പൊങ്ങച്ചത്തിനെതിരെ ജാഗ്രത
പൊങ്ങച്ചം പറയുന്നത് ഒരു പുണ്യമായിട്ടാണ് പലരും വീക്ഷിക്കുന്നത്. തന്റെ സ്വതസിദ്ധമായ കഴിവുകൾ, സിദ്ധികൾ, നേട്ടങ്ങൾ എന്നിവ മററുള്ളവരെ കാണിക്കാനുള്ള പരാക്രമങ്ങൾ ഇന്ന് ഒരു ഹരമായിരിക്കുകയാണ്. നേട്ടമുണ്ടാകാൻ പൊങ്ങച്ചം കൂടിയേ തീരൂ എന്നു ചിലർ വിശ്വസിക്കുന്നു. അത് ഒരാളുടെ ആത്മാഭിമാനത്തെ ഉയർത്തുന്നുവെന്നാണ് മററു ചിലർക്കു തോന്നുന്നത്. “താഴ്മയെന്ന ഉത്തമ സങ്കൽപ്പം തീർത്തും കാലഹരണപ്പെട്ടിട്ടില്ലെങ്കിലും അതിനെ പഴഞ്ചനായി കാണാൻ തുടങ്ങിയിരിക്കുന്നു” എന്നാണ് ടൈം മാഗസിന്റെ അഭിപ്രായം. “ദൗർഭാഗ്യകരമെന്നുപറയട്ടെ, യാതൊരു കൂസലുമില്ലാതെ പൊങ്ങച്ചം തട്ടിവിടുന്നത് . . . ഏററവും നൂതന ഫാഷനാണ്. ഒരു സുഹൃത്തിനോടോ പരിചയക്കാരനോടോ ഒന്നു സംസാരിച്ചാൽ ഒപ്പം ഇതുമുണ്ടാകും: വമ്പു പറച്ചിൽ” എന്ന് എഴുത്തുകാരനായ ജോഡി ഗേലിൻ അഭിപ്രായപ്പെടുന്നു.
മാതൃകാപുരുഷൻമാരാണ് ഇതിനു വഴിവെച്ചിരിക്കുന്നത്. ഒരു മുൻ ബോക്സിങ് ചാമ്പ്യന്റെ വാക്കുകൾ നിങ്ങൾ ചിലപ്പോൾ കേട്ടിട്ടുണ്ടാവും: “ചരിത്രത്തിലെ ഈ സമയത്തെ ഏററവും മഹാനായ മനുഷ്യൻ ഞാനാണെന്നതിൽ യാദൃച്ഛികമായി യാതൊന്നുമില്ല.” ബീററിൽസ് എന്ന ഗായകസംഘത്തിലെ ഒരു അംഗത്തിന്റെ പ്രസ്താവനയും പരക്കെ അറിയപ്പെടുന്നതാണ്: “ഞങ്ങൾക്കിപ്പോൾ യേശുക്രിസ്തുവിനെക്കാൾ ജനപ്രീതിയുണ്ട്.” അത്തരം അഭിപ്രായപ്രകടനങ്ങൾ നടത്തിയത് നിഷ്കളങ്കമായിട്ടാണ് എന്നാണു ചിലരുടെ അഭിപ്രായം. പക്ഷേ അങ്ങനെ പറയുന്നവരെ മററു ചിലർ വീക്ഷിക്കുന്നത് അനുകരണാർഹമായ ആത്മപ്രശംസയുടെ മാതൃകാപുരുഷൻമാരായിട്ടാണ്.
പൊങ്ങച്ചം നിലനിൽക്കുന്നുവെന്ന സംഗതി ഒരു ചോദ്യമുയർത്തുന്നു: സ്വന്തം സ്വത്തുക്കളെയും കഴിവുകളെയും കുറിച്ചു വീമ്പിളക്കുന്നത് ആരോഗ്യാവഹമാണോ? ഒരാളുടെ നേട്ടങ്ങളിൽ ആഹ്ലാദമുണ്ടാകുന്നതും അടുത്ത സുഹൃത്തുക്കളോടും ബന്ധുക്കളോടും അതേക്കുറിച്ചു പറയുന്നതും തീർച്ചയായും സ്വാഭാവികംതന്നെ. “നിങ്ങൾക്ക് എന്തെങ്കിലും ഉണ്ടെങ്കിൽ അതിനെക്കുറിച്ചു കൊട്ടിഘോഷിക്കണം” എന്ന ചൊല്ലിനു ചേർച്ചയിൽ ജീവിക്കുന്നവരെ സംബന്ധിച്ചോ? ഇനി വേറെ ചിലരുണ്ട്. അവരങ്ങനെ വെട്ടിത്തുറന്നൊന്നും വീമ്പിളക്കാറില്ല. മററുള്ളവർ തങ്ങളുടെ കഴിവുകളെയും നേട്ടങ്ങളെയും കുറിച്ച് അറിയാൻ വേണ്ടതൊക്കെ ഇവർ സൂത്രത്തിൽ ഒപ്പിക്കും. ഇക്കൂട്ടരെ സംബന്ധിച്ചോ? ചിലർ അവകാശപ്പെടുന്നതുപോലെ, അത്തരം ആത്മപ്രശംസ ആരോഗ്യപ്രദവും അത്യാവശ്യവുമാണോ?
ബന്ധങ്ങളിൻമേലുള്ള സ്വാധീനം
മററുള്ളവർ പൊങ്ങച്ചം പറയുമ്പോൾ അതു നിങ്ങളെ എങ്ങനെ ബാധിക്കുന്നുവെന്നു പരിചിന്തിക്കുക. ഉദാഹരണത്തിന്, താഴെക്കാണുന്ന പ്രസ്താവനകളോടു നിങ്ങൾ എങ്ങനെ പ്രതികരിക്കും?
“മററുള്ളവർ എഴുതിയിട്ടുള്ളതിനെക്കാൾ മെച്ചമാണ് ഞാൻ എഴുതാത്ത പുസ്തകങ്ങൾ.”—ഒരു പ്രശസ്ത എഴുത്തുകാരൻ.
“സൃഷ്ടികർമം നടക്കുന്നേരം ഞാൻ അവിടെയുണ്ടായിരുന്നെങ്കിൽ, പ്രപഞ്ചം ഇതിലും നന്നായി ക്രമീകരിക്കുന്നതിനു പററിയ പ്രയോജനപ്രദമായ ചില സൂചനകൾ ഞാൻ കൊടുത്തേനേ.”—മധ്യകാലഘട്ടത്തിലെ ഒരു രാജാവ്.
“ഒരു ദൈവമുണ്ടായിരിക്കുക സാധ്യമല്ല. ഒരുവൻ ഉണ്ടെങ്കിൽ, ഞാൻ അവനല്ലെന്നു ഞാൻ വിശ്വസിക്കില്ല.”—19-ാം നൂററാണ്ടിലെ തത്ത്വചിന്തകൻ.
ഈ അഭിപ്രായപ്രകടനങ്ങൾ നടത്തിയ വ്യക്തികളോട് അടുക്കാൻ നിങ്ങൾക്കു തോന്നുന്നുണ്ടോ? അവരുമായുള്ള കൂട്ടുകെട്ട് ആസ്വദിക്കാനാവുമെന്നു നിങ്ങൾക്കു തോന്നുന്നുണ്ടോ? അതിനുള്ള സാധ്യത കുറവാണ്. കാര്യമായാലും തമാശയായാലും, പൊങ്ങച്ചം പറച്ചിൽ പൊതുവേ ആളുകളെ അസ്വസ്ഥരാക്കുന്നു, അത് അവർക്കു ശല്യമായി തോന്നുന്നു, ചിലപ്പോൾ അത് അവരിൽ അസൂയയും ഉളവാക്കുന്നു. ഇങ്ങനെയൊരു ഫലമാണ് അതു സങ്കീർത്തനക്കാരനായ ആസാഫിൽ ഉളവാക്കിയത്. “ദുഷ്ടൻമാരുടെ സൌഖ്യം കണ്ടിട്ടു എനിക്കു അഹങ്കാരികളോടു അസൂയ തോന്നി” എന്ന് അദ്ദേഹം ഏററുപറഞ്ഞു. (സങ്കീർത്തനം 73:3) തീർച്ചയായും, നമ്മെക്കുറിച്ച് ഒരു മോശമായ ചിന്ത നമ്മുടെ സുഹൃത്തുക്കളിലോ സഹകാരികളിലോ ഉണ്ടാകാൻ നാമാരുംതന്നെ ആഗ്രഹിക്കുന്നില്ല! “സ്നേഹം . . . പൊങ്ങച്ചം പറയുന്നില്ല” എന്ന് 1 കൊരിന്ത്യർ 13:4 [NW] പ്രസ്താവിക്കുന്നു. നമുക്കുണ്ടെന്നു നാം വിചാരിക്കുന്ന സിദ്ധികളെയും സ്വത്തുക്കളെയും കുറിച്ചു വീമ്പിളക്കുന്നതിൽനിന്നു പിൻവലിയാൻ ദൈവിക സ്നേഹവും മററുള്ളവരുടെ വികാരങ്ങളോടുള്ള പരിഗണനയും നമ്മെ പ്രേരിപ്പിക്കും.
ഒരു വ്യക്തി ആത്മനിയന്ത്രണത്തോടെ, താഴ്മയോടെ സംസാരിക്കുമ്പോൾ അദ്ദേഹത്തിന്റെ അടുത്തുള്ളവർക്ക് ആശ്വാസവും അവർക്ക് അവരെക്കുറിച്ചുതന്നെ മതിപ്പും തോന്നുന്നു. ഇത് ഒരു അമൂല്യമായ കഴിവാണ്. “കഴിയുമെങ്കിൽ നീ മററുള്ളയാളുകളെക്കാൾ ജ്ഞാനിയാകുക; എന്നാൽ അങ്ങനെയാണെന്ന് അവരോടു പറയരുത്” എന്ന് ബ്രിട്ടനിലെ രാജ്യഭരണതന്ത്രജ്ഞനായ ലോഡ് ചെസ്ററർഫീൽഡ് മകനെ ഉപദേശിച്ചപ്പോൾ അദ്ദേഹത്തിന്റെ മനസ്സിലുണ്ടായിരുന്നത് ഇതായിരുന്നിരിക്കാം.
ആളുകൾക്ക് ഒരേ കഴിവുകളല്ല ഉള്ളത്. ഒരാൾക്ക് അനായാസമായ ഒരു സംഗതി മറെറാരാൾക്ക് അത്ര എളുപ്പമായിരിക്കണമെന്നില്ല. തന്റെയത്ര കഴിവില്ലാത്തവരുമായി സഹതാപപൂർവം ഇടപെടാൻ സ്നേഹം ഒരു വ്യക്തിയെ പ്രേരിപ്പിക്കും. മറേറ വ്യക്തിക്കു മററു തലങ്ങളിൽ കഴിവുകളുണ്ടായിരിക്കാനിടയുണ്ട്. അപ്പോസ്തലനായ പൗലോസ് നമ്മോട് ഇങ്ങനെയാണു പറഞ്ഞിരിക്കുന്നത്: “ഭാവിക്കേണ്ടതിന്നു മീതെ ഭാവിച്ചുയരാതെ ദൈവം അവനവന്നു വിശ്വാസത്തിന്റെ അളവു പങ്കിട്ടതുപോലെ സുബോധമാകുംവണ്ണം ഭാവിക്കേണമെന്നു ഞാൻ എനിക്കു ലഭിച്ച കൃപയാൽ നിങ്ങളിൽ ഓരോരുത്തനോടും പറയുന്നു.”—റോമർ 12:3.
പൊങ്ങച്ചം ഉടലെടുക്കുന്നതു ബലഹീനതയിൽനിന്ന്
പൊങ്ങച്ചക്കാരുടെ മുമ്പിൽ അധമത്വഭാവം അനുഭവപ്പെടുന്നതുകൊണ്ട് ചിലയാളുകൾ അത്തരക്കാരിൽനിന്ന് ഒഴിഞ്ഞുമാറുന്നു. എന്നാൽ മററുചിലരുടെ പ്രതികരണം വ്യത്യസ്തമാണ്. പൊങ്ങച്ചക്കാർ അരക്ഷിതരാണെന്ന് അവർ നിഗമനം ചെയ്യുന്നു. പൊങ്ങച്ചക്കാരൻ മററുള്ളവരുടെ കാഴ്ചപ്പാടിൽ തന്റെ വില കളഞ്ഞുകുളിക്കുന്നു എന്നത് ഇതിലെ ഒരു വൈരുദ്ധ്യമാണ്. ഇതിന്റെ കാരണം വിശദമാക്കുകയാണ് എഴുത്തുകാരനായ ഫ്രാങ്ക് ട്രിപ്പട്ട്: “സാധാരണമായി പൊങ്ങച്ചം ഏതെങ്കിലും ദയനീയമായ സ്വകാര്യ ബലഹീനതയെ വിളിച്ചറിയിക്കുന്നുവെന്ന് ഉള്ളിന്റെയുള്ളിൽ സകലർക്കും അറിയാം.” അനേകർക്കും മൂടുപടത്തിന്റെ അകം കാണാം. അതുകൊണ്ട് പൊള്ളയായ ആത്മപ്രശംസയിൽനിന്നു വിട്ടുനിൽക്കുന്നതല്ലേ ബുദ്ധി?
“എന്നാൽ അതു സത്യമാണ്!”
അങ്ങനെയാണ് ആത്മപുകഴ്ചയെ ചിലർ ന്യായീകരിക്കാൻ ശ്രമിക്കുന്നത്. ചില സംഗതികളിൽ തങ്ങൾ വാസ്തവത്തിൽ നിപുണരായതുകൊണ്ട് അങ്ങനെയല്ലെന്നു നടിക്കുന്നത് കാപട്യമായിരിക്കുമെന്നാണ് അവർ ചിന്തിക്കുന്നത്.
എന്നാൽ അവരുടെ പൊങ്ങച്ചം സത്യമാണോ? സ്വയം വിലയിരുത്തൽ ആത്മനിഷ്ഠമായിരിക്കാനാണു സാധ്യത. നമ്മുടെ അസാമാന്യ ഗുണമായി നാം വീക്ഷിക്കുന്നത് മററുള്ളവർക്കു സാധാരണമായി തോന്നിയേക്കാം. കഴിവുണ്ടെന്നു കാണിക്കാൻ ഒരു വ്യക്തി നിർബന്ധിതനായിത്തീരുന്നു എന്ന വസ്തുതതന്നെ അദ്ദേഹം അത്ര മികച്ചവനല്ല—കൊട്ടിഘോഷിക്കാതെ അംഗീകരിക്കപ്പെടാൻത്തക്ക മികച്ചവനല്ലെന്നു പ്രകടമാക്കിയേക്കാം. ആത്മവഞ്ചനയ്ക്കുള്ള ചായ്വു മനുഷ്യനുണ്ടെന്നു ബൈബിൾ പറയുന്നുണ്ട്. “താൻ നിൽക്കുന്നു എന്നു തോന്നുന്നവൻ വീഴാതിരിപ്പാൻ നോക്കിക്കൊള്ളട്ടെ” എന്നാണു ബൈബിളിന്റെ അനുശാസനം.—1 കൊരിന്ത്യർ 10:12.
ഒരു പ്രത്യേക രംഗത്ത് ഒരു വ്യക്തിക്ക് അസാമാന്യ കഴിവുണ്ടെങ്കിൽത്തന്നെ അതു പൊങ്ങച്ചത്തെ ന്യായീകരിക്കുന്നുണ്ടോ? ഇല്ല. കാരണം പൊങ്ങച്ചം മനുഷ്യരെ മഹത്ത്വപ്പെടുത്തുന്നതാണ്. എന്നാൽ കഴിവു ലഭിച്ചിരിക്കുന്നതോ ദൈവത്തിൽനിന്നും. അവനാണു മഹത്ത്വം ലഭിക്കേണ്ടത്. ജൻമസിദ്ധമായി നമുക്കു ലഭിച്ച ഒരു സംഗതിക്കു നാമെന്തിനു മഹത്ത്വമെടുക്കണം? (1 കൊരിന്ത്യർ 4:7) മാത്രവുമല്ല, നമുക്കു കഴിവുള്ളതുപോലെതന്നെ കുറവുകളുമുണ്ട്. നമ്മുടെ കുററങ്ങൾക്കും കുറവുകൾക്കും ശ്രദ്ധ ലഭിക്കണമെന്നു സത്യസന്ധത ആവശ്യപ്പെടുന്നുണ്ടോ? പൊങ്ങച്ചക്കാർ ആരുംതന്നെ അങ്ങനെ ചിന്തിക്കുന്നുവെന്നു തോന്നുന്നില്ല. ഹെരോദ് അഗ്രിപ്പ I-ാമൻ വാസ്തവത്തിൽ പ്രതിഭാസമ്പന്നനായ ഒരു പ്രസംഗകനായിരുന്നിരിക്കാം. എന്നിട്ടും താഴ്മ കാണിക്കാഞ്ഞതു നിമിത്തം വളരെ മോശമായ ഒരു മരണമാണ് അദ്ദേഹത്തിനു സംഭവിച്ചത്. അനേകം മനുഷ്യർക്കു മാത്രമല്ല, ദൈവത്തിനും എത്ര അരുചികരമാണ് അത്തരം മിഥ്യാഭിമാനമെന്ന് ആ വൃത്തികെട്ട സംഭവം പ്രതിഫലിപ്പിക്കുന്നു.—പ്രവൃത്തികൾ 12:21-23.
കഴിവുകളും സിദ്ധികളും പൊതുവേ അനാവശ്യ ആത്മപ്രശംസ കൂടാതെതന്നെ വെളിച്ചത്തുവരുന്നു. മററുള്ളവർ ഒരുവന്റെ ഗുണങ്ങളെയോ നേട്ടങ്ങളെയോ അംഗീകരിച്ചു പ്രശംസിക്കുമ്പോൾ അതിനു സ്വീകർത്താവിനെ സംബന്ധിച്ചു കൂടുതൽ രുചിയുണ്ടായിരിക്കും. “നിന്റെ വായല്ല മറെറാരുത്തൻ, നിന്റെ അധരമല്ല വേറൊരുത്തൻ നിന്നെ സ്തുതിക്കട്ടെ” എന്നു സദൃശവാക്യങ്ങൾ 27:2 ജ്ഞാനപൂർവം പറയുന്നു.
നേട്ടത്തിന് അതാവശ്യമോ?
ഇന്നത്തെ മത്സരാത്മക സമൂഹത്തിൽ നേട്ടമുണ്ടാകണമെങ്കിൽ കൽപ്പിച്ചുകൂട്ടിയുള്ള ആത്മപുകഴ്ച അത്യാവശ്യമാണെന്നാണ് ചിലരുടെ തോന്നൽ. തങ്ങളുടെ കഴിവുകളെക്കുറിച്ചു പറഞ്ഞുപരത്തുന്നില്ലെങ്കിൽ തങ്ങൾ ശ്രദ്ധിക്കപ്പെടാതെ, വിലമതിക്കപ്പെടാതെ പോകുമെന്ന് അവർ വേവലാതിപ്പെടുന്നു. അവരുടെ ഈ മനോഭാവത്തെ പ്രതിനിധാനം ചെയ്യുന്നതാണ് വോഗ് മാഗസിനിലെ ഈ ആശയം: “താഴ്മ ഒരു പുണ്യമാണെന്ന് പണ്ടൊക്കെ നമ്മെ പഠിപ്പിക്കുമായിരുന്നു. എന്നാൽ ഇപ്പോൾ നാം മനസ്സിലാക്കുന്നു മൗനത്തിന് ഒരു വൈകല്യമാകാനേ കഴിയൂ എന്ന്.”
ഈ ലോകത്തിന്റെ നിലവാരങ്ങളനുസരിച്ചു പുരോഗതി നേടാൻ ആഗ്രഹിക്കുന്നവർക്ക് അതിനുതക്ക ഉത്കണ്ഠയുണ്ടാകാം. എന്നാൽ ക്രിസ്ത്യാനിയുടെ സാഹചര്യത്തിനു വ്യത്യാസമുണ്ട്. വലിമയുള്ളവരുടെയല്ല, താഴ്മയുള്ളവരുടെ കഴിവുകൾ ഉപയോഗപ്പെടുത്താൻ ദൈവത്തിനു ശ്രദ്ധയുണ്ടെന്നും അവൻ അങ്ങനെ തീരുമാനിക്കുമെന്നും അയാൾക്ക് അറിയാം. അതുകൊണ്ട്, സ്വാർഥമായ തന്ത്രങ്ങളിൽ ആശ്രയിക്കേണ്ടയാവശ്യം ഒരു ക്രിസ്ത്യാനിക്കില്ല. രണ്ടുംകൽപ്പിച്ചുള്ള പ്രവർത്തനംകൊണ്ടോ ഉപായങ്ങൾ ആവിഷ്കരിച്ചുകൊണ്ടോ അമിത ആത്മവിശ്വാസിയായ ഒരു വ്യക്തി താത്കാലികമായി അന്തസ്സ് നേടിയെടുത്തേക്കാം. പക്ഷേ, സമയം വരുമ്പോൾ അതൊക്കെ വെളിച്ചത്താവും, അയാൾ താഴ്ത്തപ്പെടും, ചിലപ്പോൾ ലജ്ജിതനാക്കപ്പെടുകപോലും ചെയ്തേക്കാം. അതു യേശുക്രിസ്തു പ്രസ്താവിച്ചതുപോലെയാണ്: “തന്നെത്താൻ ഉയർത്തുന്നവൻ എല്ലാം താഴ്ത്തപ്പെടും; തന്നെത്താൻ താഴ്ത്തുന്നവൻ എല്ലാം ഉയർത്തപ്പെടും.”—മത്തായി 23:12; സദൃശവാക്യങ്ങൾ 8:13; ലൂക്കൊസ് 9:48.
താഴ്മയുടെ പ്രയോജനങ്ങൾ
റാൽഫ് വാൾഡോ എമേഴ്സൻ എഴുതി: “ഞാൻ കണ്ടുമുട്ടുന്ന ഓരോ മനുഷ്യനും ഏതെങ്കിലും വിധത്തിൽ എന്നെക്കാൾ ശ്രേഷ്ഠനാണ്. അതുസംബന്ധിച്ചു ഞാൻ അദ്ദേഹത്തിൽനിന്നു പഠിക്കുന്നു.” ക്രിസ്ത്യാനികൾ “ശാഠ്യത്താലോ ദുരഭിമാനത്താലോ ഒന്നും ചെയ്യാതെ താഴ്മയോടെ ഓരോരുത്തൻ മററുള്ളവനെ തന്നെക്കാൾ ശ്രേഷ്ഠൻ എന്നു എണ്ണിക്കൊള്ള”ണമെന്ന അപ്പോസ്തലനായ പൗലോസിന്റെ നിശ്വസ്ത നിർദേശവുമായി യോജിക്കുന്നതാണ് അദ്ദേഹത്തിന്റെ ഈ അഭിപ്രായം. (ഫിലിപ്പിയർ 2:3) താഴ്മയുള്ള ഈ കാഴ്ചപ്പാട് ഒരുവനെ മററുള്ളവരിൽനിന്നു പഠിക്കാനുള്ള സ്ഥാനത്താക്കിവെക്കുന്നു.
അതുകൊണ്ട്, നിങ്ങളുടെ കഴിവ് നിങ്ങളുടെ ബലഹീനതയാകാതിരിക്കാൻ സൂക്ഷിച്ചുകൊൾവിൻ. പൊങ്ങച്ചം പറഞ്ഞുകൊണ്ട് നിങ്ങളുടെ കഴിവുകൾക്കും നേട്ടങ്ങൾക്കും അപകീർത്തി വരുത്തരുത്. നിങ്ങളുടെ സദ്ഗുണങ്ങളുടെ കൂട്ടത്തിലേക്കു താഴ്മയെന്ന ഗുണവും ചേർക്കുക. മററുള്ളവരുടെ ദൃഷ്ടിയിൽ ഒരുവനു മേൻമ വരുത്തുന്നത് ഇതാണ്. ഇതു സഹമനുഷ്യരുമായി മെച്ചപ്പെട്ട ബന്ധം ആസ്വദിക്കാൻ ഒരുവനെ സഹായിക്കുകയും യഹോവയാം ദൈവത്തിന്റെ അംഗീകാരം കൈവരുത്തുകയും ചെയ്യുന്നു.—മീഖാ 6:8; 2 കൊരിന്ത്യർ 10:18.