“ഉപ്പിനാൽ രുചിവരുത്തിയ” ബുദ്ധിയുപദേശം
“ഓരോരുത്തനും നിങ്ങൾ എങ്ങനെ ഒരു ഉത്തരം കൊടുക്കേണ്ടതാണെന്നറിഞ്ഞിരിക്കേണ്ടതിന് നിങ്ങളുടെ മൊഴി എല്ലായ്പ്പോഴും കൃപയോടുകൂടിയതും ഉപ്പിനാൽ രുചിവരുത്തിയതുമായിരിക്കട്ടെ.”—കൊലോസ്യർ 4:6.
1, 2. വിശേഷാൽ ക്രിസ്തീയ ബുദ്ധിയുപദേശം “ഉപ്പിനാൽ രുചിവരുത്തിയത്” ആയിരിക്കേണ്ടത് പ്രധാനമായിരിക്കുന്നതെന്തുകൊണ്ട്?
ചരിത്രത്തിലുടനീളം ഉപ്പ് ഭക്ഷ്യപാചകത്തിൽ ഒരു വിശിഷ്ട പങ്കുവഹിച്ചിട്ടുണ്ട്. അത് ഒരു സംരക്ഷകവസ്തുവും സ്വാദു വർദ്ധിപ്പിക്കുന്ന ഘടകവുമാകുന്നു. തന്നിമിത്തം ഉപ്പില്ലാത്ത അനേകം ഭോജ്യങ്ങൾ നിർവീര്യവും രുചിയില്ലാത്തതുമായി വീക്ഷിക്കപ്പെടുന്നു. അതുകൊണ്ട് ക്രിസ്ത്യാനികളുടെ മൊഴികൾ “ഉപ്പിനാൽ രുചി വരുത്തിയ”തായിരിക്കണമെന്ന് പൗലോസ് എഴുതിയപ്പോൾ നമ്മുടെ സംസാരം പരിപുഷ്ടിപ്പെടുത്തുന്നതും സ്വീകാര്യവും ആകർഷണീയവുമായിരിക്കണമെന്ന് അവൻ പറയുകയായിരുന്നു. (കൊലോസ്യർ 4:6) ബുദ്ധിയുപദേശം കൊടുക്കുമ്പോൾ ഇതു വിശേഷാൽ സത്യമാണ്. എന്തുകൊണ്ട്?
2 ബുദ്ധിയുപദേശത്തിന്റെ ഉദ്ദേശ്യം കേവലം വിവരങ്ങൾ പങ്കുവെക്കുകയല്ല. പലപ്പോഴും ബുദ്ധിയുപദേശിക്കപ്പെടുന്നയാളിന്റെ സാഹചര്യത്തിനു ബാധകമാകുന്ന ബൈബിൾ തത്വങ്ങളിൽ ചിലത് അയാൾക്ക് അപ്പോൾത്തന്നെ അറിയാം, എന്നാൽ അവ ബാധകമാക്കുന്നതിലോ അവയുടെ പ്രാധാന്യം കാണുന്നതിലോ അയാൾക്ക് പ്രയാസമുണ്ട്. തന്നിമിത്തം, ക്രിസ്തീയ ബുദ്ധിയുപദേശിക്കലിന്റെ യഥാർത്ഥ വെല്ലുവിളി ഒരാളുടെ ചിന്തയെ മാററുന്നതിലാണ്. (ഗലാത്യർ 6:1; എഫേസ്യർ 4:11, 12) അങ്ങനെ ഉപ്പിന്റെ ആവശ്യം ഉളവാകുന്നു.
3. യഹോവ ക്രിസ്തീയ ഉപദേശകർക്ക് എന്തു സഹായം നൽകിയിട്ടുണ്ട്?
3 സത്യത്തിൽ ബുദ്ധിയുപദേശിക്കൽ ഒരു വെല്ലുവിളിയാണ്. അതിനെ നേരിടുന്നതിന് ഉപദേശകന് അറിവും വകതിരിവും ആവശ്യമാണ്. (സദൃശവാക്യങ്ങൾ 2:1, 2, 9; 2 തിമൊഥെയോസ് 4:2) യഹോവ ബൈബിൾ നൽകിയിരിക്കുന്നതു സന്തോഷകരംതന്നെ, അതിൽ ആവശ്യമായ അറിവു മാത്രമല്ല, വകതിരിവുമുണ്ടായിരുന്ന ദൈവപുരുഷൻമാർ കൊടുത്ത ബുദ്ധിയുപദേശത്തിന്റെ അനേകം ദൃഷ്ടാന്തങ്ങളും അടങ്ങിയിരിക്കുന്നു. ഇവയിൽ ചിലത് പരിശോധിക്കുന്നത് കൂടുതൽ ഫലപ്രദരായ ഉപദേശകരായിരിക്കാൻ നമ്മെ സഹായിക്കും.
“വിശിഷ്ട ഉപദേശകനെ” പരിഗണിക്കുക
4. സഭക്ക് ബുദ്ധിയുപദേശം കൊടുക്കുന്നതിൽ ഒരു ക്രിസ്തീയ മൂപ്പന് യേശുക്രിസ്തുവിനെ അനുകരിക്കാൻ കഴിയുന്നതെങ്ങനെ?
4 ദൃഷ്ടാന്തമായി, “വിശിഷ്ട ഉപദേശക”നായ യേശുവിനെ പരിഗണിക്കുക. (യെശയ്യാവ് 9:6) ഒന്നാം നൂററാണ്ടിന്റെ ഒടുവിൽ യേശു ആസ്യ പ്രവിശ്യയിലെ ഏഴു സഭകൾക്ക് ബുദ്ധിയുപദേശ ലേഖനങ്ങൾ അയപ്പിച്ചു. ഈ ലേഖനങ്ങൾ തങ്ങളുടെ സഭകൾക്കു ബുദ്ധിയുപദേശം കൊടുക്കേണ്ട ആവശ്യമുണ്ടായിരിക്കാവുന്ന മൂപ്പൻമാർക്ക് ഒരു നല്ല മാതൃകയാണ്—വ്യക്തികളെ ബുദ്ധിയുപദേശിക്കുമ്പോഴും ഈ തത്വങ്ങൾ തുല്യമായി ബാധകമാകുന്നു. യേശു ചർച്ച ചെയ്ത പ്രശ്നങ്ങൾ ഗൗരവമുള്ളവയായിരുന്നു: വിശ്വാസത്യാഗം, ഒരു ഈസബേൽ സ്വാധീനം, ശീതോഷ്ണനില, ഭൗതികത്വം എന്നിവയും മററുള്ളവയും. (വെളിപ്പാട് 2:4, 14, 15, 20-23; 3:1, 14-18) അതുകൊണ്ട് യേശു ഈ പ്രശ്നങ്ങളെ സ്വതന്ത്രമായി തുറന്നു ചർച്ച ചെയ്തു. യഥാക്രമസഭകളോട് അവൻ പറയാനാഗ്രഹിച്ച കാര്യങ്ങൾ സംബന്ധിച്ച് സംശയമില്ലായിരുന്നു. ഇന്ന്, ക്രിസ്തീയ മൂപ്പൻമാർ തങ്ങളുടെ ബുദ്ധിയുപദേശം കൊടുക്കുമ്പോൾ യേശുവിനെ അനുകരിച്ചുകൊണ്ട് തങ്ങളുടെ ബുദ്ധിയുപദേശത്തിന് താഴ്മയാലും ദയയാലും “ഉപ്പു” ചേർക്കേണ്ടതാണ്. (ഫിലിപ്യർ 2:3-8; മത്തായി 11:29) മറിച്ച്, യേശുവിനെ അനുകരിച്ചുകൊണ്ടുതന്നെ അവർ തുറന്നു സംസാരിക്കണം. സഭയ്ക്കു ആശയം നഷ്ടപ്പെടാതിരിക്കേണ്ടതിന് ബുദ്ധിയുപദേശം അവ്യക്തവും വളരെ സാമാന്യമായ വിവരങ്ങളും ആയിരിക്കരുത്.
5, 6. ഏഴു സഭകൾക്കുള്ള യേശുവിന്റെ സന്ദേശങ്ങളിൽ നിന്ന് കൂടുതലായ എന്തു പാഠങ്ങൾ ഒരു ക്രിസ്ത്യാനിക്ക് പഠിക്കാൻ കഴിയും?
5 സാദ്ധ്യമാകുന്നടത്തെല്ലാം യേശു ആരംഭത്തിൽ സഭകളെ ശക്തമായി അനുമോദിക്കുകയും തന്റെ ബുദ്ധിയുപദേശത്തെ പരിപുഷ്ടിപ്പെടുത്തുന്ന പ്രോത്സാഹനത്താൽ ഉപസംഹരിക്കുകയും ചെയ്തുവെന്നും ശ്രദ്ധിക്കുക. (വെളിപ്പാട് 2:2, 3, 7; 3:4, 5) ക്രിസ്തീയ ഉപദേശകരും തങ്ങളുടെ ഉപദേശത്തിന് അനുമോദനത്താലും പ്രോത്സാഹനത്താലും രുചിവരുത്തണം. അനുഭവ സമ്പന്നനായ ഒരു മൂപ്പൻ പ്രസ്താവിച്ചതുപോലെ, “യഥാർത്ഥത്തിൽ, നിങ്ങൾ സഹോദരൻമാരെ ശാസിക്കുകമാത്രം ചെയ്യുന്നതുകൊണ്ട് അധികമൊന്നും നേടുന്നില്ല.” ശക്തമായ ബുദ്ധിയുപദേശം കൊടുക്കുമ്പോൾ, മൂപ്പൻമാർ സഹോദരൻമാരുടെ ആത്മവിശ്വാസം കെടുത്താതെ ഭാവിയിൽ മെച്ചമായി പ്രവർത്തിക്കാൻ ബലിഷ്ഠരും തീരുമാനമെടുത്തവരുമായി വിടേണ്ടതാണ്.—2 കൊരിന്ത്യർ—1:1-4 താരതമ്യപ്പെടുത്തുക.
6 ഒടുവിൽ, സ്മർന്നയിലെയും ഫിലദൽഫിയായിലെയും സഭകൾക്കുള്ള യേശുവിന്റെ സന്ദേശങ്ങളെ സംബന്ധിച്ചെന്ത്? ഈ സഹോദരങ്ങളെ അവൻ വിമർശിച്ചില്ല. എന്നാൽ അവർ ഗൗരവാവഹമായ പരിശോധനകൾക്കു വിധേയരായിരുന്നതുകൊണ്ട്, തുടർന്നു സഹിച്ചു നിൽക്കാൻ അവൻ അവരെ പ്രോത്സാഹിപ്പിച്ചു. (വെളിപ്പാട് 2:8-11; 3:7-13) തിരുത്തൽ ആവശ്യമായിരിക്കുമ്പോൾ ക്രിസ്തീയ മേൽവിചാരകൻമാരും ബുദ്ധിയുപദേശം കൊടുക്കുക മാത്രമല്ല, സഹോദരൻമാരുടെ നല്ല പ്രവൃത്തികൾക്ക് അനുമോദിക്കാനും സഹിച്ചുനിൽക്കാൻ പ്രോത്സാഹിപ്പിക്കാനും എല്ലായ്പ്പോഴും ജാഗ്രത പുലർത്തുകയും വേണം.—റോമർ 12:12.
ദൃഷ്ടാന്തങ്ങൾ ഉപയോഗിക്കുക
7, 8. (എ) തന്റെ അനുഗാമികൾക്കുള്ള യേശുവിന്റെ ബുദ്ധിയുപദേശം “ഉപ്പിനാൽ രുചിവരുത്തിയ”തായിരുന്നതെങ്ങനെ? (ബി) നാം ബുദ്ധിയുപദേശം കൊടുക്കുമ്പോൾ ദൃഷ്ടാന്തങ്ങൾ വിലപ്പെട്ടതായിരിക്കുന്നതെന്തുകൊണ്ട്?
7 സ്വർഗ്ഗരാജ്യത്തിൽ ഒന്നാമനാകാൻ പോകുന്നതാരാണെന്നുള്ളതിൽ തന്റെ ശിഷ്യൻമാർ ഉൽക്കണ്ഠപ്പെട്ടപ്പോഴാണ് യേശു അവർക്ക് മറെറാരു അവസരത്തിൽ ബുദ്ധിയുപദേശം കൊടുത്തത്. ഈ ഉൽക്കണ്ഠ നിമിത്തം യേശുവിന് തന്റെ അനുഗാമികളെ കഠിനമായി ശാസിക്കാൻ കഴിയുമായിരുന്നു. പകരം അവൻ ‘തന്റെ വാക്കുകൾക്ക് ഉപ്പിനാൽ രുചിവരുത്തി.’ ഒരു കൊച്ചു കുട്ടിയെ വിളിച്ചുവരുത്തിയിട്ട് അവൻ പറഞ്ഞു: “ഈ കൊച്ചുകുട്ടിയെപ്പോലെ തന്നെത്താൻ താഴ്ത്തുന്നവനാണ് സ്വർഗ്ഗരാജ്യത്തിൽ ഏററവും വലിയവനായിരിക്കുന്നത്.” (മത്തായി 18:1-4; ലൂക്കോസ് 9:46-48) ബുദ്ധിയുപദേശം വ്യക്തമായിരുന്നു, എന്നാൽ ദയാപുരസ്സരവും പരിപുഷ്ടിപ്പെടുത്തുന്ന വിധത്തിലുമായിരുന്നു. സ്വർഗ്ഗരാജ്യം ഈ ലോകത്തിലെ രാജ്യങ്ങളിൽനിന്ന് വളരെ വ്യത്യസ്തമാണെന്ന് പ്രകടമാക്കികൊണ്ട് യേശു താഴ്മയുള്ളവരായിരിക്കാൻ തന്റെ അനുഗാമികളെ പ്രോത്സാഹിപ്പിച്ചു. തർക്കത്തിനുള്ള അവരുടെ കാരണത്തെ നീക്കം ചെയ്യാൻ അവൻ ശ്രമിച്ചു.
8 ഈ സംഗതിയിൽ യേശു ഉപയോഗിച്ച ഫലപ്രദമായ പഠിപ്പിക്കൽ വിദ്യയും ശ്രദ്ധിക്കുക. ജീവനുള്ള ഒരു ദൃഷ്ടാന്തം—ഒരു കൊച്ചുകുട്ടി! ജ്ഞാനമുള്ള ഉപദേശകർ മിക്കപ്പോഴും തങ്ങളുടെ വാക്കുകൾക്ക് ദൃഷ്ടാന്തങ്ങൾകൊണ്ട് “ഉപ്പു” ചേർക്കുന്നു, എന്തുകൊണ്ടെന്നാൽ അവയ്ക്ക് ഒരു സംഗതിയുടെ ഗൗരവത്തിന് ദൃഢത കൊടുക്കാൻ കഴിയും, അല്ലെങ്കിൽ ബുദ്ധിയുപദേശിക്കപ്പെടുന്നയാളിനെ ന്യായവാദം ചെയ്യാനും പ്രശ്നത്തെ ഒരു പുതിയ വെളിച്ചത്തിൽ വീക്ഷിക്കാനും സഹായിക്കാൻ കഴിയും. മിക്കപ്പോഴും ദൃഷ്ടാന്തങ്ങൾക്ക് പിരിമുറുക്കം കുറയ്ക്കുന്നതിന് സഹായിക്കാൻ കഴിയും.
9. ബുദ്ധിയുപദേശം കൊടുക്കുന്നതിൽ ദൃഷ്ടാന്തങ്ങൾ ഉപയോഗിക്കുന്നതിന്റെ തിരുവെഴുത്തുപരമായ മററു ചില ഉദാഹരണങ്ങളേവ?
9 കയീൻ ഗുരുതരമായ ഒരു പാപം ചെയ്യുന്നതിന്റെ വലിയ അപകടത്തിലാണെന്ന് മുന്നറിയിപ്പ് കൊടുത്തപ്പോൾ യഹോവ പാപത്തെ ഒരു കാട്ടുമൃഗമായി ഭംഗ്യന്തരേണ വർണ്ണിച്ചു. അവൻ പറഞ്ഞു: “പാപം വാതിൽക്കൽ പതുങ്ങിക്കിടക്കുകയാണ്, അതിന്റെ ആഗ്രഹം നിന്നോടാണ്.” (ഉല്പത്തി 4:7) യഹോവ അനുതാപമുണ്ടായിരുന്ന നിനവേക്കാരെ നാശത്തിൽനിന്ന് ഒഴിവാക്കിയതിൽ യോനാ കുപിതനായപ്പോൾ, ദൈവം അവന് തണലിനായി ഒരു ആവണക്കു ചെടി കൊടുത്തു. പിന്നീട്, ആ ചെടി ഉണങ്ങുകയും യോനാ പരാതിപ്പെടുകയും ചെയ്തപ്പോൾ, യഹോവ ഇങ്ങനെ പറഞ്ഞു: “നിനക്ക്, നിന്റെ ഭാഗത്ത്, ആവണക്കുചെടിയോടു സങ്കടം തോന്നി . . . പന്തീരായിരത്തിൽപരം മനുഷ്യർ വസിക്കുന്ന മഹാനഗരമായ നിനവേയോട് എനിക്ക് സങ്കടം തോന്നേണ്ടതല്ലയോ?” (യോനാ 4:5-11) തീർച്ചയായും ശക്തമായ ബുദ്ധിയുപദേശം!
10. ആധുനികനാളിലെ ഒരു ക്രിസ്തീയ ഉപദേശകൻ തന്റെ മാതാപിതാക്കളുടെ ആന്തരങ്ങൾ മനസ്സിലാക്കാൻ ഒരു യുവതിയെ സഹായിക്കുന്നതിന് ഒരു ദൃഷ്ടാന്തം ഉപയോഗിച്ചതെങ്ങനെ?
10 സമാനമായി, ഒരു യുവതിയുടെ സഹവാസങ്ങളെ അവളുടെ മാതാപിതാക്കൾ പരിമിതപ്പെടുത്തിയപ്പോൾ അവൾ അസ്വസ്ഥയായതിനെതുടർന്ന് ഒരു സഞ്ചാരമേൽവിചാരകൻ ഈ ദൃഷ്ടാന്തം ഉപയോഗിച്ചുകൊണ്ട് അവളെ സഹായിക്കാൻ ശ്രമിച്ചു: “നീ തയ്യൽ ഇഷ്ടപ്പെടുന്നു, ഇല്ലേ? ഒരു സുഹൃത്തിനുവേണ്ടി ആകർഷകമായ ഒരു വസ്ത്രം ഉണ്ടാക്കുന്നതിന് നീ വളരെയധികം സമയം ചെലവഴിച്ചുവെന്നു വിചാരിക്കുക. എന്നാൽ നീ അത് അവൾക്ക് കൊടുത്തശേഷം തറ തുടയ്ക്കാൻ അവൾ അതു ഉപയോഗിക്കുകയാണെന്ന് നീ കണ്ടെത്തുന്നു. നിനക്ക് എന്തു തോന്നും? താൻ അസ്വസ്ഥയാകുമെന്ന് പെൺകുട്ടി സമ്മതിച്ചു. ശുശ്രൂഷകൻ തുടർന്നു: “നിന്റെ മാതാപിതാക്കൾ അതിനെ വീക്ഷിക്കുന്നത് അങ്ങനെയാണ്. നിന്നെ വളർത്തുന്നതിന് അവർ ധാരാളം സമയം ചെലവഴിച്ചിരിക്കുന്നു, അവർക്ക് നിന്നെക്കുറിച്ച് അഭിമാനമുണ്ട്. അതുകൊണ്ട് നിന്നോട് ഉചിതമായി പെരുമാറുന്ന ആളുകളോട് നീ സഹവസിക്കാനാണ് അവർ ആഗ്രഹിക്കുന്നത്, നിന്നെ ഉപദ്രവിക്കുന്നവരോടല്ല.” മാതാപിതാക്കൻമാർ ചെയ്യാൻ ശ്രമിച്ചതിനെ വിലമതിക്കാൻ ദൃഷ്ടാന്തം പെൺകുട്ടിയെ സഹായിച്ചു.
ചോദ്യങ്ങൾ ചോദിക്കുക
11. യോനായെ ബുദ്ധിയുപദേശിച്ചപ്പോൾ യഹോവ ചോദ്യങ്ങൾ ഫലകരമായി ഉപയോഗിച്ചതെങ്ങനെ?
11 യോനായുടെ ന്യായരഹിതമായ കോപത്തെക്കുറിച്ച് യഹോവ യോനായോടു സംസാരിച്ചപ്പോൾ അവൻ ചോദ്യങ്ങൾ ചോദിച്ചതായും നിങ്ങൾ ശ്രദ്ധിച്ചിരിക്കാം. നിനവേയെ നശിപ്പിക്കാഞ്ഞതിൽ കുപിതനായി യോനാ മരിക്കാൻ അനുവാദം ചോദിച്ചപ്പോൾ “നീ ശരിയായിട്ടാണോ കോപത്താൽ ചൂടാകുന്നത്?” എന്ന് യഹോവ ചോദിച്ചു. യോനാ ഉത്തരം പറഞ്ഞില്ല. തന്നിമിത്തം, ആവണക്ക് വളർന്നു വരാനും അനന്തരം ഉണങ്ങിപ്പോകാനും യഹോവ അനുവദിച്ചു. അപ്പോൾ യോനാ ഇരട്ടി അസ്വസ്ഥനായി. അതുകൊണ്ട്, യഹോവ അവനോട് “നീ ആവണക്കു ചെടിയെ പ്രതി ശരിയായിട്ടാണോ കോപത്താൽ ചൂടാകുന്നത്?” എന്നു ചോദിച്ചു. ഈ പ്രാവശ്യം യോനാ ഉത്തരം പറയുകതന്നെ ചെയ്തു: “ഞാൻ മരണത്തോളം ശരിയായിട്ടാണ് കോപത്താൽ ചൂടായിരിക്കുന്നത്.” പ്രവാചകൻ യഹോവയോട് ഉത്തരം പറഞ്ഞ സ്ഥിതിക്ക്, ഒരു വെറും ചെടിയോടുള്ള യോനായുടെ മനോഭാവത്തെയും നിനവേയോടുള്ള തന്റെ സ്വന്തം മനോഭാവത്തെയും തുടർന്നു താരതമ്യപ്പെടുത്തിക്കൊണ്ട് യഹോവ “എനിക്ക് നിനവേയോടു സങ്കടം തോന്നേണ്ടതല്ലയോ?” എന്ന് അവിതർക്കിതമായ ചോദ്യം ചോദിച്ചു. (യോനാ 4:4, 9, 11) അങ്ങനെ അനുതാപമുണ്ടായിരുന്ന നിനവേക്കാരോടുള്ള യഹോവയുടെ മനോഭാവത്തെ അനുകരിക്കാൻ യോനാ ഉപദേശിക്കപ്പെട്ടു.
12. ബുദ്ധിയുപദേശത്തിൽ ചോദ്യങ്ങളുടെ മൂല്യമെന്ത്? ഉദാഹരിക്കുക.
12 അതെ, ബുദ്ധിയുപദേശം ആവശ്യമുള്ളയാൾ എന്തു ചിന്തിക്കുന്നുവെന്നു കണ്ടുപിടിക്കാൻ ചോദ്യങ്ങൾ ഉപദേശകനെ സഹായിക്കുന്നു. തന്റെ പ്രശ്നങ്ങളെയും പ്രേരണകളെയും കൂടുതൽ വ്യക്തമായി തിരിച്ചറിയാൻ അവ വ്യക്തിയെയും സഹായിക്കുന്നു. ദൃഷ്ടാന്തത്തിന്, വീട്ടിലേക്ക് വണ്ടിയോടിച്ചുപോകുന്നതിനു മുൻപ് ഒന്നു കുടിക്കാൻ തനിക്ക് സകല അവകാശവുമുണ്ടെന്ന് ഒരു വ്യക്തി ശഠിച്ചേക്കാം. ‘മദ്യത്തിന് എന്റെമേൽ സ്വാധീനമില്ല’ എന്ന് അയാൾ ആത്മാർത്ഥമായി വിചാരിച്ചേക്കാം. അയാളോട് ഇങ്ങനെ പറഞ്ഞുകൊണ്ട് ന്യായവാദം ചെയ്യാൻ ഒരു സുഹൃത്ത് ആഗ്രഹിച്ചേക്കാം: ‘എന്നാൽ നിങ്ങളുടേതല്ലാത്ത കുററത്താൽ നിങ്ങൾ ഒരു അപകടത്തിൽപ്പെട്ടുവെന്നിരിക്കട്ടെ. നിങ്ങൾ കുടിച്ചിരുന്നതായി പോലീസ് കണ്ടെത്തിയാൽ അവർ എന്തു വിചാരിക്കും? മദ്യം അല്പമെങ്കിലും നിങ്ങളുടെ പ്രതികരണങ്ങളെ ബാധിക്കുകതന്നെ ചെയ്തുവെന്നിരിക്കട്ടെ. നിങ്ങൾക്ക് 100 ശതമാനവും ശരിയായ പ്രതിപ്രവർത്തനമില്ലാത്തപ്പോൾ ഒരു കാറോടിക്കാൻ നിങ്ങൾ യഥാർത്ഥത്തിൽ ആഗ്രഹിക്കുന്നുവോ? ഒരു കുടിക്കുവേണ്ടി ഭാഗ്യപരീക്ഷണം നടത്തുന്നത് മൂല്യവത്താണോ?’
13. ഒരു ഉപദേശകൻ ചോദ്യങ്ങൾ സഹിതം ഏതുവിധത്തിൽ ബൈബിൾ ഉപയോഗിച്ചുകൊണ്ട് ബുദ്ധിയുപദേശം കൊടുത്തു? ഇതു ഫലകരമായിരുന്നതെന്തുകൊണ്ട്?
13 ക്രിസ്തീയ ബുദ്ധിയുപദേശം എല്ലായ്പ്പോഴും ബൈബിളധിഷ്ഠിതമാണ്. സാദ്ധ്യമാകുന്നടത്ത് ക്രിസ്തീയ ഉപദേശകർ ഉപദേശം കൊടുക്കുമ്പോൾ യഥാർത്ഥമായി ബൈബിളുപയോഗിക്കുന്നു. അത് ശക്തമായ ഒരു സഹായമാണ്. (എബ്രായർ 4:12) ദൃഷ്ടാന്തീകരിക്കുന്നതിന്: പരിചയ സമ്പന്നനായ ഒരു മൂപ്പൻ, പ്രസംഗവേലയിൽ മേലാൽ പ്രവർത്തനനിരതനല്ലാഞ്ഞ ഒരാളെ സഹായിക്കാൻ ശ്രമിക്കുകയായിരുന്നു. തന്റെ രണ്ടു മക്കളോടും പോയി മുന്തിരിത്തോട്ടത്തിൽ വേല ചെയ്യാൻ പറഞ്ഞ മനുഷ്യനെക്കുറിച്ച് യേശു പറഞ്ഞ ഉപമയിലേക്ക് മൂപ്പൻ ശ്രദ്ധ ക്ഷണിച്ചു. ആദ്യത്തവൻ പോകാമെന്നു പറഞ്ഞെങ്കിലും പോയില്ല. രണ്ടാമത്തവൻ പോകുകയില്ലെന്നു പറഞ്ഞെങ്കിലും പിന്നീട് ഏതായാലും പോകാൻ തീരുമാനിച്ചു. (മത്തായി 21:28-31) ഉപദേശകൻ അനന്തരം “ഈ രണ്ടു മക്കളിൽ ആരെപ്പോലെയാണ് നിങ്ങൾ ഇപ്പോൾ പ്രവർത്തിക്കുന്നത്?” എന്നു ചോദിച്ചു. പ്രസാധകന് പെട്ടെന്ന് കാര്യം പിടികിട്ടി, വിശേഷിച്ച് ഉപദേശകൻ ഇങ്ങനെ തുടർന്നു ചോദിച്ചപ്പോൾ: “മുന്തിരിത്തോട്ടത്തിന്റെ ഉടമയായ യഹോവ നിങ്ങളുടെ സാഹചര്യത്തെ എങ്ങനെ വീക്ഷിക്കുന്നുവെന്ന് നിങ്ങൾ വിചാരിക്കുന്നു?
14. ബുദ്ധിയുപദേശം കൊടുക്കുന്നതിൽ ചോദ്യങ്ങളുടെ ഉപയോഗം വിലപ്പെട്ട ഒരു ആയുധമായിരിക്കാവുന്ന മററു ചില സാഹചര്യങ്ങളേവ?
14 സംശയങ്ങളുള്ളവരെയും ദാമ്പത്യപ്രശ്നങ്ങളോ മററു കുടുംബപ്രശ്നങ്ങളോ ഉള്ളവരെയും വ്യക്തികളുമായി ഭിന്നതകളുള്ളവരെയും മററ് പീഡാകരമായ സാഹചര്യങ്ങളിലുള്ളവരെയും സഹായിക്കാൻ ശ്രമിക്കുമ്പോൾ അങ്ങനെയാണ് വേണ്ടത്a വിദഗ്ദ്ധമായ ചോദ്യങ്ങൾ ന്യായവാദം ചെയ്യുന്നതിനും തങ്ങളേത്തന്നെ പരിശോധിക്കുന്നതിനും ശരിയായ നിഗമനങ്ങളിലെത്തുന്നതിനും ബുദ്ധിയുപദേശിക്കപ്പെടുന്നവരെ സഹായിക്കുന്നു.
ശ്രദ്ധാപൂർവ്വം കേൾക്കുക
15. (എ) ഇയ്യോബിന്റെ മൂന്ന് “ആശ്വാസകർ” എന്തു ചെയ്യുന്നതിൽ പരാജയപ്പെട്ടു? (ബി) ഒരു ക്രിസ്തീയ ഉപദേശകനെ, ശ്രദ്ധിക്കൽ എങ്ങനെ സഹായിക്കും?
15 ചോദ്യങ്ങൾ ചോദിക്കുന്നത് നിങ്ങൾ ഉത്തരങ്ങൾ കേൾക്കാനാഗ്രഹിക്കുന്നുവെന്ന് സൂചിപ്പിക്കുന്നു. (സദൃശവാക്യങ്ങൾ 18:13) ഉപദേശകർ, ഇയ്യോബിന്റെ മൂന്നു “ആശ്വാസകരെ” കുരുക്കിലാക്കിയ കെണിയിൽ വീഴരുത്. ഇയ്യോബ് അവരോടു സംസാരിച്ചു, എന്നാൽ അവർ യഥാർത്ഥത്തിൽ ശ്രദ്ധിച്ചില്ല. ഇയ്യോബിന്റെ സ്വന്തം പാപപൂർണ്ണതയാണ് അവന്റെ കഷ്ടപ്പാടുകൾക്കു കാരണമെന്ന് അവർ നേരത്തെ തീരുമാനിച്ചിരുന്നു. (ഇയ്യോബ് 16:2; 22:4-11) മറിച്ച്, ഒരു ക്രിസ്തീയ ഉപദേശകൻ ശ്രദ്ധാപൂർവ്വം കേൾക്കണം. അങ്ങനെ മുഴുകഥയും പറഞ്ഞിട്ടില്ലെന്നു സൂചിപ്പിക്കുന്ന സാർത്ഥകമായ നിർത്തലുകളോ സ്വരവ്യതിയാനങ്ങളോ അയാൾ ഗൗനിച്ചേക്കാം. ഒരുപക്ഷേ ഒരു ഉപചോദ്യം വ്യക്തിയുടെ മനസ്സിന്റെ പിന്നിൽ തങ്ങിനിൽക്കുന്ന ഒരു ചിന്തയെ പുറത്തുകൊണ്ടുവന്നേക്കാം.—സദൃശവാക്യങ്ങൾ 20:5 താരതമ്യപ്പെടുത്തുക.
16. വൈകാരികമായി അസ്വസ്ഥനായിരിക്കുന്ന ഒരു സഹ ക്രിസ്ത്യാനിയെ ശ്രദ്ധിക്കുന്നത് പ്രയാസമായിരിക്കുമ്പോൾ എന്താണാവശ്യമായിരിക്കുന്നത്?
16 ഇത് എപ്പോഴും എളുപ്പമല്ലായിരിക്കാമെന്നതു സത്യംതന്നെ. അസ്വസ്ഥനായ ഒരു ആൾ “ഞാൻ എന്റെ മാതാപിതാക്കളെ വെറുക്കുന്നു” എന്നോ “എനിക്ക് ഭർത്താവിന്റെ കൂടെ മേലാൽ ജീവിക്കാൻ പററുകയില്ല” എന്നോ ആക്രോശിച്ചേക്കാം. അങ്ങനെയുള്ള സംസാരം ശ്രദ്ധിക്കുന്നത് അസ്വസ്ഥതാജനകമാണ്. എന്നാൽ തന്റെ വിശ്വസ്തത നിഷ്പ്രയോജനകരമാണെന്ന് തോന്നുന്നതായി ആസാഫ് പരാതിപ്പെട്ടപ്പോൾ ശ്രദ്ധിക്കുന്നതിന് യഹോവ സന്നദ്ധനായിരുന്നുവെന്നോർക്കുക. (സങ്കീർത്തനം 73:13, 14) തന്നെ കബളിപ്പിച്ചെന്ന് യിരെമ്യാവു പറഞ്ഞപ്പോഴും ദൈവം ശ്രദ്ധിച്ചു. (യിരെമ്യാവ് 20:7) ദുഷ്ടൻമാർ നീതിമാൻമാരെ പീഡിപ്പിക്കുകയാണെന്നും യഹോവ അതു കാണുന്നുപോലുമില്ലെന്നും ഹബക്കൂക്ക് പരാതിപ്പെട്ടതായി തോന്നുന്നു. (ഹബക്കൂക്ക് 1:13-17) ക്രിസ്തീയ ഉപദേശകരും തൽസമമായി ശ്രദ്ധിക്കാൻ ഒരുക്കമുള്ളവരായിരിക്കണം. ആളുകൾക്ക് യഥാർത്ഥത്തിൽ ഈ വിചാരങ്ങളുണ്ടെങ്കിൽ, അപ്പോൾ തനിക്ക് സഹായിക്കാൻ കഴിയത്തക്കവണ്ണം ഉപദേശകൻ അതിനെക്കുറിച്ച് അറിയേണ്ടതുണ്ട്. ഉപദേശിക്കപ്പെടുന്നയാൾക്ക് യഥാർത്ഥത്തിൽ ഉള്ളതായിരിക്കാതെ, അയാൾക്കുണ്ടായിരിക്കേണ്ടതെന്ന് താൻ വിചാരിക്കുന്ന അഭിപ്രായങ്ങൾ പ്രകടിപ്പിക്കാൻ അയാളെ തന്ത്രപൂർവ്വം പ്രോത്സാഹിപ്പിക്കുന്നത് ഉപദേശകൻ ഒഴിവാക്കണം. ഒരുപക്ഷേ, തന്റെ ഹൃദയം തുറന്നു സംസാരിക്കുന്നതിൽനിന്ന് വ്യക്തിയെ നിരുത്സാഹപ്പെടുത്തിക്കൊണ്ട് ശക്തമായോ വിധിക്കുന്നതുപോലെയോ പ്രതികരിക്കുന്നതും ഉപദേശകൻ ഒഴിവാക്കണം.—സദൃശവാക്യങ്ങൾ 14:29; 17:27.
17. ചിലപ്പോൾ നമ്മുടെ സഹോദരൻമാരെ ശ്രദ്ധിക്കുന്നതുതന്നെ അവരെ ആശ്വസിപ്പിക്കുന്നതിനുള്ള ഒരു മാർഗ്ഗമായിരിക്കുന്നതെങ്ങനെ?
17 ചിലപ്പോൾ നമ്മുടെ ഉപദേശിക്കലിന്റെ മുഖ്യഭാഗം തന്റെ വ്രണിത ഹൃദയവേദനയോ വൈകാരിക കഷ്ടപ്പാടോ പകരാൻ വ്യക്തിയെ അനുവദിച്ചുകൊണ്ട് ശ്രദ്ധിക്കുന്നതാണ്. നവോമി മോവാബിലെ വയലുകളിൽനിന്ന് മടങ്ങിവന്നപ്പോൾ യിസ്രായേലിലെ സ്ത്രീകൾ “ഇതു നവോമിയാണോ?” എന്ന വാക്കുകളോടെ അവളെ സ്വീകരിച്ചു. എന്നാൽ നവോമി സങ്കടപൂർവ്വം മറുപടി പറഞ്ഞു: “എന്നെ നവോമി എന്നു വിളിക്കരുത്. എന്നെ മാറാ എന്നു വിളിക്കുക, എന്തുകൊണ്ടെന്നാൽ സർവ്വശക്തൻ എനിക്കു വളരെ വേദന വരുത്തിയിരിക്കുന്നു. ഞാൻ പോയപ്പോൾ നിറഞ്ഞവളായിരുന്നു, ഞാൻ വെറുങ്കൈയോടെ മടങ്ങിവരാനാണ് യഹോവ ഇടയാക്കിയിരിക്കുന്നത്. എന്നെ താഴ്ത്തിയിരിക്കുന്നത് യഹോവയായിരിക്കുമ്പോഴും എനിക്ക് അനർത്ഥം വരുത്തിയിരിക്കുന്നതു സർവ്വശക്തനായിരിക്കുമ്പോഴും നിങ്ങൾ എന്നെ നവോമി എന്ന് എന്തിന് വിളിക്കണം?” (രൂത്ത് 1:19-21) യിസ്രായേല്യ സ്ത്രീകൾക്ക് മറുപടിയായി അധികമൊന്നും പറയാൻ കഴിയുമായിരുന്നില്ല. എന്നാൽ മററുള്ളവർ തങ്ങളുടെ വൈകാരികവേദന വെളിപ്പെടുത്തുമ്പോൾ ശ്രദ്ധിക്കുന്നതിന് തന്നേത്തന്നെ സ്നേഹപുരസ്സരം ലഭ്യമാക്കുന്നതുതന്നെ മിക്കപ്പോഴും അവരുടെ സൗഖ്യത്തിന് സഹായകമായിരിക്കാൻ കഴിയും.b
യാഥാർത്ഥ്യബോധമുള്ളവരായിരിക്കുക
18. (എ) യഹോവയിൽനിന്നും യേശുക്രിസ്തുവിൽനിന്നുമുള്ള ബുദ്ധിയുപദേശത്തോടുള്ള ചില പ്രതികരണങ്ങളേവ? (ബി) ക്രിസ്തീയ ഉപദേശകർ ഏതു ഗുണം നട്ടുവളർത്തണം?
18 തീർച്ചയായും, ബുദ്ധിയുപദേശത്തോടുള്ള പ്രതികരണം വ്യത്യസ്ഥങ്ങളാണ്. തെളിവനുസരിച്ച് യോനാ യഹോവയുടെ ബുദ്ധിയുപദേശത്തിന് നന്നായി ചെവികൊടുത്തു. തന്റെ അനുഭവത്തിൽനിന്നു മററുള്ളവർക്കു പഠിക്കാൻ കഴിയത്തക്കവണ്ണം പ്രവാചകൻ തന്റെ പാരുഷ്യത്തിൽനിന്നും കോപത്തിൽനിന്നും വളരെ നന്നായി മോചിതനായതിനാൽ അവൻ തന്റെ അനുഭവങ്ങൾ രേഖപ്പെടുത്തി. യേശുവിന്റെ അനുഗാമികൾ താഴ്മയുടെ പാഠം പഠിക്കുന്നതിന് കുറെ സമയമെടുത്തു. എന്തിനധികം, യേശു മരിച്ചതിന്റെ തലേരാത്രിയിൽതന്നെ അവരുടെ ഇടയിൽ വലിയവൻ ആരായിരിക്കും എന്നതിനെ ചൊല്ലി അവർ മറെറാരു തർക്കത്തിലേർപ്പെട്ടു. (ലൂക്കോസ് 22:24) തന്നിമിത്തം ബുദ്ധിയുപദേശം കൊടുക്കുന്നവർ ക്ഷമയുള്ളവരായിരിക്കേണ്ടതുണ്ട്. (സഭാപ്രസംഗി 7:8) ആഴത്തിൽ വേരോടിയിട്ടുള്ള തെററായ മനോഭാവമുള്ള ഒരാൾ ഒരു മൂപ്പന്റെ ചുരുക്കം ചില വാക്കുകൾ നിമിത്തം സാധാരണയായി തന്റെ ഗതിക്ക് മാററം വരുത്തുകയില്ല. ഒരു പക്വതയുള്ള ക്രിസ്ത്യാനിയുമായുള്ള ഒരു കൂടികാഴ്ചക്കുശേഷം വിവാഹിത ഇണകൾ തമ്മിൽ സ്ഥായിയായുള്ള പ്രശ്നങ്ങൾ അപ്രത്യക്ഷപ്പെടുകയില്ല. ഗുരുതരമായ രോഗങ്ങൾ ഭേദമാകാൻ മാസങ്ങൾ എടുത്തേക്കാം, ഗൗരവമായ ആത്മീയ പ്രശ്നങ്ങൾ സംബന്ധിച്ചും അങ്ങനെയാണ്. ചിലർ നല്ല ബുദ്ധിയുപദേശത്തിന് കേവലം ശ്രദ്ധ കൊടുക്കുകയില്ല. യഹോവയാൽതന്നെ ബുദ്ധിയുപദേശിക്കപ്പെട്ടിട്ടും കയീൻ പോയി തന്റെ സഹോദരനെ കൊന്നു.—ഉല്പത്തി 4:6-8.
19. സഭയ്ക്ക് വൈകാരിക മുറിവുകളനുഭവിക്കുന്നവരെ എങ്ങനെ സഹായിക്കാൻ കഴിയും?
19 ഗൗരവമുള്ള പ്രശ്നങ്ങളുള്ളവർ സഭയിൽനിന്നു പ്രതീക്ഷിക്കാവുന്നതു സംബന്ധിച്ച് യാഥാർത്ഥ്യബോധമുള്ളവരായിരിക്കണം. ഒരു അത്യാഹിതത്താലോ ഒരു ഭയങ്കര അനുഭവത്താലോ ഉളവായ വൈകാരിക ക്ഷതത്തെയോ പഴകിയ മാനസികരോഗത്തെയോ മാററാൻ ഒരു സഹക്രിസ്ത്യാനിക്കു കഴികയില്ല. ഒരു വ്യക്തി ശാരീരികമായി രോഗിയായിരിക്കുമ്പോൾ ഒരു ഡോക്ടർ ചെയ്യുന്നത് അയാൾക്ക് ആശ്വാസമേകുക മാത്രമാണ്, അതേസമയം കാലം ശരീരത്തിനു രോഗശാന്തിവരുത്തുന്നു. അതുപോലെതന്നെ, ഒരു ക്രിസ്ത്യാനി വൈകാരികമായി കഷ്ടപ്പെടുമ്പോൾ, അയാളോടൊത്ത് അയാൾക്കുവേണ്ടി പ്രാർത്ഥിച്ചുകൊണ്ടും, സാദ്ധ്യമാകുമ്പോഴോക്കെ ഒരു പ്രോത്സാഹനവാക്കു പറഞ്ഞുകൊണ്ടും കഴിയുന്ന ഏതു പ്രായോഗിക സഹായവും കൊടുത്തുകൊണ്ടും സഭയ്ക്കു അയാൾക്ക് “ആശ്വാസമേകാൻ” ശ്രമിക്കാൻ കഴിയും. പിന്നീട് സാധാരണയായി, കാലവും യഹോവയുടെ ആത്മാവുമാണ് രോഗശാന്തിവരുത്തുന്നത്. (സദൃശവാക്യങ്ങൾ 12:25; യാക്കോബ് 5:14, 15) അങ്ങനെ നിഷിദ്ധബന്ധത്തിന്റെ ഒരു ഇര ഇങ്ങനെ എഴുതി: “നിഷിദ്ധ വേഴ്ച ഒരു ഭയങ്കര വൈകാരിക പിരിമുറുക്കമായിരിക്കാമെന്നിരിക്കെ, നിങ്ങളെ സഹായിക്കാൻ യഹോവയുടെ സ്ഥാപനം വളരെയധികം പ്രവർത്തിക്കുന്നു, തിരുവെഴുത്തുകളിൽനിന്നുള്ള സഹായത്താലും സഹോദരീസഹോദരൻമാരിൽനിന്നുള്ള പിന്തുണയാലും നിങ്ങൾക്ക് തരണം ചെയ്യാൻ കഴിയും.”c
20. നമ്മളെല്ലാം യഹോവയെ സേവിച്ചുകൊണ്ടിരിക്കാൻ ശ്രമിക്കുമ്പോൾ ബുദ്ധിയുപദേശം എന്തു പങ്കു വഹിക്കുന്നു?
20 അതെ, ക്രിസ്ത്യാനികൾക്ക് അന്യോന്യം സഹായിക്കാനുള്ള ഉത്തരവാദിത്തമുണ്ട്. വിശേഷാൽ മൂപ്പൻമാർ, എന്നാൽ സഭയിലെ എല്ലാവരും അന്യോന്യമുള്ള ക്ഷേമത്തിൽ തൽപ്പരരായിരിക്കുകയും ആവശ്യമായിരിക്കുമ്പോൾ ദയാപുരസ്സരവും തിരുവെഴുത്തുപരവുമായ ബുദ്ധിയുപദേശം കൊടുക്കുകയും വേണം. (ഫിലിപ്യർ 2:4) തീർച്ചയായും, അങ്ങനെയുള്ള ബുദ്ധിയുപദേശം ഏകാധിപത്യപരമോ പരുഷമോ ആയിരിക്കരുത്. അത് മറെറാരാളുടെ ജീവിതത്തെ ഭരിക്കാൻ ശ്രമിക്കുന്നുവെന്ന ധാരണയും കൊടുക്കരുത്. മറിച്ച്, അതു തിരുവെഴുത്തുകളിൽ അധിഷ്ഠിതവും “ഉപ്പിനാൽ രുചി വരുത്തി”യതും” ആയിരിക്കണം. (കൊലോസ്യർ 4:6) ചിലപ്പോഴൊക്കെ ഓരോരുത്തർക്കും സഹായം ആവശ്യമാണ്. ദയയാലും പ്രോത്സാഹനത്താലും “ഉപ്പു”ചേർത്ത സമയോചിതമായ ബുദ്ധിയുപദേശം നിത്യജീവന്റെ പാതയിൽ തുടരുന്നതിന് നമ്മെയെല്ലാം സഹായിക്കും. (w86 9/15)
[അടിക്കുറിപ്പുകൾ]
a വിവാഹിത ഇണകളെ ബുദ്ധിയുപദേശിക്കുന്നത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾക്ക് 1983 ജൂലൈ 22-ലെ എവേക്കിൽ “യഥാർത്ഥത്തിൽ സഹായകമായ ബുദ്ധിയുപദേശം കൊടുക്കുന്നവിധം” എന്ന ലേഖനം കാണുക.
b മനോരോഗമുള്ള ക്രിസ്ത്യാനികളെ എങ്ങനെ സഹായിക്കാമെന്നുള്ള നിർദ്ദേശങ്ങൾക്കുവേണ്ടി 1982 ഏപ്രിൽ 15-ലെ വാച്ച്ടവറിൽ “വിഷാദമഗ്നരായ ദേഹികളോട് ആശ്വാസപ്രദമായി സംസാരിക്കുക” എന്ന ലേഖനവും 1982 ജൂൺ 1-ലെ “ക്ഷീണിതരെ പ്രോത്സാഹിപ്പിക്കുന്നതിന് ഒരു വിദ്യാഭ്യാസം സിദ്ധിച്ച നാവ്” എന്ന ലേഖനവും കാണുക.
c വൈകാരിക മുറിവുകളനുഭവിക്കുന്നവരെ സഹായിക്കുന്നതു സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കുവേണ്ടി 1983 ഓഗസ്ററ് 1-ലെ വാച്ച്ടവറിൽ “നിരാശിതർക്കു പ്രത്യാശ” എന്ന ലേഖനവും “അവർക്ക് സഹായമാവശ്യം” എന്ന ലേഖനവും 1983 ഒക്ടോബർ 1-ലെ ലക്കത്തിൽ “നിഷിദ്ധ ബന്ധത്തിന്റെ ഇരകൾക്കു സഹായം” എന്ന ലേഖനവും കാണുക.
നിങ്ങൾ ഓർക്കുന്നുവോ?
◻ ഏഴു സഭകൾക്കുള്ള യേശുവിന്റെ ബുദ്ധിയുപദേശത്തിന്റെ ഏതു സവിശേഷതകൾക്ക് ഇന്നത്തെ മൂപ്പൻമാരെ സഹായിക്കാൻ കഴിയും.?
◻ ബുദ്ധിയുപദേശം കൊടുക്കുന്നതിൽ ദൃഷ്ടാന്തങ്ങൾ ഉപയോഗിക്കുന്നതിന്റെ തിരുവെഴുത്തുപരമായ ഏത് ഉദാഹരണങ്ങളുണ്ട്?
◻ ഒരു ക്രിസ്തീയ ഉപദേശകന് ചോദ്യങ്ങളുടെ യഥാർത്ഥ മൂല്യം എന്താണ്?
◻ ഒരു വിദഗ്ദ്ധ ഉപദേശകന് ബൈബിൾ എങ്ങനെ ഉപയോഗിക്കാൻ കഴിയും?
◻ ബുദ്ധിയുപദേശം കൊടുക്കുന്ന ഒരു വ്യക്തി ഒരു ജാഗ്രതയുള്ള ശ്രോതാവും കൂടെ ആയിരിക്കേണ്ടതെന്തുകൊണ്ട്?
[13-ാം പേജിലെ ചിത്രം]
തന്റെ ആശയത്തെ വിശദമാക്കുന്നതിന് ഒരു കുട്ടിയെ ഉപയോഗിച്ചുകൊണ്ട് യേശു തന്റെ ശിഷ്യൻമാർക്ക് വ്യക്തവും ദയാപുരസ്സരവും പരിപുഷ്ടിപ്പെടുത്തുന്നതുമായ ഉപദേശം കൊടുത്തു
[14-ാം പേജിലെ ചിത്രം]
യോനാ പരുഷനും കുപിതനുമായിരുന്നു, എന്നാൽ അവൻ പ്രത്യക്ഷത്തിൽ യഹോവയുടെ ബുദ്ധിയുപദേശത്തിന് നന്നായി ചെവികൊടുത്തു