യഥാർത്ഥസൗന്ദര്യം നിങ്ങൾക്ക് അത് വളർത്തിയെടുക്കാൻ കഴിയും
ബൈബിളിന് സൗന്ദര്യത്തിന്റെ സംഗതിയിൽ പുരുഷൻമാർക്കും സ്ത്രീകൾക്കും വളരെയധികം ബുദ്ധിയുപദേശമുണ്ട്. പുരുഷൻമാരെ സംബന്ധിച്ച് അത് ഇങ്ങനെ പ്രസ്താവിക്കുന്നു: “യുവാക്കളുടെ സൗന്ദര്യം അവരുടെ ബലമാകുന്നു.” (സദൃശവാക്യങ്ങൾ 20:29) അതെ, യുവാക്കളുടെ ഊർജ്ജിതവും പ്രസരിപ്പും വളരെ ആകർഷകമായിരിക്കാൻ കഴിയും. എന്നാൽ ആ യുവസഹജമായ ഊർജ്ജിതം കുറയുമ്പോൾ എന്തു സംഭവിക്കുന്നു? ബൈബിൾസദൃശവാക്യം ഇങ്ങനെ പറയുന്നു: “നരച്ച തല നീതിമാർഗ്ഗത്തിൽ കാണപ്പെടുമ്പോൾ സൗന്ദര്യത്തിന്റെ ഒരു കിരീടമാകുന്നു.” (സദൃശവാക്യങ്ങൾ 16:31) നീതി ആന്തരികസൗന്ദര്യത്തിന്റെ ഒരു വശമാണ്. ഒരു ചെറുപ്പക്കാരൻ അതു നട്ടുവളർത്തുന്നുവെങ്കിൽ, അവന് ആ ആകർഷകമായ യുവസഹജ ഊർജ്ജിതം നഷ്ടപ്പെടുമ്പോൾ അതു പിന്നെയും ഉണ്ടായിരിക്കും.
സ്ത്രീകളെ സംബന്ധിച്ച് ബൈബിൾ പറയുന്നു: “സൗന്ദര്യം വ്യാജവും അഴക് വ്യർത്ഥവുമായിരിക്കാം; എന്നാൽ യഹോവയെ ഭയപ്പെടുന്ന സ്ത്രീയാണ് തനിക്കായി പ്രശംസ സമ്പാദിക്കുന്നവൾ.” (സദൃശവാക്യങ്ങൾ 31:30) അഴകും സൗന്ദര്യവുമുള്ള ഒരു സ്ത്രീ ഒരു ഉല്ലാസപ്രദയായ സഖിയാണ്. എന്നാൽ ശാരീരികസൗന്ദര്യത്തിനു പിമ്പിൽ കപടഭാവവും സ്വാർത്ഥപൊങ്ങച്ചവും ഒളിഞ്ഞിരിക്കുന്നുണ്ടെങ്കിലോ? അപ്പോൾ സൗന്ദര്യം തൊലിപ്പുറമേയാണ്, അത് ഒരു ആന്തരികവൈരൂപ്യത്തെ മറച്ചുപിടിക്കുന്നു. അഴക് മങ്ങിപ്പോകുമ്പോൾ പിന്നെ ശേഷിക്കുന്നതെന്താണ്? സൗന്ദര്യത്തോടൊപ്പം ‘യഹോവാഭയത്തിൽ വേരൂന്നിയ’ മങ്ങിപ്പോകാത്ത ആന്തരികസൗന്ദര്യവുമുണ്ടെങ്കിൽ എത്രയധികം മെച്ചമായിരിക്കും!
ഒരു വ്യക്തിത്വമാററം
ഈ ആന്തരികസൗന്ദര്യം വളർത്തിയെടുക്കുക സാദ്ധ്യമാണോ? ഉവ്വ്, യഥാർത്ഥത്തിൽ ക്രിസ്ത്യാനികൾക്ക് അത് അത്യാവശ്യമാണ്. ദൈവം യഥാർത്ഥസൗന്ദര്യത്തെ വിലമതിക്കുന്നു. “അവൻ സകലവും അതിന്റെ സമയത്ത് മനോഹരമായി നിർമ്മിച്ചിരിക്കുന്നു.” (സഭാപ്രസംഗി 3:11, റിവൈസഡ സററാൻഡേർഡ വേർഷൻ) അവൻ സ്നേഹരഹിതമായി ആന്തരികഗുണങ്ങളെ തള്ളിക്കളയുന്ന നടത്തയുള്ളവരുടെ ആരാധന സ്വീകരിക്കുകയില്ല.
കൊലോസ്യർക്കുള്ള അപ്പോസ്തലനായ പൗലോസിന്റെ വാക്കുകൾ ഒരു ആന്തരികസൗന്ദര്യം വളർത്തിയെടുക്കേണ്ടതിന്റെ ആവശ്യം സൂചിപ്പിക്കുന്നു. ഒന്നാമതായി അവൻ ഇങ്ങനെ ബുദ്ധിയുപദേശിക്കുന്നു: “അവയെല്ലാം നിങ്ങളിൽനിന്നു നീക്കിക്കളയുക, ക്രോധം, കോപം, വഷളത്വം, അസഭ്യസംസാരം, നിങ്ങളുടെ വായിൽനിന്നുള്ള അശ്ലീലഭാഷണം എന്നിവതന്നെ. അന്യോന്യം വ്യാജം പറയരുത്. പഴയ വ്യക്തിത്വത്തെ അതിന്റെ നടപടികളോടെ ഉരിഞ്ഞുകളയുക.” അതെ, അത്തരം വൃത്തികെട്ട കാര്യങ്ങൾ ചെയ്യുന്ന ഏതൊരുവനും യഹോവക്ക് വെറുപ്പാണ്—ശരിയായ ചിന്തയുള്ള മനുഷ്യർക്കും. അനന്തരം പൗലോസ് തുടരുന്നു: “പുതിയ വ്യക്തിത്വം ധരിക്കുക, അത് അതിനെ സൃഷ്ടിച്ചവന്റെ പ്രതിച്ഛായപ്രകാരം സൂക്ഷ്മപരിജ്ഞാനത്താൽ പുതുക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്.” (കൊലോസ്യർ 3:8-10) നാം ദൈവേഷ്ടത്തോടനുരൂപപ്പെടുന്ന ഒരു ചിന്താരീതിയും വിചാരവും ‘ധരിക്കണം.’ ഈ “പുതിയ വ്യക്തിത്വ”ത്തിന്റെ സ്വഭാവമെന്താണ്?
ക്രിസ്തീയഗുണങ്ങൾ
ബൈബിൾ ക്രിസ്തീയവ്യക്തിത്വം ഉളവാക്കുന്ന അനേകം മനോഹരങ്ങളായ ഗുണങ്ങളെ പട്ടികപ്പെടുത്തുന്നു. എന്നാൽ ഈ ആന്തരികസൗന്ദര്യത്തിന്റെ അടിസ്ഥാനം യേശുവിന്റെ വാക്കുകളിൽ വർണ്ണിക്കപ്പെട്ടിരിക്കുന്നു: “‘നീ നിന്റെ ദൈവമായ യഹോവയെ നിന്റെ മുഴു ഹൃദയത്തോടും നിന്റെ മുഴു ദേഹിയോടും നിന്റെ മുഴു മനസ്സോടും കൂടെ സ്നേഹിക്കണം.’ ഇതാണ് ഏററവും വലിയതും ഒന്നാമത്തേതുമായ കല്പന. അതുപോലെ, രണ്ടാമത്തേത്, ഇതാണ്, ‘നീ നിന്റെ അയൽക്കാരനെ നിന്നെപ്പോലെതന്നെ സ്നേഹിക്കണം.’” (മത്തായി 22:37-39) ദൈവസ്നേഹം ദൈവത്തെ പ്രസാദിപ്പിക്കുന്ന തരം ആളായിരിക്കാൻ ആഗ്രഹിക്കുന്നതിലേക്കു നമ്മെ നയിക്കുന്നു. അങ്ങനെയുള്ള സ്നേഹം അവനെക്കുറിച്ചു മററുള്ളവരോടു സംസാരിക്കാനും, ക്രമത്തിൽ, തങ്ങളുടെ സ്രഷ്ടാവിനെ അറിയാൻ അവരെ സഹായിക്കുന്നതിനും നമ്മെ പ്രേരിപ്പിക്കുന്നു.—യെശയ്യാവ് 52:7.
പുതിയ വ്യക്തിത്വം ഉളവാക്കാൻ ഉതകുന്ന മററു ചില ഗുണങ്ങൾ അപ്പോസ്തലനായ പൗലോസിനാൽ വർണ്ണിക്കപ്പെട്ടിരിക്കുന്നു: “സ്നേഹം, സന്തോഷം, സമാധാനം, ദീർഘക്ഷമ, ദയ, നൻമ, വിശ്വാസം, സൗമ്യത, ആത്മനിയന്ത്രണം. അങ്ങനെയുള്ള കാര്യങ്ങൾക്കെതിരെ നിയമമില്ല.”—ഗലാത്യർ 5:22, 23.
കൂടാതെ, ബൈബിൾ കൃത്യമായി ഭർത്താക്കൻമാരോട് ഇങ്ങനെ പറയുന്നു: “ഒരു ഭർത്താവ് തന്റെ ഭാര്യയുടെ തലയാകുന്നു, ക്രിസ്തുവും സഭയുടെ തലയായിരിക്കുന്നതുപോലെതന്നെ . . . ഭർത്താക്കൻമാരെ, ക്രിസ്തുവും സഭയെ സ്നേഹിക്കുകയും അതിനുവേണ്ടി തന്നേത്തന്നെ ഏല്പിച്ചുകൊടുക്കുകയും ചെയ്തതുപോലെ നിങ്ങളുടെ ഭാര്യമാരെ തുടർന്നു സ്നേഹിക്കുക.” (എഫേസ്യർ 5:23, 25) ഭാര്യമാരോടു ബൈബിൾ പറയുന്നു: “ഭാര്യമാർ കർത്താവിനെന്നപോലെ, തങ്ങളുടെ ഭർത്താക്കൻമാർക്ക് കീഴ്പ്പെട്ടിരിക്കട്ടെ . . . ഭാര്യക്ക് തന്റെ ഭർത്താവിനോട് ആഴമായ ബഹുമാനമുണ്ടായിരിക്കണം.” (എഫേസ്യർ 5:22, 33) ഭർത്താവ് സ്നേഹപൂർവകവും നിസ്വാർത്ഥവും ക്ഷമാപൂർവകവുമായ ഒരു വിധത്തിൽ തന്റെ ഉത്തരവാദിത്വങ്ങൾ നിർവഹിക്കുമ്പോൾ കുടുംബജീവിതം എത്ര ആകർഷകമാണ്! ഭാര്യ സ്നേഹപൂർവം ഭർത്താവിനു പിന്തുണ കൊടുക്കുകയും മത്സരിക്കുകയോ അമിതമായി വിമർശിക്കുകയോ ചെയ്യാതിരിക്കുകയും ചെയ്തുകൊണ്ട് തന്റെ ആന്തരികസൗന്ദര്യം പ്രകടമാക്കുമ്പോൾ ഭർത്താവിന് തന്റെ ഉചിതമായ പങ്കു വഹിക്കുന്നത് എത്രയോ എളുപ്പമാണ്. അങ്ങനെയുള്ള അവസ്ഥകളിലെ കുടുംബജീവിതം യഥാർത്ഥത്തിൽ ഉല്ലാസപ്രദമായിരിക്കാൻ കഴിയും.
മുൻ ലേഖനത്തിൽ ഉദ്ധരിച്ച ദൃഷ്ടാന്തങ്ങൾ പ്രവർത്തനത്തിലിരിക്കുന്ന ഈ ഗുണങ്ങളിൽ ചിലത് കാണിച്ചുതന്നു. ശൂലേമ്യ പെൺകുട്ടി ശലോമോന്റെ കൊട്ടാരത്തിലെ പകിട്ടിനുവേണ്ടി ഇടയബാലനെ ഉപേക്ഷിക്കാൻ വിസമ്മതിച്ചപ്പോൾ അവനോടുള്ള സ്ഥിരതയും അഗാധമായ സ്നേഹവുമാണ് പ്രകടമാക്കിയത്. യോസേഫ് തന്റെ യജമാനനായിരുന്ന പോത്തീഫറിനെതിരെ പാപംചെയ്യാൻ വിസമ്മതിച്ചപ്പോൾ ഒരു ആന്തരികനൻമ പ്രകടമാക്കി. പോത്തീഫറിന്റെ ഭാര്യയാൽ വശീകരിക്കപ്പെടാതെ ഓടിമാറിയപ്പോൾ അവൻ ആത്മനിയന്ത്രണവും പ്രകടമാക്കി. അവൻ തന്റെ ജീവിതത്തിലെ അനേകം പ്രതികൂലസംഭവങ്ങൾ തന്നെ കഠിനനാക്കാൻ വിസമ്മതിച്ചപ്പോൾ അവൻ സൗമ്യതയുടെയും സമാധാനത്തിന്റെയും ദീർഘക്ഷമയുടെയും ദൃഷ്ടാന്തംവെച്ചു.
ഒരു വൃത്തികെട്ട ലോകത്തിലെ സൗന്ദര്യം
അങ്ങനെയുള്ള മനോഹരങ്ങളായ ഗുണങ്ങൾ ഇന്നു പ്രായോഗികമാണോ? അല്ലെന്ന് അനേകർ വിചാരിക്കുന്നു. പകരം, ഒരു കഠിനസ്വഭാവം വികസിപ്പിച്ചെടുത്തുകൊണ്ട് അവർ തങ്ങൾ ജീവിക്കുന്ന സ്വാർത്ഥപ്രകൃതിയുള്ള, അത്യാഗ്രഹമുള്ള, ലോകത്തോടു പ്രതികരിക്കുന്നു. അതിജീവിക്കുന്നതിന് അവർ നിർദ്ദയരും അതിമോഹികളുമായി തൻകാര്യം ഒന്നാമതു കരുതണമെന്നും തങ്ങൾക്കു ലഭിക്കാവുന്നതെല്ലാം പിടിച്ചുപററണമെന്നും അവർ വിചാരിക്കുന്നു.
ഇതിൽനിന്നു വ്യത്യസ്തമായി, ബൈബിൾ ഇങ്ങനെ പ്രോൽസാഹിപ്പിക്കുന്നു: ‘മത്സരത്തിൽനിന്നോ അഹന്തയിൽനിന്നോ യാതൊന്നും ചെയ്യരുത്, എന്നാൽ മനസ്സിന്റെ എളിമയോടെ മററുള്ളവർ നിങ്ങളെക്കാൾ ശ്രേഷ്ഠരാണെന്ന് പരിഗണിക്കുകയും നിങ്ങളുടെ സ്വന്തം കാര്യങ്ങളിൽമാത്രം വ്യക്തിപരമായ താത്പര്യത്തോടെയല്ല, പിന്നെയോ മററുള്ളവരുടേതിലും വ്യക്തിപരമായ താത്പര്യത്തോടെ ദൃഷ്ടിവെക്കുകയുംചെയ്യുക.’ (ഫിലിപ്യർ 2:3, 4) പൊതുമനുഷ്യവർഗ്ഗം ഈ നല്ല ബുദ്ധിയുപദേശം അനുസരിക്കാത്തതുകൊണ്ടാണ് മനുഷ്യവർഗ്ഗം ഇത്ര മോശമായി അധഃപതിക്കുന്നത്.
കൂടാതെ, ഇപ്പോഴത്തെ ലോകത്തിൽ ഒരു വ്യക്തിയുടെ വിജയം പണത്താലോ സ്ഥാനത്താലോ ആണ് അളക്കപ്പെടുന്നത്. ഒരു ധനികനായ മനുഷ്യൻ വിജയശാലിയായി പരിഗണിക്കപ്പെടുന്നു. എന്നിരുന്നാലും, യഥാർത്ഥ മൂല്യങ്ങളെ സംബന്ധിച്ചിടത്തോളം ഒരുവൻ ധനികനാണോ ദരിദ്രനാണോയെന്നത് തികച്ചും അപ്രധാനമാണ്. തീർച്ചയായും, ധനത്തിന് അതിന്റെ അപകടങ്ങളുണ്ട്. ബൈബിൾ ഇങ്ങനെ മുന്നറിയിപ്പ് നൽകുന്നു: “ധനികരാകാൻ ഉറച്ചിരിക്കുന്നവർ പ്രലോഭനത്തിലും ഒരു കെണിയിലും നിരർത്ഥകവും ഹാനികരവുമായ അനേകം ആഗ്രഹങ്ങളിലും നിപതിക്കുന്നു.” അതിങ്ങനെ കൂട്ടിച്ചേർക്കുന്നു: “പണസ്നേഹം സകലതരം ദോഷങ്ങൾക്കും മൂലകാരണമാകുന്നു.”—1 തിമൊഥെയോസ് 6:9, 10.
തീർച്ചയായും, സ്വാർത്ഥരും അത്യാഗ്രഹികളും ധനാസക്തരും നിർദ്ദയരുമായ ആളുകൾ മിക്കപ്പോഴും ഇന്ന് താൽക്കാലികമായ “വിജയം” ആസ്വദിക്കുന്നു. എന്നാൽ അത് യഥാർത്ഥ വിജയമല്ല, എന്തുകൊണ്ടെന്നാൽ അങ്ങനെയുള്ള വൃത്തികെട്ട ജീവിതരീതിയുടെ വില—വ്യക്തിപരമായ അപകീർത്തി, വിവാഹത്തകർച്ചകൾ, അനാരോഗ്യം, പൊതു നിരാശ—വളരെ ഉയർന്നതാണ്. മനുഷ്യൻ ദൈവത്തിന്റെ സാദൃശ്യത്തിലാണ് സൃഷ്ടിക്കപ്പെട്ടത്, എന്നാൽ അവൻ ദൈവം ആദ്യം അവനിൽ നട്ട ഗുണങ്ങളോട് ഇത്ര ഉഗ്രമായി മത്സരിക്കുമ്പോൾ അവന് ഒരിക്കലും വ്യക്തിപരമായ സന്തുഷ്ടി നേടാൻകഴിയുകയില്ല.—ഉല്പത്തി 1:27.
ആന്തരികസൗന്ദര്യം വളർത്തിയെടുക്കൽ
ആ സ്ഥിതിക്ക് നമുക്ക് ഈ ലോകത്തിലെ വഷളായ സ്വാധീനത്തെ ചെറുത്തുനിൽക്കാനും ശ്രേഷ്ഠവും ദൈവികവുമായ ഗുണങ്ങൾ വളർത്തിയെടുക്കാനും എങ്ങനെ കഴിയും? പൗലോസ് ‘സ്നേഹം, സന്തോഷം, സമാധാനം, ദീർഘക്ഷമ, ദയ, നൻമ, വിശ്വാസം, സൗമ്യത, ആത്മനിയന്ത്രണം’ എന്നീ ഗുണങ്ങളെ പട്ടികപ്പെടുത്തിയപ്പോൾ അവൻ അവയെ “ആത്മാവിന്റെ ഫലങ്ങൾ” എന്നു വിളിച്ചു. (ഗലാത്യർ 5:22, 23) അതുകൊണ്ട് നമുക്ക് മനോഹരങ്ങളായ ആന്തരികഗുണങ്ങൾ വികസിപ്പിച്ചെടുക്കാൻ ദൈവാത്മാവ് ആവശ്യമാണ്.
എങ്ങനെ? ശരി, ദൈവാത്മാവിനാൽ നിശ്വസ്തമായ ബൈബിളിന്റെ പഠനം ഈ ഗുണങ്ങളെ തിരിച്ചറിയുന്നതിനും അവ നട്ടുവളർത്താനുള്ള നമ്മുടെ ആഗ്രഹത്തെ ബലിഷ്ഠമാക്കുന്നതിനും നമ്മെ സഹായിക്കും. (2 തിമൊഥെയോസ് 3:16) യഹോവയുടെ സാക്ഷികൾ അങ്ങനെയുള്ള ഒരു പദ്ധതിയിൽ നിങ്ങളെ സഹായിക്കാൻ എപ്പോഴും സന്തോഷമുള്ളവരാണ്, കാരണം ബൈബിൾ പഠിക്കാൻ ആളുകളെ സഹായിക്കുന്നത് തങ്ങളുടെ ശുശ്രൂഷയുടെ ഭാഗമാണെന്ന് അവർ വീക്ഷിക്കുന്നു. സത്യസന്ധമായ ആത്മപരിശോധന നമുക്ക് കുറവുള്ളതെവിടെയെന്നു കാണാൻ നമ്മെ പ്രാപ്തരാക്കും, ഈ മണ്ഡലങ്ങളിൽ ദൈവാത്മാവിന്റെ സഹായത്തിനായി നമുക്കു പ്രാർത്ഥിക്കാൻ കഴിയും. ദൈവത്തിന്റെ സഹാരാധകരുമായുള്ള സഹവാസം നമുക്കാവശ്യമുള്ള സമപ്രായക്കാരുടെ പിന്തുണ നേടിത്തരും, ഇവിടെയും ദൈവാത്മാവു സഹായിക്കും, എന്തുകൊണ്ടെന്നാൽ യേശു പറഞ്ഞതുപോലെ, “എന്റെ നാമത്തിൽ രണ്ടോ മൂന്നോ പേർ കൂടിവരുന്നിടത്ത് അവരുടെ മദ്ധ്യേ ഞാൻ ഉണ്ട്.—മത്തായി 18:20.
ഒരു മനോഹരമായ ലോകം മുമ്പിൽ
സ്വാഭാവികമായി, നമ്മിലാരും നമ്മുടെ അപൂർണ്ണതകളെ പൂർണ്ണമായി തരണംചെയ്യുകയില്ല. എന്നാൽ ഈ ആന്തരിക സൗന്ദര്യം വളർത്തിയെടുക്കാൻ നാം കഠിനശ്രമംചെയ്യുന്നുവെങ്കിൽ ദൈവം നമ്മുടെ ശ്രമങ്ങളെ അനുഗ്രഹിക്കും. അവൻ നമുക്ക് ഒരു അതിശയകരമായ വിധത്തിൽ പ്രതിഫലം നൽകും. ഇപ്പോഴത്തേതിൽനിന്ന് തികച്ചും വ്യത്യസ്തമായ ഒരു പുതിയ വ്യവസ്ഥിതി ആനയിക്കാനുള്ള ദൈവത്തിന്റെ ഉദ്ദേശ്യം ബൈബിൾ നമുക്കുവേണ്ടി രേഖപ്പെടുത്തുന്നു. അതിൽ “നീതിമാൻമാർതന്നെ ഭൂമിയെ കൈവശമാക്കും, അവർ അതിൽ എന്നേക്കും വസിക്കും.” (സങ്കീർത്തനം 37:29) “സൗമ്യതയുള്ളവർ സന്തുഷ്ടരാകുന്നു, എന്തുകൊണ്ടെന്നാൽ അവർ ഭൂമിയെ അവകാശമാക്കും” എന്ന് യേശുതന്നെ പറഞ്ഞു.—മത്തായി 5:5.
ആ കാലത്ത്, ഈ വ്യവസ്ഥിതിയിലെ വൃത്തികെട്ട മത്സരവും സ്വാർത്ഥതയും മാറി തൽസ്ഥാനത്ത് മനോഹരമായ സമാധാനവും ശാന്തിയും കൈവരും. “അവ എന്റെ പർവതത്തിലെങ്ങും യാതൊരു ഉപദ്രവവും ചെയ്യുകയില്ല, അല്ലെങ്കിൽ യാതൊരു നാശവും വരുത്തുകയില്ല; എന്തുകൊണ്ടെന്നാൽ വെള്ളങ്ങൾ സമുദ്രത്തെത്തന്നെ മൂടുന്നതുപോലെ, ഭൂമി യഹോവയെക്കുറിച്ചുള്ള പരിജ്ഞാനംകൊണ്ടു തീർച്ചയായും നിറയും.” (യെശയ്യാവ് 11:9) തീർച്ചയായും, ദൈവം “അവരുടെ കണ്ണുകളിൽനിന്ന് കണ്ണുനീരെല്ലാം തുടച്ചുകളയും, മരണം മേലാൽ ഉണ്ടായിരിക്കയില്ല, വിലാപമോ മുറവിളിയോ വേദനയോ ഇനി ഉണ്ടായിരിക്കയില്ല. മുൻകാര്യങ്ങൾ നീങ്ങിപ്പോയിരിക്കുന്നു.”—വെളിപ്പാട് 21:4.
അങ്ങനെയുള്ള അവസ്ഥകൾ ആകർഷകമായി തോന്നുന്നുണ്ടോ? അന്നത്തെ ഭൂവാസികൾക്ക് ദൈവസ്നേഹത്തിലും അയൽസ്നേഹത്തിലും അധിഷ്ഠിതമായ ഒരു ആന്തരികസൗന്ദര്യം ഉണ്ടായിരിക്കുന്നതുകൊണ്ടുമാത്രമാണ് അത് സാദ്ധ്യമാകുന്നത്. “പുതിയ വ്യക്തിത്വം” നട്ടുവളർത്തിക്കൊണ്ടും ദൈവത്തിന്റെ പ്രമാണങ്ങൾ അനുസരിക്കാൻ കഠിനശ്രമം ചെയ്തുകൊണ്ടും തന്നെ ഇപ്പോൾ സേവിക്കുന്നവർ ആ വാഗ്ദത്തത്തിന്റെ സാക്ഷാത്ക്കാരം കാണുമെന്ന് ദൈവം വാഗ്ദാനംചെയ്തിട്ടുണ്ട്. സൗകുമാര്യത്തിന്, ശാരീരികസൗന്ദര്യത്തിന്, ഒരിക്കലും അങ്ങനെയുള്ള അനുഗ്രഹങ്ങൾ കൈവരുത്താൻ കഴികയില്ല. അപ്പോൾ, ആ ഏറെ സമ്പന്നമായ, ഏറെ നിലനിൽക്കുന്ന, ആന്തരികസൗന്ദര്യം വളർത്തിയെടുക്കുന്നതിന് എന്തു നല്ല കാരണമുണ്ട്, അതാണ് ശരിയായ ചിന്തയുള്ള മനുഷ്യർക്കും ദൈവത്തിനുതന്നെയും വളരെ പ്രസാദകരമായിരിക്കുന്നത്! (w89 2⁄1)
[6-ാം പേജിലെ ചിത്രം]
ശാരീരികമായി ആകർഷകത്വമുള്ള ആളുകൾ സ്വാർത്ഥരും തന്ത്രപൂർവം കാര്യം സാധിക്കുന്നവരും ആയിരിക്കുന്നത് ഒഴിവാക്കണം. പകരം, അവർ ദൈവത്തിനു പ്രസാദമായ ആന്തരികസൗന്ദര്യം വളർത്തിയെടുക്കണം