പ്രതികൂല സാഹചര്യം തരണം ചെയ്യാൻ വിധവമാരെ സഹായിക്കൽ
വിധവമാരെ കുറിച്ചുള്ള ഏറ്റവും പ്രശസ്തമായ കഥകളിൽ ഒന്നാണ് രൂത്തിനെയും അവളുടെ അമ്മായിയമ്മ നൊവൊമിയെയും കുറിച്ചുള്ള ബൈബിൾ വിവരണം. അവർ ഇരുവരും വിധവമാരായിരുന്നു. എന്നാൽ നൊവൊമിക്ക് ഭർത്താവിനെ മാത്രമല്ല രണ്ടു പുത്രന്മാരെക്കൂടെ നഷ്ടപ്പെട്ടിരുന്നു. ആ പുത്രന്മാരിൽ ഒരാൾ ആയിരുന്നു രൂത്തിന്റെ ഭർത്താവ്. പുരുഷന്മാരെ വളരെയധികം ആശ്രയിച്ചുപോന്ന ഒരു കർഷക സമുദായത്തിൽ ജീവിച്ചിരുന്നതിനാൽ അവരുടെ അവസ്ഥ വളരെ പരിതാപകരമായിരുന്നു.—രൂത്ത് 1:1-5, 20, 21.
എന്നിരുന്നാലും നൊവൊമിക്ക് തന്റെ മരുമകളായ രൂത്ത് വലിയ ആശ്വാസമായിരുന്നു. അമ്മായിയമ്മയെ വിട്ടുപോകാൻ വിസമ്മതിച്ച അവൾ അവർക്ക് ഒരു ഉത്തമ സുഹൃത്തുമായിരുന്നു. കാലം കടന്നുപോകവേ, രൂത്ത് നൊവൊമിക്ക് ‘ഏഴു പുത്രന്മാരെക്കാൾ ഉത്തമ’യാണെന്നു തെളിഞ്ഞു. നൊവൊമിയോടുള്ള അവളുടെ ആഴമായ സ്നേഹം മാത്രമായിരുന്നില്ല അതിനു കാരണം. രൂത്ത് ദൈവത്തെയും വളരെയധികം സ്നേഹിച്ചിരുന്നു. (രൂത്ത് 4:15) മോവാബിലെ കുടുംബക്കാരുടെയും സുഹൃത്തുക്കളുടെയും അടുത്തേക്കു മടങ്ങിപ്പോകാൻ നൊവൊമി നിർദേശിച്ചപ്പോൾ രൂത്ത് നൽകിയ മറുപടി, രേഖപ്പെടുത്തപ്പെട്ടിട്ടുള്ളതിലേക്കും ഹൃദയസ്പർശിയായ വിശ്വസ്തതാ പ്രകടനങ്ങളിൽ ഒന്നാണ്: “നീ പോകുന്നേടത്തു ഞാനും പോരും; നീ പാർക്കുന്നേടത്തു ഞാനും പാർക്കും; നിന്റെ ജനം എന്റെ ജനം നിന്റെ ദൈവം എന്റെ ദൈവം. നീ മരിക്കുന്നേടത്തു ഞാനും മരിച്ചു അടക്കപ്പെടും; മരണത്താലല്ലാതെ ഞാൻ നിന്നെ വിട്ടുപിരിഞ്ഞാൽ യഹോവ തക്കവണ്ണവും അധികവും എന്നോടു ചെയ്യുമാറാകട്ടെ.”—രൂത്ത് 1:16, 17.
രൂത്തിന്റെ മനോഭാവം യഹോവയാം ദൈവത്തിന്റെ ശ്രദ്ധയിൽ പെടാതെ പോയില്ല. നൊവൊമിയും രൂത്തും ഉൾപ്പെട്ട ആ കൊച്ചു കുടുംബത്തെ അവൻ അനുഗ്രഹിച്ചു. കാലക്രമത്തിൽ രൂത്ത് ബോവസ് എന്ന ഇസ്രായേല്യന്റെ ഭാര്യയായിത്തീർന്നു. യേശുക്രിസ്തുവിന്റെ പൂർവികനായിത്തീർന്ന അവരുടെ കുട്ടിയെ നൊവൊമി സ്വന്തം കുഞ്ഞിനെ പോലെ പരിപാലിച്ചു വളർത്തി. തന്നോട് അടുത്തു വരികയും തന്നിൽ പൂർണമായി ആശ്രയിക്കുകയും ചെയ്യുന്ന വിധവമാരെ യഹോവ എത്ര പ്രിയപ്പെട്ടവരായി കരുതുന്നു എന്നതിന്റെ ഒരു ഉദാഹരണമാണ് ഈ ചരിത്രവിവരണം. കൂടാതെ, വിധവമാരെ അവരുടെ കഷ്ടങ്ങളിൽ സ്നേഹപൂർവം സഹായിക്കുന്നവരെയും യഹോവ വിലമതിക്കുന്നുവെന്നു ബൈബിൾ പറയുന്നു. അതുകൊണ്ട് ഇന്ന് നമ്മുടെ ഇടയിലുള്ള വിധവമാരെ നമുക്ക് എങ്ങനെ പിന്തുണയ്ക്കാൻ കഴിയും?—രൂത്ത് 4:13, 16-22; സങ്കീർത്തനം 68:5.
സമനിലയോടെ സഹായം നൽകുക
ഒരു വിധവയ്ക്കു സഹായം വാഗ്ദാനം ചെയ്യുമ്പോൾ നിങ്ങൾ എന്താണ് ചെയ്യാൻ ഉദ്ദേശിക്കുന്നത് എന്നു വ്യക്തമാക്കുന്നതു നന്നായിരിക്കും, എന്നാൽ അവരെ ഭരിക്കാൻ ശ്രമിക്കരുത്. “എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ പറഞ്ഞാൽ മതി” എന്നതു പോലുള്ള എങ്ങുമെങ്ങും തൊടാത്ത പ്രസ്താവനകൾ ഒഴിവാക്കുക. അത്തരം വാക്കുകൾക്ക്, തണുപ്പും വിശപ്പും നിമിത്തം അവശനായ ഒരു വ്യക്തിയെ സഹായിക്കാൻ യാതൊന്നും ചെയ്യാതെ “തീ കായുകയും വിശപ്പടക്കുകയും ചെയ്വിൻ” എന്നു പറയുന്നതിനു തുല്യമായിരിക്കാൻ കഴിയും. (യാക്കോബ് 2:16) തങ്ങൾക്ക് എന്തെങ്കിലും ആവശ്യമുള്ളപ്പോൾ പോലും അനേകരും അതു മറ്റുള്ളവരോടു പറയാറില്ല. മറിച്ച് അവർ എല്ലാം നിശ്ശബ്ദം സഹിക്കുന്നു. അങ്ങനെയുള്ളവരെ സഹായിക്കാൻ വിവേചന ആവശ്യമാണ്. അവരുടെ ആവശ്യങ്ങൾ അറിഞ്ഞ് സഹായിക്കേണ്ടതുണ്ട്. എന്നാൽ വിധവയുടെ ജീവിതത്തിന്മേലുള്ള പൂർണ അധികാരം നമുക്കാണെന്ന മട്ടിൽ പെരുമാറിക്കൊണ്ട് അവരുടെ ജീവിതത്തെ നിയന്ത്രിക്കാതിരിക്കാൻ നാം ശ്രദ്ധിക്കണം. മറിച്ചുള്ള പെരുമാറ്റം വ്രണിത വികാരങ്ങളും അഭിപ്രായ വ്യത്യാസങ്ങളും ഉളവാക്കിയേക്കാം. അതുകൊണ്ട്, മറ്റുള്ളവരുമായുള്ള ഇടപെടലുകളിൽ സമനില പാലിക്കേണ്ടതിന്റെ ആവശ്യം ബൈബിൾ ഊന്നിപ്പറയുന്നു. മറ്റുള്ളവരിൽ നിസ്വാർഥമായ താത്പര്യം പ്രകടിപ്പിക്കാൻ നമ്മെ പ്രോത്സാഹിപ്പിക്കുമ്പോൾ തന്നെ പരകാര്യത്തിൽ ഇടപെടാതിരിക്കാനും അത് നമ്മെ ഓർമിപ്പിക്കുന്നു.—ഫിലിപ്പിയർ 2:4; 1 പത്രൊസ് 4:15.
നൊവൊമിയുമായുള്ള തന്റെ ഇടപെടലിൽ രൂത്ത് സമനിലയോടു കൂടിയ അത്തരമൊരു മനോഭാവം പ്രകടമാക്കി. തന്റെ അമ്മായിയമ്മയോട് വിശ്വസ്തമായി പറ്റിനിന്നപ്പോൾതന്നെ രൂത്ത് അവളെ ഭരിക്കാനോ ഏതെങ്കിലും രീതിയിൽ അവളുടെമേൽ സമ്മർദം ചെലുത്താനോ ശ്രമിച്ചില്ല. അവൾ നൊവൊമിക്കും തനിക്കും വേണ്ട ആഹാരം സമ്പാദിക്കുന്ന കാര്യത്തിലും മറ്റും ജ്ഞാനപൂർവം മുൻകൈ എടുത്തു പ്രവർത്തിച്ചു. ഒപ്പം, അവൾ നൊവൊമിയുടെ നിർദേശങ്ങൾ ചെവിക്കൊള്ളുകയും ചെയ്തു.—രൂത്ത് 2:2, 22, 23; 3:1-6.
തീർച്ചയായും, ഒരാളുടെ ആവശ്യങ്ങൾ ആയിരിക്കില്ല മറ്റൊരാളുടേത്. നേരത്തേ പരാമർശിച്ച സാൻഡ്ര പറയുന്നു: “എന്റെ സങ്കടത്തിൽ എനിക്ക് ആവശ്യമായിരുന്നത് സ്നേഹനിധികളായ അടുത്ത സുഹൃത്തുക്കൾ എപ്പോഴും ചുറ്റും ഉണ്ടായിരിക്കുക എന്നതായിരുന്നു. അത് എനിക്കു ലഭിച്ചു.” എന്നാൽ അതിൽനിന്നു വ്യത്യസ്തമായി നേരത്തേ പരാമർശിച്ച ഇലേൻ സ്വകാര്യതയാണ് ഇഷ്ടപ്പെട്ടത്. അതുകൊണ്ട് സഹായം നൽകുന്നതിൽ നാം വിവേചന പ്രകടമാക്കേണ്ടതുണ്ട്. അതിന്റെ അർഥം മറ്റുള്ളവരുടെ സ്വകാര്യതയെ മാനിക്കുകയും അതേസമയം അവർക്കു സഹായം ആവശ്യമുള്ളപ്പോൾ അതു നൽകാൻ തയ്യാറായിരിക്കുകയും ചെയ്യുക എന്നാണ്.
കുടുംബത്തിന്റെ പിന്തുണ
സ്നേഹവും ഊഷ്മളതയുമുള്ള ഒരു കുടുംബം ഉണ്ടെങ്കിൽ, വൈധവ്യവുമായി പൊരുത്തപ്പെടാൻ തനിക്കാവുമെന്ന് ഒരു വിധവയെ ബോധ്യപ്പെടുത്തുന്നതിൽ അതിനു വലിയ പങ്കു വഹിക്കാൻ കഴിയും. ചില കുടുംബാംഗങ്ങൾക്ക് മറ്റുള്ളവരെക്കാൾ കൂടുതൽ സഹായം ചെയ്യാൻ കഴിഞ്ഞേക്കുമെങ്കിലും, ഈ കാര്യത്തിൽ എല്ലാവർക്കും തങ്ങളുടേതായ പങ്കു വഹിക്കാനാകും. “ഒരു വിധവയ്ക്ക് മക്കളോ മക്കളുടെ മക്കളോ ഉണ്ടെങ്കിൽ അവർ ആദ്യമായി തങ്ങളുടെ കുടുംബങ്ങളോടുള്ള മതപരമായ കർത്തവ്യം എന്താണെന്നു മനസ്സിലാക്കുകയും തങ്ങളുടെ മാതാപിതാക്കളോടുള്ള കടമകൾ നിറവേറ്റുകയും ചെയ്യട്ടെ. അതു ദൈവത്തിന്റെ മുമ്പിൽ സ്വീകാര്യമാണ്.”—1 തിമൊഥെയൊസ് 5:4, പി.ഒ.സി. ബൈബിൾ.
പല വിധവമാരുടെയും കാര്യത്തിൽ സാമ്പത്തിക സഹായം നൽകിക്കൊണ്ട് കടമ നിറവേറ്റേണ്ട ആവശ്യമില്ലായിരിക്കാം. ചില വിധവമാർക്ക് സ്വന്തം ചെലവുകൾ നടത്തുന്നതിനുള്ള സാമ്പത്തിക ചുറ്റുപാട് ഉണ്ട്. മറ്റു ചിലർക്ക്, വിധവമാരെ സഹായിക്കാൻ ചില രാജ്യങ്ങളിലെ ഗവൺമെന്റുകൾ രൂപീകരിച്ചിട്ടുള്ള പദ്ധതികൾ പ്രയോജനപ്പെടുത്താൻ കഴിഞ്ഞേക്കും. എന്നാൽ വിധവമാർക്ക് സാമ്പത്തിക സഹായം ആവശ്യമുള്ള സാഹചര്യങ്ങളിൽ അതു നൽകാൻ കുടുംബാംഗങ്ങൾ ബാധ്യസ്ഥരാണ്. ഒരു വിധവയ്ക്ക് അടുത്ത ബന്ധുക്കളാരും ഇല്ല, അല്ലെങ്കിൽ ഉള്ള ബന്ധുക്കൾ സഹായം നൽകാൻ പറ്റിയ സ്ഥാനത്തല്ല എങ്കിൽ സഹവിശ്വാസികൾ അവരുടെ സഹായത്തിനെത്താൻ തിരുവെഴുത്തുകൾ പ്രോത്സാഹിപ്പിക്കുന്നു. അത് ഇപ്രകാരം പറയുന്നു: “പിതാവായ ദൈവത്തിന്റെ മുമ്പാകെ ശുദ്ധവും നിർമ്മലവുമായുള്ള ഭക്തിയോ: അനാഥരെയും വിധവമാരെയും അവരുടെ സങ്കടത്തിൽ ചെന്നു കാണുന്നതു . . . ആകുന്നു.”—യാക്കോബ് 1:27.
ഈ ബൈബിൾ തത്ത്വങ്ങൾക്കു ചേർച്ചയിൽ പ്രവർത്തിക്കുന്നവർ യഥാർഥത്തിൽ ‘വിധവമാരെ മാനിക്കുക’ ആയിരിക്കും ചെയ്യുന്നത്. (1 തിമൊഥെയൊസ് 5:3) ഒരു വ്യക്തിയെ മാനിക്കുകയെന്നാൽ ഫലത്തിൽ ആ വ്യക്തിയോട് ആദരവോടെ പെരുമാറുക എന്നാണർഥം. മാനിക്കപ്പെടുന്ന വ്യക്തികൾക്ക് മറ്റുള്ളവർ തങ്ങളെ സ്നേഹിക്കുകയും വിലമതിക്കുകയും ചെയ്യുന്നുവെന്ന തോന്നൽ ഉണ്ടാകുകയും ആത്മാഭിമാനം അനുഭവപ്പെടുകയും ചെയ്യും. കടപ്പാടിന്റെ പേരിൽ മാത്രമാണ് മറ്റുള്ളവർ തങ്ങളെ സഹായിക്കുന്നത് എന്ന ചിന്ത അവർക്കുണ്ടായിരിക്കുകയില്ല. കുറച്ചു കാലത്തേക്ക് രൂത്ത്തന്നെ ഒരു വിധവയായിരുന്നെങ്കിലും സ്നേഹത്തോടെയും മനസ്സോടെയും നൊവൊമിയുടെ ശാരീരികവും വൈകാരികവുമായ ആവശ്യങ്ങൾക്കു വേണ്ടി കരുതിക്കൊണ്ട് അവൾ അവരെ യഥാർഥത്തിൽ മാനിച്ചു. രൂത്തിന്റെ ഈ മനോഭാവം പെട്ടെന്നുതന്നെ അവൾക്ക് ഒരു സത്പേരു നേടിക്കൊടുത്തു. അതിന്റെ ഫലമായി അവളുടെ ഭാവി വരൻ അവളോട് ഇങ്ങനെ പറയാൻ പ്രേരിതനായി: “നീ ഉത്തമ സ്ത്രീ എന്നു എന്റെ ജനമായ പട്ടണക്കാർക്കു എല്ലാവർക്കും അറിയാം.” (രൂത്ത് 3:11) അതേസമയം, നൊവൊമിയുടെ ദൈവസ്നേഹവും മറ്റുള്ളവരിൽനിന്ന് വളരെയധികം ആവശ്യപ്പെടാത്ത പ്രകൃതവും തന്നെപ്രതിയുള്ള രൂത്തിന്റെ ശ്രമങ്ങളോടുള്ള ആഴമായ വിലമതിപ്പും സസന്തോഷം അവളെ സഹായിക്കാൻ രൂത്തിനെ പ്രേരിപ്പിച്ചു എന്നതിനു സംശയമില്ല. നൊവൊമി ഇന്നത്തെ വിധവമാർക്ക് എത്ര നല്ല മാതൃകയാണ്!
ദൈവത്തോട് അടുത്തു ചെല്ലുക
മരിച്ചുപോയ ഇണയുടെ കുറവു നികത്താൻ തീർച്ചയായും കുടുംബാംഗങ്ങൾക്കോ സുഹൃത്തുക്കൾക്കോ കഴിയില്ല. അതുകൊണ്ടുതന്നെ ഒരു വിധവ ‘മനസ്സലിവുള്ള പിതാവും സർവ്വാശ്വാസവും നല്കുന്ന ദൈവവുമായ പിതാവിനോട്’ അടുത്തു ചെല്ലേണ്ടത് വളരെ പ്രധാനമാണ്. (2 കൊരിന്ത്യർ 1:3, 4) യേശുവിന്റെ ജനന സമയത്ത് 84 വയസ്സുണ്ടായിരുന്ന ദൈവഭക്തയായ ഹന്നാ എന്ന വിധവയുടെ ദൃഷ്ടാന്തം പരിചിന്തിക്കുക.
വെറും ഏഴു വർഷത്തെ വിവാഹജീവിതത്തിനു ശേഷം ഹന്നായുടെ ഭർത്താവു മരിച്ചപ്പോൾ അവൾ ആശ്വാസത്തിനായി യഹോവയിലേക്കു തിരിഞ്ഞു. “[അവൾ] ദൈവാലയം വിട്ടുപിരിയാതെ ഉപവാസത്തോടും പ്രാർത്ഥനയോടുംകൂടെ രാവും പകലും ആരാധന ചെയ്തു പോന്നു.” (ലൂക്കൊസ് 2:36, 37) യഹോവ ഹന്നായുടെ ദൈവിക ഭക്തിയോടു പ്രതികരിച്ചോ? തീർച്ചയായും! വളർന്നു ലോകരക്ഷിതാവ് ആയിത്തീരുവാനിരുന്ന ശിശുവിനെ കാണാനുള്ള അവസരം നൽകിക്കൊണ്ട് യഹോവ അവളോടുള്ള സ്നേഹം ഒരു പ്രത്യേക വിധത്തിൽ പ്രകടിപ്പിച്ചു. ഇത് ഹന്നായെ എത്രമാത്രം സന്തോഷിപ്പിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തു! വ്യക്തമായും, സങ്കീർത്തനം 37:4-ലെ വാക്കുകളുടെ സത്യത ഹന്നാ അനുഭവിച്ചറിഞ്ഞു: “യഹോവയിൽ തന്നേ രസിച്ചുകൊൾക; അവൻ നിന്റെ ഹൃദയത്തിലെ ആഗ്രഹങ്ങളെ നിനക്കു തരും.”
ദൈവം സഹക്രിസ്ത്യാനികൾ മുഖാന്തരം പ്രവർത്തിക്കുന്നു
ഇലേൻ ഇങ്ങനെ പറയുന്നു: “ഡേവിഡിന്റെ മരണശേഷം കുറേ കാലത്തേക്ക് എനിക്ക് നെഞ്ചിനുള്ളിൽ ഒരു കത്തി കിടന്നു തിരിയുന്നതു പോലുള്ള വേദന അനുഭവപ്പെട്ടിരുന്നു. അതു ദഹനക്കേടു മൂലമായിരിക്കും എന്നാണ് ഞാൻ കരുതിയത്. ഒരു ദിവസം, വേദന സഹിക്കവയ്യാതായപ്പോൾ ഡോക്ടറെ കാണേണ്ടി വരുമെന്ന് ഞാൻ വിചാരിച്ചു. എന്നാൽ എന്റെ ദുഃഖം ആയിരിക്കാം വേദനയ്ക്കു കാരണമെന്നു വിവേകമതിയായ ഒരു ക്രിസ്തീയ സഹോദരി പറഞ്ഞു. സഹായത്തിനും ആശ്വാസത്തിനുമായി യഹോവയോടു പ്രാർഥിക്കാൻ അവർ എന്നെ പ്രോത്സാഹിപ്പിച്ചു. ആ ബുദ്ധിയുപദേശം ഞാൻ അപ്പോൾത്തന്നെ ബാധകമാക്കി. നിശ്ശബ്ദമായാണെങ്കിലും ഹൃദയംഗമമായി ഞാൻ യഹോവയോടു പ്രാർഥിച്ചു. എന്റെ സങ്കടത്തിൽ എന്നെ താങ്ങണമേയെന്നു ഞാൻ അവനോട് അപേക്ഷിച്ചു. അവൻ എന്റെ പ്രാർഥന കേട്ടു!” ഇലേന്റെ അവസ്ഥ മെച്ചപ്പെട്ടു. താമസിയാതെ അവളുടെ ശരീരവേദന പോലും ഇല്ലാതായി.
വിശേഷിച്ചും സഭയിലെ മൂപ്പന്മാർക്കു ദുഃഖാർത്തരായ വിധവമാരോട് ദയാപൂർവകമായ ഒരു വിധത്തിൽ സൗഹൃദം പ്രകടിപ്പിക്കാനാകും. വിവേചനയോടും നയത്തോടും കൂടെ ക്രമമായ ആത്മീയ പിന്തുണയും ആശ്വാസവും പ്രദാനം ചെയ്തുകൊണ്ട് പ്രതികൂല സാഹചര്യങ്ങളിന്മധ്യേയും യഹോവയോട് അടുത്തുനിൽക്കാൻ മൂപ്പന്മാർക്ക് അവരെ സഹായിക്കാവുന്നതാണ്. സാമ്പത്തിക സഹായം ആവശ്യമുള്ളപ്പോൾ അതിനുള്ള ക്രമീകരണങ്ങളും മൂപ്പന്മാർക്കു ചെയ്തുകൊടുക്കാവുന്നതാണ്. അനുകമ്പയും വിവേചനയും പ്രകടമാക്കുന്ന അത്തരം മൂപ്പന്മാർ യഥാർഥത്തിൽ ‘കാറ്റിൽ നിന്നുള്ള ഒരു മറവ്’ തന്നെ ആയിരിക്കും.—യെശയ്യാവു 32:2; പ്രവൃത്തികൾ 6:1-3.
ഭൂമിയുടെ പുതിയ രാജാവു കൈവരുത്തുന്ന ശാശ്വത ആശ്വാസം
ഏകദേശം രണ്ടായിരം വർഷം മുമ്പ് ഹന്നാ കണ്ടു സന്തോഷിച്ച ശിശു ഇന്ന് ദൈവത്തിന്റെ സ്വർഗീയ രാജ്യത്തിന്റെ മിശിഹൈക രാജാവാണ്. അവന്റെ ഭരണാധിപത്യം പെട്ടെന്നുതന്നെ മരണം ഉൾപ്പെടെ ദുഃഖത്തിന് ഇടയാക്കുന്ന സകല സംഗതികളും നീക്കിക്കളയും. അതിനോടുള്ള ബന്ധത്തിൽ വെളിപ്പാടു 21:3-5 ഇങ്ങനെ പറയുന്നു: “ഇതാ, മനുഷ്യരോടുകൂടെ ദൈവത്തിന്റെ കൂടാരം; അവൻ അവരോടുകൂടെ വസിക്കും; അവർ അവന്റെ ജനമായിരിക്കും; ദൈവം താൻ അവരുടെ ദൈവമായി അവരോടുകൂടെ ഇരിക്കും. അവൻ അവരുടെ കണ്ണിൽനിന്നു കണ്ണുനീർ എല്ലാം തുടെച്ചുകളയും. ഇനി മരണം ഉണ്ടാകയില്ല; ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല; ഒന്നാമത്തേതു കഴിഞ്ഞുപോയി.” ഇവിടെ ‘മനുഷ്യരെ’ കുറിച്ചാണു പറയുന്നതെന്നു നിങ്ങൾ ശ്രദ്ധിച്ചോ? അതേ, മനുഷ്യർ മരണത്തിൽനിന്നും അതിന്റെ ഫലമായുള്ള ദുഃഖത്തിൽനിന്നും മുറവിളിയിൽനിന്നും മോചിതരാക്കപ്പെടും.
തീർന്നില്ല, ഇനിയുമുണ്ട് സന്തോഷ വാർത്ത! മരിച്ചവരുടെ ഒരു പുനരുത്ഥാനത്തെ കുറിച്ചും ബൈബിൾ പറയുന്നു. “കല്ലറകളിൽ ഉള്ളവർ എല്ലാവരും അവന്റെ ശബ്ദം കേട്ടു . . . പുനരുത്ഥാനം ചെയ്വാനുള്ള നാഴിക വരുന്നു.” (യോഹന്നാൻ 5:28, 29) യേശു മരിച്ചവരിൽനിന്ന് ഉയിർപ്പിച്ച ലാസറിനെപ്പോലെ ഇവരും മനുഷ്യരായിട്ടായിരിക്കും ഉയിർപ്പിക്കപ്പെടുക, അല്ലാതെ ആത്മവ്യക്തികളായിട്ടായിരിക്കില്ല. (യോഹന്നാൻ 11:43, 44) തുടർന്ന് ‘നന്മ പ്രവർത്തിക്കുന്നവർ’ മനുഷ്യ പൂർണതയിലേക്കു വരുത്തപ്പെടും. യഹോവ ‘തൃക്കൈ തുറന്നു ജീവനുള്ളതിന്നൊക്കെയും തൃപ്തിവരുത്തുമ്പോൾ’ അവർ അവന്റെ പിതൃനിർവിശേഷമായ പരിപാലനം നേരിട്ട് അനുഭവിക്കും.—സങ്കീർത്തനം 145:16.
തങ്ങളുടെ പ്രിയപ്പെട്ടവർ മരിച്ചുപോയിട്ടുള്ള പലർക്കും ഉറപ്പുള്ള ഈ പ്രത്യാശയിൽ വിശ്വാസമർപ്പിച്ചതിലൂടെ വലിയ ആശ്വാസം ലഭിച്ചിട്ടുണ്ട്. (1 തെസ്സലൊനീക്യർ 4:13) അതുകൊണ്ട്, നിങ്ങൾ ഒരു വിധവയാണെങ്കിൽ നിങ്ങളുടെ വിവിധ ഭാരങ്ങൾ പേറാൻ ദിവസേന നിങ്ങൾക്ക് ആവശ്യമായ സഹായത്തിനും ആശ്വാസത്തിനുമായി ‘ഇടവിടാതെ പ്രാർഥിക്കുന്നുവെന്ന്’ ഉറപ്പു വരുത്തുക. (1 തെസ്സലൊനീക്യർ 5:17; 1 പത്രൊസ് 5:7) ദിവസവും ദൈവവചനം വായിക്കാൻ സമയമെടുക്കുക. അങ്ങനെയാകുമ്പോൾ ദൈവിക ചിന്തകൾക്കു നിങ്ങളെ ആശ്വസിപ്പിക്കാൻ കഴിയും. ഇതൊക്കെ ചെയ്യുന്നെങ്കിൽ ഒരു വിധവയെന്ന നിലയിൽ നിങ്ങൾ നേരിടുന്ന പ്രയാസങ്ങൾക്കും വെല്ലുവിളികൾക്കും മധ്യേയും സമാധാനം അനുഭവിക്കാൻ യഹോവയ്ക്കു നിങ്ങളെ സഹായിക്കാനാകുമെന്നു നിങ്ങൾ കണ്ടെത്തും.
[5-ാം പേജിലെ ആകർഷക വാക്യം]
സഹായം നൽകുക എന്നതിന്റെ അർഥം മറ്റുള്ളവരുടെ സ്വകാര്യതയെ മാനിക്കുകയും അതേസമയം അവർക്കു സഹായം ആവശ്യമുള്ളപ്പോൾ അതു നൽകാൻ തയ്യാറായിരിക്കുകയും ചെയ്യുക എന്നാണ്
[7-ാം പേജിലെ ചിത്രം]
ഹന്നാ എന്ന വൃദ്ധയായ വിധവയെ യഹോവ അനുഗ്രഹിച്ചു