വിശ്വാസത്തെപ്രതി ദ്വേഷിക്കപ്പെടുന്നവർ
“എന്റെ നാമം മൂലം നിങ്ങൾ സർവ്വരാലും ദ്വേഷിക്കപ്പെടും.”—മത്തായി 10:22, പി.ഒ.സി. ബൈബിൾ.
1, 2. തങ്ങളുടെ മതപരമായ വിശ്വാസങ്ങൾക്കനുസരിച്ച് ജീവിച്ചതിന്റെ ഫലമായി യഹോവയുടെ സാക്ഷികളിൽ ചിലർക്ക് എന്തെല്ലാം കഷ്ടങ്ങൾ നേരിട്ടിരിക്കുന്നു എന്നു നിങ്ങൾക്കു പറയാമോ?
ക്രേത്ത ദ്വീപിലെ സത്യസന്ധനായ ഒരു കടയുടമയെ ഡസൻകണക്കിനു പ്രാവശ്യം അറസ്റ്റു ചെയ്യുന്നു, പലയാവർത്തി കോടതിയിൽ ഹാജരാക്കുന്നു. ഭാര്യയിൽനിന്നും അഞ്ചു കുട്ടികളിൽനിന്നും വേർപെടുത്തപ്പെട്ട അദ്ദേഹത്തിന് മൊത്തം ആറിലധികം വർഷം ജയിൽശിക്ഷ അനുഭവിക്കേണ്ടിവരുന്നു. ജപ്പാനിൽ, 42 വിദ്യാർഥികളുള്ള ഒരു ക്ലാസ്സിൽ ഒന്നാമനും സദ്സ്വഭാവിയും ആയിരുന്നിട്ടും 17 വയസ്സുള്ള ഒരു വിദ്യാർഥിയെ സ്കൂളിൽനിന്നു പുറത്താക്കുന്നു. ഫ്രാൻസിൽ, ഉത്സാഹത്തോടെയും മനസ്സാക്ഷിപൂർവകവും ജോലി ചെയ്യുന്നവർ ആയിരുന്നിട്ടും, അനേകം തൊഴിലാളികളെ യാതൊരു മുന്നറിയിപ്പുമില്ലാതെ പിരിച്ചുവിടുന്നു. ഏതു പൊതുവായ കാരണത്താലാണ് ഇവർക്ക് വാസ്തവത്തിൽ ഇങ്ങനെ സംഭവിച്ചത്?
2 അവരെല്ലാം യഹോവയുടെ സാക്ഷികളാണ്. അവരുടെ “കുറ്റം”? അടിസ്ഥാനപരമായി, അവർ തങ്ങളുടെ മതവിശ്വാസങ്ങൾക്കു ചേർച്ചയിൽ ജീവിക്കുന്നു എന്നതാണ്. യേശുക്രിസ്തുവിന്റെ പഠിപ്പിക്കലുകളോടുള്ള അനുസരണത്തിൽ, ആ കടയുടമ മറ്റുള്ളവരുമായി വിശ്വാസം പങ്കുവെക്കുന്നുണ്ടായിരുന്നു. (മത്തായി 28:19, 20) മുഖ്യമായും, ഒരു പഴയ ഗ്രീക്കു നിയമം അനുസരിച്ചായിരുന്നു അദ്ദേഹം കുറ്റം വിധിക്കപ്പെട്ടത്. പ്രസ്തുത നിയമം അനുസരിച്ച് മതപരിവർത്തനം കുറ്റകരമായിരുന്നു. ബൈബിൾ പരിശീലിത മനസ്സാക്ഷി അനുസരിച്ച് നിർബന്ധിത കെൻഡോ (ജപ്പാനിലെ വാൾപ്പയറ്റ്) പരിശീലന ക്ലാസ്സിൽ പങ്കെടുക്കാൻ വിസമ്മതിച്ചതിനാണ് ആ വിദ്യാർഥി പുറത്താക്കപ്പെട്ടത്. (യെശയ്യാവു 2:4) ഫ്രാൻസിൽ ജോലിയിൽനിന്നു പിരിച്ചുവിടപ്പെട്ടവരോട് അതിനുള്ള ഒരേയൊരു കാരണമായി പറഞ്ഞത് അവർ യഹോവയുടെ സാക്ഷികൾ ആയി തങ്ങളെത്തന്നെ തിരിച്ചറിയിക്കുന്നു എന്നതാണ്.
3. മിക്ക യഹോവയുടെ സാക്ഷികൾക്കും മറ്റു മനുഷ്യരിൽനിന്നു വലിയ ഉപദ്രവമുണ്ടാകുന്നത് വളരെ അപൂർവമായിരിക്കുന്നത് എന്തുകൊണ്ട്?
3 ചില രാജ്യങ്ങളിൽ യഹോവയുടെ സാക്ഷികൾക്ക് ഈയിടെ അത്തരം കഠിനമായ അനുഭവങ്ങൾ നേരിട്ടിട്ടുണ്ടെങ്കിലും, മറ്റു മനുഷ്യരിൽനിന്ന് വലിയ ഉപദ്രവമുണ്ടാകുന്നത് വളരെ അപൂർവമാണ്. ലോകവ്യാപകമായി യഹോവയുടെ ജനം നല്ല നടത്തയ്ക്ക് പേരുകേട്ടവർ ആണ്—അത് അവരെ ദ്രോഹിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഒരു പ്രതിബന്ധമാണ്. (1 പത്രൊസ് 2:11, 12) അവർ ഗൂഢാലോചനകൾ നടത്തുകയോ ദ്രോഹപ്രവൃത്തികളിൽ ഏർപ്പെടുകയോ ചെയ്യുന്നില്ല. (1 പത്രൊസ് 4:15) മറിച്ച്, ഒന്നാമത് ദൈവത്തിനും പിന്നെ ലൗകിക ഗവൺമെന്റുകൾക്കും കീഴടങ്ങിയിരിക്കണമെന്ന ബൈബിൾ ബുദ്ധ്യുപദേശത്തിനു ചേർച്ചയിൽ ജീവിക്കാൻ അവർ ശ്രമിക്കുന്നു. അവർ നിയമം അനുശാസിക്കുന്ന നികുതി കൊടുക്കുകയും “സകലമനുഷ്യരോടും സമാധാനമായിരി”ക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. (റോമർ 12:18; 13:6, 7; 1 പത്രൊസ് 2:13-17) തങ്ങളുടെ ബൈബിൾ വിദ്യാഭ്യാസ വേലയിലൂടെ, അവർ നിയമങ്ങളോടും കുടുംബമൂല്യങ്ങളോടും ധാർമികതയോടുമുള്ള ആദരവ് വളർത്തിയെടുക്കുന്നു. നിയമാനുസാരികളായ പൗരന്മാർ ആയതിനാൽ അനേകം ഗവൺമെന്റുകൾ അവരെ പ്രശംസിച്ചിട്ടുണ്ട്. (റോമർ 13:3) എങ്കിലും, പ്രാരംഭ ഖണ്ഡിക സൂചിപ്പിക്കുന്നതുപോലെ, ചിലപ്പോഴെല്ലാം അവർ എതിർപ്പിന് ഇരയായിട്ടുണ്ട്—ചില രാജ്യങ്ങളിൽ ഗവൺമെന്റ് അവരുടെമേൽ നിരോധനം പോലും ഏർപ്പെടുത്തിയിരിക്കുന്നു. അതു നമ്മെ അത്ഭുതപ്പെടുത്തണമോ?
ശിഷ്യത്വത്തിന്റെ “ചെലവ്”
4. യേശു പറയുന്നപ്രകാരം, അവന്റെ ശിഷ്യൻ ആയിത്തീരുന്നതോടെ ഒരുവന് എന്തു പ്രതീക്ഷിക്കാവുന്നതാണ്?
4 തന്റെ ശിഷ്യൻ ആയിരിക്കുന്നതിൽ എന്ത് ഉൾപ്പെട്ടിരിക്കുന്നു എന്ന് യേശുക്രിസ്തു വ്യക്തമാക്കിയിട്ടുണ്ട്. അവൻ തന്റെ അനുഗാമികളോട് പറഞ്ഞു: “ദാസൻ യജമാനനെക്കാൾ വലിയവനല്ല . . . അവർ എന്നെ പീഡിപ്പിച്ചെങ്കിൽ നിങ്ങളെയും പീഡിപ്പിക്കും.” യേശു “കാരണം കൂടാതെ” ദ്വേഷിക്കപ്പെട്ടു. (യോഹന്നാൻ 15:18-20, 25, NW; സങ്കീർത്തനം 69:4; ലൂക്കൊസ് 23:22) അതുതന്നെ അവന്റെ ശിഷ്യന്മാർക്കും പ്രതീക്ഷിക്കാമായിരുന്നു—ന്യായരഹിതമായ എതിർപ്പ്. ഒന്നിലധികം സന്ദർഭങ്ങളിൽ അവൻ അവർക്ക് ഈ മുന്നറിയിപ്പ് കൊടുത്തു: “നിങ്ങൾ . . . ദ്വേഷിക്കപ്പെടും.”—മത്തായി 10:22; 24:9, പി.ഒ.സി. ബൈ.
5, 6. (എ) യേശു ഭാവി ശിഷ്യന്മാരോട് ശിഷ്യത്വത്തിന്റെ ‘ചെലവ് കണക്കുകൂട്ടിനോക്കാൻ’ ആവശ്യപ്പെട്ടത് എന്തുകൊണ്ട്? (ബി) അപ്പോൾ, എതിർപ്പു നേരിടുമ്പോൾ നാം പകച്ചുപോകരുതാത്തത് എന്തുകൊണ്ട്?
5 അതുകൊണ്ട്, യേശു ഭാവിശിഷ്യന്മാരോട് ശിഷ്യത്വത്തിന്റെ “ചെലവ് . . . കണക്കുകൂട്ടിനോക്കാ”ൻ ആവശ്യപ്പെടുകയുണ്ടായി. (ലൂക്കൊസ് 14:28, പി.ഒ.സി. ബൈ.) എന്തുകൊണ്ട്? അവന്റെ അനുഗാമികൾ ആയിത്തീരണമോ വേണ്ടയോ എന്നു തീരുമാനിക്കാനല്ല, മറിച്ച് അതിൽ ഉൾപ്പെട്ടിരിക്കുന്ന സംഗതികൾ നിവർത്തിക്കാൻ ദൃഢനിശ്ചയം ചെയ്യുന്ന കാര്യമാണ് ഉദ്ദേശിക്കുന്നത്. പ്രസ്തുത പദവിയുമായി ബന്ധപ്പെട്ട് എന്തു പരിശോധനകളോ പ്രയാസങ്ങളോ നേരിട്ടാലും അതു സഹിച്ചുനിൽക്കാൻ നാം തയ്യാറായിരിക്കണം. (ലൂക്കൊസ് 14:27) ക്രിസ്തുവിന്റെ അനുഗാമി എന്ന നിലയിൽ യഹോവയെ സേവിക്കാൻ ആരും നമ്മെ നിർബന്ധിക്കുന്നില്ല. അത് ഐച്ഛികമായ ഒരു തീരുമാനം ആണ്; അത് പരിജ്ഞാനത്തിൽ അധിഷ്ഠിതമായ ഒരു തീരുമാനം ആണ്. ദൈവവുമായി ഒരു സമർപ്പിത ബന്ധത്തിലേക്കു പ്രവേശിക്കുന്നതിന്റെ ഫലമായി അനുഗ്രഹങ്ങൾ ലഭിക്കും എന്നു മാത്രമല്ല നാം “ദ്വേഷിക്കപ്പെടു”മെന്നും നമുക്കു മുന്നമേ അറിയാം. അതുകൊണ്ട് എതിർപ്പു നേരിടുമ്പോൾ നാം പകച്ചുപോകുന്നില്ല. നാം ‘ചെലവ് കണക്കുകൂട്ടിനോക്കി’യിട്ടുണ്ട്, അതു വഹിക്കാൻ നാം പൂർണമായും തയ്യാറാണ്.—1 പത്രൊസ് 4:12-14.
6 ചില ഗവൺമെന്റ് അധികാരികൾ ഉൾപ്പെടെ, പലരും സത്യക്രിസ്ത്യാനികളെ എതിർക്കാൻ ആഗ്രഹിക്കുന്നത് എന്തുകൊണ്ട്? ഉത്തരത്തിനുവേണ്ടി, പൊ.യു. ഒന്നാം നൂറ്റാണ്ടിലെ രണ്ടു മതവിഭാഗങ്ങളുടെ കാര്യം പരിശോധിക്കുന്നത് സഹായകമാണ്. രണ്ടും ദ്വേഷിക്കപ്പെട്ടു, എന്നാൽ രണ്ടു കാരണങ്ങളാൽ ആയിരുന്നു.
ദ്വേഷിക്കുന്നവരും ദ്വേഷിക്കപ്പെടുന്നവരും
7, 8. ഏതു പഠിപ്പിക്കലുകൾ വിജാതീയരോടുള്ള വിദ്വേഷം പ്രതിഫലിപ്പിച്ചു, തത്ഫലമായി യഹൂദന്മാർക്കിടയിൽ എന്തു മനോഭാവം വികാസം പ്രാപിച്ചു?
7 പൊ.യു. ഒന്നാം നൂറ്റാണ്ട് ആയപ്പോഴേക്കും, ഇസ്രായേൽ റോമൻ ഭരണത്തിൻ കീഴിൽ ആയിത്തീർന്നു. യഹൂദമതവ്യവസ്ഥിതിയായ യഹൂദമതം പൊതുവേ ശാസ്ത്രിമാരെയും പരീശന്മാരെയും പോലുള്ള നേതാക്കന്മാരുടെ ഉരുക്കുമുഷ്ടിയിൽ അമർന്നിരുന്നു. (മത്തായി 23:2-4) മതഭ്രാന്തരായ ഈ നേതാക്കന്മാർ ജാതികളിൽനിന്നുള്ള വേർപാടിനെ കുറിച്ചുള്ള മോശൈക ന്യായപ്രമാണ തത്ത്വങ്ങൾ വളച്ചൊടിച്ച് യഹൂദേതരരോട് വെറുപ്പ് തോന്നുന്ന സ്ഥിതിവിശേഷം ഉളവാക്കി. അങ്ങനെ അത് വിജാതീയരോട് വിദ്വേഷം വളർത്തുന്ന ഒരു മതത്തെ ഉളവാക്കുകയും തത്ഫലമായി വിജാതീയരുടെ വിദ്വേഷം വിളിച്ചുവരുത്തുകയും ചെയ്തു.
8 യഹൂദ നേതാക്കന്മാരെ സംബന്ധിച്ചിടത്തോളം, പ്രസംഗത്തിലൂടെ വിജാതീയരോട് വിദ്വേഷം വളർത്തിക്കൊണ്ടുവരുക ബുദ്ധിമുട്ടായിരുന്നില്ല. കാരണം, ആ കാലത്ത് യഹൂദർ വിജാതീയരെ നികൃഷ്ട സൃഷ്ടികളായാണ് വീക്ഷിച്ചിരുന്നത്. വിജാതീയരെ “അശ്ലീല വാസനയുള്ളവരായി സംശയിച്ചിരുന്ന”തിനാൽ ഒരു യഹൂദ സ്ത്രീ ഒരിക്കലും വിജാതീയരോടൊപ്പം തനിച്ച് ആയിരിക്കാൻ പാടില്ലെന്നു മതനേതാക്കന്മാർ പഠിപ്പിച്ചു. “അവരെ രക്തം ചിന്തുന്നവർ ആയി സംശയിച്ചിരുന്ന”തിനാൽ, ഒരു യഹൂദൻ “അവരോടൊപ്പം തനിച്ചായിരിക്കാൻ” പാടില്ലായിരുന്നു. ഒരു വിജാതീയൻ കറന്ന പാൽ യഹൂദർ ഉപയോഗിക്കണമെങ്കിൽ, അത് ഒരു യഹൂദന്റെ സാന്നിധ്യത്തിൽ കറന്നതായിരിക്കണമായിരുന്നു. നേതാക്കന്മാരുടെ സ്വാധീനഫലമായി, യഹൂദന്മാർ പരമാവധി തങ്ങളിലേക്കുതന്നെ ഒതുങ്ങിക്കൂടിക്കൊണ്ട് മറ്റുള്ളവരിൽനിന്ന് അകന്നുനിന്നു.—യോഹന്നാൻ 4:9 താരതമ്യം ചെയ്യുക.
9. യഹൂദേതരരെ കുറിച്ചുള്ള യഹൂദ നേതാക്കന്മാരുടെ പഠിപ്പിക്കലിന്റെ ഫലം എന്തായിരുന്നു?
9 യഹൂദേതരരെ കുറിച്ചുള്ള അത്തരം പഠിപ്പിക്കലുകളുടെ ഫലമായി യഹൂദർക്കും വിജാതീയർക്കും ഇടയിൽ നല്ല ബന്ധം വളർന്നുവന്നില്ല. മനുഷ്യരെ വെറുക്കുന്നവർ ആയിട്ടാണ് വിജാതീയർ യഹൂദരെ വീക്ഷിച്ചത്. യഹൂദർ “മറ്റുള്ളവരെ ശത്രുക്കൾ എന്നപോലെ വിദ്വേഷത്തോടെ വീക്ഷിക്കുന്നു” എന്ന് റോമൻ ചരിത്രകാരനായ ടാസിറ്റസ് (പൊ.യു. 56-നോടടുത്ത് ജനിച്ചു) അവരെ കുറിച്ച് പറയുകയുണ്ടായി. യഹൂദ മതപരിവർത്തിതർ ആയിത്തീർന്ന വിജാതീയർ തങ്ങളുടെ രാജ്യത്തെ തള്ളിപ്പറയാനും കുടുംബത്തെയും സുഹൃത്തുക്കളെയും ഉപേക്ഷിക്കാനും പഠിപ്പിക്കപ്പെട്ടു എന്നും ടാസിറ്റസ് അവകാശപ്പെട്ടു. യഹൂദർ അംഗബലമുള്ളവർ ആയിരുന്നതിനാൽ റോമാക്കാർ പൊതുവേ അവരുടെ നേരേ കണ്ണടയ്ക്കുക ആയിരുന്നു. എന്നാൽ പൊ.യു. 66-ൽ യഹൂദർ പ്രക്ഷോഭം ഉണ്ടാക്കിയപ്പോൾ, റോമാക്കാർ അതിനെ കർശനമായി നേരിടുകയും അവസാനം അത് പൊ.യു. 70-ലെ യെരൂശലേമിന്റെ നാശത്തിൽ കലാശിക്കുകയും ചെയ്തു.
10, 11. (എ) ജാതികളോട് എങ്ങനെ ഇടപെടണം എന്നാണ് ന്യായപ്രമാണം അനുശാസിച്ചിരുന്നത്? (ബി) യഹൂദമതത്തിനു സംഭവിച്ചതിൽനിന്നു നാം പഠിക്കുന്ന പാഠമെന്ത്?
10 വിജാതീയരോടുള്ള ആ വീക്ഷണത്തിന് മോശൈക ന്യായപ്രമാണത്തിൽ വിവരിച്ചിരുന്ന ആരാധനാ രീതിയുമായി ബന്ധമുണ്ടായിരുന്നോ? ജാതികളിൽനിന്ന് വേർപെട്ടിരിക്കാൻ ന്യായപ്രമാണം അനുശാസിച്ചിരുന്നു; എന്നാൽ അത് ഇസ്രായേല്യരെ, വിശേഷിച്ചും അവരുടെ നിർമല ആരാധനയെ, സംരക്ഷിക്കുന്നതിനു വേണ്ടി ആയിരുന്നു. (യോശുവ 23:6-8) എന്നിരുന്നാലും, വിജാതീയരോട്—അവർ ഇസ്രായേലിന്റെ നിയമങ്ങളോട് കടുത്ത ധിക്കാരം കാട്ടാത്തിടത്തോളം കാലം—നീതിയോടെയും നിഷ്പക്ഷമായും ഇടപെടണം എന്നും അതിഥിപ്രിയത്തോടെ അവരെ കൈക്കൊള്ളണം എന്നും ന്യായപ്രമാണം ആവശ്യപ്പെട്ടിരുന്നു. (ലേവ്യപുസ്തകം 24:22) വിജാതീയരോടുള്ള ബന്ധത്തിൽ ന്യായപ്രമാണത്തിൽ വ്യക്തമാക്കിയിരുന്ന ന്യായയുക്തമായ തത്ത്വങ്ങളിൽനിന്നു വ്യതിചലിക്കുകവഴി, യേശുവിന്റെ നാളിലെ മതനേതാക്കന്മാർ ഇതര ജനവിഭാഗങ്ങളെ ദ്വേഷിക്കുന്നതും അതുകൊണ്ടുതന്നെ ദ്വേഷിക്കപ്പെടുന്നതുമായ ഒരു ആരാധനാസമ്പ്രദായം വികസിപ്പിച്ചെടുക്കുകയായിരുന്നു. അവസാനം, ഒന്നാം നൂറ്റാണ്ടിലെ യഹൂദ ജനതയ്ക്ക് യഹോവയുടെ പ്രീതി നഷ്ടമാകുകയും ചെയ്തു.—മത്തായി 23:38, NW.
11 ഇതിൽ നമുക്ക് ഒരു പാഠം ഉണ്ടോ? നിശ്ചയമായും ഉണ്ട്! നാം നീതിമാന്മാരും ശ്രേഷ്ഠരും ആണെന്ന മനോഭാവവും നമ്മുടെ വിശ്വാസം സ്വീകരിച്ചിട്ടില്ലാത്തവരെ പുച്ഛത്തോടെ വീക്ഷിക്കുന്നതും യഹോവയുടെ നിർമല ആരാധനയ്ക്കു ചേരുന്നതല്ല, അവനെ അതു പ്രീതിപ്പെടുത്തുന്നുമില്ല. ഒന്നാം നൂറ്റാണ്ടിലെ വിശ്വസ്ത ക്രിസ്ത്യാനികളുടെ കാര്യം പരിചിന്തിക്കുക. അവർ ക്രിസ്ത്യാനികളല്ലാത്തവരെ ദ്വേഷിക്കുകയോ റോമിന് എതിരെ പ്രക്ഷോഭമുണ്ടാക്കുകയോ ചെയ്തില്ല. എന്നിട്ടും, അവർ ‘ദ്വേഷിക്കപ്പെട്ടു.’ എന്തുകൊണ്ട്? ആരാൽ?
ആദിമ ക്രിസ്ത്യാനികൾ—ആരാൽ ദ്വേഷിക്കപ്പെട്ടു?
12. തന്റെ അനുഗാമികൾക്ക് ക്രിസ്ത്യാനികളല്ലാത്തവരോട് സമനിലയുള്ള ഒരു വീക്ഷണം ഉണ്ടായിരിക്കാൻ യേശു ആഗ്രഹിക്കുന്നു എന്ന് തിരുവെഴുത്തുകൾ വ്യക്തമാക്കുന്നത് എങ്ങനെ?
12 ക്രിസ്ത്യാനികളല്ലാത്തവരെ കുറിച്ച് തന്റെ ശിഷ്യന്മാർക്ക് സമനിലയുള്ള ഒരു വീക്ഷണം ഉണ്ടായിരിക്കണമെന്ന് യേശു ഉദ്ദേശിച്ചിരുന്നു എന്ന് അവന്റെ പഠിപ്പിക്കലുകളിൽനിന്നു വ്യക്തമാണ്. അതേസമയം, തന്റെ അനുഗാമികൾ ലോകത്തിൽനിന്നു വേർപെട്ടിരിക്കണം, അതായത് യഹോവയുടെ നീതിനിഷ്ഠമായ വഴികൾക്കു നിരക്കാത്ത മനോഭാവങ്ങളും നടത്തയും ഒഴിവാക്കണം എന്ന് അവൻ പറഞ്ഞു. യുദ്ധത്തിന്റെയും രാഷ്ട്രീയത്തിന്റെയും കാര്യത്തിൽ അവർ നിഷ്പക്ഷത പാലിക്കണമായിരുന്നു. (യോഹന്നാൻ 17:14, 16) അതേസമയം, ക്രിസ്ത്യാനികളല്ലാത്തവരെ ദ്വേഷിക്കാൻ പ്രോത്സാഹിപ്പിക്കുന്നതിനു പകരം, യേശു അനുഗാമികളോടു പറഞ്ഞത് ‘തങ്ങളുടെ ശത്രുക്കളെ സ്നേഹിപ്പിൻ’ എന്നാണ്. (മത്തായി 5:44) പൗലൊസ് അപ്പൊസ്തലൻ ക്രിസ്ത്യാനികളെ ഇങ്ങനെ ഉദ്ബോധിപ്പിച്ചു: “നിന്റെ ശത്രുവിന്നു വിശക്കുന്നു എങ്കിൽ അവന്നു തിന്മാൻ കൊടുക്ക; ദാഹിക്കുന്നു എങ്കിൽ കുടിപ്പാൻ കൊടുക്ക.” (റോമർ 12:20) ‘നാം എല്ലാവർക്കും നൻമ ചെയ്ക’ എന്നും അവൻ ക്രിസ്ത്യാനികളോടു പറഞ്ഞു.—ഗലാത്യർ 6:10.
13. യഹൂദ മതനേതാക്കന്മാർ ക്രിസ്തുവിന്റെ ശിഷ്യന്മാരോട് കടുത്ത എതിർപ്പു പ്രകടമാക്കിയത് എന്തുകൊണ്ട്?
13 എന്നിട്ടും, താമസിയാതെ ക്രിസ്തുശിഷ്യന്മാർ മൂന്നു കൂട്ടരാൽ ‘ദ്വേഷിക്കപ്പെട്ടു.’ ആദ്യ കൂട്ടർ യഹൂദ മതനേതാക്കന്മാർ ആയിരുന്നു. ക്രിസ്ത്യാനികൾ പെട്ടെന്നുതന്നെ അവരുടെ ശ്രദ്ധാകേന്ദ്രമായതിൽ അതിശയിക്കാനില്ല! ക്രിസ്ത്യാനികൾ ഉയർന്ന ധാർമിക നിലവാരങ്ങളും അചഞ്ചലമായ വിശ്വസ്തതയും ഉള്ളവർ ആയിരുന്നു. മാത്രമല്ല, പ്രത്യാശ ഉണർത്തുന്ന ഒരു സന്ദേശവും അവർ അത്യന്തം തീക്ഷ്ണതയോടെ പ്രചരിപ്പിക്കുന്നുണ്ടായിരുന്നു. ആയിരക്കണക്കിന് ആളുകൾ യഹൂദ മതം ഉപേക്ഷിച്ച് ക്രിസ്ത്യാനിത്വം സ്വീകരിച്ചു. (പ്രവൃത്തികൾ 2:41; 4:4; 6:7) യഹൂദ മതനേതാക്കന്മാരെ സംബന്ധിച്ചിടത്തോളം, യേശുവിന്റെ യഹൂദ ശിഷ്യന്മാർ വെറും വിശ്വാസത്യാഗികൾ ആയിരുന്നു! (പ്രവൃത്തികൾ 13:45 താരതമ്യം ചെയ്യുക.) ക്രിസ്ത്യാനിത്വം തങ്ങളുടെ പാരമ്പര്യങ്ങളെ അസാധുവാക്കുന്നതായി കോപാകുലരായ ആ നേതാക്കന്മാർക്കു തോന്നി. എന്തിന്, വിജാതീയരെ കുറിച്ചുള്ള അവരുടെ കാഴ്ചപ്പാടിന് ക്രിസ്ത്യാനിത്വത്തിൽ ഒരു സ്ഥാനവും ലഭിച്ചില്ല! പൊ.യു. 36 മുതൽ, വിജാതീയർക്ക് ക്രിസ്ത്യാനികൾ ആയിത്തീരാനും ഒരേ വിശ്വാസം പങ്കുവെക്കാനും യഹൂദ ക്രിസ്ത്യാനികളെപ്പോലെതന്നെ അതേ പദവികൾ ആസ്വദിക്കാനും കഴിഞ്ഞു.—പ്രവൃത്തികൾ 10:34, 35.
14, 15. (എ) ക്രിസ്ത്യാനികൾ പുറജാതി ആരാധകരുടെ വിദ്വേഷത്തിനു പാത്രമായത് എന്തുകൊണ്ട്? ഒരു ഉദാഹരണം നൽകുക. (ബി) ആദിമ ക്രിസ്ത്യാനികളെ ‘ദ്വേഷിച്ച’ മൂന്നാമത്തെ കൂട്ടർ ആരായിരുന്നു?
14 രണ്ട്, ക്രിസ്ത്യാനികൾ പുറജാതി ആരാധകരുടെ വിദ്വേഷത്തിനും പാത്രമായി. ഉദാഹരണത്തിന്, പുരാതന എഫെസൊസിൽ അർത്തെമിസ് ദേവിയുടെ വെള്ളികൊണ്ടുള്ള ക്ഷേത്രരൂപങ്ങൾ നിർമിക്കുന്നത് ലാഭകരമായ ഒരു ബിസിനസ് ആയിരുന്നു. എന്നാൽ പൗലൊസ് അവിടെ പ്രസംഗിച്ചപ്പോൾ, അനേകം എഫെസ്യർ പ്രതികരിച്ചു. അവർ അർത്തെമിസ് ദേവിയെ ആരാധിക്കുന്നത് നിർത്തി. തൊഴിൽ ഭീഷണി നേരിട്ട വെള്ളിപ്പണിക്കാർ പ്രക്ഷോഭമുണ്ടാക്കി. (പ്രവൃത്തികൾ 19:24-41) ക്രിസ്ത്യാനിത്വം ബിഥുന്യെയിലേക്ക് (ഇപ്പോഴത്തെ ഉത്തരപശ്ചിമ ടർക്കി) വ്യാപിച്ചപ്പോഴും സമാനമായ സ്ഥിതിവിശേഷം ഉണ്ടായി. പുറജാതി ക്ഷേത്രങ്ങളിൽ ആളില്ലാതായെന്നും ബലിമൃഗങ്ങൾക്കുള്ള കാലിത്തീറ്റയുടെ വിൽപ്പന ഗണ്യമായി കുറഞ്ഞുവെന്നും ബിഥുന്യെ ഗവർണർ പ്ലിനി യംഗർ, ക്രിസ്തീയ ഗ്രീക്കു തിരുവെഴുത്തുകൾ പൂർത്തിയാക്കപ്പെട്ട് ഏറെ താമസിയാതെ, റിപ്പോർട്ടു ചെയ്തു. ക്രിസ്ത്യാനികളുടെ ആരാധന മൃഗബലികൾക്കും വിഗ്രഹങ്ങൾക്കും എതിരായതിനാൽ, അവർക്കു നേരേ കുറ്റാരോപണവും പീഡനവും ഉണ്ടായി. (എബ്രായർ 10:1-9; 1 യോഹന്നാൻ 5:21) വ്യക്തമായും, ക്രിസ്ത്യാനിത്വത്തിന്റെ വ്യാപനം ഹേതുവായി വ്യാപാരവും പണവും നഷ്ടപ്പെട്ട, പുറജാതി ആരാധനയുമായി ബന്ധപ്പെട്ട ചില തത്പര കക്ഷികൾ നിശ്ചയമായും കോപാകുലരായി.
15 മൂന്ന്, ക്രിസ്ത്യാനികൾ ദേശീയവാദികളായ റോമാക്കാരാൽ ‘ദ്വേഷിക്കപ്പെട്ടു.’ ആദ്യമൊക്കെ, ക്രിസ്ത്യാനികൾ ഒരു ചെറുകൂട്ടമാണ്—ഒരുപക്ഷേ മതഭ്രാന്തന്മാരുടെ ഒരു കൂട്ടമാണ്—എന്നാണ് റോമാക്കാർ ധരിച്ചിരുന്നത്. എന്നാൽ കാലം കടന്നുപോയതോടെ, ക്രിസ്ത്യാനി ആണെന്നു പറയുന്നതുപോലും മരണശിക്ഷ അർഹിക്കുന്ന ഒരു കുറ്റമായിത്തീർന്നു. ക്രിസ്തീയ ജീവിതം നയിക്കുന്ന സത്യസന്ധരായ പൗരന്മാർ പീഡനത്തിനും മരണത്തിനും യോഗ്യരായി വീക്ഷിക്കപ്പെട്ടത് എന്തുകൊണ്ട്?
ആദിമ ക്രിസ്ത്യാനികൾ—റോമാ ലോകത്ത് ദ്വേഷിക്കപ്പെട്ടത് എന്തുകൊണ്ട്?
16. ഏതെല്ലാം വിധങ്ങളിൽ ക്രിസ്ത്യാനികൾ ലോകത്തിൽനിന്ന് വിട്ടുനിന്നു, ഇത് അവരെ റോമാ ലോകത്തിനു കൊള്ളരുതാത്തവരാക്കിയത് എന്തുകൊണ്ട്?
16 മുഖ്യമായും, തങ്ങളുടെ മതവിശ്വാസപ്രകാരം ജീവിച്ചതിനാണ് റോമാ ലോകത്ത് ക്രിസ്ത്യാനികൾ ദ്വേഷിക്കപ്പെട്ടത്. ഉദാഹരണത്തിന്, അവർ ലോകത്തിൽനിന്നു വിട്ടുനിന്നു. (യോഹന്നാൻ 15:19) അതുകൊണ്ട് അവർ രാഷ്ട്രീയ സ്ഥാനങ്ങൾ നിരാകരിക്കുകയും സൈന്യത്തിൽ ചേരാൻ വിസമ്മതിക്കുകയും ചെയ്തു. അതിന്റെ ഫലമായി, അവർ “ലോകത്തിനും ജീവിതകാര്യങ്ങൾക്കും കൊള്ളരുതാത്തവരായി വീക്ഷിക്കപ്പെട്ടു” എന്ന് ചരിത്രകാരനായ അഗസ്റ്റസ് നേയാണ്ടർ പറയുന്നു. ലോകത്തിന്റെ ഭാഗമാകാതിരിക്കുന്നതിൽ, ദുഷിച്ച റോമാ ലോകത്തിന്റെ ദുഷ്ട വഴികൾ ഒഴിവാക്കുന്നതും ഉൾപ്പെട്ടിരുന്നു. “ആ ചെറു ക്രിസ്തീയ സമൂഹത്തിന്റെ ഭക്തിയും അന്തസ്സും സുഖത്തിനു പിന്നാലെ ഭ്രാന്തമായ നെട്ടോട്ടം ഓടിയിരുന്ന പുറജാതീയ ലോകത്തിന് മനസ്സാക്ഷിക്കുത്ത് ഉണ്ടാക്കി” എന്ന് ചരിത്രകാരനായ വിൽ ഡ്യുറാൻഡ് പറയുന്നു. (1 പത്രൊസ് 4:3, 4) അലോസരപ്പെടുത്തുന്ന മനസ്സാക്ഷിയെ നിശ്ശബ്ദമാക്കാനായിരുന്നിരിക്കാം റോമാക്കാർ ക്രിസ്ത്യാനികളെ പീഡിപ്പിക്കുകയും വധിക്കുകയും ചെയ്തത്.
17. ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികളുടെ പ്രസംഗവേല ഫലപ്രദമായിരുന്നു എന്ന് എന്തു പ്രകടമാക്കുന്നു?
17 ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികൾ അചഞ്ചലമായ തീക്ഷ്ണതയോടെ ദൈവരാജ്യ സുവാർത്ത പ്രസംഗിച്ചു. (മത്തായി 24:14) പൊ.യു. 60-നോടടുത്ത്, സുവാർത്ത “ആകാശത്തിൻകീഴെ സകലസൃഷ്ടികളുടെയും ഇടയിൽ ഘോഷി”ക്കപ്പെട്ടിരിക്കുന്നു എന്ന് പൗലൊസിനു പറയാൻ കഴിഞ്ഞു. (കൊലൊസ്സ്യർ 1:23) ഒന്നാം നൂറ്റാണ്ടിന്റെ അവസാനമായപ്പോഴേക്കും, യേശുവിന്റെ അനുഗാമികൾ റോമാ സാമ്രാജ്യത്തിലുടനീളം—ഏഷ്യയിലും യൂറോപ്പിലും ആഫ്രിക്കയിലും—ശിഷ്യരെ ഉളവാക്കിയിരുന്നു! “കൈസരുടെ അരമനയിലുള്ള” ചിലരും ക്രിസ്ത്യാനികൾ ആയിത്തീർന്നു. (ഫിലിപ്പിയർ 4:22) ഈ തീക്ഷ്ണമായ പ്രസംഗവേല നീരസമുളവാക്കി. നേയാണ്ടർ പറയുന്നു: “എല്ലാ വിഭാഗക്കാരുടെ ഇടയിലും ക്രിസ്ത്യാനിത്വം പടിപടിയായി വളർന്നു; രാഷ്ട്ര മതത്തിന്റെ നിലനിൽപ്പിന് അതു ഭീഷണിയായി.”
18. ക്രിസ്ത്യാനികൾ യഹോവയ്ക്കു സമ്പൂർണ ഭക്തി നൽകിയതിനാൽ അവർ റോമാ ഗവൺമെന്റിന്റെ അനിഷ്ടത്തിനു പാത്രമായത് എങ്ങനെ?
18 യേശുവിന്റെ അനുഗാമികൾ യഹോവയ്ക്കു സമ്പൂർണ ഭക്തി നൽകിയിരുന്നു. (മത്തായി 4:8-10) മറ്റെന്തിനെക്കാളും ഒരുപക്ഷേ ആരാധനയുടെ ഈ വശമായിരിക്കാം റോമാക്കാരുടെ അനിഷ്ടത്തിന് ഇടയാക്കിയത്. ചക്രവർത്തിയെ ആരാധിക്കുന്നതിൽ പങ്കെടുത്തിരുന്ന ഏതു മതത്തോടും റോമാക്കാർ സഹിഷ്ണുത കാട്ടിയിരുന്നു. ആദിമ ക്രിസ്ത്യാനികൾക്ക് അത്തരം ആരാധനയിൽ പങ്കെടുക്കാൻ സാധിക്കുമായിരുന്നില്ല. തങ്ങൾ റോമാ രാഷ്ട്രത്തിന്റേതിനെക്കാൾ വലിയ അധികാരത്തോട്, യഹോവയാം ദൈവത്തോട്, കണക്കു ബോധിപ്പിക്കേണ്ടവരാണെന്ന് അവർ കരുതിയിരുന്നു. (പ്രവൃത്തികൾ 5:29) തത്ഫലമായി, ഒരു ക്രിസ്ത്യാനി മറ്റെല്ലാ കാര്യങ്ങളിലും എത്ര നല്ല മാതൃകയുള്ള പൗരനായിരുന്നാലും, അയാൾ രാഷ്ട്രത്തിന്റെ ഒരു ശത്രുവായാണ് ഗണിക്കപ്പെട്ടിരുന്നത്.
19, 20. (എ) വിശ്വസ്ത ക്രിസ്ത്യാനികളെ കുറിച്ചു പ്രചരിപ്പിച്ച ദ്രോഹകരമായ ദൂഷണങ്ങൾക്ക് മുഖ്യമായും ഉത്തരവാദികൾ ആരായിരുന്നു? (ബി) ക്രിസ്ത്യാനികൾക്ക് എതിരെ ഏതെല്ലാം വ്യാജ ആരോപണങ്ങൾ ഉയർന്നുവന്നു?
19 റോമാ ലോകത്ത് വിശ്വസ്ത ക്രിസ്ത്യാനികൾ “ദ്വേഷിക്കപ്പെടാ”നിടയായതിന് മറ്റൊരു കാരണവും ഉണ്ടായിരുന്നു: മുഖ്യമായും യഹൂദ മതനേതാക്കൾ അവരെക്കുറിച്ചു പ്രചരിപ്പിച്ച ദ്രോഹകരമായ ദൂഷണങ്ങൾ മിക്കവരും എളുപ്പം വിശ്വസിച്ചു. (പ്രവൃത്തികൾ 17:5-8) പൊ.യു. ഏകദേശം 60-ലോ 61-ലോ പൗലൊസ് റോമിൽ നീറോ ചക്രവർത്തിയാലുള്ള വിചാരണ കാത്തുകഴിയുമ്പോൾ, പ്രമുഖ യഹൂദന്മാർ ക്രിസ്ത്യാനികളെ കുറിച്ച് ഇങ്ങനെ പറഞ്ഞു: “ഈ മതഭേദത്തിന്നു എല്ലായിടത്തും വിരോധം പറയുന്നു എന്നു ഞങ്ങൾ അറിയുന്നു.” (പ്രവൃത്തികൾ 28:22) അവരെ കുറിച്ചുള്ള ദുഷ്പ്രചരണങ്ങൾ നീറോയും നിസ്സംശയമായും കേട്ടിരിക്കണം. പൊ.യു. 64-ൽ, റോമിൽ കനത്ത നാശമുണ്ടാക്കിയ അഗ്നിബാധയ്ക്ക് ആളുകൾ നീറോയെ കുറ്റപ്പെടുത്തിയപ്പോൾ, അതിനോടകംതന്നെ ദുഷിക്കപ്പെട്ടിരുന്ന ക്രിസ്ത്യാനികളെ നീറോ ബലിയാടുകളാക്കി എന്നാണ് റിപ്പോർട്ട്. ഇത് ക്രിസ്ത്യാനികളെ ഉന്മൂലനം ചെയ്യാൻ ഉദ്ദേശിച്ചുകൊണ്ടുള്ള അക്രമാസക്തമായ പീഡനത്തിന്റെ പരമ്പരതന്നെ ഇളക്കിവിട്ടതായി കാണുന്നു.
20 ക്രിസ്ത്യാനികൾക്ക് എതിരെ ഉന്നയിക്കപ്പെട്ട വ്യാജ ആരോപണങ്ങൾ മിക്കപ്പോഴും കരുതിക്കൂട്ടിയുള്ള നുണകളുടെയും അവരുടെ വിശ്വാസങ്ങളെ വളച്ചൊടിച്ചതിന്റെയും ഫലമായിരുന്നു. ഏകദൈവ വിശ്വാസികൾ ആയിരുന്നതിനാലും ചക്രവർത്തിയെ ആരാധിക്കാതിരുന്നതിനാലും, അവർ നിരീശ്വരവാദികൾ ആയി മുദ്രകുത്തപ്പെട്ടു. ക്രിസ്ത്യാനികളല്ലാത്ത ചില കുടുംബാംഗങ്ങൾ തങ്ങളുടെ ക്രിസ്തീയ ബന്ധുക്കളെ എതിർത്തപ്പോൾ, ക്രിസ്ത്യാനികൾ കുടുംബം കലക്കുന്നവർ ആണെന്ന ആരോപണം ഉയർന്നു. (മത്തായി 10:21) അവർ നരഭോജികളാണെന്നും മുദ്രയടിക്കപ്പെട്ടു. കർത്താവിന്റെ സന്ധ്യാഭക്ഷണ സമയത്ത് യേശു ഉച്ചരിച്ച വാക്കുകൾ വളച്ചൊടിച്ചതാണ് ഇത്തരമൊരു ആരോപണം ഉണ്ടാകാൻ കാരണം എന്ന് ചിലർ പറയുന്നു.—മത്തായി 26:26-28.
21. ഏതു രണ്ടു കാരണങ്ങളാലാണു ക്രിസ്ത്യാനികൾ “ദ്വേഷിക്ക”പ്പെട്ടത്?
21 അതുകൊണ്ട്, വിശ്വസ്ത ക്രിസ്ത്യാനികൾ റോമാക്കാരാൽ “ദ്വേഷിക്ക”പ്പെട്ടതിന് അടിസ്ഥാനപരമായി രണ്ടു കാരണങ്ങളാണ് ഉള്ളത്: (1) ബൈബിളധിഷ്ഠിത വിശ്വാസങ്ങളും ആചാരങ്ങളും, (2) അവർക്ക് എതിരായ വ്യാജ ആരോപണങ്ങൾ. കാരണം എന്തായാലും, എതിരാളികൾക്ക് ഒരു ഉദ്ദേശ്യമേ ഉണ്ടായിരുന്നുള്ളൂ—ക്രിസ്ത്യാനിത്വത്തെ അടിച്ചമർത്തുക. തീർച്ചയായും, ക്രിസ്ത്യാനികളുടെ പീഡനത്തിനു പിന്നിലെ പ്രേരണയുടെ യഥാർഥ ഉറവിടം അമാനുഷിക എതിരാളികളായ അദൃശ്യ ദുഷ്ടാത്മ സേനകൾ ആയിരുന്നു.—എഫെസ്യർ 6:12.
22. (എ) യഹോവയുടെ സാക്ഷികൾ ‘എല്ലാവർക്കും നന്മ ചെയ്യാ’ൻ ശ്രമിക്കുന്നു എന്ന് ഏതു ദൃഷ്ടാന്തം പ്രകടമാക്കുന്നു? (11-ാം പേജിലെ ചതുരം കാണുക.) (ബി) അടുത്ത ലേഖനത്തിൽ എന്തു പരിചിന്തിക്കപ്പെടും?
22 ആദിമ ക്രിസ്ത്യാനികളെപ്പോലെ, ആധുനിക നാളിലെ യഹോവയുടെ സാക്ഷികൾ അനേകം നാടുകളിലും “ദ്വേഷിക്കപ്പെട്ടി”രിക്കുന്നു. എങ്കിലും, അവർ സാക്ഷികൾ അല്ലാത്തവരെ ദ്വേഷിക്കുന്നില്ല; അവർ ഒരിക്കലും ഗവൺമെന്റുകൾക്ക് എതിരായി യാതൊരുവിധ ഉപജാപക പ്രവർത്തനവും പ്രോത്സാഹിപ്പിച്ചിട്ടില്ല. നേരേമറിച്ച്, അവർ സാമൂഹികവും വർഗീയവും വംശീയവുമായ എല്ലാ പ്രതിബന്ധങ്ങളെയും മറികടക്കുന്ന യഥാർഥ സ്നേഹം പ്രകടമാക്കുന്നവർ എന്ന് ലോകവ്യാപകമായി ഖ്യാതിയുള്ളവർ ആണ്. അപ്പോൾപ്പിന്നെ അവർ പീഡിപ്പിക്കപ്പെട്ടിരിക്കുന്നത് എന്തുകൊണ്ട്? അവർ എതിർപ്പിനോടു പ്രതികരിക്കുന്നത് എങ്ങനെ? ഈ ചോദ്യങ്ങൾ അടുത്ത ലേഖനത്തിൽ ചർച്ച ചെയ്യുന്നതായിരിക്കും.
[അടിക്കുറിപ്പുകൾ]
This footnote is missing
നിങ്ങൾ എങ്ങനെ ഉത്തരം പറയും?
□ യേശു ഭാവി ശിഷ്യന്മാരോട് ശിഷ്യത്വത്തിന്റെ ചെലവ് കണക്കുകൂട്ടിനോക്കാൻ ആവശ്യപ്പെട്ടത് എന്തുകൊണ്ട്?
□ യഹൂദേതരരെ കുറിച്ചുള്ള അപ്പോഴത്തെ വീക്ഷണം യഹൂദ മതത്തിന്മേൽ എന്തു ഫലമുണ്ടാക്കി, ഇതിൽനിന്നു നാം എന്തു പഠിക്കുന്നു?
□ വിശ്വസ്തരായ ആദിമ ക്രിസ്ത്യാനികൾക്ക് ഏതു മൂന്നു കൂട്ടരിൽനിന്നാണ് എതിർപ്പു നേരിട്ടത്?
□ ഏതു രണ്ടു കാരണങ്ങളാലാണ് റോമാക്കാർ ക്രിസ്ത്യാനികളെ “ദ്വേഷി”ച്ചത്?
[11-ാം പേജിലെ ചതുരം]
‘എല്ലാവർക്കും നന്മ ചെയ്യൽ’
“നാം എല്ലാവർക്കും . . . നൻമചെയ്ക” എന്ന ബൈബിൾ അനുശാസനം അനുസരിക്കാൻ യഹോവയുടെ സാക്ഷികൾ ശ്രമിക്കുന്നു. (ഗലാത്യർ 6:10) സഹായം ആവശ്യമായിവരുന്ന സമയങ്ങളിൽ, തങ്ങളുടെ മതവീക്ഷണങ്ങളില്ലാത്തവരെ സഹായിക്കാൻ അയൽക്കാരോടുള്ള സ്നേഹം അവരെ പ്രചോദിപ്പിക്കുന്നു. ഉദാഹരണത്തിന്, 1994-ൽ റുവാണ്ടയിൽ ദുരന്തങ്ങൾ നടന്നുകൊണ്ടിരിക്കുമ്പോൾ, യൂറോപ്പിൽനിന്നുള്ള സാക്ഷികൾ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സഹായിക്കാനായി ആഫ്രിക്കയിലേക്കു പോകാൻ സന്നദ്ധരായി. സഹായമെത്തിക്കുന്നതിന്റെ ഭാഗമായി സുസംഘടിത ക്യാമ്പുകളും ചികിത്സാ സൗകര്യങ്ങളും പെട്ടെന്നുതന്നെ ഏർപ്പാടാക്കി. ഭക്ഷണം, വസ്ത്രം, പുതുപ്പുകൾ എന്നിവ വൻതോതിൽ വിമാനമാർഗം എത്തിച്ചു. ഈ പ്രദേശത്തെ സാക്ഷികളുടെ എണ്ണത്തിന്റെ മൂന്നിരട്ടിയോളം അഭയാർഥികൾക്ക് ഈ ദുരിതാശ്വാസ പ്രവർത്തനത്തിൽനിന്നു പ്രയോജനം ഉണ്ടായി.
[9-ാം പേജിലെ ചിത്രം]
ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികൾ അചഞ്ചലമായ തീക്ഷ്ണതയോടെ സുവാർത്ത പ്രസംഗിച്ചു