വിശ്വസ്ത കൈകൾ ഉയർത്തി പ്രാർഥിക്കുവിൻ
“പുരുഷന്മാർ എല്ലാടത്തും കോപവും വാഗ്വാദവും വിട്ടകന്നു വിശുദ്ധകൈകളെ [“വിശ്വസ്ത കൈകൾ,” NW] ഉയർത്തി പ്രാർത്ഥിക്കേണം എന്നു ഞാൻ ആഗ്രഹിക്കുന്നു.”—1 തിമൊഥെയൊസ് 2:8.
1, 2. (എ) യഹോവയുടെ ജനം ഉൾപ്പെടുന്ന പ്രാർഥനയ്ക്ക് 1 തിമൊഥെയൊസ് 2:8 ബാധകമാകുന്നത് എങ്ങനെ? (ബി) നാം ഇനി എന്തു പരിചിന്തിക്കും?
തന്റെ ജനം തന്നോടും അതുപോലെ തങ്ങളുടെ സഹാരാധകരോടും വിശ്വസ്തരായിരിക്കാൻ യഹോവ പ്രതീക്ഷിക്കുന്നു. പിൻവരുന്ന പ്രകാരം എഴുതിയപ്പോൾ പൗലൊസ് അപ്പൊസ്തലൻ പ്രാർഥനയെ വിശ്വസ്തതയുമായി ബന്ധപ്പെടുത്തി: “പുരുഷന്മാർ എല്ലാടത്തും കോപവും വാഗ്വാദവും വിട്ടകന്നു വിശുദ്ധകൈകളെ [“വിശ്വസ്ത കൈകൾ,” NW] ഉയർത്തി പ്രാർത്ഥിക്കേണം എന്നു ഞാൻ ആഗ്രഹിക്കുന്നു.” (1 തിമൊഥെയൊസ് 2:8) വ്യക്തമായും, ക്രിസ്ത്യാനികൾ കൂടിവരുന്ന ‘എല്ലാടത്തുമുള്ള’ പരസ്യ പ്രാർഥനയെ പൗലൊസ് പരാമർശിക്കുകയായിരുന്നു. സഭായോഗങ്ങളിൽ ദൈവജനത്തെ പ്രതിനിധീകരിച്ചുകൊണ്ടു പ്രാർഥിക്കേണ്ടത് ആരായിരുന്നു? ദൈവത്തോടുള്ള തങ്ങളുടെ കടമകൾ ശ്രദ്ധാപൂർവം നിവർത്തിച്ച വിശുദ്ധരും നീതിനിഷ്ഠരും ഭക്ത്യാദരവുള്ളവരുമായ പുരുഷന്മാർ മാത്രമേ അതു ചെയ്തിരുന്നുള്ളൂ. (സഭാപ്രസംഗി 12:13, 14) അവർ ആത്മീയമായും ധാർമികമായും ശുദ്ധരും നിസ്സംശയമായും യഹോവയാം ദൈവത്തിന് അർപ്പിതരും ആയിരിക്കണമായിരുന്നു.
2 പ്രത്യേകിച്ചും സഭാ മൂപ്പന്മാർ ‘വിശ്വസ്ത കൈകൾ ഉയർത്തി പ്രാർഥിക്കണം.’ യേശുക്രിസ്തു മുഖാന്തരമുള്ള അവരുടെ ഹൃദയംഗമമായ പ്രാർഥനകൾ ദൈവത്തോടുള്ള വിശ്വസ്തതയെ പ്രതിഫലിപ്പിക്കുകയും സംവാദങ്ങളും കോപാക്രോശങ്ങളും ഒഴിവാക്കാൻ അവരെ സഹായിക്കുകയും ചെയ്യുന്നു. പരസ്യ പ്രാർഥനയിൽ ക്രിസ്തീയ സഭയെ പ്രതിനിധീകരിക്കാൻ പദവിയുള്ള ഏതൊരു പുരുഷനും ഉഗ്രകോപത്തിൽനിന്നും വിദ്വേഷത്തിൽനിന്നും യഹോവയോടും അവന്റെ സംഘടനയോടുമുള്ള അവിശ്വസ്തതയിൽനിന്നും മുക്തനായിരിക്കണം. (യാക്കോബ് 1:19, 20) പരസ്യ പ്രാർഥനയിൽ മറ്റുള്ളവരെ പ്രതിനിധീകരിക്കാൻ പദവിയുള്ളവർക്ക് ഉള്ള കൂടുതലായ ബൈബിൾ മാർഗനിർദേശങ്ങൾ എന്തൊക്കെയാണ്? സ്വകാര്യ പ്രാർഥനകളിലും കുടുംബ പ്രാർഥനകളിലും ബാധകമാക്കേണ്ട ചില തിരുവെഴുത്തു തത്ത്വങ്ങൾ ഏവ?
പ്രാർഥനയെക്കുറിച്ചു മുന്നമേ ചിന്തിക്കുക
3, 4. (എ) പരസ്യ പ്രാർഥനയെക്കുറിച്ചു മുന്നമേ ചിന്തിക്കുന്നതു പ്രയോജനപ്രദം ആയിരിക്കുന്നത് എന്തുകൊണ്ട്? (ബി) പ്രാർഥനകളുടെ ദൈർഘ്യം സംബന്ധിച്ചു തിരുവെഴുത്തുകൾ എന്തു സൂചിപ്പിക്കുന്നു?
3 പരസ്യമായി പ്രാർഥിക്കാൻ നമ്മോട് ആവശ്യപ്പെടുമ്പോൾ, നമ്മുടെ പ്രാർഥനയെക്കുറിച്ചു മുന്നമേ അൽപ്പമൊന്നു ചിന്തിക്കാൻ ഒരുപക്ഷേ നമുക്കു സാധിച്ചേക്കും. ദീർഘിച്ചു പോകാതെയും കാടുകയറാതെയും ഉചിതമായ പ്രധാന വിഷയങ്ങൾ ഉൾപ്പെടുത്താൻ ഇതു നമ്മെ സഹായിക്കും. തീർച്ചയായും, നമ്മുടെ സ്വകാര്യ പ്രാർഥനകൾ നിശ്ശബ്ദമല്ലാത്തതോ എത്ര വേണമെങ്കിലും ദൈർഘ്യമുള്ളതോ ആയിരിക്കാൻ കഴിയും. 12 അപ്പൊസ്തലന്മാരെ തിരഞ്ഞെടുക്കുന്നതിനു മുമ്പ് യേശു ഒരു രാത്രി മുഴുവനും പ്രാർഥനയിൽ ചെലവഴിച്ചു. എന്നാൽ, യേശു തന്റെ മരണത്തിന്റെ സ്മാരകം ഏർപ്പെടുത്തിയപ്പോൾ അപ്പവും വീഞ്ഞും വിതരണം ചെയ്യുന്നതിനു മുമ്പ് നടത്തിയ പ്രാർഥനകൾ വ്യക്തമായും ഹ്രസ്വമായിരുന്നു. (മർക്കൊസ് 14:22-24; ലൂക്കൊസ് 6:12-16) യേശുവിന്റെ ഹ്രസ്വമായ പ്രാർഥനകൾ പോലും ദൈവത്തിനു തികച്ചും സ്വീകാര്യമായിരുന്നു എന്നു നമുക്കറിയാം.
4 ഭക്ഷണത്തിനു മുമ്പ് പ്രാർഥനയിൽ ഒരു കുടുംബത്തെ പ്രതിനിധീകരിക്കാൻ നമുക്കു പദവി ലഭിച്ചു എന്നു വിചാരിക്കുക. അത്തരമൊരു പ്രാർഥന ന്യായമായും ഹ്രസ്വമായിരിക്കുന്നതാണ് നല്ലത്—എന്നാൽ അതിൽ ഭക്ഷണത്തോടുള്ള നന്ദിസൂചക വാക്കുകൾ ഉണ്ടായിരിക്കണം. നാം ഒരു യോഗത്തിനു മുമ്പോ പിമ്പോ പരസ്യ പ്രാർഥന നടത്തുകയാണെങ്കിൽ, ഒട്ടുവളരെ ആശയങ്ങൾ അടങ്ങുന്ന ദീർഘമായ പ്രാർഥനകൾ നടത്തേണ്ടതില്ല. മറ്റുള്ളവരുടെ മതിപ്പു നേടാൻ ‘ദീർഘമായി പ്രാർത്ഥിച്ച’ പരീശന്മാരെ യേശു വിമർശിക്കുകയാണു ചെയ്തത്. (ലൂക്കൊസ് 20:46, 47) ദൈവഭക്തിയുള്ള ഒരു മനുഷ്യനും ഒരിക്കലും പരീശന്മാർ ചെയ്തതുപോലെ ചെയ്യാൻ ആഗ്രഹിക്കുകയില്ല. എന്നാൽ, ചില അവസരങ്ങളിൽ ഏറെക്കുറെ ദീർഘമായ പ്രാർഥനകൾ ഉചിതമായിരിക്കാം. ഉദാഹരണത്തിന്, ഒരു സമ്മേളനത്തിലെ സമാപന പ്രാർഥന. അതു നിർവഹിക്കാൻ നിയമിക്കപ്പെടുന്ന ഒരു മൂപ്പൻ അതേക്കുറിച്ചു മുന്നമേ ചിന്തിക്കേണ്ടതുണ്ട്. പല ആശയങ്ങളും അതിൽ ഉൾപ്പെടുത്താൻ അദ്ദേഹം ആഗ്രഹിച്ചേക്കാം. എന്നിരുന്നാലും, അത്തരമൊരു പ്രാർഥന പോലും വളരെ ദീർഘിച്ചുപോകാൻ പാടില്ല.
ഭക്ത്യാദരവോടെ ദൈവത്തെ സമീപിക്കുക
5. (എ) പരസ്യ പ്രാർഥന നടത്തുമ്പോൾ നാം എന്തു മനസ്സിൽ പിടിക്കണം? (ബി) മാന്യവും ആദരണീയവുമായ വിധത്തിൽ പ്രാർഥിക്കേണ്ടത് എന്തുകൊണ്ട്?
5 നാം മനുഷ്യരെ അല്ല അഭിസംബോധന ചെയ്യുന്നത് എന്ന ബോധത്തോടെ വേണം പരസ്യ പ്രാർഥന നടത്താൻ. പകരം, പരമാധികാരിയാം കർത്താവായ യഹോവയോട് അപേക്ഷിക്കുന്ന പാപികളാണു നാം. (സങ്കീർത്തനം 8:3-5, 9; 73:28) അതുകൊണ്ട്, നാം പറയുന്ന കാര്യങ്ങളും പറയുന്ന വിധവും അവനിൽ അപ്രീതി ഉളവാക്കാതിരിക്കാൻ ഭക്ത്യാദരവു കലർന്ന ഭയം നമുക്ക് ഉണ്ടായിരിക്കണം. (സദൃശവാക്യങ്ങൾ 1:7) സങ്കീർത്തനക്കാരനായ ദാവീദ് ഇങ്ങനെ പാടി: “ഞാനോ, നിന്റെ കൃപയുടെ ബഹുത്വത്താൽ നിന്റെ ആലയത്തിലേക്കു ചെന്നു നിന്റെ വിശുദ്ധമന്ദിരത്തിന്നു നേരെ നിങ്കലുള്ള ഭക്തിയോടെ [“നിന്നോടുള്ള ഭയത്തോടെ,” NW] ആരാധിക്കും.” (സങ്കീർത്തനം 5:7) ആ മനോഭാവം നമുക്കുണ്ടെങ്കിൽ, യഹോവയുടെ സാക്ഷികളുടെ ഒരു യോഗത്തിൽ പരസ്യ പ്രാർഥന നടത്താൻ നമ്മോട് ആവശ്യപ്പെടുമ്പോൾ നാം അത് ഏതു വിധത്തിൽ നിർവഹിക്കും? ഒരു മനുഷ്യ രാജാവിനോടാണ് നാം സംസാരിക്കുന്നതെങ്കിൽ, ആദരവോടും മാന്യതയോടും കൂടെ ആയിരിക്കും നാം സംസാരിക്കുക. നാം പ്രാർഥിക്കുന്നത് “നിത്യതയുടെ രാജാവ്” ആയ യഹോവയോട് ആയതിനാൽ നമ്മുടെ പ്രാർഥനകൾക്ക് അതിനെക്കാളും മാന്യതയും ആദരവും ഉണ്ടായിരിക്കേണ്ടതല്ലേ? (വെളിപ്പാടു 15:3, NW) അതുകൊണ്ട്, “നമസ്കാരം, യഹോവേ,” “ഞങ്ങളുടെ സ്നേഹം നിന്നെ അറിയിക്കുന്നു,” അല്ലെങ്കിൽ “നിനക്ക് ശുഭദിനം ആശംസിക്കുന്നു” എന്നിങ്ങനെയുള്ള പ്രസ്താവനകൾ നാം പ്രാർഥനയിൽ ഒഴിവാക്കണം. ദൈവത്തിന്റെ ഏകജാത പുത്രനായ യേശുക്രിസ്തു തന്റെ സ്വർഗീയ പിതാവിനെ ഒരിക്കലും ആ വിധത്തിൽ അഭിസംബോധന ചെയ്തില്ല എന്നു തിരുവെഴുത്തുകൾ പ്രകടമാക്കുന്നു.
6. ‘അനർഹ ദയയുടെ സിംഹാസനത്തെ സമീപിക്കു’മ്പോൾ നാം എന്തു മനസ്സിൽ പിടിക്കണം?
6 പൗലൊസ് പറഞ്ഞു: “അനർഹ ദയയുടെ സിംഹാസനത്തെ സംസാര സ്വാതന്ത്ര്യത്തോടെ നമുക്കു സമീപിക്കാം.” (എബ്രായർ 4:16, NW) നാം പാപപൂർണമായ അവസ്ഥയിൽ ആണെങ്കിലും, യേശുക്രിസ്തുവിന്റെ മറുവില യാഗത്തിലുള്ള നമ്മുടെ വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ യഹോവയെ “സംസാര സ്വാതന്ത്ര്യത്തോടെ” നമുക്കു സമീപിക്കാൻ കഴിയും. (പ്രവൃത്തികൾ 10:42, 43; 20:20, 21) എന്നാൽ, ‘സംസാര സ്വാതന്ത്ര്യം’ ഉണ്ടെന്നു കരുതി നാം ദൈവത്തോടു സല്ലപിക്കുകയോ അനാദരണീയ സംഗതികൾ പറയുകയോ അരുത്. നമ്മുടെ പരസ്യ പ്രാർഥനകൾ ദൈവത്തിനു പ്രസാദകരം ആയിരിക്കണമെങ്കിൽ, ഉചിതമായ ആദരവോടും മാന്യതയോടും കൂടെ വേണം അവ നടത്താൻ. അറിയിപ്പുകൾ നടത്താനോ വ്യക്തികളെ ബുദ്ധ്യുപദേശിക്കാനോ ഒരു സദസ്സിനോടു പ്രസംഗിക്കാനോ ഉള്ള അവസരമായി അവയെ ഉപയോഗിക്കുന്നത് അനുചിതമായിരിക്കും.
താഴ്മയോടെ പ്രാർഥിക്കുക
7. യഹോവയുടെ ആലയത്തിന്റെ സമർപ്പണസമയത്തു പ്രാർഥിച്ചപ്പോൾ ശലോമോൻ താഴ്മ പ്രകടമാക്കിയത് എങ്ങനെ?
7 നാം പ്രാർഥിക്കുന്നതു പരസ്യമായിട്ടാണെങ്കിലും രസഹ്യമായിട്ടാണെങ്കിലും നമ്മുടെ പ്രാർഥനകളിൽ താഴ്മ പ്രകടമാക്കണം എന്നതു നാം മനസ്സിൽ പിടിക്കേണ്ട ഒരു സുപ്രധാന തിരുവെഴുത്തു തത്ത്വമാണ്. (2 ദിനവൃത്താന്തം 7:13, 14) യെരൂശലേമിൽ യഹോവയുടെ ആലയത്തിന്റെ സമർപ്പണസമയത്തു ശലോമോൻ രാജാവ് പരസ്യമായി പ്രാർഥിച്ചപ്പോൾ താഴ്മ പ്രകടമാക്കി. ഭൂമിയിൽ നിർമിക്കപ്പെട്ടിട്ടുള്ളതിലേക്കും ഏറ്റവും പ്രൗഢമനോജ്ഞമായ മന്ദിരങ്ങളിൽ ഒന്ന് ശലോമോൻ പൂർത്തിയാക്കിയതേ ഉണ്ടായിരുന്നുള്ളൂ. എന്നിട്ടും, അവൻ താഴ്മയോടെ ഇങ്ങനെ പ്രാർഥിച്ചു: “ദൈവം യഥാർത്ഥമായി ഭൂമിയിൽ വസിക്കുമോ? സ്വർഗ്ഗത്തിലും സ്വർഗ്ഗാധിസ്വർഗ്ഗത്തിലും നീ അടങ്ങുകയില്ലല്ലോ; പിന്നെ ഞാൻ പണിതിരിക്കുന്ന ഈ ആലയത്തിൽ അടങ്ങുന്നതു എങ്ങനെ?”—1 രാജാക്കന്മാർ 8:27.
8. പരസ്യ പ്രാർഥനയിൽ താഴ്മ പ്രകടമാക്കാനുള്ള ചില മാർഗങ്ങൾ ഏവ?
8 പരസ്യ പ്രാർഥനയിൽ മറ്റുള്ളവരെ പ്രതിനിധീകരിക്കുമ്പോൾ ശലോമോനെപ്പോലെ നാം താഴ്മയുള്ളവർ ആയിരിക്കണം. നാം കൃത്രിമ ഭക്തിയുടെ നാട്യം ഒഴിവാക്കണം. എങ്കിലും, നമ്മുടെ സ്വരത്തിൽ താഴ്മ പ്രകടമാക്കാനാകും. താഴ്മയോടെ ഉള്ള പ്രാർഥനകൾ പൊള്ള വാചകക്കസർത്തോ നാടകീയത നിറഞ്ഞതോ ആയിരിക്കില്ല. പ്രാർഥിക്കുന്ന വ്യക്തിയിലേക്കല്ല, മറിച്ച് ദൈവത്തിലേക്ക് ആയിരിക്കണം അവ ശ്രദ്ധ ആകർഷിക്കേണ്ടത്. (മത്തായി 6:5) നാം പ്രാർഥനയിൽ പറയുന്ന സംഗതികളാലും താഴ്മ പ്രകടമാക്കാവുന്നതാണ്. താഴ്മയോടെ നാം പ്രാർഥിക്കുന്നെങ്കിൽ, നമ്മുടെ ഇഷ്ടപ്രകാരം ദൈവം കാര്യങ്ങൾ ചെയ്യാൻ നാം ആവശ്യപ്പെടുന്നുവെന്ന തോന്നൽ ഉളവാക്കുന്ന വിധത്തിൽ ആയിരിക്കില്ല നമ്മുടെ പ്രാർഥനകൾ. മറിച്ച്, യഹോവയുടെ വിശുദ്ധ ഹിതത്തിനു ചേരുന്ന വിധത്തിൽ പ്രവർത്തിക്കാൻ നാം അവനോട് അപേക്ഷിക്കും. “യഹോവേ, ഞങ്ങളെ രക്ഷിക്കേണമേ; യഹോവേ, ഞങ്ങൾക്കു ശുഭത [“വിജയം,” NW] നല്കേണമേ” എന്ന് അപേക്ഷിച്ചപ്പോൾ സങ്കീർത്തനക്കാരൻ ഉചിതമായ മനോഭാവത്തിന് മാതൃക വെച്ചു.—സങ്കീർത്തനം 118:25; ലൂക്കൊസ് 18:9-14.
ഹൃദയംഗമമായി പ്രാർഥിക്കുക
9. യേശു നൽകിയ ഏതു നല്ല ബുദ്ധ്യുപദേശമാണ് മത്തായി 6:7-ൽ കാണുന്നത്, അത് എങ്ങനെ ബാധകമാക്കാൻ കഴിയും?
9 പരസ്യമോ രഹസ്യമോ ആയുള്ള നമ്മുടെ പ്രാർഥനകൾ യഹോവയെ പ്രസാദിപ്പിക്കണമെങ്കിൽ, അവ ഹൃദയത്തിൽനിന്നു വരേണ്ടതുണ്ട്. അതിനാൽ, പറയുന്ന കാര്യത്തെക്കുറിച്ചു ചിന്തിക്കാതെ ഒരേ പ്രാർഥന നാം വീണ്ടും വീണ്ടും കേവലം ആവർത്തിക്കില്ല. ഗിരിപ്രഭാഷണത്തിൽ യേശു ഇങ്ങനെ ബുദ്ധ്യുപദേശിച്ചു: “പ്രാർത്ഥിക്കയിൽ നിങ്ങൾ ജാതികളെപ്പോലെ ജല്പനം ചെയ്യരുതു; അതിഭാഷണത്താൽ ഉത്തരം കിട്ടും എന്നല്ലോ [തെറ്റായി] അവർക്കു തോന്നുന്നതു.” മറ്റു വാക്കുകളിൽ പറഞ്ഞാൽ, യേശു പ്രസ്താവിച്ചത് ഇതാണ്: “വാക്കുകൾ പുലമ്പരുത്; വ്യർഥ വാക്കുകൾ ആവർത്തിക്കരുത്.”—മത്തായി 6:7; NW അടിക്കുറിപ്പ്.
10. ഒരു കാര്യത്തെക്കുറിച്ച് ഒന്നിലധികം പ്രാവശ്യം പ്രാർഥിക്കുന്നത് ഉചിതമായിരിക്കുന്നത് എന്തുകൊണ്ട്?
10 തീർച്ചയായും, ഒരേ കാര്യത്തെക്കുറിച്ചു വീണ്ടും വീണ്ടും പ്രാർഥിക്കേണ്ടതുണ്ടായിരിക്കാം. അതു തെറ്റല്ല. കാരണം, യേശു ഇങ്ങനെ പ്രോത്സാഹിപ്പിച്ചു: “ചോദിച്ചുകൊണ്ടിരിപ്പിൻ,നിങ്ങൾക്കു ലഭിക്കും; അന്വേഷിച്ചുകൊണ്ടിരിപ്പിൻ, നിങ്ങൾ കണ്ടെത്തും; മുട്ടിക്കൊണ്ടിരിപ്പിൻ, നിങ്ങൾക്കു തുറക്കപ്പെടും.” (മത്തായി 7:7, NW) യഹോവ പ്രാദേശിക സ്ഥലത്തെ പ്രസംഗവേല പുരോഗമിപ്പിക്കുന്നതിനാൽ, ഒരുപക്ഷേ ഒരു പുതിയ രാജ്യഹാളിന്റെ ആവശ്യം ഉണ്ടായിരിക്കാം. (യെശയ്യാവു 60:22) സ്വകാര്യമായി പ്രാർഥിക്കുമ്പോഴും യഹോവയുടെ ജനത്തിന്റെ യോഗങ്ങളിൽ പരസ്യ പ്രാർഥനകൾ നടത്തുമ്പോഴും ഈ ആവശ്യത്തെക്കുറിച്ചു വീണ്ടും വീണ്ടും പരാമർശിക്കുന്നത് ഉചിതമായിരിക്കും. അങ്ങനെ ചെയ്യുന്നതിന് നാം ‘വ്യർഥ വാക്കുകൾ ആവർത്തിക്കുന്നു’ എന്ന് അർഥമില്ല.
കൃതജ്ഞതയും സ്തുതിയും ഓർക്കുക
11. പരസ്യവും സ്വകാര്യവുമായ പ്രാർഥനകൾക്കു ഫിലിപ്പിയർ 4:6, 7 ബാധകമാകുന്നത് എങ്ങനെ?
11 എന്തെങ്കിലും കിട്ടാൻ വേണ്ടിയാണു പലരും പ്രാർഥിക്കുന്നത്. എന്നാൽ, യഹോവയാം ദൈവത്തോടുള്ള സ്നേഹം രഹസ്യവും പരസ്യവുമായ പ്രാർഥനകളിൽ അവനു നന്ദിയും സ്തുതിയും കരേറ്റാൻ നമ്മെ പ്രേരിപ്പിക്കണം. പൗലൊസ് ഇങ്ങനെ എഴുതി: “ഒന്നിനെക്കുറിച്ചും വിചാരപ്പെടരുതു; എല്ലാററിലും പ്രാർത്ഥനയാലും അപേക്ഷയാലും നിങ്ങളുടെ ആവശ്യങ്ങൾ സ്തോത്രത്തോടുകൂടെ [“നന്ദിയോടെ,” NW] ദൈവത്തോടു അറിയിക്കയത്രേ വേണ്ടതു. എന്നാൽ സകലബുദ്ധിയേയും കവിയുന്ന ദൈവസമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും നിനവുകളെയും ക്രിസ്തുയേശുവിങ്കൽ കാക്കും.” (ഫിലിപ്പിയർ 4:6, 7) അതേ, യാചനയും അപേക്ഷയും നടത്തുന്നതിനു പുറമേ ആത്മീയവും ഭൗതികവുമായ അനുഗ്രഹങ്ങളെ പ്രതി നാം യഹോവയോടു കൃതജ്ഞത പ്രകടമാക്കുകയും വേണം. (സദൃശവാക്യങ്ങൾ 10:22) സങ്കീർത്തനക്കാരൻ പാടി: “ദൈവത്തിന്നു സ്തോത്രയാഗം [നന്ദി] അർപ്പിക്ക; അത്യുന്നതന്നു നിന്റെ നേർച്ചകളെ കഴിക്ക.” (സങ്കീർത്തനം 50:14) ദാവീദിന്റെ ഒരു പ്രാർഥനാ ഗീതത്തിൽ ഹൃദയസ്പർശിയായ ഈ വാക്കുകളും ഉൾപ്പെടുന്നു: “ഞാൻ പാട്ടോടെ ദൈവത്തിന്റെ നാമത്തെ സ്തുതിക്കും; സ്തോത്രത്തോടെ [നന്ദിയോടെ] അവനെ മഹത്വപ്പെടുത്തും.” (സങ്കീർത്തനം 69:30) പരസ്യവും രഹസ്യവുമായ പ്രാർഥനകളിൽ നാം അതുതന്നെ ചെയ്യേണ്ടതല്ലേ?
12. ഇന്ന് സങ്കീർത്തനം 100:4, 5 നിവൃത്തിയേറിക്കൊണ്ടിരിക്കുന്നത് എങ്ങനെ, അതുകൊണ്ട് എന്തിനെ പ്രതി ദൈവത്തിനു നന്ദിയും സ്തുതിയും കരേറ്റാൻ നമുക്കു കഴിയും?
12 ദൈവത്തെക്കുറിച്ചു സങ്കീർത്തനക്കാരൻ ഇങ്ങനെ പാടി: “അവന്റെ വാതിലുകളിൽ സ്തോത്രത്തോടും [നന്ദിയോടും] അവന്റെ പ്രാകാരങ്ങളിൽ സ്തുതിയോടുംകൂടെ വരുവിൻ; അവന്നു സ്തോത്രം ചെയ്തു [നന്ദി നൽകി] അവന്റെ നാമത്തെ വാഴ്ത്തുവിൻ. യഹോവ നല്ലവനല്ലോ, അവന്റെ ദയ എന്നേക്കുമുള്ളതു; അവന്റെ വിശ്വസ്തത തലമുറതലമുറയായും ഇരിക്കുന്നു.” (സങ്കീർത്തനം 100:4, 5) ഇന്ന്, സകല ജനതകളിലെയും ആളുകൾ യഹോവയുടെ ആലയത്തിന്റെ പ്രാകാരങ്ങളിൽ പ്രവേശിക്കുകയാണ്. അതിനെപ്രതി അവനു സ്തുതിയും നന്ദിയും നൽകാൻ നമുക്കു കഴിയും. പ്രാദേശിക രാജ്യഹാളിനെ പ്രതി നിങ്ങൾക്കു ദൈവത്തോടു നന്ദിയുണ്ടോ, അവനെ സ്നേഹിക്കുന്നവരോടൊപ്പം അവിടെ പതിവായി കൂടിവന്നുകൊണ്ടു നിങ്ങളുടെ വിലമതിപ്പു നിങ്ങൾ പ്രകടമാക്കുന്നുണ്ടോ? അവിടെ ആയിരിക്കുമ്പോൾ, നമ്മുടെ സ്നേഹവനാം സ്വർഗീയ പിതാവിനു നന്ദിയും സ്തുതിയും കരേറ്റുന്ന ഗാനങ്ങൾ നിങ്ങൾ ഉച്ചത്തിൽ ഹൃദയംഗമമായി ആലപിക്കാറുണ്ടോ?
പ്രാർഥിക്കാൻ ഒരിക്കലും ലജ്ജ തോന്നരുത്
13. തെറ്റു നിമിത്തം ദൈവത്തെ സമീപിക്കാൻ അയോഗ്യരാണെന്ന് തോന്നിയാലും, നാം യഹോവയോട് അപേക്ഷിക്കണമെന്നു പ്രകടമാക്കുന്ന തിരുവെഴുത്തു ദൃഷ്ടാന്തം ഏത്?
13 തെറ്റു നിമിത്തം പ്രാർഥിക്കാൻ അയോഗ്യരാണ് എന്നു തോന്നിയാലും, ആത്മാർഥമായ അപേക്ഷയോടെ നാം ദൈവത്തിലേക്കു തിരിയേണ്ടതുണ്ട്. വിദേശ ഭാര്യമാരെ സ്വീകരിക്കുകവഴി യഹൂദന്മാർ പാപം ചെയ്തപ്പോൾ എസ്രാ മുട്ടു കുത്തിനിന്ന് തന്റെ വിശ്വസ്ത കരങ്ങൾ വിരിച്ചുപിടിച്ച് താഴ്മയോടെ ഇങ്ങനെ പ്രാർഥിച്ചു: “എന്റെ ദൈവമേ, ഞാൻ എന്റെ മുഖം എന്റെ ദൈവമായ നിങ്കലേക്കു ഉയർത്തുവാൻ ലജ്ജിച്ചു നാണിച്ചിരിക്കുന്നു; ഞങ്ങളുടെ അകൃത്യങ്ങൾ ഞങ്ങളുടെ തലെക്കുമീതെ പെരുകി കവിഞ്ഞിരിക്കുന്നു; ഞങ്ങളുടെ കുററം ആകാശത്തോളം വളർന്നിരിക്കുന്നു. ഞങ്ങളുടെ പിതാക്കന്മാരുടെ കാലംമുതൽ ഇന്നുവരെയും ഞങ്ങൾ വലിയ കുററക്കാരായിരിക്കുന്നു; . . . ഇപ്പോൾ ഞങ്ങളുടെ ദുഷ്പ്രവൃത്തികളും മഹാപാതകവും ഹേതുവായി ഇതെല്ലാം ഞങ്ങളുടെമേൽ വന്നശേഷം ഞങ്ങളുടെ ദൈവമേ, നീ ഞങ്ങളുടെ അകൃത്യങ്ങൾക്കു തക്കവണ്ണം ഞങ്ങളെ ശിക്ഷിക്കാതെ ഞങ്ങൾക്കു ഇങ്ങനെ ഒരു ശേഷിപ്പിനെ തന്നിരിക്കെ ഞങ്ങൾ നിന്റെ കല്പനകളെ വീണ്ടും ലംഘിക്കയും ഈ മ്ലേച്ഛത ചെയ്യുന്ന ജാതികളോടു സംബന്ധം കൂടുകയും ചെയ്യാമോ? ചെയ്താൽ ഒരു ശേഷിപ്പോ തെററി ഒഴിഞ്ഞവരോ ഉണ്ടാകാതവണ്ണം നീ ഞങ്ങളെ മുടിച്ചുകളയുവോളം ഞങ്ങളോടു കോപിക്കയില്ലയോ? യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ നീതിമാൻ; ഞങ്ങളോ ഇന്നുള്ളതുപോലെ തെററി ഒഴിഞ്ഞ ഒരു ശേഷിപ്പത്രേ; ഞങ്ങളുടെ പാതകത്തോടുകൂടെ ഇതാ, ഞങ്ങൾ നിന്റെ മുമ്പാകെ ഇരിക്കുന്നു; അതുനിമിത്തം നിന്റെ മുമ്പാകെ നില്പാൻ ആർക്കും കഴിവില്ല.”—എസ്രാ 9:1-15; ആവർത്തനപുസ്തകം 7:3, 4.
14. എസ്രായുടെ നാളിൽ പ്രകടമാക്കപ്പെട്ടതുപോലെ, ദൈവത്തിന്റെ ക്ഷമ ലഭിക്കാൻ എന്താണ് ആവശ്യം?
14 ദൈവത്തിന്റെ ക്ഷമ ലഭിക്കാൻ തെറ്റുകൾ ഏറ്റുപറയുന്നതോടൊപ്പം അനുതാപവും ‘മാനസാന്തരത്തിനു യോഗ്യമായ ഫലങ്ങളും’ ആവശ്യമാണ്. (ലൂക്കൊസ് 3:8; ഇയ്യോബ് 42:1-6; യെശയ്യാവു 66:2) എസ്രായുടെ നാളിൽ ആളുകൾ അനുതാപം പ്രകടമാക്കുകയും വിദേശ ഭാര്യമാരെ പറഞ്ഞയച്ചുകൊണ്ട് തെറ്റു തിരുത്താൻ ശ്രമിക്കുകയും ചെയ്തു. (എസ്രാ 10:44, NW; 2 കൊരിന്ത്യർ 7:8-13 താരതമ്യം ചെയ്യുക.) നാം ഗുരുതരമായ ഒരു തെറ്റിനു ദൈവത്തിന്റെ ക്ഷമ തേടുകയാണെങ്കിൽ, താഴ്മയോടെ പ്രാർഥനയിൽ തെറ്റ് ഏറ്റുപറയുകയും അനുതാപത്തിനു യോഗ്യമായ ഫലം പുറപ്പെടുവിക്കുകയും ചെയ്യാം. അനുതാപ മനോഭാവവും തെറ്റു തിരുത്താനുള്ള ആഗ്രഹവും ക്രിസ്തീയ മൂപ്പന്മാരുടെ ആത്മീയ സഹായം തേടാൻ നമ്മെ പ്രേരിപ്പിക്കും.—യാക്കോബ് 5:13-15.
പ്രാർഥനയിലൂടെ ആശ്വാസം കണ്ടെത്തുക
15. നമുക്കു പ്രാർഥനയിലൂടെ ആശ്വാസം കണ്ടെത്താൻ കഴിയുമെന്ന് ഹന്നായുടെ അനുഭവം എങ്ങനെ വ്യക്തമാക്കുന്നു?
15 നമ്മുടെ ഹൃദയം ഏതെങ്കിലും കാരണവശാൽ ദുഃഖിച്ചിരിക്കുമ്പോൾ പ്രാർഥനയിലൂടെ നമുക്ക് ആശ്വാസം കണ്ടെത്താനാകും. (സങ്കീർത്തനം 51:17; സദൃശവാക്യങ്ങൾ 15:13) വിശ്വസ്തയായ ഹന്നാ അങ്ങനെ ആശ്വാസം കണ്ടെത്തി. ഇസ്രായേലിൽ വലിയ കുടുംബങ്ങൾ സർവസാധാരണമായിരുന്ന കാലത്താണ് അവൾ ജീവിച്ചിരുന്നത്. എന്നാൽ, അവൾക്കു കുട്ടികളൊന്നും ഉണ്ടായില്ല. അവളുടെ ഭർത്താവായ എല്ക്കാനായ്ക്ക് തന്റെ മറ്റൊരു ഭാര്യയായ പെനിന്നായിൽ പുത്രന്മാരും പുത്രിമാരും ഉണ്ടായിരുന്നു. ഹന്നാ മച്ചി ആയിരുന്നതു നിമിത്തം പെനിന്നാ പരിഹസിച്ചിരുന്നു. ഉള്ളുരുകി പ്രാർഥിച്ച ഹന്നാ, തനിക്ക് ഒരു പുത്രൻ ജനിച്ചാൽ ‘അവനെ ജീവപര്യന്തം യഹോവെക്കു കൊടുക്കു’മെന്നു വാഗ്ദാനം ചെയ്തു. ആ പ്രാർഥനയിലൂടെയും മഹാപുരോഹിതനായ ഏലിയുടെ വാക്കുകളിലൂടെയും സാന്ത്വനം ലഭിച്ചപ്പോൾ, ഹന്നായുടെ ‘മുഖം പിന്നെ വാടിയില്ല.’ അവൾ ഒരു ആൺകുട്ടിയെ പ്രസവിച്ചു. ഹന്നാ അവനു ശമൂവേൽ എന്നു പേരിട്ടു. പിന്നീട്, അവൾ അവനെ യഹോവയുടെ ആലയത്തിലെ സേവനത്തിനായി വിട്ടു. (1 ശമൂവേൽ 1:9-28) തന്നോടു ദൈവം കാട്ടിയ ദയയെപ്രതി കൃതജ്ഞത തോന്നിയ അവൾ അവനു പ്രാർഥനയിൽ നന്ദി നൽകി—യഹോവയെപ്പോലെ മറ്റാരുമില്ല എന്ന് അവൾ അവനെ വാഴ്ത്തി. (1 ശമൂവേൽ 2:1-10) ഹന്നായെപ്പോലെ, നമുക്കും പ്രാർഥനയിലൂടെ ആശ്വാസം കണ്ടെത്താനും ദൈവത്തിന്റെ ഹിതത്തിനു ചേർച്ചയിലുള്ള എല്ലാ അപേക്ഷകൾക്കും അവൻ ഉത്തരം നൽകുമെന്ന് ഉറപ്പുള്ളവർ ആയിരിക്കാനും കഴിയും. ഹൃദയങ്ങൾ ദൈവമുമ്പാകെ തുറക്കുമ്പോൾ, നമ്മുടെ ‘മുഖം ഒരിക്കലും വാടാതിരിക്കട്ടെ.’ എന്തെന്നാൽ അവൻ നമ്മുടെ ഭാരം നീക്കിക്കളയും, അല്ലെങ്കിൽ അതു വഹിക്കാൻ നമ്മെ പ്രാപ്തരാക്കും.—സങ്കീർത്തനം 55:22.
16. യാക്കോബിന്റെ സംഗതിയാൽ ദൃഷ്ടാന്തീകരിക്കപ്പെട്ടതു പോലെ, ഭയമോ ഉത്കണ്ഠയോ തോന്നുമ്പോൾ നാം പ്രാർഥിക്കേണ്ടത് എന്തുകൊണ്ട്?
16 ഏതെങ്കിലും ഒരു സാഹചര്യം നിമിത്തം നമുക്കു ഭയമോ ഹൃദയവേദനയോ ഉത്കണ്ഠയോ തോന്നുന്നെങ്കിൽ, നിശ്ചയമായും നമുക്ക് ആശ്വാസത്തിനായി പ്രാർഥനയിൽ ദൈവത്തിലേക്കു തിരിയാം. (സങ്കീർത്തനം 55:1-4) വഴക്കാളിയായ തന്റെ സഹോദരൻ ഏശാവിനെ കണ്ടുമുട്ടാൻനേരം യാക്കോബിനു ഭയം തോന്നിയെങ്കിലും അവൻ ദൈവത്തോട് ഇങ്ങനെ പ്രാർഥിച്ചു: “എന്റെ പിതാവായ അബ്രാഹാമിന്റെ ദൈവവും എന്റെ പിതാവായ യിസ്ഹാക്കിന്റെ ദൈവവുമായുള്ളോവേ, നിന്റെ ദേശത്തേക്കും നിന്റെ ചാർച്ചക്കാരുടെ അടുക്കലേക്കും മടങ്ങിപ്പോക; ഞാൻ നിനക്കു നന്മ ചെയ്യുമെന്നു എന്നോടു അരുളിച്ചെയ്ത യഹോവേ, അടിയനോടു കാണിച്ചിരിക്കുന്ന സകലദയെക്കും സകലവിശ്വസ്തതെക്കും ഞാൻ അപാത്രമത്രേ; ഒരു വടിയോടുകൂടെ മാത്രമല്ലോ ഞാൻ ഈ യോർദ്ദാൻ കടന്നതു; ഇപ്പോഴോ ഞാൻ രണ്ടു കൂട്ടമായി തീർന്നിരിക്കുന്നു. എന്റെ സഹോദരനായ ഏശാവിന്റെ കയ്യിൽനിന്നു എന്നെ രക്ഷിക്കേണമേ; പക്ഷേ അവൻ വന്നു എന്നെയും മക്കളോടുകൂടെ തള്ളയെയും നശിപ്പിക്കും എന്നു ഞാൻ ഭയപ്പെടുന്നു. നീയോ: ഞാൻ നിന്നോടു നന്മ ചെയ്യും; നിന്റെ സന്തതിയെ പെരുപ്പംകൊണ്ടു എണ്ണിക്കൂടാത്ത കടൽകരയിലെ മണൽ പോലെ ആക്കുമെന്നു അരുളിച്ചെയ്തുവല്ലോ.” (ഉല്പത്തി 32:9-12) ഏശാവ് യാക്കോബിനെയോ അവന്റെ കൂട്ടത്തിലുള്ളവരെയോ ആക്രമിച്ചില്ല. അങ്ങനെ, യഹോവ ആ അവസരത്തിൽ യാക്കോബിന് ‘നന്മ ചെയ്തു.’
17. നാം അങ്ങേയറ്റം പരീക്ഷിക്കപ്പെട്ടിരിക്കുമ്പോൾ സങ്കീർത്തനം 119:52-ന് ചേർച്ചയിൽ പ്രാർഥന എങ്ങനെ ആശ്വാസം കൈവരുത്തിയേക്കാം?
17 നാം ദൈവത്തോട് അപേക്ഷിക്കുമ്പോൾ, ദൈവവചനത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ഓർക്കുന്നതിനാൽ ആശ്വാസം ലഭിക്കും. ബൈബിളിലെ ഏറ്റവും വലിയ സങ്കീർത്തനം മനോഹരമായ ഒരു പ്രാർഥനാഗീതമാണ്. അതിൽ സാധ്യതയനുസരിച്ച് ഹിസ്കീയാവ് രാജകുമാരൻ ആയിരിക്കാം ഇങ്ങനെ പാടിയത്: “യഹോവേ, പണ്ടേയുള്ള നിന്റെ വിധികളെ ഓർത്തു ഞാൻ എന്നെതന്നെ ആശ്വസിപ്പിക്കുന്നു.” (സങ്കീർത്തനം 119:52) അങ്ങേയറ്റം പരീക്ഷിക്കപ്പെട്ടിരിക്കുന്ന സമയത്ത് താഴ്മയോടു കൂടി പ്രാർഥിക്കുമ്പോൾ, ഒരു നിർദിഷ്ട ഗതി പിന്തുടരാൻ നമ്മെ സഹായിച്ചേക്കാവുന്ന ഏതെങ്കിലും ഒരു ബൈബിൾ തത്ത്വമോ നിയമമോ നമ്മുടെ ഓർമയിലേക്കു വന്നേക്കാം. അതിന്റെ ഫലമായി നാം സ്വർഗീയ പിതാവിനെ പ്രസാദിപ്പിക്കുന്നു എന്ന ആശ്വാസദായക ഉറപ്പും ലഭിച്ചേക്കാം.
വിശ്വസ്തർ പ്രാർഥനയിൽ ഉറ്റിരിക്കുന്നു
18. ‘ഓരോ വിശ്വസ്തനും ദൈവത്തോടു പ്രാർഥിക്കും’ എന്നു പറയാൻ കഴിയുന്നത് എന്തുകൊണ്ട്?
18 യഹോവയാം ദൈവത്തോടു വിശ്വസ്തയുള്ളവർ ‘പ്രാർഥനയിൽ ഉറ്റിരിക്കും.’ (റോമർ 12:12) ദാവീദ് 32-ാം സങ്കീർത്തനം എഴുതിയത് സാധ്യതയനുസരിച്ച് ബത്ത്-ശേബയുമായി പാപം ചെയ്തതിനു ശേഷമാണ്. ക്ഷമ തേടാൻ പരാജയപ്പെട്ടതു മൂലം അനുഭവിച്ച ഹൃദയവേദനയും അനുതപിച്ച് ദൈവത്തോടു കുറ്റം ഏറ്റുപറഞ്ഞതു മൂലം ലഭിച്ച ആശ്വാസവും അവൻ അതിൽ വിവരിച്ചു. തുടർന്ന്, ദാവീദ് ഇങ്ങനെ പാടി: “ഇതുനിമിത്തം [യഥാർഥമായും അനുതാപമുള്ളവർക്കു യഹോവയുടെ ക്ഷമ ലഭ്യമായിരിക്കുന്നതു നിമിത്തം] ഓരോ ഭക്തനും [“വിശ്വസ്തനും,” NW] കണ്ടെത്താകുന്ന കാലത്തു നിന്നോടു പ്രാർത്ഥിക്കും.”—സങ്കീർത്തനം 32:6.
19. നാം പ്രാർഥനയിൽ വിശ്വസ്ത കൈകൾ ഉയർത്തേണ്ടത് എന്തുകൊണ്ട്?
19 യഹോവയാം ദൈവവുമായുള്ള ബന്ധത്തെ അമൂല്യമായി കരുതുന്നെങ്കിൽ, യേശുവിന്റെ മറുവില യാഗത്തിന്റെ അടിസ്ഥാനത്തിൽ ദൈവത്തിന്റെ കരുണയ്ക്കായി നാം പ്രാർഥിക്കും. കരുണയും സമയോചിത സഹായവും ലഭിക്കുമെന്ന വിശ്വാസം ഉള്ളവരായി നമുക്ക് അനർഹ ദയയുടെ സിംഹാസനത്തെ സംസാര സ്വാതന്ത്ര്യത്തോടെ സമീപിക്കാം. (എബ്രായർ 4:16, NW) പ്രാർഥിക്കുന്നതിന് അനവധി കാരണങ്ങളാണ് ഉള്ളത്! അതുകൊണ്ട്, ദൈവത്തിനു ഹൃദയംഗമമായ സ്തുതിയും നന്ദിയും കരേറ്റിക്കൊണ്ട് നമുക്ക് ‘ഇടവിടാതെ പ്രാർഥിക്കാം.’ (1 തെസ്സലൊനീക്യർ 5:17) പ്രാർഥനയിൽ നമുക്കു രാപ്പകൽ നമ്മുടെ വിശ്വസ്ത കൈകൾ ഉയർത്താം.
നിങ്ങൾ എങ്ങനെ ഉത്തരം പറയും?
□ പരസ്യ പ്രാർഥനയെക്കുറിച്ചു മുന്നമേ ചിന്തിക്കുന്നതിന്റെ പ്രയോജനം എന്ത്?
□ നാം ആദരണീയവും മാന്യവുമായ വിധത്തിൽ പ്രാർഥിക്കേണ്ടത് എന്തുകൊണ്ട്?
□ പ്രാർഥിക്കുമ്പോൾ നമുക്ക് എന്തു മനോഭാവം ഉണ്ടായിരിക്കണം?
□ പ്രാർഥിക്കുമ്പോൾ നന്ദിയെയും സ്തുതിയും കുറിച്ച് ഓർക്കേണ്ടത് എന്തുകൊണ്ട്?
□ പ്രാർഥനയിലൂടെ ആശ്വാസം കണ്ടെത്താൻ കഴിയുമെന്നു ബൈബിൾ പ്രകടമാക്കുന്നത് എങ്ങനെ?
[17-ാം പേജിലെ ചിത്രം]
യഹോവയുടെ ആലയത്തിന്റെ സമർപ്പണസമയത്ത് പരസ്യമായി പ്രാർഥിച്ചപ്പോൾ ശലോമോൻ രാജാവ് താഴ്മ പ്രകടമാക്കി
[18-ാം പേജിലെ ചിത്രം]
ഹന്നായെപ്പോലെ, നിങ്ങൾക്കു പ്രാർഥനയിലൂടെ ആശ്വാസം കണ്ടെത്താൻ കഴിയും