റോമിലുള്ളവർക്ക് എഴുതിയ കത്ത്
3 അങ്ങനെയെങ്കിൽ, ജൂതന്റെ മേന്മ എന്താണ്? പരിച്ഛേദനകൊണ്ടുള്ള* പ്രയോജനം എന്താണ്? 2 എങ്ങനെ നോക്കിയാലും ധാരാളം പ്രയോജനങ്ങളുണ്ട്. ഒന്നാമതായി, ദൈവത്തിന്റെ വിശുദ്ധമായ അരുളപ്പാടുകൾ+ അവരെയാണ് ഏൽപ്പിച്ചത്. 3 എന്നാൽ അവരിൽ ചിലർ വിശ്വസിച്ചില്ലെങ്കിലോ? അവർക്കു വിശ്വാസമില്ലെന്നുവെച്ച് ദൈവം വിശ്വസ്തനല്ലെന്നു വരുമോ? 4 ഒരിക്കലുമില്ല! എല്ലാ മനുഷ്യരും നുണയന്മാരെന്നു+ വന്നാലും ദൈവം സത്യവാനെന്നേ വരൂ.+ “അങ്ങയുടെ വാക്കുകൾ അങ്ങ് നീതിമാനാണെന്നു തെളിയിക്കും. ന്യായവിസ്താരത്തിൽ അങ്ങുതന്നെ വിജയിക്കും”+ എന്നാണല്ലോ എഴുതിയിരിക്കുന്നത്. 5 എന്നാൽ നമ്മുടെ അനീതികൊണ്ട് ദൈവത്തിന്റെ നീതിയുടെ മാറ്റു കൂടുന്നെങ്കിൽ പിന്നെ നമ്മൾ എന്തു പറയാനാണ്? ക്രോധം കാണിക്കുന്നു എന്നതുകൊണ്ട് ദൈവം അനീതിയുള്ളവനാണെന്നാണോ? (മാനുഷികമായ കാഴ്ചപ്പാടിലാണു ഞാൻ ഇതു പറയുന്നത്.) 6 ഒരിക്കലുമല്ല! അനീതിയുള്ളവനാണെങ്കിൽ ദൈവം എങ്ങനെ ലോകത്തെ ന്യായം വിധിക്കും?+
7 ഇനി, ഞാൻ പറയുന്ന ഒരു നുണയിലൂടെ, ദൈവം പറയുന്ന സത്യത്തിന്റെ ശോഭയേറുകയും അങ്ങനെ ദൈവത്തിനു മഹത്ത്വമുണ്ടാകുകയും ചെയ്യുന്നെങ്കിൽ പിന്നെ എന്നെ പാപിയെന്നു വിധിക്കുന്നത് എന്തിനാണ്? 8 അങ്ങനെയെങ്കിൽ, “നന്മ വരാൻവേണ്ടി നമുക്കു തിന്മ ചെയ്യാം” എന്നു പറഞ്ഞുകൂടേ? ഞങ്ങൾ അങ്ങനെ പറയുന്നെന്നാണല്ലോ ചിലർ ആരോപിക്കുന്നത്. അവർക്കെതിരെയുള്ള ന്യായവിധി എന്തുകൊണ്ടും നീതിക്കു ചേർച്ചയിലാണ്.+
9 അപ്പോൾപ്പിന്നെ നമുക്ക് എന്തെങ്കിലും മേന്മയുണ്ടെന്നാണോ? ഇല്ല, ഒട്ടുമില്ല! മുമ്പ് പറഞ്ഞതുപോലെ, ജൂതന്മാരും ഗ്രീക്കുകാരും ഒരുപോലെ പാപത്തിൻകീഴിലാണ്.+ 10 ഇങ്ങനെ എഴുതിയിട്ടുണ്ടല്ലോ: “നീതിമാൻ ആരുമില്ല. ഒരാൾപ്പോലുമില്ല.+ 11 ഉൾക്കാഴ്ചയുള്ള ആരുമില്ല. ദൈവത്തെ അന്വേഷിക്കുന്ന ഒരാളുമില്ല. 12 എല്ലാവരും വഴിതെറ്റിപ്പോയിരിക്കുന്നു. അവരെല്ലാം ഒരു ഗുണവുമില്ലാത്തവരായിത്തീർന്നിരിക്കുന്നു. ദയ കാണിക്കുന്ന ആരുമില്ല. ഒരാൾപ്പോലുമില്ല.”+ 13 “അവരുടെ തൊണ്ട, തുറന്ന ശവക്കുഴി. നാവുകൊണ്ട് അവർ വഞ്ചിച്ചിരിക്കുന്നു.”+ “അവരുടെ വായിൽ സർപ്പവിഷമുണ്ട്.”+ 14 “അവരുടെ വായ് നിറയെ ശാപവും വിദ്വേഷവും ആണ്.”+ 15 “അവരുടെ കാലുകൾ രക്തം ചൊരിയാൻ കുതിക്കുന്നു.”+ 16 “അവരുടെ വഴികളിൽ വിനാശവും കഷ്ടതയും ഉണ്ട്. 17 സമാധാനത്തിന്റെ വഴി അവർക്ക് അറിയില്ല.”+ 18 “അവരുടെ കൺമുന്നിൽ ഒട്ടും ദൈവഭയമില്ല.”+
19 നിയമത്തിൽ പറയുന്നതെല്ലാം നിയമത്തിൻകീഴിലുള്ളവരോടാണെന്നു നമുക്ക് അറിയാം. അതുകൊണ്ട് എല്ലാ വായും അടഞ്ഞുപോകുകയും ലോകം മുഴുവൻ ദൈവസന്നിധിയിൽ ശിക്ഷയ്ക്ക് അർഹരായിത്തീരുകയും ചെയ്യും.+ 20 അതിനാൽ നിയമം ആവശ്യപ്പെടുന്ന കാര്യങ്ങൾ ചെയ്യുന്നു എന്നതുകൊണ്ട് ആരെയും ദൈവത്തിന്റെ മുന്നിൽ നീതിമാനായി പ്രഖ്യാപിക്കില്ല.+ നിയമത്തിൽനിന്ന് പാപത്തെക്കുറിച്ച് ശരിയായ* അറിവ് ലഭിക്കുന്നു എന്നു മാത്രമേ ഉള്ളൂ.+
21 എന്നാൽ നിയമവും പ്രവാചകന്മാരും സാക്ഷ്യപ്പെടുത്തുന്നതുപോലെ+ നിയമം കൂടാതെതന്നെ ഇപ്പോൾ ദൈവത്തിന്റെ നീതി വെളിപ്പെട്ടിരിക്കുന്നു.+ 22 അതെ, വിശ്വസിക്കുന്ന എല്ലാവർക്കുംവേണ്ടി യേശുക്രിസ്തുവിലുള്ള വിശ്വാസത്തിലൂടെ ദൈവനീതി വെളിപ്പെട്ടിരിക്കുന്നു. കാരണം ദൈവത്തിന്റെ മുമ്പാകെ ആർക്കും ഒരു വ്യത്യാസവുമില്ല.+ 23 എല്ലാവരും പാപം ചെയ്ത് ദൈവതേജസ്സില്ലാത്തവരായിരിക്കുന്നല്ലോ.*+ 24 എന്നാൽ ദൈവം, ക്രിസ്തുയേശു നൽകിയ മോചനവിലയാൽ*+ അവരെ മോചിപ്പിച്ച് നീതിമാന്മാരായി പ്രഖ്യാപിക്കുന്നു. വാസ്തവത്തിൽ ഇതു ദൈവത്തിന് അനർഹദയ+ തോന്നിയിട്ട്, സൗജന്യമായി നൽകുന്ന ഒരു സമ്മാനമാണ്.+ 25 യേശുവിന്റെ രക്തത്തിൽ വിശ്വസിക്കുന്നവർക്കു+ ദൈവവുമായി സമാധാനത്തിലാകാൻ+ ദൈവം യേശുവിനെ ഒരു യാഗമായി* നൽകി. ദൈവം അങ്ങനെ ചെയ്തത്, താൻ സംയമനത്തോടെ* കാത്തിരുന്ന മുൻകാലങ്ങളിൽ ആളുകളുടെ പാപങ്ങൾ ക്ഷമിച്ചതു തന്റെ ഭാഗത്തെ നീതിയാണെന്നു വരേണ്ടതിനും 26 ഇക്കാലത്ത് താൻ യേശുവിൽ വിശ്വസിക്കുന്ന ഒരാളെ നീതിമാനായി പ്രഖ്യാപിക്കുമ്പോൾ+ അതും തന്റെ ഭാഗത്തെ നീതിയാണെന്നു വരേണ്ടതിനും ആണ്.+
27 അങ്ങനെയെങ്കിൽ, പൊങ്ങച്ചം പറയാൻ എന്തിരിക്കുന്നു? അതിനു സ്ഥാനമില്ലാതായി. ഏതു നിയമത്താൽ? പ്രവൃത്തികളുടെ നിയമത്താലാണോ?+ അല്ല, വിശ്വാസത്തിന്റെ നിയമത്താൽ. 28 കാരണം നിയമം ആവശ്യപ്പെടുന്ന കാര്യങ്ങൾ ചെയ്യുന്നതിനാലല്ല, പകരം വിശ്വാസത്താലാണ് ഒരാളെ നീതിമാനായി പ്രഖ്യാപിക്കുന്നതെന്നു നമ്മൾ മനസ്സിലാക്കുന്നു.+ 29 ദൈവം ജൂതന്മാരുടെ മാത്രം ദൈവമാണോ?+ ജനതകളിൽപ്പെട്ടവരുടെയും ദൈവമല്ലേ?+ അതെ, ദൈവം ജനതകളിൽപ്പെട്ടവരുടെയും ദൈവമാണ്.+ 30 ദൈവം ഒന്നേ ഉള്ളൂ.+ അതുകൊണ്ട് പരിച്ഛേദനയേറ്റവരെയും പരിച്ഛേദനയേൽക്കാത്തവരെയും ദൈവം അവരുടെ വിശ്വാസത്താൽ നീതിമാന്മാരായി പ്രഖ്യാപിക്കുന്നു.+ 31 അപ്പോൾ നമ്മുടെ വിശ്വാസത്താൽ നമ്മൾ നിയമത്തെ നീക്കിക്കളയുകയാണോ? ഒരിക്കലുമല്ല! നമ്മൾ നിയമത്തെ പിന്താങ്ങുകയാണു ചെയ്യുന്നത്.+