പിതാവും മൂപ്പനും—ഇരു ധർമങ്ങളും നിവർത്തിക്കൽ
“സ്വന്ത കുടുംബത്തെ ഭരിപ്പാൻ അറിയാത്തവൻ ദൈവസഭയെ എങ്ങനെ പരിപാലിക്കും?”—1 തിമൊഥെയൊസ് 3:5.
1, 2. (എ) ഒന്നാം നൂററാണ്ടിൽ ഏകാകികളായ മേൽവിചാരകൻമാർക്കും മക്കളില്ലാത്ത വിവാഹിതരായ മേൽവിചാരകൻമാർക്കും തങ്ങളുടെ സഹോദരൻമാരെ എങ്ങനെ സേവിക്കാൻ കഴിഞ്ഞു? (ബി) ഇന്നത്തെ അനേകം ദമ്പതികൾക്ക് അക്വിലായും പ്രിസ്കില്ലയും ഒരു മാതൃകയായിരിക്കുന്നത് എങ്ങനെ?
ആദിമ ക്രിസ്തീയ സഭയിലെ മേൽവിചാരകൻമാർക്ക് ഏകാകികളോ, മക്കളില്ലാത്ത വിവാഹിതരോ, മക്കളുള്ള വിവാഹിതരോ ആയിരിക്കാൻ കഴിയുമായിരുന്നു. കൊരിന്ത്യർക്കുള്ള ഒന്നാമത്തെ ലേഖനത്തിന്റെ 7-ാം അധ്യായത്തിൽ അപ്പോസ്തലനായ പൗലോസ് നൽകിയ ബുദ്ധ്യുപദേശം ഏകാകികളായിരുന്നുകൊണ്ട് അനുസരിക്കാൻ ആ ക്രിസ്ത്യാനികൾക്കു കഴിഞ്ഞുവെന്നതിനു സംശയമില്ല. യേശു ഇങ്ങനെ പ്രസ്താവിച്ചിരുന്നു: “സ്വർഗ്ഗരാജ്യം നിമിത്തം തങ്ങളെത്തന്നേ ഷണ്ഡൻമാരാക്കിയ ഷണ്ഡൻമാരും ഉണ്ടു.” (മത്തായി 19:12) പൗലോസിനെയും ഒരുപക്ഷേ അവന്റെ ചില സഞ്ചാരകൂട്ടാളികളെയും പോലെയുള്ള ഏകാകികൾ തങ്ങളുടെ സഹോദരൻമാരെ സഹായിക്കാൻ സഞ്ചരിക്കുന്നതിനു സ്വതന്ത്രരായിരിക്കുമായിരുന്നു.
2 ബർന്നബാസ്, മർക്കൊസ്, ശീലാസ്, ലൂക്കൊസ്, തിമൊഥെയൊസ്, തീത്തൊസ് എന്നിവർ ഏകാകികളായിരുന്നോ എന്നു ബൈബിൾ പറയുന്നില്ല. അവർ വിവാഹിതരായിരുന്നെങ്കിൽ, വിവിധ നിയമനസ്ഥലങ്ങളിലേക്കു വിപുലമായി സഞ്ചരിക്കാൻ കുടുംബ ഉത്തരവാദിത്വങ്ങളിൽനിന്നു വേണ്ടത്ര ഒഴിവ് അവർക്കുണ്ടായിരുന്നുവെന്നു സ്പഷ്ടമാണ്. (പ്രവൃത്തികൾ 13:2; 15:39-41; 2 കൊരിന്ത്യർ 8:16, 17; 2 തിമൊഥെയൊസ് 4:9-11; തീത്തൊസ് 1:5) ഒരു സ്ഥലത്തുനിന്നു മറെറാരിടത്തേക്കു പോകുമ്പോൾ തെളിവനുസരിച്ചു ഭാര്യമാരെ കൂടെ കൊണ്ടുപോയിരുന്ന പത്രൊസിനെയും “ശേഷം അപ്പോസ്തലൻമാരെയും” പോലെ അവരെ അവരുടെ ഭാര്യമാർ അനുഗമിച്ചിരിക്കാം. (1 കൊരിന്ത്യർ 9:5) കൊരിന്തിൽനിന്ന് എഫേസൂസിലേക്കും പിന്നീടു റോമിലേക്കും വീണ്ടും തിരികെ എഫേസൂസിലേക്കും പൗലോസിനെ അനുഗമിച്ചുകൊണ്ടു മാറിത്താമസിക്കാൻ സന്നദ്ധരായിരുന്ന ദമ്പതികളുടെ ദൃഷ്ടാന്തമായിരുന്നു അക്വിലയും പ്രിസ്കില്ലയും. അവർക്കു മക്കളുണ്ടായിരുന്നോ എന്നു ബൈബിൾ പറയുന്നില്ല. സഹോദരൻമാർക്കുവേണ്ടിയുള്ള അവരുടെ അർപ്പിത സേവനം ‘ജാതികളുടെ സകല സഭകളിൽനിന്നും’ അവർക്കു നന്ദി നേടിക്കൊടുത്തു. (റോമർ 16:3-5; പ്രവൃത്തികൾ 18:2, 18; 2 തിമൊഥെയൊസ് 4:19) ഇന്ന്, അക്വിലായെയും പ്രിസ്കില്ലയെയും പോലെ, ഒരുപക്ഷേ ആവശ്യം അധികമുള്ളിടത്തു സേവിക്കാൻ മാറിപ്പാർത്തുകൊണ്ടു മററു സഭകളെ സേവിക്കാൻ കഴിയുന്ന അനേകം ദമ്പതികൾ ഉണ്ടെന്നുള്ളതിനു സംശയമില്ല.
പിതാവും മൂപ്പനും
3. ഒന്നാം നൂററാണ്ടിലെ അനേകം മൂപ്പൻമാർ കുടുംബങ്ങളുള്ള വിവാഹിതരായിരുന്നുവെന്ന് എന്തു സൂചിപ്പിക്കുന്നു?
3 പൊ.യു. ഒന്നാം നൂററാണ്ടിൽ ക്രിസ്തീയ മൂപ്പൻമാരുടെ ഭൂരിപക്ഷവും മക്കളുള്ള വിവാഹിത പുരുഷൻമാരായിരുന്നുവെന്നാണു കാണപ്പെടുന്നത്. “ഒരു മേൽവിചാരകന്റെ സ്ഥാനം എത്തിപ്പിടിക്കുന്ന” ഒരു പുരുഷനിൽനിന്ന് ആവശ്യപ്പെട്ടിരിക്കുന്ന യോഗ്യതകൾ വിവരിച്ചപ്പോൾ, അത്തരമൊരു ക്രിസ്ത്യാനി “സ്വന്ത കുടുംബത്തെ നന്നായി ഭരിക്കുന്നവനും മക്കളെ പൂർണ്ണഗൌരവത്തോടെ അനുസരണത്തിൽ പാലിക്കുന്നവനും” ആയിരിക്കണമെന്നു പൗലോസ് പ്രസ്താവിച്ചു.—1 തിമൊഥെയൊസ് 3:1, 4.
4. മക്കളുള്ള വിവാഹിതമൂപ്പൻമാരിൽനിന്ന് എന്ത് ആവശ്യപ്പെട്ടിരുന്നു?
4 നാം കണ്ടുകഴിഞ്ഞതുപോലെ, ഒരു മേൽവിചാരകനു മക്കളുണ്ടായിരിക്കാൻ അല്ലെങ്കിൽ വിവാഹിതനായിരിക്കാൻ പോലും കടപ്പാടില്ലായിരുന്നു. എന്നാൽ വിവാഹിതനാണെങ്കിൽ, ഒരു മൂപ്പനോ ശുശ്രൂഷാദാസനോ എന്ന നിലയിൽ യോഗ്യനായിരിക്കുന്നതിന് ഒരു ക്രിസ്ത്യാനി തന്റെ ഭാര്യയുടെമേൽ ഉചിതവും സ്നേഹപുരസ്സരവുമായ ശിരഃസ്ഥാനം പ്രയോഗിക്കുകയും തന്റെ മക്കളെ ഉചിതമായ കീഴ്പെടലിൽ നിർത്താൻ പ്രാപ്തനാണെന്നു പ്രകടമാക്കുകയും ചെയ്യണമായിരുന്നു. (1 കൊരിന്ത്യർ 11:3; 1 തിമൊഥെയൊസ് 3:12, 13) തന്റെ കുടുംബത്തെ ഭരിക്കുന്നതിലുള്ള ഗൗരവമായ ഏതു ബലഹീനതയും സഭയിലെ പ്രത്യേക പദവികൾക്ക് ഒരു സഹോദരനെ അയോഗ്യനാക്കും. എന്തുകൊണ്ട്? പൗലോസ് വിശദീകരിക്കുന്നു: “സ്വന്ത കുടുംബത്തെ ഭരിപ്പാൻ അറിയാത്തവൻ ദൈവസഭയെ എങ്ങനെ പരിപാലിക്കും?” (1 തിമൊഥെയൊസ് 3:5) സ്വന്ത കുടുംബത്തിൽപ്പെട്ടവർ അദ്ദേഹത്തിന്റെ മേൽവിചാരണയ്ക്കു കീഴ്പെടാൻ സന്നദ്ധരല്ലെങ്കിൽ മററുള്ളവർ എങ്ങനെ പ്രതികരിക്കും?
‘വിശ്വാസികളായ മക്കളുള്ളവൻ’
5, 6. (എ) മക്കളെസംബന്ധിച്ചുള്ള ഏതു വ്യവസ്ഥ പൗലോസ് തീത്തൊസിനോടു പറഞ്ഞു? (ബി) മക്കളുള്ള മൂപ്പൻമാരിൽനിന്ന് എന്തു പ്രതീക്ഷിക്കപ്പെടുന്നു?
5 ക്രേത്തയിലെ സഭകളിൽ മേൽവിചാരകൻമാരെ നിയമിക്കാൻ തീത്തൊസിനോടു നിർദേശിച്ചപ്പോൾ പൗലോസ് ഇങ്ങനെ നിബന്ധനചെയ്തു: “മൂപ്പൻ കുററമില്ലാത്തവനും ഏകഭാര്യയുള്ളവനും ദുർന്നടപ്പിന്റെ ശ്രുതിയോ അനുസരണക്കേടോ ഇല്ലാത്ത വിശ്വാസികളായ മക്കളുള്ളവനും ആയിരിക്കേണം. അദ്ധ്യക്ഷൻ ദൈവത്തിന്റെ ഗൃഹവിചാരകനാകയാൽ അനിന്ദ്യനായിരിക്കേണം.” ‘വിശ്വാസികളായ മക്കളുള്ളവൻ’ എന്ന വ്യവസ്ഥയാൽ എന്താണ് അർഥമാക്കുന്നത്?—തീത്തൊസ് 1:6, 7.
6 ‘വിശ്വാസികളായ മക്കൾ’ എന്ന പദപ്രയോഗം യഹോവയ്ക്കു തങ്ങളെത്തന്നെ സമർപ്പിച്ചു സ്നാപനമേററ ചെറുപ്പക്കാരെ അല്ലെങ്കിൽ സമർപ്പണത്തിലേക്കും സ്നാപനത്തിലേക്കും പുരോഗമിച്ചുകൊണ്ടിരിക്കുന്ന കുട്ടികളെ പരാമർശിക്കുന്നു. മൂപ്പൻമാരുടെ മക്കൾ പൊതുവേ നല്ല പെരുമാററവും അനുസരണവുമുള്ളവരായിരിക്കാൻ ഒരു സഭയിലെ അംഗങ്ങൾ പ്രതീക്ഷിക്കുന്നു. ഒരു മൂപ്പൻ തന്റെ മക്കളിൽ വിശ്വാസം കെട്ടുപണിചെയ്യാൻ തനിക്കാവുന്നതെല്ലാം ചെയ്യുന്നുണ്ടെന്നു പ്രത്യക്ഷമായിരിക്കണം. ശലോമോൻരാജാവ് എഴുതി: “ബാലൻ നടക്കേണ്ടുന്ന വഴിയിൽ അവനെ അഭ്യസിപ്പിക്ക; അവൻ വൃദ്ധനായാലും അതു വിട്ടുമാറുകയില്ല.” (സദൃശവാക്യങ്ങൾ 22:6) എന്നാൽ അങ്ങനെയുള്ള പരിശീലനം ലഭിച്ചിട്ടുള്ള ഒരു യുവാവു യഹോവയെ സേവിക്കാൻ വിസമ്മതിക്കുകയോ ഒരു ഗൗരവമായ തെററു ചെയ്യുകയോ ചെയ്യുന്നുവെങ്കിലെന്ത്?
7. (എ) സദൃശവാക്യങ്ങൾ 22:6 കർശനമായ ഒരു ചട്ടം പ്രസ്താവിക്കുകയല്ലായിരുന്നുവെന്നു വ്യക്തമായിരിക്കുന്നത് എന്തുകൊണ്ട്? (ബി) ഒരു മൂപ്പന്റെ കുട്ടി യഹോവയെ സേവിക്കാൻ തിരഞ്ഞെടുക്കുന്നില്ലെങ്കിൽ, മൂപ്പനു സ്വതവേ തന്റെ പദവികൾ നഷ്ടപ്പെടുകയില്ലാത്തത് എന്തുകൊണ്ട്?
7 മേലുദ്ധരിച്ച സദൃശവാക്യം കർശനമായ ഒരു ചട്ടം പ്രസ്താവിക്കുകയല്ലെന്നു വ്യക്തമാണ്. അത് ഇച്ഛാസ്വാതന്ത്ര്യത്തിന്റെ തത്ത്വത്തെ ദുർബലീകരിക്കുന്നില്ല. (ആവർത്തനപുസ്തകം 30:15, 16, 19) ഒരു പുത്രനോ പുത്രിയോ ഉത്തരവാദിത്വ പ്രായത്തിലെത്തുമ്പോൾ അവൻ അല്ലെങ്കിൽ അവൾ സമർപ്പണവും സ്നാപനവും സംബന്ധിച്ചു വ്യക്തിപരമായ ഒരു തീരുമാനം ചെയ്യണം. ഒരു മൂപ്പൻ ആവശ്യമായ ആത്മീയസഹായവും മാർഗനിർദേശവും ശിക്ഷണവും നേരത്തെ കൊടുത്തിട്ടും യഹോവയെ സേവിക്കാൻ കുട്ടി തിരഞ്ഞെടുക്കുന്നില്ലെങ്കിൽ പിതാവ് ഒരു മേൽവിചാരകനായി സേവിക്കുന്നതിൽനിന്നു സ്വതേ അയോഗ്യനായിത്തീരുന്നില്ല. മറിച്ച്, ഒരു മൂപ്പനു വീട്ടിൽ താമസിക്കുന്ന പല മൈനർമക്കൾ ഉണ്ടായിരിക്കുകയും അവർ ഓരോരുത്തരായി ആത്മീയരോഗികളായിത്തീരുകയും കുഴപ്പത്തിൽ ചാടുകയും ചെയ്യുന്നുവെങ്കിൽ അദ്ദേഹത്തെ “സ്വന്തകുടുംബത്തെ നന്നായി ഭരിക്കുന്ന”വനായി മേലാൽ പരിഗണിക്കാനാവുകയില്ലെന്നു വരാം. (1 തിമൊഥെയൊസ് 3:4) ആശയം ഇതാണ്: ‘ദുർന്നടപ്പിന്റെ ശ്രുതിയോ അനുസരണക്കേടോ ഇല്ലാത്ത മക്കൾ’ ഉണ്ടായിരിക്കാൻ ഒരു മൂപ്പൻ തന്റെ പരമാവധി ശ്രമിക്കുന്നുണ്ടെന്നു പ്രകടമായിരിക്കണം.a
“അവിശ്വാസിയായ ഭാര്യ”യെ വിവാഹംചെയ്തിരിക്കുന്നു
8. ഒരു മൂപ്പൻ തന്റെ അവിശ്വാസിയായ ഭാര്യയോട് എങ്ങനെ പെരുമാറണം?
8 അവിശ്വാസികളായ ഭാര്യമാരുള്ള ക്രിസ്തീയ പുരുഷൻമാരെ സംബന്ധിച്ചു പൗലോസ് ഇങ്ങനെ എഴുതി: “ഒരു സഹോദരന്നു അവിശ്വാസിയായ ഭാര്യ ഉണ്ടായിരിക്കയും അവൾ അവനോടുകൂടെ പാർപ്പാൻ സമ്മതിക്കയും ചെയ്താൽ അവളെ ഉപേക്ഷിക്കരുതു. . . . അവിശ്വാസിയായ ഭാര്യ സഹോദരൻമുഖാന്തരം വിശുദ്ധീകരിക്കപ്പെട്ടുമിരിക്കുന്നു; അല്ലെങ്കിൽ നിങ്ങളുടെ മക്കൾ അശുദ്ധർ എന്നുവരും; ഇപ്പോഴോ അവർ വിശുദ്ധർ ആകുന്നു. . . . പുരുഷാ, നീ ഭാര്യെക്കു രക്ഷ വരുത്തും എന്നു നിനക്കു എങ്ങനെ അറിയാം?” (1 കൊരിന്ത്യർ 7:12-14, 16) “അവിശ്വാസിയായ” എന്ന പദം മതവിശ്വാസങ്ങളില്ലാത്ത ഒരു ഭാര്യയെ അല്ല, പിന്നെയോ യഹോവയ്ക്കു സമർപ്പിതയല്ലാത്ത ഒരു സ്ത്രീയെ പരാമർശിക്കുന്നു. അവൾ ഒരു യഹൂദസ്ത്രീയോ പുറജാതിദൈവങ്ങളുടെ ഒരു വിശ്വാസിയോ ആയിരുന്നിരിക്കാം. ഇന്ന് ഒരു മൂപ്പന്റെ ഭാര്യ വ്യത്യസ്തമതം ആചരിക്കുന്ന ഒരു സ്ത്രീയോ ഒരു അജ്ഞേയവാദിയോ ഒരു നിരീശ്വരവാദിപോലുമോ ആയിരിക്കാം. അവൾ അദ്ദേഹത്തോടുകൂടെ പാർക്കുവാൻ സന്നദ്ധയാണെങ്കിൽ, കേവലം വിശ്വാസങ്ങളിലുള്ള വ്യത്യാസം നിമിത്തം അവളെ ഉപേക്ഷിക്കരുത്. അപ്പോഴും അദ്ദേഹം അവളെ രക്ഷിക്കാനുള്ള പ്രത്യാശയിൽ ‘വിവേകത്തോടെ ഭാര്യയോടുകൂടെ വസിച്ചു സ്ത്രീജനം ബലഹീനപാത്രം എന്നുവെച്ചു അവൾക്കു ബഹുമാനം കൊടുക്കണം’—1 പത്രൊസ് 3:7; കൊലൊസ്സ്യർ 3:19.
9. നിയമം തങ്ങളുടെ മക്കളെ തങ്ങളുടെ യഥാക്രമ മതവിശ്വാസങ്ങൾക്കു വിധേയമാക്കാനുള്ള അവകാശം ഭർത്താവിനും ഭാര്യയ്ക്കും കൊടുക്കുന്ന രാജ്യങ്ങളിൽ ഒരു മൂപ്പൻ എങ്ങനെ പ്രവർത്തിക്കണം, ഇത് അദ്ദേഹത്തിന്റെ പദവികളെ എങ്ങനെ ബാധിക്കും?
9 ഒരു മേൽവിചാരകനു മക്കളുണ്ടെങ്കിൽ, അദ്ദേഹം അവരെ “യഹോവയുടെ ശിക്ഷണത്തിലും മാനസികക്രമവത്കരണത്തിലും” വളർത്തിക്കൊണ്ടുവരാൻ ഉചിതമായ ഭർത്തൃ-പിതൃ ശിരഃസ്ഥാനം പ്രയോഗിക്കണം. (എഫെസ്യർ 6:4, NW) പല രാജ്യങ്ങളിലും നിയമം തങ്ങളുടെ കുട്ടികൾക്കു മതപ്രബോധനം കൊടുക്കാനുള്ള അവകാശം വിവാഹിത ഇണകൾക്കു രണ്ടുപേർക്കും കൊടുക്കുന്നു. ഈ അവസരത്തിൽ ഭാര്യ മക്കളെ തന്റെ മതവിശ്വാസങ്ങൾക്കും ആചാരങ്ങൾക്കും വിധേയരാക്കാനുള്ള തന്റെ അവകാശം പ്രയോഗിക്കണമെന്ന് ആവശ്യപ്പെട്ടേക്കാം, അതിൽ അവരെ പള്ളിയിൽ കൊണ്ടുപോകുന്നത് ഉൾപ്പെട്ടേക്കാം.b തീർച്ചയായും, കുട്ടികൾ വ്യാജമതചടങ്ങുകളിൽ പങ്കെടുക്കാതിരിക്കുന്നതു സംബന്ധിച്ചു തങ്ങളുടെ ബൈബിൾ പരിശീലിത മനഃസാക്ഷിയെ പിന്തുടരണം. കുടുംബത്തലവൻ എന്ന നിലയിൽ പിതാവു തന്റെ മക്കളുമായി അധ്യയനം നടത്തുന്നതിനും അവരെ സാധ്യമാകുന്നിടത്തോളം രാജ്യഹാളിലേക്കു കൊണ്ടുപോകുന്നതിനുമുള്ള സ്വന്തം അവകാശം പ്രയോഗിക്കും. അവർ ചിന്താപ്രാപ്തിയുള്ള പ്രായത്തിലെത്തുമ്പോൾ ഏതു വഴി പോകണമെന്ന് അവർ സ്വയം തീരുമാനിക്കും. (യോശുവ 24:15) അദ്ദേഹത്തിന്റെ മക്കളെ സത്യത്തിന്റെ മാർഗത്തിൽ ഉചിതമായി പ്രബോധിപ്പിക്കാൻ നിയമമനുവദിക്കുന്നതെല്ലാം അദ്ദേഹം ചെയ്യുന്നുണ്ടെന്നു കാണാൻ അദ്ദേഹത്തിന്റെ സഹമൂപ്പൻമാർക്കും സഭാംഗങ്ങൾക്കും കഴിയുന്നുവെങ്കിൽ, അദ്ദേഹം ഒരു മൂപ്പൻ എന്ന നിലയിൽ അയോഗ്യനാകുകയില്ല.
‘കുടുംബത്തെ നന്നായി ഭരിക്കൽ’
10. ഒരു കുടുംബനാഥൻ ഒരു മൂപ്പനാണെങ്കിൽ, അദ്ദേഹത്തിന്റെ പ്രഥമ കടമ എവിടെ സ്ഥിതിചെയ്യുന്നു?
10 ഒരു സഹക്രിസ്ത്യാനിയായിരിക്കുന്ന ഭാര്യയുള്ള ഒരു പിതാവായ മൂപ്പനുപോലും തന്റെ സമയവും ശ്രദ്ധയും തന്റെ ഭാര്യയ്ക്കും മക്കൾക്കും സഭാ ഉത്തരവാദിത്വങ്ങൾക്കുമായി പങ്കുവെക്കുന്നത് എളുപ്പമുള്ള ഒരു ജോലിയല്ല. ഒരു ക്രിസ്തീയ ഭർത്താവിനു തന്റെ ഭാര്യയെയും മക്കളെയും ഉചിതമായി നോക്കുന്നതിനുള്ള കടമയുണ്ടെന്നതിൽ തിരുവെഴുത്തുകൾ വളരെ വ്യക്തമാണ്. പൗലോസ് ഇങ്ങനെ എഴുതി: “തനിക്കുള്ളവർക്കും പ്രത്യേകം സ്വന്ത കുടുംബക്കാർക്കും വേണ്ടി കരുതാത്തവൻ വിശ്വാസം തള്ളിക്കളഞ്ഞു അവിശ്വാസിയെക്കാൾ അധമനായിരിക്കുന്നു.” (1 തിമൊഥെയൊസ് 5:8) അതേ ലേഖനത്തിൽ, നല്ല ഭർത്താക്കൻമാരും പിതാക്കൻമാരുമെന്നു മുന്നമേ തെളിയിച്ചിട്ടുള്ള വിവാഹിതപുരുഷൻമാർ മാത്രമേ മേൽവിചാരകൻമാരായി സേവിക്കാൻ ശുപാർശ ചെയ്യപ്പെടാവൂ എന്നു പൗലോസ് പ്രസ്താവിച്ചു.—1 തിമൊഥെയൊസ് 3:1-5.
11. (എ) ഒരു മൂപ്പൻ ഏതു വിധങ്ങളിൽ ‘സ്വന്ത കുടുംബക്കാർക്കുവേണ്ടി കരുതണം’? (ബി) ഇതു തന്റെ സഭാപരമായ ഉത്തരവാദിത്വങ്ങൾ നിറവേററാൻ ഒരു മൂപ്പനെ എങ്ങനെ സഹായിച്ചേക്കാം?
11 ഒരു മൂപ്പൻ ഭൗതികമായി മാത്രമല്ല, പിന്നെയോ ആത്മീയമായും വൈകാരികമായും സ്വന്തക്കാർക്കുവേണ്ടി ‘കരുതണം.’ ജ്ഞാനിയായ ശലോമോൻരാജാവ് ഇങ്ങനെ എഴുതി: “വെളിയിൽ നിന്റെ വേല ചെയ്ക; വയലിൽ എല്ലാം തീർക്കുക; പിന്നെത്തേതിൽ നിന്റെ വീടു പണിയുക.” (സദൃശവാക്യങ്ങൾ 24:27) അതുകൊണ്ട്, തന്റെ ഭാര്യയുടെയും മക്കളുടെയും ഭൗതികവും വൈകാരികവും വിനോദപരവുമായ ആവശ്യങ്ങൾക്കുവേണ്ടി കരുതവേ ഒരു മേൽവിചാരകൻ അവരെ ആത്മീയമായും കെട്ടുപണി ചെയ്യണം. ഇതിനു സമയം എടുക്കും—അദ്ദേഹത്തിനു സഭാകാര്യങ്ങളിൽ വിനിയോഗിക്കാൻ കഴിയാത്ത സമയംതന്നെ. എന്നാൽ അതു കുടുംബ സന്തുഷ്ടിയുടെയും ആത്മീയതയുടെയും രൂപത്തിൽ സമൃദ്ധമായ പ്രതിഫലം നൽകുന്ന സമയമാണ്. ഒടുവിൽ, അദ്ദേഹത്തിന്റെ കുടുംബം ആത്മീയമായി ശക്തമാണെങ്കിൽ, ഒരുപക്ഷേ ആ മൂപ്പനു കുടുംബപ്രശ്നങ്ങൾ കൈകാര്യംചെയ്തുകൊണ്ടു കുറഞ്ഞ സമയമേ ചെലവഴിക്കേണ്ടിവരുകയുള്ളൂ. ഇതു സഭാകാര്യങ്ങൾ നോക്കുന്നതിന് അദ്ദേഹത്തിന്റെ മനസ്സിനെ ഏറെ സ്വതന്ത്രമാക്കും. ഒരു നല്ല ഭർത്താവും ഒരു നല്ല പിതാവും എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ മാതൃക സഭയ്ക്ക് ആത്മീയ പ്രയോജനം ചെയ്യും.—1 പത്രൊസ് 5:1-3.
12. ഏതു കുടുംബകാര്യത്തിൽ മൂപ്പൻമാരായ പിതാക്കൻമാർ നല്ല മാതൃക വെക്കണം?
12 നല്ല രീതിയിൽ ഒരു കുടുംബത്തെ ഭരിക്കുന്നതിൽ ഒരു കുടുംബാധ്യയനത്തിൽ അധ്യക്ഷത വഹിക്കുന്നതിനു സമയം പട്ടികപ്പെടുത്തുന്നതും ഉൾപ്പെടുന്നു. ഈ കാര്യത്തിൽ മൂപ്പൻമാർ നല്ല മാതൃക വെക്കുന്നതു വിശേഷാൽ പ്രധാനമാണ്, എന്തുകൊണ്ടെന്നാൽ ശക്തമായ കുടുംബങ്ങൾ ശക്തമായ സഭകളെ ഉളവാക്കുന്നു. ഒരു മേൽവിചാരകനു തന്റെ ഭാര്യയോടും മക്കളോടുമൊത്തു പഠിക്കുന്നതിനു സമയമില്ലാത്തവിധം അദ്ദേഹത്തിന്റെ സമയം പതിവായി മററു സേവനപദവികളിൽ വ്യാപരിക്കരുത്. വാസ്തവമിതായിരിക്കുന്നെങ്കിൽ, അദ്ദേഹം തന്റെ സമയപ്പട്ടിക പുനഃപരിശോധിക്കണം. ചിലപ്പോഴൊക്കെ ചില പദവികൾ നിരസിക്കുകപോലും ചെയ്തുകൊണ്ട്, അദ്ദേഹം മററു കാര്യങ്ങൾക്കു വിനിയോഗിക്കുന്ന സമയം പുനഃക്രമീകരിക്കുകയോ കുറയ്ക്കുകയോ ചെയ്യേണ്ടിവന്നേക്കാം.
സമനിലയോടുകൂടിയ മേൽവിചാരണ
13, 14. “വിശ്വസ്തനും വിവേകിയുമായ അടിമ” കുടുംബനാഥൻമാരായ മൂപ്പൻമാർക്ക് ഏതു ബുദ്ധ്യുപദേശം കൊടുക്കുകയുണ്ടായി?
13 കുടുംബ ഉത്തരവാദിത്വങ്ങളും സഭാപരമായ ഉത്തവാദിത്വങ്ങളും സമനിലയിൽ നിർത്താനുള്ള ബുദ്ധ്യുപദേശം പുതുതല്ല. വർഷങ്ങളായി “വിശ്വസ്തനും വിവേകിയുമായ അടിമ” ഈ സംഗതിസംബന്ധിച്ചു മൂപ്പൻമാർക്കു ബുദ്ധ്യുപദേശം കൊടുത്തുകൊണ്ടാണിരുന്നിട്ടുള്ളത്. (മത്തായി 24:45) 37-ൽപ്പരം വർഷംമുമ്പ് 1959 സെപ്ററംബർ 15 വീക്ഷാഗോപുരം (ഇംഗ്ലീഷ്) 553, 554 എന്നീ പേജുകളിൽ ഇങ്ങനെ ഉപദേശിച്ചു: “യഥാർഥത്തിൽ നമ്മുടെ സമയം ആവശ്യപ്പെടുന്ന ഈ സംഗതികളെയെല്ലാം സമനിലയിൽ നിർത്തേണ്ടതല്ലേ? ഈ സമനിലയിൽ നിങ്ങളുടെ സ്വന്തം കുടുംബത്തിന്റെ താത്പര്യങ്ങൾക്ക് ഉചിതമായ ഊന്നൽ കൊടുക്കണം. തീർച്ചയായും ഒരു മനുഷ്യൻ തന്റെ സമയമെല്ലാം സഭാപരമായ പ്രവർത്തനങ്ങൾക്ക്, തന്റെ സഹോദരൻമാരും അയൽക്കാരും രക്ഷനേടുന്നതിനു സഹായിക്കാൻ, ഉപയോഗിക്കുന്നതിനും അതേസമയം തന്റെ സ്വന്തം കുടുംബക്കാരുടെ രക്ഷയിൽ ശ്രദ്ധിക്കാതിരിക്കാനും യഹോവയാം ദൈവം പ്രതീക്ഷിക്കുകയില്ല. ഒരു മമനുഷ്യന്റെ ഭാര്യയും മക്കളും പ്രഥമ ഉത്തരവാദിത്വമാണ്.”
14 1986 നവംബർ 1 വീക്ഷാഗോപുരത്തിന്റെ (ഇംഗ്ലീഷ്) 22-ാം പേജ് ഇങ്ങനെ ബുദ്ധ്യുപദേശിച്ചു: “ഒരു കുടുംബമെന്ന നിലയിൽ വയൽസേവനത്തിലേർപ്പെടുന്നതു നിങ്ങളെ കൂടുതൽ അടുപ്പിക്കും, എന്നാൽ കുട്ടികളുടെ അസാധാരണ ആവശ്യങ്ങൾ നിങ്ങളുടെ സ്വകാര്യ സമയത്തിന്റെയും വൈകാരിക ഊർജത്തിന്റെയും ഒരു പ്രതിബദ്ധത ആവശ്യപ്പെടുന്നു. അതുകൊണ്ട് ‘നിങ്ങളുടെ സ്വന്തക്കാർക്കുവേണ്ടി’യും ആത്മീയമായും വൈകാരികമായും ഭൗതികമായും കരുതവേ സഭാപരമായ കർത്തവ്യങ്ങൾക്ക് എത്രമാത്രം സമയം ചെലവഴിക്കാനാവുമെന്നു നിശ്ചയിക്കാൻ സമനില ആവശ്യമാണ്. [ഒരു ക്രിസ്ത്യാനി] ‘[തന്റെ] സ്വന്ത കുടുംബത്തിൽ ദൈവഭക്തി ആചരിക്കാൻ ആദ്യം പഠിക്കണം.’ (1 തിമൊഥെയൊസ് 5:4, 8)”
15. ഭാര്യയും മക്കളുമുള്ള ഒരു മൂപ്പനു ജ്ഞാനവും വിവേകവും ആവശ്യമായിരിക്കുന്നത് എന്തുകൊണ്ട്?
15 ഒരു തിരുവെഴുത്തു സദൃശവാക്യം ഇങ്ങനെ പ്രസ്താവിക്കുന്നു: “ജ്ഞാനംകൊണ്ടു ഭവനം പണിയുന്നു. വിവേകംകൊണ്ടു അതു സ്ഥിരമായിവരുന്നു.” (സദൃശവാക്യങ്ങൾ 24:3) അതേ, തന്റെ ദിവ്യാധിപത്യ ചുമതലകൾ നിറവേററുന്നതിനും അതേസമയം തന്റെ ഭവനം കെട്ടുപണിചെയ്യുന്നതിനും അദ്ദേഹത്തിന് ഏററവും തീർച്ചയായി ജ്ഞാനവും വിവേകവും ആവശ്യമാണ്. തിരുവെഴുത്തിൻപ്രകാരം അദ്ദേഹത്തിനു മേൽവിചാരണയുടെ ഒന്നിലധികം മണ്ഡലങ്ങൾ ഉണ്ട്—അദ്ദേഹത്തിന്റെ കുടുംബവും സഭാപരമായ ഉത്തരവാദിത്വങ്ങളും ഉൾപ്പെട്ടിരിക്കുന്നു. ഇവയ്ക്കിടയിൽ സമനില പാലിക്കാൻ അദ്ദേഹത്തിനു വിവേകം ആവശ്യമാണ്. (ഫിലിപ്പിയർ 1:9, 10) തന്റെ മുൻഗണനകൾ സ്ഥാപിക്കാൻ അദ്ദേഹത്തിനു ജ്ഞാനം ആവശ്യമാണ്. (സദൃശവാക്യങ്ങൾ 2:10, 11) തന്റെ സഭാപരമായ പദവികളിൽ താൻ എത്രയധികം ഉത്തരവാദിത്വമുള്ള ആളാണെന്ന് അദ്ദേഹത്തിനു തോന്നിയാലും, ഒരു ഭർത്താവും പിതാവുമെന്ന നിലയിൽ അദ്ദേഹത്തിന്റെ ദൈവദത്തമായ പ്രഥമ ഉത്തരവാദിത്വം അദ്ദേഹത്തിന്റെ കുടുംബത്തിന്റെ പരിപാലനവും രക്ഷയുമാണ്.
നല്ല പിതാക്കൻമാരും നല്ല മൂപ്പൻമാരും
16. ഒരു മൂപ്പന്, അദ്ദേഹം ഒരു പിതാവുംകൂടെ ആണെങ്കിൽ, എന്തു പ്രയോജനം ഉണ്ട്?
16 സത്പെരുമാറ്റമുള്ള മക്കളുള്ള മൂപ്പൻ യഥാർഥത്തിൽ ഒരു മുതൽക്കൂട്ടായിരിക്കും. അദ്ദേഹം തന്റെ കുടുംബത്തെ നന്നായി പരിപാലിക്കാൻ പഠിക്കുന്നുവെങ്കിൽ, അദ്ദേഹം സഭയിലെ മററു കുടുംബങ്ങളെ സഹായിക്കാൻ പ്രാപ്തനായിരിക്കും. അദ്ദേഹത്തിന് അവരുടെ പ്രശ്നങ്ങൾ മെച്ചമായി മനസ്സിലാകും, തന്റെ സ്വന്തം അനുഭവത്തെ പ്രതിഫലിപ്പിക്കുന്ന ബുദ്ധ്യുപദേശം കൊടുക്കാനും കഴിയും. സന്തോഷകരമെന്നു പറയട്ടെ, ലോകത്തിലെങ്ങും ആയിരക്കണക്കിനു മൂപ്പൻമാർ ഭർത്താക്കൻമാരും പിതാക്കൻമാരും മേൽവിചാരകൻമാരുമെന്ന നിലയിൽ നല്ല വേല ചെയ്യുന്നു.
17. (എ) ഒരു പിതാവും മൂപ്പനുംകൂടെ ആയിരിക്കുന്ന ഒരു മനുഷ്യൻ ഒരിക്കലും എന്തു മറക്കരുത്? (ബി) സഭയിലെ മററ് അംഗങ്ങൾ എങ്ങനെ സമാനുഭാവം പ്രകടമാക്കണം?
17 ഒരു കുടുംബനാഥൻ ഒരു മൂപ്പനായിരിക്കണമെങ്കിൽ, അദ്ദേഹം ഭാര്യയ്ക്കും മക്കൾക്കും വേണ്ടി കരുതുമ്പോൾത്തന്നെ സഭയിലെ മററുള്ളവർക്കുവേണ്ടി സമയവും ശ്രദ്ധയും കൊടുക്കാൻ പ്രാപ്തനായിരിക്കത്തക്കവണ്ണം തന്റെ കാര്യങ്ങൾ ക്രമീകരിക്കാൻ കഴിയുന്ന പക്വതയുള്ള ഒരു ക്രിസ്ത്യാനിയായിരിക്കണം. തന്റെ ഇടയവേല ഭവനത്തിൽ തുടങ്ങുന്നുവെന്ന് അദ്ദേഹം ഒരിക്കലും മറക്കരുത്. ഭാര്യയും മക്കളുമുള്ള മൂപ്പൻമാർക്കു തങ്ങളുടെ കുടുംബത്തിന്റെയും സഭാകർത്തവ്യങ്ങളുടെയും ഉത്തരവാദിത്വം ഉണ്ടെന്ന് അറിയുമ്പോൾ സഭയിലെ അംഗങ്ങൾ അവരുടെ സമയത്തെ അനുചിതമായി ആവശ്യപ്പെടാൻ ശ്രമിക്കുകയില്ല. ഉദാഹരണത്തിന്, അടുത്ത ദിവസം രാവിലെ സ്കൂളിൽ പോകേണ്ട കുട്ടികളുള്ള ഒരു മൂപ്പനു വൈകുന്നേരത്തെ യോഗങ്ങൾക്കുശേഷം കുറേ സമയം തങ്ങാൻ എല്ലായ്പോഴും കഴിഞ്ഞെന്നുവരില്ല. സഭയിലെ മററംഗങ്ങൾ ഇതു മനസ്സിലാക്കുകയും സഹാനുഭൂതി പ്രകടമാക്കുകയും വേണം.—ഫിലിപ്പിയർ 4:5.
നമ്മുടെ മൂപ്പൻമാർ നമുക്കു പ്രിയരായിരിക്കണം
18, 19. (എ) 1 കൊരിന്ത്യർ 7-ാം അധ്യായത്തിന്റെ പരിശോധന എന്തു തിരിച്ചറിയാൻ നമ്മെ പ്രാപ്തരാക്കിയിരിക്കുന്നു? (ബി) അങ്ങനെയുള്ള ക്രിസ്തീയ പുരുഷൻമാരെ നാം എങ്ങനെ പരിഗണിക്കണം?
18 കൊരിന്ത്യർക്കുള്ള പൗലോസിന്റെ ഒന്നാമത്തെ ലേഖനത്തിന്റെ 7-ാം അധ്യായത്തെക്കുറിച്ചു നാം നടത്തിയ പരിശോധന, പൗലോസിന്റെ ബുദ്ധ്യുപദേശമനുസരിച്ചു രാജ്യതാത്പര്യങ്ങൾക്കു സേവചെയ്യാനുള്ള തങ്ങളുടെ സ്വാതന്ത്ര്യം ഉപയോഗിക്കുന്ന ഏകാകികളായ അനേകം പുരുഷൻമാരുണ്ടെന്നു കാണാൻ നമ്മെ പ്രാപ്തരാക്കി. കൂടാതെ, തങ്ങളുടെ ഭാര്യമാർക്ക് ഉചിതമായ ശ്രദ്ധ കൊടുക്കവേ ഡിസ്ട്രിക്ററുകളിലും സർക്കിട്ടുകളിലും സഭകളിലും വാച്ച് ടവർ ബ്രാഞ്ചുകളിലും തങ്ങളുടെ ഭാര്യമാരുടെ പ്രശംസനീയമായ സഹകരണത്തോടെ നല്ല മേൽവിചാരകൻമാരായി സേവിക്കുന്ന ആയിരക്കണക്കിനു വിവാഹിത സഹോദരൻമാരുമുണ്ട്. ഒടുവിൽ, യഹോവയുടെ ജനത്തിന്റെ 80,000-ത്തോളമുള്ള സഭകളിൽ തങ്ങളുടെ ഭാര്യമാരെയും മക്കളെയും സ്നേഹപൂർവം പരിപാലിക്കുക മാത്രമല്ല, ചിന്തയുള്ള ഇടയൻമാരെന്ന നിലയിൽ തങ്ങളുടെ സഹോദരൻമാരെ സേവിക്കുന്നതിനു സമയമെടുക്കുകയും ചെയ്യുന്ന അനേകം പിതാക്കൻമാരുണ്ട്.—പ്രവൃത്തികൾ 20:28.
19 അപ്പോസ്തലനായ പൗലോസ് ഇങ്ങനെ എഴുതി: “നന്നായി ഭരിക്കുന്ന മൂപ്പൻമാരെ, പ്രത്യേകം വചനത്തിലും ഉപദേശത്തിലും അദ്ധ്വാനിക്കുന്നവരെ തന്നേ, ഇരട്ടി മാനത്തിന്നു യോഗ്യരായി എണ്ണുക.” (1 തിമൊഥെയൊസ് 5:17) അതേ, തങ്ങളുടെ ഭവനങ്ങളിലും സഭയിലും നല്ല വിധത്തിൽ ഭരിക്കുന്ന മൂപ്പൻമാർ നമ്മുടെ സ്നേഹവും ആദരവും അർഹിക്കുന്നു. നാം തീർച്ചയായും ‘ഇങ്ങനെയുള്ള മനുഷ്യരെ പ്രിയരായി കരുതിക്കൊള്ളണം.’—ഫിലിപ്പിയർ 2:29, NW.
[അടിക്കുറിപ്പുകൾ]
a 1978 ഫെബ്രുവരി 1 വീക്ഷാഗോപുരത്തിന്റെ (ഇംഗ്ലീഷ്) 31-2 പേജുകൾ കാണുക.
b 1960 ഡിസംബർ 1 വീക്ഷാഗോപുരം (ഇംഗ്ലീഷ്) പേജ് 735-6 കാണുക.
പുനരവലോകനം
◻ പൊ.യു. ഒന്നാം നൂററാണ്ടിലെ അനേകം മൂപ്പൻമാർ കുടുംബനാഥൻമാർ ആയിരുന്നുവെന്നു നാം എങ്ങനെ അറിയുന്നു?
◻ മക്കളുള്ള വിവാഹിത മൂപ്പൻമാരിൽനിന്ന് എന്താവശ്യപ്പെടുന്നു, എന്തുകൊണ്ട്?
◻ ‘വിശ്വാസികളായ മക്കളുള്ളവൻ’ എന്നതിനാൽ എന്ത് അർഥമാക്കപ്പെടുന്നു, എന്നാൽ ഒരു മൂപ്പന്റെ കുട്ടി യഹോവയെ സേവിക്കാൻ തിരഞ്ഞെടുക്കുന്നില്ലെങ്കിൽ എന്ത്?
◻ ഒരു മൂപ്പൻ ഏതു വിധങ്ങളിൽ ‘സ്വന്തക്കാർക്കുവേണ്ടി കരുതണം’?
23-ാം പേജിലെ ചിത്രം]
ശക്തമായ കുടുംബങ്ങൾ ശക്തമായ സഭകളെ ഉളവാക്കുന്നു