അതു സൂക്ഷിച്ചുവെക്കാനാകില്ല അതുകൊണ്ട് നന്നായി വിനിയോഗിക്കൂ
“സമയം ആർക്കുംവേണ്ടി കാത്തുനിൽക്കാറില്ല” എന്ന് ഒരു ചൊല്ലുണ്ട്. പോയ സമയത്തെ തിരിച്ചുപിടിക്കാനാകില്ല എന്നാണ് ഇതു കാണിക്കുന്നത്, ഒരിക്കൽ പോയാൽ പോയതുതന്നെ. പിന്നീട് ഉപയോഗിക്കുന്നതിനായി സമയം നിങ്ങൾക്ക് മാറ്റിവെക്കാനാകില്ല. അത് ഉപയോഗിക്കാതെ സൂക്ഷിച്ചുവെക്കാനുള്ള ഏതൊരു ശ്രമവും വിഫലമാണ്. എട്ടു മണിക്കൂർ ഉറങ്ങിയതിനുശേഷം ദിവസത്തിന്റെ ശേഷിച്ച സമയത്ത് ഒന്നും ചെയ്യാതെ ആ സമയം സൂക്ഷിച്ചുവെക്കാൻ ശ്രമിച്ചാൽ എന്താണു സംഭവിക്കുക? ഉപയോഗിക്കാതിരുന്ന ആ സമയം എന്നേക്കുമായി പൊയ്പ്പോയിരിക്കും.
സമയത്തെ നല്ല ഒഴുക്കുള്ള ഒരു വലിയ നദിയോട് ഉപമിക്കാൻ കഴിയും. അതിന്റെ ഒഴുക്ക് എപ്പോഴും മുന്നോട്ടാണ്. അതിനെ തടഞ്ഞുനിറുത്താനോ ഒഴുകുന്ന ഓരോ തുള്ളിയും പ്രയോജനപ്പെടുത്താനോ നിങ്ങൾക്കു കഴിയില്ല. നൂറ്റാണ്ടുകൾക്കു മുമ്പ് ആളുകൾ നദീതീരങ്ങളിൽ ജലചക്രങ്ങൾ സ്ഥാപിക്കാൻ തുടങ്ങി. ഈ ജലചക്രങ്ങളുടെ സഹായത്തോടെ തിരികല്ലുകൾ, തടിമില്ലുകൾ, പമ്പുകൾ, ട്രിപ്-ഹാമറുകൾ എന്നിവ പ്രവർത്തിപ്പിക്കുന്നതിനായി ജലപ്രവാഹത്തിൽനിന്നുള്ള ഊർജം അവർ ഉപയുക്തമാക്കിയിരുന്നു. സമാനമായി നിങ്ങൾക്ക് സമയത്തെ സൂക്ഷിച്ചുവെക്കാനാകില്ലെങ്കിലും നല്ല കാര്യങ്ങൾ ചെയ്യുന്നതിനുവേണ്ടി അതിനെ ഉപയുക്തമാക്കാനാകും. പക്ഷേ അങ്ങനെ ചെയ്യുന്നതിന്, സമയം കവർന്നെടുക്കുന്ന രണ്ട് മുഖ്യ ഘടകങ്ങളോടു നിങ്ങൾ പോരാടേണ്ടതുണ്ട്—കാര്യങ്ങൾ നീട്ടിവെക്കുന്ന സ്വഭാവവും വസ്തുക്കൾ അടുക്കുംചിട്ടയുമില്ലാതെ അലങ്കോലമാക്കിയിടുന്ന ശീലവും. ആദ്യം നമുക്ക് നീട്ടിവെക്കലിനെക്കുറിച്ചു പരിചിന്തിക്കാം.
കാര്യങ്ങൾ നീട്ടിവെക്കുന്നത് ഒഴിവാക്കുക
“ഇന്നു ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ ഒരിക്കലും നാളത്തേക്കു മാറ്റിവെക്കരുത്” എന്ന് ഒരു പഴമൊഴി പറയുന്നു. എന്നാൽ ചില ആളുകൾ ഇതിനെ പരിഷ്കരിച്ച് ‘അടുത്തയാഴ്ചവരെ മാറ്റിവെക്കാൻ കഴിയുന്ന കാര്യങ്ങൾ ഒരിക്കലും നാളത്തേക്കു മാറ്റിവെക്കരുത്’ എന്നാക്കുന്നു. വളരെയധികം സമയവും ശ്രമവും ആവശ്യമുള്ള ഒരു ജോലി ചെയ്യേണ്ടതായി വരുമ്പോൾ ഇത്തരക്കാർ കണ്ടെത്തുന്ന എളുപ്പവഴിയാണ് നീട്ടിവെക്കൽ. ചെയ്യേണ്ട കാര്യങ്ങൾ മനഃപൂർവം, പതിവായി നീട്ടിവെക്കുന്നതിനെയാണ് ഇത് അർഥമാക്കുന്നത്. ഇക്കൂട്ടർക്ക് കാര്യങ്ങൾ നീട്ടിവെക്കുന്നത് ഒരു ശീലമായിത്തീർന്നിരിക്കുന്നു. സമ്മർദവും പിരിമുറുക്കവും വർധിക്കുമ്പോൾ, ചെയ്യേണ്ട ജോലി പിന്നത്തേക്കു മാറ്റിവെച്ചിട്ട് അവർ വീണുകിട്ടിയ ആ “ഒഴിവുസമയം” ആസ്വദിക്കുന്നു—വീണ്ടും സമ്മർദത്തിന്റെ പിടിയിലാകുന്നതുവരെ.
ചിലപ്പോഴൊക്കെ ശാരീരികവും വൈകാരികവുമായ കാരണങ്ങളാൽ ജോലികളിൽ ചിലതോ ഒരുപക്ഷേ എല്ലാംതന്നെയോ നമുക്കു മാറ്റിവെക്കേണ്ടതായി വന്നേക്കാം. കൂടാതെ, ദൈനംദിന പ്രവർത്തനങ്ങളിൽനിന്ന് ഇടയ്ക്കൊക്കെ ഒരു മാറ്റം എല്ലാവർക്കും ആവശ്യമാണ്. ദൈവപുത്രനു പോലും അത് ആവശ്യമായിരുന്നു. യേശു ശുശ്രൂഷയിൽ വളരെ തിരക്കോടെ ഏർപ്പെട്ടിരുന്നെങ്കിലും തനിക്കും തന്റെ ശിഷ്യന്മാർക്കും വിശ്രമിക്കുന്നതിനുവേണ്ടി സമയം മാറ്റിവെച്ചു. (മർക്കൊസ് 6:31, 32) ഇത്തരം ഒഴിവുവേളകൾ പ്രയോജനപ്രദമാണ്. നീട്ടിവെക്കൽ പക്ഷേ തികച്ചും വ്യത്യസ്തമായ ഒന്നാണ്; സാധാരണഗതിയിൽ ഇതു ഹാനികരമാണ്. ഒരു ഉദാഹരണം പരിചിന്തിക്കുക.
ഒരു കണക്കു പരീക്ഷയ്ക്കു പഠിക്കാൻ ഒരു വിദ്യാർഥിനിക്ക് മൂന്നാഴ്ച സമയമുണ്ട്. നിരവധി നോട്ടുബുക്കുകളും പാഠപുസ്തകങ്ങളും പഠിച്ചുതീർക്കാനുണ്ട്. അവൾക്കു പിരിമുറുക്കം അനുഭവപ്പെടുന്നു. പഠിത്തം പിന്നത്തേക്കു മാറ്റിവെക്കുന്നത് ഒരു നല്ല ആശയമായി അവൾക്കു തോന്നുന്നു. അവൾ ആ കെണിയിൽ വീഴുകയും ചെയ്യുന്നു. പഠിക്കുന്നതിനുപകരം അവൾ ടിവി കാണുന്നു. ഇങ്ങനെ ദിവസങ്ങൾ ഒന്നൊന്നായി കടന്നുപോകുന്നു. ഒടുവിൽ പരീക്ഷയുടെ തലേരാത്രിയായി. പഠനഭാഗം മുഴുവൻ ഒറ്റയടിക്കു പഠിച്ചുതീർക്കുകയല്ലാതെ വേറെ നിവൃത്തിയില്ലെന്നായി. തന്റെ മേശയ്ക്കരികിലിരുന്ന് നോട്ടുബുക്കുകളും പുസ്തകങ്ങളും ഒന്നൊന്നായി അവൾ മറിച്ചുനോക്കാൻ തുടങ്ങുന്നു.
മണിക്കൂറുകൾ കടന്നുപോകുന്നു. വീട്ടിലെ മറ്റംഗങ്ങൾ സുഖമായി കിടന്നുറങ്ങുമ്പോൾ അവൾ ഉറക്കമിളച്ചിരുന്ന് സമവാക്യങ്ങളും വർഗമൂലങ്ങളും മറ്റും മനഃപാഠമാക്കാൻ ശ്രമിച്ചുകൊണ്ട് പാഠപുസ്തകങ്ങളിലൂടെ ഒരു ഓട്ടപ്രദക്ഷിണം നടത്തുകയാണ്. അടുത്ത ദിവസം പരീക്ഷാഹാളിൽ എത്തുന്ന അവൾ ചോദ്യങ്ങളുമായി മല്ലിടുന്നു, ഉത്തരം നൽകാൻ അവളുടെ തളർന്ന മനസ്സിന് കഴിയുന്നില്ല. വളരെ കുറഞ്ഞ മാർക്കു കിട്ടിയ അവൾ പരീക്ഷയ്ക്കു തോൽക്കുന്നു. പഠനഭാഗം അവൾക്കു വീണ്ടും പഠിക്കേണ്ടതായി വരുന്നു, ഒരുപക്ഷേ അടുത്ത ക്ലാസ്സിലേക്ക് അവൾക്കു പ്രവേശനം ലഭിച്ചെന്നും വരില്ല.
ഈ വിദ്യാർഥിനിയുടെ കാര്യത്തിൽ നീട്ടിവെക്കൽ എത്ര വലിയ നഷ്ടമാണു വരുത്തിവെച്ചത്! എന്നാൽ ഇത്തരം സാഹചര്യങ്ങളിൽ എത്തിപ്പെടുന്നത് ഒഴിവാക്കാൻ ആളുകളെ സഹായിക്കുന്ന ഒരു ബൈബിൾ തത്ത്വമുണ്ട്. “സൂക്ഷ്മത്തോടെ, അജ്ഞാനികളായിട്ടല്ല ജ്ഞാനികളായിട്ടത്രേ നടപ്പാൻ നോക്കുവിൻ. . . . സമയം തക്കത്തിൽ ഉപയോഗിച്ചുകൊൾവിൻ” എന്ന് അപ്പൊസ്തലനായ പൗലൊസ് എഴുതി. (എഫെസ്യർ 5:15, 16) ആത്മീയ കാര്യങ്ങളോടുള്ള ബന്ധത്തിൽ സമയം ജ്ഞാനപൂർവം ഉപയോഗിക്കാൻ ക്രിസ്ത്യാനികളെ ഉദ്ബോധിപ്പിക്കുകയായിരുന്നു പൗലൊസ്. എന്നാൽ ഉൾപ്പെട്ടിരിക്കുന്ന തത്ത്വം ജീവിതത്തിലെ പ്രധാനപ്പെട്ട പല പ്രവർത്തനങ്ങളിലും സഹായകമാണ്. സാധാരണഗതിയിൽ, ഒരു ജോലി എപ്പോൾ ചെയ്യണമെന്ന് നമുക്കു തീരുമാനിക്കാനാകും എന്നതിനാൽ ഏറ്റവും അനുയോജ്യമായ സമയത്തുതന്നെ അതു തുടങ്ങുന്നത് കൂടുതൽ വേഗത്തിൽ അതു തീർക്കാനും മെച്ചപ്പെട്ട ഫലങ്ങൾ ഉണ്ടാകാനും ഇടയാക്കും. തിരുവെഴുത്തു പറയുന്നതുപോലെ, ഇത് “ജ്ഞാനി”കളുടെ ലക്ഷണമാണ്.
മുമ്പു നാം പരിചിന്തിച്ച ആ വിദ്യാർഥിനിയുടെ കാര്യത്തിൽ, കണക്കു പരീക്ഷയ്ക്കുവേണ്ടി പഠിക്കുന്നതിനുള്ള ഏറ്റവും അനുയോജ്യമായ സമയം ഏതായിരുന്നു? ഒരുപക്ഷേ അവൾക്ക്, ദിവസവും വൈകുന്നേരം 15 മിനിറ്റോ മറ്റോ മാറ്റിവെച്ചുകൊണ്ട് പാഠഭാഗം പടിപടിയായി ഹൃദിസ്ഥമാക്കാൻ കഴിയുമായിരുന്നു. അങ്ങനെ ചെയ്തിരുന്നെങ്കിൽ, പരീക്ഷയുടെ തലേരാത്രി, ഉറങ്ങേണ്ട സമയത്ത് അവൾക്ക് കഷ്ടപ്പെട്ടു പഠിക്കേണ്ടി വരില്ലായിരുന്നു. പരീക്ഷയുടെ ദിവസം ആകുമ്പോഴേക്കും, അവൾ നന്നായി വിശ്രമിച്ച് പാഠങ്ങളൊക്കെ പഠിച്ച് പരീക്ഷയ്ക്ക് ശരിക്കും തയ്യാറായിട്ടുണ്ടാകുമായിരുന്നു. ഫലമോ? ഉയർന്ന മാർക്കോടെയുള്ള വിജയം.
അതുകൊണ്ട്, ഒരു കാര്യം ചെയ്യാൻ നിങ്ങളോട് ആരെങ്കിലും ആവശ്യപ്പെടുമ്പോൾ അതിനുള്ള ഏറ്റവും അനുയോജ്യമായ സമയം ഏതാണെന്നു നിശ്ചയിക്കുക; എന്നിട്ട് ആ സമയത്തുതന്നെ അതു ചെയ്യുക. അങ്ങനെ ചെയ്താൽ, നീട്ടിവെക്കൽ എന്ന കെണിയും അതിന്റെ ഭവിഷ്യത്തുകളും ഒഴിവാക്കാൻ നിങ്ങൾക്കു കഴിയും. ജോലി നന്നായി ചെയ്തെന്ന ചാരിതാർഥ്യവും നിങ്ങൾക്കുണ്ടാകും. ക്രിസ്തീയ സഭയിലെ നിയമനങ്ങളുടെ കാര്യത്തിലെന്നപോലെ, ചെയ്യേണ്ട കാര്യം മറ്റുള്ളവരെ ബാധിക്കുന്ന ഒന്നാണെങ്കിൽ ഇതു വിശേഷിച്ചും പ്രധാനമാണ്.
അടുക്കോടും ചിട്ടയോടും കൂടി . . .
മുമ്പു പറഞ്ഞതുപോലെ, നമ്മുടെ വിലപ്പെട്ട സമയം നന്നായി ഉപയോഗിക്കുന്നതിൽ ഉൾപ്പെട്ടിരിക്കുന്ന രണ്ടാമത്തെ ഘടകം വസ്തുക്കൾ അലങ്കോലമാക്കിയിടാതിരിക്കുക എന്നതാണ്. നമുക്ക് അറിയാവുന്നതുപോലെ, സാധനങ്ങൾ കൈകാര്യം ചെയ്യാനും അടുക്കിവെക്കാനും ഉപയോഗിക്കാനും വൃത്തിയാക്കാനും സൂക്ഷിച്ചുവെക്കാനും കണ്ടുപിടിക്കാനും ഒക്കെ സമയം ആവശ്യമാണ്. സാധനങ്ങൾ കൂടുന്തോറും ഇതിനൊക്കെ കൂടുതൽ സമയം ആവശ്യമായിവരുന്നു. വസ്തുക്കൾ കുന്നുകൂടിക്കിടക്കുന്ന ഒരു മുറിയിലോ വീട്ടിലോ ജോലി ചെയ്യുന്നതിന് അടുക്കും ചിട്ടയുമുള്ള ഒരിടത്തു ജോലി ചെയ്യുന്നതിനെക്കാൾ സമയം വേണം, അതു നിങ്ങളെ അസ്വസ്ഥനാക്കുകയും ചെയ്യും. മാത്രവുമല്ല, സാധനങ്ങൾ കുന്നുകൂടുന്നതനുസരിച്ച് ആവശ്യമുള്ള ഒരു സാധനം കണ്ടുപിടിക്കാൻ കൂടുതൽ സമയവും വേണ്ടിവരും.
“ചിതറിക്കിടക്കുന്ന സാധനങ്ങൾ മാർഗതടസ്സം സൃഷ്ടിക്കുന്നതിനാലും അവ ഒതുക്കിവെക്കുകയും പാഴ്വസ്തുക്കൾ നീക്കംചെയ്യുകയും ചെയ്യേണ്ടിവരുന്നതിനാലും” ആളുകൾ ശുചീകരണത്തിനായി ചെലവഴിക്കുന്നതിന്റെ ഏതാണ്ട് പകുതി സമയവും പാഴായിപ്പോകുന്നു എന്നാണ് ഹൗസ്കീപ്പിങ് രംഗത്തെ വിദഗ്ധർ പറയുന്നത്. ജീവിതത്തിന്റെ മറ്റു മേഖലകളിലും സാഹചര്യം സമാനമാണെന്നു പറയാം. അതുകൊണ്ട് സമയം കൂടുതൽ പ്രയോജനപ്രദമായ വിധത്തിൽ വിനിയോഗിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ, നിങ്ങൾക്കു ചുറ്റും ഒന്നു കണ്ണോടിക്കുക. സാധനങ്ങൾ അലങ്കോലമായി കിടക്കുന്നതിനാൽ നിന്നുതിരിയാൻ പോലും സ്ഥലമില്ലെന്നാണോ? ഇനി, അവ നിങ്ങളുടെ സമയം പാഴാക്കുകയും ചെയ്യുന്നുണ്ടോ? അങ്ങനെയാണെങ്കിൽ വസ്തുക്കൾ അടുക്കിവെക്കുകയും ഉപയോഗമില്ലാത്തവ കളയുകയും ചെയ്യുക.
എന്നാൽ ഇതത്ര എളുപ്പമല്ല. ഉപയോഗമില്ലാത്തതെങ്കിലും നിങ്ങൾ വളരെ പ്രിയപ്പെടുന്ന വസ്തുക്കൾ എറിഞ്ഞുകളയുന്നത് ഏറെക്കുറെ ഒരു നല്ല സുഹൃത്തിനെ നഷ്ടപ്പെടുന്നതുപോലെയായിരുന്നേക്കാം. അങ്ങനെയെങ്കിൽ, ഒരു വസ്തു സൂക്ഷിച്ചുവെക്കണോ കളയണോ എന്നു നിങ്ങൾക്ക് എങ്ങനെ തീരുമാനിക്കാൻ കഴിയും? ചിലർ പിൻപറ്റുന്ന രീതി ശ്രദ്ധിക്കുക: ഒരു വർഷമായി ഒരു സാധനം ഉപയോഗിച്ചിട്ടില്ലെങ്കിൽ, അവർ അതു കളയുന്നു. എന്നാൽ നിങ്ങളുടെ കാര്യത്തിൽ, ഒരു വർഷത്തിനുശേഷം അതു കളയാൻ നിങ്ങൾക്കു മനസ്സുവരുന്നില്ലെങ്കിലോ? സ്റ്റോർമുറിയിലോ മറ്റോ ആറു മാസത്തേക്കുകൂടി അതു സൂക്ഷിച്ചുവെക്കുക. നിങ്ങൾ അതു വീണ്ടും കാണുമ്പോൾ ഒന്നര വർഷമായി അത് ഉപയോഗിച്ചിട്ടില്ല എന്നതിനാൽ നിങ്ങൾക്ക് അത് കളയുക ഏറെ എളുപ്പമായിരുന്നേക്കാം. എന്തായാലും, നിങ്ങളുടെ ലക്ഷ്യം അനാവശ്യ സാധനങ്ങൾ കുന്നുകൂടുന്നത് ഒഴിവാക്കിക്കൊണ്ട് സമയം കൂടുതൽ പ്രയോജനപ്രദമായ വിധത്തിൽ വിനിയോഗിക്കുക എന്നതാണ്.
എന്നാൽ വീട്ടിലെയോ ജോലിസ്ഥലത്തെയോ സാധനങ്ങളുടെ കാര്യത്തിൽ മാത്രമല്ല ഇതൊരു പ്രശ്നമായിരിക്കുന്നത്. ദൈവത്തിന്റെ ‘വചനത്തെ ഞെരുക്കി’ ഒരു വ്യക്തിയെ സുവാർത്തയോടുള്ള ബന്ധത്തിൽ “നിഷ്ഫല”നാക്കിത്തീർക്കാൻ കഴിയുന്ന ‘ഈ ലോകത്തിന്റെ ചിന്തയെയും ധനത്തിന്റെ വഞ്ചനയെയും’ കുറിച്ച് യേശു പറയുകയുണ്ടായി. (മത്തായി 13:22) ഏറ്റവും പ്രധാനപ്പെട്ട ആത്മീയ കാര്യങ്ങൾക്കായി സമയം ക്രമമായി മാറ്റിവെക്കാനും സമനില പാലിക്കാനും ബുദ്ധിമുട്ടാകുംവിധം നിരവധി പ്രവർത്തനങ്ങളും സംരംഭങ്ങളും ഒരുവന്റെ ജീവിതത്തെ അലങ്കോലപ്പെടുത്തിയേക്കാം. ഫലമോ? അത് ആത്മീയമായി അയാൾക്കു വിനയായേക്കാം. അവസാനം, ദൈവം വാഗ്ദാനം ചെയ്തിരിക്കുന്ന—യഥാർഥ സംതൃപ്തിയും സന്തോഷവും നൽകിത്തരുന്ന കാര്യങ്ങൾ ചെയ്യാൻ അനന്തതയിലെങ്ങും സമയം ലഭ്യമായിരിക്കുന്ന—പുതിയ ലോകത്തിൽ പ്രവേശിക്കാനുള്ള അവസരംതന്നെ അയാൾക്കു നഷ്ടമായേക്കാം.—യെശയ്യാവു 65:17-24; 2 പത്രൊസ് 3:13.
ചെയ്യണമെന്നു നിങ്ങൾക്കു തോന്നുന്ന നൂറുകൂട്ടം കാര്യങ്ങൾ—അവ നിങ്ങളുടെ ജോലി, വീട്, വാഹനം, ഹോബികൾ, യാത്രകൾ, പതിവു വ്യായാമം, സാമൂഹിക കൂടിവരവുകൾ തുടങ്ങി എന്തിനോടു ബന്ധപ്പെട്ടതുമാകാം—ഒരുമിച്ചുകൊണ്ടുപോകാൻ സദാ പാടുപെടുകയാണോ നിങ്ങൾ? അങ്ങനെയാണെങ്കിൽ, ആത്മീയ കാര്യങ്ങൾക്കു കൂടുതൽ സമയം ചെലവഴിക്കാനാകുംവിധം അനാവശ്യ കാര്യാദികൾ വെട്ടിക്കുറയ്ക്കാൻ കഴിയുന്നത് എങ്ങനെയെന്നു ചിന്തിക്കാനുള്ള സമയം ഒരുപക്ഷേ ഇപ്പോഴായിരിക്കാം.
തുടക്കത്തിൽ പറഞ്ഞതുപോലെ, സമയം ആർക്കുംവേണ്ടി കാത്തുനിൽക്കാറില്ല. അതേ, സമയം മുന്നോട്ട് ഒഴുകിക്കൊണ്ടിരിക്കുകയാണ്, തുടർച്ചയായി ഒഴുകുന്ന ഒരു നദിപോലെ. അതിനെ തടഞ്ഞുനിറുത്താനോ അതിന്റെ ഗതി പിന്നോട്ടാക്കാനോ അതു സൂക്ഷിച്ചുവെക്കാനോ കഴിയില്ല; ഒരിക്കൽ പോയാൽ പോയതുതന്നെ. എന്നിരുന്നാലും, ലളിതമായ ചില ബൈബിൾ തത്ത്വങ്ങൾ പിൻപറ്റുകയും ഏതാനും പ്രായോഗിക നടപടികൾ സ്വീകരിക്കുകയും ചെയ്താൽ, “കൂടുതൽ പ്രാധാന്യമുള്ള സംഗതികൾ” ചെയ്യുന്നതിനാവശ്യമായ സമയം നമുക്കു കണ്ടെത്താനാകും; അതു നമുക്കുതന്നെ നിത്യ പ്രയോജനവും ‘ദൈവത്തിന് മഹത്വവും പുകഴ്ചെയും’ കൈവരുത്തും.—ഫിലിപ്പിയർ 1:10, 11, NW.
[8, 9 പേജുകളിലെ ചിത്രം]
ഒഴുക്കുള്ള ഒരു നദിയുടെ കാര്യത്തിലെന്നപോലെ, നല്ല കാര്യങ്ങൾ ചെയ്യുന്നതിനുവേണ്ടി സമയത്തെ ഉപയുക്തമാക്കാനാകും
[9-ാം പേജിലെ ചിത്രം]
ഈ വിദ്യാർഥിനിയുടെ കാര്യത്തിൽ പരീക്ഷയ്ക്കു പഠിക്കുന്നതിനുള്ള ഏറ്റവും അനുയോജ്യമായ സമയം ഏതാണ്?
[10-ാം പേജിലെ ചിത്രം]
സാധനങ്ങൾ അലങ്കോലമായിക്കിടക്കുന്ന ഒരിടത്തു ജോലി ചെയ്യുന്നതിന് കൂടുതൽ സമയം വേണം, അത് നിങ്ങളെ അസ്വസ്ഥനാക്കുകയും ചെയ്യും