“ദൈവത്തിൽ നിന്നുള്ള സർവ്വായുധവർഗ്ഗം ധരിക്കുക”
ക്രിസ്ത്യാനികൾ പടച്ചട്ട ധരിക്കുകയോ? അവർക്കെന്തിനാണ് അത്തരം യുദ്ധസന്നാഹങ്ങൾ? അവർ സമാധാന സ്നേഹികളല്ലേ? (2 തിമൊഥെയോസ് 2:24) അതെ, അവർ അങ്ങനെയാണ്. എന്നിരുന്നാലും, യഥാർത്ഥ ക്രിസ്ത്യാനികളെല്ലാവരും ഒരു പോരാട്ടത്തിൽ ഏർപ്പെട്ടിരിക്കുകയാണ്—അതിൽ അവർ കൊല ചെയ്യാനല്ല എന്നാൽ വിജയിക്കാൻ കഠിനശ്രമം ചെയ്യുന്നു.
സാത്താൻ മൽസരിച്ചില്ലായിരുന്നെങ്കിൽ അത്തരമൊരു പോരാട്ടം ഒരിക്കലും ആവശ്യമായിരിക്കുമായിരുന്നില്ല. എന്നാൽ അവൻ മൽസരിക്കുക തന്നെ ചെയ്തു, അവന്റെ മൽസരത്തിൽ പങ്കു ചേരുന്നതിന് അവൻ ആദാമിനെയും ഹവ്വായെയും വഴിതെററിക്കുകയും ചെയ്തു. അന്നു മുതൽ വികാസം പ്രാപിച്ച ലോകവ്യവസ്ഥിതി “ദുഷ്ടനായവന്റെ”, പിശാചായ സാത്താന്റെ, അധികാരത്തിൻകീഴിൽ കിടക്കുന്നു. (1 യോഹന്നാൻ 5:19) യഥാർത്ഥ പരമാധികാരിയായ യഹോവക്ക് കീഴ്പ്പെടുന്നവർ ലോകത്തിന്റെയും അതിന്റെ ഭരണാധിപന്റെയും സ്വാധീനങ്ങളെ ചെറുക്കണം. അവരുടെ ആത്മീയജീവനുവേണ്ടി അവർ പോരാടണം. ഈ ലക്ഷ്യത്തിൽ ക്രിസ്ത്യാനികൾ ഇപ്രകാരം പ്രബോധിപ്പിക്കപ്പെട്ടിരിക്കുന്നു: “പിശാചിന്റെ തന്ത്രങ്ങളോടു എതിർത്തുനിൽപ്പാൻ കഴിയേണ്ടതിന്നു ദൈവത്തിന്റെ സർവ്വായുധവർഗ്ഗം ധരിച്ചുകൊൾവിൻ.”—എഫേസ്യർ 6:11.
ആയുധവർഗ്ഗം
നാം ഉചിതമായി സംരക്ഷിക്കപ്പെടുന്നതിന് നമുക്ക് ദൈവത്തിൽ നിന്നുള്ള സമ്പൂർണ്ണ പടച്ചട്ട അത്യാവശ്യമാണ് എന്നത് കുറിക്കൊള്ളുക. എങ്കിൽ നമുക്ക് അപ്പോസ്തലനായ പൗലോസ് വിവരിച്ചിരിക്കുന്ന പ്രകാരം സർവ്വായുധവർഗ്ഗത്തിന്റെ ഓരോ ഭാഗവും പരിശോധിക്കുകയും ആത്മീയ പോരാട്ടത്തിന് നാം തികച്ചും സജ്ജരാണോ എന്നറിയാൻ നമ്മെത്തന്നെ സത്യസന്ധമായി ഒന്നു വിലയിരുത്തുകയും ചെയ്യാം.—എഫേസ്യർ 6:14-17.
“അതുകൊണ്ട് അരക്ക് സത്യം കെട്ടി ഉറച്ചു നിൽക്കുക.” (എഫേസ്യർ 6:14എ, NW) ബൈബിൾ കാലങ്ങളിൽ പടയാളികൾ 15 സെൻറീ മീററർ വരെ വീതിയുള്ള തുകൽ ബെൽററ് ധരിച്ചിരുന്നു. അത് അവരുടെ ഇടുപ്പ് സംരക്ഷിക്കാൻ സഹായിച്ചു. ഒരു പടയാളി തന്റെ ബെൽററ് മുറുക്കിയപ്പോൾ അത് യുദ്ധം ചെയ്യാനുള്ള തയ്യാറെടുപ്പിനെ അർത്ഥമാക്കി.
അപ്പോൾ ദിവ്യ സത്യത്തെ ഒരു പടയാളിയുടെ അരപ്പട്ടയോട് ഉപമിച്ചിരിക്കുന്നത് എത്ര ഉചിതമാണ്! ഇത് സത്യത്തിന്റെതായ ദൈവവചനത്തെ നാം അതിനാൽ മുറുക്കിക്കെട്ടപ്പെട്ടാലെന്നവണ്ണം നമ്മോട് അടുപ്പിച്ചു നിറുത്തണം എന്നതിനെ നന്നായി ചിത്രീകരിക്കുന്നു. ദൈവവചനത്തിന്റെ ഉള്ളടക്കത്തെപ്പററി നാം ആഴമായി ധ്യാനിക്കണം. ഇത് ഭോഷ്ക്കുകളാലും വഞ്ചനകളാലും വഴിതെററിക്കപ്പെടുന്നതിൽ നിന്ന് നമ്മെ സംരക്ഷിക്കും. കൂടാതെ യഹോവയുടെ വായിൽ നിന്നുള്ള വചനങ്ങൾ നമ്മെ ആത്മീയമായി പിന്തുണക്കുകയും ബലപ്പെടുത്തുകയും നമ്മുടെ നിർമ്മലതയെ പിന്താങ്ങുകയും ചെയ്യും.
“നീതി എന്ന കവചം ധരിച്ച്.” (എഫേസ്യർ 6:14ബി) ഒരു പടയാളിയുടെ കവചം ജീവൽപ്രധാനമായ ഒരു ശാരീരിക അവയവത്തെ, ഹൃദയത്തെ, സംരക്ഷിച്ചു. അപ്പോൾ ദൈവദത്തമായ ആത്മീയ പടച്ചട്ടയിൽ നീതി നമ്മുടെ ഹൃദയത്തെ സംരക്ഷിക്കുന്നു. തിരുവെഴുത്തുപരമായി ഹൃദയം നാം ഉള്ളിൽ എന്തായിരിക്കുന്നുവോ അതിന്റെ—നമ്മുടെ വികാരങ്ങളുടെയും ചിന്തകളുടെയും ആഗ്രഹങ്ങളുടെയും—ഉചിതമായ ഒരു പ്രതീകമാണ്. ഹൃദയം തിൻമയിലേക്ക് ചായ്വുള്ളതാണ് എന്നും കൂടെ ബൈബിൾ പറയുന്നതിനാൽ യഹോവയുടെ നീതിയുള്ള നിലവാരങ്ങളെ മുറുകെപിടിക്കാനുള്ള ഒരു ദൃഢനിശ്ചയം നട്ടുവളർത്തുന്നത് ജീവൽപ്രധാനമാണ്. (യിരെമ്യാവ് 17:9) ദൈവത്തോടുള്ള അനുസരണം കപടഭക്തിപരമായ ഒരു ബാഹ്യപ്രകടനമായിരിക്കരുത്; അത് ഉള്ളിൽ നിന്നു വരണം. ഇത് നാം നൻമയോട് ശക്തമായ ഒരു സ്നേഹവും നിയമരാഹിത്യത്തോട് അത്രതന്നെ ശക്തമായ ഒരു വെറുപ്പും വികസിപ്പിച്ചെടുക്കുന്നത് ആവശ്യമാക്കിത്തീർക്കുന്നു. (സങ്കീർത്തനം 45:7) അങ്ങനെ നമ്മുടെ ഹൃദയം സംരക്ഷിക്കപ്പെടും.
“സമാധാനസുവിശേഷത്തിന്നായുള്ള ഒരുക്കം കാലിന്നു ചെരുപ്പാക്കി.” (എഫേസ്യർ 6:15) നിങ്ങളുടെ പാദങ്ങൾക്ക് ഈ തരത്തിലുള്ള ചെരുപ്പുകളുണ്ടോ? സുവാർത്ത പ്രസംഗിക്കാൻ അവ നിങ്ങളെ ക്രമമായി വയൽ ശുശ്രൂഷക്ക് കൊണ്ടുപോകുന്നുണ്ടോ? നിങ്ങളുടെ പ്രസംഗ, പഠിപ്പിക്കൽ പ്രവർത്തനങ്ങളുടെ ഗുണം മെച്ചപ്പെടുത്താൻ നിങ്ങൾ കഠിന ശ്രമം ചെയ്യുന്നുണ്ടോ? ചില പ്രദേശങ്ങൾ താരതമ്യേന പ്രതികരണമില്ലാത്തതാണ് എന്നത് സത്യം തന്നെ. വ്യക്തികൾ ഉദാസീനരോ, താൽപ്പര്യമില്ലാത്തവരോ, എതിർപ്പുള്ളവരോ ആയിരുന്നേക്കാം. നമ്മുടെ പ്രസംഗം നമ്മുടെമേൽ പീഡനം വരുത്തുകപോലും ചെയ്തേക്കാം. എന്നാൽ അതിൽ ഉററിരിക്കുക വഴി ക്രിസ്ത്യാനികൾ സാത്താന്റെ ആക്രമണങ്ങൾക്കെതിരെ സംരക്ഷണം നൽകുന്ന ഒരു ഗുണമായ സഹിഷ്ണുത വളർത്തിയെടുക്കുന്നു. പീഡിപ്പിക്കപ്പെട്ടെങ്കിലും പൗലോസ് ഉൽസാഹമുള്ള ഒരു പ്രസംഗകനായിരുന്നു; ‘അവൻ ക്രിസ്തുവിന്റെ അനുകാരിയായിരുന്നതുപോലെ നാം അവന്റെ അനുകാരികളായിരിക്കാൻ പ്രോൽസാഹിപ്പിക്കപ്പെട്ടിരിക്കുന്നു.’—1 കൊരിന്ത്യർ 11:1.
രാജ്യപ്രസംഗ പ്രവർത്തനത്തിൽ തിരക്കുള്ളവരായിരിക്കുന്നത് സുവാർത്തയിലുള്ള നമ്മുടെ ആത്മവിശ്വാസത്തെ ശക്തിപ്പെടുത്തുന്നു. മാത്രവുമല്ല, അത് യഹോവയുടെ ഇഷ്ടം നിവൃത്തിക്കുന്നതിൽ അവന്റെ ആത്മാവ് നമ്മിലൂടെ പ്രവർത്തിക്കാൻ അനുവദിക്കുന്നു. വാസ്തവത്തിൽ അത്തരം പ്രവർത്തനം നമ്മെ ദൂതൻമാരുടെ, യഹോവയാം ദൈവത്തിന്റെ തന്നെ കൂട്ടുവേലക്കാരാക്കിത്തീർക്കുന്നു. (1 കൊരിന്ത്യർ 3:9; വെളിപ്പാട് 14:6) കൂടാതെ, ‘കർത്താവിന്റെ വേലയിൽ ധാരാളം ചെയ്യാനുണ്ടായിരിക്കുന്നത്’ നമ്മെ “ഉറപ്പുള്ളവരും, കുലുങ്ങാത്തവരും” ആക്കിത്തീർക്കും. (1 കൊരിന്ത്യർ 15:58) എത്ര അത്ഭുതകരമായ സംരക്ഷണമാണ് അത് പ്രദാനം ചെയ്യുന്നത്!
“വിശ്വാസത്തിന്റെ വലിയ പരിച എടുക്കുക.” (എഫേസ്യർ 6:16, NW) ഒരു വലിയ പരിച കൊണ്ട് പുരാതനകാലത്തെ ഒരു പടയാളി കുന്തങ്ങളിൽ നിന്നും അമ്പുകളിൽ നിന്നും തന്നെത്തന്നെ സംരക്ഷിച്ചു. ഒരു പരിച ഉപയോഗിക്കുന്നതിൽ പരാജയപ്പെടുന്നെങ്കിൽ അയാൾ മുറിവേൽപ്പിക്കപ്പെടുകയോ കൊല്ലപ്പെടുക പോലുമോ ചെയ്യുമായിരുന്നു. ക്രിസ്ത്യാനികൾ അതിലും മാരകമായ ആയുധങ്ങളെ അഭിമുഖീകരിക്കുന്നു—“ദുഷ്ടന്റെ തീയമ്പുകൾ”. ഇതിൽ നമ്മുടെ വിശ്വാസത്തെ ബലഹീനമാക്കുന്നതിനും നമ്മെ ആത്മീയമായി കൊല്ലുന്നതിനും സാത്താൻ നമുക്ക് എതിരെ കൊണ്ടുവന്നേക്കാവുന്നതായി അവന്റെ കൈവശമുള്ള സകലതും ഉൾപ്പെടുന്നു. പീഡനം, ഭോഷ്ക്കുകൾ, വഞ്ചനാത്മകമായ ലൗകിക തത്വശാസ്ത്രങ്ങൾ, ഭൗതിക ആകർഷണങ്ങൾ, അധാർമ്മികതയിൽ ഏർപ്പെടാനുള്ള പ്രലോഭനങ്ങൾ എന്നിവയെല്ലാം അതിൽപെടുന്നതാണ്. ഇവക്കെല്ലാം എതിരെ നമ്മെ സംരക്ഷിക്കുന്നതിന് നമുക്ക് ഒരു വലിയ പരിച അത്യാവശ്യമാണ്. നമുക്ക് നമ്മുടെ ഏതെങ്കിലും ഭാഗം മുറിവേൽക്കത്തക്കവിധത്തിൽ വിട്ടേക്കാനും അതേസമയം സുരക്ഷിതരായിരിക്കാനും കഴിയുകയില്ല.
അബ്രഹാമിനും അവന്റെ ഭാര്യയായ സാറാക്കും ശക്തമായ വിശ്വാസമുണ്ടായിരുന്നു. കുട്ടികൾ ഉണ്ടാകുന്ന പ്രായം കഴിഞ്ഞശേഷം അവർക്ക് ഒരു സന്തതി ജനിക്കുമെന്നുള്ള ദൈവത്തിന്റെ വാഗ്ദാനത്തിൽ അവർ വിശ്വാസമർപ്പിച്ചു. പിന്നീട്, തന്റെ പ്രിയയായ സാറായിൽ ജനിച്ച തന്റെ ഏകപുത്രനെ ബലി ചെയ്യാനുള്ള നിർദ്ദേശം അനുസരിച്ചപ്പോഴും അബ്രഹാം അസാധാരണമായ വിശ്വാസം പ്രകടമാക്കി. യഹോവ അബ്രഹാമിന്റെ കൈ തടയുകയും ഒരു പകരം ബലിവസ്തു നൽകുകയും ചെയ്തു. എന്നാൽ അബ്രഹാം അനുസരിക്കാൻ മനസ്സൊരുക്കമുള്ളവനായിരുന്നു. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ യഹോവക്ക് തന്റെ മകനെ പുനരുത്ഥാനത്തിൽ കൊണ്ടുവരാനും അവനെ സംബന്ധിച്ചുള്ള വാഗ്ദത്തം നിവർത്തിക്കാനും കഴിയും എന്ന് അബ്രഹാമിന് പൂർണ്ണ വിശ്വാസമുണ്ടായിരുന്നു.—റോമർ 4:16-21; എബ്രായർ 11:11, 12, 17-19.
മോശെക്കും നമുക്ക് അത്യാവശ്യമായിരിക്കുന്ന തരം വിശ്വാസമുണ്ടായിരുന്നു. ദൈവജനത്തോടൊപ്പം കഷ്ടം അനുഭവിക്കുന്നത് തെരഞ്ഞെടുത്തുകൊണ്ട് അവൻ ഈജിപ്ററിലെ ധനം തള്ളിക്കളഞ്ഞു. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ യഹോവ സ്ഥിതി ചെയ്യുന്നുണ്ടെന്നും ഇസ്രയേല്യർക്ക് രക്ഷ കൈവരുത്തുമെന്നും അവന് വിശ്വാസമുണ്ടായിരുന്നു. മോശെയുടെ വിശ്വാസം അത്ര ശക്തമായിരുന്നതിനാൽ അവൻ “അദൃശ്യദൈവത്തെ കണ്ടതുപോലെ ഉറച്ചുനിന്നു.”—എബ്രായർ 11:6, 24-27.
നമുക്ക് യഹോവയിൽ അതുപോലുള്ള വിശ്വാസമുണ്ടോ? നാം ഏതാണ്ട് അവനെ കണ്ടാലെന്നതുപോലെ ആയിരിക്കത്തക്കവണ്ണം യഹോവയുമായുള്ള നമ്മുടെ ബന്ധം അത്ര അടുത്തതാണോ? ദൈവവുമായുള്ള നമ്മുടെ ബന്ധം നിലനിർത്തുന്നതിനുവേണ്ടി എന്തു ത്യാഗവും ചെയ്യാൻ, എന്തു കഷ്ടപ്പാടും സഹിക്കാൻ നാം സന്നദ്ധരാണോ? നമുക്ക് യഹോവയിൽ പൂർണ്ണവിശ്വാസമുണ്ടോ? (എബ്രായർ 11:1) അങ്ങനെയെങ്കിൽ സാത്താന്റെ തീയമ്പുകൾ വിശ്വാസമാകുന്ന നമ്മുടെ പരിചയെ തുളച്ചു കടക്കുകയില്ല.
“രക്ഷ എന്ന ശിരസ്ത്രം കൈക്കൊള്ളുക.” (എഫേസ്യർ 6:17എ, NW) ഒരു പടയാളിയുടെ ശിരസ്ത്രം അയാളുടെ ശിരസ്സിനെ, അതുവഴി നാഡീവ്യവസ്ഥയുടെയും ചിന്തയുടെയും അവയവമായ തലച്ചോറിനെ, സംരക്ഷിച്ചു. രക്ഷയെക്കുറിച്ചുള്ള ക്രിസ്തീയ പ്രത്യാശ ഒരു ശിരസ്ത്രത്തോട് ഉപമിക്കപ്പെട്ടിരിക്കുന്നു, എന്തുകൊണ്ടെന്നാൽ അത് മനസ്സിനെ സംരക്ഷിക്കുന്നു. ഒരു ക്രിസ്ത്യാനിയുടെ മനസ്സ് സൂക്ഷ്മപരിജ്ഞാനത്താൽ പുതുക്കം പ്രാപിച്ചിരിക്കുന്നു. എന്നാൽ അത് ഇപ്പോഴും ബലഹീനനും അപൂർണ്ണനുമായ ഒരു വ്യക്തിയുടെതാണ്. (റോമർ 7:18; 12:2) നമ്മുടെ മനസ്സ് ഈ ലോകത്തിന്റെ ആത്മാവിനാൽ ഉൽപ്പാദിപ്പിക്കപ്പെടുന്നതും വിശ്വാസത്തെ നശിപ്പിക്കുന്നതുമായ അശുദ്ധചിന്തകളാൽ പോഷിപ്പിക്കപ്പെടാൻ നാം അനുവദിക്കുകയാണെങ്കിൽ രക്ഷയിലുള്ള നമ്മുടെ വിശ്വാസം മങ്ങുകയും ഒടുവിൽ അത് കെട്ടുപോവുകയും ചെയ്തേക്കാം. നേരേമറിച്ച്, നാം നമ്മുടെ മനസ്സുകളെ നിരന്തരം ശക്തിദായകമായ ദൈവവചനം കൊണ്ട് പോഷിപ്പിച്ചാൽ നമ്മുടെ പ്രത്യാശ ഉജ്ജ്വലവും തെളിഞ്ഞതുമായി നിലനിൽക്കും. നിങ്ങൾ നിങ്ങളുടെ രക്ഷ എന്ന ശിരസ്ത്രം ഉറപ്പിച്ചുതന്നെ വയ്ക്കുന്നുണ്ടോ?
“ദൈവവചനമെന്ന ആത്മാവിന്റെ വാൾ.” (എഫേസ്യർ 6:17ബി) നല്ല ഉപരോധമാണ് ഏററം നല്ല പ്രതിരോധം എന്ന ചൊല്ല് ക്രിസ്തീയ പോരാട്ടത്തിലും സത്യമാണ്. സമാധാന സുവിശേഷമാകുന്ന ചെരിപ്പു ധരിച്ചുകൊണ്ട് നമ്മുടെ പാദങ്ങൾ നമ്മെ അവിശ്വാസികളുടെ ഇടയിലേക്ക് കൊണ്ടുചെല്ലുമ്പോൾ നാം നിരായുധരായി വിടപ്പെടുന്നില്ല. ആത്മീയ ഭോഷ്കുകളും തെററിദ്ധാരണകളും അരിഞ്ഞു വീഴ്ത്തുന്നതിനും ശരിയായ ഹൃദയ നിലയുള്ള വ്യക്തികളെ ആത്മീയ സ്വാതന്ത്ര്യം കണ്ടെത്താൻ സഹായിക്കുന്നതിനും ദൈവത്തിന്റെ വചനമായ ബൈബിൾ ഒരു ശക്തമായ വാൾ എന്ന നിലയിൽ പ്രവർത്തിക്കുന്നു.—യോഹന്നാൻ 8:31, 32.
ഫലത്തിൽ, പിശാചായ സാത്താനുമായി ഒരു പോരാട്ടത്തിൽ ഏർപ്പെട്ടപ്പോൾ യേശു ഈ ആയുധത്തിന്റെ ശക്തി കാണിച്ചു തന്നു. മരുഭൂമിയിൽ വച്ച് പരീക്ഷിക്കപ്പെട്ടപ്പോൾ ദൈവത്തിന്റെ വചനം ഫലകരമായി ഉപയോഗിച്ചുകൊണ്ടും “എഴുതപ്പെട്ടിരിക്കുന്നുവല്ലോ” എന്ന് പറഞ്ഞുകൊണ്ടും യേശു മൂന്നു സാത്താന്യ ആക്രമണങ്ങൾക്കെതിരെ തന്നെത്താൻ പ്രതിരോധിച്ചു. (മത്തായി 4:1-11) ഈ വാൾ വിദഗ്ദ്ധമായി ഉപയോഗിക്കാൻ നാം പഠിക്കുന്നുവെങ്കിൽ സാത്താന്റെ അധികാരത്തിൻ കീഴിൽ നിന്ന് പുറത്തു കടക്കാൻ സൗമ്യരായവരെ നമുക്ക് സഹായിക്കാൻ കഴിയും. മാത്രവുമല്ല, ബലഹീനരുടെ വിശ്വാസത്തെ അട്ടിമറിക്കാൻ ശ്രമിക്കുന്ന വ്യക്തികളിൽ നിന്ന് ആട്ടിൻകൂട്ടത്തെ സംരക്ഷിക്കാൻ സഭാമൂപ്പൻമാർ ദൈവത്തിന്റെ വചനം ഉപയോഗിക്കുന്നു.—പ്രവൃത്തികൾ 20:28-30.
വാൾ ഉപയോഗിക്കുന്നതിലെ ഒരു പടയാളിയുടെ വൈദഗ്ദ്ധ്യം എളുപ്പത്തിൽ കരഗതമാകുന്നില്ല. സമർത്ഥമായി അത് ഉപയോഗിക്കുന്നതിന് ശിക്ഷണവും ദീർഘകാലത്തെ അർപ്പണബോധത്തോടെയുള്ള പരിശീലനവും ആവശ്യമാണ്. അതുപോലെ, ആത്മീയ പോരാട്ടത്തിലും ദൈവചനത്തിന്റെ ഒരു വിദഗ്ദ്ധനായ ഉപയോക്താവായിത്തീരുന്നതിന് വളരെയധികം പഠനവും ശുശ്രൂഷയിലെ ക്രമമായ പരിശീലനവും ആവശ്യമാണ്. “സത്യവചനത്തെ യഥാർത്ഥമായി പ്രസംഗി”ക്കാൻ കഴിയുന്ന വിദഗ്ദ്ധരായ ആത്മീയ പോരാളികളായിത്തീരുന്നതിന് ആവശ്യമായ സകല ശ്രമവും തീർച്ചയായും നമുക്ക് ചെയ്യാം.—2 തിമൊഥെയോസ് 2:15.
പ്രാർത്ഥിച്ചുകൊണ്ടിരിക്കുക, ഉറച്ചുനിൽക്കുക
നമ്മുടെ ആത്മീയ പടച്ചട്ടയുടെ എല്ലാ ഭാഗങ്ങളും ദൈവത്തോടുള്ള നമ്മുടെ നിർമ്മലത നിലനിർത്തുന്നതിന് മർമ്മപ്രധാനമാണ്. എന്നാൽ എങ്ങനെയാണ് നമുക്ക് ഈ പടച്ചട്ട ധരിച്ചുകൊണ്ടിരിക്കാൻ കഴിയുന്നത്? ക്രമമായി ബൈബിൾ പഠിക്കുന്നതും ക്രിസ്തീയ യോഗങ്ങൾക്കുവേണ്ടി മുന്നമേ തയ്യാറാകുന്നതും പിന്നീട് നന്നായി ശ്രദ്ധിക്കുകയും മീററിംഗിൽ പങ്കുപററുകയും ചെയ്യുന്നതും ആത്മീയ പടച്ചട്ട ധരിച്ചുകൊണ്ടിരിക്കാൻ നമ്മെ സഹായിക്കും. (2 തിമൊഥെയോസ് 3:16; എബ്രായർ 10:24, 25) ക്രമമായും ഉൽസാഹപൂർവ്വവും ഉള്ള വയൽശുശ്രൂഷയും നല്ല ക്രിസ്തീയ സഹവാസവും ഉപരോധത്തിനും പ്രതിരോധത്തിനും ഉള്ള നമ്മുടെ ആത്മീയപടക്കോപ്പ് നല്ല അവസ്ഥയിൽ സൂക്ഷിക്കാൻ നമ്മെ സഹായിക്കും.—സദൃശവാക്യങ്ങൾ 13:20; റോമർ 15:15, 16; 1 കൊരിന്ത്യർ 15:33.
ശരിയായ മാനസിക നില വികസിപ്പിച്ചെടുക്കുന്നതും പ്രധാനമാണ്. ഈ ലോകത്തിന്റെ ആകർഷണങ്ങൾ നമുക്ക് ശ്രദ്ധാശൈഥില്യത്തിന് ഇടയാക്കാൻ നാം അനുവദിക്കരുത്. മറിച്ച്, നമുക്ക് ‘ലളിതമായ ഒരു കണ്ണ്’ വികസിപ്പിച്ചെടുക്കാം. (മത്തായി 6:19-24) യേശുവിനെ അനുകരിച്ചുകാണ്ട് നാമും നീതിയെ സ്നേഹിക്കുന്നതിനും അധർമ്മത്തെ വെറുക്കുന്നതിനും പഠിക്കണം. (എബ്രായർ 1:9) ഇവയെല്ലാം ദൈവദത്തമായ നമ്മുടെ ആത്മീയ പടച്ചട്ട ധരിച്ചുകൊണ്ടിരിക്കാൻ നമ്മെ സഹായിക്കും.
ആത്മീയ പടച്ചട്ടയുടെ എല്ലാ ഭാഗങ്ങളെക്കുറിച്ചും ചർച്ചചെയ്ത ശേഷം ഇപ്രകാരം പറഞ്ഞുകൊണ്ട് പൗലോസ് ഉപസംഹരിക്കുന്നു: “സകലപ്രാർത്ഥനയാലും യാചനയാലും ഏതു നേരത്തും ആത്മാവിൽ പ്രാർത്ഥിച്ചും അതിന്നായി ജാഗരിച്ചും കൊണ്ടു സകലവിശുദ്ധൻമാർക്കും എനിക്കും വേണ്ടി പ്രാർത്ഥനയിൽ പൂർണ്ണസ്ഥിരത കാണിപ്പിൻ.” (എഫേസ്യർ 6:18) വിശ്വസ്തരായ പടയാളികൾ സൈനിക ആസ്ഥാനവുമായി ബന്ധം പുലർത്തുകയും ഉത്തരവുകൾ അനുസരിക്കുകയും ചെയ്യുന്നു. ക്രിസ്തീയ പടയാളികൾ എന്ന നിലയിൽ നാം “വംശങ്ങൾക്ക് . . . അധിപതിയായ” യേശുക്രിസ്തുവിലൂടെ നമ്മുടെ പരമാധികാരിയായ യഹോവയാം ദൈവത്തോട് നിരന്തരം സമ്പർക്കത്തിലായിരിക്കേണ്ടതുണ്ട്. (യെശയ്യാവ് 55:4) ഇത് ചെയ്യാൻ കഴിയുന്നത് വെറും ബാഹ്യമാത്രമായ പ്രാർത്ഥനയിലൂടെയല്ല മറിച്ച്, യഹോവയോടുള്ള അടുപ്പവും ആഴമായ ഭക്തിയും പ്രതിഫലിപ്പിക്കുന്ന ഹൃദയംഗമമായ അപേക്ഷയിലൂടെയാണ്. നിരന്തരം യഹോവയുമായി ബന്ധം പുലർത്തുക വഴി ഓരോ ദിവസവും നമ്മെ പോരാട്ടത്തിൽ നിലനിർത്തുന്നതിന് ആവശ്യമായ ശക്തി നമുക്ക് ലഭിക്കും.
“ഞാൻ ലോകത്തെ ജയിച്ചിരിക്കുന്നു” എന്ന് യേശു പറഞ്ഞു. (യോഹന്നാൻ 16:33) നാമും വിജയം വരിക്കാൻ യഹോവ ആഗ്രഹിക്കുന്നു. അപ്പോസ്തലനായ പൗലോസിന്റെ മരണം സമീപിച്ചപ്പോൾ അവന് ഇങ്ങനെ പറയാൻ കഴിഞ്ഞു: “ഞാൻ നല്ല പോർ പൊരുതു, ഓട്ടം തികെച്ചു, വിശ്വാസം കാത്തു.” (2 തിമൊഥെയോസ് 4:7) പോരാട്ടത്തിലെ നമ്മുടെ പങ്കിനെക്കുറിച്ചും നമുക്ക് അതുപോലെ പറയാൻ കഴിയട്ടെ. നാം അത് യഥാർത്ഥത്തിൽ ആഗ്രഹിക്കുന്നുവെങ്കിൽ ദൈവത്തിൽ നിന്നുള്ള സർവ്വായുധവർഗ്ഗം ധരിച്ചുകൊണ്ട് നമുക്ക് “പിശാചിന്റെ തന്ത്രങ്ങളോട് എതിർത്തുനിൽക്കാം.”—എഫേസ്യർ 6:11.