അധ്യായം 22
“ദൈവത്തെയാണ് ആരാധിക്കേണ്ടത്”
മുഖ്യവിഷയം: യഹസ്കേൽ പുസ്തകത്തിലെ പ്രധാന വിഷയങ്ങളുടെ പുനരവലോകനവും, ഇക്കാലത്തും ഭാവിയിലും അതിനുള്ള പ്രസക്തിയും
1, 2. (എ) ആരാധനയുടെ കാര്യത്തിൽ നമ്മളെല്ലാം ഏതു തീരുമാനമെടുക്കണം? (ബി) ആരാധന സ്വീകരിക്കാൻ അവസരം കിട്ടിയപ്പോൾ വിശ്വസ്തനായ ഒരു ദൈവദൂതൻ എന്താണു പറഞ്ഞത്?
‘ഞാൻ ആരെയാണ് ആരാധിക്കേണ്ടത്?’ നമ്മുടെ ഓരോരുത്തരുടെയും മുന്നിലുള്ള നിർണായകമായ ഒരു ചോദ്യമാണ് ഇത്. അതൊരു കുഴപ്പംപിടിച്ച ചോദ്യമാണെന്നും അതിന്റെ ഉത്തരങ്ങൾ നമ്മളെ ആശയക്കുഴപ്പത്തിലാക്കുമെന്നും പലരും പറഞ്ഞേക്കാം. എന്നാൽ വാസ്തവം അതല്ല. കാരണം നമ്മുടെ മുന്നിൽ രണ്ടു വഴിയേ ഉള്ളൂ. ഒന്നുകിൽ നമ്മൾ ദൈവമായ യഹോവയെ ആരാധിക്കണം, അല്ലെങ്കിൽ പിശാചായ സാത്താനെ ആരാധിക്കണം.
2 ആരാധന കിട്ടാൻ ആർത്തിപൂണ്ട് നടക്കുന്നവനാണു സാത്താൻ. അവൻ യേശുവിനെ പ്രലോഭിപ്പിച്ചപ്പോൾ അക്കാര്യം വളരെ വ്യക്തമായി. ഈ പ്രസിദ്ധീകരണത്തിന്റെ 1-ാം അധ്യായത്തിൽ കണ്ടതുപോലെ അസാധാരണമായ ഒരു സമ്മാനമാണു സാത്താൻ യേശുവിനു വാഗ്ദാനം ചെയ്തത്—ഭൂമിയിലെ എല്ലാ രാജ്യങ്ങളുടെയും മേലുള്ള അധികാരം! അതിനു പകരം സാത്താനു വേണ്ടിയിരുന്നതോ? ‘എന്നെയൊന്ന് ആരാധിക്കുക’ എന്നാണു സാത്താൻ യേശുവിനോടു പറഞ്ഞത്. (മത്താ. 4:9) എന്നാൽ യോഹന്നാൻ അപ്പോസ്തലനു കാര്യങ്ങൾ വെളിപ്പെടുത്തിക്കൊടുക്കാൻ ഒരു ഉപാധിയായി വർത്തിച്ച ദൈവദൂതൻ സാത്താനെപ്പോലെ അല്ലായിരുന്നു. ആ ദൂതൻ ആരാധന നിരസിക്കുകയാണു ചെയ്തത്. (വെളിപാട് 22:8, 9 വായിക്കുക.) തന്നെ ആരാധിക്കാൻ യോഹന്നാൻ മുതിർന്നപ്പോൾ ദൈവത്തിന്റെ ആ ആത്മപുത്രൻ, “അരുത്!” എന്നു താഴ്മയോടെ പറഞ്ഞു. ‘എന്നെ ആരാധിക്ക്’ എന്നു പറയുന്നതിനു പകരം ‘ദൈവത്തെ ആരാധിക്കുക’ എന്നാണു ദൂതൻ പറഞ്ഞത്.
3. (എ) എന്തു ലക്ഷ്യത്തിലാണ് ഈ പ്രസിദ്ധീകരണം തയ്യാറാക്കിയത്? (ബി) ഇനി നമ്മൾ എന്തു പരിചിന്തിക്കും?
3 ദൈവമായ യഹോവയെ മാത്രം ആരാധിക്കുക! (ആവ. 10:20; മത്താ. 4:10) യഥാർഥത്തിൽ, ദൈവദൂതന്റെ വാക്കുകളിലെ ആ ആഹ്വാനം ശിരസ്സാവഹിക്കാനുള്ള നമ്മുടെ തീരുമാനത്തെ ബലപ്പെടുത്തുകയായിരുന്നു ഈ പ്രസിദ്ധീകരണത്തിന്റെ ലക്ഷ്യം. യഹസ്കേലിന്റെ പ്രവചനങ്ങളിൽനിന്നും ദർശനങ്ങളിൽനിന്നും ശുദ്ധാരാധനയെക്കുറിച്ച് നമ്മൾ എന്തെല്ലാം പഠിച്ചെന്ന് ഇപ്പോൾ ഹ്രസ്വമായൊന്ന് അവലോകനം ചെയ്യാം. തുടർന്ന്, ഭൂമിയിലുള്ള എല്ലാ മനുഷ്യരും ഒരു അന്തിമപരിശോധന നേരിടുന്ന കാലത്തേക്കു തിരുവെഴുത്തുകളുടെ സഹായത്തോടെ നമുക്കൊന്നു സഞ്ചരിക്കാം. പിന്നീടൊരിക്കലും കളങ്കമേൽക്കാത്ത വിധം യഹോവ ശുദ്ധാരാധന പൂർണമായി പുനഃസ്ഥാപിക്കുന്നതു കാണാൻ ആരെല്ലാം ജീവിച്ചിരിക്കുമെന്നു തീരുമാനിക്കുന്ന ഒരു പരിശോധനയായിരിക്കും അത്.
യഹസ്കേൽ പുസ്തകം ഊന്നൽ നൽകുന്ന മൂന്നു വിഷയങ്ങൾ
4. യഹസ്കേൽ പുസ്തകം ഊന്നൽ നൽകിയിരിക്കുന്ന മൂന്നു വിഷയങ്ങൾ ഏതൊക്കെയാണ്?
4 ശുദ്ധാരാധന എന്നാൽ ഔപചാരികമായ കുറെ ആചാരാനുഷ്ഠാനങ്ങളല്ലെന്ന് യഹസ്കേൽ പുസ്തകം നമ്മളെ പഠിപ്പിക്കുന്നു. നമ്മുടേതു ശുദ്ധാരാധന ആയിരിക്കണമെങ്കിൽ നമ്മൾ (1) യഹോവയ്ക്കു സമ്പൂർണഭക്തി നൽകണം; (2) ഐക്യത്തോടെ ദൈവത്തിനു നിർമലമായ ആരാധന അർപ്പിക്കണം; (3) മറ്റുള്ളവരോടുള്ള സ്നേഹത്തിനു തെളിവേകണം. ഈ പുസ്തകത്തിൽ ചർച്ച ചെയ്തിരിക്കുന്ന പ്രവചനങ്ങളും ദർശനങ്ങളും മേൽപ്പറഞ്ഞ മൂന്നു വിഷയങ്ങൾക്ക് ഊന്നൽ നൽകുന്നത് എങ്ങനെയെന്നു നമുക്കു നോക്കാം.
ഒന്നാമത്തെ വിഷയം: യഹോവയ്ക്കു സമ്പൂർണഭക്തി നൽകുക
5-9. യഹോവയ്ക്കു സമ്പൂർണഭക്തി കൊടുക്കുന്നതിനെക്കുറിച്ച് നമ്മൾ എന്താണു പഠിച്ചത്?
5 അധ്യായം 3:a യഹോവയ്ക്കു ചുറ്റും ഒരു മഴവില്ലുള്ളതായും യഹോവ ശക്തരായ ആത്മജീവികളെ വാഹനമാക്കി സഞ്ചരിക്കുന്നതായും വർണിക്കുന്ന ഉജ്ജ്വലമായ ദർശനം ഒരു അടിസ്ഥാനവസ്തുതയ്ക്ക് അടിവരയിടുന്നു: സർവശക്തൻ മാത്രമാണു നമ്മുടെ ആരാധനയ്ക്ക് അർഹൻ!—യഹ. 1:4, 15-28.
6 അധ്യായം 5: ആളുകൾ യഹോവയുടെ ആലയം അശുദ്ധമാക്കുന്നതായി കണ്ട ദർശനം എത്ര ഞെട്ടിക്കുന്നതായിരുന്നു! യഹോവയുടെ കണ്ണിനു മറഞ്ഞിരിക്കുന്നതായി ഒന്നുമില്ലെന്ന് ഈ ദർശനം സൂചിപ്പിക്കുന്നു. ഉദാഹരണത്തിന്, തന്റെ ജനം തന്നെ ഉപേക്ഷിച്ച് വിഗ്രഹാരാധനയിലേക്കു തിരിഞ്ഞത് യഹോവ കണ്ടു. സമാനമായി ആളുകൾ തന്നോട് അവിശ്വസ്തത കാട്ടുന്നതു മനുഷ്യരാരും കണ്ടില്ലെങ്കിലും യഹോവയ്ക്കു കാണാനാകും. അതെല്ലാം യഹോവയെ വേദനിപ്പിക്കും; അത്തരം കാര്യങ്ങൾ ചെയ്യുന്നവരെ യഹോവ ശിക്ഷിക്കാതെ വിടില്ല.—യഹ. 8:1-18.
7 അധ്യായം 7: ചുറ്റുമുള്ള ജനതകൾ ഇസ്രായേല്യരോടു “പരമപുച്ഛത്തോടെ” ഇടപെട്ടപ്പോൾ യഹോവ അവർക്കെതിരെ ന്യായവിധികൾ ഉച്ചരിച്ചത് ഒരു കാര്യം തെളിയിക്കുന്നു: തന്റെ ജനത്തോട് അപമര്യാദയായി പെരുമാറുന്നവരോട് യഹോവ കണക്കുചോദിക്കും. (യഹ. 25:6) ഇനി, ആ ജനതകളോടുള്ള ഇസ്രായേല്യരുടെ ഇടപെടലുകളിൽനിന്നും നമുക്കൊരു പാഠം പഠിക്കാനുണ്ട്: യഹോവയോടുള്ള വിശ്വസ്തതയ്ക്കു നമ്മൾ മറ്റ് എന്തിനെക്കാളും പ്രാധാന്യം കൊടുക്കണം. യഹോവയെ ആരാധിക്കാത്ത ബന്ധുക്കളുമായി ചേർന്നുപോകാൻ നമ്മൾ ഒരിക്കലും നമ്മുടെ നിലവാരങ്ങളിൽ വെള്ളം ചേർക്കില്ല. നമ്മൾ സമ്പത്തിലും ആശ്രയം വെക്കില്ല. ഇനി, യഹോവയോടു മാത്രം കാണിക്കേണ്ട കൂറ് മനുഷ്യഗവൺമെന്റുകളോടു കാണിച്ചുകൊണ്ട് നമ്മുടെ നിഷ്പക്ഷതയിലും നമ്മൾ വിട്ടുവീഴ്ച ചെയ്യില്ല.
8 അധ്യായം 13, 14: ദേവാലയം ഉയരമുള്ള ഒരു മലയിൽ സ്ഥിതിചെയ്യുന്നതായി കണ്ട ദർശനം നമ്മളെ പഠിപ്പിക്കുന്നത് എന്താണ്? നമ്മൾ യഹോവയുടെ ഉന്നതമായ നിലവാരങ്ങൾക്കു ചേർച്ചയിൽ ജീവിക്കണം, യഹോവ മറ്റെല്ലാ ദൈവങ്ങളെക്കാളും ഉന്നതനാണെന്ന് അംഗീകരിക്കുകയും വേണം.—യഹ. 40:1–48:35.
9 അധ്യായം 15: ഇസ്രായേലിനെയും യഹൂദയെയും വേശ്യകളോടു താരതമ്യപ്പെടുത്തിക്കൊണ്ടുള്ള പ്രാവചനികവർണനകൾ, യഹോവ ആത്മീയവ്യഭിചാരത്തെ എത്രയേറെ വെറുക്കുന്നെന്നു നമ്മളെ ഓർമിപ്പിക്കുന്നു.—യഹ., അധ്യാ. 16, 23.
രണ്ടാമത്തെ വിഷയം: ഐക്യത്തോടെ ദൈവത്തിനു നിർമലാരാധന അർപ്പിക്കുക
10-14. ഐക്യത്തോടെ ദൈവത്തിനു നിർമലാരാധന അർപ്പിക്കേണ്ടതിന്റെ പ്രാധാന്യത്തിന് ഊന്നൽ നൽകിയിരിക്കുന്നത് എങ്ങനെ?
10 അധ്യായം 8: തന്റെ ജനത്തെ പരിപാലിക്കാൻ യഹോവ ‘ഒറ്റ ഇടയനെ’ എഴുന്നേൽപ്പിക്കുമെന്നു വാഗ്ദാനം ചെയ്യുന്ന പ്രവചനങ്ങൾ ഒരു കാര്യത്തിന് ഊന്നൽ നൽകുന്നു: നമ്മളെല്ലാവരും യേശുവിന്റെ നേതൃത്വത്തിൻകീഴിൽ ഐക്യത്തോടെയും സമാധാനത്തോടെയും പ്രവർത്തിക്കണം.—യഹ. 34:23, 24; 37:24-28.
11 അധ്യായം 9: ദൈവജനം ബാബിലോണിലെ അടിമത്തത്തിൽനിന്ന് മോചിതരായി മാതൃദേശത്തേക്കു തിരികെ എത്തുന്നതിനെക്കുറിച്ച് യഹസ്കേൽ രേഖപ്പെടുത്തിയ പ്രവചനങ്ങളിൽ, ഇന്നു ദൈവത്തെ പ്രസാദിപ്പിക്കാൻ ആഗ്രഹിക്കുന്ന എല്ലാവർക്കുമുള്ള ഒരു സന്ദേശമുണ്ട്. യഹോവയ്ക്കു നിർമലമായ ആരാധന അർപ്പിക്കാൻ ആഗ്രഹിക്കുന്നവർ വ്യാജമതം വിട്ടുപോരുകയും അതിന്റെ ദുഷിച്ച സ്വാധീനത്തിൽനിന്ന് അകലം പാലിക്കുകയും വേണം. നമ്മുടെയെല്ലാം മത-സാമ്പത്തിക-വംശീയ പശ്ചാത്തലങ്ങൾ വളരെവളരെ വ്യത്യസ്തമാണെങ്കിലും നമ്മളെല്ലാവരും ഐക്യമുള്ളവരായിരിക്കണം. നമ്മൾ ദൈവജനമാണെന്നതിന് ആ ഐക്യം തെളിവേകും.—യഹ. 11:17, 18; 12:24; യോഹ. 17:20-23.
12 അധ്യായം 10: ഉണങ്ങിയ അസ്ഥികൾ ജീവനിലേക്കു വരുന്നതിനെക്കുറിച്ചുള്ള പ്രവചനവും ഐക്യത്തിനാണ് ഊന്നൽ നൽകിയത്. പുനഃസ്ഥിതീകരിക്കപ്പെട്ട നിർമലാരാധകരുടെ ഇടയിൽ നമുക്കു കഴിയാനാകുന്നതും ഒരൊറ്റ സൈന്യമായി അവരോടൊപ്പം പ്രവർത്തിക്കാനാകുന്നതും എത്ര വലിയൊരു പദവിയാണ്!—യഹ. 37:1-14.
13 അധ്യായം 12: രണ്ടു വടി ഒന്നാകുന്നതിനെക്കുറിച്ചുള്ള പ്രവചനം, ഐക്യം എന്ന വിഷയത്തിനു പ്രത്യേകപ്രാധാന്യം നൽകി. അഭിഷിക്തരുടെയും വേറെ ആടുകളുടെയും കാര്യത്തിൽ ആ പ്രവചനം നിറവേറുന്നതു കാണുമ്പോൾ നമ്മുടെ വിശ്വാസം ശക്തമാകുന്നില്ലേ? ഈ ലോകത്ത് മത-രാഷ്ട്രീയ വിദ്വേഷങ്ങളുടെ പേരിൽ ആളുകൾ തമ്മിലടിക്കുമ്പോഴും സ്നേഹവും വിശ്വസ്തതയും നമ്മളെ ഒറ്റക്കെട്ടായി നിറുത്തുന്നു.—യഹ. 37:15-23.
14 അധ്യായം 16: എഴുത്തുപകരണച്ചെപ്പുള്ള മനുഷ്യനെക്കുറിച്ചും തകർക്കാനുള്ള ആയുധങ്ങൾ കൈയിൽപ്പിടിച്ച പുരുഷന്മാരെക്കുറിച്ചും ഉള്ള ദിവ്യദർശനം വളരെ ഗൗരവമേറിയ ഒരു മുന്നറിയിപ്പു തരുന്നു: “മഹാകഷ്ടത” തുടങ്ങുമ്പോൾ ഒരാൾ ശുദ്ധാരാധകനായിരുന്നാൽ മാത്രമേ അതിജീവനത്തിനുള്ള അടയാളം ലഭിക്കൂ!—മത്താ. 24:21; യഹ. 9:1-11.
മൂന്നാമത്തെ വിഷയം: മറ്റുള്ളവരോടുള്ള സ്നേഹത്തിനു തെളിവേകുക
15-18. മറ്റുള്ളവരോടുള്ള സ്നേഹം തെളിയിക്കാൻ നമ്മൾ തുടർന്നും ശ്രമിക്കേണ്ടത് എന്തുകൊണ്ട്, നമുക്ക് അത് എങ്ങനെ ചെയ്യാം?
15 അധ്യായം 4: നാലു ജീവികളെക്കുറിച്ചുള്ള ദർശനം യഹോവയുടെ ഗുണങ്ങളെക്കുറിച്ച് നമ്മളെ പഠിപ്പിച്ചു. അതിൽ ഏറ്റവും പ്രധാനം സ്നേഹമാണ്. നമ്മുടെ സംസാരത്തിലും പെരുമാറ്റത്തിലും സ്നേഹം നിറഞ്ഞുനിൽക്കുന്നെങ്കിൽ യഹോവയാണു നമ്മുടെ ദൈവമെന്നു നമ്മൾ തെളിയിക്കുകയായിരിക്കും!—യഹ. 1:5-14; 1 യോഹ. 4:8.
16 അധ്യായം 6, 11: മുൻകാലങ്ങളിൽ യഹസ്കേലിനെപ്പോലുള്ള കാവൽക്കാരെ നിയമിക്കാൻ ദൈവത്തെ പ്രചോദിപ്പിച്ചതു സ്നേഹമാണ്. സാത്താൻ ഭരിക്കുന്ന ഈ ലോകത്തിന് അന്ത്യം കുറിക്കുമ്പോൾ ആരും നശിച്ചുപോകരുതെന്നു ദൈവം ആഗ്രഹിക്കുന്നതും ദൈവം സ്നേഹമായതുകൊണ്ടാണ്. (2 പത്രോ. 3:9) ആധുനികകാല കാവൽക്കാരനെ പിന്തുണയ്ക്കാനുള്ള ഉത്തരവാദിത്വം നിറവേറ്റിക്കൊണ്ട് നമുക്കും ദൈവത്തിന്റെ ആ സ്നേഹം പ്രതിഫലിപ്പിക്കാം.—യഹ. 33:1-9.
17 അധ്യായം 17, 18: പലരും തന്റെ കരുണയ്ക്കു പുറംതിരിയുമെന്നും തന്റെ വിശ്വസ്താരാധകരെ തുടച്ചുനീക്കാൻ ശ്രമിക്കുമെന്നും യഹോവയ്ക്ക് അറിയാം. ‘മാഗോഗ് ദേശത്തെ ഗോഗ്’ യഹോവയുടെ വിശ്വസ്തർക്കെതിരെ ആക്രമണം അഴിച്ചുവിടുമ്പോൾ അവരുടെ തുണയ്ക്കെത്താൻ യഹോവയെ പ്രേരിപ്പിക്കുന്നതു സ്നേഹമായിരിക്കും. തന്റെ ജനത്തെ ഉപദ്രവിക്കുന്നവരെ യഹോവ നശിപ്പിക്കുമെന്നു കഴിയുന്നത്ര ആളുകൾക്കു മുന്നറിയിപ്പു കൊടുക്കാൻ നമ്മളെ പ്രചോദിപ്പിക്കുന്നതും സ്നേഹമാണ്.—യഹ. 38:1–39:20; 2 തെസ്സ. 1:6, 7.
18 അധ്യായം 19, 20, 21: ജീവദായകമായ ജലത്തിന്റെ അരുവിയെക്കുറിച്ചും ദേശം വിഭാഗിക്കുന്നതിനെക്കുറിച്ചും വർണിക്കുന്ന ദർശനങ്ങളിൽ തെളിഞ്ഞുനിൽക്കുന്നതും ആളുകളോടുള്ള ദൈവത്തിന്റെ സ്നേഹമാണ്. ദൈവത്തിന്റെ ഏറ്റവും വലിയ സ്നേഹപ്രവൃത്തിയുടെ പ്രയോജനങ്ങളെക്കുറിച്ചാണ് ആ ദർശനങ്ങൾ വർണിക്കുന്നത്. സ്വന്തം പുത്രനെ നമുക്കായി നൽകിക്കൊണ്ട് ദൈവം കാണിച്ച ആ സ്നേഹം, നമ്മുടെ പാപങ്ങൾ ക്ഷമിച്ചുകിട്ടാനും പൂർണമനുഷ്യരെന്ന നിലയിൽ ദൈവത്തിന്റെ കുടുംബത്തിലെ അംഗങ്ങളായി ജീവിക്കാനും നമുക്കു വഴിതുറന്നു. നമുക്ക് എങ്ങനെ മറ്റുള്ളവരോടു സ്നേഹം കാണിക്കാനാകും? അതിനുള്ള ഏറ്റവും നല്ല മാർഗം, ദൈവപുത്രനിൽ വിശ്വാസമർപ്പിക്കുന്നവർക്കായി ദൈവം വാഗ്ദാനം ചെയ്തിരിക്കുന്ന മനോഹരമായ ഭാവിയെക്കുറിച്ച് അവരോടു പറയുക എന്നതാണ്.—യഹ. 45:1-7; 47:1–48:35; വെളി. 21:1-4; 22:17.
അസാധാരണമായ താഴ്മ—ആയിരംവർഷവാഴ്ചയ്ക്കു ശേഷം
19. ആയിരംവർഷ ഭരണകാലത്ത് യേശു എന്തു ചെയ്യും? (“അന്തിമപരിശോധന നേരിടുമ്പോൾ” എന്ന ചതുരവും കാണുക.)
19 മരിച്ചുപോയ ശതകോടിക്കണക്കിന് ആളുകളെ യേശു ആയിരംവർഷ ഭരണകാലത്ത് ജീവനിലേക്കു കൊണ്ടുവരും. അങ്ങനെ നമ്മുടെ ‘ശത്രുവായ മരണം’ വരുത്തിവെച്ച വേദനകളെല്ലാം ഇല്ലാതാക്കും. (1 കൊരി. 15:26; മർക്കോ. 5:38-42; പ്രവൃ. 24:15) കഷ്ടനഷ്ടങ്ങളുടെയും തീരാദുഃഖങ്ങളുടെയും കണക്കുകൾ മാത്രമുള്ള ഹൃദയഭേദകമായ ഒരു കഥയാണു മനുഷ്യചരിത്രം. എന്നാൽ മനുഷ്യതലമുറകളെ ഒന്നൊന്നായി ജീവനിലേക്കു വരുത്തിക്കൊണ്ട്, യേശു ആ കദനകഥയുടെ അധ്യായങ്ങൾ ഓരോന്നായി മായ്ച്ചുകളയും. പുനരുത്ഥാനപ്പെടുന്നവർ സന്തോഷകരമായ പുതിയൊരു അധ്യായത്തിനു തുടക്കമിടും. മോചനവിലയായി അർപ്പിച്ച ബലിയുടെ അടിസ്ഥാനത്തിൽ യേശു, അനാരോഗ്യവും യുദ്ധവും രോഗവും പട്ടിണിയും വരുത്തിവെച്ച മുറിവുകളെല്ലാം ഇല്ലായ്മ ചെയ്യും. എല്ലാറ്റിലും ഉപരി, നമ്മുടെ കഷ്ടപ്പാടുകളുടെ മൂലകാരണം—ആദാമിൽനിന്ന് കൈമാറിക്കിട്ടിയ പാപം—വേരോടെ പിഴുതെറിയാൻ യേശു നമ്മളെ സഹായിക്കും. (റോമ. 5:18, 19) “പിശാചിന്റെ പ്രവൃത്തികളെ” യേശു സമ്പൂർണമായി ‘തകർത്തുകളയും.’ (1 യോഹ. 3:8) പിന്നീട് എന്തു സംഭവിക്കും?
പുനരുത്ഥാനപ്പെടുന്നവർ സന്തോഷകരമായ പുതിയൊരു അധ്യായത്തിനു തുടക്കമിടും
20. യേശുവും 1,44,000 സഹഭരണാധികാരികളും അസാധാരണമായ താഴ്മ കാണിക്കുന്നത് എങ്ങനെ? വിശദീകരിക്കുക. (അധ്യായത്തിന്റെ തുടക്കത്തിലെ ചിത്രം കാണുക.)
20 1 കൊരിന്ത്യർ 15:24-28 വായിക്കുക. എല്ലാ മനുഷ്യരും പൂർണതയിലെത്തുകയും യഹോവ തുടക്കത്തിൽ ഉദ്ദേശിച്ചതുപോലെ ഭൂമി മുഴുവൻ ഒരു പറുദീസയായിത്തീരുകയും ചെയ്യുമ്പോൾ യേശുവും 1,44,000 സഹഭരണാധികാരികളും വളരെ ശ്രദ്ധേയമായ ഒരു കാര്യം ചെയ്യും. രാജ്യഭരണം യഹോവയ്ക്കു കൈമാറിക്കൊണ്ട് അവർ അസാധാരണമായ താഴ്മ കാണിക്കും. ആയിരം വർഷം ഭരണം നടത്തിയെങ്കിലും അവർ ഇപ്പോൾ പൂർണമനസ്സോടെ, തികച്ചും സമാധാനപരമായി ആ അധികാരം വെച്ചൊഴിയും. അതിനോടകം അവരുടെ ഭരണം കൈവരിച്ച നേട്ടങ്ങൾ എന്നെന്നും നിലനിൽക്കും.
അന്തിമപരിശോധന
21, 22. (എ) ആയിരം വർഷത്തിന്റെ ഒടുവിൽ ഈ ലോകം എങ്ങനെയായിരിക്കും? (ബി) യഹോവ സാത്താനെയും ഭൂതങ്ങളെയും തുറന്നുവിടാനുള്ള കാരണം എന്തായിരിക്കും?
21 അടുത്തതായി, വളരെ അസാധാരണമായ ഒരു കാര്യം യഹോവ ചെയ്യും. ഭൂമിയിലെ തന്റെ പ്രജകളിൽ തനിക്കു തികഞ്ഞ ആത്മവിശ്വാസമുണ്ടെന്നു തെളിയിക്കുന്ന ഒരു നടപടിയായിരിക്കും അത്. ആയിരം വർഷമായി അഗാധത്തിൽ ബന്ധനത്തിലായിരുന്ന സാത്താനെയും ഭൂതങ്ങളെയും സ്വതന്ത്രരാക്കാൻ യഹോവ ഉത്തരവിടും. (വെളിപാട് 20:1-3 വായിക്കുക.) അവർ കണ്ടുപരിചയിച്ച ആ പഴയ ലോകത്തിൽനിന്ന് തികച്ചും വ്യത്യസ്തമായൊരു ലോകമായിരിക്കും അന്ന് അവരെ സ്വാഗതം ചെയ്യുന്നത്. അർമഗെദോനു മുമ്പ് ഭൂമിയിലെ ഭൂരിഭാഗം മനുഷ്യരും സാത്താന്റെ ചൊൽപ്പടിയിലായിരുന്നു. വിദ്വേഷവും മുൻവിധിയും മാനവകുലത്തിന്റെ ഐക്യം തകർത്തെറിഞ്ഞ ഒരു കാലം! (വെളി. 12:9) പക്ഷേ ആയിരംവർഷഭരണത്തിന്റെ ഒടുവിൽ മനുഷ്യരെല്ലാം സ്നേഹത്തോടെയും ഐക്യത്തോടെയും യഹോവയെ ആരാധിക്കുന്ന ഒരൊറ്റ കുടുംബമായിട്ടുണ്ടാകും. മുഴുഭൂമിയും സമാധാനം കളിയാടുന്ന ഒരു പറുദീസയായി മാറിയിരിക്കും!
22 കൊടുംകുറ്റവാളികളായ സാത്താനെയും ഭൂതങ്ങളെയും ഇത്ര നല്ലൊരു ചുറ്റുപാടിലേക്കു തുറന്നുവിടുന്നത് എന്തുകൊണ്ടായിരിക്കും? ആയിരംവർഷഭരണത്തിന്റെ ഒടുവിൽ ഭൂമിയിൽ ജീവിച്ചിരിക്കുന്ന ഭൂരിപക്ഷം പേർക്കും യഹോവയോട് എത്രമാത്രം കൂറുണ്ടെന്ന് അന്നേവരെ പരിശോധിക്കപ്പെട്ടിട്ടുണ്ടാകില്ല. കാരണം പറുദീസയിലേക്കു പുനരുത്ഥാനപ്പെട്ടുവന്നവരിൽ മിക്കവരും യഹോവയെ അറിയാൻ അവസരം കിട്ടാതെ മരിച്ചുപോയവരായിരുന്നു. എന്നാൽ യഹോവ അവർക്കു ജീവൻ കൊടുക്കുക മാത്രമല്ല, അവരുടെ ശാരീരികവും ആത്മീയവും ആയ എല്ലാ ആവശ്യങ്ങളും നിറവേറ്റുകയും ചെയ്തു. പുനരുത്ഥാനശേഷം നല്ലവരായ ആളുകളുടെ ഇടയിൽ മാത്രം ജീവിച്ചുപരിചയിച്ച അവർ ദുഃസ്വാധീനം എന്തെന്ന് അറിഞ്ഞിട്ടുണ്ടാകില്ല. കാരണം യഹോവയെ സ്നേഹിക്കുകയും സേവിക്കുകയും ചെയ്യുന്ന ആളുകളോടൊപ്പമാണല്ലോ അവർ പിന്നീടു ജീവിച്ചിട്ടുള്ളത്. ഇയ്യോബിന് എതിരെ ഉന്നയിച്ച അതേ ആരോപണം ഇവർക്കെതിരെയും ഉന്നയിക്കാൻ സാത്താനാകും. ദൈവം സംരക്ഷിക്കുകയും അനുഗ്രഹിക്കുകയും ചെയ്യുന്നതുകൊണ്ടു മാത്രമാണ് ഇവർ ദൈവത്തെ സേവിക്കുന്നതെന്നു സാത്താൻ വാദിച്ചേക്കാം. (ഇയ്യോ. 1:9, 10) അതുകൊണ്ട് നമ്മുടെയെല്ലാം പേരുകൾ ജീവന്റെ പുസ്തകത്തിൽ എന്നേക്കുമായി എഴുതിച്ചേർക്കുന്നതിനു മുമ്പ് വിശ്വസ്തത തെളിയിക്കാനുള്ള ഒരു അവസരം ദൈവം നമുക്കു തരും: ദൈവത്തെ നമ്മുടെ പിതാവും പരമാധികാരിയും ആയി അംഗീകരിക്കുന്നെന്നു സംശയലേശമെന്യേ തെളിയിക്കാനുള്ള ഒരു അവസരം!—വെളി. 20:12, 15.
23. ഓരോ മനുഷ്യന്റെയും മുന്നിൽ ഏതു ചോദ്യം ഉയർന്നുവരും?
23 ദൈവത്തെ സേവിക്കുന്നതിൽനിന്ന് മനുഷ്യസമൂഹത്തെ വശീകരിച്ചകറ്റാനുള്ള ഒരു അവസരം സാത്താന് അൽപ്പകാലത്തേക്കു ലഭിക്കും. എന്നാൽ എന്തായിരിക്കും ആ പരിശോധന? ആദാമിന്റെയും ഹവ്വയുടെയും മുന്നിൽ ഉയർന്നുവന്നതുപോലൊരു ചോദ്യം അപ്പോൾ ഓരോ വ്യക്തിയും നേരിടും: യഹോവയുടെ നിലവാരങ്ങൾ അംഗീകരിച്ച്, ആ ഭരണത്തിനു പിന്തുണയേകി, യഹോവയ്ക്ക് ആരാധന നൽകണോ അതോ ദൈവത്തെ ധിക്കരിച്ച് സാത്താനോടൊപ്പം ചേരണോ?
24. ധിക്കാരികളെ ഗോഗും മാഗോഗും എന്നു വിളിച്ചിരിക്കുന്നത് എന്തുകൊണ്ട്?
24 വെളിപാട് 20:7-10 വായിക്കുക. ആയിരം വർഷത്തിന്റെ ഒടുവിൽ ധിക്കാരം കാട്ടുന്നവരെ ഗോഗും മാഗോഗും എന്നു വിളിച്ചിരിക്കുന്നതു വളരെ ശ്രദ്ധേയമാണ്. കാരണം മഹാകഷ്ടതയുടെ സമയത്ത് ധിക്കാരത്തോടെ ദൈവജനത്തെ ആക്രമിക്കുമെന്ന് യഹസ്കേൽ മുൻകൂട്ടിപ്പറഞ്ഞ ‘മാഗോഗ് ദേശത്തെ ഗോഗിന്റെ’ ചില സ്വഭാവസവിശേഷതകൾക്ക് ഇവരുടേതിനോടു സമാനതയുണ്ട്. (യഹ. 38:2) ഇനി, യഹോവയുടെ ഭരണത്തെ എതിർക്കുന്ന ‘മാഗോഗ് ദേശത്തെ ഗോഗ്’ പല രാഷ്ട്രങ്ങൾ അഥവാ ജനതകൾ ചേർന്നതാണ് എന്ന കാര്യവും ശ്രദ്ധിക്കുക. സമാനമായി, ക്രിസ്തുവിന്റെ ആയിരംവർഷഭരണത്തിന് ഒടുവിൽ ധിക്കാരം കാണിക്കുന്നവരെയും ‘ജനതകൾ’ എന്നാണു വിളിച്ചിരിക്കുന്നത്. ആ വിശേഷണം വളരെ ശ്രദ്ധേയമാണ്. എന്തുകൊണ്ട്? കാരണം ആയിരംവർഷഭരണംകൊണ്ട് ദേശീയതയുടെ വേലിക്കെട്ടുകളെല്ലാം ഇല്ലാതായിട്ടുണ്ടാകും. ഭൂമിയിലെ എല്ലാ മനുഷ്യരും അന്നു ദൈവരാജ്യം എന്ന ഏകഗവൺമെന്റിന്റെ പ്രജകളായിരിക്കും. ഒരൊറ്റ ആത്മീയജനതയുടെ ഭാഗമായിരിക്കും നമ്മളെല്ലാം. ആ സമയത്ത് ധിക്കാരം കാട്ടുന്നവരെ ബൈബിൾപ്രവചനം, ഗോഗും മാഗോഗും എന്നു വിളിച്ചിരിക്കുന്നതും അവരെ ‘ജനതകൾ’ എന്നു വിശേഷിപ്പിച്ചിരിക്കുന്നതും ഒരു കാര്യം സൂചിപ്പിക്കുന്നു: ദൈവജനത്തിൽപ്പെട്ട ചിലരുടെ ഇടയിൽ വിഭാഗീയതയുടെ വിത്തുകൾ വിതയ്ക്കുന്നതിൽ സാത്താൻ വിജയിക്കും. എന്നാൽ അന്നു സാത്താന്റെ പക്ഷം ചേരാനോ യഹോവയുടെ പക്ഷം ചേരാനോ ആരെയും നിർബന്ധിക്കില്ല. അതു പൂർണതയുള്ള ഓരോ മനുഷ്യന്റെയും സ്വന്തതീരുമാനമായിരിക്കും.
25, 26. എത്ര പേർ സാത്താന്റെ പക്ഷം ചേരും, അവർക്ക് എന്തു സംഭവിക്കും?
25 എത്ര പേർ സാത്താന്റെ പക്ഷം ചേരും? ധിക്കാരികളുടെ എണ്ണം “കടലിലെ മണൽപോലെയായിരിക്കും” എന്നു തിരുവെഴുത്തുകൾ പറയുന്നു. മനുഷ്യസമൂഹത്തിന്റെ വലിയൊരു ശതമാനം ധിക്കാരികളാകുമെന്നാണോ ഈ പദപ്രയോഗം സൂചിപ്പിക്കുന്നത്? അങ്ങനെ കരുതേണ്ടതില്ല. എന്തുകൊണ്ട്? അബ്രാഹാമിനു കൊടുത്ത വാഗ്ദാനത്തെക്കുറിച്ച് ചിന്തിക്കുക. അബ്രാഹാമിന്റെ സന്തതി “കടൽത്തീരത്തെ മണൽത്തരികൾപോലെ” വർധിക്കുമെന്ന് യഹോവ പറഞ്ഞു. (ഉൽപ. 22:17, 18) എന്നാൽ ആ സന്തതിയിൽപ്പെട്ടവരുടെ എണ്ണം 1,44,001 മാത്രമായിരുന്നു. (ഗലാ. 3:16, 29) അതു വലിയൊരു സംഖ്യയാണെങ്കിലും മനുഷ്യകുലത്തിന്റെ മൊത്തം സംഖ്യയോടുള്ള താരതമ്യത്തിൽ അതു തീരെ നിസ്സാരമാണ്. സമാനമായി, സാത്താന്റെ പക്ഷം ചേരുന്നവരുടെ സംഖ്യ വലുതായിരുന്നേക്കാമെങ്കിലും അതു നമ്മളെ ഞെട്ടിക്കാൻപോന്ന ഒരു സംഖ്യയായിരിക്കില്ല. ധിക്കാരികൾ ഒരിക്കലും യഹോവയുടെ വിശ്വസ്തദാസർക്കു വലിയൊരു ഭീഷണിയാകില്ല.
26 അന്നു ധിക്കാരത്തോടെ സാത്താന്റെ പക്ഷം ചേരുന്നവരെയെല്ലാം പെട്ടെന്നുതന്നെ നിഗ്രഹിക്കും. സാത്താനും ഭൂതങ്ങൾക്കും ഒപ്പം അവരും ഇല്ലാതാകും. പിന്നീട് ഒരിക്കലും അവർ ജീവനിലേക്കു വരില്ല. അവരുടെ തെറ്റായ തീരുമാനങ്ങളും അതിന്റെ ഭവിഷ്യത്തുകളും മാത്രം എന്നെന്നും ആളുകളുടെ ഓർമയിലുണ്ടായിരിക്കും.—വെളി. 20:10.
27-29. അന്തിമപരിശോധനയിൽ വിജയിക്കുന്നവരെ കാത്തിരിക്കുന്നത് എന്താണ്?
27 എന്നാൽ അന്തിമപരിശോധനയിൽ വിജയിക്കുന്നവരുടെ പേരുകൾ എന്നേക്കുമായി “ജീവന്റെ പുസ്തകത്തിൽ” രേഖപ്പെടുത്തും. (വെളി. 20:15) വിശ്വസ്തരായിനിന്ന ദൈവമക്കളെല്ലാം തുടർന്ന്, ഐക്യമുള്ള ഒരൊറ്റ കുടുംബമായി ദൈവത്തെ ആരാധിക്കും. ആരാധന സ്വീകരിക്കാൻ എന്തുകൊണ്ടും അർഹനായ യഹോവയ്ക്ക് അവർ എന്നെന്നും ആരാധന അർപ്പിക്കും!
28 ശോഭനമായ ആ ഭാവികാലത്തെക്കുറിച്ച് ഒന്ന് ഓർത്തുനോക്കൂ. സംതൃപ്തിയേകുന്ന ജോലികളും നല്ലനല്ല സുഹൃദ്ബന്ധങ്ങളും ആസ്വദിക്കാനാകുന്ന ഒരു കാലം! നിങ്ങൾക്കും നിങ്ങളുടെ പ്രിയപ്പെട്ടവർക്കും പിന്നീടൊരിക്കലും യാതനകൾ സഹിക്കേണ്ടിവരില്ല. നിങ്ങളിൽ പാപത്തിന്റെ ഒരു കണികപോലും അവശേഷിക്കാത്തതുകൊണ്ട് അന്നു നിങ്ങൾക്കു നേരിട്ട് യഹോവയെ സമീപിക്കാനാകും. ഓരോ മനുഷ്യനും യഹോവയുമായി നല്ലൊരു സുഹൃദ്ബന്ധമുണ്ടായിരിക്കും, അതിനു പ്രതിബന്ധമായി ഒന്നുമുണ്ടായിരിക്കില്ല. ഏറ്റവും പ്രധാനമായി, സ്വർഗത്തിലും ഭൂമിയിലും ഉള്ള എല്ലാ സൃഷ്ടികളും തികവുറ്റ രീതിയിൽ യഹോവയ്ക്കു ശുദ്ധാരാധന അർപ്പിക്കും. അതെ, ശുദ്ധാരാധന എല്ലാ അർഥത്തിലും പുനഃസ്ഥാപിക്കപ്പെടുന്ന ഒരു കാലമായിരിക്കും അത്!
29 ആ സുദിനം കാണാൻ നിങ്ങൾ അവിടെ ഉണ്ടായിരിക്കുമോ? യഹസ്കേൽ പുസ്തകം പകർന്നുതരുന്ന ആ മൂന്നു പാഠങ്ങൾ തുടർന്നും പ്രാവർത്തികമാക്കിയാൽ നിങ്ങൾക്ക് അതിനു കഴിയും. ഏതെല്ലാമായിരുന്നു അവ? യഹോവയ്ക്കു സമ്പൂർണഭക്തി നൽകുക, ഐക്യത്തോടെ ദൈവത്തിനു നിർമലമായ ആരാധന അർപ്പിക്കുക, മറ്റുള്ളവരോടുള്ള സ്നേഹത്തിനു തെളിവേകുക. യഹസ്കേലിന്റെ പ്രവചനങ്ങൾ പഠിപ്പിക്കുന്ന ഒരു അടിസ്ഥാനപാഠംകൂടെ നമുക്ക് ഇപ്പോൾ നോക്കാം. എന്താണ് അത്?
“ഞാൻ യഹോവയാണെന്ന് അവർ അറിയേണ്ടിവരും”
30, 31. “ഞാൻ യഹോവയാണെന്ന് അവർ അറിയേണ്ടിവരും” എന്ന പ്രഖ്യാപനം (എ) ദൈവത്തിന്റെ ശത്രുക്കൾക്ക്, (ബി) ദൈവജനത്തിന് എന്ത് അർഥമാക്കും?
30 “ഞാൻ യഹോവയാണെന്ന് അവർ അറിയേണ്ടിവരും” എന്ന പ്രഖ്യാപനം യഹസ്കേൽ പുസ്തകത്തിലുടനീളം പലയാവർത്തി പ്രത്യക്ഷപ്പെടുന്നുണ്ട്. (യഹ. 6:10; 39:28) ആ പ്രഖ്യാപനം ദൈവത്തിന്റെ ശത്രുക്കൾക്കു യുദ്ധവും മരണവും വരുത്തിവെക്കും. യഹോവ യഥാർഥത്തിലുള്ള വ്യക്തിയാണെന്ന് അവർ അംഗീകരിക്കേണ്ടിവരും. പക്ഷേ അവിടംകൊണ്ട് തീരില്ല. യഹോവയുടെ മഹനീയനാമത്തിന്റെ അർഥം, “ആയിത്തീരാൻ അവൻ ഇടയാക്കുന്നു” എന്നാണെന്ന വസ്തുത അവർ വേദനയോടെ തിരിച്ചറിയും. “സൈന്യങ്ങളുടെ അധിപനായ യഹോവ” ഒരു ‘യുദ്ധവീരനായിത്തീർന്ന്’ അവർക്കെതിരെ പോരാടും. (1 ശമു. 17:45; പുറ. 15:3) അങ്ങനെ, വളരെ വൈകിയാണെങ്കിലും യഹോവയെക്കുറിച്ചുള്ള ഒരു അടിസ്ഥാനസത്യം അവർ അന്ന് തിരിച്ചറിയും: തന്റെ ഉദ്ദേശ്യം നടപ്പാക്കുന്നതിൽനിന്ന് യഹോവയെ തടയാൻ ഒന്നിനുമാകില്ല!
31 എന്നാൽ “ഞാൻ യഹോവയാണെന്ന് അവർ അറിയേണ്ടിവരും” എന്ന പ്രഖ്യാപനം ദൈവജനത്തിനു സമാധാനവും ജീവനും കൈവരുത്തും. നമ്മളെക്കുറിച്ച് യഹോവയ്ക്കു തുടക്കത്തിലുണ്ടായിരുന്ന ഉദ്ദേശ്യം അന്നു നടപ്പാകും—നമ്മളെല്ലാം തന്റെ ഗുണങ്ങൾ അതേപടി പ്രതിഫലിപ്പിക്കുന്ന മക്കൾ ആയിത്തീരാൻ യഹോവ ഇടയാക്കും. (ഉൽപ. 1:26) യഹോവ ഇപ്പോൾത്തന്നെ നമ്മുടെ സ്നേഹനിധിയായ പിതാവും നമ്മളെ സംരക്ഷിക്കുന്ന ഇടയനും ആണ്. എന്നാൽ വളരെ പെട്ടെന്നുതന്നെ യഹോവ നമുക്കുവേണ്ടി ജയിച്ചുമുന്നേറുന്ന ഒരു രാജാവായി മാറും. ആ ദിവസം വന്നെത്തുന്നതിനു മുമ്പ് നമുക്ക് യഹസ്കേൽ പുസ്തകത്തിലെ ആ പ്രഖ്യാപനം മനസ്സിൽ കുറിച്ചിടാം. യഹോവ ആരാണെന്നും യഹോവയുടെ നിലവാരങ്ങൾ എന്താണെന്നും അറിയാമെന്നു നമുക്കു വാക്കുകളിലൂടെയും പ്രവൃത്തികളിലൂടെയും എപ്പോഴും തെളിയിക്കാം. എങ്കിൽ മഹാകഷ്ടത സംഹാരശക്തിയോടെ ആഞ്ഞടിക്കുമ്പോൾ നമ്മൾ ഭയന്നുപോകില്ല. പകരം മോചനം അടുത്തുവരുന്നു എന്നു മനസ്സിലാക്കി നമ്മൾ തല ഉയർത്തിപ്പിടിക്കും. (ലൂക്കോ. 21:28) അതുവരെ, ആരാധനയ്ക്ക് അർഹനായ ഒരേ ഒരു ദൈവത്തെ അറിയാനും സ്നേഹിക്കാനും നമുക്ക് എല്ലാ മനുഷ്യരെയും സഹായിക്കാം. അങ്ങനെ, എല്ലാ നാമങ്ങളിലുംവെച്ച് ഏറ്റവും ഉന്നതമായ നാമം വഹിക്കുന്ന ആ ദൈവത്തിന്റെ പേര് യഹോവ എന്നാണെന്ന് എല്ലാവരും അറിയട്ടെ!—യഹ. 28:26.
a അധ്യായനമ്പറുകൾ ഈ പ്രസിദ്ധീകരണത്തിലെ അധ്യായങ്ങളെയാണു കുറിക്കുന്നത്.