സുബോധമുള്ളവരായിരിക്കുക—അന്ത്യം അടുത്തിരിക്കുന്നു
“എല്ലാററിന്റെയും അവസാനം സമീപിച്ചിരിക്കുന്നു; ആകയാൽ പ്രാർത്ഥനെക്കു സുബോധമുള്ളവരും നിർമ്മദരുമായിരിപ്പിൻ.”—1 പത്രൊസ് 4:7.
“ഇന്നു രാത്രി സമാപന പ്രാർഥനാസമയത്ത് എനിക്കു ദൈവത്തിൽനിന്ന് ഒരു അരുളപ്പാടുണ്ടായി. ഒരു ലക്ഷത്തിപ്പതിനാറായിരം പേർ സ്വർഗാരോഹണം ചെയ്യുകയും 37 ലക്ഷം മരിച്ച വിശ്വാസികളുടെ കുഴിമാടങ്ങൾ ആകാശത്തിലേക്കു തുറക്കുകയും ചെയ്യും എന്ന് അവിടുന്ന് എന്നോടു പറഞ്ഞു.” വരാനുള്ള ദിവസങ്ങൾക്കുവേണ്ടിയുള്ള ഒരു ദൗത്യസംഘത്തിന്റെ നേതാവു തങ്ങളുടെ മുൻകൂട്ടിപ്പറയപ്പെട്ട ദിവസമായ 1992 ഒക്ടോബർ 28-ന്റെ തലേദിവസം ഇങ്ങനെ പറയുകയുണ്ടായി. എന്നിരുന്നാലും, ഒക്ടോബർ 29 വന്നെത്തിയപ്പോൾ ഒരു വ്യക്തിയും സ്വർഗാരോഹണം ചെയ്തില്ല, മരിച്ചവരുടെ കുഴിമാടങ്ങൾ ഒന്നും തുറന്നില്ല. ഒരു സ്വർഗീയ ഉത്പ്രാപണത്തിൽ പെട്ടെന്നു എടുക്കപ്പെടുന്നതിനു പകരം, കൊറിയയിലെ ആ അന്തിമവിധിദിവസ വിശ്വാസികൾക്ക് ഒക്ടോബർ 29 മറെറാരു സാധാരണ ദിവസം മാത്രമായിരുന്നു. അന്തിമവിധിദിവസത്തിന്റെ നിർണായക തീയതികൾ വരുകയും പോകുകയും ചെയ്തിട്ടുണ്ട്. എന്നാൽ വിനാശം മുൻകൂട്ടിപ്പറയുന്നവർ നിർഭയരായി നിലകൊള്ളുന്നു. ക്രിസ്ത്യാനികൾ എന്താണു ചെയ്യേണ്ടത്? അന്ത്യം സത്വരം അടുത്തുവരികയാണെന്ന വിശ്വാസം അവർ ഉപേക്ഷിക്കണമോ?
2ഉത്തരത്തിനായി, യേശുക്രിസ്തു തന്റെ ശിഷ്യൻമാരുമൊത്തു സ്വകാര്യ സംഭാഷണത്തിലായിരുന്ന സന്ദർഭം നമുക്കു സ്മരിക്കാം. അവിടെ ഗലീലിയാക്കടലിനു വടക്കു കിഴക്കായുള്ള ഫിലിപ്പിന്റെ കൈസര്യയുടെ പ്രദേശത്ത് ഒരു നാടകീയ പശ്ചാത്തലം ഒരുക്കുന്ന ഹെർമോൻ മലയുടെ പശ്ചാത്തലത്തിൽ, താൻ വധിക്കപ്പെടുമെന്ന് യേശു ഒട്ടും കൂസലില്ലാതെ പറയുന്നത് അവർ കേട്ടു. (മത്തായി 16:21) ഗൗരവാർഹമായ വാക്കുകൾ വേറെയുമുണ്ടായിരുന്നു. ശിഷ്യത്വം തുടർച്ചയായ ആത്മത്യാഗത്തിന്റേതായ ഒരു ജീവിതം നയിക്കുന്നതിനെയാണ് അർഥമാക്കുന്നതെന്ന് അവരോട് വിശദീകരിച്ചതിനുശേഷം, യേശു ഇങ്ങനെ മുന്നറിയിപ്പു കൊടുത്തു: “മനുഷ്യപുത്രൻ തന്റെ പിതാവിന്റെ മഹത്വത്തിൽ തന്റെ ദൂതൻമാരുമായി വരും; അപ്പോൾ അവൻ ഓരോരുത്തന്നും അവനവന്റെ പ്രവൃത്തിക്കു തക്കവണ്ണം പകരം നല്കും.” (മത്തായി 16:27) ഒരു ഭാവി വരവിനെക്കുറിച്ചു യേശു സംസാരിച്ചു. എന്നിരുന്നാലും, ഈ അവസരത്തിൽ അവിടുന്ന് ഒരു ന്യായാധിപനായിരിക്കും. ആ സമയത്തു തന്നെ വിശ്വസ്തതയോടെ അനുഗമിക്കുന്ന വ്യക്തികളെ അവിടുന്നു കണ്ടെത്തുമോ ഇല്ലയോ എന്നതിനെയാണു സകലതും ആശ്രയിച്ചിരിക്കുന്നത്. ഒരു വ്യക്തിക്കു ലൗകികമായി എത്രമാത്രം ഉണ്ടായിരുന്നേക്കാം അല്ലെങ്കിൽ ഇല്ലാതിരുന്നേക്കാം എന്നതിനെയല്ല, പെരുമാററത്തെ അടിസ്ഥാനപ്പെടുത്തിയായിരിക്കും യേശുവിന്റെ ന്യായവിധി. ഈ വസ്തുത അവിടുത്തെ ശിഷ്യൻമാർ ദൃഢമായി മനസ്സിൽ പിടിക്കണമായിരുന്നു. (മത്തായി 16:25, 26) അതിനാൽ യേശുക്രിസ്തുതന്നെയാണു തന്റെ അനുഗാമികളോടു ന്യായവിധിയോടുകൂടിയ അവിടുത്തെ മഹത്വത്തിലുള്ള വരവു നോക്കിപ്പാർത്തിരിക്കാൻ പറയുന്നത്.
3. യേശു തന്റെ ഭാവി വരവിന്റെ ഉറപ്പിനെ ഉദാഹരിച്ചത് എങ്ങനെ?
3 അടുത്തതായി യേശു പറയുന്നതു തന്റെ ഭാവി വരവിന്റെ ഉറപ്പിനെ ഉദാഹരിക്കുന്നു. അധികാരത്തോടെ അവിടുന്നു പ്രസ്താവിക്കുന്നു: “മനുഷ്യപുത്രൻ തന്റെ രാജ്യത്തിൽ വരുന്നതു കാണുവോളം മരണം ആസ്വദിക്കാത്തവർ ചിലർ ഈ നില്ക്കുന്നവരിൽ ഉണ്ടു എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.” (മത്തായി 16:28) ആറു ദിവസത്തിനുശേഷം ഈ വാക്കുകൾ നിറവേറുന്നു. യേശു രൂപാന്തരീകരണം പ്രാപിക്കുന്നതിന്റെ ഉജ്ജ്വലമായ ഒരു ദർശനം അവിടുത്തെ ഏററവും അടുത്ത ശിഷ്യൻമാരെ അത്ഭുതപ്പെടുത്തുന്നു. അവർ യേശുവിന്റെ മുഖം സൂര്യനെപ്പോലെ പ്രകാശിക്കുന്നതും അവിടുത്തെ വസ്ത്രം വെളുത്തു തിളങ്ങുന്നതും യഥാർഥത്തിൽ കാണുന്നു. രൂപാന്തരീകരണം ക്രിസ്തുവിന്റെ രാജ്യമഹത്വത്തിന്റെ ഒരു പൂർവവീക്ഷണമായിരുന്നു. രാജ്യപ്രവചനങ്ങളുടെ എന്തൊരു ബലദായകമായ സ്ഥിരീകരണം! ശിഷ്യൻമാർക്കു സുബോധമുള്ളവരായിരിക്കാൻ എന്തൊരു ശക്തമായ പ്രചോദനം.—2 പത്രൊസ് 1:16-19.
സുബോധമുള്ളവരായിരിക്കേണ്ടത് അടിയന്തിരമായിരിക്കുന്നത് എന്തുകൊണ്ട്?
4. അവിടുത്തെ വരവിനെ സംബന്ധിച്ചു ക്രിസ്ത്യാനികൾ ആത്മീയമായി ജാഗരൂകരാകേണ്ടത് എന്തുകൊണ്ട്?
4 അതു കഴിഞ്ഞ് ഒരു വർഷത്തിനുള്ളിൽ ഒലിവുമലയിൽ യേശു തന്റെ ശിഷ്യൻമാരുമായി വീണ്ടും സ്വകാര്യ സംഭാഷണത്തിൽ മുഴുകിയിരിക്കുന്നതു നാം കാണുന്നു. അവർ യെരൂശലേം നഗരം വീക്ഷിച്ചുകൊണ്ടിരിക്കുമ്പോൾ തന്റെ ഭാവി സാന്നിദ്ധ്യത്തിന്റെ അടയാളം എന്തായിരിക്കുമെന്നു വിശദീകരിച്ചിട്ട് അവിടുന്നു മുന്നറിയിപ്പു കൊടുക്കുന്നു: “നിങ്ങളുടെ കർത്താവു ഏതു ദിവസത്തിൽ വരുന്നു എന്നു നിങ്ങൾ അറിയായ്കകൊണ്ടു ഉണർന്നിരിപ്പിൻ.” അവിടുത്തെ അനുഗാമികൾ നിതാന്ത ജാഗ്രതയിലായിരിക്കണം, എന്തുകൊണ്ടെന്നാൽ അവിടുത്തെ വരവിന്റെ സമയം അജ്ഞാതമാണ്. അവർ അതിനുവേണ്ടി എല്ലായ്പോഴും തയ്യാറായിരിക്കേണം.—മത്തായി 24:42.
5. ജാഗ്രതയുടെ ആവശ്യകതയെ എങ്ങനെ ദൃഷ്ടാന്തീകരിക്കാം?
5 കർത്താവിന്റെ വരവിന്റെ വിധം സംബന്ധിച്ച് അവിടുന്ന് ഒരു കള്ളനോടു സദൃശനാണ്. അവിടുന്നു തുടർന്ന് ഇങ്ങനെ പറയുന്നു: “കള്ളൻ വരുന്ന യാമം ഇന്നതെന്നു വീട്ടുടയവൻ അറിഞ്ഞു എങ്കിൽ അവൻ ഉണർന്നിരിക്കയും തന്റെ വീടു തുരക്കുവാൻ സമ്മതിക്കാതിരിക്കയും ചെയ്യും എന്നു അറിയുന്നുവല്ലോ.” (മത്തായി 24:43) ഒരു ഭവനഭേദനക്കാരൻ താൻ വരുന്നതെപ്പോഴാണെന്നു വീട്ടുകാരെ അറിയിക്കുന്ന ഒരു പ്രഖ്യാപനം നടത്താറില്ല; അപ്രതീക്ഷിത സമയത്തുള്ള വരവാണ് അവന്റെ പ്രധാന ആയുധം. അതുകൊണ്ടു വീട്ടുകാരൻ നിതാന്ത ജാഗ്രതയിലായിരിക്കണം. എന്നിരുന്നാലും വിശ്വസ്ത ക്രിസ്ത്യാനിക്ക് അക്ഷീണമായ ജാഗ്രതയുള്ളത് ഏതെങ്കിലും ആശങ്കാകുലമായ ഭയം മുഖാന്തരമല്ല. മറിച്ച് അതു സമാധാനത്തിന്റെ ഒരു സഹസ്രാബ്ദം ആനയിക്കുന്നതിനുള്ള ക്രിസ്തുവിന്റെ മഹത്വത്തിലുള്ള വരവിന്റെ ആകാംക്ഷാപൂർവകമായ പ്രതീക്ഷയാൽ പ്രചോദിപ്പിക്കപ്പെടുന്നു.
6. നമ്മൾ സുബോധമുള്ളവരായിരിക്കേണ്ടത് എന്തുകൊണ്ട്?
6 സകല ജാഗരണവുമുണ്ടെങ്കിലും ആരും ഒരിക്കലും അവിടുന്നു വരുന്ന കൃത്യ ദിവസം മുൻകൂട്ടി അനുമാനിക്കില്ല. യേശു പറയുന്നു: “അങ്ങനെ നിങ്ങൾ നിനെക്കാത്ത നാഴികയിൽ മനുഷ്യപുത്രൻ വരുന്നതുകൊണ്ടു നിങ്ങളും ഒരുങ്ങിയിരിപ്പിൻ”. (മത്തായി 24:44) അതിനാലാണു സുബോധമുള്ളവരായിരിക്കുന്നതിന്റെ ആവശ്യം ഉള്ളത്. ഒരു ക്രിസ്ത്യാനി ഒരു നിശ്ചിത ദിവസം ക്രിസ്തു വരുകയില്ലെന്നു വിചാരിക്കുകയാണെങ്കിൽ ഒരുപക്ഷേ അതേ ദിവസമായിരിക്കാം യേശു വരുന്നത്. തീർച്ചയായും പോയകാലങ്ങളിൽ ഉദ്ദേശ്യശുദ്ധിയുള്ള വിശ്വസ്തരായ ക്രിസ്ത്യാനികൾ അന്ത്യം എപ്പോൾ സംഭവിക്കും എന്നതിനെപ്പററി മുൻകൂട്ടിപ്പറയാൻ ആത്മാർഥമായി ശ്രമിച്ചിട്ടുണ്ട്. എന്നിട്ടും യേശുവിന്റെ ഈ മുന്നറിയിപ്പു സത്യമെന്നു ആവർത്തിച്ചു തെളിഞ്ഞിരിക്കുന്നു: “ആ നാളും നാഴികയും സംബന്ധിച്ചോ എന്റെ പിതാവു മാത്രമല്ലാതെ ആരും സ്വർഗ്ഗത്തിലെ ദൂതൻമാരും പുത്രനും കൂടെ അറിയുന്നില്ല.”—മത്തായി 24:36.
7. ക്രിസ്തുവിന്റെ അനുഗാമികളായിരിക്കുവാൻ നമ്മുടെ ജീവിതം നാം നയിക്കേണ്ടത് എങ്ങനെ?
7 അതുകൊണ്ടു നമ്മൾ എന്താണു നിഗമനം ചെയ്യേണ്ടത്? ക്രിസ്തുവിന്റെ അനുഗാമികളായിരിക്കുവാൻ, ഈ ദുഷ്ട വ്യവസ്ഥിതിയുടെ അന്ത്യം ആസന്നമായിരിക്കുന്നെന്ന് എല്ലായ്പോഴും വിശ്വസിച്ചുകൊണ്ടു നമ്മൾ ജീവിക്കേണ്ടതുണ്ട്.
8. ക്രിസ്ത്യാനിത്വത്തിന്റെ ആദിമ നാളുകൾ മുതൽ ക്രിസ്ത്യാനികളുടെ മുഖമുദ്ര എന്തായിരുന്നിട്ടുണ്ട്?
8 മതേതര ചരിത്രകാരൻമാരും ബൈബിൾ പണ്ഡിതൻമാരും അംഗീകരിക്കുന്നതുപോലെ അത്തരമൊരു മനോഭാവം എല്ലാക്കാലത്തും ക്രിസ്ത്യാനികളുടെ ഒരു മുഖമുദ്രയായിരുന്നിട്ടുണ്ട്. ഉദാഹരണത്തിന്, പരിഭാഷകരുടെ പുതിയ നിയമം (The Translator’s New Testament) എന്ന പുസ്തകത്തിന്റെ എഡിററർമാർ അവരുടെ ശബ്ദാവലിയിൽ “ദിവസം” എന്ന വാക്കിനു കീഴെ ഇങ്ങനെ പ്രസ്താവിക്കുന്നു: “പുതിയ നിയമ കാലഘട്ടത്തിലെ ക്രിസ്ത്യാനികൾ ഇപ്പോഴത്തെ ലോകം അതിന്റെ എല്ലാ തിൻമയും ദുഷ്ടതയും സഹിതം അവസാനിപ്പിക്കപ്പെടുകയും യേശു ഭൂമിയിലേക്കു സകല മനുഷ്യവർഗത്തെയും ന്യായം വിധിക്കാൻ തിരിച്ചുവന്ന് ഒരു നൂതന സമാധാന യുഗത്തിനു തുടക്കം കുറിക്കുകയും മുഴുലോകത്തിൻമേലുമുള്ള അവിടുത്തെ ആധിപത്യം തുടങ്ങുകയും ചെയ്യുന്ന ദിവസത്തിന്റെ (സമയത്തിന്റെ) പ്രതീക്ഷയിൽ ജീവിച്ചു.” എൻസൈക്ലോപീഡിയ ബ്രിട്ടാണിക്ക ഇപ്രകാരം പ്രസ്താവിക്കുന്നു: “ക്രിസ്തുവിന്റെ തിരിച്ചുവരവിന്റെ ഒരു ആസന്നമായ പ്രതീക്ഷയുടെ രൂപത്തിൽ, അന്ത്യകാലത്തെക്കുറിച്ചുള്ള ക്രിസ്തീയ പ്രതീക്ഷയോടു ക്രിസ്ത്യാനിത്വത്തിന്റെ അനിതരസാധാരണമായ ആഗോളവ്യാപനം നേരിട്ടു ബന്ധപ്പെട്ടിരിക്കുന്നു.”
സുബോധമുള്ളവരായിരിക്കുക എന്നതിന്റെ അർഥം
9. മിശിഹായെക്കുറിച്ചുള്ള പത്രോസിന്റെ ചില പ്രതീക്ഷകൾ തെററായിരുന്നിട്ടു പോലും, അദ്ദേഹത്തിന് ആത്മവിശ്വാസമുള്ളവനായി നിലകൊള്ളാൻ കഴിഞ്ഞത് എന്തുകൊണ്ട്?
9 യേശു തന്റെ ഏററവും അടുത്ത ശിഷ്യൻമാരുമൊത്തു നടത്തിയ ആ അടുത്ത സുഹൃദ് സംഭാഷണങ്ങൾക്ക് ഏതാണ്ടു 30 വർഷത്തിനുശേഷം അപ്പോസ്തലനായ പത്രോസ് അന്ത്യം വന്നെത്തുന്നതിനുവേണ്ടിയുള്ള കാത്തിരിപ്പിൽ മടുത്തു പോയില്ല. അദ്ദേഹത്തിന്റെയും സഹശിഷ്യൻമാരുടെയും മിശിഹായെക്കുറിച്ചുള്ള പ്രാരംഭ പ്രതീക്ഷകൾ തെററിപ്പോയെങ്കിലും, യഹോവയുടെ സ്നേഹവും ശക്തിയും അവരുടെ പ്രത്യാശയുടെ സാക്ഷാത്കരണത്തിന് ഉറപ്പേകി എന്ന ആത്മവിശ്വാസമുള്ളവനായി അദ്ദേഹം നിലകൊണ്ടു. (ലൂക്കൊസ് 19:11; 24:21; പ്രവൃത്തികൾ 1:6; 2 പത്രൊസ് 3:9, 10) “എന്നാൽ എല്ലാററിന്റെയും അവസാനം സമീപിച്ചിരിക്കുന്നു” എന്ന് അദ്ദേഹം പറഞ്ഞപ്പോൾ ഗ്രീക്കു തിരുവെഴുത്തുകളിലുടനീളം അവിരുദ്ധമായി കേൾക്കുന്ന ഒരാശയം പ്രകാശിപ്പിക്കുകയാണു ചെയ്യുന്നത്. എന്നിട്ട് അദ്ദേഹം സഹക്രിസ്ത്യാനികളെ ഇപ്രകാരം പ്രോത്സാഹിപ്പിക്കുന്നു: “ആകയാൽ പ്രാർത്ഥനെക്കു സുബോധമുള്ളവരും നിർമ്മദരുമായിരിപ്പിൻ.”—1 പത്രൊസ് 4:7.
10. (എ) സുബോധമുള്ളവരായിരിക്കുക എന്നാൽ അർത്ഥം എന്ത്? (ബി) സംഗതികളെ ദൈവത്തിന്റെ ഇഷ്ടത്തോടുള്ള അവയുടെ ഉചിതമായ ബന്ധത്തിൽ കാണുന്നതിൽ ഉൾപ്പെട്ടിരിക്കുന്നത് എന്ത്?
10 “സുബോധമുള്ളവരായിരിക്കുക” എന്നതിന് ഒരു ലൗകിക നിലപാടിൽ മിടുക്കൻ ആയിരിക്കുക എന്നർഥമില്ല. “ജ്ഞാനികളുടെ ജ്ഞാനം ഞാൻ നശിപ്പിക്കയും ബുദ്ധിമാൻമാരുടെ ബുദ്ധി ദുർബ്ബലമാക്കുകയും ചെയ്യും” എന്നു യഹോവ പറയുന്നു. (1 കൊരിന്ത്യർ 1:19) പത്രോസ് ഉപയോഗിക്കുന്ന വാക്കിനു “സമചിത്തനായിരിക്കുക” എന്ന് അർഥമാക്കാൻ കഴിയും. ഈ ആത്മീയ സമചിത്തത നമ്മുടെ ആരാധനയുമായി ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ടു സ്ഥിരമാനസരായിരിക്കുന്നതിനാൽ നാം സംഗതികളെ യഹോവയുടെ ഇഷ്ടത്തോടുള്ള അവയുടെ ഉചിതമായ ബന്ധത്തിൽ കാണുന്നു; ഏതെല്ലാം കാര്യങ്ങൾ പ്രധാനമെന്നും ഏതെല്ലാം അപ്രധാനമെന്നും നമ്മൾ മനസ്സിലാക്കുന്നു. (മത്തായി 6:33, 34) അന്ത്യം ആസന്നമാണെങ്കിൽപ്പോലും നമ്മൾ ഒരു ഉൻമാദപൂർണമായ ജീവിത രീതിയിൽ ഒഴുകിനടക്കുന്നില്ല; നമ്മൾ ജീവിക്കുന്ന കാലഘട്ടത്തോടു വിപ്രതിപത്തിയും പ്രകടിപ്പിക്കുന്നില്ല. (മത്തായി 24:37-39 താരതമ്യപ്പെടുത്തുക.) പ്രത്യുത, ചിന്തയിലും മനോഭാവത്തിലും പ്രവർത്തനത്തിലുമുള്ള മിതത്വവും സമനിലയുമാണു നമ്മളെ നയിക്കുന്നത്. ഇത് ആദ്യമേ ദൈവത്തോടും (“പ്രാർത്ഥനെക്കു നിർമ്മദർ”) പിന്നീട് നമ്മുടെ അയൽക്കാരനോടും (“പരസ്പരം ഉററസ്നേഹം ഉള്ളവർ”) പ്രകടമാക്കപ്പെടുന്നു.—1 പത്രൊസ് 4:7, 8.
11. (എ) [നമ്മുടെ] “ഉള്ളിലെ ആത്മാവു സംബന്ധമായി പുതുക്കം പ്രാപിക്കു”ന്നതിന്റെ അർത്ഥം എന്ത്? (ബി) ഒരു പുതിയ മാനസിക ശക്തി നമുക്ക് ഉചിതമായ തീരുമാനങ്ങൾ എടുക്കാൻ സഹായിക്കുന്നത് എങ്ങനെ?
11 സുബോധമുള്ളവരായിരിക്കുന്നതിൽ [നമ്മുടെ] “ഉള്ളിലെ ആത്മാവു സംബന്ധമായി പുതുക്കം പ്രാപിക്കുന്നതും” ഉൾക്കൊള്ളുന്നുണ്ട്. (എഫെസ്യർ 4:23) എന്തുകൊണ്ടു പുതുക്കം പ്രാപിക്കണം? നമ്മൾ അപൂർണത അവകാശപ്പെടുത്തിയിരിക്കുന്നതുകൊണ്ടും പാപപൂരിതമായ ഒരു ചുററുപാടിൽ ജീവിക്കുന്നതുകൊണ്ടും നമ്മുടെ മനസ്സ് ആത്മീയതക്കു വിപരീതമായ ഒരു പ്രവണതയാൽ ഭരിക്കപ്പെടുന്നു. ആ ശക്തി ചിന്തകളെയും അഭിലാഷങ്ങളെയും ഭൗതികവും സ്വാർഥപരവുമായ ഒരു ദിശയിൽ നിരന്തരം തള്ളിവിടുന്നു. അതുകൊണ്ട് ഒരാൾ ഒരു ക്രിസ്ത്യാനിയായിത്തീരുമ്പോൾ അയാൾക്ക് അയാളുടെ ചിന്തകളെ ശരിയായ ദിശയിൽ, ആത്മീയ ദിശയിൽ, ആത്മത്യാഗത്തിനുള്ള ഒരു സന്നദ്ധതയിലേക്കു തള്ളിവിടുന്ന ഒരു പുതിയ ശക്തി അല്ലെങ്കിൽ ഒരു പ്രബല മാനസികഭാവം ആവശ്യമാണ്. അങ്ങനെ ഒരു തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുമ്പോൾ, ഉദാഹരണത്തിന്, വിദ്യാഭ്യാസത്തിലോ ജീവിതവൃത്തിയിലോ തൊഴിലിലോ വിനോദത്തിലോ കളികളിലോ വസ്ത്രധാരണരീതിയിലോ വേറെ എന്തിലുമായിക്കൊള്ളട്ടെ, അയാളുടെ ആദ്യ ചായ്വു ജഡത്തിന്റേതായ, സ്വാർഥപരമായ ഒരു കാഴ്ചപ്പാടിലല്ല, ഒരു ആത്മീയ കാഴ്ചപ്പാടിൽ സംഗതി പരിചിന്തിക്കുവാനായിരിക്കും. ഈ പുതിയ മാനസിക ഭാവം സുബോധത്തോടെയും അന്ത്യം അടുത്തിരിക്കുന്നു എന്ന ബോധത്തോടെയും കാര്യങ്ങൾ തീരുമാനിക്കുക എളുപ്പമാക്കുന്നു.
12. നമുക്കു “വിശ്വാസത്തിൽ ആരോഗ്യമുള്ളവരായി” നിലകൊള്ളാൻ കഴിയുന്നത് എങ്ങനെ?
12 സുബോധമുണ്ടായിരിക്കുന്നതു നമുക്കു നല്ല ആത്മീയ ആരോഗ്യമുണ്ടെന്ന് അർഥമാക്കുന്നു. നമുക്ക് എങ്ങനെയാണു “വിശ്വാസത്തിൽ . . . ആരോഗ്യമുള്ളവരായി” നിലകൊള്ളാൻ കഴിയുന്നത്? (തീത്തൊസ് 2:2) നാം നമ്മുടെ മനസ്സിനെ ഉചിതമായ ആഹാരംകൊണ്ടു പോഷിപ്പിക്കണം. (യിരെമ്യാവു 3:15) അവിടുത്തെ പരിശുദ്ധാത്മാവിന്റെ പ്രവർത്തനത്താൽ പിന്താങ്ങപ്പെടുന്ന ദൈവത്തിന്റെ സത്യവചനം സ്ഥിരമായി ഭക്ഷിക്കുന്നതു നമ്മുടെ ആത്മീയ സന്തുലിതാവസ്ഥ നിലനിർത്താൻ നമ്മളെ സഹായിക്കും. അതുകൊണ്ടു വയൽസേവനത്തിലും പ്രാർഥനയിലും ക്രിസ്തീയ സഹവാസത്തിലും മാത്രമല്ല വ്യക്തിപരമായ പഠനത്തിലും ക്രമമുണ്ടായിരിക്കുന്നതു മർമപ്രധാനമാണ്.
സുബോധം നമ്മെ സംരക്ഷിക്കുന്ന വിധം
13. സുബോധം അപഹാസ്യമായ തെററുകൾ ചെയ്യുന്നതിൽനിന്നു നമ്മെ പരിരക്ഷിക്കുന്നത് എങ്ങനെ?
13 സുബോധത്തിനു നമ്മുടെ നിത്യജീവനെ നഷ്ടപ്പെടുത്താവുന്ന മൂഢമായ ഒരു തെററു ചെയ്യുന്നതിൽനിന്നു നമ്മെ പരിരക്ഷിക്കാൻ കഴിയും. ഇത് എങ്ങനെയാണു സാധ്യമാവുക? അപ്പോസ്തലനായ പൗലോസ് “ബുദ്ധിയുടെ പ്രമാണ”ത്തെപ്പററി പറയുന്നു. വിശ്വാസത്തിൽ ആരോഗ്യവാനായ ഒരു വ്യക്തിയുടെ കാര്യത്തിൽ ബുദ്ധിയുടെ പ്രമാണത്തെ ഭരിക്കുന്നത് അയാൾ ഇഷ്ടപ്പെടുന്ന എന്തെങ്കിലും, അതായതു “ദൈവത്തിന്റെ പ്രമാണം” ആണ്. “പാപത്തിന്റെ പ്രമാണം” ബുദ്ധിയുടെ പ്രമാണത്തോടു പോരാടുന്നു എന്നതു ശരിതന്നെ. എന്നിരുന്നാലും യഹോവയുടെ സഹായത്താൽ ക്രിസ്ത്യാനിക്കു വിജയം വരിക്കാനാവും.—റോമർ 7:21-25.
14, 15. (എ) ഏതു രണ്ടു സ്വാധീനങ്ങൾ മനസ്സിനെ നിയന്ത്രിക്കുവാൻ പോരാട്ടം നടത്തുന്നു? (ബി) നമുക്ക് എങ്ങനെ മനസ്സിന്റെ പോരാട്ടത്തിൽ വിജയിക്കാൻ കഴിയും?
14 ആത്മസുഖാസക്ത ജീവിതത്തിൽ കേന്ദ്രീകരിച്ചിരിക്കുന്ന പാപപൂർണമായ ജഡത്താൽ നിയന്ത്രിക്കപ്പെടുന്ന മനസ്സും യഹോവയുടെ സേവനത്തിൽ ആത്മത്യാഗത്തിന്റേതായ ഒരു ജീവിതത്തിൽ കേന്ദ്രീകരിച്ചിരിക്കുന്ന, ദൈവാത്മാവിനാൽ നയിക്കപ്പെടുന്ന മനസ്സും തമ്മിൽ ഒരു നിശിതമായ വ്യത്യാസം വരച്ചുകാണിച്ചുകൊണ്ടു റോമർ 8:5-7-ൽ പൗലോസ് എഴുതുന്നു: “ജഡസ്വഭാവമുള്ളവർ ജഡത്തിന്നുള്ളതും ആത്മസ്വഭാവമുള്ളവർ ആത്മാവിന്നുള്ളതും ചിന്തിക്കുന്നു. ജഡത്തിന്റെ ചിന്ത മരണം; ആത്മാവിന്റെ ചിന്തയോ ജീവനും സമാധാനവും തന്നേ. ജഡത്തിന്റെ ചിന്ത ദൈവത്തോടു ശത്രുത്വം ആകുന്നു; അതു ദൈവത്തിന്റെ ന്യായപ്രമാണത്തിന്നു കീഴ്പെടുന്നില്ല, കീഴ്പെടുവാൻ കഴിയുന്നതുമല്ല”.
15 പിന്നീടു 11-ാം വാക്യത്തിൽ പൗലോസ് പരിശുദ്ധാത്മാവിനോടു സഹകരിക്കുന്ന മനസ്സ് പോരാട്ടത്തിൽ എപ്രകാരം വിജയിക്കുന്നുവെന്നു വിശദീകരിക്കുന്നു: “യേശുവിനെ മരിച്ചവരിൽനിന്നു ഉയർപ്പിച്ചവന്റെ ആത്മാവു നിങ്ങളിൽ വസിക്കുന്നു എങ്കിൽ ക്രിസ്തുയേശുവിനെ മരണത്തിൽനിന്നു ഉയിർപ്പിച്ചവൻ നിങ്ങളിൽ വസിക്കുന്ന തന്റെ ആത്മാവിനെക്കൊണ്ടു നിങ്ങളുടെ മർത്യശരീരങ്ങളെയും ജീവിപ്പിക്കും.”
16. സുബോധം ഏത് പ്രലോഭനങ്ങളിൽനിന്നു നമ്മെ സംരക്ഷിക്കുന്നു?
16 അതിനാൽ സുബോധമുള്ളവരായിരിക്കുന്നതിനാൽ സകലതരം ഉല്ലാസങ്ങളിലും, ഭൗതികവസ്തുക്കളിലും, ലൈംഗിക ദുർനടത്തയിലുമുള്ള അളവററ ആസക്തി സ്വഭാവമായുള്ള ഈ ലോകത്തിൽ സർവവ്യാപകമായി കാണപ്പെടുന്ന വിനോദങ്ങളാൽ നമ്മൾ വശീകരിക്കപ്പെടുകയില്ല. നമ്മുടെ സുബോധമുള്ള മനസ്സു “ദുർന്നടപ്പു വിട്ടു ഓടുവാനും” അതിന്റെ വിപല്ക്കരമായ അനന്തരഫലങ്ങളിൽനിന്നു രക്ഷപ്പെടാനും നമ്മളോടു പറയും. (1 കൊരിന്ത്യർ 6:18) നമ്മുടെ സുബോധമുള്ള മാനസികഭാവം രാജ്യതാത്പര്യങ്ങൾക്കു പ്രഥമ സ്ഥാനം കൊടുക്കാൻ നമ്മെ പ്രേരിപ്പിക്കുകയും യഹോവയുമായുള്ള നമ്മുടെ ബന്ധത്തെ ദുർബലമാക്കിയേക്കാവുന്ന ഒരു ഭൗതിക ജീവിതവൃത്തിയുടെ വാഗ്ദാനത്താൽ നാം പ്രലോഭിപ്പിക്കപ്പെടുമ്പോൾ നമ്മുടെ ചിന്തയെ പരിരക്ഷിക്കുകയും ചെയ്യാം.
17. സാമ്പത്തിക ബാധ്യതകളെ അഭിമുഖീകരിച്ചപ്പോൾ ഒരു പയനിയർ സഹോദരി സുബോധം പ്രകടമാക്കിയത് എങ്ങനെ?
17 ഉദാഹരണത്തിന്, തെക്കുകിഴക്കെ ഏഷ്യയിലെ ഒരു ഉഷ്ണമേഖലാരാജ്യത്തു മനസ്സിൽ രാജ്യതാത്പര്യങ്ങൾക്ക് ഒന്നാം സ്ഥാനം കൊടുത്ത ഒരു യുവസഹോദരിയുണ്ട്. അവൾ മുഴുസമയസേവനത്തോട് അതിയായ താത്പര്യം നട്ടുവളർത്തിയിരുന്നു. ആ രാജ്യത്തു മിക്ക ഉദ്യോഗങ്ങൾക്കും ആറോ ഏഴോ ദിവസത്തെ മുഴുസമയ ജോലി ആവശ്യമായിരുന്നു. അവൾ യൂണിവേഴ്സിററിയിൽനിന്നു ബിരുദമെടുത്തശേഷം, കുടുംബത്തിനുവേണ്ടി ധാരാളം പണം സമ്പാദിക്കുമെന്നായിരുന്നു യഹോവയുടെ സാക്ഷികളിൽ ഒരുവനല്ലാത്ത അവളുടെ പിതാവിന്റെ പ്രതീക്ഷ. എന്നാൽ അവൾക്കു ശക്തമായ ആഗ്രഹം ഉണ്ടായിരുന്നതു പയനിയറിംഗ് ചെയ്യാനായിരുന്നു. തന്നിമിത്തം അവൾ ഒരു അംശകാല ജോലി കണ്ടെത്തുകയും പയനിയർസേവനം ആരംഭിക്കുകയും ചെയ്തു. ഇത് അവളുടെ പിതാവിനെ പ്രകോപിപ്പിച്ചു. അയാൾ അവളുടെ സാധനസാമഗ്രികൾ തെരുവിലേക്ക് എറിഞ്ഞുകളയുമെന്നു ഭീഷണിപ്പെടുത്തി. ചൂതുകളിച്ച് അയാൾ ഭാരിച്ച കടത്തിലായിരുന്നു. തന്റെ കടമെല്ലാം മകൾ വീട്ടുമെന്ന് അയാൾ പ്രതീക്ഷിച്ചു. അവളുടെ ഇളയസഹോദരൻ ഒരു യൂണിവേഴ്സിററിയിൽ പഠിക്കുകയായിരുന്നു. കടമുണ്ടായിരുന്നതിനാൽ അവന്റെ ററ്യൂഷൻ ഫീസ് കൊടുക്കുവാനുള്ള പണവും ഉണ്ടായിരുന്നില്ല. സഹോദരി തന്നെ ഇപ്പോൾ സഹായിച്ചാൽ ഒരു ജോലി കിട്ടുമ്പോൾ താൻ കുടുംബത്തെ സംരക്ഷിച്ചുകൊള്ളാമെന്ന് അവൻ വാഗ്ദാനം ചെയ്തു. സഹോദരനോടുള്ള സ്നേഹവും പയനിയറിംഗിനോടുള്ള സ്നേഹവും അവളുടെ ഹൃദയത്തെ ഉലച്ചു. ശ്രദ്ധാപൂർവം സംഗതി പരിചിന്തിച്ചശേഷം, പയനിയറിംഗ് തുടരുവാനും മറെറാരു ജോലി അന്വേഷിക്കുവാനും അവൾ ഉറപ്പായി തീരുമാനിച്ചു. അവളുടെ പ്രാർഥനക്ക് ഉത്തരമെന്നോണം, കുടുംബത്തെയും സഹോദരനെയും സാമ്പത്തികമായി സഹായിക്കാൻ മാത്രമല്ല അവളുടെ പ്രഥമ താത്പര്യമായ പയനിയറിംഗ് തുടരുവാനും സാധ്യമാക്കിയ ഒരു നല്ല ജോലി അവൾ കണ്ടെത്തി.
സുബോധം നിലനിർത്തുന്നതിൽ യഹോവയുടെ സഹായം തേടുക
18. (എ) ചിലയാളുകൾക്കു ഹൃദയത്തിൽ മുഷിവു തോന്നിയേക്കാവുന്നത് എന്തുകൊണ്ട്? (ബി) ഹൃദയത്തിൽ മുഷിവുതോന്നുന്നവരെ ഏതു തിരുവെഴുത്ത് ആശ്വസിപ്പിച്ചേക്കാം?
18 ക്രിസ്തുവിന്റെ ചില അനുഗാമികൾ സുബോധം നിലനിർത്തുന്നതു ദുഷ്ക്കരമെന്നു കണ്ടെത്തിയേക്കാം. അവർ പ്രതീക്ഷിച്ചതിനെക്കാൾ ദീർഘമായി ഈ ദുഷ്ട വ്യവസ്ഥിതി നിലനിന്നുപോകുന്നതുകൊണ്ട് അവരുടെ ക്ഷമ കുറയുകയായിരിക്കാം. അതിനെ സംബന്ധിച്ചു ഹൃദയത്തിൽ അവർക്കു മുഷിവു തോന്നിയേക്കാം. എന്നിരുന്നാലും അന്ത്യം വരും. യഹോവ അതു വാഗ്ദാനം ചെയ്യുന്നു. (തീത്തൊസ് 1:2) അതുപോലെ വാഗ്ദത്തം ചെയ്യപ്പെട്ട അവിടുത്തെ ഭൗമിക പറുദീസയും വരും. യഹോവ അതിന് ഉറപ്പു നൽകുന്നു. (വെളിപ്പാടു 21:1-5) തീർച്ചയായും പുതിയ ലോകം വരുമ്പോൾ സുബോധം നിലനിർത്തിയ എല്ലാവർക്കുംവേണ്ടി ഒരു “ജീവവൃക്ഷം” ഉണ്ടായിരിക്കും.—സദൃശവാക്യങ്ങൾ 13:12.
19. സുബോധത്തെ നിലനിർത്താൻ കഴിയുന്നത് എങ്ങനെ?
19 നമുക്കു സുബോധം നിലനിർത്താൻ എങ്ങനെ കഴിയും? യഹോവയുടെ സഹായം തേടുക. (സങ്കീർത്തനം 54:4) അവിടുത്തോടു ചേർന്നു നില്ക്കുക. നമ്മുടെ ഗാഢസൗഹൃദം യഹോവ ആഗ്രഹിക്കുന്നു എന്നതിൽ നാം എത്ര സന്തോഷിക്കുന്നു! “ദൈവത്തോടു അടുത്തു ചെല്ലുവിൻ; എന്നാൽ അവൻ നിങ്ങളോടു അടുത്തുവരു”മെന്നു ശിഷ്യനായ യാക്കോബ് എഴുതി. (യാക്കോബ് 4:8) പൗലോസ് ഇപ്രകാരം പറയുന്നു: “കർത്താവിൽ എപ്പോഴും സന്തോഷിപ്പിൻ; സന്തോഷിപ്പിൻ എന്നു ഞാൻ പിന്നെയും പറയുന്നു. നിങ്ങളുടെ സൌമ്യത സകല മനുഷ്യരും അറിയട്ടെ; കർത്താവു വരുവാൻ അടുത്തിരിക്കുന്നു. ഒന്നിനെക്കുറിച്ചും വിചാരപ്പെടരുതു; എല്ലാററിലും പ്രാർത്ഥനയാലും അപേക്ഷയാലും നിങ്ങളുടെ ആവശ്യങ്ങൾ സ്തോത്രത്തോടുകൂടെ ദൈവത്തോടു അറിയിക്കയത്രേ വേണ്ടതു. എന്നാൽ സകലബുദ്ധിയേയും കവിയുന്ന ദൈവസമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും നിനവുകളെയും ക്രിസ്തുയേശുവിങ്കൽ പുലർത്തും.” (ഫിലിപ്പ്യർ 4:4-7) നശിച്ചുകൊണ്ടിരിക്കുന്ന ഈ വ്യവസ്ഥിതിയുടെ ഭാരങ്ങൾ ഇനി വഹിക്കാവുന്നതിലും വലുതാണെന്നു തോന്നുമ്പോൾ അവയെ യഹോവയുടെ മേൽ വെച്ചുകൊൾക, അവിടുന്നു നിങ്ങളെ താങ്ങും.—സങ്കീർത്തനം 55:22.
20. ഒന്നു തിമൊഥെയൊസ് 4:10 അനുസരിച്ചു നമ്മൾ ഏതു ഗതിയിൽ തുടരണം?
20 അതെ, അന്ത്യം അടുത്ത് എത്തിയിരിക്കുന്നു, അതിനാൽ സുബോധമുള്ളവരായിരിപ്പിൻ! ആയിരത്തിത്തൊള്ളായിരം വർഷം മുമ്പ് അതു നല്ലോരു ഉപദേശമായിരുന്നു. ഇന്ന് അതു മർമപ്രധാനമായ ഉപദേശമാണ്. യഹോവ തന്റെ പുതിയ ലോകത്തിലേക്കു നമ്മെ സുരക്ഷിതമായി നയിക്കുന്നതിൽ തുടരുമ്പോൾ അവികലമായ നമ്മുടെ മാനസിക പ്രാപ്തികൾ നമുക്കു യഹോവയെ സ്തുതിക്കുവാൻ ഉപയോഗിക്കുന്നതിൽ തുടരാം.—1 തിമൊഥെയോസ് 4:10.
നിങ്ങൾ എങ്ങനെ ഉത്തരം പറയും?
▫ സുബോധം എന്നാൽ എന്ത്?
▫ സുബോധമുള്ളവരായിരിക്കേണ്ടതു വളരെ അടിയന്തിരമായിരിക്കുന്നത് എന്തുകൊണ്ട്?
▫ നമ്മുടെ മനസ്സിനെ കർമ്മോദ്യുക്തമാക്കുന്ന ശക്തിയിൽ നമുക്കു പുതുക്കം പ്രാപിക്കാൻ കഴിയുന്നത് എങ്ങനെ?
▫ നാം നമ്മുടെ മനസ്സിൽ ഏതു നിരന്തരമായ പോരാട്ടം നടത്തണം?
▫ നമ്മൾ സുബോധം നിലനിർത്തുന്നത് എങ്ങനെ?
1. (എ) എന്ത് ആശാഭംഗമാണ് ഒരു മതനേതാവും അദ്ദേഹത്തിന്റെ അനുഗാമികളും അനുഭവിച്ചത്? (ബി) ചില പ്രതീക്ഷകൾ നിറവേറിയില്ലെങ്കിൽ ഏതു ചോദ്യങ്ങൾ ചോദിക്കപ്പെട്ടേക്കാം?
2. ഒരു ഭാവി ന്യായവിധി ദിവസത്തിന്റെ ആശയം അപ്പോസ്തലൻമാരോടു പറഞ്ഞത് ആർ, അവർ ഇതിനെക്കുറിച്ചു മനസ്സിലാക്കിയത് ഏതു സാഹചര്യങ്ങളിൽ ആയിരുന്നു?
[15-ാം പേജിലെ ചിത്രം]
പ്രാർഥനയിൽ ദൈവത്തോട് അടുത്തു ചെല്ലുന്നതു സുബോധം നിലനിർത്താൻ നമ്മെ സഹായിക്കുന്നു
[17-ാം പേജിലെ ചിത്രം]
സുബോധമുള്ളവരായിരിക്കുന്നതിനാൽ നാം ഈ ലോകത്തിന്റെ പ്രലോഭനങ്ങളാൽ വശീകരിക്കപ്പെടില്ല