തീത്തോസിന് എഴുതിയ കത്ത്
1 ദൈവം തിരഞ്ഞെടുത്തവരുടെ വിശ്വാസവും ദൈവഭക്തിപ്രകാരമുള്ള സത്യത്തിന്റെ ശരിയായ* അറിവും ഉള്ളവനും ദൈവത്തിന്റെ അടിമയും യേശുക്രിസ്തുവിന്റെ അപ്പോസ്തലനും ആയ പൗലോസ് എന്ന ഞാൻ, 2 നുണ പറയാൻ കഴിയാത്ത ദൈവം+ ദീർഘകാലം മുമ്പ് വാഗ്ദാനം ചെയ്ത നിത്യജീവന്റെ പ്രത്യാശയുടെ+ അടിസ്ഥാനത്തിൽ 3 (തന്റേതായ സമയം വന്നപ്പോൾ നമ്മുടെ രക്ഷകനായ ദൈവം തന്റെ കല്പനയാൽ എന്നെ ഭരമേൽപ്പിച്ച പ്രസംഗപ്രവർത്തനത്തിലൂടെ+ തന്റെ വചനം അറിയിച്ചു.) 4 തീത്തോസേ, നമ്മൾ പങ്കിടുന്ന വിശ്വാസപ്രകാരം ഒരു യഥാർഥമകനായ നിനക്ക് എഴുതുന്നത്:
പിതാവായ ദൈവത്തിൽനിന്നും നമ്മുടെ രക്ഷകനായ ക്രിസ്തുയേശുവിൽനിന്നും നിനക്ക് അനർഹദയയും സമാധാനവും!
5 ഞാൻ നിന്നെ ക്രേത്തയിൽ വിട്ടിട്ടുപോന്നത് നേരെയാക്കേണ്ട കാര്യങ്ങൾ നേരെയാക്കാനും* ഞാൻ തന്ന നിർദേശങ്ങളനുസരിച്ച് നഗരംതോറും മൂപ്പന്മാരെ* നിയമിക്കാനും ആയിരുന്നല്ലോ. ഇവയായിരുന്നു ആ നിർദേശങ്ങൾ: 6 മൂപ്പൻ ആരോപണരഹിതനും ഒരു ഭാര്യ മാത്രമുള്ളവനും താന്തോന്നികളെന്നോ* ധിക്കാരികളെന്നോ ദുഷ്പേരില്ലാത്ത, വിശ്വാസികളായ മക്കളുള്ളവനും ആയിരിക്കണം.+ 7 മേൽവിചാരകൻ ദൈവത്തിന്റെ കാര്യസ്ഥനായതുകൊണ്ട് ആരോപണരഹിതനായിരിക്കണം. തന്നിഷ്ടക്കാരനോ+ മുൻകോപിയോ+ കുടിയനോ അക്രമാസക്തനോ* വളഞ്ഞ വഴിയിലൂടെ നേട്ടമുണ്ടാക്കാൻ നോക്കുന്നവനോ ആയിരിക്കരുത്. 8 പകരം അതിഥിപ്രിയനും+ നന്മയെ സ്നേഹിക്കുന്നവനും സുബോധമുള്ളവനും*+ നീതിനിഷ്ഠനും വിശ്വസ്തനും ആത്മനിയന്ത്രണമുള്ളവനും+ ആയിരിക്കണം. 9 മേൽവിചാരകൻ വിശ്വസ്തവചനത്തെ* മുറുകെ പിടിച്ച് വിദഗ്ധമായി പഠിപ്പിക്കുന്നവനും+ അങ്ങനെ, പ്രയോജനകരമായ* പഠിപ്പിക്കലിലൂടെ+ പ്രോത്സാഹിപ്പിക്കാനും എതിർക്കുന്നവരെ ശാസിക്കാനും+ കഴിവുള്ളവനും ആയിരിക്കണം.
10 ധിക്കാരികളും കഴമ്പില്ലാത്ത കാര്യങ്ങൾ പറയുന്നവരും വഞ്ചകരും അവിടെ ധാരാളമുണ്ടല്ലോ, പ്രത്യേകിച്ച് പരിച്ഛേദനാവാദികൾ.*+ 11 അവരുടെ വായടപ്പിക്കണം. കാരണം, വളഞ്ഞ വഴിയിലൂടെ നേട്ടം ഉണ്ടാക്കാൻവേണ്ടി അവർ അരുതാത്തതു പഠിപ്പിച്ചുകൊണ്ട് കുടുംബങ്ങളെ അപ്പാടേ വഴിതെറ്റിക്കുന്നു. 12 “ക്രേത്തർ എന്നു പറഞ്ഞാൽത്തന്നെ നുണയന്മാരും ദുഷ്ടജന്തുക്കളും മടിയന്മാരായ തീറ്റിഭ്രാന്തരും ആണ്” എന്ന് അവരുടെ കൂട്ടത്തിൽ ഒരാൾ, അവരുടെ ഒരു പ്രവാചകൻതന്നെ, പറഞ്ഞിട്ടുണ്ടല്ലോ.
13 ഈ പറഞ്ഞതു സത്യമാണ്. അതുകൊണ്ട് നീ അവരെ കർശനമായി ശാസിക്കുന്നതു നിറുത്തരുത്. അങ്ങനെയാകുമ്പോൾ അവർ വിശ്വാസത്തിൽ ഉറച്ചുനിൽക്കും.* 14 ജൂതന്മാരുടെ കെട്ടുകഥകൾക്കും സത്യം വിട്ടകലുന്നവരുടെ കല്പനകൾക്കും അവർ ചെവി കൊടുക്കില്ല. 15 ശുദ്ധിയുള്ളവർക്ക് എല്ലാം ശുദ്ധമാണ്.+ പക്ഷേ ശുദ്ധിയില്ലാത്തവർക്കും വിശ്വാസമില്ലാത്തവർക്കും ഒന്നും ശുദ്ധമല്ല. കാരണം അവരുടെ മനസ്സും മനസ്സാക്ഷിയും അശുദ്ധമാണ്.+ 16 ദൈവത്തെ അറിയുന്നവരാണെന്ന് അവർ അവകാശവാദം മുഴക്കുന്നെങ്കിലും സ്വന്തം പ്രവൃത്തികളിലൂടെ ദൈവത്തെ തള്ളിപ്പറയുന്നു.+ കാരണം അവർ വൃത്തികെട്ടവരും അനുസരണംകെട്ടവരും ഒരു നല്ല കാര്യത്തിനും കൊള്ളാത്തവരും ആണ്.