യുവജനങ്ങൾ ചോദിക്കുന്നു . . .
അച്ഛനായി എന്നതുകൊണ്ട് ഒരുവൻ പുരുഷനാകുമോ?
“എനിക്ക് ഒരു മകൾ ഇവിടെയുണ്ട്, ഒരു മകൻ അവിടെയുണ്ട്’ എന്നു പറയുന്ന ചില [ചങ്ങാതിമാരെ] എനിക്കറിയാം. അവർ അതു പറയുന്ന രീതി കേട്ടാലറിയാം അവർക്ക് മക്കളെക്കുറിച്ച് യാതൊരു ചിന്തയുമില്ലെന്ന്.”—ഹാരൊൾഡ്.
ഐക്യനാടുകളിൽ ഓരോ വർഷവും ഗർഭിണികളാകുന്ന കൗമാരപ്രായക്കാരായ പെൺകുട്ടികളുടെ എണ്ണം പത്തുലക്ഷത്തോളം വരും. അവരിൽ ബഹുഭൂരിപക്ഷവും ഗർഭിണികളാകുന്നത് അവിഹിത ബന്ധത്തിലൂടെയാണ്. കൗമാരപ്രായക്കാരായ ഈ അമ്മമാരിൽ നാലിൽ ഒരാൾക്കു വീതം അടുത്ത രണ്ടു വർഷത്തിനുള്ളിൽ രണ്ടാമത്തെ കുട്ടി ജനിക്കുന്നു. അറ്റ്ലാന്റിക് മന്ത്ലി എന്ന മാസിക ഇങ്ങനെ പറയുന്നു: “ഈ പ്രവണത ഇങ്ങനെ തുടർന്നാൽ, ഇന്നു ജനിക്കുന്ന കുട്ടികളിൽ പകുതിയിൽ താഴെ പേർക്കു മാത്രമേ കുട്ടിക്കാലത്തുടനീളം തങ്ങളുടെ അച്ഛനോടും അമ്മയോടുമൊപ്പം കഴിയാൻ സാധിക്കുകയുള്ളൂ. മാതാവ് മാത്രമുള്ള കുടുംബത്തിലായിരിക്കും അമേരിക്കക്കാരായ മിക്ക കുട്ടികളും പല വർഷങ്ങൾ ചെലവിടുക.”
കൗമാര ഗർഭധാരണത്തിന്റെ കാര്യത്തിൽ, മറ്റു വികസിത രാജ്യങ്ങളെ അപേക്ഷിച്ച് ഐക്യനാടുകൾ വളരെ മുന്നിൽ ആണെങ്കിലും അവിഹിത ജനനം ഒരു ആഗോള പ്രശ്നമാണ്. ഇംഗ്ലണ്ട്, ഫ്രാൻസ് എന്നിവപോലുള്ള ചില യൂറോപ്യൻ രാജ്യങ്ങളിലെ അവിഹിത ജനന നിരക്ക് ഐക്യനാടുകളിലേതിനോടു തുല്യമാണെന്നുതന്നെ പറയാം. ആഫ്രിക്കയിലെയും തെക്കേ അമേരിക്കയിലെയും ചില രാജ്യങ്ങളിൽ കൗമാരപ്രായക്കാരായ പെൺകുട്ടികൾക്കിടയിലെ പ്രസവനിരക്ക് ഐക്യനാടുകളിൽ ഉള്ളതിന്റെ ഇരട്ടിയോളം വരും. ഒരു പകർച്ചവ്യാധി പോലെ പടർന്നുപിടിക്കുന്ന ഈ സ്ഥിതിവിശേഷത്തിനു കാരണം എന്താണ്?
‘പകർച്ചവ്യാധി’ക്കു പിന്നിൽ
നാം ജീവിക്കുന്ന “ദുർഘടസമയങ്ങ”ളിലെ ധാർമിക അധഃപതനമാണ് ഒരു വലിയ പരിധിയോളം ഈ സാഹചര്യത്തിനു കാരണം. (2 തിമൊഥെയൊസ് 3:1-5) കഴിഞ്ഞ ഏതാനും ദശാബ്ദങ്ങളിലായി വിവാഹമോചന നിരക്കു കുതിച്ചുയർന്നിരിക്കുന്നു. സ്വവർഗസംഭോഗവും വഴിവിട്ടുള്ള മറ്റു ജീവിതശൈലികളും സാധാരണമായി മാറിയിരിക്കുന്നു. മാധ്യമങ്ങൾ വിളമ്പുന്ന വിഭവങ്ങളുടെ നല്ലൊരു ശതമാനവും—അനുചിതമായ സംഗീതം, സംഗീത വീഡിയോകൾ, അധാർമിക വിവരങ്ങൾ പച്ചയ്ക്ക് അവതരിപ്പിക്കുന്ന മാസികാ ലേഖനങ്ങൾ, പരസ്യങ്ങൾ, ആഗ്രഹിക്കുന്ന ആരുമായുമുള്ള ലൈംഗികതയെ പ്രോത്സാഹിപ്പിക്കുന്ന ടിവി പരിപാടികൾ, ചലച്ചിത്രങ്ങൾ—യുവജനങ്ങളെ ലക്ഷ്യമിട്ടുകൊണ്ടുള്ളതാണ്. ഗർഭച്ഛിദ്ര സേവനങ്ങളും ഗർഭനിരോധന മാർഗങ്ങളും നിഷ്പ്രയാസം ലഭ്യമാണെന്നുള്ളത് ലൈംഗികതയ്ക്ക് അനന്തരഫലങ്ങൾ ഒന്നും ഉണ്ടാകില്ലെന്ന വിശ്വാസം യുവജനങ്ങൾക്കിടയിൽ വ്യാപകമാകുന്നതിന് ഇടയാക്കിയിരിക്കുന്നു. അവിവാഹിതനായ ഒരു പിതാവ് ഇങ്ങനെ പറയുന്നു: “ഉത്തരവാദിത്വം ഏറ്റെടുക്കാതെയുള്ള ലൈംഗികതയാണ് ഞാൻ ആഗ്രഹിക്കുന്നത്.” “ലൈംഗികത ഒരു നേരമ്പോക്കാണ്” എന്നു വേറൊരാൾ.
ദരിദ്രരായ യുവജനങ്ങൾക്കിടയിൽ അത്തരം മനോഭാവം പ്രത്യേകിച്ച് വ്യാപകമായിരുന്നേക്കാം. ഉൾനഗര പ്രദേശങ്ങളിലെ ദരിദ്രമേഖലകളിലുള്ള യുവജനങ്ങളുമായി നടത്തിയ വിശദമായ അഭിമുഖത്തിനുശേഷം ഗവേഷകനായ ഇലൈജാ ആൻഡേഴ്സൻ ഇങ്ങനെ പ്രസ്താവിച്ചു: “അനേകം ആൺകുട്ടികളെയും സംബന്ധിച്ചിടത്തോളം ലൈംഗികത എന്നത് പ്രാദേശിക സമൂഹത്തിലെ തങ്ങളുടെ സ്റ്റാറ്റസിന്റെ ഒരു സുപ്രധാന പ്രതീകമാണ്; ലൈംഗികമായ കീഴ്പെടുത്തലുകളെ നേട്ടങ്ങളായാണ് അവർ വീക്ഷിക്കുന്നത്.” അതേ, “ഷെൽഫിൽ വെക്കാവുന്ന ട്രോഫികൾ” എന്ന നിലയിലാണ് ലൈംഗികമായ കീഴ്പെടുത്തലുകളെ പരക്കെ വീക്ഷിക്കുന്നതെന്ന് അവിവാഹിതനായ ഒരു പിതാവ് ഉണരുക!യോടു പറഞ്ഞു. അത്തരം നിർദയമായ ഒരു മനോഭാവത്തിന് ഇടയാക്കുന്നത് എന്താണ്? മിക്ക കേസുകളിലും ഉൾനഗര പ്രദേശങ്ങളിൽ വസിക്കുന്ന ഒരു യുവാവിന്റെ ജീവിതത്തിലെ സുപ്രധാന വ്യക്തികൾ “സമപ്രായക്കാരാണ്” എന്ന് ആൻഡേഴ്സൻ തുടർന്നു പറയുന്നു. “സമപ്രായക്കാരാണ് നടത്തയ്ക്കുള്ള മാനദണ്ഡങ്ങൾ വെക്കുന്നത്, അതനുസരിച്ച് ജീവിക്കുക എന്നത് അവരെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്.”
ആൻഡേഴ്സന്റെ അഭിപ്രായത്തിൽ, മിക്ക ചെറുപ്പക്കാരെയും സംബന്ധിച്ചിടത്തോളം ലൈംഗിക കീഴ്പെടുത്തൽ ലക്ഷ്യസാധ്യത്തിനു വേണ്ടിയുള്ള ഒരു ഉപായം മാത്രമാണ്, “അതിന്റെ ലക്ഷ്യം മറ്റേ ആളെ, പ്രത്യേകിച്ച് പെൺകുട്ടിയെ, വിഡ്ഢിയാക്കുക എന്നതാണ്.” ‘വേഷവിധാനം, ചമയം, നോട്ടം, നൃത്തം ചെയ്യാനുള്ള കഴിവ്, സംഭാഷണം എന്നിവ ഉപയോഗിച്ച് പെൺകുട്ടിയെ വശീകരിച്ചെടുക്കത്തക്കവിധം ആൺകുട്ടി തന്നെത്തന്നെ പൂർണമായി വെളിപ്പെടുത്തുന്നത് ഈ ഉപായത്തിൽ ഉൾപ്പെട്ടിരിക്കുന്നു’വെന്ന് അദ്ദേഹം കൂട്ടിച്ചേർക്കുന്നു. ഇതു സാധിച്ചെടുക്കുന്ന കാര്യത്തിൽ മിക്ക ആൺകുട്ടികൾക്കും ഒരു പ്രത്യേക കഴിവു തന്നെയുണ്ട്. ആൻഡേഴ്സൺ ഇങ്ങനെയും പറയുന്നു: എന്നാൽ “പെൺകുട്ടി ഗർഭിണിയായെന്ന് അറിഞ്ഞാൽ, ആൺകുട്ടി അവളിൽ നിന്ന് അകന്നുമാറാനുള്ള ചായ്വു കാട്ടുന്നു.—ചെറുപ്പക്കാരായ അവിവാഹിത പിതാക്കന്മാർ—മാറിവരുന്ന ധർമങ്ങളും പുത്തൻ നയങ്ങളും (ഇംഗ്ലീഷ്), റോബർട്ട് ലെർമാനും തിയോഡോറ ഊമ്സും എഡിറ്റു ചെയ്തത്.
ദൈവത്തിന്റെ വീക്ഷണം
എന്നാൽ അച്ഛനാകുന്നത് ഒരുവനെ യഥാർഥത്തിൽ ഒരു പുരുഷനാക്കുന്നുണ്ടോ? ലൈംഗികത വെറുമൊരു വിനോദമാണോ? അല്ല എന്നാണ് നമ്മുടെ സ്രഷ്ടാവായ യഹോവയാം ദൈവം പറയുന്നത്. ലൈംഗികതയ്ക്ക് ഉത്കൃഷ്ടമായ ഒരു ഉദ്ദേശ്യമുണ്ടെന്ന് തന്റെ വചനമായ ബൈബിളിൽ ദൈവം വ്യക്തമായി പറയുന്നു. ആദ്യ മനുഷ്യനെയും സ്ത്രീയെയും സൃഷ്ടിച്ചതിനെക്കുറിച്ചു പറഞ്ഞ ശേഷം ബൈബിൾ ഇങ്ങനെ പറയുന്നു: ‘ദൈവം അവരെ അനുഗ്രഹിച്ചു: ‘നിങ്ങൾ സന്താനപുഷ്ടിയുള്ളവരായി പെരുകി ഭൂമിയിൽ നിറയുവിൻ . . . എന്നു അവരോടു കല്പിച്ചു.’ (ഉല്പത്തി 1:27, 28) പിതാവ് കുട്ടികളെ ഉപേക്ഷിച്ചുകളയണമെന്നത് ഒരിക്കലും ദൈവോദ്ദേശ്യമായിരുന്നില്ല. അവൻ ആദ്യ സ്ത്രീയെയും പുരുഷനെയും വിവാഹമെന്ന ശാശ്വത ബന്ധത്തിലൂടെ ഒന്നിച്ചുചേർത്തു. (ഉല്പത്തി 2:24) അതുകൊണ്ട്, എല്ലാ കുട്ടികൾക്കും മാതാവും പിതാവും ഉണ്ടായിരിക്കണം എന്നത് അവന്റെ ഉദ്ദേശ്യമായിരുന്നു.
എന്നാൽ, അധികനാൾ കഴിയുന്നതിനുമുമ്പേ, പുരുഷന്മാർ ഒന്നിലധികം ഭാര്യമാരെ എടുക്കാൻ തുടങ്ങി. (ഉല്പത്തി 4:19) ചില ദൂതന്മാർ പോലും “മനുഷ്യരുടെ പുത്രിമാർ സൗന്ദര്യമുള്ളവരാണെന്നു ശ്രദ്ധിക്കാൻ തുടങ്ങി” എന്ന് ഉല്പത്തി 6:2 (NW) നമ്മോടു പറയുന്നു. മനുഷ്യ ശരീരം ധരിച്ചു ഭൂമിയിലേക്കിറങ്ങി വന്ന ഈ ദൂതന്മാർ അത്യാഗ്രഹത്തോടെ ‘തങ്ങൾക്കു ബോധിച്ച ഏവരെയും ഭാര്യമാരായി എടുത്തു.’ നോഹയുടെ കാലത്തുണ്ടായ ജലപ്രളയം, ആത്മമണ്ഡലത്തിലേക്കു തിരികെ പോകാൻ ഈ ഭൂതങ്ങളെ നിർബന്ധിതരാക്കി. എന്നുവരികിലും, ഇപ്പോൾ അവർ ഭൂമിയുടെ പരിസരത്തു മാത്രമായി ഒതുക്കിനിർത്തപ്പെട്ടിരിക്കുന്നു എന്ന് ബൈബിൾ സൂചിപ്പിക്കുന്നു. (വെളിപ്പാടു 12:9-12) അങ്ങനെ സാത്താനും അവന്റെ ഭൂതങ്ങളും ഇന്ന് ആളുകളുടെമേൽ അതിശക്തമായ സ്വാധീനം ചെലുത്തുന്നു. (എഫെസ്യർ 2:2) അവിഹിതമായി കുട്ടികളെ ജനിപ്പിച്ചിട്ട് അവരെ ഉപേക്ഷിച്ചു പോകുമ്പോൾ യുവാക്കൾ അവർ അറിയാതെതന്നെ അത്തരം ദുഷ്ട സ്വാധീനത്തിനു വഴിപ്പെടുകയാണ്.
അതുകൊണ്ട്, നല്ല കാരണത്തോടെതന്നെ തിരുവെഴുത്തുകൾ നമ്മോട് ഇപ്രകാരം പറയുന്നു: “ദൈവത്തിന്റെ ഇഷ്ടമോ നിങ്ങളുടെ ശുദ്ധീകരണം തന്നേ. നിങ്ങൾ ദുർന്നടപ്പു [“പരസംഗം,” NW] വിട്ടൊഴിഞ്ഞു ഓരോരുത്തൻ ദൈവത്തെ അറിയാത്ത ജാതികളെപ്പോലെ കാമവികാരത്തിലല്ല, വിശുദ്ധീകരണത്തിലും മാനത്തിലും താന്താന്റെ പാത്രത്തെ നേടിക്കൊള്ളട്ടെ. ഈ കാര്യത്തിൽ ആരും അതിക്രമിക്കയും സഹോദരനെ ചതിക്കയും അരുതു [‘ഈ കാര്യത്തിൽ ആരും സഹോദരന്റെ അവകാശങ്ങളെ ദ്രോഹിക്കുകയും അവയുടെ മേൽ അതിക്രമിച്ചുകയറുകയും ചെയ്യരുത്,’ NW]; ഞങ്ങൾ നിങ്ങളോടു മുമ്പെ പറഞ്ഞതുപോലെ ഈവകെക്കു ഒക്കെയും പ്രതികാരം ചെയ്യുന്നവൻ കർത്താവല്ലോ.”—1 തെസ്സലൊനീക്യർ 4:3-6.
‘പരസംഗം വിട്ടൊഴിയാനോ’? പല യുവാക്കളും ഈ ആശയത്തെ പുച്ഛിച്ചു തള്ളിയേക്കാം. ചെറുപ്പക്കാരായ അവരുടെ ആഗ്രഹങ്ങൾ ശക്തമാണെന്നുള്ളതു ശരിതന്നെ. എന്നാൽ പരസംഗത്തിൽ, മറ്റുള്ളവരുടെ ‘അവകാശങ്ങളെ ദ്രോഹിക്കുന്നതും അതിന്മേൽ അതിക്രമിച്ചുകയറുന്നതും’ ഉൾപ്പെടുന്നുവെന്നു ശ്രദ്ധിക്കുക. ഭർത്താവിന്റെ പിന്തുണയില്ലാതെ ഒരു കുഞ്ഞിനെ വളർത്താനുള്ള ചുമതല ഒരു പെൺകുട്ടിയുടെ തലയിൽ കെട്ടിവെച്ചിട്ടു കടന്നുകളയുന്നത് അവളോടുള്ള ദ്രോഹമല്ലേ? ജനിറ്റൽ ഹെർപ്പിസ്, സിഫിലിസ്, ഗൊണോറിയ, എയ്ഡ്സ് എന്നിങ്ങനെയുള്ള ലൈംഗികമായി പകരുന്ന രോഗങ്ങളിൽ ഏതെങ്കിലും അവൾക്കു സമ്മാനിക്കുന്നതിനുള്ള സാധ്യതകളെക്കുറിച്ചെന്ത്? ചിലപ്പോഴൊക്കെ അത്തരം അനന്തരഫലങ്ങൾ ഒഴിവാക്കാനാകും എന്നതു ശരിതന്നെ. എങ്കിൽപ്പോലും വിവാഹപൂർവ ലൈംഗികത, സത്പേർ നിലനിറുത്താനും ഒരു കന്യകയെന്ന നിലയിൽ വിവാഹിതയാകാനുമുള്ള ഒരു പെൺകുട്ടിയുടെ അവകാശത്തിന്മേലുള്ള കടന്നാക്രമണമാണ്. അതുകൊണ്ട് പരസംഗത്തിൽ ഏർപ്പെടാതിരിക്കുകവഴി ഒരുവൻ തന്റെ വിവേകവും പക്വതയുമാണ് തെളിയിക്കുന്നത്. ‘താന്താന്റെ പാത്രത്തെ നേടിക്കൊള്ളുന്ന’തിനും വിവാഹത്തിനു മുമ്പുള്ള ലൈംഗികതയിൽ നിന്ന് ഒഴിഞ്ഞിരിക്കുന്നതിനും ആത്മനിയന്ത്രണവും നിശ്ചയദാർഢ്യവും ആവശ്യമാണ് എന്നതു സത്യം തന്നെ. എന്നാൽ യെശയ്യാവു 48:17, 18 (NW) പറയുന്ന പ്രകാരം, ‘നമ്മുടെതന്നെ നന്മയ്ക്കായിട്ടാണ്’ ദൈവം തന്റെ നിയമങ്ങൾ മുഖാന്തരം ‘നമ്മെ പഠിപ്പിക്കുന്നത്.’
“പുരുഷത്വം കാണിപ്പിൻ”
എന്നാൽ താൻ ഒരു യഥാർഥ പുരുഷനാണെന്ന് ഒരു ചെറുപ്പക്കാരന് എങ്ങനെ തെളിയിക്കാൻ കഴിയും? അവിഹിത സന്തതികൾക്കു ജന്മമേകിക്കൊണ്ടല്ല എന്നതു വ്യക്തം. ബൈബിൾ ഇങ്ങനെ ഉദ്ബോധിപ്പിക്കുന്നു: “ഉണർന്നിരിപ്പിൻ; വിശ്വാസത്തിൽ നിലനില്പിൻ; പുരുഷത്വം കാണിപ്പിൻ; ശക്തിപ്പെടുവിൻ. നിങ്ങൾ ചെയ്യുന്നതെല്ലാം സ്നേഹത്തിൽ ചെയ്വിൻ.”—1 കൊരിന്ത്യർ 16:13, 14.
‘പുരുഷത്വം കാണിക്കുന്നതിൽ’, ഉണർന്നിരിക്കുന്നതും വിശ്വാസത്തിൽ ഉറച്ചു നിൽക്കുന്നതും ധൈര്യശാലിയും സ്നേഹമുള്ളവനും ആയിരിക്കുന്നതും ഉൾപ്പെട്ടിരിക്കുന്നുവെന്നതു ശ്രദ്ധിക്കുക. തീർച്ചയായും ഈ തത്ത്വങ്ങൾ പുരുഷന്മാർക്കും സ്ത്രീകൾക്കും ഒരുപോലെ ബാധകമാണ്. മേൽപ്പറഞ്ഞവ പോലുള്ള ആത്മീയ ഗുണങ്ങൾ നിങ്ങൾ വളർത്തിയെടുക്കുന്നെങ്കിൽ, ഒരു യഥാർഥ പുരുഷൻ എന്ന നിലയിൽ നിങ്ങളെ ബഹുമാനിക്കുന്നതിനും ആദരിക്കുന്നതിനും മറ്റുള്ളവർക്കു നല്ല കാരണം ഉണ്ടായിരിക്കും! ജീവിച്ചിരുന്നിട്ടുള്ളതിലേക്കും ഏറ്റവും മഹാനായ മനുഷ്യനായ യേശുക്രിസ്തുവിൽ നിന്നു പാഠം ഉൾക്കൊള്ളുക. പീഡനത്തെ, മരണത്തെ പോലും അഭിമുഖീകരിച്ചപ്പോൾ അവൻ പ്രകടമാക്കിയ പുരുഷത്വത്തെയും ധീരതയെയും കുറിച്ചൊന്നു ചിന്തിക്കുക. എന്നാൽ സ്ത്രീകളോടു യേശു എങ്ങനെയാണു പെരുമാറിയത്?
സ്ത്രീകളുമായി സഹവാസം ആസ്വദിക്കുന്നതിനുള്ള അവസരം യേശുവിനു തീർച്ചയായും ഉണ്ടായിരുന്നു. അനവധി സ്ത്രീജനങ്ങൾ അവനെ അനുഗമിച്ചിരുന്നു. അവരിൽ ചിലർ “തങ്ങളുടെ വസ്തുവകകൊണ്ടു [അവനും അപ്പൊസ്തലന്മാർക്കും] ശുശ്രൂഷ ചെയ്തു.” (ലൂക്കൊസ് 8:3) ലാസറിന്റെ രണ്ടു സഹോദരിമാരുമായും അവൻ പ്രത്യേകാൽ നല്ല പരിചയത്തിലായിരുന്നു. “യേശു മാർത്തയെയും അവളുടെ സഹോദരിയെയും . . . സ്നേഹിച്ചു” എന്ന് ബൈബിൾ നമ്മോടു പറയുന്നു. (യോഹന്നാൻ 11:5) ഒരു പൂർണ മനുഷ്യൻ എന്ന നിലയിൽ യേശുവിനു നിസ്സംശയമായും ഉണ്ടായിരുന്ന ബുദ്ധിശക്തി, ആകർഷിക്കാനുള്ള കഴിവ്, ശാരീരിക സൗന്ദര്യം എന്നിവ അധാർമിക പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ തക്കവണ്ണം ഈ രണ്ടു സ്ത്രീകളെ വശീകരിക്കാൻ യേശു ഉപയോഗിച്ചോ? ഇല്ല. ബൈബിൾ യേശുവിനെക്കുറിച്ച് ഇങ്ങനെ പറയുന്നു: “അവൻ പാപം ചെയ്തിട്ടില്ല.” (1 പത്രൊസ് 2:22) ഒരു പാപിനിയായി, ഒരുപക്ഷേ വേശ്യയായി, പരക്കെ അറിയപ്പെട്ടിരുന്ന ഒരു സ്ത്രീ “കരഞ്ഞുകൊണ്ടു നിന്നു കണ്ണുനീർകൊണ്ടു അവന്റെ കാൽ നനെച്ചുതുടങ്ങി; തലമുടികൊണ്ടു തുടെച്ചു.” അപ്പോൾ പോലും അവൻ അനുചിതമായി ഇടപെട്ടില്ല. (ലൂക്കൊസ് 7:37, 38) ആരുടെയും വലയിൽ എളുപ്പത്തിൽ വീഴുമായിരുന്ന ഈ സ്ത്രീയെ മുതലെടുക്കുന്നതിനെക്കുറിച്ച് അവൻ ചിന്തിക്കുകപോലും ചെയ്തില്ല! സ്വന്തം വികാരങ്ങളെ നിയന്ത്രിക്കാനുള്ള പ്രാപ്തി അവൻ പ്രകടമാക്കി. അതാണ് യഥാർഥ പുരുഷത്വത്തിന്റെ ലക്ഷണം. ലൈംഗിക ഉപഭോഗവസ്തുക്കൾ എന്നനിലയിലല്ല, മറിച്ച് സ്നേഹവും ആദരവും അർഹിക്കുന്ന വ്യക്തികൾ എന്നനിലയിലാണ് അവൻ സ്ത്രീകളോട് ഇടപെട്ടത്.
ഒരു ക്രിസ്തീയ യുവാവാണ് നിങ്ങളെങ്കിൽ, സമപ്രായക്കാരുടെയല്ല മറിച്ച്, ക്രിസ്തുവിന്റെ മാതൃക പിൻപറ്റുന്നത് മറ്റുള്ളവരുടെ ‘അവകാശങ്ങളെ ദ്രോഹിക്കുകയും അവയുടെ മേൽ അതിക്രമിച്ചു കയറുകയും’ ചെയ്യുന്നതിൽ നിന്നു നിങ്ങളെ തടയും. ഒരു അവിഹിത സന്തതിക്കു ജന്മം നൽകുക എന്ന ദുഃഖകരമായ പരിണതഫലം അനുഭവിക്കുന്നതിൽനിന്ന് അതു നിങ്ങളെ സംരക്ഷിക്കുകയും ചെയ്യും. പരസംഗത്തിൽ ഏർപ്പെടാത്തതുകൊണ്ടു മറ്റുള്ളവർ നിങ്ങളെ കളിയാക്കിയേക്കാം എന്നതു സത്യംതന്നെ. എന്നാൽ സമപ്രായക്കാരുടെ താത്കാലിക പ്രീതിയെക്കാൾ ദൈവത്തിന്റെ പ്രീതി സമ്പാദിക്കുന്നതാണു നിങ്ങൾക്കു പ്രയോജനങ്ങൾ കൈവരുത്തുന്നതെന്ന് കാലം തെളിയിക്കും.—സദൃശവാക്യങ്ങൾ 27:11.
എന്നാൽ, കഴിഞ്ഞകാലത്ത് അധാർമിക ജീവിതം നയിച്ചിരുന്ന ഒരു യുവാവ് തന്റെ അധാർമിക ഗതി ഉപേക്ഷിച്ച് യഥാർഥമായി അനുതപിച്ചിരിക്കുന്നെങ്കിലെന്ത്? അങ്ങനെയെങ്കിൽ, ലൈംഗിക അധാർമികതയിൽ ഏർപ്പെട്ട ശേഷം, അനുതാപം പ്രകടമാക്കിയ ദാവീദ് രാജാവിനെപ്പോലെ അയാൾക്കു ദൈവത്തിന്റെ ക്ഷമ സംബന്ധിച്ച് ഉറപ്പുണ്ടായിരിക്കാൻ കഴിയും. (2 ശമൂവേൽ 11:2-5; 12:13; സങ്കീർത്തനം 51:1, 2) എന്നാൽ അവിഹിതമായ ഒരു ഗർഭധാരണം നടന്നിട്ടുണ്ടെങ്കിൽ, ഒരു ചെറുപ്പക്കാരന് ഇനിയും ചില ഗൗരവമേറിയ തീരുമാനങ്ങൾ കൈക്കൊള്ളേണ്ടതുണ്ടായിരിക്കാം. അയാൾ ആ പെൺകുട്ടിയെ വിവാഹം കഴിക്കണമോ? തന്റെ കുട്ടിയോട് അദ്ദേഹത്തിന് എന്തെങ്കിലും ഉത്തരവാദിത്വങ്ങൾ ഉണ്ടോ? ഒരു ഭാവി ലക്കത്തിൽ ഈ ചോദ്യങ്ങൾ പരിചിന്തിക്കപ്പെടും.
[15-ാം പേജിലെ ചിത്രം]
ലൈംഗികതയ്ക്കു പരിണതഫലങ്ങളൊന്നുമില്ലെന്ന് പല യുവജനങ്ങളും തെറ്റായി ധരിച്ചുവെച്ചിരിക്കുന്നു