നിങ്ങളുടെ കുടുംബത്തിന്റെ രക്ഷയ്ക്കുവേണ്ടി കഠിനാധ്വാനം ചെയ്യുക
“യഹോവയുടെ ശിക്ഷണത്തിലും മാനസിക ക്രമവൽക്കരണത്തിലും അവരെ വളർത്തിക്കൊണ്ടുവരിക.”—എഫേസ്യർ 6:4, NW.
1, 2. ഇന്ന് മാതാപിതാക്കൾ നേരിടുന്ന വെല്ലുവിളികൾ ഏവ?
അതിനെ വിപ്ലവം എന്ന് ജനപ്രീതിയാർജിച്ച ഒരു മാഗസിൻ പേർവിളിച്ചു. കഴിഞ്ഞ ഏതാനും വർഷങ്ങളിൽ കുടുംബത്തിനുള്ളിൽ നടന്ന ഞെട്ടിക്കുന്ന വ്യതിയാനങ്ങളെക്കുറിച്ചെഴുതിയ ഒരു ലേഖനത്തിലായിരുന്നു ഇങ്ങനെ പരാമർശിച്ചത്. ഈ വ്യതിയാനങ്ങൾ “വിവാഹമോചനം, പുനർവിവാഹം, പുനർവിവാഹമോചനം, ജാരസന്താനോത്പാദനം, സുഭദ്രമെന്നു കരുതിപ്പോന്ന കുടുംബങ്ങൾക്കുള്ളിലെ പുതിയതരം പിരിമുറുക്കങ്ങൾ എന്നിവ അടങ്ങുന്ന ഒരു ബാധയുടെ ഫലമാണ്” എന്നു പറയപ്പെട്ടു. അത്തരം പിരിമുറുക്കങ്ങളും സമ്മർദങ്ങളും ആശ്ചര്യജനകമല്ല. കാരണം, “അന്ത്യകാലത്തു” ആളുകൾ “ദുർഘടസമയങ്ങ”ളെ അഭിമുഖീകരിക്കുമെന്നു ബൈബിൾ മുൻകൂട്ടിപ്പറഞ്ഞിട്ടുണ്ട്.—2 തിമൊഥെയൊസ് 3:1-5.
2 തൻമൂലം, മുൻതലമുറകൾക്കു പരിചിതമല്ലാത്ത വെല്ലുവിളികൾ ഇന്നു മാതാപിതാക്കൾ നേരിടുന്നു. നമ്മുടെയിടയിലെ ചില മാതാപിതാക്കൾ കുട്ടികളെ “ബാല്യംമുത”ലേ ദൈവികവഴികളിൽ വളർത്തിക്കൊണ്ടുവന്നിട്ടുണ്ട്. എന്നുവരികിലും അനേകം കുടുംബങ്ങളും “സത്യത്തിൽനടക്കു”വാൻ തുടങ്ങിയിട്ട് അധികനാളായിട്ടില്ല. (2 തിമൊഥെയൊസ് 3:15; 3 യോഹന്നാൻ 4) ഒരുപക്ഷേ കുട്ടികൾ വളർന്നശേഷമാകാം മാതാപിതാക്കൾ അവരെ യഹോവയുടെ വഴികളെപ്പററി പഠിപ്പിക്കുന്നതിനു തുടക്കമിട്ടത്. അതിനുപുറമേ, മാതാപിതാക്കളിൽ ഒരാൾ മാത്രമുള്ള കുടുംബങ്ങളുടെയും ദത്തുകുടുംബങ്ങളുടെയും എണ്ണം നമ്മുടെ മധ്യേ കൂടിവരുന്നതു കാണാവുന്നതാണ്. നിങ്ങളുടെ സാഹചര്യങ്ങൾ എന്തുതന്നെയായിരുന്നാലും ശരി, അപ്പോസ്തലനായ പൗലോസിന്റെ പിൻവരുന്ന അനുശാസനം നിങ്ങൾക്കും ബാധകമാണ്: “യഹോവയുടെ ശിക്ഷണത്തിലും മാനസിക ക്രമവൽക്കരണത്തിലും അവരെ വളർത്തിക്കൊണ്ടുവരിക.”—എഫേസ്യർ 6:4, NW.
ക്രിസ്തീയ മാതാപിതാക്കളും അവരുടെ റോളുകളും
3, 4. (എ) പിതാക്കൻമാരുടെ റോളുകൾക്കു മങ്ങലേൽക്കാൻ ഇടയാക്കിയ വസ്തുതകൾ ഏവ? (ബി) ക്രിസ്തീയ പിതാക്കൻമാർ വെറും ആഹാരസമ്പാദകർ മാത്രമായിരിക്കരുതാത്തത് എന്തുകൊണ്ട്?
3 എഫെസ്യർ 6:4-ലെ പൗലോസിന്റെ വാക്കുകൾ പ്രമുഖമായും ‘പിതാക്കൻമാരെ’ അഭിസംബോധന ചെയ്തുകൊണ്ടുള്ളതായിരുന്നു എന്നതു ശ്രദ്ധിക്കുക. മുൻതലമുറകളിൽ “കുട്ടികളുടെ ധാർമികവും ആത്മീയവുമായ വളർച്ചക്കുള്ള ഉത്തരവാദികൾ പിതാക്കൻമാരായിരുന്നു. തങ്ങളുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും പിതാക്കൻമാർ ഉത്തരവാദിത്വം വഹിക്കേണ്ടതുണ്ടായിരുന്നു. . . . എന്നാൽ വ്യവസായ വിപ്ലവം ഈ ആത്മബന്ധത്തെ കവർന്നുകളഞ്ഞു. പിതാക്കൻമാർ തങ്ങളുടെ കൃഷിയിടങ്ങളും കടകളും ഉപേക്ഷിച്ച് ആദ്യം ഫാക്ടറികളിലും പിന്നെപ്പിന്നെ ഓഫീസുകളിലും വേലചെയ്യുന്നതിനായി വീടുവിട്ടുപോകേണ്ടിവന്നു. ഒരിക്കൽ പിതാക്കൻമാർ ഉത്തരവാദിത്വം വഹിച്ചിരുന്ന അനേകം കർത്തവ്യങ്ങളുടെയും നിർവഹണം അമ്മമാർ ഏറെറടുത്തു. പിതൃത്വം എന്നത് ഏറെക്കുറെ ഭാവന മാത്രമായിത്തീർന്നു” എന്ന് ഒരു എഴുത്തുകാരൻ വിശദീകരിക്കുന്നു.
4 ക്രിസ്തീയ പുരുഷൻമാരേ: കുട്ടികളെ അഭ്യസിപ്പിക്കുന്നതിനും പോററിപ്പുലർത്തുന്നതിനുമുള്ള ചുമതല ഭാര്യമാരുടെമേൽ ഇട്ടിട്ട് ആഹാരസമ്പാദകർ മാത്രമായിരിക്കുന്നതിൽ തൃപ്തിയടയരുത്. പുരാതന നാളുകളിലെ പിതാക്കൻമാർക്കു സദൃശവാക്യങ്ങൾ 24:27 ഇപ്രകാരം ഉത്തേജനം നൽകി: “വെളിയിൽ നിന്റെ വേല ചെയ്ക; വയലിൽ എല്ലാം തീർക്കുക; പിന്നെത്തേതിൽ നിന്റെ വീടു പണിയുക.” അതേപോലെ ഇന്ന്, ജോലിക്കാരൻ എന്ന നിലയിൽ ജീവിതസന്ധാരണത്തിനുവേണ്ടി കൂടുതൽ നേരം കഠിനാധ്വാനം ചെയ്യേണ്ടതായി വന്നേക്കാം. (1 തിമൊഥെയൊസ് 5:8) തദനന്തരം വൈകാരികവും ആത്മീയവുമായി ‘വീടു പണിയുന്നതിന്’ സമയം കണ്ടെത്തുക.
5. ക്രിസ്തീയ ഭാര്യമാർക്കു തങ്ങളുടെ കുടുംബങ്ങളുടെ രക്ഷയ്ക്കുവേണ്ടി എങ്ങനെ പ്രവർത്തിക്കാൻ കഴിയും?
5 ക്രിസ്തീയ ഭാര്യമാരേ: നിങ്ങളുടെ കുടുംബാംഗങ്ങളുടെ രക്ഷയ്ക്കായി നിങ്ങളും കഠിനാധ്വാനം ചെയ്യണം. സദൃശവാക്യങ്ങൾ 14:1 പറയുന്നു: “സ്ത്രീകളിൽ ജ്ഞാനമുള്ളവൾ തന്റെ വീടു പണിയുന്നു.” വിവാഹപങ്കാളികൾ എന്ന നിലക്കു നിങ്ങളുടെ മക്കളെ വളർത്തുന്നതിനുള്ള ഉത്തരവാദിത്വം നിങ്ങളിരുവർക്കുമുണ്ട്. (സദൃശവാക്യങ്ങൾ 22:6; മലാഖി 2:14) ഇതിൽ കുട്ടികൾക്കു ശിക്ഷണം നൽകുക, ക്രിസ്തീയ യോഗങ്ങൾക്കും വയൽശുശ്രൂഷക്കുംവേണ്ടി അവരെ തയ്യാറാക്കുക എന്നീ സംഗതികൾ ഉൾപ്പെട്ടേക്കാം. തന്നെയുമല്ല, ഭർത്താവിനു കഴിയാതെ വരുമ്പോൾ കുടുംബ അധ്യയനം എടുക്കേണ്ടതായും വന്നേക്കാം. നിങ്ങളുടെ കുട്ടികളെ കുടുംബവേല, നല്ല ശീലങ്ങൾ, ശാരീരിക ശുചിത്വം എന്നിങ്ങനെയുള്ള പ്രയോജനകരമായ മററനേകം കാര്യങ്ങളും പഠിപ്പിക്കാൻ കഴിയും. (തീത്തൊസ് 2:5) ഭാര്യാഭർത്താക്കൻമാർ ഇവ്വണ്ണം ഒത്തൊരുമിച്ചു പ്രവർത്തിക്കുമ്പോൾ തങ്ങളുടെ കുട്ടികളുടെ ആവശ്യങ്ങളെ ശരിയായ വിധത്തിൽ നിറവേററുന്നതിന് അവർക്കു കഴിയും. എന്നാൽ അത്തരം ആവശ്യങ്ങളിൽ ചിലത് ഏതെല്ലാമാണ്?
അവരുടെ വൈകാരിക ആവശ്യങ്ങൾക്കുവേണ്ടി കരുതൽ
6. തങ്ങളുടെ കുട്ടികളുടെ വൈകാരിക വളർച്ചയിൽ മാതാക്കളും പിതാക്കൻമാരും വഹിക്കുന്ന പങ്കെന്ത്?
6 “അമ്മ തന്റെ കുഞ്ഞുങ്ങളെ പോററു”മ്പോൾ അവർക്കു സുരക്ഷിതത്വവും ഭദ്രതയും സ്നേഹവും അനുഭവപ്പെടുന്നു. (1 തെസ്സലൊനീക്യർ 2:7; സങ്കീർത്തനം 22:9) കുഞ്ഞുങ്ങളുടെമേൽ അതീവ ശ്രദ്ധ ചെലുത്തുന്നതിനുള്ള പ്രചോദനത്തെ ചെറുക്കാൻ ഏതെങ്കിലും അമ്മമാർക്കു കഴിഞ്ഞെങ്കിലായി. “ഒരു സ്ത്രീ തന്റെ കുഞ്ഞിനെ മറക്കുമോ? താൻ പ്രസവിച്ച മകനോടു കരുണ, തോന്നാതിരിക്കുമോ?” എന്നു പ്രവാചകനായ യെശയ്യാവു ചോദിച്ചു. (യെശയ്യാവു 49:15) അതുകൊണ്ട്, കുട്ടികളുടെ വൈകാരിക വളർച്ചയിൽ അമ്മമാർ അതിപ്രധാനമായ ഒരു പങ്കുവഹിക്കുന്നു. എന്നുവരികിലും, ഇക്കാര്യത്തിൽ പിതാക്കൻമാർക്കും സുപ്രധാന പങ്കുണ്ട്. “ഡാഡിയുമായി നല്ല ബന്ധം ആസ്വദിക്കുന്നുവെന്നു നിയമലംഘികളായ ഏതെങ്കിലും മക്കൾ എന്നെങ്കിലും പറഞ്ഞതായി റിപ്പോർട്ടു ചെയ്തിട്ടുള്ള ഒരൊററ സാമൂഹ്യസേവകനെപ്പോലും ഞാൻ കണ്ടിട്ടില്ല. നൂറു കണക്കിനു കുട്ടികളിൽ ഒന്നുപോലും ഇല്ല” എന്നു കുടുംബ ഉപദേശകനായ പോൾ ലൂയിസ് പറയുകയുണ്ടായി.
7, 8. (എ) യഹോവയാം ദൈവവും അവന്റെ പുത്രനായ യേശുക്രിസ്തുവും തമ്മിൽ ഉറച്ച സ്നേഹബന്ധമുണ്ട് എന്നതിന് എന്തെല്ലാം തെളിവുകൾ ഉണ്ട്? (ബി) പിതാക്കൻമാർക്കു തങ്ങളുടെ കുട്ടികളുമായി ശക്തമായ ബന്ധം വളർത്തിയെടുക്കാവുന്നത് എങ്ങനെ?
7 അതുകൊണ്ട്, ക്രിസ്തീയ പിതാക്കൻമാർ ശ്രദ്ധാപൂർവം കുട്ടികളോടൊപ്പം ഉറച്ച സ്നേഹബന്ധം നട്ടുവളർത്തുകയെന്നത് അത്യന്താപേക്ഷിതമാണ്. ദൃഷ്ടാന്തത്തിന്, യഹോവയാം ദൈവത്തിന്റെയും യേശുക്രിസ്തുവിന്റെയും കാര്യംതന്നെ പരിചിന്തിക്കുക. യേശുവിന്റെ സ്നാപനത്തിങ്കൽ യഹോവ പ്രഖ്യാപിച്ചു: “നീ എന്റെ പ്രിയ പുത്രൻ; നിന്നിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു.” (ലൂക്കൊസ് 3:22) ആ ചുരുക്കം വാക്കുകളിൽ എത്രയധികം കാര്യങ്ങളാണ് അടങ്ങിയിരിക്കുന്നത്! യഹോവ (1) തന്റെ പുത്രനെ അംഗീകരിച്ചു, (2) യേശുവിനോടുള്ള തന്റെ സ്നേഹം പരസ്യമായി പ്രകടിപ്പിച്ചു, (3) യേശുവിൻമേലുള്ള അംഗീകാരം വെളിപ്പെടുത്തി. എന്നുവരികിലും, യഹോവ തന്റെ പുത്രനായ യേശുവിനോടുള്ള സ്നേഹം പ്രകടിപ്പിച്ച ഏക അവസരമായിരുന്നില്ല അത്. പിന്നീടൊരവസരത്തിൽ യേശു തന്റെ പിതാവിനോടു പറഞ്ഞു: “നീ ലോകസ്ഥാപനത്തിന്നു മുമ്പെ എന്നെ സ്നേഹിച്ചിരി”ക്കുന്നു. (യോഹന്നാൻ 17:24) എങ്കിൽപ്പിന്നെ അനുസരണമുള്ള എല്ലാ പുത്രൻമാർക്കും പുത്രിമാർക്കും തങ്ങളുടെ പിതാക്കൻമാരുടെ അംഗീകാരവും സ്നേഹവും പ്രശംസയും ആവശ്യമല്ലേ?
8 നിങ്ങളൊരു പിതാവാണെങ്കിൽ നിങ്ങളുടെ കുട്ടികളുമായി സ്നേഹബന്ധം വളർത്തിയെടുക്കുന്നതിനു പലതും ചെയ്യാൻ കഴിയും. ഉചിതമായ പ്രവർത്തിയാലും വാക്കാലും നിരന്തരമായ സ്നേഹപ്രകടനം നടത്തിക്കൊണ്ട് ഇതു ചെയ്യാവുന്നതാണ്. ചില പുരുഷൻമാരെ സംബന്ധിച്ചിടത്തോളം വാത്സല്യം പ്രകടിപ്പിക്കുക ബുദ്ധിമുട്ടുള്ള കാര്യമാണെന്നതു ശരിതന്നെ, വിശേഷിച്ചും അവർക്ക് അവരുടെ പിതാക്കൻമാരിൽനിന്നു കലവറയില്ലാത്ത വാത്സല്യം ലഭിച്ചിട്ടില്ലെങ്കിൽ. എന്നാൽ സങ്കോചത്തോടുകൂടിയുള്ള സ്നേഹപ്രകടനത്തിനുപോലും കുട്ടികളുടെമേൽ ശക്തമായ സ്വാധീനം ചെലുത്താൻ കഴിയും. എന്തൊക്കെയായാലും ‘സ്നേഹം ആത്മിക വർദ്ധന വരുത്തുന്ന’താണ്. (1 കൊരിന്ത്യർ 8:1) കുട്ടികൾക്കു പിതൃസ്നേഹത്താൽ സുരക്ഷിതത്വം തോന്നുന്നുവെങ്കിൽ അവർ ‘യഥാർഥ മകനും മകളും’ ആയിരിക്കുന്നതിനു ചായ്വു കാണിക്കുകയും നിങ്ങളിൽ വിശ്വാസം വയ്ക്കുന്നതിൽ ഉറപ്പുള്ളവരായിരിക്കുകയും ചെയ്യും.—സദൃശവാക്യങ്ങൾ 4:3, NW.
അവരുടെ ആത്മീയ ആവശ്യങ്ങൾക്കുവേണ്ടി കരുതൽ
9. (എ) ദൈവഭയമുള്ള ഇസ്രായേല്യ പിതാക്കൻമാർ തങ്ങളുടെ കുടുംബത്തിന്റെ ആത്മീയ ആവശ്യങ്ങൾക്കുവേണ്ടി എപ്രകാരമാണു കരുതിയത്? (ബി) തങ്ങളുടെ കുട്ടികളെ അനൗപചാരികമായി പഠിപ്പിക്കുന്നതിനു ക്രിസ്ത്യാനികൾക്ക് എന്തെല്ലാം സന്ദർഭങ്ങൾ ഉണ്ട്?
9 കുട്ടികൾക്ക് ആത്മീയ ആവശ്യങ്ങളുമുണ്ട്. (മത്തായി 5:3) ഇസ്രായേല്യ പിതാക്കൻമാരെ മോശ ഇപ്രകാരം പ്രബോധിപ്പിച്ചു: “ഇന്നു ഞാൻ നിന്നോടു കല്പിക്കുന്ന ഈ വചനങ്ങൾ നിന്റെ ഹൃദയത്തിൽ ഇരിക്കേണം. നീ അവയെ നിന്റെ മക്കൾക്കു ഉപദേശിച്ചുകൊടുക്കയും നീ വീട്ടിൽ ഇരിക്കുമ്പോഴും വഴി നടക്കുമ്പോഴും കിടക്കുമ്പോഴും എഴുന്നേല്ക്കുമ്പോഴും അവയെക്കുറിച്ചു സംസാരിക്കയും വേണം.” (ആവർത്തനപുസ്തകം 6:6, 7) നിങ്ങൾ ഒരു ക്രിസ്തീയ പിതാവാണെങ്കിൽ പ്രബോധനത്തിലധികവും നിങ്ങൾക്ക് അനൗപചാരികമായി ചെയ്യാൻ കഴിയും, “വഴി നടക്കു”ന്ന സന്ദർഭത്തിലെന്നപോലെ തങ്ങളുടെ കുട്ടികളോടൊപ്പം യാത്രചെയ്യുമ്പോഴും സാധനങ്ങൾ വാങ്ങാൻപോകുമ്പോഴും വീടുതോറുമുള്ള ക്രിസ്തീയ ശുശ്രൂഷയിൽ പങ്കെടുക്കുമ്പോഴും ചെലവഴിക്കുന്ന സമയം ആയാസരഹിതമായ ചുററുപാടിൽ പ്രബോധനം പകരുന്നതിനുള്ള ആരോഗ്യാവഹമായ സന്ദർഭങ്ങൾ പ്രദാനം ചെയ്യുന്നു. കുടുംബാംഗങ്ങൾക്കു സംഭാഷണത്തിലേർപ്പെടുന്നതിന് ഏററവും പററിയ സമയമാണ് ഭക്ഷണവേളകൾ. “അതതു ദിവസം സംഭവിച്ച കാര്യങ്ങളെക്കുറിച്ചു സംസാരിക്കാൻ ഭക്ഷണവേള ഞങ്ങൾ വിനിയോഗിക്കുന്നു” എന്ന് ഒരു മാതാവ് പറഞ്ഞു.
10. കുടുംബാധ്യയനം ചിലപ്പോഴെല്ലാം ഒരു വെല്ലുവിളിയായിരിക്കുന്നത് എന്തുകൊണ്ട്, മാതാപിതാക്കൾക്ക് ഉറച്ച എന്തു തീരുമാനമുണ്ടായിരിക്കണം?
10 നിങ്ങളുടെ കുട്ടികളുമൊത്തുള്ള ക്രമമായ ബൈബിളധ്യയനം മുഖേന ഔപചാരികമായി പഠിപ്പിക്കുന്നതും ജീവത്പ്രധാനമാണ്. “ബാലന്റെ ഹൃദയത്തോടു ഭോഷത്വം പററിയിരിക്കുന്നു” എന്നതു സമ്മതിക്കുന്നു. (സദൃശവാക്യങ്ങൾ 22:15) തങ്ങളുടെ കുട്ടികൾ കുടുംബാധ്യയനത്തെ മനഃപൂർവം തടസ്സപ്പെടുത്തുന്നുവെന്നു ചില മാതാപിതാക്കൾ പറയുന്നു. എങ്ങനെ? അസ്വസ്ഥതയും മുഷിപ്പും തോന്നുന്നതായി അഭിനയിച്ചുകൊണ്ടും ദേഷ്യം പിടിപ്പിക്കുന്ന വിധത്തിൽ (സഹോദരങ്ങൾതമ്മിൽ ശണ്ഠയിട്ടോ മറേറാ) ശ്രദ്ധ പതറിപ്പിച്ചുകൊണ്ടും അടിസ്ഥാന ബൈബിൾ തത്ത്വങ്ങൾ അറിഞ്ഞുകൂടെന്നു നടിച്ചുകൊണ്ടുമെല്ലാംതന്നെ. ഇങ്ങനെ കുട്ടികൾ മാതാപിതാക്കളോടു മറുതലിക്കുന്നുവെങ്കിൽ മാതാപിതാക്കൾ അവരെ നിയന്ത്രിക്കുകതന്നെ വേണം. ക്രിസ്തീയ മാതാപിതാക്കൾ ആശ കൈവെടിയുകയും കുട്ടികൾ കുടുംബത്തെ ഭരിക്കാൻ അനുവദിക്കുകയും ചെയ്യരുത്.—താരതമ്യം ചെയ്യുക: ഗലാത്യർ 6:9.
11. കുടുംബാധ്യയനം എങ്ങനെ ആസ്വാദ്യമാക്കാം?
11 നിങ്ങളുടെ കുട്ടികൾ കുടുംബ അധ്യയനം ആസ്വദിക്കുന്നില്ലെങ്കിൽ ഒരുപക്ഷേ ചില മാററങ്ങൾ വരുത്താവുന്നതാണ്. ഉദാഹരണത്തിന്, അധ്യയനത്തിന്റെ ഉദ്ദേശ്യം അടുത്തകാലത്തായി കുട്ടിയിൽ ഉണ്ടായ പോരായ്മ കണ്ടെത്തുക എന്നതാണോ? അത്തരം പ്രശ്നങ്ങൾ സ്വകാര്യമായി ചർച്ചചെയ്യുന്നതായിരിക്കും ഉത്തമം. നിങ്ങളുടെ അധ്യയനം ക്രമമായി നടത്താറുണ്ടോ? ഇഷ്ടപ്പെട്ട ഒരു ടെലിവിഷൻ പരിപാടിക്കോ സ്പോർട്സിനോ വേണ്ടി നിങ്ങൾ കുടുംബാധ്യയനം റദ്ദാക്കിയാൽ നിങ്ങളുടെ കുട്ടികൾ അധ്യയനം കാര്യഗൗരവമുള്ള സംഗതിയായി കണക്കാക്കുകയില്ലെന്നുവന്നേക്കാം. ആത്മാർഥതയോടും ഉത്സാഹത്തോടുംകൂടെയാണോ അധ്യയനമെടുക്കാറു പതിവ്? (റോമർ 12:8) അതേ, അധ്യയനം ആസ്വാദ്യമായ ഒന്നായിരിക്കണം. മക്കളെയെല്ലാവരെയും ഉൾപ്പെടുത്താൻ ശ്രമിക്കുക. ക്രിയാത്മകവും കെട്ടുപണിചെയ്യുന്നതുമായ മനോഭാവമുണ്ടായിരിക്കുക. പങ്കുപററലിൽ കുട്ടികളെ ഊഷ്മളമായി അഭിനന്ദിക്കുക. വെറുതെ വിഷയം തീർക്കുക മാത്രം ചെയ്യാതെ ഹൃദയസ്പർശിയായ വിധത്തിൽ അവതരിപ്പിക്കാൻ ശ്രമിക്കുക.—സദൃശവാക്യങ്ങൾ 23:15.
നീതിയിൽ ശിക്ഷണം നൽകൽ
12. ശിക്ഷണത്തിൽ എല്ലായ്പോഴും ശാരീരികമായ ശിക്ഷ ഉൾപ്പെടുന്നില്ലാത്തത് എന്തുകൊണ്ട്?
12 കുട്ടികൾക്കു ശിക്ഷണം നൽകേണ്ടതിന്റെയും ശക്തമായ ആവശ്യമുണ്ട്. മാതാപിതാക്കളിൽ ഒരാളെന്ന നിലയിൽ അവരുടെമേൽ നിയന്ത്രണങ്ങൾ വയ്ക്കേണ്ടതുണ്ട്. “വടി ഉപയോഗിക്കാത്തവൻ തന്റെ മകനെ പകെക്കുന്നു; അവനെ സ്നേഹിക്കുന്നവനോ ചെറുപ്പത്തിലേ അവനെ ശിക്ഷിക്കുന്നു” എന്നു സദൃശവാക്യങ്ങൾ 13:24 പറയുന്നു. ശിക്ഷണം എല്ലായ്പോഴും ശരീരദണ്ഡനത്തിൽ കലാശിക്കണമെന്നു ബൈബിൾ അർഥമാക്കുന്നില്ല. “ശിക്ഷണത്തിനു ചെവികൊടുക്കുവിൻ” എന്നു സദൃശവാക്യങ്ങൾ 8:33 [NW] പ്രസ്താവിക്കുന്നു. കൂടാതെ, “ഭോഷനെ നൂറു അടിക്കുന്നതിനെക്കാൾ ബുദ്ധിമാനെ ഒന്നു ശാസിക്കുന്നതു അധികം ഫലിക്കും” എന്നു നമ്മോടു പറഞ്ഞിരിക്കുന്നു.—സദൃശവാക്യങ്ങൾ 17:10.
13. ബാലശിക്ഷ നിർവഹിക്കേണ്ടതെങ്ങനെ?
13 ചിലവേളയിൽ ശാരീരിക ശിക്ഷയും ഉചിതമായിരുന്നേക്കാം. എന്നാൽ കോപത്തോടെ നിർവഹിക്കുന്നപക്ഷം അതു കടന്നകൈയായിപ്പോകുന്നതിനും ഫലപ്രാപ്തി നഷ്ടപ്പെടുന്നതിനും സാധ്യതയുണ്ട്. “പിതാക്കൻമാരേ, നിങ്ങളുടെ മക്കൾ അധൈര്യപ്പെടാതിരിക്കേണ്ടതിന്നു അവരെ കോപിപ്പിക്കരുതു” എന്നു ബൈബിൾ മുന്നറിയിപ്പു നൽകുന്നു. (കൊലൊസ്സ്യർ 3:21) “മർദ്ദനം തീർച്ചയായും വിജ്ഞാനിയെ ഭോഷനാക്കുന്നു” എന്നതു വാസ്തവംതന്നെ. (സഭാപ്രഭാഷകൻ 7:7, ഓശാന ബൈബിൾ) മുഷിപ്പിക്കപ്പെട്ട ഒരു യുവാവ് നീതിയുള്ള പ്രമാണങ്ങൾക്കെതിരെപോലും മത്സരിച്ചെന്നുവരാം. അതുകൊണ്ട് മാതാപിതാക്കൾ തിരുവെഴുത്തുകൾ ഉപയോഗിച്ചു കുട്ടികൾക്കു ശിക്ഷണം നൽകുന്നതിൽ ദൃഢതയുള്ളവരെങ്കിലും സമനിലയുള്ളവരുമായിരിക്കണം. (2 തിമൊഥെയൊസ് 3:16) ദൈവഭയത്തോടെയുള്ള ശിക്ഷണം സ്നേഹത്തിലും സൗമത്യയിലുമാണു നൽകുന്നത്.—താരതമ്യം ചെയ്യുക: 2 തിമൊഥെയൊസ് 2:24, 25.a
14. കോപത്തിന് ഇടംകൊടുക്കാൻ പ്രേരിതരാകുന്നുവെങ്കിൽ മാതാപിതാക്കൾ എന്തു ചെയ്യേണ്ടതുണ്ട്?
14 “നാം എല്ലാവരും പലതിലും തെററിപ്പോകുന്നു” എന്നതു വാസ്തവമാണ്. (യാക്കോബ് 3:2) സാധാരണഗതിയിൽ സ്നേഹമുള്ള മാതാപിതാക്കൾപോലും തൽസമയ സമ്മർദംമൂലം ദയാരഹിതമായ എന്തെങ്കിലും സംസാരിക്കുകയോ കോപം പ്രകടിപ്പിക്കുകയോ ചെയ്തേക്കാം. (കൊലൊസ്സ്യർ 3:8) അങ്ങനെ സംഭവിച്ചാൽത്തന്നെ നിങ്ങളുടെ കുട്ടി ദുഃഖിതനും നിങ്ങൾ കോപാകുലരുമായിരിക്കുന്ന ഒരവസ്ഥയിൽ സൂര്യൻ അസ്തമിക്കാൻ ഇടനൽകരുത്. (എഫെസ്യർ 4:26, 27) വേണ്ടിവന്നാൽ ഒരു ക്ഷമാപണം നടത്തിക്കൊണ്ടു നിങ്ങളുടെ കുട്ടിയുമായി കാര്യങ്ങൾ ചർച്ചചെയ്തു പരിഹാരം കാണുക. (താരതമ്യം ചെയ്യുക: മത്തായി 5:23, 24.) അത്തരം താഴ്മ പ്രകടിപ്പിക്കുന്നത് നിങ്ങളെയും കുട്ടിയെയും തമ്മിൽ കൂടുതൽ അടുപ്പിക്കും. നിങ്ങളുടെ വികാരങ്ങൾ നിങ്ങൾക്കു നിയന്ത്രിക്കാനാവാതെ കോപത്തിന് ഇടംകൊടുക്കുന്നുവെന്നു തോന്നുന്നുവെങ്കിൽ സഭയിലെ നിയമിത മൂപ്പൻമാരുടെ സഹായം തേടുക.
മാതാപിതാക്കളിൽ ഒരാൾ മാത്രമുള്ള കുടുംബങ്ങളും ദത്തുകുടുംബങ്ങളും
15. മാതാപിതാക്കളിൽ ഒരാൾ മാത്രമുള്ള കുടുംബത്തിലെ കുട്ടികളെ എങ്ങനെ സഹായിക്കാവുന്നതാണ്?
15 എല്ലാ കുട്ടികൾക്കും മാതാപിതാക്കളിൽ രണ്ടുപേരുടെയും പിന്തുണ ലഭിക്കുന്നില്ല. ഐക്യനാടുകളിലെ കുട്ടികളിൽ നാലിലൊരാളെ വളർത്തിക്കൊണ്ടുവരുന്നതു മാതാപിതാക്കളിൽ ഒരാൾ മാത്രമാണ്. ബൈബിൾ കാലങ്ങളിൽ ‘അനാഥർ’ വളരെയുണ്ടായിരുന്നു. അവർക്കു പരിഗണന നൽകിക്കൊണ്ടുള്ള പരാമർശങ്ങൾ തിരുവെഴുത്തുകളിൽ ആവർത്തിച്ചാവർത്തിച്ചു കാണാം. (പുറപ്പാടു 22:22) ഇന്ന് മാതാപിതാക്കളിലൊരാളുള്ള ക്രിസ്തീയ കുടുംബങ്ങൾ അത്തരം സമ്മർദങ്ങളും പ്രശ്നങ്ങളും അഭിമുഖീകരിക്കുന്നു. എങ്കിലും യഹോവ “അനാഥൻമാർക്കു പിതാവും വിധവമാർക്കു ന്യായപാലക”നുമാണ് എന്ന അറിവിൽ അവർ സാന്ത്വനമടയുന്നു. (സങ്കീർത്തനം 68:5) “അനാഥരെയും വിധവമാരെയും അവരുടെ സങ്കടത്തിൽ ചെന്നു കാണുന്ന”തിനു ബൈബിൾ ക്രിസ്ത്യാനികളെ പ്രോത്സാഹിപ്പിക്കുന്നു. (യാക്കോബ് 1:27) മാതാപിതാക്കളിൽ ഒരാൾ മാത്രമുള്ള കുടുംബങ്ങളെ സഹായിക്കുന്നതിനു സഹവിശ്വാസികൾക്കു പലതും ചെയ്യാവുന്നതാണ്.b
16. (എ) തങ്ങളുടെ കുടുംബത്തിനുവേണ്ടി ഒററയ്ക്കുള്ള മാതാവോ പിതാവോ എന്തു ചെയ്യേണ്ടതുണ്ട്? (ബി) ശിക്ഷണം പ്രയാസകരമായിരിക്കാവുന്നത് എന്തുകൊണ്ട്, എന്നാൽ അതു നടപ്പിലാക്കേണ്ടതിന്റെ കാരണമെന്ത്?
16 നിങ്ങൾ ഒററയ്ക്കുള്ള മാതാവോ പിതാവോ ആണെങ്കിൽ നിങ്ങളുടെ കുടുംബത്തിനു പ്രയോജനം ചെയ്യുന്നതിനു നിങ്ങൾക്ക് എന്തു ചെയ്യാനാകും? കുടുംബാധ്യയനം, യോഗത്തിനു ഹാജരാകൽ, വയൽശുശ്രൂഷ എന്നീ കാര്യങ്ങളിൽ നിങ്ങൾക്കു ശുഷ്കാന്തിയുണ്ടായിരിക്കേണ്ടത് ആവശ്യമാണ്. ശിക്ഷണം നൽകുക എന്നത് ഒരുപക്ഷേ വിഷമകരമായ ഉദ്യമമായിരുന്നേക്കാം. സ്നേഹഭാജനമായ ഇണയുടെ വേർപാടിൽ നിങ്ങൾ ഇപ്പോഴും ദുഃഖമനുഭവിക്കുന്നുണ്ടാവാം. അല്ലെങ്കിൽ വിവാഹത്തകർച്ചയുടെ കുററബോധവും ദേഷ്യവുമായി ഒരുപക്ഷേ നിങ്ങൾ ഇപ്പോഴും മല്ലടിക്കുകയാകാം. നിയമപരമായി കുട്ടിയുടെ പരിപാലനം ഇപ്പോഴും നിങ്ങൾ രണ്ടുപേരുടെയും ഉത്തരവാദിത്വമാണെങ്കിൽ, വിവാഹമോചനം നേടിയോ വേർപെട്ടോ ജീവിക്കുന്ന ഇണയോടൊപ്പമായിരിക്കുന്നതിനു കുട്ടി കൂടുതൽ ഇഷ്ടപ്പെടുമോ എന്ന ഭയവും നിങ്ങളെ ഗ്രസിക്കുന്നുണ്ടാവാം. അത്തരം സാഹചര്യങ്ങളിൽ സമനിലയുള്ള ശിക്ഷണം നൽകുക വൈകാരികമായി ബുദ്ധിമുട്ടുള്ളതായിത്തീരുന്നു. എന്നിരുന്നാലും “തന്നിഷ്ടത്തിന്നു വിട്ടിരുന്ന ബാലനോ അമ്മെക്കു ലജ്ജ വരുത്തുന്നു” എന്നു ബൈബിൾ നമ്മോടു പറയുന്നു. (സദൃശവാക്യങ്ങൾ 29:15) അതുകൊണ്ട്, കുററബോധത്തിനോ, ആത്മനിന്ദയ്ക്കോ, ഒരു മുൻ വിവാഹ ഇണയാലുണ്ടായേക്കാവുന്ന വൈകാരിക സമ്മർദത്തിനോ വശംവദരാകരുത്. ന്യായയുക്തമായ, സ്ഥിരമായ മാനദണ്ഡങ്ങൾ വയ്ക്കുക. ബൈബിൾ തത്ത്വങ്ങളുടെ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യരുത്.—സദൃശവാക്യങ്ങൾ 13:24.
17. മാതാപിതാക്കളിൽ ഒരാൾ മാത്രമുള്ള കുടുംബത്തിൽ കുടുംബാംഗങ്ങളുടെ റോളുകൾ അസ്പഷ്ടമായിത്തീർന്നേക്കാവുന്നത് എങ്ങനെ? അതു തടയുന്നതിന് എന്തു ചെയ്യാൻ കഴിയും?
17 ഒററയ്ക്കുള്ള മാതാവ് മകനോടു വാടകഭർത്താവ്—വീട്ടിലെ കാരണവർ—എന്ന പോലെ പെരുമാറുകയോ മകളോട് വിശ്വസ്ത സഖികളോട് എന്ന പോലെ പെരുമാറി വ്യക്തിപരമായ പ്രശ്നങ്ങൾകൊണ്ട് അവളെ മൂടുകയോ ചെയ്യുന്നപക്ഷം പ്രശ്നങ്ങൾ പൊന്തിവന്നേക്കാം. അങ്ങനെ ചെയ്യുന്നത് അനുചിതമായിരിക്കും. തന്നെയുമല്ല, ഒരു കുട്ടിയെ സംബന്ധിച്ചിടത്തോളം അത് അന്ധാളിപ്പിന് ഇടവരുത്തുകയും ചെയ്യും. മാതാവിന്റെ അല്ലെങ്കിൽ പിതാവിന്റെ റോളുകളും കുട്ടിയുടെ റോളുകളും എന്താണെന്ന് അസ്പഷ്ടമാകുമ്പോൾ ശിക്ഷണം തകരുന്നതിനിടയായേക്കാം. നിങ്ങൾ മാതാവ് അല്ലെങ്കിൽ പിതാവ് ആണെന്ന കാര്യം വ്യക്തമായിരിക്കട്ടെ. ബൈബിളധിഷ്ഠിത ഉപദേശം സംബന്ധിച്ച് അറിവ് ആവശ്യമുള്ള ഒരമ്മയാണു നിങ്ങളെങ്കിൽ മൂപ്പൻമാരിൽനിന്നോ പക്വതപ്രാപിച്ച പ്രായംചെന്ന ഒരു സഹോദരിയിൽനിന്നോ സഹായം തേടുക.—താരതമ്യം ചെയ്യുക: തീത്തൊസ് 2:3-5.
18, 19. (എ) ദത്തുകുടുംബങ്ങൾ നേരിടേണ്ടിവരുന്ന വെല്ലുവിളികളിൽ ചിലത് ഏവ? (ബി ദത്തുകുടുംബങ്ങളിലെ മാതാപിതാക്കൾക്കും കുട്ടികൾക്കും ജ്ഞാനവും വിവേകവും എങ്ങനെ പ്രകടമാക്കാനാവും?
18 ദത്തുകുടുംബങ്ങളും അതേപോലെതന്നെ വെല്ലുവിളികളെ നേരിടുന്നു. “തത്ക്ഷണ സ്നേഹ”ത്തിന്റെ ദൗർലഭ്യം ദത്തുമാതാപിതാക്കൾ കണ്ടറിയുന്നു. ദൃഷ്ടാന്തത്തിന്, പെററുവളർത്തിയ മക്കളോട് എന്തെങ്കിലും പക്ഷപാതം കാണിക്കുന്നതുപോലെ തോന്നിയാൽ ദത്തുമക്കൾ വികാരവിവശരാകും. (താരതമ്യം ചെയ്യുക: ഉല്പത്തി 37:3, 4.) മാതാവ് അല്ലെങ്കിൽ പിതാവ് വിട്ടുപിരിഞ്ഞ ദുഃഖത്തിൽ ആണ്ടിരിക്കുകയാകും ദത്തുമക്കൾ. തന്നെയുമല്ല, ദത്തുമാതാവിനെയോ ദത്തുപിതാവിനെയോ സ്നേഹിക്കുക എന്നത് പെററുവളർത്തിയ മാതാവിനോടോ പിതാവിനോടോ വല്ലവിധത്തിലുമുള്ള അവിശ്വസ്തതകാട്ടലായിരിക്കുമോ എന്ന് അവർ ഭയപ്പെടുന്നു. ആവശ്യമായ ശിക്ഷണം നൽകുമ്പോൾ ‘നിങ്ങൾ എന്റെ സ്വന്തം മാതാവോ പിതാവോ അല്ലല്ലോ!’ എന്നിങ്ങനെയുള്ള പരുക്കൻ പ്രതികരണമാവും ലഭിക്കുക.
19 “ജ്ഞാനംകൊണ്ടു ഭവനം പണിയുന്നു; വിവേകംകൊണ്ടു അതു സ്ഥിരമായിവരുന്നു” എന്നു സദൃശവാക്യങ്ങൾ 24:3 പറയുന്നു. ദത്തുകുടുംബങ്ങൾ വിജയംപ്രാപിക്കുന്നതിന് എല്ലാ അംഗങ്ങളും ജ്ഞാനവും വിവേകവും പ്രയോഗിക്കേണ്ടിവരുന്നു. കാര്യാദികൾക്കു മാററം വന്നിരിക്കുന്നു എന്ന വേദനാജനകമായ വസ്തുത കുട്ടികൾ അംഗീകരിച്ചേ മതിയാവൂ. ദത്തുമാതാപിതാക്കൾ ക്ഷമയും അനുകമ്പയും ഉള്ളവരായിരിക്കാനും പ്രത്യക്ഷത്തിൽ നിരസ്സനമെന്നു തോന്നുന്ന കാര്യങ്ങൾ കാണുമ്പോൾ പെട്ടെന്നു കോപാകുലരാകാതിരിക്കാനും ശ്രദ്ധിക്കേണ്ടതുണ്ട്. (സദൃശവാക്യങ്ങൾ 19:11; സഭാപ്രസംഗി 7:9) ശിക്ഷകന്റെ റോൾ ഏറെറടുക്കുന്നതിനുമുമ്പു ദത്തുകുട്ടിയുമായി സൗഹാർദബന്ധം വളർത്തിയെടുക്കുന്നതിനു ശ്രമിക്കുക. അത്തരം സ്നേഹബന്ധം സ്ഥാപിക്കുന്നതുവരെ ശിക്ഷണം നൽകുന്നതിന് ജൻമംനൽകിയ മാതാപിതാക്കളെ അനുവദിക്കുകയാകും നല്ലത് എന്ന് ചിലർ കരുതിയേക്കാം. പിരിമുറുക്കങ്ങൾ ഉയർന്നുവരുമ്പോൾ ആശയവിനിയമം നടത്തുന്നതിനുള്ള ശ്രമങ്ങൾ നടത്തണം. “ആലോചന കേൾക്കുന്നവരുടെ പക്കലോ ജ്ഞാനം ഉണ്ടു” എന്നു സദൃശവാക്യം 13:10 പറയുന്നു.c
നിങ്ങളുടെ കുടുംബത്തിന്റെ രക്ഷയ്ക്കായി പ്രവർത്തിച്ചുകൊണ്ടേയിരിക്കുവിൻ
20. ക്രിസ്തീയ കുടുംബനാഥൻമാർ തുടർന്ന് എന്തു ചെയ്യേണ്ടതുണ്ട്?
20 ബലിഷ്ഠമായ ക്രിസ്തീയ കുടുംബങ്ങൾ ആകസ്മികമായി ഉണ്ടാകുന്നവയല്ല. കുടുംബനാഥൻമാരായ നിങ്ങൾ നിങ്ങളുടെ കുടുംബങ്ങളുടെ രക്ഷയ്ക്കുവേണ്ടി കഠിനാധ്വാനം ചെയ്യുന്നതിൽ തുടരണം. അനാരോഗ്യകരമായ സ്വഭാവവിശേഷങ്ങൾക്കും ലൗകിക പ്രവണതകൾക്കുമെതിരെ ജാഗ്രതയുള്ളവരായിരിക്കുക. സംസാരം, നടത്ത, സ്നേഹം, വിശ്വാസം ചാരിത്രശുദ്ധി എന്നിവയിൽ നല്ല മാതൃക വയ്ക്കുക. (1 തിമൊഥെയൊസ് 4:12) ദൈവാത്മാവിന്റെ ഫലങ്ങൾ പ്രകടമാക്കുക. (ഗലാത്യർ 5:22, 23) സഹനശക്തി, പരിഗണന, ക്ഷമ, വാത്സല്യം എന്നിവ കുട്ടികളെ ദൈവത്തിന്റെ വഴികൾ പഠിപ്പിക്കുന്നതിനുള്ള നിങ്ങളുടെ ശ്രമത്തെ ബലിഷ്ഠമാക്കും.—കൊലൊസ്സ്യർ 3:12-14.
21. ഒരുവന്റെ കുടുംബത്തിൽ ഊഷ്മളവും സന്തോഷകരവുമായ അന്തരീക്ഷം എങ്ങനെ നിലനിർത്താവുന്നതാണ്?
21 ദൈവസഹായത്തോടെ കുടുംബത്തിനുള്ളിൽ സന്തോഷകരവും ഊഷ്മളവുമായ ഒരു ആത്മാവ് നിലനിർത്താൻ ശ്രമിക്കുക. ഒരു കുടുംബമെന്നനിലയിൽ ഒരുമിച്ചു സമയം ചെലവഴിക്കുക. ദിവസത്തിൽ ഒരു പ്രാവശ്യമെങ്കിലും ഒരുമിച്ചു ഭക്ഷണം കഴിക്കാനുള്ള ക്രമീകരണം ചെയ്യുക. ക്രിസ്തീയ യോഗങ്ങളും വയൽശുശ്രൂഷയും കുടുംബ അധ്യയനവുമെല്ലാം ഒഴിച്ചുകൂടാനാവാത്ത കാര്യങ്ങളാണ്. എങ്കിലും ‘ചിരിപ്പാനും നൃത്തം ചെയ്വാനും ഒരു കാലം’ ഉണ്ട്. (സഭാപ്രസംഗി 3:1, 4) പരിപുഷ്ടിപകരുന്ന വിനോദവേളകൾക്കായി സമയം ക്രമീകരിക്കുക. കാഴ്ചബംഗ്ലാവ്, മൃഗശാല, അതുപോലുള്ള മററു സ്ഥലങ്ങളെല്ലാം മുഴു കുടുംബത്തിന്റെയും ആസ്വാദനത്തിനുവേണ്ടിയുള്ളതാണ്. ടിവി ഓഫ് ചെയ്തശേഷം ആ സമയം പാടുന്നതിനോ പാട്ടു കേൾക്കുന്നതിനോ കളിക്കുന്നതിനോ സംസാരിക്കുന്നതിനോ വേണ്ടി മാററി വയ്ക്കുക. ഇത് കുടുംബാംഗങ്ങളെ അന്യോന്യം കൂടുതൽ അടുപ്പിച്ചേക്കാം.
22. നിങ്ങളുടെ കുടുംബത്തിന്റെ രക്ഷയ്ക്കുവേണ്ടി കഠിനമായി അധ്വാനിക്കേണ്ടതിന്റെ കാരണമെന്ത്?
22 “സകല സൽപ്രവൃത്തിയിലും ഫലം കായിച്ചു ദൈവത്തെക്കുറിച്ചുള്ള പരിജ്ഞാനത്തിൽ വളരേ”ണ്ടതിനു ക്രിസ്തീയ മാതാപിതാക്കളായ നിങ്ങളോരോരുത്തരും യഹോവയെ പൂർണമായി സന്തോഷിപ്പിക്കുന്നതിൽ തുടർന്നു ശ്രമിക്കുന്നവരായിരിക്കട്ടെ. (കൊലൊസ്സ്യർ 1:10) ദൈവവചനത്തിലുള്ള അനുസരണമെന്ന ബലിഷ്ഠമായ അടിസ്ഥാനത്തിൻമേൽ നിങ്ങളുടെ കുടുംബത്തെ പണിതുയർത്തുക. (മത്തായി 7:24-27) “യഹോവയുടെ ശിക്ഷണത്തിലും മാനസിക ക്രമവൽക്കരണത്തിലും” കുട്ടികളെ വളർത്തിക്കൊണ്ടുവരുന്നതിനുള്ള നിങ്ങളുടെ ശ്രമത്തിൻമേൽ തീർച്ചയായും ദൈവാനുഗ്രഹമുണ്ടായിരിക്കും.—എഫെസ്യർ 6:4.
[അടിക്കുറിപ്പുകൾ]
a 1992 സെപ്ററംബർ 8 ഉണരുക!യിലെ [ഇംഗ്ലീഷ്] “ബൈബിളിന്റെ വീക്ഷണം: ‘ശിക്ഷയ്ക്കുള്ള വടി’—അതു കാലഹരണപ്പെട്ടുവോ?” എന്ന ലേഖനം കാണുക.
b 1980 സെപ്ററംബർ 15 വീക്ഷാഗോപുരത്തിന്റെ [ഇംഗ്ലീഷ്] 15-26 പേജുകൾ കാണുക.
c 1984, ഒക്ടോബർ 15 വീക്ഷാഗോപുരത്തിന്റെ [ഇംഗ്ലീഷ്] 21-5 പേജുകൾ കാണുക.
നിങ്ങൾ എങ്ങനെ ഉത്തരം പറയും?
◻ ഭാര്യക്കും ഭർത്താവിനും തങ്ങളുടെ കുടുംബം പണിതുയർത്തുന്നതിന് എങ്ങനെ സഹകരിക്കാൻ കഴിയും?
◻ കുട്ടികളുടെ ചില വൈകാരിക ആവശ്യങ്ങൾ ഏവ, അവ എങ്ങനെ നിറവേററാം?
◻ കുടുംബനാഥൻമാർക്കു കുട്ടികളെ ഔപചാരികവും അനൗപചാരികവുമായ വിധത്തിൽ എങ്ങനെ പഠിപ്പിക്കാം?
◻ മാതാപിതാക്കൾ എങ്ങനെയാണു നീതിയിൽ ശിക്ഷണം കൊടുക്കുന്നത്?
◻ മാതാപിതാക്കളിൽ ഒരാൾ മാത്രമുള്ള കുടുംബങ്ങളുടെയും ദത്തുകുടുംബങ്ങളുടെയും പ്രയോജനത്തിനായി എന്തു ചെയ്യാൻ കഴിയും?
[16-ാം പേജിലെ ചിത്രം]
ഒരു കുട്ടിയുടെ വൈകാരിക വളർച്ചക്കു പിതാവിന്റെ സ്നേഹവും അംഗീകാരവും പ്രധാനമാണ്