യഹോവയുടെ വചനം ജീവനുള്ളത്
തെസ്സലൊനീക്യർക്കും തിമൊഥെയൊസിനുമുള്ള ലേഖനങ്ങളിലെ വിശേഷാശയങ്ങൾ
തെസ്സലൊനീക്യയിൽ ചെന്ന പൗലൊസ് അപ്പൊസ്തലൻ അവിടെ സഭ സ്ഥാപിച്ചു. അന്നുമുതൽ അതിനു കടുത്ത എതിർപ്പു നേരിടേണ്ടിവന്നു. അവിടെനിന്നു തിരിച്ചെത്തിയ തിമൊഥെയൊസിൽനിന്ന് (പ്രായം 20-നും 30-നും ഇടയ്ക്ക്) സദ്വർത്തമാനം കേട്ട പൗലൊസ് തെസ്സലൊനീക്യരെ അഭിനന്ദിച്ചുകൊണ്ട് പ്രോത്സാഹനം പകരുന്ന ഒരു ലേഖനമെഴുതുന്നു. എ.ഡി. 50-ന്റെ അവസാനത്തോടടുത്ത് എഴുതിയ ഈ കത്താണ് പൗലൊസ് എഴുതുന്ന ആദ്യത്തെ നിശ്വസ്ത ലേഖനം. വൈകാതെ തെസ്സലൊനീക്യയിലെ ക്രിസ്ത്യാനികൾക്ക് രണ്ടാമതൊരു ലേഖനം കൂടെ പൗലൊസ് എഴുതുന്നു. ഈ കത്തിൽ ചിലരുടെ തെറ്റായ കാഴ്ചപ്പാടുകളെ തിരുത്തുകയും വിശ്വാസത്തിൽ ഉറച്ചുനിൽക്കാൻ സഹോദരങ്ങളെ ഉദ്ബോധിപ്പിക്കുകയും ചെയ്യുന്നു.
ഇപ്പോൾ ഏകദേശം പത്തു വർഷം കഴിഞ്ഞിരിക്കുന്നു. പൗലൊസ് മക്കെദോന്യയിലും തിമൊഥെയൊസ് എഫെസൊസിലുമാണ്. എഫെസൊസിൽത്തന്നെ തങ്ങാനും സഭയ്ക്കുള്ളിലെ വ്യാജ ഉപദേഷ്ടാക്കൾക്കെതിരെ പോരാടി അവരെ അമർച്ചചെയ്യാനും നിർദേശിച്ചുകൊണ്ട് പൗലൊസ് തിമൊഥെയൊസിന് എഴുതുന്നു. എ.ഡി. 64-ൽ റോമാനഗരം കത്തിയമർന്നതോടെ ക്രിസ്ത്യാനികൾക്കെതിരെ പീഡനത്തിന്റെ അഗ്നിജ്വാലകൾ ആളിക്കത്തുകയുണ്ടായി. ഈ സാഹചര്യത്തിലാണ് പൗലൊസ് തിമൊഥെയൊസിന് രണ്ടാമതൊരു ലേഖനം എഴുതുന്നത്. ഇതാണ് പൗലൊസ് എഴുതിയ അവസാനത്തെ നിശ്വസ്തരേഖ. പൗലൊസിന്റെ ഈ നാലു ലേഖനങ്ങളിലടങ്ങിയിരിക്കുന്ന പ്രോത്സാഹനവും ബുദ്ധിയുപദേശവും ഇന്നും പ്രയോജനപ്രദമാണ്.—എബ്രാ. 4:12.
‘ഉണർന്നിരിക്കുക’
‘വിശ്വാസത്തിന്റെ വേലയെയും സ്നേഹപ്രയത്നത്തെയും സ്ഥിരതയെയും’ പ്രതി പൗലൊസ് തെസ്സലൊനീക്യരെ അഭിനന്ദിക്കുന്നു. തന്റെ ‘ആശയും സന്തോഷവും പ്രശംസാകിരീടവും’ അവരാണെന്ന് അവൻ പറയുന്നു.—1 തെസ്സ. 1:3; 2:19.
പുനരുത്ഥാന പ്രത്യാശയാൽ അന്യോന്യം ആശ്വസിപ്പിക്കാൻ തെസ്സലൊനീക്യയിലെ ക്രിസ്ത്യാനികളെ പ്രോത്സാഹിപ്പിച്ചശേഷം പൗലൊസ് പറയുന്നു: “കള്ളൻ രാത്രിയിൽ വരുമ്പോലെ കർത്താവിന്റെ [യഹോവയുടെ] നാൾ വരുന്നു.” അതുകൊണ്ട് ‘ഉറങ്ങാതെ ഉണർന്നും സുബോധമുള്ളവരായും’ ഇരിക്കാൻ അവൻ ഉപദേശിക്കുന്നു.—1 തെസ്സ. 4:16-18; 5:2, 6.
തിരുവെഴുത്തു ചോദ്യങ്ങൾക്കുള്ള ഉത്തരം:
4:15-17—‘കർത്താവിനെ എതിരേൽപ്പാൻ മേഘങ്ങളിൽ എടുക്കപ്പെടുന്നവർ’ ആരാണ്, എങ്ങനെ? രാജ്യാധികാരത്തിലുള്ള ക്രിസ്തുവിന്റെ സാന്നിധ്യകാലത്ത് ജീവനോടിരിക്കുന്ന അഭിഷിക്ത ക്രിസ്ത്യാനികളെ ഉദ്ദേശിച്ചാണ് ഇതു പറഞ്ഞത്. അവർ അദൃശ്യമായ സ്വർഗീയ മണ്ഡലത്തിൽവെച്ച് ‘കർത്താവിനെ എതിരേൽക്കും.’ എന്നാൽ അതിനു മുമ്പ് അവർ മരിക്കുകയും ആത്മജീവികളായി പുനരുത്ഥാനം പ്രാപിക്കുകയും ചെയ്യേണ്ടിയിരിക്കുന്നു. (റോമ. 6:3-5; 1 കൊരി. 15:35, 44) ക്രിസ്തുവിന്റെ സാന്നിധ്യം തുടങ്ങിക്കഴിഞ്ഞിരിക്കുന്ന സ്ഥിതിക്ക് ഇപ്പോൾ മരിക്കുന്ന അഭിഷിക്ത ക്രിസ്ത്യാനികൾ മരണനിദ്രയിൽ തുടരേണ്ടതില്ല. അവർ ‘എടുക്കപ്പെടുന്നു’ അതായത് തത്ക്ഷണം ഉയിർപ്പിക്കപ്പെടുന്നു.—1 കൊരി. 15:51, 52.
5:23—സഹോദരങ്ങളുടെ ‘ആത്മാവും പ്രാണനും ദേഹവും കാക്കപ്പെടുമാറാകട്ടെ’ എന്നു പ്രാർഥിച്ചപ്പോൾ പൗലൊസ് എന്താണ് അർഥമാക്കിയത്? തെസ്സലൊനീക്യയിലെ അഭിഷിക്ത ക്രിസ്ത്യാനികൾ ഉൾപ്പെടെ പലർ ചേർന്നുണ്ടായ ക്രിസ്തീയ സഭയുടെ ആത്മാവിനെയും പ്രാണനെയും ദേഹത്തെയുമാണ് പൗലൊസ് പരാമർശിച്ചത്. ‘സഭയെ കാക്കേണമേ’ എന്നു വെറുതെ പ്രാർഥിക്കുന്നതിനു പകരം സഭയുടെ ‘ആത്മാവിനെ’ അതായത് മനോഭാവത്തെ കാക്കേണമെന്ന് അവൻ പ്രാർഥിച്ചു. സഭയുടെ ‘പ്രാണനു’വേണ്ടിയും അതായത് സഭയെന്ന നിലയിലുള്ള അതിന്റെ അസ്ഥിത്വത്തിനുവേണ്ടിയും അവൻ പ്രാർഥിച്ചു. അഭിഷിക്ത ക്രിസ്ത്യാനികൾ ചേർന്ന് സഭ ഒരൊറ്റ ശരീരമായിത്തീരുന്നതിനാൽ അവൻ ‘ശരീരത്തിനുവേണ്ടിയും’ പ്രാർഥിച്ചു. (1 കൊരി. 12:12, 13) പൗലൊസിന് സഭയെക്കുറിച്ചുള്ള ചിന്താകുലവും അതിനോടുള്ള താത്പര്യവുമാണ് ആ പ്രാർഥനയിൽ നിഴലിച്ചത്.
നമുക്കുള്ള പാഠങ്ങൾ:
1:3, 7; 2:13; 4:1-12; 5:15. ബുദ്ധിയുപദേശം കൊടുക്കാനുള്ള ഫലപ്രദമായൊരു രീതിയാണ് അർഹിക്കുന്ന അഭിനന്ദനങ്ങളും ഏറെ നന്നായി ചെയ്യാനുള്ള പ്രോത്സാഹനങ്ങളും ഉൾപ്പെടുത്തുക എന്നത്.
4:1, 9, 10. യഹോവയുടെ ആരാധകർ ആത്മീയമായി പുരോഗമിച്ചുകൊണ്ടേയിരിക്കണം.
5:1-3, 8, 20, 21. യഹോവയുടെ ദിവസം അടുത്തുവരവെ, ‘വിശ്വാസവും സ്നേഹവും എന്ന കവചവും ശിരസ്ത്രമായി രക്ഷയുടെ പ്രത്യാശയും ധരിച്ചുകൊണ്ടു സുബോധമായിരിക്കണം.’ ദൈവത്തിന്റെ പ്രാവചനിക വചനമായ ബൈബിളിന് ഗൗരവശ്രദ്ധ നൽകുകയും വേണം.
‘ഉറച്ചുനിൽക്കുക’
സഭയിലുള്ള ചിലർ “കർത്താവായ യേശുക്രിസ്തുവിന്റെ പ്രത്യക്ഷത” വളരെ അടുത്തെത്തിയിരിക്കുന്നുവെന്ന് വാദിച്ചുകൊണ്ട് പൗലൊസ് ആദ്യ ലേഖനത്തിൽ പറഞ്ഞ കാര്യങ്ങളെ വളച്ചൊടിച്ചു. ആ ചിന്താഗതിയെ തിരുത്തുന്നതിനായി ‘ആദ്യമേ സംഭവിക്കേണ്ടത്’ എന്താണെന്നു പൗലൊസ് വ്യക്തമാക്കുന്നു.—2 തെസ്സ. 2:1-3.
ഞങ്ങൾ “ഉപദേശിച്ചുതന്ന പ്രമാണങ്ങളെ മുറുകെ പിടിച്ചുകൊൾവിൻ” എന്നു പൗലൊസ് ഉദ്ബോധിപ്പിക്കുന്നു. “ക്രമംകെട്ടു നടക്കുന്ന ഏതു സഹോദരനോടും അകന്നുകൊള്ളേണം” എന്നും അവൻ കർശനമായി നിർദേശിക്കുന്നു.—2 തെസ്സ. 2:15; 3:6.
തിരുവെഴുത്തു ചോദ്യങ്ങൾക്കുള്ള ഉത്തരം:
2:3, 8—“അധർമ്മമൂർത്തി” ആരാണ്? അവനെ എങ്ങനെ നശിപ്പിക്കും? ഇത് ഒരു വ്യക്തിയല്ല. മറിച്ച് ക്രൈസ്തവലോകത്തിലെ വൈദികവൃന്ദത്തെ ആകമാനം കുറിക്കുന്നു. ദുഷ്ടന്മാർക്കെതിരെ ദൈവത്തിന്റെ ന്യായവിധി പ്രഖ്യാപിക്കാനും അവരെ നിഗ്രഹിക്കാനുള്ള കൽപ്പന നൽകാനും അധികാരപ്പെടുത്തിയിരിക്കുന്നത് ‘വചനത്തെയാണ്’ അതായത് ദൈവത്തിന്റെ മുഖ്യവക്താവായ യേശുക്രിസ്തുവിനെ. (യോഹ. 1:1) അതുകൊണ്ട് അധർമമൂർത്തിയെ ‘യേശു തന്റെ വായിലെ ശ്വാസത്താൽ ഒടുക്കും.’
2:13, 14—അഭിഷിക്ത ക്രിസ്ത്യാനികൾ ‘ആദിമുതൽ രക്ഷെക്കായി തിരഞ്ഞെടുക്കപ്പെട്ടത്’ എങ്ങനെ? സ്ത്രീയുടെ സന്തതി സാത്താന്റെ തല തകർക്കണമെന്ന് യഹോവ ഉദ്ദേശിച്ചപ്പോൾ അഭിഷിക്തർ ഒരു കൂട്ടമെന്ന നിലയിൽ മുൻനിർണയിക്കപ്പെട്ടു. (ഉല്പ. 3:15) അവർ പാലിക്കേണ്ട വ്യവസ്ഥകളും ചെയ്യേണ്ട വേലയും അവർക്കുണ്ടാകുമായിരുന്ന പരിശോധനകളും യഹോവ മുൻകൂട്ടിപ്പറഞ്ഞു. ഇങ്ങനെയാണ് യഹോവ അവരെ ‘വിളിച്ചത്.’
നമുക്കുള്ള പാഠങ്ങൾ:
1:6-9. ന്യായവിധിക്ക് അർഹരായവരുടെമേൽ മാത്രമേ യഹോവ തന്റെ ക്രോധം ചൊരിയൂ.
3:8-12. യഹോവയുടെ ദിവസം സമീപിച്ചിരിക്കുന്നുവെന്നത് ജോലി ചെയ്യാതിരിക്കുന്നതിന് ഒരു ഒഴികഴിവല്ല. ഉപജീവനത്തിനും ശുശ്രൂഷ നിർവഹിക്കുന്നതിനും അത് ആവശ്യമാണല്ലോ. മടി നമ്മെ അലസരും “പരകാര്യത്തിൽ ഇടപെടുന്ന”വരും ആക്കിത്തീർക്കും.—1 പത്രൊ. 4:15.
“നിന്റെ പക്കൽ ഏല്പിച്ചിരിക്കുന്ന ഉപനിധി കാത്തു”കൊള്ളുക
“നീ വിശ്വാസവും നല്ല മനസ്സാക്ഷിയും ഉള്ളവനായി അവയെ അനുസരിച്ചു നല്ല യുദ്ധസേവ ചെയ്ക” എന്നു പൗലൊസ് തിമൊഥെയൊസിനോടു പറയുന്നു. കൂടാതെ, സഭയിലെ നിയമിത പുരുഷന്മാർക്ക് ഉണ്ടായിരിക്കേണ്ട യോഗ്യതകളെക്കുറിച്ചും അവൻ പ്രസ്താവിക്കുകയുണ്ടായി. “ഭക്തിവിരുദ്ധമായ കിഴവിക്കഥകളെ” ഒഴിവാക്കാനും തിമൊഥെയൊസിനോട് അപ്പൊസ്തലൻ നിർദേശിക്കുന്നു.—1 തിമൊ. 1:18, 19; 3:1-10; 12, 13; 4:7.
‘മൂത്തവനെ ഭർത്സിക്കരുത്,’ പൗലൊസ് എഴുതുന്നു. “നിന്റെ പക്കൽ ഏല്പിച്ചിരിക്കുന്ന ഉപനിധി കാത്തുകൊണ്ടു ജ്ഞാനം എന്നു വ്യാജമായി പേർ പറയുന്നതിന്റെ ഭക്തിവിരുദ്ധമായ വൃഥാലാപങ്ങളെയും തർക്കസൂത്രങ്ങളെയും ഒഴിഞ്ഞുനില്ക്ക” എന്നും അപ്പൊസ്തലൻ തിമൊഥെയൊസിനെ ഉദ്ബോധിപ്പിക്കുന്നു.—1 തിമൊ. 5:1; 6:20.
തിരുവെഴുത്തു ചോദ്യങ്ങൾക്കുള്ള ഉത്തരം:
1:18; 4:14—തിമൊഥെയൊസിനെക്കുറിച്ച് എന്തു ‘പ്രവചനങ്ങൾ’ ആണ് ഉണ്ടായിരുന്നത്? രണ്ടാം മിഷനറി യാത്രയിൽ പൗലൊസ് ലുസ്ത്ര സന്ദർശിച്ചപ്പോൾ, ക്രിസ്തീയ സഭയിൽ തിമൊഥെയൊസ് വഹിക്കുമായിരുന്ന പങ്കിനെക്കുറിച്ച് മറ്റുള്ളവർ ദിവ്യനിശ്വസ്തതയിൽ നടത്തിയ പ്രവചനങ്ങളാകാം അവ. (പ്രവൃ. 16:1, 2) ഈ ‘പ്രവചനങ്ങളുടെ’ അടിസ്ഥാനത്തിൽ സഭയിലെ മൂപ്പന്മാർ യുവാവായ തിമൊഥെയൊസിന്റെമേൽ ‘കൈവെച്ച്’ അവനെ പ്രത്യേക സേവനത്തിനു നിയുക്തനാക്കി.
2:15—സ്ത്രീകൾ ‘മക്കളെ പ്രസവിച്ചു രക്ഷ പ്രാപിക്കുന്നത്’ എങ്ങനെ? പ്രസവിക്കുക, കുഞ്ഞുങ്ങളെ വളർത്തുക, വീട്ടുകാര്യങ്ങൾ നോക്കിനടത്തുക എന്നിവയൊക്കെ മിനക്കെട്ടുനടന്ന് ‘വായാടികളും പരകാര്യത്തിൽ ഇടപെടുന്നവരും’ ആകുന്നതിന്റെ അപകടത്തിൽനിന്ന് സ്ത്രീകളെ ‘രക്ഷിക്കും’.—1 തിമൊ. 2:15.
3:16—ദൈവഭക്തിയുടെ മർമം എന്താണ്? യഹോവയുടെ പരമാധികാരത്തോട് മനുഷ്യർക്ക് പൂർണ അനുസരണം കാണിക്കാനാകുമോ ഇല്ലയോ എന്നത് യുഗങ്ങളോളം ഒരു മർമമായിരുന്നു. മരണംവരെയും ദൈവത്തോട് പരിപൂർണ വിശ്വസ്തത പാലിച്ചുകൊണ്ട് യേശു അതിനുത്തരം നൽകി.
6:15, 16—ലെ വാക്കുകൾ യേശുവിനാണോ യഹോവയ്ക്കാണോ ബാധകമാകുന്നത്? യേശുവിന്റെ പ്രത്യക്ഷതയെക്കുറിച്ചാണ് ഇവിടെ വിവരിച്ചിരിക്കുന്നത്. അതുകൊണ്ട് അതു ബാധകമാകുന്നതും അവനുതന്നെയാണ്. (1 തിമൊ. 6:14) വാഴ്ചനടത്തുന്ന രാജാക്കന്മാരോടും പ്രഭുക്കന്മാരോടുമുള്ള താരതമ്യത്തിൽ യേശുവാണ് “ഏകാധിപതിയും” അമർത്യതയുള്ള ഒരേ ഒരുവനും. (ദാനീ. 7:14; റോമ. 6:9) അവൻ സ്വർഗാരോഹണം ചെയ്തതിനാൽ ഒരു മനുഷ്യനും അവനെ അക്ഷരീയ കണ്ണുകൾക്കൊണ്ട് ‘കാണാനാവില്ല.’
നമുക്കുള്ള പാഠങ്ങൾ:
4:15. നാം വിശ്വാസത്തിൽ വന്നത് ഈയിടെയാണെങ്കിലും വളരെക്കാലം മുമ്പാണെങ്കിലും നാമെല്ലാം പുരോഗതി വരുത്തുകയും ആത്മീയമായി വളരുകയും ചെയ്യേണ്ടതുണ്ട്.
6:2. ഒരു സഹക്രിസ്ത്യാനിയുടെ കീഴിലാണു നാം ജോലി ചെയ്യുന്നതെങ്കിൽ ആ സാഹചര്യം മുതലെടുക്കുന്നതിനു പകരം പുറത്തുള്ള ഒരാളുടെ കീഴിൽ ചെയ്യുന്നതിനെക്കാൾ ആത്മാർഥമായി ജോലി ചെയ്യണം.
“വചനം പ്രസംഗിക്ക . . . ഒരുങ്ങിനില്ക്ക”
ഉണ്ടാകാനിരുന്ന ക്ലേശകരമായ സാഹചര്യങ്ങളെ നേരിടാൻ തിമൊഥെയൊസിനെ ഒരുക്കുന്നതിനായി പൗലൊസ് ഇങ്ങനെ എഴുതുന്നു: “ഭീരുത്വത്തിന്റെ ആത്മാവിനെ അല്ല, ശക്തിയുടെയും സ്നേഹത്തിന്റെയും സുബോധത്തിന്റെയും ആത്മാവിനെയത്രേ ദൈവം നമുക്കു തന്നത്.” അവൻ തിമൊഥെയൊസിനെ ഇങ്ങനെയും ഉപദേശിച്ചു: ‘കർത്താവിന്റെ ദാസൻ ശണ്ഠ ഇടാതെ എല്ലാവരോടും ശാന്തനും ഉപദേശിപ്പാൻ സമർത്ഥനും ആയിട്ടത്രേ ഇരിക്കേണ്ടത്.’—2 തിമൊ. 1:7; 2:24.
“നീ പഠിച്ചും നിശ്ചയം പ്രാപിച്ചും ഇരിക്കുന്നതിൽ നിലനില്ക്ക” എന്ന് പൗലൊസ് തിമൊഥെയൊസിനെ ഓർമിപ്പിക്കുന്നു. വിശ്വാസത്യാഗം പ്രചരിക്കുന്നുണ്ടായിരുന്നതിനാൽ അപ്പൊസ്തലൻ ഈ യുവ മേൽവിചാരകനോട് പറയുന്നു: ‘വചനം പ്രസംഗിക്ക; ഒരുങ്ങിനില്ക്ക; ശാസിക്ക; തർജ്ജനം ചെയ്ക; പ്രബോധിപ്പിക്ക.’—2 തിമൊ. 3:14; 4:2.
തിരുവെഴുത്തു ചോദ്യങ്ങൾക്കുള്ള ഉത്തരം:
1:13—എന്താണ് “പത്ഥ്യവചനം”? കർത്താവായ യേശുക്രിസ്തുവിന്റെ വചനങ്ങളാണ് അത്. അതായത്, സത്യക്രിസ്തീയ ഉപദേശങ്ങൾ. (1 തിമൊ. 6:3) യേശു പഠിപ്പിച്ചതും പ്രവർത്തിച്ചതുമായ കാര്യങ്ങൾ ദൈവവചനത്തിനു ചേർച്ചയിലായിരുന്നു. അതുകൊണ്ട് “പത്ഥ്യവചനം” എന്നത് വിശാലമായ അർഥത്തിൽ മുഴു ബൈബിളുപദേശങ്ങളെയും അർഥമാക്കാനാകും. യഹോവ നമ്മിൽനിന്ന് എന്താണു പ്രതീക്ഷിക്കുന്നതെന്നു മനസ്സിലാക്കാൻ അവ നമ്മെ സഹായിക്കും. ബൈബിളിൽനിന്നു പഠിക്കുന്നതിനു ചേർച്ചയിൽ ജീവിച്ചുകൊണ്ട് പത്ഥ്യവചനത്തിന്റെ ഈ മാതൃകയോടു നാം പറ്റിനിൽക്കുന്നു.
4:13—എന്തായിരുന്നു ‘ചർമലിഖിതങ്ങൾ’? വിവരങ്ങൾ എഴുതി സൂക്ഷിക്കാൻ പണ്ടുകാലങ്ങളിൽ, സംസ്കരിച്ച തുകൽ അഥവാ ചർമപത്രങ്ങൾ ഉപയോഗിച്ചിരുന്നു. റോമിൽ തടവിലായിരിക്കുന്ന പൗലൊസ് തനിക്കു പഠിക്കുന്നതിനായി എബ്രായ തിരുവെഴുത്തുകളുടെ ഭാഗങ്ങൾ കൊണ്ടുവരാൻ തിമൊഥെയൊസിനോട് ആവശ്യപ്പെടുകയായിരുന്നുവെന്നു തോന്നുന്നു. ഈ ചുരുളുകളിൽ ചിലത് പാപ്പിറസുകൊണ്ടും ചിലത് തോലുകൊണ്ടും ള്ളവയായിരുന്നിരിക്കണം.
നമുക്കുള്ള പാഠങ്ങൾ:
1:5; 3:15. വീട്ടിൽവെച്ച് ചെറുപ്രായംമുതൽത്തന്നെ തിമൊഥെയൊസിനെ തിരുവെഴുത്തുകൾ പഠിപ്പിച്ചിരുന്നു. അതാണ് യേശുക്രിസ്തുവിൽ അവനു വിശ്വാസമുണ്ടായിരുന്നതിന്റെ മുഖ്യകാരണം, അവൻ ചെയ്ത സകലതും ആ വിശ്വാസത്തിനു ചേർച്ചയിലായിരുന്നു. കുട്ടികളെ ദൈവികകാര്യങ്ങൾ പഠിപ്പിക്കുകയെന്ന ഉത്തരവാദിത്വം തങ്ങൾ എങ്ങനെയാണു നിറവേറ്റുന്നതെന്ന് മാതാപിതാക്കൾ ഗൗരവത്തോടെ ചിന്തിക്കേണ്ടത് എത്ര പ്രധാനമാണ്!
1:16-18. സഹവിശ്വാസികൾ പരിശോധനകളോ പീഡനമോ തടവോ അനുഭവിക്കുമ്പോൾ നാം അവർക്കുവേണ്ടി പ്രാർഥിക്കുകയും അവരെ സഹായിക്കാൻ ആവതു ചെയ്യുകയും വേണം.—സദൃ. 3:27; 1 തെസ്സ. 5:25.
2:22. ക്രിസ്ത്യാനികൾ, വിശേഷിച്ച് യുവജനങ്ങൾ ആത്മീയ കാര്യങ്ങൾക്കായി സമയമില്ലാത്തവിധം ബോഡിബിൽഡിങ്, സ്പോർട്ട്സ്, സംഗീതം, വിനോദം, ഹോബികൾ, യാത്രകൾ, നേരമ്പോക്കിനുള്ള സംസാരം എന്നിങ്ങനെയുള്ള കാര്യങ്ങളിൽ വ്യാപൃതരാകരുത്.
[31-ാം പേജിലെ ചിത്രം]
പൗലൊസ് അപ്പൊസ്തലൻ എഴുതിയ അവസാനത്തെ നിശ്വസ്ത ലേഖനം ഏത്?