ജീവിത-സേവന യോഗത്തിനുള്ള പഠനസഹായി—പരാമർശങ്ങൾ
മെയ് 6-12
ദൈവവചനത്തിലെ നിധികൾ | 2 കൊരിന്ത്യർ 4-6
“ഞങ്ങൾ മടുത്ത് പിന്മാറുന്നില്ല”
it-1-E 724-725
സഹനശക്തി
പാപമില്ലാത്ത അവസ്ഥയിൽ എന്നേക്കും ജീവിക്കുക എന്ന ക്രിസ്തീയപ്രത്യാശ കൺമുന്നിൽനിന്ന് മാഞ്ഞുപോകാതിരിക്കുന്നതും പ്രധാനമാണ്. ഉപദ്രവിക്കുന്നവർ നമ്മളെ കൊന്നാൽപ്പോലും ഈ പ്രത്യാശ ഇല്ലാതാകില്ല. (റോമ 5:4, 5; 1തെസ്സ 1:3; വെളി 2:10) മഹത്തായ ആ പ്രത്യാശ നിറവേറുന്ന കാലത്തെ ജീവിതവുമായി താരതമ്യം ചെയ്യുമ്പോൾ ഇപ്പോഴത്തെ കഷ്ടപ്പാടുകൾ ഒന്നുമല്ല. (റോമ 8:18-25) നമ്മളെ കാത്തിരിക്കുന്നത് എന്നേക്കുമുള്ള ജീവനാണ്. അതുമായി തട്ടിച്ചുനോക്കിയാൽ ഏതു കഷ്ടപ്പാടും, അത് എത്ര വിഷമകരമായി തോന്നിയാലും, “ക്ഷണികവും നിസ്സാരവും” ആണ്. (2കൊ 4:16-18) ഇപ്പോഴത്തെ പരിശോധനകൾ താത്കാലികമാണെന്നു മനസ്സിലാക്കി ക്രിസ്തീയപ്രത്യാശ മുറുകെപ്പിടിക്കുന്ന ഒരു വ്യക്തി നിരാശയിൽ ആണ്ടുപോകുകയോ യഹോവയെ ഉപേക്ഷിക്കുകയോ ചെയ്യില്ല.
ആത്മീയരത്നങ്ങൾക്കായി കുഴിക്കുക
w12-E 2/1 28-29
“യഹോവയുടെ മുഖത്ത് പുഞ്ചിരി വിരിയിക്കുക”
ഭരണസംഘാംഗമായ ഡേവിഡ് സ്പ്ലെയ്ൻ സഹോദരൻ “ഞങ്ങളുടെ കാര്യത്തിൽ ഈ അമൂല്യനിധി മൺപാത്രങ്ങളിലാണ്” എന്ന വിഷയം വികസിപ്പിച്ചു. (2 കൊരിന്ത്യർ 4:7) എന്താണു നിധി? അത് അറിവാണോ, ജ്ഞാനമാണോ? “അല്ല.” പ്രസംഗകൻ പറഞ്ഞു: “‘സത്യം വെളിപ്പെടുത്തുന്ന’ ‘ഈ ശുശ്രൂഷയെയാണ്’ പൗലോസ് അപ്പോസ്തലൻ നിധി എന്നു വിളിച്ചത്.” (2 കൊരിന്ത്യർ 4:1, 2, 5) പഠിക്കാനായി ചെലവഴിച്ച അഞ്ചു മാസം, ശുശ്രൂഷയിലെ ഒരു പ്രത്യേകനിയമനത്തിനായി ഗിലെയാദ് വിദ്യാർഥികളെ ഒരുക്കുകയായിരുന്നു എന്നു സ്പ്ലെയ്ൻ സഹോദരൻ വിദ്യാർഥികളെ ഓർമിപ്പിച്ചു. അങ്ങേയറ്റം വിലമതിക്കേണ്ട ഒന്നാണ് ആ നിയമനം.
‘മൺപാത്രങ്ങൾ,’ നമ്മുടെ ശരീരത്തെയാണ് അർഥമാക്കുന്നതെന്നു പ്രസംഗകൻ വിശദീകരിച്ചു. മണ്ണുകൊണ്ട് ഉണ്ടാക്കിയ പാത്രത്തെ സ്വർണംകൊണ്ട് ഉണ്ടാക്കിയ ഒരു പാത്രവുമായി അദ്ദേഹം താരതമ്യം ചെയ്തു. സ്വർണംകൊണ്ടുള്ള പാത്രങ്ങൾ സാധാരണ ഉപയോഗത്തിന് എടുക്കാറില്ല. നേരെമറിച്ച്, മണ്ണുകൊണ്ട് ഉണ്ടാക്കിയ പാത്രങ്ങൾ പല ആവശ്യങ്ങൾക്കുവേണ്ടി ഉപയോഗിച്ചിരുന്നു. ഒരു സ്വർണപാത്രത്തിലാണു നമ്മൾ നിധി സൂക്ഷിക്കുന്നതെങ്കിൽ ആ നിധിക്കൊപ്പംതന്നെ ആ പാത്രത്തിനും പ്രാധാന്യം വരും. സ്പ്ലെയ്ൻ സഹോദരൻ പറഞ്ഞു: “വിദ്യാർഥികളായ നിങ്ങൾ മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചുപറ്റാൻ ശ്രമിക്കരുത്. മിഷനറിമാരെന്ന നിലയിൽ യഹോവയിലേക്കു നിങ്ങൾ ആളുകളുടെ ശ്രദ്ധ തിരിച്ചവിടണം. നിങ്ങൾ എളിയ മൺപാത്രങ്ങളാണ്.”
മെയ് 20-26
ദൈവവചനത്തിലെ നിധികൾ | 2 കൊരിന്ത്യർ 11-13
ആത്മീയരത്നങ്ങൾക്കായി കുഴിക്കുക
it-2-E 177
ചുംബനം
‘വിശുദ്ധചുംബനം.’ ആദ്യകാലക്രിസ്ത്യാനികൾ, സാധ്യതയനുസരിച്ച് ഒരേ ലിംഗത്തിൽപ്പെട്ടവർ തമ്മിൽ ‘വിശുദ്ധചുംബനം’ (റോമ 16:16; 1കൊ 16:20; 2കൊ 13:12; 1തെസ്സ 5:26;) അല്ലെങ്കിൽ ‘സ്നേഹചുംബനം’ നടത്തിയിരുന്നു. (1പത്ര 5:14) സഹക്രിസ്ത്യാനിയെ ചുംബിച്ച് സ്വീകരിക്കുന്ന ഈ രീതി, പുരാതന എബ്രായപാരമ്പര്യത്തിന്റെ ഒരു തുടർച്ചയായിരുന്നിരിക്കാൻ സാധ്യതയുണ്ട്. തിരുവെഴുത്തുകൾ വിശദാംശങ്ങളൊന്നും നൽകുന്നില്ലെങ്കിലും ‘വിശുദ്ധചുംബനം’ അല്ലെങ്കിൽ ‘സ്നേഹചുംബനം’ ക്രിസ്തീയസഭയിൽ നിലനിന്നിരുന്ന ഊഷ്മളമായ സ്നേഹത്തിന്റെയും യോജിപ്പിന്റെയും പ്രതിഫലനമാണ്.—യോഹ 13:34, 35.
മെയ് 27–ജൂൺ 2
ദൈവവചനത്തിലെ നിധികൾ | ഗലാത്യർ 1-3
ആത്മീയരത്നങ്ങൾക്കായി കുഴിക്കുക
it-1-E 880
ഗലാത്യർക്കുള്ള ലേഖനം
“ബുദ്ധിയില്ലാത്ത ഗലാത്യക്കാരേ” എന്നു വിളിച്ചതുകൊണ്ട് മാത്രം പൗലോസിന്റെ മനസ്സിലുണ്ടായിരുന്നതു ഗലാത്യയുടെ വടക്കു ഭാഗത്തുള്ള ഗാൾ വംശത്തിൽ നിന്ന് ഉത്ഭവിച്ച ഒരു കൂട്ടം ആളുകളായിരുന്നു എന്നു പറയാനാകില്ല. (ഗല 3:1) പകരം അവിടെയുള്ള ജൂതമതാനുകൂലികളായ ചിലരുടെ സ്വാധീനത്തിനു വഴങ്ങിയ സഭയിലെ ചിലരെ ശകാരിക്കാനാണ് അദ്ദേഹം ഈ വാക്കുകൾ ഉപയോഗിച്ചത്. പുതിയ ഉടമ്പടിയുടെ അടിസ്ഥാനത്തിൽ ‘വിശ്വാസത്തിലൂടെ നീതീമാന്മാരാകുന്നതിന്’ പകരം മോശ നൽകിയ നിയമം പിൻപറ്റിക്കൊണ്ട് സ്വയം നീതിമാന്മാരാകാനാണ് ആ ജൂതമതാനുകൂലികൾ ശ്രമിച്ചത്. (2:15–3:14; 4:9, 10) പൗലോസ് ഈ കത്ത് എഴുതുന്ന “ഗലാത്യയിലെ സഭകൾ” (1:2) ജൂതന്മാരും ജൂതന്മാരല്ലാത്തവരും അടങ്ങുന്ന ഒരു മിശ്രജനമായിരുന്നു. ഇതിൽ രണ്ടാമത്തെ കൂട്ടർ പരിച്ഛേദനയേറ്റ ജൂതമതാനുസാരികളും പരിച്ഛേദനയേൽക്കാത്ത, ജനതകളിൽപ്പെട്ടവരും ആയിരുന്നു. ചിലർ കെൽറ്റിക് വംശത്തിൽപ്പെട്ടവരായിരുന്നു എന്നതിൽ സംശയമില്ല. (പ്രവൃ 13:14, 43; 16:1; ഗല 5:2) അവരെ എല്ലാവരെയും ചേർത്ത് ഗലാത്യക്രിസ്ത്യാനികൾ എന്നു സംബോധന ചെയ്തതിന്റെ കാരണം അവർ ജീവിച്ചിരുന്ന പ്രദേശത്തിന്റെ പേര് ഗലാത്യ എന്നായിരുന്നതാണ്. കത്തിന്റെ ശൈലി നോക്കുമ്പോൾ, പൗലോസ് അത് എഴുതിയത്, ഈ റോമൻ സംസ്ഥാനത്തിന്റെ തെക്കുഭാഗത്തുള്ള, തനിക്കു നല്ല പരിചയമുള്ള സഹോദരങ്ങൾക്കാണെന്നു മനസ്സിലാക്കാം. മറിച്ച്, അദ്ദേഹം ഒരിക്കലും സന്ദർശിച്ചിരിക്കാൻ ഇടയില്ലാത്ത, തികച്ചും അപരിചിതരായ വടക്കേ ഭാഗത്തുള്ളവർക്കല്ല.