പഠനലേഖനം 18
സ്നേഹവും നീതിയും—ക്രിസ്തീയസഭയിൽ (ഭാഗം 2)
“തമ്മിൽത്തമ്മിൽ ഭാരങ്ങൾ ചുമക്കുക. അങ്ങനെ നിങ്ങൾക്കു ക്രിസ്തുവിന്റെ നിയമം അനുസരിക്കാനാകും.”—ഗലാ. 6:2.
ഗീതം 12 യഹോവ മഹാദൈവം
പൂർവാവലോകനംa
1. ഏതു രണ്ടു കാര്യത്തിൽ നമുക്ക് ഉറപ്പുണ്ടായിരിക്കാം?
യഹോവ തന്റെ ആരാധകരെ സ്നേഹിക്കുന്നു. യഹോവ എല്ലായ്പോഴും അങ്ങനെയായിരുന്നു, ഒരിക്കലും അതിനു മാറ്റം വരുകയുമില്ല. യഹോവ നീതിയെയും സ്നേഹിക്കുന്നു. (സങ്കീ. 33:5) അതുകൊണ്ട് നമുക്കു രണ്ടു കാര്യത്തിൽ ഉറപ്പുണ്ടായിരിക്കാം: (1) തന്റെ ദാസന്മാർ അന്യായം സഹിക്കുന്നതു കാണുമ്പോൾ യഹോവയ്ക്കു വേദന തോന്നും. (2) നീതി നടപ്പാകുന്നുണ്ടെന്ന് യഹോവ ഉറപ്പാക്കും. ഈ പരമ്പരയിലെ ആദ്യത്തെ ലേഖനത്തിൽ,b ദൈവം മോശയിലൂടെ ഇസ്രായേല്യർക്കു കൊടുത്ത നിയമം സ്നേഹത്തിൽ പണിതുയർത്തിയ ഒന്നാണെന്നു നമ്മൾ പഠിച്ചു. എല്ലാവരോടും, നിസ്സഹായരായ ആളുകളോടുപോലും, നീതിയോടെ ഇടപെടാൻ അതു പ്രോത്സാഹിപ്പിച്ചു. (ആവ. 10:18) തന്റെ ആരാധകരുടെ കാര്യത്തിൽ യഹോവയ്ക്കുള്ള ആഴമായ താത്പര്യം ആ നിയമം വെളിപ്പെടുത്തുന്നില്ലേ?
2. നമ്മൾ ഏതു ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തും?
2 എ.ഡി. 33-ൽ ക്രിസ്തീയസഭ സ്ഥാപിതമായപ്പോൾ മോശയുടെ നിയമം അവസാനിച്ചു. സ്നേഹത്തിൽ പണിതുയർത്തിയ, നീതിയെ ഉന്നമിപ്പിച്ച ആ നിയമത്തിന്റെ പ്രയോജനങ്ങൾ ക്രിസ്ത്യാനികൾക്കു കിട്ടാതെ പോകുമായിരുന്നോ? ഒരിക്കലുമില്ല! ക്രിസ്ത്യാനികൾക്ക് ഒരു പുതിയ നിയമമുണ്ട്. ആ പുതിയ നിയമം എന്താണെന്ന് ഈ ലേഖനത്തിൽ നമ്മൾ പഠിക്കും. അതിനു ശേഷം ഈ ചോദ്യങ്ങൾക്കുള്ള ഉത്തരവും നമ്മൾ കണ്ടെത്തും: ഈ നിയമം സ്നേഹത്തിൽ പണിതുയർത്തിയതാണെന്നു നമുക്കു പറയാവുന്നത് എന്തുകൊണ്ട്? അതു നീതിയെ ഉയർത്തിപ്പിടിക്കുന്നതാണ് എന്നതിന് എന്തു തെളിവുണ്ട്? ഈ നിയമമനുസരിച്ച്, അധികാരമുള്ളവർ മറ്റുള്ളവരോട് എങ്ങനെ ഇടപെടണം?
എന്താണു “ക്രിസ്തുവിന്റെ നിയമം?”
3. ഗലാത്യർ 6:2-ൽ പറയുന്ന ക്രിസ്തുവിന്റെ നിയമത്തിൽ എന്താണ് ഉൾപ്പെടുന്നത്?
3 ഗലാത്യർ 6:2 വായിക്കുക. ‘ക്രിസ്തുവിന്റെ നിയമത്തിന്’ കീഴിലാണു ക്രിസ്ത്യാനികൾ. യേശു തന്റെ അനുഗാമികൾക്കുവേണ്ടി ഒരു നിയമസംഹിത എഴുതി തന്നിട്ടില്ല. പക്ഷേ ജീവിതത്തിൽ അവർക്കു വഴി കാണിക്കുന്ന നിർദേശങ്ങളും കല്പനകളും തത്ത്വങ്ങളും യേശു അവർക്കു കൊടുത്തു. ‘ക്രിസ്തുവിന്റെ നിയമത്തിൽ’ യേശു പഠിപ്പിച്ച എല്ലാ കാര്യങ്ങളും ഉൾപ്പെടുന്നു. ഈ നിയമം നമ്മൾ കുറച്ചുകൂടെ നന്നായി മനസ്സിലാക്കാൻ അടുത്ത മൂന്നു ഖണ്ഡികകൾ ശ്രദ്ധിക്കാം.
4-5. ഏതെല്ലാം വിധങ്ങളിലാണു യേശു പഠിപ്പിച്ചത്, എന്നൊക്കെയാണു യേശു പഠിപ്പിച്ചത്?
4 ഏതെല്ലാം വിധങ്ങളിലാണു യേശു പഠിപ്പിച്ചത്? ഒന്ന്, വാക്കുകളിലൂടെ. യേശുവിന്റെ വാക്കുകൾക്കു ശക്തിയുണ്ടായിരുന്നു, കാരണം യേശു ദൈവത്തെക്കുറിച്ചുള്ള സത്യം ആളുകളെ അറിയിച്ചു, ജീവിതത്തിന്റെ ഉദ്ദേശ്യത്തെക്കുറിച്ച് അവരെ പഠിപ്പിച്ചു, മനുഷ്യൻ അനുഭവിക്കുന്ന കഷ്ടപ്പാടുകൾക്കുള്ള പരിഹാരം ദൈവരാജ്യമാണെന്നു ചൂണ്ടിക്കാണിച്ചു. (ലൂക്കോ. 24:19) രണ്ട്, തന്റെ മാതൃകയിലൂടെ യേശു പഠിപ്പിച്ചു. സ്വന്തം ജീവിതരീതിയിലൂടെ തന്റെ അനുഗാമികൾ എങ്ങനെ ജീവിക്കണമെന്നു യേശു കാണിച്ചുകൊടുത്തു.—യോഹ. 13:15.
5 എന്നാണു യേശു പഠിപ്പിച്ചത്? ഭൂമിയിലെ ശുശ്രൂഷക്കാലത്ത് യേശു പഠിപ്പിച്ചു. (മത്താ. 4:23) പുനരുത്ഥാനത്തിനു ശേഷവും യേശു പഠിപ്പിച്ചു. ഉദാഹരണത്തിന്, യേശു ഒരിക്കൽ ഒരു കൂട്ടം ശിഷ്യന്മാർക്കു പ്രത്യക്ഷനായി. ഒരുപക്ഷേ അക്കൂട്ടത്തിൽ 500-ലധികം ആളുകൾ ഉണ്ടായിരുന്നിരിക്കാം. മറ്റുള്ളവരെ ‘ശിഷ്യരാക്കാൻ’ യേശു ആ സന്ദർഭത്തിൽ അവർക്കു കല്പന കൊടുത്തു. (മത്താ. 28:19, 20; 1 കൊരി. 15:6) സ്വർഗത്തിലേക്കു മടങ്ങിപ്പോയതിനു ശേഷവും സഭയുടെ തലയെന്ന നിലയിൽ യേശു തന്റെ ശിഷ്യരെ പഠിപ്പിച്ചു. ഉദാഹരണത്തിന്, ഏതാണ്ട് എ.ഡി. 96-ൽ യോഹന്നാൻ അപ്പോസ്തലനെ ഉപയോഗിച്ചുകൊണ്ട് ക്രിസ്തു അഭിഷിക്തക്രിസ്ത്യാനികൾക്കു പ്രോത്സാഹനവും ഉപദേശവും കൊടുത്തു.—കൊലോ. 1:18; വെളി. 1:1.
6-7. (എ) യേശുവിന്റെ പഠിപ്പിക്കലുകൾ എവിടെയാണു രേഖപ്പെടുത്തിയിരിക്കുന്നത്? (ബി) നമ്മൾ എങ്ങനെയാണു ക്രിസ്തുവിന്റെ നിയമം അനുസരിക്കുന്നത്?
6 യേശുവിന്റെ പഠിപ്പിക്കലുകൾ എവിടെയാണു രേഖപ്പെടുത്തിയിരിക്കുന്നത്? ഭൂമിയിൽവെച്ച് യേശു പറയുകയും പ്രവർത്തിക്കുകയും ചെയ്ത അനേകം കാര്യങ്ങൾ നാലു സുവിശേഷങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നു. ക്രിസ്തീയ ഗ്രീക്കുതിരുവെഴുത്തുകളുടെ ബാക്കി ഭാഗവും വ്യത്യസ്ത കാര്യങ്ങളെക്കുറിച്ചുള്ള യേശുവിന്റെ ചിന്ത മനസ്സിലാക്കാൻ നമ്മളെ സഹായിക്കും. കാരണം ആ തിരുവെഴുത്തുകളും, പരിശുദ്ധാത്മാവിനാൽ പ്രചോദിതരായ, ‘ക്രിസ്തുവിന്റെ മനസ്സുള്ള’ ആളുകളാണ് എഴുതിയത്.—1 കൊരി. 2:16.
7 നമ്മൾ പഠിച്ചത്: യേശുവിന്റെ പഠിപ്പിക്കലുകൾ ജീവിതത്തിന്റെ എല്ലാ മേഖലകളെയും സ്പർശിക്കുന്നതാണ്. അതുകൊണ്ട്, വീട്ടിലോ സ്കൂളിലോ ജോലിസ്ഥലത്തോ സഭയിലോ എവിടെയായാലും നമ്മൾ ചെയ്യുന്ന കാര്യങ്ങളെല്ലാം ക്രിസ്തുവിന്റെ നിയമത്തിന്റെ കീഴിൽ വരും. ക്രിസ്തീയ ഗ്രീക്കുതിരുവെഴുത്തുകൾ വായിക്കുകയും ധ്യാനിക്കുകയും ചെയ്തുകൊണ്ട് നമുക്ക് ഈ നിയമം പഠിക്കാൻ കഴിയും. ദൈവപ്രചോദിതമായി എഴുതിയ ആ ഭാഗത്തെ നിർദേശങ്ങൾക്കും കല്പനകൾക്കും തത്ത്വങ്ങൾക്കും ചേർച്ചയിൽ ജീവിച്ചുകൊണ്ട് നമ്മൾ ക്രിസ്തുവിന്റെ നിയമം അനുസരിക്കുന്നു. അങ്ങനെ ചെയ്യുമ്പോൾ, സ്നേഹം നിറഞ്ഞ നമ്മുടെ ദൈവമായ യഹോവയെയാണു നമ്മൾ അനുസരിക്കുന്നത്. കാരണം യഹോവയാണു യേശു പഠിപ്പിച്ച എല്ലാ കാര്യങ്ങളുടെയും ഉറവിടം.—യോഹ. 8:28.
സ്നേഹത്തിൽ പണിതുയർത്തിയ നിയമം
8. ക്രിസ്തുവിന്റെ നിയമത്തിന്റെ അടിത്തറ എന്താണ്?
8 നല്ല ഉറപ്പുള്ള അടിത്തറയിൽ പണിതുയർത്തിയ ഒരു വീട്ടിൽ താമസിക്കുന്നവർക്കു സുരക്ഷിതത്വം അനുഭവപ്പെടും. അതുപോലെ കെട്ടുറപ്പുള്ള അടിത്തറയിൽ പണിതുയർത്തിയ ഒരു നിയമം, അത് അനുസരിച്ച് ജീവിക്കുന്നവർക്ക് സുരക്ഷിതത്വം തോന്നാൻ ഇടയാക്കും. ക്രിസ്തുവിന്റെ നിയമം പണിതുയർത്തിയിരിക്കുന്നത് സാധ്യമായ ഏറ്റവും നല്ല അടിത്തറയിലാണ്, സ്നേഹം എന്ന അടിത്തറയിൽ. എന്തുകൊണ്ടാണ് അങ്ങനെ പറയുന്നത്?
9-10. എല്ലാ കാര്യങ്ങളും ചെയ്യാൻ യേശുവിനെ പ്രചോദിപ്പിച്ചതു സ്നേഹമാണെന്ന് ഏതെല്ലാം ഉദാഹരണങ്ങൾ തെളിയിക്കുന്നു, നമുക്ക് എങ്ങനെ യേശുവിനെ അനുകരിക്കാം?
9 ഒന്ന്, എല്ലാ കാര്യങ്ങളും ചെയ്യാൻ യേശുവിനെ പ്രചോദിപ്പിച്ചതു സ്നേഹമാണ്. അലിവ് അഥവാ ആർദ്രാനുകമ്പ സ്നേഹത്തിന്റെ ഒരു തെളിവാണ്. അലിവ് തോന്നിയതുകൊണ്ട് യേശു ആളുകളെ പഠിപ്പിച്ചു, രോഗികളെ സുഖപ്പെടുത്തി, വിശക്കുന്നവർക്ക് ആഹാരം കൊടുത്തു, മരിച്ചവരെ ഉയിർപ്പിച്ചു. (മത്താ. 14:14; 15:32-38; മർക്കോ. 6:34; ലൂക്കോ. 7:11-15) ഈ കാര്യങ്ങൾക്കെല്ലാം യേശുവിനു വളരെയധികം സമയവും ഊർജവും ചെലവഴിക്കേണ്ടിവന്നെങ്കിലും സ്വന്തം താത്പര്യങ്ങളെക്കാൾ യേശു മനസ്സോടെ മറ്റുള്ളവരുടെ ആവശ്യങ്ങൾക്കു മുൻതൂക്കം കൊടുത്തു. എല്ലാറ്റിലും ഉപരി, മറ്റുള്ളവർക്കുവേണ്ടി തന്റെ ജീവൻ ബലി കഴിച്ചുകൊണ്ട് യേശു വലിയ സ്നേഹം കാണിച്ചു.—യോഹ. 15:13.
10 നമ്മൾ പഠിച്ചത്: മറ്റുള്ളവരുടെ ആവശ്യങ്ങൾക്കു നമ്മുടേതിനെക്കാൾ പ്രാധാന്യം കൊടുത്തുകൊണ്ട് നമുക്കു യേശുവിനെ അനുകരിക്കാം. കൂടാതെ, നമ്മുടെ പ്രദേശത്തെ ആളുകളോട് ആർദ്രാനുകമ്പ വളർത്തിയെടുത്തുകൊണ്ടും നമുക്കു യേശുവിനെ അനുകരിക്കാം. അനുകമ്പ തോന്നിയിട്ട് സന്തോഷവാർത്ത പ്രസംഗിക്കുകയും പഠിപ്പിക്കുകയും ചെയ്യുമ്പോൾ നമ്മൾ ക്രിസ്തുവിന്റെ നിയമം അനുസരിക്കുകയാണ്.
11-12. (എ) നമ്മളെക്കുറിച്ച് യഹോവയ്ക്ക് ആഴമായ ചിന്തയുണ്ടെന്ന് എങ്ങനെ അറിയാം? (ബി) യഹോവയുടെ സ്നേഹം നമുക്ക് എങ്ങനെ അനുകരിക്കാം?
11 രണ്ട്, യേശു പിതാവിന്റെ സ്നേഹം വെളിപ്പെടുത്തി. യഹോവയ്ക്കു തന്റെ ആരാധകരുടെ കാര്യത്തിൽ എത്രത്തോളം ചിന്തയുണ്ടെന്നു ഭൂമിയിലെ ശുശ്രൂഷക്കാലത്ത് യേശു വ്യക്തമാക്കി. പല വിധങ്ങളിൽ യേശു അതു കാണിച്ചുതന്നു. ഉദാഹരണത്തിന്, യേശു പഠിപ്പിച്ച ചില കാര്യങ്ങൾ നോക്കുക: നമ്മൾ ഓരോരുത്തരും നമ്മുടെ സ്വർഗീയപിതാവിനു വിലയുള്ളവരും പ്രിയങ്കരരും ആണ്. (മത്താ. 10:31) കാണാതെപോയ ഒരു ആട് പശ്ചാത്തപിച്ച് സഭയിലേക്കു തിരികെ വരുമ്പോൾ ഇരുകൈയും നീട്ടി സ്വീകരിക്കാൻ യഹോവ തയ്യാറാണ്. (ലൂക്കോ. 15:7, 10) തന്റെ മകനെ നമുക്കുവേണ്ടി ഒരു മോചനവിലയായി തന്നുകൊണ്ട് യഹോവ നമ്മളോടുള്ള സ്നേഹം കാണിച്ചു.—യോഹ. 3:16.
12 നമ്മൾ പഠിച്ചത്: നമുക്ക് എങ്ങനെ യഹോവയുടെ സ്നേഹം അനുകരിക്കാം? (എഫെ. 5:1, 2) ഓരോ സഹോദരനെയും സഹോദരിയെയും വിലയുള്ളവരും പ്രിയങ്കരരും ആയി നമ്മൾ കാണുന്നു, ‘കൂട്ടം വിട്ടുപോയ ഒരു ആട്’ യഹോവയിലേക്കു തിരികെ വരുമ്പോൾ നമ്മൾ സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നു. (സങ്കീ. 119:176) സഹോദരീസഹോദരന്മാർക്കു നമ്മളെത്തന്നെ വിട്ടുകൊടുത്തുകൊണ്ട് അവരോടുള്ള സ്നേഹം കാണിക്കുന്നു. വിശേഷിച്ചും അവരുടെ ആവശ്യങ്ങളിൽ സഹായിച്ചുകൊണ്ട് നമ്മൾ അതു ചെയ്യുന്നു. (1 യോഹ. 3:17) മറ്റുള്ളവരോടു സ്നേഹത്തോടെ ഇടപെടുമ്പോൾ നമ്മൾ ക്രിസ്തുവിന്റെ നിയമം അനുസരിക്കുകയാണ്.
13-14. (എ) യോഹന്നാൻ 13:34, 35-ൽ യേശു തന്റെ അനുഗാമികൾക്ക് ഏതു കല്പനയാണു നൽകിയിരിക്കുന്നത്, അതു പുതിയ കല്പനയാണെന്നു പറയുന്നത് എന്തുകൊണ്ട്? (ബി) ഈ പുതിയ കല്പന നമുക്ക് എങ്ങനെ അനുസരിക്കാം?
13 മൂന്ന്, ആത്മത്യാഗസ്നേഹം കാണിക്കാൻ യേശു തന്റെ ശിഷ്യന്മാരോടു കല്പിച്ചു. (യോഹന്നാൻ 13:34, 35 വായിക്കുക.) യേശുവിന്റെ ഈ കല്പന പുതുതായിരുന്നതിന്റെ കാരണം ദൈവം ഇസ്രായേലിനു കൊടുത്ത നിയമത്തിൽ ഇത്തരം സ്നേഹം കാണിക്കാൻ ആവശ്യപ്പെട്ടിരുന്നില്ല എന്നതാണ്. ഈ പുതിയ കല്പന പറയുന്നത് യേശു നിങ്ങളെ സ്നേഹിച്ചതുപോലെ സഹവിശ്വാസികളെ സ്നേഹിക്കുക എന്നാണ്. അതായത്, നമ്മൾ ആത്മത്യാഗസ്നേഹം കാണിക്കണം.c നമ്മൾ നമ്മളെ സ്നേഹിക്കുന്നതിനെക്കാളും അധികം നമ്മുടെ സഹോദരന്മാരെയും സഹോദരിമാരെയും സ്നേഹിക്കണം. അവർക്കുവേണ്ടി നമ്മുടെ ജീവൻതന്നെ വെച്ചുകൊടുക്കാൻ തയ്യാറാകുന്ന അളവോളം നമ്മൾ അവരെ സ്നേഹിക്കണം, യേശു നമുക്കുവേണ്ടി അതാണല്ലോ ചെയ്തത്.
14 നമ്മൾ പഠിച്ചത്: ഈ പുതിയ കല്പന നമ്മൾ എങ്ങനെയാണ് അനുസരിക്കുന്നത്? ലളിതമായി പറഞ്ഞാൽ, നമ്മുടെ സഹോദരങ്ങൾക്കുവേണ്ടി ത്യാഗങ്ങൾ ചെയ്തുകൊണ്ട്. ജീവൻ കൊടുക്കുക എന്ന ഏറ്റവും വലിയ ത്യാഗം മാത്രമല്ല, ചെറിയചെറിയ ത്യാഗങ്ങളും ചെയ്യാൻ നമ്മൾ സന്നദ്ധരാണ്. ഉദാഹരണത്തിന്, അല്പം ശ്രമം ചെയ്താണെങ്കിലും പ്രായമായ ഒരു സഹോദരനെയോ സഹോദരിയെയോ പതിവായി മീറ്റിങ്ങിനു കൊണ്ടുവരുമ്പോഴും ഒരു സഹവിശ്വാസിക്കുവേണ്ടി നമുക്ക് ഇഷ്ടമുള്ള ചില കാര്യങ്ങൾ വേണ്ടെന്നുവെക്കുമ്പോഴും ദുരിതാശ്വാസപ്രവർത്തനത്തിനുവേണ്ടി ജോലിയിൽനിന്ന് അവധിയെടുക്കുമ്പോഴും എല്ലാം നമ്മൾ ക്രിസ്തുവിന്റെ നിയമം അനുസരിക്കുകയാണ്. ഇങ്ങനെയൊക്കെ ചെയ്യുമ്പോൾ ഓരോരുത്തർക്കും സുരക്ഷിതത്വം തോന്നുന്ന ഒരു ഇടമായി സഭയെ സൂക്ഷിക്കാൻ നമ്മൾ സഹായിക്കുകയാണ്.
നീതി ഉയർത്തിപ്പിടിക്കുന്ന ഒരു നിയമം
15-17. (എ) യേശുവിന്റെ പ്രവൃത്തികൾ യേശുവിന്റെ നീതിബോധം വെളിപ്പെടുത്തിയത് എങ്ങനെ? (ബി) നമുക്ക് എങ്ങനെ യേശുവിനെ അനുകരിക്കാം?
15 ബൈബിളിൽ ‘നീതി’ എന്നു പറയുമ്പോൾ, ദൈവത്തിന്റെ കാഴ്ചപ്പാടിൽ ശരിയായ കാര്യങ്ങൾ പക്ഷപാതംകൂടാതെ ചെയ്യുക എന്നാണ് അർഥമാക്കുന്നത്. ക്രിസ്തുവിന്റെ നിയമം നീതി ഉയർത്തിപ്പിടിക്കുന്നെന്നു പറയാനാകുന്നത് എന്തുകൊണ്ടാണ്?
16 ആദ്യമായി, യേശുവിന്റെ പ്രവൃത്തികൾ യേശുവിന്റെ നീതിബോധം വെളിപ്പെടുത്തിയത് എങ്ങനെയെന്നു നോക്കാം. യേശുവിന്റെ കാലത്തെ ജൂതന്മാരായ മതനേതാക്കന്മാർ ജൂതന്മാരല്ലാത്തവരെ വെറുത്തിരുന്നു, സാധാരണക്കാരായ ജൂതന്മാരെ തീർത്തും അവഗണിച്ചിരുന്നു. അവർ സ്ത്രീകൾക്കു യാതൊരു വിലയും കൊടുത്തിരുന്നില്ല. എന്നാൽ യേശു എല്ലാവരോടും ന്യായത്തോടെയും പക്ഷപാതമില്ലാതെയും ആണ് ഇടപെട്ടത്. തന്നിൽ വിശ്വാസം അർപ്പിച്ച ജൂതന്മാരല്ലാത്തവരെ യേശു സ്വീകരിച്ചു. (മത്താ. 8:5-10, 13) പാവപ്പെട്ടവനെന്നോ പണക്കാരനെന്നോ നോക്കാതെ യേശു എല്ലാവരോടും പ്രസംഗിച്ചു. (മത്താ. 11:5; ലൂക്കോ. 19:2, 9) സ്ത്രീകളോട് ഒരിക്കൽപ്പോലും യേശു പരുഷമായോ മോശമായോ പെരുമാറിയില്ല. നേരെ മറിച്ച്, മറ്റുള്ളവർ തരംതാഴ്ന്നവരായി കണ്ടിരുന്നവർ ഉൾപ്പെടെ എല്ലാ സ്ത്രീകളോടും യേശു ദയയോടെയും ബഹുമാനത്തോടെയും ആണ് ഇടപെട്ടത്.—ലൂക്കോ. 7:37-39, 44-50.
17 നമ്മൾ പഠിച്ചത്: ആളുകളുടെ മതവും സമൂഹത്തിലെ നിലയും വിലയും ഒന്നും നോക്കാതെ, ശ്രദ്ധിക്കാൻ മനസ്സുകാണിക്കുന്ന എല്ലാവരോടും പ്രസംഗിച്ചുകൊണ്ടും മറ്റുള്ളവരോടു പക്ഷപാതമില്ലാതെ പെരുമാറിക്കൊണ്ടും നമുക്കു യേശുവിനെ അനുകരിക്കാം. സ്ത്രീകളോടു ബഹുമാനം കാണിച്ചുകൊണ്ട് ക്രിസ്തീയപുരുഷന്മാർക്ക് യേശുവിന്റെ മാതൃക പിൻപറ്റാം. ഇങ്ങനെയെല്ലാം ചെയ്യുമ്പോൾ നമ്മൾ ക്രിസ്തുവിന്റെ നിയമം അനുസരിക്കുകയാണ്.
18-19. നീതിയെക്കുറിച്ച് യേശു എന്തു പഠിപ്പിച്ചു, അതിൽനിന്ന് നമ്മൾ പഠിച്ചത് എന്താണ്?
18 രണ്ടാമതായി, യേശു നീതിയെക്കുറിച്ച് പഠിപ്പിച്ച കാര്യങ്ങൾ നോക്കാം. മറ്റുള്ളവരോടു നല്ല രീതിയിൽ പെരുമാറാൻ സഹായിക്കുന്ന തത്ത്വങ്ങൾ യേശു തന്റെ അനുഗാമികളെ പഠിപ്പിച്ചു. ഉദാഹരണത്തിന്, സുവർണനിയമത്തെക്കുറിച്ച് ഒന്നു ചിന്തിക്കുക. (മത്താ. 7:12) നമ്മളോട് ആരും അന്യായം കാണിക്കാൻ നമ്മൾ ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് നമ്മളും മറ്റുള്ളവരോട് അന്യായം കാണിക്കരുത്. നമ്മൾ അങ്ങനെ എല്ലാവരോടും നീതിയോടും ന്യായത്തോടും കൂടെ ഇടപെടുന്നെങ്കിൽ അവർ തിരിച്ച് നമ്മളോടും അങ്ങനെ പെരുമാറാൻ പ്രേരിതരായേക്കാം. എന്നാൽ നമ്മളോട് ആരെങ്കിലും അന്യായം കാണിക്കുന്നെങ്കിലോ? ‘രാവും പകലും തന്നോടു നിലവിളിക്കുന്ന തന്റെ തിരഞ്ഞെടുക്കപ്പെട്ടവർക്ക് (യഹോവ) ന്യായം നടത്തിക്കൊടുക്കുമെന്ന്’ ഉറപ്പുള്ളവരായിരിക്കാൻ യേശു അനുഗാമികളെ പഠിപ്പിച്ചു. (ലൂക്കോ. 18:6, 7) ആ പ്രസ്താവന വാസ്തവത്തിൽ ഒരു ഉറപ്പാണ്: നമ്മുടെ നീതിമാനായ ദൈവം ഈ അവസാനനാളുകളിൽ നമ്മൾ നേരിടുന്ന പരിശോധനകൾ അറിയുന്നുണ്ട്, ദൈവം നിശ്ചയിച്ച സമയത്തുതന്നെ നമുക്കു ന്യായം പാലിച്ചുതരും.—2 തെസ്സ. 1:6.
19 നമ്മൾ പഠിച്ചത്: യേശു പഠിപ്പിച്ച തത്ത്വങ്ങൾ പിൻപറ്റുമ്പോൾ നമ്മൾ മറ്റുള്ളവരോടു നീതിയോടെയും ന്യായത്തോടെയും ഇടപെടും. സാത്താന്റെ ലോകത്തിൽ നമ്മൾ അനീതിക്ക് ഇരയാകുന്നെങ്കിൽ യഹോവ നമുക്കു നീതി നടപ്പാക്കിത്തരും എന്ന് ഓർക്കുന്നതു നമ്മളെ ആശ്വസിപ്പിക്കും.
അധികാരസ്ഥാനത്തുള്ളവർ മറ്റുള്ളവരോട് എങ്ങനെ പെരുമാറണം?
20-21. (എ) അധികാരസ്ഥാനത്തുള്ളവർ മറ്റുള്ളവരോട് എങ്ങനെയാണു പെരുമാറേണ്ടത്? (ബി) ഒരു ഭർത്താവിന് ആത്മത്യാഗസ്നേഹം എങ്ങനെ കാണിക്കാം, പിതാവ് മക്കളോട് എങ്ങനെ പെരുമാറണം?
20 ക്രിസ്തുവിന്റെ നിയമമനുസരിച്ച്, അധികാരസ്ഥാനത്തുള്ളവർ മറ്റുള്ളവരോട് എങ്ങനെ പെരുമാറണം? ആ നിയമത്തിന്റെ അടിസ്ഥാനം സ്നേഹമായതുകൊണ്ട് അധികാരസ്ഥാനത്തുള്ളവർ തങ്ങളുടെ പരിപാലനത്തിലുള്ളവരോടു സ്നേഹത്തോടെയും മാന്യതയോടെയും ഇടപെടണം. ക്രിസ്തുവിന്റെ വഴി സ്നേഹത്തിന്റെ വഴിയാണെന്ന് ഓർക്കണം.
21 കുടുംബത്തിൽ. “ക്രിസ്തു സഭയുടെ കാര്യത്തിൽ ചെയ്യുന്നതുപോലെ” ഭർത്താവ് ഭാര്യയെ സ്നേഹിക്കണം. (എഫെ. 5:25, 28, 29) ഒരു ഭർത്താവ് ഭാര്യയുടെ ആവശ്യങ്ങൾക്കും ഇഷ്ടങ്ങൾക്കും തന്റേതിനെക്കാൾ മുൻതൂക്കം കൊടുത്തുകൊണ്ട് ക്രിസ്തുവിന്റെ ആത്മത്യാഗസ്നേഹം അനുകരിക്കണം. ചിലർക്ക് ഇത്തരം സ്നേഹം കാണിക്കുന്നതു ബുദ്ധിമുട്ടായി തോന്നിയേക്കാം. ഒരുപക്ഷേ, മറ്റുള്ളവരോടു ന്യായത്തോടെയും സ്നേഹത്തോടെയും ഇടപെടുന്നതിനു യാതൊരു വിലയും കല്പിക്കാത്ത ഒരു ചുറ്റുപാടിലായിരിക്കാം അവർ വളർന്നുവന്നത്. ഈ മോശം രീതിക്കു മാറ്റം വരുത്തുക അവർക്ക് അത്ര എളുപ്പമല്ലായിരിക്കാം. എങ്കിലും ക്രിസ്തുവിന്റെ നിയമം അനുസരിക്കാൻ അവർ മാറ്റം വരുത്തിയേ തീരൂ. ആത്മത്യാഗസ്നേഹം കാണിക്കുന്ന ഭർത്താവ് ഭാര്യയുടെ ബഹുമാനം പിടിച്ചുപറ്റും. മക്കളെ ആത്മാർഥമായി സ്നേഹിക്കുന്ന ഒരു പിതാവ് ഒരിക്കലും വാക്കുകൊണ്ടോ പ്രവൃത്തികൊണ്ടോ അവരെ മുറിപ്പെടുത്തില്ല. (എഫെ. 4:31) മറിച്ച് മക്കൾക്കു സുരക്ഷിതത്വബോധം തോന്നുന്ന വിധത്തിൽ ആ പിതാവ് തന്റെ സ്നേഹവും വാത്സല്യവും കാണിക്കും. അങ്ങനെയുള്ള ഒരു പിതാവ് മക്കളുടെ സ്നേഹം നേടും, മക്കൾ അദ്ദേഹത്തെ ആശ്രയിക്കുകയും ചെയ്യും.
22. 1 പത്രോസ് 5:1-3-ൽ പറയുന്നതുപോലെ, ‘ആടുകൾ’ ആരുടേതാണ്, മൂപ്പന്മാർ അവരോട് എങ്ങനെ ഇടപെടണം?
22 സഭയിൽ. ‘ആടുകൾ’ തങ്ങളുടേതല്ലെന്ന കാര്യം മൂപ്പന്മാർ ഓർക്കണം. (യോഹ. 10:16; 1 പത്രോസ് 5:1-3 വായിക്കുക.) ‘ദൈവത്തിന്റെ ആട്ടിൻപറ്റം,’ “ദൈവമുമ്പാകെ,” ‘ദൈവത്തിന് അവകാശപ്പെട്ടവർ’ എന്നീ പദപ്രയോഗങ്ങൾ ആടുകൾ യഹോവയുടേതാണെന്നു മൂപ്പന്മാരെ ഓർമിപ്പിക്കുന്നു. തന്റെ ആടുകളോട് അവർ ആർദ്രതയോടും സ്നേഹത്തോടും കൂടെ ഇടപെടാൻ യഹോവ പ്രതീക്ഷിക്കുന്നു. (1 തെസ്സ. 2:7, 8) ഇടയന്മാർ എന്ന ഉത്തരവാദിത്വം സ്നേഹത്തോടെ നിറവേറ്റുന്ന മൂപ്പന്മാർക്ക് യഹോവയുടെ അംഗീകാരമുണ്ടായിരിക്കും. അത്തരം മൂപ്പന്മാർ സഹോദരങ്ങളുടെ സ്നേഹവും ബഹുമാനവും നേടുകയും ചെയ്യും.
23-24. (എ) ഗുരുതരമായ തെറ്റുകൾ മൂപ്പന്മാർ എങ്ങനെയാണു കൈകാര്യം ചെയ്യുന്നത്? (ബി) അത്തരം കേസുകൾ കൈകാര്യം ചെയ്യുമ്പോൾ അവർ എന്തൊക്കെ ചിന്തിക്കണം?
23 മൂപ്പന്മാർ എങ്ങനെയാണു ഗുരുതരമായ തെറ്റുകൾ കൈകാര്യം ചെയ്യുന്നത്? ദൈവം ഇസ്രായേല്യർക്കു കൊടുത്ത നിയമത്തിൻകീഴിലെ മൂപ്പന്മാരും ന്യായാധിപന്മാരും ചെയ്തതിൽനിന്ന് വ്യത്യസ്തമായിട്ടാണു ഇക്കാലത്തെ മൂപ്പന്മാർ പ്രവർത്തിക്കുന്നത്. ആ നിയമത്തിൻകീഴിൽ നിയമിതപുരുഷന്മാർ ആരാധനയോടു ബന്ധപ്പെട്ട കാര്യങ്ങൾ മാത്രമല്ല, കുറ്റകൃത്യങ്ങളും ആരാധനയുമായി നേരിട്ട് ബന്ധമില്ലാത്ത മറ്റു കാര്യങ്ങളും കൈകാര്യം ചെയ്യണമായിരുന്നു. എന്നാൽ ക്രിസ്തുവിന്റെ നിയമത്തിൻകീഴിൽ, മൂപ്പന്മാർ ഒരു തെറ്റിന്റെ, ആരാധനയോടു ബന്ധപ്പെട്ട കാര്യങ്ങൾ മാത്രമേ കൈകാര്യം ചെയ്യുകയുള്ളൂ. മറ്റു കാര്യങ്ങൾ കൈകാര്യം ചെയ്യാനുള്ള അധികാരം യഹോവ ഗവൺമെന്റ് അധികാരികൾക്കാണു കൊടുത്തിരിക്കുന്നതെന്ന് അവർ മനസ്സിലാക്കുന്നു. അതിൽ പിഴ ഈടാക്കുന്നതും തടവുശിക്ഷ വിധിക്കുന്നതും പോലുള്ളവ ഉൾപ്പെടുന്നു.—റോമ. 13:1-4.
24 സഭയിലെ ആരെങ്കിലും ഗുരുതരമായ ഒരു പാപം ചെയ്താൽ മൂപ്പന്മാർ അതു കൈകാര്യം ചെയ്യുന്നത് എങ്ങനെയാണ്? തിരുവെഴുത്തുകൾ ഉപയോഗിച്ചാണ് അവർ കാര്യങ്ങൾ വിശകലനം ചെയ്യുകയും തീരുമാനങ്ങൾ എടുക്കുകയും ചെയ്യുന്നത്. സ്നേഹമാണു ക്രിസ്തുവിന്റെ നിയമത്തിന്റെ അടിത്തറയെന്ന് അവർ മനസ്സിൽപ്പിടിക്കുന്നു. സ്നേഹം ഇങ്ങനെ ചിന്തിക്കാൻ അവരെ പ്രേരിപ്പിക്കും: ദുഷ്പ്രവൃത്തിക്ക് ഇരയായ സഭയിലെ ഒരാളെ സഹായിക്കുന്നതിന് എന്താണു ചെയ്യേണ്ടത്? ഇനി, പാപം ചെയ്തയാളെക്കുറിച്ചാണെങ്കിൽ, സ്നേഹം ഇങ്ങനെ ചിന്തിക്കാൻ മൂപ്പന്മാരെ പ്രേരിപ്പിക്കും: ആ വ്യക്തിക്കു പശ്ചാത്താപമുണ്ടോ? യഹോവയുമായുള്ള ബന്ധം പുനഃസ്ഥാപിക്കുന്നതിന് ആ വ്യക്തിയെ സഹായിക്കാൻ കഴിയുമോ?
25. അടുത്ത ലേഖനത്തിൽ എന്തു ചർച്ച ചെയ്യും?
25 ക്രിസ്തുവിന്റെ നിയമത്തിൻകീഴിലായിരിക്കാൻ കഴിഞ്ഞതിൽ നമ്മൾ എത്ര സന്തോഷമുള്ളവരാണ്! അത് അനുസരിക്കാൻ നമുക്ക് എല്ലാവർക്കും നല്ല ശ്രമം ചെയ്യാം. അങ്ങനെ ചെയ്യുന്നെങ്കിൽ സഭയിലെ ഓരോരുത്തർക്കും തങ്ങൾ സ്നേഹിക്കപ്പെടുന്നെന്നും വിലയുള്ളവരാണെന്നും സുരക്ഷിതരാണെന്നും തോന്നും. എങ്കിലും നമ്മൾ ജീവിക്കുന്നത് ‘ദുഷ്ടമനുഷ്യർ അടിക്കടി അധഃപതിച്ചുകൊണ്ടിരിക്കുന്ന’ ഒരു ലോകത്തിലാണ്. (2 തിമൊ. 3:13) അതുകൊണ്ട് നമ്മൾ എപ്പോഴും ജാഗ്രതയുള്ളവർ ആയിരിക്കണം. കുട്ടികളോടുള്ള ലൈംഗിക ദുഷ്പെരുമാറ്റം കൈകാര്യം ചെയ്യുമ്പോൾ ക്രിസ്തീയസഭയ്ക്ക് എങ്ങനെ ദൈവത്തിന്റെ നീതി ഉയർത്തിപ്പിടിക്കാം? അടുത്ത ലേഖനം ഈ ചോദ്യത്തിനുള്ള ഉത്തരം തരും.
ഗീതം 15 യഹോവയുടെ ആദ്യജാതനെ വാഴ്ത്താം!
a ഈ ലേഖനവും അടുത്ത രണ്ടു ലേഖനങ്ങളും ഒരു ലേഖനപരമ്പരയുടെ ഭാഗമാണ്. യഹോവ സ്നേഹത്തിന്റെയും നീതിയുടെയും ദൈവമാണെന്നു നമുക്ക് ഉറപ്പുണ്ടായിരിക്കാൻ കഴിയുന്നതിന്റെ കാരണം ഇവ വിശദീകരിക്കുന്നു. തന്റെ ജനത്തിനു നീതി ലഭിക്കാൻ യഹോവ ആഗ്രഹിക്കുന്നു. ഈ ദുഷ്ടലോകത്തിൽ അനീതിക്ക് ഇരയാകുന്നവരെ യഹോവ ആശ്വസിപ്പിക്കുകയും ചെയ്യുന്നു.
b 2019 ഫെബ്രുവരി ലക്കം വീക്ഷാഗോപുരത്തിലെ “സ്നേഹവും നീതിയും—പുരാതന ഇസ്രായേലിൽ” എന്ന ലേഖനം കാണുക.
c പദപ്രയോഗത്തിന്റെ വിശദീകരണം: മറ്റുള്ളവരുടെ ആവശ്യങ്ങൾക്കും താത്പര്യങ്ങൾക്കും നമ്മുടേതിനെക്കാൾ മുൻതൂക്കം കൊടുക്കാൻ ആത്മത്യാഗസ്നേഹം നമ്മളെ പ്രേരിപ്പിക്കുന്നു. മറ്റുള്ളവരുടെ നന്മയ്ക്കുവേണ്ടിയോ അവരെ സഹായിക്കാൻവേണ്ടിയോ ചില കാര്യങ്ങൾ ഉപേക്ഷിക്കാൻ നമ്മൾ മനസ്സൊരുക്കം കാണിക്കും.
d ചിത്രക്കുറിപ്പ്: ഒരേ ഒരു മകനെ മരണത്തിൽ നഷ്ടപ്പെട്ട വിധവയെ യേശു കാണുന്നു. അലിവ് തോന്നിയ യേശു ആ ചെറുപ്പക്കാരനെ ഉയിർപ്പിക്കുന്നു.
e ചിത്രക്കുറിപ്പ്: ശിമോൻ എന്ന ഒരു പരീശന്റെ വീട്ടിൽ യേശു ഭക്ഷണം കഴിക്കുന്നു. ഒരു സ്ത്രീ (അത് ഒരു വേശ്യയായിരിക്കാം.) യേശുവിന്റെ കാലുകൾ സ്വന്തം കണ്ണീരുകൊണ്ട് കഴുകി, തലമുടികൊണ്ട് തുടച്ചു, പാദങ്ങളിൽ സുഗന്ധതൈലം ഒഴിച്ചു. സ്ത്രീയുടെ പ്രവൃത്തികൾ ശിമോന് ഇഷ്ടപ്പെട്ടില്ല, എന്നാൽ യേശു അവൾക്കുവേണ്ടി സംസാരിക്കുന്നു.