“സന്തോഷത്തോടെ കൊടുക്കുന്നവനെ ദൈവം സ്നേഹിക്കുന്നു”
ഔദാര്യത്തിന്റെ മകുടോദാഹരണമാണ് യഹോവ. തീർച്ചയായും, “എല്ലാ നല്ല ദാനവും തികഞ്ഞ വരം ഒക്കെയും” നൽകുന്നവൻ ആണ് അവനെന്നു ബൈബിൾ പറയുന്നു. (യാക്കോബ് 1:17) ഉദാഹരണത്തിന്, ദൈവം സൃഷ്ടിച്ചിരിക്കുന്ന കാര്യങ്ങൾ നോക്കുക. അവൻ ഉണ്ടാക്കിയത് രുചിയില്ലാത്ത ഭക്ഷണമല്ല, സ്വാദിഷ്ഠമായതാണ്; നിറം മങ്ങിയ പൂക്കളല്ല, വർണഭംഗിയാർന്നവയാണ്; വിരസമായ സൂര്യാസ്തമയങ്ങളല്ല, പകിട്ടേറിയവയാണ്. അതേ യഹോവയുടെ സൃഷ്ടിയുടെ ഏതു വശവും അവന്റെ സ്നേഹത്തിനും ഔദാര്യത്തിനും തെളിവു നൽകുന്നു. (സങ്കീർത്തനം 19:1, 2; 139:14) മാത്രമല്ല, യഹോവ സന്തുഷ്ട ദാതാവാണ്. തന്റെ ദാസന്മാർക്കു നന്മ ചെയ്യുന്നത് അവനു പ്രമോദമാണ്.—സങ്കീർത്തനം 84:11; 149:4.
പരസ്പരമുള്ള ഇടപെടലുകളിൽ ദൈവത്തിന്റെ ഔദാര്യത്തെ പ്രതിഫലിപ്പിക്കാൻ ഇസ്രായേല്യരോടു കൽപ്പിച്ചിരുന്നു. “ദരിദ്രനായ സഹോദരന്റെ നേരെ നിന്റെ ഹൃദയം കഠിനമാക്കാതെയും കൈ അടെക്കാതെയും . . . നീ അവന്നു കൊടുത്തേ മതിയാവു; കൊടുക്കുമ്പോൾ ഹൃദയത്തിൽ വ്യസനം തോന്നരുതു” എന്ന് മോശ അവരോടു പറഞ്ഞു. (ആവർത്തനപുസ്തകം 15:7, 10) ഹൃദയപ്രേരിതമായി കൊടുക്കേണ്ടിയിരുന്നതിനാൽ, ഔദാര്യ പ്രവൃത്തികളിൽ ഇസ്രായേല്യർ പ്രമോദം കണ്ടെത്തണമായിരുന്നു.
സമാനമായ ബുദ്ധ്യുപദേശം ക്രിസ്ത്യാനികൾക്കും ലഭിച്ചു. വാസ്തവത്തിൽ, “കൊടുക്കുന്നതിൽ സന്തുഷ്ടി” ഉണ്ടെന്ന് യേശു പറഞ്ഞു. (പ്രവൃത്തികൾ 20:35, NW) സന്തോഷത്തോടെ കൊടുക്കുന്നതിൽ മാതൃക വെച്ചവരാണ് യേശുവിന്റെ ശിഷ്യന്മാർ. ഉദാഹരണത്തിന്, യെരൂശലേമിൽവെച്ച് വിശ്വാസികൾ ആയിത്തീർന്നവർ “ജന്മഭൂമികളും വസ്തുക്കളും വിററു അവനവന്നു ആവശ്യം ഉള്ളതുപോലെ എല്ലാവർക്കും പങ്കി”ട്ടതായി ബൈബിൾ റിപ്പോർട്ടു ചെയ്യുന്നു.—പ്രവൃത്തികൾ 2:44, 45.
എന്നാൽ ഉദാരമതികളായ ആ യഹൂദ്യ നിവാസികൾ പിന്നീട് ദരിദ്രരായി. ആ അവസ്ഥ ഉണ്ടാകാൻ കാരണം എന്തെന്നു ബൈബിൾ കൃത്യമായി പറയുന്നില്ല. പ്രവൃത്തികൾ 11:28, 29-ൽ പരാമർശിച്ചിരിക്കുന്ന ക്ഷാമം ആയിരിക്കാം അതിനു കാരണമെന്നു ചില പണ്ഡിതന്മാർ പറയുന്നു. ഏതായാലും, യഹൂദ്യയിലെ ആ ക്രിസ്ത്യാനികൾ വളരെ ദാരുണമായ അവസ്ഥയിൽ ആയിരുന്നു. അവരുടെ അവശ്യ സംഗതികൾ നടക്കുന്നുവെന്ന് ഉറപ്പു വരുത്താൻ പൗലൊസ് ആഗ്രഹിച്ചു. അവൻ അത് എങ്ങനെ ചെയ്യുമായിരുന്നു?
ദരിദ്രർക്കുള്ള സംഭാവന
അകലെ കിടക്കുന്ന മക്കെദോന്യ സഭയുടെ പോലും സഹായം പൗലൊസ് പട്ടികപ്പെടുത്തി. എന്നിട്ട്, യഹൂദ്യയിലെ ദരിദ്ര ക്രിസ്ത്യാനികൾക്കു വേണ്ടി സംഭാവന പിരിക്കാനുള്ള ക്രമീകരണം ചെയ്തു. കൊരിന്ത്യർക്ക് പൗലൊസ് എഴുതി: “ധർമ്മശേഖരത്തിന്റെ കാര്യത്തിലോ ഞാൻ ഗലാത്യസഭകളോടു ആജ്ഞാപിച്ചതുപോലെ നിങ്ങളും ചെയ്വിൻ. . . . ആഴ്ചവട്ടത്തിൽ ഒന്നാം നാൾതോറും നിങ്ങളിൽ ഓരോരുത്തൻ തനിക്കു കഴിവുള്ളതു ചരതിച്ചു തന്റെ പക്കൽ വെച്ചുകൊള്ളേണം.”a—1 കൊരിന്ത്യർ 16:1, 2.
യെരൂശലേമിലെ സഹോദരങ്ങൾക്ക് ആ ഫണ്ട് പെട്ടെന്നുതന്നെ അയച്ചുകൊടുക്കാൻ പൗലൊസ് ഉദ്ദേശിച്ചിരുന്നു. എന്നാൽ കൊരിന്ത്യർ പൗലൊസിന്റെ നിർദേശങ്ങളോടു പെട്ടെന്നു പ്രതികരിച്ചില്ല. എന്തുകൊണ്ട്? യഹൂദ്യയിലെ സഹോദരങ്ങളുടെ ദാരുണമായ അവസ്ഥയിൽ അവർക്ക് താത്പര്യം ഇല്ലായിരുന്നു എന്നാണോ? അല്ല, കാരണം “വിശ്വാസം, വചനം, പരിജ്ഞാനം, പൂർണ്ണജാഗ്രത . . . ഇങ്ങനെ എല്ലാറ്റിലും” കൊരിന്ത്യർ മുന്തിനിൽക്കുന്നതായി പൗലൊസിന് അറിയാമായിരുന്നു. (2 കൊരിന്ത്യർ 8:7) അവർക്കുള്ള തന്റെ ആദ്യ ലേഖനത്തിൽ പൗലൊസ് സൂചിപ്പിച്ചിരുന്ന നിർണായക കാര്യങ്ങൾ ചെയ്യുന്നതിന്റെ തിരക്കിൽ ആയിരുന്നിരിക്കാം അവർ. എന്നാൽ യെരൂശലേമിലെ അവസ്ഥ ഇപ്പോൾ അടിയന്തിരമായിരുന്നു. അതുകൊണ്ട് അക്കാര്യത്തെക്കുറിച്ച് തന്റെ രണ്ടാമത്തെ ലേഖനത്തിൽ പൗലൊസ് പരാമർശിച്ചു.
ഔദാര്യത്തിനുള്ള ആഹ്വാനങ്ങൾ
ആദ്യം, ദുരിതാശ്വാസ പ്രവർത്തനത്തോടു മാതൃകാപരമായി പ്രതികരിച്ച മക്കെദോന്യരെക്കുറിച്ചു പൗലൊസ് കൊരിന്ത്യരോടു സംസാരിച്ചു. “കഷ്ടത എന്ന കഠിന ശോധനയിൽ ആയിരുന്നിട്ടും അവരുടെ സന്തോഷസമൃദ്ധിയും മഹാദാരിദ്ര്യവും ധാരാളം ഔദാര്യം കാണിപ്പാൻ കാരണമായിത്തീർന്നു” എന്ന് അവൻ എഴുതി. മക്കെദോന്യരോട് ആരും പറയേണ്ട ആവശ്യം ഇല്ലായിരുന്നു. നേരേമറിച്ച്, “അവർ വളരെ താല്പര്യത്തോടെ ഞങ്ങളോടു അപേക്ഷിച്ചു പ്രാപ്തിപോലെയും പ്രാപ്തിക്കു മീതെയും സ്വമേധയായി കൊടുത്തു” എന്ന് പൗലൊസ് പറഞ്ഞു. “മഹാദാരിദ്ര്യ”ത്തിൽ ആയിരുന്നിട്ടും മക്കെദോന്യർ കാട്ടിയ സന്തോഷകരമായ ഔദാര്യം ശ്രദ്ധേയമാണ്.—2 കൊരിന്ത്യർ 8:2-4.
മക്കെദോന്യരെ പ്രകീർത്തിച്ചുകൊണ്ട് കൊരിന്ത്യരുടെ ഇടയിൽ ഒരു മത്സര മനോഭാവം ഇളക്കിവിടാൻ പൗലൊസ് ശ്രമിക്കുകയായിരുന്നോ? തീർച്ചയായും അല്ല. കാരണം, അങ്ങനെ പ്രചോദിപ്പിക്കുന്നത് ഉചിതമല്ലെന്ന് അവന് അറിയാമായിരുന്നു. (ഗലാത്യർ 6:4, NW) മാത്രമല്ല, ലജ്ജ തോന്നി ശരിയായതു ചെയ്യേണ്ട ആവശ്യവും കൊരിന്ത്യർക്കില്ലെന്ന് അവന് അറിയാമായിരുന്നു. യഹൂദ്യയിലെ തങ്ങളുടെ സഹോദരന്മാരെ കൊരിന്ത്യർ വാസ്തവത്തിൽ സ്നേഹിക്കുന്നുണ്ട് എന്നും ദുരിതാശ്വാസത്തിനു വേണ്ടി സംഭാവന ചെയ്യാൻ ആഗ്രഹിക്കുന്നു എന്നും അവന് ഉറപ്പുണ്ടായിരുന്നു. ‘ചെയ്വാൻ മാത്രമല്ല, താല്പര്യപ്പെടുവാനുംകൂടെ ഒരു ആണ്ടു മുമ്പെ [നിങ്ങൾ] ആദ്യമായി ആരംഭിച്ചു’ എന്ന് അവൻ അവരോടു പറഞ്ഞു. (2 കൊരിന്ത്യർ 8:10) വാസ്തവത്തിൽ, ദുരിതാശ്വാസ പ്രവർത്തനത്തിന്റെ ചില വശങ്ങളിൽ കൊരിന്ത്യർതന്നെ മാതൃക ഉള്ളവർ ആയിരുന്നു. “ഞാൻ നിങ്ങളെക്കുറിച്ചു മക്കെദോന്യരോടു പ്രശംസിച്ചുവരുന്ന നിങ്ങളുടെ മനസ്സൊരുക്കം ഞാൻ അറിയുന്നു; നിങ്ങളുടെ എരിവു [“ഉത്സാഹം,” NW] [അവരിൽ] മിക്കപേർക്കും ഉത്സാഹകാരണമായിത്തീർന്നിരിക്കുന്നു” എന്ന് പൗലൊസ് അവരോടു പറഞ്ഞു. (ചെരിച്ചെഴുത്തു ഞങ്ങളുടേത്.) (2 കൊരിന്ത്യർ 9:2) എന്നാൽ, ഇപ്പോൾ കൊരിന്ത്യർ തങ്ങളുടെ ഉത്സാഹവും മനസ്സൊരുക്കവും പ്രവൃത്തിപഥത്തിൽ കൊണ്ടുവരേണ്ടിയിരുന്നു.
അതുകൊണ്ട് പൗലൊസ് അവരോടു പറഞ്ഞു: “അവനവൻ ഹൃദയത്തിൽ നിശ്ചയിച്ചതുപോലെ കൊടുക്കട്ടെ. സങ്കടത്തോടെ അരുതു; നിർബ്ബന്ധത്താലുമരുതു; സന്തോഷത്തോടെ കൊടുക്കുന്നവനെ ദൈവം സ്നേഹിക്കുന്നു.” (2 കൊരിന്ത്യർ 9:7) കൊരിന്ത്യരുടെ മേൽ സമ്മർദം ചെലുത്തുക എന്നതായിരുന്നില്ല പൗലൊസിന്റെ ഉദ്ദേശ്യം. കാരണം, നിർബന്ധിക്കപ്പെടുന്ന ഒരു വ്യക്തിക്ക് സന്തുഷ്ട ദാതാവായിരിക്കാൻ കഴിയില്ലല്ലോ. ശരിയായ ആന്തരം അവർക്ക് അപ്പോൾത്തന്നെ ഉണ്ടെന്ന് പൗലൊസ് നിഗമനം ചെയ്തിരുന്നു. അതായത്, കൊടുക്കാൻ ഓരോരുത്തനും നിശ്ചയിച്ചിരുന്നു. മാത്രമല്ല, പൗലൊസ് ഇങ്ങനെയും അവരോടു പറഞ്ഞു: “ഒരുത്തന്നു മനസ്സൊരുക്കം ഉണ്ടെങ്കിൽ പ്രാപ്തിയില്ലാത്തതുപോലെയല്ല പ്രാപ്തിയുള്ളതുപോലെ കൊടുത്താൽ അവന്നു ദൈവപ്രസാദം ലഭിക്കും.” (2 കൊരിന്ത്യർ 8:12) അതേ, മനസ്സൊരുക്കം ഉണ്ടെങ്കിൽ—ഒരുവൻ സ്നേഹത്താൽ പ്രചോദിതനാകുമ്പോൾ—അവൻ കൊടുക്കുന്നത് എത്ര ചെറിയ തുക ആയിരുന്നാലും അതു ദൈവത്തിനു സ്വീകാര്യമായിരിക്കും.—ലൂക്കൊസ് 21:1-4 താരതമ്യം ചെയ്യുക.
ഇന്നത്തെ സന്തുഷ്ട ദാതാക്കൾ
യഹൂദ്യയിലെ ക്രിസ്ത്യാനികൾക്കു വേണ്ടിയുള്ള ദുരിതാശ്വാസ പ്രവർത്തനം ഇന്നു നമുക്ക് ഒരു വിശിഷ്ട മാതൃകയാണ്. ആത്മീയ ദാരിദ്ര്യം അനുഭവിക്കുന്ന ദശലക്ഷക്കണക്കിന് ആളുകൾക്ക് ആഹാരം എത്തിച്ചുകൊണ്ട് യഹോവയുടെ സാക്ഷികൾ ലോകവ്യാപകമായി ഒരു പ്രസംഗ പരിപാടി ഏറ്റെടുത്തിരിക്കുന്നു. (യെശയ്യാവു 65:13, 14) “ആകയാൽ നിങ്ങൾ പുറപ്പെട്ടു, . . . ഞാൻ നിങ്ങളോടു കല്പിച്ചതു ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ” എന്ന യേശുവിന്റെ കൽപ്പന അനുസരിച്ചുകൊണ്ടാണ് അവർ അതു ചെയ്യുന്നത്.—മത്തായി 28:19, 20.
ആ നിയോഗം നിവർത്തിക്കുക എളുപ്പമുള്ള സംഗതിയല്ല. ലോകമെമ്പാടുമുള്ള മിഷനറി ഭവനങ്ങളുടെയും നൂറിലധികം ബ്രാഞ്ചുകളുടെയും നടത്തിപ്പ് അതിൽ ഉൾപ്പെടുന്നു. അത് രാജ്യഹാളുകളും സമ്മേളന ഹാളുകളും നിർമിക്കുന്നതും ആവശ്യമാക്കിത്തീർക്കുന്നു. തന്മൂലം യഹോവയുടെ ആരാധകർക്ക് ഉചിതമായ സ്ഥലങ്ങളിൽ കൂടിവരാനും പരസ്പരം പ്രോത്സാഹിപ്പിക്കാനും സാധിക്കുന്നു. (എബ്രായർ 10:24, 25) ചിലപ്പോൾ, പ്രകൃതി വിപത്ത് ഉണ്ടായ പ്രദേശങ്ങളിലും യഹോവയുടെ സാക്ഷികൾ ദുരിതാശ്വാസ പ്രവർത്തനം നടത്താറുണ്ട്.
അച്ചടിക്കു വേണ്ടിവരുന്ന ഭാരിച്ച ചെലവിനെക്കുറിച്ചും ചിന്തിക്കുക. ഓരോ വാരത്തിലും വീക്ഷാഗോപുരത്തിന്റെ ശരാശരി 2,20,00,000 കോപ്പികൾ അല്ലെങ്കിൽ ഉണരുക!യുടെ ശരാശരി 2,00,00,000 കോപ്പികൾ അച്ചടിക്കപ്പെടുന്നു. നിരന്തരമായ ഈ ആത്മീയ ഭക്ഷണത്തിനു പുറമേ, ദശലക്ഷക്കണക്കിനു പുസ്തകങ്ങളും ലഘുപത്രികകളും ഓഡിയോ കാസെറ്റുകളും വീഡിയോ കാസെറ്റുകളും ഓരോ വർഷവും ഉത്പാദിപ്പിക്കപ്പെടുന്നു.
എങ്ങനെയാണ് ഈ വേലയുടെ സാമ്പത്തിക ചെലവെല്ലാം നടക്കുന്നത്? സ്വമേധയാ സംഭാവനകളാൽ. ഈ സംഭാവനകളെല്ലാം നടത്തുന്നത് പേരുണ്ടാക്കാനല്ല, സ്വാർഥപരമായ ഉദ്ദേശ്യങ്ങൾ നിമിത്തവുമല്ല. പിന്നെയോ, സത്യാരാധന ഉന്നമിപ്പിക്കാനാണ്. അതിനാൽ, അത്തരത്തിലുള്ള കൊടുക്കൽ ദാതാവിന് സന്തുഷ്ടി കൈവരുത്തുന്നു, ഒപ്പം ദൈവത്തിന്റെ അനുഗ്രഹവും. (മലാഖി 3:10; മത്തായി 6:1-4) തങ്ങൾ ഔദാര്യമുള്ള, സന്തുഷ്ടരായ ദാതാക്കളാണെന്ന് യഹോവയുടെ സാക്ഷികളുടെ ഇടയിലുള്ള കുട്ടികൾ പോലും പ്രകടമാക്കുന്നു. ഉദാഹരണത്തിന്, ഐക്യനാടുകളിൽ ഒരിടത്ത് ഉണ്ടായ ചുഴലിക്കാറ്റ് വിതച്ച നാശത്തെക്കുറിച്ച് കേട്ടപ്പോൾ നാലു വയസ്സുകാരിയായ അലിസൺ 2 ഡോളർ സംഭാവന നൽകി. “അത്രയും പണമേ എന്റെ കുടുക്കയിൽ ഉണ്ടായിരുന്നുള്ളൂ,” അവൾ എഴുതി. “കുട്ടികൾക്ക് കളിപ്പാട്ടങ്ങളും പാവകളും പുസ്തകങ്ങളുമെല്ലാം നഷ്ടമായെന്ന് എനിക്ക് അറിയാം. ഒരുപക്ഷേ എന്റെ പ്രായത്തിലുള്ള ഏതെങ്കിലും കുട്ടിക്ക് ഒരു പുസ്തകം വാങ്ങാൻ നിങ്ങൾക്ക് ഇത് ഉപയോഗിക്കാൻ കഴിഞ്ഞേക്കും.” കൊടുങ്കാറ്റിൽ സഹോദരങ്ങളിൽ ആരും മരിച്ചില്ല എന്നു കേട്ടപ്പോൾ സന്തോഷം തോന്നിയെന്ന് എട്ടു വയസ്സുകാരനായ മക്ലെയ്ൻ എഴുതി. അവൻ ഇങ്ങനെ കൂട്ടിച്ചേർത്തു: “ഡാഡിയോടൊപ്പം [വണ്ടിയുടെ] ഹബ്ക്യാപ്പുകൾ വിറ്റ് ഞാൻ 17 ഡോളർ ഉണ്ടാക്കി. അതുകൊണ്ട് എന്തെങ്കിലും വാങ്ങാൻ എനിക്ക് ഉദ്ദേശ്യമുണ്ടായിരുന്നു. എന്നാൽ ഞാൻ സഹോദരങ്ങളെക്കുറിച്ച് ഓർത്തു.”—മുകളിലെ ചതുരം കാണുക.
‘യഹോവയെ ധനംകൊണ്ട് ബഹുമാനിക്കുക’വഴി ചെറുപ്പക്കാരും പ്രായമുള്ളവരും രാജ്യതാത്പര്യങ്ങൾ ഒന്നാമത് വെക്കുന്നതു കാണുമ്പോൾ വാസ്തവമായും യഹോവയുടെ ഹൃദയം സന്തോഷിക്കുന്നു. (സദൃശവാക്യങ്ങൾ 3:9, 10) തീർച്ചയായും, ആർക്കും യഹോവയെ ധനികനാക്കാൻ കഴിയില്ല. കാരണം, സകലവും അവന്റേതാണ്. (1 ദിനവൃത്താന്തം 29:14-17) എന്നാൽ യഹോവയുടെ വേലയെ പിന്താങ്ങുന്നത് അവനോടുള്ള സ്നേഹം പ്രകടമാക്കാൻ അവന്റെ ആരാധകർക്ക് അവസരം നൽകുന്ന ഒരു പദവിയാണ്. ആ വിധത്തിൽ ഹൃദയപ്രചോദനം തോന്നിയിട്ടുള്ള ഏതൊരുവനോടും ഞങ്ങൾ നന്ദിയുള്ളവരാണ്.
[അടിക്കുറിപ്പുകൾ]
a പൗലൊസ് ‘ആജ്ഞാപിച്ചു’ എങ്കിലും, അവൻ കർക്കശമോ നിർബന്ധിതമോ ആയ ആവശ്യങ്ങൾ വെച്ചുവെന്ന് അത് അർഥമാക്കുന്നില്ല. പകരം, അനേകം സഭകൾ ഉൾപ്പെട്ട സംഭാവന പിരിവിന് അവൻ മേൽനോട്ടം വഹിക്കുകയായിരുന്നു. മാത്രമല്ല, ഓരോരുത്തൻ “തനിക്കു കഴിവുള്ളതു” തന്റെ “പക്കൽ വെച്ചുകൊള്ളേണം” എന്നു പൗലൊസ് പറഞ്ഞു. മറ്റു വാക്കുകളിൽ പറഞ്ഞാൽ, സ്വകാര്യമായും സ്വമനസ്സാലെയും വേണമായിരുന്നു ഓരോ സംഭാവനയും കൊടുക്കാൻ. ആരെയും അതിനു വേണ്ടി നിർബന്ധിച്ചിരുന്നില്ല.
[26, 27 പേജുകളിലെ ചതുരം]
ചിലർ കൊടുക്കാൻ തിരഞ്ഞെടുക്കുന്ന വിധങ്ങൾ
ലോകവ്യാപക വേലയ്ക്കുള്ള സംഭാവനകൾ
“സൊസൈറ്റിയുടെ ലോകവ്യാപക വേലയ്ക്കുള്ള സംഭാവനകൾ—മത്തായി 24:14” എന്ന ലേബലുള്ള സംഭാവനപ്പെട്ടികളിൽ ഇടുന്നതിന് അനേകർ ഒരു തുക നീക്കിവെക്കുകയോ ബജറ്റിൽ ഉൾപ്പെടുത്തുകയോ ചെയ്യുന്നു. ഓരോ മാസവും സഭകൾ ഈ തുക പ്രാദേശിക ബ്രാഞ്ച് ഓഫീസിലേക്ക് അയയ്ക്കുന്നു.
സ്വമേധയാ സംഭാവനകൾ Praharidurg Prakashan Society, Plot A/35, Near Industrial Estate, Nangargaon, Lonavla, 410 401 എന്ന വിലാസത്തിൽ ഖജാൻജിയുടെ ഓഫീസിലേക്ക് നേരിട്ടും അയയ്ക്കാവുന്നതാണ്. കൂടാതെ ആഭരണങ്ങളും വിലയേറിയ മറ്റു വസ്തുക്കളും സംഭാവന ചെയ്യാവുന്നതാണ്. ഈ സംഭാവനകളോടൊപ്പം അവ ഒരു നിരുപാധിക ദാനമാണെന്നു വ്യക്തമായി പ്രസ്താവിക്കുന്ന ഹ്രസ്വമായ ഒരു കത്തും ഉണ്ടായിരിക്കണം.
ആസൂത്രിത കൊടുക്കൽ
നിരുപാധിക ദാനമായും സോപാധിക സംഭാവനയായും പണം നൽകുന്നതിനു പുറമേ, ലോകവ്യാപക രാജ്യസേവനത്തിന്റെ പ്രയോജനത്തിനായി വേറെയും കൊടുക്കൽ രീതികൾ ഉണ്ട്. പിൻവരുന്നവ അതിൽ പെടുന്നു:
ഇൻഷ്വറൻസ്: ഇൻഷ്വറൻസ് പോളിസിയുടെയോ റിട്ടയർമെൻറ്⁄പെൻഷൻ പദ്ധതിയുടെയോ ഗുണഭോക്താവായി പ്രഹരിദുർഗ് പ്രകാശൻ സൊസൈറ്റിയുടെ പേര് വയ്ക്കാവുന്നതാണ്.
ബാങ്ക് അക്കൗണ്ടുകൾ: പ്രാദേശിക ബാങ്ക് നിയമങ്ങൾക്കു ചേർച്ചയിൽ, ബാങ്ക് അക്കൗണ്ടുകൾ, നിക്ഷേപ സർട്ടിഫിക്കറ്റുകൾ, അല്ലെങ്കിൽ വ്യക്തിപരമായ പെൻഷൻ അക്കൗണ്ടുകൾ എന്നിവ പ്രഹരിദുർഗ് പ്രകാശൻ സൊസൈറ്റിയിൽ ട്രസ്റ്റ് ആയി അല്ലെങ്കിൽ മരണത്തിങ്കൽ സൊസൈറ്റിക്കു ലഭിക്കാവുന്നത് ആയി ഏൽപ്പിക്കാവുന്നതാണ്.
സ്റ്റോക്കുകളും ബോണ്ടുകളും: ഒരു നിരുപാധിക ദാനമായിട്ടോ വരുമാനം തുടർന്നും ദാതാവിനു ലഭിക്കുന്ന ക്രമീകരണത്തിൻ കീഴിലോ സ്റ്റോക്കുകളും ബോണ്ടുകളും പ്രഹരിദുർഗ് പ്രകാശൻ സൊസൈറ്റിക്കു ദാനമായി നൽകാവുന്നതാണ്.
സ്ഥാവര വസ്തുക്കൾ: വിൽക്കാവുന്ന സ്ഥാവര വസ്തുക്കൾ ഒരു നിരുപാധിക ദാനമായിട്ടോ ദാതാവിന് ആയുഷ്കാല അവകാശം നിലനിർത്തിക്കൊണ്ടോ പ്രഹരിദുർഗ് പ്രകാശൻ സൊസൈറ്റിക്കു ദാനം ചെയ്യാവുന്നതാണ്. ദാതാവിന്റെ ആയുഷ്പര്യന്തം അയാൾക്ക് അവിടെ താമസിക്കുകയും ചെയ്യാം. ഏതെങ്കിലും സ്ഥാവര വസ്തുക്കൾ സൊസൈറ്റിക്ക് ആധാരം ചെയ്യുന്നതിനു മുമ്പ് സൊസൈറ്റിയുമായി സമ്പർക്കം പുലർത്തണം.
വിൽപ്പത്രങ്ങളും ട്രസ്റ്റുകളും: നിയമപരമായി തയ്യാറാക്കിയ വിൽപ്പത്രം മുഖാന്തരം വസ്തുവകകളോ പണമോ പ്രഹരിദുർഗ് പ്രകാശൻ സൊസൈറ്റിക്ക് അവകാശമായി നൽകാവുന്നതാണ്. അല്ലെങ്കിൽ, ഒരു ട്രസ്റ്റ് ക്രമീകരണത്തിന്റെ ഗുണഭോക്താവായി സൊസൈറ്റിയുടെ പേര് വെക്കാവുന്നതാണ്.
“ആസൂത്രിത കൊടുക്കൽ” എന്ന പേര് സൂചിപ്പിക്കുന്നതുപോലെ, സാധാരണ ഗതിയിൽ ഇത്തരം സംഭാവനകൾക്കു ദാതാവിന്റെ ഭാഗത്ത് കുറച്ചൊക്കെ ആസൂത്രണം ആവശ്യമാണ്.
[28-ാം പേജിലെ ചതുരം]
കുട്ടികളും സന്തുഷ്ട ദാതാക്കളാണ്!
ഞങ്ങൾക്കായി കൂടുതൽ പുസ്തകങ്ങൾ ഉണ്ടാക്കാൻ ഇതു നിങ്ങൾക്കു നൽകുന്നതിന് ഞാൻ ആഗ്രഹിക്കുന്നു. എന്റെ ഡാഡിയെ സഹായിച്ചാണ് ഞാൻ ഈ പണം സമ്പാദിച്ചത്. നിങ്ങൾ ചെയ്യുന്ന എല്ലാ കഠിന വേലയ്ക്കും നന്ദി.—പാമില, ഏഴു വയസ്സുകാരി.
കൂടുതൽ രാജ്യഹാളുകൾ പണിയാൻ നിങ്ങളെ സഹായിക്കുന്നതിന് ഞാൻ 6.85 ഡോളർ അയച്ചുതരികയാണ്. ഈ വേനൽക്കാലത്ത് നാരങ്ങാവെള്ളം വിറ്റാണു ഞാൻ അത് ഉണ്ടാക്കിയത്.—സെലേന, ആറ് വയസ്സുകാരി.
ഞാൻ ഒരു പിടക്കോഴിയെ വളർത്തിയിരുന്നു. അതിൽനിന്ന് എനിക്കൊരു പൂവൻ കോഴിയെയും മറ്റൊരു പിടക്കോഴിയെയും കിട്ടി. അതിൽ പിടക്കോഴിയെ ഞാൻ യഹോവയ്ക്കു സമർപ്പിച്ചു. ഒടുവിൽ അതിൽനിന്ന് മൂന്നു പിടക്കോഴികൾ ഉണ്ടായപ്പോൾ അവയെ ഞാൻ വിറ്റു. ആ പൈസ യഹോവയുടെ വേലയ്ക്കായി ഞാൻ അയച്ചുതരുകയാണ്.—റ്റൈറി, എട്ട് വയസ്സുകാരൻ.
എന്റെ കയ്യിൽ ഇത്രയും പണമേ ഉള്ളൂ! ഇത് ജ്ഞാനപൂർവം ഉപയോഗിക്കുക. വളരെ പാടുപെട്ടാണ് ഞാനിത് ഉണ്ടാക്കിയത്. 21 ഡോളർ ഉണ്ട്.—സേറ, പത്ത് വയസ്സുകാരി.
സ്കൂളിൽ നടത്തിയ ഒരു മത്സരത്തിൽ ഞാൻ ഒന്നാം സ്ഥാനത്ത് എത്തി. അപ്പോൾ ഞാൻ മേഖലാ മത്സരത്തിൽ പങ്കെടുത്തു. അതിലും ഒന്നാം സ്ഥാനത്ത് എത്തിയപ്പോൾ ജില്ലാതല ഫൈനൽ മത്സരത്തിൽ പങ്കെടുത്തു. അതിൽ രണ്ടാം സ്ഥാനത്ത് എത്തി. അതിനെല്ലാം എനിക്കു പണം ലഭിച്ചു. അതിൽ കുറെ സൊസൈറ്റിക്കു നൽകാൻ ഞാൻ ആഗ്രഹിക്കുന്നു. ആ സമ്മാനങ്ങൾ നേടാൻ എന്നെ സഹായിച്ചത് ദിവ്യാധിപത്യ ശുശ്രൂഷാ സ്കൂളിൽ എനിക്കു കിട്ടിയ പരിശീലനം ആണെന്ന് ഞാൻ വിചാരിക്കുന്നു. വിധികർത്താക്കളുടെ മുന്നിൽ എന്റെ റിപ്പോർട്ട് അവതരിപ്പിക്കാൻ എനിക്ക് ആത്മവിശ്വാസം തോന്നിയിരുന്നു.—ആമ്പെർ, ആറാം ക്ലാസ്സ് വിദ്യാർഥിനി.
യഹോവയ്ക്കായി ഇതു നിങ്ങൾക്കു നൽകാൻ ഞാൻ ആഗ്രഹിക്കുന്നു. അതുകൊണ്ട് എന്തു ചെയ്യണമെന്ന് അവനോടു ചോദിക്കുക. അവന് എല്ലാം അറിയാമല്ലോ.—കാരെൻ, ആറ് വയസ്സുകാരി.
[25-ാം പേജിലെ ചിത്രങ്ങൾ]
യഹോവയുടെ സാക്ഷികളുടെ പ്രവർത്തനങ്ങൾ പിന്താങ്ങപ്പെടുന്നത് സ്വമേധയാ സംഭാവനകളാൽ ആണ്