യഥാർത്ഥനീതിക്കുവേണ്ടി നമുക്ക് ആരിലേക്കു നോക്കാൻ കഴിയും?
“മുഴുഭൂമിയുടെയും ന്യായാധിപതി നീതി ചെയ്യുകയില്ലേ?”—ഉൽപ്പത്തി 18:25.ആധുനിക ഇംഗ്ലീഷിലുള്ള വിശുദ്ധ ബൈബിൾ, ഫെറാർ ഫെൻറന്റേത്.
1, 2. പ്രബലപ്പെട്ടിരിക്കുന്ന അനീതിയോട് അനേകർ എങ്ങനെ പ്രതികരിക്കുന്നു?
അനീതി ധാരാളമുണ്ടെന്നുള്ള അറിവ് നിങ്ങളെ ദുഃഖിതനാക്കാനിടയുണ്ട്. പ്രബലപ്പെട്ടിരിക്കുന്ന യഥാർത്ഥനീതിയുടെ അഭാവത്തോട് നിങ്ങൾ വ്യക്തിപരമായി എങ്ങനെയാണ് പ്രതികരിക്കുന്നത്?
2 ചിലർ പ്രതികരിക്കുന്നത് നീതിയുള്ള ഒരു ദൈവത്തിന്റെ അസ്തിത്വത്തെ ചോദ്യംചെയ്തുകൊണ്ടാണ്. അവർ സന്ദേഹവാദികളാണെന്നുപോലും അവകാശപ്പെട്ടേക്കാം. നിങ്ങൾ ആ പദം കേട്ടിരിക്കാനിടയുണ്ട്. “(ദൈവത്തെപ്പോലെ) ഏതെങ്കിലും ആത്യന്തിക യാഥാർത്ഥ്യം അറിയപ്പെടാത്തതും അറിയപ്പെടാനിടയില്ലാത്തതുമാണ്” എന്നു വിചാരിക്കുന്ന ഒരു ആളെയാണ് അതു പരാമർശിക്കുന്നത്. ഡാർവിന്റെ പരിണാമവാദത്തിന്റെ 19-ാം നൂററാണ്ടിലെ ഒരു വക്താവായിരുന്ന തോമസ് എച്ച്. ഹക്സ്ലി എന്ന ജീവശാസ്ത്രജ്ഞൻ ഈ വിധത്തിൽ ആ പദം (agnostic) ആദ്യമായി ഉപയോഗിച്ചു.a
3, 4. “അഗ്നോസ്ററിക്ക്” എന്ന പദത്തിന്റെ പശ്ചാത്തലം എന്താണ്?
3 എന്നാൽ ഹക്സ്ലി “അഗ്നോസ്ററിക്” (സന്ദേഹവാദി) എന്ന പദം എവിടെനിന്നാണ് ഉളവാക്കിയത്? യഥാർത്ഥത്തിൽ അയാൾ ഒന്നാം നൂററാണ്ടിലെ ഒരു നിയമജ്ഞനായിരുന്ന അപ്പോസ്തലനായ പൗലോസ് മറെറാരർത്ഥത്തിൽ ഉപയോഗിച്ച ഒരു പദപ്രയോഗം എടുക്കുകയായിരുന്നു. അത് എക്കാലത്തെയും അത്യന്തം പ്രസിദ്ധമായ പ്രസംഗങ്ങളിലൊന്നിലാണ് കാണുന്നത്. ഈ പ്രസംഗം ഇന്ന് പ്രസക്തമാണ്. എന്തുകൊണ്ടെന്നാൽ അത് എപ്പോൾ, എങ്ങനെ യഥാർത്ഥ നീതി പ്രബലപ്പെടുമെന്നറിയുന്നതിന്, അതിലുപരി, നമുക്ക് വ്യക്തിപരമായി അതിൽനിന്ന് എങ്ങനെ പ്രയോജനംനേടാൻകഴിയുമെന്നറിയുന്നതിന്, നമുക്ക് ഈടുററ അടിസ്ഥാനം നൽകുന്നു.
4 അജ്ഞാതം എന്നർത്ഥമുള്ള അഗ്നോസ്ററിക്ക് എന്ന പദം “ഒരു അജ്ഞാത ദൈവത്തിന്” എന്ന് ആലേഖനം ചെയ്തിരുന്ന ഒരു ബലിപീഠത്തെക്കുറിച്ചുള്ള പൗലോസിന്റെ പ്രസ്താവനയിൽനിന്നാണ് എടുക്കപ്പെട്ടിരിക്കുന്നത്. ആ ഹ്രസ്വമായ പ്രസംഗം അപ്പോസ്തലപ്രവൃത്തികൾ എന്ന ചരിത്രപരമായ പുസ്തകത്തിന്റെ 17-ാം അദ്ധ്യായത്തിൽ വൈദ്യനായ ലൂക്കോസിനാൽ രേഖപ്പെടുത്തപ്പെട്ടു. പൗലോസ് എങ്ങനെ ഏതെൻസിലെത്തിയെന്ന് ആ അദ്ധ്യായം ആദ്യമായി പ്രകടമാക്കുന്നു. 23-ാം പേജിലെ ചതുരത്തിൽ നിങ്ങൾക്ക് ലൂക്കോസിന്റെ ആമുഖവിവരങ്ങളും മുഴുപ്രസംഗവും വായിക്കാൻ കഴിയും.
5. പൗലോസ് ഏതൻസുകാരോടു നടത്തിയ പ്രസംഗത്തിന്റെ രംഗവിധാനം എന്തായിരുന്നു? (പ്രവൃത്തികൾ 17:16-31 വായിപ്പിക്കുക.)
5 പൗലോസിന്റെ പ്രസംഗം തീർച്ചയായും ശക്തവും നമ്മുടെ അവധാനപൂർവകമായ പരിഗണന അർഹിക്കുന്നതുമാണ്. നാം കടുത്ത അനീതികളാൽ ചുററപ്പെട്ടിരിക്കുന്നതുകൊണ്ട് നമുക്ക് അതിൽനിന്ന് വളരെയധികം പഠിക്കാൻ കഴിയും. ആദ്യമായി രംഗവിധാനം ശ്രദ്ധിക്കുക. അതു നിങ്ങൾക്ക് പ്രവൃത്തികൾ 17:16-21-ൽ വായിക്കാൻ കഴിയും. ഏതെൻസുകാർ ഒരു പ്രസിദ്ധവിദ്യാകേന്ദ്രത്തിൽ ജീവിച്ചതിൽ അഭിമാനമുള്ളവരായിരുന്നു, അവിടെയായിരുന്നു സോക്രട്ടീസും പ്ലേറേറായും അരിസ്റേറാട്ടിലും പഠിപ്പിച്ചിരുന്നത്. ഏതെൻസ് വളരെ മതഭക്തിയുള്ള ഒരു നഗരവുമായിരുന്നു. ചുററുപാടുമെല്ലാം പൗലോസിന് വിഗ്രഹങ്ങൾ കാണാൻ കഴിഞ്ഞു—ഏരിസ് അഥവാ മാഴ്സ് എന്ന യുദ്ധദേവതയുടെയും സ്യൂസിന്റെയും ഔഷധദേവതയായ ഈസ്കുലാപ്പിയസിന്റെയും അക്രമാസക്തനായ സമുദ്രദേവനായ പോസിഡോണിന്റെയും ഡയോനിസസിന്റെയും അഥീനയുടെയും ഈറോസിന്റെയും മററുള്ളവരുടെയും.
6. പൗലോസ് ഏതെൻസിൽ കണ്ടതുമായി നിങ്ങളുടെ പ്രദേശത്തെ എങ്ങനെ താരതമ്യപ്പെടുത്താം?
6 പൗലോസ് നിങ്ങളുടെ പട്ടണത്തെ അഥവാ പ്രദേശത്തെ പരിശോധിച്ചിരുന്നെങ്കിലോ? അവൻ ക്രൈസ്തവലോകത്തിൽപോലും ധാരാളം വിഗ്രഹങ്ങൾ അല്ലെങ്കിൽ മതപരമായ പ്രതിമകൾ കാണും. മററുള്ളിടങ്ങളിൽ അവൻ കൂടുതൽ കാണും. ഒരു ഗൈഡ്ബുക്ക് ഇങ്ങനെ പറയുന്നു: “തങ്ങളുടെ അസ്ഥിരരായ ഗ്രീക്ക് ‘സഹോദരൻമാരിൽ’നിന്നു വ്യത്യസ്തരായി ഇൻഡ്യൻ ദൈവങ്ങൾ ഏകഭാര്യൻമാരാണ്, അവരുടെ പെൺകൂട്ടാളികൾക്ക് അത്യന്തം മതിപ്പുളവാക്കുന്ന ശക്തികൾ ആരോപിക്കപ്പെട്ടിരുന്നു . . . സകല രൂപങ്ങളിലുമുള്ള ജീവനും സ്വഭാവവും കൈകാര്യംചെയ്യുന്ന ദശലക്ഷക്കണക്കിനു ദൈവങ്ങൾ ഉണ്ടായിരുന്നുവെന്നത് അതിശയോക്തിയല്ല.”
7. പുരാതന ഗ്രീക്ക്ദൈവങ്ങൾ എങ്ങനെയുള്ളവർ ആയിരുന്നു?
7 അനേകം ഗ്രീക്ക് ദൈവങ്ങൾ ക്ഷുദ്രപ്രകൃതക്കാരും വളരെ അസാൻമാർഗ്ഗികളുമായി വർണ്ണിക്കപ്പെട്ടിരുന്നു. അവരുടെ നടത്ത മർത്യർക്ക് ലജ്ജാവഹമായിരിക്കും, അതെ, ഇക്കാലത്ത് മിക്ക രാജ്യങ്ങളിലും കുററകരമായിരിക്കും. അപ്പോൾ അന്ന് ഗ്രീക്കുകാർ അത്തരം ദൈവങ്ങളിൽനിന്ന് ഏതു തരം നീതി പ്രതീക്ഷിച്ചിരിക്കുമെന്ന് അതിശയിക്കാൻ നിങ്ങൾക്ക് സകല കാരണവുമുണ്ട്. എന്നിട്ടും ഏതെൻസുകാർ വിശേഷാൽ അവർക്ക് അർപ്പിതരായിരുന്നുവെന്ന് പൗലോസ് കണ്ടു. നീതിനിഷ്ഠമായ ബോധ്യങ്ങൾ നിറഞ്ഞവനായി അവൻ യഥാർത്ഥക്രിസ്ത്യാനിത്വത്തിന്റെ സമുന്നത സത്യങ്ങൾ വിശദീകരിച്ചുതുടങ്ങി.
വെല്ലുവിളി ഉയർത്തിയ ഒരു സദസ്സ്
8. (എ) എപ്പിക്കൂര്യരുടെ വിശ്വാസങ്ങളും വീക്ഷണങ്ങളും എന്തായിരുന്നു? (ബി) സ്തോയിക്കർ എന്തു വിശ്വസിച്ചു?
8 ചില യഹൂദൻമാരും ഗ്രീക്കുകാരും താൽപര്യപൂർവം ശ്രദ്ധിച്ചു. എന്നാൽ സ്വാധീനശക്തിയുണ്ടായിരുന്ന എപ്പിക്കൂര്യരും സ്തോയിക്കരും എങ്ങനെ പ്രതികരിക്കും? നിങ്ങൾക്ക് കാണാൻ കഴിയുന്നതുപോലെ, അവരുടെ ആശയങ്ങൾ ഇന്നത്തെ പൊതു വിശ്വാസങ്ങളോടു അനേകം വിധങ്ങളിൽ സമാനമായിരുന്നു, സ്ക്കൂളുകളിൽ കുട്ടികളെ പഠിപ്പിക്കുന്നവയോടുപോലും. എപ്പിക്കൂര്യർ സാധ്യമാകുന്നിടത്തോളം ഉല്ലാസം, വിശേഷാൽ മാനസിക ഉല്ലാസം, ലഭിക്കത്തക്കവണ്ണം ജീവിക്കുന്നതിന് പ്രോൽസാഹിപ്പിക്കുന്നു. ‘തിന്നുക, കുടിക്കുക, എന്തുകൊണ്ടെന്നാൽ നാളെ നാം മരിക്കുന്നു’ എന്ന അവരുടെ ദർശനത്തിന്റെ സ്വഭാവം തത്വത്തിന്റെയും സൽഗുണത്തിന്റെയും അഭാവമായിരുന്നു. (1 കൊരിന്ത്യർ 15:32) ദൈവങ്ങളാണ് പ്രപഞ്ചത്തെ സൃഷ്ടിച്ചതെന്ന് അവർ വിശ്വസിച്ചില്ല. പകരം, ഒരു യാന്ത്രിക പ്രപഞ്ചത്തിൽ യാദൃച്ഛിക സംഭവമായി ജീവൻ ഉളവായി എന്ന് അവർ വിശ്വസിച്ചു. കൂടാതെ, ദൈവങ്ങൾക്ക് മനുഷ്യരിൽ താൽപര്യമില്ല. സ്തോയിക്കരെ സംബന്ധിച്ചെന്ത്? അവർ യുക്തിക്ക് ഊന്നൽ കൊടുത്തു. വസ്തുവും ശക്തിയും പ്രപഞ്ചത്തിലെ മൂലതത്വങ്ങളാണെന്നു വിശ്വസിക്കുകയും ചെയ്തു. സ്തോയിക്കർ ദൈവത്തെ ഒരു വ്യക്തിയെന്നു വിശ്വസിക്കാതെ വ്യക്തിത്വമില്ലാത്ത ഒരു ദൈവത്തെ സങ്കൽപ്പിച്ചു. വിധിയാണ് മനുഷ്യകാര്യങ്ങളെ ഭരിക്കുന്നതെന്നും അവർ വിചാരിച്ചു.
9. പൗലോസിന്റെ സാഹചര്യം പ്രസംഗിക്കുന്നതിന് വെല്ലുവിളിപരമായിരുന്നതെങ്ങനെ?
9 അങ്ങനെയുള്ള തത്വചിന്തകർ പൗലോസിന്റെ പരസ്യപഠിപ്പിക്കലിന് എങ്ങനെ ചെവികൊടുത്തു? മാനസികഗർവം കലർന്ന ജിജ്ഞാസ അന്നത്തെ ഒരു അഥീനിയൻ ലക്ഷണമായിരുന്നു. ഈ തത്വചിന്തകർ പൗലോസിനോടു തർക്കിക്കാൻ തുടങ്ങി. ഒടുവിൽ, അവർ അവനെ അരയോപഗസിലേക്കു കൊണ്ടുപോയി. ഏതെൻസിലെ ചന്തക്കു മേൽവശത്തായി, എന്നാൽ ഉയർന്നുനിൽക്കുന്ന അക്രോപ്പോളിസിനു താഴെയായി യുദ്ധദേവതയായ മാഴ്സിന്റെ അഥവാ ഏരിസിന്റെ പേരിൽ ഒരു കൽക്കുന്ന് ഉണ്ടായിരുന്നു. അങ്ങനെ മാഴ്സ്കുന്ന് എന്നോ അരയോപഗസ് എന്നോ അതിനു പേർകിട്ടി. പുരാതനകാലങ്ങളിൽ ഒരു കോടതിയോ സമിതിയോ അവിടെ സമ്മേളിച്ചിരുന്നു. പൗലോസ് ഒരു നീതിന്യായക്കോടതിയിലേക്ക്, ഒരുപക്ഷേ, ഗംഭീരമായ അക്രോപ്പോളിസിനെയും അതിന്റെ പ്രസിദ്ധമായ പാർത്തിനോണിനെയും മററു ക്ഷേത്രങ്ങളെയും പ്രതിമകളെയും അഭിമുഖീകരിച്ചു സമ്മേളിക്കുന്ന ഒന്നിൽ കൊണ്ടുപോകപ്പെട്ടിരിക്കണം. റോമൻ നിയമം പുതിയ ദൈവങ്ങളെ അവതരിപ്പിക്കുന്നതു വിലക്കിയിരുന്നതുകൊണ്ട് അപ്പോസ്തലൻ അപകടത്തിലായിരുന്നുവെന്ന് ചിലർ വിചാരിക്കുന്നു. എന്നാൽ തന്റെ വിശ്വാസങ്ങളെ വിശദീകരിക്കാൻ മാത്രം അല്ലെങ്കിൽ അവൻ യോഗ്യതയുള്ള ഒരു ഉപദേഷ്ടാവാണെന്ന് തെളിയിക്കാൻ അങ്ങോട്ടു കൊണ്ടുപോകപ്പെട്ടിരുന്നാൽത്തന്നെ അവൻ അതിശക്തമായ ഒരു സദസ്സിനെയാണ് അഭിമുഖീകരിച്ചത്. അവരെ അന്യപ്പെടുത്താതെ അവന് തന്റെ മർമ്മപ്രധാനമായ സന്ദേശം വിശദമാക്കാൻ കഴിയുമോ?
10. പൗലോസ് തന്റെ വിവരങ്ങൾ അവതരിപ്പിച്ചപ്പോൾ നയം ഉപയോഗിച്ചതെങ്ങനെ?
10 പൗലോസ് എത്ര നയത്തോടും ജ്ഞാനത്തോടുംകൂടെയാണ് തുടക്കമിട്ടതെന്ന് പ്രവൃത്തികൾ 17:22, 23-ൽനിന്ന് കാണുക. ഏതൻസുകാർ എത്ര മതഭക്തരാണെന്നും അവർക്ക് എത്ര വിഗ്രഹങ്ങളുണ്ടെന്നും അവൻ സമ്മതിച്ചുപറഞ്ഞപ്പോൾ ശ്രോതാക്കളിൽ ചിലർ അത് ഒരു അഭിനന്ദനമായി എടുത്തിരിക്കാം. അവരുടെ ബഹുദൈവവിശ്വാസത്തെ ആക്രമിക്കുന്നതിനു പകരം പൗലോസ് താൻ കണ്ട ഒരു ബലിപീഠത്തിൻമേൽ ശ്രദ്ധ കേന്ദ്രീകരിച്ചു, അത് “ഒരു അജ്ഞാത ദൈവത്തിന്” സമർപ്പിക്കപ്പെട്ടതായിരുന്നു. അത്തരം ബലിപീഠങ്ങൾ സ്ഥിതിചെയ്തിരുന്നുവെന്ന് ചരിത്രത്തെളിവുകൾ പ്രകടമാക്കുന്നു. അത് ലൂക്കോസിന്റെ വിവരണത്തിലുള്ള നമ്മുടെ വിശ്വാസത്തെ ബലിഷ്ഠമാക്കേണ്ടതാണ്. പൗലോസ് ഈ ബലിപീഠത്തെ ഒരു ആധാരമായി ഉപയോഗിച്ചു. ഏതൻസുകാർ അറിവിനെയും യുക്തിയെയും വിലമതിച്ചു. എന്നിട്ടും അവർക്ക് “അജ്ഞാതനാ”യിരുന്ന (ഗ്രീക്ക് അഗ്നോസ്റേറസ്) ഒരു ദൈവമുണ്ടെന്ന് അവർ സമ്മതിച്ചു. അപ്പോൾ അവനെ അവർക്കു വിശദീകരിച്ചുകൊടുക്കാൻ അവർ പൗലോസിനോട് ആവശ്യപ്പെടുന്നത് യുക്തിയുക്തം മാത്രമായിരുന്നു. ആർക്കും ആ ന്യായചിന്തയിൽ കുററം കണ്ടെത്താൻ കഴിയുമായിരുന്നില്ല, കഴിയുമായിരുന്നോ?
ദൈവത്തെ അറിയാൻ കഴികയില്ലേ?
11. ഏതു വിധത്തിൽ പൗലോസ് തന്റെ സദസ്സിനെക്കൊണ്ട് സത്യദൈവത്തെക്കുറിച്ച് ചിന്തിപ്പിച്ചു?
11 ശരി, ഈ “അജ്ഞാത ദൈവം” എങ്ങനെയുള്ളവൻ ആയിരുന്നു? ലോകത്തെയും അതിലുള്ള സകലത്തെയും നിർമ്മിച്ചത് “ദൈവ”മായിരുന്നു. പ്രപഞ്ചം സ്ഥിതിചെയ്യുന്നുണ്ടെന്നുള്ളതിനെ, ചെടികളും മൃഗങ്ങളും മനുഷ്യരായ നാമും സ്ഥിതിചെയ്യുന്നുണ്ടെന്നുള്ളതിനെ, ആരും നിഷേധിക്കുകയില്ല. ഇതിലെല്ലാം പ്രകടമായിരിക്കുന്ന ശക്തിയും ബുദ്ധിയും, അതെ, ജ്ഞാനവും അത് യാദൃച്ഛികസംഭവത്തിന്റെയല്ല, പിന്നെയോ ജ്ഞാനിയും ശക്തനുമായ ഒരു സ്രഷ്ടാവിന്റെ ഉൽപ്പന്നമാണെന്നുള്ളതിലേക്ക് വിരൽചൂണ്ടുന്നു. യഥാർത്ഥത്തിൽ, പൗലോസിന്റെ ചിന്താഗതി നമ്മുടെ കാലത്ത് പൂർവാധികം സാധുവാണ്.—വെളിപ്പാട് 4:11; 10:6.
12, 13. പൗലോസ് സ്ഥാപിച്ച ആശയത്തെ ആധുനിക തെളിവ് പിന്താങ്ങുന്നതെങ്ങനെ?
12 ഇൻ ദ സെൻറർ ഓഫ് ഇമ്മൻസിററസ് എന്ന പുസ്തകത്തിൽ കുറേനാൾമുമ്പ് ബ്രിട്ടീഷ് ജ്യോതിശാസ്ത്രജ്ഞനായ സർ ബർനാൻഡ് ലോവൽ ഭൂമിയിലെ അതിലളിതജീവരൂപങ്ങളുടെ സങ്കീർണ്ണതയെക്കുറിച്ച് എഴുതുകയുണ്ടായി. അങ്ങനെയുള്ള ജീവൻ യാദൃച്ഛികമായി ഉളവാകാനിടയുണ്ടോയെന്നും അദ്ദേഹം ചർച്ചചെയ്തു. അദ്ദേഹത്തിന്റെ നിഗമനമിതാണ്: “ഏററവും ചെറിയ പ്രോട്ടീൻ തൻമാത്രകളിലൊന്നിന്റെ രൂപവൽക്കരണത്തിലേക്കു നയിക്കുന്ന ഒരു യാദൃച്ഛികസംഭവത്തിന്റെ സാദ്ധ്യത സങ്കൽപ്പാതീതമായി ചെറുതാണ്. നാം പരിഗണിക്കുന്ന സമയത്തിന്റെയും കാലത്തിന്റെയും അതിർത്തിയുടെ അവസ്ഥകളിൽ അത് ഫലപ്രദമായി പൂജ്യംതന്നെയാണ്.”
13 അല്ലെങ്കിൽ മറുവശം പരിചിന്തിക്കുക—നമ്മുടെ പ്രപഞ്ചം. അതിന്റെ ഉത്ഭവം പഠിക്കാൻ ജ്യോതിശാസ്ത്രജ്ഞൻമാർ ഇലക്ട്രോണിക്ക് സംവിധാനങ്ങൾ ഉപയോഗിച്ചിട്ടുണ്ട്. അവർ എന്തു കണ്ടെത്തിയിരിക്കുന്നു? ദൈവവും ജ്യോതിശാസ്ത്രജ്ഞൻമാരും എന്നതിൽ റോബർട്ട് ജാസ്ത്രോ എഴുതി: “ജ്യോതിശാസ്ത്രപരമായ തെളിവ് ലോകത്തിന്റെ ഉത്ഭവംസംബന്ധിച്ച ഒരു ബൈബിൾ വീക്ഷണത്തിലേക്കു നയിക്കുന്നതെങ്ങനെയെന്ന് ഇപ്പോൾ നാം കാണുന്നു.” “തന്റെ ചിന്താശക്തിയിലുള്ള വിശ്വാസത്തോടെ ജീവിച്ചിട്ടുള്ള ശാസ്ത്രജ്ഞന് കഥ ഒരു ദുഃസ്വപ്നം പോലെ അവസാനിക്കുന്നു. അയാൾ അജ്ഞതയുടെ പർവതങ്ങളിൽ കയറിയിരിക്കുന്നു; അയാൾ ഏററം ഉയർന്ന കൊടുമുടിയെ കീഴടക്കാറായിരിക്കുകയാണ്. അയാൾ അവസാനത്തെ പാറയിൽ കയറുമ്പോൾ അയാൾ [സൃഷ്ടിയിൽ വിശ്വസിക്കുന്ന ആളുകളായ] ഒരു കൂട്ടം ദൈവശാസ്ത്രജ്ഞൻമാരാൽ അഭിവാദനംചെയ്യപ്പെടുന്നു, അവർ നൂററാണ്ടുകളായി അവിടെ ഇരിക്കുകയായിരുന്നു.”—സങ്കീർത്തനം 19:1 താരതമ്യപ്പെടുത്തുക.
14. ദൈവം മനുഷ്യനിർമ്മിതക്ഷേത്രങ്ങളിൽ വസിക്കാത്തതിനെക്കുറിച്ചുള്ള പൗലോസിന്റെ പ്രസ്താവനയെ ഏതു യുക്തി പിന്താങ്ങി?
14 പ്രവൃത്തികൾ 17:24-ലെ പൗലോസിന്റെ പ്രസ്താവന എത്ര ശരിയാണെന്ന് നമുക്കു കാണാൻ കഴിയും. അത് നമ്മെ 25-ാം വാക്യത്തിലെ അടുത്ത ആശയത്തിലേക്കു നയിക്കുന്നു. “ലോകത്തെയും അതിലുള്ള സകലത്തെയും” നിർമ്മിക്കാൻ കഴിയുന്ന ശക്തനായ ദൈവം തീർച്ചയായും ഭൗതികപ്രപഞ്ചത്തെക്കാൾ വലിയവനാണ്. (എബ്രായർ 3:4) അവൻ ക്ഷേത്രങ്ങളിൽ, വിശേഷാൽ അവൻ തങ്ങൾക്ക് “അജ്ഞാതനാ”ണെന്ന് പരസ്യമായി സമ്മതിച്ച ആ മനുഷ്യരാൽ നിർമ്മിക്കപ്പെട്ട ക്ഷേത്രങ്ങളിൽ, വസിക്കാൻതക്കവണ്ണം പരിമിതപ്പെട്ടിരിക്കുമെന്ന് വിചാരിക്കുന്നത് ന്യായയുക്തമായിരിക്കുകയില്ല. ആ സമയത്ത് നേരെ മുകളിലത്തെ അനേകം ക്ഷേത്രങ്ങളെ വീക്ഷിച്ചുകൊണ്ടിരുന്നിരിക്കാവുന്ന തത്വചിന്തകർക്കു തെളിയിച്ചുകൊടുത്ത എത്ര ശക്തമായ ആശയം!—1 രാജാക്കൻമാർ 8:27; യെശയ്യാവ് 66:1.
15. (എ) അഥീന പൗലോസിന്റെ സദസ്സിന്റെ മനസ്സിൽ ഉണ്ടായിരിക്കുമായിരുന്നതെന്തുകൊണ്ട്? (ബി) ദൈവം ദാതാവാണെന്നുള്ളത് ഏതു നിഗമനത്തിലേക്കു നയിക്കും?
15 പൗലോസിന്റെ ശ്രോതാക്കൾ അക്രോപ്പോളിസിൽ തങ്ങളുടെ പരിത്രാണകദേവതയായ അഥീനയുടെ പ്രതിമകളിലൊന്നിന് ആരാധനയർപ്പിച്ചിരിക്കാനിടയുണ്ട്. പാർത്തിനോണിലെ പൂജിതയായ അഥീന ആനക്കൊമ്പും പൊന്നുംകൊണ്ടുള്ളതായിരുന്നു. അഥീനയുടെ മറെറാരു പ്രതിമക്ക് 70 അടി ഉയരമുണ്ടായിരുന്നു, സമുദ്രത്തിലെ കപ്പലുകളിൽനിന്ന് കാണാനും കഴിയുമായിരുന്നു. അഥീനാ പോളിയാസ് എന്നറിയപ്പെട്ടിരുന്ന വിഗ്രഹം ആകാശത്തുനിന്ന് വീണതാണെന്ന് പറയപ്പെട്ടിരുന്നു; ആളുകൾ ക്രമമായി അതിന് കൈകൊണ്ടുണ്ടാക്കിയ ഒരു അങ്കി കൊണ്ടുകൊടുക്കുമായിരുന്നു. എന്നിരുന്നാലും, ആ ആളുകൾക്ക് അറിയാൻപാടില്ലായിരുന്ന ദൈവം അത്യുന്നതനായിരുന്നെങ്കിൽ, അവൻ പ്രപഞ്ചത്തെ സൃഷ്ടിച്ചിരുന്നെങ്കിൽ, മനുഷ്യർ കൊണ്ടുവരുന്ന വസ്തുക്കളാൽ അവൻ ശുശ്രൂഷിക്കപ്പെടേണ്ടതെന്തിന്? നമുക്കാവശ്യമുള്ളത് അവൻ നൽകുന്നു: നമ്മുടെ “ജീവനും” അതു നിലനിർത്താൻ നമുക്കാവശ്യമുള്ള “ശ്വാസവും” സൂര്യനും മഴയും നമ്മുടെ ആഹാരം വിളയുന്ന ഫലപുഷ്ടിയുള്ള നിലവും ഉൾപ്പെടെ “സകലവും.” (പ്രവൃത്തികൾ 14:15-17; മത്തായി 5:45) അവൻ ദാതാവാണ്, മനുഷ്യർ ഗുണഭോക്താക്കളും. തീർച്ചയായും ദാതാവ് ഗുണഭോക്താക്കളെ ആശ്രയിക്കുന്നില്ല.
ഒരു മനുഷ്യനിൽനിന്ന്—സകലരും
16. മമനുഷ്യന്റെ ഉത്ഭവത്തെക്കുറിച്ച് പൗലോസ് എന്ത് അവകാശവാദം നടത്തി?
16 അടുത്തതായി, പ്രവൃത്തികൾ 17:26-ൽ, വിശേഷിച്ച് ഇന്ന് വളരെയധികം വർഗ്ഗീയ അനീതി പ്രകടമായിരിക്കുമ്പോൾ ആളുകൾ ചിന്തിക്കേണ്ട ഒരു സത്യം പൗലോസ് വിവരിക്കുന്നു. സ്രഷ്ടാവ് “മുഴുഭൂതലത്തിലും വസിക്കുന്നതിന് ഒരു മനുഷ്യനിൽനിന്ന് സകല മനുഷ്യജനതയെയും ഉണ്ടാക്കി”യെന്ന് അവൻ പറഞ്ഞു. മനുഷ്യവർഗ്ഗം ഒരു ഏകത്വമോ സഹോദരവർഗ്ഗമോ ആണെന്നുള്ള വസ്തുത (നീതിസംബന്ധിച്ച് ഇതിനുള്ള സൂചനകൾ സഹിതം) മനുഷ്യർ പരിഗണിക്കേണ്ട ഒന്നായിരുന്നു, എന്തുകൊണ്ടെന്നാൽ ഏതെൻസുകാരെ ശേഷിച്ച മനുഷ്യവർഗ്ഗത്തിൽനിന്ന് വേർതിരിച്ചുനിർത്തിയ ഒരു പ്രത്യേക ഉൽഭവമാണ് അവർക്കുള്ളതെന്ന് അവർ അവകാശപ്പെട്ടിരുന്നു. എന്നിരുന്നാലും, പൗലോസ് നമ്മുടെയെല്ലാം ജനയിതാവായിത്തീർന്ന ഒന്നാം മനുഷ്യനായിരുന്ന ആദാമിനെക്കുറിച്ചുള്ള ഉല്പത്തിവിവരണം സ്വീകരിച്ചു. (റോമർ 5:12; 1 കൊരിന്ത്യർ 15:45-49) എന്നാൽ ‘നമ്മുടെ ആധുനിക ശാസ്ത്രീയ യുഗത്തിൽ അത്തരമൊരു സങ്കൽപ്പനം നിലനിൽക്കത്തക്കതാണോ?’യെന്ന് നിങ്ങൾ അതിശയിച്ചേക്കാം.
17. (എ) ചില ആധുനിക തെളിവുകൾ പൗലോസിന്റേതുപോലെ അതേ ദിശയിൽ വിരൽചൂണ്ടുന്നതെങ്ങനെ? (ബി) ഇതിന് നീതിയോട് എന്തു ബന്ധമുണ്ട്?
17 മനുഷ്യൻ വിവിധ സ്ഥലങ്ങളിലും മാതൃകകളിലും പരിണമിച്ചുവെന്ന് പരിണാമസിദ്ധാന്തം നിർദ്ദേശിക്കുന്നു. എന്നാൽ കഴിഞ്ഞ വർഷത്തിന്റെ പ്രാരംഭത്തിൽ ന്യൂസ്വീക്ക് അതിന്റെ സയൻസ് വിഭാഗത്തിൽ “ആദാമിനും ഹവ്വായിക്കും വേണ്ടിയുള്ള അന്വേഷണം” കൈകാര്യംചെയ്തു. അത് ജനിതകശാസ്ത്രമണ്ഡലത്തിലെ സമീപകാല വികാസങ്ങളിൽ ശ്രദ്ധകേന്ദ്രീകരിച്ചു. നാം പ്രതീക്ഷിക്കുന്നതുപോലെ എല്ലാ ശാസ്ത്രജ്ഞൻമാരും സമ്മതിക്കുന്നില്ലെങ്കിലും ഉരുത്തിരിഞ്ഞ ചിത്രം സകല മനുഷ്യർക്കും ഒരു പൊതു ജനിതകപൂർവ്വികനാണുള്ളതെന്ന നിഗമനത്തിലേക്കു വിരൽചൂണ്ടുന്നു. ബൈബിൾ ദീർഘകാലംമുമ്പു പറഞ്ഞതുപോലെ നമ്മളെല്ലാം സഹോദരങ്ങളായതുകൊണ്ട് എല്ലാവർക്കും നീതി ലഭിക്കേണ്ടതല്ലേ? നമ്മുടെ തൊലിനിറമോ മുടിയുടെ മാതൃകയോ മററു ബാഹ്യലക്ഷണങ്ങളോ എന്തായിരുന്നാലും നമുക്കെല്ലാം നിഷ്പക്ഷ പെരുമാററത്തിന് അർഹതയില്ലേ? (ഉൽപ്പത്തി 11:1; പ്രവൃത്തികൾ 10:34, 35) എന്നാൽ നാം ഇപ്പോഴും മനുഷ്യവർഗ്ഗത്തിന് എപ്പോൾ, എങ്ങനെ നീതി സംസിദ്ധമാകുമെന്ന് അറിയേണ്ടതുണ്ട്.
18. ദൈവം മനുഷ്യരോട് ഇടപെടുന്നതുസംബന്ധിച്ച പൗലോസിന്റെ പ്രസ്താവനക്ക് എന്ത് അടിസ്ഥാനമുണ്ടായിരുന്നു?
18 കൊള്ളാം, 26-ാം വാക്യത്തിൽ സ്രഷ്ടാവിന് മനുഷ്യവർഗ്ഗത്തെസംബന്ധിച്ച് ഒരു ഇഷ്ടമോ നീതിനിഷ്ഠമായ ഉദ്ദേശ്യമോ ഉണ്ടായിരിക്കുമെന്ന് പ്രതീക്ഷിക്കാമെന്ന് പൗലോസ് ചൂണ്ടിക്കാട്ടി. ദൈവം ഇസ്രായേൽ ജനതയോട് ഇടപെട്ടപ്പോൾ അവർ എവിടെ ജീവിക്കണമെന്നും മററു ജനതകൾക്ക് അവരോട് എങ്ങനെ പെരുമാറാമെന്നും അവൻ കല്പ്പിച്ചിരുന്നു. (പുറപ്പാട് 23:31, 32; സംഖ്യപുസ്തകം 34:1-12; ആവർത്തനം 32:49-52) തീർച്ചയായും, പൗലോസിന്റെ സദസ്സ് അവന്റെ പ്രസ്താവനകൾ അഭിമാനപൂർവം മുഖ്യമായി തങ്ങൾക്കുതന്നെ ബാധകമാക്കിയിരിക്കാം. യഥാർത്ഥത്തിൽ, അവർ അറിഞ്ഞിരുന്നാലും ഇല്ലെങ്കിലും ഗ്രീസ് അഞ്ചാമത്തെ മഹച്ഛക്തിയായിരിക്കുന്ന ചരിത്രകാലത്തെ അഥവാ ഘട്ടത്തെ സംബന്ധിച്ച തന്റെ ഇഷ്ടം യഹോവയാം ദൈവം പ്രാവചനികമായി വെളിപ്പെടുത്തിയിരുന്നു. (ദാനിയേൽ 7:6; 8:5-8, 21; 11:2, 3) ഈ ഒരുവന് ജനതകളെ പോലും കൈകാര്യംചെയ്യാൻ കഴിയുന്നതുകൊണ്ട് നാം അവനെക്കുറിച്ചു പഠിക്കാൻ ആഗ്രഹിക്കുന്നത് ന്യായയുക്തമല്ലയോ?
19. പ്രവൃത്തികൾ 17:27-ലെ പൗലോസിന്റെ ആശയം ന്യായമായ ഒന്നായിരിക്കുന്നതെന്തുകൊണ്ട്?
19 നാം അന്ധമായി തപ്പിനടക്കാൻ ദൈവം നമ്മെ തന്നെക്കുറിച്ച് അജ്ഞരായി വിട്ടിരിക്കുന്നുവെന്നല്ല. അവൻ ഏതെൻസുകാർക്കും നമുക്കും തന്നെക്കുറിച്ചു പഠിക്കാൻ ഒരു അടിസ്ഥാനം നൽകി. പിന്നീട് പൗലോസ് റോമർ 1:20-ൽ ഇങ്ങനെ എഴുതി: “[ദൈവത്തിന്റെ] അദൃശ്യഗുണങ്ങൾ, അവന്റെ നിത്യശക്തിയും ദൈവത്വവുംപോലും, ലോകത്തിന്റെ സൃഷ്ടിമുതൽ വ്യക്തമായി കാണപ്പെടുന്നു, എന്തുകൊണ്ടെന്നാൽ അവ നിർമ്മിതവസ്തുക്കളിലൂടെ ഗ്രഹിക്കപ്പെടുന്നു.” അതുകൊണ്ട്, നാം ദൈവത്തെ കണ്ടെത്താനും അവനെക്കുറിച്ചു പഠിക്കാനും ആഗ്രഹിക്കുന്നുവെങ്കിൽ അവൻ നമ്മിൽനിന്ന് വളരെയകലെയല്ല.—പ്രവൃത്തികൾ 17:27.
20. ദൈവത്താൽ “നമുക്ക് ജീവൻ ഉണ്ടായിരിക്കയും ചരിക്കുകയും സ്ഥിതിചെയ്യുകയും ചെയ്യുന്നു” എന്നത് സത്യമായിരിക്കുന്നതെങ്ങനെ?
20 പ്രവൃത്തികൾ 17:28 സൂചിപ്പിക്കുന്നതുപോലെ വിലമതിപ്പ് അങ്ങനെ ചെയ്യാൻ നമ്മെ പ്രേരിപ്പിക്കേണ്ടതാണ്. ദൈവം നമുക്ക് ജീവൻ നൽകിയിരിക്കുന്നു. യഥാർത്ഥത്തിൽ, ഒരു വൃക്ഷത്തിനുള്ള ലഘുവായ ജീവനെക്കാൾ ഉപരിയായ ജീവൻ നമുക്കുണ്ട്. നമുക്കും മിക്ക മൃഗങ്ങൾക്കും ചരിക്കാനുള്ള ഉയർന്ന ജീവപ്രാപ്തിയുണ്ട്. അതുനിമിത്തം നാം സന്തുഷ്ടരല്ലേ? എന്നാൽ പൗലോസ് സംഗതി കൂടുതൽ മുന്നോട്ടുകൊണ്ടുപോകുന്നു. നാം വ്യക്തിത്വമുള്ള ബുദ്ധിജീവികളായി സ്ഥിതിചെയ്യുന്നു. ദൈവദത്തമായ നമ്മുടെ തലച്ചോറുകൾ ചിന്തിക്കാനും (യഥാർത്ഥ നീതിപോലുള്ള) അമൂർത്ത തത്വങ്ങൾ ഗ്രഹിക്കാനും പ്രത്യാശിക്കാനും, അതെ, ദൈവേഷ്ടത്തിന്റെ ഭാവി നിവൃത്തിയിലേക്ക് നോക്കാനും നമ്മെ പ്രാപ്തരാക്കുന്നു. നിങ്ങൾക്ക് വിലമതിക്കാൻ കഴിയുന്നതുപോലെ, ഇത് എപ്പിക്കൂര്യരും സ്തോയിക്കരുമായ തത്വചിന്തകർക്ക് സ്വീകരിക്കാൻ പ്രയാസമായിരിക്കുമെന്ന് പൗലോസ് തിരിച്ചറിഞ്ഞിരിക്കണം. അവരെ സഹായിക്കുന്നതിന്, അവർക്ക് അറിയാമായിരുന്നവരും അവരാദരിച്ചിരുന്നവരുമായ ചില ഗ്രീക്ക് കവികളെ അവൻ ഉദ്ധരിച്ചു. ആ കവികളും “നാം അവന്റെ സന്താനമല്ലോ” എന്നു പറഞ്ഞിരുന്നു.
21. നാം ദൈവത്തിന്റെ സന്താനമാണെന്നുള്ള വസ്തുത ഏതു വിധത്തിൽ നമ്മെ ബാധിക്കണം?
21 നാം അത്യുന്നതനായ ദൈവത്തിന്റെ സന്താനങ്ങളാണെന്ന് അഥവാ ഉൽപ്പന്നമാണെന്ന് ആളുകൾ തിരിച്ചറിയുകയാണെങ്കിൽ എങ്ങനെ ജീവിക്കണമെന്നതുസംബന്ധിച്ച് മാർഗ്ഗനിർദ്ദേശത്തിനുവേണ്ടി അവർ അവനിലേക്കു നോക്കുന്നത് ഉചിതം മാത്രമാണ്. അക്രോപ്പോളിസിന്റെ നിഴലിൽത്തന്നെ നിന്ന പൗലോസിന്റെ ധൈര്യത്തെ നിങ്ങൾ ആദരിക്കണം. നമ്മുടെ സ്രഷ്ടാവ് തീർച്ചയായും ഏതു മനുഷ്യനിർമ്മിതപ്രതിമയെക്കാളും, പാർത്തിനോണിലെ പൊന്നും ആനക്കൊമ്പുംകൊണ്ടുള്ളതിനെക്കാൾപോലും മഹനീയനാണ്. പൗലോസിന്റെ പ്രസ്താവന സ്വീകരിക്കുന്ന നമ്മളെല്ലാം അതുപോലെ ദൈവം ഇന്നത്തെ ആളുകളാൽ ആരാധിക്കപ്പെടുന്ന ഏതെങ്കിലും വിഗ്രഹംപോലെയല്ലെന്ന് സമ്മതിക്കണം.—യെശയ്യാവ് 40:18-26.
22. നമുക്ക് നീതി ലഭിക്കുന്നതിൽ അനുതാപം ഉൾപ്പെട്ടിരിക്കുന്നതെങ്ങനെ?
22 ഇത് മുമ്പത്തെപ്പോലെ തുടർന്നുജീവിക്കവേ ഒരുവൻ മാനസികമായി അംഗീകരിക്കേണ്ട ഒരു സാങ്കേതികാശയം മാത്രമല്ല. പൗലോസ് അത് 30-ാം വാക്യത്തിൽ വ്യക്തമാക്കി: “അത്തരം അജ്ഞതയുടെ [ദൈവം ഒരു നിസ്സാരവിഗ്രഹംപോലെയാണെന്നോ അങ്ങനെയുള്ളവയിലൂടെ ആരാധന സ്വീകരിക്കുമെന്നോ ഉള്ള] സമയങ്ങളെ അവഗണിച്ചിരിക്കുന്നുവെന്നതു സത്യംതന്നെ, എന്നാൽ എല്ലായിടത്തും എല്ലാവരും അനുതപിക്കണമെന്ന് അവൻ ഇപ്പോൾ മനുഷ്യവർഗ്ഗത്തോടു പറയുകയാണ്.” അങ്ങനെ, അവൻ തന്റെ ശക്തമായ നിഗമനത്തിലേക്കു കെട്ടുപണിചെയ്തപ്രകാരം അവൻ ഞെട്ടിക്കുന്ന ഒരു ആശയം അവതരിപ്പിച്ചു—അനുതാപം! അതുകൊണ്ടു നാം യഥാർത്ഥ നീതിക്കുവേണ്ടി ദൈവത്തിലേക്കു നോക്കുന്നുവെങ്കിൽ നാം അനുതപിക്കേണ്ടതുണ്ടെന്നാണ് അതിന്റെ അർത്ഥം. അത് നമ്മിൽനിന്ന് എന്ത് ആവശ്യപ്പെടുന്നു? ദൈവം എങ്ങനെയാണ് എല്ലാവർക്കും നീതി പ്രദാനംചെയ്യാൻ പോകുന്നത്? (w89 2/15)
[അടിക്കുറിപ്പുകൾ]
a ഇന്നത്തെ അനേകരെപ്പോലെ, ഹക്സ്ലി ക്രൈസ്തവലോകത്തിന്റെ അനീതികൾ ശ്രദ്ധിച്ചു. സന്ദേഹവാദത്തെക്കുറിച്ചുള്ള ഒരു ഉപന്യാസത്തിൽ അദ്ദേഹം ഇങ്ങനെ എഴുതി: “ഈ ഉറവിൽനിന്ന് ക്രിസ്തീയജനതകളുടെ ചരിത്രത്തിന്റെ ഗതിയിൽ പ്രവഹിച്ചിരിക്കുന്ന കപടഭക്തിയുടെയും ക്രൂരതയുടെയും നുണകളുടെയും സംഹാരത്തിന്റെയും മനുഷ്യത്വത്തിന്റെ സകല കടപ്പാടിന്റെയും ലംഘനങ്ങളുടെയും കുത്തിയൊഴുക്കുകൾ . . . കാണാൻ മാത്രം നമുക്കു കഴിഞ്ഞിരുന്നെങ്കിൽ നരകത്തെസംബന്ധിച്ച നമ്മുടെ ഏററം ഭീകരസങ്കൽപ്പങ്ങൾ താരതമ്യേന മങ്ങിപ്പോകും.”
നിങ്ങൾക്ക് ഉത്തരം പറയാൻ കഴിയുമോ?
◻ പൗലോസ് ഏതെൻസിൽ ഏതു മതപരമായ അവസ്ഥ കണ്ടെത്തി, സമാനമായ ഒരു അവസ്ഥ ഇന്ന് നിലവിലുള്ളതെങ്ങനെ?
◻ പൗലോസിന്റെ നാളിലെ ഏതെൻസിൽ ആരാധിക്കപ്പെട്ടിരുന്ന സകല വ്യാജദൈവങ്ങളെക്കാളും ദൈവം വലിയവനായിരിക്കുന്നത് ഏതു വിധങ്ങളിൽ?
◻ ദൈവം മനുഷ്യവർഗ്ഗത്തെ സൃഷ്ടിച്ച വിധം സംബന്ധിച്ച ഏതു അടിസ്ഥാനവസ്തുതക്ക് എല്ലാവർക്കും നീതി ലഭിക്കണമെന്ന് അർത്ഥമുണ്ട്?
◻ ദൈവത്തിന്റെ മാഹാത്മ്യത്തെക്കുറിച്ചുള്ള ഒരു അറിവിനോട് മനുഷ്യർ എങ്ങനെ പ്രതികരിക്കണം?
[23-ാം പേജിലെ ചതുരം]
എല്ലാവർക്കും നീതി—പ്രവൃത്തികൾ, അദ്ധ്യായം 17
“16 ഇപ്പോൾ പൗലോസ് അവർക്കുവേണ്ടി ഏതെൻസിൽ കാത്തിരിക്കെ, നഗരത്തിൽ വിഗ്രഹങ്ങൾ നിറഞ്ഞിരുന്നതായി കണ്ടതിൽ അവന്റെ ഉള്ളിലെ ആത്മാവ് പ്രകോപിതമായി. 17 തൽഫലമായി, അവൻ സിനഗോഗിൽ യഹൂദൻമാരോടും ദൈവത്തെ ആരാധിച്ച മററാളുകളോടും എല്ലാ ദിവസവും ചന്തസ്ഥലത്ത് വന്നിരുന്നവരോടും ന്യായവാദംചെയ്തുതുടങ്ങി. 18 എന്നാൽ എപ്പിക്കൂര്യരിലും സ്തോയിക്കരിലുംപെട്ട തത്വചിന്തകരിൽ ചിലർ അവനോട് എതിർത്തുസംസാരിച്ചുതുടങ്ങി, ചിലർ: ‘ഈ വിടുവായൻ എന്തു പറയാനാണാഗ്രഹിക്കുന്നത്?’ എന്നു പറയും. മററു ചിലർ: ‘ഇവൻ വിദേശദൈവങ്ങളുടെ ഒരു ഘോഷകനാണെന്നു തോന്നുന്നു.’ കാരണം അവൻ യേശുവിനെയും പുനരുത്ഥാനത്തെയുംകുറിച്ചുള്ള സുവാർത്ത ഘോഷിക്കുകയായിരുന്നു. 19 അതുകൊണ്ട് അവർ അവനെ പിടിക്കുകയും അരയോപഗസിലേക്കു നയിക്കുകയുംചെയ്തു, ‘നീ സംസാരിക്കുന്ന ഈ പുതിയ ഉപദേശം ഞങ്ങൾക്ക് അറിയാൻ കഴിയുമോ? 20 എന്തുകൊണ്ടെന്നാൽ നീ ഞങ്ങളുടെ ചെവികൾക്ക് വിചിത്രമായ ചില കാര്യങ്ങൾ അവതരിപ്പിക്കുകയാണല്ലോ. അതുകൊണ്ട് ഈ കാര്യങ്ങൾ എന്താണെന്ന് അറിയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു’ എന്നു പറഞ്ഞുകൊണ്ടുതന്നെ. 21 യഥാർത്ഥത്തിൽ, എല്ലാ ഏതൻസുകാരും അവിടെ തങ്ങുന്ന വിദേശികളും എന്തെങ്കിലും പറഞ്ഞുകൊണ്ടോ എന്തെങ്കിലും പുതുമ ശ്രദ്ധിച്ചുകൊണ്ടോതന്നെ തങ്ങളുടെ ഇളവുസമയം ചെലവഴിക്കുന്നു. 22 ഇപ്പോൾ പൗലോസ് അരയോപഗസിന്റെ മദ്ധ്യേ എഴുന്നേററുനിന്നുകൊണ്ട് പറഞ്ഞു:
“‘ഏതൻസ്പുരുഷൻമാരേ, നിങ്ങൾ എല്ലാ കാര്യങ്ങളിലും മററുള്ളവരേക്കാൾ ദൈവങ്ങളെയുള്ള ഭയത്തിന് അർപ്പിതരാണെന്ന് തോന്നുന്നുവെന്ന് ഞാൻ കാണുന്നു. 23 ഉദാഹരണത്തിന്, കടന്നുപോകവേ നിങ്ങളുടെ പൂജാവിഷയങ്ങളെ നിരീക്ഷിച്ചപ്പോൾ “ഒരു അജ്ഞാത ദൈവത്തിന്” എന്ന് ആലേഖനം ചെയ്യപ്പെട്ടിരുന്ന ഒരു ബലിപീഠവും ഞാൻ കണ്ടു. അതുകൊണ്ട് നിങ്ങൾ അറിയാതെ ദൈവഭക്തി അർപ്പിക്കുന്നതുതന്നെ ഞാൻ നിങ്ങളോടു ഘോഷിക്കുകയാകുന്നു. 24 ലോകവും അതിലുള്ള സകലവും ഉണ്ടാക്കിയ ദൈവം ആകാശത്തിന്റെയും ഭൂമിയുടെയും കർത്താവാകയാൽ അവൻ മനുഷ്യനിർമ്മിതക്ഷേത്രങ്ങളിൽ വസിക്കുന്നില്ല, 25 അവന് എന്തെങ്കിലും ആവശ്യമുള്ളതുപോലെ അവൻ മാനുഷകരങ്ങളാൽ ശുശ്രൂഷിക്കപ്പെടുന്നുമില്ല, കാരണം അവൻതന്നെ സകലർക്കും ജീവനും ശ്വാസവും സകലവും കൊടുക്കുന്നു. 26 മുഴുഭൂതലത്തിലും വസിക്കുന്നതിന് അവൻ ഒരു മനുഷ്യനിൽനിന്ന് സകല മനുഷ്യജനതയെയും ഉണ്ടാക്കി, അവൻ നിയമിതകാലങ്ങളെ കൽപ്പിക്കുകയും മനുഷ്യനിവാസത്തിന് പരിധികൾ വെക്കുകയുംചെയ്ത, 27 അവൻ യഥാർത്ഥത്തിൽ നമ്മിലോരോരുത്തനിൽനിന്നും വിദൂരത്തിലല്ലെങ്കിലും അവർ അവനെ തപ്പിനോക്കി യഥാർത്ഥത്തിൽ കണ്ടെത്തുമോയെന്ന് ദൈവത്തെ അന്വേഷിക്കാൻതന്നെ. 28 എന്തുകൊണ്ടെന്നാൽ നമുക്ക് അവനാൽ ജീവൻ ഉണ്ടായിരിക്കുകയും ചരിക്കുകയും സ്ഥിതിചെയ്യുകയും ചെയ്യുന്നു, നിങ്ങളുടെ ഇടയിലെ കവികളിൽ ചിലർ “നാം അവന്റെ സന്താനമാണല്ലോ” എന്നു പറഞ്ഞിട്ടുള്ളതുപോലെതന്നെ.
29 “‘അതുകൊണ്ട്, നാം ദൈവത്തിന്റെ സന്താനമാണെന്നു കാണുകയാൽ ദിവ്യൻ പൊന്നോ വെള്ളിയോ കല്ലോ പോലെയാണെന്ന്, മമനുഷ്യന്റെ കലയാലും വിദ്യയാലും കൊത്തപ്പെട്ട എന്തെങ്കിലും പോലെയാണെന്ന്, നാം സങ്കൽപ്പിക്കേണ്ടതല്ല. 30 അങ്ങനെയുള്ള അജ്ഞതയുടെ സമയങ്ങളെ ദൈവം അവഗണിച്ചിരിക്കുന്നുവെന്നതു സത്യംതന്നെ, എന്നിരുന്നാലും അവർ എല്ലായിടത്തും എല്ലാവരും അനുതപിക്കണമെന്ന് ഇപ്പോൾ അവൻ മനുഷ്യവർഗ്ഗത്തോടു പറയുകയാണ്. 31 എന്തുകൊണ്ടെന്നാൽ താൻ നിയമിച്ചിട്ടുള്ള ഒരു പുരുഷൻ മുഖാന്തരം ലോകത്തെ നീതിയിൽ ന്യായം വിധിക്കാൻ താൻ ഉദ്ദേശിച്ചിരിക്കുന്ന ഒരു ദിവസം അവൻ നിശ്ചയിച്ചിരിക്കുന്നു, അവൻ അവനെ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ചിരിക്കുന്നതിനാൽ അവൻ സകല മനുഷ്യർക്കും ഒരു ഉറപ്പുകൊടുക്കുകയും ചെയ്തിരിക്കുന്നു.’”
[24-ാം പേജിലെ ചതുരം]
പ്രപഞ്ചം സൃഷ്ടിക്കപ്പെട്ടു
നാസായിലെ (നാഷനൽ ഏറോനോട്ടിക്ക്സ് ആൻഡ് സ്പേസ് ആഡ്മിനിസ്ട്രേഷൻ) ഡോ. ജോൺ എ. ഓക്കീഫേ 1980-ൽ ഇങ്ങനെ എഴുതി: “പ്രപഞ്ചം ഏതാണ്ട് ആയിരത്തഞ്ഞൂറോ രണ്ടായിരമോ കോടി വർഷം മുമ്പ് സൃഷ്ടിക്കപ്പെട്ടതാണെന്നുള്ളതിന് ആധുനികശാസ്ത്രം വിശ്വസനീയമായ തെളിവ് കണ്ടെത്തിയിട്ടുണ്ടെന്നുള്ള ജാസ്ത്രോയുടെ വീക്ഷണത്തെ ഞാൻ പിന്താങ്ങുന്നു.” “സൃഷ്ടപ്പിന്റെ തെളിവ് . . . നമുക്കു ചുററുമുള്ള എല്ലാററിലും: പാറകളിലും ആകാശത്തിലും റേഡിയോ തരംഗങ്ങളിലും അത്യന്തം അടിസ്ഥാനപരമായ ഊർജ്ജതന്ത്രനിയമങ്ങളിലും ഇത്ര വ്യക്തമായി മുദ്രിതമായിരിക്കുന്നതായി കാണുന്നത് വളരെ ഹൃദയസ്പൃക്കാണെന്നു ഞാൻ കണ്ടെത്തുന്നു.”
[26-ാം പേജിലെ ചതുരം]
“ആദാമിനും ഹവ്വായിക്കും വേണ്ടിയുള്ള അന്വേഷണം”
ഈ തലക്കെട്ടിൻകീഴിൽ ഒരു ന്യൂസ്വീക്ക് ലേഖനം ഭാഗികമായി ഇങ്ങനെ പറഞ്ഞു: “വിദഗ്ദ്ധഖനകനായ റിച്ചാർഡ് ലീക്കി 1977-ൽ ഇങ്ങനെ പറഞ്ഞു: ‘ആധുനിക മനുഷ്യൻ ജനിച്ച ഒരൊററ കേന്ദ്രമില്ല.’ എന്നാൽ ജനിതകശാസ്ത്രം മറിച്ച് വിശ്വസിക്കാൻ ചായ്വുകാട്ടുകയാണ് . . . ‘അതു ശരിയാണെങ്കിൽ ഞാൻ പന്തയംവെക്കാം, ഈ ആശയം ഭയങ്കരപ്രാധാന്യമുള്ളതാണ്’ എന്ന് ഹാർവാർഡ് ജീവാശ്മവിജ്ഞാനിയും ഉപന്യാസകർത്താവുമായ സ്ററീഫൻ ജെ. ഗൗൾഡ് പറയുന്നു. ‘ബാഹ്യകാഴ്ചയിൽ വ്യത്യാസങ്ങൾ ഉണ്ടെങ്കിലും സകല മനുഷ്യരും യഥാർത്ഥത്തിൽ ഒരു സ്ഥലത്ത് വളരെ അടുത്ത കാലത്ത് ഉത്ഭവിച്ച ഒരൊററ അസ്തിത്വത്തിലെ അംഗങ്ങളാണെന്ന് നാം തിരിച്ചറിയാൻ അതിടയാക്കുന്നു. നാം തിരിച്ചറിഞ്ഞിട്ടുള്ളതിലേക്കും വളരെയധികം ഗാഢമായ ജീവശാസ്ത്രപരമായ ഒരു തരം സാഹോദര്യമുണ്ട്.’”—ജനുവരി 11, 1988.