ക്രിസ്ത്യാനികൾ ദൈവത്തിന്റെ മഹത്ത്വം പ്രതിഫലിപ്പിക്കുന്നു
“നിങ്ങളുടെ കണ്ണു കാണുന്നതുകൊണ്ടും നിങ്ങളുടെ ചെവി കേൾക്കുന്നതുകൊണ്ടും ഭാഗ്യമുള്ളവ.”—മത്തായി 13:16.
1. സീനായി പർവതത്തിങ്കൽവെച്ച് ഇസ്രായേല്യർ മോശെയോടു പ്രതികരിച്ച വിധത്തെക്കുറിച്ച് ഏതു ചോദ്യം മനസ്സിലേക്കു വരുന്നു?
സീനായി പർവതത്തിങ്കൽ തടിച്ചുകൂടിയ ഇസ്രായേല്യർക്കു യഹോവയോട് അടുത്തുചെല്ലാൻ, സകല കാരണങ്ങളുമുണ്ടായിരുന്നു. അവനാണ് തന്റെ ബലിഷ്ഠ കരങ്ങൾകൊണ്ട് അവരെ ഈജിപ്തിൽനിന്നു വിടുവിച്ചത്. മരുഭൂമിയിൽ ഭക്ഷണവും വെള്ളവും പ്രദാനംചെയ്തുകൊണ്ട് അവരുടെ ആവശ്യങ്ങൾക്കായി അവൻ കരുതി. അനന്തരം, ആക്രമിച്ചെത്തിയ അമാലേക്യ സൈന്യങ്ങളുടെമേൽ അവൻ അവർക്കു വിജയം നൽകി. (പുറപ്പാടു 14:26-31; 16:2-17:13) സീനായി പർവതത്തിന് അഭിമുഖമായി മരുഭൂമിയിൽ പാളയമടിച്ച ജനം ഇടിമുഴക്കവും മിന്നലും നിമിത്തം ഭയന്നുവിറച്ചു. പിന്നീട്, യഹോവയുടെ മഹത്ത്വം പ്രതിഫലിപ്പിക്കുന്ന മുഖത്തോടെ മോശെ സീനായി പർവതത്തിൽനിന്ന് ഇറങ്ങിവരുന്നത് അവർ കണ്ടു. അത്ഭുതത്തോടെയും വിലമതിപ്പോടെയും പ്രതികരിക്കുന്നതിനു പകരം, ഇസ്രായേല്യർ പിൻവാങ്ങി. “അവർ അവന്റെ [മോശെയുടെ] അടുക്കൽ ചെല്ലുവാൻ ഭയപ്പെട്ടു.” (പുറപ്പാടു 19:10-19; 34:30) അവർക്കുവേണ്ടി വളരെയേറെ കാര്യങ്ങൾ ചെയ്ത യഹോവയുടെ മഹത്ത്വത്തിന്റെ പ്രതിഫലനം കാണാൻ അവർ ഭയപ്പെട്ടത് എന്തുകൊണ്ട്?
2. മോശെ പ്രതിഫലിപ്പിച്ച ദൈവമഹത്ത്വം കണ്ടപ്പോൾ ഇസ്രായേല്യർ ഭയപ്പെട്ടത് എന്തുകൊണ്ടായിരിക്കാം?
2 മുമ്പു സംഭവിച്ച കാര്യങ്ങൾ നിമിത്തമായിരിക്കാം ആ അവസരത്തിൽ ഇസ്രായേല്യർ ഭയപ്പെട്ടത്. സ്വർണ കാളക്കുട്ടിയെ ഉണ്ടാക്കിക്കൊണ്ട് അവർ യഹോവയോടു മനഃപൂർവം മത്സരിച്ചപ്പോൾ യഹോവ അവരെ ദണ്ഡിപ്പിച്ചു. (പുറപ്പാടു 32:4, 35) അവർ യഹോവയുടെ ശിക്ഷണത്തിൽനിന്നു പാഠം ഉൾക്കൊള്ളുകയും അതിനോടു വിലമതിപ്പു പ്രകടമാക്കുകയും ചെയ്തോ? അവരിൽ മിക്കവരും അങ്ങനെ ചെയ്തില്ല. തന്റെ ജീവിതാന്ത്യത്തോടടുത്ത് മോശെ, ഇസ്രായേൽ അനുസരണക്കേടു കാണിച്ച മറ്റു സന്ദർഭങ്ങളോടൊപ്പം കാളക്കുട്ടിയെ ഉണ്ടാക്കിയ സംഭവവും അനുസ്മരിച്ചു. അവൻ ജനത്തോട് ഇങ്ങനെ പറഞ്ഞു: “നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയുടെ കല്പനയോടു മറുത്തു; അവനെ വിശ്വസിച്ചില്ല; അവന്റെ വാക്കു അനുസരിച്ചതുമില്ല. ഞാൻ നിങ്ങളെ അറിഞ്ഞ നാൾമുതൽ നിങ്ങൾ യഹോവയോടു മത്സരികളായിരിക്കുന്നു.”—ആവർത്തനപുസ്തകം 9:15-24.
3. തന്റെ മുഖം മറയ്ക്കത്തക്കവണ്ണം മോശെ എന്തു ചെയ്തു?
3 ഇസ്രായേല്യരുടെ ഭയപ്പാടിനോടു മോശെ എങ്ങനെ പ്രതികരിച്ചെന്നു നോക്കുക. വിവരണം ഇങ്ങനെ പറയുന്നു: “മോശെ അവരോടു സംസാരിച്ചു കഴിഞ്ഞപ്പോൾ അവൻ തന്റെ മുഖത്തു ഒരു മൂടുപടം ഇട്ടു. മോശെ യഹോവയോടു സംസാരിക്കേണ്ടതിന്നു അവന്റെ സന്നിധാനത്തിൽ കടക്കുമ്പോൾ പുറത്തു വരുവോളം മൂടുപടം നീക്കിയിരിക്കും; തന്നോടു കല്പിച്ചതു അവൻ പുറത്തുവന്നു യിസ്രായേൽമക്കളോടു പറയും. യിസ്രായേൽമക്കൾ മോശെയുടെ മുഖത്തിന്റെ ത്വക്ക് പ്രകാശിക്കുന്നതായി കണ്ടതുകൊണ്ടു മോശെ അവനോടു [യഹോവയോടു] സംസാരിക്കേണ്ടതിന്നു അകത്തു കടക്കുവോളം മൂടുപടം പിന്നെയും തന്റെ മുഖത്തു ഇട്ടുകൊള്ളും.” (പുറപ്പാടു 34:33-35) മോശെ ഇടയ്ക്കിടെ മുഖത്ത് മൂടുപടം ഇട്ടത് എന്തുകൊണ്ടായിരുന്നു? നമുക്ക് ഇതിൽനിന്ന് എന്തു പഠിക്കാൻ കഴിയും? ഈ ചോദ്യങ്ങളുടെ ഉത്തരത്തിന് യഹോവയുമായുള്ള നമ്മുടെ ബന്ധം വിലയിരുത്തുന്നതിനു നമ്മെ സഹായിക്കാനാകും.
നഷ്ടമായ അവസരങ്ങൾ
4. മോശെ മൂടുപടം ഇട്ടതിന്റെ കാരണത്തെക്കുറിച്ച് അപ്പൊസ്തലനായ പൗലൊസ് എന്താണു വെളിപ്പെടുത്തിയത്?
4 മോശെ മൂടുപടം ഇടാൻ ഇടയായതിൽ ഇസ്രായേല്യരുടെ മനോഭാവവും ഹൃദയാവസ്ഥയും ഉൾപ്പെട്ടിരുന്നെന്ന് അപ്പൊസ്തലനായ പൗലൊസ് വിശദീകരിച്ചു. പൗലൊസ് എഴുതി: ‘മോശെയുടെ മുഖതേജസ്സുനിമിത്തം യിസ്രായേൽമക്കൾക്കു അവന്റെ മുഖത്തു നോക്കിക്കൂടായിരുന്നു. അവരുടെ മനസ്സു കഠിനപ്പെട്ടുപോയി.’ (2 കൊരിന്ത്യർ 3:7, 14) എത്ര സങ്കടകരമായ അവസ്ഥ! ഇസ്രായേല്യർ യഹോവയുടെ തിരഞ്ഞെടുക്കപ്പെട്ട ജനമായിരുന്നു. അവർ തന്നോട് അടുത്തു വരാൻ അവൻ ആഗ്രഹിച്ചു. (പുറപ്പാടു 19:4-6) എന്നിരുന്നാലും ദൈവമഹത്ത്വത്തിന്റെ പ്രതിഫലനത്തിലേക്ക് ഉറ്റുനോക്കാൻ അവർ വിമുഖരായിരുന്നു. സ്നേഹപൂർവകമായ ഭക്തിയോടെ ഹൃദയവും മനസ്സും യഹോവയിലേക്കു തിരിക്കുന്നതിനു പകരം, ഒരർഥത്തിൽ അവർ അവനു പുറംതിരിഞ്ഞുകളഞ്ഞു.
5, 6. (എ) മോശെയുടെ നാളിലെ ഇസ്രായേല്യർക്ക് ഒന്നാം നൂറ്റാണ്ടിൽ എന്തു സമാന്തരം ഉണ്ടായിരുന്നു? (ബി) യേശുവിനെ ശ്രദ്ധിച്ചവരും ശ്രദ്ധിക്കാതിരുന്നവരും തമ്മിൽ എന്തു വ്യത്യാസമാണ് ഉണ്ടായിരുന്നത്?
5 ഈ സംഗതിക്ക് പൊതുയുഗം ഒന്നാം നൂറ്റാണ്ടിൽ ഒരു സമാന്തരം കാണുന്നുണ്ട്. പൗലൊസ് ക്രിസ്ത്യാനിത്വത്തിലേക്കു പരിവർത്തനം ചെയ്ത കാലമായപ്പോഴേക്കും ന്യായപ്രമാണത്തിന്റെ സ്ഥാനത്ത് വലിയ മോശെയായ യേശുക്രിസ്തു മധ്യസ്ഥനായ പുതിയ നിയമം അഥവാ പുതിയ ഉടമ്പടി രംഗപ്രവേശം ചെയ്തിരുന്നു. വാക്കിലും പ്രവൃത്തിയിലും യേശു പൂർണമായും യഹോവയുടെ മഹത്ത്വം പ്രതിഫലിപ്പിച്ചു. പുനരുത്ഥാനം പ്രാപിച്ച യേശുവിനെക്കുറിച്ച് പൗലൊസ് ഇങ്ങനെ എഴുതി: “അവൻ അവന്റെ [ദൈവത്തിന്റെ] തേജസ്സിന്റെ പ്രഭയും തത്വത്തിന്റെ മുദ്രയും” ആകുന്നു. (എബ്രായർ 1:3) എത്ര മഹത്തരമായ അവസരമാണ് യഹൂദന്മാർക്ക് ഉണ്ടായിരുന്നത്! ദൈവപുത്രനിൽനിന്നുതന്നെ നിത്യജീവന്റെ വചനങ്ങൾ കേൾക്കാൻ അവർക്കു കഴിയുമായിരുന്നു! സങ്കടകരമെന്നു പറയട്ടെ, യേശുവിന്റെ പ്രസംഗം കേട്ടവരിൽ ഭൂരിഭാഗവും അവനെ ശ്രദ്ധിച്ചില്ല. അവരെക്കുറിച്ച് യേശു യെശയ്യാവിലൂടെയുള്ള യഹോവയുടെ പ്രവചനം ഉദ്ധരിച്ചു: “ഈ ജനത്തിന്റെ ഹൃദയം തടിച്ചിരിക്കുന്നു; അവർ ചെവികൊണ്ടു മന്ദമായി കേൾക്കുന്നു; കണ്ണു അടെച്ചിരിക്കുന്നു; അവർ കണ്ണു കാണാതെയും ചെവി കേൾക്കാതെയും ഹൃദയംകൊണ്ടു ഗ്രഹിക്കാതെയും തിരിഞ്ഞുകൊള്ളാതെയും ഞാൻ അവരെ സൌഖ്യമാക്കാതെയും ഇരിക്കേണ്ടതിന്നു തന്നേ.”—മത്തായി 13:14; യെശയ്യാവു 6:9, 10.
6 എന്നാൽ യഹൂദന്മാരും യേശുവിന്റെ ശിഷ്യന്മാരും തമ്മിൽ ശ്രദ്ധേയമായ വ്യത്യാസമുണ്ടായിരുന്നു. “നിങ്ങളുടെ കണ്ണു കാണുന്നതുകൊണ്ടും നിങ്ങളുടെ ചെവി കേൾക്കുന്നതുകൊണ്ടും ഭാഗ്യമുള്ളവ” എന്ന് യേശു തന്റെ ശിഷ്യന്മാരിൽ ചിലരെക്കുറിച്ചു പറയുകയുണ്ടായി. (മത്തായി 13:16) യഥാർഥ ക്രിസ്ത്യാനികൾ യഹോവയെക്കുറിച്ച് അറിയാനും അവനെ സേവിക്കാനും വാഞ്ഛിക്കുന്നു. ബൈബിളിൽ വെളിപ്പെടുത്തിയിരിക്കുന്ന ദൈവേഷ്ടം ചെയ്യുന്നതിൽ അവർ ആനന്ദിക്കുന്നു. തത്ഫലമായി അഭിഷിക്ത ക്രിസ്ത്യാനികൾ ‘പുതിയ നിയമ’ത്തിന്റെ ശുശ്രൂഷകരെന്ന നിലയിൽ ദൈവത്തിന്റെ മഹത്ത്വം പ്രതിഫലിപ്പിക്കുന്നു, വേറെ ആടുകളിൽപ്പെട്ടവരും സമാനമായി പ്രവർത്തിക്കുന്നു.—2 കൊരിന്ത്യർ 3:6, 18.
സുവാർത്ത മറയ്ക്കപ്പെട്ടിരിക്കുന്നതിന്റെ കാരണം
7. മിക്ക ആളുകളും സുവാർത്ത തള്ളിക്കളയുന്നുവെന്നത് അമ്പരപ്പുളവാക്കുന്നില്ലാത്തത് എന്തുകൊണ്ട്?
7 നാം കണ്ടുകഴിഞ്ഞതുപോലെ, യേശുവിന്റെ നാളിലും മോശെയുടെ നാളിലും മിക്ക ഇസ്രായേല്യരും തങ്ങളുടെ മുമ്പാകെയുണ്ടായിരുന്ന അതുല്യമായ അവസരം നഷ്ടപ്പെടുത്തിക്കളഞ്ഞു. നമ്മുടെ നാളിലും ഇതുതന്നെയാണ് അവസ്ഥ. മിക്ക ആളുകളും നാം പ്രസംഗിക്കുന്ന സുവാർത്ത തള്ളിക്കളയുന്നു. ഇതു നമ്മെ അമ്പരപ്പിക്കുന്നില്ല. പൗലൊസ് എഴുതി: “ഞങ്ങളുടെ സുവിശേഷം മറഞ്ഞിരിക്കുന്നു എങ്കിൽ നശിച്ചുപോകുന്നവർക്കത്രേ മറഞ്ഞിരിക്കുന്നു. ദൈവപ്രതിമയായ ക്രിസ്തുവിന്റെ തേജസ്സുള്ള സുവിശേഷത്തിന്റെ പ്രകാശനം ശോഭിക്കാതിരിപ്പാൻ ഈ ലോകത്തിന്റെ ദൈവം അവിശ്വാസികളുടെ മനസ്സു കുരുടാക്കി.” (2 കൊരിന്ത്യർ 4:3, 4) അതേ, സുവാർത്ത മറച്ചുവെക്കാൻ സാത്താൻ ശ്രമം നടത്തിയിരിക്കുന്നു. കൂടാതെ സുവാർത്തയുടെ പ്രകാശനം ആഗ്രഹിക്കാത്ത ആളുകൾ തങ്ങളുടെതന്നെ മുഖത്ത് മൂടുപടം ഇട്ടിരിക്കുന്നു.
8. ഏതു വിധത്തിലാണ് പലരും അജ്ഞതയാൽ അന്ധരായിരിക്കുന്നത്, സമാനമായ അനുഭവം നമുക്ക് എങ്ങനെ ഒഴിവാക്കാം?
8 പല ആളുകളുടെയും ആലങ്കാരിക കണ്ണുകൾ അജ്ഞതയാൽ മൂടപ്പെട്ടിരിക്കുകയാണ്. ജനതകളിൽനിന്നുള്ള ആളുകൾ “അന്ധബുദ്ധികളായി അജ്ഞാനം നിമിത്തം, ഹൃദയകാഠിന്യംനിമിത്തം തന്നേ, ദൈവത്തിന്റെ ജീവനിൽനിന്നു അകന്നുപോയവർ” ആണെന്നു ബൈബിൾ പറയുന്നു. (എഫെസ്യർ 4:18) ന്യായപ്രമാണത്തിൽ അഗാധ പാണ്ഡിത്യമുണ്ടായിരുന്ന പൗലൊസ് ഒരു ക്രിസ്ത്യാനിയായിത്തീരുന്നതിനുമുമ്പ്, തികഞ്ഞ അജ്ഞത നിമിത്തം ദൈവസഭയെ പീഡിപ്പിച്ചു. (1 കൊരിന്ത്യർ 15:9) എന്നിരുന്നാലും യഹോവ അവനു സത്യം വെളിപ്പെടുത്തിക്കൊടുത്തു. പൗലൊസ് ഇങ്ങനെ വിശദീകരിക്കുന്നു: “യേശുക്രിസ്തു നിത്യജീവന്നായിക്കൊണ്ടു തന്നിൽ വിശ്വസിപ്പാനുള്ളവർക്കു ദൃഷ്ടാന്തത്തിന്നായി സകല ദീർഘക്ഷമയും ഒന്നാമനായ എന്നിൽ കാണിക്കേണ്ടതിന്നു എനിക്കു കരുണ ലഭിച്ചു.” (1 തിമൊഥെയൊസ് 1:16) പൗലൊസിനെപ്പോലെ, മുമ്പ് ദിവ്യസത്യത്തെ എതിർത്തിരുന്ന ധാരാളം ആളുകൾ ഇപ്പോൾ യഹോവയെ സേവിക്കുന്നു. നമ്മെ എതിർക്കുന്നവരോടുപോലും സുവാർത്ത പ്രസംഗിക്കുന്നതിൽ തുടരുന്നതിനു മതിയായ കാരണമാണ് ഇത്. അതേസമയം, ദൈവവചനം ക്രമമായി പഠിക്കുകയും ഗ്രഹിക്കുകയും ചെയ്യുന്നതിലൂടെ, അജ്ഞതമൂലം യഹോവയുടെ അപ്രീതി സമ്പാദിക്കുംവിധം പ്രവർത്തിക്കുന്നതിൽനിന്നു നാം സംരക്ഷിക്കപ്പെടുന്നു.
9, 10. (എ) പഠിപ്പിക്കപ്പെടാൻ മനസ്സില്ലാത്തവരും വീക്ഷണം സംബന്ധിച്ച് കടുംപിടുത്തക്കാരും ആണു തങ്ങളെന്ന് ഒന്നാം നൂറ്റാണ്ടിലെ യഹൂദന്മാർ പ്രകടമാക്കിയത് എങ്ങനെ? (ബി) അവർക്ക് ഇന്നത്തെ ക്രൈസ്തവലോകത്തിൽ ഒരു സമാന്തരം ഉണ്ടോ? വിശദീകരിക്കുക.
9 നിരവധി ആളുകളുടെ ആത്മീയ കാഴ്ച തടസ്സപ്പെട്ടിരിക്കുകയാണ്. അവർ പഠിപ്പിക്കപ്പെടാൻ മനസ്സില്ലാത്തവരും തങ്ങളുടെ വീക്ഷണങ്ങൾ സംബന്ധിച്ച് കടുംപിടുത്തക്കാരും ആണ് എന്നതാണ് അതിനു കാരണം. ന്യായപ്രമാണത്തോടു ശാഠ്യപൂർവം പറ്റിനിന്നുകൊണ്ട് വളരെയധികം യഹൂദന്മാർ യേശുവിനെയും അവന്റെ പഠിപ്പിക്കലുകളെയും തള്ളിക്കളഞ്ഞു. എന്നാൽ, വ്യത്യസ്തമായി പ്രവർത്തിച്ചവർ ഉണ്ടായിരുന്നു. ഉദാഹരണത്തിന്, യേശുവിന്റെ പുനരുത്ഥാനത്തിനുശേഷം “പുരോഹിതന്മാരിലും വലിയോരു കൂട്ടം വിശ്വാസത്തിന്നു അധീനരായിത്തീർന്നു.” (പ്രവൃത്തികൾ 6:7) എന്നിരുന്നാലും ഭൂരിഭാഗം യഹൂദന്മാരെയും കുറിച്ച് പൗലൊസ് ഇങ്ങനെ എഴുതി: “മോശെയുടെ പുസ്തകം വായിക്കുമ്പോൾ മൂടുപടം ഇന്നേയോളം അവരുടെ ഹൃദയത്തിന്മേൽ കിടക്കുന്നു.” (2 കൊരിന്ത്യർ 3:15) യേശു യഹൂദന്മാരോടു നേരത്തേ പറഞ്ഞ സംഗതി പൗലൊസിന് അറിയാമായിരുന്നിരിക്കണം: “നിങ്ങൾ തിരുവെഴുത്തുകളെ ശോധന ചെയ്യുന്നു; അവയിൽ നിങ്ങൾക്കു നിത്യജീവൻ ഉണ്ടു എന്നു നിങ്ങൾ നിരൂപിക്കുന്നുവല്ലോ; അവ എനിക്കു സാക്ഷ്യം പറയുന്നു.” (യോഹന്നാൻ 5:39) യഹൂദന്മാർ വളരെ ശ്രദ്ധാപൂർവം പരിശോധിച്ചിരുന്ന തിരുവെഴുത്തുകൾ, യേശുവാണ് മിശിഹായെന്നു തിരിച്ചറിയാൻ അവരെ സഹായിക്കേണ്ടതായിരുന്നു. എന്നാൽ അവർ തങ്ങളുടേതായ ആശയങ്ങൾ വെച്ചുപുലർത്തിയിരുന്നതിനാൽ അത്ഭുതം പ്രവർത്തിച്ചിരുന്ന ദൈവപുത്രനുപോലും അവർക്കു വാസ്തവം ബോധ്യപ്പെടുത്തിക്കൊടുക്കാൻ കഴിഞ്ഞില്ല.
10 ക്രൈസ്തവലോകത്തിലെ നിരവധി ആളുകളെ സംബന്ധിച്ചും ഇതു സത്യമാണ്. ഒന്നാം നൂറ്റാണ്ടിലെ യഹൂദന്മാരെപ്പോലെ, “അവർ പരിജ്ഞാനപ്രകാരമല്ലെങ്കിലും ദൈവത്തെ സംബന്ധിച്ചു എരിവുള്ളവർ” ആണ്. (റോമർ 10:2) അവരിൽ ചിലർ ബൈബിൾ പഠിക്കുന്നുണ്ടെങ്കിലും അതു വിശ്വസിക്കാൻ ആഗ്രഹിക്കുന്നില്ല. അഭിഷിക്ത ക്രിസ്ത്യാനികൾ അടങ്ങുന്ന വിശ്വസ്തനും വിവേകിയുമായ അടിമവർഗത്തിലൂടെ യഹോവ തന്റെ ജനത്തെ പഠിപ്പിക്കുന്നെന്നു വിശ്വസിക്കാൻ അവർ വിസമ്മതിക്കുന്നു. (മത്തായി 24:45, NW) എന്നിരുന്നാലും യഹോവ തന്റെ ജനത്തെ പഠിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും ദിവ്യസത്യം സംബന്ധിച്ച ഗ്രാഹ്യം ലഭിക്കുന്നത് എല്ലായ്പോഴും ക്രമാനുഗതമായിട്ടാണെന്നും നാം മനസ്സിലാക്കുന്നു. (സദൃശവാക്യങ്ങൾ 4:18) യഹോവയാൽ പഠിപ്പിക്കപ്പെടാൻ നമ്മെത്തന്നെ അനുവദിക്കുന്നതിലൂടെ, നാം അവന്റെ ഹിതത്തെയും ഉദ്ദേശ്യത്തെയും കുറിച്ചുള്ള പരിജ്ഞാനത്താൽ അനുഗ്രഹിക്കപ്പെടുന്നു.
11. സത്യം മറയ്ക്കപ്പെടുന്നതിൽ, കേൾക്കാൻ ഇഷ്ടമുള്ള കാര്യങ്ങൾ മാത്രം വിശ്വസിക്കുന്നത് എന്തു പങ്കു വഹിക്കുന്നു?
11 മറ്റു ചിലർ വേറൊരു രീതിയിലാണ് അന്ധരാക്കപ്പെട്ടിരിക്കുന്നത്. ഇക്കൂട്ടർ, തങ്ങൾക്കു കേൾക്കാൻ ഇഷ്ടമുള്ള കാര്യങ്ങൾ മാത്രമേ വിശ്വസിക്കുന്നുള്ളൂ. ചിലർ ദൈവജനത്തെയും യേശുവിന്റെ സാന്നിധ്യം സംബന്ധിച്ച് അവർ ഘോഷിക്കുന്ന സന്ദേശത്തെയും പരിഹസിക്കുമെന്നു പ്രവചിക്കപ്പെട്ടിരുന്നു. നോഹയുടെ കാലത്ത് ദൈവം ദുഷ്ടലോകത്തിന്മേൽ ഒരു ജലപ്രളയം വരുത്തിയെന്ന സംഗതി “സ്വന്തമോഹങ്ങളെ അനുസരിച്ചു നടക്കുന്ന പരിഹാസികൾ . . . മനസ്സോടെ മറന്നുകളയുന്നു” എന്ന് അപ്പൊസ്തലനായ പത്രൊസ് എഴുതി. (2 പത്രൊസ് 3:3-7) സമാനമായി, ക്രിസ്ത്യാനികളെന്ന് അവകാശപ്പെടുന്ന പലരും, യഹോവ കരുണയും ദയയും ക്ഷമയും പ്രകടമാക്കുന്നുവെന്ന് ഒട്ടും മടികൂടാതെ സമ്മതിക്കുന്നെങ്കിലും അവൻ ശിക്ഷയിൽനിന്ന് ഒഴിവുനൽകുകയില്ലെന്ന കാര്യം അവർ അവഗണിക്കുകയോ തള്ളിക്കളയുകയോ ചെയ്യുന്നു. (പുറപ്പാടു 34:6, 7) സത്യക്രിസ്ത്യാനികളാകട്ടെ, ബൈബിൾ യഥാർഥത്തിൽ എന്താണു പഠിപ്പിക്കുന്നതെന്നു മനസ്സിലാക്കാൻ ആത്മാർഥമായി ശ്രമിക്കുന്നു.
12. പാരമ്പര്യത്താൽ ആളുകൾ അന്ധരാക്കപ്പെടുന്നത് എങ്ങനെ?
12 പള്ളിയിൽപ്പോക്കുകാരായ പലരും പാരമ്പര്യങ്ങളാൽ അന്ധരാക്കപ്പെട്ടിരിക്കുന്നു. തന്റെ നാളിലെ മതനേതാക്കന്മാരോട് യേശു ഇങ്ങനെ പറഞ്ഞു: “നിങ്ങളുടെ സമ്പ്രദായത്താൽ [പാരമ്പര്യവിശ്വാസങ്ങളാൽ] നിങ്ങൾ ദൈവവചനത്തെ ദുർബ്ബലമാക്കിയിരിക്കുന്നു.” (മത്തായി 15:6) ബാബിലോണിലെ പ്രവാസത്തിൽനിന്നു മടങ്ങിയെത്തിയ യഹൂദന്മാർ തീക്ഷ്ണതയോടെ സത്യാരാധന പുനഃസ്ഥാപിച്ചു. എന്നാൽ പുരോഹിതന്മാർ അഹങ്കാരികളും സ്വയനീതിക്കാരും ആയിത്തീർന്നു. ദൈവത്തോടുള്ള യഥാർഥ ഭക്തിയുടെ അഭാവത്തിൽ മതപരമായ ഉത്സവങ്ങൾ വെറും ചടങ്ങുകളായിത്തീർന്നു. (മലാഖി 1:6-8) യേശുവിന്റെ കാലമായപ്പോഴേക്കും ശാസ്ത്രിമാരും പരീശന്മാരും ന്യായപ്രമാണത്തോട് അസംഖ്യം പാരമ്പര്യങ്ങൾ കൂട്ടിച്ചേർത്തുകഴിഞ്ഞിരുന്നു. ന്യായപ്രമാണത്തിന്റെ അടിത്തറയായി വർത്തിച്ച നീതിപൂർവകമായ തത്ത്വങ്ങൾ വിവേചിക്കാൻ മേലാൽ അവർക്കു കഴിയാതിരുന്നതിനാൽ കപടഭക്തരെന്ന നിലയിൽ യേശു അവരെ തുറന്നുകാട്ടി. (മത്തായി 23:23, 24) മനുഷ്യനിർമിത മതാനുഷ്ഠാനങ്ങൾ ശുദ്ധാരാധനയിൽനിന്നു തങ്ങളെ വ്യതിചലിപ്പിക്കാതിരിക്കാൻ സത്യക്രിസ്ത്യാനികൾ ശ്രദ്ധ പുലർത്തേണ്ടതുണ്ട്.
അദൃശ്യദൈവത്തെ കാണുന്നു
13. ഏതു രണ്ടു വിധങ്ങളിലാണ് മോശെ ദൈവത്തിന്റെ മഹത്ത്വം ഭാഗികമായി കണ്ടത്?
13 പർവതത്തിൽവെച്ച്, ദൈവതേജസ്സ് കാണാൻ മോശെ ആഗ്രഹം പ്രകടിപ്പിച്ചു, യഹോവയുടെ മഹത്ത്വത്തിന്റെ അവശേഷിച്ച പ്രഭ കാണാൻ അവനു സാധിക്കുകയും ചെയ്തു. സമാഗമനകൂടാരത്തിലേക്കു പോയപ്പോൾ മോശെ മൂടുപടം ധരിച്ചിരുന്നില്ല. ദൈവേഷ്ടം ചെയ്യാൻ അഭിലഷിച്ച, ആഴമായ വിശ്വാസമുള്ള ഒരു വ്യക്തിയായിരുന്നു അവൻ. യഹോവയുടെ മഹത്ത്വം ഭാഗികമായി കാണാനുള്ള അവസരം ലഭിച്ചെങ്കിലും, ഒരർഥത്തിൽ വിശ്വാസക്കണ്ണുകൾകൊണ്ട് അവൻ ദൈവത്തെ മുന്നമേ കണ്ടിരുന്നു. ‘അവൻ അദൃശ്യദൈവത്തെ കണ്ടതുപോലെ ഉറെച്ചുനിന്നു’ എന്ന് ബൈബിൾ മോശെയെക്കുറിച്ചു പറയുന്നു. (എബ്രായർ 11:27; പുറപ്പാടു 34:5-7) മുഖത്തുനിന്നു പ്രസരിച്ച പ്രഭാകിരണങ്ങൾകൊണ്ടു മാത്രമല്ല മോശെ ദൈവമഹത്ത്വം പ്രതിഫലിപ്പിച്ചത്, യഹോവയെ അറിയാനും അവനെ സേവിക്കാനും ഇസ്രായേല്യരെ സഹായിച്ചുകൊണ്ടും അവൻ അതു ചെയ്തു.
14. യേശു ദൈവമഹത്ത്വം കണ്ടത് എങ്ങനെ, അവൻ ഏതു സംഗതിയിൽ സന്തോഷം കണ്ടെത്തി?
14 പ്രപഞ്ചസൃഷ്ടിക്കു മുമ്പുതന്നെ, സ്വർഗത്തിൽ യുഗങ്ങളോളം യേശു ദൈവത്തിന്റെ മഹത്ത്വം നേരിട്ടു കണ്ടു. (സദൃശവാക്യങ്ങൾ 8:22, 30) ആ കാലയളവിൽ അവർക്കിടയിൽ അത്യഗാധമായ സ്നേഹവും പ്രിയവും നിറഞ്ഞ ഒരു ബന്ധം ഉടലെടുത്തു. സകല സൃഷ്ടികൾക്കും ആദ്യജാതനായ ഈ പുത്രനോട് യഹോവ ഏറ്റവും ആർദ്രമായ സ്നേഹവും വാത്സല്യവും പ്രകടിപ്പിച്ചു. യേശു, ദിവ്യജീവദാതാവിനോട് അതിയായ സ്നേഹവും പ്രിയവും തിരിച്ചു പ്രകടിപ്പിച്ചു. (യോഹന്നാൻ 14:31; 17:24) ഒരു പിതാവും പുത്രനും തമ്മിലുള്ള സമ്പൂർണ സ്നേഹബന്ധമായിരുന്നു അത്. മോശെയെപ്പോലെ, താൻ പഠിപ്പിച്ച കാര്യങ്ങളിൽ യഹോവയുടെ മഹത്ത്വം പ്രതിഫലിപ്പിക്കുന്നതിൽ യേശു സന്തോഷം കണ്ടെത്തി.
15. ക്രിസ്ത്യാനികൾ ദൈവമഹത്ത്വം സംബന്ധിച്ചു തത്പരരായിരിക്കുന്നത് ഏതു വിധത്തിൽ?
15 മോശെയെയും യേശുവിനെയും പോലെ, ദൈവത്തിന്റെ ആധുനികകാല സാക്ഷികളും യഹോവയുടെ മഹത്ത്വം സംബന്ധിച്ച് അതീവ തത്പരരാണ്. മഹത്തായ സുവാർത്തയെ അവർ നിരസിച്ചിട്ടില്ല. അപ്പൊസ്തലനായ പൗലൊസ് ഇങ്ങനെ എഴുതി: “[യഹോവയുടെ ഇഷ്ടം ചെയ്യുന്നതിനുവേണ്ടി] കർത്താവിങ്കലേക്കു തിരിയുമ്പോൾ മൂടുപടം നീങ്ങിപ്പോകും.” (2 കൊരിന്ത്യർ 3:16) ദൈവേഷ്ടം ചെയ്യാൻ ആഗ്രഹിക്കുന്നതുകൊണ്ട് നാം തിരുവെഴുത്തുകൾ പഠിക്കുന്നു. യഹോവയുടെ പുത്രനും അഭിഷിക്ത രാജാവും ആയ യേശുക്രിസ്തുവിന്റെ മുഖത്തു പ്രതിഫലിച്ച മഹത്ത്വത്തെ നാം ആദരിക്കുകയും അവന്റെ മാതൃക അനുകരിക്കുകയും ചെയ്യുന്നു. മോശെയെയും യേശുവിനെയും പോലെ, നമുക്ക് ഒരു ശുശ്രൂഷ നിയമിച്ചുതന്നിരിക്കുന്നു, നാം ആരാധിക്കുന്ന മഹത്ത്വപൂർണനായ ദൈവത്തെക്കുറിച്ചു മറ്റുള്ളവരോടു പറയാനുള്ള നിയമനം.
16. സത്യം അറിയുന്നതിൽനിന്നു നാം പ്രയോജനം നേടുന്നത് എങ്ങനെ?
16 യേശു ഇപ്രകാരം പ്രാർഥിച്ചു: “പിതാവേ, . . . നീ ഇതു ജ്ഞാനികൾക്കും വിവേകികൾക്കും മറെച്ചു ശിശുക്കൾക്കു വെളിപ്പെടുത്തിയതുകൊണ്ടു ഞാൻ നിന്നെ വാഴ്ത്തുന്നു.” (മത്തായി 11:25) ആത്മാർഥതയും താഴ്മയും ഉള്ളവരെ യഹോവ തന്റെ ഉദ്ദേശ്യങ്ങളെയും വ്യക്തിത്വത്തെയും കുറിച്ചുള്ള ഗ്രാഹ്യം നൽകി അനുഗ്രഹിക്കുന്നു. (1 കൊരിന്ത്യർ 1:26-28) നാം അവന്റെ സംരക്ഷണാത്മക പരിപാലനത്തിൻകീഴിൽ വന്നിരിക്കുന്നു, ജീവിതത്തിൽനിന്നു പരമാവധി പ്രയോജനം നേടാൻ അവൻ നമ്മെ പഠിപ്പിക്കുന്നു. യഹോവയെ കൂടുതൽ അടുത്തറിയുന്നതിനുള്ള അവന്റെ ക്രമീകരണങ്ങളെ വിലമതിച്ചുകൊണ്ട്, അവനോട് അടുത്തു ചെല്ലാനുള്ള ഓരോ അവസരവും നമുക്കു പ്രയോജനപ്പെടുത്താം.
17. യഹോവയുടെ ഗുണങ്ങൾ കൂടുതൽ തികവോടെ നമുക്കു മനസ്സിലാക്കാൻ കഴിയുന്നത് എങ്ങനെ?
17 പൗലൊസ് അഭിഷിക്ത ക്രിസ്ത്യാനികൾക്ക് എഴുതി: “മൂടുപടം നീങ്ങിയ മുഖത്തു കർത്താവിന്റെ തേജസ്സിനെ [“യഹോവയുടെ മഹത്ത്വത്തെ,” NW] കണ്ണാടിപോലെ പ്രതിബിംബിക്കുന്നവരായി [“പ്രതിഫലിപ്പിക്കുന്നവരായി,” NW] നാം എല്ലാവരും ആത്മാവാകുന്ന കർത്താവിന്റെ ദാനമായി തേജസ്സിന്മേൽ തേജസ്സു പ്രാപിച്ചു അതേ പ്രതിമയായി രൂപാന്തരപ്പെടുന്നു.” (2 കൊരിന്ത്യർ 3:18) നമ്മുടെ പ്രത്യാശ സ്വർഗീയമോ ഭൗമികമോ ആകട്ടെ, നാം യഹോവയെ അറിയുന്നതിനനുസരിച്ച്—ബൈബിളിൽ വെളിപ്പെടുത്തിയിരിക്കുന്ന അവന്റെ ഗുണങ്ങളെയും വ്യക്തിത്വത്തെയും കുറിച്ച് മനസ്സിലാക്കുന്നതിനനുസരിച്ച്—അവനെപ്പോലെ ആയിത്തീരും. യേശുവിന്റെ ജീവിതത്തെയും ശുശ്രൂഷയെയും പഠിപ്പിക്കലുകളെയും കുറിച്ചു നന്ദിപൂർവം ധ്യാനിക്കുന്നെങ്കിൽ നാം യഹോവയുടെ ഗുണങ്ങൾ കൂടുതൽ തികവോടെ പ്രതിഫലിപ്പിക്കും. ആരുടെ മഹത്ത്വം പ്രതിഫലിപ്പിക്കാനാണോ നാം ആഗ്രഹിക്കുന്നത്, ആ ദൈവത്തിന് നമ്മുടെ പ്രവൃത്തികൾ സ്തുതി കരേറ്റുന്നു എന്നറിയുന്നത് എത്ര സന്തോഷദായകമാണ്!
നിങ്ങൾ ഓർമിക്കുന്നുവോ?
• മോശെ പ്രതിഫലിപ്പിച്ച ദൈവമഹത്ത്വം കാണാൻ ഇസ്രായേല്യർക്കു ഭയമായിരുന്നത് എന്തുകൊണ്ട്?
• ഒന്നാം നൂറ്റാണ്ടിലും ഇന്നും സുവാർത്ത ‘മറയ്ക്കപ്പെട്ടിരിക്കുന്നത്’ എങ്ങനെ?
• നാം ദൈവമഹത്ത്വം പ്രതിഫലിപ്പിക്കുന്നത് എങ്ങനെ?
[19-ാം പേജിലെ ചിത്രം]
ഇസ്രായേല്യർ മോശെയുടെ മുഖത്തു നോക്കാൻ ഭയപ്പെട്ടു
[21-ാം പേജിലെ ചിത്രങ്ങൾ]
പൗലൊസിനെപ്പോലെ ദിവ്യസത്യത്തെ ഒരിക്കൽ എതിർത്തവർ ഇന്ന് യഹോവയെ സേവിക്കുന്നു
[23-ാം പേജിലെ ചിത്രങ്ങൾ]
ദൈവമഹത്ത്വം പ്രതിഫലിപ്പിക്കുന്നതിൽ യഹോവയുടെ ദാസർ പ്രമോദിക്കുന്നു