ഭരണസംഘത്തിന്റെ കത്ത്
“നമ്മുടെ പിതാവായ ദൈവത്തിങ്കൽനിന്നും കർത്താവായ യേശുക്രിസ്തുവിങ്കൽനിന്നും നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ.” അപ്പൊസ്തലനായ പൗലൊസ് സഭകൾക്കുള്ള തന്റെ പല ലേഖനങ്ങളിലും ഇപ്രകാരം ആശംസിച്ചിരുന്നു. നിങ്ങൾ എല്ലാവരുടെയും കാര്യത്തിൽ ഞങ്ങൾ ആഗ്രഹിക്കുന്നതും ഇതുതന്നെയാണ്.—എഫെ. 1:2.
ക്രിസ്തുയേശുവിന്റെ മറുവിലയാഗത്തിലൂടെ യഹോവ പ്രകടമാക്കിയ കൃപ അഥവാ അനർഹദയ നാം എത്ര വിലമതിക്കുന്നു! മറുവില മുഖാന്തരം നമുക്ക് യഹോവയുടെ മുമ്പാകെ ഒരു അംഗീകൃത നിലയുണ്ട്. നാം എത്ര ഉത്സാഹപൂർവം ബൈബിൾ പഠിച്ചാലും സുവാർത്ത പ്രസംഗിക്കുകയോ മറ്റു സത്പ്രവൃത്തികളിൽ ഏർപ്പെടുകയോ ചെയ്താലും ശരി, നമ്മുടെ സ്വന്തം ശ്രമങ്ങളാൽ നമുക്ക് ഒരിക്കലും അതു നേടിയെടുക്കാൻ കഴിയുകയില്ല. പാപങ്ങളുടെ ക്ഷമയും നിത്യജീവനും നമുക്കു നീട്ടിത്തന്നിരിക്കുന്നത് നമ്മുടെ ശ്രമങ്ങൾക്കുള്ള പ്രതിഫലമായിട്ടല്ല, മറിച്ച് യേശുക്രിസ്തു മുഖാന്തരമുള്ള യഹോവയുടെ അനർഹദയ പ്രതിഫലിപ്പിക്കുന്ന ദാനമെന്ന നിലയിലാണ്.—റോമ. 11:6.
പൗലൊസ് സഹവിശ്വാസികൾക്ക് ഇപ്രകാരം എഴുതി: “നിങ്ങൾക്കു ദൈവത്തിന്റെ കൃപ ലഭിച്ചതു വ്യർത്ഥമായിത്തീരരുതു എന്നു ഞങ്ങൾ . . . നിങ്ങളെ പ്രബോധിപ്പിക്കുന്നു. ‘പ്രസാദകാലത്തു ഞാൻ നിനക്കു ഉത്തരം അരുളി; രക്ഷാദിവസത്തിൽ ഞാൻ നിന്നെ സഹായിച്ചു’ എന്നു അവൻ അരുളിച്ചെയ്യുന്നുവല്ലോ. ഇപ്പോൾ ആകുന്നു സുപ്രസാദകാലം; ഇപ്പോൾ ആകുന്നു രക്ഷാദിവസം.” ഒന്നാം നൂറ്റാണ്ടിലെ യെരൂശലേമിന്റെ നാശത്തിനുമുമ്പ് ഒരു “സുപ്രസാദകാലം” ഉണ്ടായിരുന്നു. യഹോവയെ സ്നേഹിച്ച ആത്മാർഥഹൃദയരായ ആളുകൾ ആത്മീയമായി രക്ഷിക്കപ്പെട്ടു. ആത്യന്തികമായി, അത് പൊ.യു. 70-ലെ യെരൂശലേമിന്റെ നാശത്തിനുമുമ്പ് അവിടെനിന്നു പലായനം ചെയ്ത വിശ്വസ്തരായ എല്ലാവരുടെയും ശാരീരിക രക്ഷയിൽ കലാശിച്ചു.—2 കൊരി. 6:1, 2.
ഇന്ന് നാം ജീവിക്കുന്നതും “സുപ്രസാദകാല”ത്തും “രക്ഷാദിവസ”ത്തിലുമാണ്. യഹോവ തന്റെ ദാസന്മാരായി അംഗീകരിക്കുന്നവർക്കും ആത്മീയമായി രക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുന്നവർക്കും ഇപ്പോൾ വളരെ അടുത്തിരിക്കുന്ന “യഹോവയുടെ മഹാദിവസ”ത്തിൽ ശാരീരികമായി രക്ഷിക്കപ്പെടുന്നതിനുള്ള പ്രതീക്ഷയുണ്ട്.—സെഫ. 1:14.
യഹോവയുടെ ദിവസത്തിന്റെ വരവ് നമ്മുടെമേൽ ഗൗരവമേറിയ ഒരു ഉത്തരവാദിത്വം വരുത്തിവെക്കുന്നു. നാം ആ ദിവസത്തെക്കുറിച്ച് ആളുകൾക്കു മുന്നറിയിപ്പു നൽകുകയും യഹോവയുടെ അനർഹദയയിൽനിന്നു പ്രയോജനം നേടാൻ ആത്മാർഥഹൃദയരെ സഹായിക്കുകയും വേണം, തന്മൂലം അവരും രക്ഷിക്കപ്പെട്ടേക്കാം. ഈ ഉത്തരവാദിത്വത്തിന്റെ ഗൗരവം നന്നായി തിരിച്ചറിഞ്ഞ വ്യക്തിയാണ് പൗലൊസ്. അവൻ എഴുതി: “ഞാൻ സുവിശേഷം അറിയിക്കുന്നില്ല എങ്കിൽ എനിക്കു അയ്യോ കഷ്ടം!” തന്റെ വികാരം അവൻ ഇപ്രകാരം പ്രകടിപ്പിച്ചു: “ജ്ഞാനികൾക്കും ബുദ്ധിഹീനർക്കും ഞാൻ കടക്കാരൻ ആകുന്നു. അങ്ങനെ . . . സുവിശേഷം അറിയിപ്പാൻ എന്നാൽ ആവോളം ഞാൻ ഒരുങ്ങിയിരിക്കുന്നു.”—1 കൊരി. 9:16; റോമ. 1:14, 15.
ആളുകൾക്കു മുന്നറിയിപ്പു നൽകുകയെന്ന ജീവത്പ്രധാന വേല നാം അവഗണിക്കുന്നെങ്കിൽ യഹോവ നമ്മോടു കണക്കുചോദിക്കും. പ്രവാചകനായ യെഹെസ്കേലിനോട് യഹോവ എന്താണു പറഞ്ഞതെന്നു നമുക്കറിയാം: “മനുഷ്യപുത്രാ, ഞാൻ നിന്നെ യിസ്രായേൽഗൃഹത്തിന്നു കാവല്ക്കാരനാക്കിയിരിക്കുന്നു; നീ എന്റെ വായിൽനിന്നു വചനം കേട്ടു എന്റെ നാമത്തിൽ അവരെ പ്രബോധിപ്പിക്കേണം. ഞാൻ ദുഷ്ടനോടു: നീ മരിക്കും എന്നു കല്പിക്കുമ്പോൾ നീ അവനെ ഓർപ്പിക്കയോ ദുഷ്ടനെ ജീവനോടെ രക്ഷിക്കേണ്ടതിന്നു അവൻ തന്റെ ദുർമ്മാർഗ്ഗം വിടുവാൻ അവനെ ഓർപ്പിച്ചുകൊണ്ടും ഒന്നും പറകയോ ചെയ്യാഞ്ഞാൽ, ദുഷ്ടൻ തന്റെ അകൃത്യത്തിൽ മരിക്കും; അവന്റെ രക്തമോ ഞാൻ നിന്നോടു ചോദിക്കും.”—യെഹെ. 3:17, 18.
ഈ അന്ത്യനാളുകൾ ഇടപെടാൻ പ്രയാസമായവയാണ്. കുടുംബകാര്യങ്ങൾ, ലൗകിക പ്രവർത്തനങ്ങൾ, സഭാപ്രവർത്തനങ്ങൾ, പ്രസംഗവേല എന്നിവ സമനിലയിൽ കൊണ്ടുപോകുക എളുപ്പമല്ല. കൂടാതെ നിങ്ങളിൽ പലർക്കും രോഗം, വിഷാദം, വാർധക്യം, എതിർപ്പ് എന്നിവയുടേതായ പ്രശ്നങ്ങളുമുണ്ട്. നിങ്ങളിൽ മിക്കവരും “ഭാരം ചുമക്കുന്നവ”രാണ്. നിങ്ങളോടുള്ള ഞങ്ങളുടെ സഹാനുഭൂതി പ്രകടിപ്പിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു, “അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയുള്ളോരേ, എല്ലാവരും എന്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും” എന്ന യേശുവിന്റെ വാക്കുകൾക്കു ചേർച്ചയിൽത്തന്നെ. (മത്താ. 11:28) ചെറുതും വലുതുമായ വെല്ലുവിളികൾ ഉണ്ടായിരുന്നിട്ടും യഹോവയെ വിശ്വസ്തമായി സേവിക്കുന്നതിൽ തുടരാൻ ശ്രമംചെയ്യുന്ന നിങ്ങളെ എല്ലാവരെയും ഞങ്ങൾ ഊഷ്മളമായി അഭിനന്ദിക്കുന്നു.
നിങ്ങളുടെ തീക്ഷ്ണമായ പ്രസംഗ-പഠിപ്പിക്കൽ വേലയുടെയും യഹോവയുടെ അനുഗ്രഹത്തിന്റെയും ഫലമായി ഓരോ ആഴ്ചയിലും ശരാശരി 4,762 പേർ ലോകവ്യാപകമായി സ്നാപനമേൽക്കുന്നു. കഴിഞ്ഞ സേവനവർഷത്തിൽ 1,375 പുതിയ സഭകൾ രൂപീകരിക്കപ്പെട്ടു. ഇതിനോടകം 120-ലധികം ഭാഷകളിൽ ലഭ്യമായ ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? എന്ന പുതിയ പുസ്തകം, ഈ “രക്ഷാദിവസ”ത്തിൽ യഹോവയിൽനിന്നുള്ള അനർഹദയയിൽനിന്നും സമാധാനത്തിൽനിന്നും പ്രയോജനം നേടാൻ ദശലക്ഷങ്ങളെ സഹായിക്കുമെന്നു ഞങ്ങൾ പ്രത്യാശിക്കുന്നു, അതിനായി ഞങ്ങൾ പ്രാർഥിക്കുകയും ചെയ്യുന്നു.
ഭരണസംഘം നിങ്ങളെ സ്നേഹിക്കുന്നെന്നും നിങ്ങൾക്കുവേണ്ടി പ്രാർഥിക്കുന്നെന്നും ഉറപ്പുണ്ടായിരിക്കുക. നിങ്ങൾ ഞങ്ങൾക്കുവേണ്ടി പ്രാർഥിക്കുന്നതിനു ഞങ്ങൾ നന്ദിപറയുകയും ചെയ്യുന്നു.
നിങ്ങളുടെ സഹോദരന്മാർ,
യഹോവയുടെ സാക്ഷികളുടെ ഭരണസംഘം