിക്കലും ക്ഷയിച്ചുപോകുകയില്ല എന്നു ധൈര്യമായി പറയാവുന്നത് എന്തുകൊണ്ട്?
14 സ്നേഹം ചെയ്യാത്ത അവസാനത്തെ കാര്യം: “സ്നേഹം ഒരിക്കലും ക്ഷയിച്ചുപോകുന്നില്ല.” ഒരു സംഗതി, ദൈവം സ്നേഹമായിരിക്കുന്നതുകൊണ്ടും “നിത്യരാജാവായി”രിക്കുന്നതുകൊണ്ടും സ്നേഹം ഒരിക്കലും പരാജയപ്പെട്ടുപോകുകയോ തീർന്നുപോകുകയോ ചെയ്യുന്നില്ല. (1 തിമൊഥെയൊസ് 1:17) റോമർ 8:38, 39-ൽ നമ്മോടുള്ള യഹോവയുടെ സ്നേഹം ഒരിക്കലും പരാജയപ്പെട്ടുപോകയില്ല എന്നു നമുക്ക് ഉറപ്പു നൽകപ്പെട്ടിരിക്കുന്നു: “മരണത്തിന്നോ ജീവന്നോ ദൂതൻമാർക്കോ വാഴ്ചകൾക്കോ അധികാരങ്ങൾക്കോ ഇപ്പോഴുള്ളതിന്നോ വരുവാനുള്ളതിന്നോ ഉയരത്തിന്നോ ആഴത്തിന്നോ മററു യാതൊരു സൃഷ്ടിക്കോ നമ്മുടെ കർത്താവായ യേശുക്രിസ്തുവിലുള്ള ദൈവസ്നേഹത്തിൽനിന്നു നമ്മെ വേറുപിരിപ്പാൻ കഴികയില്ല എന്നു ഞാൻ ഉറെച്ചിരിക്കുന്നു.” കൂടാതെ, സ്നേഹം ഒരിക്കലും കുറവുള്ളതായി കാണപ്പെടാത്തതുകൊണ്ടും അത് ഒരിക്കലും ക്ഷയിച്ചു പോകുന്നില്ല. സ്നേഹം ഏതു വെല്ലുവിളിയെയും ഏതു സാഹചര്യത്തെയും നേരിടാൻ പ്രാപ്തമാണ്.
സ്നേഹം ആയിരിക്കുന്ന കാര്യങ്ങൾ
15. സ്നേഹത്തിന്റെ ക്രിയാത്മകമായ വശങ്ങളിൽ പൗലോസ് ദീർഘക്ഷമ ഒന്നാമതു പട്ടികപ്പെടുത്തിയിരിക്കുന്നത് എന്തുകൊണ്ട്?
15 സ്നേഹം ആയിരിക്കുന്ന ക്രിയാത്മകമായ വശത്തേക്കു വന്നുകൊണ്ട്, സ്നേഹം “ദീർഘക്ഷമയുള്ളതാണ്” എന്നു പറഞ്ഞ് പൗലോസ് തുടങ്ങുന്നു. ദീർഘക്ഷമ കാട്ടാതെ, അതായത് പരസ്പരം പൊറുക്കാതെ ക്രിസ്തീയ ഐക്യമെന്നൊന്നില്ല എന്നു പറയപ്പെട്ടിരിക്കുന്നു. അത് അങ്ങനെയായിരിക്കുന്നതു നാമെല്ലാം അപൂർണരും നമ്മുടെ അപൂർണതകളും കുറവുകളും മററുള്ളവർക്ക് ഒരു പരിശോധന ആയിരിക്കുന്നതുകൊണ്ടുമാണ്. സ്നേഹം എന്തായിരിക്കുന്നുവോ അവയുടെ കൂട്ടത്തിൽ അപ്പോസ്തലനായ പൗലോസ് ഇത് ആദ്യം പട്ടികപ്പെടുത്തുന്നത് അതിശയമല്ല!
16. ഒരു കുടുംബത്തിലെ അംഗങ്ങൾക്ക് ഏതുവിധങ്ങളിൽ അന്യോന്യം ദയ കാട്ടാവുന്നതാണ്?
16 സ്നേഹം “ദയയുള്ളതാകുന്നു” എന്നും പൗലോസ് പ്രസ്താവിക്കുന്നു. എന്നുപറഞ്ഞാൽ, സ്നേഹം സഹായസന്നദ്ധവും വിചാരമുള്ളതും മററുള്ളവരെക്കുറിച്ചു പരിഗണനയുള്ളതും ആകുന്നു എന്നർഥം. ദയ വലുതും ചെറുതുമായ കാര്യങ്ങളിലൂടെ സ്വയം പ്രത്യക്ഷമാകുന്നു. ഉപകാരിയായ ശമര്യാക്കാരൻ കള്ളൻമാർ ഉപേക്ഷിച്ചിട്ടിട്ടുപോയ മനുഷ്യനോടു തീർച്ചയായും ദയ കാട്ടുകയായിരുന്നു. (ലൂക്കൊസ് 10:30-37) “ദയവായി” എന്നു പറയുന്നതിൽ സ്നേഹം സന്തോഷം കണ്ടെത്തുന്നു. “അപ്പം തരൂ” എന്നു പറയുന്നത് ഒരു ആജ്ഞയാണ്. അതിനു മുഖവുരയായി “ദയവായി” എന്നു പറയുന്നത് അതിനെ ഒരു അപേക്ഷയാക്കുന്നു. 1 പത്രൊസ് 3:7-ലെ “അങ്ങനെ തന്നേ ഭർത്താക്കൻമാരേ, നിങ്ങളുടെ പ്രാർത്ഥനെക്കു മുടക്കം വരാതിരിക്കേണ്ടതിന്നു വിവേകത്തോടെ ഭാര്യമാരോടുകൂടെ വസിച്ചു, സ്ത്രീജനം ബലഹീനപാത്രം എന്നും അവർ ജീവന്റെ കൃപെക്കു കൂട്ടവകാശികൾ എന്നും ഓർത്തു അവർക്കു ബഹുമാനം കൊടുപ്പിൻ” എന്ന ബുദ്ധ്യുപദേശം ഭർത്താക്കൻമാർ അനുസരിക്കുമ്പോൾ അവർ തങ്ങളുടെ ഭാര്യമാരോടു ദയയുള്ളവരാണ്. ഭാര്യമാർ അവരോട് “ആഴമായ ബഹുമാനം” പ്രകടമാക്കുമ്പോൾ അവർ ദയ കാട്ടുകയാണ്. (എഫേസ്യർ 5:33, NW) എഫെസ്യർ 6:4-ലെ “പിതാക്കൻമാരേ, നിങ്ങളുടെ മക്കളെ കോപിപ്പിക്കാതെ കർത്താവിന്റെ ബാലശിക്ഷയിലും പത്ഥ്യോപദേശത്തിലും പോററി വളർത്തുവിൻ” എന്ന ഉപദേശം പിതാക്കൻമാർ പാലിക്കുമ്പോൾ അവർ മക്കളോടു ദയയുള്ളവരാണ്.
17. സ്നേഹം സത്യത്തിൽ സന്തോഷിക്കുന്ന രണ്ടു വിധങ്ങൾ ഏവ?
17 സ്നേഹം അനീതിയിൽ സന്തോഷിക്കുന്നില്ല എന്നാൽ “സത്യത്തിൽ സന്തോഷിക്കുന്നു.” സ്നേഹവും സത്യവും കൈകോർത്തുനീങ്ങുന്നു—ദൈവം സ്നേഹമാണ്, അതേസമയംതന്നെ, അവിടുന്നു “സത്യത്തിന്റെ ദൈവ”വുമാണ്. (സങ്കീർത്തനം 31:5, NW) സത്യം വ്യാജത്തെ തുറന്നുകാട്ടുകയും അതിൻമേൽ വിജയം വരിക്കുകയും ചെയ്യുന്നതു കാണുന്നതിൽ സ്നേഹം സന്തോഷിക്കുന്നു; യഹോവയുടെ ആരാധകരുടെ സംഖ്യയിൽ ഇന്നു സംഭവിക്കുന്ന വൻവർധനവിനു ഭാഗികമായി ഇതാണു കാരണം. എന്നിരുന്നാലും, സത്യം അനീതിയുടെ വിപരീതമായതിനാൽ അതിന്റെ അർഥം സ്നേഹം നീതിയിൽ സന്തോഷിക്കുന്നുവെന്നുമായിരിക്കണം. മഹാബാബിലോന്റെ വീഴ്ചയിൽ യഹോവയുടെ സാക്ഷികൾ ചെയ്യാൻ കൽപ്പിക്കപ്പെട്ടിരിക്കുന്നതുപോലെ, സ്നേഹം നീതിയുടെ വിജയത്തിൽ സന്തോഷിക്കുന്നു.—വെളിപ്പാടു 18:20.
18. സ്നേഹം എല്ലാം പൊറുക്കുന്നത് ഏതർഥത്തിൽ?
18 സ്നേഹം “എല്ലാം പൊറുക്കുന്നു”വെന്നും പൗലോസ് നമ്മോടു പറയുന്നു. കിംഗ്ഡം ഇൻറർലീനിയർ പ്രകടമാക്കുന്നപ്രകാരം, സ്നേഹം എല്ലാററിനെയും മറയ്ക്കുന്നുവെന്നതാണ് ആശയം. ദുഷ്ടൻമാർക്കു ചെയ്യാൻ പ്രവണതയുള്ളതുപോലെ അത് ഒരു സഹോദരന് എതിരെ “അപവാദം പറയു”ന്നില്ല. (സങ്കീർത്തനം 50:20; സദൃശവാക്യങ്ങൾ 10:12; 17:9) അതേ, ഇവിടത്തെ ആശയം 1 പത്രൊസ് 4:8-ലേതുപോലെതന്നെയാണ്: “സ്നേഹം പാപങ്ങളുടെ ബഹുത്വത്തെ മറെക്കുന്നു.” എന്നാൽ യഹോവക്കും ക്രിസ്തീയ സഭക്കും എതിരെയുള്ള ഗുരുതരമായ പാപത്തെ മറയ്ക്കുന്നതിൽനിന്നു വിശ്വസ്തത തീർച്ചയായും ഒരുവനെ തടയും.
19. സ്നേഹം എല്ലാം വിശ്വസിക്കുന്നത് ഏതുവിധത്തിൽ?
19 സ്നേഹം “എല്ലാം വിശ്വസിക്കുന്നു.” സ്നേഹം ക്രിയാത്മകമാണ്, നിഷേധാത്മകമല്ല. ഇതിന്റെ അർഥം അതിനെ എളുപ്പത്തിൽ കബളിപ്പിക്കാമെന്നല്ല. അത് ആവേശംകൊള്ളിക്കുന്ന പ്രസ്താവനകൾ പെട്ടെന്നു വിശ്വസിക്കുന്നില്ല. എന്നാൽ ദൈവത്തിൽ വിശ്വാസമുണ്ടായിരിക്കേണ്ടതിന് ഒരുവനു വിശ്വസിക്കാനുള്ള മനസ്സുണ്ടായിരിക്കണം. അതുകൊണ്ടു സ്നേഹം സംശയാലുവല്ല, അന്യായമായി വിമർശിക്കുന്നതുമല്ല. ദൈവമില്ലായെന്ന് അന്ധമായി പറയുന്ന ഒരു നിരീശ്വരവാദി ചെയ്യുന്നതുപോലെ അതു വിശ്വസിക്കാൻ കൂട്ടാക്കാതിരിക്കുന്നില്ല. അത്, നാം എവിടെനിന്നു വന്നുവെന്നോ നാം എന്തുകൊണ്ട് ഇവിടെയായിരിക്കുന്നുവെന്നോ ഭാവി എന്തായിരിക്കുമെന്നോ അറിയുക കേവലം അസാധ്യമാണെന്ന് അന്ധമായി ശഠിക്കുന്ന അജ്ഞേയതാവാദിയെപ്പോലെയുമല്ല. ഇക്കാര്യങ്ങളെക്കുറിച്ചെല്ലാം ദൈവവചനം നമുക്ക് ഉറപ്പു നൽകുന്നു. അകാരണമായി സംശയിക്കാതെ ആശ്രയിക്കാനൊരുക്കമുള്ളതാകയാൽ സ്നേഹം വിശ്വസിക്കാൻ സന്നദ്ധമാണ്.
20. സ്നേഹം പ്രത്യാശയോട് എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?
20 സ്നേഹം “എല്ലാം പ്രത്യാശിക്കുന്നു” എന്ന് അപ്പോസ്തലനായ പൗലോസ് നമുക്കു കൂടുതലായി ഉറപ്പു നൽകുന്നു. സ്നേഹം നിഷേധാത്മകമായിരിക്കാതെ ക്രിയാത്മകമായിരിക്കുന്നതിനാൽ, ദൈവവചനത്തിൽ വാഗ്ദാനം ചെയ്തിരിക്കുന്ന എല്ലാത്തിലും അതിന് ഉറപ്പുള്ള പ്രത്യാശയുണ്ട്. “ഉഴുന്നവൻ ആശയോടെ ഉഴുകയും മെതിക്കുന്നവൻ പതം കിട്ടും എന്ന ആശയോടെ മെതിക്കയും വേണ്ടതാ”ണ് എന്നു നമ്മോടു പറയപ്പെട്ടിരിക്കുന്നു. (1 കൊരിന്ത്യർ 9:10) സ്നേഹം വിശ്വസിക്കുന്നതുപോലെതന്നെ പ്രത്യാശിക്കുകയും—എല്ലായ്പോഴും നല്ലതു ഭവിക്കുമെന്നു പ്രത്യാശിക്കുകയും—ചെയ്യുന്നു.
21. സ്നേഹം സഹിച്ചുനിൽക്കുന്നുവെന്നുള്ളതിനു തിരുവെഴുത്തുപരമായ ഏത് ഉറപ്പുണ്ട്?
21 അവസാനമായി, സ്നേഹം “എല്ലാം സഹിക്കുന്നു” എന്നു നമുക്ക് ഉറപ്പു നൽകിയിരിക്കുന്നു. അതിന് അങ്ങനെ ചെയ്യാൻ സാധിക്കുന്നത് “മനുഷ്യർക്കു നടപ്പല്ലാത്ത പരീക്ഷ നിങ്ങൾക്കു നേരിട്ടിട്ടില്ല; ദൈവം വിശ്വസ്തൻ; നിങ്ങൾക്കു കഴിയുന്നതിനു മീതെ പരീക്ഷ നേരിടുവാൻ സമ്മതിക്കാതെ നിങ്ങൾക്കു സഹിപ്പാൻ കഴിയേണ്ടതിന്നു പരീക്ഷയോടുകൂടെ അവൻ പോക്കുവഴിയും ഉണ്ടാക്കും” എന്ന് 1 കൊരിന്ത്യർ 10:13-ൽ അപ്പോസ്തലനായ പൗലോസ് പറഞ്ഞ വാക്കുകൾ നിമിത്തമാണ്. ദൈവത്തിന്റെ ദാസൻമാർ സഹിച്ചുനിന്നിട്ടുള്ളതിന്റെ തിരുവെഴുത്തുകളിൽ നൽകിയിരിക്കുന്ന നിരവധി ദൃഷ്ടാന്തങ്ങളിലേക്ക്—എബ്രായർ 12:2, 3-ൽ നമ്മെ അനുസ്മരിപ്പിച്ചിരിക്കുന്നതുപോലെ അതിൽ ഏററവും പ്രമുഖമായ യേശുക്രിസ്തുവിന്റെ ദൃഷ്ടാന്തത്തിലേക്ക്—നോക്കാൻ സ്നേഹം നമ്മെ ഇടയാക്കും.
22. ദൈവത്തിന്റെ മക്കളെന്നനിലയിൽ, ഏതു പരമോൽകൃഷ്ട ഗുണം പ്രകടമാക്കുന്നതിനെക്കുറിച്ചു നാം എല്ലായ്പോഴും ചിന്തയുള്ളവരായിരിക്കണം?
22 ക്രിസ്ത്യാനികൾ—യഹോവയുടെ സാക്ഷികൾ—എന്നനിലയിൽ നാം നട്ടുവളർത്തേണ്ട ഏററവും പ്രമുഖമായ ഗുണം തീർച്ചയായും സ്നേഹ(അഗാപെ)മാണ്—അത് എന്തല്ലെന്നതിനോടും എന്താണെന്നതിനോടും ഉള്ള ബോധത്തോടെതന്നെ. ദൈവത്തിന്റെ മക്കളെന്നനിലയിൽ, ദൈവത്തിന്റെ ഈ ആത്മാവിന്റെ ഫലം പ്രകടമാക്കുന്നതിനെക്കുറിച്ചു നമുക്ക് എല്ലായ്പോഴും ചിന്തയുള്ളവരായിരിക്കാം. അങ്ങനെ ചെയ്യുകയെന്നാൽ ദൈവസമാനമാകുക എന്നാണ്, എന്തെന്നാൽ ഓർമിക്കുക, “ദൈവം സ്നേഹം തന്നേ.”
നിങ്ങൾ ഓർമിക്കുന്നുവോ?
◻ യേശുവും പൗലോസും സ്നേഹത്തിന്റെ പരമോൽകൃഷ്ടത എങ്ങനെ പ്രകടമാക്കുന്നു?
◻ സ്നേഹം അസൂയപ്പെടാത്തത് ഏതർഥത്തിൽ?
◻ സ്നേഹം ‘എല്ലാം പൊറുക്കുന്ന’ത് എങ്ങനെ?
◻ സ്നേഹം ഒരിക്കലും പരാജയപ്പെടുന്നില്ല എന്നു പറയാവുന്നത് എന്തുകൊണ്ട്?
◻ ഏതു രണ്ടു വിധങ്ങളിൽ സ്നേഹം സത്യത്തിൽ സന്തോഷിക്കുന്നു?
[21-ാം പേജിലെ ചതുരം]
സ്നേഹം (അഗാപെ)
അത് എന്തല്ല എന്താണ്
1. അത് അസൂയപ്പെടുന്നില്ല 1. ദീർഘക്ഷമയുള്ളത്
2. പൊങ്ങച്ചം പറയുന്നില്ല 2. ദയയുള്ളത്
3. നിഗളിക്കുന്നില്ല 3. സത്യത്തിൽ സന്തോഷിക്കുന്നു
4. അയോഗ്യമായി പെരുമാറുന്നില്ല 4. എല്ലാം പൊറുക്കുന്നു
5. അതിന്റെ സ്വന്തം താത്പര്യങ്ങൾ അന്വേഷിക്കുന്നില്ല 5. എല്ലാം വിശ്വസിക്കുന്നു
6. പ്രകോപിതമാകുന്നില്ല 6. എല്ലാം പ്രത്യാശിക്കുന്നു
7. ദോഷം കണക്കിടുന്നില്ല 7. എല്ലാം സഹിക്കുന്നു
8. അനീതിയിൽ സന്തോഷിക്കുന്നില്ല
9. ഒരിക്കലും ക്ഷയിച്ചുപോകുന്നില്ല
[18-ാം പേജിലെ ചിത്രം]
പൊങ്ങച്ചം പറഞ്ഞതിനു യഹോവ നെബൂഖദ്നേസറിനെ ലജ്ജിപ്പിച്ചു