യഥാർഥ സമാധാനം അന്വേഷിച്ചു പിന്തുടരുക!
“ജീവനെ ആഗ്രഹിക്കയും ശുഭകാലം കാണ്മാൻ ഇച്ഛിക്കയും ചെയ്യുന്നവൻ . . . ദോഷം വിട്ടകന്നു ഗുണം ചെയ്കയും സമാധാനം അന്വേഷിച്ചു പിന്തുടരുകയും ചെയ്യട്ടെ.”—1 പത്രൊസ് 3:10, 11.
1. യെശയ്യാവിന്റെ ഏതു വിഖ്യാത വാക്കുകൾക്കു തീർച്ചയായും നിവൃത്തിയുണ്ടാകും?
“അവർ തങ്ങളുടെ വാളുകളെ കൊഴുക്കളായും കുന്തങ്ങളെ വാക്കത്തികളായും അടിച്ചുതീർക്കും; ജാതി ജാതിക്കു നേരെ വാളോങ്ങുകയില്ല; അവർ ഇനി യുദ്ധം അഭ്യസിക്കയും ഇല്ല.” (യെശയ്യാവു 2:4) ന്യൂയോർക്കു നഗരത്തിലെ ഐക്യരാഷ്ട്ര ആസ്ഥാനത്തിനരികെ ഈ വിഖ്യാത വാക്യം പ്രദർശിപ്പിച്ചിട്ടുണ്ടെങ്കിലും, ആ ലോകസംഘടന അതു നിവർത്തിച്ചിട്ടില്ലെന്നുള്ളതു പകൽപോലെ വ്യക്തം. എന്നിരുന്നാലും, അതു യഹോവയാം ദൈവത്തിന്റെ ഒരിക്കലും പരാജയപ്പെടാത്ത വചനത്തിന്റെ ഭാഗമായതുകൊണ്ട് ആ പ്രഖ്യാപനം നിറവേറാതെപോകുന്ന പ്രശ്നമില്ല.—യെശയ്യാവു 55:10, 11.
2. യെശയ്യാവു 2:2, 3 പറയുന്നപ്രകാരം, “അന്ത്യകാലത്തു” എന്തു സംഭവിക്കണം?
2 യെശയ്യാവു 2:4-ൽ കാണുന്ന വാക്കുകൾ വാസ്തവത്തിൽ ഒരു വിസ്മയാവഹമായ പ്രവചനത്തിന്റെ, യഥാർഥ സമാധാനത്തെക്കുറിച്ചുള്ള ഒരു പ്രവചനത്തിന്റെ, ഭാഗമാണ്—അതു നമ്മുടെ നാളിൽ നിവൃത്തിയേറുകയുമാണ്. മേലാൽ യുദ്ധങ്ങളും യുദ്ധായുധങ്ങളും ഉണ്ടായിരിക്കുകയില്ലെന്ന പുളകപ്രദമായ ഭാവിപ്രതീക്ഷകളെക്കുറിച്ചു പ്രഖ്യാപിക്കുന്നതിനുമുമ്പ്, പ്രവചനം പറയുന്നു: “അന്ത്യകാലത്തു യഹോവയുടെ ആലയമുള്ള പർവ്വതം പർവ്വതങ്ങളുടെ ശിഖരത്തിൽ സ്ഥാപിതവും കുന്നുകൾക്കു മീതെ ഉന്നതവുമായിരിക്കും; സകലജാതികളും അതിലേക്കു ഒഴുകിച്ചെല്ലും. അനേകവംശങ്ങളും ചെന്നു: വരുവിൻ, നമുക്കു യഹോവയുടെ പർവ്വതത്തിലേക്കു, യാക്കോബിൻ ദൈവത്തിന്റെ ആലയത്തിലേക്കു കയറിച്ചെല്ലാം; അവൻ നമുക്കു തന്റെ വഴികളെ ഉപദേശിച്ചുതരികയും നാം അവന്റെ പാതകളിൽ നടക്കയും ചെയ്യും എന്നു പറയും. സീയോനിൽനിന്നു ഉപദേശവും യെരൂശലേമിൽനിന്നു യഹോവയുടെ വചനവും പുറപ്പെടും.”—യെശയ്യാവു 2:2, 3.
ആളുകൾക്കു സമാധാനപ്രിയരാകാൻ കഴിയും
3. യുദ്ധപ്രേമിയായ ഒരുവന് എങ്ങനെ സമാധാനപ്രേമിയായിത്തീരാൻ കഴിയും?
3 ആളുകൾ യഹോവയുടെ വഴികളിൽ പ്രബോധിപ്പിക്കപ്പെട്ടാലേ അവർക്കു സമാധാനപൂർണമായ ഗതി പിന്തുടരാനാകുവെന്നതു ശ്രദ്ധിക്കുക. യഹോവയുടെ പഠിപ്പിക്കലിനനുസൃതമായ പ്രതികരണത്തിന് ഒരു വ്യക്തിയുടെ ചിന്താരീതിക്കും പ്രവർത്തനവിധത്തിനും മാറ്റം വരുത്താനാകും, അങ്ങനെ യുദ്ധപ്രിയനായ ഒരുവനു സമാധാനപ്രിയനായിത്തീരാൻ കഴിയും. ഈ മാറ്റം സാധ്യമാകുന്നതെങ്ങനെയാണ്? റോമർ 12:2 പറയുന്നു: “ഈ ലോകത്തിന്നു അനുരൂപമാകാതെ നന്മയും പ്രസാദവും പൂർണ്ണതയുമുള്ള ദൈവഹിതം ഇന്നതെന്നു തിരിച്ചറിയേണ്ടതിന്നു മനസ്സു പുതുക്കി രൂപാന്തരപ്പെടുവിൻ.” നാം ദൈവവചനത്തിലെ തത്ത്വങ്ങളും കൽപ്പനകളുംകൊണ്ടു മനസ്സു നിറച്ച് അതിനെ രൂപാന്തരപ്പെടുത്തുന്നു, അല്ലെങ്കിൽ മറ്റൊരു ദിശയിൽ അതിനെ പ്രചോദിപ്പിക്കുന്നു. പതിവായി ദൈവവചനം പഠിക്കുന്നത് ഈ മാറ്റം വരുത്താൻ നമ്മെ സഹായിക്കും. കൂടാതെ നമ്മെ സംബന്ധിച്ച യഹോവയുടെ ഹിതം എന്താണെന്നു നമുക്കുതന്നെ ബോധ്യം വരുത്തുകയും നാം പോകേണ്ടുന്ന വഴി നമുക്കു വ്യക്തമായി കാണിച്ചുതരികയും ചെയ്യും.—സങ്കീർത്തനം 119:105.
4. ഒരുവൻ സമാധാനപൂർണമായ പുതുവ്യക്തിത്വം ധരിക്കുന്നതെങ്ങനെ?
4 ബൈബിൾ സത്യം നമ്മുടെ ചിന്താരീതിയെ മാത്രമല്ല, നമ്മുടെ പ്രവർത്തനങ്ങളെയും വ്യക്തിത്വത്തെയും രൂപാന്തരപ്പെടുത്തുന്നു. അതു പൗലൊസ് ഉദ്ബോധിപ്പിച്ചത് ചെയ്യാൻ നമ്മെ സഹായിക്കുന്നു: “മുമ്പിലത്തെ നടപ്പു സംബന്ധിച്ചു ചതിമോഹങ്ങളാൽ വഷളായിപ്പോകുന്ന പഴയ മനുഷ്യനെ ഉപേക്ഷിച്ചു നിങ്ങളുടെ ഉള്ളിലെ ആത്മാവു സംബന്ധമായി പുതുക്കം പ്രാപിച്ചു . . . നീതിയിലും വിശുദ്ധിയിലും ദൈവാനുരൂപമായി സൃഷ്ടിക്കപ്പെട്ട പുതുമനുഷ്യനെ ധരിച്ചുകൊൾവിൻ.” (എഫെസ്യർ 4:22-24) മനസ്സിനെ പ്രചോദിപ്പിക്കുന്ന ശക്തി ആന്തരികമാണ്. യഹോവയോടും അവന്റെ നിയമങ്ങളോടുമുള്ള സ്നേഹം വളരുമ്പോൾ, അതു രൂപാന്തരപ്പെടുകയും ശക്തിയുള്ളതായിത്തീരുകയും ചെയ്യുന്നു, കൂടാതെ അതു നമ്മെ ആത്മീയതയുള്ളവരും സമാധാനപ്രേമികളുമാക്കുന്നു.
5. യേശു ശിഷ്യന്മാർക്കു കൊടുത്ത “പുതിയ കല്പന” അവർക്കിടയിൽ സമാധാനം ഊട്ടിവളർത്തുന്നതെങ്ങനെ?
5 ഈ രൂപാന്തരീകരണത്തിന്റെ ആവശ്യം, യേശു ശിഷ്യന്മാരുമൊത്തു തന്റെ അവസാന മണിക്കൂറുകൾ ചെലവഴിക്കുന്ന സമയത്ത് അവർക്കു കൊടുത്ത പ്രബോധനത്തിൽ കാണാം: “നിങ്ങൾ തമ്മിൽ തമ്മിൽ സ്നേഹിക്കേണം എന്നു പുതിയോരു കല്പന ഞാൻ നിങ്ങൾക്കു തരുന്നു; ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും തമ്മിൽ തമ്മിൽ സ്നേഹിക്കേണം എന്നു തന്നേ. നിങ്ങൾക്കു തമ്മിൽ തമ്മിൽ സ്നേഹം ഉണ്ടെങ്കിൽ നിങ്ങൾ എന്റെ ശിഷ്യൻമാർ എന്നു എല്ലാവരും അറിയും.” (യോഹന്നാൻ 13:34, 35) സമ്പൂർണ ഐക്യത്തിൽ ശിഷ്യന്മാരെ ഒന്നിച്ചുനിർത്തുന്നത് ഈ ക്രിസ്തുസമാന, നിസ്വാർഥ സ്നേഹമാണ്. (കൊലൊസ്സ്യർ 3:14) ഈ ‘പുതിയ കൽപ്പന’ സ്വീകരിച്ച് അതനുസരിച്ചു ജീവിക്കാൻ മനസ്സൊരുക്കമുള്ളവർ മാത്രമേ ദൈവം വാഗ്ദാനം ചെയ്യുന്ന സമാധാനം ആസ്വദിക്കുകയുള്ളൂ. ഇന്ന് ഇതു ചെയ്യുന്ന ഏതെങ്കിലും ആളുകളുണ്ടോ?
6. ലോകത്തിലെ ആളുകളിൽനിന്നു വ്യത്യസ്തരായി യഹോവയുടെ സാക്ഷികൾ സമാധാനം ആസ്വദിക്കുന്നതെന്തുകൊണ്ട്?
6 തങ്ങളുടെ ലോകവ്യാപക സഹോദരവർഗത്തിനിടയിൽ സ്നേഹം പ്രകടമാക്കാൻ യഹോവയുടെ സാക്ഷികൾ ശ്രമിക്കുന്നു. ലോകത്തിലെ എല്ലാ ജനതകളിൽനിന്നുമായി വന്നവരെങ്കിലും, രാഷ്ട്രീയമോ മതപരമോ ആയ കടുത്ത സമ്മർദമുണ്ടായാൽപ്പോലും അവർ ലോകത്തിന്റെ വിവാദങ്ങളിൽ ഉൾപ്പെടുന്നില്ല. ഒരു ഏകീകൃത ജനമെന്ന നിലയിൽ, അവർ യഹോവയാൽ പഠിപ്പിക്കപ്പെടുന്നു. അവർ സമാധാനം ആസ്വദിക്കുന്നു. (യെശയ്യാവു 54:13) രാഷ്ട്രീയ പോരാട്ടങ്ങളിൽ അവർ നിഷ്പക്ഷത പാലിക്കുന്നു, അവർ യുദ്ധങ്ങളിൽ പങ്കെടുക്കുന്നുമില്ല. മുമ്പ് അക്രമാസക്ത സ്വഭാവമുണ്ടായിരുന്ന ചിലർ ആ ജീവിതരീതി വിട്ടുകളഞ്ഞിരിക്കുന്നു. അവർ ക്രിസ്തുയേശുവിനെ അനുകരിച്ച് സമാധാനപ്രേമികളായ ക്രിസ്ത്യാനികൾ ആയിത്തീർന്നിരിക്കുന്നു. അവർ പത്രൊസിന്റെ ഉപദേശം മുഴുഹൃദയത്തോടെ അനുസരിക്കുന്നു: “ജീവനെ ആഗ്രഹിക്കയും ശുഭകാലം കാണ്മാൻ ഇച്ഛിക്കയും ചെയ്യുന്നവൻ ദോഷം ചെയ്യാതെ തന്റെ നാവിനെയും വ്യാജം പറയാതെ അധരത്തെയും അടക്കിക്കൊള്ളട്ടെ. അവൻ ദോഷം വിട്ടകന്നു ഗുണം ചെയ്കയും സമാധാനം അന്വേഷിച്ചു പിന്തുടരുകയും ചെയ്യട്ടെ.”—1 പത്രൊസ് 3:10, 11; എഫെസ്യർ 4:3.
സമാധാനം പിന്തുടരുന്നവർ
7, 8. യുദ്ധം ഉപേക്ഷിച്ച് യഥാർഥ സമാധാനം തേടുന്നവരായിത്തീർന്നവരുടെ ഉദാഹരണങ്ങൾ നൽകുക. (നിങ്ങൾക്കറിയാവുന്ന മറ്റ് ഉദാഹരണങ്ങൾ പറയുക.)
7 ഉദാഹരണമായി, ഭീകരപ്രവർത്തകരെ നേരിടുന്നതിനുള്ള പ്രത്യേക പരിശീലനം ലഭിച്ച സ്ക്വാഡിലെ ഒരു മുൻ ഓഫീസറായിരുന്ന റാമി ഓവേദിന്റെ കാര്യമെടുക്കുക. ശത്രുക്കളെ കൊല്ലാനുള്ള പരിശീലനം അദ്ദേഹത്തിനു ലഭിച്ചിരുന്നു. പുറജാതീയ ഏഷ്യക്കാരിയായിപ്പോയി എന്നതിനാൽ താൻ സ്നേഹിച്ച പെൺകുട്ടിയെ വിവാഹം കഴിക്കുന്നതിനു റബിമാർ അനുകൂലമല്ലെന്നു മനസ്സിലായതോടെ ഇസ്രായേലി ദേശീയതയിൽ അദ്ദേഹത്തിനുണ്ടായിരുന്ന ആഴമായ വിശ്വാസത്തിന് ഉലച്ചിൽ തട്ടി. അയാൾ ബൈബിളിലെ സത്യത്തിനായി അന്വേഷണം ആരംഭിച്ചു. അങ്ങനെ യഹോവയുടെ സാക്ഷികളുമായി ബന്ധപ്പെട്ടു. ഇനിയൊരിക്കലും തനിക്കൊരു ഭ്രാന്തൻ ദേശഭക്തനായിരിക്കാൻ സാധ്യമല്ലെന്നു സാക്ഷികളുമൊത്തുള്ള ബൈബിൾ പഠനത്തിൽനിന്ന് അദ്ദേഹത്തിനു ബോധ്യമായി. യുദ്ധവും ആയുധവും ഉപേക്ഷിച്ച് എല്ലാ വർഗത്തിലുംപെട്ട ആളുകളെ സ്നേഹിക്കാൻ പഠിക്കുക എന്നതായിരുന്നു ക്രിസ്തീയ സ്നേഹത്തിന്റെ അർഥം. “എന്റെ റാമി സഹോദരന്” എന്ന വാക്കുകളോടെ ആരംഭിക്കുന്ന ദയാപൂർവകമായ ഒരു കത്തു ലഭിച്ചപ്പോൾ അദ്ദേഹം ശരിക്കും അതിശയിച്ചുപോയി! അതിനിത്ര പ്രത്യേകതയുണ്ടായിരുന്നത് എന്തുകൊണ്ട്? അത് എഴുതിയ വ്യക്തി ഒരു പാലസ്തീനിയൻ സാക്ഷിയായിരുന്നു. “അത് അവിശ്വസനീയമായാണ് എനിക്കു തോന്നിയത്. കാരണം, പാലസ്തീൻകാർ എന്റെ ശത്രുക്കളായിരുന്നു, ഇപ്പോഴിതാ അവരിലൊരാൾ എന്നെ ‘എന്റെ സഹോദരൻ’ എന്നു വിളിക്കുന്നു,” റാമി പറയുന്നു. അദ്ദേഹവും ഭാര്യയും ഇപ്പോൾ ദൈവത്തിന്റേതായ വിധത്തിൽ സമാധാനം പിന്തുടരുകയാണ്.
8 ജോർജ് റൂട്ടർ ആണ് മറ്റൊരു ഉദാഹരണം. രണ്ടാം ലോകമഹായുദ്ധത്തിൽ റഷ്യയെ ആക്രമിച്ച ജർമൻ സൈന്യത്തിൽ അദ്ദേഹവുമുണ്ടായിരുന്നു. ലോകാധിപത്യം എന്ന ഹിറ്റ്ലറിന്റെ മഹത്തായ പദ്ധതിയുടെ മാസ്മരതയിൽനിന്ന് പെട്ടെന്നുതന്നെ അദ്ദേഹം മുക്തനായി. യുദ്ധം കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തിയ അദ്ദേഹം യഹോവയുടെ സാക്ഷികളോടൊത്തു ബൈബിൾ പഠിക്കാൻ തുടങ്ങി. അദ്ദേഹം എഴുതി: “ഒടുവിൽ എനിക്കു കാര്യങ്ങളെല്ലാം വ്യക്തമാകാൻ തുടങ്ങി. സകല രക്തച്ചൊരിച്ചിലിനും കുറ്റപ്പെടുത്തേണ്ടതു ദൈവത്തെയല്ലെന്നു ഞാൻ മനസ്സിലാക്കി. . . . അനുസരണമുള്ള മനുഷ്യവർഗത്തിനു നിത്യാനുഗ്രഹങ്ങളോടെ, ഭൂവ്യാപകമായി ഒരു പറുദീസ സ്ഥാപിക്കുകയെന്നതാണ് അവന്റെ ഉദ്ദേശ്യമെന്നു ഞാൻ മനസ്സിലാക്കി. . . . തന്റെ ‘ആയിരംവർഷ ഭരണ’ത്തെക്കുറിച്ച് ഹിറ്റ്ലർ വീമ്പിളക്കിയിരുന്നു. എന്നാൽ 12 [വർഷമേ] അദ്ദേഹം ഭരിച്ചുള്ളൂ—പരിണതഫലം എത്ര ബീഭത്സമായിരുന്നു! ഭൂമിയുടെമേൽ ആയിരം വർഷം ഭരിക്കാൻ കഴിയുന്നതും ഭരിക്കാൻ പോകുന്നതും . . . ഹിറ്റ്ലർ അല്ല, ക്രിസ്തുവാണ്.” ഇപ്പോൾ ഏതാണ്ട് 50 വർഷമായി ജോർജ് യഥാർഥ സമാധാനത്തിന്റെ സന്ദേശവാഹകനായി മുഴുസമയ ശുശ്രൂഷയിൽ ഏർപ്പെട്ടിരിക്കുകയാണ്.
9. നാസി ജർമനിയിലെ യഹോവയുടെ സാക്ഷികളുടെ അനുഭവം അവർ ധൈര്യശാലികളെങ്കിലും സമാധാനപ്രേമികളാണെന്നു തെളിയിക്കുന്നതെങ്ങനെ?
9 ജർമനിയിലെ യഹോവയുടെ സാക്ഷികൾ നാസി ഭരണകാലത്തു പ്രകടമാക്കിയ നിർമലതയും നിഷ്പക്ഷതയും 50-ലധികം വർഷങ്ങൾക്കുശേഷം ഇന്നും ദൈവത്തോടും സമാധാനത്തോടുമുള്ള അവരുടെ സ്നേഹത്തിനു സാക്ഷ്യമായി തുടരുകയാണ്. വാഷിങ്ടൺ ഡി.സി.-യിലെ യുണൈറ്റഡ് സ്റ്റേറ്റ്സ് ഹോളോകോസ്റ്റ് മെമ്മോറിയൽ മ്യൂസിയം പ്രസിദ്ധീകരിച്ച ഒരു ചെറുപുസ്തകം പ്രസ്താവിക്കുന്നു: “നാസി ഭരണകാലത്ത് യഹോവയുടെ സാക്ഷികൾ കടുത്ത പീഡനം സഹിച്ചു. . . . പീഡനവും തടങ്കൽപ്പാളയങ്ങളിലെ ക്രൂരമായ പെരുമാറ്റവും ചിലപ്പോൾ വധനിർവഹണവും നേരിട്ടപ്പോൾ [തങ്ങളുടെ മതത്തെ തള്ളിപ്പറയാൻ] വിസമ്മതിച്ചുകൊണ്ട് അവരിൽ ഭൂരിപക്ഷവും കാട്ടിയ ധൈര്യം അനേകം സമകാലികരുടെ ആദരവു നേടി.” എന്നിട്ട് അതിങ്ങനെ തുടരുന്നു: “പാളയങ്ങളിൽനിന്നു വിമോചിതരായപ്പോൾ, യഹോവയുടെ സാക്ഷികൾ തങ്ങളുടെ വേല തുടർന്നു, അതിജീവകരുടെ ഇടയിൽ പ്രവർത്തിച്ച് അനുയായികളെ നേടിക്കൊണ്ടിരുന്നു.”
വളരെ മഹത്തരമായ മാറ്റം
10. (എ) യഥാർഥ സമാധാനം വരുന്നതിന് ഏതു മഹത്തായ മാറ്റം ആവശ്യമാണ്? (ബി) ഇതു ദാനീയേലിന്റെ പുസ്തകത്തിൽ എങ്ങനെയാണു ചിത്രീകരിച്ചിരിക്കുന്നത്?
10 ഏതെങ്കിലും തരത്തിലുള്ള കൂട്ട മതപരിവർത്തനത്തിലൂടെ ക്രിസ്തീയ നിഷ്പക്ഷതയിൽ വിശ്വസിപ്പിച്ച് ലോകത്തിൽ സമാധാനം കൈവരുത്താൻ കഴിയുമെന്നു യഹോവയുടെ സാക്ഷികൾ വിശ്വസിക്കുന്നുവെന്നാണോ ഇതിന്റെയർഥം? അല്ല! എന്തെന്നാൽ ഭൂമിയിൽ സമാധാനം പുനഃസ്ഥാപിതമാകണമെങ്കിൽ, അതിനെക്കാൾ വലിയ ഒരു മാറ്റം ആവശ്യമാണ്. എന്താണത്? ഭിന്നിപ്പിക്കുന്നതും മർദകവും അക്രമാസക്തവുമായ മനുഷ്യഭരണം, യേശു ശിഷ്യന്മാരെ പ്രാർഥിക്കാൻ പഠിപ്പിച്ച ദൈവരാജ്യത്താലുള്ള ഭരണത്തിനു വഴിമാറിക്കൊടുക്കണം. (മത്തായി 6:9, 10) എന്നാൽ അതെങ്ങനെ സംഭവിക്കും? മനുഷ്യവർഗത്തിന്റെ ഭൂമിയിലെ രാഷ്ട്രീയ ഭരണാധിപത്യങ്ങളെ പ്രതിനിധീകരിക്കുന്ന ഒരു ഭീമാകാര പ്രതിമയെ അന്ത്യനാളുകളിൽ ദൈവരാജ്യം, ‘മനുഷ്യകരങ്ങൾകൊണ്ട് വെട്ടിയെടുക്കപ്പെടാത്ത’ ഒരു വലിയ കല്ലുപോലെ, തകർത്തു നശിപ്പിക്കുന്നതായി ദാനീയേൽ പ്രവാചകൻ ഒരു ദിവ്യനിശ്വസ്ത സ്വപ്നത്തിൽ മനസ്സിലാക്കുകയുണ്ടായി. പിന്നെ അവൻ ഇങ്ങനെ ഉദ്ഘോഷിച്ചു: “ഈ രാജാക്കന്മാരുടെ കാലത്തു സ്വർഗ്ഗസ്ഥനായ ദൈവം ഒരുനാളും നശിച്ചുപോകാത്ത ഒരു രാജത്വം സ്ഥാപിക്കും; ആ രാജത്വം വേറെ ഒരു ജാതിക്കു ഏല്പിക്കപ്പെടുകയില്ല; അതു ഈ രാജത്വങ്ങളെ ഒക്കെയും തകർത്തു നശിപ്പിക്കയും എന്നേക്കും നിലനില്ക്കയും ചെയ്യും.”—ദാനീയേൽ 2:31-44.
11. സമാധാനത്തിനുവേണ്ടി ആവശ്യമായ മാറ്റം യഹോവ ഏത് ഉപാധിയിലൂടെ കൈവരുത്തും?
11 ലോകാവസ്ഥയിൽ ഈ സമൂല മാറ്റം നടക്കാൻ പോകുന്നതെന്തുകൊണ്ട്? എന്തെന്നാൽ ഭൂമിയെ മലീമസമാക്കുകയും അതിനെ നശിപ്പിക്കുകയും ചെയ്യുന്നവരെ നീക്കി അതിനെ ശുദ്ധീകരിക്കുമെന്നു യഹോവ വാഗ്ദാനം ചെയ്തിരിക്കുന്നു. (വെളിപ്പാടു 11:18) സാത്താനും അവന്റെ ദുഷ്ടലോകത്തിനുമെതിരെയുള്ള യഹോവയുടെ നീതിനിഷ്ഠമായ യുദ്ധത്തിലായിരിക്കും ഈ മാറ്റം സംഭവിക്കുക. വെളിപ്പാടു 16:14, 16-ൽ നാമിങ്ങനെ വായിക്കുന്നു: “ഇവ [അതായത്, അശുദ്ധമായ നിശ്വസ്ത മൊഴികൾ] സർവ്വഭൂതലത്തിലും ഉള്ള രാജാക്കന്മാരെ [രാഷ്ട്രീയ ഭരണാധിപന്മാരെ] സർവ്വശക്തനായ ദൈവത്തിന്റെ മഹാദിവസത്തിലെ യുദ്ധത്തിന്നു കൂട്ടിച്ചേർപ്പാൻ അത്ഭുതങ്ങൾ ചെയ്തുകൊണ്ടു അവരുടെ അടുക്കലേക്കു പുറപ്പെടുന്ന ഭൂതാത്മാക്കൾ തന്നേ—അവ അവരെ എബ്രായഭാഷയിൽ ഹർമ്മഗെദ്ദോൻ എന്നു പേരുള്ള സ്ഥലത്തിൽ കൂട്ടിച്ചേർത്തു.”
12. അർമഗെദോൻ എങ്ങനെയായിരിക്കും?
12 അർമഗെദോൻ എങ്ങനെയായിരിക്കും? അത് ഏതെങ്കിലും അണ്വായുധ കൊടുംവിപത്തുപോലെയോ മനുഷ്യൻ വരുത്തിക്കൂട്ടുന്ന ദുരന്തംപോലെയോ ആയിരിക്കുകയില്ല. അല്ല, സകല മനുഷ്യയുദ്ധങ്ങളെയും അവസാനിപ്പിക്കുന്നതിനും അത്തരം യുദ്ധങ്ങൾ പ്രോത്സാഹിപ്പിക്കുന്നവരെ നശിപ്പിക്കുന്നതിനുമുള്ള ദൈവത്തിന്റെ യുദ്ധമായിരിക്കും അത്. സമാധാനം ഇഷ്ടപ്പെടുന്നവർക്കായി യഥാർഥ സമാധാനം വരുത്തുന്നതിനുള്ള ദൈവത്തിന്റെ യുദ്ധമായിരിക്കും അത്. അതേ, യഹോവ ഉദ്ദേശിച്ചിരിക്കുന്നതുപോലെതന്നെ അർമഗെദോൻ വരുകയാണ്. അതു താമസിക്കുകയില്ല. ഇപ്രകാരം എഴുതാൻ പ്രവാചകനായ ഹബക്കൂക് നിശ്വസ്തനാക്കപ്പെട്ടു: “ദർശനത്തിന്നു ഒരു അവധിവെച്ചിരിക്കുന്നു; അതു സമാപ്തിയിലേക്കു ബദ്ധപ്പെടുന്നു; സമയം തെററുകയുമില്ല; അതു വൈകിയാലും അതിന്നായി കാത്തിരിക്ക; അതു വരും നിശ്ചയം; താമസിക്കയുമില്ല.” (ഹബക്കൂക് 2:3) നമ്മുടെ മാനുഷികമായ ചിന്ത നിമിത്തം അതു വൈകുന്നതായി തോന്നാം, എന്നാൽ യഹോവ തന്റെ സമയപ്പട്ടിക പാലിക്കുന്നു. യഹോവ മുൻകൂട്ടി നിശ്ചയിച്ചിരിക്കുന്ന മണിക്കൂറിൽത്തന്നെ അർമഗെദോൻ പൊട്ടിപ്പുറപ്പെടും.
13. യഥാർഥ കുറ്റവാളിയായ പിശാചായ സാത്താനെ ദൈവം എങ്ങനെ കൈകാര്യം ചെയ്യും?
13 ഈ നിർണായക നടപടി യഥാർഥ സമാധാനത്തിനുള്ള വഴിയൊരുക്കും! എന്നാൽ യഥാർഥ സമാധാനം ഉറപ്പായി സ്ഥാപിതമാകുന്നതിന്, മറ്റൊന്നു കൂടി ചെയ്യേണ്ടതുണ്ട്—ഭിന്നതയും വിദ്വേഷവും കലഹവും ഉണ്ടാക്കുന്നവനെ നീക്കം ചെയ്യണം. ഉടനെ സംഭവിക്കുമെന്നു ബൈബിൾ പ്രവചിക്കുന്നതും അതുതന്നെ—യുദ്ധം ഇളക്കിവിടുന്നവനും വ്യാജങ്ങളുടെ പിതാവുമായ സാത്താനെ പെട്ടെന്നുതന്നെ അഗാധത്തിൽ തളയ്ക്കുമെന്ന് അതു പ്രവചിക്കുന്നു. വെളിപ്പാടു 20:1-3-ൽ രേഖപ്പെടുത്തിയിരിക്കുന്നതുപോലെ, അപ്പോസ്തലനായ യോഹന്നാൻ ആ സംഭവത്തെ പ്രാവചനിക ദർശനത്തിൽ കണ്ടു: “അനന്തരം ഒരു ദൂതൻ അഗാധത്തിന്റെ താക്കോലും ഒരു വലിയ ചങ്ങലയും കയ്യിൽ പിടിച്ചുകൊണ്ടു സ്വർഗ്ഗത്തിൽനിന്നു ഇറങ്ങുന്നതു ഞാൻ കണ്ടു. അവൻ പിശാചും സാത്താനും എന്നുള്ള പഴയ പാമ്പായ മഹാസർപ്പത്തെ പിടിച്ചു ആയിരം ആണ്ടേക്കു ചങ്ങലയിട്ടു. ആയിരം ആണ്ടു കഴിയുവോളം ജാതികളെ വഞ്ചിക്കാതിരിപ്പാൻ അവനെ അഗാധത്തിൽ തള്ളിയിട്ടു അടെച്ചുപൂട്ടുകയും മീതെ മുദ്രയിടുകയും ചെയ്തു. അതിന്റെ ശേഷം അവനെ അല്പകാലത്തേക്കു അഴിച്ചു വിടേണ്ടതാകുന്നു.”
14. സാത്താനെതിരെയുള്ള യഹോവയുടെ വിജയകരമായ നടപടിയെ എങ്ങനെ വർണിക്കാം?
14 ഇതു സ്വപ്നമല്ല; അതു ദൈവത്തിന്റെ വാഗ്ദാനമാണ്—“ദൈവത്തിനു നുണ പറയുക അസാധ്യമാണ്” എന്നു ബൈബിൾ പറയുന്നു. (എബ്രായർ 6:18, NW) അതുകൊണ്ട്, പ്രവാചകനായ യിരെമ്യാവിലൂടെ യഹോവയ്ക്ക് ഇങ്ങനെ പറയാൻ കഴിഞ്ഞു: “യഹോവയായ ഞാൻ ഭൂമിയിൽ ദയയും ന്യായവും നീതിയും പ്രവർത്തിക്കുന്നു . . . ഇതിൽ അല്ലോ എനിക്കു പ്രസാദമുള്ളതു എന്നു യഹോവയുടെ അരുളപ്പാടു.” (യിരെമ്യാവു 9:24) അതേ, യഹോവ നീതിയിലും ന്യായത്തിലും പ്രവർത്തിക്കുന്നു, അവൻ ഭൂമിയിൽ കൈവരുത്താൻ പോകുന്ന സമാധാനത്തിൽ അവന് ആനന്ദമുണ്ട്.
സമാധാനപ്രഭുവിനാലുള്ള ഭരണം
15, 16. (എ) രാജാവായി ഭരിക്കുന്നതിനു യഹോവ തിരഞ്ഞെടുത്തിരിക്കുന്നത് ആരെ? (ബി) ആ ഭരണത്തെ വർണിച്ചിരിക്കുന്നതെങ്ങനെ, അതിൽ ആർ പങ്കുപറ്റും?
15 രാജ്യക്രമീകരണത്തിൻകീഴിൽ ജീവിക്കുന്ന എല്ലാവർക്കും യഥാർഥ സമാധാനമുണ്ടായിരിക്കുമെന്ന് ഉറപ്പാക്കാൻ, യഹോവ ഭരണാധിപത്യം നൽകിയിരിക്കുന്നത് യെശയ്യാവു 9:6, 7-ൽ മുൻകൂട്ടിപ്പറഞ്ഞിരിക്കുന്നതുപോലെ, യഥാർഥ സമാധാനപ്രഭുവായ യേശുക്രിസ്തുവിനാണ്: “നമുക്കു ഒരു ശിശു ജനിച്ചിരിക്കുന്നു; നമുക്കു ഒരു മകൻ നല്കപ്പെട്ടിരിക്കുന്നു; ആധിപത്യം അവന്റെ തോളിൽ ഇരിക്കും; അവന്നു അത്ഭുതമന്ത്രി, വീരനാം ദൈവം, നിത്യപിതാവു, സമാധാന പ്രഭു എന്നു പേർ വിളിക്കപ്പെടും. അവന്റെ ആധിപത്യത്തിന്റെ വർദ്ധനെക്കും സമാധാനത്തിന്നും അവസാനം ഉണ്ടാകയില്ല; . . . സൈന്യങ്ങളുടെ യഹോവയുടെ തീക്ഷ്ണത അതിനെ നിവർത്തിക്കും.” മിശിഹായുടെ സമാധാനപൂർണമായ ഭരണത്തെക്കുറിച്ച് സങ്കീർത്തനക്കാരനും പ്രാവചനികമായി എഴുതി: “അവന്റെ കാലത്തു നീതിമാന്മാർ തഴെക്കട്ടെ; ചന്ദ്രനുള്ളേടത്തോളം സമാധാനസമൃദ്ധി ഉണ്ടാകട്ടെ.”—സങ്കീർത്തനം 72:7.
16 മാത്രമല്ല, ക്രിസ്തുവിന്റെ 1,44,000 ആത്മാഭിഷിക്ത സഹോദരന്മാർ സ്വർഗത്തിൽ അവനോടൊപ്പം ഭരിക്കും. അവർ ക്രിസ്തുവിന്റെ കൂട്ടവകാശികൾ ആയിരിക്കും. അവരെക്കുറിച്ചു പൗലൊസ് പ്രസ്താവിച്ചു: “സമാധാനത്തിന്റെ ദൈവമോ വേഗത്തിൽ സാത്താനെ നിങ്ങളുടെ കാല്ക്കീഴെ ചതെച്ചുകളയും. നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങളോടുകൂടെ ഇരിക്കുമാറാകട്ടെ.” (റോമർ 16:20) അതേ, ഇവർ യുദ്ധക്കൊതിയനായ പിശാചായ സാത്താന്റെമേലുള്ള ക്രിസ്തുവിന്റെ വിജയത്തിൽ സ്വർഗത്തിൽനിന്നു പങ്കെടുക്കും!
17. യഥാർഥ സമാധാനം നേടുന്നതിനു നാം എന്തു ചെയ്യണം?
17 അതുകൊണ്ട്, ഇപ്പോൾ ചോദ്യമിതാണ്: യഥാർഥ സമാധാനം നേടാൻ നാം എന്തു ചെയ്യണം? ദൈവത്തിന്റെ വിധത്തിൽ മാത്രമേ യഥാർഥ സമാധാനം വരുകയുള്ളൂ. അതു നേടാൻ നിങ്ങൾ ക്രിയാത്മക നടപടികൾ എടുക്കണം. നിങ്ങൾ സമാധാനപ്രഭുവിനെ സ്വീകരിച്ച് അവനിലേക്കു തിരിയണം. അതിനർഥം പാപികളായ മനുഷ്യവർഗത്തിന്റെ വീണ്ടെടുപ്പുകാരനും മറുവിലക്കാരനും എന്നനിലയിലുള്ള അവന്റെ റോളിൽ നാം ക്രിസ്തുവിനെ സ്വീകരിക്കണമെന്നാണ്. യേശുതന്നെ ഈ വിഖ്യാതമായ വാക്കുകൾ പറയുകയുണ്ടായി: “തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു.” (യോഹന്നാൻ 3:16) യഥാർഥ സമാധാനത്തിനും രക്ഷയ്ക്കുമുള്ള ദൈവത്തിന്റെ കാര്യസ്ഥൻ എന്നനിലയിൽ ക്രിസ്തുയേശുവിൽ വിശ്വാസം പ്രകടമാക്കാൻ നാം മനസ്സൊരുക്കമുള്ളവരാണോ? സമാധാനം വരുത്താനും അത് ഉറപ്പാക്കാനും കഴിയുന്ന മറ്റൊരു നാമവും ആകാശത്തിൻ കീഴിലില്ല. (ഫിലിപ്പിയർ 2:8-11) എന്തുകൊണ്ട്? എന്തെന്നാൽ ദൈവം തിരഞ്ഞെടുത്തിരിക്കുന്നത് യേശുവിനെയാണ്. ഭൂമിയിൽ ജീവിച്ചിരുന്നിട്ടുള്ള ഏറ്റവും വലിയ സമാധാന സന്ദേശവാഹകനാണ് അവൻ. നിങ്ങൾ യേശുവിനെ ശ്രദ്ധിക്കുകയും അവന്റെ മാതൃക പിൻപറ്റുകയും ചെയ്യുമോ?
18. യോഹന്നാൻ 17:3-ൽ രേഖപ്പെടുത്തിയിരിക്കുന്ന യേശുവിന്റെ വാക്കുകളോടുള്ള പ്രതികരണമായി നാം എന്തു ചെയ്യണം?
18 “ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു” എന്ന് യേശു പറയുകയുണ്ടായി. (യോഹന്നാൻ 17:3) രാജ്യഹാളിൽ യഹോവയുടെ സാക്ഷികളുടെ യോഗങ്ങളിൽ പതിവായി സംബന്ധിച്ചുകൊണ്ട് സൂക്ഷ്മപരിജ്ഞാനം നേടുന്നതിനുള്ള സമയമാണിത്. വിദ്യാഭ്യാസപരമായ ഈ യോഗങ്ങൾ നിങ്ങളുടെ പരിജ്ഞാനവും പ്രത്യാശയും മറ്റുള്ളവരുമായി പങ്കുവെക്കുന്നതിനു നിങ്ങളെ പ്രേരിപ്പിക്കും. നിങ്ങൾക്കും ദൈവസമാധാനത്തിന്റെ ഒരു സന്ദേശവാഹകൻ ആയിരിക്കാൻ കഴിയും. ന്യൂ ഇൻറർനാഷണൽ വേർഷൻ അനുസരിച്ച് “ദൃഢമാനസനെ നീ സമ്പൂർണ സമാധാനത്തിൽ കാത്തുകൊള്ളും, എന്തെന്നാൽ അവൻ നിന്നിൽ ആശ്രയിക്കുന്നു” എന്നു യെശയ്യാവു 26:3-ൽ പ്രസ്താവിച്ചിരിക്കുന്നതുപോലെ, യഹോവയാം ദൈവത്തിൽ ആശ്രയിച്ചുകൊണ്ട് നിങ്ങൾക്കിപ്പോൾ സമാധാനം ആസ്വദിക്കാൻ കഴിയും. നാം ആരിൽ ആശ്രയിക്കണം? “യഹോവയാം യാഹിൽ ശാശ്വതമായോരു പാറ ഉള്ളതിനാൽ യഹോവയിൽ എന്നേക്കും ആശ്രയിപ്പിൻ.”—യെശയ്യാവു 26:4.
19, 20. ഇന്നു സമാധാനം അന്വേഷിച്ച് പിന്തുടരുന്നവർക്ക് എന്തു പ്രതീക്ഷിക്കാം?
19 ദൈവത്തിന്റെ സമാധാനപൂർണമായ പുതിയ ലോകത്തിലെ നിത്യജീവനുവേണ്ടി ഇപ്പോൾ നിലപാടു സ്വീകരിക്കുക. വെളിപ്പാടു 21:3-5-ൽ ദൈവവചനം നമുക്ക് ഉറപ്പു നൽകുന്നു: “സിംഹാസനത്തിൽനിന്നു ഒരു മഹാശബ്ദം പറയുന്നതായി ഞാൻ കേട്ടതു: ഇതാ, മനുഷ്യരോടുകൂടെ ദൈവത്തിന്റെ കൂടാരം; അവൻ അവരോടുകൂടെ വസിക്കും; അവർ അവന്റെ ജനമായിരിക്കും; ദൈവം താൻ അവരുടെ ദൈവമായി അവരോടുകൂടെ ഇരിക്കും. അവൻ അവരുടെ കണ്ണിൽനിന്നു കണ്ണുനീർ എല്ലാം തുടെച്ചുകളയും. ഇനി മരണം ഉണ്ടാകയില്ല; ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല; ഒന്നാമത്തേതു കഴിഞ്ഞുപോയി.” അതല്ലേ നിങ്ങൾ ആഗ്രഹിക്കുന്ന സമാധാനപൂർണമായ ഭാവി?
20 എങ്കിൽ ദൈവം വാഗ്ദാനം ചെയ്തിരിക്കുന്നത് എന്തെന്ന് ഓർമിക്കുക. “സൗമ്യതയുള്ളവർതന്നെ ഭൂമിയെ കൈവശമാക്കും, അവർ നിശ്ചയമായും സമാധാനസമൃദ്ധിയിൽ പരമാനന്ദം കണ്ടെത്തും.” “കുറ്റമില്ലാത്തവനെ ശ്രദ്ധിക്കുകയും പരമാർഥിയെ നോക്കുകയും ചെയ്യുക, എന്തെന്നാൽ ആ മമനുഷ്യന്റെ ഭാവി സമാധാനപൂർണമായിരിക്കും.” (സങ്കീർത്തനം 37:11, 37, NW) ആ സുദിനം വന്നെത്തുമ്പോൾ, കൃതജ്ഞതയോടെ നമുക്കു പറയാം, “യഥാർഥ സമാധാനത്തിന്റെ ഉറവായ യഹോവയാം ദൈവം ഹേതുവായി ഒടുവിലിതാ യഥാർഥ സമാധാനം!”
നിങ്ങൾക്കു വിശദീകരിക്കാമോ?
□ ചിന്തയ്ക്കും പ്രവൃത്തിക്കും മാറ്റം വരുത്താൻ ഒരുവനെ എന്തു സഹായിക്കും?
□ യഹോവയുടെ സാക്ഷികൾ യഥാർഥ സമാധാനത്തോടുള്ള സ്നേഹം വ്യക്തിപരമായും കൂട്ടമായും പ്രകടമാക്കിയിരിക്കുന്നതെങ്ങനെ?
□ വിദ്വേഷവും യുദ്ധവും പ്രോത്സാഹിപ്പിക്കുന്നവരെ യഹോവ എങ്ങനെ കൈകാര്യം ചെയ്യും?
□ സമാധാനപ്രഭുവിനാലുള്ള ഭരണം മനുഷ്യവർഗത്തിന് എന്തു കൈവരുത്തും?
[14-ാം പേജിലെ ചിത്രം]
യെശയ്യാവിന്റെ വാക്കുകൾ നിവർത്തിക്കുന്നത് യുഎൻ അല്ല, യഹോവയുടെ പഠിപ്പിക്കലിനോടു പ്രതികരിക്കുന്നവരാണ്
[15-ാം പേജിലെ ചിത്രം]
ഈ രണ്ടു പുരുഷന്മാർ സമാധാനം പിന്തുടരാൻ മാറ്റങ്ങൾ വരുത്തി
റാമി ഓവേദ്
ജോർജ് റൂട്ടർ
[16-ാം പേജിലെ ചിത്രം]
സമാധാനപ്രഭുവിന്റെ ഭരണത്തിൻകീഴിൽ സമാധാനം കളിയാടും