പാഠം 41
ലൈംഗികതയെക്കുറിച്ച് ബൈബിൾ എന്താണ് പറയുന്നത്?
ലൈംഗികതയെക്കുറിച്ച് അഥവാ സെക്സിനെക്കുറിച്ച് സംസാരിക്കുന്നതു പലർക്കും ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാൽ ബൈബിൾ അതെക്കുറിച്ച് തുറന്ന് സംസാരിക്കുന്നു, അതേസമയം മാന്യതയോടെയും. ലൈംഗികതയെക്കുറിച്ച് ബൈബിൾ പറയുന്ന കാര്യങ്ങൾ നമുക്കു പ്രയോജനം ചെയ്യും. കാരണം യഹോവ നമ്മുടെ സ്രഷ്ടാവായതുകൊണ്ട് നമുക്ക് ഏറ്റവും പ്രയോജനം ചെയ്യുന്നത് എന്താണെന്ന് യഹോവയ്ക്കു കൃത്യമായി അറിയാമല്ലോ. അതുകൊണ്ട് യഹോവയെ അനുസരിക്കുമ്പോൾ യഹോവയെ സന്തോഷിപ്പിക്കാനും ഇന്നും എന്നും ജീവിതം ആസ്വദിക്കാനും നമുക്കു കഴിയും.
1. ലൈംഗികതയെക്കുറിച്ച് യഹോവ എന്താണ് പറയുന്നത്?
വിവാഹിതരായ സ്ത്രീക്കും പുരുഷനും വേണ്ടി യഹോവ കൊടുത്തിരിക്കുന്ന സമ്മാനമാണ് ലൈംഗികത. ഇതു ഭാര്യാഭർത്താക്കന്മാർക്കിടയിൽ മാത്രമായിരിക്കാനാണ് യഹോവ ആഗ്രഹിക്കുന്നത്. കുട്ടികൾ ഉണ്ടാകാൻ മാത്രമല്ല ദമ്പതികൾക്കിടയിലുള്ള സ്നേഹവും അടുപ്പവും പ്രകടിപ്പിക്കാൻകൂടിയാണ് യഹോവ അതു കൊടുത്തിരിക്കുന്നത്. അത് അവർക്കു സന്തോഷം നൽകും. അതുകൊണ്ടാണ് ദൈവത്തിന്റെ വചനം ഇങ്ങനെ പറയുന്നത്: “നിന്റെ യൗവനത്തിലെ ഭാര്യയോടൊപ്പം ആനന്ദിച്ചുകൊള്ളുക.” (സുഭാഷിതങ്ങൾ 5:18, 19) ഭാര്യാഭർത്താക്കന്മാർ പരസ്പരം വിശ്വസ്തരായിരിക്കാൻ യഹോവ പ്രതീക്ഷിക്കുന്നു. അതുകൊണ്ട് അവർ ഒരിക്കലും വ്യഭിചാരം ചെയ്യരുത്.—എബ്രായർ 13:4 വായിക്കുക.
2. എന്താണ് ലൈംഗിക അധാർമികത?
“അധാർമികപ്രവൃത്തികൾ ചെയ്യുന്നവർ . . . ദൈവരാജ്യം അവകാശമാക്കില്ല” എന്നാണു ബൈബിൾ പറയുന്നത്. (1 കൊരിന്ത്യർ 6:9, 10) ലൈംഗിക അധാർമികതയെക്കുറിച്ച് പറയുമ്പോൾ ബൈബിളെഴുത്തുകാർ ഗ്രീക്കിൽ പോർണിയ എന്ന വാക്കാണ് ഉപയോഗിച്ചിരിക്കുന്നത്. പോർണിയയിൽ ഉൾപ്പെടുന്നതാണ് (1) വിവാഹിതരല്ലാത്ത രണ്ടുപേർ തമ്മിലുള്ള ലൈംഗികബന്ധം,a (2) ഒരേ ലിംഗവർഗത്തിൽപ്പെട്ടവരുമായുള്ള ലൈംഗികബന്ധം, (3) മൃഗങ്ങളുമായുള്ള ലൈംഗികബന്ധം എന്നിവ. ‘ലൈംഗിക അധാർമികതയിൽനിന്ന് അകന്നിരിക്കുമ്പോൾ’ നമ്മൾ യഹോവയെ സന്തോഷിപ്പിക്കുന്നു. മാത്രമല്ല അതു നമുക്കും പ്രയോജനം ചെയ്യുന്നു.—1 തെസ്സലോനിക്യർ 4:3.
ആഴത്തിൽ പഠിക്കാൻ
ലൈംഗിക അധാർമികത എങ്ങനെ ഒഴിവാക്കാം? ധാർമികമായി ശുദ്ധരായി നിൽക്കുന്നതുകൊണ്ട് നമുക്ക് എന്തൊക്കെ പ്രയോജനങ്ങൾ കിട്ടും? ഈ കാര്യങ്ങൾ നോക്കാം.
3. “അധാർമികപ്രവൃത്തികളിൽനിന്ന് ഓടിയകലൂ!”
ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ ഒരു സ്ത്രീ ദൈവഭക്തനായ യോസേഫിനെ നിർബന്ധിച്ചപ്പോൾ യോസേഫ് അതിനെ എതിർത്തുനിന്നു. ഉൽപത്തി 39:1-12 വായിക്കുക. എന്നിട്ട് ഈ ചോദ്യങ്ങൾ ചർച്ച ചെയ്യുക:
അവിടെനിന്ന് ഓടിപ്പോകാൻ യോസേഫിനെ പ്രേരിപ്പിച്ചത് എന്താണ്?—9-ാം വാക്യം കാണുക.
യോസേഫിന്റെ തീരുമാനം ശരിയായിരുന്നെന്നു നിങ്ങൾക്കു തോന്നുന്നുണ്ടോ? എന്തുകൊണ്ട്?
യോസേഫിനെപ്പോലെ ഇന്നത്തെ ചെറുപ്പക്കാർക്ക് എങ്ങനെയാണു ലൈംഗിക അധാർമികതയിൽനിന്ന് ഓടിയകലാൻ കഴിയുന്നത്? വീഡിയോ കാണുക.
നമ്മൾ എല്ലാവരും അധാർമികത ഒഴിവാക്കാൻ യഹോവ ആഗ്രഹിക്കുന്നു. 1 കൊരിന്ത്യർ 6:18 വായിക്കുക. എന്നിട്ട് ഈ ചോദ്യങ്ങൾ ചർച്ച ചെയ്യുക:
ഏതൊക്കെ സാഹചര്യങ്ങൾ ഒരു വ്യക്തിയെ ലൈംഗിക അധാർമികതയിലേക്കു നയിച്ചേക്കാം?
നമുക്ക് എങ്ങനെ അധാർമികതയിൽനിന്ന് ഓടിയകലാം?
4. നിങ്ങൾക്കു പ്രലോഭനം ചെറുക്കാൻ കഴിയും
ലൈംഗിക അധാർമികതയിൽ വീണുപോകാൻ ഇടയാക്കുന്ന ചില സാഹചര്യങ്ങൾ ഏതെല്ലാമാണ്? വീഡിയോ കാണുക. അതിനു ശേഷം താഴെ കൊടുത്തിരിക്കുന്ന ചോദ്യം ചർച്ച ചെയ്യുക.
താൻ ചിന്തിക്കുന്നതും പ്രവർത്തിക്കുന്നതും ആയ കാര്യങ്ങൾ ഭാര്യയെ വഞ്ചിക്കുന്നതിലേക്കു നയിക്കും എന്ന് ഒരു സഹോദരൻ മനസ്സിലാക്കിയപ്പോൾ എന്താണു ചെയ്തത്?
വിശ്വസ്തരായ ക്രിസ്ത്യാനികൾക്കുപോലും ചിലപ്പോൾ അവരുടെ ചിന്തകൾ ശുദ്ധമായി സൂക്ഷിക്കുന്നതിനു ബുദ്ധിമുട്ടു തോന്നാറുണ്ട്. ഒരാൾക്ക് എങ്ങനെ മോശമായ കാര്യങ്ങൾ ചിന്തിച്ചുകൊണ്ടിരിക്കുന്നതു നിറുത്താൻ കഴിയും? ഫിലിപ്പിയർ 4:8 വായിക്കുക. എന്നിട്ട് ഈ ചോദ്യങ്ങൾ ചർച്ച ചെയ്യുക:
എങ്ങനെയുള്ള കാര്യങ്ങളെക്കുറിച്ചാണു നമ്മൾ ചിന്തിക്കേണ്ടത്?
പ്രലോഭനത്തെ ചെറുത്തുനിൽക്കാൻ ബൈബിൾ വായിക്കുന്നതും ദൈവസേവനത്തിൽ തിരക്കോടെ ഏർപ്പെടുന്നതും നമ്മളെ സഹായിക്കുന്നത് എങ്ങനെയാണ്?
5. യഹോവയുടെ നിയമങ്ങളും തത്ത്വങ്ങളും നമ്മുടെ പ്രയോജനത്തിനാണ്
നമുക്ക് ഏറ്റവും നല്ലത് എന്താണെന്ന് യഹോവയ്ക്ക് അറിയാം. ധാർമികമായി എങ്ങനെ ശുദ്ധരായിരിക്കാമെന്നും അതുകൊണ്ടുള്ള പ്രയോജനം എന്താണെന്നും യഹോവ നമുക്കു പറഞ്ഞുതരുന്നു. സുഭാഷിതങ്ങൾ 7:7-27 വായിക്കുക. അല്ലെങ്കിൽ വീഡിയോ കാണുക. എന്നിട്ട് താഴെ കൊടുത്തിരിക്കുന്ന ചോദ്യങ്ങൾ ചർച്ച ചെയ്യുക.
പ്രലോഭനമുണ്ടാകുന്ന ഒരു സാഹചര്യത്തിലേക്ക് ഒരു യുവാവ് ചെന്നെത്തിയത് എങ്ങനെ?—സുഭാഷിതങ്ങൾ 7:8, 9 കാണുക.
സുഭാഷിതങ്ങൾ 7:23, 26 പറയുന്നതനുസരിച്ച് ലൈംഗിക അധാർമികത ഗുരുതരമായ പ്രശ്നങ്ങളിലേക്കു നയിക്കും. ധാർമികമായി ശുദ്ധരായിരുന്നാൽ നമുക്ക് എന്തെല്ലാം പ്രശ്നങ്ങൾ ഒഴിവാക്കാം?
ധാർമികമായി ശുദ്ധരായിരിക്കുമ്പോൾ ഭാവിയിൽ നമുക്കു ലഭിക്കുന്ന അനുഗ്രഹങ്ങൾ എന്തൊക്കെയാണ്?
സ്വവർഗരതിയെക്കുറിച്ചുള്ള ദൈവത്തിന്റെ നിയമം ഒട്ടും ന്യായമല്ലെന്നു ചില ആളുകൾ വിചാരിക്കുന്നു. പക്ഷേ യഹോവ സ്നേഹമുള്ള ദൈവമാണ്. നമ്മൾ ജീവിതം എന്നേക്കും ആസ്വദിക്കാൻ യഹോവ ആഗ്രഹിക്കുന്നു. അതിനു നമ്മൾ ദൈവം വെച്ചിരിക്കുന്ന നിലവാരങ്ങൾക്കു ചേർച്ചയിൽ ജീവിക്കണം. 1 കൊരിന്ത്യർ 6:9-11 വായിക്കുക. എന്നിട്ട് ഈ ചോദ്യം ചർച്ച ചെയ്യുക:
ദൈവത്തിന്റെ കാഴ്ചപ്പാടിൽ സ്വവർഗലൈംഗികതയോടു ബന്ധപ്പെട്ട കാര്യങ്ങൾ മാത്രമാണോ മോശമായിട്ടുള്ളത്?
ദൈവത്തെ സന്തോഷിപ്പിക്കണമെങ്കിൽ നമ്മൾ ജീവിതത്തിൽ മാറ്റങ്ങൾ വരുത്തണം. അതുകൊണ്ട് എന്താണു പ്രയോജനം? സങ്കീർത്തനം 19:8, 11 വായിക്കുക. എന്നിട്ട് ഈ ചോദ്യം ചർച്ച ചെയ്യുക:
ശരിയും തെറ്റും സംബന്ധിച്ച് യഹോവ വെച്ചിരിക്കുന്ന നിലവാരങ്ങൾ ന്യായമാണെന്നു നിങ്ങൾക്കു തോന്നുന്നുണ്ടോ, എന്തുകൊണ്ട്?
ആരെങ്കിലും ഇങ്ങനെ പറഞ്ഞാൽ: “പരസ്പരസമ്മതത്തോടെ ആർക്കും ആരോടും ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതിന് ഒരു കുഴപ്പവുമില്ല.”
നിങ്ങൾ എന്തു മറുപടി പറയും?
ചുരുക്കത്തിൽ
ഭാര്യാഭർത്താക്കന്മാർക്ക് ആസ്വദിക്കാൻ യഹോവ കൊടുത്തിരിക്കുന്ന സമ്മാനമാണ് ലൈംഗികത.
ഓർക്കുന്നുണ്ടോ?
ലൈംഗിക അധാർമികതയിൽ എന്തെല്ലാം കാര്യങ്ങൾ ഉൾപ്പെടുന്നുണ്ട്?
ലൈംഗിക അധാർമികത ഒഴിവാക്കാൻ നമ്മളെ എന്തു സഹായിക്കും?
ശരിയും തെറ്റും സംബന്ധിച്ച് യഹോവ വെച്ചിരിക്കുന്ന നിലവാരങ്ങൾ അനുസരിക്കുന്നതുകൊണ്ട് നമുക്ക് എന്തു പ്രയോജനം കിട്ടും?
കൂടുതൽ മനസ്സിലാക്കാൻ
പുരുഷനും സ്ത്രീയും ഒരുമിച്ച് താമസിക്കുന്നതിനു മുമ്പ് വിവാഹം ചെയ്തിരിക്കണമെന്നു ദൈവം പറയുന്നത് എന്തുകൊണ്ട്?
സ്വവർഗലൈംഗികതയെ ബൈബിൾ കുറ്റംവിധിക്കുന്നുണ്ടെങ്കിലും അതിൽ ഏർപ്പെടുന്നവരെ വെറുക്കാൻ ബൈബിൾ പഠിപ്പിക്കുന്നില്ല, എന്തുകൊണ്ട്?
ലൈംഗികതയെക്കുറിച്ചുള്ള ദൈവത്തിന്റെ എല്ലാ നിയമങ്ങളും നമ്മുടെ സംരക്ഷണത്തിനുവേണ്ടിയുള്ളതാണ്.
“അധരസംഭോഗം ശരിക്കും ലൈംഗികബന്ധം ആണോ?” (വെബ്സൈറ്റിലെ ലേഖനം)
ജീവിതത്തിൽ മാറ്റങ്ങൾ വരുത്താൻ ഒരു സ്വവർഗാനുരാഗിയെ പ്രേരിപ്പിച്ചത് എന്താണെന്ന് അറിയാൻ “ഒരു മനുഷ്യനോടു കാണിക്കേണ്ട മാന്യത അവർ എന്നോടു കാണിച്ചു” എന്ന ലേഖനം വായിക്കുക.
“ബൈബിൾ ജീവിതത്തിനു മാറ്റം വരുത്തുന്നു” (വെബ്സൈറ്റിലെ ലേഖനം)
a ദൈവം വിലക്കിയിരിക്കുന്ന കാര്യങ്ങളിൽ ഉൾപ്പെടുന്ന മറ്റു ചില സംഗതികളാണ് അധരസംഭോഗം, ഗുദസംഭോഗം, മറ്റൊരാളുടെ ലൈംഗികാവയവങ്ങൾ ഉത്തേജിപ്പിക്കുന്നതിനുവേണ്ടി താലോലിക്കുന്നത് തുടങ്ങിയവ.