ഉത്പ്രാപണം
നിർവ്വചനം: വിശ്വസ്തരായ ക്രിസ്ത്യാനികൾ “മദ്ധ്യാകാശത്ത്” ക്രിസ്തുവിനോട് ചേരാൻ വേണ്ടി പെട്ടെന്ന് ഈ ഭൂമിയിൽ നിന്ന്, ഈ ലോകത്തിൽ നിന്ന് ശരീരത്തോടെ എടുക്കപ്പെടുമെന്ന വിശ്വാസം. 1 തെസ്സലോനിക്യർ 4:17-ന്റെ അർത്ഥം “ഉത്പ്രാപണം” എന്നാണെന്ന് ചിലർ മനസ്സിലാക്കുന്നു, എല്ലാവരുമല്ല. നിശ്വസ്ത തിരുവെഴുത്തുകളിൽ “ഉത്പ്രാപണം” എന്ന പദം കാണപ്പെടുന്നില്ല.
കർത്താവിനോടുകൂടെയായിരിക്കാൻ ക്രിസ്ത്യാനികൾ “എടുക്കപ്പെടു”മെന്ന് അപ്പോസ്തലനായ പൗലോസ് പറഞ്ഞപ്പോൾ അവൻ ഏതു വിഷയം ചർച്ച ചെയ്യുകയായിരുന്നു?
1 തെസ്സ. 4:13-18, RS: “സഹോദരൻമാരെ, പ്രത്യാശയില്ലാത്ത മററുളളവരെപ്പോലെ നിങ്ങൾ ദു:ഖിക്കാതിരിക്കേണ്ടതിന് നിദ്രകൊളളുന്നവരെക്കുറിച്ച് [“മരണത്തിൽ നിദ്രകൊളളുന്നവരെക്കുറിച്ച്,” NE; “മരിച്ചവരെക്കുറിച്ച്,” TEV, JB] നിങ്ങൾ അജ്ഞരായിരിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. യേശു മരിക്കുകയും വീണ്ടും ഉയർത്തെഴുന്നേൽക്കുകയും ചെയ്തു എന്ന് നാം വിശ്വസിക്കുന്നതുകൊണ്ട് അങ്ങനെതന്നെ ദൈവം നിദ്രകൊണ്ടവരെയും യേശു മുഖാന്തരം അവനോടുകൂടെ വരുത്തും. കർത്താവിന്റെ വരവുവരെ ജീവനോടെ ശേഷിച്ചിരിക്കുന്നവരായ നാം നിദ്രകൊണ്ടവർക്ക് മുമ്പാകയില്ല എന്ന് കർത്താവിന്റെ വചനപ്രകാരം ഞങ്ങൾ നിങ്ങളോട് പ്രഖ്യാപിക്കുന്നു. കർത്താവ് തന്നെ ആജ്ഞാപരമായ ഒരു ആക്രോശത്തോടും പ്രധാനദൂതന്റെ ആഹ്വാനത്തോടും ദൈവത്തിന്റെ കാഹളനാദത്തോടും കൂടെ സ്വർഗ്ഗത്തിൽ നിന്ന് ഇറങ്ങിവരും. ക്രിസ്തുവിൽ മരിച്ചവർ ആദ്യം ഉയിർത്തെഴുന്നേൽക്കും; പിന്നെ ജീവനോടെ ശേഷിച്ചിരിക്കുന്ന നാം ഒരുമിച്ച് വായുവിൽ കർത്താവിനെ കണ്ടുമുട്ടാൻ മേഘങ്ങളിൽ എടുക്കപ്പെടും, അങ്ങനെ നാം എപ്പോഴും കർത്താവിനോടുകൂടെ ഇരിക്കും. അതുകൊണ്ട് ഈ വചനങ്ങളാൽ അന്യോന്യം ആശ്വസിപ്പിച്ചുകൊൾക.” (പ്രത്യക്ഷത്തിൽ, തെസ്സലൊനീക്യ സഭയിലെ ചില അംഗങ്ങൾ മരിച്ചുപോയിട്ടുണ്ടായിരുന്നു. അതിജീവകർ പുനരുത്ഥാന പ്രത്യാശയാൽ പരസ്പരം ആശ്വസിപ്പിക്കാൻ പൗലോസ് അവരെ പ്രോൽസാഹിപ്പിച്ചു. യേശു മരിച്ചശേഷം ഉയിർപ്പിക്കപ്പെട്ടു എന്നും അങ്ങനെ തന്നെ കർത്താവിന്റെ വരവിങ്കൽ അവരുടെയിടയിൽ നിന്നും മരിച്ചുപോയ വിശ്വസ്ത ക്രിസ്ത്യാനികൾ ക്രിസ്തുവിനോടുകൂടെയായിരിക്കാൻ ഉയിർപ്പിക്കപ്പെടുമെന്നും അവൻ അവരെ അനുസ്മരിപ്പിച്ചു.)
1 തെസ്സലൊനീക്യർ 4:17-ൽ പറയുന്നതനുസരിച്ച് ‘മേഘങ്ങളിൽ എടുക്കപ്പെടുന്നവർ’ ആരാണ്?
“കർത്താവിന്റെ വരവുവരെ ശേഷിച്ചിരിക്കുന്ന”വരാണ് അവരെന്ന്, അതായത് കർത്താവ് വരുന്ന സമയത്ത് ജീവനോടിരിക്കുന്ന വിശ്വസ്തരാണ് എന്ന് 15-ാം വാക്യം വിശദീകരിക്കുന്നു. അവർ എന്നെങ്കിലും മരിക്കുമോ? (314, 315 പേജുകളിൽ ഉദ്ധരിച്ചിരിക്കുന്ന) റോമർ 6:3-5; 1 കൊരിന്ത്യർ 15:35, 36, 44 എന്നീ വേദഭാഗങ്ങൾ അനുസരിച്ച് സ്വർഗ്ഗീയ ജീവൻ പ്രാപിക്കുന്നതിന് മുമ്പായി അവർ മരിക്കേണ്ടതുണ്ട്. എന്നാൽ ക്രിസ്തുവിന്റെ മടങ്ങിവരവ് കാത്ത് അവർ മരിച്ച അവസ്ഥയിൽ തുടരേണ്ടി വരുന്നില്ല. കർത്താവിനോടുകൂടെയായിരിക്കാൻ “കണ്ണിമെക്കുന്നനേരം കൊണ്ട്” അവർ ക്ഷണത്തിൽ “എടുക്കപ്പെടും”—1 കൊരിന്ത്യർ 15:51, 52, RS; വെളിപ്പാട് 14:13 കൂടെ കാണുക.
ക്രിസ്തു ഒരു മേഘത്തിൽ ദൃശ്യനായി പ്രത്യക്ഷനാവുകയും ലോകം നോക്കി നിൽക്കേ വിശ്വസ്ത ക്രിസ്ത്യാനികളെ സ്വർഗ്ഗത്തിലേക്ക് കൊണ്ടുപോവുകയും ചെയ്യുമോ?
ലോകം വീണ്ടും അവരുടെ ശാരീരിക കണ്ണുകൾ കൊണ്ട് തന്നെ കാണും എന്ന് യേശു പറഞ്ഞോ?
യോഹ. 14:19, RS: “ഇനിയും അൽപസമയം കൂടെ കഴിഞ്ഞാൽ മേലാൽ ലോകം എന്നെ കാണുകയില്ല, എന്നാൽ നിങ്ങൾ [അവന്റെ വിശ്വസ്ത ശിഷ്യൻമാർ] എന്നെ കാണും; എന്തുകൊണ്ടെന്നാൽ ഞാൻ ജീവിക്കുന്നു, നിങ്ങളും ജീവിക്കും.” (ചെരിച്ചെഴുത്ത് കൂട്ടിച്ചേർത്തത്.) (1 തിമൊഥെയോസ് 6:16 താരതമ്യം ചെയ്യുക.)
കർത്താവ് ‘സ്വർഗ്ഗത്തിൽ നിന്നും ഇറങ്ങിവരും’ എന്നതിന്റെ അർത്ഥമെന്താണ്?
1 തെസ്സലൊനീക്യർ 4:16-ൽ പറഞ്ഞിരിക്കുന്നതിനനുസരിച്ച് ഭൗതിക നേത്രങ്ങൾക്ക് ദൃശ്യനാകാതെ കർത്താവിന് “സ്വർഗ്ഗത്തിൽ നിന്ന് ഇറങ്ങിവരാൻ” കഴിയുമോ? പുരാതന സോദോമിന്റെയും ഗൊമോറയുടെയും നാളുകളിൽ ആളുകൾ എന്താണ് ചെയ്തുകൊണ്ടിരിക്കുന്നത് എന്ന് “കാണാൻ ഞാൻ ഇറങ്ങിച്ചെല്ലാൻ” പോകുകയാണ് എന്ന് യഹോവ പറഞ്ഞു. (ഉൽപ. 18:21, RS) എന്നാൽ യഹോവ ആ പരിശോധന നടത്തിയപ്പോൾ അവൻ അയച്ച ദൂതപ്രതിനിധികളെ അവർ കണ്ടു എങ്കിലും ഒരു മനുഷ്യനും അവനെ കണ്ടില്ല. (യോഹ. 1:18) അതുപോലെ, ജഡത്തിൽ മടങ്ങിവരാതെ തന്നെ യേശുവിന് ഭൂമിയിലുളള തന്റെ വിശ്വസ്ത അനുഗാമികൾക്ക് പ്രതിഫലം കൊടുക്കുന്നതിനുവേണ്ടി അവരിലേക്ക് ശ്രദ്ധതിരിക്കാൻ കഴിയും.
അപ്പോൾ കർത്താവ് “മേഘങ്ങളിൽ വരുന്നത്” മനുഷ്യർ “കാണു”ന്നത് ഏതർത്ഥത്തിലാണ്?
യേശു ഇപ്രകാരം മുൻകൂട്ടിപ്പറഞ്ഞു: “അപ്പോൾ മനുഷ്യപുത്രൻ [യേശുക്രിസ്തു] ശക്തിയോടും വലിയ മഹത്വത്തോടും കൂടെ ഒരു മേഘത്തിൽ വരുന്നത് അവർ കാണും.” (ലൂക്കോ. 21:27, RS) ഈ പ്രസ്താവനയോ മററു വാക്യങ്ങളിൽ കാണപ്പെടുന്ന സമാനമായ പ്രസ്താവനകളോ യോഹന്നാൻ 14:19-ൽ യേശു പറഞ്ഞതിന് എതിരായിരിക്കുന്നില്ല. ഇതു പരിഗണിക്കുക: പുറപ്പാട് 19:9-ൽ പറഞ്ഞിരിക്കുന്ന പ്രകാരം സീനായ് മലയിങ്കൽ വച്ച് ദൈവം ‘ഒരു കനത്ത മേഘത്തിൽ ജനത്തിന്റെ അടുക്കൽ വന്നപ്പോൾ’ എന്താണ് സംഭവിച്ചത്? (RS) ദൈവം അദൃശ്യനായി സാന്നിദ്ധ്യവാനായിരുന്നു; ഇസ്രായേൽ ജനം അവന്റെ സാന്നിദ്ധ്യത്തിന്റെ ദൃശ്യമായ തെളിവു കണ്ടു, എന്നാൽ അവരിൽ ആരും ദൈവത്തെ അവരുടെ കണ്ണുകൾകൊണ്ട് യഥാർത്ഥമായി കണ്ടില്ല. അതുപോലെതന്നെ താൻ “ഒരു മേഘത്തിൽ” വരുമെന്ന് യേശു പറഞ്ഞപ്പോൾ താൻ മാനുഷ നേത്രങ്ങൾക്ക് അദൃശ്യനായിരിക്കുമെന്നും എന്നാൽ മനുഷ്യർ തന്റെ സാന്നിദ്ധ്യം തിരിച്ചറിയുമെന്നുമായിരിക്കണം യേശു അർത്ഥമാക്കിയത്. അവൻ സാന്നിദ്ധ്യവാനാണെന്ന വസ്തുത തിരിച്ചറിഞ്ഞുകൊണ്ട് അവർ തങ്ങളുടെ മനോദൃഷ്ടികൊണ്ട് അവനെ “കാണും”. (കൂടുതൽ വിശദാംശങ്ങൾക്ക് “ക്രിസ്തുവിന്റെ തിരിച്ചുവരവ്” എന്ന ശീർഷകം കാണുക.)
ക്രിസ്ത്യാനികൾ ഭൗതിക ശരീരത്തോടെ സ്വർഗ്ഗത്തിലേക്ക് എടുക്കപ്പെടുക സാദ്ധ്യമാണോ?
1 കൊരി. 15:50, RS: “സഹോദരൻമാരെ ഇതു ഞാൻ നിങ്ങളോട് പറയുന്നു: ജഡരക്തങ്ങൾക്ക് ദൈവരാജ്യം അവകാശമാക്കാൻ കഴിയുകയില്ല, നശ്വരമായത് അനശ്വരമായതിനെ അവകാശമാക്കുകയുമില്ല.”
ഏലിയാപ്രവാചകന്റെ അനുഭവം ഇതിന് വിപരീതമാണോ? ഒരിക്കലുമല്ല. നൂററാണ്ടുകൾക്ക് ശേഷമുളള യേശുവിന്റെ വ്യക്തമായ പ്രസ്താവനയുടെ വെളിച്ചത്തിൽ വേണം അത് മനസ്സിലാക്കപ്പെടാൻ: “സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങിവന്ന മനുഷ്യപുത്രനല്ലാതെ ആരും സ്വർഗ്ഗത്തിലേക്ക് കയറിപ്പോയിട്ടില്ല.” (യോഹ. 3:13, RS) ഏലിയാവ് “ഒരു ചുഴലിക്കാററിൽ ആകാശത്തിലേക്ക് പോയതായി” കാണപ്പെട്ടുവെങ്കിലും അവൻ ആത്മമണ്ഡലത്തിലേക്ക് പോയി എന്ന് അതിന് അർത്ഥമില്ല. എന്തുകൊണ്ടില്ല? എന്തുകൊണ്ടെന്നാൽ അവൻ പിൽക്കാലത്തു യഹൂദാ രാജാവിനെ ശാസിച്ചുകൊണ്ട് ഒരു കത്ത് അയച്ചതായി റിപ്പോർട്ടു ചെയ്യപ്പെട്ടിരിക്കുന്നു. (2 രാജാ. 2:11, RS; 2 ദിന. 21:1, 12-15) മനുഷ്യർ വിമാനങ്ങൾ കണ്ടുപിടിക്കുന്നതിന് മുമ്പ് ഏലിയാവിനെ നിലത്തു നിന്ന് പക്ഷികൾ പറക്കുന്നിടമായ ആകാശത്തിലേക്ക് ഉയർത്തുന്നതിനും മറെറാരു സ്ഥലത്തേക്ക് വഹിച്ചുകൊണ്ടുപോകുന്നതിനും യഹോവ അവിടെ തന്റെ സ്വന്തം മാർഗ്ഗം (അഗ്നിമയ രഥവും ചുഴലിക്കാററും) ഉപയോഗിച്ചു.—ഉൽപത്തി 1:6-8, 20 താരതമ്യം ചെയ്യുക.
വിശ്വസ്തരായ ക്രിസ്ത്യാനികൾ ഒരുപക്ഷേ മരിക്കാതെ വെറുതെ ഭൂമിയിൽ നിന്ന് അപ്രത്യക്ഷരാകാൻ ഇടയാക്കിക്കൊണ്ട് രഹസ്യമായി സ്വർഗ്ഗത്തിലേക്ക് കൊണ്ടുപോകപ്പെടുമോ?
റോമ. 6:3-5, RS: “ക്രിസ്തുവിനോട് ചേരുവാൻ സ്നാപനമേററവരായ നാമെല്ലാവരും അവന്റെ മരണത്തിലേക്ക് സ്നാപനമേററിരിക്കുന്നു എന്ന് നിങ്ങൾ അറിയുന്നില്ലയോ? . . . എന്തുകൊണ്ടെന്നാൽ അവന്റേതുപോലെയുളള ഒരു മരണത്തോട് നാം ഏകീഭവിച്ചിരിക്കുന്നുവെങ്കിൽ അവന്റേതുപോലെയുളള ഒരു പുനരുത്ഥാനത്തോടും നാം ഏകീഭവിക്കും.” (യേശുവിന്റെ കാര്യത്തിൽ സംഭവിച്ചത് ഒരു മാതൃക വച്ചു. അവൻ മരിച്ചു എന്ന് അവന്റെ ശിഷ്യൻമാരും മററുളളവരും അറിഞ്ഞു. അവന്റെ മരണവും പുനരുത്ഥാനവും കഴിയുന്നതുവരെ അവൻ സ്വർഗ്ഗീയ ജീവനിലേക്ക് പുനഃസ്ഥിതീകരിക്കപ്പെട്ടില്ല.)
1 കൊരി. 15:35, 36, 44, RS: “‘മരിച്ചവർ എങ്ങനെ ഉയർക്കുന്നു എന്നും ഏതുതരം ശരീരത്തോടെ വരുന്നുവെന്നും’ ആരെങ്കിലും ചോദിച്ചേക്കാം. മൂഢാ! നീ വിതക്കുന്നതു ചാകുന്നില്ല എങ്കിൽ ജീവനിലേക്കു വരുന്നില്ല. ഭൗതിക ശരീരം വിതക്കപ്പെടുന്നു, ആത്മീയ ശരീരം ഉയർപ്പിക്കപ്പെടുന്നു.” (അതുകൊണ്ട് ഒരുവന് ഒരു ആത്മീയശരീരം ലഭിക്കുന്നതിന് മുമ്പ് അയാൾ മരിക്കേണ്ടതുണ്ട്, ഇല്ലേ?)
മഹോപദ്രവത്തിനുമുമ്പ് വിശ്വസ്തരായ സകല ക്രിസ്ത്യാനികളും കർത്താവിനാൽ ഭൂമിയിൽനിന്ന് അത്ഭുതകരമായി എടുക്കപ്പെടുമോ?
മത്താ. 24:21, 22: “ലോകാരംഭം മുതൽ ഇന്നുവരെ സംഭവിച്ചിട്ടില്ലാത്തതും, ഇല്ല, ഇനിമേൽ സംഭവിക്കുകയില്ലാത്തതുമായ മഹോപദ്രവം അന്നുണ്ടാകും. യഥാർത്ഥത്തിൽ ആ നാളുകൾ ചുരുക്കപ്പെടാതിരുന്നാൽ ഒരു ജഡവും രക്ഷിക്കപ്പെടുകയില്ല; എന്നാൽ തെരഞ്ഞെടുക്കപ്പെട്ടവർ നിമിത്തം ആ നാളുകൾ ചുരുക്കപ്പെടും.” (“തെരഞ്ഞെടുക്കപ്പെട്ടവർ” എല്ലാവരും മഹോപദ്രവം തുടങ്ങുന്നതിന് മുമ്പ് സ്വർഗ്ഗത്തിലേക്ക് എടുക്കപ്പെടുമെന്ന് ഇവിടെ പറയുന്നില്ല, ഉവ്വോ? മറിച്ച്, ഇത് അവരിൽ ചിലർ, ജഡത്തിലെ അവരുടെ സഹകാരികളോടൊപ്പം ഭൂമിയിലെ മഹോപദ്രവത്തെ അതിജീവിക്കും എന്ന് പ്രകടമാക്കിയേക്കാം.)
വെളി. 7:9, 10, 14, RS: “അതിനുശേഷം ഞാൻ നോക്കി, കണ്ടാലും, സകല രാഷ്ട്രങ്ങളിൽ നിന്നും സകല ഗോത്രങ്ങളിൽ നിന്നും ജനതകളിൽ നിന്നും ഭാഷകളിൽ നിന്നും ഉളളതായി യാതൊരു മനുഷ്യനും എണ്ണാൻ കഴിയാഞ്ഞ ഒരു മഹാപുരുഷാരം വെളളനിലയങ്കി ധരിച്ച് കൈയിൽ കുരുത്തോലയുമായി സിംഹാസനത്തിനും കുഞ്ഞാടിനും മുമ്പാകെ നിൽക്കുന്നു. ‘രക്ഷ സിംഹാസനത്തിലിരിക്കുന്ന നമ്മുടെ ദൈവത്തിനും കുഞ്ഞാടിനുമുളളത്!’ എന്ന് അവർ ഉച്ചത്തിൽ ആർത്തുകൊണ്ടിരുന്നു. . . . ‘ഇവർ മഹോപദ്രവത്തിൽ നിന്ന് പുറത്തു വന്നവരാണ്.’” (എന്തിൽ നിന്നെങ്കിലും “പുറത്തു വരുന്നതിന്” ഒരു വ്യക്തി അതിനുളളിലേക്ക് പോവുകയോ അതിനുളളിലായിരിക്കുകയോ ചെയ്യേണ്ടതുണ്ട്. അതുകൊണ്ട് ഈ മഹാപുരുഷാരം യഥാർത്ഥത്തിൽ മഹോപദ്രവം അനുഭവിക്കുകയും അതിജീവകരായി അതിൽ നിന്ന് പുറത്തുവരികയും ചെയ്യുന്ന വ്യക്തികളായിരിക്കണം.) (അവർ ഭൂമിയിലായിരിക്കുന്നതു സംബന്ധിച്ച് 167, 168 പേജുകൾ കാണുക.)
മഹോപദ്രവകാലത്ത് യഥാർത്ഥക്രിസ്ത്യാനികൾക്ക് എന്തു സംരക്ഷണമാണ് ഉണ്ടായിരിക്കുക?
റോമ. 10:13, RS: “കർത്താവിന്റെ [“യഹോവയുടെ,” NW] നാമത്തെ വിളിച്ചപേക്ഷിക്കുന്ന ഏവനും രക്ഷിക്കപ്പെടും.”
സെഫ. 2:3, RS: “അവന്റെ കൽപനകൾ അനുസരിക്കുന്നവരായി ദേശത്തെല്ലായിടത്തുമുളള എളിയവരായ എല്ലാവരുമേ കർത്താവിനെ [“യഹോവയെ,” NW, AS, Yg, By] അന്വേഷിപ്പിൻ; നീതി അന്വേഷിപ്പിൻ, താഴ്മ അന്വേഷിപ്പിൻ; ഒരുപക്ഷേ കർത്താവിന്റെ കോപദിവസത്തിൽ നിങ്ങൾ മറക്കപ്പെട്ടേക്കാം.” (യെശയ്യാവ് 26:20-ഉം)
മഹോപദ്രവം കഴിഞ്ഞ് ഒരുപക്ഷേ എല്ലാ ക്രിസ്ത്യാനികളും സ്വർഗ്ഗത്തിലേക്ക് എടുക്കപ്പെടുമോ?
മത്താ. 5:5, RS: “സൗമ്യതയുളളവർ അനുഗൃഹീതരാകുന്നു, എന്തുകൊണ്ടെന്നാൽ അവർ ഭൂമി അവകാശമാക്കും.”
സങ്കീ. 37:29, RS: “നീതിമാൻമാർ ദേശം [“ഭൂമി,” Ro, NW] കൈവശമാക്കുകയും എന്നേക്കും അതിൽ വസിക്കുകയും ചെയ്യും.” (കൂടാതെ 10, 11, 34 വാക്യങ്ങൾ)
1 കൊരി. 15:50, RS: “ജഡരക്തങ്ങൾക്ക് ദൈവത്തിന്റെ രാജ്യം അവകാശമാക്കാൻ കഴിയുകയില്ല.”
“സ്വർഗ്ഗം” എന്നുളള മുഖ്യ ശീർഷകവും കൂടെ കാണുക.
ചില ക്രിസ്ത്യാനികൾ ക്രിസ്തുവിനോടുകൂടെയായിരിക്കാൻ സ്വർഗ്ഗത്തിലേക്ക് എടുക്കപ്പെടുന്നത് എന്തുകൊണ്ടാണ്?
വെളി. 20:6, RS: “അവർ ദൈവത്തിന്റെയും ക്രിസ്തുവിന്റെയും പുരോഹിതൻമാരായി അവനോടുകൂടെ ആയിരമാണ്ട് വാഴും.” (അവർ ക്രിസ്തുവിനോടുകൂടെ വാഴേണ്ടവരാകയാൽ അവർ ആരുടെമേൽ വാഴ്ച നടത്തുന്നുവോ അത്തരം ആളുകളും ഉണ്ടായിരിക്കണം. അവർ ആരാണ്? മത്തായി 5:5; സങ്കീർത്തനം 37:29 എന്നിവ കാണുക.)
“വീണ്ടും ജനിച്ചവർ” എന്ന മുഖ്യശീർഷകവും കാണുക.
സ്വർഗ്ഗത്തിലേക്കു പോകുന്നവർ പിന്നീട് ഇവിടെ പറുദീസയിൽ എന്നേക്കും ജീവിക്കുന്നതിനായി ഭൂമിയിലേക്ക് തിരിച്ചയക്കപ്പെടുമോ?
സദൃശ. 2:21, RS: “നീതിമാൻമാർ ദേശത്ത് വസിക്കും [“ഭൂമിയിൽ പാർക്കും,” NE], നിഷ്ക്കളങ്കൻമാർ അതിൽ ശേഷിച്ചിരിക്കും.” (അത്തരം നീതിമാൻമാർ ഭൂമിയിലേക്ക് തിരികെ വരുമെന്ന് ആ തിരുവെഴുത്ത് പറയുന്നില്ല, മറിച്ച് അവിടെ ശേഷിച്ചിരിക്കും എന്നേ പറയുന്നുളളു എന്ന് കുറിക്കൊളളുക.)
1 തെസ്സ. 4:17, RS: “അങ്ങനെ നാം [സ്വർഗ്ഗത്തിലേക്ക് എടുക്കപ്പെടുന്ന ക്രിസ്ത്യാനികൾ] എല്ലായ്പ്പോഴും കർത്താവിനോടുകൂടെയായിരിക്കും.”
ആരെങ്കിലും ഇങ്ങനെ പറഞ്ഞാൽ—
‘നിങ്ങൾ ഉത്പ്രാപണത്തിൽ വിശ്വസിക്കുന്നുണ്ടോ?’
നിങ്ങൾക്ക് ഇങ്ങനെ മറുപടി പറയാം: ‘ഉത്പ്രാപണത്തിന്റെ അർത്ഥം സംബന്ധിച്ച് എല്ലാവർക്കും ഒരേ ആശയമല്ല ഉളളതെന്നാണ് എനിക്ക് കാണാൻ കഴിഞ്ഞിട്ടുളളത്. അതേ സംബന്ധിച്ചുളള നിങ്ങളുടെ ആശയങ്ങൾ എന്താണ് എന്ന് ഞാനൊന്നു ചോദിച്ചോട്ടെ? . . . ഏതു കാര്യം സംബന്ധിച്ചാണെങ്കിലും നമ്മുടെ ആശയങ്ങളെ ബൈബിൾ തന്നെ പറയുന്നതിനോട് താരതമ്യം ചെയ്യുന്നത് പ്രയോജനകരമായിരിക്കും. (മുകളിൽ കൊടുത്തിരിക്കുന്നതിൽ നിന്നു പററിയ വിവരങ്ങൾ തെരഞ്ഞെടുത്ത് ഉപയോഗിക്കുക.)’
അല്ലെങ്കിൽ നിങ്ങൾക്ക് ഇങ്ങനെ പറയാൻ കഴിയും: ‘ക്രിസ്ത്യാനികളുടെ രക്ഷപെടൽ പദ്ധതിയായി ഉത്പ്രാപണത്തെ വിശദീകരിക്കുന്നതായിട്ടാണ് ഞാൻ കേട്ടിട്ടുളളത്. വരാനിരിക്കുന്ന മഹോപദ്രവത്തിൽ നിന്ന് തങ്ങൾ രക്ഷപെടുന്നത് ഇങ്ങനെയാണെന്നാണ് പലരും കരുതുന്നത്. നിങ്ങൾ അങ്ങനെയാണോ വിചാരിക്കുന്നത്?’ പിന്നെ ഒരുപക്ഷേ ഇങ്ങനെ കൂട്ടിച്ചേർക്കുക: (1) ‘ആ സമയത്ത് തീർച്ചയായും നമുക്ക് ദൈവത്തിന്റെ സംരക്ഷണം ആവശ്യമാണ്. നമുക്ക് അതിൽ നിന്ന് എങ്ങനെ പ്രയോജനം അനുഭവിക്കാൻ കഴിയുമെന്ന് കാണിച്ചുതരുന്ന ചില ബൈബിൾ വാക്യങ്ങൾ വളരെ പ്രോൽസാഹജനകമാണെന്ന് ഞാൻ കണ്ടിരിക്കുന്നു. (സെഫ. 2:3)’ (2) ‘രസാവഹമായി, വിശ്വസ്തരായ ചിലരെ ദൈവം ഈ ഭൂമിയിൽതന്നെ സംരക്ഷിക്കുമെന്ന് ബൈബിൾ കാണിച്ചു തരുന്നു. (സദൃശ. 2:21, 22) അത് ആദാമിനെ സൃഷ്ടിച്ച് പറുദീസയിൽ ആക്കിവച്ചപ്പോൾ ദൈവത്തിനുണ്ടായിരുന്ന ആദിമോദ്ദേശ്യത്തോട് ചേർച്ചയിലാണ്, അല്ലേ?’
മറെറാരു സാദ്ധ്യത: ‘ഉത്പ്രാപണം എന്നതിനാൽ ഈ വ്യവസ്ഥിതിയുടെ അന്ത്യകാലത്ത് ജീവിക്കുന്ന ക്രിസ്ത്യാനികൾ സ്വർഗ്ഗത്തിലേക്ക് എടുക്കപ്പെടുമെന്നാണ് നിങ്ങൾ അർത്ഥമാക്കുന്നത്, അല്ലേ? . . . സ്വർഗ്ഗത്തിൽ ചെന്നുകഴിഞ്ഞ് അവർ എന്തു ചെയ്യുമെന്ന് നിങ്ങൾ എന്നെങ്കിലും ചിന്തിച്ചിട്ടുണ്ടോ? . . . വെളിപ്പാട് 20:6 (5:9, 10-ഉം) പറയുന്നത് കുറിക്കൊളളുക. . . . എന്നാൽ അവർ ആരുടെ മേലാണ് ഭരണം നടത്തുക? (സങ്കീ. 37:10, 11, 29)’