നിങ്ങൾ ദൈവത്തിന്റെ മഹത്ത്വം പ്രതിഫലിപ്പിക്കുമോ?
‘നാം യഹോവയുടെ മഹത്ത്വം കണ്ണാടികൾപോലെ പ്രതിഫലിപ്പിക്കുന്നു.’—2 കൊരിന്ത്യർ 3:18, NW.
1. മോശെ എന്താണു കണ്ടത്, പിന്നീട് എന്തു സംഭവിച്ചു?
മനുഷ്യർ കണ്ടിട്ടുള്ളതിൽവെച്ച് ഏറ്റവും ഭയാദരജനകമായ ദൃശ്യങ്ങളിൽ ഒന്നായിരുന്നു അത്. സീനായി പർവതമുകളിൽ തനിച്ചായിരുന്ന മോശെയുടെ അസാധാരണമായ ഒരു അപേക്ഷ നിറവേറ്റപ്പെട്ടു. ഒരു മനുഷ്യനും ഒരിക്കലും കണ്ടിട്ടില്ലാത്ത ഒന്ന്—യഹോവയുടെ തേജസ്സ് അഥവാ മഹത്ത്വം—കാണാൻ അവന് അനുവാദം ലഭിച്ചു. തീർച്ചയായും മോശെ യഹോവയെ നേരിട്ടു കണ്ടില്ല, ഒരു ദൂതപ്രതിനിധിയിലൂടെയാണ് യഹോവ തന്റെ സാന്നിധ്യം ദൃശ്യമാക്കിയത്. ദൈവത്തെ കാണുന്ന മനുഷ്യൻ ജീവനോടിരിക്കുകയില്ല; അത്രമാത്രം ഉജ്ജ്വലമാണ് അവന്റെ സാന്നിധ്യം. അതിനാൽ, യഹോവ കടന്നുപോകവേ, അവൻ തന്റെ ‘കൈകൊണ്ട്’ മോശെയെ മറച്ച് അവനെ സംരക്ഷിച്ചു. തുടർന്ന് ആ ദിവ്യമഹത്ത്വപ്രകടനത്തിന്റെ അവശേഷിച്ച പ്രഭ കാണാൻ യഹോവ മോശെയെ അനുവദിച്ചു. ദൂതനെ ഉപയോഗിച്ചുകൊണ്ട് യഹോവ അവനോടു സംസാരിക്കുകയും ചെയ്തു. പിന്നീട് എന്താണു സംഭവിച്ചതെന്നു ബൈബിൾ വിവരിക്കുന്നു. ‘മോശെ സീനായിപർവ്വതത്തിൽനിന്നു ഇറങ്ങുമ്പോൾ,’ ‘[യഹോവ മോശെയോട്] അരുളിച്ചെയ്തതു നിമിത്തം അവന്റെ മുഖത്തിന്റെ ത്വക്ക് പ്രകാശിച്ചു.’—പുറപ്പാടു 33:18-34:7, 29.
2. ക്രിസ്ത്യാനികൾ പ്രതിഫലിപ്പിക്കുന്ന മഹത്ത്വത്തെക്കുറിച്ച് അപ്പൊസ്തലനായ പൗലൊസ് എന്താണ് എഴുതിയത്?
2 മോശെയോടൊപ്പം നിങ്ങൾ ആ പർവതത്തിൽ ആയിരിക്കുന്നതിനെക്കുറിച്ച് ഒന്നു സങ്കൽപ്പിക്കുക. സർവശക്തന്റെ, കണ്ണഞ്ചിക്കുന്ന തേജസ്സു കാണുന്നതും അവന്റെ വാക്കുകൾ കേൾക്കുന്നതും എത്ര പുളകപ്രദമായിരിക്കും! ന്യായപ്രമാണ ഉടമ്പടിയുടെ മധ്യസ്ഥനായ മോശെയോടൊപ്പം പർവതത്തിൽനിന്ന് ഇറങ്ങിവരുന്നത് എന്തൊരു പദവിയായിരിക്കും! എന്നാൽ, ചില വിധങ്ങളിൽ ക്രിസ്ത്യാനികൾ മോശെയെക്കാൾ അധികമായി ദൈവത്തിന്റെ മഹത്ത്വം പ്രതിഫലിപ്പിക്കുന്നുണ്ടെന്നു നിങ്ങൾക്ക് അറിയാമായിരുന്നോ? ചിന്തോദ്ദീപകമായ ആ വസ്തുത അപ്പൊസ്തലനായ പൗലൊസിന്റെ ഒരു ലേഖനത്തിലാണു കാണപ്പെടുന്നത്. അഭിഷിക്ത ക്രിസ്ത്യാനികൾ ‘യഹോവയുടെ മഹത്ത്വം കണ്ണാടികൾപോലെ പ്രതിഫലിപ്പിക്കുന്നു’ (NW) എന്ന് അവൻ എഴുതി. (2 കൊരിന്ത്യർ 3:7, 8, 18) ഒരർഥത്തിൽ, ഭൗമിക പ്രത്യാശയുള്ള ക്രിസ്ത്യാനികളും ദൈവമഹത്ത്വം പ്രതിഫലിപ്പിക്കുന്നുണ്ട്.
ക്രിസ്ത്യാനികൾ ദൈവമഹത്ത്വം പ്രതിഫലിപ്പിക്കുന്ന വിധം
3. മോശെക്കു സാധിക്കാതിരുന്ന വിധങ്ങളിൽ നാം യഹോവയെ അറിയുന്നത് എങ്ങനെ?
3 നമുക്ക് എങ്ങനെയാണു ദൈവത്തിന്റെ മഹത്ത്വം പ്രതിഫലിപ്പിക്കാൻ കഴിയുന്നത്? മോശെ കാണുകയും കേൾക്കുകയും ചെയ്ത വിധത്തിൽ നാം യഹോവയെ കാണുകയോ അവനിൽനിന്നു കേൾക്കുകയോ ചെയ്തിട്ടില്ല. എന്നിരുന്നാലും മോശെക്കു സാധിക്കാതിരുന്ന വിധങ്ങളിൽ നാം യഹോവയെ അറിഞ്ഞിട്ടുണ്ട്. മോശെ മരിച്ച് ഏകദേശം 1,500 വർഷത്തിനുശേഷമാണ് മിശിഹായെന്ന നിലയിൽ യേശു പ്രത്യക്ഷപ്പെടുന്നത്. അതുകൊണ്ട് പാപത്തിന്റെയും മരണത്തിന്റെയും ഭീകരമായ അടിമത്തത്തിൽനിന്നു മനുഷ്യവർഗത്തെ വിടുവിക്കാനായി മരണംവരിച്ച യേശുവിൽ ന്യായപ്രമാണം നിവൃത്തിയാകുമായിരുന്നത് എങ്ങനെയെന്നു മോശെക്ക് അറിയാൻ കഴിഞ്ഞില്ല. (റോമർ 5:20, 21; ഗലാത്യർ 3:19) മാത്രമല്ല, ഭൂമിയെ പറുദീസയാക്കാൻ പോകുന്ന മിശിഹൈക രാജ്യത്തോട് അടുത്തു ബന്ധപ്പെട്ടിരിക്കുന്ന, യഹോവയുടെ മഹത്തായ ഉദ്ദേശ്യത്തെക്കുറിച്ചു പരിമിതമായ ഗ്രാഹ്യമേ മോശെക്ക് ഉണ്ടായിരുന്നുള്ളൂ. നാം ദൈവമഹത്ത്വം കാണുന്നത് നമ്മുടെ അക്ഷരാർഥ കണ്ണുകൾകൊണ്ടല്ല, ബൈബിൾ പഠിപ്പിക്കലുകളിൽ അടിസ്ഥാനപ്പെട്ട വിശ്വാസക്കണ്ണുകൾകൊണ്ടാണ്. തന്നെയുമല്ല, നാം യഹോവയുടെ ശബ്ദം കേട്ടിരിക്കുന്നതു ദൂതന്മാർ മുഖാന്തരമല്ല, തിരുവെഴുത്തുകളിലൂടെയാണ്, പ്രത്യേകിച്ച്, യേശുവിന്റെ പഠിപ്പിക്കലുകളും ശുശ്രൂഷയും മനോഹരമായി വിവരിക്കുന്ന സുവിശേഷങ്ങളിലൂടെ.
4. (എ) അഭിഷിക്ത ക്രിസ്ത്യാനികൾ ദൈവമഹത്ത്വം പ്രതിഫലിപ്പിക്കുന്നത് എങ്ങനെ? (ബി) ഭൗമിക പ്രത്യാശയുള്ളവർക്ക് ഏതെല്ലാം വിധങ്ങളിൽ ദൈവമഹത്ത്വം പ്രതിഫലിപ്പിക്കാൻ കഴിയും?
4 ക്രിസ്ത്യാനികൾ ദൈവത്തിന്റെ മഹത്ത്വം പ്രതിഫലിപ്പിക്കുന്നത് മുഖത്തുനിന്നു പ്രസരിക്കുന്ന പ്രഭാകിരണങ്ങളാൽ അല്ലെങ്കിലും യഹോവയുടെ മഹത്ത്വപൂർണമായ വ്യക്തിത്വത്തെയും ഉദ്ദേശ്യങ്ങളെയും കുറിച്ച് ആളുകളോടു പറയുമ്പോൾ അവരുടെ മുഖം പ്രകാശിക്കുന്നു. ദൈവജനം ‘[യഹോവയുടെ] മഹത്വത്തെ ജാതികളുടെ ഇടയിൽ പ്രസ്താവിക്കും’ എന്ന് നമ്മുടെ നാളുകളെക്കുറിച്ച് യെശയ്യാപ്രവാചകൻ മുൻകൂട്ടിപ്പറഞ്ഞു. (യെശയ്യാവു 66:19) 2 കൊരിന്ത്യർ 4:1, 2-ൽ നാം ഇപ്രകാരം വായിക്കുന്നു: “ഞങ്ങൾക്കു . . . ഈ ശുശ്രൂഷ ഉണ്ടാകയാൽ ഞങ്ങൾ . . . ലജ്ജാകരമായ രഹസ്യങ്ങളെ ത്യജിച്ചു ഉപായം പ്രയോഗിക്കാതെയും ദൈവവചനത്തിൽ കൂട്ടു ചേർക്കാതെയും സത്യം വെളിപ്പെടുത്തുന്നതിനാൽ ദൈവസന്നിധിയിൽ സകലമനുഷ്യരുടെയും മനസ്സാക്ഷിക്കു ഞങ്ങളെത്തന്നേ ബോദ്ധ്യമാക്കുന്നു.” “പുതുനിയമത്തിന്റെ” അഥവാ പുതിയ ഉടമ്പടിയുടെ ‘ശുശ്രൂഷകന്മാർ’ ആയ അഭിഷിക്ത ക്രിസ്ത്യാനികളെക്കുറിച്ചാണ് പൗലൊസ് വിശേഷാൽ ഇതു പറഞ്ഞത്. (2 കൊരിന്ത്യർ 3:6) എന്നാൽ അവരുടെ ശുശ്രൂഷ, ഭൂമിയിലെ നിത്യജീവന്റെ പ്രത്യാശയുള്ള അസംഖ്യം ആളുകളുടെമേൽ പ്രഭാവം ചെലുത്തിയിട്ടുണ്ട്. പഠിപ്പിക്കുന്ന കാര്യങ്ങളിലൂടെ മാത്രമല്ല, പ്രവൃത്തികളിലൂടെയും യഹോവയുടെ മഹത്ത്വം പ്രതിഫലിപ്പിക്കുന്നത് ഇരുകൂട്ടരുടെയും ശുശ്രൂഷയിൽ ഉൾപ്പെടുന്നു. അത്യുന്നതദൈവത്തിന്റെ മഹത്ത്വം പ്രതിഫലിപ്പിക്കുകയെന്നതു നമ്മുടെ ഉത്തരവാദിത്വവും പദവിയും ആണ്!
5. നമ്മുടെ ആത്മീയ സമൃദ്ധി എന്തിനു തെളിവു നൽകുന്നു?
5 യേശു പ്രവചിച്ചതുപോലെ, ഇന്ന് ദൈവരാജ്യത്തിന്റെ മഹത്തായ സുവാർത്ത നിവസിതഭൂമിയിലെങ്ങും പ്രസംഗിക്കപ്പെടുകയാണ്. (മത്തായി 24:14) എല്ലാ രാഷ്ട്രങ്ങളിൽനിന്നും ഗോത്രങ്ങളിൽനിന്നും ജനതകളിൽനിന്നും ഭാഷകളിൽനിന്നും ഉള്ള വ്യക്തികൾ, സുവാർത്തയോട് ഉത്സാഹപൂർവം പ്രതികരിക്കുകയും ദൈവേഷ്ടം ചെയ്യുന്നതിനായി തങ്ങളുടെ ജീവിതത്തിൽ പരിവർത്തനം വരുത്തുകയും ചെയ്തിരിക്കുന്നു. (റോമർ 12:2; വെളിപ്പാടു 7:9) ആദിമ ക്രിസ്ത്യാനികളെപ്പോലെ, തങ്ങൾ കണ്ടതും കേട്ടതും ആയ കാര്യങ്ങൾ പറയാതിരിക്കാൻ അവർക്കു കഴിയുകയില്ല. (പ്രവൃത്തികൾ 4:20) മാനവചരിത്രത്തിൽ മറ്റ് ഏതു കാലത്തും ഉണ്ടായിരുന്നതിനെക്കാൾ കൂടുതൽ ആളുകൾ, 60 ലക്ഷത്തിലധികം പേർ, ഇന്ന് ദൈവത്തിന്റെ മഹത്ത്വം പ്രതിഫലിപ്പിക്കുന്നു. നിങ്ങൾ അവരിൽ ഒരാളാണോ? ദൈവജനത്തിന്റെ ആത്മീയ സമൃദ്ധി, യഹോവയുടെ അനുഗ്രഹത്തിനും സംരക്ഷണത്തിനും ബോധ്യംവരുത്തുന്ന തെളിവു നൽകുന്നു. നമുക്കെതിരെ ശക്തരായ ശത്രുക്കൾ അണിനിരന്നിരിക്കുന്നുവെന്ന സംഗതി യഹോവയുടെ ആത്മാവ് നമ്മുടെമേൽ ഉണ്ടെന്നതിന്റെ വർധിച്ച തെളിവാണ്. നമ്മുടെമേൽ ദൈവാത്മാവ് ഉള്ളത് എന്തുകൊണ്ടാണെന്നു നമുക്കു നോക്കാം.
ദൈവജനത്തെ നിശ്ശബ്ദരാക്കാൻ കഴിയുകയില്ല
6. യഹോവയ്ക്കായി ഒരു നിലപാടെടുക്കുന്നതിനു വിശ്വാസവും ധൈര്യവും ആവശ്യമായിരിക്കുന്നത് എന്തുകൊണ്ട്?
6 നിഷ്ഠുരനായ ഒരു കുറ്റവാളിക്കെതിരെ മൊഴികൊടുക്കാൻ നിങ്ങളെ കോടതിയിൽ വിളിപ്പിച്ചിരിക്കുകയാണെന്നു വിചാരിക്കുക. അയാൾക്കു ശക്തമായ സ്വാധീനവലയമുണ്ടെന്നും തന്നെ തുറന്നുകാട്ടുന്നതിൽനിന്നു നിങ്ങളെ തടയാൻ സാധ്യമായ ഏതു മാർഗവും അയാൾ അവലംബിക്കുമെന്നും നിങ്ങൾക്കറിയാം. അത്തരം ഒരാൾക്കെതിരെ സാക്ഷിപറയുന്നതിനു നിങ്ങൾക്കു ധൈര്യവും അയാളിൽനിന്ന് അധികാരികൾ നിങ്ങളെ സംരക്ഷിക്കുമെന്ന ബോധ്യവും ആവശ്യമാണ്. സമാനമായ ഒരു സാഹചര്യത്തിലാണു നാം. യഹോവയ്ക്കും അവന്റെ ഉദ്ദേശ്യങ്ങൾക്കും സാക്ഷ്യം പറയുമ്പോൾ, മുഴു നിവസിത ഭൂമിയെയും വഴിതെറ്റിക്കുന്ന നുണയനും കൊലപാതകിയും ആയി പിശാചായ സാത്താനെ തുറന്നുകാട്ടിക്കൊണ്ട് നാം അവനെതിരെ മൊഴികൊടുക്കുകയാണ്. (യോഹന്നാൻ 8:44; വെളിപ്പാടു 12:9) യഹോവയ്ക്ക് അനുകൂലമായും സാത്താനു പ്രതികൂലമായും നിലപാടെടുക്കുന്നതിനു നിങ്ങൾക്കു വിശ്വാസവും ധൈര്യവും ആവശ്യമാണ്.
7. സാത്താന് എത്രത്തോളം സ്വാധീനമുണ്ട്, എന്തു ചെയ്യാനാണ് അവൻ ശ്രമിക്കുന്നത്?
7 യഹോവയാണു പരമോന്നതൻ എന്നതിനു യാതൊരു സംശയവുമില്ല. സാത്താനെക്കാൾ എത്രയോ ശക്തനാണ് അവൻ! യഹോവ നമ്മെ സംരക്ഷിക്കാൻ പ്രാപ്തനാണെന്നു മാത്രമല്ല, നാം അവനെ വിശ്വസ്തമായി സേവിക്കുമ്പോൾ നമ്മെ രക്ഷിക്കുന്നതിൽ അവൻ അതീവ തത്പരനാണെന്നും നമുക്ക് ഉറപ്പുണ്ടായിരിക്കാനാകും. (2 ദിനവൃത്താന്തം 16:9) എന്നിരുന്നാലും സാത്താൻ ഭൂതങ്ങളുടെയും ദൈവത്തിൽനിന്ന് അന്യപ്പെട്ട മനുഷ്യവർഗലോകത്തിന്റെയും ഭരണാധിപനാണ്. (മത്തായി 12:24, 26; യോഹന്നാൻ 14:30) ഭൂമിയുടെ പരിസരത്ത് തന്റെ പ്രവർത്തനം പരിമിതപ്പെടുത്താൻ നിർബന്ധിതനായ സാത്താൻ “മഹാക്രോധത്തോടെ” യഹോവയുടെ സേവകർക്കെതിരെ കഠിനമായ ഉപദ്രവം അഴിച്ചുവിടുകയും സുവാർത്ത പ്രസംഗിക്കുന്നവരെ നിശ്ശബ്ദരാക്കാൻ തന്റെ നിയന്ത്രണത്തിലുള്ള ലോകത്തെ ഉപയോഗിക്കുകയും ചെയ്യുന്നു. (വെളിപ്പാടു 12:7-9, 12, 17) അവൻ എങ്ങനെയാണ് ഇതു ചെയ്യുന്നത്? കുറഞ്ഞത് മൂന്നുവിധങ്ങളിൽ.
8, 9. ഭൗതികവസ്തുക്കളോടും ഉല്ലാസത്തോടും ആളുകൾക്കുള്ള സ്നേഹത്തെ സാത്താൻ ഉപയോഗിക്കുന്നത് എങ്ങനെ, സുഹൃത്തുക്കളെ തിരഞ്ഞെടുക്കുന്നതിൽ നാം ശ്രദ്ധയുള്ളവരായിരിക്കേണ്ടത് എന്തുകൊണ്ട്?
8 നമ്മുടെ ശ്രദ്ധ വ്യതിചലിപ്പിക്കാൻ സാത്താൻ അവലംബിക്കുന്ന ഒരു മാർഗം ജീവിത താത്പര്യങ്ങളിൽ നമ്മെ തളച്ചിടുകയെന്നതാണ്. ഈ അന്ത്യകാലത്ത് ആളുകൾ പണസ്നേഹികളും സ്വസ്നേഹികളും ഉല്ലാസപ്രിയരും ആണ്. അവർക്കു ദൈവസ്നേഹമില്ല. (2 തിമൊഥെയൊസ് 3:1-5എ) ദൈനംദിന ജീവിത കാര്യാദികളിൽ ആണ്ടുപോയിരിക്കുന്നതിനാൽ മിക്ക ആളുകളും നാം പ്രസംഗിക്കുന്ന സുവാർത്ത ‘അറിയുന്നില്ല’ അഥവാ ഗൗനിക്കുന്നില്ല. ബൈബിൾസത്യം പഠിക്കുന്നതിൽ അവർക്കു യാതൊരു താത്പര്യവുമില്ല. (മത്തായി 24:37-39) അത്തരം മനോഭാവത്തിനു നമ്മെയും സ്വാധീനിക്കാനാകും, അതു നമ്മെ ആത്മീയ നിസ്സംഗതയിലേക്കു നയിച്ചേക്കാം. ഭൗതികവസ്തുക്കളോടും ജീവിതത്തിലെ ഉല്ലാസങ്ങളോടും സ്നേഹം വളർത്തിയെടുക്കാൻ നാം നമ്മെത്തന്നെ അനുവദിച്ചാൽ ദൈവത്തോടുള്ള നമ്മുടെ സ്നേഹം തണുത്തുപോകും.—മത്തായി 24:12.
9 ഇക്കാരണത്താൽ ക്രിസ്ത്യാനികൾ സുഹൃത്തുക്കളെ തിരഞ്ഞെടുക്കുന്നതിൽ ശ്രദ്ധപുലർത്തുന്നു. ശലോമോൻ രാജാവ് ഇങ്ങനെ എഴുതി: “ജ്ഞാനികളോടുകൂടെ നടക്ക; നീയും ജ്ഞാനിയാകും; ഭോഷന്മാർക്കു കൂട്ടാളിയായവനോ വ്യസനിക്കേണ്ടിവരും.” (സദൃശവാക്യങ്ങൾ 13:20) ദൈവമഹത്ത്വം പ്രതിഫലിപ്പിക്കുന്നവരോടുകൂടെ നമുക്കു ‘നടക്കാം.’ അത് എത്ര സന്തോഷകരമാണ്! യോഗങ്ങളിലും മറ്റു സമയങ്ങളിലും നമ്മുടെ ആത്മീയ സഹോദരീസഹോദരന്മാരുമായി കൂടിവരുമ്പോൾ അവരുടെ സ്നേഹം, വിശ്വാസം, സന്തോഷം, ജ്ഞാനം എന്നിവയിൽനിന്നു നാം പ്രോത്സാഹനം നേടുന്നു. ആരോഗ്യാവഹമായ അത്തരം സഹവാസം ശുശ്രൂഷയിൽ തുടരാനുള്ള നമ്മുടെ തീരുമാനത്തെ അരക്കിട്ടുറപ്പിക്കുന്നു.
10. ദൈവമഹത്ത്വം പ്രതിഫലിപ്പിക്കുന്നവർക്കെതിരെ ഏതെല്ലാം വിധങ്ങളിലാണു സാത്താൻ പരിഹാസം ഉപയോഗിച്ചിട്ടുള്ളത്?
10 ദൈവമഹത്ത്വം പ്രതിഫലിപ്പിക്കുന്നതിൽനിന്ന് എല്ലാ ക്രിസ്ത്യാനികളെയും തടയാൻ സാത്താൻ ഉപയോഗിക്കുന്ന രണ്ടാമത്തെ മാർഗം പരിഹാസമാണ്. ഈ തന്ത്രം നമ്മെ അത്ഭുതപ്പെടുത്തേണ്ടതില്ല. യേശുവിന്റെ ഭൗമിക ശുശ്രൂഷക്കാലത്ത് അവൻ പരിഹാസവും കളിയാക്കലും പുച്ഛവും ദുഷ്പെരുമാറ്റവും സഹിച്ചു. ആളുകൾ അവന്റെമേൽ തുപ്പുകപോലും ചെയ്തു. (മർക്കൊസ് 5:39ബി; ലൂക്കൊസ് 16:14; 18:32, 33) ആദിമക്രിസ്ത്യാനികളും പരിഹാസപാത്രങ്ങളായിരുന്നു. (പ്രവൃത്തികൾ 2:13; 17:32) യഹോവയുടെ ആധുനികകാല ദാസരും സമാനമായ ദുഷ്പെരുമാറ്റത്തിന് ഇരയാകുന്നു. അവർ ‘വ്യാജപ്രവാചകന്മാരായി’ മുദ്രയടിക്കപ്പെടുമെന്ന് അപ്പൊസ്തലനായ പത്രൊസ് പറയുകയുണ്ടായി. അവൻ ഇങ്ങനെ മുൻകൂട്ടിപ്പറഞ്ഞു: ‘അവന്റെ പ്രത്യക്ഷതയുടെ വാഗ്ദത്തം എവിടെ? സകലവും സൃഷ്ടിയുടെ ആരംഭത്തിൽ ഇരുന്നതുപോലെ തന്നേ ഇരിക്കുന്നു എന്നു പറഞ്ഞു സ്വന്തമോഹങ്ങളെ അനുസരിച്ചുനടക്കുന്ന പരിഹാസികൾ പരിഹാസത്തോടെ അന്ത്യകാലത്തു വരും.’ (2 പത്രൊസ് 3:3, 4) യാഥാർഥ്യബോധമില്ലാത്തവരെന്നു പറഞ്ഞാണു ലോകം ദൈവജനത്തെ പരിഹസിക്കുന്നത്. ബൈബിളിന്റെ ധാർമിക നിലവാരങ്ങൾ പഴഞ്ചനായി വീക്ഷിക്കപ്പെടുന്നു. പലരെയും സംബന്ധിച്ചിടത്തോളം, നാം പ്രസംഗിക്കുന്ന സന്ദേശം ഭോഷത്തമാണ്. (1 കൊരിന്ത്യർ 1:18, 19) ക്രിസ്ത്യാനികളെന്ന നിലയിൽ സ്കൂളിലും ജോലിസ്ഥലത്തും ചിലപ്പോൾ സ്വന്ത കുടുംബത്തിൽപ്പോലും നമുക്ക് പരിഹാസം നേരിടേണ്ടിവന്നേക്കാം. എന്നാൽ യേശുവിനെപ്പോലെ, ദൈവത്തിന്റെ വചനം സത്യമാണെന്നു മനസ്സിലാക്കിക്കൊണ്ട് നാം അചഞ്ചലരായി നമ്മുടെ പ്രസംഗവേലയിലൂടെ ദൈവമഹത്ത്വം പ്രതിഫലിപ്പിക്കുന്നതിൽ തുടരുന്നു.—യോഹന്നാൻ 17:17.
11. ക്രിസ്ത്യാനികളെ നിശ്ശബ്ദരാക്കാനുള്ള ശ്രമത്തിൽ സാത്താൻ പീഡനം ഉപയോഗിച്ചിരിക്കുന്നത് എങ്ങനെ?
11 നമ്മെ നിശ്ശബ്ദരാക്കാനുള്ള ശ്രമത്തിൽ പിശാച് ഉപയോഗിക്കുന്ന മൂന്നാമതൊരു തന്ത്രം എതിർപ്പ് അല്ലെങ്കിൽ പീഡനം ആണ്. യേശു ശിഷ്യന്മാരോട് ഇങ്ങനെ പറഞ്ഞു: ‘[ആളുകൾ] നിങ്ങളെ ഉപദ്രവത്തിന്നു ഏല്പിക്കയും കൊല്ലുകയും ചെയ്യും; എന്റെ നാമംനിമിത്തം സകലജാതികളും നിങ്ങളെ പകെക്കും.’ (മത്തായി 24:9) യഹോവയുടെ സാക്ഷികളെന്ന നിലയിൽ ലോകത്തിന്റെ പല ഭാഗങ്ങളിലും നാം ക്രൂരമായ പീഡനത്തിന് ഇരയായിട്ടുണ്ട്. ദൈവത്തെ സേവിക്കുന്നവരും പിശാചായ സാത്താനെ സേവിക്കുന്നവരും തമ്മിൽ വിദ്വേഷം അഥവാ ശത്രുത വികാസംപ്രാപിക്കുമെന്ന് യഹോവ വളരെ മുമ്പുതന്നെ പറഞ്ഞിട്ടുള്ളതു സംബന്ധിച്ച് നാം ബോധവാന്മാരാണ്. (ഉല്പത്തി 3:15) പരിശോധനയിൻകീഴിൽ വിശ്വസ്തരായിരിക്കുകവഴി, നാം യഹോവയുടെ സാർവത്രിക പരമാധികാരത്തിന്റെ ഔചിത്യത്തിനു സാക്ഷ്യം നൽകുകയാണെന്നും നമുക്കറിയാം. ഈ തിരിച്ചറിവ് ഏറ്റവും ദുഷ്കരമായ സാഹചര്യങ്ങളിൽപ്പോലും ശക്തരായി നിലകൊള്ളാൻ നമ്മെ സഹായിക്കും. ദൈവമഹത്ത്വം പ്രതിഫലിപ്പിക്കുമെന്ന ഉറച്ച തീരുമാനത്തോടെ നിലകൊള്ളുന്നെങ്കിൽ ഒരു പീഡനത്തിനും നമ്മെ എന്നേക്കും നിശ്ശബ്ദരാക്കാൻ കഴിയുകയില്ല.
12. സാത്താന്റെ എതിർപ്പിന്മധ്യേ വിശ്വസ്തരായി നിലകൊള്ളുമ്പോൾ സന്തോഷിച്ചുല്ലസിക്കാൻ നമുക്കു കാരണമുള്ളത് എന്തുകൊണ്ട്?
12 നിങ്ങൾ ലോകത്തിന്റെ വശീകരണത്തെ ചെറുക്കുകയും പരിഹാസത്തിനും എതിർപ്പിനും മധ്യേയും വിശ്വസ്തരെന്നു തെളിയിക്കുകയും ചെയ്യുന്നുവോ? എങ്കിൽ നിങ്ങൾക്കു സന്തോഷിച്ചുല്ലസിക്കാൻ കാരണമുണ്ട്. തന്നെ അനുഗമിക്കുന്നവർക്ക് യേശു ഈ ഉറപ്പുനൽകി: “എന്റെ നിമിത്തം നിങ്ങളെ പഴിക്കയും ഉപദ്രവിക്കയും നിങ്ങളെക്കൊണ്ടു എല്ലാ തിന്മയും കളവായി പറകയും ചെയ്യുമ്പോൾ നിങ്ങൾ ഭാഗ്യവാന്മാർ. സ്വർഗ്ഗത്തിൽ നിങ്ങളുടെ പ്രതിഫലം വലുതാകകൊണ്ടു സന്തോഷിച്ചുല്ലസിപ്പിൻ; നിങ്ങൾക്കു മുമ്പെയുണ്ടായിരുന്ന പ്രവാചകൻമാരെയും അവർ അങ്ങനെതന്നേ ഉപദ്രവിച്ചുവല്ലോ.” (മത്തായി 5:11, 12) യഹോവയുടെ മഹത്ത്വം പ്രതിഫലിപ്പിക്കാൻ നിങ്ങളെ ശക്തീകരിച്ചുകൊണ്ട് അവന്റെ പരിശുദ്ധാത്മാവ് നിങ്ങളിൽ പ്രവർത്തിക്കുന്നുണ്ടെന്നതിനു നിങ്ങളുടെ സഹിഷ്ണുത തെളിവുനൽകുന്നു.—2 കൊരിന്ത്യർ 12:9.
സഹിഷ്ണുത യഹോവയിൽനിന്നു വരുന്നു
13. ക്രിസ്തീയ ശുശ്രൂഷയിൽ നാം സഹിഷ്ണുത പ്രകടമാക്കുന്നതിന്റെ ഒരു മുഖ്യകാരണം എന്താണ്?
13 നാം ശുശ്രൂഷയിൽ സഹിഷ്ണുത പ്രകടമാക്കുന്നതിന്റെ ഒരു മുഖ്യകാരണം നാം യഹോവയെ സ്നേഹിക്കുകയും അവന്റെ മഹത്ത്വം പ്രതിഫലിപ്പിക്കുന്നതിൽ സന്തോഷിക്കുകയും ചെയ്യുന്നുവെന്നതാണ്. സ്നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്നവരെ അനുകരിക്കുകയെന്നതു മനുഷ്യസഹജമാണ്. യഹോവയാം ദൈവത്തെക്കാൾ അനുകരണയോഗ്യനായി മറ്റാരുമില്ല. തന്റെ മഹാസ്നേഹം നിമിത്തം, സത്യത്തിനു സാക്ഷ്യം വഹിക്കാനും അനുസരണമുള്ള മനുഷ്യവർഗത്തെ വിടുവിക്കാനും അവൻ സ്വപുത്രനെ ഭൂമിയിലേക്ക് അയച്ചു. (യോഹന്നാൻ 3:16; 18:37) എല്ലാ മനുഷ്യരും അനുതപിച്ചു രക്ഷപ്രാപിക്കാൻ ദൈവത്തെപ്പോലെ നാമും ഇച്ഛിക്കുന്നതിനാലാണ് നാം ആളുകളോടു പ്രസംഗിക്കുന്നത്. (2 പത്രൊസ് 3:9) ആ ആഗ്രഹത്തോടൊപ്പം ദൈവത്തെ അനുകരിക്കാനുള്ള നമ്മുടെ തീരുമാനവും ശുശ്രൂഷയിലൂടെ അവന്റെ മഹത്ത്വം പ്രതിഫലിപ്പിക്കുന്നതിൽ സ്ഥിരോത്സാഹം കാണിക്കാൻ നമ്മെ പ്രചോദിപ്പിക്കുന്നു.
14. ശുശ്രൂഷയിൽ സഹിഷ്ണുതയോടെ നിലനിൽക്കാൻ യഹോവ നമ്മെ ശക്തീകരിക്കുന്നത് എങ്ങനെ?
14 എന്നാൽ അടിസ്ഥാനപരമായി പറഞ്ഞാൽ, ക്രിസ്തീയ ശുശ്രൂഷയിൽ സഹിഷ്ണുതയോടെ നിലനിൽക്കാൻ നമ്മെ സഹായിക്കുന്ന ശക്തിയുടെ സ്രോതസ്സ് യഹോവയാണ്. തന്റെ ആത്മാവ്, സംഘടന, തന്റെ വചനമായ ബൈബിൾ എന്നിവയിലൂടെ അവൻ നമ്മെ പുലർത്തുകയും ബലപ്പെടുത്തുകയും ചെയ്യുന്നു. തന്റെ മഹത്ത്വം പ്രതിഫലിപ്പിക്കാൻ മനസ്സൊരുക്കം കാണിക്കുന്നവർക്ക് യഹോവ ‘സഹിഷ്ണുത നൽകുന്നു.’ അവൻ നമ്മുടെ പ്രാർഥനകൾക്ക് ഉത്തരമരുളുകയും പരിശോധനകളെ തരണംചെയ്യുന്നതിന് ആവശ്യമായ ജ്ഞാനം നൽകുകയും ചെയ്യുന്നു. (റോമർ 15:6, NW; യാക്കോബ് 1:5) തന്നെയുമല്ല, നമുക്കു സഹിക്കാവുന്നതിനപ്പുറം പരിശോധിക്കപ്പെടാൻ യഹോവ അനുവദിക്കുകയില്ല. നാം യഹോവയിൽ ആശ്രയിക്കുന്നെങ്കിൽ, നാം അവന്റെ മഹത്ത്വം പ്രതിഫലിപ്പിക്കുന്നതിൽ തുടരത്തക്കവിധം അവൻ പോക്കുവഴിയുണ്ടാക്കും.—1 കൊരിന്ത്യർ 10:13.
15. സഹിഷ്ണുതയുള്ളവരായിരിക്കാൻ നമ്മെ സഹായിക്കുന്നത് എന്താണ്?
15 ശുശ്രൂഷയിൽ സഹിഷ്ണുത പ്രകടമാക്കുന്നത് ദൈവാത്മാവ് നമ്മുടെമേൽ ഉണ്ടെന്നുള്ളതിന്റെ തെളിവാണ്. അത് ഇങ്ങനെ ദൃഷ്ടാന്തീകരിക്കാം: ഒരു പ്രത്യേകതരം റൊട്ടി വീടുവീടാന്തരം സൗജന്യമായി വിതരണംചെയ്യാൻ നിങ്ങളോട് ആരെങ്കിലും ആവശ്യപ്പെട്ടെന്നു വിചാരിക്കുക. സ്വന്തം പണവും സമയവും ഉപയോഗിച്ചു വേണം ഇതു ചെയ്യാൻ. മാത്രമല്ല, ഈ റൊട്ടി അധികമാർക്കും ഇഷ്ടമില്ലെന്നു നിങ്ങൾ പെട്ടെന്നുതന്നെ മനസ്സിലാക്കുന്നു. ചില ആളുകൾ, റൊട്ടി വിതരണംചെയ്യാനുള്ള നിങ്ങളുടെ ശ്രമങ്ങളെ എതിർക്കുകപോലും ചെയ്യുന്നു. മാസങ്ങൾക്കും വർഷങ്ങൾക്കും ശേഷവും നിങ്ങൾ ആ ദൗത്യം തുടരുമെന്നു തോന്നുന്നുണ്ടോ? സാധ്യതയനുസരിച്ച് ഇല്ല. എന്നിരുന്നാലും നിങ്ങളുടെ സമയവും പണവും ചെലവഴിച്ച് വർഷങ്ങളോളം, ഒരുപക്ഷേ ദശാബ്ദങ്ങൾപോലും, നിങ്ങൾ സുവാർത്ത പ്രസംഗിച്ചിട്ടുണ്ടാകാം. എന്തുകൊണ്ട്? നിങ്ങൾ യഹോവയെ സ്നേഹിക്കുകയും സഹിഷ്ണുത പുലർത്താനുള്ള നിങ്ങളുടെ ശ്രമങ്ങളെ അവൻ തന്റെ ആത്മാവു മുഖാന്തരം അനുഗ്രഹിക്കുകയും ചെയ്തതുകൊണ്ടല്ലേ? തീർച്ചയായും!
അനുസ്മരിക്കപ്പെടുന്ന ഒരു വേല
16. ശുശ്രൂഷയിലെ നമ്മുടെ സഹിഷ്ണുത നമുക്കും നമ്മെ ശ്രദ്ധിക്കുന്നവർക്കും എന്ത് അർഥമാക്കുന്നു?
16 പുതിയ ഉടമ്പടിയുടെ ശുശ്രൂഷ അതുല്യമാംവിധം വിശിഷ്ടമായ ഒരു നിക്ഷേപം അഥവാ നിധി ആണ്. (2 കൊരിന്ത്യർ 4:7) വേറെ ആടുകൾ ലോകവ്യാപകമായി നിർവഹിക്കുന്ന ക്രിസ്തീയ ശുശ്രൂഷയും നിധിസമാനമാണ്. നിങ്ങൾ ശുശ്രൂഷയിൽ സഹിഷ്ണുതയോടെ തുടരുമ്പോൾ, പൗലൊസ് തിമൊഥെയൊസിന് എഴുതിയതുപോലെ, ‘നിങ്ങളെയും നിങ്ങളുടെ പ്രസംഗം കേൾക്കുന്നവരെയും രക്ഷിക്കും.’ (1 തിമൊഥെയൊസ് 4:16) അത് എന്താണ് അർഥമാക്കുന്നതെന്നു ചിന്തിച്ചുനോക്കുക. നിങ്ങൾ പ്രസംഗിക്കുന്ന സുവാർത്ത മറ്റുള്ളവർക്കു നിത്യം ജീവിക്കാനുള്ള അവസരം വാഗ്ദാനം ചെയ്യുന്നു. ആത്മീയമായി നിങ്ങൾ സഹായിക്കുന്നവരുമായി ശക്തമായ സൗഹൃദം വളർത്തിയെടുക്കാൻ നിങ്ങൾക്കു സാധിക്കും. ദൈവത്തെ അറിയാൻ നിങ്ങൾ സഹായിച്ച ആളുകളോടൊത്തു പറുദീസയിൽ എന്നേക്കും ജീവിക്കുന്നത് എത്ര സന്തോഷകരമായിരിക്കുമെന്ന് ഒന്നു സങ്കൽപ്പിച്ചുനോക്കൂ! അവരെ സഹായിക്കാൻ നിങ്ങൾ ചെയ്ത ശ്രമം അവർ ഒരിക്കലും മറക്കുകയില്ല. സംതൃപ്തിക്കുള്ള എത്ര നല്ല കാരണം!
17. നമ്മുടേത് മനുഷ്യചരിത്രത്തിലെ അനന്യമായ ഒരു കാലഘട്ടം ആയിരിക്കുന്നത് എന്തുകൊണ്ട്?
17 മനുഷ്യചരിത്രത്തിലെ തികച്ചും വ്യതിരിക്തമായ ഒരു കാലഘട്ടത്തിലാണു നിങ്ങൾ ജീവിക്കുന്നത്. ദൈവത്തിൽനിന്ന് അന്യപ്പെട്ട ഒരു ലോകത്തിന്മധ്യേ വീണ്ടും ഒരിക്കലും സുവാർത്ത പ്രസംഗിക്കപ്പെടുകയില്ല. അത്തരം ഒരു ലോകത്തിലാണ് നോഹ ജീവിച്ചിരുന്നത്; ആ ലോകം നീങ്ങിപ്പോകുന്നത് അവൻ കണ്ടു. പെട്ടകം നിർമിക്കുകയെന്ന ദൈവേഷ്ടം വിശ്വസ്തമായി നിറവേറ്റിയത് തന്റെയും കുടുംബത്തിന്റെയും സംരക്ഷണത്തിൽ കലാശിച്ചുവെന്നറിഞ്ഞപ്പോൾ അവൻ എത്രമാത്രം സന്തോഷിച്ചിരിക്കണം! (എബ്രായർ 11:7) നിങ്ങൾക്കും ആ സന്തോഷം ആസ്വദിക്കാൻ കഴിയും. പുതിയ ലോകത്തിൽ ആയിരിക്കെ, രാജ്യതാത്പര്യങ്ങൾ ഉന്നമിപ്പിക്കുന്നതിനു കഴിവിന്റെ പരമാവധി പ്രവർത്തിച്ചെന്ന തിരിച്ചറിവോടെ, ഈ അന്ത്യനാളുകളിൽ ചെയ്ത വേലയിലേക്കു പിന്തിരിഞ്ഞുനോക്കുമ്പോൾ നിങ്ങൾക്ക് എന്തായിരിക്കും തോന്നുകയെന്നു ചിന്തിച്ചുനോക്കൂ.
18. യഹോവ തന്റെ ദാസർക്ക് എന്ത് ഉറപ്പും പ്രോത്സാഹനവും നൽകുന്നു?
18 അങ്ങനെയെങ്കിൽ, ദൈവമഹത്ത്വം പ്രതിഫലിപ്പിക്കുന്നതിൽ നമുക്കു തുടരാം. നാം എന്നെന്നും സ്മരിക്കുന്ന ഒന്നായിരിക്കും ആ വേല. യഹോവയും നമ്മുടെ പ്രവൃത്തികൾ ഓർമിക്കുന്നു. ബൈബിൾ ഈ പ്രോത്സാഹനം നൽകുന്നു: “ദൈവം നിങ്ങളുടെ പ്രവൃത്തിയും വിശുദ്ധന്മാരെ ശുശ്രൂഷിച്ചതിനാലും ശുശ്രൂഷിക്കുന്നതിനാലും തന്റെ നാമത്തോടു കാണിച്ച സ്നേഹവും മറന്നുകളവാൻ തക്കവണ്ണം അനീതിയുള്ളവനല്ല. എന്നാൽ നിങ്ങൾ ഓരോരുത്തൻ പ്രത്യാശയുടെ പൂർണ്ണനിശ്ചയം പ്രാപിപ്പാൻ അവസാനത്തോളം ഒരുപോലെ ഉത്സാഹം കാണിക്കേണമെന്നു ഞങ്ങൾ ആഗ്രഹിക്കുന്നു. അങ്ങനെ നിങ്ങൾ മന്ദതയുള്ളവരാകാതെ വിശ്വാസത്താലും ദീർഘക്ഷമയാലും വാഗ്ദത്തങ്ങളെ അവകാശമാക്കുന്നവരുടെ അനുകാരികളായിത്തീരും.”—എബ്രായർ 6:10-12.
നിങ്ങൾക്കു വിശദീകരിക്കാമോ?
• ക്രിസ്ത്യാനികൾ ദൈവത്തിന്റെ മഹത്ത്വം പ്രതിഫലിപ്പിക്കുന്നത് എങ്ങനെ?
• ദൈവജനത്തെ നിശ്ശബ്ദരാക്കാൻ സാത്താൻ ഉപയോഗിക്കുന്ന ചില മാർഗങ്ങൾ ഏവ?
• നമ്മുടെമേൽ ദൈവാത്മാവ് ഉണ്ടെന്നുള്ളതിന് എന്തു തെളിവുണ്ട്?
[15-ാം പേജിലെ ചിത്രം]
മോശെയുടെ മുഖം ദൈവതേജസ്സ് പ്രതിഫലിപ്പിച്ചു
[16, 17 പേജുകളിലെ ചിത്രങ്ങൾ]
ശുശ്രൂഷയിൽ നാം ദൈവമഹത്ത്വം പ്രതിഫലിപ്പിക്കുന്നു