അധ്യായം 5
ആട്ടിൻകൂട്ടത്തെ മേയ്ക്കുന്ന മേൽവിചാരകന്മാർ
ഭൂമിയിലെ തന്റെ ശുശ്രൂഷക്കാലത്ത് യേശു “നല്ല ഇടയൻ” ആണെന്നു തെളിയിച്ചു. (യോഹ. 10:11) ആകാംക്ഷയോടെ തന്റെ പിന്നാലെ വരുന്ന “ജനക്കൂട്ടത്തെ കണ്ടപ്പോൾ യേശുവിന് അലിവ് തോന്നി. കാരണം അവർ ഇടയനില്ലാത്ത ആടുകളെപ്പോലെ അവഗണിക്കപ്പെട്ടവരും മുറിവേറ്റവരും ആയിരുന്നു.” (മത്താ. 9:36) പത്രോസും മറ്റ് അപ്പോസ്തലന്മാരും യേശുവിന്റെ ഈ സ്നേഹവും കരുതലും ശ്രദ്ധിച്ചു. ഇസ്രായേലിലെ വ്യാജയിടയന്മാരിൽനിന്ന് യേശു എത്ര വ്യത്യസ്തനായിരുന്നു! ആ ഇടയന്മാർ ആട്ടിൻകൂട്ടത്തെ പാടേ അവഗണിച്ചു. ഫലമോ? ആടുകൾ ചിതറുകയും ആത്മീയമായി പട്ടിണിയിലാകുകയും ചെയ്തു. (യഹ. 34:7, 8) ആടുകളെ പരിപാലിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നതിൽ യേശു നല്ല മാതൃക വെച്ചു. അവർക്കുവേണ്ടി തന്റെ ജീവൻ വെച്ചുകൊടുക്കാൻപോലും യേശു തയ്യാറായി. “ജീവനെ കാക്കുന്ന ഇടയ”നായ യഹോവയിലേക്കു മടങ്ങിവരാൻ വിശ്വാസമുള്ളവരെ സഹായിക്കേണ്ടത് എങ്ങനെയാണെന്നും യേശുവിന്റെ മാതൃക അപ്പോസ്തലന്മാരെ പഠിപ്പിച്ചു.—1 പത്രോ. 2:25.
2 ഒരു അവസരത്തിൽ പത്രോസിനോടു സംസാരിക്കുമ്പോൾ, ആട്ടിൻകൂട്ടത്തെ തീറ്റുകയും മേയ്ക്കുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യം യേശു എടുത്തുപറഞ്ഞു. (യോഹ. 21:15-17) ഇതു പത്രോസിന്റെ ഉള്ളിൽത്തട്ടി. കാരണം, പിന്നീട് ആദ്യകാല ക്രിസ്തീയസഭയിലെ മൂപ്പന്മാരെ പത്രോസ് ഇങ്ങനെ ഉദ്ബോധിപ്പിച്ചു: “മേൽവിചാരകന്മാരായി സേവിച്ചുകൊണ്ട് നിങ്ങളുടെ പരിപാലനത്തിലുള്ള ദൈവത്തിന്റെ ആട്ടിൻപറ്റത്തെ മേയ്ക്കുക. നിർബന്ധത്താലല്ല ദൈവമുമ്പാകെ മനസ്സോടെയും, അന്യായമായി നേട്ടമുണ്ടാക്കാനുള്ള മോഹത്തോടെയല്ല, അതീവതാത്പര്യത്തോടെയും, ദൈവത്തിന് അവകാശപ്പെട്ടവരുടെ മേൽ ആധിപത്യം നടത്തിക്കൊണ്ടല്ല, ആട്ടിൻപറ്റത്തിനു മാതൃകകളായിക്കൊണ്ടും അതു ചെയ്യുക.” (1 പത്രോ. 5:1-3) പത്രോസിന്റെ ഈ വാക്കുകൾ ഇന്നത്തെ സഭാമേൽവിചാരകന്മാർക്കും ബാധകമാണ്. മൂപ്പന്മാർ, മനസ്സോടെയും ഉത്സാഹത്തോടെയും ആട്ടിൻകൂട്ടത്തിനു മാതൃകകളാകുന്നു, യഹോവയുടെ സേവനത്തിൽ നേതൃത്വമെടുക്കുന്നു, അങ്ങനെ യേശുവിനെ അനുകരിക്കുന്നു.—എബ്രാ. 13:7.
മൂപ്പന്മാർ, മനസ്സോടെയും ഉത്സാഹത്തോടെയും ആട്ടിൻകൂട്ടത്തിനു മാതൃകകളാകുന്നു. യഹോവയുടെ സേവനത്തിൽ നേതൃത്വമെടുക്കുന്നു, അങ്ങനെ യേശുവിനെ അനുകരിക്കുന്നു
3 പരിശുദ്ധാത്മാവിനാൽ നിയമിതരായ മേൽവിചാരകന്മാർ സഭകളിലുള്ളതിൽ നമുക്കു നന്ദിയുള്ളവരായിരിക്കാം. കാരണം, അവരുടെ പരിപാലനയിലൂടെ നമുക്കു കിട്ടുന്ന പ്രയോജനങ്ങൾ അനവധിയാണ്. ഉദാഹരണം പറഞ്ഞാൽ, മേൽവിചാരകന്മാർ സഭയിലെല്ലാവർക്കും പ്രോത്സാഹനവും വ്യക്തിപരമായ ശ്രദ്ധയും നൽകുന്നു. ഓരോ ആഴ്ചയും അവർ സഭായോഗങ്ങളിൽ ശുഷ്കാന്തിയോടെ അധ്യക്ഷത വഹിക്കുന്നു. വിശ്വാസികളായ എല്ലാവർക്കും ആത്മീയപോഷണം ലഭിക്കുന്നതു സഭായോഗങ്ങളിലൂടെയാണല്ലോ. (റോമ. 12:8) വഞ്ചകരായ വ്യക്തികളുൾപ്പെടെ എല്ലാ ദുഃസ്വാധീനങ്ങളിൽനിന്നും ആട്ടിൻകൂട്ടത്തെ സംരക്ഷിക്കാൻ അവർ ശ്രമിക്കുന്നു. അതു നമ്മുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നു. (യശ. 32:2; തീത്തോ. 1:9-11) വയൽശുശ്രൂഷയിൽ അവർ നേതൃത്വമെടുക്കുന്നത് ഉത്സാഹത്തോടെ എല്ലാ മാസവും സന്തോഷവാർത്ത പ്രസംഗിക്കാൻ നമുക്കു നല്ല പ്രചോദനമാണ്. (എബ്രാ. 13:15-17) സഭയെ പണിതുയർത്താനുള്ള ക്രമീകരണമാണ് ഈ “മനുഷ്യരെ സമ്മാനങ്ങളായി തന്ന”തിലൂടെ യഹോവ ചെയ്തിരിക്കുന്നത്.—എഫെ. 4:8, 11, 12.
മേൽവിചാരകന്മാർക്കു വേണ്ട യോഗ്യതകൾ
4 സഭയ്ക്കു വേണ്ട പരിപാലനം ലഭിക്കണമെങ്കിൽ, മേൽവിചാരകന്മാരായി സേവിക്കാൻ നിയമിതരാകുന്ന പുരുഷന്മാർ ദൈവവചനത്തിൽ വ്യവസ്ഥ ചെയ്തിരിക്കുന്ന യോഗ്യതകളിൽ എത്തിച്ചേർന്നിട്ടുള്ളവരായിരിക്കണം. ആ വ്യവസ്ഥപ്രകാരമുള്ള യോഗ്യതയിൽ എത്തിച്ചേർന്നെങ്കിൽ മാത്രമേ അവർ പരിശുദ്ധാത്മാവിനാൽ നിയമിതരായിരിക്കുന്നു എന്നു പറയാൻ കഴിയൂ. (പ്രവൃ. 20:28) ക്രിസ്തീയ മേൽവിചാരകന്മാർക്കു വെച്ചിരിക്കുന്ന തിരുവെഴുത്തുനിലവാരങ്ങൾ ഉയർന്നതാണെന്നു സമ്മതിക്കുന്നു. കാരണം, ഒരു മേൽവിചാരകനായിരിക്കുക എന്നത് അത്രയ്ക്കു ഗൗരവമുള്ള ഒരു ഉത്തരവാദിത്വമാണ്. എന്നു കരുതി ഈ യോഗ്യതകൾ, ക്രിസ്തീയപുരുഷന്മാർക്ക് എത്തിപ്പിടിക്കാൻ പറ്റാത്തത്ര ഉയരത്തിലല്ലതാനും. യഹോവയോട് ആത്മാർഥസ്നേഹവും യഹോവയുടെ കൈയിലെ ഒരു ഉപകരണമാകാൻ മനസ്സൊരുക്കവും ഉള്ളവർക്ക് അതിനു കഴിയും. നിത്യേനയുള്ള ജീവിതകാര്യാദികളിൽ ബൈബിളിന്റെ ഉപദേശങ്ങൾ ബാധകമാക്കുന്ന വ്യക്തികളാണു മേൽവിചാരകന്മാർ എന്ന് എല്ലാവർക്കും വ്യക്തമായിരിക്കുകയും വേണം.
സഭയ്ക്കുവേണ്ട പരിപാലനം ലഭിക്കണമെങ്കിൽ, മേൽവിചാരകന്മാരായി സേവിക്കാൻ നിയമിതരാകുന്ന പുരുഷന്മാർ ദൈവവചനത്തിൽ വ്യവസ്ഥചെയ്തിരിക്കുന്ന യോഗ്യതകളിൽ എത്തിച്ചേർന്നിട്ടുള്ളവരായിരിക്കണം
5 മേൽവിചാരകന്മാർക്കു വേണ്ട അടിസ്ഥാന തിരുവെഴുത്തുയോഗ്യതകൾ അപ്പോസ്തലനായ പൗലോസ് തിമൊഥെയൊസിന് എഴുതിയ ആദ്യത്തെ ലേഖനത്തിലും തീത്തോസിന് എഴുതിയ ലേഖനത്തിലും വ്യക്തമായി വിവരിക്കുന്നുണ്ട്. 1 തിമൊഥെയൊസ് 3:1-7-ൽ ഇങ്ങനെ കാണുന്നു: “മേൽവിചാരകനാകാൻ പരിശ്രമിക്കുന്ന ഒരാൾ വാസ്തവത്തിൽ വിശിഷ്ടമായൊരു കാര്യമാണ് ആഗ്രഹിക്കുന്നത്. എന്നാൽ മേൽവിചാരകൻ ആക്ഷേപരഹിതനും ഒരു ഭാര്യ മാത്രമുള്ളവനും ശീലങ്ങളിൽ മിതത്വം പാലിക്കുന്നവനും സുബോധമുള്ളവനും ചിട്ടയോടെ ജീവിക്കുന്നവനും അതിഥിപ്രിയനും പഠിപ്പിക്കാൻ കഴിവുള്ളവനും ആയിരിക്കണം. കുടിയനോ അക്രമാസക്തനോ ആയിരിക്കരുത്. വിട്ടുവീഴ്ച ചെയ്യാൻ മനസ്സുള്ളവൻ ആയിരിക്കണം. വഴക്ക് ഉണ്ടാക്കുന്നവനോ പണക്കൊതിയനോ ആയിരിക്കരുത്. സ്വന്തകുടുംബത്തിൽ നല്ല രീതിയിൽ നേതൃത്വമെടുക്കുന്നവനായിരിക്കണം. മേൽവിചാരകന്റെ മക്കൾ നല്ല കാര്യഗൗരവമുള്ളവരായി അദ്ദേഹത്തിനു കീഴ്പെട്ടിരിക്കുന്നവരായിരിക്കണം. (കാരണം സ്വന്തകുടുംബത്തിൽ നേതൃത്വമെടുക്കാൻ അറിയാത്ത ഒരാൾ ദൈവത്തിന്റെ സഭയെ എങ്ങനെ പരിപാലിക്കാനാണ്?) അഹങ്കാരിയായിത്തീർന്നിട്ട് പിശാചിനു വന്ന ശിക്ഷാവിധിയിൽ വീണുപോകാതിരിക്കാൻ, പുതുതായി വിശ്വാസം സ്വീകരിച്ചയാളുമായിരിക്കരുത്. മാത്രമല്ല, ദുഷ്കീർത്തിയിലും പിശാചിന്റെ കെണിയിലും അകപ്പെട്ടുപോകാതിരിക്കാൻ പുറത്തുള്ളവർക്കിടയിലും സത്പേരുള്ള ആളായിരിക്കണം.”
6 പൗലോസ് തീത്തോസിന് ഇങ്ങനെ എഴുതി: “ഞാൻ നിന്നെ ക്രേത്തയിൽ വിട്ടിട്ടുപോന്നത് നേരെയാക്കേണ്ട കാര്യങ്ങൾ നേരെയാക്കാനും ഞാൻ തന്ന നിർദേശങ്ങളനുസരിച്ച് നഗരംതോറും മൂപ്പന്മാരെ നിയമിക്കാനും ആയിരുന്നല്ലോ. ഇവയായിരുന്നു ആ നിർദേശങ്ങൾ: മൂപ്പൻ ആരോപണരഹിതനും ഒരു ഭാര്യ മാത്രമുള്ളവനും താന്തോന്നികളെന്നോ ധിക്കാരികളെന്നോ ദുഷ്പേരില്ലാത്ത, വിശ്വാസികളായ മക്കളുള്ളവനും ആയിരിക്കണം. മേൽവിചാരകൻ ദൈവത്തിന്റെ കാര്യസ്ഥനായതുകൊണ്ട് ആരോപണരഹിതനായിരിക്കണം. തന്നിഷ്ടക്കാരനോ മുൻകോപിയോ കുടിയനോ അക്രമാസക്തനോ വളഞ്ഞ വഴിയിലൂടെ നേട്ടമുണ്ടാക്കാൻ നോക്കുന്നവനോ ആയിരിക്കരുത്. പകരം അതിഥിപ്രിയനും നന്മയെ സ്നേഹിക്കുന്നവനും സുബോധമുള്ളവനും നീതിനിഷ്ഠനും വിശ്വസ്തനും ആത്മനിയന്ത്രണമുള്ളവനും ആയിരിക്കണം. മേൽവിചാരകൻ വിശ്വസ്തവചനത്തെ മുറുകെ പിടിച്ച് വിദഗ്ധമായി പഠിപ്പിക്കുന്നവനും അങ്ങനെ, പ്രയോജനകരമായ പഠിപ്പിക്കലിലൂടെ പ്രോത്സാഹിപ്പിക്കാനും എതിർക്കുന്നവരെ ശാസിക്കാനും കഴിവുള്ളവനും ആയിരിക്കണം.”—തീത്തോസ് 1:5-9.
7 മേൽവിചാരകന്മാർക്കുള്ള തിരുവെഴുത്തുവ്യവസ്ഥകളിൽ എത്തിച്ചേരുന്നതു വളരെ പ്രയാസമാണെന്ന് ഒറ്റ നോട്ടത്തിൽ തോന്നിയാലും ഒരു മേൽവിചാരകനായിത്തീരാൻ യത്നിക്കുന്നതിൽനിന്ന് ക്രിസ്തീയപുരുഷന്മാർ പിന്നോക്കം പോകരുത്. ഈ പുരുഷന്മാർ മേൽവിചാരകന്മാർക്കു വേണ്ട നല്ല ക്രിസ്തീയഗുണങ്ങൾ പ്രകടിപ്പിക്കുമ്പോൾ അവർ സഭയിലെ മറ്റുള്ളവരെയും അങ്ങനെ ചെയ്യാൻ പ്രോത്സാഹിപ്പിക്കുകയാണ്. “വിശുദ്ധരെ നേരെയാക്കാനും ശുശ്രൂഷ നിർവഹിക്കാനും ക്രിസ്തുവിന്റെ ശരീരം ബലപ്പെടുത്താനും വേണ്ടിയാണ്” അത്തരം “മനുഷ്യരെ സമ്മാനങ്ങളായി” നൽകിയിരിക്കുന്നത് എന്നു പൗലോസ് എഴുതി. “നമ്മൾ എല്ലാവരും വിശ്വാസത്തിലെ ഒരുമയും ദൈവപുത്രനെക്കുറിച്ചുള്ള ശരിയായ അറിവും നേടി പൂർണവളർച്ചയെത്തിയ ഒരു പുരുഷനായി വളർന്ന് ക്രിസ്തുവിന്റെ പരിപൂർണതയുടെ അളവിനൊപ്പം എത്തുന്നതുവരെ അവർ അതു ചെയ്യും.”—എഫെ. 4:8, 12, 13.
8 മേൽവിചാരകന്മാർ വെറും ബാലന്മാരോ പുതുതായി വിശ്വാസം സ്വീകരിച്ച പുരുഷന്മാരോ ആയിരിക്കരുത്. മറിച്ച് അവർ ക്രിസ്തീയജീവിതചര്യയിൽ അനുഭവപരിചയമുള്ളവരായിരിക്കണം. വിശാലമായ ബൈബിൾപരിജ്ഞാനം അവർക്കുണ്ടായിരിക്കണം. തിരുവെഴുത്തുകളിൽ ആഴമായ ഗ്രാഹ്യം വേണം. കൂടാതെ സഭയോട് ആത്മാർഥമായ സ്നേഹവും വേണം. മാത്രമല്ല, ദുഷ്പ്രവൃത്തിക്കാരോടു കാര്യങ്ങൾ തുറന്ന് സംസാരിക്കാനും അവരെ തിരുത്താനും ഉള്ള ധൈര്യം വേണം. എങ്കിലേ, ചൂഷണം ചെയ്യാൻ ശ്രമിക്കുന്നവരിൽനിന്ന് ആടുകളെ സംരക്ഷിക്കാൻ കഴിയൂ. (യശ. 32:2) മേൽവിചാരകന്മാർ ആത്മീയപക്വതയുള്ള പുരുഷന്മാരാണെന്നും ദൈവത്തിന്റെ ആട്ടിൻകൂട്ടത്തോട് ആത്മാർഥമായ താത്പര്യമുള്ളവരാണെന്നും സഭയിലെ എല്ലാവർക്കും എളുപ്പം തിരിച്ചറിയാൻ കഴിയണം.
9 മേൽവിചാരകന്മാരായി നിയമിക്കപ്പെടാൻ യോഗ്യരാകുന്നവർ അവരുടെ ജീവിതത്തിൽ പ്രായോഗികജ്ഞാനം പ്രകടമാക്കുന്നവരാണ്. വിവാഹിതനാണെങ്കിൽ, അദ്ദേഹം ദാമ്പത്യം സംബന്ധിച്ച ക്രിസ്തീയനിലവാരങ്ങളോടു പറ്റിനിൽക്കണം. അതായത്, ഒരു ഭാര്യ മാത്രമുള്ളവനും സ്വന്തകുടുംബത്തിൽ നല്ല രീതിയിൽ നേതൃത്വമെടുക്കുന്നവനും ആയിരിക്കണം. മേൽവിചാരകനു വിശ്വാസികളായ മക്കൾ ഉണ്ടെങ്കിൽ നല്ല കാര്യഗൗരവമുള്ളവരായി അദ്ദേഹത്തിനു കീഴ്പെട്ടിരിക്കുന്നവരായിരിക്കണം. അവർ താന്തോന്നികളെന്നോ ധിക്കാരികളെന്നോ ദുഷ്പേരില്ലാത്തവരായിരിക്കണം. ഇപ്രകാരം മാതൃകായോഗ്യമായ കുടുംബജീവിതം നയിക്കുന്ന മേൽവിചാരകന്മാരെ, കുടുംബജീവിതവും ക്രിസ്തീയ ജീവിതരീതിയും സംബന്ധിച്ച കാര്യങ്ങളിൽ മാർഗനിർദേശം തേടി ഒരു മടിയും കൂടാതെ സമീപിക്കാൻ സഭയിലെ സഹോദരങ്ങൾക്കു സ്വാതന്ത്ര്യം തോന്നും. കൂടാതെ അദ്ദേഹം ആക്ഷേപരഹിതനും ആരോപണരഹിതനും പുറത്തുള്ളവർക്കിടയിൽപ്പോലും സത്പേരുള്ള ആളും ആയിരിക്കണം. സഭയുടെ കീർത്തിക്കു കളങ്കം വരുത്തുന്ന അനുചിതമായ നടത്തയോടു ബന്ധപ്പെട്ട് കഴമ്പുള്ള ഒരു ആരോപണവും അദ്ദേഹത്തിന്റെ പേരിലുണ്ടായിരിക്കരുത്. അദ്ദേഹം ഗുരുതരമായ ദുഷ്പ്രവൃത്തിക്ക് അടുത്ത കാലത്ത് ശാസന ലഭിച്ച ആളായിരിക്കില്ല. ഇങ്ങനെയുള്ള യോഗ്യരായ മേൽവിചാരകന്മാരുടെ നല്ല മാതൃക അനുകരിക്കാൻ സഭയിലെ മറ്റു സഹോദരങ്ങൾ പ്രേരിതരാകും. അവർ തങ്ങളുടെ ആത്മീയജീവിതം അദ്ദേഹത്തിന്റെ പരിപാലനയ്ക്കു സന്തോഷത്തോടെ ഏൽപ്പിച്ചുകൊടുക്കുകയും ചെയ്യും.—1 കൊരി. 11:1; 16:15, 16.
10 ഇസ്രായേലിലെ മൂപ്പന്മാർ “ജ്ഞാനവും വിവേകവും അനുഭവപരിചയവും” ഉള്ളവരായാണ് അറിയപ്പെട്ടിരുന്നത്. (ആവ. 1:13) മേൽപ്പറഞ്ഞ യോഗ്യതകളിലെത്തിച്ചേരുന്ന പുരുഷന്മാർക്ക് ഇസ്രായേലിലെ മൂപ്പന്മാരെപ്പോലെ, ഇന്നു ക്രിസ്തീയസഭയെ സേവിക്കുന്നതിനുള്ള ഉത്തരവാദിത്വവും പദവിയും ഉണ്ട്. ക്രിസ്തീയമൂപ്പന്മാർ പാപമില്ലാത്തവരല്ല. പക്ഷേ സഭയിലും സമൂഹത്തിലും നേരുള്ളവരും ദൈവഭയമുള്ളവരും ആണെന്ന ഖ്യാതി അവർക്കുണ്ട്. തങ്ങളുടെ മുഴുജീവിതവും നയിക്കുന്നതു ദൈവികതത്ത്വങ്ങളെ അടിസ്ഥാനപ്പെടുത്തിയാണെന്നു ദീർഘകാലമായി ഈ പുരുഷന്മാർ തെളിയിച്ചിട്ടുണ്ട്. ആർക്കും അവരെ കുറ്റപ്പെടുത്താൻ കാരണമില്ലാത്തതുകൊണ്ട് അവർക്കു സഭയുടെ മുമ്പാകെ ധൈര്യത്തോടെ സംസാരിക്കാനാകുന്നു.—റോമ. 3:23.
11 മേൽവിചാരകന്മാരാകാൻ യോഗ്യത പ്രാപിക്കുന്ന പുരുഷന്മാർ മിതത്വം പാലിക്കുന്നവരായിരിക്കണം. അവർ വ്യക്തിപരമായ ശീലങ്ങളിൽ അങ്ങേയറ്റം പോകാത്തവരും മറ്റുള്ളവരെക്കുറിച്ച് ന്യായമായ പ്രതീക്ഷകൾ മാത്രം വെച്ചുപുലർത്തുന്നവരും ആയിരിക്കണം എന്ന് അർഥം. അവർ മതഭ്രാന്തരല്ല, പകരം സമചിത്തതയുള്ളവരും ആത്മനിയന്ത്രണമുള്ളവരും ആയിരിക്കും. തീറ്റ, കുടി, ഉല്ലാസം, ഹോബികൾ, വിനോദം തുടങ്ങിയവയിലെല്ലാം അവർ മിതത്വം പാലിക്കണം. മദ്യത്തിന്റെ ഉപയോഗത്തിലും അവർ മിതത്വം പാലിക്കണം. കുടിയനെന്നോ കുടിച്ച് ലക്കുകെടുന്നവനെന്നോ ഉള്ള ആരോപണങ്ങൾ അദ്ദേഹത്തെപ്പറ്റിയുണ്ടാകാൻ പാടില്ല. ലഹരിപാനീയങ്ങൾ കഴിച്ച് ഇന്ദ്രിയങ്ങൾ മന്ദീഭവിച്ച ഒരാൾക്ക് എളുപ്പം ആത്മനിയന്ത്രണം നഷ്ടപ്പെടും, ഉണർവോടിരുന്ന് സഭയുടെ ആത്മീയകാര്യങ്ങൾക്കു ശ്രദ്ധ കൊടുക്കാൻ പറ്റാത്ത അവസ്ഥയിലാകുകയും ചെയ്യും.
12 സഭയുടെ മേൽവിചാരണ നിർവഹിക്കുന്നതിന് അദ്ദേഹം ചിട്ടയോടെ ജീവിക്കുന്ന ആളായിരിക്കണം. വേഷവിധാനം ഉൾപ്പെടെയുള്ള ബാഹ്യരൂപം, വീട്, അനുദിനപ്രവർത്തനങ്ങൾ ഇവയിലെല്ലാം അദ്ദേഹത്തിന്റെ നല്ല ശീലങ്ങൾ പ്രതിഫലിക്കും. അങ്ങനെയുള്ള ഒരാൾ കാര്യങ്ങൾ നീട്ടിവെക്കുന്ന സ്വഭാവം ഒഴിവാക്കും. എന്താണ് ആവശ്യമുള്ളതെന്നു കണ്ട് അതനുസരിച്ച് കാര്യങ്ങൾ ആസൂത്രണം ചെയ്യും. ദൈവികതത്ത്വങ്ങളോട് അദ്ദേഹം പറ്റിനിൽക്കും.
13 ഒരു മേൽവിചാരകൻ വിട്ടുവീഴ്ച ചെയ്യാൻ മനസ്സുള്ളവൻ ആയിരിക്കണം. മൂപ്പന്മാരുടെ സംഘത്തിൽ ഐക്യത്തോടെയും സഹകരിച്ചും പ്രവർത്തിക്കാൻ അദ്ദേഹത്തിനു കഴിയണം. അദ്ദേഹത്തിനു തന്നെപ്പറ്റിത്തന്നെ ഉചിതമായ ഒരു വീക്ഷണമുണ്ടായിരിക്കണം. മറ്റുള്ളവരിൽനിന്ന് അമിതമായി ആവശ്യപ്പെടുന്ന ആളായിരിക്കരുത്. വിട്ടുവീഴ്ച ചെയ്യാൻ മനസ്സുള്ള വ്യക്തിയായതുകൊണ്ട് മേൽവിചാരകൻ സ്വന്തം അഭിപ്രായങ്ങളിൽ കടിച്ചുതൂങ്ങുകയില്ല; തന്റെ വീക്ഷണങ്ങൾ സഹമൂപ്പന്മാരുടേതിനെക്കാൾ ശ്രേഷ്ഠമാണെന്നു കരുതുകയുമില്ല. അദ്ദേഹത്തിനില്ലാത്ത പല ഗുണങ്ങളിലും പ്രാപ്തികളിലും മറ്റു മൂപ്പന്മാർ മികച്ചുനിന്നേക്കാം. തന്റെ അഭിപ്രായങ്ങൾ തിരുവെഴുത്തുകളെ അടിസ്ഥാനപ്പെടുത്തിയായിരിക്കാനും യേശുവിന്റെ മാതൃക അനുകരിക്കാനും ശ്രമിക്കുമ്പോൾ ഒരു മൂപ്പൻ വിട്ടുവീഴ്ച ചെയ്യാൻ മനസ്സുള്ളവനാണെന്നു കാണിക്കുകയാണ്. (ഫിലി. 2:2-8) അദ്ദേഹം വഴക്ക് ഉണ്ടാക്കുന്നവനോ അക്രമാസക്തനോ ആയിരിക്കുകയില്ല. പകരം മറ്റുള്ളവരെ തന്നെക്കാൾ ശ്രേഷ്ഠരായി കരുതിക്കൊണ്ട് അവർക്ക് ഉചിതമായ ബഹുമാനം നൽകുന്നു. അദ്ദേഹം തന്നിഷ്ടക്കാരനല്ല, എന്നുവെച്ചാൽ എല്ലായ്പോഴും തന്റെ രീതികളോ കാഴ്ചപ്പാടുകളോ മറ്റുള്ളവർ സ്വീകരിക്കണമെന്നു നിർബന്ധംപിടിക്കുകയില്ല. അദ്ദേഹം മുൻകോപിയായിരിക്കുകയില്ല, മറിച്ച് മറ്റുള്ളവരുമായി സമാധാനപരമായ വിധത്തിൽ ഇടപെടും.
14 സഭയിൽ ഒരു മേൽവിചാരകനായി സേവിക്കാൻ യോഗ്യത നേടുന്ന ആൾ സുബോധമുള്ളവൻ ആയിരിക്കണം. അതിന്റെ അർഥം അദ്ദേഹം പ്രയാസസാഹചര്യങ്ങളിലും ശാന്തത കൈവിടാതെ സമചിത്തത പാലിക്കുന്ന ആളായിരിക്കും എന്നാണ്. എടുത്തുചാടി തീരുമാനമെടുക്കുകയില്ല. യഹോവ വെച്ചിരിക്കുന്ന തത്ത്വങ്ങളെക്കുറിച്ചും അവ എങ്ങനെ പ്രയോഗത്തിലാക്കാം എന്നതിനെക്കുറിച്ചും അദ്ദേഹത്തിനു നല്ല ഗ്രാഹ്യമുണ്ടായിരിക്കും. സുബോധമുള്ള ഒരാൾ ഉപദേശങ്ങളും നിർദേശങ്ങളും മനസ്സോടെ സ്വീകരിക്കും. അദ്ദേഹം ഒരിക്കലും കാപട്യമുള്ള ആളായിരിക്കില്ല.
15 മേൽവിചാരകൻ നന്മയെ സ്നേഹിക്കുന്നവൻ ആയിരിക്കുമെന്ന് പൗലോസ് തീത്തോസിനെ ഓർമിപ്പിച്ചു. അദ്ദേഹം നീതിനിഷ്ഠനും വിശ്വസ്തനും ആയിരിക്കണം. മറ്റുള്ളവരോടുള്ള ഇടപെടലുകളിൽ ഈ ഗുണങ്ങൾ പ്രകടമാകണം. നന്മയ്ക്കുവേണ്ടി, അതായത് ശരിയായതിനുവേണ്ടി നിലകൊള്ളുകയും നീതിക്കുവേണ്ടി ഉറച്ച നിലപാടെടുക്കുകയും ചെയ്യുന്ന ആളായിരിക്കണം. എല്ലായ്പോഴും നീതിനിഷ്ഠമായ തത്ത്വങ്ങൾ മുറുകെപ്പിടിച്ചുകൊണ്ട് യഹോവയോട് അചഞ്ചലമായ ഭക്തിയുള്ളവനും ആയിരിക്കണം. അദ്ദേഹം രഹസ്യം സൂക്ഷിക്കാൻ കഴിവുള്ള ആളായിരിക്കും. ആത്മാർഥമായി അതിഥിപ്രിയം കാണിക്കുകയും മറ്റുള്ളവരുടെ ക്ഷേമത്തെപ്രതി തന്നെത്തന്നെയും തനിക്കുള്ളതും വിട്ടുകൊടുക്കാൻ തയ്യാറാകുകയും ചെയ്യും.—പ്രവൃ. 20:33-35.
16 ഫലപ്രദനായ മേൽവിചാരകനായി സേവിക്കാൻ കഴിയണമെങ്കിൽ അദ്ദേഹം പഠിപ്പിക്കാൻ കഴിവുള്ളവൻ ആയിരിക്കണം. പൗലോസ് തീത്തോസിനോടു പറഞ്ഞതനുസരിച്ച് ഒരു മേൽവിചാരകൻ “വിശ്വസ്തവചനത്തെ മുറുകെ പിടിച്ച് വിദഗ്ധമായി പഠിപ്പിക്കുന്നവനും അങ്ങനെ, പ്രയോജനകരമായ പഠിപ്പിക്കലിലൂടെ പ്രോത്സാഹിപ്പിക്കാനും എതിർക്കുന്നവരെ ശാസിക്കാനും കഴിവുള്ളവനും ആയിരിക്കണം.” (തീത്തോ. 1:9) പഠിപ്പിക്കുമ്പോൾ, ന്യായവാദം ചെയ്യാനും തെളിവുകൾ കാണിച്ചുകൊടുക്കാനും തടസ്സവാദങ്ങൾ മറികടക്കാനും അദ്ദേഹത്തിനു കഴിവുണ്ടായിരിക്കണം. മറ്റുള്ളവർക്കു ബോധ്യം വരാനും അവരുടെ വിശ്വാസം ശക്തിപ്പെടാനും ഇടയാകത്തക്കവിധം തിരുവെഴുത്തുകൾ ബാധകമാക്കാൻ അദ്ദേഹം സമർഥനും ആയിരിക്കണം. അദ്ദേഹം ഇത്തരം പഠിപ്പിക്കൽപ്രാപ്തി “അനുകൂലകാലത്തും പ്രതികൂലകാലത്തും” ഉപയോഗിക്കുന്നു. (2 തിമൊ. 4:2) തെറ്റിലകപ്പെട്ട ഒരാളെ സൗമ്യതയോടെ ‘ശാസിക്കാൻ’ അദ്ദേഹത്തിനു ക്ഷമയുണ്ടായിരിക്കണം. സംശയാലുവായ ഒരാൾക്കു ബോധ്യം വരുത്താനും വിശ്വാസത്തിനു ചേർന്ന സത്പ്രവൃത്തികൾ ചെയ്യാൻ ക്ഷമയോടെ പ്രചോദിപ്പിക്കാനും അദ്ദേഹത്തിനു കഴിയണം. ഒരു സദസ്സിനെ ഒന്നാകെയോ ആളുകളെ വ്യക്തിപരമായോ പഠിപ്പിക്കാൻ അദ്ദേഹത്തിനു കഴിയുന്നെങ്കിൽ, പ്രധാനപ്പെട്ട ഈ വ്യവസ്ഥയിൽ അദ്ദേഹം എത്തിച്ചേർന്നിരിക്കുന്നുവെന്നു മനസ്സിലാക്കാം.
17 മൂപ്പന്മാർ ശുശ്രൂഷയിൽ തീക്ഷ്ണതയോടെ ഏർപ്പെടേണ്ടതു വളരെ പ്രധാനമാണ്. സന്തോഷവാർത്ത പ്രസംഗിക്കുന്നതായിരുന്നു യേശുവിന് ഏറ്റവും പ്രധാനം. അതുകൊണ്ട് മൂപ്പന്മാർ ഇക്കാര്യത്തിലും യേശുവിനെ അനുകരിക്കുന്നെന്നു വ്യക്തമാകണം. ഫലപ്രദരായ സുവിശേഷകരാകാൻ ശിഷ്യന്മാർക്കു വേണ്ട സഹായം നൽകിക്കൊണ്ട് യേശു അവരുടെ കാര്യത്തിൽ പ്രത്യേകതാത്പര്യമെടുത്തു. (മർക്കോ. 1:38; ലൂക്കോ. 8:1) എത്ര തിരക്കാണെങ്കിലും ശുശ്രൂഷയിൽ സമയം ചെലവിടാനുള്ള മൂപ്പന്മാരുടെ ദൃഢനിശ്ചയം കാണുമ്പോൾ സഭയിലുള്ള എല്ലാവരിലേക്കും ആ തീക്ഷ്ണത പടരും. മൂപ്പന്മാർ കുടുംബാംഗങ്ങളോടൊപ്പവും സഭയിലെ സഹോദരങ്ങളോടൊപ്പവും പ്രസംഗപ്രവർത്തനത്തിനു പോകുമ്പോൾ ഇരുകൂട്ടർക്കും “പരസ്പരം പ്രോത്സാഹനം” ഉണ്ടാകും.—റോമ. 1:11, 12.
18 ഇതെല്ലാം വെച്ചുനോക്കുമ്പോൾ ഒരു മേൽവിചാരകനിൽനിന്ന് വളരെ കൂടുതൽ പ്രതീക്ഷിക്കുന്നതായി തോന്നിയേക്കാം. ഒരു മേൽവിചാരകനു ബൈബിൾ വെക്കുന്ന ഉയർന്ന നിലവാരങ്ങളിൽ പൂർണമായി എത്തിച്ചേരാൻ കഴിയില്ല എന്നതു ശരിയാണ്. പക്ഷേ, നിയമിത മേൽവിചാരകന്മാരിൽ ആർക്കും മേൽപ്പറഞ്ഞ യോഗ്യതകളിൽ ഏതിലെങ്കിലും കാര്യമായ കുറവുണ്ടാകാൻ പാടില്ല. അങ്ങനെയുണ്ടായാൽ അതു ഗുരുതരമായ ഒരു ബലഹീനതയായിരിക്കും. ചില മൂപ്പന്മാർ ചില ഗുണങ്ങളിൽ മികച്ചുനിൽക്കും, മറ്റു ചിലർ വേറെ ചില ഗുണങ്ങളിലും. ഫലമോ? ദൈവത്തിന്റെ സഭയ്ക്കു വേണ്ടവിധം മേൽനോട്ടം വഹിക്കാൻ ആവശ്യമായ എല്ലാ നല്ല ഗുണങ്ങളും ഒരു കൂട്ടമെന്ന നിലയിൽ മൂപ്പന്മാരുടെ സംഘത്തിനുണ്ടായിരിക്കും.
19 മേൽവിചാരകന്മാരായി നിയമിക്കപ്പെടുന്നതിനു സഹോദരന്മാരെ ശുപാർശ ചെയ്യുമ്പോൾ മൂപ്പന്മാർ ഒരു സംഘമെന്ന നിലയിൽ പൗലോസ് അപ്പോസ്തലന്റെ ഈ വാക്കുകൾ പ്രത്യേകം ഓർക്കും: “ഞാൻ നിങ്ങളിൽ ഓരോരുത്തരോടും പറയുന്നു: നിങ്ങൾ നിങ്ങളെക്കുറിച്ചുതന്നെ വേണ്ടതിലധികം ചിന്തിക്കരുത്. പകരം, ദൈവം നിങ്ങൾക്ക് ഓരോരുത്തർക്കും നൽകിയിരിക്കുന്ന വിശ്വാസത്തിന്റെ അളവനുസരിച്ച് സുബോധത്തോടെ സ്വയം വിലയിരുത്തുക.” (റോമ. 12:3) ഓരോ മൂപ്പനും തന്നെത്തന്നെ ‘ചെറിയവനായി’ കരുതണം. മറ്റുള്ളവരുടെ യോഗ്യതകൾ വിലയിരുത്തുമ്പോൾ ഒരാളും “അതിനീതിമാനായി” പെരുമാറരുത്. (സഭാ. 7:16) ഒരു സഹോദരനെ ശുപാർശ ചെയ്യാൻ ഉദ്ദേശിക്കുമ്പോൾ മൂപ്പന്മാരുടെ സംഘം മേൽവിചാരകന്മാർക്കു വേണ്ടതായ തിരുവെഴുത്തുയോഗ്യതകൾ മനസ്സിൽപ്പിടിക്കും എന്നുള്ളത് ഒരു വസ്തുതയാണ്. എന്നാൽ, ആ സഹോദരൻ തിരുവെഴുത്തുയോഗ്യതകളിൽ ന്യായമായ അളവിൽ എത്തിച്ചേർന്നിട്ടുണ്ടോ എന്നാണ് അവർ നോക്കുന്നത്. മാനുഷികമായ അപൂർണത കണക്കിലെടുത്ത്, പക്ഷപാതവും കാപട്യവും ഇല്ലാതെ ആയിരിക്കണം മൂപ്പന്മാർ ശുപാർശകൾ നടത്തേണ്ടത്. അങ്ങനെ ചെയ്യുമ്പോൾ മൂപ്പന്മാർ യഹോവയുടെ നീതിനിഷ്ഠമായ നിലവാരങ്ങൾക്ക് അർഹമായ ആദരവ് കൊടുക്കുകയാണ്. സഭയ്ക്ക് അതു പ്രയോജനപ്പെടുകയും ചെയ്യും. പ്രാർഥനാപൂർവം ചിന്തിച്ച് ദൈവാത്മാവിന്റെ വഴിനടത്തിപ്പനുസരിച്ചാണു മൂപ്പന്മാർ ഓരോ ശുപാർശയും നടത്തുന്നത്. മൂപ്പന്മാർ വഹിക്കുന്ന ഗൗരവമേറിയ ഉത്തരവാദിത്വങ്ങളിൽ ഒന്നാണ് ഇത്. അവർ ഇതു പൗലോസിന്റെ ഈ ഉദ്ബോധനത്തിനു ചേർച്ചയിൽ ചെയ്യുകയും വേണം: “ആരുടെ മേലും തിടുക്കത്തിൽ കൈകൾ വെക്കരുത്.”—1 തിമൊ. 5:21, 22.
ആത്മാവിന്റെ ഫലം
20 ആത്മീയയോഗ്യതയുള്ള പുരുഷന്മാർ, ദൈവാത്മാവാണു തങ്ങളെ നയിക്കുന്നതെന്നു ജീവിതംകൊണ്ട് തെളിയിക്കും. അതായത്, ദൈവാത്മാവിന്റെ ഫലം അവർ ജീവിതത്തിൽ പ്രകടിപ്പിക്കും. ആത്മാവിന്റെ ഫലത്തിന്റെ ഒൻപതു വശങ്ങൾ പൗലോസ് എടുത്തുപറയുന്നുണ്ട്: “സ്നേഹം, സന്തോഷം, സമാധാനം, ക്ഷമ, ദയ, നന്മ, വിശ്വാസം, സൗമ്യത, ആത്മനിയന്ത്രണം.” (ഗലാ. 5:22, 23) ഈ ഗുണങ്ങൾ ജീവിതത്തിൽ പകർത്തുന്ന മേൽവിചാരകന്മാർ സഹോദരങ്ങൾക്കു നവോന്മേഷം പകരും. ഒരേ മനസ്സോടെ വിശുദ്ധസേവനം അർപ്പിക്കുന്നതിനു സഭയെ സഹായിക്കും. തങ്ങൾ പരിശുദ്ധാത്മാവിനാലാണു നിയമിതരായിരിക്കുന്നത് എന്നതിന് അവരുടെ ജീവിതരീതിയും പെരുമാറ്റവും അധ്വാനഫലവും തെളിവ് നൽകുകയും ചെയ്യും.—പ്രവൃ. 20:28.
ഐക്യം വളർത്തുന്ന പുരുഷന്മാർ
21 സഭയിൽ ഐക്യം വളർത്തിയെടുക്കാൻ മൂപ്പന്മാർ ഒരുമയോടെ പ്രവർത്തിക്കേണ്ടതു വളരെ പ്രധാനമാണ്. അവരുടെ വ്യക്തിത്വങ്ങൾ വളരെ വ്യത്യസ്തമായിരുന്നേക്കാം. മൂപ്പന്മാരുടെ സംഘം ചർച്ച ചെയ്യുന്ന എല്ലാ വിഷയങ്ങളിലും എപ്പോഴും അവർ ഒരുപോലെ യോജിക്കണമെന്നുമില്ല. എങ്കിലും ഓരോരുത്തരും മറ്റു മൂപ്പന്മാർ പറയുന്നത് ആദരവോടെ ശ്രദ്ധിച്ചുകൊണ്ട് മൂപ്പന്മാരുടെ സംഘത്തിന്റെ ഐക്യം നിലനിറുത്തുന്നു. ബൈബിൾതത്ത്വങ്ങളൊന്നും ലംഘിക്കപ്പെടുന്നില്ലെങ്കിൽ, ഓരോ മൂപ്പനും മൂപ്പന്മാരുടെ സംഘത്തിന്റെ അന്തിമതീരുമാനത്തിനു വഴങ്ങിക്കൊടുക്കാനും അതിനെ പിന്തുണയ്ക്കാനും തയ്യാറാകണം. ഇങ്ങനെ വഴങ്ങിക്കൊടുക്കുന്ന ഒരു മൂപ്പന്റെ പ്രകൃതം സൂചിപ്പിക്കുന്നത് അദ്ദേഹത്തെ വഴിനയിക്കുന്നത്, “ഉയരത്തിൽനിന്നുള്ള ജ്ഞാന”മാണെന്നാണ്. അതാകട്ടെ, “സമാധാനപരവും വിട്ടുവീഴ്ച ചെയ്യാൻ മനസ്സുള്ളതും” ആണുതാനും. (യാക്കോ. 3:17, 18) താൻ മറ്റു മൂപ്പന്മാരെക്കാൾ ശ്രേഷ്ഠനാണെന്ന് ഒരു മൂപ്പനും ചിന്തിക്കരുത്. അതുപോലെ, ഒരു മൂപ്പനും മറ്റു മൂപ്പന്മാരുടെ മേൽ അധീശത്വം പുലർത്താൻ ശ്രമിക്കുകയും അരുത്. സഭയുടെ നന്മയ്ക്കുവേണ്ടി മൂപ്പന്മാരുടെ സംഘം സഹകരിച്ച് പ്രവർത്തിക്കുമ്പോൾ വാസ്തവത്തിൽ അവർ യഹോവയുമായി സഹകരിക്കുകയാണ്.—1 കൊരി. അധ്യാ. 12; കൊലോ. 2:19.
മേൽവിചാരകപദത്തിലെത്താൻ യത്നിക്കുന്നത്. . .
22 മേൽവിചാരകന്മാരാകാനുള്ള ആഗ്രഹം പക്വതയുള്ള ക്രിസ്തീയപുരുഷന്മാർക്കുണ്ടായിരിക്കണം. (1 തിമൊ. 3:1) എന്നാൽ, ഒരു മൂപ്പനായി സേവിക്കുന്നതിൽ കഠിനാധ്വാനം ഉൾപ്പെട്ടിട്ടുണ്ട്; സ്വയം വിട്ടുകൊടുക്കാനുള്ള മനസ്സൊരുക്കവും വേണം. എന്നുവെച്ചാൽ, സഹോദരങ്ങളുടെ ആവശ്യങ്ങളിൽ അവർക്കു തുണയാകാനും അവരുടെ ആത്മീയക്ഷേമത്തിനു വേണ്ടതൊക്കെ ചെയ്യാനും മുന്നോട്ടു വരണമെന്ന് അർഥം. മേൽവിചാരകനാകാൻ യത്നിക്കുന്നതിന്റെ അർഥം തിരുവെഴുത്തുകളിൽ കൊടുത്തിരിക്കുന്ന യോഗ്യതകളിൽ എത്തിച്ചേരാൻ പരിശ്രമിക്കുന്നു എന്നാണ്.
വ്യക്തിപരമായ സാഹചര്യങ്ങൾക്കു മാറ്റം വരുകയാണെങ്കിൽ
23 ദീർഘകാലം മേൽവിചാരകനായി വിശ്വസ്തതയോടെ സേവിച്ചുപോരുന്ന ഒരു സഹോദരനു രോഗംകൊണ്ടോ മറ്റ് ഏതെങ്കിലും കാരണത്താലോ സേവനം തുടരുന്നതു പറ്റാതായേക്കാം. ഇനി ഒരുപക്ഷേ, പ്രായാധിക്യംമൂലം അദ്ദേഹത്തിനു മേൽവിചാരകന്റെ ഉത്തരവാദിത്വങ്ങൾ ചെയ്യാൻ കഴിയാതെ വന്നേക്കാം. എന്നിരുന്നാലും, അദ്ദേഹം നിയമിതപദവിയിൽ ഉള്ളിടത്തോളം കാലം അദ്ദേഹത്തെ ഒരു മൂപ്പനായി തുടർന്നും വീക്ഷിക്കുകയും ആദരിക്കുകയും ചെയ്യണം. തന്റെ പരിമിതികൾ കണക്കിലെടുത്ത് അദ്ദേഹം രാജിവെക്കണമെന്നില്ല. ആട്ടിൻകൂട്ടത്തെ മേയ്ക്കുന്നതിനു കഴിവിന്റെ പരമാവധി പ്രയത്നിക്കുന്ന മറ്റു മൂപ്പന്മാരോടൊപ്പം അദ്ദേഹവും “ഇരട്ടി ബഹുമാനത്തിന്” അപ്പോഴും യോഗ്യനാണ്.
24 ഇനി, പരിമിതികൾമൂലം തന്റെ ഉത്തരവാദിത്വം നിറവേറ്റാൻ കഴിയാത്തതിനാൽ രാജിവെക്കുന്നതാണു നല്ലതെന്ന് ഒരു മൂപ്പനു തോന്നുന്നെന്നിരിക്കട്ടെ. അദ്ദേഹത്തിന് അതാണു തോന്നുന്നതെങ്കിൽ അങ്ങനെ ചെയ്യാവുന്നതാണ്. (1 പത്രോ. 5:2) ആ സഹോദരനെ സഭ തുടർന്നും ആദരിക്കണം. സഭയ്ക്കു നല്ലനല്ല സേവനങ്ങൾ ചെയ്യാൻ പിന്നീടങ്ങോട്ടും അദ്ദേഹത്തിനു കഴിയും. മൂപ്പന്മാർക്കുള്ള നിയമനങ്ങളും ചുമതലകളും അദ്ദേഹത്തിന് ഇപ്പോൾ ഇല്ല എന്നേ ഉള്ളൂ.
സഭയിലെ ഉത്തരവാദിത്വസ്ഥാനങ്ങൾ
25 മൂപ്പന്മാർ സഭയിൽ വിവിധ ഉത്തരവാദിത്വങ്ങൾ വഹിക്കുന്നു. മൂപ്പന്മാരുടെ സംഘത്തിന്റെ ഏകോപകൻ, സെക്രട്ടറി, സേവനമേൽവിചാരകൻ, വീക്ഷാഗോപുര നിർവാഹകൻ, ജീവിത-സേവന യോഗമേൽവിചാരകൻ എന്നീ ഉത്തരവാദിത്വങ്ങൾ സഭയിലുണ്ട്. പല മൂപ്പന്മാരും ഗ്രൂപ്പ് മേൽവിചാരകന്മാരായി സേവിക്കുന്നു; എന്നാൽ എല്ലാവരും ഗ്രൂപ്പ് മേൽവിചാരകന്മാർ ആയിരിക്കണമെന്നില്ല. മൂപ്പന്മാർ ഈ സ്ഥാനങ്ങളിൽ സേവിക്കുന്നതിന് ഒരു നിശ്ചിത കാലപരിധി ഇല്ല. ഒരു സഹോദരൻ വേറൊരു സഭയിലേക്കു മാറുകയോ, ആരോഗ്യകാരണങ്ങളാൽ ഉത്തരവാദിത്വം വഹിക്കാൻ അദ്ദേഹത്തിനു വയ്യാതാകുകയോ, തിരുവെഴുത്തു യോഗ്യതകൾ വേണ്ടയളവിൽ ഇല്ലാത്തതിനാൽ അദ്ദേഹം അയോഗ്യനായിത്തീരുകയോ ചെയ്താൽ മറ്റൊരു മൂപ്പന് ആ നിയമനം ഏൽപ്പിച്ചുകൊടുക്കും. ചില സഭകളിൽ മേൽവിചാരകന്മാരുടെ എണ്ണം കുറവായിരിക്കും. അപ്പോൾ, മറ്റു സഹോദരന്മാർ മേൽവിചാരകന്മാരാകാൻ യോഗ്യതയിലെത്തുന്നതുവരെ ഒരു മൂപ്പന് ഒന്നിലേറെ നിയമനങ്ങൾ കൈകാര്യം ചെയ്യേണ്ടതായി വന്നേക്കാം.
26 മൂപ്പന്മാരുടെ സംഘത്തിന്റെ ഏകോപകൻ മൂപ്പന്മാരുടെ സംഘത്തിന്റെ യോഗങ്ങളിൽ അധ്യക്ഷത വഹിക്കുന്നു. ദൈവത്തിന്റെ ആട്ടിൻകൂട്ടത്തെ പരിപാലിക്കുന്നതിൽ അദ്ദേഹം താഴ്മയോടെ മറ്റു മൂപ്പന്മാരോടൊത്ത് പ്രവർത്തിക്കും. (റോമ. 12:10; 1 പത്രോ. 5:2, 3) അദ്ദേഹം നല്ല ഒരു സംഘാടകനായിരിക്കണം, ഉത്സാഹത്തോടെ നേതൃത്വമെടുക്കാൻ പ്രാപ്തനായിരിക്കുകയും വേണം.—റോമ. 12:8.
27 സെക്രട്ടറി സഭാരേഖകൾ കൈകാര്യം ചെയ്യുകയും പ്രധാനപ്പെട്ട കത്തിടപാടുകളെക്കുറിച്ച് സഭയിലെ മറ്റു മൂപ്പന്മാരെ യഥാസമയം അറിയിച്ചുകൊണ്ടിരിക്കുകയും ചെയ്യും. ആവശ്യമെങ്കിൽ, അദ്ദേഹത്തെ സഹായിക്കാൻ മറ്റൊരു മൂപ്പനെയോ കഴിവുള്ള ഒരു ശുശ്രൂഷാദാസനെയോ നിയമിച്ചുകൊടുക്കാവുന്നതാണ്.
28 സേവനമേൽവിചാരകനാണു വയൽസേവനപ്രവർത്തനങ്ങൾ ക്രമീകരിക്കുന്നതും സേവനത്തോടു ബന്ധപ്പെട്ട മറ്റെല്ലാ കാര്യങ്ങൾക്കും മേൽനോട്ടം വഹിക്കുന്നതും. എല്ലാ വയൽസേവനഗ്രൂപ്പുകളും ക്രമമായൊരു അടിസ്ഥാനത്തിൽ അദ്ദേഹം സന്ദർശിക്കും. ഒരു മാസത്തിൽ ഒരു വാരാന്തം എന്ന കണക്കിൽ അദ്ദേഹം ഓരോ വയൽസേവനഗ്രൂപ്പിനെയും മാറിമാറി സന്ദർശിക്കുന്നു. വയൽസേവനഗ്രൂപ്പുകളുടെ എണ്ണം കുറവായ ചെറിയ സഭകളിൽ സേവനമേൽവിചാരകന് ആണ്ടിൽ രണ്ടു തവണയോ മറ്റോ ഓരോ ഗ്രൂപ്പിനെയും സന്ദർശിക്കാൻ കഴിഞ്ഞേക്കും. സന്ദർശനവേളയിൽ അദ്ദേഹം വയൽസേവനയോഗങ്ങൾ നടത്തുകയും കൂട്ടത്തോടൊപ്പം വയൽശുശ്രൂഷയിൽ ഏർപ്പെടുകയും പ്രചാരകരെ മടക്കസന്ദർശനങ്ങളും ബൈബിൾപഠനങ്ങളും നടത്താൻ സഹായിക്കുകയും ചെയ്യുന്നു.
ഗ്രൂപ്പ് മേൽവിചാരകന്മാർ
29 ഗ്രൂപ്പ് മേൽവിചാരകനായി സേവിക്കുന്നതാണു സഭയിലെ പ്രധാനപ്പെട്ട പദവികളിൽ ഒന്ന്. അദ്ദേഹത്തിന്റെ ഉത്തരവാദിത്വങ്ങൾ ഇവയൊക്കെയാണ്: (1) തന്റെ വയൽസേവനഗ്രൂപ്പിലെ ഓരോരുത്തരുടെയും ആത്മീയകാര്യങ്ങളിൽ സജീവതാത്പര്യമെടുക്കുക. (2) കൂട്ടത്തിലെ ഓരോരുത്തരെയും, പതിവായും തീക്ഷ്ണതയോടെയും സന്തോഷത്തോടെയും ശുശ്രൂഷയിൽ പങ്കെടുക്കുന്നതിനു സഹായിക്കുക. (3) സഭയിൽ ഉത്തരവാദിത്വസ്ഥാനങ്ങൾ ഏറ്റെടുക്കാൻ ലക്ഷ്യം വെക്കാനും അതിനുള്ള യോഗ്യത പ്രാപിക്കാനും വയൽസേവനഗ്രൂപ്പിലുള്ള ശുശ്രൂഷാദാസന്മാരെ സഹായിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുക. ഈ നിയമനത്തോടു ബന്ധപ്പെട്ട മേൽപ്പറഞ്ഞ ഉത്തരവാദിത്വങ്ങളെല്ലാം ഏറ്റവും നന്നായി ചെയ്യാൻ പറ്റുന്ന സഹോദരന്മാരെ മൂപ്പന്മാരുടെ സംഘം തീരുമാനിക്കും.
30 ഈ നിയമനത്തിന്റെ പ്രത്യേകസ്വഭാവം നിമിത്തം സാധിക്കുമെങ്കിൽ മൂപ്പന്മാർതന്നെയാണു ഗ്രൂപ്പ് മേൽവിചാരകന്മാർ ആയിരിക്കേണ്ടത്. അങ്ങനെയല്ലാത്തപക്ഷം, ഒരു മൂപ്പൻ ചുമതല ഏറ്റെടുക്കുന്നതുവരെ പ്രാപ്തനായ ഒരു ശുശ്രൂഷാദാസന് ഈ നിയമനം നിർവഹിക്കാവുന്നതാണ്. എന്നാൽ, ഈ സ്ഥാനത്ത് സേവിക്കുന്ന ഒരു ശുശ്രൂഷാദാസനെ ഗ്രൂപ്പ് ദാസൻ എന്നാണു വിളിക്കുന്നത്. അദ്ദേഹം സഭയിൽ മേൽവിചാരകനായി സേവിക്കുന്നില്ല എന്നതാണു കാരണം. ഗ്രൂപ്പ് ദാസൻ ഈ ഉത്തരവാദിത്വം നിർവഹിക്കുന്നതു മൂപ്പന്മാരുടെ മേൽനോട്ടത്തിലായിരിക്കും.
31 വയൽശുശ്രൂഷയിൽ നേതൃത്വമെടുക്കുന്നതാണു ഗ്രൂപ്പ് മേൽവിചാരകന്റെ ഒരു പ്രധാന ഉത്തരവാദിത്വം. അദ്ദേഹത്തിന്റെ ക്രമവും തീക്ഷ്ണതയും ഉത്സാഹവും വയൽസേവനഗ്രൂപ്പിലുള്ളവർക്കു പ്രോത്സാഹനമാകും. ഒരുമിച്ച് പ്രവർത്തിക്കുമ്പോൾ കിട്ടുന്ന ഉത്സാഹവും സഹായവും പ്രചാരകർ ഏറെ വിലമതിക്കുന്നു. അതുകൊണ്ട്, ഗ്രൂപ്പിലുള്ള ഭൂരിപക്ഷം പേർക്കും സൗകര്യപ്രദമായ ഒരു സാക്ഷീകരണപ്പട്ടിക ഗ്രൂപ്പിനുണ്ടായിരിക്കുന്നതു നല്ലതാണ്. (ലൂക്കോ. 10:1-16) പ്രവർത്തനപ്രദേശം വേണ്ടുവോളമുണ്ടെന്നു മേൽവിചാരകൻ ഉറപ്പാക്കണം. സാധാരണയായി അദ്ദേഹമാണു വയൽസേവനയോഗങ്ങൾ നടത്തേണ്ടത്. പ്രചാരകരുടെ അന്നത്തെ പ്രവർത്തനം ആസൂത്രണം ചെയ്യുന്നതും അദ്ദേഹമാണ്. അദ്ദേഹത്തിനു ഹാജരാകാൻ പറ്റുന്നില്ലെങ്കിൽ മറ്റൊരു മൂപ്പനെയോ ശുശ്രൂഷാദാസനെയോ പറഞ്ഞ് ഏർപ്പെടുത്തണം. രണ്ടു പേർക്കും അസൗകര്യമാണെങ്കിൽ, യോഗ്യതയുള്ള ഒരു പ്രചാരകനെ ഈ ഉത്തരവാദിത്വം ഏൽപ്പിക്കണം, അങ്ങനെ വയൽസേവനത്തിനു വരുന്ന പ്രചാരകർക്ക് ആവശ്യമായ നിർദേശങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം.
32 ഗ്രൂപ്പ് മേൽവിചാരകൻ സേവനമേൽവിചാരകന്റെ സന്ദർശനത്തിനുവേണ്ടി മുൻകൂട്ടി തയാറെടുപ്പുകൾ നടത്തണം. അതായത്, തന്റെ ഗ്രൂപ്പിലുള്ള സഹോദരങ്ങളെ സന്ദർശനവിവരം അറിയിക്കുകയും അതിന്റെ പ്രയോജനങ്ങൾക്കായി പ്രതീക്ഷയോടെ കാത്തിരിക്കാൻ അവരെ ഒരുക്കുകയും വേണം. ഗ്രൂപ്പിലുള്ള എല്ലാവർക്കും ഈ ക്രമീകരണത്തെക്കുറിച്ച് നല്ലവണ്ണം അറിവ് കിട്ടിയാൽ മനസ്സോടെ പിന്തുണയ്ക്കാൻ സഹോദരങ്ങൾക്കു കഴിയും.
33 സാധാരണയായി ഓരോ വയൽസേവനഗ്രൂപ്പും ചെറിയ കൂട്ടങ്ങളായിരിക്കും. അങ്ങനെ ചെയ്തിരിക്കുന്നതിന് ഒരു ഉദ്ദേശ്യമുണ്ട്. മേൽവിചാരകനു തന്റെ ഗ്രൂപ്പിലുള്ള ഓരോരുത്തരെയും അടുത്തറിയാൻ ഇതുമൂലം കഴിയും. സ്നേഹമുള്ള ഇടയനെന്ന നിലയ്ക്ക് അദ്ദേഹം ഓരോരുത്തരിലും അതീവതാത്പര്യമെടുക്കുന്നു. വയൽശുശ്രൂഷയ്ക്കും സഭായോഗങ്ങളിൽ നന്നായി പങ്കുപറ്റുന്നതിനും വേണ്ട പ്രോത്സാഹനവും സഹായവും അദ്ദേഹം ഓരോരുത്തർക്കും നൽകുന്നു. തന്റെ ഗ്രൂപ്പിലെ ഓരോ വ്യക്തിയെയും ആത്മീയമായി ബലിഷ്ഠരായി നിലനിൽക്കാൻ സഹായിക്കുന്നതിന് ആവശ്യമായ എല്ലാ പിന്തുണയും നൽകാൻ അദ്ദേഹം ശ്രമിക്കും. ഗ്രൂപ്പിലുള്ള ആർക്കെങ്കിലും രോഗം വരുമ്പോഴോ മനസ്സിടിഞ്ഞും നിരാശപ്പെട്ടും ഇരിക്കുമ്പോഴോ ഗ്രൂപ്പ് മേൽവിചാരകന്റെ വ്യക്തിപരമായ സന്ദർശനം വളരെ ഫലം ചെയ്യും. അദ്ദേഹത്തിന്റെ പ്രോത്സാഹനം പകരുന്ന ഒരു നിർദേശമോ കേവലമൊരു ബുദ്ധിയുപദേശമോ ഒക്കെ ഒരാളെ സഭയിൽ കൂടുതലായ സേവനപദവികൾ ലക്ഷ്യംവെച്ച് പ്രവർത്തിക്കാനും അങ്ങനെ സഹോദരങ്ങൾക്കു കൂടുതലായ സഹായമായിത്തീരാനും ഇടയാക്കും. ഗ്രൂപ്പ് മേൽവിചാരകന്മാരുടെ എല്ലാ പ്രയത്നങ്ങളും പ്രധാനമായും തന്റെ ഗ്രൂപ്പിലുള്ളവരുടെ ക്ഷേമത്തെ മുൻനിറുത്തിയുള്ളതാണ്. എന്നുവരികിലും, അദ്ദേഹം ഒരു മൂപ്പനും ഇടയനും ആയതുകൊണ്ട് സഭയിലുള്ള എല്ലാവരുടെയും കാര്യത്തിൽ അദ്ദേഹം കരുതലും സ്നേഹവും കാണിക്കുന്നു. ഏതൊരാളെയും ആവശ്യങ്ങളിൽ സഹായിക്കാൻ അദ്ദേഹം തയ്യാറായിരിക്കുകയും ചെയ്യും.—പ്രവൃ. 20:17, 28.
34 തന്റെ വയൽസേവനഗ്രൂപ്പിലുള്ള ഓരോരുത്തരുടെയും വയൽസേവന റിപ്പോർട്ടുകൾ ശേഖരിക്കാൻ സഹായിക്കുന്നതു ഗ്രൂപ്പ് മേൽവിചാരകന്റെ മറ്റൊരു ഉത്തരവാദിത്വമാണ്. ഈ റിപ്പോർട്ടുകൾ അദ്ദേഹം സെക്രട്ടറിക്കു കൊടുക്കും. ഓരോ പ്രചാരകനും കാലതാമസം വരുത്താതെ വയൽസേവന റിപ്പോർട്ട് കൊടുക്കുന്നതു ഗ്രൂപ്പ് മേൽവിചാരകനു വലിയ സഹായമാണ്. പ്രചാരകർക്കു മാസാവസാനം, വയൽസേവന റിപ്പോർട്ട് ഗ്രൂപ്പ് മേൽവിചാരകനു നേരിട്ട് കൊടുക്കാം. അല്ലെങ്കിൽ രാജ്യഹാളിൽ അതിനുവേണ്ടി വെച്ചിരിക്കുന്ന പെട്ടിയിൽ ഇടാം.
സഭാ സേവനക്കമ്മിറ്റി
35 മൂപ്പന്മാരുടെ സംഘത്തിന്റെ ഏകോപകൻ, സെക്രട്ടറി, സേവനമേൽവിചാരകൻ എന്നിവരടങ്ങുന്നതാണു സഭാ സേവനക്കമ്മിറ്റി. സഭാ സേവനക്കമ്മിറ്റി നിർവഹിക്കേണ്ട ചില ചുമതലകളുണ്ട്. ഉദാഹരണത്തിന് ഈ കമ്മിറ്റിയാണ് വിവാഹം, ശവസംസ്കാരം തുടങ്ങിയവയ്ക്കു രാജ്യഹാളുകൾ ഉപയോഗിക്കാൻ അനുമതി കൊടുക്കുന്നത്. പ്രചാരകരെ വിവിധ വയൽസേവനഗ്രൂപ്പുകളിൽ നിയമിക്കാനുള്ള ഉത്തരവാദിത്വം സേവനക്കമ്മിറ്റിക്കാണ്. സാധാരണ മുൻനിരസേവനം, സഹായ മുൻനിരസേവനം, മറ്റു സേവനമേഖലകൾ തുടങ്ങിയവയ്ക്കുള്ള അപേക്ഷകൾ അംഗീകരിക്കുന്നതും ഈ കമ്മിറ്റിയാണ്. സേവനക്കമ്മിറ്റി മൂപ്പന്മാരുടെ സംഘത്തിന്റെ നിർദേശത്തിൻകീഴിലാണു പ്രവർത്തിക്കുന്നത്.
36 സേവനക്കമ്മിറ്റിയിലെ സഹോദരന്മാർ, വീക്ഷാഗോപുര നിർവാഹകൻ, ജീവിത-സേവന യോഗമേൽവിചാരകൻ, മൂപ്പന്മാരുടെ സംഘത്തിലെ മറ്റു മൂപ്പന്മാർ എന്നിവരുടെയെല്ലാം ചില പ്രത്യേകചുമതലകളെക്കുറിച്ചുള്ള നിർദേശങ്ങൾ ബ്രാഞ്ചോഫീസിൽനിന്ന് ലഭിക്കും.
37 ഓരോ സഭയിലെയും മൂപ്പന്മാരുടെ സംഘം സഭയുടെ ആത്മീയപുരോഗതി സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യാനായി ക്രമമായി കൂടിവരാറുണ്ട്. സർക്കിട്ട് മേൽവിചാരകന്റെ സന്ദർശനത്തോട് അനുബന്ധിച്ച് നടക്കുന്ന മൂപ്പന്മാരുടെ യോഗത്തിനു പുറമേ സർക്കിട്ട് മേൽവിചാരകന്റെ സന്ദർശനത്തിനു ശേഷം മൂന്നു മാസമാകുമ്പോൾ ഓരോ യോഗങ്ങൾകൂടി നടത്തുന്നു. ആവശ്യം വരുന്നപക്ഷം മൂപ്പന്മാർക്ക് എപ്പോൾ വേണമെങ്കിലും യോഗം ചേരാവുന്നതാണ്.
കീഴ്പെട്ടിരിക്കുക
38 മേൽവിചാരകന്മാർ അപൂർണരായ മനുഷ്യരാണ്. എന്നാൽ, അവർക്കു കീഴ്പെട്ടിരിക്കാൻ സഭയിലുള്ള എല്ലാവരോടും ആവശ്യപ്പെട്ടിരിക്കുന്നു. കാരണം, ഇത് യഹോവയുടെ ക്രമീകരണമാണ്. മേൽവിചാരകന്മാർ അവരുടെ പ്രവർത്തനങ്ങൾക്ക് യഹോവയോടു കണക്കു ബോധിപ്പിക്കാൻ കടപ്പെട്ടിരിക്കുന്നു. അവർ യഹോവയെയും യഹോവയുടെ ദിവ്യാധിപത്യഭരണത്തെയും പ്രതിനിധീകരിക്കുന്നു. എബ്രായർ 13:17 പറയുന്നു: “നിങ്ങൾക്കിടയിൽ നേതൃത്വമെടുക്കുന്നവർ നിങ്ങളെക്കുറിച്ച് കണക്കു ബോധിപ്പിക്കേണ്ടവരെന്ന നിലയിൽ എപ്പോഴും നിങ്ങൾക്കുവേണ്ടി ഉണർന്നിരിക്കുന്നതുകൊണ്ട് അവരെ അനുസരിച്ച് അവർക്കു കീഴ്പെട്ടിരിക്കുക. അപ്പോൾ അവർ അതു ഞരങ്ങിക്കൊണ്ടല്ല, സന്തോഷത്തോടെ ചെയ്യാനിടയാകും. അല്ലെങ്കിൽ അതു നിങ്ങൾക്കു ദോഷം ചെയ്യും.” യഹോവ ഒരാളെ നിയമിക്കുന്നതു തന്റെ പരിശുദ്ധാത്മാവിനാലാണ്. അങ്ങനെ നിയമിക്കപ്പെട്ട വ്യക്തി, ആത്മാവിന്റെ ഫലം പുറപ്പെടുവിക്കുന്നതിൽ പരാജയപ്പെടുന്നതായോ തിരുവെഴുത്തുനിലവാരങ്ങൾ പാലിച്ച് ജീവിക്കുന്നതിൽ വീഴ്ച വരുത്തുന്നതായോ കണ്ടാൽ, പരിശുദ്ധാത്മാവിനെ ഉപയോഗിച്ച് അദ്ദേഹത്തെ മേൽവിചാരകസ്ഥാനത്ത് നിയമിച്ച യഹോവ പരിശുദ്ധാത്മാവിനെ ഉപയോഗിച്ചുതന്നെ ആ സ്ഥാനത്തുനിന്ന് അദ്ദേഹത്തെ നീക്കം ചെയ്യും.
39 സഭയിലെ മേൽവിചാരകന്മാരുടെ കഠിനാധ്വാനത്തിനും അവരുടെ നല്ല മാതൃകയ്ക്കും നമ്മൾ നന്ദിയുള്ളവരല്ലേ? തെസ്സലോനിക്യയിലെ സഭയ്ക്ക് എഴുതിയപ്പോൾ പൗലോസ് പറഞ്ഞത് ഇങ്ങനെയാണ്: “സഹോദരങ്ങളേ, ഞങ്ങൾ ഒരു കാര്യം അപേക്ഷിക്കുകയാണ്: നിങ്ങൾക്കിടയിൽ അധ്വാനിക്കുകയും കർത്താവിൽ നേതൃത്വമെടുക്കുകയും നിങ്ങൾക്കു വേണ്ട ഉപദേശം തരുകയും ചെയ്യുന്നവരെ ബഹുമാനിക്കണം. അവരുടെ അധ്വാനം ഓർത്ത് അവരോടു സ്നേഹത്തോടെ സാധാരണയിൽ കവിഞ്ഞ പരിഗണന കാണിക്കുക.” (1 തെസ്സ. 5:12, 13) സഭയിലെ മേൽവിചാരകന്മാരുടെ കഠിനാധ്വാനം നമ്മുടെ ദൈവസേവനം കൂടുതൽ എളുപ്പമാക്കാനും അതു കൂടുതൽ സന്തോഷത്തോടെ ചെയ്യാനും നമ്മളെ സഹായിക്കുന്നില്ലേ? സഭയിലുള്ളവർക്കു മേൽവിചാരകന്മാരോട് ഏതു മനോഭാവമാണ് ഉണ്ടായിരിക്കേണ്ടത് എന്നു സൂചിപ്പിച്ചുകൊണ്ട് തിമൊഥെയൊസിനുള്ള ആദ്യ ലേഖനത്തിൽ പൗലോസ് ഇങ്ങനെ പറഞ്ഞു: “നന്നായി നേതൃത്വമെടുക്കുന്ന മൂപ്പന്മാരെ, പ്രത്യേകിച്ച് ദൈവവചനം പ്രസംഗിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നതിൽ അധ്വാനിക്കുന്നവരെ, ഇരട്ടി ബഹുമാനത്തിനു യോഗ്യരായി കണക്കാക്കണം.”—1 തിമൊ. 5:17.
സംഘടനയിലെ മറ്റ് ഉത്തരവാദിത്വസ്ഥാനങ്ങൾ
40 മൂപ്പന്മാരിൽ ചിലരെ തിരഞ്ഞെടുത്ത് രോഗീസന്ദർശനകൂട്ടത്തിലെ അംഗങ്ങളായി സേവിക്കാൻ നിയമിക്കാറുണ്ട്. മറ്റു ചിലർ ആശുപത്രി ഏകോപനസമിതികളിൽ സേവിക്കുന്നു. അവർ ആശുപത്രികൾ സന്ദർശിക്കുന്നു. ഡോക്ടർമാരെ ചെന്ന് കണ്ട് രക്തം കൂടാതെ യഹോവയുടെ സാക്ഷികളെ ചികിത്സിക്കുന്നതിൽ തുടർന്നും സഹകരിക്കാനും രക്തപ്പകർച്ച കൂടാതെയുള്ള ചികിത്സയിലെ നൂതനരീതികൾ ഉപയോഗിച്ചുനോക്കാനും പ്രോത്സാഹിപ്പിക്കുന്നു. രാജ്യഹാളുകൾ നിർമിക്കാൻ സഹായിച്ചുകൊണ്ടും കൺവെൻഷൻ കമ്മിറ്റികളിൽ അംഗങ്ങളായി സേവിച്ചുകൊണ്ടും ചില മേൽവിചാരകന്മാർ ദൈവരാജ്യതാത്പര്യങ്ങളെ പിന്തുണയ്ക്കുന്നു. ഈ സഹോദരന്മാരുടെ കഠിനാധ്വാനത്തെയും സ്വയം വിട്ടുകൊടുക്കാനുള്ള മനസ്സൊരുക്കത്തെയും സംഘടനയിലുള്ള എല്ലാവരും അതിയായി വിലമതിക്കുന്നു. അതെ, ഇങ്ങനെയുള്ളവരെ നമ്മൾ ‘വളരെ വിലപ്പെട്ടവരായി കാണുന്നു.’—ഫിലി. 2:29.
സർക്കിട്ട് മേൽവിചാരകൻ
41 യോഗ്യതയുള്ള മൂപ്പന്മാരെ സർക്കിട്ട് മേൽവിചാരകന്മാരായി നിയമിക്കാനുള്ള ക്രമീകരണം ഭരണസംഘം ചെയ്തിട്ടുണ്ട്. ബ്രാഞ്ചോഫീസ് നിയോഗിക്കുന്ന ഈ സർക്കിട്ട് മേൽവിചാരകന്മാർ സാധാരണഗതിയിൽ അവരുടെ സർക്കിട്ടിലെ സഭകൾ വർഷത്തിൽ രണ്ടു പ്രാവശ്യം സന്ദർശിക്കും. ഒറ്റപ്പെട്ട പ്രദേശങ്ങളിലുള്ള മുൻനിരസേവകരെയും ഇവർ ക്രമമായ അടിസ്ഥാനത്തിൽ സന്ദർശിക്കും. ഇവർ സഭാസന്ദർശനത്തിനുള്ള പട്ടിക മുൻകൂട്ടി തയ്യാറാക്കുകയും വളരെ നേരത്തേതന്നെ അതാതു സഭകളെ അറിയിക്കുകയും ചെയ്യും. ഇങ്ങനെ ചെയ്യുമ്പോൾ സന്ദർശനം സഭയ്ക്ക് ഏറെ പ്രയോജനപ്പെടും.
42 സന്ദർശനം സഭയിൽ എല്ലാവർക്കും ആത്മീയമായി നവോന്മേഷം പകരുന്നതിനു മൂപ്പന്മാരുടെ സംഘത്തിന്റെ ഏകോപകൻ മുൻകൈയെടുത്ത് കാര്യങ്ങൾ ക്രമീകരിക്കുന്നു. (റോമ. 1:11, 12) സന്ദർശനം സംബന്ധിച്ച അറിയിപ്പും സർക്കിട്ട് മേൽവിചാരകന്റെ (വിവാഹിതനെങ്കിൽ, ഭാര്യയുടെയും) വ്യക്തിപരമായ ആവശ്യങ്ങൾ സംബന്ധിച്ച വിവരങ്ങളും ലഭിക്കുന്ന ഉടൻതന്നെ, ഏകോപകൻ താമസത്തിനും മറ്റ് ആവശ്യങ്ങൾക്കും വേണ്ട ഏർപ്പാടുകൾ വിവിധ സഹോദരന്മാർ മുഖേന ചെയ്യുന്നു. സർക്കിട്ട് മേൽവിചാരകൻ ഉൾപ്പെടെ എല്ലാവരും സന്ദർശനത്തോട് അനുബന്ധിച്ചുള്ള ക്രമീകരണങ്ങൾ അറിഞ്ഞിട്ടുണ്ടെന്ന് ഏകോപകൻ ഉറപ്പുവരുത്തുന്നു.
43 വയൽസേവനയോഗം ഉൾപ്പെടെയുള്ള യോഗങ്ങൾ ക്രമീകരിച്ചിരിക്കുന്നത് എങ്ങനെയെന്നു സർക്കിട്ട് മേൽവിചാരകൻ ഏകോപകനോടു ചോദിച്ചറിയും. ഈ യോഗങ്ങൾ ക്രമീകരിക്കുന്നതു സർക്കിട്ട് മേൽവിചാരകനും ബ്രാഞ്ചോഫീസും നൽകുന്ന നിർദേശങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും. സഭായോഗങ്ങൾ, മുൻനിരസേവകരുമൊത്തുള്ള യോഗങ്ങൾ, മൂപ്പന്മാരും ശുശ്രൂഷാദാസന്മാരും ഒത്തുള്ള യോഗങ്ങൾ, വയൽസേവനയോഗങ്ങൾ എന്നിവയുടെ സമയവും സ്ഥലവും സംബന്ധിച്ച വിവരങ്ങൾ എല്ലാവരെയും മുൻകൂട്ടി അറിയിച്ചിരിക്കണം.
44 സന്ദർശനവാരത്തിലെ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് സർക്കിട്ട് മേൽവിചാരകൻ സഭാപ്രചാരക രേഖകൾ, യോഗഹാജരിന്റെ വിവരങ്ങൾ, പ്രദേശരേഖകൾ, സഭാകണക്കുകൾ എന്നിവ പരിശോധിക്കും. ഇതിൽനിന്ന് സഭയുടെ ആവശ്യങ്ങൾ എന്തൊക്കെയാണെന്ന് അദ്ദേഹത്തിന് ഏകദേശധാരണ ലഭിക്കും. ഈ രേഖകൾ സൂക്ഷിക്കാൻ ചുമതലയുള്ള സഹോദരന്മാരെ തനിക്ക് എങ്ങനെ സഹായിക്കാമെന്നും അദ്ദേഹത്തിനു മനസ്സിലാകും. സർക്കിട്ട് മേൽവിചാരകനു ബന്ധപ്പെട്ട രേഖകളെല്ലാം മുൻകൂട്ടിത്തന്നെ ലഭിച്ചിട്ടുണ്ടെന്ന് ഏകോപകൻ ഉറപ്പുവരുത്തണം.
45 സഭാസന്ദർശനസമയത്ത് സാധിക്കുന്നത്ര സഹോദരങ്ങളുമായി സംസാരിക്കാനും ഇടപഴകാനും സർക്കിട്ട് മേൽവിചാരകൻ സമയമെടുക്കുന്നു. സഭായോഗങ്ങൾക്കു വരുമ്പോഴും വയൽസേവനത്തിലായിരിക്കുമ്പോഴും ഭക്ഷണവേളകളിലും മറ്റ് അവസരങ്ങളിലും ഇതിന് അദ്ദേഹം സമയം കണ്ടെത്തുന്നു. കൂടാതെ, അദ്ദേഹം മൂപ്പന്മാരുടെയും ശുശ്രൂഷാദാസന്മാരുടെയും ഒപ്പം കൂടിവരും. അവരുടെ പരിപാലനയിലെ ആട്ടിൻകൂട്ടത്തെ മേയ്ക്കാനുള്ള ഉത്തരവാദിത്വങ്ങൾ വഹിക്കുന്നതിനു സഹായകമായ തിരുവെഴുത്തു ബുദ്ധിയുപദേശങ്ങളും നിർദേശങ്ങളും പ്രോത്സാഹനവും നൽകുന്നു. (സുഭാ. 27:23; പ്രവൃ. 20:26-32; 1 തിമൊ. 4:11-16) അദ്ദേഹം മുൻനിരസേവകരോടൊപ്പം കൂടിവരും. അവരുടെ പ്രവർത്തനത്തിന് ഉത്സാഹം പകരാനും ശുശ്രൂഷയിൽ എന്തെങ്കിലും പ്രശ്നങ്ങൾ നേരിടുന്നുണ്ടെങ്കിൽ വ്യക്തിപരമായി സഹായം നൽകാനും വേണ്ടിയാണ് ഇത്.
46 സർക്കിട്ട് മേൽവിചാരകൻ ശ്രദ്ധിക്കേണ്ട മറ്റ് എന്തെങ്കിലും കാര്യങ്ങൾ സഭയിലുണ്ടെങ്കിൽ, അദ്ദേഹം സന്ദർശനവാരത്തിൽ കഴിയുന്നത്ര സഹായം നൽകുന്നു. സന്ദർശനവാരത്തിൽ അവയ്ക്കു പരിഹാരം കാണാൻ കഴിയുന്നില്ലെങ്കിൽ, പ്രശ്നപരിഹാരത്തിനു സഹായിക്കുന്ന തിരുവെഴുത്തുനിർദേശങ്ങളെക്കുറിച്ച് ഗവേഷണം നടത്താൻ മൂപ്പന്മാരെയോ ഉൾപ്പെട്ടിരിക്കുന്ന വ്യക്തികളെയോ അദ്ദേഹത്തിനു സഹായിക്കാനാകും. ഇക്കാര്യത്തിൽ ബ്രാഞ്ചോഫീസ് എന്തെങ്കിലും ചെയ്യേണ്ടതുണ്ടെങ്കിൽ സർക്കിട്ട് മേൽവിചാരകനും മൂപ്പന്മാരും കാര്യം സംബന്ധിച്ച് വിശദമായ റിപ്പോർട്ട് ബ്രാഞ്ചോഫീസിന് അയയ്ക്കും.
47 സന്ദർശനസമയത്ത് സർക്കിട്ട് മേൽവിചാരകൻ സഭയുടെ പതിവുയോഗങ്ങളിൽ സംബന്ധിക്കും. ഈ സഭായോഗങ്ങൾക്ക്, ബ്രാഞ്ചോഫീസിൽനിന്നുള്ള നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ ഇടയ്ക്കൊക്കെ ആവശ്യമായ മാറ്റം വരും. സന്ദർശനവാരത്തിൽ അദ്ദേഹം സഭയെ പ്രോത്സാഹിപ്പിക്കാനും പ്രചോദിപ്പിക്കാനും ഉദ്ബോധിപ്പിക്കാനും ബലപ്പെടുത്താനും ഉദ്ദേശിച്ചുള്ള പ്രസംഗങ്ങൾ നടത്തും. സഹോദരങ്ങളുടെ മനസ്സിൽ യഹോവയോടും യേശുക്രിസ്തുവിനോടും സംഘടനയോടും സ്നേഹം വളർത്താൻ അദ്ദേഹം പ്രത്യേകം ശ്രമിക്കുന്നു.
48 സർക്കിട്ട് മേൽവിചാരകന്റെ സന്ദർശനത്തിന്റെ ഉദ്ദേശ്യങ്ങളിലൊന്ന്, വയൽശുശ്രൂഷയിൽ തീക്ഷ്ണതയോടെ പങ്കുപറ്റാൻ സഹോദരങ്ങളെ പ്രോത്സാഹിപ്പിക്കുകയും പ്രയോഗിച്ചുനോക്കാൻ പറ്റുന്ന നിർദേശങ്ങൾ നൽകുകയും ചെയ്യുക എന്നതാണ്. സഹോദരങ്ങൾ സ്വന്തം പട്ടികയിൽ കുറച്ചൊരു മാറ്റം വരുത്തിനോക്കിയാൽ എല്ലാദിവസവുംതന്നെ സന്ദർശനവാരത്തിലെ വയൽശുശ്രൂഷയിൽ പങ്കുപറ്റാൻ അവർക്കു കഴിയും. ഒരുപക്ഷേ, പലർക്കും ആ മാസത്തിൽ സഹായ മുൻനിരസേവനം ചെയ്യാനും കഴിയും. സഹോദരന്റെകൂടെയോ അദ്ദേഹത്തിന്റെ ഭാര്യയുടെകൂടെയോ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നവർ അക്കാര്യം മുൻകൂട്ടി അറിയിക്കണം. സഹോദരനെയോ ഭാര്യയെയോ ബൈബിൾപഠനങ്ങൾക്കും മടക്കസന്ദർശനങ്ങൾക്കും കൂട്ടിക്കൊണ്ടുപോകുന്നതു നമുക്കു വളരെ പ്രയോജനം ചെയ്യും. സന്ദർശനവാരത്തിൽ ഇക്കാര്യത്തിനു പൂർണപിന്തുണ കൊടുക്കാൻ നിങ്ങൾ പ്രത്യേകശ്രമം ചെയ്യുന്നത് എന്തുകൊണ്ടും അഭിനന്ദനാർഹമാണ്.—സുഭാ. 27:17.
49 ഓരോ സർക്കിട്ടിനും വർഷത്തിൽ രണ്ടു സർക്കിട്ട് സമ്മേളനങ്ങൾ ഉണ്ട്. ഇവ സംഘടിപ്പിച്ച് നടത്തുന്നതിന്റെ ഉത്തരവാദിത്വം സർക്കിട്ട് മേൽവിചാരകനാണ്. അദ്ദേഹം ഒരു സമ്മേളനമേൽവിചാരകനെയും ഒരു അസിസ്റ്റന്റ് സമ്മേളനമേൽവിചാരകനെയും നിയമിക്കും. സമ്മേളനത്തിന്റെ നടത്തിപ്പിന് ഇവർ രണ്ടു പേരും സർക്കിട്ട് മേൽവിചാരകനോടു നന്നായി സഹകരിച്ച് പ്രവർത്തിക്കേണ്ടതുണ്ട്. ഇങ്ങനെയാകുമ്പോൾ അദ്ദേഹത്തിനു മുഖ്യമായും സമ്മേളനപരിപാടിയുടെ കാര്യങ്ങളിൽ ശ്രദ്ധിക്കാൻ കഴിയും. വിവിധ ഡിപ്പാർട്ട്മെന്റുകളുടെ ചുമതല വഹിക്കാൻ സർക്കിട്ട് മേൽവിചാരകൻതന്നെ പ്രാപ്തരായ സഹോദരന്മാരെ ചുമതലപ്പെടുത്തുന്നു. സർക്കിട്ടിന്റെ അക്കൗണ്ടുകൾ ക്രമമായി ഓഡിറ്റ് ചെയ്യാനുള്ള ക്രമീകരണവും അദ്ദേഹം ചെയ്യുന്നു. വർഷത്തിലെ ഒരു സർക്കിട്ട് സമ്മേളനത്തിൽ ഒരു ബ്രാഞ്ച് പ്രതിനിധി പങ്കെടുക്കും. സമ്മേളനസ്ഥലത്തേക്കുള്ള ദൂരക്കൂടുതൽകൊണ്ടോ സമ്മേളനഹാളിലെ സൗകര്യങ്ങളുടെ പരിമിതികൊണ്ടോ ചില സർക്കിട്ടുകൾ ഒരു സർക്കിട്ട് സമ്മേളനംതന്നെ ഒന്നിലേറെ തവണയായി നടത്താറുണ്ട്.
50 ഓരോ മാസത്തിന്റെയും അവസാനം സർക്കിട്ട് മേൽവിചാരകൻ അദ്ദേഹത്തിന്റെ വയൽസേവന റിപ്പോർട്ട് ബ്രാഞ്ചോഫീസിനു നേരിട്ട് അയയ്ക്കും. ഇനി അദ്ദേഹത്തിന്റെ ഉത്തരവാദിത്വം നിർവഹിക്കുന്നതിനോടു ബന്ധപ്പെട്ട് ചെറിയ ചില ചെലവുകളുണ്ടായേക്കാം. അതായത് യാത്ര, ഭക്ഷണം, താമസം, മറ്റ് അവശ്യകാര്യങ്ങൾ എന്നിങ്ങനെ. ഇതിലേക്കുള്ള ചെലവ് ആ വാരം സന്ദർശിച്ച സഭയ്ക്കു വഹിക്കാനാകുന്നില്ലെങ്കിൽ അദ്ദേഹത്തിന് അതു ബ്രാഞ്ചോഫീസിൽനിന്ന് കൈപ്പറ്റാവുന്നതാണ്. സഞ്ചാരപ്രതിനിധികൾക്ക് ഒരു കാര്യം ഉറപ്പാണ്: ദൈവരാജ്യതാത്പര്യങ്ങൾ ഒന്നാമതു വെക്കുകയാണെങ്കിൽ യേശു ഉറപ്പു നൽകിയതുപോലെ തങ്ങളുടെ ജീവിതാവശ്യങ്ങൾ നിറവേറ്റപ്പെടും. (ലൂക്കോ. 12:31) തങ്ങളെ സേവിക്കാനായി എത്തുന്ന ഈ അർപ്പിതരായ മൂപ്പന്മാർക്ക് ആതിഥ്യമരുളാൻ കിട്ടുന്ന പദവിയെക്കുറിച്ച് സഭയ്ക്കു ചിന്തയുണ്ടായിരിക്കണം.—3 യോഹ. 5-8.
ബ്രാഞ്ച് കമ്മിറ്റി
51 യഹോവയുടെ സാക്ഷികളുടെ ലോകമെമ്പാടുമുള്ള ബ്രാഞ്ചോഫീസുകളിലോരോന്നിലും ഒരു ബ്രാഞ്ച് കമ്മിറ്റിയുണ്ടായിരിക്കും. ആത്മീയയോഗ്യതയും പക്വതയും ഉള്ള മൂന്നോ അതിലധികമോ സഹോദരന്മാരായിരിക്കും ബ്രാഞ്ച് കമ്മിറ്റിയിൽ സേവിക്കുക. ബ്രാഞ്ചിന്റെ അധികാരപരിധിയിലുള്ള രാജ്യത്തെയോ രാജ്യങ്ങളിലെയോ പ്രസംഗപ്രവർത്തനത്തിനു മേൽനോട്ടം വഹിക്കുന്നത് ഇവരാണ്. കമ്മിറ്റിയംഗങ്ങളിൽ ഒരാൾ ബ്രാഞ്ച് കമ്മിറ്റി ഏകോപകനായി സേവിക്കുന്നു.
52 ബ്രാഞ്ച് കമ്മിറ്റിയിൽ സേവിക്കുന്നവർ ബ്രാഞ്ചിന്റെ പരിധിയിൽ വരുന്ന എല്ലാ സഭകളോടും ബന്ധപ്പെട്ടുള്ള കാര്യങ്ങൾ കൈകാര്യം ചെയ്യുന്നു. ദൈവരാജ്യത്തിന്റെ സന്തോഷവാർത്ത ബ്രാഞ്ചിന്റെ പരിധിയിലെല്ലാം പ്രസംഗിക്കപ്പെടുന്നെന്നും വയലിലെ ആവശ്യങ്ങൾക്കു വേണ്ടവിധം മേൽനോട്ടം വഹിക്കുന്നതിന് ആവശ്യമായ സഭകളും സർക്കിട്ടുകളും രൂപീകരിച്ചിട്ടുണ്ടെന്നും ബ്രാഞ്ച് കമ്മിറ്റി ഉറപ്പുവരുത്തുന്നു. മിഷനറിവയൽ, പ്രത്യേക/സാധാരണ/സഹായ മുൻനിരസേവന പ്രവർത്തനങ്ങൾ എന്നിവയ്ക്കു ബ്രാഞ്ച് കമ്മിറ്റി ശ്രദ്ധ കൊടുക്കുന്നു. സമ്മേളനങ്ങളും കൺവെൻഷനുകളും നടക്കുമ്പോൾ “എല്ലാം മാന്യമായും ചിട്ടയോടെയും” നടക്കുന്നെന്ന് ഉറപ്പാക്കാൻ ആവശ്യമായ ക്രമീകരണങ്ങൾ ചെയ്യുന്ന ബ്രാഞ്ച് കമ്മിറ്റി, അതിനു വേണ്ട നിയമനങ്ങളും നടത്തുന്നു.—1 കൊരി. 14:40.
53 ചില ദേശങ്ങളിൽ കൺട്രി കമ്മിറ്റിയും പ്രവർത്തിക്കുന്നുണ്ട്. ആ ദേശത്തെ പ്രവർത്തനങ്ങൾക്കു കാര്യക്ഷമമായ മേൽനോട്ടം വഹിക്കാൻവേണ്ടിയാണ് ഇത്. എന്നാൽ മറ്റൊരു രാജ്യത്ത് പ്രവർത്തിക്കുന്ന ബ്രാഞ്ച് കമ്മിറ്റിയുടെ കീഴിലായിരിക്കും ഈ കൺട്രി കമ്മിറ്റി. ബെഥേൽഭവനം, ഓഫീസ്, കത്തിടപാടുകളും റിപ്പോർട്ടുകളും എന്നീ കാര്യങ്ങളിൽ കൺട്രി കമ്മിറ്റി ശ്രദ്ധിക്കുന്നു. സാധാരണഗതിയിൽ രാജ്യത്തെ വയൽപ്രവർത്തനങ്ങൾക്കും ഇവർ ശ്രദ്ധ നൽകുന്നു. രാജ്യതാത്പര്യങ്ങളുടെ അഭിവൃദ്ധിക്കുവേണ്ടി കൺട്രി കമ്മിറ്റി ബ്രാഞ്ച് കമ്മിറ്റിയുമായി സഹകരിച്ച് പ്രവർത്തിക്കുന്നു.
54 ബ്രാഞ്ച് കമ്മിറ്റികളിലെയും കൺട്രി കമ്മിറ്റികളിലെയും എല്ലാ അംഗങ്ങളെയും നിയമിക്കുന്നതു ഭരണസംഘമാണ്.
ലോകാസ്ഥാനപ്രതിനിധികൾ
55 ക്രമമായ അടിസ്ഥാനത്തിൽ, ഭൂമിയിലെമ്പാടുമുള്ള ബ്രാഞ്ചുകൾ സന്ദർശിക്കാൻ ഭരണസംഘം യോഗ്യതയുള്ള സഹോദരന്മാരെ നിയമിക്കുന്നു. ഈ സ്ഥാനത്ത് സേവിക്കുന്ന ഒരു സഹോദരൻ ലോകാസ്ഥാനപ്രതിനിധി എന്ന് അറിയപ്പെടുന്നു. ബെഥേൽകുടുംബത്തെ പ്രോത്സാഹിപ്പിക്കുകയും പ്രസംഗ-ശിഷ്യരാക്കൽ പ്രവർത്തനത്തോടു ബന്ധപ്പെട്ടുള്ള പ്രശ്നങ്ങളും ചോദ്യങ്ങളും കൈകാര്യം ചെയ്യുന്നതിനു ബ്രാഞ്ച് കമ്മിറ്റിയെ സഹായിക്കുകയും ആണ് അദ്ദേഹത്തിന്റെ മുഖ്യചുമതല. ഈ സഹോദരൻ, തിരഞ്ഞെടുത്ത ഏതാനും സർക്കിട്ട് മേൽവിചാരകന്മാരുമായി കൂടിക്കാണും. ചിലപ്പോഴൊക്കെ വയൽമിഷനറിമാരെ കണ്ട് സംസാരിക്കാനും അദ്ദേഹം ക്രമീകരിക്കും. അത്തരം സന്ദർഭങ്ങളിൽ അദ്ദേഹം അവരുടെ പ്രശ്നങ്ങളും ആവശ്യങ്ങളും ചോദിച്ചറിയുന്നു. അവർ ചെയ്തുകൊണ്ടിരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യമായ പ്രസംഗ-ശിഷ്യരാക്കൽ പ്രവർത്തനം ശുഷ്കാന്തിയോടെ തുടരാൻ വേണ്ട പ്രോത്സാഹനം അദ്ദേഹം അവർക്കു നൽകുന്നു.
56 രാജ്യപ്രസംഗപ്രവർത്തനത്തോടും മറ്റു സഭാപ്രവർത്തനങ്ങളോടും ബന്ധപ്പെട്ട് വയലിൽ നിർവഹിക്കപ്പെടുന്ന കാര്യങ്ങളിൽ ലോകാസ്ഥാനപ്രതിനിധി വളരെ തത്പരനാണ്. സമയം കിട്ടുകയാണെങ്കിൽ അദ്ദേഹം പരിഭാഷാകേന്ദ്രങ്ങളും സന്ദർശിക്കും. ബ്രാഞ്ച് സന്ദർശിക്കുമ്പോൾ സാധിക്കുന്ന അളവോളം അദ്ദേഹം പ്രസംഗപ്രവർത്തനത്തിലും ഏർപ്പെടുന്നു.
ആട്ടിൻകൂട്ടത്തെ മേയ്ക്കാൻ ചുമതലപ്പെടുത്തിയിട്ടുള്ള മേൽവിചാരകന്മാർക്കു കീഴ്പെട്ടിരിക്കുമ്പോൾ സഭയുടെ തലയായ ക്രിസ്തുയേശുവുമായി നമ്മൾ ഐക്യത്തിലാകുകയാണ്
സ്നേഹനിർഭരമായ മേൽവിചാരണ
57 പക്വതയുള്ള ക്രിസ്തീയപുരുഷന്മാരുടെ കഠിനാധ്വാനത്തിൽനിന്നും സ്നേഹത്തോടെയുള്ള പരിപാലനയിൽനിന്നും നമ്മൾ വളരെയധികം പ്രയോജനം നേടുന്നു. ആട്ടിൻകൂട്ടത്തെ മേയ്ക്കാൻ ചുമതലപ്പെടുത്തിയിട്ടുള്ള മേൽവിചാരകന്മാർക്ക് ഇനിയങ്ങോട്ടും കീഴ്പെടുമ്പോൾ സഭയുടെ തലയായ ക്രിസ്തുയേശുവുമായി നമ്മൾ സഹകരിക്കുകയാണ്. (1 കൊരി. 16:15-18; എഫെ. 1:22, 23) എന്താണ് ഇതിന്റെ സത്ഫലം? ദൈവാത്മാവ് ലോകമെമ്പാടുള്ള സഭകളിൽ വ്യാപരിക്കുന്നു. ഭൂമിയിലെങ്ങും നടക്കുന്ന പ്രവർത്തനത്തിനു ദൈവവചനം വഴികാട്ടിയായി വർത്തിക്കുകയും ചെയ്യുന്നു.—സങ്കീ. 119:105.