പുതിയ വ്യക്തിത്വം ധരിക്കുക, അതു നഷ്ടമാകാതെ നോക്കുക
“പുതിയ വ്യക്തിത്വം ധരിക്കുക.”—കൊലോ. 3:10.
1, 2. (എ) പുതിയ വ്യക്തിത്വം ധരിക്കാൻ നമുക്കു കഴിയുമെന്നു പറയുന്നത് എന്തുകൊണ്ട്? (ബി) കൊലോസ്യർ 3:10-14 വരെയുള്ള വാക്യങ്ങളിൽ പുതിയ വ്യക്തിത്വത്തിന്റെ ഏതൊക്കെ വശങ്ങളെക്കുറിച്ചാണു പറയുന്നത്?
“പുതിയ വ്യക്തിത്വം.” വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരത്തിൽ ഈ പദപ്രയോഗം രണ്ടു പ്രാവശ്യം പ്രത്യക്ഷപ്പെടുന്നുണ്ട്. (എഫെ. 4:24; കൊലോ. 3:10) ‘ദൈവത്തിന്റെ ഇഷ്ടമനുസരിച്ച് സൃഷ്ടിക്കപ്പെട്ട’ ഒരു വ്യക്തിത്വത്തെയാണ് അതു കുറിക്കുന്നത്. അത്തരം പുതിയ വ്യക്തിത്വം വളർത്തിയെടുക്കുന്നതു നമ്മളെക്കൊണ്ട് കഴിയുന്ന കാര്യമാണോ? അതെ. എന്തുകൊണ്ടാണ് അങ്ങനെ പറയുന്നത്? കാരണം, യഹോവ തന്റെ ഛായയിലാണു മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ മനുഷ്യർക്ക് യഹോവയുടെ മനോഹരമായ ഗുണങ്ങൾ അനുകരിക്കാൻ കഴിയും.—ഉൽപ. 1:26, 27; എഫെ. 5:1.
2 എങ്കിലും, നമ്മുടെ ആദ്യമാതാപിതാക്കളിൽനിന്ന് കൈമാറിക്കിട്ടിയ അപൂർണത കാരണം നമുക്കെല്ലാം ഇടയ്ക്കിടെ തെറ്റായ മോഹങ്ങളുണ്ടായേക്കാം. അതുപോലെ നമ്മുടെ ചുറ്റുപാടുകളും സാഹചര്യങ്ങളും നമ്മളെ സ്വാധീനിക്കാനിടയുണ്ട്. എന്നാൽ, കരുണാപൂർവം യഹോവ തരുന്ന സഹായത്താൽ, യഹോവ ആഗ്രഹിക്കുന്ന തരം വ്യക്തികളാകാൻ നമുക്കു സാധിക്കും. അപ്പോസ്തലനായ പൗലോസ് ദൈവപ്രചോദിതമായി എഴുതിയ പുതിയ വ്യക്തിത്വത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച് ഈ ലേഖനത്തിൽ പഠിക്കുമ്പോൾ അതിനുള്ള നമ്മുടെ ആഗ്രഹം ശക്തമാകും. (കൊലോസ്യർ 3:10-14 വായിക്കുക.) ശുശ്രൂഷയിൽ ഈ ഗുണങ്ങൾ എങ്ങനെ പ്രയോജനം ചെയ്യുമെന്നും നമ്മൾ പഠിക്കും.
“നിങ്ങൾ എല്ലാവരും ഒന്നാണ്”
3. പുതിയ വ്യക്തിത്വത്തിന്റെ ഒരു സവിശേഷത എന്ത്?
3 പുതിയ വ്യക്തിത്വം ധരിക്കാൻ ഉപദേശിച്ചതിനു ശേഷം ആ വ്യക്തിത്വത്തിന്റെ ഒരു പ്രമുഖസവിശേഷതയായി പൗലോസ് എടുത്തുപറഞ്ഞ കാര്യമാണു പക്ഷപാതമില്ലായ്മ. അദ്ദേഹത്തിന്റെ വാക്കുകൾ ഇതായിരുന്നു: “ഇതിൽ ഗ്രീക്കുകാരനെന്നോ ജൂതനെന്നോ ഇല്ല. പരിച്ഛേദനയേറ്റവനെന്നോ പരിച്ഛേദനയേൽക്കാത്തവനെന്നോ ഇല്ല. വിദേശി, സിഥിയൻ, അടിമ, സ്വതന്ത്രൻ എന്നുമില്ല.”a വംശം, രാഷ്ട്രം, സമൂഹത്തിലെ നിലയും വിലയും എന്നിവയുടെ അടിസ്ഥാനത്തിലുള്ള വേർതിരിവിനു ക്രിസ്തീയസഭയിൽ സ്ഥാനമില്ലാത്തത് എന്തുകൊണ്ടാണ്? കാരണം ക്രിസ്തുവിന്റെ യഥാർഥ അനുഗാമികൾ “എല്ലാവരും ഒന്നാണ്.”—കൊലോ. 3:11; ഗലാ. 3:28.
4. (എ) ദൈവദാസർ മറ്റുള്ളവരോട് എങ്ങനെയാണ് ഇടപെടേണ്ടത്? (ബി) ക്രിസ്ത്യാനികളുടെ ഇടയിലെ ഐക്യത്തിന് എന്തു വിലങ്ങുതടിയായേക്കാം?
4 പുതിയ വ്യക്തിത്വം ധരിച്ചവർ സാമൂഹികപശ്ചാത്തലവും വംശവും നോക്കാതെ സഹവിശ്വാസികളോടും മറ്റുള്ളവരോടും ആദരവോടെ ഇടപെടുന്നവരാണ്. (റോമ. 2:11) എന്നാൽ, ലോകത്തിന്റെ ചില ഭാഗങ്ങളിൽ ഇതു വളരെ ബുദ്ധിമുട്ടായിരുന്നേക്കാം. സൗത്ത് ആഫ്രിക്ക ഇതിന് ഒരു ഉദാഹരണമാണ്. ഓരോ വംശത്തിൽപ്പെട്ടവർക്കും ഗവൺമെന്റ് പണ്ടു പ്രത്യേകംപ്രത്യേകം സ്ഥലങ്ങൾ വേർതിരിച്ച് കൊടുത്തിരുന്നു. പണക്കാർ, കറുത്ത വർഗക്കാർ, സങ്കരവംശക്കാർ എന്നിവർക്കായെല്ലാം ഗവൺമെന്റ് അത്തരത്തിൽ സ്ഥലം നീക്കിവെച്ചിരുന്നു. അത്തരം ചില സ്ഥലങ്ങളിലാണ് ആ രാജ്യത്തെ സാക്ഷികളിൽ മിക്കവരും ഇന്നും താമസിക്കുന്നത്. അതുകൊണ്ട് ‘വിശാലതയുള്ളവരാകാൻ’ സഹോദരങ്ങളെ സഹായിക്കാനായി 2013 ഒക്ടോബറിൽ ഭരണസംഘം ഒരു പ്രത്യേകപരിപാടിക്ക് അംഗീകാരം കൊടുത്തു. വ്യത്യസ്തവംശക്കാരായ സഹോദരങ്ങൾക്കു പരസ്പരം അടുത്ത് പരിചയപ്പെടാൻ അവസരമൊരുക്കുന്ന ഒരു ക്രമീകരണമായിരുന്നു അത്. (2 കൊരി. 6:13, അടിക്കുറിപ്പ്) അത് എങ്ങനെയാണു സംഘടിപ്പിച്ചത്?
5, 6. (എ) ഒരു രാജ്യത്ത് ദൈവജനത്തിന് ഇടയിലെ ഐക്യം ശക്തമാക്കാൻ എന്തു ക്രമീകരണമാണു ചെയ്തത്? (ലേഖനാരംഭത്തിലെ ചിത്രം കാണുക.) (ബി) എന്തായിരുന്നു അതിന്റെ പ്രയോജനങ്ങൾ?
5 ചില വാരാന്തങ്ങളിൽ ഈരണ്ടു സഭകൾ ഒരുമിച്ച് കൂടിവരുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്തു. ഭാഷയുടെയും വംശത്തിന്റെയും വേലിക്കെട്ടുകൾ മറികടന്ന് അവർ ഒരുമിച്ച് പ്രസംഗപ്രവർത്തനം നടത്തി, ഒരുമിച്ച് യോഗങ്ങളിൽ പങ്കെടുത്തു, ഭവനങ്ങളിൽ പരസ്പരം ആതിഥ്യമരുളി. നൂറു കണക്കിനു സഭകളാണ് ഈ പരിപാടിയിൽ പങ്കെടുത്തത്. ഈ ക്രമീകരണത്തെക്കുറിച്ച് പുറത്തുള്ളവരിൽനിന്ന് ഉൾപ്പെടെ ബ്രാഞ്ചോഫീസിനു ധാരാളം നല്ല റിപ്പോർട്ടുകൾ ലഭിക്കുകയും ചെയ്തു. ഉദാഹരണത്തിന്, ഒരു മതശുശ്രൂഷകൻ ഇങ്ങനെ പറഞ്ഞു: “ഞാൻ ഒരു സാക്ഷിയല്ല, പക്ഷേ നിങ്ങളുടെ പ്രസംഗപ്രവർത്തനത്തെക്കുറിച്ച് പറയാതിരിക്കാൻ വയ്യ. അത് അത്ര സംഘടിതമാണ്. ഇനി, പല വംശക്കാരായിട്ടും നിങ്ങളെല്ലാം ഒറ്റക്കെട്ടാണ്.” ഈ ക്രമീകരണം സഹോദരങ്ങളെ എങ്ങനെയാണു സ്വാധീനിച്ചത്?
6 ഹൗസ ഭാഷ സംസാരിക്കുന്ന നോമ സഹോദരിക്ക് ഇംഗ്ലീഷ് സഭയിലെ വെള്ളക്കാരായ സഹോദരങ്ങളെ തന്റെ ചെറിയ വീട്ടിലേക്കു ക്ഷണിക്കാൻ ആദ്യമൊക്കെ വലിയ മടിയായിരുന്നു. പക്ഷേ അവരുടെകൂടെ പ്രസംഗപ്രവർത്തനത്തിനു പോകുകയും അവരുടെ വീടുകളിൽ അതിഥിയായി ചെല്ലുകയും ചെയ്തതോടെ സഹോദരിയുടെ മനോഭാവം മാറി. സഹോദരി പറഞ്ഞു: “അവരും നമ്മളെപ്പോലെ സാധാരണമനുഷ്യരാണ്.” പിന്നീട് ഇംഗ്ലീഷ് സഭയ്ക്ക് ആതിഥ്യമരുളാനുള്ള അവസരം നോമ സഹോദരിയുടെ സഭയ്ക്കു കിട്ടിയപ്പോൾ സഹോദരി ഭക്ഷണം ഒരുക്കി അതിഥികളെ വീട്ടിലേക്കു ക്ഷണിച്ചു. അക്കൂട്ടത്തിൽ വെള്ളക്കാരനായ ഒരു മൂപ്പൻ സഹോദരനുമുണ്ടായിരുന്നു. നോമ സഹോദരി പറയുന്നു: “തറയിൽ കിടന്ന ഒരു പ്ലാസ്റ്റിക് പെട്ടിയിൽ ഇരിക്കാൻ ആ സഹോദരൻ തയ്യാറായി. എനിക്ക് അത്ഭുതം തോന്നി.” സൗത്ത് ആഫ്രിക്കയിലെ ഈ ക്രമീകരണം ഇപ്പോഴും തുടർന്നുപോരുന്നു. അതിലൂടെ പല സഹോദരീസഹോദരന്മാർക്കും പുതിയ സുഹൃത്തുക്കളെ കിട്ടിയിരിക്കുന്നു. തങ്ങളുടെ സുഹൃദ്വലയം ഇനിയും വിശാലമാക്കാനാണ് അവരുടെ തീരുമാനം.
‘അനുകമ്പയും ദയയും ധരിക്കുക’
7. നമ്മൾ തുടർന്നും അനുകമ്പയുള്ളവരായിരിക്കേണ്ടത് എന്തുകൊണ്ട്?
7 സാത്താന്റെ ലോകം അവസാനിക്കുന്നതുവരെ നമുക്കു പരിശോധനകളുണ്ടായിക്കൊണ്ടിരിക്കും. തൊഴിലില്ലായ്മയും ഗുരുതരമായ രോഗങ്ങളും ഉപദ്രവങ്ങളും പ്രകൃതിവിപത്തുകളും മറ്റു ബുദ്ധിമുട്ടുകളും നമുക്ക് അനുഭവിക്കേണ്ടിവന്നേക്കാം. കുറ്റകൃത്യങ്ങൾ കാരണം നമ്മുടെ സ്വത്തുക്കൾ നഷ്ടമാകുകയും ചെയ്തേക്കാം. ഇത്തരം കഷ്ടതകളിലും ബുദ്ധിമുട്ടുകളിലും പരസ്പരം സഹായിക്കണമെങ്കിൽ നമുക്ക് ആത്മാർഥമായ അനുകമ്പ കൂടിയേ തീരൂ. അനുകമ്പ അഥവാ മനസ്സലിവ് ഉണ്ടെങ്കിൽ നമുക്കു ദയാപ്രവൃത്തികൾ ചെയ്യാൻ തോന്നും. (എഫെ. 4:32) പുതിയ വ്യക്തിത്വത്തിന്റെ ഈ സവിശേഷതകൾ ദൈവത്തെ അനുകരിക്കാനും മറ്റുള്ളവർക്ക് ആശ്വാസത്തിന്റെ ഒരു ഉറവായിരിക്കാനും നമ്മളെ സഹായിക്കും.—2 കൊരി. 1:3, 4.
8. സഭയിലുള്ള എല്ലാവരോടും അനുകമ്പയും ദയയും കാണിക്കുന്നതുകൊണ്ട് എന്തെല്ലാം പ്രയോജനങ്ങളുണ്ടായേക്കാം? ഒരു ഉദാഹരണം പറയുക.
8 സഭയിലെ അന്യനാട്ടുകാരോടും പാവപ്പെട്ടവരോടും നമുക്ക് എങ്ങനെ കൂടുതൽ ദയയുള്ളവരായിരിക്കാം? അവരെ നമ്മൾ സുഹൃത്തുക്കളാക്കണം. അവർ സഭയ്ക്കു വളരെ വേണ്ടപ്പെട്ടവരാണെന്നു തിരിച്ചറിയാൻ അവരെ സഹായിക്കണം. (1 കൊരി. 12:22, 25) ഫിലിപ്പീൻസിൽനിന്ന് ജപ്പാനിലേക്കു കുടിയേറിയ ഡാനീക്കാളിന്റെ അനുഭവം നോക്കാം. ജോലിസ്ഥലത്ത് സ്വദേശികൾക്കു കിട്ടുന്ന പരിഗണന വിദേശിയായ ഡാനീക്കാളിനു കിട്ടിയില്ല. അങ്ങനെയിരിക്കെ അദ്ദേഹം യഹോവയുടെ സാക്ഷികളുടെ ഒരു യോഗത്തിനു പോയി. അതെക്കുറിച്ച് ഡാനീക്കാൾ ഓർക്കുന്നു: “അവിടെ കൂടിവന്നവരിൽ മിക്കവരും ജപ്പാൻകാരായിരുന്നു. പക്ഷേ അവർ എനിക്ക് ഊഷ്മളമായ സ്വീകരണമാണു തന്നത്. പണ്ടുമുതലേ പരിചയമുള്ളവരെപ്പോലെയാണ് അവരെല്ലാം എന്നോട് ഇടപെട്ടത്.” സഹോദരങ്ങൾ തുടർന്നും കാണിച്ച ദയ ഡാനീക്കാളിനെ സ്വാധീനിച്ചു. ആത്മീയപുരോഗതി വരുത്താൻ അദ്ദേഹത്തെ അതു സഹായിച്ചു. പിന്നീടു സ്നാനമേറ്റ അദ്ദേഹം ഇന്ന് ഒരു മൂപ്പനായി സേവിക്കുന്നു. ഡാനീക്കാളിന്റെ സഹമൂപ്പന്മാർ അദ്ദേഹത്തെയും ഭാര്യ ജെന്നിഫറിനെയും സഭയ്ക്ക് ഒരു അനുഗ്രഹമായിട്ടാണു കാണുന്നത്. അവരെക്കുറിച്ച് മൂപ്പന്മാരുടെ അഭിപ്രായം ഇതാണ്: “മുൻനിരസേവകരായ അവർ വളരെ ലളിതമായിട്ടാണു ജീവിക്കുന്നത്. ദൈവരാജ്യത്തിന് ഒന്നാം സ്ഥാനം കൊടുക്കുന്ന കാര്യത്തിൽ അവർ നല്ലൊരു മാതൃകയാണ്.”—ലൂക്കോ. 12:31.
9, 10. ശുശ്രൂഷയിൽ മറ്റുള്ളവരോട് അനുകമ്പ കാണിക്കുന്നതിന്റെ അനുഗ്രഹങ്ങൾക്കു ചില ഉദാഹരണങ്ങൾ പറയുക.
9 രാജ്യസന്ദേശം മറ്റുള്ളവരുമായി പങ്കുവെക്കുമ്പോഴും ‘ആളുകൾക്കു നന്മ ചെയ്യാൻ’ നമുക്ക് അവസരം കിട്ടും. (ഗലാ. 6:10) തങ്ങളുടെ നാട്ടിലേക്കു കുടിയേറിപ്പാർക്കുന്നവരോട് അനുകമ്പ തോന്നുന്നതുകൊണ്ട് പല സാക്ഷികളും അവരുടെ ഭാഷ പഠിച്ചെടുക്കാൻ ശ്രമിക്കുന്നു. (1 കൊരി. 9:23) അതുകൊണ്ട് വലിയ പ്രയോജനങ്ങളുണ്ടായിട്ടുണ്ട്. ഓസ്ട്രേലിയയിലുള്ള മുൻനിരസേവികയായ റ്റിഫാനി സഹോദരിയുടെ അനുഭവം അതാണു കാണിക്കുന്നത്. ബ്രിസ്ബേൻ നഗരത്തിലെ സ്വാഹിലി ഭാഷാസഭയെ സഹായിക്കുന്നതിനു സഹോദരി ആ ഭാഷ പഠിച്ചു. ഭാഷ പഠിക്കാൻ കുറച്ച് കഷ്ടപ്പെട്ടെങ്കിലും റ്റിഫാനിയുടെ ജീവിതത്തിന് അതു കൂടുതൽ അർഥം പകർന്നു. സഹോദരി പറയുന്നു: “നിങ്ങൾക്കു ശുശ്രൂഷ കൂടുതൽ രസകരമാക്കണമെന്നുണ്ടോ? എങ്കിൽ ഒരു അന്യഭാഷാസഭയോടൊത്ത് സേവിച്ചുനോക്കൂ. സ്വന്തം നഗരം വിടാതെതന്നെ ഒരു യാത്ര പോകുന്നതുപോലെയാണ് അത്. നമ്മുടെ ലോകവ്യാപകസഹോദരകുടുംബം എന്നാൽ എന്താണെന്നും അവരുടെ ഇടയിലെ ഐക്യം എത്ര വിസ്മയകരമാണെന്നും നിങ്ങൾ നേരിട്ട് അറിയും.”
10 ജപ്പാനിലെ ഒരു കുടുംബത്തിന്റെ അനുഭവവും ഇതിന് ഒരു ഉദാഹരണമാണ്. ആ കുടുംബത്തിലെ ഏകമകളായ സാകികോ പറയുന്നു: “1990-കളിൽ, ബ്രസീലിൽനിന്ന് ജപ്പാനിലേക്കു കുടിയേറിയ ധാരാളം ആളുകളെ വയൽസേവനത്തിനിടെ ഞങ്ങൾ കണ്ടുമുട്ടാറുണ്ടായിരുന്നു. പോർച്ചുഗീസ് ഭാഷയിലുള്ള അവരുടെ ബൈബിളിൽനിന്ന് വെളിപാട് 21:3, 4-ഉം അതുപോലെ സങ്കീർത്തനം 37:10, 11, 29-ഉം ഒക്കെ കാണിക്കുമ്പോൾ അവർ നന്നായി ശ്രദ്ധിക്കും. ചിലപ്പോഴൊക്കെ അവരുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നതും കാണാമായിരുന്നു.” അത്തരം ആളുകളോട് ആ കുടുംബം തുടർന്നും അനുകമ്പ കാണിച്ചു. എങ്ങനെ? സാകികോ പറയുന്നു: “അവർക്ക് ആത്മീയവിശപ്പുണ്ടെന്നു കണ്ടപ്പോൾ ഞങ്ങളുടെ കുടുംബം പോർച്ചുഗീസ് ഭാഷ പഠിക്കാൻ തുടങ്ങി.” പിന്നീട് ആ കുടുംബം ഒരു പോർച്ചുഗീസ് സഭ സ്ഥാപിക്കാൻ സഹായിച്ചു. കഴിഞ്ഞുപോയ വർഷങ്ങളിൽ കുടിയേറ്റക്കാരായ അനേകമാളുകളെ യഹോവയുടെ ദാസരാകാൻ അവർ സഹായിച്ചിരിക്കുന്നു. സാകികോ തുടരുന്നു: “പോർച്ചുഗീസ് പഠിച്ചെടുക്കുന്നത് ഇത്തിരി ബുദ്ധിമുട്ടായിരുന്നു. പക്ഷേ ലഭിച്ച അനുഗ്രഹങ്ങളുമായി തട്ടിച്ചുനോക്കുമ്പോൾ ആ കഷ്ടപ്പാടുകളൊന്നും ഒന്നുമല്ല. യഹോവയോട് ഒരുപാടു നന്ദിയുണ്ട്.”—പ്രവൃത്തികൾ 10:34, 35 വായിക്കുക.
‘താഴ്മ ധരിക്കുക’
11, 12. (എ) നമ്മൾ പുതിയ വ്യക്തിത്വം ധരിക്കാൻ ശ്രമിക്കേണ്ടതു നല്ല ആന്തരത്തോടെയായിരിക്കണമെന്നു പറയുന്നത് എന്തുകൊണ്ട്? (ബി) താഴ്മയുള്ളവരായിരിക്കാൻ നമ്മളെ എന്തു സഹായിക്കും?
11 നമ്മൾ പുതിയ വ്യക്തിത്വം ധരിക്കുന്നത് യഹോവയെ മഹത്ത്വപ്പെടുത്താനാണ്, അല്ലാതെ മനുഷ്യരുടെ പ്രശംസ പിടിച്ചുപറ്റാൻവേണ്ടിയല്ല. ഓർക്കുക! അഹങ്കാരം തലയ്ക്കുപിടിച്ചതുകൊണ്ടാണു പൂർണനായിരുന്ന ഒരു ആത്മവ്യക്തിപോലും പാപം ചെയ്തത്. (യഹസ്കേൽ 28:17 താരതമ്യം ചെയ്യുക.) അങ്ങനെയെങ്കിൽ അപൂർണരായ മനുഷ്യരുടെ കാര്യം പറയാനുണ്ടോ! അവർക്ക് അഹങ്കാരവും ധാർഷ്ട്യവും ഒഴിവാക്കാൻ എത്ര ബുദ്ധിമുട്ടായിരിക്കും! എങ്കിലും നമുക്കു താഴ്മ ധരിക്കാൻ സാധിക്കുകതന്നെ ചെയ്യും. അതിനു നമ്മളെ എന്തു സഹായിക്കും?
12 താഴ്മയുള്ളവരായിരിക്കണമെങ്കിൽ, ദൈവവചനത്തിൽനിന്ന് വായിക്കുന്ന കാര്യങ്ങളെക്കുറിച്ച് ധ്യാനിക്കാൻ ദിവസവും സമയം മാറ്റിവെക്കണം. (ആവ. 17:18-20) പ്രത്യേകിച്ച്, യേശുവിന്റെ ഉപദേശങ്ങളെക്കുറിച്ചും താഴ്മയുടെ കാര്യത്തിൽ യേശു വെച്ച അതുല്യമാതൃകയെക്കുറിച്ചും ചിന്തിക്കുന്നതു ഗുണം ചെയ്യും. (മത്താ. 20:28) അപ്പോസ്തലന്മാരുടെ കാലു കഴുകുകപോലും ചെയ്ത വ്യക്തിയാണു യേശു. (യോഹ. 13:12-17) ഇനി, നമ്മൾ മറ്റുള്ളവരെക്കാൾ ഒരു പടി മുകളിലാണ് എന്ന ചിന്ത വളർന്നുവരാതിരിക്കാൻ ദൈവാത്മാവിനുവേണ്ടി കൂടെക്കൂടെ പ്രാർഥിക്കുകയും വേണം.—ഗലാ. 6:3, 4; ഫിലി. 2:3.
13. താഴ്മയുള്ളവരായിരിക്കുന്നതിന്റെ പ്രയോജനങ്ങൾ എന്തെല്ലാം?
13 സുഭാഷിതങ്ങൾ 22:4 വായിക്കുക. എല്ലാ സത്യാരാധകരും താഴ്മയുള്ളവരായിരിക്കണം. അതുകൊണ്ട് ധാരാളം പ്രയോജനങ്ങളുണ്ട്. നമ്മൾ താഴ്മയുള്ളവരാണെങ്കിൽ സഭയിൽ സമാധാനവും ഐക്യവും വളരും. താഴ്മയുണ്ടെങ്കിൽ ദൈവം നമ്മളോട് അനർഹദയ കാണിക്കുകയും ചെയ്യും. അപ്പോസ്തലനായ പത്രോസ് എഴുതി: “താഴ്മ ധരിച്ച് വേണം നിങ്ങൾ അന്യോന്യം ഇടപെടാൻ. കാരണം ദൈവം അഹങ്കാരികളോട് എതിർത്തുനിൽക്കുന്നു; എന്നാൽ താഴ്മയുള്ളവരോട് അനർഹദയ കാട്ടുന്നു.”—1 പത്രോ. 5:5.
‘സൗമ്യതയും ക്ഷമയും ധരിക്കുക’
14. സൗമ്യതയും ക്ഷമയും കാണിക്കുന്നതിൽ ഏറ്റവും നല്ല മാതൃക ആരാണ്?
14 സൗമ്യതയും ക്ഷമയും ഉള്ളവരെ പൊതുവേ ദുർബലരായിട്ടാണു ലോകം കാണുന്നത്. പക്ഷേ ആ ചിന്താഗതി എത്രയോ തെറ്റാണ്. പ്രപഞ്ചത്തിലെ ഏറ്റവും ശക്തനായ വ്യക്തിയാണു മനോഹരമായ ആ ഗുണങ്ങളുടെ ഉറവിടമെന്ന് ഓർക്കുക! സൗമ്യതയുടെയും ക്ഷമയുടെയും അത്യുത്തമമാതൃകയാണ് യഹോവ. (2 പത്രോ. 3:9) യഹോവയുടെ തീരുമാനത്തെ അബ്രാഹാമും ലോത്തും ചോദ്യം ചെയ്തപ്പോൾ യഹോവ എങ്ങനെയാണ് അവരോട് ഇടപെട്ടതെന്ന് ഒന്നു ചിന്തിക്കുക. (ഉൽപ. 18:22-33; 19:18-21) ഇസ്രായേല്യരുടെ കാര്യമോ? അനുസരണംകെട്ട ആ ജനതയോട് 1,500-ലധികം വർഷമാണ് യഹോവ ക്ഷമ കാണിച്ചത്.—യഹ. 33:11.
15. സൗമ്യതയും ക്ഷമയും കാണിക്കുന്നതിൽ യേശു എന്തു മാതൃകയാണു വെച്ചത്?
15 യേശുവും ‘സൗമ്യതയുള്ളവനായിരുന്നു.’ (മത്താ. 11:29) യേശുവിന്റെ അനുഗാമികൾക്കു പല ബലഹീനതകളുണ്ടായിരുന്നെങ്കിലും യേശു അവരോടു വളരെ ക്ഷമയോടെ ഇടപെട്ടു. അതുപോലെ, ഭൂമിയിലെ ശുശ്രൂഷക്കാലത്തുടനീളം മതവൈരികളുടെ അന്യായമായ വിമർശനങ്ങളും യേശുവിനു സഹിക്കേണ്ടിവന്നു. എന്നിട്ടും മരണംവരെ യേശു സൗമ്യതയും ക്ഷമയും കൈവിട്ടില്ല. ദണ്ഡനസ്തംഭത്തിൽ കഠിനവേദനകൊണ്ട് പുളയുമ്പോഴും യേശു പിതാവിനോടു പ്രാർഥിച്ചത്, തന്നെ കൊല്ലാൻ കൂട്ടുനിന്നവരോടു ക്ഷമിക്കാനാണ്. ‘പിതാവേ, ഇവർ ചെയ്യുന്നത് എന്താണെന്ന് ഇവർക്ക് അറിയില്ല’ എന്നാണു യേശു പറഞ്ഞത്. (ലൂക്കോ. 23:34) വേദനയും സമ്മർദവും നിറഞ്ഞ സാഹചര്യത്തിൽപ്പോലും സൗമ്യതയും ക്ഷമയും കാണിച്ചതിന്റെ എത്ര ശ്രദ്ധേയമായ മാതൃക!—1 പത്രോസ് 2:21-23 വായിക്കുക.
16. സൗമ്യതയും ക്ഷമയും കാണിക്കാനാകുന്ന ഒരു വിധം ഏത്?
16 നമുക്ക് എങ്ങനെ സൗമ്യതയും ക്ഷമയും കാണിക്കാം? അതിനുള്ള ഒരു മാർഗത്തെക്കുറിച്ച് പൗലോസ് സഹവിശ്വാസികൾക്ക് എഴുതി: “ഒരാൾക്കു മറ്റൊരാൾക്കെതിരെ എന്തെങ്കിലും പരാതിക്കു കാരണമുണ്ടായാൽത്തന്നെ അതു സഹിക്കുകയും അന്യോന്യം ഉദാരമായി ക്ഷമിക്കുകയും ചെയ്യുക. യഹോവ നിങ്ങളോട് ഉദാരമായി ക്ഷമിച്ചതുപോലെ നിങ്ങളും ക്ഷമിക്കുക.” (കൊലോ. 3:13) സൗമ്യത, ക്ഷമ എന്നീ ഗുണങ്ങളുണ്ടെങ്കിലേ നമുക്ക് ഈ കല്പന അനുസരിക്കാൻ കഴിയൂ എന്നതു ശരിയാണ്. എന്നാൽ നമ്മൾ മറ്റുള്ളവരുടെ തെറ്റുകൾ ക്ഷമിച്ചാൽ അതു സഭയ്ക്കു പ്രയോജനം ചെയ്യുമെന്ന് ഓർക്കുക. അതു സഭയുടെ ഐക്യം വളർത്തുകയും കാത്തുസൂക്ഷിക്കുകയും ചെയ്യും.
17. സൗമ്യതയും ക്ഷമയും പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
17 സൗമ്യതയും ക്ഷമയും ധരിക്കുകയെന്നത് ഒരു ക്രിസ്ത്യാനിക്കു തോന്നിയാൽ മാത്രം ചെയ്യേണ്ട ഒരു കാര്യമല്ല. അതു നമ്മുടെ രക്ഷയ്ക്ക് ഒഴിച്ചുകൂടാനാകാത്തതാണ്. (മത്താ. 5:5; യാക്കോ. 1:21) എന്നാൽ അതിനു പ്രധാനപ്പെട്ട മറ്റു ചില പ്രയോജനങ്ങളുമുണ്ട്. നമുക്ക് ഈ ഗുണങ്ങളുണ്ടെങ്കിൽ അത് യഹോവയെ മഹത്ത്വപ്പെടുത്തും. ഒപ്പം ബൈബിൾസന്ദേശത്തിനു ചെവി കൊടുക്കാൻ മറ്റുള്ളവരെ പ്രേരിപ്പിക്കുകയും ചെയ്യും.—ഗലാ. 6:1; 2 തിമൊ. 2:24, 25.
“സ്നേഹം ധരിക്കുക”
18. സ്നേഹവും പക്ഷപാതമില്ലായ്മയും തമ്മിൽ എന്താണു ബന്ധം?
18 നമ്മൾ ഇതുവരെ കണ്ട എല്ലാ ഗുണങ്ങളും സ്നേഹവുമായി അടുത്ത് ബന്ധപ്പെട്ടിരിക്കുന്നു. ധനികരോടു പക്ഷപാതം കാണിച്ചതിനു ശിഷ്യനായ യാക്കോബ് സഹോദരങ്ങൾക്കു കൊടുത്ത ഉപദേശം അതിന് ഒരു ഉദാഹരണമാണ്. അത്തരം പെരുമാറ്റം, “നിന്റെ അയൽക്കാരനെ നിന്നെപ്പോലെതന്നെ സ്നേഹിക്കണം” എന്ന രാജകീയനിയമത്തിന് എതിരാണെന്ന് അദ്ദേഹം പറഞ്ഞു. എന്നിട്ട് ഇങ്ങനെ കൂട്ടിച്ചേർത്തു: “ഇനിയും ഇങ്ങനെ പക്ഷപാതം കാണിക്കുകയാണെങ്കിൽ നിങ്ങൾ പാപം ചെയ്യുകയാണ്.” (യാക്കോ. 2:8, 9) എന്നാൽ സ്നേഹമുണ്ടെങ്കിൽ നമ്മൾ വിദ്യാഭ്യാസം, വംശം, സമൂഹത്തിലെ നിലയും വിലയും എന്നതിന്റെയൊന്നും അടിസ്ഥാനത്തിൽ തരംതിരിവ് കാണിക്കില്ല. പക്ഷപാതമില്ലായ്മ ഒരു പുറംമോടി മാത്രമായിരിക്കരുത്. അതു നമ്മുടെ വ്യക്തിത്വത്തിന്റെ ഭാഗമായിരിക്കണം.
19. നമ്മൾ സ്നേഹം ധരിക്കേണ്ടതിന്റെ പ്രാധാന്യം എന്താണ്?
19 സ്നേഹം, “ക്ഷമയും ദയയും” ഉള്ളതുമാണ്. സ്നേഹമുണ്ടെങ്കിൽ നമ്മൾ ആരും ‘വലിയ ആളാണെന്നു ഭാവിക്കുകയില്ല.’ (1 കൊരി. 13:4) അതെ, അയൽക്കാരോടു തുടർന്നും ദൈവരാജ്യസന്ദേശം അറിയിക്കാൻ നമുക്കു ക്ഷമയും ദയയും താഴ്മയും ആവശ്യമാണ്. (മത്താ. 28:19) ഇതേ ഗുണങ്ങൾ, നമ്മുടെ സഭയിലെ എല്ലാ സഹോദരങ്ങളുമായി ഒത്തുപോകാനും സഹായിക്കും. അത്തരം സ്നേഹം കാണിക്കുന്നതുകൊണ്ടുള്ള പ്രയോജനം എന്താണ്? അതു സഭയിൽ ഐക്യം വളർത്തുകയും യഹോവയ്ക്കു ബഹുമതി കരേറ്റുകയും ചെയ്യും. മറ്റുള്ളവരും ഈ ഐക്യം കണ്ട് സത്യത്തിലേക്ക് ആകർഷിതരാകും. പുതിയ വ്യക്തിത്വത്തെക്കുറിച്ചുള്ള ബൈബിളിന്റെ വിവരണം ഈ വാക്കുകളോടെ ഉപസംഹരിക്കുന്നത് എന്തുകൊണ്ടും ഉചിതമാണ്: “ഇതിനെല്ലാം പുറമേ ആളുകളെ ഒറ്റക്കെട്ടായി നിറുത്താൻ കഴിവുള്ള സ്നേഹം ധരിക്കുക.”—കൊലോ. 3:14.
‘പുതുക്കപ്പെട്ടുകൊണ്ടേയിരിക്കുക’
20. (എ) നമ്മൾ ഏതു ചോദ്യങ്ങൾ നമ്മളോടുതന്നെ ചോദിക്കണം, എന്തുകൊണ്ട്? (ബി) നമ്മൾ ഏതു കാലത്തിനായാണ് ആകാംക്ഷയോടെ കാത്തിരിക്കുന്നത്?
20 നമ്മൾ ഓരോരുത്തരും ഇങ്ങനെ സ്വയം ചോദിക്കണം: ‘പഴയ വ്യക്തിത്വം ഉരിഞ്ഞുകളയാനും അതിൽനിന്ന് അകലം പാലിക്കാനും എനിക്ക് ഇനിയും എന്തൊക്കെ ചെയ്യാനാകും?’ നമ്മൾ ദൈവത്തിന്റെ സഹായത്തിനുവേണ്ടി ഉള്ളുരുകി പ്രാർഥിക്കണം. ദൈവരാജ്യം അവകാശമാക്കുന്നതിൽനിന്ന് നമ്മളെ തടയുന്ന ഏതൊരു മനോഭാവവും ശീലവും മറികടക്കാൻ കഠിനമായി പ്രയത്നിക്കുകയും വേണം. (ഗലാ. 5:19-21) ‘ഞാൻ എന്റെ ചിന്താരീതി എപ്പോഴും പുതുക്കിക്കൊണ്ടിരിക്കുന്നുണ്ടോ’ എന്ന ചോദ്യവും ചിന്താവിഷയമാക്കുക. (എഫെ. 4:23, 24) പുതിയ വ്യക്തിത്വം ധരിക്കുന്നതും അതു നഷ്ടമാകാതെ നോക്കുന്നതും തുടർച്ചയായ ഒരു പ്രക്രിയയാണ്. ഒടുവിൽ എല്ലാ മനുഷ്യരും പുതിയ വ്യക്തിത്വം ധരിച്ച് യഹോവയുടെ മനോഹരഗുണങ്ങൾ പൂർണമായി അനുകരിക്കുന്ന ഒരു നാൾ വന്നെത്തും. അന്നത്തെ ആ ജീവിതം എത്ര മനോഹരമായിരിക്കും!
a ബൈബിൾക്കാലങ്ങളിൽ സിഥിയൻ ജനതയെ മറ്റുള്ളവർ അപരിഷ്കൃതരായിട്ടാണു കണ്ടിരുന്നത്. ആളുകൾക്ക് അവരോട് അവജ്ഞയായിരുന്നു.