‘നിന്റെ അയൽക്കാരനെ നീ നിന്നെപ്പോലെതന്നെ സ്നേഹിക്കുന്നുണ്ടോ?’
“നിന്റെ അയൽക്കാരനെ നീ നിന്നെപ്പോലെതന്നെ സ്നേഹിക്കണം.”—മത്താ. 22:39.
1, 2. തിരുവെഴുത്തുകൾ സ്നേഹത്തിന്റെ പ്രാധാന്യം എടുത്തുകാണിക്കുന്നത് എങ്ങനെ?
യഹോവയുടെ പ്രമുഖഗുണമാണ് സ്നേഹം. (1 യോഹ. 4:16) അവന്റെ ആദ്യസൃഷ്ടിയായ യേശുക്രിസ്തു യുഗങ്ങളോളം സ്വർഗത്തിൽ അവനോടൊപ്പം ചെലവഴിച്ചു. അങ്ങനെ യഹോവ എത്ര സ്നേഹവാനായ ദൈവമാണെന്ന് യേശു മനസ്സിലാക്കി. (കൊലോ. 1:15) ജീവിതത്തിലുടനീളം, സ്വർഗത്തിലായാലും ഭൂമിയിലായാലും യേശു അതേ സ്നേഹം പ്രകടമാക്കി. അതുകൊണ്ട് യഹോവയും യേശുവും എപ്പോഴും സ്നേഹത്തോടെ മാത്രമേ ഭരിക്കുകയുള്ളൂ എന്ന് നമുക്ക് ഉറപ്പുള്ളവരായിരിക്കാം.
2 ഏറ്റവും വലിയ കല്പന ഏതാണെന്ന് ഒരാൾ യേശുവിനോട് ചോദിച്ചപ്പോൾ യേശു പറഞ്ഞു: “‘നിന്റെ ദൈവമായ യഹോവയെ നീ മുഴുഹൃദയത്തോടും മുഴുദേഹിയോടും മുഴുമനസ്സോടുംകൂടെ സ്നേഹിക്കണം.’ ഇതാകുന്നു ഏറ്റവും വലിയതും ഒന്നാമത്തേതുമായ കൽപ്പന. രണ്ടാമത്തേത് ഇതിനോടു സമം: ‘നിന്റെ അയൽക്കാരനെ നീ നിന്നെപ്പോലെതന്നെ സ്നേഹിക്കണം.’”—മത്താ. 22:37-39.
3. നമ്മുടെ ‘അയൽക്കാരൻ’ ആരാണ്?
3 നമ്മുടെ എല്ലാ ബന്ധങ്ങളിലും സ്നേഹം പ്രകടമാക്കണം. യഹോവയെയും അതോടൊപ്പം അയൽക്കാരനെയും സ്നേഹിക്കണമെന്ന് യേശു പറഞ്ഞു. അങ്ങനെയെങ്കിൽ നമ്മുടെ ‘അയൽക്കാരൻ’ ആരാണ്? വിവാഹിതരാണെങ്കിൽ നമ്മുടെ ഏറ്റവും അടുത്ത അയൽക്കാരൻ ഭർത്താവോ ഭാര്യയോ ആണ്. സഭയിലെ സഹോദരീസഹോദരന്മാരും വയൽശുശ്രൂഷയിൽ കണ്ടുമുട്ടുന്നവരും നമ്മുടെ അയൽക്കാരിൽ ഉൾപ്പെടുന്നു. ഈ ലേഖനത്തിൽ അയൽക്കാരോട് എങ്ങനെ സ്നേഹം കാണിക്കാമെന്ന് നമ്മൾ പഠിക്കും.
നിങ്ങളുടെ ജീവിതപങ്കാളിയെ സ്നേഹിക്കുക
4. അപൂർണതകൾക്ക് മധ്യേയും വിവാഹജീവിതം എങ്ങനെ വിജയകരമാക്കാൻ കഴിയും?
4 യഹോവ ആദാമിനെയും ഹവ്വായെയും സൃഷ്ടിച്ച് ഒന്നിച്ചാക്കി. അതായിരുന്നു ആദ്യത്തെ വിവാഹം. അവരുടെ വിവാഹജീവിതം സന്തോഷഭരിതമായിരിക്കാനും അവരുടെ മക്കളെക്കൊണ്ട് ഭൂമി നിറയാനും യഹോവ ആഗ്രഹിച്ചു. (ഉല്പ. 1:27, 28) എന്നാൽ അവർ യഹോവയോട് അനുസരണക്കേട് കാണിച്ചപ്പോൾ അവരുടെ വിവാഹജീവിതം താറുമാറായി; പാപവും മരണവും നമുക്ക് കൈമാറിക്കിട്ടി. (റോമ. 5:12) ഇങ്ങനെയൊക്കെയാണെങ്കിലും ഇന്നും വിവാഹജീവിതം വിജയകരമാക്കാൻ കഴിയും. വിവാഹത്തിന്റെ ഉപജ്ഞാതാവായ യഹോവ, ബൈബിളിലൂടെ ഭാര്യാഭർത്താക്കന്മാർക്ക് അത്യുത്തമമായ ഉപദേശങ്ങൾ തന്നിട്ടുണ്ട്.—2 തിമൊഥെയൊസ് 3:16, 17 വായിക്കുക.
5. വിവാഹജീവിതത്തിൽ സ്നേഹം എത്ര പ്രധാനമാണ്?
5 സന്തോഷകരമായ ബന്ധങ്ങൾക്ക് ഊഷ്മളവും ആർദ്രവുമായ സ്നേഹം ഒഴിച്ചുകൂടാനാകാത്തതാണെന്ന് ബൈബിൾ കാണിക്കുന്നു. വിവാഹജീവിതത്തിൽ ഇത് പ്രത്യേകിച്ച് സത്യമാണ്. ആത്മാർഥമായ സ്നേഹം എങ്ങനെയുള്ളതായിരിക്കുമെന്ന് വർണിച്ചുകൊണ്ട് പൗലോസ് അപ്പൊസ്തലൻ ഇങ്ങനെ പറഞ്ഞു: “സ്നേഹം ദീർഘക്ഷമയും ദയയുമുള്ളത്. സ്നേഹം അസൂയപ്പെടുന്നില്ല; ആത്മപ്രശംസ നടത്തുന്നില്ല; വലുപ്പം ഭാവിക്കുന്നില്ല; അയോഗ്യമായി പെരുമാറുന്നില്ല; തൻകാര്യം അന്വേഷിക്കുന്നില്ല; പ്രകോപിതമാകുന്നില്ല. അത് ദ്രോഹങ്ങളുടെ കണക്കുസൂക്ഷിക്കുന്നില്ല. അത് അനീതിയിൽ സന്തോഷിക്കാതെ സത്യത്തിൽ സന്തോഷിക്കുന്നു. അത് എല്ലാം പൊറുക്കുന്നു; എല്ലാം വിശ്വസിക്കുന്നു; എല്ലാം പ്രത്യാശിക്കുന്നു; എല്ലാം സഹിക്കുന്നു. സ്നേഹം ഒരിക്കലും നിലച്ചുപോകുകയില്ല.” (1 കൊരി. 13:4-8) പൗലോസിന്റെ വാക്കുകളെക്കുറിച്ച് ചിന്തിക്കുകയും അത് അനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യുമ്പോൾ നമുക്ക് സന്തോഷകരമായ ഒരു വിവാഹജീവിതം ആസ്വദിക്കാൻ കഴിയും.
6, 7. (എ) ഒരു ശിരസ്സായിരിക്കുന്നതിനെക്കുറിച്ച് ബൈബിൾ എന്താണ് പറയുന്നത്? (ബി) ഒരു ക്രിസ്തീയ ഭർത്താവ് തന്റെ ഭാര്യയോട് എങ്ങനെ ഇടപെടണം?
6 കുടുംബത്തിന്റെ ശിരസ്സ് ആരായിരിക്കണമെന്ന് യഹോവ നിശ്ചയിച്ചിട്ടുണ്ട്. പൗലോസ് ഇങ്ങനെ പറഞ്ഞു: “ഏതു പുരുഷന്റെയും ശിരസ്സ് ക്രിസ്തു; സ്ത്രീയുടെ ശിരസ്സ് പുരുഷൻ; ക്രിസ്തുവിന്റെ ശിരസ്സ് ദൈവം. ഇതു നിങ്ങൾ മനസ്സിലാക്കണമെന്നു ഞാൻ ആഗ്രഹിക്കുന്നു.” (1 കൊരി. 11:3) ഭർത്താക്കന്മാർ സ്നേഹമുള്ള ശിരസ്സായിരിക്കാനാണ് യഹോവ പ്രതീക്ഷിക്കുന്നത്. അദ്ദേഹം നീചനോ ക്രൂരനോ ആയിരിക്കരുത്. യഹോവതന്നെ ദയയുള്ള നിസ്സ്വാർഥനായ ശിരസ്സായി വർത്തിക്കുന്നു. അതുകൊണ്ട് യേശു, സ്നേഹത്തോടെയുള്ള യഹോവയുടെ അധികാരത്തെ ആദരിക്കുന്നു. “ഞാൻ പിതാവിനെ സ്നേഹിക്കുന്നു” എന്ന് അവൻ പറഞ്ഞു. (യോഹ. 14:31) യഹോവ പരുഷമായിട്ടാണ് ഇടപെട്ടിരുന്നതെങ്കിൽ യേശുവിന് അങ്ങനെ തോന്നുമായിരുന്നില്ല.
7 ഭർത്താവ് ഭാര്യയുടെ ശിരസ്സാണെങ്കിലും അവളെ ബഹുമാനിക്കാൻ ബൈബിൾ ഭർത്താവിനോട് ആവശ്യപ്പെടുന്നു. (1 പത്രോ. 3:7) ഒരു ഭർത്താവിന് അത് എങ്ങനെ ചെയ്യാം? അദ്ദേഹത്തിന് അവളുടെ ആവശ്യങ്ങൾ പരിഗണിക്കുകയും ഇഷ്ടാനിഷ്ടങ്ങൾ മാനിക്കുകയും ചെയ്യാം. ബൈബിൾ പറയുന്നു: “ഭർത്താക്കന്മാരേ, ക്രിസ്തു സഭയെ സ്നേഹിച്ചതുപോലെ നിങ്ങളുടെ ഭാര്യമാരെ സ്നേഹിക്കുവിൻ. . . . സഭയ്ക്കുവേണ്ടി (ക്രിസ്തു) തന്നെത്തന്നെ ഏൽപ്പിച്ചുകൊടുത്തു.” (എഫെ. 5:25, 27) യേശു അനുഗാമികൾക്ക് വേണ്ടി സ്വന്തം ജീവൻപോലും കൊടുത്തു. യേശുവിനെപ്പോലെ, സ്നേഹപൂർവം ശിരഃസ്ഥാനം വഹിക്കുന്ന ഒരു ഭർത്താവാണ് നിങ്ങളെങ്കിൽ ഭാര്യക്ക് നിങ്ങളെ സ്നേഹിക്കാനും ആദരിക്കാനും നിങ്ങളെടുക്കുന്ന തീരുമാനങ്ങളെ മാനിക്കാനും കൂടുതൽ എളുപ്പമായിരിക്കും.—തീത്തൊസ് 2:3-5 വായിക്കുക.
നിങ്ങളുടെ സഹോദരീസഹോദരന്മാരെ സ്നേഹിക്കുക
8. നമ്മുടെ സഹോദരീസഹോദരന്മാരെക്കുറിച്ച് നമുക്ക് എന്ത് മനോഭാവമുണ്ടായിരിക്കണം?
8 ഇന്ന് ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ആളുകൾ യഹോവയെ ആരാധിക്കുന്നു. അവർ നമ്മുടെ സഹോദരീസഹോദരന്മാരാണ്. അവരെക്കുറിച്ച് നമുക്ക് എന്ത് മനോഭാവമാണ് ഉണ്ടായിരിക്കേണ്ടത്? ബൈബിൾ പറയുന്നു: “നമുക്ക് സകലർക്കും നന്മ ചെയ്യാം; വിശേഷാൽ സഹവിശ്വാസികളായവർക്ക്.” (ഗലാ. 6:10; റോമർ 12:10 വായിക്കുക.) സത്യത്തോടുള്ള നമ്മുടെ അനുസരണത്തിന്റെ ഫലം ആത്മാർഥമായ “സഹോദരപ്രീതി” ആയിരിക്കണമെന്ന് അപ്പൊസ്തലനായ പത്രോസ് എഴുതി. സഹക്രിസ്ത്യാനികളോട് പത്രോസ് ഇങ്ങനെയും പറഞ്ഞു: “സർവോപരി, തമ്മിൽ ഉറ്റസ്നേഹം ഉള്ളവരായിരിക്കുവിൻ.”—1 പത്രോ. 1:22; 4:8.
9, 10. ദൈവത്തിന്റെ ജനം എന്തുകൊണ്ടാണ് ഐക്യമുള്ളവരായിരിക്കുന്നത്?
9 നമ്മുടെ ലോകവ്യാപക സംഘടന സമാനതകളില്ലാത്ത ഒന്നാണ്. എന്തുകൊണ്ട്? കാരണം നമുക്ക് സഹോദരീസഹോദരന്മാരോട് ആഴവും ആത്മാർഥവും ആയ സ്നേഹമുണ്ട്. അതിലും പ്രധാനമായി, നമ്മൾ യഹോവയെ സ്നേഹിക്കുകയും അവന്റെ നിയമങ്ങൾ അനുസരിക്കുകയും ചെയ്യുന്നതുകൊണ്ട് പ്രപഞ്ചത്തിലെ ഏറ്റവും വലിയ ശക്തിയായ പരിശുദ്ധാത്മാവിനെ നൽകി യഹോവ നമ്മളെ പിന്തുണയ്ക്കുന്നു. ഐക്യമുള്ള ഒരു ലോകവ്യാപക സഹോദരകുടുംബമായിരിക്കാൻ ദൈവത്തിന്റെ ആത്മാവ് നമ്മളെ സഹായിക്കുന്നു.—1 യോഹന്നാൻ 4:20, 21 വായിക്കുക.
10 ക്രിസ്ത്യാനികൾക്കിടയിൽ സ്നേഹമുണ്ടായിരിക്കേണ്ടതിന്റെ പ്രാധാന്യം എടുത്തുകാണിച്ചുകൊണ്ട് പൗലോസ് ഇങ്ങനെ എഴുതി: “അതുകൊണ്ട് ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ട വിശുദ്ധരും പ്രിയരുമായ നിങ്ങൾ മനസ്സലിവ്, ദയ, താഴ്മ, സൗമ്യത, ദീർഘക്ഷമ എന്നിവ ധരിച്ചുകൊള്ളുവിൻ. ഒരുവനു മറ്റൊരുവനെതിരെ പരാതിക്കു കാരണമുണ്ടായാൽത്തന്നെ അന്യോന്യം പൊറുക്കുകയും ഉദാരമായി ക്ഷമിക്കുകയും ചെയ്യുവിൻ. യഹോവ നിങ്ങളോട് ഉദാരമായി ക്ഷമിച്ചതുപോലെ നിങ്ങളും ക്ഷമിക്കുവിൻ. എല്ലാറ്റിലും ഉപരിയായി ഐക്യത്തിന്റെ സമ്പൂർണബന്ധമായ സ്നേഹം ധരിക്കുവിൻ.” (കൊലോ. 3:12-14) നമ്മൾ എവിടെനിന്നുള്ളവരായാലും “ഐക്യത്തിന്റെ സമ്പൂർണബന്ധമായ സ്നേഹം” നമുക്കിടയിൽ ഉള്ളതിൽ നമ്മൾ എത്ര നന്ദിയുള്ളവരാണ്!
11. ദൈവത്തിന്റെ സംഘടനയെ തിരിച്ചറിയിക്കുന്നത് എന്താണ്?
11 യഹോവയുടെ ദാസന്മാരുടെ ആത്മാർഥ സ്നേഹവും ഐക്യവും അവരുടേത് സത്യമതമാണെന്ന് തിരിച്ചറിയിക്കുന്നു. യേശു പറഞ്ഞു: “നിങ്ങൾക്കു പരസ്പരം സ്നേഹം ഉണ്ടെങ്കിൽ, നിങ്ങൾ എന്റെ ശിഷ്യന്മാരാകുന്നുവെന്ന് എല്ലാവരും അറിയും.” (യോഹ. 13:34, 35) യോഹന്നാൻ അപ്പൊസ്തലൻ ഇങ്ങനെ എഴുതി: “ദൈവത്തിന്റെ മക്കൾ ആരെന്നും പിശാചിന്റെ മക്കൾ ആരെന്നും ഇതിനാൽ വെളിപ്പെടുന്നു: നീതി പ്രവർത്തിക്കാത്ത ഒരുവനും ദൈവത്തിൽനിന്നുള്ളവനല്ല; തന്റെ സഹോദരനെ സ്നേഹിക്കാത്തവനും അങ്ങനെതന്നെ. നിങ്ങൾ ആദിമുതൽ കേട്ടിരിക്കുന്ന സന്ദേശം നാം അന്യോന്യം സ്നേഹിക്കണം എന്നതാണല്ലോ.” (1 യോഹ. 3:10, 11) ലോകവ്യാപകമായി ദൈവരാജ്യത്തിന്റെ സുവാർത്ത അറിയിക്കാൻ ദൈവം ഉപയോഗിക്കുന്നത് യഹോവയുടെ സാക്ഷികളെയാണ്. ക്രിസ്തുവിന്റെ യഥാർഥ അനുഗാമികളായി അവരെ തിരിച്ചറിയിക്കുന്നത് അവർക്കിടയിലെ സ്നേഹവും ഐക്യവും ആണ്.—മത്താ. 24:14.
‘മഹാപുരുഷാരത്തെ’ കൂട്ടിച്ചേർക്കുന്നു
12, 13. “മഹാപുരുഷാരത്തിൽ”പ്പെട്ടവർ ഇന്ന് എന്ത് ചെയ്തുകൊണ്ടിരിക്കുകയാണ്, സമീപഭാവിയിൽ അവർ എന്ത് അനുഭവിച്ചറിയും?
12 യഹോവയുടെ ദാസരിൽ മിക്കവരും ഇന്ന് ഒരു ‘മഹാപുരുഷാരത്തിന്റെ’ ഭാഗമാണ്. അവർ ലോകത്തിന്റെ വ്യത്യസ്തഭാഗങ്ങളിൽനിന്നുള്ളവരുമാണ്. ദൈവരാജ്യത്തെ പിന്തുണയ്ക്കുന്നുണ്ടെന്ന് അവർ തെളിയിക്കുന്നു. മഹാപുരുഷാരത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞിരിക്കുന്നു: “ഇവർ മഹാകഷ്ടത്തിൽനിന്നു വന്നവർ; കുഞ്ഞാടിന്റെ രക്തത്തിൽ ഇവർ തങ്ങളുടെ അങ്കി കഴുകി വെളുപ്പിച്ചിരിക്കുന്നു.” യേശുവിന്റെ മറുവിലയാഗത്തിൽ വിശ്വാസമർപ്പിച്ചതുകൊണ്ടാണ് അവർ അങ്ങനെ ചെയ്തത്. മഹാപുരുഷാരത്തിൽപ്പെട്ടവർ യഹോവയെയും അവന്റെ പുത്രനെയും സ്നേഹിക്കുന്നു. അവർ യഹോവയെ “രാപകൽ” ആരാധിക്കുന്നു.—വെളി. 7:9, 14, 15.
13 ദൈവം ഉടൻതന്നെ “മഹാകഷ്ട”ത്തിൽ ഈ ദുഷ്ടലോകത്തെ നശിപ്പിക്കും. (മത്താ. 24:21; യിരെമ്യാവു 25:32, 33 വായിക്കുക.) എന്നാൽ തന്റെ ദാസരെ സ്നേഹിക്കുന്നതുകൊണ്ട് യഹോവ അവരെ സംരക്ഷിക്കുകയും പുതിയ ലോകത്തിലേക്ക് ആനയിക്കുകയും ചെയ്യും. ഏതാണ്ട് 2,000 വർഷങ്ങൾക്കു മുമ്പ് അവൻ വാഗ്ദാനം ചെയ്തതുപോലെ, “അവൻ അവരുടെ കണ്ണിൽനിന്നു കണ്ണുനീരെല്ലാം തുടച്ചുകളയും. മേലാൽ മരണം ഉണ്ടായിരിക്കുകയില്ല. വിലാപമോ മുറവിളിയോ വേദനയോ ഇനി ഉണ്ടായിരിക്കുകയില്ല.” ദുഷ്ടതയും കഷ്ടതയും മരണവുമെല്ലാം ഒരു പഴങ്കഥയായി മാറുന്ന പറുദീസയിൽ ജീവിക്കാൻ നിങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുകയാണോ?—വെളി. 21:4.
14. മഹാപുരുഷാരം ഇന്ന് എത്രത്തോളം വളർന്നിരിക്കുന്നു?
14 അന്ത്യനാളുകൾ ആരംഭിച്ച 1914-ൽ ദൈവദാസരായി ഏതാനും ആയിരങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളു. അഭിഷിക്തസഹോദരങ്ങളുടെ ആ ചെറിയ കൂട്ടം, അയൽക്കാരോടുള്ള സ്നേഹത്താൽ പ്രേരിതമായും ദൈവത്തിന്റെ പരിശുദ്ധാത്മാവിന്റെ സഹായത്തോടെയും പ്രതിബന്ധങ്ങൾക്കു മധ്യേ ദൈവരാജ്യത്തിന്റെ സുവാർത്ത പ്രസംഗിച്ചു. അതിന്റെ ഫലമോ? ഭൂമിയിൽ എന്നേക്കും ജീവിക്കാൻ പ്രത്യാശയുള്ള ഒരു വലിയ കൂട്ടം ആളുകൾ ഇന്ന് കൂട്ടിച്ചേർക്കപ്പെടുന്നു. ഏതാണ്ട് 1,15,400-ലധികം സഭകളിലായി 80 ലക്ഷത്തിനുമേൽ സാക്ഷികൾ ഇപ്പോഴുണ്ട്. അവരുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുകയാണ്. ഉദാഹരണത്തിന്, സേവനവർഷം 2014-ൽ 2,75,500-ലധികം ആളുകൾ സ്നാനമേറ്റ് സാക്ഷികളായിത്തീർന്നു. അതായത്, ഓരോ ആഴ്ചയും ഏകദേശം 5,300 പേർ.
15. അനേകർ ഇന്ന് എങ്ങനെയാണ് സുവാർത്തയെക്കുറിച്ച് കേൾക്കുന്നത്?
15 ദൈവരാജ്യത്തിന്റെ സുവാർത്തയെക്കുറിച്ച് കേട്ടിരിക്കുന്നവരുടെ എണ്ണം എത്രത്തോളമാണെന്ന് അറിയുന്നത് നമ്മളെ അത്യന്തം ആശ്ചര്യപ്പെടുത്തുന്നു. ഇന്ന് നമ്മുടെ പ്രസിദ്ധീകരണങ്ങൾ 700-ലധികം ഭാഷകളിൽ ലഭ്യമാണ്. ലോകത്തിൽ ഏറ്റവും അധികം വിതരണം ചെയ്യപ്പെടുന്ന മാസിക വീക്ഷാഗോപുരമാണ്. ഓരോ മാസവും 5,20,00,000-ത്തിലധികം പ്രതികൾ 247 ഭാഷകളിൽ അച്ചടിക്കുന്നു. ബൈബിൾ പഠിക്കാൻ സഹായിക്കുന്ന ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? എന്ന പുസ്തകം 250-ലധികം ഭാഷകളിൽ പരിഭാഷ ചെയ്തിട്ടുണ്ട്. അതിന്റെ 20,00,00,000-ലധികം പ്രതികളാണ് ഇതുവരെ അച്ചടിച്ചിരിക്കുന്നത്.
16. യഹോവയുടെ സംഘടന വളർന്നുകൊണ്ടേയിരിക്കുന്നത് എന്തുകൊണ്ടാണ്?
16 നമ്മുടെ സംഘടന വളർന്നുകൊണ്ടിരിക്കുകയാണ്. ദൈവത്തിലുള്ള നമ്മുടെ വിശ്വാസവും ബൈബിളിനെ നമ്മൾ നിശ്വസ്തവചനമായി സ്വീകരിക്കുന്നതും ആണ് അതിനു കാരണം. (1 തെസ്സ. 2:13) സാത്താന്റെ വിദ്വേഷവും എതിർപ്പും ഉണ്ടെങ്കിലും നമ്മൾ യഹോവയുടെ അനുഗ്രഹം ആസ്വദിക്കുന്നു.—2 കൊരി. 4:4.
എല്ലായ്പോഴും മറ്റുള്ളവരെ സ്നേഹിക്കുക
17, 18. യഹോവയെ ആരാധിക്കാത്തവരോട് നമുക്ക് എങ്ങനെയുള്ള ഒരു മനോഭാവം ഉണ്ടായിരിക്കണമെന്നാണ് യഹോവ ആഗ്രഹിക്കുന്നത്?
17 ആളുകൾ നമ്മുടെ പ്രസംഗവേലയോട് വ്യത്യസ്ത വിധങ്ങളിലാണ് പ്രതികരിക്കുന്നത്. ചിലർ നമ്മളെ ശ്രദ്ധിക്കും, മറ്റുചിലർ നമ്മുടെ സന്ദേശം വെറുപ്പോടെ തള്ളിക്കളയും. യഹോവയെ ആരാധിക്കാത്തവരോട് നമുക്ക് എന്ത് മനോഭാവമുണ്ടായിരിക്കണമെന്നാണ് യഹോവ ആഗ്രഹിക്കുന്നത്? ആളുകൾ നമ്മുടെ സന്ദേശത്തോട് എങ്ങനെ പ്രതികരിച്ചാലും നമ്മൾ ബൈബിളിൽ പറഞ്ഞിരിക്കുന്ന ഈ ഉപദേശം പിൻപറ്റും. അത് ഇങ്ങനെ പറയുന്നു: “നിങ്ങളുടെ സംസാരം ഉപ്പിനാൽ രുചിവരുത്തിയതുപോലെ ഹൃദ്യമായിരിക്കട്ടെ; അങ്ങനെ, ഓരോരുത്തരോടും യഥോചിതം സംസാരിക്കാൻ അറിയുന്നവരായിരിക്കുക.” (കൊലോ. 4:6) നമ്മൾ അയൽക്കാരെ സ്നേഹിക്കുന്നതുകൊണ്ട്, നമ്മുടെ വിശ്വാസത്തെക്കുറിച്ച് ന്യായവാദം ചെയ്യുന്ന ഓരോ അവസരത്തിലും “അത് സൗമ്യതയോടും ഭയാദരവോടുംകൂടെ” ആയിരിക്കാൻ നമ്മൾ ആഗ്രഹിക്കുന്നു.—1 പത്രോ. 3:15.
18 ആളുകൾ ദേഷ്യപ്പെട്ടാലും നമ്മുടെ സന്ദേശം തള്ളിക്കളഞ്ഞാലും നമ്മൾ അയൽക്കാരെ സ്നേഹിക്കുകയും യേശുവിന്റെ മാതൃക അനുകരിക്കുകയും ചെയ്യുന്നു. “അധിക്ഷേപിക്കപ്പെട്ടപ്പോൾ പകരം അധിക്ഷേപിക്കുകയോ കഷ്ടത സഹിച്ചപ്പോൾ ഭീഷണിപ്പെടുത്തുകയോ” ചെയ്യുന്നതിനു പകരം യേശു യഹോവയിൽ ആശ്രയിച്ചു. (1 പത്രോ. 2:23) അതുകൊണ്ട് എല്ലാ സാഹചര്യങ്ങളിലും നമ്മൾ താഴ്മ കാണിക്കുകയും, “ദ്രോഹത്തിനു ദ്രോഹവും അധിക്ഷേപത്തിന് അധിക്ഷേപവും പകരം നൽകുന്നവരായിരിക്കാതെ, അനുഗ്രഹിക്കുന്നവരായിരിക്കുവിൻ” എന്ന ഉപദേശം അനുസരിക്കുകയും ചെയ്യുന്നു.—1 പത്രോ. 3:8, 9.
19. നമ്മൾ ശത്രുക്കളോട് എങ്ങനെ ഇടപെടണം?
19 യേശു തന്ന ഒരു പ്രധാനപ്പെട്ട തത്ത്വം അനുസരിക്കാൻ താഴ്മ നമ്മളെ സഹായിക്കും. യേശു ആ തത്ത്വം ഇങ്ങനെ വിശദീകരിച്ചു: “‘നീ നിന്റെ അയൽക്കാരനെ സ്നേഹിക്കുകയും ശത്രുവിനെ വെറുക്കുകയും വേണം’ എന്നു പറഞ്ഞിട്ടുള്ളതു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. ഞാനോ നിങ്ങളോടു പറയുന്നു: നിങ്ങളുടെ ശത്രുക്കളെ സ്നേഹിക്കുവിൻ; നിങ്ങളെ പീഡിപ്പിക്കുന്നവർക്കുവേണ്ടി പ്രാർഥിക്കുവിൻ; സ്വർഗസ്ഥനായ നിങ്ങളുടെ പിതാവിനു നിങ്ങൾ പുത്രന്മാരായിത്തീരേണ്ടതിനുതന്നെ; ദുഷ്ടന്മാരുടെമേലും നല്ലവരുടെമേലും അവൻ തന്റെ സൂര്യനെ ഉദിപ്പിക്കുകയും നീതിമാന്മാരുടെമേലും നീതികെട്ടവരുടെമേലും മഴ പെയ്യിക്കുകയും ചെയ്യുന്നുവല്ലോ.” (മത്താ. 5:43-45) ശത്രുക്കൾ നമ്മളോട് എങ്ങനെ പെരുമാറിയാലും ദൈവദാസരെന്ന നിലയിൽ നമ്മൾ അവരെ സ്നേഹിക്കണം.
20. ദൈവത്തോടും അയൽക്കാരോടും ഉള്ള സ്നേഹത്താൽ ഭൂമി നിറയുമെന്ന് നമുക്ക് എങ്ങനെ അറിയാം? (ലേഖനാരംഭത്തിലെ ചിത്രം കാണുക.)
20 യഹോവയെയും നമ്മുടെ അയൽക്കാരനെയും സ്നേഹിക്കുന്നുണ്ടെന്ന് നമ്മൾ എപ്പോഴും പ്രകടമാക്കണം. ആളുകൾ നമ്മളെയും നമ്മുടെ സന്ദേശത്തെയും എതിർത്താൽപ്പോലും അവർക്ക് സഹായം ആവശ്യമായി വരുമ്പോൾ നമ്മൾ സഹായിക്കുന്നു. പൗലോസ് അപ്പൊസ്തലൻ ഇങ്ങനെ എഴുതി: ‘അന്യോന്യമുള്ള സ്നേഹമല്ലാതെ നിങ്ങൾ ആരോടും ഒന്നും കടപ്പെട്ടിരിക്കരുത്. സഹമനുഷ്യനെ സ്നേഹിക്കുന്നവൻ ന്യായപ്രമാണം മുഴുവൻ നിവർത്തിച്ചിരിക്കുന്നു; എന്തെന്നാൽ, “വ്യഭിചാരം ചെയ്യരുത്, കൊല ചെയ്യരുത്, മോഷ്ടിക്കരുത്, മോഹിക്കരുത്” എന്നീ കൽപ്പനകളും മറ്റെല്ലാ കൽപ്പനകളും, “നിന്റെ അയൽക്കാരനെ നിന്നെപ്പോലെതന്നെ സ്നേഹിക്കണം” എന്ന വചനത്തിൽ സംക്ഷേപിച്ചിരിക്കുന്നു. സ്നേഹം അയൽക്കാരനു ദോഷം പ്രവർത്തിക്കുന്നില്ല. ആകയാൽ സ്നേഹം ന്യായപ്രമാണത്തിന്റെ നിവൃത്തി ആകുന്നു.’ (റോമ. 13:8-10) അക്രമവും ദുഷ്ടതയും നിറഞ്ഞ, സാത്താൻ ഭരിക്കുന്ന, ഐക്യമില്ലാത്ത ഈ ലോകത്തിൽ ദൈവദാസർ അയൽക്കാരെ ആത്മാർഥമായി സ്നേഹിക്കുന്നു. (1 യോഹ. 5:19) യഹോവ സാത്താനെയും അവന്റെ ഭൂതങ്ങളെയും ഈ ദുഷ്ടലോകത്തെയും നീക്കിക്കഴിയുമ്പോൾ ഭൂമിയിലെങ്ങും സ്നേഹം നിറയും. ഭൂമിയിലുള്ള എല്ലാവരും യഹോവയെയും അയൽക്കാരെയും സ്നേഹിക്കുമ്പോൾ അത് എന്തൊരു അനുഗ്രഹമായിരിക്കും!