അഗ്നിപർവത സ്ഫോടനത്തെ നിഷ്പ്രഭമാക്കിയ ക്രിസ്തീയ സ്നേഹം
കാമറൂണിലെ ഉണരുക! ലേഖകൻ
പശ്ചിമാഫ്രിക്കൻ രാജ്യമായ കാമറൂൺ ഇക്കഴിഞ്ഞ വർഷം ഒരു ഭീമാകാരന്റെ ഉഗ്രകോപത്തിൻ ചൂടറിഞ്ഞു. സമുദ്രനിരപ്പിൽ നിന്ന് 4,070 മീറ്റർ ഉയരമുള്ള അഗ്നിപർവതമാണ് മൗണ്ട് കാമറൂൺ. 20-ാം നൂറ്റാണ്ടിൽ ഇത് അഞ്ചാമത്തെ തവണയാണ് ഈ പർവതം പൊട്ടിത്തെറിക്കുന്നത്. റിപ്പോർട്ട് അനുസരിച്ച്,
ഇത്ര ഉഗ്രവും വിനാശകവുമായ വിധത്തിൽ മൗണ്ട് കാമറൂൺ പൊട്ടിത്തെറിച്ചത് ഇത് ആദ്യമായാണ്.
1999 മാർച്ച് 27-ാം തീയതി ശനിയാഴ്ച ഉച്ചതിരിഞ്ഞായിരുന്നു ദുരന്തങ്ങളുടെ തുടക്കം. മതിലുകളും വീടുകളും, എന്തിന് വൃക്ഷങ്ങൾ പോലും അത്യുഗ്രമായി കുലുങ്ങുകയായിരുന്നു എന്ന് പർവതത്തിന്റെ അടിവാരത്തുള്ള ബൂവേയ പട്ടണത്തിലെ ദൃക്സാക്ഷികൾ പറയുന്നു. പിറ്റേന്നു വൈകിട്ട് എട്ടരയോടടുത്ത് ആ പ്രദേശത്ത് അന്നുവരെ അനുഭവപ്പെട്ടിട്ടുള്ളതിലേക്കും ഏറ്റവും ശക്തവും ഉഗ്രവുമായ പ്രകമ്പനമുണ്ടായി. 70 കിലോമീറ്റർ അകലെയുള്ള ഡുവാലയിൽ പോലും അത് അനുഭവപ്പെട്ടു. 1999 മാർച്ച് 30 ചൊവ്വാഴ്ചയിലെ ലേ മെസ്സാഴേയുടെ മുഖ്യതലക്കെട്ട് ഇങ്ങനെയായിരുന്നു: “മൗണ്ട് കാമറൂൺ സ്ഫോടനം—2,50,000 പേർ അപകടഭീഷണിയിൽ.” അതു തുടർന്നു: “രണ്ടു ദിവസത്തിനുള്ളിൽ 50 തവണ ഭൂമി കുലുങ്ങി; ഇപ്പോൾത്തന്നെ 4 അഗ്നിപർവതവക്ത്രങ്ങൾ രൂപംകൊണ്ടിരിക്കുന്നു; നൂറുകണക്കിനു വീടുകൾ നിലംപൊത്തി; പ്രസിഡന്റിന്റെ ബൂവേയയിലെ കൊട്ടാരം തകർന്നു.”
ബൂവേയ പട്ടണത്തിൽ യഹോവയുടെ സാക്ഷികളായി ഏകദേശം 80 പേരുണ്ട്. അവരുടെ വീടുകളിൽ പലതും നന്നാക്കാൻ പറ്റാത്ത വിധം തകർന്നുപോയിരുന്നു. രാജ്യഹാളായി ഉപയോഗിച്ചിരുന്ന ഒരു വീടും ഇതിൽപ്പെടുന്നു. എന്നിരുന്നാലും, ആർക്കും ജീവഹാനിയൊന്നും സംഭവിച്ചില്ല.
ക്രിസ്തീയ സ്നേഹം പ്രവർത്തനത്തിൽ
സ്ഫോടനം വിതച്ച നാശനഷ്ടങ്ങൾ നികത്തുക എന്ന ലക്ഷ്യത്തിൽ ക്രിസ്തീയ സ്നേഹം ഉടനടി പ്രവർത്തനനിരതമായി. ഒരു ദുരിതാശ്വാസ കമ്മിറ്റി രൂപീകരിക്കപ്പെട്ടു. യഹോവയുടെ സാക്ഷികളുടെ ഭരണസംഘം, ദുരന്തത്തിന് ഇരയായവർക്കു സാമ്പത്തിക സഹായം നൽകുന്നതിനുവേണ്ട ക്രമീകരണങ്ങൾ ചെയ്തു. ദുരന്തത്തിന് ഇരയായവർക്കുവേണ്ടി തങ്ങളുടെ സമയവും ഊർജവും പണവും സ്നേഹപൂർവം വിനിയോഗിക്കാൻ നൂറുകണക്കിനു യഹോവയുടെ സാക്ഷികൾ മനസ്സോടെ മുന്നോട്ടുവന്നു.
യഹോവയുടെ സാക്ഷികളുടെ സഭകളിൽ നിന്ന് ആഹാരസാധനങ്ങൾ അയച്ചുകൊടുക്കുകയുണ്ടായി. ഒരു സാക്ഷി 1,000 സിമന്റ് കട്ടകൾ സംഭാവനചെയ്തു. മറ്റൊരാളാണെങ്കിൽ അലുമിനിയം കൊണ്ടുള്ള മേൽക്കൂര, കുറഞ്ഞ വിലയ്ക്കു വാങ്ങാനുള്ള ക്രമീകരണങ്ങൾ ചെയ്തുകൊടുത്തു. അറുത്തു പലകകളാക്കിയ തടി ശേഖരിക്കുന്നതിനു വേണ്ടി വേറൊരു സഹോദരൻ 16 കിലോമീറ്റർ കാൽനടയായി യാത്ര ചെയ്തു. മറ്റൊരു യുവസഹോദരനാണെങ്കിൽ തന്റെ വിവാഹം നീട്ടിവെച്ചു. എന്നിട്ട് വധുവില കൊടുക്കാൻവേണ്ടി സ്വരുക്കൂട്ടിയ പണം കൊടുത്ത് ഇലക്ട്രിക് മോട്ടോർ ഘടിപ്പിച്ച തന്റെ അറപ്പുവാൾ നന്നാക്കി. ഒരു വീടിന് ആവശ്യമായത്രയും തടി വനത്തിനുള്ളിൽനിന്ന് മൂന്നാഴ്ചകൊണ്ട് അദ്ദേഹം മുറിച്ചെടുത്തു! നല്ല ആരോഗ്യമുള്ള യുവക്രിസ്തീയ സഹോദരന്മാർ ചേർന്ന് അതു മുഴുവൻ അഞ്ചു കിലോമീറ്റർ അകലെയുള്ള ഒരു സ്ഥലത്തേക്കു തലച്ചുമടായി കൊണ്ടുപോയി. പിന്നീട് അവിടെനിന്ന് അത് ഒരു ട്രക്കിൽ കയറ്റിക്കൊണ്ടുപോയി.
ഏപ്രിൽ 24-ാം തീയതിയാണ് പുനർനിർമാണ പ്രവർത്തനങ്ങൾക്കു തുടക്കം കുറിച്ചത്. അന്നേ ദിവസം 60 സ്വമേധയാ സേവകർ ദുരന്തസ്ഥലത്തു വന്നെത്തി. തുടർന്നുള്ള വാരാന്തങ്ങളിൽ, സ്വമേധയാ സേവകരുടെ എണ്ണം 200 എന്ന അത്യുച്ചത്തിൽ എത്തുകയുണ്ടായി. മുഴുസമയ ജോലിക്കാരായ മൂന്നു സാക്ഷികൾ, ജോലി കഴിഞ്ഞുള്ള സമയത്ത് സഹായിക്കാനായി ദുരന്തസ്ഥലത്ത് എത്തിയിരുന്നു. അവർ പണിനിറുത്തുമ്പോൾ എന്നും അർധരാത്രി കഴിയുമായിരുന്നു. ഡുവാലയിൽ നിന്നുള്ള ഒരു സാക്ഷി അതിരാവിലെ മുതൽ ഉച്ചവരെ ജോലി ചെയ്തശേഷം 70 കിലോമീറ്റർ മോട്ടോർസൈക്കിളിൽ സഞ്ചരിച്ച് ദുരന്തസ്ഥലത്ത് വരുമായിരുന്നു. എന്നും അർധരാത്രിവരെ ജോലി ചെയ്ത ശേഷമാണ് അദ്ദേഹം മടങ്ങിയിരുന്നത്. രണ്ടു മാസത്തിൽ കുറഞ്ഞ സമയംകൊണ്ട് ആറു വീടുകളുടെ പണി പൂർത്തിയായി. ഈ സമയത്തെല്ലാം, ബൂവേയ സഭയിലെ സഹോദരങ്ങൾ ഒരു സ്വകാര്യ ഭവനത്തിൽ യോഗങ്ങൾ നടത്തിയിരുന്നു. ഹാജർ എല്ലായ്പോഴും സഭയിലെ അംഗങ്ങളുടെ എണ്ണത്തിന്റെ ഇരട്ടിയോളം വരുമായിരുന്നു.
ഇതേ കാലയളവിൽത്തന്നെ, മലിനജലം ശുദ്ധീകരിക്കുന്നതിന് 40,000-ത്തിലധികം ഗുളികകൾ ദുരിതാശ്വാസ കമ്മിറ്റി വിതരണം ചെയ്തു. മാത്രമല്ല, വിഷവാതകവും അഗ്നിപർവതചാരവും നിമിത്തം ശ്വസനസംബന്ധമായ രോഗങ്ങൾ ബാധിച്ച പത്തോളം പേർക്ക് ആശുപത്രിയിൽ നിന്നു ചികിത്സ ലഭിക്കുന്നതിനു വേണ്ട ക്രമീകരണങ്ങളും ചെയ്തുകൊടുത്തു. ഈ ക്രിസ്തീയ സ്നേഹം നിരീക്ഷിച്ചവരുടെ പ്രതികരണം എന്തായിരുന്നു?
ക്രിസ്തീയ സ്നേഹത്തിന്റെ ഉജ്ജ്വല ജയം
സഹോദരങ്ങൾ നിർമിച്ച ഒരു വീട് കണ്ടശേഷം, പ്രൊവിൻഷ്യൽ ഡെലിഗേഷൻ ഓഫ് അഗ്രിക്കൾച്ചറിലെ ഒരു വ്യക്തി ഇങ്ങനെ അഭിപ്രായപ്പെടുകയുണ്ടായി: “ഈ വീട് അതിൽത്തന്നെ ഒരു മഹത്തായ സാക്ഷ്യമാണ് . . . , സ്നേഹത്തിന്റെ ഒരു തെളിവുതന്നെ.” ഒരു അധ്യാപിക ഇങ്ങനെ പറഞ്ഞു: “ഇതുപോലൊന്ന് എന്റെ ജീവിതത്തിൽ ഞാൻ ഇന്നേവരെ കണ്ടിട്ടില്ല. . . . ഇതു തീർച്ചയായും സത്യക്രിസ്ത്യാനിത്വത്തിന്റെ ഒരു ലക്ഷണം തന്നെ.”
ഈ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ നിന്നു വ്യക്തിപരമായി പ്രയോജനം അനുഭവിച്ചവർക്കും അതേക്കുറിച്ചു പറയാൻ ആയിരം നാവായിരുന്നു. 65-കാരനായ തിമൊത്തി—രോഗിയും കൂടെയാണ് അദ്ദേഹം—ഇങ്ങനെ എഴുതി: “ഞങ്ങളുടെ പുതിയ വീട്ടിലേക്കു നോക്കുമ്പോഴെല്ലാം സന്തോഷംകൊണ്ടു ഞങ്ങളുടെ കണ്ണുനിറയും. ഞങ്ങൾക്കുവേണ്ടി ചെയ്തുതന്ന എല്ലാറ്റിനും ഞങ്ങൾ യഹോവയ്ക്കു തുടർച്ചയായി നന്ദി നൽകുന്നു.” വീടു നിലംപൊത്തിയതോടെ യഹോവയുടെ സാക്ഷിയല്ലാത്ത ഒരു വിധവയ്ക്കും അവരുടെ നാലുമക്കൾക്കും കയറിക്കിടക്കാൻ കൂടി ഒരു ഇടമില്ലാതായി. ഇതും പോരാഞ്ഞിട്ട്, അവർ പണിക്കായി കൂലിക്കു വിളിച്ചവർ മേൽക്കൂര പണിയുന്നതിനുള്ള സാധനങ്ങൾ മോഷ്ടിച്ചുകൊണ്ടു കടന്നുകളയുകയും ചെയ്തു. സാക്ഷികളായ സ്വമേധയാ സേവകർ അവരുടെ സഹായത്തിനെത്തി. തുടർന്ന് അവർ ഇങ്ങനെ പറഞ്ഞു: “എങ്ങനെ നന്ദി പറയണമെന്ന് എനിക്ക് അറിഞ്ഞുകൂടാ. സന്തോഷംകൊണ്ട് എന്റെ ഹൃദയം നിറഞ്ഞുതുളുമ്പുന്നു.” ഒരു ക്രിസ്തീയ മൂപ്പന്റെ ഭാര്യയായ എലിസബേത്ത് ഇങ്ങനെ അഭിപ്രായപ്പെട്ടു: “യഹോവയുടെ സംഘടനയിൽ സ്നേഹം ഉള്ളതിൽ ഞാൻ അതീവ സന്തുഷ്ടയാണ്. നാം ജീവനുള്ള ദൈവത്തെയാണു സേവിക്കുന്നത് എന്നാണ് അതിന്റെയർഥം.”
അതിശക്തമായിട്ടാണ് അഗ്നിപർവതം പൊട്ടിത്തെറിച്ചത്. പക്ഷേ, അതിന് ഈ സഹോദരവർഗത്തിനിടയിലെ ക്രിസ്തീയ സ്നേഹത്തെ തുടച്ചുനീക്കാനായില്ല. അപ്പൊസ്തലനായ പൗലൊസ് ദിവ്യനിശ്വസ്തതയിൽ എഴുതിയതുപോലെ “സ്നേഹം ഒരുനാളും ഉതിർന്നുപോകയില്ല.”—1 കൊരിന്ത്യർ 13:8.
[16-ാം പേജിലെ ചിത്രം]
ലാവാപ്രവാഹം ഏറെ നാശനഷ്ടങ്ങൾ വരുത്തിവെച്ചു
[17-ാം പേജിലെ ചിത്രം]
തകർന്നുപോയ വീടുകൾ വീണ്ടും പണിയുന്നതിന് സ്വമേധയാ സേവകർ അത്യധ്വാനം ചെയ്തു
[16, 17 പേജുകളിലെ ചിത്രം]
മൗണ്ട് കാമറൂൺ