ശരിയായ മതം അറിയുന്നതോടൊപ്പം ഉത്തരവാദിത്വവും ഉണ്ടാകുന്നു
“ദൈവത്തിന്റെ വചനം കേട്ടു പ്രമാണിക്കുന്നവർ അത്രേ ഭാഗ്യവാൻമാർ [സന്തുഷ്ടർ, NW].”—ലൂക്കൊസ് 11:28.
1. ശരിയായമതം ഒരിക്കൽ തിരിച്ചറിഞ്ഞാൽ ഏതു തരത്തിലുള്ള ആളുകളാണു തങ്ങളുടെ ജീവിതം അതിനു ചുററും കെട്ടിപ്പടുക്കുന്നത്?
ശരിയായ മതം തിരിച്ചറിയുന്നതുമാത്രം മതിയാകുന്നില്ല. നാം ശരിയും സത്യവുമായ കാര്യങ്ങളെ സ്നേഹിക്കുന്നവരാണെങ്കിൽ ഒരിക്കൽ അതു കണ്ടെത്തിയാൽ നമ്മുടെ ജീവിതത്തെ അതിനു ചുററും കെട്ടിപ്പടുക്കാൻ നാം ശ്രമിക്കും. ശരിയായ മതം വെറുമൊരു മാനസിക തത്ത്വശാസ്ത്രമല്ല; അത് ഒരു ജീവിതരീതിയാണ്.—സങ്കീർത്തനം 119:105; യെശയ്യാവു 2:3; താരതമ്യം ചെയ്യുക: പ്രവൃത്തികൾ 9:2.
2, 3. (എ) ദൈവഹിതം ചെയ്യുന്നതിന്റെ പ്രാധാന്യം യേശു ഊന്നിപ്പറഞ്ഞത് എങ്ങനെ? (ബി) ശരിയായ മതം അറിയാവുന്ന ഓരോരുത്തർക്കും എന്ത് ഉത്തരവാദിത്വമാണുള്ളത്?
2 തന്റെ ഹിതമെന്ന നിലയിൽ ദൈവം വെളിപ്പെടുത്തിയ കാര്യങ്ങൾ ചെയ്യുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് യേശുക്രിസ്തു ഊന്നിപ്പറഞ്ഞു. ഗിരിപ്രഭാഷണം എന്നറിയപ്പെടുന്നതിന്റെ ഉപസംഹാരത്തിൽ യേശുക്രിസ്തു അതു മനസ്സിലാക്കിത്തന്നു. അവനെ കർത്താവേ എന്നു വിളിക്കുന്ന (അങ്ങനെ ക്രിസ്ത്യാനികൾ എന്ന് അവകാശപ്പെടുന്ന) ഏവരുമായിരിക്കില്ല രാജ്യത്തിൽ പ്രവേശിക്കുന്നത് മറിച്ച്, തന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവരായിരിക്കും പ്രവേശിക്കുന്നത് എന്ന് യേശു പറഞ്ഞു. മററുള്ളവർ “അധർമ്മം പ്രവർത്തിക്കുന്നവ”രായി പുറന്തള്ളപ്പെടും എന്ന് അവൻ പറഞ്ഞു. അധർമമായിരിക്കുന്നത് എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ ദൈവഹിതം ചെയ്യുന്നതിലുള്ള പരാജയം പാപമാണ് എന്നു ബൈബിൾ പറയുന്നു, പാപം അധർമമാണ്. (മത്തായി 7:21-23; 1 യോഹന്നാൻ 3:4; താരതമ്യം ചെയ്യുക: റോമർ 10:2, 3.) ഒരു വ്യക്തി ഒരുപക്ഷേ ശരിയായ മതം ഏതാണെന്നു തിരിച്ചറിഞ്ഞേക്കാം, അതു പഠിപ്പിക്കുന്നവരെ അയാൾ പ്രശംസിച്ചേക്കാം, അത് ആചരിക്കുന്നവരെക്കുറിച്ച് അയാൾ പുകഴ്ത്തിപ്പറഞ്ഞെന്നും വരാം. എന്നാൽ, തന്റെ സ്വന്തം ജീവിതത്തിൽ അതു ബാധകമാക്കുന്നതിനുള്ള ഉത്തരവാദിത്വംകൂടെ അയാൾക്കുണ്ട്. (യാക്കോബ് 4:17) ആ ഉത്തരവാദിത്വം അയാൾ ഏറെറടുത്താൽ തന്റെ ജീവിതം പരിപുഷ്ടിയുള്ളതെന്നു കണ്ടെത്തുകയും മറെറാരുവിധത്തിലും കൈവരിക്കാനാവാത്ത സന്തുഷ്ടി അയാൾ അനുഭവിക്കുകയും ചെയ്യും.
3 ശരിയായ മതത്തെ തിരിച്ചറിയുന്നതിനുള്ള ആറ് അടയാളങ്ങൾ നാം കഴിഞ്ഞ ലേഖനത്തിൽ പരിചിന്തിച്ചു. അവയിലോരോന്നും ശരിയായ മതത്തെ തിരിച്ചറിയുന്നതിനു നമ്മെ സഹായിക്കുക മാത്രമല്ല, വ്യക്തിപരമായി വെല്ലുവിളികളും സാഹചര്യങ്ങളും നമ്മുടെ മുമ്പാകെ തുറന്നിടുകയും ചെയ്യുന്നു. അതെങ്ങനെ?
ദൈവവചനത്തോടു നിങ്ങൾ എങ്ങനെ പ്രതികരിക്കും?
4. (എ) പുതിയ ആളുകൾ യഹോവയുടെ സാക്ഷികളുമായി സഹവസിക്കാൻ തുടങ്ങുമ്പോൾ സാക്ഷികളുടെ ബൈബിൾ ഉപയോഗത്തെക്കുറിച്ച് അവർ പെട്ടെന്ന് നിരീക്ഷിക്കുന്നത് എന്താണ്? (ബി) ആത്മീയമായി നല്ലരീതിയിൽ പോഷിപ്പിക്കപ്പെടുന്നത് യഹോവയുടെ ദാസൻമാരെ എങ്ങനെ ബാധിക്കുന്നു?
4 താത്പര്യം പ്രകടിപ്പിച്ച പുതിയവരോടൊപ്പം യഹോവയുടെ സാക്ഷികൾ ബൈബിൾ പഠിക്കുമ്പോൾ, പഠിപ്പിക്കുന്നതു ബൈബിളിൽനിന്നാണെന്ന് അവരിലനേകരും പെട്ടെന്നു ഗ്രഹിക്കുന്നു. അവരുടെ ചോദ്യങ്ങൾക്ക് ഉത്തരമായി സഭാ പ്രമാണങ്ങളിലേക്കോ മാനുഷ പാരമ്പര്യങ്ങളിലേക്കോ പ്രമുഖരായ ആളുകളുടെ അഭിപ്രായങ്ങളിലേക്കോ അല്ല അവരുടെ ശ്രദ്ധ തിരിക്കുന്നത്. ദൈവത്തിന്റെ സ്വന്തം വചനമാണു പ്രമാണഗ്രന്ഥം. രാജ്യഹാളിൽ പോകുമ്പോൾ അവിടെയും പ്രധാന പാഠ്യപുസ്തകം ബൈബിളാണെന്ന് അവർ നിരീക്ഷിക്കുന്നു. യഹോവയുടെ സാക്ഷികളുടെ ഇടയിലെ സന്തോഷത്തിന്റെ പ്രമുഖ കാരണം അവർ ദൈവവചനത്തിൽനിന്ന് ആത്മീയമായി നല്ലവണ്ണം പോഷിപ്പിക്കപ്പെടുന്നുവെന്നതാണ് എന്ന് ആത്മാർഥരായ സത്യാന്വേഷികൾക്കു തിരിച്ചറിയാൻ അധികസമയം വേണ്ടിവരില്ല.—യെശയ്യാവു 65:13, 14.
5. (എ) യഹോവയുടെ സാക്ഷികളെ നിരീക്ഷിക്കുന്ന ആളുകൾക്കു മുമ്പാകെയുള്ള വെല്ലുവിളി എന്ത്? (ബി) സാക്ഷികളുടെ സന്തോഷത്തിൽ അവർക്ക് എങ്ങനെ പങ്കുപററാം?
5 നിങ്ങൾ ഇതു തിരിച്ചറിയുന്നുവെങ്കിൽ അതിനോട് എങ്ങനെ പ്രതികരിക്കും? അതിന്റെ ആശയം പിടികിട്ടിയാൽ വെറും ഒരു നിരീക്ഷകൻ മാത്രമായി നിലകൊള്ളാൻ നിങ്ങൾക്കു കഴിയില്ല, അങ്ങനെയായിരിക്കാൻ നിങ്ങൾ ആഗ്രഹിക്കാനും പാടില്ല. “വചനം കേൾക്ക മാത്രം ചെയ്തുകൊണ്ടു” “അതിനെ ചെയ്യുന്നവരാ”യിരിക്കാഞ്ഞാൽ അവർ ‘തങ്ങളെതന്നെ ചതിക്കുകയാണ്’ ചെയ്യുന്നത് എന്നു ബൈബിൾ കാണിക്കുന്നു. (യാക്കോബ് 1:22) അവർ തങ്ങളെത്തന്നെ ചതിക്കുന്നു എന്നു പറയാൻ കാരണം, അവർ എന്തുതന്നെ പറഞ്ഞാലും ദൈവത്തെ അനുസരിക്കുന്നതിലുള്ള അവരുടെ പരാജയം വാസ്തവത്തിൽ ദൈവത്തോടുള്ള അവരുടെ സ്നേഹമില്ലായ്മയെയാണു കാണിക്കുന്നത് എന്നു തിരിച്ചറിയുന്നതിൽ അവർ പരാജയപ്പെടുന്നു എന്നതാണ്. പ്രവൃത്തികളാൽ പിന്തുണക്കപ്പെടാത്ത വിശ്വാസം ചത്തതാണ്. (യാക്കോബ് 2:18-26; 1 യോഹന്നാൻ 5:3) അതിനു വിപരീതമായി, യഹോവയോടുള്ള സ്നേഹത്താൽ പ്രേരിതനായ ഒരുവൻ “പ്രവൃത്തി ചെയ്യുന്നവനായി താൻ ചെയ്യുന്നതിൽ ഭാഗ്യവാൻ ആകും.” അതേ, യേശുക്രിസ്തു വിശദീകരിച്ചപ്രകാരം: “ദൈവത്തിന്റെ വചനം കേട്ടു പ്രമാണിക്കുന്നവർ അത്രേ ഭാഗ്യവാൻമാർ [സന്തുഷ്ടർ, NW].”—യാക്കോബ് 1:25; ലൂക്കൊസ് 11:28; യോഹന്നാൻ 13:17.
6. നാം യഥാർഥത്തിൽ ദൈവവചനത്തെ വിലമതിക്കുന്നുവെങ്കിൽ നാം ഏതിനെല്ലാമുള്ള അവസരങ്ങൾ തേടും?
6 ദൈവഹിതത്തെക്കുറിച്ചുള്ള അറിവിൽ വളരുകയും അങ്ങനെ കൂടുതലായി പഠിക്കുന്ന കാര്യങ്ങൾ പ്രാവർത്തികമാക്കുകയും ചെയ്യുമ്പോൾ ആ സന്തോഷം നിങ്ങളിൽ ആഴത്തിൽ വേരൂന്നും. ദൈവവചനം പഠിക്കുന്നതിനു നിങ്ങൾ എത്രമാത്രം ശ്രമം ചെലുത്തും? നിരക്ഷരരായിരുന്ന പതിനായിരക്കണക്കിനു വ്യക്തികൾ വായിക്കാനും പഠിക്കാനും കഠിനശ്രമം ചെലുത്തിയിട്ടുണ്ട്. തിരുവെഴുത്തുകൾ വായിക്കുകയും അതു മററുള്ളവരെ പഠിപ്പിക്കുകയും ചെയ്യുക എന്ന ഉദ്ദേശ്യത്തിലാണ് അവർ വിശേഷിച്ചും അങ്ങനെ ചെയ്തിരിക്കുന്നത്. മററു ചിലർ ബൈബിൾ വായിക്കുകയോ വീക്ഷാഗോപുരംപോലുള്ള ബൈബിളധ്യയന സഹായികൾ വായിക്കുകയോ ചെയ്തുകൊണ്ടു കുറച്ചുസമയം ചെലവിടുന്നതിന് ഓരോ ദിവസവും അതിരാവിലെ എഴുന്നേൽക്കുന്നു. നിങ്ങൾ തുടർച്ചയായി ബൈബിൾ വായിക്കുകയോ മറേറതെങ്കിലും അധ്യയന ഭാഗത്തു പരാമർശിച്ചിരിക്കുന്ന തിരുവെഴുത്തുകൾ എടുത്തുനോക്കുകയോ ചെയ്യുമ്പോൾ അതിലടങ്ങിയിരിക്കുന്ന യഹോവയുടെ നിയമങ്ങളും കല്പനകളും സൂക്ഷ്മമായി മനസ്സിലാക്കുക. കൂടാതെ, നമ്മുടെ മാർഗനിർദേശത്തിനായി അവിടെ നൽകിയിരിക്കുന്ന അനേകം തത്ത്വങ്ങൾ വിവേചിച്ചറിയാനും ശ്രമിക്കുക. ദൈവത്തെയും അവന്റെ ഉദ്ദേശ്യത്തെയും മനുഷ്യരുമായുള്ള അവന്റെ ഇടപെടലുകളെയുംകുറിച്ച് ഓരോ ഭാഗവും വെളിപ്പെടുത്തിയിരിക്കുന്ന കാര്യങ്ങളെക്കുറിച്ചു ധ്യാനിക്കുക. ഇതു നിങ്ങളുടെ ഹൃദയത്തെ രൂപപ്പെടുത്തുന്നതിനു സമയം അനുവദിക്കുക. ബൈബിളിലെ ബുദ്ധ്യുപദേശം നിങ്ങളുടെ സ്വന്തം ജീവിതത്തിൽ ഏറെ മെച്ചമായി ബാധകമാക്കാൻപററിയ വഴികളുണ്ടോയെന്നു പരിചിന്തിക്കുക.—സങ്കീർത്തനം 1:1, 2; 19:7-11; 1 തെസ്സലൊനീക്യർ 4:1.
യഹോവയോടുള്ള നിങ്ങളുടെ ഭക്തി തികവുള്ളതാണോ?
7. (എ) ത്രിത്വ സിദ്ധാന്തം ദൈവത്തെ ആരാധിക്കുന്നതിനുള്ള ആളുകളുടെ ഉദ്യമത്തെ സ്വാധീനിച്ചിരിക്കുന്നതെങ്ങനെ? (ബി) ഒരു വ്യക്തി യഹോവയെക്കുറിച്ചുള്ള സത്യം അറിയുമ്പോൾ എന്തു സംഭവിച്ചേക്കാം?
7 സത്യദൈവം ഒരു ത്രിത്വമല്ല എന്ന് അറിയാൻ കഴിഞ്ഞത് ലക്ഷക്കണക്കിന് ആളുകളെ സംബന്ധിച്ച് ഒരു ആശ്വാസമായിട്ടുണ്ട്. “അതൊരു മർമമാണ്” എന്ന വിശദീകരണം അവരെ ഒരിക്കലും സംതൃപ്തരാക്കിയില്ല. അജ്ഞേയനായ ഒരു ദൈവത്തിലേക്ക് അവർക്ക് എങ്ങനെ അടുക്കാൻ കഴിയും? ആ പഠിപ്പിക്കലിന്റെ ഫലമായി അവർ പിതാവിനെ അവഗണിക്കുന്നതിനും (ദൈവത്തിന്റെ പേര് അവർ ഒരിക്കലും പള്ളിയിൽ കേട്ടിട്ടില്ല) യേശുവിനെ ദൈവമായി ആരാധിക്കുന്നതിനും അതുമല്ലെങ്കിൽ അവരുടെ ആരാധന മറിയക്ക് നൽകുന്നതിനും (മറിയ “ദൈവമാതാവ്” ആണെന്നാണ് അവരെ പഠിപ്പിച്ചിരിക്കുന്നത്) പ്രേരിതരായി. എന്നാൽ യഹോവയുടെ സാക്ഷികളിൽ ഒരാൾ ബൈബിൾ തുറന്ന് ദൈവത്തിന്റെ വ്യക്തിപരമായ നാമം യഹോവ എന്നാണെന്ന് അവരെ കാണിച്ചപ്പോൾ അവരുടെ ഹൃദയം സന്തോഷത്തോടെ പ്രതികരിച്ചു. (സങ്കീർത്തനം 83:18) വെനെസ്വേലക്കാരിയായ ഒരു സ്ത്രീക്കു ദിവ്യനാമം കാണിച്ചുകൊടുത്തപ്പോൾ മഹത്തായ ആ സത്യം അവരുമായി പങ്കിട്ട ആ യുവ സാക്ഷിയെ അവർ ആനന്ദാതിരേകത്താൽ അക്ഷരാർഥത്തിൽ വാരിപ്പുണർന്നു. ഒരു ഭവന ബൈബിളധ്യയനം നടത്താൻ അവർ സമ്മതിക്കുകയും ചെയ്തു. യേശു തന്റെ പിതാവിനെക്കുറിച്ച് “എന്റെ ദൈവവും നിങ്ങളുടെ ദൈവ”വുമെന്നു പറഞ്ഞുവെന്നും തന്റെ പിതാവിനെ “ഏകസത്യദൈവ”മെന്നു വിളിച്ചുവെന്നും അത്തരം ആളുകൾ മനസ്സിലാക്കുമ്പോൾ ദൈവത്തെക്കുറിച്ചു ബൈബിൾ പഠിപ്പിക്കുന്നത് അജ്ഞേയമല്ലെന്ന് അവർ തിരിച്ചറിയുന്നു. (യോഹന്നാൻ 17:3; 20:17) യഹോവയുടെ ഗുണങ്ങളെക്കുറിച്ച് അറിയുമ്പോൾ അവർ ദൈവത്തിലേക്ക് അടുക്കുന്നതായി തോന്നുകയും അവനോടു പ്രാർഥിക്കാൻ തുടങ്ങുകയും അവനെ സന്തോഷിപ്പിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നു. ഫലമോ?
8. (എ) യഹോവയോടുള്ള തങ്ങളുടെ സ്നേഹവും അവനെ സന്തോഷിപ്പിക്കാനുള്ള ആഗ്രഹവുംമൂലം ലക്ഷക്കണക്കിനാളുകൾ എന്തു ചെയ്തിരിക്കുന്നു? (ബി) ക്രിസ്തീയ സ്നാപനം ജീവത്പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
8 കഴിഞ്ഞ പത്തു വർഷംകൊണ്ട് ആറു ഭൂഖണ്ഡങ്ങളിലും അസംഖ്യം ദ്വീപുകളിലുമായി 25,28,524 പേർ തങ്ങളുടെ ജീവിതം യഹോവക്കു സമർപ്പിക്കുകയും ആ സമർപ്പണം ജലസ്നാപനത്താൽ പ്രതീകപ്പെടുത്തുകയും ചെയ്തു. നിങ്ങൾ അവരിൽ ഒരാളായിരുന്നുവോ? അതോ നിങ്ങൾ ഇപ്പോൾ സ്നാപനത്തിനു തയ്യാറെടുക്കുകയാണോ? സ്നാപനം ഓരോ സത്യക്രിസ്ത്യാനിയുടെയും ജീവിതത്തിലെ ഒരു പ്രധാന നാഴികക്കല്ലാണ്. സകല രാഷ്ട്രങ്ങളിലെയും ജനങ്ങളെ ശിഷ്യരാക്കുകയും അവരെ സ്നാപനപ്പെടുത്തുകയും ചെയ്യുവാൻ യേശു തന്റെ അനുഗാമികൾക്കു നിയോഗം നൽകി. (മത്തായി 28:19, 20) യഹോവ സ്വർഗത്തിൽനിന്ന് “നീ എന്റെ പ്രിയ പുത്രൻ; നിന്നിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു” എന്നു പറഞ്ഞത് യേശുവിന്റെ സ്നാപനം കഴിഞ്ഞ ഉടനെയാണ് എന്നതും ശ്രദ്ധേയമാണ്.—ലൂക്കൊസ് 3:21, 22.
9. യഹോവയുമായി ഒരു അംഗീകൃത ബന്ധം നിലനിർത്തുന്നതിന് നമ്മുടെ പക്ഷത്തുനിന്ന് എന്ത് ആവശ്യമാണ്?
9 യഹോവയുമായുള്ള അംഗീകൃത ബന്ധം വളരെയധികം വിലമതിക്കേണ്ട ഒന്നാണ്. നിങ്ങൾ സമർപ്പണത്തിലൂടെയും സ്നാപനത്തിലൂടെയും അത്തരമൊരു ബന്ധത്തിലേക്കു പ്രവേശിച്ചിട്ടുണ്ടെങ്കിൽ ആ ബന്ധത്തിനു കേടുതട്ടുന്ന എന്തിനെയും ഒഴിവാക്കുക. ജീവിതത്തിലെ ഉത്കണ്ഠകളും ഭൗതിക വസ്തുക്കളിലുള്ള താത്പര്യവും അതിനെ രണ്ടാംസ്ഥാനത്തേക്കു തള്ളിക്കളയാൻ അനുവദിക്കരുത്. (1 തിമൊഥെയൊസ് 6:8-12) തീർച്ചയായും, “നിന്റെ എല്ലാവഴികളിലും അവനെ [യഹോവ] നിനെച്ചുകൊൾക; അവൻ നിന്റെ പാതകളെ നേരെയാക്കും” എന്ന സദൃശ്യവാക്യങ്ങൾ 3:6-ലെ ബുദ്ധ്യുപദേശത്തിനു ചേർച്ചയിൽ ജീവിക്കുക.
ക്രിസ്തുവിന്റെ സ്നേഹം എത്ര ആഴമായി നിങ്ങളെ ബാധിക്കുന്നു?
10. യഹോവയെ ആരാധിക്കുന്നത് യേശുവിനെ അവഗണിക്കാൻ ഇടയാക്കുന്നില്ലാത്തത് എന്തുകൊണ്ട്?
10 സത്യദൈവമെന്ന നിലയിൽ യഹോവയോട് ഒരുവൻ കാട്ടുന്ന ശരിയായ വിലമതിപ്പ് അയാൾ യേശുവിനെ അവഗണിക്കാൻ തീർച്ചയായും ഇടയാക്കുകയില്ല. നേരേ മറിച്ച്, വെളിപ്പാടു 19:10 പറയുന്നത് “യേശുവിന്റെ സാക്ഷ്യമോ പ്രവചനത്തിന്റെ ആത്മാവു തന്നേ” എന്നാണ്. യഹോവയുടെ ഉദ്ദേശ്യത്തിൽ യേശുവിനുള്ള റോളിനെപ്പററി നിശ്വസ്ത തിരുവെഴുത്തുകൾ ഉൽപ്പത്തി മുതൽ വെളിപാടു വരെ വിശദാംശങ്ങൾ നൽകുന്നുണ്ട്. ഒരു വ്യക്തി ആ വിശദാംശങ്ങൾ മനസ്സിലാക്കുമ്പോൾ ക്രൈസ്തവലോകത്തിന്റെ വ്യാജ പഠിപ്പിക്കലുകളുടെ ഫലമായി ഉളവായിട്ടുള്ള വക്രഗതിയിൽനിന്നും മിഥ്യാധാരണയിൽനിന്നും സ്വതന്ത്രമായ, മനോജ്ഞമായ ഒരു ധാരണ ഉളവാകുന്നു.
11. ദൈവപുത്രനെക്കുറിച്ചു ബൈബിൾ യഥാർഥത്തിൽ പഠിപ്പിക്കുന്നതു സംബന്ധിച്ചുള്ള അറിവ് പോളണ്ടിലെ ഒരു സ്ത്രീയിൽ എപ്രകാരം സ്വാധീനം ചെലുത്തി?
11 ദൈവപുത്രനെക്കുറിച്ചുള്ള സത്യം ഒരുവൻ ഉൾക്കൊള്ളുമ്പോൾ ആ സത്യത്തിന് അയാളുടെമേൽ ശക്തമായ സ്വാധീനം ചെലുത്താൻ കഴിയും. പോളണ്ടിലെ ഡനൂററയുടെ അനുഭവം അതായിരുന്നു. അവൾ യഹോവയുടെ സാക്ഷികളുമായി എട്ടു വർഷത്തോളം ബന്ധപ്പെട്ടുകൊണ്ടിരുന്നു. അവർ പഠിപ്പിക്കുന്നതെല്ലാം അവൾ ആസ്വദിച്ചു. എന്നാൽ അവൾ സത്യാരാധനയെ തന്റെ ജീവിതരീതിയാക്കിയില്ല. പിന്നീട്, ക്രിസ്തുവിന്റെ ജീവിതം എളുപ്പത്തിൽ മനസ്സിലാക്കാവുന്നരീതിയിൽ അവതരിപ്പിച്ചിരിക്കുന്ന ജീവിച്ചിരുന്നിട്ടുള്ളതിലേക്കും ഏററവും മഹാനായ മനുഷ്യൻ പുസ്തകം അവൾക്കു കിട്ടി.a അന്നു സന്ധ്യക്ക് ഒരധ്യായം മാത്രം വായിക്കാമെന്ന ഉദ്ദേശ്യത്തോടെ അവൾ പുസ്തകം തുറന്നു. എന്നാൽ മുഴുവൻ വായിച്ചു തീരാതെ അവൾ അതു താഴെവെച്ചില്ല. അപ്പോഴേക്കും നേരം വെളുത്തു കഴിഞ്ഞിരുന്നു. അവൾ പൊട്ടിക്കരഞ്ഞുപോയി. “യഹോവേ, എന്നോടു പൊറുക്കേണമേ” എന്ന് അവൾ കേണപേക്ഷിച്ചു. അവൾ വായിച്ചതിൽനിന്ന്, യഹോവയും അവന്റെ പുത്രനും കാണിച്ചിരിക്കുന്ന സ്നേഹത്തെക്കുറിച്ച് എന്നത്തേക്കാളുമധികം വ്യക്തമായി അവൾ ഗ്രഹിച്ചു. എട്ടു വർഷമായി ദൈവം ക്ഷമയോടെ തനിക്കുനേരെ വെച്ചുനീട്ടിയ സ്നേഹത്തിനു നന്ദിഹീനയായി താൻ പുറംതിരിഞ്ഞുകളയുകയായിരുന്നല്ലോ എന്ന് അവൾ തിരിച്ചറിഞ്ഞു. യഹോവക്കായുള്ള സമർപ്പണത്തിന്റെ പ്രതീകമായി യേശുക്രിസ്തുവിലുള്ള വിശ്വാസത്തെ അടിസ്ഥാനപ്പെടുത്തി അവൾ 1993-ൽ സ്നാപനമേററു.
12. യേശുക്രിസ്തുവിനെക്കുറിച്ചുള്ള സൂക്ഷ്മമായ അറിവ് നമ്മുടെ ജീവിതത്തെ എപ്രകാരം ബാധിക്കുന്നു?
12 “നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പരിജ്ഞാനം” സജീവവും ഫലപ്രദവുമായ ക്രിസ്ത്യാനിയായിരിക്കുന്നതിനോടു ബന്ധപ്പെട്ടിരിക്കുന്നു. (2 പത്രൊസ് 1:8) രാജ്യസന്ദേശം മററുള്ളവരുമായി പങ്കുവയ്ക്കുന്ന ആ പ്രവർത്തനത്തിൽ നിങ്ങൾക്ക് എത്രത്തോളം പങ്കുണ്ടായിരിക്കും? വ്യക്തികൾക്ക് എത്രത്തോളം ചെയ്യാനാകും എന്നത് വ്യത്യസ്ത സാഹചര്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. (മത്തായി 13:18-23) ചില സാഹചര്യങ്ങൾ നമുക്കു മാററാനാവില്ല; എന്നാൽ ചിലതു നമുക്കു കഴിയും. വരുത്താവുന്ന മാററങ്ങൾ തിരിച്ചറിഞ്ഞ് അപ്രകാരം ചെയ്യുന്നതിനു നമ്മെ എന്തു പ്രേരിപ്പിക്കും? “ക്രിസ്തുവിന്റെ സ്നേഹം ഞങ്ങളെ നിർബ്ബന്ധിക്കുന്നു” എന്ന് അപ്പോസ്തലനായ പൗലോസ് എഴുതി. മററുവാക്കുകളിൽ പറഞ്ഞാൽ, നമുക്കായി തന്റെ ജീവൻ വെടിഞ്ഞുകൊണ്ട് അവൻ പ്രകടിപ്പിച്ച സ്നേഹം വളരെ സവിശേഷമാകയാൽ അതിനോടുള്ള നമ്മുടെ വിലമതിപ്പു വർധിക്കുന്നതനുസരിച്ചു നമ്മുടെ ഹൃദയം പ്രേരിതമാകുകയും ചെയ്യും. തത്ഫലമായി, സ്വയം പ്രീതിപ്പെടുത്തുന്നതിനായി ജീവിക്കുന്നതും സ്വാർഥ ലക്ഷ്യങ്ങൾ പിന്തുടരുന്നതും തീർത്തും അനുചിതമാണെന്നു നാം തിരിച്ചറിയുന്നു. പകരം, തന്റെ ശിഷ്യൻമാർ ചെയ്യുന്നതിനായി യേശുക്രിസ്തു അവരെ പഠിപ്പിച്ച വേലയ്ക്ക് ഒന്നാം സ്ഥാനം നൽകുന്നതിനു നാം നമ്മുടെ ചുമതലകൾ ക്രമപ്പെടുത്തും.—2 കൊരിന്ത്യർ 5:14, 15.
ലോകത്തിൽനിന്ന് വേർപെട്ടുനിൽക്കൽ—എത്രത്തോളം?
13. ലോകത്തിന്റെ ഭാഗമായിത്തീർന്ന മതത്തിന്റെ ഭാഗമായിരിക്കാൻ നാം ആഗ്രഹിക്കരുതാത്തത് എന്തുകൊണ്ട്?
13 ലോകത്തിന്റെ ഭാഗമായിരിക്കാനുള്ള ആഗ്രഹംനിമിത്തം ക്രൈസ്തവലോകവും മററു മതങ്ങളും സൃഷ്ടിച്ചിരിക്കുന്ന രേഖ കാണുക പ്രയാസമല്ല. സഭയുടെ ഫണ്ടുകൾ വിപ്ലവകരമായ പ്രവർത്തനത്തിനായി ഉപയോഗിച്ചിരിക്കുന്നു, പുരോഹിതൻമാർ ഗറില്ലാ പോരാട്ടക്കാരായി തീർന്നിരിക്കുന്നു. ലോകത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിൽ പരസ്പരം നടത്തുന്ന മതപരമായ കക്ഷിവഴക്കുകളെക്കുറിച്ചു നാം ദിനംതോറും വാർത്താപത്രങ്ങളിൽ കാണുന്നു. അങ്ങനെ അവരുടെ കൈകൾ രക്തത്തിൽ കുതിർന്നിരിക്കയാണ്. (യെശയ്യാവു 1:15) കൂടാതെ, ലോകവ്യാപകമായി വൈദികർ രാഷ്ട്രീയ രംഗങ്ങളിൽ തുടർന്നും ചരടുവലി നടത്തുകയാണ്. സത്യാരാധകർക്ക് ഇതിൽ യാതൊരു പങ്കുമില്ല.—യാക്കോബ് 4:1-4.
14. (എ) ലോകത്തിൽനിന്ന് വേർപെട്ടുനിൽക്കാൻ ആഗ്രഹിക്കുന്നപക്ഷം വ്യക്തിപരമായി നാം എന്ത് ഒഴിവാക്കേണ്ടതുണ്ട്? (ബി) ലൗകിക മനോഭാവത്തിന്റെയും ആചാരങ്ങളുടെയും കെണിയിൽ അകപ്പെടാതിരിക്കുന്നതിനു നമ്മെ സഹായിക്കാൻ എന്തിനു സാധിക്കും?
14 എന്നാൽ, ലോകത്തിൽനിന്നു വേർപെട്ടുനിൽക്കുന്നതിൽ അതിലുമധികം ഉൾപ്പെട്ടിരിക്കുന്നു. പണത്തോടും പണത്തിനു വാങ്ങാൻ കഴിയുന്നതിനോടുമുള്ള സ്നേഹം, വ്യക്തിപരമായ പ്രാമുഖ്യതനേടാനുള്ള ആഗ്രഹം, സുഖലോലുപതക്കുവേണ്ടിയുള്ള നിരന്തരമായ അനുധാവനം എന്നിവ ലോകത്തിന്റെ സ്വഭാവവിശേഷതകളാണ്. കൂടാതെ, മററുള്ളവരിൽ യഥാർഥ താത്പര്യമെടുക്കുന്നതിലുള്ള അഭാവം, നുണപറച്ചിൽ, അസഭ്യ സംസാരം, അധികാരികൾക്കെതിരെയുള്ള മത്സരം, ആത്മനിയന്ത്രണം പാലിക്കുന്നതിലുള്ള പരാജയം എന്നിവയും അവയ്ക്കു സമാനമാണ്. (2 തിമൊഥെയൊസ് 3:2-5; 1 യോഹന്നാൻ 2:15, 16) നമ്മുടെ അപൂർണതനിമിത്തം ചിലപ്പോഴെല്ലാം നാം അത്തരം സ്വഭാവവിശേഷങ്ങളിൽ ചിലതു പ്രതിഫലിപ്പിച്ചേക്കാം. അത്തരം കെണികൾ ഒഴിവാക്കുന്നതിനുള്ള നമ്മുടെ പോരാട്ടത്തിൽ നമ്മെ സഹായിക്കാൻ എന്തിനു സാധിക്കും? ഇതിനെല്ലാം പിന്നിൽ പ്രവർത്തിക്കുന്നതാരാണ് എന്നു നാം നമ്മെത്തന്നെ ഓർമിപ്പിക്കേണ്ടതുണ്ട്. “സർവ്വലോകവും ദുഷ്ടന്റെ അധീനതയിൽ കിടക്കുന്നു.” (1 യോഹന്നാൻ 5:19) ഗതി എത്രതന്നെ ആകർഷകമെന്നു തോന്നിയാലും ആരൊക്കെ അങ്ങനെ ജീവിച്ചാലും യഹോവയുടെ പ്രധാന എതിരാളിയായ പിശാചായ സാത്താനാണ് അതിന്റെ പിന്നിലെന്നു നാം മനസ്സിലാക്കുമ്പോൾ അതു വാസ്തവത്തിൽ എത്ര വൃത്തിഹീനമാണെന്നു നാം തിരിച്ചറിയും.—സങ്കീർത്തനം 97:10.
നിങ്ങളുടെ സ്നേഹം എവിടെവരെ എത്തുന്നു?
15. നിങ്ങൾ നിരീക്ഷിച്ച നിസ്വാർഥമായ സ്നേഹം സത്യമതത്തെ തിരിച്ചറിയുന്നതിനു നിങ്ങളെ എങ്ങനെ സഹായിച്ചു?
15 നിങ്ങൾ ആദ്യമായി യഹോവയുടെ സാക്ഷികളുമായി സഹവസിക്കാൻ തുടങ്ങിയപ്പോൾ, ലോകത്തിലെ പ്രവണതയ്ക്കു വിരുദ്ധമായി അവരുടെ ഇടയിൽ പ്രകടിതമായ സ്നേഹം നിസ്സംശയമായും നിങ്ങളെ ആകർഷിച്ചു. നിസ്വാർഥ സ്നേഹത്തിൻമേലുള്ള ഊന്നൽ യഹോവയുടെ നിർമലാരാധനയെ മററു സകല ആരാധനാരീതികളിൽനിന്നും വേർതിരിച്ചുനിർത്തുന്നു. യഹോവയുടെ സാക്ഷികൾ വാസ്തവമായും ശരിയായ മതം ആചരിക്കുന്നുവെന്നു നിങ്ങളെ ബോധ്യപ്പെടുത്തിയ സംഗതി ഒരുപക്ഷേ ഇതുതന്നെയാകാം. “നിങ്ങൾക്കു തമ്മിൽ തമ്മിൽ സ്നേഹം ഉണ്ടെങ്കിൽ നിങ്ങൾ എന്റെ ശിഷ്യൻമാർ എന്നു എല്ലാവരും അറിയും” എന്ന് യേശുക്രിസ്തുതന്നെ പറഞ്ഞു.—യോഹന്നാൻ 13:35.
16. വ്യക്തികളെന്നനിലയിൽ നമ്മുടെ സ്നേഹത്തിൽ വിശാലതയുള്ളവരാകാൻ നമുക്ക് എന്തെല്ലാം അവസരങ്ങളുണ്ടായിരിക്കാം?
16 ക്രിസ്തുവിന്റെ ശിഷ്യരിൽ ഒരാളാണു നിങ്ങളും എന്ന് ആ ഗുണം തിരിച്ചറിയിക്കുന്നുണ്ടോ? നിങ്ങൾക്കു സ്നേഹം പ്രകടിപ്പിക്കുന്നതിൽ വിശാലതയുള്ളവരായിരിക്കാൻ മാർഗങ്ങളുണ്ടോ? നമുക്കെല്ലാം അപ്രകാരം ചെയ്യാൻ കഴിയുമെന്നതിൽ സംശയമില്ല. രാജ്യഹാളിലുള്ളവരോടു സ്നേഹം പ്രകടിപ്പിക്കുന്നതിലും അധികം ഉൾപ്പെട്ടിരിക്കുന്നു. നമ്മെ സ്നേഹിക്കുന്നവരെമാത്രം നാം സ്നേഹിച്ചാൽ നാമും ലോകവും തമ്മിൽ എന്തു വ്യത്യാസമാണുള്ളത്? “സകലത്തിന്നും മുമ്പെ തമ്മിൽ ഉററ സ്നേഹം ഉള്ളവരായിരിപ്പിൻ” എന്നു ബൈബിൾ ഉത്ഘോഷിക്കുന്നു. (1 പത്രൊസ് 4:8) നാം ആരോടാണ് അധികം സ്നേഹം പ്രകടിപ്പിക്കേണ്ടത്? അത് നമ്മുടേതിൽനിന്നു വ്യത്യസ്ത ചുററുപാടുള്ളതും നമുക്ക് അത്ര സുഖിക്കാത്ത രീതിയിൽ ചില കാര്യങ്ങൾ ചെയ്യുന്നതുമായ ഒരു ക്രിസ്തീയ സഹോദരനോടോ സഹോദരിയോടോ ആണോ? രോഗമോ വാർധക്യമോ നിമിത്തം യോഗങ്ങൾക്കു ക്രമമായി ഹാജരാകാൻ പററാത്ത ആരോടെങ്കിലുമാണോ? അതു നമ്മുടെ വിവാഹ ഇണയോടാണോ? അതോ, ഒരുപക്ഷേ അതു പ്രായംചെന്നുകൊണ്ടിരിക്കുന്ന നമ്മുടെ മാതാപിതാക്കളോടാണോ? കഠിനമായി അംഗവൈകല്യം സംഭവിച്ച ഒരു കുടുംബാംഗത്തിനു സദാ പരിചരണം നൽകുന്നതിൽനിന്ന് ഉളവായേക്കാവുന്ന പ്രയാസകരമായ സാഹചര്യങ്ങളെ നേരിടുമ്പോൾ സ്നേഹം ഉൾപ്പെടെയുള്ള ആത്മാവിന്റെ ഗുണങ്ങൾ നല്ലരീതിയിൽ പ്രകടിപ്പിച്ചുകൊണ്ടിരുന്ന ചിലർക്ക്, തങ്ങൾ അത്തരം ഗുണങ്ങളെല്ലാം വീണ്ടും പഠിക്കുകയാണ് എന്ന തോന്നൽ ഉണ്ടായിട്ടുണ്ട്. ഇത്തരം സാഹചര്യങ്ങളെ അഭിമുഖീകരിക്കുമ്പോൾപോലും നമ്മുടെ സ്നേഹം തീർച്ചയായും നമ്മുടെ സ്വന്തം കുടുംബാംഗങ്ങൾക്കും അപ്പുറത്തേക്ക് എത്തേണ്ടതുണ്ട്.
രാജ്യ സാക്ഷീകരണം—നിങ്ങൾക്ക് എത്ര പ്രധാനമാണ്?
17. യഹോവയുടെ സാക്ഷികളുടെ സന്ദർശനത്തിൽനിന്നു വ്യക്തിപരമായി നാം പ്രയോജനമനുഭവിച്ചിട്ടുണ്ടെങ്കിൽ ഇപ്പോൾ എന്തുചെയ്യാൻ നാം പ്രേരിതരാകേണ്ടതാണ്?
17 നമ്മുടെ സഹമനുഷ്യരോടു നാം സ്നേഹം പ്രകടിപ്പിക്കുന്ന ഒരു പ്രധാന മാർഗം അവർക്കു ദൈവരാജ്യത്തെക്കുറിച്ചു സാക്ഷ്യം നൽകുന്നതാണ്. യേശു മുൻകൂട്ടിപ്പറഞ്ഞ ഈ വേലചെയ്യുന്ന ഒരേ ഒരു വിഭാഗമേ ഉള്ളൂ. (മർക്കൊസ് 13:10) അവർ യഹോവയുടെ സാക്ഷികളാണ്. നാം വ്യക്തിപരമായി ഇതിൽനിന്നു പ്രയോജനമനുഭവിച്ചിട്ടുണ്ട്. മററുള്ളവരെ സഹായിക്കുക എന്നത് ഇപ്പോൾ നമ്മുടെ പദവിയാണ്. ഈ കാര്യത്തിൽ ദൈവത്തിന്റെ വീക്ഷണം പുലർത്തുന്നുവെങ്കിൽ ഈ വേലക്കു നമ്മുടെ ജീവിതത്തിൽ പ്രമുഖസ്ഥാനം ഉണ്ടായിരിക്കും.
18. യഹോവയുടെ സാക്ഷികൾ—ദൈവരാജ്യത്തിന്റെ പ്രഘോഷകർ എന്ന പുസ്തകത്തിന്റെ വായന രാജ്യ സാക്ഷീകരണത്തിലുള്ള നമ്മുടെ പങ്കുപററലിനെ എങ്ങനെ സ്വാധീനിച്ചേക്കാം?
18 ഈ അന്ത്യനാളുകളിൽ രാജ്യസന്ദേശം എങ്ങനെയാണു ഭൂമിയിലെ ഏററവും ബഹുദൂരപ്രദേശങ്ങളിലേക്കു വഹിച്ചുകൊണ്ടുപോയിട്ടുള്ളത് എന്നതിനെക്കുറിച്ചുള്ള രോമാഞ്ചജനകമായ വിവരണം യഹോവയുടെ സാക്ഷികൾ—ദൈവരാജ്യത്തിന്റെ പ്രഘോഷകർ എന്ന പുസ്തകത്തിൽ പറഞ്ഞിട്ടുണ്ട്. നിങ്ങൾക്ക് ഇംഗ്ലീഷ് ഭാഷ വശമാണെങ്കിൽ വായിക്കാതിരിക്കരുത്. നിങ്ങൾ അതു വായിക്കുമ്പോൾ ദൈവരാജ്യത്തെക്കുറിച്ചു സാക്ഷ്യം നൽകുന്നതിന് ഓരോ വ്യക്തികളും സ്വീകരിച്ച എല്ലാ വഴികളെയും കുറിച്ചു പ്രത്യേകം കുറിക്കൊള്ളുക. അതിൽ ആരുടെയെങ്കിലും മാതൃക നിങ്ങൾക്ക് അനുകരിക്കാൻ പററുമോ? നമുക്കെല്ലാം അനവധി അവസരങ്ങൾ തുറന്നുകിടപ്പുണ്ട്. ആ അവസരങ്ങൾ നല്ലവണ്ണം പ്രയോജനപ്പെടുത്തുവാൻ യഹോവയോടുള്ള നമ്മുടെ സ്നേഹം നമ്മെ പ്രേരിപ്പിക്കട്ടെ.
19. ശരിയായ മതം ഏതെന്നു മനസ്സിലാക്കുമ്പോൾ ഉണ്ടാകുന്ന ഉത്തരവാദിത്വം ഏറെറടുക്കുന്നതിൽനിന്നു നാം എങ്ങനെ പ്രയോജനം നേടുന്നു?
19 അങ്ങനെ, യഹോവയുടെ ഹിതം ചെയ്യുന്നതിനു നമ്മെത്തന്നെ വെച്ചുകൊടുക്കുമ്പോൾ ജീവിതത്തിന്റെ അർഥം എന്താണ് എന്ന ചോദ്യത്തിന് നാം ഉത്തരം കണ്ടെത്തുന്നു. (വെളിപ്പാടു 4:11) ഒരു ശൂന്യതാബോധത്തിൽ നാം തപ്പിത്തടയുന്നില്ല. യഹോവയുടെ സേവനത്തിനായി മുഴുഹൃദയത്തോടും നിങ്ങളെത്തന്നെ അർപ്പിക്കുന്നതിനെക്കാൾ സംതൃപ്തിയേകുന്ന വേറൊരു ജീവിതഗതിയുമില്ല. എത്ര മഹത്തായ ഭാവിയാണ് അതു വെച്ചുനീട്ടുന്നത്! മനുഷ്യവർഗത്തെ സൃഷ്ടിച്ചപ്പോൾ ദൈവത്തിനുണ്ടായിരുന്ന സ്നേഹനിർഭരമായ ഉദ്ദേശ്യത്തോടുള്ള ചേർച്ചയിൽ നമ്മുടെ പ്രാപ്തികൾ പൂർണമായി ഉപയോഗിക്കാൻ കഴിയുന്ന പുതിയ ഭൂമിയിലെ സംതൃപ്തിദായകമായ അനന്തജീവിതംതന്നെ.
[അടിക്കുറിപ്പ്]
a വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്ററ് സൊസൈററി പ്രസിദ്ധീകരിച്ചത്.
നിങ്ങൾ എങ്ങനെ ഉത്തരം നൽകും?
◻ ഒരു മതം ബൈബിളിനെ ദൈവവചനമായി അംഗീകരിക്കുകയും യഹോവയെ സത്യദൈവമായി ബഹുമാനിക്കുകയും ചെയ്യേണ്ടത് ജീവത്പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
◻ വീണ്ടെടുപ്പുകാരൻ എന്ന നിലയിലുള്ള യേശുവിന്റെ റോളിനെക്കുറിച്ചു സത്യമതം എന്താണു പഠിപ്പിക്കുന്നത്?
◻ ക്രിസ്ത്യാനികൾ ലോകത്തിൽനിന്നു വേർപെട്ടുനിൽക്കുകയും നിസ്വാർഥ സ്നേഹം പ്രകടിപ്പിക്കുകയും ചെയ്യേണ്ടത് എന്തുകൊണ്ട്?
◻ ശരിയായ മതത്തിൽ രാജ്യ സാക്ഷീകരണത്തിനുള്ള പങ്ക് എന്ത്?
[16-ാം പേജിലെ ചിത്രം]
സത്യാരാധന സ്വീകരിക്കുന്നതിലുള്ള ഉത്തരവാദിത്വങ്ങളിൽ മർമപ്രധാനമായ ഒരു പടിയാണു സ്നാപനം. ഓരോ മാസവും ലോകവ്യാപകമായി ഏതാണ്ട് 25,000 പേർ ആ പടി സ്വീകരിക്കുന്നു
റഷ്യ
സെനെഗൾ
പാപ്പുവ ന്യൂ ഗിനി
യു.എസ്.എ.
[17-ാം പേജിലെ ചിത്രം]
മററുള്ളവരുമായി ബൈബിൾ സത്യം പങ്കിടുന്നത് സത്യാരാധനയുടെ ഒരു ഭാഗമാണ്
യു.എസ്.എ.
ബ്രസീൽ
യു.എസ്.എ.
ഹോ ങ്കോംഗ്