ജീവിക്കുന്നത് ഇന്നേക്കുവേണ്ടിയോ അതോ നിത്യഭാവിക്കുവേണ്ടിയോ?
“[ഈ] പ്രത്യാശയിൽ നാം രക്ഷിക്കപ്പെട്ടു.”—റോമർ 8:24, NW.
1. എപ്പിക്യൂരിയർ എന്തു പഠിപ്പിച്ചു, അത്തരത്തിലുള്ള തത്ത്വശാസ്ത്രം ചില ക്രിസ്ത്യാനികളെ ബാധിച്ചതെങ്ങനെ?
അപ്പോസ്തലനായ പൗലൊസ് കൊരിന്തിലെ ക്രിസ്ത്യാനികൾക്കെഴുതി: “മരിച്ചവരുടെ പുനരുത്ഥാനം ഇല്ല എന്നു നിങ്ങളിൽ ചിലർ പറയുന്നതു എങ്ങനെ?” (1 കൊരിന്ത്യർ 15:12) പ്രത്യക്ഷത്തിൽ, ഗ്രീക്ക് തത്ത്വചിന്തകനായ എപ്പിക്യൂറസിന്റെ ഹാനികരമായ തത്ത്വശാസ്ത്രം ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികളുടെ ഇടയിൽ കുറെയൊക്കെ സ്വാധീനം ചെലുത്തിയിരുന്നു. അതുകൊണ്ട് പൗലൊസ് “നാം തിന്നുക, കുടിക്ക നാളെ ചാകുമല്ലോ” എന്ന എപ്പിക്യൂരിയൻ പഠിപ്പിക്കലിലേക്കു ശ്രദ്ധ ക്ഷണിച്ചു. (1 കൊരിന്ത്യർ 15:32) ആ തത്ത്വചിന്തകന്റെ അനുയായികൾ മരണശേഷമുള്ള ജീവിതം സംബന്ധിച്ച ഏതു പ്രത്യാശയെയും പുച്ഛിച്ചുകൊണ്ട്, ജീവിതത്തിലെ ഏക നന്മ അഥവാ മുഖ്യ നന്മ ജഡിക ഉല്ലാസമാണെന്നു വിശ്വസിച്ചിരുന്നു. (പ്രവൃത്തികൾ 17:18, 32) എപ്പിക്യൂരിയൻ തത്ത്വചിന്ത സ്വാർഥത നിറഞ്ഞതും ദോഷൈക സ്വഭാവമുള്ളതും ആത്യന്തികമായി അധഃപതിപ്പിക്കുന്നതുമായിരുന്നു.
2. (എ) പുനരുത്ഥാന നിരസനം വളരെ അപകടകരമായിരുന്നത് എന്തുകൊണ്ട്? (ബി) കൊരിന്ത്യ ക്രിസ്ത്യാനികളുടെ വിശ്വാസത്തെ പൗലൊസ് ദൃഢപ്പെടുത്തിയതെങ്ങനെ?
2 ഈ പുനരുത്ഥാന നിരസനത്തിന് വലിയ അപകടങ്ങളുണ്ടായിരുന്നു. പൗലൊസ് ഇങ്ങനെ ന്യായവാദം ചെയ്തു: “മരിച്ചവരുടെ പുനരുത്ഥാനം ഇല്ല എങ്കിൽ ക്രിസ്തുവും ഉയിർത്തെഴുന്നേററിട്ടില്ല. ക്രിസ്തു ഉയിർത്തെഴുന്നേററിട്ടില്ലെങ്കിൽ ഞങ്ങളുടെ പ്രസംഗം വ്യർത്ഥം; നിങ്ങളുടെ വിശ്വാസവും വ്യർത്ഥം. . . . നാം ഈ ആയുസ്സിൽ മാത്രം ക്രിസ്തുവിൽ പ്രത്യാശ വെച്ചിരിക്കുന്നു എങ്കിൽ സകലമനുഷ്യരിലും അരിഷ്ടൻമാരത്രേ.” (1 കൊരിന്ത്യർ 15:13-19) അതേ, ഒരു നിത്യഭാവിയുടെ പ്രത്യാശയില്ലെങ്കിൽ ക്രിസ്ത്യാനിത്വം “വ്യർത്ഥ”മായിരിക്കും. അത് ഉദ്ദേശ്യരഹിതമായിരിക്കും. ഈ പുറജാതീയ ചിന്തയുടെ സ്വാധീനത്തിൽ കൊരിന്ത്യസഭ പ്രശ്നങ്ങളുടെ വിളനിലമായിത്തീർന്നതിൽ അതിശയിക്കാനില്ല. (1 കൊരിന്ത്യർ 1:11; 5:1; 6:1; 11:20-22) അതുകൊണ്ട്, പുനരുത്ഥാനത്തിലുള്ള അവരുടെ വിശ്വാസത്തെ ദൃഢപ്പെടുത്താൻ പൗലൊസ് ലക്ഷ്യമിട്ടു. പുനരുത്ഥാന പ്രത്യാശ സാങ്കൽപ്പികമല്ലെന്ന്, മറിച്ച് ഉറപ്പായും നിവൃത്തിയേറുന്ന ഒരു യാഥാർഥ്യമാണെന്ന്, ശക്തമായ യുക്തിയും തിരുവെഴുത്ത് ഉദ്ധരണികളും ദൃഷ്ടാന്തങ്ങളും ഉപയോഗിച്ച് അവൻ സംശയാതീതമായി തെളിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ അവനു തന്റെ സഹവിശ്വാസികളെ ഇങ്ങനെ ഉദ്ബോധിപ്പിക്കാൻ കഴിഞ്ഞു: “ഉറപ്പുള്ളവരും കുലുങ്ങാത്തവരും നിങ്ങളുടെ പ്രയത്നം കർത്താവിൽ വ്യർത്ഥമല്ല എന്നു അറിഞ്ഞിരിക്കയാൽ കർത്താവിന്റെ വേലയിൽ എപ്പോഴും വർദ്ധിച്ചുവരുന്നവരും ആകുവിൻ.”—1 കൊരിന്ത്യർ 15:20-58.
“ഉണർന്നിരിപ്പിൻ”
3, 4. (എ) പത്രൊസ് പറയുന്നതനുസരിച്ച്, ഏത് അപകടകരമായ മനോഭാവം അന്ത്യനാളുകളിൽ ചിലരെ ഗ്രസിക്കും? (ബി) എന്തിനെക്കുറിച്ച് നാം നമ്മെത്തന്നെ ഓർമിപ്പിച്ചുകൊണ്ടിരിക്കേണ്ടതുണ്ട്?
3 ഇന്ന് അനേകരും ശുഭാപ്തിവിശ്വാസമില്ലാത്തവരാണ്. ഇന്നേക്കുവേണ്ടി ജിവിക്കുക എന്ന മനോഭാവമാണ് അവർക്കുള്ളത്. (എഫെസ്യർ 2:2) ഇത് അപ്പോസ്തലനായ പത്രൊസ് മുൻകൂട്ടിപ്പറഞ്ഞതുപോലെയാണ്. “അവന്റെ പ്രത്യക്ഷതയുടെ വാഗ്ദത്തം എവിടെ? പിതാക്കന്മാർ നിദ്രകൊണ്ടശേഷം സകലവും സൃഷ്ടിയുടെ ആരംഭത്തിൽ ഇരുന്നതുപോലെ തന്നേ ഇരിക്കുന്നു എന്നു . . . പരിഹാസത്തോടെ” പറയുന്ന “പരിഹാസിക”ളെക്കുറിച്ച് അവൻ സംസാരിച്ചു. (2 പത്രൊസ് 3:3, 4) സത്യാരാധകർ അത്തരമൊരു വീക്ഷണത്തിനു വഴങ്ങിയാൽ അവർ “ഉത്സാഹമില്ലാത്തവരും നിഷ്ഫലന്മാരും” ആയിത്തീർന്നേക്കാം. (2 പത്രൊസ് 1:8) സന്തോഷകരമെന്നു പറയട്ടെ, ഇന്നത്തെ ദൈവജനത്തിൽ ഭൂരിപക്ഷവും അങ്ങനെയല്ല.
4 ഇപ്പോഴത്തെ ദുഷ്ടവ്യവസ്ഥിതിയുടെ വരാനിരിക്കുന്ന അന്ത്യത്തിൽ തത്പരരായിരിക്കുന്നത് തെറ്റല്ല. യേശുവിന്റെ സ്വന്തം അപ്പോസ്തലൻമാർ കാണിച്ച സമാനമായ താത്പര്യം ഓർമിക്കുക: ‘കർത്താവേ, നീ യിസ്രായേലിന്നു ഈ കാലത്തിലോ രാജ്യം യഥാസ്ഥാനത്താക്കിക്കൊടുക്കുന്നത്?’ യേശു മറുപടി നൽകി: “പിതാവു തന്റെ സ്വന്ത അധികാരത്തിൽ വെച്ചിട്ടുള്ള കാലങ്ങളെയോ സമയങ്ങളെയോ അറിയുന്നതു നിങ്ങൾക്കുള്ളതല്ല.” (പ്രവൃത്തികൾ 1:6, 7) ഒലിവുമലയിൽവെച്ച് അവൻ നൽകിയ അടിസ്ഥാന സന്ദേശമാണ് ആ വാക്കുകളിലുള്ളത്: ‘നിങ്ങളുടെ കർത്താവു ഏതു ദിവസത്തിൽ വരുന്നു എന്നു നിങ്ങൾ അറിയുന്നില്ല. നിങ്ങൾ നിനെക്കാത്ത നാഴികയിൽ മനുഷ്യപുത്രൻ വരുന്നു.’ (മത്തായി 24:42, 44) ആ ബുദ്ധ്യുപദേശത്തെക്കുറിച്ചു നാം നമ്മെത്തന്നെ ഓർമിപ്പിച്ചുകൊണ്ടിരിക്കേണ്ടതുണ്ട്! ‘ഞാൻ വളരെ സജീവമായി പ്രവർത്തിക്കേണ്ടതില്ലായിരിക്കാം, കാര്യങ്ങളൊന്നും അത്ര ഗൗരവമായി എടുക്കേണ്ടതില്ലായിരിക്കാം’ എന്ന മനോഭാവത്താൽ ചിലർ പ്രലോഭിതരായേക്കാം. അത് എത്ര തെറ്റായിരിക്കും! ‘ഇടിമക്കളായ’ യാക്കോബിന്റെയും യോഹന്നാന്റെയും കാര്യം പരിഗണിക്കുക.—മർക്കൊസ് 3:17.
5, 6. യാക്കോബിന്റെയും യോഹന്നാന്റെയും ദൃഷ്ടാന്തങ്ങളിൽനിന്നു നമുക്ക് എന്തു പാഠങ്ങൾ ഉൾക്കൊള്ളാൻ കഴിയും?
5 യാക്കോബ് അങ്ങേയറ്റം തീക്ഷ്ണതയുള്ള ഒരു അപ്പോസ്തലനായിരുന്നെന്നു നമുക്കറിയാം. (ലൂക്കൊസ് 9:51-55) ക്രിസ്തീയ സഭ സ്ഥാപിതമായതിനെ തുടർന്ന് അവൻ സജീവമായ പങ്കു വഹിച്ചിട്ടുണ്ടാകണം. പക്ഷേ യാക്കോബ് താരതമ്യേന ചെറുപ്പമായിരുന്നപ്പോൾ ഹെരോദ് അഗ്രിപ്പാ ഒന്നാമൻ അവനെ വധിച്ചു. (പ്രവൃത്തികൾ 12:1-3) തന്റെ ജീവിതം അപ്രതീക്ഷിതമായി അവസാനിക്കുന്നെന്നു കണ്ടപ്പോൾ, താൻ വളരെ തീഷ്ണതയുള്ളവനായിരുന്നതിൽ, തന്റെ ശുശ്രൂഷയിൽ കഠിനമായി അധ്വാനിച്ചതിൽ, യാക്കോബിനു ദുഃഖം തോന്നിയെന്നു നിങ്ങൾ വിചാരിക്കുന്നുവോ? യാതൊരു സാധ്യതയുമില്ല! താരതമ്യേന ഹ്രസ്വമായിരുന്ന തന്റെ ജീവിതത്തിലെ ഏറ്റവും മെച്ചപ്പെട്ട വർഷങ്ങൾ യഹോവയുടെ സേവനത്തിൽ ചെലവഴിച്ചതിൽ അവൻ തീർച്ചയായും സന്തുഷ്ടനായിരുന്നു. നമ്മുടെ ജീവിതവും അപ്രതീക്ഷിതമായി അവസാനിച്ചേക്കുമോയെന്നു നമുക്കാർക്കും അറിയില്ലല്ലോ. (സഭാപ്രസംഗി 9:11; ലൂക്കൊസ് 12:20, 21 താരതമ്യം ചെയ്യുക.) അതുകൊണ്ട് യഹോവയെ സേവിക്കുന്നതിലെ നമ്മുടെ തീക്ഷ്ണതയെയും പ്രവർത്തനത്തെയും ഒരു ഉയർന്ന തലത്തിൽ നിലനിർത്തുന്നതു വ്യക്തമായും ജ്ഞാനപൂർവകമാണ്. ആ വിധത്തിൽ, അവന്റെ മുമ്പാകെ നമുക്കുള്ള സത്പേര് നാം നിലനിർത്തുകയും നമ്മുടെ നിത്യഭാവി മുൻനിർത്തി തുടർന്നു ജീവിക്കുകയും ചെയ്യാം.—സഭാപ്രസംഗി 7:1.
6 “ഉണർന്നിരി”ക്കാൻ യേശു തീവ്രമായി ഉദ്ബോധിപ്പിച്ച സമയത്ത് സന്നിഹിതനായിരുന്ന യോഹന്നാൻ അപ്പോസ്തലൻ ഉൾപ്പെടുന്ന ഒരു സാധനപാഠമുണ്ട്. (മത്തായി 25:13; മർക്കൊസ് 13:37; ലൂക്കൊസ് 21:34-36) അനേകം ദശകങ്ങൾ ഉത്സാഹപൂർവം സേവിച്ചുകൊണ്ട്, യോഹന്നാൻ ആ ഉദ്ബോധനം ഗൗരവമായെടുത്തു. വാസ്തവത്തിൽ, മറ്റെല്ലാ അപ്പോസ്തലൻമാരുടെയും മരണശേഷം അവൻ ജീവിച്ചിരുന്നതായി തോന്നുന്നു. യോഹന്നാന് വളരെയേറെ പ്രായംചെന്നശേഷം, ദശാബ്ദങ്ങളായുള്ള തന്റെ വിശ്വസ്ത പ്രവർത്തനത്തിലേക്കു തിരിഞ്ഞുനോക്കാൻ കഴിഞ്ഞപ്പോൾ, അതിനെ തെറ്റായ, വഴിതെറ്റിയ, അല്ലെങ്കിൽ അസന്തുലിതമായ ഒരു ജീവിതമായി അവൻ വീക്ഷിച്ചോ? തീർച്ചയായുമില്ല! അവൻ അപ്പോഴും ഭാവിയിലേക്ക് ഉത്സാഹപൂർവം നോക്കുകയായിരുന്നു. “അതേ, ഞാൻ വേഗം വരുന്നു” എന്ന് പുനരുത്ഥാനം പ്രാപിച്ച യേശു പറഞ്ഞപ്പോൾ ഉടൻതന്നെ “ആമേൻ, കർത്താവായ യേശുവേ, വരേണമേ” എന്ന് യോഹന്നാൻ പ്രതിവചിച്ചു. (വെളിപ്പാടു 22:20) യോഹന്നാൻ തീർച്ചയായും അപ്പപ്പോഴത്തെ സുഖത്തിനുവേണ്ടി ജീവിക്കുകയോ സാവധാനവും ശാന്തവുമായ ഒരു ‘സാധാരണ ജീവിത’ത്തിനുവേണ്ടി വാഞ്ഛിക്കുകയോ ചെയ്തില്ല. കർത്താവ് വരുന്നത് എന്നായിരുന്നാലും തന്റെ മുഴു ജീവനും ശക്തിയും ഉപയോഗിച്ച് അവന്റെ സേവനത്തിൽ തുടരാൻ അവൻ ദൃഢനിശ്ചയമുള്ളവനായിരുന്നു. നമ്മെ സംബന്ധിച്ചോ?
നിത്യജീവനിൽ വിശ്വസിക്കുന്നതിനുള്ള അടിസ്ഥാനങ്ങൾ
7. (എ) നിത്യജീവന്റെ പ്രത്യാശ “സകലകാലത്തിന്നും മുമ്പെ വാഗ്ദത്തം” ചെയ്യപ്പെട്ടിരുന്നതെങ്ങനെ? (ബി) നിത്യജീവന്റെ പ്രത്യാശയുടെമേൽ യേശു വെളിച്ചം വീശിയതെങ്ങനെ?
7 നിത്യജീവന്റെ പ്രത്യാശ മനുഷ്യനിർമിത സ്വപ്നമോ മിഥ്യാസങ്കൽപ്പമോ അല്ലെന്ന് ഉറപ്പുള്ളവരായിരിക്കുക. തീത്തൊസ് 1:2 പറയുന്നപ്രകാരം “ഭോഷ്കില്ലാത്ത ദൈവം സകലകാലത്തിന്നും മുമ്പെ വാഗ്ദത്തം ചെയ്ത നിത്യജീവന്റെ പ്രത്യാശ”യിൽ അധിഷ്ഠിതമാണ് നമ്മുടെ ദൈവിക ഭക്തി. അനുസരണമുള്ള സകല മനുഷ്യരും എന്നേക്കും ജീവിക്കണമെന്നുള്ളതു ദൈവത്തിന്റെ ആദിമോദ്ദേശ്യമായിരുന്നു. (ഉല്പത്തി 1:28) യാതൊന്നിനും, ആദാമിന്റെയും ഹവ്വായുടെയും മത്സരത്തിനുപോലും, ഈ ഉദ്ദേശ്യത്തെ തകിടംമറിക്കാനാവില്ല. ഉല്പത്തി 3:15-ൽ രേഖപ്പെടുത്തിയിരിക്കുന്നതുപോലെ, മനുഷ്യവർഗത്തെ ബാധിച്ച സമസ്ത ദോഷവും ഇല്ലായ്മചെയ്യുന്ന ഒരു “സന്തതി”യെ ദൈവം ഉടൻതന്നെ വാഗ്ദാനം ചെയ്തു. ആ “സന്തതി,” അതായത് മിശിഹായായ യേശു, വന്നപ്പോൾ നിത്യജീവന്റെ പ്രത്യാശയെ അവൻ തന്റെ അടിസ്ഥാന പഠിപ്പിക്കലുകളിൽ ഒന്നാക്കി. (യോഹന്നാൻ 3:16; 6:47, 51; 10:28; 17:3) പൂർണതയുള്ള തന്റെ ജീവനെ ഒരു മറുവിലയായി നൽകിക്കൊണ്ട് ക്രിസ്തു മനുഷ്യവർഗത്തിനു നിത്യജീവൻ നൽകാനുള്ള നിയമപരമായ അവകാശം നേടി. (മത്തായി 20:28) അവന്റെ ശിഷ്യൻമാരിൽ കുറെപ്പേർ, മൊത്തം 1,44,000 പേർ, സ്വർഗത്തിൽ എന്നേക്കും ജീവിക്കും. (വെളിപ്പാടു 14:1-4) അങ്ങനെ ഒരിക്കൽ മർത്യരായിരുന്ന മനുഷ്യർ ‘അമർത്യത ധരിക്കും!’—1 കൊരിന്ത്യർ 15:53.
8. (എ) എന്താണ് “അമർത്യത,” 1,44,000-ത്തിന് യഹോവ അതു നൽകുന്നതെന്തുകൊണ്ട്? (ബി) “വേറെ ആടുകൾ”ക്ക് യേശു എന്തു പ്രത്യാശ വാഗ്ദാനം ചെയ്തു?
8 “അമർത്യത”യ്ക്ക് ഒരിക്കലും മരിക്കാതിരിക്കുക എന്നതിലും കവിഞ്ഞ അർഥമുണ്ട്. “നശിപ്പിക്കപ്പെടാനാവാത്ത ഒരു ജീവന്റെ ശക്തി” അതിൽ ഉൾപ്പെടുന്നു. (എബ്രായർ 7:16, NW; വെളിപ്പാടു 20:16 താരതമ്യം ചെയ്യുക.) എന്നാൽ, അത്തരമൊരു അതിശയകരമായ ദാനം നൽകുന്നതിനാൽ ദൈവം എന്താണ് നിർവഹിക്കുന്നത്? ദൈവത്തിന്റെ സൃഷ്ടികളിൽ ആരെയും വിശ്വസിക്കാനാവില്ലെന്നുള്ള സാത്താന്റെ വെല്ലുവിളി ഓർക്കുക. (ഇയ്യോബ് 1:9-11; 2:4, 5) സാത്താന്റെ വെല്ലുവിളിക്കു തികച്ചും ശ്രദ്ധേയമായ വിധത്തിൽ ഉത്തരം നൽകിയ ഈ 1,44,000 പേർക്ക് അമർത്യത നൽകിക്കൊണ്ട് ദൈവം ആ സംഘത്തിലുള്ള തന്റെ പൂർണവിശ്വാസം സൂചിപ്പിക്കുന്നു. എന്നാൽ ശേഷിച്ച മനുഷ്യവർഗത്തെ സംബന്ധിച്ചെന്ത്? രാജ്യാവകാശികളായ ഈ “ചെറിയ ആട്ടിൻകൂട്ട”ത്തിലെ ആദിമ അംഗങ്ങളോട്, അവർ “സിംഹാസനങ്ങളിൽ ഇരുന്നു യിസ്രായേൽ ഗോത്രം പന്ത്രണ്ടിനെയും ന്യായം വിധി”ക്കുമെന്ന് യേശു പറഞ്ഞു. (ലൂക്കൊസ് 12:32; 22:30) മറ്റുള്ളവർക്ക് അവന്റെ രാജ്യത്തിലെ പ്രജകളെന്നനിലയിൽ ഭൂമിയിൽ നിത്യജീവൻ ലഭിക്കുമെന്ന് ഇതു സൂചിപ്പിക്കുന്നു. ഈ “വേറെ ആടുകൾ”ക്ക് അമർത്യത നൽകപ്പെടുന്നില്ലെങ്കിലും അവർക്കു ‘നിത്യജീവൻ’ ലഭിക്കുകതന്നെ ചെയ്യുന്നു. (യോഹന്നാൻ 10:16; മത്തായി 25:46) അതുകൊണ്ട് നിത്യജീവൻ എല്ലാ ക്രിസ്ത്യാനികളുടെയും പ്രത്യാശയാണ്. അതു മിഥ്യാസങ്കൽപ്പമല്ല, മറിച്ച് “ഭോഷ്കില്ലാത്ത ദൈവം” പ്രതിജ്ഞാബദ്ധതയോടെ വാഗ്ദാനം ചെയ്തതാണ്. യേശുവിന്റെ അമൂല്യമായ രക്തം അതിനു വിലയായി നൽകുകയും ചെയ്തിരിക്കുന്നു.—തീത്തൊസ് 1:2.
വിദൂര ഭാവിയിലോ?
9, 10. നാം അന്ത്യത്തോട് അടുത്താണെന്നതിന് വ്യക്തമായ എന്തു സൂചനകളുണ്ട്?
9 “ദുർഘടസമയങ്ങൾ,” നാം അവിതർക്കിതമായി “അന്ത്യകാലത്തു” എത്തിച്ചേർന്നതായി സൂചിപ്പിക്കുമെന്ന് അപ്പോസ്തലനായ പൗലൊസ് മുൻകൂട്ടിപ്പറഞ്ഞു. നമുക്കു ചുറ്റുമുള്ള മനുഷ്യസമൂഹം സ്നേഹരാഹിത്യവും അത്യാഗ്രഹവും സ്വേച്ഛാനിവൃത്തിയും ദൈവനിഷേധവും ഉള്ള ഒരവസ്ഥയിലേക്കു നിപതിക്കുമ്പോൾ, ഈ ദുഷ്ടലോക വ്യവസ്ഥിതിയുടെമേൽ ന്യായവിധി നടത്താനുള്ള യഹോവയുടെ ദിവസം അതിവേഗം സമീപിച്ചുകൊണ്ടിരിക്കുന്നെന്നു നാം തിരിച്ചറിയുന്നില്ലേ? അക്രമവും വിദ്വേഷവും വ്യാപകമാകവേ, “ദുഷ്ടമനുഷ്യരും മായാവികളും . . . മേല്ക്കുമേൽ ദോഷത്തിൽ മുതിർന്നുവരും” എന്ന പൗലൊസിന്റെ തുടർന്നുള്ള വാക്കുകളുടെ നിവൃത്തി നമുക്കു ചുറ്റും എല്ലായിടത്തും നാം കാണുന്നില്ലേ? (2 തിമൊഥെയൊസ് 3:1-5, 13, 14) “സമാധാനമെന്നും നിർഭയമെന്നും” ചിലർ ശുഭാപ്തിവിശ്വാസത്തോടെ ഉദ്ഘോഷിച്ചേക്കാം. എന്നാൽ സമാധാനത്തിന്റെ എല്ലാ പ്രതീക്ഷകളും ഇല്ലാതാകും. കാരണം “ഗർഭിണിക്കു പ്രസവവേദന വരുംപോലെ അവർക്കു പെട്ടെന്നു നാശം വന്നു ഭവിക്കും; അവർക്കു തെററിയൊഴിയാവതുമല്ല.” നമ്മുടെ കാലത്തിന്റെ അർഥം സംബന്ധിച്ച് നാം അജ്ഞതയിലല്ല. അതുകൊണ്ട് നമുക്ക് ‘ഉണർന്നും സുബോധത്തോടെയുമിരിക്കാം.’—1 തെസ്സലൊനീക്യർ 5:1-6.
10 അതിനുപുറമേ, അന്ത്യനാളുകൾ “അല്പകാല”മാണെന്നു ബൈബിൾ സൂചിപ്പിക്കുന്നു. (വെളിപ്പാടു 12:12; 17:10 താരതമ്യം ചെയ്യുക.) പ്രത്യക്ഷത്തിൽ ആ “അല്പകാല”ത്തിന്റെ ഏറിയപങ്കും കഴിഞ്ഞുപോയിരിക്കുന്നു. ദൃഷ്ടാന്തത്തിന്, ഈ നൂറ്റാണ്ടോളം എത്തിയിരിക്കുന്ന ‘തെക്കെ ദേശത്തിലെ രാജാവും’ ‘വടക്കെ ദേശത്തിലെ രാജാവും’ തമ്മിലുള്ള സംഘട്ടനത്തെക്കുറിച്ചു ദാനീയേലിന്റെ പ്രവചനം കൃത്യമായി വിവരിക്കുന്നു. (ദാനീയേൽ 11:5, 6) ദാനീയേൽ 11:44, 45-ൽ വിവരിച്ചിരിക്കുന്ന, “തെക്കെ ദേശത്തിലെ രാജാ”വിന്റെ അന്തിമ ആക്രമണം മാത്രമാണ് ഇനി നിവൃത്തിയേറാനുള്ളത്.—ഈ പ്രവചനത്തെക്കുറിച്ചുള്ള ചർച്ചയ്ക്ക് 1987 ജൂലൈ 1-ലെയും (ഇംഗ്ലീഷ്) 1993 നവംബർ 1-ലെയും വീക്ഷാഗോപുരം കാണുക.
11. (എ) മത്തായി 24:14 ഏതളവുവരെ നിവൃത്തിയേറിയിരിക്കുന്നു? (ബി) മത്തായി 10:23-ൽ രേഖപ്പെടുത്തിയിരിക്കുന്ന യേശുവിന്റെ വാക്കുകൾ എന്തു സൂചിപ്പിക്കുന്നു?
11 “രാജ്യത്തിന്റെ ഈ സുവിശേഷം സകലജാതികൾക്കും സാക്ഷ്യമായി ഭൂലോകത്തിൽ ഒക്കെയും പ്രസംഗിക്കപ്പെടും; അപ്പോൾ അവസാനം വരും” എന്ന യേശുവിന്റെ പ്രവചനവുമുണ്ട്. (മത്തായി 24:14) 233 രാജ്യങ്ങളിലും ദ്വീപസമൂഹങ്ങളിലും പ്രദേശങ്ങളിലും ഇന്ന് യഹോവയുടെ സാക്ഷികൾ തങ്ങളുടെ വേല നിർവഹിക്കുന്നു. പ്രവർത്തിച്ചിട്ടില്ലാത്ത സ്ഥലങ്ങൾ ഇപ്പോഴുമുണ്ടെന്നുള്ളതു സത്യംതന്നെ. ഒരുപക്ഷേ യഹോവയുടെ തക്കസമയത്ത് അവസരത്തിന്റെ ഒരു വാതിൽ തുറന്നേക്കാം. (1 കൊരിന്ത്യർ 16:9) അപ്പോഴും, മത്തായി 10:23-ൽ രേഖപ്പെടുത്തിയിരിക്കുന്ന യേശുവിന്റെ വാക്കുകൾ പരിചിന്തനാർഹമാണ്: “മനുഷ്യപുത്രൻ വരുവോളം നിങ്ങൾ യിസ്രായേൽ പട്ടണങ്ങളെ സഞ്ചരിച്ചു തീരുകയില്ല.” ഭൂമിയിലുടനീളം സുവാർത്ത തീർച്ചയായും അറിയിക്കപ്പെടുമെങ്കിലും, യേശു വധനിർവാഹകൻ എന്നനിലയിൽ ‘വരുന്നതിന്’ മുമ്പ് രാജ്യസന്ദേശവുമായി ഭൂമിയുടെ എല്ലാ ഭാഗങ്ങളിലും നാം വ്യക്തിപരമായി എത്തിച്ചേരില്ല.
12. (എ) വെളിപ്പാടു 7:3-ൽ ഏത് ‘മുദ്രയിടൽ’ പരാമർശിക്കപ്പെട്ടിരിക്കുന്നു? (ബി) ഭൂമിയിലെ അഭിഷിക്തരുടെ എണ്ണം കുറഞ്ഞുവരുന്നതിന്റെ അർഥമെന്ത്?
12 “നമ്മുടെ ദൈവത്തിന്റെ ദാസന്മാരുടെ നെററിയിൽ ഞങ്ങൾ മുദ്രയിട്ടു കഴിയുവോളം” നാശത്തിന്റെ ‘നാലു കാറ്റു’കളെ പിടിച്ചുനിർത്തുന്നതായി പറയുന്ന വെളിപ്പാടു 7:1, 3-ലെ പാഠഭാഗം പരിഗണിക്കുക. 1,44,000-ത്തിൽ പെടുന്നവർക്കു സ്വർഗീയവിളി ലഭിക്കുമ്പോൾ നടക്കുന്ന പ്രാരംഭ മുദ്രയിടീലിനെയല്ല ഇതു പരാമർശിക്കുന്നത്. (എഫെസ്യർ 1:13) “നമ്മുടെ ദൈവത്തിന്റെ” പരിശോധിക്കപ്പെട്ട വിശ്വസ്ത ‘ദാസന്മാർ’ എന്നനിലയിൽ അവർ മാറ്റമില്ലാത്തവിധം തിരിച്ചറിയിക്കപ്പെടുന്ന അന്തിമ മുദ്രയിടീലിനെയാണ് അതു പരാമർശിക്കുന്നത്. ഭൂമിയിൽ ജീവിച്ചിരിക്കുന്ന ദൈവത്തിന്റെ യഥാർഥ അഭിഷിക്ത പുത്രൻമാരുടെ എണ്ണം അത്യധികം കുറഞ്ഞിരിക്കുന്നു. തന്നെയുമല്ല, മഹോപദ്രവത്തിന്റെ പ്രാരംഭഘട്ടം “വെട്ടിച്ചുരുക്ക”പ്പെടുന്നത് “തിരഞ്ഞെടുക്കപ്പെട്ടവർ നിമിത്ത”മാണെന്നു ബൈബിൾ വ്യക്തമായി പ്രസ്താവിക്കുകയും ചെയ്യുന്നു. (മത്തായി 24:21, 22, NW) അഭിഷിക്തരെന്ന് അവകാശപ്പെടുന്നവരിൽ മിക്കവരും വളരെ പ്രായമുള്ളവരാണ്. അന്ത്യം വളരെ അടുത്താണെന്നല്ലേ ഇതും സൂചിപ്പിക്കുന്നത്?
ഒരു വിശ്വസ്ത കാവൽക്കാരൻ
13, 14. കാവൽക്കാരൻവർഗത്തിന്റെ ഉത്തരവാദിത്വമെന്ത്?
13 അതുകൊണ്ട് ഇപ്പോൾ, ‘വിശ്വസ്ത അടിമ’ പ്രദാനം ചെയ്യുന്ന മാർഗനിർദേശത്തിനു ശ്രദ്ധ നൽകുന്നത് ഉചിതമാണ്. (മത്തായി 24:45, NW) നൂറു വർഷത്തിലധികമായി ആധുനികനാളിലെ “അടിമ” ഒരു “കാവൽക്കാരൻ” എന്നനിലയിൽ വിശ്വസ്തമായി സേവിച്ചിരിക്കുന്നു. (യെഹെസ്കേൽ 3:17-21) 1984 ജനുവരി 1-ലെ വീക്ഷാഗോപുരം (ഇംഗ്ലീഷ്) ഇങ്ങനെ വിശദീകരിച്ചു: “ഈ കാവൽക്കാരൻ, ബൈബിൾ പ്രവചനത്തിന്റെ നിവൃത്തിയെന്നനിലയിൽ ഭൂമിയിൽ സംഭവങ്ങൾ എങ്ങനെ വികാസം പ്രാപിക്കുന്നുവെന്നു നിരീക്ഷിക്കുകയും ‘ലോകാരംഭംമുതൽ ഇന്നുവരെയും സംഭവിച്ചിട്ടില്ലാത്ത’ ആസന്നമായിരിക്കുന്ന ‘മഹോപദ്രവ’ത്തെക്കുറിച്ചു മുന്നറിയിപ്പു മുഴക്കുകയും ‘നന്മ സുവിശേഷിക്കയും’ ചെയ്യുന്നു.”—മത്തായി 24:21; യെശയ്യാവു 52:7, NW.
14 ഓർമിക്കുക: “താൻ കാണുന്നതു മാത്രം” വിളിച്ചുപറയുക എന്നതാണ് കാവൽക്കാരന്റെ ജോലി. (യെശയ്യാവു 21:6-8, NW) ബൈബിൾ കാലങ്ങളിൽ ഒരു കാവൽക്കാരൻ, വ്യക്തമായി തിരിച്ചറിയാൻ കഴിയാത്തവിധം അപകടസാധ്യത അകലത്തിലായിരിക്കുമ്പോൾ പോലും മുന്നറിയിപ്പു മുഴക്കുമായിരുന്നു. (2 രാജാക്കന്മാർ 9:17, 18) അന്ന് തെറ്റായ മുന്നറിയിപ്പുകൾ ലഭിച്ചിരുന്നുവെന്നതിൽ സംശയമില്ല. എന്നാൽ ഒരു നല്ല കാവൽക്കാരൻ ജാള്യതാഭയം നിമിത്തം പിൻമാറിനിൽക്കുകയില്ലായിരുന്നു. നിങ്ങളുടെ വീടിനു തീ പിടിക്കുമ്പോൾ, അത് ഒരു തെറ്റായ അപകടസന്ദേശമായിരിക്കാം എന്നു വിചാരിച്ച് അഗ്നിശമനപ്രവർത്തകർ വരാതിരുന്നാൽ നിങ്ങൾക്ക് എന്തു തോന്നും? അത്തരം ആൾക്കാർ ഏത് അപകടസൂചനയോടും ഉടനടി പ്രതികരിക്കാൻ നാം പ്രതീക്ഷിക്കുന്നു! സമാനമായൊരു വിധത്തിൽ, നിർഭയം വിളിച്ചുപറയാൻ മതിയായ കാരണമുണ്ടെന്ന് സാഹചര്യങ്ങൾ സൂചിപ്പിച്ചപ്പോൾ കാവൽക്കാരൻവർഗം അപ്രകാരം ചെയ്തിട്ടുണ്ട്.
15, 16. (എ) പ്രവചനത്തെക്കുറിച്ചുള്ള നമ്മുടെ ഗ്രാഹ്യത്തിൽ പൊരുത്തപ്പെടുത്തലുകൾ വരുത്തുന്നതെന്തുകൊണ്ട്? (ബി) ചില പ്രവചനങ്ങൾ സംബന്ധിച്ച് തെറ്റായ ഗ്രാഹ്യമുണ്ടായിരുന്ന വിശ്വസ്ത ദൈവദാസൻമാരിൽനിന്നു നമുക്ക് എന്തു പഠിക്കാനാകും?
15 എന്നാൽ സംഭവങ്ങൾ വികാസം പ്രാപിക്കവേ, പ്രവചനത്തെക്കുറിച്ചുള്ള നമ്മുടെ ഗ്രാഹ്യം കൂടുതൽ വ്യക്തമായിത്തീർന്നിരിക്കുന്നു. വിരളമായി മാത്രമേ ദിവ്യപ്രവചനങ്ങളെ അവയുടെ നിവൃത്തിക്കുമുമ്പ് പൂർണമായി മനസ്സിലാക്കാൻ കഴിഞ്ഞിട്ടുള്ളൂ എന്ന് ചരിത്രം പ്രകടമാക്കുന്നു. അബ്രാമിന്റെ സന്തതി എത്രകാലം, അതായത് 400 വർഷം, “സ്വന്തമല്ലാത്ത ദേശത്തു . . . പ്രവാസികളായി”രിക്കുമെന്നു ദൈവം അവനോടു കൃത്യമായി പറഞ്ഞു. (ഉല്പത്തി 15:13) എന്നാൽ, മോശ വിമോചകൻ എന്നനിലയിൽ പ്രത്യക്ഷപ്പെട്ടത് സമയത്തിനു മുമ്പേ ആയിരുന്നെന്ന് ഓർക്കണം.—പ്രവൃത്തികൾ 7:23-30.
16 മിശിഹൈക പ്രവചനങ്ങളും പരിഗണിക്കുക. പിന്തിരിഞ്ഞു നോക്കുമ്പോൾ മിശിഹായുടെ മരണവും പുനരുത്ഥാനവും മുൻകൂട്ടിപ്പറയപ്പെട്ടിരുന്നുവെന്നത് സുവ്യക്തമാണെന്നു തോന്നുന്നു. (യെശയ്യാവു 53:8-10) എന്നിട്ടും, യേശുവിന്റെ സ്വന്തം ശിഷ്യൻമാർ ഈ യാഥാർഥ്യം ഗ്രഹിക്കാൻ പരാജയപ്പെട്ടു. (മത്തായി 16:21-23) ക്രിസ്തുവിന്റെ ഭാവി പറൂസിയയുടെ അഥവാ “സാന്നിധ്യ”ത്തിന്റെ കാലത്ത് ദാനീയേൽ 7:13, 14 നിവൃത്തിയേറുമെന്ന് അവർ മനസ്സിലാക്കിയില്ല. (മത്തായി 24:3, NW) അതുകൊണ്ട്, “കർത്താവേ, നീ യിസ്രായേലിന്നു ഈ കാലത്തിലോ രാജ്യം യഥാസ്ഥാനത്താക്കിക്കൊടുക്കുന്നതു” എന്നു ചോദിച്ചപ്പോൾ അവരുടെ കണക്കുകൂട്ടലിൽ ഏതാണ്ട് 2,000 വർഷത്തിന്റെ പാളിച്ച സംഭവിച്ചു. (പ്രവൃത്തികൾ 1:6) ക്രിസ്തീയ സഭ സുസ്ഥാപിതമായശേഷം പോലും തെറ്റായ ആശയങ്ങളും വ്യാജ പ്രതീക്ഷകളും തുടർന്നും പൊന്തിവന്നു. (2 തെസ്സലൊനീക്യർ 2:1, 2) ചിലർ ഇടയ്ക്കിടെ തെറ്റായ വീക്ഷണങ്ങൾ പുലർത്തിയിരുന്നെങ്കിലും, ഒന്നാം നൂറ്റാണ്ടിലെ ആ വിശ്വാസികളുടെ പ്രവർത്തനത്തെ യഹോവ അനുഗ്രഹിച്ചുവെന്നതു നിഷേധിക്കാനാവില്ല!
17. തിരുവെഴുത്തുഗ്രാഹ്യത്തിൽ വരുത്തുന്ന പൊരുത്തപ്പെടുത്തലുകൾ സംബന്ധിച്ചു നമ്മുടെ മനോഭാവം എന്തായിരിക്കണം?
17 സമാനമായി, ഇന്നത്തെ കാവൽക്കാരൻവർഗത്തിന് അതിന്റെ വീക്ഷണങ്ങൾ കാലാകാലങ്ങളിൽ കൂടുതൽ സ്ഫുടം ചെയ്യേണ്ടതുണ്ടായിരുന്നു. എന്നാൽ, ‘വിശ്വസ്ത അടിമ’യെ യഹോവ അനുഗ്രഹിച്ചിരിക്കുന്നുവെന്നതിനെ ആർക്കെങ്കിലും സംശയിക്കാനാകുമോ? കൂടാതെ, സന്ദർഭം പരിഗണിക്കുമ്പോൾ, വരുത്തിയ പൊരുത്തപ്പെടുത്തലുകൾ മിക്കവയും താരതമ്യേന ചെറുതല്ലേ? ബൈബിളിനെക്കുറിച്ചുള്ള നമ്മുടെ അടിസ്ഥാന ഗ്രാഹ്യത്തിനു മാറ്റം വന്നിട്ടില്ല. നാം അന്ത്യനാളുകളിലാണ് ജീവിക്കുന്നതെന്ന നമ്മുടെ ബോധ്യം എന്നത്തേതിലും ശക്തമാണ്!
ഒരു നിത്യഭാവിക്കുവേണ്ടി ജീവിക്കൽ
18. ഇന്നേക്കുവേണ്ടി മാത്രം ജീവിക്കുന്നത് നാം ഒഴിവാക്കേണ്ടതെന്തുകൊണ്ട്?
18 ‘തിന്നുക, കുടിക്ക നാളെ നാം ചാകുമല്ലോ’ എന്ന് ലോകം പറഞ്ഞേക്കാം, എന്നാൽ നമ്മുടെ മനോഭാവം അതായിരിക്കരുത്. ഒരു നിത്യഭാവിക്കുവേണ്ടി പ്രവർത്തിക്കാൻ നിങ്ങൾക്കു സാധിക്കുമ്പോൾ ജീവിതത്തിൽനിന്ന് ഇപ്പോൾ ലഭിക്കാവുന്ന സുഖങ്ങൾക്കായി വ്യർഥമായി യത്നിക്കുന്നതെന്തിന്? ആ പ്രത്യാശ, സ്വർഗത്തിലെ അമർത്യജീവന്റേതായാലും ഭൂമിയിലെ നിത്യജീവന്റേതായാലും, ഒരു സ്വപ്നമോ മിഥ്യാസങ്കൽപ്പമോ അല്ല. “ഭോഷ്കില്ലാത്ത” ദൈവം വാഗ്ദാനം ചെയ്തിരിക്കുന്ന ഒരു യാഥാർഥ്യമാണത്. (തീത്തൊസ് 1:2) നമ്മുടെ പ്രത്യാശയുടെ സാക്ഷാത്കാരം സമീപസ്ഥമാണെന്നതിന്റെ തെളിവ് അതിശക്തമാണ്! “ശേഷിച്ചിരിക്കുന്ന കാലം ചുരുങ്ങിയിരിക്കുന്നു.”—1 കൊരിന്ത്യർ 7:29, NW.
19, 20. (എ) രാജ്യത്തിനുവേണ്ടി നാം ചെയ്ത ത്യാഗങ്ങളെ യഹോവ എങ്ങനെ വീക്ഷിക്കുന്നു? (ബി) നിത്യത മുന്നിൽ കണ്ടുകൊണ്ട് നാം ജീവിക്കേണ്ടതെന്തുകൊണ്ട്?
19 ഇപ്പോൾത്തന്നെ ഈ വ്യവസ്ഥിതി അനേകരും വിചാരിച്ചതിനെക്കാൾ ദീർഘിച്ചിരിക്കുന്നുവെന്നതു സത്യംതന്നെ. ഇതു നേരത്തേ അറിഞ്ഞിരുന്നെങ്കിൽ തങ്ങൾ ചില ത്യാഗങ്ങൾ ചെയ്യുമായിരുന്നില്ലെന്ന് ചുരുക്കം ചിലർ ഇപ്പോൾ വിചാരിച്ചേക്കാം. എന്നാൽ അപ്രകാരം ചെയ്തതിൽ ആരും ഖേദിക്കരുത്. ത്യാഗങ്ങൾ ചെയ്യുന്നത് ഒരു ക്രിസ്ത്യാനി ആയിരിക്കുന്നതിലെ അടിസ്ഥാന ഘടകമാണ്. ക്രിസ്ത്യാനികൾ ‘തന്നെത്താൻ ത്യജിക്കുന്നു.’ (മത്തായി 16:24) ദൈവത്തെ പ്രസാദിപ്പിക്കാനുള്ള നമ്മുടെ ശ്രമങ്ങൾ വ്യർഥമായിപ്പോയെന്ന് നാം ഒരിക്കലും വിചാരിക്കരുത്. യേശു ഇങ്ങനെ വാഗ്ദാനം ചെയ്തു: ‘എന്റെ നിമിത്തവും സുവിശേഷം നിമിത്തവും വീടോ സഹോദരൻമാരെയോ സഹോദരികളെയോ അമ്മയെയോ അപ്പനെയോ മക്കളെയോ നിലങ്ങളെയോ വിട്ടാൽ, ഈ ലോകത്തിൽ തന്നേ നൂറു മടങ്ങും വരുവാനുള്ള ലോകത്തിൽ നിത്യജീവനെയും പ്രാപിക്കാത്തവൻ ആരുമില്ല.’ (മർക്കൊസ് 10:29, 30) ഇപ്പോൾ മുതൽ ഒരായിരം വർഷം കഴിഞ്ഞ്, നിങ്ങളുടെ ജോലിയോ വീടോ ബാങ്ക് അക്കൗണ്ടോ എത്ര പ്രാധാന്യമുള്ളതായി കാണപ്പെടും? എന്നാൽ, യഹോവയ്ക്കുവേണ്ടി നിങ്ങൾ ചെയ്ത ത്യാഗങ്ങൾ ഇപ്പോൾ മുതൽ പത്തുലക്ഷം വർഷം കഴിഞ്ഞും അർഥവത്തായി തുടരും, അതേ, നൂറുകോടി വർഷം കഴിഞ്ഞുപോലും! കാരണം, “ദൈവം നിങ്ങളുടെ പ്രവൃത്തി . . . മറന്നുകളവാൻ തക്കവണ്ണം അനീതിയുള്ളവനല്ല.”—എബ്രായർ 6:10.
20 അതുകൊണ്ട്, നിത്യത മുന്നിൽ കണ്ടുകൊണ്ട്, നമ്മുടെ കണ്ണുകളെ ‘കാണുന്നതിൽ അല്ല, കാണാത്തതി’ൽ കേന്ദ്രീകരിച്ചുകൊണ്ട് നമുക്കു ജീവിക്കാം. കാരണം “കാണുന്നതു താല്ക്കാലികം, കാണാത്തതോ നിത്യം.” (2 കൊരിന്ത്യർ 4:18) പ്രവാചകനായ ഹബക്കൂക് എഴുതി: “ദർശനത്തിന്നു ഒരു അവധിവെച്ചിരിക്കുന്നു; അതു സമാപ്തിയിലേക്കു ബദ്ധപ്പെടുന്നു; സമയം തെറ്റുകയുമില്ല; അതു വൈകിയാലും അതിന്നായി കാത്തിരിക്ക; അതു വരും നിശ്ചയം; താമസിക്കയുമില്ല.” (ഹബക്കൂക് 2:3) അന്ത്യത്തിനായി ‘കാത്തിരിക്കുന്നത്’ നമ്മുടെ വ്യക്തിപരവും കുടുംബപരവുമായ ഉത്തരവാദിത്വങ്ങൾ നാം നിർവഹിക്കുന്ന വിധത്തെ എങ്ങനെ ബാധിക്കുന്നു? നമ്മുടെ അടുത്ത ലേഖനം ഈ വിഷയങ്ങൾ കൈകാര്യം ചെയ്യും.
പുനരവലോകന ആശയങ്ങൾ
□ ഈ വ്യവസ്ഥിതിയുടെ അന്ത്യം പ്രത്യക്ഷത്തിൽ താമസിച്ചിരിക്കുന്നുവെന്നതു ചുരുക്കം ചിലരെ ഇന്നു ബാധിച്ചിരിക്കുന്നതെങ്ങനെ?
□ നിത്യജീവൻ സംബന്ധിച്ച നമ്മുടെ പ്രത്യാശയുടെ അടിസ്ഥാനമെന്ത്?
□ രാജ്യതാത്പര്യങ്ങൾക്കായി നാം ചെയ്തിരിക്കുന്ന ത്യാഗങ്ങളെ എങ്ങനെ വീക്ഷിക്കണം?
[15-ാം പേജിലെ ചിത്രം]
അന്ത്യം വരുന്നതിനു മുമ്പ് ആഗോള പ്രസംഗപ്രവർത്തനം പൂർത്തീകരിക്കപ്പെടണം