മാനുഷികബലഹീനതയെ യഹോവയുടെ കണ്ണിലൂടെ നോക്കിക്കാണുക
“ദുർബലമായി കാണപ്പെടുന്ന അവയവങ്ങൾ ഒഴിച്ചുകൂടാനാവാത്തവയത്രേ.” —1 കൊരി. 12:22.
1, 2. ദുർബലരോട് സഹാനുഭൂതി കാണിക്കാൻ പൗലോസിന് കഴിയുമായിരുന്നത് എന്തുകൊണ്ട്?
നമുക്കെല്ലാം ഇടയ്ക്കൊക്കെ ക്ഷീണം തോന്നാറുണ്ട്. ഒരു ജലദോഷമോ അലർജിയോ അനുദിനകാര്യങ്ങൾപോലും ചെയ്യാനാകാത്ത വിധം നമ്മെ തളർത്തിയേക്കാം. എന്നാൽ, കേവലം ഒന്നോ രണ്ടോ ആഴ്ചയല്ല, മാസങ്ങളോളം നിങ്ങൾക്ക് അവശത അനുഭവപ്പെടുന്നെന്നു കരുതുക. അങ്ങനെ ഒരു സാഹചര്യത്തിൽ മറ്റുള്ളവർ നിങ്ങളോട് സമാനുഭാവം കാണിക്കുന്നെങ്കിൽ നിങ്ങൾ അതു വിലമതിക്കില്ലേ?
2 സഭയ്ക്ക് അകത്തും പുറത്തും നിന്നുള്ള സമ്മർദങ്ങൾ ഒരാളെ എങ്ങനെ ബാധിച്ചേക്കാം എന്ന് അപ്പൊസ്തലനായ പൗലോസ് സ്വാനുഭവത്തിലൂടെ തിരിച്ചറിഞ്ഞിരുന്നു. അങ്ങനെയുള്ള സാഹചര്യങ്ങൾ അവനെയും ചില ഘട്ടങ്ങളിൽ തളർത്തിക്കളഞ്ഞിട്ടുണ്ട്. ഇനി തനിക്ക് പിടിച്ചുനിൽക്കാനാവില്ലെന്നുപോലും ഒന്നിലധികം തവണ പൗലോസിന് തോന്നി. (2 കൊരി. 1:8; 7:5) ഒരു വിശ്വസ്തക്രിസ്ത്യാനി എന്നനിലയിൽ ജീവിതത്തിൽ തനിക്കു കടന്നുപോകേണ്ടിവന്ന ക്ലേശപൂർണമായ സാഹചര്യങ്ങളിലേക്ക് മനസ്സുപായിച്ചുകൊണ്ട് പൗലോസ് ഇങ്ങനെ പറഞ്ഞു: “ആർ ബലഹീനനായിട്ടു ഞാൻ ബലഹീനനാകാതെ ഇരിക്കുന്നു?” (2 കൊരി. 11:29, സത്യവേദപുസ്തകം) ക്രിസ്തീയസഭയിലെ വ്യത്യസ്ത അംഗങ്ങളെ മനുഷ്യശരീരത്തിലെ അവയവങ്ങളോട് താരതമ്യം ചെയ്തുകൊണ്ട്, “ദുർബലമായി കാണപ്പെടുന്ന അവയവങ്ങൾ ഒഴിച്ചുകൂടാനാവാത്തവയത്രേ” എന്ന് പൗലോസ് പ്രസ്താവിച്ചു. (1 കൊരി. 12:22) അവൻ എന്താണ് അർഥമാക്കിയത്? ദുർബലരായി കാണപ്പെടുന്നവരെ യഹോവ വീക്ഷിക്കുന്നതുപോലെ നാം വീക്ഷിക്കേണ്ടത് എന്തുകൊണ്ട്? അത് നമുക്ക് എങ്ങനെ പ്രയോജനം ചെയ്യും?
മാനുഷികബലഹീനതയെ യഹോവ വീക്ഷിക്കുന്ന വിധം
3. സഭയിൽ സഹായം ആവശ്യമുള്ളവരോടുള്ള നമ്മുടെ വീക്ഷണത്തെ എന്തു സ്വാധീനിച്ചേക്കാം?
3 കയ്യൂക്കിനും ചെറുപ്പത്തിന്റെ ചോരത്തിളപ്പിനും പ്രാധാന്യം നൽകുന്ന, മത്സരബുദ്ധി നിറഞ്ഞ ഒരു ലോകത്താണ് നാം ജീവിക്കുന്നത്. സ്വന്തം അഭീഷ്ടസിദ്ധിക്കായി എന്തും ചെയ്യാൻ മടിയില്ലാത്തവരാണ് പലരും. അത്തരക്കാർ മിക്കപ്പോഴും ദുർബലരുടെ വികാരങ്ങളെ ചവിട്ടിമെതിക്കുന്നു. നമ്മൾ ഒരിക്കലും അത്തരം പെരുമാറ്റത്തെ അനുകൂലിക്കുകയില്ലെന്നതു നേരാണ്. എങ്കിലും, നിരന്തരം സഹായം ആവശ്യമുള്ള ബലഹീനരുടെ നേർക്ക്, ഒരുപക്ഷേ സഭയിൽപ്പോലും, നാമറിയാതെതന്നെ നമ്മുടെ ഉള്ളിൽ ഒരു നിഷേധാത്മക മനോഭാവം വളർന്നുവരാൻ ഇടയുണ്ട്. എന്നാൽ ദൈവത്തെ അനുകരിച്ചുകൊണ്ട് കൂടുതൽ സമനിലയുള്ള ഒരു വീക്ഷണം നമുക്ക് നട്ടുവളർത്താനാകും.
4, 5. (എ) മാനുഷികബലഹീനതയെ യഹോവ വീക്ഷിക്കുന്ന വിധം ഗ്രഹിക്കാൻ 1 കൊരിന്ത്യർ 12:21-23-ൽ കാണുന്ന ദൃഷ്ടാന്തം നമ്മെ സഹായിക്കുന്നത് എങ്ങനെ? (ബി) ബലഹീനരെ സഹായിക്കുന്നതിൽനിന്ന് നമുക്ക് എങ്ങനെ പ്രയോജനം നേടാനാകും?
4 മാനുഷികബലഹീനതയെ യഹോവ വീക്ഷിക്കുന്നത് എങ്ങനെയാണെന്നതു സംബന്ധിച്ച് ഉൾക്കാഴ്ച നേടാൻ, കൊരിന്ത്യർക്ക് എഴുതിയ ഒന്നാമത്തെ ലേഖനത്തിൽ പൗലോസ് ഉപയോഗിച്ച ഒരു ദൃഷ്ടാന്തം നമ്മെ സഹായിക്കുന്നു. മനുഷ്യശരീരത്തിൽ അഴകു കുറഞ്ഞോ ദുർബലമായോ കാണപ്പെടുന്ന ഒരു അവയവത്തിനുപോലും ഒരു നിശ്ചിത ധർമം നിറവേറ്റാനുണ്ടെന്ന് 12-ാം അധ്യായത്തിൽ പൗലോസ് ഓർമിപ്പിക്കുന്നു. (1 കൊരിന്ത്യർ 12:12, 18, 21-23 വായിക്കുക.) മനുഷ്യശരീരത്തിൽ ദർശിക്കാനാകുന്ന ഈ തത്ത്വം പല പരിണാമവാദികളും ചോദ്യം ചെയ്തിട്ടുണ്ട്. എന്നിരുന്നാലും, ഉപയോഗശൂന്യമെന്ന് ഒരിക്കൽ കരുതിയിരുന്ന ചില ശരീരാവയവങ്ങൾ വാസ്തവത്തിൽ മർമപ്രധാനമായ ധർമങ്ങൾ നിർവഹിക്കുന്നുണ്ടെന്ന് ശരീരഘടനയെ കുറിച്ചുള്ള പഠനം വെളിപ്പെടുത്തുന്നു.a ഉദാഹരണത്തിന്, കാലിലെ ചെറുവിരലിന് എന്ത് ഉപയോഗമിരിക്കുന്നുവെന്ന് ചിലർക്കു തോന്നിയിട്ടുണ്ട്. എന്നാൽ എഴുന്നേറ്റു നിൽക്കുമ്പോൾ മുഴുശരീരത്തിന്റെയും സമതുലിതാവസ്ഥ നിലനിറുത്തുന്നതിൽ അത് ഗണ്യമായ ഒരു പങ്കുവഹിക്കുന്നുണ്ടെന്ന് ഇന്ന് തിരിച്ചറിഞ്ഞിരിക്കുന്നു.
5 ക്രിസ്തീയസഭയിലെ എല്ലാ അംഗങ്ങളും ഉപയോഗമുള്ളവരാണെന്ന് പൗലോസിന്റെ ദൃഷ്ടാന്തം എടുത്തുകാണിക്കുന്നു. മനുഷ്യർ വിലകെട്ടവരാണെന്ന ധാരണ കുത്തിവെക്കുന്ന സാത്താനിൽനിന്ന് വ്യത്യസ്തനായി, ദുർബലരായി കാണപ്പെടുന്നവരെ ഉൾപ്പെടെ തന്റെ സകല ദാസരെയും “ഒഴിച്ചുകൂടാനാവാത്തവ”രായിട്ടാണ് യഹോവ വീക്ഷിക്കുന്നത്. (ഇയ്യോ. 4:18, 19) ഈ തിരിച്ചറിവ്, പ്രാദേശികസഭയിൽ നമുക്കുള്ള പങ്കിനെയും ദൈവജനത്തിന്റെ ആഗോളസഭയിൽ നമുക്കുള്ള ഭാഗധേയത്തെയും പ്രതി നമ്മുടെ ഓരോരുത്തരുടെയും ഹൃദയത്തിൽ സന്തോഷം നിറയ്ക്കേണ്ടതാണ്. ദൃഷ്ടാന്തത്തിന്, പ്രായമുള്ള ഒരു വ്യക്തിക്ക് നിങ്ങൾ സഹായഹസ്തം നീട്ടിയ ഒരു സാഹചര്യത്തെക്കുറിച്ചു ചിന്തിക്കുക. അദ്ദേഹത്തോടൊപ്പം നീങ്ങുന്നതിന് നിങ്ങൾ സാവധാനം നടക്കേണ്ടിവന്നിരിക്കാം. പക്ഷേ, അങ്ങനെ സഹായിച്ചതുമൂലം അദ്ദേഹത്തിന്റെ ഒരു കാര്യം സാധിച്ചു എന്നതുകൂടാതെ നിങ്ങൾക്കുതന്നെ അത് ചാരിതാർഥ്യം പകരുകയും ചെയ്തില്ലേ? അതെ, മറ്റുള്ളവരുടെ ആവശ്യങ്ങളിൽ നാം അവരെ സഹായിക്കുമ്പോൾ അവർക്കായി കരുതുന്നതിന്റെ സന്തോഷം ആസ്വദിക്കാനും അതോടൊപ്പം ദീർഘക്ഷമയിലും സ്നേഹത്തിലും പക്വതയിലും വളർന്നുവരാനും നമുക്കാകുന്നു. (എഫെ. 4:15, 16) അംഗങ്ങളുടെ പരിമിതികൾ ഗണ്യമാക്കാതെ അവരെ എല്ലാവരെയും മൂല്യമുള്ളവരായി വീക്ഷിക്കുന്ന ഒരു സഭ സമനിലയും സ്നേഹവും പ്രദർശിപ്പിക്കുകയാണ്. നമ്മുടെ സ്നേഹവാനായ സ്വർഗീയ പിതാവ് തീർച്ചയായും അത് വിലമതിക്കുന്നു.
6. ‘ബലഹീനരായ,’ “ശക്തരായ” എന്നീ പദങ്ങൾ ചില സമയങ്ങളിൽ പൗലോസ് ഉപയോഗിച്ചത് ഏത് അർഥത്തിലാണ്?
6 കൊരിന്ത്യർക്ക് എഴുതവെ, “ബലഹീനമായ,” “ബലഹീനത” എന്നീ പദങ്ങൾ പൗലോസ് ഉപയോഗിച്ചത്, അവിശ്വാസികൾ ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികളെ വീക്ഷിച്ച വിധത്തെയും തന്നെക്കുറിച്ചുതന്നെ അവന് അനുഭവപ്പെട്ടതിനെയും ആധാരമാക്കിയായിരുന്നു എന്നതാണ് രസകരമായ വസ്തുത. (1 കൊരി. 1:26, 27; 2:3, സത്യവേദപുസ്തകം) “ശക്തരായ” ചിലരെക്കുറിച്ചും പൗലോസ് പറഞ്ഞു. (റോമ. 15:1) എന്നാൽ അതുവഴി ചില ക്രിസ്ത്യാനികളിൽ ഒരു ഉന്നതഭാവം ഉളവാക്കാൻ പൗലോസ് ആഗ്രഹിച്ചില്ല. പകരം, കൂടുതൽ അനുഭവപരിചയമുള്ള ക്രിസ്ത്യാനികൾ, സത്യത്തിൽ ദൃഢമായി വേരൂന്നിയിട്ടില്ലാത്തവരോട് ക്ഷമ കാണിക്കണം എന്ന് അവൻ പറയുകയായിരുന്നു.
നമ്മുടെ ചിന്താഗതിക്ക് മാറ്റം വരുത്തേണ്ടതുണ്ടോ?
7. ക്ലേശിതരെ സഹായിക്കുന്നതിൽനിന്ന് എന്ത് നമ്മെ പിന്തിരിപ്പിച്ചേക്കാം?
7 “എളിയവനെ” താങ്ങുമ്പോൾ നാം യഹോവയെ അനുകരിക്കുക മാത്രമല്ല അവന്റെ അംഗീകാരം നേടുകയും ചെയ്യുന്നു. (സങ്കീ. 41:1; എഫെ. 5:1) എങ്കിൽത്തന്നെയും സഹായം ആവശ്യമുള്ളവരെക്കുറിച്ചുള്ള നിഷേധാത്മകമായ ഒരു മനോഭാവം അവർക്ക് ആവശ്യമായ സഹായം നൽകുന്നതിൽനിന്ന് നമ്മെ പിന്തിരിപ്പിച്ചേക്കാം. അതുമല്ലെങ്കിൽ എന്തു പറയണമെന്ന് അറിയാതെ കുഴങ്ങിയിട്ട് ക്ലേശം അനുഭവിക്കുന്ന വ്യക്തിയിൽനിന്ന് നാം അകന്നു മാറുകയും ചെയ്തേക്കാം. ഭർത്താവ് ഉപേക്ഷിച്ചുപോയ സിന്തിയb എന്ന സഹോദരി ഇങ്ങനെ പറയുന്നു: “സഹോദരങ്ങൾ നിങ്ങളെ അവഗണിക്കുകയോ ഉറ്റസുഹൃത്തുക്കളിൽനിന്ന് നിങ്ങൾ പ്രതീക്ഷിക്കുന്ന വിധത്തിൽ അവർ നിങ്ങളോട് പെരുമാറാതിരിക്കുകയോ ചെയ്യുമ്പോൾ അത് മനസ്സിനെ മുറിപ്പെടുത്തിയേക്കാം. പരിശോധനകളിലൂടെ കടന്നുപോകുമ്പോൾ മറ്റുള്ളവർ നിങ്ങളോടൊപ്പം ഉണ്ടായിരിക്കാൻ നിങ്ങൾ ആഗ്രഹിക്കും.” അവഗണിക്കപ്പെടുന്നതിന്റെ വേദന പുരാതനകാലത്തെ ദാവീദ് രാജാവ് മനസ്സിലാക്കിയിരുന്നു.—സങ്കീ. 31:12.
8. കൂടുതൽ സമാനുഭാവം ഉള്ളവരായിരിക്കാൻ നമ്മെ എന്തു സഹായിക്കും?
8 പ്രതികൂല സാഹചര്യങ്ങൾനിമിത്തം നമ്മുടെ പ്രിയപ്പെട്ട ചില സഹോദരീസഹോദരന്മാരുടെ ശക്തി ചോർന്നുപോയിട്ടുണ്ടാകാം എന്ന് ഓർക്കുന്നെങ്കിൽ നാം അവരോട് കൂടുതൽ സമാനുഭാവത്തോടെ ഇടപെടാൻ സാധ്യതയുണ്ട്. മോശമായ ആരോഗ്യം, വിഭജിതകുടുംബത്തിലെ ജീവിതം, വിഷാദം എന്നിങ്ങനെ പലവിധ പ്രാതികൂല്യങ്ങളുമായി മല്ലിട്ടുകൊണ്ടാണ് പലരും മുന്നോട്ടുനീങ്ങുന്നതെന്ന് നാം മറന്നുപോകരുത്. ഒരുനാൾ അത്തരമൊരു സാഹചര്യത്തിലൂടെ നമ്മളും കടന്നുപോയേക്കാം. ഒരുകാലത്ത് ഈജിപ്റ്റിൽ ദരിദ്രരും ദുർബലരുമായി ജീവിച്ചവരായ ഇസ്രായേല്യർ, കഷ്ടത അനുഭവിക്കുന്ന തങ്ങളുടെ സഹോദരങ്ങളോട് ഒരിക്കലും “ഹൃദയം കഠിനമാ”ക്കരുതെന്ന് വാഗ്ദത്തദേശത്ത് പ്രവേശിക്കുന്നതിനു മുമ്പ് യഹോവ അവരെ ഓർമിപ്പിച്ചു. ദരിദ്രരായവർക്ക് അവർ മനസ്സോടെ കൈ തുറന്നു കൊടുക്കാൻ യഹോവ പ്രതീക്ഷിച്ചു.—ആവ. 15:7, 11; ലേവ്യ. 25:35-38.
9. ക്ലേശങ്ങൾ അനുഭവിക്കുന്നവരെ സഹായിക്കുമ്പോൾ നാം എന്തിനാണ് പ്രാധാന്യം കൊടുക്കേണ്ടത്? ദൃഷ്ടാന്തീകരിക്കുക.
9 ക്ലേശപൂർണമായ സാഹചര്യങ്ങളിലൂടെ കടന്നുപോകുന്നവരെ കുറ്റംവിധിക്കുകയോ സംശയദൃഷ്ട്യാ വീക്ഷിക്കുകയോ ചെയ്യുന്നതിനു പകരം അവർക്ക് നമ്മൾ ആത്മീയമായി ആശ്വാസം പ്രദാനം ചെയ്യുകയാണ് വേണ്ടത്. (ഇയ്യോ. 33:6, 7; മത്താ. 7:1) ദൃഷ്ടാന്തത്തിന്, വാഹനാപകടത്തിൽപ്പെട്ട ഒരു ബൈക്കുയാത്രക്കാരനെ അത്യാഹിതവിഭാഗത്തിൽ പ്രവേശിപ്പിക്കുന്നെന്ന് കരുതുക. അപകടത്തിന് കാരണക്കാരൻ അയാളായിരുന്നോ എന്ന് തിട്ടപ്പെടുത്താനായിരിക്കുമോ അങ്ങനെയൊരു സാഹചര്യത്തിൽ അവിടത്തെ ഡോക്ടർമാരും നഴ്സുമാരും തുനിയുക? ഒരിക്കലുമല്ല, മറിച്ച് അയാൾക്ക് അടിയന്തിര വൈദ്യസഹായം നൽകാനായിരിക്കും അവർ ശ്രമിക്കുന്നത്. സമാനമായി, ഒരു സഹവിശ്വാസി വ്യക്തിപരമായ പ്രശ്നങ്ങളിൽപ്പെട്ട് ഉഴലുകയാണെങ്കിൽ അദ്ദേഹത്തിന് ആവശ്യമായ ആത്മീയപിന്തുണ നൽകുന്നതിനായിരിക്കണം നാം മുൻഗണന കൊടുക്കേണ്ടത്.—1 തെസ്സലോനിക്യർ 5:14 വായിക്കുക.
10. ഒറ്റനോട്ടത്തിൽ ബലഹീനരെന്ന് തോന്നിയേക്കാവുന്ന ചിലർ വാസ്തവത്തിൽ “വിശ്വാസത്തിൽ സമ്പന്ന”രായിരുന്നേക്കാവുന്നത് എങ്ങനെ?
10 നമ്മുടെ സഹോദരങ്ങളുടെ സാഹചര്യങ്ങളെക്കുറിച്ച് ചിന്തിക്കാൻ നാം സമയമെടുക്കുന്നെങ്കിൽ ബാഹ്യമായി അവരിൽ കാണപ്പെടുന്ന ദുർബലാവസ്ഥ വാസ്തവത്തിൽ ഒരു ബലഹീനതയേയല്ലെന്ന് തിരിച്ചറിയാൻ നമുക്കായേക്കും. കാലങ്ങളായി കുടുംബത്തിൽനിന്നുള്ള എതിർപ്പ് സഹിച്ചുനിൽക്കുന്ന സഹോദരിമാരുടെ കാര്യമെടുക്കുക. അവരിൽ ചിലർ എളിയവരോ ദുർബലരോ ആയി കാണപ്പെട്ടേക്കാമെങ്കിലും അന്യാദൃശമായ വിശ്വാസവും ആന്തരികകരുത്തും അല്ലേ അവർ പ്രകടമാക്കുന്നത്? ഒറ്റയ്ക്കുള്ള ഒരു മാതാവ് കൊച്ചുകുഞ്ഞുമായോ കുട്ടികളുമായോ ഒരു മുടക്കവുംകൂടാതെ യോഗങ്ങൾക്ക് വരുന്നത് കാണുമ്പോൾ അവരുടെ വിശ്വാസവും നിശ്ചയദാർഢ്യവും നിങ്ങളിൽ മതിപ്പുളവാക്കുന്നില്ലേ? സ്കൂളിലെ മോശമായ സ്വാധീനങ്ങളെ ചെറുത്ത് സത്യത്തോട് പറ്റിനിൽക്കുന്ന കൗമാരപ്രായക്കാരെക്കുറിച്ച് നിങ്ങൾക്ക് എന്തു തോന്നുന്നു? ബലഹീനരെന്ന് തോന്നിപ്പോയേക്കാവുന്ന ഇവരെല്ലാം നമുക്കിടയിൽ ഏറെ അനുകൂലമായ സാഹചര്യങ്ങൾ ഉള്ളവരെപ്പോലെതന്നെ “വിശ്വാസത്തിൽ സമ്പന്ന”രാണെന്ന് എളിമയോടെ നമ്മൾ അംഗീകരിക്കുന്നു.—യാക്കോ. 2:5.
യഹോവയുടെ വീക്ഷണത്തോട് അനുരൂപപ്പെടുക
11, 12. (എ) മാനുഷികബലഹീനതയെ നോക്കിക്കാണുന്ന വിധത്തിന് മാറ്റംവരുത്താൻ നമ്മെ എന്തു സഹായിക്കും? (ബി) യഹോവ അഹരോനോട് ഇടപെട്ട വിധത്തിൽനിന്ന് നമ്മൾ എന്തു പഠിക്കുന്നു?
11 തന്റെ ചില ദാസരോടുള്ള ബന്ധത്തിൽ യഹോവ കാര്യങ്ങൾ കൈകാര്യം ചെയ്ത വിധം പരിചിന്തിക്കുന്നത് നമ്മുടെ വീക്ഷണം യഹോവയുടേതിനോട് അനുരൂപപ്പെടുത്താൻ നമ്മെ സഹായിക്കും. (സങ്കീർത്തനം 130:3 വായിക്കുക.) ഉദാഹരണത്തിന്, അഹരോൻ സ്വർണക്കാളക്കുട്ടിയെ ഉണ്ടാക്കിയപ്പോൾ നിങ്ങൾ മോശയോടൊപ്പം ഉണ്ടായിരുന്നെങ്കിൽ അഹരോന്റെ മുടന്തൻന്യായങ്ങളെക്കുറിച്ച് നിങ്ങൾക്ക് എന്തു തോന്നുമായിരുന്നു? (പുറ. 32:21-24) അല്ലെങ്കിൽ, മോശ ഒരു വിജാതീയസ്ത്രീയെ വിവാഹം കഴിച്ചതിന് തന്റെ സഹോദരിയായ മിരിയാമിന്റെ സ്വാധീനത്തിന് വഴിപ്പെട്ട് അഹരോൻ മോശയെ വിമർശിച്ച സന്ദർഭത്തിൽ നിങ്ങൾ അവിടെ ഉണ്ടായിരുന്നുവെന്ന് കരുതുക. അഹരോന്റെ ആ മനോഭാവത്തെ നിങ്ങൾ എങ്ങനെ കാണുമായിരുന്നു? (സംഖ്യാ. 12:1, 2) ഇസ്രായേൽ ജനത്തിന് യഹോവ മെരീബായിൽവെച്ച് അത്ഭുതകരമായി വെള്ളം നൽകിയപ്പോൾ അഹരോനും മോശയും അവനെ മഹത്ത്വീകരിക്കാതിരിക്കുന്നതു കണ്ടിരുന്നെങ്കിൽ നിങ്ങൾ എങ്ങനെ പ്രതികരിക്കുമായിരുന്നു?—സംഖ്യാ. 20:10-13.
12 മേൽപ്പറഞ്ഞ ഓരോ സന്ദർഭത്തിലും യഹോവയ്ക്ക് അഹരോനെ തത്ക്ഷണം ശിക്ഷിക്കാമായിരുന്നു. എന്നാൽ, അഹരോൻ ഒരു ദുഷ്ടനല്ലെന്നും അവൻ മനഃപൂർവം തെറ്റുവരുത്തിയതല്ലെന്നും യഹോവ വിവേചിച്ചറിഞ്ഞു. അഹരോൻ സാഹചര്യങ്ങൾക്കോ മറ്റുള്ളവരുടെ സ്വാധീനത്തിനോ വഴിപ്പെട്ടായിരിക്കാം ശരിയായ ഗതിയിൽനിന്ന് വഴുതിപ്പോയത്. എങ്കിലും, സ്വന്തം പിശകുകൾ തിരിച്ചറിഞ്ഞപ്പോൾ ഉടനടി അവൻ അത് അംഗീകരിക്കുകയും യഹോവയുടെ ന്യായത്തീർപ്പുകളെ പിന്തുണയ്ക്കുകയും ചെയ്തു. (പുറ. 32:26; സംഖ്യാ. 12:11; 20:23-27) അഹരോന്റെ വിശ്വാസത്തിലും മാനസാന്തരത്തിലും ആണ് യഹോവ ശ്രദ്ധ കേന്ദ്രീകരിച്ചത്. നൂറ്റാണ്ടുകൾക്കു ശേഷംപോലും അഹരോനും അവന്റെ സന്തതിപരമ്പരകളും യഹോവാഭക്തരായി അറിയപ്പെട്ടു.—സങ്കീ. 115:10-12; 135:19, 20.
13. മാനുഷികബലഹീനതയെ നമ്മൾ എങ്ങനെ വീക്ഷിക്കുന്നു എന്നതു സംബന്ധിച്ച് നമുക്ക് എന്ത് ആത്മവിശകലനം നടത്താനാകും?
13 യഹോവയുടെ വീക്ഷണഗതിയുമായി നമ്മുടെ ചിന്താഗതിയെ സമരസപ്പെടുത്തണമെങ്കിൽ ദുർബലരായി കാണപ്പെടുന്നവരെ നാം എങ്ങനെയാണു വീക്ഷിക്കുന്നതെന്ന് സ്വയം ചോദിക്കേണ്ടതുണ്ട്. (1 ശമൂ. 16:7) ഉദാഹരണത്തിന്, ഒരു കൗമാരപ്രായക്കാരൻ വിവേചനയില്ലാതെ വിനോദം തിരഞ്ഞെടുക്കുകയോ അലക്ഷ്യമനോഭാവം കാണിക്കുകയോ ചെയ്യുമ്പോൾ നാം എങ്ങനെ പ്രതികരിക്കും? അതിരുകടന്ന് വിമർശിക്കുന്നതിനു പകരം പക്വതയിലേക്കു വളരാൻ അവനെ സഹായിക്കുന്നതിന് നമുക്ക് എന്തു ചെയ്യാനാകും എന്നു ചിന്തിക്കരുതോ? അതെ, സഹായം ആവശ്യമുള്ളവർക്ക് അതു നൽകാൻ നമുക്ക് മുൻകൈ എടുക്കാം. അങ്ങനെ ചെയ്യുമ്പോൾ മറ്റുള്ളവരോട് പരിഗണന കാണിക്കുന്നതിലും അവരെ സ്നേഹിക്കുന്നതിലും നാം പുരോഗതി പ്രാപിക്കും.
14, 15. (എ) ഏലിയാവിന് താത്കാലികമായി ധൈര്യം ചോർന്നതു കണ്ടപ്പോൾ യഹോവയ്ക്ക് എന്തു തോന്നി? (ബി) ഏലിയാവിന്റെ അനുഭവത്തിൽനിന്ന് നമുക്ക് എന്തു പഠിക്കാനാകും?
14 നമ്മുടെ ചിന്താഗതിയും നിരുത്സാഹിതരായ തന്റെ ചില ദാസരോട് യഹോവ ഇടപെട്ട രീതിയും തമ്മിൽ താരതമ്യം ചെയ്യുന്നത് മറ്റുള്ളവരെക്കുറിച്ചുള്ള നമ്മുടെ വീക്ഷണം വിശാലമാക്കാൻ നമ്മെ സഹായിക്കും. നിരുത്സാഹിതനായിത്തീർന്ന ഒരു ദൈവദാസനായിരുന്നു ഏലിയാവ്. ബാലിന്റെ 450 പ്രവാചകന്മാരെ നിർഭയം വെല്ലുവിളിച്ച ഏലിയാവ് പക്ഷേ, ഇസബേൽ രാജ്ഞി തന്നെ വകവരുത്താൻ പദ്ധതിയിടുന്നെന്നു കേട്ടപ്പോൾ ദൂരേക്ക് ഓടിപ്പോയി. ബേർ-ശേബയിലേക്ക് ഏകദേശം 150 കിലോമീറ്റർ കാൽനടയായി യാത്ര ചെയ്തശേഷം അവൻ ഒരു മരുപ്രദേശത്തിന്റെ ഉൾഭാഗത്തേക്ക് പോയി. ചുട്ടുപൊള്ളുന്ന വെയിലത്ത് യാത്രചെയ്ത് ക്ഷീണിച്ച് അവശനായ പ്രവാചകൻ ഒരു മരത്തണലിൽ പോയിരുന്ന് തന്റെ “പ്രാണനെ എടുത്തുകൊള്ളേണമേ” എന്ന് അപേക്ഷിച്ചു.—1 രാജാ. 18:19; 19:1-4.
15 സ്വർഗത്തിൽനിന്ന് നോക്കിയപ്പോൾ, തന്റെ വിശ്വസ്തപ്രവാചകൻ നിരുത്സാഹിതനായിരിക്കുന്നതു കണ്ട യഹോവയ്ക്ക് എന്തു തോന്നിക്കാണും? താത്കാലികമായി വീര്യം ചോർന്ന് വിഷാദത്തിന് അടിപ്പെട്ട അവനെ യഹോവ തള്ളിക്കളഞ്ഞോ? ഒരിക്കലുമില്ല! ഏലിയാവിന്റെ പരിമിതികൾ കണക്കിലെടുത്ത യഹോവ അവനെ സഹായിക്കാനായി ഒരു ദൂതനെ അയച്ചു. ഭക്ഷണം കഴിക്കാൻ ആ ദൂതൻ അവനെ രണ്ടു തവണ പ്രോത്സാഹിപ്പിച്ചു. വീണ്ടും ഒരു “ദൂരയാത്ര” നടത്താൻ അത് അവനെ ശക്തനാക്കുമായിരുന്നു. (1 രാജാക്കന്മാർ 19:5-8 വായിക്കുക.) അതെ, മാർഗനിർദേശം നൽകാൻ മുതിരുന്നതിനു മുമ്പ് യഹോവ തന്റെ പ്രവാചകനെ ശ്രദ്ധിക്കുകയും അവന് സഹിച്ചുനിൽക്കാൻ ആവശ്യമായ പ്രായോഗിക സഹായം നൽകുകയും ചെയ്തു.
16, 17. ഏലിയാവിനുവേണ്ടി യഹോവ കരുതിയ വിധം നമുക്ക് എങ്ങനെ പകർത്താനാകും?
16 കരുതലുള്ള നമ്മുടെ ദൈവത്തെ നമുക്ക് എങ്ങനെ അനുകരിക്കാനാകും? ഉപദേശം നൽകാൻ നാം തിടുക്കം കൂട്ടരുത്. (സദൃ. 18:13) വ്യക്തിപരമായ സാഹചര്യങ്ങൾ നിമിത്തം തങ്ങൾ “മാനം കുറ”ഞ്ഞവരാണെന്ന് ചിന്തിക്കുന്ന ചിലരുണ്ടാകാം. (1 കൊരി. 12:23) അങ്ങനെയുള്ളവരോട് സംസാരിക്കുമ്പോൾ, ആദ്യംതന്നെ അവരോട് സമാനുഭാവം പ്രകടിപ്പിക്കാൻ അല്പസമയം ഉപയോഗിക്കുന്നത് നല്ലതായിരിക്കും. അങ്ങനെയാകുമ്പോൾ അവരുടെ യഥാർഥ ആവശ്യങ്ങൾ മനസ്സിലാക്കി വേണ്ടപോലെ പ്രവർത്തിക്കാൻ നമുക്കാകും.
17 ഉദാഹരണത്തിന്, നേരത്തേ പരാമർശിച്ച സിന്തിയയുടെ കാര്യമെടുക്കുക. അവളുടെ ഭർത്താവ് അവളെയും രണ്ടു പെൺമക്കളെയും ഉപേക്ഷിച്ചു പോയി. പെട്ടെന്ന് നിരാലംബരായതായി അവർക്ക് തോന്നി. എങ്ങനെയാണ് ചില സഹവിശ്വാസികൾ അവരുടെ തുണയ്ക്കെത്തിയത്? അവൾ വിശദീകരിക്കുന്നു: “സംഭവിച്ചതിനെക്കുറിച്ച് ഫോൺവിളിച്ച് അറിയിച്ചപ്പോൾ 45 മിനിട്ടിനകം അവരെല്ലാം വീട്ടിലെത്തി. അവരുടെയും കണ്ണു നിറഞ്ഞിരുന്നു. ആദ്യത്തെ രണ്ടു മൂന്നു ദിവസം ആരെങ്കിലും എപ്പോഴും ഞങ്ങളോടൊപ്പമുണ്ടായിരുന്നു. ഞങ്ങൾ ആവശ്യത്തിന് ഭക്ഷണം കഴിക്കാതെയും വൈകാരികമായി തളർന്നും ഇരുന്നതുകൊണ്ട് കുറെനാളത്തേക്ക് അവർ ഞങ്ങളെ അവരുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി.” ഇപ്പോൾ, യാക്കോബ് പറഞ്ഞത് നിങ്ങളുടെ മനസ്സിലേക്ക് ഓടിയെത്തുന്നുണ്ടാകും: ‘ഉണ്ണാനും ഉടുക്കാനും വകയില്ലാത്ത ഒരു സഹോദരനോ സഹോദരിയോ നിങ്ങൾക്കിടയിൽ ഉണ്ടെന്നിരിക്കട്ടെ. നിങ്ങളിൽ ഒരുവൻ അവരോട്, “സമാധാനത്തോടെ പോയി തീ കായുക; ഭക്ഷിച്ചു തൃപ്തരാകുക” എന്നു പറയുന്നതല്ലാതെ അവർക്കു ശാരീരികമായി ആവശ്യമുള്ളതൊന്നും കൊടുക്കുന്നില്ലെങ്കിൽ എന്തു പ്രയോജനം? അങ്ങനെ, വിശ്വാസവും പ്രവൃത്തികളില്ലാത്തതായാൽ നിർജീവമായിരിക്കും.’ (യാക്കോ. 2:15-17) മാനസിക പ്രഹരമേൽപ്പിച്ച ആ സംഭവത്തിന് ആറു മാസത്തിനു ശേഷം സിന്തിയയും രണ്ടു പെൺമക്കളും സഹായ പയനിയർമാരായി സേവിക്കാനുള്ള ശക്തി ആർജിച്ചെടുത്തു. അതെ, പ്രാദേശികസഭയിലെ സഹോദരീസഹോദരന്മാർ സമയോചിതമായി നൽകിയ പിന്തുണയാണ് അവരെ നിലനിറുത്തിയത്.—2 കൊരി. 12:10.
അനേകർക്ക് പ്രയോജനം കൈവരുത്തുന്നു
18, 19. (എ) താത്കാലികമായി ബലഹീനരായവരെ നമുക്ക് എങ്ങനെ സഹായിക്കാനാകും? (ബി) നാം ദുർബലരെ താങ്ങുമ്പോൾ വാസ്തവത്തിൽ ആരെല്ലാമാണ് അതിൽനിന്ന് പ്രയോജനം നേടുന്നത്?
18 തളർത്തിക്കളയുന്ന ഒരു ശാരീരികരോഗം ഭേദമാകാൻ സമയം എടുത്തേക്കാം എന്ന് അനുഭവത്തിൽനിന്ന് നിങ്ങൾക്ക് അറിയാമായിരിക്കാം. സമാനമായി, വ്യക്തിപരമായ ബുദ്ധിമുട്ടുകളാലോ പരിശോധനാകരമായ സാഹചര്യങ്ങളാലോ ശക്തി ചോർന്നുപോയ ഒരു ക്രിസ്ത്യാനിക്ക് ആത്മീയാരോഗ്യം വീണ്ടെടുക്കാൻ സമയം വേണ്ടിവന്നേക്കാം. വ്യക്തിപരമായ പഠനം, പ്രാർഥന, ഇതര ക്രിസ്തീയ പ്രവർത്തനങ്ങൾ എന്നിവയിലൂടെയെല്ലാം അദ്ദേഹം സ്വന്തം വിശ്വാസം ബലിഷ്ഠമാക്കേണ്ടതുണ്ട് എന്നത് വസ്തുതയാണ്. എന്നാൽ ചോദ്യമിതാണ്: അദ്ദേഹം സമനില വീണ്ടെടുക്കുന്നതുവരെ നാം അദ്ദേഹത്തോട് ക്ഷമ കാണിക്കുമോ? ആത്മീയമായി ശക്തി പുനരാർജിക്കുന്ന ആ കാലയളവിൽ നാം തുടർന്നും അദ്ദേഹത്തെ സ്നേഹിക്കുമോ? നമ്മുടെ ചില സഹോദരങ്ങൾ താത്കാലികമായി ക്ഷീണിതരാണെങ്കിലും, നമുക്ക് അവർ വേണ്ടപ്പെട്ടവരാണെന്നും നമ്മൾ അവരെ സ്നേഹിക്കുന്നുണ്ടെന്നും അവർക്ക് ബോധ്യപ്പെടുംവിധം പ്രവർത്തിക്കാൻ നമ്മൾ ശ്രമം ചെയ്യണം.—2 കൊരി. 8:8.
19 സഹോദരങ്ങളെ സഹായിക്കുമ്പോൾ കൊടുക്കുന്നതിലൂടെ മാത്രം ലഭിക്കുന്ന അതിരറ്റ സന്തോഷം നമുക്ക് അനുഭവിക്കാനാകും എന്ന് ഒരിക്കലും വിസ്മരിക്കരുത്. സമാനുഭാവവും ക്ഷമയും കാണിക്കാനുള്ള പ്രാപ്തിയും നമുക്ക് അങ്ങനെ വികസിപ്പിച്ചെടുക്കാനാകും. എന്നാൽ അതു മാത്രമല്ല അതിന്റെ പ്രയോജനം. മുഴുസഭയിലും സ്നേഹവും ഊഷ്മളതയും തഴച്ചുവളരും. എല്ലാറ്റിലുമുപരി, ഓരോ വ്യക്തിയെയും തന്റെ അമൂല്യ സ്വത്തായി വീക്ഷിക്കുന്ന യഹോവയെ നാം അനുകരിക്കുകയാണ്. അതെ, “ബലഹീനരെ താങ്ങണമെന്ന” ആഹ്വാനത്തിന് ചേർച്ചയിൽ പ്രവർത്തിക്കാൻ നമുക്കേവർക്കും നിരവധി കാരണങ്ങളുണ്ട്.—പ്രവൃ. 20:35.
a മനുഷ്യൻ വന്ന വഴി (ഇംഗ്ലീഷ്) എന്ന പുസ്തകത്തിൽ ചാൾസ് ഡാർവിൻ പല ശരീരാവയവങ്ങളെയും “ഉപയോഗശൂന്യം” എന്ന് വിളിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ അനുകൂലികളിൽ ഒരാൾ, അപ്പെൻഡിക്സും തൈമസ് ഗ്രന്ഥിയും ഉൾപ്പെടെ മനുഷ്യശരീരത്തിൽ പ്രയോജനരഹിതമായ നിരവധി “അവശിഷ്ടാവയവങ്ങൾ” ഉണ്ടെന്ന് വാദിക്കുകയുണ്ടായി.
b പേരു മാറ്റിയിട്ടുണ്ട്.