“ദൈവത്തിന്റെ സർവ്വായുധവർഗ്ഗം ധരിച്ചുകൊൾവിൻ”
“പിശാചിന്റെ തന്ത്രങ്ങളോടു എതിർത്തുനില്പാൻ കഴിയേണ്ടതിന്നു ദൈവത്തിന്റെ സർവ്വായുധവർഗ്ഗം ധരിച്ചുകൊൾവിൻ.”—എഫെസ്യർ 6:11.
1, 2. ക്രിസ്ത്യാനികൾ ധരിക്കേണ്ട ആത്മീയ ആയുധവർഗത്തെ സ്വന്തം വാക്കുകളിൽ വർണിക്കുക.
പൊതുയുഗം (പൊ.യു.) ഒന്നാം നൂറ്റാണ്ടിൽ റോം, ലോകശക്തി എന്ന നിലയിൽ അതിന്റെ ഔന്നത്യത്തിൽ എത്തിയിരുന്നു. റോമൻ സൈന്യത്തിന്റെ ശക്തി അന്നത്തെ ലോകത്തെ വലിയൊരു പരിധിവരെ നിയന്ത്രിക്കാൻ ആ നഗരത്തെ പ്രാപ്തമാക്കി. “ചരിത്രത്തിലെ ഏറ്റവും വിജയം നേടിയിട്ടുള്ള സേനാവ്യൂഹം” എന്നാണ് ഒരു ചരിത്രകാരൻ റോമൻ സൈന്യത്തെ വിശേഷിപ്പിച്ചത്. കർശനമായ പരിശീലനവും മികച്ച ശിക്ഷണവും സിദ്ധിച്ച പരിചയസമ്പന്നരായ യോദ്ധാക്കൾ അടങ്ങുന്നതായിരുന്നു റോമാക്കാരുടെ സൈന്യം. എന്നാൽ പോരാട്ടങ്ങൾക്കു പോകുമ്പോൾ അവർ അണിഞ്ഞിരുന്ന പടച്ചട്ടയും ശിരസ്ത്രവും അനുബന്ധ സാമഗ്രികളും അവരുടെ വിജയത്തിനു സംഭാവന ചെയ്തിരുന്നു. ഒരു റോമൻ പടയാളിയുടെ ആയുധവർഗത്തെ ആസ്പദമാക്കിയാണ് പിശാചിനോടു വിജയകരമായി പോരാടുന്നതിനു ക്രിസ്ത്യാനികൾക്ക് ഉണ്ടായിരിക്കേണ്ട ആത്മീയ ആയുധവർഗത്തെ അപ്പൊസ്തലനായ പൗലൊസ് ദൃഷ്ടാന്തീകരിച്ചത്.
2 ഈ ആത്മീയ ആയുധവർഗത്തെ കുറിച്ചുള്ള വിവരണം എഫെസ്യർ 6:14-17-ൽ നാം കാണുന്നു. പൗലൊസ് എഴുതി: “നിങ്ങൾ അരെക്കു സത്യം കെട്ടിയും നീതി എന്ന കവചം ധരിച്ചും സമാധാനസുവിശേഷത്തിന്നായുള്ള ഒരുക്കം കാലിന്നു ചെരിപ്പാക്കിയും എല്ലാററിന്നും മീതെ ദുഷ്ടന്റെ തീയമ്പുകളെയൊക്കെയും കെടുക്കുവാന്തക്കതായ വിശ്വാസം എന്ന പരിച എടുത്തുകൊണ്ടും നില്പിൻ. രക്ഷ എന്ന ശിരസ്ത്രവും ദൈവവചനം എന്ന ആത്മാവിന്റെ വാളും കൈക്കൊൾവിൻ.” മാനുഷിക കാഴ്ചപ്പാടിൽ, പൗലൊസ് വിശദീകരിക്കുന്ന പ്രകാരമുള്ള കവചവും ശിരസ്ത്രവുമെല്ലാം ഒരു റോമൻ പടയാളിക്കു വർധിച്ച സംരക്ഷണം നൽകിയിരുന്നു. അതൊടൊപ്പം അയാൾ ഒരു വാൾ—നേർക്കുനേരെ പൊരുതുന്നതിനുള്ള മുഖ്യ ആയുധം—ഏന്തിയിരുന്നു.
3. നാം യേശുക്രിസ്തുവിന്റെ നിർദേശങ്ങൾ അനുസരിക്കുകയും അവന്റെ മാതൃക പിൻപറ്റുകയും ചെയ്യേണ്ടത് എന്തുകൊണ്ട്?
3 റോമൻ സൈന്യത്തിന്റെ വിജയം, യുദ്ധോപകരണങ്ങളെയും പരിശീലനത്തെയും മാത്രമല്ല തങ്ങളുടെ സേനാനായകനോടുള്ള അനുസരണത്തെയും ആശ്രയിച്ചിരുന്നു. സമാനമായി ക്രിസ്ത്യാനികൾ യേശുക്രിസ്തുവിനെ അനുസരിക്കണം. കാരണം, ബൈബിൾ അവനെ ഉചിതമായി ‘ജനപദങ്ങളുടെ നായകൻ’ എന്നു വിളിച്ചിരിക്കുന്നു. (യെശയ്യാവു 55:4, ഓശാന ബൈബിൾ) കൂടാതെ അവൻ ക്രിസ്തീയ ‘സഭയുടെ തല’യുമാണ്. (എഫെസ്യർ 5:23) യേശു നമ്മുടെ ആത്മീയ യുദ്ധത്തിനു വേണ്ട നിർദേശങ്ങൾ തരുകയും ആത്മീയ ആയുധവർഗം ധരിക്കേണ്ട വിധം സംബന്ധിച്ച് പൂർണതയുള്ള മാതൃക വെക്കുകയും ചെയ്യുന്നു. (1 പത്രൊസ് 2:21) നമ്മുടെ ആത്മീയ ആയുധവർഗം ക്രിസ്തുസമാന വ്യക്തിത്വവുമായി വളരെ സമാനത പുലർത്തുന്നതിനാൽ, ക്രിസ്തുവിന്റെ മാനസിക ഭാവം “ആയുധമായി” ധരിക്കാൻ തിരുവെഴുത്തുകൾ നമ്മെ ഉപദേശിക്കുന്നു. (1 പത്രൊസ് 4:1) നമ്മുടെ ആത്മീയ ആയുധവർഗത്തിന്റെ ഓരോ ഭാഗവും പരിശോധിക്കുമ്പോൾ, അതിന്റെ പ്രാധാന്യവും ഫലപ്രദത്വവും വ്യക്തമാകാൻ യേശുവിന്റെ ദൃഷ്ടാന്തം നാം പരിചിന്തിക്കുന്നതായിരിക്കും.
അരക്കെട്ടും നെഞ്ചും പാദങ്ങളും സംരക്ഷിക്കൽ
4. ഒരു പടയാളിയുടെ ആയുധവർഗത്തിൽ അരപ്പട്ടയ്ക്കുള്ള പ്രാധാന്യമെന്ത്, പൗലൊസ് ഈ ദൃഷ്ടാന്തം ഉപയോഗിച്ചത് എന്തിന്?
4 അരയ്ക്കു സത്യം കെട്ടി. ബൈബിൾ കാലങ്ങളിൽ പടയാളികൾ, തുകൽകൊണ്ടു നിർമിച്ചതും 5 മുതൽ 15 വരെ സെന്റിമീറ്റർ വീതിയുള്ളതുമായ ബെൽറ്റ് അഥവാ അരപ്പട്ട ധരിക്കുമായിരുന്നു. “സത്യം അരപ്പട്ടയായി മുറുകെ കെട്ടിയും” എന്നു വേണം ആ ഭാഗം പരിഭാഷപ്പെടുത്താൻ എന്ന് ചില പരിഭാഷകർ അഭിപ്രായപ്പെടുന്നു. അരപ്പട്ട, പടയാളിയുടെ അരക്കെട്ട് സംരക്ഷിച്ചിരുന്നു. കൂടാതെ, അതിന്മേൽ ഘടിപ്പിച്ചിരുന്ന ഉറയിൽ വാൾ സൗകര്യപ്രദമായി തൂക്കിയിടാനും കഴിയുമായിരുന്നു. ഒരു പടയാളി അരപ്പട്ട കെട്ടുമ്പോൾ അതിനർഥം അയാൾ യുദ്ധത്തിനു തയ്യാറെടുക്കുകയാണ് എന്നായിരുന്നു. തിരുവെഴുത്തു സത്യം ഏതളവോളം നമ്മുടെ ജീവിതത്തെ സ്വാധീനിക്കണം എന്നു കാണിക്കാനാണ് പൗലൊസ് പടയാളിയുടെ അരപ്പട്ടയുടെ ദൃഷ്ടാന്തം ഉപയോഗിച്ചത്. സത്യത്തിനു ചേർച്ചയിൽ ജീവിതം നയിക്കാനും ഏതവസരത്തിലും അതിനു വേണ്ടി പ്രതിവാദം നടത്താനും കഴിയുമാറ്, ആലങ്കാരികമായി നാം സത്യത്തെ അരയിൽ മുറുകെ കെട്ടണം. (സങ്കീർത്തനം 43:3; 1 പത്രൊസ് 3:15) അതിന് നാം ഉത്സാഹപൂർവം ബൈബിൾ പഠിക്കുകയും പഠിക്കുന്നതിനെ കുറിച്ചു ധ്യാനിക്കുകയും ചെയ്യേണ്ടതുണ്ട്. ദൈവത്തിന്റെ ന്യായപ്രമാണം യേശുവിന്റെ “ഉള്ളിൽ” ഉണ്ടായിരുന്നു. (സങ്കീർത്തനം 40:8) അതുകൊണ്ടാണ് എതിരാളികൾ ചോദ്യംചെയ്തപ്പോൾ അവന് തിരുവെഴുത്തുകൾ ഓർമയിൽനിന്ന് ഉദ്ധരിച്ചുകൊണ്ടു മറുപടി കൊടുക്കാൻ കഴിഞ്ഞത്.—മത്തായി 19:3-6; 22:23-32.
5. പ്രലോഭനമോ പരിശോധനകളോ ഉണ്ടാകുമ്പോൾ തിരുവെഴുത്തു പ്രബോധനത്തിനു നമ്മെ സഹായിക്കാൻ കഴിയുന്നത് എങ്ങനെയെന്നു വിശദീകരിക്കുക.
5 നമ്മെ നയിക്കാൻ ബൈബിൾസത്യത്തെ അനുവദിക്കുന്നപക്ഷം, തെറ്റായ ന്യായവാദത്തിൽനിന്നു നമ്മെ സംരക്ഷിക്കാനും ജ്ഞാനപൂർവകമായ തീരുമാനങ്ങൾ എടുക്കാൻ നമ്മെ പ്രാപ്തരാക്കാനും അതിനു കഴിയും. ബൈബിളിന്റെ മാർഗനിർദേശം, പ്രലോഭനമോ പരിശോധനകളോ ഉണ്ടാകുമ്പോൾ ശരിയായതു ചെയ്യാനുള്ള നമ്മുടെ ദൃഢനിശ്ചയത്തെ ശക്തിപ്പെടുത്തും. ഫലത്തിൽ, നാം നമ്മുടെ മഹാപ്രബോധകനായ യഹോവയെ കാണും, “വഴി ഇതാകുന്നു, ഇതിൽ നടന്നുകൊൾവിൻ” എന്നൊരു വാക്കു പിറകിൽനിന്നു കേൾക്കുകയും ചെയ്യും.—യെശയ്യാവു 30:20, 21.
6. നമ്മുടെ ആലങ്കാരിക ഹൃദയത്തിനു സംരക്ഷണം ആവശ്യമായിരിക്കുന്നത് എന്തുകൊണ്ട്, നീതി അതിനെ ഫലപ്രദമായി കാക്കുന്നത് എങ്ങനെ?
6 നീതി എന്ന കവചം. ഒരു പടയാളിയുടെ കവചം അഥവാ മാർച്ചട്ട, അത്യന്തം പ്രധാനപ്പെട്ട ഒരു അവയവത്തെ, അയാളുടെ ഹൃദയത്തെ സംരക്ഷിച്ചിരുന്നു. നമ്മുടെ ആലങ്കാരിക ഹൃദയം അഥവാ ആന്തരിക വ്യക്തി സവിശേഷ സംരക്ഷണം അർഹിക്കുന്നു. എന്തുകൊണ്ടെന്നാൽ അതിന്റെ ചായ്വ് തിന്മയിലേക്കാണ്. (ഉല്പത്തി 8:21) അതുകൊണ്ട് നാം യഹോവയുടെ നീതിയുള്ള നിലവാരങ്ങളെ കുറിച്ചു പഠിക്കുകയും അവയെ പ്രിയപ്പെടുകയും വേണം. (സങ്കീർത്തനം 119:97, 105) നീതിയോടുള്ള സ്നേഹം, യഹോവയുടെ വ്യക്തമായ മാർഗനിർദേശത്തെ അവഗണിക്കുകയോ അതിൽ വെള്ളംചേർക്കുകയോ ചെയ്യുന്ന ലോകത്തിന്റെ ചിന്തകൾക്കെതിരെ പുറംതിരിയാൻ നമ്മെ പ്രേരിപ്പിക്കുന്നു. കൂടുതലായി, ശരിയെ സ്നേഹിക്കുകയും തെറ്റിനെ വെറുക്കുകയും ചെയ്യുമ്പോൾ നമ്മുടെ ജീവിതത്തെ നശിപ്പിച്ചുകളഞ്ഞേക്കാവുന്ന ഒരു ഗതി ഒഴിവാക്കുകയാണു നാം ചെയ്യുന്നത്. (സങ്കീർത്തനം 119:99-101; ആമോസ് 5:15) ഇക്കാര്യത്തിൽ യേശു ഉത്കൃഷ്ടമായ മാതൃക വെച്ചു. തിരുവെഴുത്തുകൾ അവനെ കുറിച്ച് ഇങ്ങനെ പറയുന്നു: ‘നീ നീതിയെ ഇഷ്ടപ്പെടുകയും ദുഷ്ടതയെ ദ്വേഷിക്കയും ചെയ്തിരിക്കുന്നു.’—എബ്രായർ 1:9.a
7. ഒരു റോമൻ പടയാളിക്ക് നല്ല പാദരക്ഷ ആവശ്യമായിരുന്നത് എന്തുകൊണ്ട്, അത് എന്തിനെ പ്രതിനിധാനം ചെയ്യുന്നു?
7 സമാധാന സുവിശേഷത്തിനായുള്ള ഒരുക്കം കാലിനു ചെരിപ്പ്. പലപ്പോഴും, പടനീക്കം നടക്കുന്ന കാലങ്ങളിൽ സൈനികർ ഓരോ ദിവസവും പടച്ചട്ടയും അനുബന്ധ സാമഗ്രികളും—അവയ്ക്ക് ഏകദേശം 27 കിലോഗ്രാം തൂക്കം വരും—പേറി 30 കിലോമീറ്ററോളം മാർച്ചുചെയ്യുമായിരുന്നു. അതുകൊണ്ട് സൈനികർക്ക് ഈടുനിൽക്കുന്ന, ഉറപ്പുള്ള പാദരക്ഷകൾ ആവശ്യമായിരുന്നു. പൗലൊസ് ഉചിതമായി പാദരക്ഷ എന്ന പ്രയോഗം, കേൾക്കാൻ മനസ്സുള്ള ഏവരോടും രാജ്യസുവാർത്ത പ്രസംഗിക്കാനുള്ള നമ്മുടെ മനസ്സൊരുക്കത്തെ പ്രതിനിധാനം ചെയ്യാൻ ഉപയോഗിച്ചു. ഇത് പ്രധാനമാണ്, എന്തുകൊണ്ടെന്നാൽ നാം പ്രസംഗിക്കാൻ തയ്യാറെടുത്തിരിക്കുന്നവരും മനസ്സൊരുക്കമുള്ളവരും അല്ലെങ്കിൽ ആളുകൾ യഹോവയെ കുറിച്ച് എങ്ങനെ കേൾക്കും?—റോമർ 10:13-15.
8. സുവാർത്താ പ്രസംഗകൻ എന്ന നിലയിലുള്ള യേശുവിന്റെ ദൃഷ്ടാന്തം നമുക്ക് എങ്ങനെ അനുകരിക്കാനാകും?
8 യേശുവിന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട പ്രവർത്തനം എന്തായിരുന്നു? റോമൻ ഗവർണറായിരുന്ന പൊന്തിയൊസ് പീലാത്തൊസിനോട് അവൻ പറഞ്ഞു: ‘സത്യത്തിന്നു സാക്ഷിനില്ക്കേണ്ടതിന്നു ഞാൻ ലോകത്തിൽ വന്നിരിക്കുന്നു.’ ശ്രദ്ധിക്കാൻ മനസ്സൊരുക്കമുള്ള ആരെയെങ്കിലും കണ്ടുമുട്ടുമ്പോൾ സുവാർത്ത പ്രസംഗിക്കാൻ ലഭിക്കുന്ന ആ അവസരത്തെ യേശു ഒരിക്കലും പാഴാക്കിയിരുന്നില്ല. ഭൗതിക ആവശ്യങ്ങൾക്കുപരി തന്റെ ശുശ്രൂഷയ്ക്കു മുൻതൂക്കം കൊടുക്കത്തക്ക അളവോളം അവൻ തന്റെ വേല ആസ്വദിച്ചിരുന്നു. (യോഹന്നാൻ 4:5-34; 18:37) സുവാർത്ത പ്രസംഗിക്കുന്നതിൽ യേശുവിനെ പോലെ നാം ഉത്സുകരാണെങ്കിൽ, അതു പങ്കുവെക്കാനുള്ള ധാരാളം അവസരങ്ങൾ നാം കണ്ടെത്തും. മാത്രമല്ല, ശുശ്രൂഷയിൽ പൂർണമായി മുഴുകുന്നത് ആത്മീയമായി ബലിഷ്ഠരായി നിലനിൽക്കാൻ നമ്മെ സഹായിക്കുകയും ചെയ്യും.—പ്രവൃത്തികൾ 18:5.
പരിച, ശിരസ്ത്രം, വാൾ
9. റോമൻ പടയാളിക്ക് വലിയ പരിച എന്തു സംരക്ഷണമാണു നൽകിയത്?
9 വിശ്വാസം എന്ന പരിച. “പരിച” എന്നു വിവർത്തനം ചെയ്തിരിക്കുന്ന ഗ്രീക്കു പദം, ശരീരത്തെ ഏതാണ്ടു പൂർണമായും മറയ്ക്കാൻ കഴിയുന്നത്ര വലിയ പരിച എന്ന അർഥമാണു നൽകുന്നത്. അത് എഫെസ്യർ 6:16-ൽ പരാമർശിച്ചിരിക്കുന്ന “തീയമ്പു”കളിൽനിന്നു സംരക്ഷണം നൽകുന്നു. പൊള്ളയായ ഞാങ്ങണത്തണ്ടിന്റെ ഒരറ്റത്ത്, കത്തുന്ന നാഫ്ത്താ നിറച്ച ഒരു ഇരിമ്പുതാലം മുനയോടു ചേർത്തുവെച്ച് ഉണ്ടാക്കിയ അമ്പുകളാണ് ബൈബിൾ കാലങ്ങളിൽ പടയാളികൾ ഉപയോഗിച്ചിരുന്നത്. ഈ അമ്പുകളെ “പുരാതന യുദ്ധങ്ങളിലെ ഏറ്റവും അപകടകരമായ ആയുധങ്ങളിൽ ഒന്ന്” എന്നാണ് ഒരു പണ്ഡിതൻ വിശേഷിപ്പിക്കുന്നത്. അത്തരം അമ്പുകളിൽനിന്നു സ്വയം സംരക്ഷിക്കാൻ മതിയായ വലിയ പരിച ഇല്ലെങ്കിൽ ഒരു പടയാളിക്ക് ഗുരുതരമായി മുറിവേൽക്കാനോ എന്തിന്, അയാൾ മരിക്കാൻ പോലുമോ ഉള്ള സാധ്യത ഉണ്ടായിരുന്നു.
10, 11. (എ) സാത്താൻ തൊടുക്കുന്ന ഏതു “തീയമ്പു”കൾ നമ്മുടെ വിശ്വാസത്തെ ദുർബലമാക്കിയേക്കാം? (ബി) പരിശോധനാഘട്ടങ്ങളിൽ വിശ്വാസം പ്രധാനമാണെന്ന് യേശുവിന്റെ ദൃഷ്ടാന്തം കാണിക്കുന്നത് എങ്ങനെ?
10 നമ്മുടെ വിശ്വാസം ദുർബലമാക്കാൻ സാത്താൻ എന്തു “തീയമ്പു”കളാണു പ്രയോഗിക്കുന്നത്? അവൻ കുടുംബത്തിലോ ജോലിസ്ഥലത്തോ സ്കൂളിലോ പീഡനം അല്ലെങ്കിൽ എതിർപ്പ് ഇളക്കിവിട്ടേക്കാം. ഭൗതിക വസ്തുക്കൾ വാരിക്കൂട്ടാനുള്ള വ്യഗ്രതയും അധാർമികതയുടെ വശീകരണവും ചിലരുടെ കാര്യത്തിൽ ആത്മീയ നാശത്തിനുള്ള കാരണങ്ങളായിത്തീർന്നിട്ടുണ്ട്. അത്തരം ഭീഷണികളിൽനിന്നു നമ്മെത്തന്നെ കാത്തുസൂക്ഷിക്കുന്നതിന് നാം ‘എല്ലാററിന്നും മീതെ വിശ്വാസം എന്ന പരിച എടുത്തുകൊണ്ടു’ നിൽക്കേണ്ടതുണ്ട്. യഹോവയെ കുറിച്ചു പഠിക്കുകയും ക്രമമായി പ്രാർഥനയിൽ അവനുമായി ആശയവിനിമയം നടത്തുകയും അവൻ നമ്മെ സംരക്ഷിക്കുകയും അനുഗ്രഹിക്കുകയും ചെയ്യുന്ന വിധങ്ങൾ തിരിച്ചറിയുകയും ചെയ്യുന്നതിലൂടെയാണ് വിശ്വാസം ഉണ്ടാകുന്നത്.—യോശുവ 23:14; ലൂക്കൊസ് 17:5; റോമർ 10:17.
11 നിർണായക സമയങ്ങളിൽ ശക്തമായ വിശ്വാസം ഉണ്ടായിരിക്കേണ്ടതിന്റെ പ്രാധാന്യം ഭൂമിയിൽ ആയിരുന്നപ്പോൾ യേശു സ്വന്ത ദൃഷ്ടാന്തത്തിലൂടെ വ്യക്തമാക്കുകയുണ്ടായി. അവൻ തന്റെ പിതാവിന്റെ തീരുമാനങ്ങളിൽ പൂർണമായി ആശ്രയിക്കുകയും അവന്റെ ഇഷ്ടം ചെയ്യുന്നതിൽ ആനന്ദം കണ്ടെത്തുകയും ചെയ്തു. (മത്തായി 26:42, 53, 54; യോഹന്നാൻ 6:38) ഗെത്ത്ശെമന തോട്ടത്തിൽ തീവ്രമായ മാനസിക സംഘർഷം അനുഭവിച്ച സമയത്തു പോലും യേശു തന്റെ പിതാവിനോടു പ്രാർഥിച്ചത് “എങ്കിലും ഞാൻ ഇച്ഛിക്കുംപോലെ അല്ല, നീ ഇച്ഛിക്കുംപോലെ ആകട്ടെ” എന്നാണ്. (മത്തായി 26:39) തന്റെ പിതാവിനോടു നിർമലത പാലിക്കേണ്ടതിന്റെയും അവനെ സന്തോഷിപ്പിക്കേണ്ടതിന്റെയും പ്രാധാന്യം യേശു ഒരിക്കലും മറന്നില്ല. (സദൃശവാക്യങ്ങൾ 27:11) നമുക്ക് യഹോവയിൽ അത്തരം വിശ്വാസമുണ്ടെങ്കിൽ വിമർശനമോ എതിർപ്പോ നമ്മുടെ വിശ്വാസത്തെ ദുർബലപ്പെടുത്താൻ നാം അനുവദിക്കുകയില്ല. പകരം, നാം യഹോവയിൽ ആശ്രയിക്കുകയും അവനെ സ്നേഹിക്കുകയും അവന്റെ കൽപ്പനകൾ അനുസരിക്കുകയും ചെയ്യുമെങ്കിൽ നമ്മുടെ വിശ്വാസം ശക്തിപ്പെടും. (സങ്കീർത്തനം 19:7-11; 1 യോഹന്നാൻ 5:3) തന്നെ സ്നേഹിക്കുന്നവർക്കായി യഹോവ കരുതിവെച്ചിരിക്കുന്ന അനുഗ്രഹങ്ങളോട് യാതൊരു ഭൗതിക പ്രതിഫലത്തെയോ നൈമിഷികമായ ലൗകിക സുഖങ്ങളെയോ താരതമ്യം ചെയ്യുക സാധ്യമല്ല.—സദൃശവാക്യങ്ങൾ 10:22.
12. നമ്മുടെ ശരീരത്തിലെ ഏതു പ്രധാനപ്പെട്ട ഭാഗത്തെയാണ് ആലങ്കാരിക ശിരസ്ത്രം സംരക്ഷിക്കുന്നത്, അത്തരം സംരക്ഷണം മർമപ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
12 രക്ഷയുടെ ശിരസ്ത്രം. പടയാളിയുടെ തലയും ബുദ്ധികേന്ദ്രമായ തലച്ചോറും സംരക്ഷിച്ചിരുന്നത് ശിരസ്ത്രം അഥവാ ശിരോകവചമാണ്. നമ്മുടെ ക്രിസ്തീയ പ്രത്യാശ നമ്മുടെ മനസ്സിനെ സംരക്ഷിക്കുന്നതിനാൽ അതിനെ ഒരു ശിരസ്ത്രത്തോടു താരതമ്യം ചെയ്തിരിക്കുന്നു. (1 തെസ്സലൊനീക്യർ 5:8) നമ്മുടേത് ദൈവവചനത്തിന്റെ സൂക്ഷ്മപരിജ്ഞാനത്താൽ പുതുക്കം പ്രാപിച്ച മനസ്സ് ആണെങ്കിലും, നാം ഇപ്പോഴും ദുർബലരും അപൂർണരുമാണ്. നമ്മുടെ മനസ്സ് എളുപ്പത്തിൽ ദുഷിപ്പിക്കപ്പെട്ടേക്കാം. ഈ ലോകം വെച്ചുനീട്ടുന്ന ലാക്കുകൾക്കു നമ്മുടെ ശ്രദ്ധ പതറിക്കാനോ നമ്മുടെ ദൈവദത്ത പ്രത്യാശയുടെ സ്ഥാനം കയ്യടക്കാനോ കഴിയും. (റോമർ 7:18; 12:2) പിശാച്, “ലോകത്തിലുള്ള സകല രാജ്യങ്ങളെയും അവയുടെ മഹത്വത്തെയും” വാഗ്ദാനം ചെയ്തുകൊണ്ട് യേശുവിനെ ലക്ഷ്യത്തിൽനിന്നു വ്യതിചലിപ്പിക്കാൻ വൃഥാ ശ്രമിച്ചു. (മത്തായി 4:8) എന്നാൽ യേശു തികഞ്ഞ നിശ്ചയദാർഢ്യത്തോടെ അതു നിരസിച്ചു. അവനെ കുറിച്ചു പൗലൊസ് ഇങ്ങനെ പറഞ്ഞു: “തന്റെ മുമ്പിൽ വെച്ചിരുന്ന സന്തോഷം ഓർത്തു അവൻ അപമാനം അലക്ഷ്യമാക്കി ക്രൂശിനെ സഹിക്കയും ദൈവസിംഹാസനത്തിന്റെ വലത്തുഭാഗത്തു ഇരിക്കയും ചെയ്തു.”—എബ്രായർ 12:2.
13. നമ്മുടെ മുമ്പാകെ വെച്ചിരിക്കുന്ന പ്രത്യാശയിലുള്ള വിശ്വാസം നിലനിറുത്താൻ നമുക്ക് എങ്ങനെ കഴിയും?
13 യേശുവിന് ഉണ്ടായിരുന്ന തരം വിശ്വാസം താനേ ലഭിക്കുന്ന ഒന്നല്ല. നമ്മുടെ മുമ്പാകെയുള്ള പ്രത്യാശയിൽ ശ്രദ്ധ കേന്ദ്രീകരിക്കാതെ, ഈ ലോകത്തിന്റെ സ്വപ്നങ്ങളും ലക്ഷ്യങ്ങളുംകൊണ്ടു മനസ്സു നിറച്ചാൽ ദൈവത്തിന്റെ വാഗ്ദാനങ്ങളിലുള്ള നമ്മുടെ വിശാസം ക്ഷയിച്ചുപോകും. ഒരുപക്ഷേ, കാലാന്തരത്തിൽ നമ്മുടെ പ്രത്യാശ പൂർണമായും നഷ്ടപ്പെട്ടേക്കാം. മറിച്ച് നാം ദൈവത്തിന്റെ വാഗ്ദാനങ്ങളെ കുറിച്ചു പതിവായി ധ്യാനിക്കുന്നെങ്കിൽ നമുക്കു മുമ്പാകെ വെച്ചിരിക്കുന്ന പ്രത്യാശയിൽ തുടർന്നും പ്രമോദിക്കാൻ നമുക്കു സാധിക്കും.—റോമർ 12:12.
14, 15. (എ) നമ്മുടെ ആലങ്കാരിക വാൾ എന്താണ്, അത് എങ്ങനെ ഉപയോഗിക്കാം? (ബി) പ്രലോഭനത്തെ ചെറുക്കാൻ ആത്മാവിന്റെ വാൾ ഉപയോഗിക്കാവുന്ന വിധം ദൃഷ്ടാന്തീകരിക്കുക.
14 ആത്മാവിന്റെ വാൾ. ബൈബിളിൽ രേഖപ്പെടുത്തിയിട്ടുള്ള ദൈവത്തിന്റെ വചനം അഥവാ സന്ദേശം, ഇരുവായ്ത്തലമൂർച്ചയുള്ള ഒരു വാൾപോലെ ആണ്. മതപരമായ ഭോഷ്കിനെ വെട്ടിനീക്കിക്കൊണ്ട് ശരിയായ ഹൃദയനിലയുള്ള ആളുകളെ ആത്മീയ സ്വാതന്ത്ര്യത്തിലേക്ക് ആനയിക്കാൻ ഈ വാളിനു കഴിയും. (യോഹന്നാൻ 8:32; എബ്രായർ 4:12) പ്രലോഭനങ്ങൾ നമ്മെ ആക്രമിച്ചുകീഴടക്കാൻ ശ്രമിക്കുമ്പോഴും വിശ്വാസത്യാഗികൾ നമ്മുടെ വിശ്വാസം തകർക്കാൻ ശ്രമിക്കുമ്പോഴും പ്രതിരോധിച്ചു നിൽക്കാൻ ഈ ആത്മീയ വാൾ സഹായകമാണ്. (2 കൊരിന്ത്യർ 10:4, 5) ‘എല്ലാ തിരുവെഴുത്തും ദൈവശ്വാസീയവും’ നമ്മെ ‘സകല സത്പ്രവൃത്തിക്കും വക പ്രാപിച്ചു തികഞ്ഞവരാക്കാൻ’ പര്യാപ്തവും ആയിരിക്കുന്നതിൽ നാം എത്ര നന്ദിയുള്ളവരാണ്!—2 തിമൊഥെയൊസ് 3:16, 17.
15 മരുഭൂമിയിൽവെച്ച് സാത്താൻ പ്രലോഭിപ്പിക്കാൻ ശ്രമിച്ചപ്പോൾ യേശു, തെറ്റായ ന്യായവാദങ്ങളെയും കൗശലപൂർവമായ പ്രലോഭനങ്ങളെയും ചെറുത്തുനിൽക്കുന്നതിന് ആത്മാവിന്റെ വാൾ ഫലപ്രദമായി ഉപയോഗിച്ചു. ഓരോ തവണ സാത്താൻ പ്രലോഭിപ്പിച്ചപ്പോഴും, ‘എന്ന് എഴുതിയിരിക്കുന്നു’ എന്നു പറഞ്ഞുകൊണ്ടാണ് യേശു അതിനു മറുപടി നൽകിയത്. (മത്തായി 4:1-11) സമാനമായി സ്പെയിനിലുള്ള, യഹോവയുടെ സാക്ഷികളിലൊരാളായ ഡേവിഡിന് പ്രലോഭനങ്ങളെ അതിജീവിക്കാൻ തിരുവെഴുത്തുകൾ സഹായിച്ച അനുഭവമുണ്ട്. ഡേവിഡിന് 19 വയസ്സ് ഉണ്ടായിരുന്നപ്പോൾ, കൂടെ ജോലി ചെയ്തിരുന്ന സുന്ദരിയായ ഒരു ചെറുപ്പക്കാരി അനുചിതമായ ബന്ധത്തിൽ ഏർപ്പെടാൻ അവനെ പ്രേരിപ്പിച്ചു. അവൻ അവളുടെ മുന്നേറ്റത്തെ ചെറുക്കുകയും അത്തരമൊരു സാഹചര്യം ആവർത്തിക്കാൻ ഇടയാകാത്തവിധം, കമ്പനിയുടെ വേറെ ഏതെങ്കിലുമൊരു ഭാഗത്തു തന്നെ നിയമിക്കാൻ മേലധികാരിയോട് അഭ്യർഥിക്കുകയും ചെയ്തു. “യോസേഫിന്റെ ദൃഷ്ടാന്തം ഞാൻ ഓർമിച്ചു,” ഡേവിഡ് പറയുന്നു. “യോസേഫ് അധാർമിക ബന്ധത്തിൽ ഏർപ്പെടാനുള്ള ക്ഷണം തള്ളിക്കളഞ്ഞെന്നു മാത്രമല്ല ഉടനടി ആ സ്ഥലം വിട്ടുപോകുകയും ചെയ്തു. ഞാനും അതു തന്നെയാണ് ചെയ്തത്.”—ഉല്പത്തി 39:10-12.
16. “സത്യവചനത്തെ യഥാർഥമായി പ്രസംഗി”ക്കുന്നതിന് നമുക്കു പരിശീലനം ആവശ്യമായിരിക്കുന്നത് എന്തുകൊണ്ട്?
16 സാത്താന്റെ നിയന്ത്രണത്തിൽനിന്നു മോചിതരാകാൻ മറ്റുള്ളവരെ സഹായിക്കുന്നതിനു വേണ്ടിയും യേശു ആത്മാവിന്റെ വാൾ ഉപയോഗിച്ചു. “എന്റെ ഉപദേശം എന്റേതല്ല, എന്നെ അയച്ചവന്റേതത്രേ” എന്ന് യേശു പറഞ്ഞു. (യോഹന്നാൻ 7:16) യേശുവിന്റെ അധ്യാപന വൈദഗ്ധ്യം അനുകരിക്കുന്നതിന് നമുക്കു പരിശീലനം ആവശ്യമാണ്. റോമൻ പടയാളികളെ കുറിച്ച് യഹൂദ ചരിത്രകാരനായ ജോസീഫസ് ഇങ്ങനെ എഴുതി: “ഓരോ സൈനികനും എല്ലാ ദിവസവും പരിശീലനത്തിൽ ഏർപ്പെടുന്നു. യുദ്ധകാലത്തെന്നപോലെയുള്ള ശുഷ്കാന്തിയോടെയാണ് അവർ അതു ചെയ്യുന്നത്. യുദ്ധകാലത്തെ ക്ലേശങ്ങൾ സഹിച്ചു നിൽക്കാൻ അവർക്ക് എളുപ്പമായിരിക്കുന്നത് അതുകൊണ്ടാണ്.” നമ്മുടെ ആത്മീയ യുദ്ധത്തിൽ നാം ബൈബിൾ ഉപയോഗിക്കേണ്ടത് ആവശ്യമാണ്. ഇതിനു പുറമേ, “സത്യവചനത്തെ യഥാർത്ഥമായി പ്രസംഗിച്ചുകൊണ്ടു ലജ്ജിപ്പാൻ സംഗതിയില്ലാത്ത വേലക്കാരനായി ദൈവത്തിന്നു കൊള്ളാകുന്നവനായി നില്പാൻ” നാം ശ്രമിക്കുകയും വേണം. (2 തിമൊഥെയൊസ് 2:15) ഒരു താത്പര്യക്കാരന്റെ ആത്മാർഥമായ ചോദ്യത്തിനു തിരുവെഴുത്തുകൾ ഉപയോഗിച്ച് ഉത്തരം കൊടുക്കുമ്പോൾ നമുക്ക് എത്രയധികം സംതൃപ്തി ഉണ്ടാകുന്നു!
എല്ലാ അവസരങ്ങളിലും പ്രാർഥിക്കുക
17, 18. (എ) സാത്താനെ ചെറുക്കുന്നതിൽ പ്രാർഥന എന്തു പങ്കുവഹിക്കുന്നു? (ബി) പ്രാർഥനയുടെ മൂല്യം ഉദാഹരിക്കുന്ന ഒരു അനുഭവം പറയുക.
17 ആത്മീയ സർവായുധവർഗത്തെ കുറിച്ചു പറഞ്ഞതിനു ശേഷം പൗലൊസ് മറ്റൊരു പ്രധാനപ്പെട്ട ബുദ്ധിയുപദേശം നൽകുന്നു. സാത്താനെ ചെറുത്തുനിൽക്കുന്നതിന് ക്രിസ്ത്യാനികൾ ‘സകല പ്രാർഥനയും യാചനയും’ അർപ്പിക്കുന്നതിൽ മുഴുകണം. എത്ര കൂടെക്കൂടെ അതു ചെയ്യണം? “ഏതു നേരത്തും ആത്മാവിൽ പ്രാർത്ഥിച്ചു”കൊണ്ടിരിക്കാൻ പൗലൊസ് എഴുതുന്നു. (എഫെസ്യർ 6:18) നമുക്ക് പ്രലോഭനങ്ങളോ പരിശോധനകളോ ഉണ്ടാകുമ്പോൾ, പ്രാർഥനയ്ക്കു നമ്മെ വളരെയധികം ശക്തിപ്പെടുത്താനാകും. (മത്തായി 26:41) “ക്രിസ്തു തന്റെ ഐഹിക ജീവകാലത്തു തന്നെ മരണത്തിൽനിന്നു രക്ഷിപ്പാൻ കഴിയുന്നവനോടു ഉറെച്ച നിലവിളിയോടും കണ്ണുനീരോടുംകൂടെ അപേക്ഷയും അഭയയാചനയും കഴിക്കയും ഭയഭക്തി നിമിത്തം ഉത്തരം ലഭിക്കയും ചെയ്തു.”—എബ്രായർ 5:7.
18 മാറാരോഗം പിടിപെട്ട തന്റെ ഭർത്താവിനെ കഴിഞ്ഞ 15 വർഷമായി ശുശ്രൂഷിച്ചുകൊണ്ടിരിക്കുന്ന മിലാഗ്രോസ് പറയുന്നു: “നിരുത്സാഹം തോന്നുമ്പോൾ ഞാൻ യഹോവയോടു പ്രാർഥിക്കും. അവനു കഴിയുന്നതിലുമധികം എന്നെ സഹായിക്കാൻ മറ്റാർക്കും സാധിക്കുകയില്ല. ഇനി ഒരു നിമിഷം പോലും സഹിക്കാൻ വയ്യ എന്നു തോന്നിയ നിമിഷങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ തുടർച്ചയായി യഹോവയോടു പ്രാർഥിക്കുമ്പോൾ ശക്തി പുതുക്കപ്പെടുന്നതും മനസ്സിന് ആശ്വാസം കൈവരുന്നതും ഞാൻ അനുഭവിച്ചറിയുന്നു.”
19, 20. സാത്താനെതിരെയുള്ള പോരാട്ടത്തിൽ വിജയംവരിക്കാൻ നമുക്ക് എന്താണ് ആവശ്യമായിരിക്കുന്നത്?
19 തനിക്ക് അൽപ്പസമയമേ അവശേഷിച്ചിട്ടുള്ളൂ എന്ന് അറിയാവുന്ന സാത്താൻ നമ്മെ കീഴടക്കാനുള്ള ശ്രമങ്ങൾ ഊർജിതപ്പെടുത്തുകയാണ്. (വെളിപ്പാടു 12:12, 17) നാം ഈ ശക്തനായ ശത്രുവിനെ ചെറുക്കുകയും “വിശ്വാസത്തിന്റെ നല്ല പോർ പൊരുതുക”യും ചെയ്യേണ്ടതുണ്ട്. (1 തിമൊഥെയൊസ് 6:12) അതിന് അത്യന്തശക്തി അഥവാ സാധാരണയിൽ കവിഞ്ഞ ശക്തി ആവശ്യമാണ്. (2 കൊരിന്ത്യർ 4:7) ദൈവത്തിന്റെ പരിശുദ്ധാത്മാവിന്റെ ശക്തിയും നമുക്ക് ആവശ്യമായതിനാൽ നാം അതിനായി പ്രാർഥിക്കണം. യേശു പറഞ്ഞു: “അങ്ങനെ ദോഷികളായ നിങ്ങൾ നിങ്ങളുടെ മക്കൾക്കു നല്ല ദാനങ്ങളെ കൊടുപ്പാൻ അറിയുന്നു എങ്കിൽ സ്വർഗ്ഗസ്ഥനായ പിതാവു തന്നോടു യാചിക്കുന്നവർക്കു പരിശുദ്ധാത്മാവിനെ എത്ര അധികം കൊടുക്കും.”—ലൂക്കൊസ് 11:13.
20 യഹോവ പ്രദാനം ചെയ്യുന്ന സർവായുധവർഗം ധരിക്കേണ്ടത് അനിവാര്യമാണെന്നു വ്യക്തമാണ്. ഈ ആത്മീയ ആയുധവർഗം ധരിക്കുന്നതിന് വിശ്വാസവും നീതിയും പോലെയുള്ള ദൈവിക ഗുണങ്ങൾ നാം വളർത്തിയെടുക്കേണ്ടതുണ്ട്. അതിനായി നാം ബൈബിൾ സത്യത്തെ സ്നേഹിക്കുകയും ആലങ്കാരികമായി അതിനെ അരയിൽ കെട്ടിയാൽ എന്നതുപോലെ ലഭ്യമായ ഓരോ അവസരത്തിലും സുവാർത്ത പ്രസംഗിക്കാൻ സജ്ജരായിരിക്കുകയും നമ്മുടെ മുമ്പാകെയുള്ള പ്രത്യാശ മനസ്സിൽ അടുപ്പിച്ചു നിറുത്തുകയും ചെയ്യേണ്ടതുണ്ട്. ആത്മാവിന്റെ വാൾ വൈദഗ്ധ്യത്തോടെ ഉപയോഗിക്കാൻ നാം പഠിക്കണം. ദൈവത്തിന്റെ സർവായുധവർഗം ധരിക്കുന്നതിനാൽ, ദുഷ്ടാത്മസേനയുമായുള്ള പോരാട്ടത്തിൽ വിജയംവരിക്കാനും യഹോവയുടെ നാമത്തിനു മഹത്ത്വം കരേറ്റാനും നമുക്കു സാധിക്കും.—റോമർ 8:37-39.
[അടിക്കുറിപ്പ്]
a യെശയ്യാ പ്രവചനത്തിൽ യഹോവതന്നെ “നീതി ഒരു കവചംപോലെ” ധരിച്ചിരിക്കുന്നതായി പറഞ്ഞിരിക്കുന്നു. അതുകൊണ്ട് സഭയിലെ മേൽവിചാരകന്മാരോട് നീതിയും ന്യായവും പാലിക്കാൻ അവൻ ആവശ്യപ്പെടുന്നു.—യെശയ്യാവു 59:14, 15, 17.
നിങ്ങൾ എങ്ങനെ ഉത്തരം പറയും?
• ആത്മീയ ആയുധവർഗം ധരിക്കുന്ന സംഗതി യിൽ അത്യുത്തമ മാതൃക വെച്ചിരിക്കുന്നത് ആരാണ്, ആ മാതൃക നാം ശ്രദ്ധാപൂർവം പരിശോധിക്കേണ്ടത് എന്തുകൊണ്ട്?
• നമ്മുടെ മനസ്സിനെയും ആലങ്കാരിക ഹൃദയ ത്തെയും എങ്ങനെ സംരക്ഷിക്കാം?
• ആത്മാവിന്റെ വാൾ ഉപയോഗിക്കുന്നതിൽ നമുക്കു പ്രാവീണ്യം നേടാൻ കഴിയുന്നത് എങ്ങനെ?
• നാം പ്രാർഥനയിൽ ഉറ്റിരിക്കേണ്ടത് എന്തുകൊണ്ട്?
[17-ാം പേജിലെ ചിത്രങ്ങൾ]
ഉത്സാഹപൂർവകമായ ബൈബിൾ പഠനം, ലഭ്യമായ ഏത് അവസരത്തിലും സുവാർത്ത പ്രസംഗിക്കാൻ നമ്മെ പ്രേരിപ്പിക്കും
[18-ാം പേജിലെ ചിത്രങ്ങൾ]
ഉറപ്പുള്ള പ്രത്യാശ പരിശോധനകളെ നേരിടാൻ നമ്മെ സഹായിക്കുന്നു
[19-ാം പേജിലെ ചിത്രങ്ങൾ]
നിങ്ങൾ ശുശ്രൂഷയിൽ ‘ആത്മാവിന്റെ വാൾ’ ഉപയോഗിക്കുന്നുണ്ടോ?