പാഠം 49
നിങ്ങളുടെ കുടുംബജീവിതം എങ്ങനെ സന്തോഷമുള്ളതാക്കാം?—ഭാഗം 1
വിവാഹദിവസത്തെ സന്തോഷം എന്നും ഒപ്പമുണ്ടായിരിക്കും എന്ന പ്രതീക്ഷയോടെയാണ് ആളുകൾ വിവാഹജീവിതം തുടങ്ങുന്നത്. അതു നടക്കുന്ന കാര്യമാണോ? തീർച്ചയായും! ബൈബിളിലെ നിർദേശങ്ങൾ അനുസരിച്ച അനേകം ദമ്പതികൾ അതു തെളിയിച്ചിട്ടുണ്ട്.
1. ഭർത്താക്കന്മാർക്ക് ബൈബിൾ എന്ത് ഉപദേശമാണു നൽകുന്നത്?
കുടുംബത്തിൽ നേതൃത്വമെടുക്കാൻ യഹോവ നിയമിച്ചിരിക്കുന്നതു ഭർത്താവിനെയാണ്. (എഫെസ്യർ 5:23 വായിക്കുക.) അദ്ദേഹം കുടുംബത്തിനു പ്രയോജനം ചെയ്യുന്ന നല്ല തീരുമാനങ്ങളെടുക്കാൻ യഹോവ പ്രതീക്ഷിക്കുന്നു. “ഭാര്യമാരെ എന്നും സ്നേഹിക്കുക” എന്ന ഉപദേശമാണു ബൈബിൾ ഭർത്താക്കന്മാർക്കു നൽകുന്നത്. (എഫെസ്യർ 5:25) അത് എങ്ങനെ ചെയ്യാൻ കഴിയും? സ്നേഹമുള്ള ഒരു ഭർത്താവ് ഭാര്യയോടു വീട്ടിൽവെച്ചും പുറത്തുവെച്ചും ദയയോടെ ഇടപെടും, ഭാര്യയുടെ ആവശ്യങ്ങൾ നടത്തിക്കൊടുക്കും. അവൾ സന്തോഷത്തോടെയിരിക്കാനും അവളെ സംരക്ഷിക്കാനും വേണ്ടതെല്ലാം ചെയ്യും. (1 തിമൊഥെയൊസ് 5:8) ഏറ്റവും പ്രധാനമായി, യഹോവയുമായുള്ള ബന്ധത്തിൽ തുടരാൻ ഭർത്താവ് ഭാര്യയെ സഹായിക്കണം. (മത്തായി 4:4) ഉദാഹരണത്തിന്, ഭാര്യയോടൊപ്പം പ്രാർഥിക്കാനും ബൈബിൾ വായിക്കാനും ഭർത്താവിനു കഴിയും. ഇങ്ങനെ ഭർത്താവ് ഭാര്യയെ സ്നേഹിക്കുകയും കരുതുകയും ചെയ്യുമ്പോൾ അദ്ദേഹത്തിന് യഹോവയുമായി നല്ല ഒരു ബന്ധമുണ്ടായിരിക്കും.—1 പത്രോസ് 3:7 വായിക്കുക.
2. ഭാര്യമാർക്ക് ബൈബിൾ എന്ത് ഉപദേശമാണു നൽകുന്നത്?
‘ഭാര്യ ഭർത്താവിനെ ആഴമായി ബഹുമാനിക്കണം’ എന്നാണ് ദൈവവചനം പറയുന്നത്. (എഫെസ്യർ 5:33) ഭാര്യക്ക് അത് എങ്ങനെ ചെയ്യാൻ കഴിയും? ഭർത്താവിന്റെ നല്ല ഗുണങ്ങളെക്കുറിച്ച് ചിന്തിക്കാം. തന്നെയും കുടുംബത്തെയും പോറ്റുന്നതിനുവേണ്ടി അദ്ദേഹം ചെയ്യുന്ന ശ്രമങ്ങളെക്കുറിച്ചും ഓർക്കാം. അദ്ദേഹം എടുക്കുന്ന തീരുമാനങ്ങളെ പിന്തുണയ്ക്കാം. അദ്ദേഹത്തോടു ദയയോടെ സംസാരിക്കാം. അദ്ദേഹത്തെക്കുറിച്ച് മറ്റുള്ളവരോടു സംസാരിക്കുമ്പോൾ ആദരവുണ്ടായിരിക്കണം. ഭർത്താവ് വിശ്വാസത്തിലില്ലാത്ത ആളാണെങ്കിലും ഈ കാര്യങ്ങളൊക്കെ ചെയ്യാൻ ഒരു ഭാര്യ മറക്കരുത്.
3. ഭാര്യാഭർത്താക്കന്മാർക്ക് എങ്ങനെ അവരുടെ വിവാഹബന്ധം ശക്തമാക്കാം?
വിവാഹിതരായ “രണ്ടു പേരും ഒരു ശരീരമായിത്തീരും”എന്നാണു ബൈബിൾ പറയുന്നത്. (മത്തായി 19:5) പരസ്പരമുള്ള സ്നേഹബന്ധത്തിനു വിള്ളൽ വീഴ്ത്തുന്ന ഏതു കാര്യത്തിനും എതിരെ ഭാര്യാഭർത്താക്കന്മാർ പ്രത്യേകം ശ്രദ്ധിക്കണം. അത് എങ്ങനെ ചെയ്യാം? ദമ്പതിമാർ പതിവായി ഒരുമിച്ച് സമയം ചെലവഴിക്കാൻ മറക്കരുത്. അവർ ചിന്തിക്കുന്ന കാര്യങ്ങളെക്കുറിച്ചും അവരുടെ വികാരങ്ങളെക്കുറിച്ചും ഒക്കെ സ്നേഹത്തോടെ മനസ്സുതുറന്ന് സംസാരിക്കാം. ഭാര്യാഭർത്താക്കന്മാർ യഹോവയ്ക്കല്ലാതെ ആർക്കെങ്കിലുമോ എന്തിനെങ്കിലുമോ തന്റെ ഇണയെക്കാൾ പ്രാധാന്യം കൊടുക്കാൻ പാടില്ല. ഇണയല്ലാതെ മറ്റൊരാളുമായും അതിരുകവിഞ്ഞ ബന്ധം വളർത്തിയെടുക്കാതിരിക്കാൻ ദമ്പതികൾ പ്രത്യേകം ശ്രദ്ധിക്കണം.
ആഴത്തിൽ പഠിക്കാൻ
നിങ്ങളുടെ വിവാഹബന്ധം ശക്തമാക്കാൻ സഹായിക്കുന്ന ചില ബൈബിൾതത്ത്വങ്ങളെക്കുറിച്ച് നോക്കാം.
4. ഭർത്താക്കന്മാരേ, ഭാര്യമാരെ സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്യുക
‘ഭർത്താക്കന്മാർ ഭാര്യമാരെ സ്വന്തം ശരീരത്തെപ്പോലെ സ്നേഹിക്കണം’ എന്നാണു ബൈബിൾ പറയുന്നത്. (എഫെസ്യർ 5:28, 29) അതിന്റെ അർഥം എന്താണ്? വീഡിയോ കാണുക. അതിനു ശേഷം താഴെ കൊടുത്തിരിക്കുന്ന ചോദ്യം ചർച്ച ചെയ്യുക.
ഭാര്യയെ സ്നേഹിക്കുകയും കരുതുകയും ചെയ്യുന്നുണ്ടെന്ന് ഒരു ഭർത്താവിന് എങ്ങനെ കാണിക്കാം?
കൊലോസ്യർ 3:12 വായിക്കുക. എന്നിട്ട് ഈ ചോദ്യം ചർച്ച ചെയ്യുക:
ഒരു ഭർത്താവിന് എങ്ങനെയാണ് ഈ ഗുണങ്ങൾ വിവാഹജീവിതത്തിൽ കാണിക്കാൻ കഴിയുന്നത്?
5. ഭാര്യമാരേ, ഭർത്താക്കന്മാരെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുക
ഭാര്യ ഭർത്താവിനെ ബഹുമാനിക്കണം എന്നാണു ബൈബിൾ പറയുന്നത്. ഭർത്താവ് യഹോവയുടെ ആരാധകനല്ലെങ്കിലും ഭാര്യ അങ്ങനെ ചെയ്യണം. 1 പത്രോസ് 3:1, 2 വായിക്കുക. എന്നിട്ട് ഈ ചോദ്യങ്ങൾ ചർച്ച ചെയ്യുക:
ഭർത്താവ് യഹോവയെ ആരാധിക്കാത്ത ഒരാളാണെങ്കിൽ അദ്ദേഹം യഹോവയുടെ ഒരു ആരാധകനാകാൻ നിങ്ങൾ തീർച്ചയായും ആഗ്രഹിക്കും. അതിനുള്ള ഏറ്റവും നല്ല വഴി ഏതാണ്? എപ്പോഴും ബൈബിളിനെക്കുറിച്ച് അദ്ദേഹത്തോടു സംസാരിക്കുന്നതാണോ? അതോ ബഹുമാനത്തോടെയും ദയയോടെയും ഇടപെട്ടുകൊണ്ട് അദ്ദേഹത്തിന്റെ ആദരവ് നേടിയെടുക്കുന്നതാണോ? എന്തുകൊണ്ട്?
ഭർത്താവിനും ഭാര്യക്കും ഒരുമിച്ച് നല്ല തീരുമാനങ്ങളെടുക്കാൻ കഴിയും. എന്നാൽ എപ്പോഴും ഭർത്താവിനോട് യോജിക്കാൻ ഭാര്യക്കു കഴിഞ്ഞെന്നുവരില്ല. അപ്പോൾപ്പോലും ഭാര്യക്കു തന്റെ അഭിപ്രായങ്ങൾ ശാന്തമായും ബഹുമാനത്തോടെയും ഭർത്താവിനെ അറിയിക്കാം. എന്നാൽ ഒരു കാര്യം ഓർക്കണം: കുടുംബത്തിന് ഏറ്റവും നല്ലത് എന്താണെന്നു തീരുമാനിക്കാനുള്ള അധികാരം യഹോവ ഭർത്താവിനാണു നൽകിയിരിക്കുന്നത്. ആ തീരുമാനത്തെ മനസ്സോടെ പിന്തുണയ്ക്കുക. അപ്പോൾ കുടുംബത്തിൽ സന്തോഷം ഉണ്ടായിരിക്കും. 1 പത്രോസ് 3:3-5 വായിക്കുക. എന്നിട്ട് ഈ ചോദ്യം ചർച്ച ചെയ്യുക:
ഭാര്യ ഭർത്താവിനെ ബഹുമാനിക്കുമ്പോൾ യഹോവയ്ക്ക് എന്തായിരിക്കും തോന്നുക?
6. വിവാഹജീവിതത്തിലെ പ്രശ്നങ്ങൾ നിങ്ങൾക്ക് മറികടക്കാൻ കഴിയും
എല്ലാം തികഞ്ഞ ഒരു വിവാഹജീവിതം എവിടെയും ഇല്ല. അതുകൊണ്ട്, പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ അതു പരിഹരിക്കാൻ ദമ്പതിമാർ ഒരുമിച്ച് പരിശ്രമിക്കണം. വീഡിയോ കാണുക. അതിനു ശേഷം താഴെ കൊടുത്തിരിക്കുന്ന ചോദ്യങ്ങൾ ചർച്ച ചെയ്യുക.
ഭാര്യയും ഭർത്താവും തമ്മിൽ അകലുന്നതിന്റെ എന്തെല്ലാം സൂചനകളാണു വീഡിയോയിൽ കണ്ടത്?
വിവാഹജീവിതത്തിലെ അകൽച്ച നികത്താൻ അവർ എന്തൊക്കെ കാര്യങ്ങളാണു ചെയ്തത്?
1 കൊരിന്ത്യർ 10:24; കൊലോസ്യർ 3:13 എന്നീ വാക്യങ്ങൾ വായിക്കുക. ഓരോ വാക്യവും വായിച്ചതിനു ശേഷം ചോദ്യം ചർച്ച ചെയ്യുക.
ഈ ഉപദേശം അനുസരിക്കുന്നത് എങ്ങനെയാണ് വിവാഹജീവിതത്തെ കരുത്തുറ്റതാക്കുന്നത്?
പരസ്പരം ബഹുമാനം കാണിക്കണമെന്നാണു ബൈബിൾ പറയുന്നത്. മറ്റുള്ളവരോടു ദയയോടും ആദരവോടും കൂടി ഇടപെടണം എന്നാണ് അതിന് അർഥം. റോമർ 12:10 വായിക്കുക. എന്നിട്ട് ഈ ചോദ്യങ്ങൾ ചർച്ച ചെയ്യുക:
‘എന്നോടു ബഹുമാനം കാണിച്ചാൽ ഞാനും ബഹുമാനം കാണിക്കാം’ എന്നു ഭാര്യാഭർത്താക്കന്മാർ ചിന്തിക്കുന്നതു ശരിയാണോ? എന്തുകൊണ്ട്?
ആരെങ്കിലും ഇങ്ങനെ പറഞ്ഞാൽ: “ഞങ്ങൾ തമ്മിൽ ഇപ്പോൾ പണ്ടത്തെപ്പോലെ സ്നേഹമൊന്നുമില്ല.”
ബൈബിളിന് അവരെ സഹായിക്കാനാകുമെന്ന് എങ്ങനെ പറഞ്ഞുകൊടുക്കാം?
ചുരുക്കത്തിൽ
ഭാര്യയും ഭർത്താവും പരസ്പരം സ്നേഹിക്കുകയും ബഹുമാനിക്കുകയും ബൈബിൾതത്ത്വങ്ങൾ അനുസരിച്ച് ജീവിക്കുകയും ചെയ്യുമ്പോൾ അവർക്കു സന്തോഷം കിട്ടും.
ഓർക്കുന്നുണ്ടോ?
സന്തോഷമുള്ള ഒരു വിവാഹജീവിതത്തിനായി ഭർത്താവിന് എന്തൊക്കെ ചെയ്യാൻ കഴിയും?
സന്തോഷമുള്ള ഒരു വിവാഹജീവിതത്തിനായി ഭാര്യക്ക് എന്തൊക്കെ ചെയ്യാൻ കഴിയും?
നിങ്ങൾ വിവാഹം കഴിച്ചിട്ടുണ്ടെങ്കിൽ, നിങ്ങളുടെ വിവാഹജീവിതത്തെ ശക്തിപ്പെടുത്തിയേക്കാവുന്ന ഒരു ബൈബിൾതത്ത്വം പറയാമോ?
കൂടുതൽ മനസ്സിലാക്കാൻ
സന്തോഷമുള്ള ഒരു കുടുംബജീവിതത്തിന് ആവശ്യമായ ചില പ്രായോഗിക നിർദേശങ്ങൾ.
ദൈവം പറഞ്ഞിരിക്കുന്നത് അനുസരിക്കുമ്പോൾ വിവാഹജീവിതത്തിൽ ഉണ്ടാകുന്ന അനുഗ്രഹങ്ങളെക്കുറിച്ച് മനസ്സിലാക്കാൻ ഒരു സംഗീതവീഡിയോ കാണുക.
ഭർത്താവിന്റെ ശിരഃസ്ഥാനത്തിനു കീഴ്പെടുക എന്നു പറഞ്ഞാൽ എന്താണ് അർഥം?
ഗുരുതരമായ പ്രശ്നങ്ങൾ കാരണം വിവാഹമോചനം നേടിയ ഒരു ദമ്പതികൾ എങ്ങനെയാണ് അതിൽനിന്ന് കരകയറിയത്?