അന്ത്യം സമീപിക്കവേ ‘സുബോധം’
“എല്ലാ കാര്യങ്ങളുടെയും അവസാനം സമീപിച്ചിരിക്കുന്നു. ആകയാൽ സുബോധമുള്ളവരായിരിപ്പിൻ.”—1 പത്രൊസ് 4:7, NW.
1. “സുബോധമുള്ളവരായിരി”ക്കുന്നതിൽ എന്താണ് ഉൾപ്പെട്ടിരിക്കുന്നത്?
അപ്പോസ്തലനായ പത്രൊസിന്റെ മേൽപ്പറഞ്ഞ വാക്കുകൾക്കു ക്രിസ്ത്യാനികളുടെ ജീവിതരീതിയിൽ അത്യധികം സ്വാധീനമുണ്ടായിരിക്കണം. എന്നിരുന്നാലും, ലൗകിക ഉത്തരവാദിത്വങ്ങളിൽനിന്നും ജീവിതോത്കണ്ഠകളിൽനിന്നും പിന്തിരിഞ്ഞോടണമെന്നു പത്രൊസ് തന്റെ വായനക്കാരോടു പറഞ്ഞില്ല; ആസന്നമായ നാശത്തെക്കുറിച്ച് മനോവിഹ്വലരായിരിക്കാൻ അവൻ അവരെ പ്രോത്സാഹിപ്പിച്ചുമില്ല. പകരം അവൻ ഉദ്ബോധിപ്പിച്ചു: “സുബോധമുള്ളവരായിരിപ്പിൻ.” “സുബോധമുള്ളവരായിരി”ക്കുന്നതിൽ നല്ല ന്യായബോധം കാണിക്കുന്നതും സംസാരത്തിലും പ്രവർത്തനങ്ങളിലും ജ്ഞാനവും വിവേകവും യുക്തിബോധവും പ്രകടമാക്കുന്നതും ഉൾപ്പെടുന്നു. നമ്മുടെ ചിന്തയെയും പ്രവർത്തനങ്ങളെയും ഭരിക്കാൻ ദൈവവചനത്തെ അനുവദിക്കണമെന്നാണ് അതിന്റെ അർഥം. (റോമർ 12:2) “വക്രതയും കോട്ടവുമുള്ള തലമുറയുടെ നടുവിൽ” നാം ജീവിക്കുന്നതിനാൽ പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും ഒഴിവാക്കുന്നതിനു സുബോധമുള്ള ഒരു മനസ്സ് ആവശ്യമാണ്.—ഫിലിപ്പിയർ 2:15.
2. യഹോവയുടെ ക്ഷമ ക്രിസ്ത്യാനികൾക്ക് ഇന്നു പ്രയോജനം ചെയ്യുന്നതെങ്ങനെ?
2 നമ്മെക്കുറിച്ചുതന്നെ സമചിത്തതയുള്ള, വാസ്തവികമായ ഒരു വീക്ഷണമുണ്ടായിരിക്കാനും ‘സുബോധം’ നമ്മെ സഹായിക്കുന്നു. (തീത്തൊസ് 2:12; റോമർ 12:3) 2 പത്രൊസ് 3:9-ൽ രേഖപ്പെടുത്തിയിരിക്കുന്ന വാക്കുകളുടെ വീക്ഷണത്തിൽ ഇത് അനിവാര്യമാണ്: “ചിലർ താമസം എന്നു വിചാരിക്കുന്നതുപോലെ കർത്താവു തന്റെ വാഗ്ദത്തം നിവർത്തിപ്പാൻ താമസിക്കുന്നില്ല. ആരും നശിച്ചുപോകാതെ എല്ലാവരും മാനസാന്തരപ്പെടുവാൻ അവൻ ഇച്ഛിച്ചു നിങ്ങളോടു ദീർഘക്ഷമ കാണിക്കുന്നതേയുള്ളു.” യഹോവ അവിശ്വാസികളോടു മാത്രമല്ല ‘നിങ്ങളോടും’—ക്രിസ്തീയ സഭയിലെ അംഗങ്ങളോടും—ക്ഷമയുള്ളവനാണ്. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ ‘ആരും നശിച്ചുപോകാതിരിക്കാൻ അവൻ ഇച്ഛിക്കുന്നു.’ നിത്യജീവനെന്ന ദാനത്തിനു യോഗ്യത നേടാനായി ചിലർക്ക് ഒരുപക്ഷേ ഇപ്പോഴും മാറ്റങ്ങളും പൊരുത്തപ്പെടുത്തലുകളും വരുത്തേണ്ടതുണ്ടായിരിക്കാം. അതുകൊണ്ട്, ചില പൊരുത്തപ്പെടുത്തലുകൾ ആവശ്യമായിരുന്നേക്കാവുന്ന മണ്ഡലങ്ങൾ നമുക്കു പരിശോധിക്കാം.
നമ്മുടെ വ്യക്തിപരമായ ബന്ധങ്ങളിൽ ‘സുബോധം’
3. കുട്ടികളെക്കുറിച്ചു മാതാപിതാക്കൾക്ക് ഏതു ചോദ്യങ്ങൾ സ്വയം ചോദിക്കാവുന്നതാണ്?
3 ഭവനം സമാധാനത്തിന്റെ ഒരു സങ്കേതമായിരിക്കണം. എന്നാൽ അതു മിക്കവരുടെയും കാര്യത്തിൽ ‘ഒരു കലഹ ഭവന’മാണ്. (സദൃശവാക്യങ്ങൾ 17:1, NW) നിങ്ങളുടെ കുടുംബമോ? ‘ക്രോധം, കൂററാരം, ദൂഷണം’ എന്നിവയിൽനിന്നു വിമുക്തമാണോ അത്? (എഫെസ്യർ 4:31) നിങ്ങളുടെ കുട്ടികളെ സംബന്ധിച്ചെന്ത്? സ്നേഹിക്കപ്പെടുകയും വിലമതിക്കപ്പെടുകയും ചെയ്യുന്നതായി അവർക്കു തോന്നുന്നുണ്ടോ? (ലൂക്കൊസ് 3:22 താരതമ്യം ചെയ്യുക.) അവരെ പഠിപ്പിക്കുന്നതിനും പരിശീലിപ്പിക്കുന്നതിനും നിങ്ങൾ സമയമെടുക്കുന്നുണ്ടോ? ക്രോധത്തോടെയും കോപത്തോടെയും ആയിരിക്കുന്നതിനു പകരം, നിങ്ങൾ “നീതിയിൽ” അവർക്കു “ശിക്ഷണം” കൊടുക്കുന്നുണ്ടോ? (2 തിമൊഥെയൊസ് 3:16, NW) കുട്ടികൾ “യഹോവ നല്കുന്ന അവകാശ”മായതിനാൽ അവരോട് പെരുമാറുന്ന വിധത്തിൽ അവന് അതിയായ താത്പര്യമുണ്ട്.—സങ്കീർത്തനം 127:3.
4. (എ) ഭർത്താവു ഭാര്യയോട് പരുക്കൻ രീതിയിൽ പെരുമാറുന്നെങ്കിൽ ഫലമെന്തായിരുന്നേക്കാം? (ബി) ഭാര്യമാർക്ക് ദൈവവുമായുള്ള സമാധാനവും മുഴുകുടുംബത്തിലെ സന്തുഷ്ടിയും എങ്ങനെ വർധിപ്പിക്കാനാകും?
4 നമ്മുടെ വിവാഹിത ഇണയുടെ കാര്യമോ? “ഭർത്താക്കൻമാരും തങ്ങളുടെ ഭാര്യമാരെ സ്വന്ത ശരീരങ്ങളെപ്പോലെ സ്നേഹിക്കേണ്ടതാകുന്നു. ഭാര്യയെ സ്നേഹിക്കുന്നവൻ തന്നെത്താൻ സ്നേഹിക്കുന്നു. ആരും തന്റെ ജഡത്തെ ഒരുനാളും പകെച്ചിട്ടില്ലല്ലോ; ക്രിസ്തുവും സഭയെ ചെയ്യുന്നതുപോലെ അതിനെ പോററി പുലർത്തുകയത്രേ ചെയ്യുന്നതു.” (എഫെസ്യർ 5:28, 29) നിന്ദകനോ മേധാവിത്വസ്വഭാവമുള്ളവനോ ന്യായരഹിതനോ ആയ ഒരു പുരുഷൻ തന്റെ ഭവനത്തിലെ പ്രശാന്തത അപകടപ്പെടുത്തുക മാത്രമല്ല, ദൈവവുമായുള്ള തന്റെ ബന്ധത്തിനു തുരങ്കംവെക്കുകയും ചെയ്യുന്നു. (1 പത്രൊസ് 3:7) ഭാര്യമാരെക്കുറിച്ചെന്ത്? സമാനമായി അവർ ‘കർത്താവിന്നു എന്നപോലെ സ്വന്ത ഭർത്താക്കൻമാർക്കു കീഴടങ്ങിയിരിക്കണം.’ (എഫെസ്യർ 5:22) ദൈവത്തെ പ്രസാദിപ്പിക്കണം എന്ന ചിന്തയുണ്ടായിരിക്കുന്നത് ഭർത്താവിന്റെ തെറ്റുകൾ അവഗണിക്കാനും നീരസമില്ലാതെ അദ്ദേഹത്തിനു കീഴ്പെട്ടിരിക്കാനും ഭാര്യയെ സഹായിക്കുന്നു. തന്റെ അഭിപ്രായം തുറന്നു പ്രകടിപ്പിക്കാൻ താൻ ബാധ്യസ്ഥയാണെന്ന് ചിലപ്പോഴൊക്കെ ഭാര്യയ്ക്കു തോന്നിയേക്കാം. സാമർഥ്യമുള്ള ഭാര്യയെക്കുറിച്ച് സദൃശവാക്യങ്ങൾ 31:26 (NW) ഇങ്ങനെ പറയുന്നു: “അവൾ ജ്ഞാനത്തോടെ തന്റെ വായ് തുറന്നിരിക്കുന്നു; സ്നേഹാർദ്രതയുടെ നിയമം അവളുടെ നാവിന്മേലുണ്ടു.” ആർദ്രതയോടും ആദരവോടുംകൂടെ ഭർത്താവിനോടു പെരുമാറുമ്പോൾ അവൾ ദൈവവുമായി സമാധാനം നിലനിർത്തുകയും മുഴുകുടുംബത്തിന്റെയും സന്തുഷ്ടി വർധിപ്പിക്കുകയും ചെയ്യുന്നു.—സദൃശവാക്യങ്ങൾ 14:1.
5. മാതാപിതാക്കളോടുള്ള പെരുമാറ്റം സംബന്ധിച്ച ബൈബിൾ ബുദ്ധ്യുപദേശം ചെറുപ്പക്കാർ അനുസരിക്കേണ്ടതെന്തുകൊണ്ട്?
5 ചെറുപ്പക്കാരേ, മാതാപിതാക്കളോടു നിങ്ങൾ എങ്ങനെയാണ് ഇടപെടുന്നത്? ലോകം മിക്കപ്പോഴും അനുവദിക്കുന്നതരത്തിലുള്ള പരിഹാസദ്യോതകമോ അനാദരണീയമോ ആയ സംസാരം നിങ്ങൾ ഉപയോഗിക്കുന്നുവോ? അതോ, “മക്കളേ, നിങ്ങളുടെ അമ്മയപ്പൻമാരെ കർത്താവിൽ അനുസരിപ്പിൻ; അതു ന്യായമല്ലോ. ‘നിനക്കു നൻമ ഉണ്ടാകുവാനും നീ ഭൂമിയിൽ ദീർഘായുസ്സോടിരിപ്പാനും നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്ക’ എന്നതു വാഗ്ദത്തത്തോടുകൂടിയ ആദ്യകല്പന ആകുന്നു” എന്ന ബൈബിൾ കൽപ്പന നിങ്ങൾ അനുസരിക്കുന്നുവോ?—എഫെസ്യർ 6:1-3.
6. സഹാരാധകരുമായുള്ള സമാധാനം നമുക്കെങ്ങനെ തേടാൻ കഴിയും?
6 സഹക്രിസ്ത്യാനികളോടുള്ള ബന്ധത്തിൽ “സമാധാനം അന്വേഷിച്ചു പിന്തുടരു”മ്പോഴും നാം ‘സുബോധം’ പ്രകടിപ്പിക്കുന്നു. (1 പത്രൊസ് 3:11) ഇടയ്ക്കിടെ വിയോജിപ്പുകളും തെറ്റിദ്ധാരണകളും ഉയർന്നുവരുന്നു. (യാക്കോബ് 3:2) ശത്രുത വളരാൻ അനുവദിച്ചാൽ മുഴുസഭയുടെയും സമാധാനം അപകടത്തിലായേക്കാം. (ഗലാത്യർ 5:15) അതുകൊണ്ട് തർക്കങ്ങൾ ഉടനടി പരിഹരിക്കുക; സമാധാനപരമായ പരിഹാരങ്ങൾ തേടുക.—മത്തായി 5:23-25; എഫെസ്യർ 4:26; കൊലൊസ്സ്യർ 3:13, 14.
‘സുബോധവും’ കുടുംബ ഉത്തരവാദിത്വങ്ങളും
7. (എ) ലൗകിക കാര്യങ്ങളിൽ ‘സുബോധം’ കാണിക്കാൻ പൗലൊസ് പ്രോത്സാഹിപ്പിച്ചതെങ്ങനെ? (ബി) കുടുംബ ഉത്തരവാദിത്വങ്ങളോടു ക്രിസ്തീയ ഭാര്യാഭർത്താക്കൻമാർക്ക് എന്തു മനോഭാവമുണ്ടായിരിക്കണം?
7 ‘സുബോധത്തോടു കൂടെ ജീവിക്കാ’ൻ അപ്പോസ്തലനായ പൗലൊസ് ക്രിസ്ത്യാനികളെ ഉപദേശിച്ചു. (തീത്തൊസ് 2:13) “ഭർത്തൃപ്രിയമാരും പുത്രപ്രിയമാരും സുബോധവും പാതിവ്രത്യവുമുള്ളവരും വീട്ടുകാര്യം നോക്കുന്നവരും” ആയിരിക്കാൻ പ്രസ്തുത സന്ദർഭത്തിൽ പൗലൊസ് സ്ത്രീകളെ ഉദ്ബോധിപ്പിക്കുന്നത് രസാവഹമാണ്. (തീത്തൊസ് 2:4, 5) യഹൂദവ്യവസ്ഥിതിയുടെ അവസാനത്തിന് ഏതാനും വർഷം മുമ്പ്, പൊ.യു. 61-64 കാലഘട്ടത്തിലാണ് പൗലൊസ് അതെഴുതിയത്. എങ്കിലും, വീട്ടുജോലി പോലുള്ള ലൗകിക കാര്യങ്ങൾ അപ്പോഴും പ്രാധാന്യമർഹിക്കുന്നതായിരുന്നു. അതുകൊണ്ട്, “ദൈവവചനം ദുഷിക്കപ്പെടാതിരിക്കേണ്ടതിന്നു” ഭാര്യാഭർത്താക്കൻമാർ ഇരുവരും തങ്ങളുടെ കുടുംബ ഉത്തരവാദിത്വങ്ങൾ സംബന്ധിച്ച് ആരോഗ്യാവഹമായ, ക്രിയാത്മകമായ ഒരു വീക്ഷണം നിലനിർത്തണം. തന്റെ ഭവനം നാണക്കേടുളവാക്കുന്ന അവസ്ഥയിലായിരുന്നതിൽ ഒരു കുടുംബത്തലവൻ ഒരു സന്ദർശകനോട് മാപ്പുപറഞ്ഞു. “താൻ പയനിയറിങ് ചെയ്യുകയായിരുന്നതിനാൽ” അത് അറ്റകുറ്റപ്പണികൾ നടത്താത്ത നിലയിലാണെന്ന് അദ്ദേഹം വിശദീകരിച്ചു. രാജ്യത്തിനുവേണ്ടി ത്യാഗങ്ങൾ ചെയ്യുന്നത് അഭിനന്ദനാർഹമാണ്, എന്നാൽ നമ്മുടെ കുടുംബത്തിന്റെ ക്ഷേമം അപകടപ്പെടുത്താതിരിക്കാൻ നാം ശ്രദ്ധിക്കണം.
8. കുടുംബത്തിന്റെ ആവശ്യങ്ങൾക്കായി കുടുംബത്തലവൻമാർക്കു സമനിലയോടെ കരുതാൻ കഴിയുന്നതെങ്ങനെ?
8 തന്റെ കുടുംബത്തിനുവേണ്ടി കരുതാത്ത ഒരുവൻ “വിശ്വാസം തള്ളിക്കളഞ്ഞു അവിശ്വാസിയെക്കാൾ അധമനായിരിക്കുന്നു” എന്ന് പറഞ്ഞുകൊണ്ട് തങ്ങളുടെ കുടുംബത്തിന് മുൻഗണന നൽകാൻ പിതാക്കൻമാരെ ബൈബിൾ ഉദ്ബോധിപ്പിക്കുന്നു. (1 തിമൊഥെയൊസ് 5:8) ജീവിതനിലവാരങ്ങൾ ലോകത്തുടനീളം വ്യത്യാസപ്പെട്ടിരിക്കുന്നു. ഭൗതിക പ്രതീക്ഷകളിൽ മിതത്വം പാലിക്കുന്നതു നല്ലതാണ്. “ദാരിദ്ര്യവും സമ്പത്തും എനിക്കു തരാതെ”യിരിക്കണമെന്ന് സദൃശവാക്യങ്ങൾ 30:8-ന്റെ എഴുത്തുകാരൻ പ്രാർഥിച്ചു. എന്നിരുന്നാലും, മാതാപിതാക്കൾ തങ്ങളുടെ കുട്ടികളുടെ ഭൗതികാവശ്യങ്ങൾ അവഗണിക്കരുത്. ദൃഷ്ടാന്തത്തിന്, ദിവ്യാധിപത്യ പദവികൾ പിന്തുടരാൻവേണ്ടി കുടുംബത്തിന്റെ അടിസ്ഥാന ജീവിതാവശ്യങ്ങൾ മനഃപൂർവം നിഷേധിക്കുന്നത് ജ്ഞാനമായിരിക്കുമോ? അതിനു കുട്ടികളിൽ കയ്പേറിയ വികാരങ്ങൾ ഇളക്കിവിടാനാവില്ലേ? നേരേമറിച്ച്, സദൃശവാക്യങ്ങൾ 24:27 പറയുന്നു: “വെളിയിൽ നിന്റെ വേല ചെയ്ക; വയലിൽ എല്ലാം തീർക്കുക; പിന്നെത്തേതിൽ നിന്റെ വീടു പണിയുക [“കുടുംബത്തെ കെട്ടുപണിചെയ്യുകയും വേണം,” NW].” അതേ, ഭൗതിക കാര്യങ്ങൾക്കായുള്ള താത്പര്യത്തിന് അതിന്റേതായ സ്ഥാനമുള്ളപ്പോൾത്തന്നെ, ആത്മീയമായും വൈകാരികമായും ‘ഒരുവന്റെ കുടുംബത്തെ കെട്ടുപണിചെയ്യുന്നത്’ മർമപ്രധാനമാണ്.
9. കുടുംബത്തലവൻമാർ തങ്ങളുടെ മരണത്തിന്റെയോ രോഗത്തിന്റെയോ സാധ്യത പരിഗണിക്കുന്നത് ജ്ഞാനമായിരിക്കുന്നതെന്തുകൊണ്ട്?
9 നിങ്ങൾക്ക് അകാലമരണം സംഭവിക്കുന്നപക്ഷം, നിങ്ങളുടെ കുടുംബത്തിന്റെ പരിപാലനത്തിനായി നിങ്ങൾ കരുതൽ ചെയ്തിട്ടുണ്ടോ? സദൃശവാക്യങ്ങൾ 13:22 പറയുന്നു: “ഗുണവാൻ മക്കളുടെ മക്കൾക്കു അവകാശം വെച്ചേക്കുന്നു.” യഹോവയെക്കുറിച്ചുള്ള പരിജ്ഞാനവും അവനുമായുള്ള ബന്ധവും ഒരവകാശമായി നൽകുന്നതിനുപുറമേ ഭൗതികമായും തങ്ങളുടെ കുട്ടികൾക്കു കരുതൽ ചെയ്യുന്നതിൽ മാതാപിതാക്കൾ തത്പരരായിരിക്കും. അനേകം രാജ്യങ്ങളിൽ ഉത്തരവാദിത്വബോധമുള്ള കുടുംബത്തലവൻമാർ കുറെ സമ്പാദ്യമോ നിയമപരമായ ഒരു വിൽപ്പത്രമോ ഇൻഷ്വറൻസോ ഉണ്ടായിരിക്കാൻ ശ്രമിക്കുന്നു. “കാലവും മുൻകൂട്ടിക്കാണാൻ കഴിയാത്ത സംഭവവും” ഭവിക്കുന്നതിൽനിന്നു ദൈവജനം ഒഴിവുള്ളവരല്ലല്ലോ. (സഭാപ്രസംഗി 9:11) “ദ്രവ്യവും ഒരു ശരണം” ആണ്. ശ്രദ്ധാപൂർവമുള്ള ആസൂത്രണത്തിനു മിക്കപ്പോഴും ബുദ്ധിമുട്ട് ഒഴിവാക്കാനാകും. (സഭാപ്രസംഗി 7:12) വൈദ്യശുശ്രൂഷയ്ക്കു ഗവൺമെൻറ് പണം നൽകാത്ത രാജ്യങ്ങളിൽ ആരോഗ്യാവശ്യങ്ങൾക്കായി ചിലർ പണം നീക്കിവെക്കാനോ ഏതെങ്കിലും തരത്തിലുള്ള ആരോഗ്യ ഇൻഷ്വറൻസ് എടുക്കാനോ താത്പര്യപ്പെട്ടേക്കാം.a
10. ക്രിസ്തീയ മാതാപിതാക്കൾക്കു തങ്ങളുടെ കുട്ടികൾക്കായി എങ്ങനെ “ചരതി”ച്ചുവെക്കാവുന്നതാണ്?
10 “മക്കൾ അമ്മയപ്പൻമാർക്കല്ല അമ്മയപ്പൻമാർ മക്കൾക്കായിട്ടല്ലോ ചരതിക്കേണ്ടതു” എന്നും തിരുവെഴുത്തുകൾ പറയുന്നു. (2 കൊരിന്ത്യർ 12:14) കുട്ടികളുടെ ജീവിതത്തിന് നല്ലൊരു തുടക്കമുണ്ടായിരിക്കാൻ മാതാപിതാക്കൾ അവരുടെ ഭാവിവിദ്യാഭ്യാസത്തിനും വിവാഹത്തിനും വേണ്ടി പണം സ്വരുക്കൂട്ടുന്നത് ലോകത്തു സാധാരണമാണ്. കുട്ടിയുടെ ആത്മീയ ഭാവിക്കുവേണ്ടി സ്വരുക്കൂട്ടുന്നതിനെക്കുറിച്ചു നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? ദൃഷ്ടാന്തത്തിന്, മുതിർന്ന ഒരു കുട്ടി മുഴുസമയ ശുശ്രൂഷ പിന്തുടരുന്നുവെന്നു കരുതുക. മുഴുസമയ സേവകർ മറ്റുള്ളവരിൽനിന്നു സാമ്പത്തിക സഹായം ആവശ്യപ്പെടുകയോ പ്രതീക്ഷിക്കുകയോ ചെയ്യരുതെങ്കിലും, മുഴുസമയസേവനത്തിൽ തുടരാൻ സഹായിക്കുന്നതിനു സ്നേഹമുള്ള മാതാപിതാക്കൾ ‘അവന്റെ ആവശ്യങ്ങളനുസരിച്ച് അവനു പങ്കുനൽകാൻ’ തീരുമാനിക്കും.—റോമർ 12:13, NW; 1 ശമൂവേൽ 2:18, 19; ഫിലിപ്പിയർ 4:14-18.
11. പണത്തെക്കുറിച്ച് യാഥാർഥ്യബോധമുള്ള ഒരു വീക്ഷണമുണ്ടായിരിക്കുന്നത് വിശ്വാസരാഹിത്യത്തെ സൂചിപ്പിക്കുന്നുവോ? വിശദീകരിക്കുക.
11 പണത്തെക്കുറിച്ച് യാഥാർഥ്യബോധമുള്ള ഒരു വീക്ഷണമുണ്ടായിരിക്കുന്നത് സാത്താന്റെ ദുഷ്ടവ്യവസ്ഥിതിയുടെ അന്ത്യം സമീപിച്ചിരിക്കുന്നുവെന്നതിലുള്ള വിശ്വാസരാഹിത്യത്തെയല്ല സൂചിപ്പിക്കുന്നത്. ‘പ്രായോഗിക ജ്ഞാനവും’ നല്ല ന്യായബോധവും പ്രകടിപ്പിക്കുക മാത്രമാണ് അതിൽ ഉൾപ്പെട്ടിരിക്കുന്നത്. (സദൃശവാക്യങ്ങൾ 2:7; 3:21, NW) പണം ഉപയോഗിക്കുന്നതിൽ “ഈ വ്യവസ്ഥിതിയുടെ മക്കൾ വെളിച്ചത്തിന്റെ മക്കളെക്കാൾ . . . പ്രായോഗികമായ ഒരു വിധത്തിൽ കൂടുതൽ ജ്ഞാനമുള്ളവരാണ്” എന്ന് യേശു ഒരിക്കൽ പറഞ്ഞു. (ലൂക്കൊസ് 16:8, NW) ആ സ്ഥിതിക്ക്, കുടുംബത്തിന്റെ ആവശ്യങ്ങൾക്കായി കൂടുതൽ മെച്ചമായി കരുതാൻ കഴിയേണ്ടതിന് തങ്ങളുടെ ആസ്തികൾ ഉപയോഗിക്കുന്ന വിധത്തിൽ ചില പൊരുത്തപ്പെടുത്തലുകൾ വരുത്തേണ്ടതുള്ളതായി ചിലർ കണ്ടിരിക്കുന്നതിൽ അതിശയിക്കാനില്ല.
വിദ്യാഭ്യാസം സംബന്ധിച്ച നമ്മുടെ വീക്ഷണത്തിൽ ‘സുബോധം’
12. പുതിയ സാഹചര്യങ്ങളോടു പൊരുത്തപ്പെടാൻ യേശു തന്റെ ശിഷ്യൻമാരെ പഠിപ്പിച്ചതെങ്ങനെ?
12 “ഈ ലോകത്തിന്റെ രംഗം മാറിക്കൊണ്ടിരിക്കുന്നു,” സാമ്പത്തികരംഗത്തെ വലിയ മാറ്റങ്ങളും ശാസ്ത്രസാങ്കേതിക വികാസങ്ങളും അതിവേഗം സംഭവിച്ചുകൊണ്ടിരിക്കുന്നു. (1 കൊരിന്ത്യർ 7:31, NW) എന്നാൽ, സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ യേശു തന്റെ ശിഷ്യൻമാരെ പഠിപ്പിച്ചു. അവരെ തങ്ങളുടെ ആദ്യത്തെ പ്രസംഗപരിപാടിക്ക് അയച്ചപ്പോൾ അവൻ അവരോടു പറഞ്ഞു: “മടിശ്ശീലയിൽ പൊന്നും വെള്ളിയും ചെമ്പും വഴിക്കു പൊക്കണവും രണ്ടു ഉടുപ്പും ചെരിപ്പും വടിയും കരുതരുതു; വേലക്കാരൻ തന്റെ ആഹാരത്തിന്നു യോഗ്യനല്ലോ.” (മത്തായി 10:9, 10) എന്നാൽ, പിന്നീട് ഒരവസരത്തിൽ യേശു പറഞ്ഞു: “എന്നാൽ ഇപ്പോൾ മടിശ്ശീലയുള്ളവൻ അതു എടുക്കട്ടെ; അവ്വണ്ണം തന്നേ പൊക്കണമുള്ളവനും.” (ലൂക്കൊസ് 22:36) എന്തിനാണ് മാറ്റം സംഭവിച്ചത്? സാഹചര്യങ്ങൾക്ക്. മത പരിതഃസ്ഥിതി കൂടുതൽ ശത്രുതാപരമായിത്തീർന്നിരുന്നു, ഇപ്പോൾ അവർ തങ്ങൾക്കുവേണ്ടി കരുതേണ്ടിയിരുന്നു.
13. വിദ്യാഭ്യാസത്തിന്റെ മുഖ്യോദ്ദേശ്യം എന്താണ്, ഈ സംഗതിയിൽ മാതാപിതാക്കൾക്കു കുട്ടികളെ പിന്താങ്ങാൻ കഴിയുന്നതെങ്ങനെ?
13 സമാനമായി, മാതാപിതാക്കൾ ഇന്നത്തെ സാമ്പത്തികരംഗത്തെ യാഥാർഥ്യങ്ങൾ കണക്കിലെടുക്കേണ്ടതുണ്ടായിരിക്കാം. ദൃഷ്ടാന്തത്തിന്, നിങ്ങളുടെ കുട്ടിക്കു വേണ്ടത്ര സ്കൂൾ വിദ്യാഭ്യാസം ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്താൻ നിങ്ങൾ ക്രമീകരണങ്ങൾ ചെയ്യുന്നുവോ? യഹോവയുടെ ഫലപ്രദനായ ശുശ്രൂഷകനായിരിക്കാൻ ഒരു ചെറുപ്പക്കാരനെ സജ്ജനാക്കുക എന്നതായിരിക്കണം വിദ്യാഭ്യാസത്തിന്റെ മുഖ്യോദ്ദേശ്യം. ഏറ്റവും പ്രധാനപ്പെട്ട വിദ്യാഭ്യാസം ആത്മീയ വിദ്യാഭ്യാസമാണ്. (യെശയ്യാവു 54:13) സ്വന്തം ചെലവു വഹിക്കാൻ കുട്ടികൾക്കുള്ള പ്രാപ്തിയെക്കുറിച്ചും മാതാപിതാക്കൾ ശ്രദ്ധയുള്ളവരാണ്. അതുകൊണ്ട് നിങ്ങളുടെ കുട്ടികൾക്കു മാർഗനിർദേശം നൽകുക, ഉചിതമായ പഠനവിഷയങ്ങൾ തിരഞ്ഞെടുക്കാൻ അവരെ സഹായിക്കുക, അനുബന്ധ വിദ്യാഭ്യാസം നടത്തുന്നതു ജ്ഞാനമാണോ അല്ലയോ എന്ന് അവരുമായി ചർച്ചചെയ്യുക. അത്തരം തീരുമാനങ്ങൾ ഒരു കുടുംബ ഉത്തരവാദിത്വമാണ്, അവർ സ്വീകരിക്കുന്ന ഗതിയെ മറ്റുള്ളവർ വിമർശിക്കാൻ പാടില്ല. (സദൃശവാക്യങ്ങൾ 22:6) തങ്ങളുടെ കുട്ടികളെ വീട്ടിലിരുത്തി പഠിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നവരെ സംബന്ധിച്ചോ?b അനേകർ ഈ സംഗതിയിൽ അഭിനന്ദനാർഹമായ ഒരു കൃത്യം നിർവഹിച്ചിട്ടുള്ളപ്പോൾത്തന്നെ, ചിലർ ഇത് തങ്ങൾ വിചാരിച്ചതിനെക്കാൾ കൂടുതൽ വിഷമകരമാണെന്നു കണ്ടെത്തിയിരിക്കുന്നു. അവരുടെ കുട്ടികൾക്ക് വേണ്ടത്ര വിദ്യാഭ്യാസം ലഭിക്കാതെപോയിരിക്കുന്നു. അതുകൊണ്ട് നിങ്ങൾ ഭവന അധ്യാപനം പരിഗണിക്കുന്നെങ്കിൽ, അത് മുന്നോട്ടു കൊണ്ടുപോകാൻ ആവശ്യമായ വൈദഗ്ധ്യവും ആത്മശിക്ഷണവും നിങ്ങൾക്കുണ്ടോയെന്നു വസ്തുനിഷ്ഠമായി വിലയിരുത്തിക്കൊണ്ട് ചെലവു കണക്കാക്കുക.—ലൂക്കൊസ് 14:28.
‘വലിയ കാര്യങ്ങൾ തേടരുത്’
14, 15. (എ) ബാരൂക്കിന് ആത്മീയ സമനില നഷ്ടപ്പെട്ടതെങ്ങനെ? (ബി) അവൻ ‘വലിയ കാര്യങ്ങൾ തേടുന്നത്’ ഭോഷത്തമായിരുന്നതെന്തുകൊണ്ട്?
14 ഈ വ്യവസ്ഥിതിയുടെ അന്ത്യം ഇപ്പോഴും വന്നിട്ടില്ലാത്തതിനാൽ ലോകം വെച്ചുനീട്ടുന്നതിന്റെ—പ്രശസ്തമായ ജീവിതവൃത്തികൾ, ആദായകരമായ ജോലികൾ, സമ്പത്ത് എന്നിവയുടെയൊക്കെ—പിന്നാലെ പോകാൻ ചിലർ ചായ്വുള്ളവരായിരുന്നേക്കാം. യിരെമ്യാവിന്റെ സെക്രട്ടറിയായ ബാരൂക്കിന്റെ കാര്യമെടുക്കുക. അവൻ ഇങ്ങനെ വിലപിച്ചു: “യഹോവ എന്റെ വേദനയോടു ദുഃഖം കൂട്ടിയിരിക്കുന്നു; അയ്യോ കഷ്ടം! ഞാൻ എന്റെ ഞരക്കംകൊണ്ടു തളർന്നിരിക്കുന്നു; ഒരു ആശ്വാസവും കാണുന്നില്ല.” (യിരെമ്യാവു 45:3) ബാരൂക്കിനു മടുപ്പു തോന്നി. യിരെമ്യാവിന്റെ സെക്രട്ടറിയായി സേവിക്കുന്നത് ബുദ്ധിമുട്ടുള്ള, സമ്മർദപൂരിതമായ ഒരു ജോലിയായിരുന്നു. (യിരെമ്യാവു 36:14-26) സമ്മർദത്തിന് യാതൊരന്തവും കാണാനില്ലായിരുന്നു. യെരൂശലേം നശിപ്പിക്കപ്പെടാൻ 18 വർഷം പിന്നെയും ശേഷിച്ചിരുന്നു.
15 യഹോവ ബാരൂക്കിനോടു പറഞ്ഞു: “ഞാൻ പണിതതു ഞാൻ ഇടിച്ചുകളയുന്നു, ഞാൻ നട്ടതു ഞാൻ പിഴുതെറിയുന്നു, മുഴു ദേശത്തെപോലും. എന്നാൽ നിന്നെ സംബന്ധിച്ചാണെങ്കിൽ, നീ നിനക്കായിട്ടു വലിയ കാര്യങ്ങൾ തേടിക്കൊണ്ടിരിക്കുന്നു. തേടിക്കൊണ്ടിരിക്കരുത്.” ബാരൂക്കിനു സമനില നഷ്ടപ്പെട്ടിരുന്നു. അവൻ ‘തനിക്കായി വലിയ കാര്യങ്ങൾ തേടാൻ,’ ഒരുപക്ഷേ ധനമോ പ്രാമുഖ്യതയോ സാമ്പത്തിക സുരക്ഷിതത്വമോ തേടാൻ തുടങ്ങിയിരുന്നു. യഹോവ “മുഴു ദേശത്തെപോലും” പിഴുതെറിയുകയായിരുന്നതിനാൽ അത്തരം കാര്യങ്ങൾ തേടുന്നതിൽ എന്തർഥമാണുണ്ടായിരുന്നത്? അതുകൊണ്ട് യഹോവ ബാരൂക്കിനെ ചിന്തോദ്ദീപകമായി ഇങ്ങനെ ഓർമിപ്പിച്ചു: “എന്തെന്നാൽ ഞാൻ സർവ്വജഡത്തിന്നും ഒരനർത്ഥം വരുത്തുകയാണ് . . . , നീ പോയേക്കാവുന്ന എല്ലായിടത്തും ഞാൻ നിന്റെ ദേഹി നിനക്കു ഒരു കൊള്ളയെന്നപോലെ തരും.” ഭൗതികസ്വത്തുക്കൾ യെരൂശലേമിന്റെ നാശത്തെ അതിജീവിക്കുമായിരുന്നില്ല! “ഒരു കൊള്ളയെന്നപോലെ”യായിരിക്കുമെന്ന് യഹോവ വാഗ്ദാനം ചെയ്തത് അവന്റെ “ദേഹി”യുടെ രക്ഷ മാത്രമായിരുന്നു.—യിരെമ്യാവു 45:4, 5, NW.
16. ബാരൂക്കിന്റെ അനുഭവത്തിൽനിന്ന് യഹോവയുടെ ജനത്തിന് ഇന്ന് എന്തു പാഠം പഠിക്കാനാകും?
16 ബാരൂക്ക് യഹോവ നൽകിയ തിരുത്തലിനു ശ്രദ്ധ കൊടുത്തു. യഹോവയുടെ വാഗ്ദാനം പോലെതന്നെ ബാരൂക്ക് ജീവനോടെ രക്ഷപ്പെട്ടു. (യിരെമ്യാവു 43:6, 7) ഇന്നത്തെ യഹോവയുടെ ജനത്തിന് എന്തൊരു ശക്തമായ പാഠം! ഇത് ‘നമുക്കായി വലിയ കാര്യങ്ങൾ തേടാനുള്ള’ സമയമല്ല. എന്തുകൊണ്ട്? കാരണം “ലോകവും അതിന്റെ മോഹവും ഒഴിഞ്ഞുപോകുന്നു.”—1 യോഹന്നാൻ 2:17.
ശേഷിക്കുന്ന സമയം ഏറ്റവും മെച്ചമായി ഉപയോഗിക്കൽ
17, 18. (എ) നീനെവേക്കാർ അനുതപിച്ചപ്പോൾ യോനാ പ്രതികരിച്ചതെങ്ങനെ? (ബി) യഹോവ യോനായെ ഏതു പാഠം പഠിപ്പിച്ചു?
17 അപ്പോൾ, ശേഷിക്കുന്ന സമയം നമുക്കെങ്ങനെ ഏറ്റവും മെച്ചമായി ഉപയോഗിക്കാൻ കഴിയും? പ്രവാചകനായ യോനായുടെ അനുഭവത്തിൽനിന്നു പഠിക്കുക. അവൻ “നീനെവേയിലേക്കു ചെന്നു . . . ഇനി നാല്പതു ദിവസം കഴിഞ്ഞാൽ നീനെവേ ഉന്മൂലമാകും എന്നു ഘോഷിച്ചുപറഞ്ഞു.” യോനായെ അതിശയിപ്പിച്ചുകൊണ്ട്, നീനെവേക്കാർ അവന്റെ സന്ദേശത്തോടു പ്രതികരിക്കുകയും അനുതപിക്കുകയും ചെയ്തു! യഹോവ നഗരത്തെ നശിപ്പിച്ചില്ല. യോനായുടെ പ്രതികരണമോ? “യഹോവേ, എന്റെ പ്രാണനെ എടുത്തുകൊള്ളേണമേ; ജീവിച്ചിരിക്കുന്നതിനെക്കാൾ മരിക്കുന്നതു എനിക്കു നന്നു.”—യോനാ 3:3, 4; 4:3.
18 അപ്പോൾ യഹോവ യോനായെ ഒരു പ്രധാനപ്പെട്ട പാഠം പഠിപ്പിച്ചു. യോനായുടെ “തലെക്കു തണൽ ആയിരിക്കേണ്ടതിന്നു യഹോവയായ ദൈവം ഒരു ആവണക്കു കല്പിച്ചുണ്ടാക്കി. . . . യോനാ ആവണക്കുനിമിത്തം അത്യന്തം സന്തോഷിച്ചു.” എന്നാൽ ആ ചെടി പെട്ടെന്ന് ഉണങ്ങിപ്പോയതിനാൽ യോനായുടെ സന്തോഷം ഹ്രസ്വകാലത്തേക്കേ ഉണ്ടായിരുന്നുള്ളൂ. തനിക്കുണ്ടായ അസൗകര്യം നിമിത്തം യോനാ ‘കോപിച്ചു.’ “ആവണക്കിനെക്കുറിച്ചു നിനക്കു അയ്യോഭാവം തോന്നുന്നുവല്ലോ. എന്നാൽ വലങ്കയ്യും ഇടങ്കയ്യും തമ്മിൽ തിരിച്ചറിഞ്ഞുകൂടാത്ത ഒരു ലക്ഷത്തിരുപതിനായിരത്തിൽ ചില്വാനം മനുഷ്യരും അനേകം മൃഗങ്ങളുമുള്ള മഹാനഗരമായ നീനെവേയോടു എനിക്കു അയ്യോഭാവം തോന്നരുതോ” എന്നു ചോദിച്ചുകൊണ്ട് യഹോവ തന്റെ വാദഗതി ഊന്നിപ്പറഞ്ഞു.—യോനാ 4:6, 7, 9-11.
19. ഏതു സ്വാർഥ ചിന്താഗതി ഒഴിവാക്കാനാണു നാം ആഗ്രഹിക്കുന്നത്?
19 യോനായുടെ ന്യായവാദം എത്ര സ്വാർഥപരമായിരുന്നു! ഒരു ചെടിയെക്കുറിച്ച് അവനു സങ്കടം തോന്നി. എന്നാൽ ആത്മീയമായി പറഞ്ഞാൽ, “വലങ്കയ്യും ഇടങ്കയ്യും തമ്മിൽ തിരിച്ചറിഞ്ഞുകൂടാത്ത” നീനെവേയിലെ ജനങ്ങളോട് അവന് അൽപ്പംപോലും സഹതാപം തോന്നിയില്ല. സമാനമായി, ഈ ദുഷ്ടലോകത്തിന്റെ നാശം നാം അതിയായി ആഗ്രഹിച്ചേക്കാം, അത് ഉചിതമാണുതാനും! (2 തെസ്സലൊനീക്യർ 1:8) എന്നിരുന്നാലും, അതിനായി കാത്തിരിക്കവേ, ആത്മീയമായി പറഞ്ഞാൽ, “വലങ്കയ്യും ഇടങ്കയ്യും തമ്മിൽ തിരിച്ചറിഞ്ഞുകൂടാത്ത” പരമാർഥഹൃദയരായ ആളുകളെ സഹായിക്കാനുള്ള ഉത്തരവാദിത്വം നമുക്കുണ്ട്. (മത്തായി 9:36; റോമർ 10:13-15) യഹോവയെക്കുറിച്ചുള്ള അമൂല്യ പരിജ്ഞാനം നേടാൻ സാധിക്കുന്നത്ര ആളുകളെ സഹായിക്കാൻ ശേഷിക്കുന്ന ഹ്രസ്വകാലം നിങ്ങൾ ഉപയോഗിക്കുമോ? ജീവൻ നേടാൻ ആരെയെങ്കിലും സഹായിക്കുന്നതിന്റെ സന്തോഷത്തിനു തുല്യമായി എന്തു ജോലിയാണുള്ളത്?
“സുബോധ”ത്തോടെ ജീവിക്കുന്നതിൽ തുടരുക
20, 21. (എ) വരുംകാലങ്ങളിൽ ‘സുബോധം’ പ്രകടിപ്പിക്കാൻ നമുക്കു കഴിയുന്ന ചില വിധങ്ങളേവ? (ബി) “സുബോധ”ത്തോടെ ജീവിക്കുന്നതിൽനിന്ന് എന്ത് അനുഗ്രഹങ്ങൾ കൈവരും?
20 സാത്താന്റെ ലോകം നാശത്തിലേക്കു കൂപ്പുകുത്തവേ പുതിയ വെല്ലുവിളികൾ നമ്മെ അഭിമുഖീകരിക്കുമെന്ന് ഉറപ്പാണ്. 2 തിമൊഥെയൊസ് 3:13, 14 മുൻകൂട്ടിപ്പറയുന്നു: “ദുഷ്ടമനുഷ്യരും മായാവികളും . . . മേല്ക്കുമേൽ ദോഷത്തിൽ മുതിർന്നുവരും.” എന്നാൽ “ഉള്ളിൽ ക്ഷീണിച്ചു മടുക്കാതിരി”ക്കുക. (എബ്രായർ 12:3) ശക്തിക്കായി യഹോവയിൽ ആശ്രയിക്കുക. (ഫിലിപ്പിയർ 4:13) പൊയ്പോയ കാലത്തെക്കുറിച്ച് അധികം ചിന്തിക്കുന്നതിനു പകരം, വഴക്കമുള്ളവരായിരിക്കാൻ, മോശമായിക്കൊണ്ടിരിക്കുന്ന ഈ സാഹചര്യങ്ങളോടു പൊരുത്തപ്പെടാൻ പഠിക്കുക. (സഭാപ്രസംഗി 7:10) “വിശ്വസ്തനും വിവേകിയുമായ അടിമ” പ്രദാനം ചെയ്യുന്ന മാർഗനിർദേശം പിൻപറ്റിക്കൊണ്ട് പ്രയോഗിക ജ്ഞാനം ഉപയോഗിക്കുക.—മത്തായി 24:45-47.
21 എത്ര സമയം ശേഷിച്ചിട്ടുണ്ടെന്നു നമുക്കറിയില്ല. എന്നിരുന്നാലും, “എല്ലാ കാര്യങ്ങളുടെയും അവസാനം സമീപിച്ചിരിക്കുന്നു”വെന്നു നമുക്ക് ആത്മവിശ്വാസത്തോടെ പറയാൻ കഴിയും. ആ അവസാനം വരുന്നതുവരെ, നമ്മുടെ പരസ്പര ഇടപെടലുകളിലും കുടുംബത്തിനുവേണ്ടി നാം കരുതുന്ന വിധത്തിലും നമ്മുടെ ലൗകിക ഉത്തരവാദിത്വങ്ങളിലും നമുക്ക് “സുബോധ”മുള്ളവരായി തുടരാം. അപ്രകാരം ചെയ്യുന്നതിനാൽ ഒടുവിൽ നാമെല്ലാവരും “കറയും കളങ്കവും ഇല്ലാത്തവരായി സമാധാനത്തോടെ” കണ്ടെത്തപ്പെടുമെന്നു നമുക്ക് ഉറപ്പുണ്ടായിരിക്കാൻ കഴിയും!—2 പത്രൊസ് 3:14.
[അടിക്കുറിപ്പുകൾ]
a ദൃഷ്ടാന്തത്തിന്, ചെലവേറിയതായിരിക്കാമെങ്കിലും ഐക്യനാടുകളിൽ അനേകർക്കു ഹെൽത്ത് ഇൻഷ്വറൻസുണ്ട്. കുടുംബങ്ങൾക്കു മെഡിക്കൽ ഇൻഷ്വറൻസുള്ളപ്പോൾ രക്തരഹിത പകരചികിത്സകൾ പരിഗണിക്കാൻ ചില ഡോക്ടർമാർ കൂടുതൽ മനസ്സൊരുക്കമുള്ളവരാണെന്നു ചില സാക്ഷിക്കുടുംബങ്ങൾ കണ്ടെത്തിയിരിക്കുന്നു. പരിമിത ഇൻഷ്വറൻസ് പദ്ധതികളിലോ ഗവൺമെൻറ് ഹെൽത്ത് ഇൻഷ്വറൻസിലോ അനുവദിച്ചിട്ടുള്ള നിജപ്പെടുത്തിയ തുക ഒട്ടനവധി രോഗചികിത്സാവിദഗ്ധരും സ്വീകരിക്കും.
b ഒരുവൻ ഭവന അധ്യാപനം നടത്തണമോ എന്നത് വ്യക്തിപരമായ തീരുമാനമാണ്. ഉണരുക!യുടെ 1993 ജൂലൈ 8 ലക്കത്തിൽ കാണുന്ന “ഭവന അധ്യാപനം—അതു നിങ്ങൾക്കുള്ളതോ?” എന്ന ലേഖനം കാണുക.
പുനരവലോകന ആശയങ്ങൾ
□ നമ്മുടെ വ്യക്തിപരമായ ബന്ധങ്ങളിൽ നമുക്കു ‘സുബോധം’ പ്രകടമാക്കാൻ കഴിയുന്നതെങ്ങനെ?
□ കുടുംബ ഉത്തരവാദിത്വങ്ങൾക്കായി കരുതുന്നതിൽ നമുക്കു സമനില പ്രകടമാക്കാൻ കഴിയുന്നതെങ്ങനെ?
□ മാതാപിതാക്കൾ കുട്ടികളുടെ ലൗകിക വിദ്യാഭ്യാസത്തിൽ താത്പര്യമെടുക്കേണ്ടതെന്തുകൊണ്ട്?
□ ബാരൂക്കിൽനിന്നും യോനായിൽനിന്നും നാം എന്തു പാഠങ്ങൾ പഠിക്കുന്നു?
[18-ാം പേജിലെ ചിത്രം]
ഭാര്യയും ഭർത്താവും പരസ്പരം മോശമായി പെരുമാറുമ്പോൾ അവർ യഹോവയുമായുള്ള തങ്ങളുടെ ബന്ധത്തിനു തുരങ്കംവെക്കുന്നു
[20-ാം പേജിലെ ചിത്രം]
കുട്ടികളുടെ വിദ്യാഭ്യാസകാര്യത്തിൽ മാതാപിതാക്കൾ താത്പര്യമെടുക്കണം