ബൈബിളിന്റെ വീക്ഷണം
പ്രധാന ദൂതനായ മീഖായേൽ ആരാണ്?
ബൈബിൾ പറയുന്നതനുസരിച്ച് ആത്മമണ്ഡലത്തിൽ ദശലക്ഷക്കണക്കിനു ദൂത സൃഷ്ടികൾ ഉണ്ട്. (ദാനീയേൽ 7:9, 10; വെളിപ്പാടു 5:11) ദൈവത്തോടു വിശ്വസ്തരായി നിലകൊള്ളുന്ന ദൂതന്മാരെ കുറിച്ചുള്ള നൂറുകണക്കിനു പരാമർശങ്ങൾ തിരുവെഴുത്തുകളിൽ ഉടനീളം കാണാം. എന്നിരുന്നാലും ഇവരിൽ രണ്ട് ആത്മ സൃഷ്ടികളുടെ പേരുകൾ മാത്രമേ ബൈബിളിൽ ൽകിയിട്ടുള്ളൂ. അതിൽ ഒരുവനാണ് ഗബ്രീയേൽ, ഏതാണ്ട് 600 വർഷത്തെ കാലയളവിൽ മൂന്നു വ്യത്യസ്ത വ്യക്തികൾക്ക് ദൈവത്തിന്റെ സന്ദേശം വ്യക്തിപരമായി എത്തിച്ചുകൊടുത്ത ദൂതനാണ് അവൻ. (ദാനീയേൽ 9:20-22; ലൂക്കൊസ് 1:8-19, 26-28) ബൈബിളിൽ പേരെടുത്തു പറഞ്ഞിരിക്കുന്ന മറ്റേ ദൂതൻ മീഖായേൽ ആണ്.
വ്യക്തമായും, ശ്രദ്ധേയനായ ഒരു ദൂതനാണ് മീഖായേൽ. ഉദാഹരണത്തിന്, ദാനീയേൽ പുസ്തകത്തിൽ മീഖായേൽ യഹോവയുടെ ജനത്തിനു വേണ്ടി ദുഷ്ട ഭൂതങ്ങളോടു പൊരുതുന്നതായി പറഞ്ഞിരിക്കുന്നു. (ദാനീയേൽ 10:13; 12:1) യൂദായുടെ നിശ്വസ്ത ലേഖനത്തിൽ മീഖായേൽ മോശെയുടെ ശരീരത്തെ ചൊല്ലി സാത്താനോടു തർക്കിച്ചു വാദിക്കുന്നതിനെ കുറിച്ചു പറയുന്നു. (യൂദാ 9) മീഖായേൽ സാത്താനോടും അവന്റെ ഭൂതങ്ങളോടും പടവെട്ടി അവരെ സ്വർഗത്തിൽനിന്നു തള്ളിക്കളയുന്നതായി വെളിപ്പാടു പുസ്തകത്തിൽ കാണുന്നു. (വെളിപ്പാടു 12:7-9) മറ്റൊരു ദൂതനും ദൈവത്തിന്റെ ശത്രുക്കളുടെ മേൽ ഇത്രയധികം ശക്തിയും അധികാരവും ഉള്ളതായി കാണുന്നില്ല. അതുകൊണ്ടുതന്നെ, ബൈബിൾ മീഖായേലിനെ ‘പ്രധാന ദൂതൻ’ എന്നു വിശേഷിപ്പിച്ചിരിക്കുന്നതിൽ അതിശയിക്കാനില്ല.
മീഖായേൽ ആരെന്നതിനെ ചൊല്ലിയുള്ള തർക്കം
ക്രൈസ്തവ മതങ്ങളും യഹൂദ, ഇസ്ലാം മതങ്ങളും ദൂതന്മാരെ കുറിച്ചു ഭിന്ന ആശയങ്ങളാണു വെച്ചുപുലർത്തുന്നത്. ചില വിശദീകരണങ്ങൾ വളരെ അവ്യക്തമാണ്. ഉദാഹരണത്തിന്, ദി ആങ്കർ ബൈബിൾ ഡിക്ഷണറി ഇപ്രകാരം പറയുന്നു: “ഒരു മുഖ്യ ദൂതനും പ്രധാന ദൂതന്മാരുടെ ഒരു ചെറിയ കൂട്ടവും (സാധാരണ നാല് അല്ലെങ്കിൽ ഏഴ്) ഉണ്ടായിരിക്കാം. അല്ലെങ്കിൽ പ്രധാന ദൂതന്മാരുടെ ഒരു ചെറിയ കൂട്ടം മാത്രം ആയിരിക്കാം ഉള്ളത്.” ദി ഇംപീരിയൽ ബൈബിൾ ഡിക്ഷണറി പറയുന്നതനുസരിച്ച്, മീഖായേൽ എന്നത് “ഒരു അമാനുഷ വ്യക്തിയുടെ പേരാണ്. എന്നാൽ ഈ വ്യക്തി ആരാണ് എന്നതിനെ കുറിച്ചു പൊതുവേ രണ്ടു വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. ഒന്നുകിൽ അവൻ ദൈവപുത്രനായ കർത്താവായ യേശുക്രിസ്തുവാണ്, അല്ലെങ്കിൽ പ്രധാന ദൂതന്മാർ എന്ന് അറിയപ്പെടുന്ന ഏഴു പേരിൽ ഒരുവനാണ്.”
യഹൂദ പാരമ്പര്യം അനുസരിച്ച്, ഈ ഏഴ് പ്രധാന ദൂതന്മാർ ഗബ്രീയേൽ, ജെറമിയേൽ, മീഖായേൽ, റഗൂവേൽ, റഫായേൽ, സരിയേൽ, ഉരിയേൽ എന്നിവരാണ്. ഇസ്ലാമിനാകട്ടെ, നാല് പ്രധാന ദൂതന്മാരാണ് ഉള്ളത്. ജിബ്രീൽ, മീക്കായീൽ, ഇസ്രായീൽ, ഇസ്രാഫീൽ എന്നിവർ. കത്തോലിക്കരും മീഖായേൽ, ഗബ്രീയേൽ, റഫായേൽ, ഉരിയേൽ എന്നിങ്ങനെ നാല് പ്രധാന ദൂതന്മാരിലാണു വിശ്വസിക്കുന്നത്. എന്നാൽ ബൈബിൾ എന്താണു പറയുന്നത്? പല പ്രധാന ദൂതന്മാർ ഉണ്ടോ?
ബൈബിളിന്റെ ഉത്തരം
ബൈബിളിന്റെ മൂല എഴുത്തുകളിൽ മീഖായേലിനു മാത്രമേ പ്രധാന ദൂതൻ എന്ന വിശേഷണം ഉപയോഗിച്ചിട്ടുള്ളൂ. കൂടാതെ, അവയിൽ ‘പ്രധാന ദൂതൻ’ എന്നതിന്റെ ബഹുവചന രൂപവും കാണാൻ കഴിയില്ല. മൂല ഗ്രീക്കു ഭാഷയിൽ യൂദാ 9-ാം വാക്യത്തിൽ നിശ്ചയോപപദം ഉപയോഗിച്ചിരിക്കുന്നത് പ്രധാന ദൂതൻ എന്നത് മീഖായേലിനു മാത്രമുള്ള ഒരു പദവി നാമമാണെന്നു സൂചിപ്പിക്കുന്നു. അതുകൊണ്ട്, സകല ദൂതന്മാരുടെയും മേലുള്ള പൂർണ അധികാരം തന്റെ സ്വർഗീയ സൃഷ്ടികളിൽ ഒരാൾക്കു മാത്രമേ യഹോവ നൽകിയിട്ടുള്ളൂ എന്ന് ന്യായമായും നിഗമനം ചെയ്യാവുന്നതാണ്.
സ്രഷ്ടാവിനു പുറമേ ദൂതന്മാരുടെ മേൽ അധികാരം ഉള്ളതായി പറഞ്ഞിരിക്കുന്ന വിശ്വസ്തനായ ഒരേയൊരുവനേ ഉള്ളൂ. അത് യേശുക്രിസ്തുവാണ്. (മത്തായി 13:41; 16:27; 24:31) അപ്പൊസ്തലനായ പൗലൊസ് “കർത്താവായ യേശു”വിനെയും അവന്റെ ‘ശക്തിയുള്ള ദൂതന്മാരെയും’ കുറിച്ചു പറയുകയുണ്ടായി. (2 തെസ്സലൊനീക്യർ 1:6) പുനരുത്ഥാനം പ്രാപിച്ച യേശുവിനെ കുറിച്ചു പത്രൊസ് ഇങ്ങനെ പറഞ്ഞു: “അവൻ സ്വർഗ്ഗത്തിലേക്കു പോയി ദൈവത്തിന്റെ വലത്തുഭാഗത്തു ഇരിക്കുന്നു. ദൂതന്മാരും അധികാരങ്ങളും ശക്തികളും അവന്നു കീഴ്പെട്ടുമിരിക്കുന്നു.”—1 പത്രൊസ് 3:22.
പ്രധാന ദൂതനായ മീഖായേൽ യേശുവാണെന്നു കൃത്യമായി പറയുന്ന ബൈബിൾ വാക്യങ്ങളൊന്നും ഇല്ലെങ്കിലും യേശുവിനെ പ്രധാന ദൂതന്റെ പദവിയുമായി ബന്ധിപ്പിക്കുന്ന ഒരു വാക്യമുണ്ട്. തെസ്സലൊനീക്യർക്കുള്ള ലേഖനത്തിൽ പൗലൊസ് അപ്പൊസ്തലൻ പ്രാവചനികമായി ഇങ്ങനെ പറഞ്ഞു: “കർത്താവു താൻ ഗംഭീരനാദത്തോടും [“ഉച്ചത്തിലുള്ള കല്പനയോടും,” ഓശാന ബൈബിൾ] പ്രധാനദൂതന്റെ ശബ്ദത്തോടും ദൈവത്തിന്റെ കാഹളത്തോടുംകൂടെ സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവരികയും ക്രിസ്തുവിൽ മരിച്ചവർ മുമ്പെ ഉയിർത്തെഴുന്നേല്ക്കയും ചെയ്യും.” (1 തെസ്സലൊനീക്യർ 4:16) ദൈവത്തിന്റെ മിശിഹൈക രാജാവെന്ന നിലയിൽ അധികാരമേറ്റ യേശുവിനെ കുറിച്ചാണ് ഈ വാക്യം പറയുന്നത്. എന്നാൽ അവൻ സംസാരിക്കുന്നത് ‘പ്രധാനദൂതന്റെ ശബ്ദത്തോടെ’ ആണ്. കൂടാതെ, അവനു മരിച്ചവരെ ഉയിർപ്പിക്കാനുള്ള അധികാരം ഉണ്ടെന്നുള്ളതും ശ്രദ്ധിക്കുക.
ഭൂമിയിൽ ഒരു മനുഷ്യനായിരിക്കെ യേശു, മരണമടഞ്ഞ പലരെയും ജീവിപ്പിച്ചു. അങ്ങനെ ചെയ്തപ്പോൾ ഉച്ചത്തിലുള്ള കൽപ്പന പുറപ്പെടുവിക്കാൻ അവൻ തന്റെ ശബ്ദം ഉപയോഗിച്ചു. ഉദാഹരണത്തിന്, നയീൻ പട്ടണത്തിലെ വിധവയുടെ പുത്രനെ ഉയിർപ്പിച്ചപ്പോൾ അവൻ പറഞ്ഞു: “ബാല്യക്കാരാ എഴുന്നേല്ക്ക എന്നു ഞാൻ നിന്നോടു പറയുന്നു.” (ലൂക്കൊസ് 7:14, 15) പിന്നീട്, സുഹൃത്തായ ലാസരിനെ ഉയിർപ്പിക്കുന്നതിനു മുമ്പ് യേശു “ലാസരേ, പുറത്തുവരിക എന്നു ഉറക്കെ വിളിച്ചു.” (യോഹന്നാൻ 11:43) എന്നാൽ ഈ സന്ദർഭങ്ങളിൽ യേശുവിന്റെ ശബ്ദം ഒരു പൂർണ മനുഷ്യന്റേതായിരുന്നു.
യേശുവിന്റെ പുനരുത്ഥാന ശേഷം, ഒരു ആത്മ സൃഷ്ടിയെന്ന നിലയിൽ അവനു സ്വർഗത്തിലെ ‘ഏററവും ഉയർന്ന’ ഒരു സ്ഥാനം നൽകപ്പെട്ടു. (ഫിലിപ്പിയർ 2:9) മേലാൽ ഒരു മനുഷ്യനല്ലാത്ത അവനു പ്രധാന ദൂതന്റെ ശബ്ദം ആണുള്ളത്. അതുകൊണ്ട്, “ക്രിസ്തുവിൽ മരിച്ചവർ” സ്വർഗത്തിലേക്ക് ഉയിർപ്പിക്കപ്പെടാനായി ദൈവത്തിന്റെ കാഹളം മുഴങ്ങിയപ്പോൾ യേശു “ഉച്ചത്തിലുള്ള കല്പന” പുറപ്പെടുവിച്ചു. ഇത്തവണ ‘പ്രധാനദൂതന്റെ ശബ്ദത്തോടെ’ ആയിരുന്നു അത്. പ്രധാന ദൂതനു മാത്രമേ ‘പ്രധാനദൂതന്റെ ശബ്ദത്തോടെ’ വിളിക്കാനാവൂ എന്നു ന്യായമായും നിഗമനം ചെയ്യാം.
സാറാഫുകളെയും കെരൂബുകളെയും പോലെ ഉന്നത പദവിയുള്ള മറ്റു ദൂത സൃഷ്ടികൾ ഉണ്ട്. (ഉല്പത്തി 3:24; യെശയ്യാവു 6:2) എന്നിരുന്നാലും, തിരുവെഴുത്തുകൾ പുനരുത്ഥാനം പ്രാപിച്ച യേശുക്രിസ്തുവിനെ എല്ലാ ദൂതന്മാരുടെയും അധിപതിയായി ചിത്രീകരിക്കുന്നു—അതേ, പ്രധാന ദൂതനായ മീഖായേൽ ആയിത്തന്നെ. (g02 2/8)