സമാധാനത്തിന്റെ ദൈവത്തിൽനിന്ന് ആശ്വാസം
“ഈ വാക്കുകൾ കൊണ്ട് അന്യോന്യം ആശ്വസിപ്പിച്ചുകൊണ്ടിരിക്കുക.”—1 തെസ്സലോനിക്യർ 4:18.
1. പൗലോസിന്റെ ഏതപേക്ഷകൾ സമാധാനത്തിലുള്ള അവന്റെ താത്പര്യത്തെ പ്രകടമാക്കുന്നു?
ക്രിസ്തീയസഭയ്ക്ക് സമാധാനം ഉണ്ടായിരിക്കണമെന്ന് അപ്പോസ്തലനായ പൗലോസിന് അതിയായ ആഗ്രഹമുണ്ടായിരുന്നു നിശ്വസ്തതിരുവെഴുത്തുകളിൽ അവന്റേതായി നമുക്കുവേണ്ടി സൂക്ഷിക്കപ്പെട്ടിരിക്കുന്ന ലേഖനങ്ങളിൽ 13 എണ്ണം ആരെ സംബോധന ചെയ്യുന്നുവോ അവർ ദൈവത്തിൽനിന്ന് സമാധാനം അനുഭവിക്കണമേയെന്നുള്ള അപേക്ഷയോടെയാണ് അവ ആരംഭിക്കുന്നത്. ദൃഷ്ടാന്തത്തിന്, പുതുതായി രൂപം കൊണ്ട തെസ്സലോനീക്യയിലെ സഭയ്ക്ക് പൗലോസ് എഴുതുന്നു: “നിങ്ങൾക്ക് അനർഹദയയും സമാധാനവും ഉണ്ടായിരിക്കട്ടെ.” അതേ ലേഖനത്തിന്റെ ഒടുവിൽ അവൻ അപേക്ഷിക്കുന്നു: “സമാധാനത്തിന്റെ ദൈവംതന്നെ നിങ്ങളെ പൂർണ്ണമായി വിശുദ്ധീകരിക്കട്ടെ. നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ സാന്നിദ്ധ്യത്തിങ്കൽ സഹോദരൻമാരായ നിങ്ങളുടെ ആത്മാവും ദേഹിയും ശരീരവും എല്ലാ വിധത്തിലും അവികലമായി ഒരു നിഷ്ക്കളങ്ക രീതിയിൽ കാത്തു സൂക്ഷിക്കപ്പെടട്ടെ.”—1 തെസ്സലോനിക്യർ 1:1; 5:23.
2. (എ) പൗലോസ് സഭയോട് ഏതുതരം താത്പര്യം പ്രകടമാക്കി? (ബി) ഇന്നത്തെ ക്രിസ്തീയ മൂപ്പൻമാർക്ക് എങ്ങനെ പൗലോസിന്റെ ദൃഷ്ടാന്തം പിന്തുടരാം?
2 പൗലോസും അവന്റെ സഹപ്രവർത്തകരും ആ പുതു വിശ്വാസികളുടെ ഇടയിൽ ‘കഠിന പ്രയത്നവും കഠിനാദ്ധ്വാനവും’ ചെയ്യുന്നതിൽനിന്ന് പിൻമാറിനിന്നിരുന്നില്ല. പൗലോസ് ഇങ്ങനെ പറഞ്ഞു: “ഒരു മുലയൂട്ടുന്ന അമ്മ അവളുടെ സ്വന്തം മക്കളെ ശുശ്രൂഷിച്ചു വളർത്തുമ്പോഴെന്നപോലെ ഞങ്ങൾ നിങ്ങളുടെ ഇടയിൽ ആർദ്രതയുള്ളവരായിതീർന്നു. അങ്ങനെ നിങ്ങളോട്കരുണാർദ്രമായ പ്രിയത്തോടെ ഞങ്ങൾ നിങ്ങൾക്കു ദൈവത്തിന്റെ സുവാർത്ത മാത്രമല്ല, ഞങ്ങളുടെ സ്വന്തം ദേഹികൾ കൂടെ നൽകാൻ അതീവ സന്തോഷമുള്ളവരായിരുന്നു, എന്തുകൊണ്ടെന്നാൽ നിങ്ങൾ ഞങ്ങൾക്ക് പ്രിയപ്പെട്ടവരായിത്തീർന്നു.” ആ വാക്കുകളിൽ ആ സഭയോടു പൗലോസിനു തോന്നിയ യഥാർത്ഥമായ അഗാധ സ്നേഹവും ഉററ താത്പര്യവും നമുക്ക് ദർശിക്കാൻ കഴിയുന്നില്ലേ? തീർച്ചയായും ഇന്ന് ലോകത്തിന് ചുററുമുള്ള യഹോവയുടെ സാക്ഷികളുടെ ഏതാണ്ട് 50000 സഭകളിൽ ക്രിസ്തീയ മൂപ്പൻമാർ പ്രകടമാക്കുന്ന സ്നേഹത്തിന്റെ മാതൃകയാണത്.—1 തെസ്സലോനീക്യർ 2:7-9; യോഹന്നാൻ 13:34, 35; 15:12-14.
3. (എ) തിമൊഥെയോസിന് തെസ്സലോനീക്യസഭയ്ക്ക് പ്രയോജനം ചെയ്യാൻ കഴിഞ്ഞതെങ്ങനെ? (ബി) ഇത് ഇന്ന് എന്തിനോട് സമാനമാണ്?
3 പരീക്ഷകനായ സാത്താൻ ആ തെസ്സലോനീക്യ ക്രിസ്ത്യാനികളുടെമേൽ ഉപദ്രവങ്ങൾ വരുത്തികൂട്ടിയിരുന്നു. അതുകൊണ്ട് ‘അവരെ ഉറപ്പിക്കുന്നതിനും അവരുടെ വിശ്വാസത്തിനുവേണ്ടി അവരെ ആശ്വസിപ്പിക്കുന്നതിനുമായി’ പൗലോസ് തിമൊഥെയോസിനെ അവരുടെ അടുക്കലേക്കയച്ചു. അവരുടെ വിശ്വസ്തതയേയും സ്നേഹത്തെയും കുറിച്ചുള്ള തിളക്കമാർന്ന ഒരു റിപ്പോർട്ടോടെ തിമൊഥെയോസ് ആതെൻസിൽ പൗലോസിന്റെ അടുക്കലേക്കു മടങ്ങി. അന്യോന്യമുള്ള വിശ്വാസത്തെയും നിർമ്മലതയേയും കുറിച്ചു മനസ്സിലാക്കിയതിൽ എല്ലാവരും അതിയായി ആശ്വസിപ്പിക്കപ്പെട്ടു. ഏതു കുറവും പരിഹരിക്കുന്നതിന് അവർ ദൈവത്തോട് അപേക്ഷിക്കുന്നതിൽ തുടർന്നു. (1 തെസ്സലോനീക്യർ 3:1, 2, 5-7, 10) ഇതും ഇന്നത്തെ ദിവ്യാധിപത്യക്രമീകരണത്തെ പ്രതിഫലിപ്പിക്കുന്നു. യഹോവയുടെ സാക്ഷികൾ നിരോധനത്തിൻ കീഴിലോ കഠിനപീഡനത്തിൻ കീഴിലോ സേവിക്കുന്നടങ്ങളിൽപോലും സഞ്ചാരമേൽവിചാരകൻമാർ സഭകളെ കെട്ടുപണി ചെയ്യുന്നു.—യെശയ്യാവ് 32:1, 2.
‘അവന്റെ സാന്നിദ്ധ്യത്തിങ്കൽ’
4, 5. (എ) പൗലോസ് ഇവിടെ ഏത് അപേക്ഷ നടത്തുന്നു, അതിപ്പോൾ നമുക്ക് പ്രത്യേക താത്പര്യമുള്ളതായിരിക്കേണ്ടതെന്തുകൊണ്ട്? (ബി) നമ്മുടെ നാൾ പ്രത്യേക പ്രാധാന്യമുള്ളതായിരിക്കുന്നതെന്തുകൊണ്ട്?
4 അപ്പോസ്തലനായ പൗലോസ് തന്റെ ലേഖനത്തിന്റെ ഈ ഭാഗം ഈ അപേക്ഷയോടെ ഉപസംഹരിക്കുന്നു: “ഞങ്ങൾക്ക് നിങ്ങളോടെന്നപോലെ, കർത്താവ് നിങ്ങൾക്ക് അന്യോന്യവും എല്ലാവരോടും സ്നേഹം വർദ്ധിച്ചു പെരുകുമാറാക്കട്ടെ; സകല വിശുദ്ധൻമാരോടുംകൂടെയുള്ള നമ്മുടെ കർത്താവായ യേശുവിന്റെ സാന്നിദ്ധ്യത്തിങ്കൽ നമ്മുടെ ദൈവവും പിതാവുമായവന്റെ മുമ്പാകെ അവൻ നിങ്ങളുടെ ഹൃദയങ്ങളെ വിശുദ്ധിയിൽ അനിന്ദ്യമായി ഉറപ്പിക്കേണ്ടതിനുതന്നെ.”—1 തെസ്സലോനീക്യർ 3:12, 13
5 പൗലോസ് ഇവിടെ വിദൂരഭാവിയിലേക്ക്, “മനുഷ്യപുത്രൻ തന്റെ മഹത്വത്തിൽ സകല ദൂതൻമാരോടും കൂടെ “വന്നെത്തുന്ന, യേശുവിന്റെ “സാന്നിദ്ധ്യത്തിന്റെയും വ്യവസ്ഥിതിയുടെ സമാപനത്തിന്റെയും” കാലത്തിലേക്ക്, നോക്കുകയായിരുന്നു. നമ്മുടെ സ്വർഗ്ഗീയ രാജാവ് 1914-ൽ വന്നെത്തി. യേശു ഇപ്പോൾ തന്റെ മഹത്വമുള്ള അദൃശ്യ സിംഹാസനത്തിൽനിന്ന് രാഷ്ട്രങ്ങളെയും ഭൂമിയിലെ ജനങ്ങളെയും ന്യായം വിധിക്കുകയും, താഴ്മയുള്ള, ചെമ്മരിയാടുതുല്യരായ മനുഷ്യരെ പരദീസാഭൂമിയിലെ നിത്യജീവനുവേണ്ടി “മഹോപദ്രവ”ത്തിൽ കാത്തു സൂക്ഷിക്കുന്നതിന് വേർതിരിച്ചുകൊണ്ടിരിക്കുകയുമാണ്.—മത്തായി 24:3-21; 25:31-34, 41, 46.
നമ്മുടെ നൻമക്കുവേണ്ടിയുള്ള കല്പനകൾ
6. പൗലോസിന്റെ ഏത് ഉദ്ബോധനം നാമിപ്പോൾ അനുസരിക്കണം?
6 നിത്യജീവന്റെ ലാക്കിനെ എത്തിപ്പിടിക്കുന്ന ഒരാളാണോ നിങ്ങൾ? ആണെങ്കിൽ, പൗലോസ് ഇവിടെ തെസ്സലോനീക്യർക്ക് എഴുതുന്നത് നിങ്ങൾ അനുസരിക്കണം: “ഒടുവിൽ സഹോദരൻമാരേ, നിങ്ങൾ എങ്ങനെ നടക്കുകയും ദൈവത്തെ പ്രസാദിപ്പിക്കുകയും ചെയ്യേണ്ടതാണെന്ന് ഞങ്ങളിൽ നിന്ന് പ്രബോധനം സ്വീകരിച്ചതുപോലെ, യഥാർത്ഥത്തിൽ നിങ്ങൾ നടക്കുന്നതുപോലെ, നിങ്ങൾ കൂടുതൽ തികവോടെ അതു ചെയ്തുകൊണ്ടിരിക്കണമെന്ന് ഞങ്ങൾ കർത്താവായ യേശു മുഖേന നിങ്ങളോട് അപേക്ഷിക്കുകയും നിങ്ങളെ പ്രബോധിപ്പിക്കുകയും ചെയ്യുന്നു. എന്തെന്നാൽ കർത്താവായ യേശു മുഖേന ഞങ്ങൾ നിങ്ങൾക്കുതന്ന കല്പനകൾ നിങ്ങൾക്കറിയാം.” (1 തെസ്സലോനീക്യർ 4:1, 2) പൗലോസ് ഇവിടെ ഊന്നി പറയുന്ന ചില കൽപ്പനകൾ എന്തൊക്കെയാണ്?
7. (എ) ഇവിടെ ഏതു പ്രധാന ‘കല്പന’ നൽകപ്പെട്ടിരിക്കുന്നു? (ബി) ദൈവാത്മാവു ലഭിച്ചശേഷം നാം ഒരിക്കലും ജാഗ്രത വെടിയരുതാത്തതെന്തുകൊണ്ട്?
7 ഒന്നാമത്തെ കല്പന നല്ല ധാർമ്മിക നിഷ്ഠകളോടു ബന്ധപ്പെട്ടവയാണ്. പൗലോസ് വെട്ടിത്തുറന്നു പറയുന്നു: “ഇതാണു ദൈവം ഇഷ്ടപ്പെടുന്നത്, നിങ്ങളുടെ വിശുദ്ധീകരണം, നിങ്ങൾ ദുർവൃത്തി ഒഴിഞ്ഞിരിക്കണമെന്നും നിങ്ങളിൽ ഓരോരുത്തനും വിശുദ്ധീകരണത്തിലും മാന്യതയിലും സ്വന്തം പാത്രത്തെ എങ്ങനെ നേടാമെന്ന് അറിഞ്ഞിരിക്കണമെന്നും തന്നെ, ദൈവത്തെ അറിയാത്ത ജനതകൾക്കുള്ളതുപോലെയുള്ള അത്യാഗ്രഹത്തോടുകൂടിയ ലൈംഗിക തൃഷ്ണയോടെയല്ല.” സന്തോഷകരമെന്നു പറയട്ടെ, നാം ദൈവത്തെയും അവന്റെ പുത്രനായ യേശുക്രിസ്തുവിനെയും അറിയാനിടയായിരിക്കുന്നു. നാം നിത്യജീവൻ എത്തിപ്പിടിക്കുകയാണ്. നാം ദുർമ്മാർഗത്തിന്റെ ചെളിക്കുണ്ടിലേക്ക് വലിച്ചിഴക്കപ്പെടുകയാണെങ്കിൽ എത്ര ലജ്ജാവഹമായിരിക്കും! ചിലർ അനേകം വർഷങ്ങൾ തടങ്കൽ പാളയങ്ങളിലും കാരാഗ്രഹങ്ങളിലും അതിജീവിച്ചിട്ടുണ്ട്, അല്ലെങ്കിൽ തീഷ്ണമായ മിഷനറിസേവനത്തിൽ ഒരു ആയുഷ്ക്കാലം ചെലവഴിച്ചിട്ടുണ്ട്, എന്നാൽ പിന്നീട് ധാർമ്മികതയുടെ കാര്യത്തിൽ പരീക്ഷകൻ തങ്ങളെ പിടികൂടാൻ അവർ അനുവദിച്ചുവെന്നു പറയാൻ സങ്കടമുണ്ട്. ദൈവത്തിന്റെ പരിശുദ്ധാത്മാവു ലഭിച്ചശേഷം ലൈംഗിക ദുർനടത്ത മുഖേന നാം ഒരിക്കലും ദൈവാത്മാവിനെ ദു:ഖിപ്പിക്കരുത്!—1 തെസ്സലോനിക്യർ 4:3-8; യോഹന്നാൻ 17:3; 1 കൊരിന്ത്യർ 10:12, 13; എഫേസ്യർ 4:30.
8, 9. (എ) “സഹോദരസ്നേഹം” എന്താണ്? (ബി) നമുക്ക് അത്തരം സ്നേഹം എങ്ങനെ നട്ടുവളർത്താം? എന്തു പ്രയോജനത്തോടെ?
8 പൗലോസിന്റെ അടുത്ത ‘കല്പന’ “സഹോദരസ്നേഹം,” ഫിലദൽഫിയാ, സംബന്ധിച്ചാണ്. (1 തെസ്സലോനീക്യർ 4:9, 10) പൗലോസ് ഇവിടെ 9-ാം വാക്യത്തിലും, അതുപോലെ തന്നെ 3-ാം അദ്ധ്യായം 6-ഉം 12-ഉം വാക്യങ്ങളിലും ഊഷ്മളമായി ശുപാർശചെയ്യുന്ന തത്വാധിഷ്ഠിത സ്നേഹമായ അഗാപേയുടെ ഒരു പ്രത്യേക പ്രകടനമാണിത്. ഫിലദൽഫിയാ സ്പഷ്ടമായി യേശുവും പത്രോസും തമ്മിലും ദാവീദും യോനാദാനും തമ്മിലും സ്ഥിതി ചെയ്തിരുന്നതുപോലെയുള്ള വളരെ അടുത്ത പ്രിയമാണ്. (യോഹന്നാൻ 21:15-17; 1 ശമുവേൽ 20:17; 2 ശമുവേൽ 1:26) ഒരു അടുത്ത സഖിത്വം കെട്ടുപണി ചെയ്യുന്നതിൽ അതിനെ അഗാപേയോടു ചേർക്കാവുന്നതാണ്. ഇത്തരം സഖിത്വം യഹോവയുടെ സാക്ഷികളിൽ പെട്ട അനേകർ പയനിയർ ശുശ്രൂഷയിലും മററു ദിവ്യാധിപത്യപ്രവർത്തനത്തിലും പരസ്പരം ആസ്വദിക്കുന്ന സഹവാസത്തിൽ സന്തോഷത്തിൽ ദൃശ്യമാണ്.
9 പൗലോസ് പറയുന്നു: “അതു കൂടുതൽ പൂർണ്ണമായ അളവിൽ ചെയ്തുകൊണ്ടിരിക്കുക.” നമുക്ക് എല്ലായ്പ്പോഴും നമ്മുടെ സഹോദരപ്രീതിയെ വിപുലപ്പെടുത്താൻ കഴിയും. വിശേഷാൽ മൂപ്പൻമാരും ശുശ്രൂഷാദാസൻമാരും തീക്ഷ്ണമായ രാജ്യസേവനത്തിൽ നേതൃത്വം വഹിക്കുമ്പോൾ ഈ വിശിഷ്ടഗുണം കവിഞ്ഞൊഴുകുന്നു. ‘ഒന്നാമതു രാജ്യം അന്വേഷിക്കുന്ന’തിൽ സഭയിലുള്ള എല്ലാവരും തിരക്കോടെ ഏർപ്പെടുമ്പോൾ മാനുഷാപൂർണ്ണത നിമിത്തമുള്ള ഭിന്നതകളും അഴകു പിണക്കങ്ങളും സമാനമായ പ്രശ്നങ്ങളും അപ്രധാനമായിത്തീരുന്നു. നമുക്ക് എല്ലായ്പ്പോഴും നമ്മുടെ ദൃഷ്ടികൾ സമ്മാനത്തിൻമേൽ പതിപ്പിക്കാം!—മത്തായി 6:20, 21, 33; 2 കൊരിന്ത്യർ 4:18.
10. ക്രിസ്ത്യാനികളെന്ന നിലയിൽ നമുക്ക് എങ്ങനെ ‘യോഗ്യമായി നടക്കാം?’
10 പൗലോസ് ഇവിടെ മറെറാരു ‘കല്പന’ ബന്ധപ്പെടുത്തുന്നു. നാം ശാന്തമായി ജീവിക്കാൻ ലക്ഷ്യം വെക്കുകയും സ്വന്തം കാര്യം നോക്കുകയും സ്വന്തം കൈകൾകൊണ്ട് ജോലി ചെയ്യുകയും വേണമെന്ന്. നാം അങ്ങനെ നമ്മുടെ അനുദിന ജീവിതത്തിൽ ‘യോഗ്യമായി നടക്കുകയും’ തത്വാധിഷ്ഠിത സ്നേഹവും സഹോദരപ്രിയവും പ്രകടമാക്കുകയും ചെയ്യുമ്പോൾ നമ്മുടെ എല്ലാ ആവശ്യങ്ങളും നിറവേററപ്പെടും.—1 തെസ്സലോനീക്യർ 4:11, 12; യോഹന്നാൻ 13:35; റോമർ 12:10-12.
പുനരുത്ഥാന പ്രത്യാശയാൽ ആശ്വസിപ്പിക്കപ്പെടുന്നു
11. (എ) പൗലോസ് ഇപ്പോൾ പുനരുത്ഥാനം അവതരിപ്പിക്കുന്നതെന്തുകൊണ്ട്? (ബി) പൗലോസിന്റെ ഈ ബുദ്ധിയുപദേശം നമ്മെ എങ്ങനെ ബാധിക്കണം?
11 അപ്പോസ്തലൻ അടുത്തതായി പുനരുത്ഥാനത്തിന്റെ മഹത്തായ പ്രത്യാശയെ പരാമർശിക്കുന്നു. എന്നാൽ പൗലോസ് ഈ വിഷയം അവതരിപ്പിക്കുന്നതെന്തുകൊണ്ട്? തന്റെ സഹോദരൻമാർക്ക് നേരിടുന്ന പീഡനങ്ങൾ സഹിച്ചു നിൽക്കുന്നതിന് അവരെ ശക്തീകരിക്കാൻ അവൻ ആഗ്രഹിച്ചു. അവർ ജീവൻ നഷ്ടപ്പെടുന്നതിന്റെ അപകടത്തിലായിരുന്നു. ആ സമയത്ത് ചിലർ മരണത്തിൽ നിദ്രപ്രാപിച്ചിരുന്നതായി തോന്നുന്ന സഹവിശ്വാസികൾക്ക് ആശ്വാസം ആവശ്യമായിരുന്നു. (1 തെസ്സലോനീക്യർ 2:14-20) ക്രിസ്തുവിന്റെ “സാന്നിദ്ധ്യം” സമീപിച്ചിരുന്നുവെന്ന് വിചാരിച്ചുകൊണ്ട്, അപ്പോൾത്തന്നെ മരിച്ചുപോയിരുന്നവർക്ക് എന്തു സംഭവിക്കുമെന്ന് അവർ ആശ്ചര്യപ്പെട്ടു. പൗലോസ് ഇപ്പോൾ എഴുതുന്നത് ക്രിസ്തീയ പ്രിയപ്പെട്ടവരെ നഷ്ടപ്പെടുന്നവർക്ക് ആശ്വാസം മാത്രമല്ല, യഹോവയുടെ “ദിവസം” പൊട്ടിപ്പുറപ്പെടുന്നതുവരെ സഹിച്ചു നിൽക്കുന്നതിനുള്ള പ്രോത്സാഹനവും നൽകുന്നു. ഈ വ്യവസ്ഥിതിയുടെ സമഗ്രമായ അവസാനം പ്രതീക്ഷിച്ചുകൊണ്ട് സുവാർത്ത പ്രഖ്യാപിക്കുന്നതിൽ നാം തുടരുമ്പോൾ ആത്മീയസ്ഥിരത പ്രകടമാക്കുന്നതിന് പൗലോസിന്റെ ബുദ്ധ്യുപദേശം നമ്മെയെല്ലാം സഹായിക്കേണ്ടതാണ്.—2 തെസ്സലോനീക്യർ 1:6-10.
12. ഒരു പ്രിയപ്പെട്ടയാൾ മരിക്കുമ്പോൾ നമുക്ക് എന്തു യഥാർത്ഥ ആശ്വാസം ഉണ്ടായിരിക്കാവുന്നതാണ്, ഏത് ഉറവിൽനിന്ന്?
12 പൗലോസ് പറയുന്നു: “സഹോദരൻമാരേ, മരണത്തിൽ നിദ്രകൊള്ളുന്നവരെക്കുറിച്ച് നിങ്ങൾ അജ്ഞരായിരിക്കാൻ ഞങ്ങളാഗ്രഹിക്കുന്നില്ല; പ്രത്യാശയില്ലാത്ത ശേഷമുള്ളവരെപ്പോലെ നിങ്ങൾ സങ്കടപ്പെടാതിരിക്കുന്നതിനുതന്നെ.” (1 തെസ്സലോനീക്യർ 4:13) പുനരുത്ഥാനപ്രത്യാശയിൽ എന്ത് ആശ്വാസവും മന:സമാധാനവും ഉണ്ട്! ഏതാണ്ട് അഞ്ചു വർഷം കഴിഞ്ഞ് പൗലോസ് കൊരിന്തിലെ ക്രിസ്ത്യാനികൾക്കുള്ള തന്റെ രണ്ടാമത്തെ ലേഖനം ഇങ്ങനെ പറഞ്ഞുകൊണ്ട് അവതരിപ്പിച്ചു: “നമ്മുടെ പിതാവായ ദൈവത്തിൽ നിന്നും കർത്താവായ യേശുക്രിസ്തുവിൽനിന്നും നിങ്ങൾക്ക് അനർഹദയയും സമാധാനവും ഉണ്ടായിരിക്കട്ടെ. നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായവൻ, കരുണാർദ്രതകളുടെ പിതാവും സർവ്വാശ്വാസത്തിന്റെയും ദൈവവുമായവൻ, വാഴ്ത്തപ്പെട്ടവനായിരിക്കട്ടെ. നാം തന്നെ ദൈവത്താൽ ആശ്വസിപ്പിക്കപ്പെടുന്ന ആശ്വാസത്തിലൂടെ ഏതുതരം ഉപദ്രവത്തിലുമിരിക്കുന്നവരെ ആശ്വസിപ്പിക്കാൻ നാം പ്രാപ്തരായിരിക്കേണ്ടതിന് അവൻ നമ്മെ നമ്മുടെ സകല ഉപദ്രവത്തിലും ആശ്വസിപ്പിക്കുന്നു.”—2 കൊരിന്ത്യർ 1:2-4.
13, 14. (എ) ക്രിസ്ത്യാനികൾ മരണത്തിന്റെ അർത്ഥം സംബന്ധിച്ച് അറിവുള്ളവരായിരിക്കാൻ പൗലോസ് ആഗ്രഹിച്ചതെന്തുകൊണ്ട്? (ബി) മരിച്ചവരുടെ അവസ്ഥ എന്താണെന്നാണ് തിരുവെഴുത്തുകൾ പ്രകടമാക്കുന്നത്?
13 മരിച്ചവരുടെ അവസ്ഥയെക്കുറിച്ച് നാം അജ്ഞരായിരിക്കാൻ അപ്പോസ്തലൻ ആഗ്രഹിച്ചില്ല. കാലക്രമത്തിൽ, ക്രിസ്ത്യാനികളെന്നവകാശപ്പെട്ടവരുടെ ഇടയിൽ ഒരു വലിയ വിശ്വാസത്യാഗം സംഭവിക്കുമായിരുന്നു. തന്നിമിത്തം അവർ ബാബിലോന്യ, യവന, തത്വശാസ്ത്രങ്ങളിലേക്ക് മടങ്ങിപ്പോകുമായിരുന്നു. അങ്ങനെയുള്ള വിശ്വാസത്യാഗികൾ ദേഹിയുടെ സ്വതേയുള്ള അമർത്ത്യതയെന്ന പ്ലേറേറായുടെ ഉപദേശം സ്വീകരിക്കും—ഇതിപ്പോൾ വ്യാജമതലോക സാമ്രാജ്യത്തിലുടനീളമുള്ള ഒരു അടിസ്ഥാന ഉപദേശമാണ്. സ്വർഗ്ഗത്തിലോ ശുദ്ധീകരണ സ്ഥലത്തോ നിത്യദണ്ഡനസ്ഥലത്തോ ആണെന്നു പറഞ്ഞാലും “അനന്തരജീവിത”ത്തെ ചുററിപററിയുള്ള മർമ്മത്തിന്റെ തിളക്കം യഥാർത്ഥ ആശ്വാസം കൈവരുത്തുന്നില്ല. തന്നെയുമല്ല, സ്വതേയുള്ള അമർത്ത്യത പുനരുത്ഥാനത്തിന്റെ ഉപദേശത്തിനു വിരുദ്ധമാണ്, എന്തുകൊണ്ടെന്നാൽ ദേഹി മരിക്കുന്നില്ലെങ്കിൽ, ആരെയെങ്കിലും വീണ്ടും ജീവനിലേക്ക് എങ്ങനെ ഉയിർപ്പിക്കാൻ കഴിയും?
14 പൗലോസ് ഇവിടെ “മരണത്തിൽ നിദ്രകൊള്ളുന്നവരെ സംബന്ധിച്ച്” എഴുതുന്നു. അതെ” നിദ്രകൊള്ളുന്നവരെ.” ഉറങ്ങുന്ന ഒരാൾക്ക് യാതൊന്നിനെക്കുറിച്ചും ബോധമില്ല, എന്തെങ്കിലും പ്രവൃത്തികൾ ചെയ്യാൻ പ്രാപ്തിയുമില്ല. (സഭാപ്രസംഗി 9:5, 10 താരതമ്യപ്പെടുത്തുക) യേശുവിന്റെ ശുശ്രൂഷക്കാലത്ത് ഒരു സന്ദർഭത്തിൽ ലാസർ “വിശ്രമിക്കുന്നു”വെന്നും താൻ “അവനെ നിദ്രയിൽ നിന്ന് ഉണർത്തു”മെന്നും യേശു പറയുകയുണ്ടായി. ക്രിസ്തുവിന്റെ ശിഷ്യൻമാർക്ക് ആ വാക്കുകൾ മനസ്സിലാകാഞ്ഞപ്പോൾ “‘ലാസർ മരിച്ചുപോയി’ എന്ന് യേശു അവരോട് വെട്ടിത്തുറന്നു പറഞ്ഞു.” ലാസറിന്റെ സഹോദരിമാരായ മാർത്തയും മറിയയും പുനരുത്ഥാന പ്രത്യാശയാൽ ആശ്വസിപ്പിക്കപ്പെട്ടു, യേശു അവർക്ക് കൂടുതലായ ആശ്വാസം പകർന്നു. എന്നാൽ നാലു ദിവസമായി മരിച്ചിരുന്ന തന്റെ സ്നേഹിതനെ യേശു മരണനിദ്രയിൽനിന്ന് ഉയിർപ്പിച്ചപ്പോൾ അവരുടെ വിശ്വാസം എത്രയധികം ഉറപ്പിക്കപ്പെട്ടിരിക്കും!—യോഹന്നാൻ 11:11-14, 21-25, 43-45.
15. (എ) പുനരുത്ഥാനത്തിലുള്ള നമ്മുടെ പ്രത്യാശ ബലിഷ്ഠമാക്കപ്പെടുന്നതെങ്ങനെ? (ബി) ഒരു പ്രിയപ്പെട്ടയാളുടെ മരണത്തിങ്കൽ പൊരുത്തപ്പെടാൻ നമുക്ക് എങ്ങനെ സഹായം ലഭിക്കും?
15 ആ അത്ഭുതവും മരിച്ചവരെ ഉയിർപ്പിച്ചതായ യേശുവിന്റെ മററു പ്രവൃത്തികളും അതിപ്രമുഖമായി യഹോവയാലുള്ള യേശുവിന്റെ പുനരുത്ഥാനവും—നല്ല തെളിവുള്ള ഈ സംഭവങ്ങളെല്ലാം അത്ഭുതകരമായ പുനരുത്ഥാന പ്രത്യാശയിലുള്ള നമ്മുടെ വിശ്വാസത്തെ ബലിഷ്ഠമാക്കുന്നു. (ലൂക്കോസ് 7:11-17; 8:49-56; 1 കൊരിന്ത്യർ 15:3-8) മരണം സങ്കടവും കണ്ണുനീരും വരുത്തുന്നുവെന്നത് സത്യംതന്നെ. ഒരു പ്രിയപ്പെട്ടയാളുടെ അസാന്നിദ്ധ്യത്തോടു പൊരുത്തപ്പെടുക പ്രയാസമാണ്. എന്നാൽ പരമാധികാര കർത്താവായ യഹോവ “മരണത്തെ എന്നേക്കും യഥാർത്ഥമായി വിഴുങ്ങിക്കളയുകയും . . . സകല മുഖങ്ങളിലുംനിന്ന് തീർച്ചയായും കണ്ണുനീർ തുടയ്ക്കുകയും ചെയ്യു”മെന്നുള്ള ഉറപ്പിൽനിന്ന് നാം എത്ര ആശ്വാസവും ബലവും നേടുന്നു! (യെശയ്യാവ് 25:8; വെളിപ്പാട് 21:4) സങ്കടത്തിന്റെ ഏററം നല്ല പ്രതിശാന്തികളിലൊന്ന് സമാധാനത്തിന്റെ ദൈവത്തിന്റെ സേവനത്തിൽ തിരക്കോടെ ഏർപ്പെടുന്നതാണ്, നാംതന്നെ വളരെ നന്ദിപൂർവ്വവും സ്വീകരിച്ച ഹൃദയോദ്ദീപകമായ രാജ്യപ്രത്യാശമററുള്ളവർക്കു പ്രദാനം ചെയ്യുന്നതാണ്—പ്രവൃത്തികൾ 20:35 താരതമ്യപ്പെടുത്തുക.
പുനരുദ്ധാനത്തിന്റെ ക്രമം
16, 17. (എ) “ഒടുക്കത്തെ ശത്രു” എങ്ങനെ നാസ്തിയാക്കപ്പെടും? (ബി) പൗലോസ് ഇപ്പോൾ പുനരുത്ഥാനത്തിന്റെ ഏതു ക്രമം വിശദീകരിക്കുന്നു?
16 പുനരുത്ഥാനത്തിന്റെ ആദ്യഫലവും ഇപ്പോൾ സ്വർഗ്ഗങ്ങളിൽ ദൈവത്തിന്റെ വലതുഭാഗത്ത് സിംഹാസനസ്ഥനാക്കപ്പെട്ടിരിക്കുന്നവനുമായ ക്രിസ്തു യഹോവയുടെ മഹത്തായ രാജ്യോദ്ദേശ്യങ്ങൾ നിവർത്തിച്ചു പൂർത്തിയാക്കുമെന്നുള്ള നമ്മുടെ വിശ്വാസം ശക്തമാണ്. (എബ്രായർ 6:17, 18; 10:12, 13) പൗലോസ് മറെറാരു ലേഖനത്തിൽ പ്രസ്താവിക്കുന്നതുപോലെ: “അവൻ [യേശുക്രിസ്തു] ദൈവം സകല ശത്രുക്കളെയും തന്റെ പാദങ്ങളിൽ കീഴിലാക്കുന്നതുവരെ രാജാവായി ഭരിക്കേണ്ടതാണ്. ഒടുക്കത്തെ ശത്രു എന്ന നിലയിൽ മരണം നാസ്തിയാക്കപ്പെടേണ്ടതാണ്.” എങ്ങനെ? ഭാഗികമായി, പുനരുത്ഥാനത്താലും ആദാമ്യ മരണത്തിന്റെ ഫലങ്ങളുടെ നീക്കലിനാലും. അപ്പോസ്തലൻ ഇത് ഈ വിധത്തിൽ വിശദീകരിച്ചു കഴിഞ്ഞതേയുണ്ടായിരുന്നുള്ളു: “മരണം ഒരു മനുഷ്യൻ മുഖാന്തരമായിരിക്കുന്നതിനാൽ മരിച്ചവരുടെ പുനരുത്ഥാനവും ഒരു മനുഷ്യൻ മുഖാന്തരമാണ്. എന്തെന്നാൽ ആദാമിൽ എല്ലാവരും മരിക്കുന്നതുപോലെ, ക്രിസ്തുവിൽ എല്ലാവരും ജീവിപ്പിക്കപ്പെടും. എന്നാൽ ഓരോരുത്തനും സ്വന്ത നിരയിലാണ്: ക്രിസ്തു ആദ്യഫലം, പിന്നീടു ക്രിസ്തുവിനുള്ളവർ അവന്റെ സാന്നിദ്ധ്യകാലത്ത്.” (1 കൊരിന്ത്യർ 15:20-26) പുനരുത്ഥാനത്തിന്റെ ഈ ക്രമത്തെയാണ് പൗലോസ് അടുത്തതായി തെസ്സലോനീക്യർക്കുള്ള തന്റെ ഒന്നാമത്തെ ലേഖനത്തിൽ പരാമർശിക്കുന്നത്, ഇങ്ങനെ പറഞ്ഞുകൊണ്ട്:
17 “യേശു മരിക്കയും വീണ്ടും ഉയിർക്കുകയും ചെയ്തുവെന്നാണ് നമ്മുടെ വിശ്വാസമെങ്കിൽ, അങ്ങനെ തന്നെ, മരണത്തിൽ നിദ്രകൊണ്ടിരിക്കുന്നവരെയും യേശു മുഖേന ദൈവം അവനോടുകൂടെ വരുത്തും. എന്തെന്നാൽ ഇതാണ് ഞങ്ങൾ യഹോവയുടെ വചനത്താൽ നിങ്ങളോടു പറയുന്നത്, അതായത്, കർത്താവിന്റെ സാന്നിദ്ധ്യത്തോളം അതിജീവിക്കുന്ന നാം യാതൊരു പ്രകാരത്തിലും മരണത്തിൽ നിദ്രകൊണ്ടിരിക്കുന്നവർക്ക് മുമ്പാകുകയില്ല; എന്തുകൊണ്ടെന്നാൽ കർത്താവുതന്നെ അധികാരപൂർവ്വകമായ ഒരു ആഹ്വാനത്തോടും ഒരു പ്രധാന ദൂതന്റെ ശബ്ദത്തോടും ദൈവത്തിന്റെ കാഹളത്തോടും കൂടെ സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങുകയും ക്രിസ്തുവിനോടുള്ള ഐക്യത്തിൽ മരിച്ചവർ ആദ്യം ഉയർക്കുകയും ചെയ്യും.”—1 തെസ്സലോനീക്യർ 4:14-16.
18. “മരണത്തിൽ നിദ്രപ്രാപിച്ചിരിക്കുന്ന” അഭിഷിക്തർ എപ്പോൾ പുനരുത്ഥാനം പ്രാപിച്ചു?
18 ആയിരത്തിത്തൊള്ളായിരത്തിപ്പതിന്നാലിനുശേഷം, രാജ്യാധികാരത്തിലുള്ള യേശുവിന്റെ “സാന്നിദ്ധ്യ”കാലത്ത്, പ്രധാനദൂതനെന്ന നിലയിൽ അവൻ “ക്രിസ്തുവിനോടുള്ള ഐക്യത്തിലുള്ളവർ” കൂടിവരാൻ സ്വർഗ്ഗീയ കല്പന പുറപ്പെടുവിക്കുന്നു. “മരണത്തിൽ നിദ്രപ്രാപിച്ച” അങ്ങനെയുള്ള അഭിഷിക്തരുടെ കാര്യത്തിൽ ഈ കല്പന സ്വർഗ്ഗത്തിലേക്കുള്ള അവരുടെ ആത്മീയ പുനരുത്ഥാനം ആവശ്യമാക്കിത്തീർക്കുന്നു. ആത്മീയ ക്രിസ്ത്യാനികളുടെ മരണത്തിൽനിന്നുള്ള ഈ പുനരുത്ഥാനം 1918 എന്ന വർഷത്തിൽ തുടങ്ങിയെന്ന വീക്ഷണം വീക്ഷാഗോപുരം ദീർഘനാളായി അവതരിപ്പിച്ചിട്ടുണ്ട്.
19. ശേഷിക്കുന്നവർ എപ്പോൾ, എങ്ങനെ, “മേഘങ്ങളിൽ എടുക്കപ്പെടും,” എന്ത് ഉദ്ദേശ്യത്തിൽ?
19 എന്നിരുന്നാലും, ഇപ്പോൾ 10000-ത്തിൽ താഴെയായി കുറഞ്ഞുകൊണ്ടിരിക്കുന്ന ഒരു കൂട്ടമായ, ഭൂമിയിലെ അഭിഷിക്ത ക്രിസ്ത്യാനികളിൽ ശേഷിച്ചവരെ സംബന്ധിച്ചെന്ത്? ഇവരും വിശ്വസ്തതയിൽ തങ്ങളുടെ ഭൗമിക ജീവിതഗതി പൂർത്തീകരിക്കേണ്ടതാണ്. ക്രിസ്തുവിന്റെ സാന്നിദ്ധ്യകാലത്ത് അവരോടുകൂടെ താൻ ഉള്ളതുപോലെ, പൗലോസ് എഴുതുന്നു:” പിന്നീട് ജീവനോടെ അതിജീവിക്കുന്ന നാം, അവരോടൊത്ത്, വായുവിൽ കർത്താവിനെ കണ്ടുമുട്ടുന്നതിന് മേഘങ്ങളിൽ എടുക്കപ്പെടും; അങ്ങനെ നാം എല്ലായ്പ്പോഴും കർത്താവിനോടു കൂടെ ഇരിക്കും.” (1 തെസ്സലോനീക്യർ 4:17; വെളിപ്പാട് 1:10 താരതമ്യപ്പെടുത്തുക) അങ്ങനെ, തക്കസമയത്ത്, 144000പേരും സ്വർഗ്ഗീയ സീയോൻ മലയിൽ കുഞ്ഞാടായ യേശുക്രിസ്തുവിനോടുകൂടെ പുരോഹിതൻമാരും രാജാക്കൻമാരുമായി സേവിക്കുന്നതിന് ഉയിർപ്പിക്കപ്പെടും. (വെളിപ്പാട് 14:1, 4; 20:4, 5) എന്നാൽ ഇപ്പോൾ ശവക്കുഴിയിലായിരിക്കുന്ന മനുഷ്യവർഗ്ഗത്തിലെ ശതകോടികളെ സംബന്ധിച്ചെന്ത്?
20, 21. (എ) ശവക്കുഴികളിൽ കിടക്കുന്ന മനുഷ്യവർഗ്ഗത്തിലെ ശതകോടികൾക്ക് ഭാവിയിൽ എന്തു സ്ഥിതിചെയ്യുന്നു? (ബി) ഏതു കൂട്ടം ഒരിക്കലും ഭൂമിയിൽനിന്ന് മരിച്ചുപോകേണ്ട ആവശ്യമില്ല? എന്തുകൊണ്ട്? (സി) ഈ കൂട്ടത്തിൽ പെട്ട വ്യക്തികൾ മരിക്കുകയാണെങ്കിൽ അവർക്ക് എന്ത് സന്തുഷ്ട പ്രതീക്ഷയുണ്ട്?
20 പൗലോസ് തെസ്സലോനീക്യർക്കുള്ള തന്റെ ഒന്നാമത്തെ ലേഖനത്തിൽ ഇവരെക്കുറിച്ച് പ്രത്യേകമായി പറയുന്നില്ലെങ്കിലും “മരിച്ചവർ, വലിയവരും ചെറിയവരും, “ദൈവത്തിന്റെ ന്യായാസനത്തിൻമുമ്പാകെ നിൽക്കാൻ ഉയർപ്പിക്കപ്പെടുമെന്ന് വെളിപ്പാട് 20:12 നമുക്ക് ഉറപ്പുനൽകുന്നു. (യോഹന്നാൻ 5:28, 29കൂടെ കാണുക.) എന്നുവരികിലും, ഇന്ന് ദശലക്ഷങ്ങൾ വരുന്ന ഒരു “മഹാപുരുഷാരം” ഇപ്പോൾത്തന്നെ ആ സിംഹാസനത്തിൻമുമ്പാകെ കൂട്ടിച്ചേർക്കപ്പെട്ടിട്ടുണ്ട്. ഒരു കൂട്ടമെന്ന നിലയിൽ ഇവർ ആസന്നമായിരിക്കുന്ന “മഹോപദ്രവ”ത്തിൽ ജീവനോടെ സംരക്ഷിക്കപ്പെടും. അവർ കുഞ്ഞാടിനാൽ മേയിക്കപ്പെടുകയും “ജീവജലത്തിന്റെ ഉറവകളി”ലേക്ക് നയിക്കപ്പെടുകയും ചെയ്യുന്നു. തന്നിമിത്തം അവർ ഒരിക്കലും ഭൂമിയിൽനിന്ന് മരിച്ചുപോകേണ്ടയാവശ്യമില്ല. എന്നാൽ പ്രായാധിക്യമോ അപ്രതീക്ഷിത സംഭവമോ നിമിത്തം അവരിൽ ചിലർ കർത്താവിന്റെ “സാന്നിദ്ധ്യ”കാലത്ത് മരിച്ചേക്കാം. (വെളിപ്പാട് 7:9, 14, 17; സഭാപ്രസംഗി 9:11) അവരേ സംബന്ധിച്ചെന്ത്?
21 അങ്ങനെയുള്ള “വേറെ ആടുകൾ”ക്കെല്ലാം വേണ്ടി നേരത്തെയുള്ള ഒരു പുനരുത്ഥാനത്തിന്റെ സന്തോഷകരമായ പ്രത്യാശ സ്ഥിതിചെയ്യുന്നുണ്ട്. (യോഹന്നാൻ 10:16) പുരാതനകാലത്തെ അബ്രാഹാമിന്റെതുപോലെയുള്ള അവരുടെ വിശ്വാസവും പ്രവൃത്തികളും അവരെ ഇപ്പോൾത്തന്നെ ദൈവവുമായുള്ള സൗഹൃദത്തിന്റെ അവസ്ഥയിലേക്ക് വരുത്തിയിരിക്കുന്നു. എബ്രായർ 11-ാം അദ്ധ്യായത്തിൽ വർണ്ണിച്ചിരിക്കുന്ന ആ വിശ്വാസികളായ സ്ത്രീപുരുഷൻമാരെപ്പോലെ ഈ ആധുനികകാല “വേറെ ആടുകൾ” പീഡാനുഭവങ്ങൾ സഹിച്ചിരിക്കുന്നു, യുക്തിയാനുസൃതം അവർക്കും നിസ്സംശയമായി അർമ്മഗെദ്ദോനു ശേഷമുള്ള കാലഘട്ടത്തിന്റെ ആദ്യഭാഗത്തുതന്നെ “ഒരു മെച്ചപ്പെട്ട പുനരുത്ഥാനം” അനുഭവപ്പെടും. (എബ്രായർ 11:35; യാക്കോബ് 2:23) തീർച്ചയായും, വിശ്വാസത്തോടെ ‘യേശുവിന്റെ മാംസം തിന്നുകയും അവന്റെ രക്തം കുടിക്കുകയും’ ചെയ്തിട്ടുള്ള ഓരോരുത്തരും അവന്റെ ഈ വാഗ്ദത്തത്തിന്റെ നിവൃത്തിയിൽ പങ്കുപററും: “അവന് . . . നിത്യജീവൻ ഉണ്ട്, ഞാൻ അവനെ അവസാനനാളിൽ ഉയിർത്തെഴുന്നേൽപ്പിക്കും.”—യോഹന്നാൻ 6:54; റോമർ 5:18, 21; 6:23.
22. നമുക്ക് എങ്ങനെ അന്യോന്യം ആശ്വസിപ്പിക്കാം?
22 മഹത്തായ പുനരുത്ഥാന പ്രത്യാശ ചർച്ച ചെയ്തശേഷം, പൗലോസ് “ഈ വാക്കുകൾ കൊണ്ട് അന്യോന്യം ആശ്വസിപ്പിച്ചുകൊണ്ടിരിക്കുക” എന്ന് ബുദ്ധ്യുപദേശിക്കുന്നു. (1 തെസ്സലോനീക്യർ 4:18) അനന്തരം അവൻ “നമ്മുടെ കർത്താവായ യേശുവിന്റെ സാന്നിദ്ധ്യം” സംബന്ധിച്ച മർമ്മപ്രധാനമായ കൂടുതൽ കാര്യങ്ങൾ ചർച്ച ചെയ്യുന്നു. (1 തെസ്സലേനീക്യർ 5:23) അവ എന്തൊക്കെയാണ്? “ദൈവത്തിൽനിന്നുള്ള സമാധാനം—എപ്പോൾ?” എന്ന ലേഖനം കാണുക. (w86 10/1)
സംഗ്രഹം—
◻ പൗലോസ് ക്രിസ്ത്യാനികൾക്കുവേണ്ടി ഏതു അപേക്ഷകൾ അർപ്പിക്കുന്നു?
◻ നമ്മുടെ നൻമക്കുവേണ്ടി അപ്പോസ്തലൻ ഏതു “കല്പനകൾ” നൽകുന്നു?
◻ ദൈവവചനം മരിച്ചവരെ സംബന്ധിച്ച് നമ്മെ എങ്ങനെ ആശ്വസിപ്പിക്കുന്നു?
◻ പൗലോസ് പുനരുത്ഥാനത്തിന്റെ ഏതു ക്രമം വർണ്ണിക്കുന്നു?