രക്ഷ
നിർവ്വചനം: അപകടത്തിൽ നിന്നോ നാശത്തിൽ നിന്നോ ഉളള സംരക്ഷണം അല്ലെങ്കിൽ വിടുതൽ. ആ വിടുതൽ മർദ്ദകരുടെയോ പീഡകരുടെയോ കൈകളിൽ നിന്നായിരിക്കാം. എല്ലാ സത്യക്രിസ്ത്യാനികൾക്കും യഹോവ തന്റെ പുത്രനിലൂടെ ഇന്നത്തെ ദുഷ്ടവ്യവസ്ഥിതിയിൽ നിന്നുളള വിടുതലും പാപത്തിന്റെയും മരണത്തിന്റെയും അടിമത്വത്തിൽ നിന്നുളള രക്ഷയും പ്രദാനം ചെയ്യുന്നു. “അന്ത്യനാളുകളിൽ” ജീവിക്കുന്ന യഹോവയുടെ വിശ്വസ്ത ദാസൻമാരുടെ ഒരു മഹാപുരുഷാരത്തിന് മഹോപദ്രവത്തിലൂടെയുളള സംരക്ഷണവും രക്ഷയിൽ ഉൾപ്പെട്ടിരിക്കും.
ദൈവം തന്റെ വലിയ കരുണ നിമിത്തം ഒടുവിൽ എല്ലാ മനുഷ്യരെയും രക്ഷിക്കുമോ?
സാർവ്വത്രിക രക്ഷ ഉണ്ടായിരിക്കുമെന്ന് 2 പത്രോസ് 3:9 സൂചിപ്പിക്കുന്നുണ്ടോ? അത് ഇപ്രകാരം പറയുന്നു: “ചിലർ താമസം എന്ന് വിചാരിക്കുന്നതുപോലെ ദൈവം തന്റെ വാഗ്ദത്തം സംബന്ധിച്ച് താമസമുളളവനല്ല, മറിച്ച് ആരും നശിച്ചു പോകാൻ ആഗ്രഹിക്കാതെ [“ആരും നശിപ്പിക്കപ്പെടാൻ അവൻ ആഗ്രഹിക്കുന്നില്ല,” TEV], എല്ലാവരും അനുതാപത്തിലെത്തിച്ചേരാൻ അവൻ നിങ്ങളോട് ദീർഘക്ഷമ കാണിക്കുന്നതേയുളളു.” (RS) ആദാമിന്റെ സന്തതികളെല്ലാവരും അനുതപിക്കണമെന്നത് ദൈവത്തിന്റെ കരുണാപൂർവ്വകമായ ആഗ്രഹമാണ്, അങ്ങനെ ചെയ്യുന്ന എല്ലാവരുടെയും പാപങ്ങൾ ക്ഷമിച്ചു കൊടുക്കുന്നതിനുളള കരുതൽ അവൻ ഔദാര്യപൂർവ്വം ചെയ്തിരിക്കുന്നു. എന്നാൽ ആ കരുതൽ സ്വീകരിക്കാൻ അവൻ ആരെയും നിർബന്ധിക്കുന്നില്ല. (ആവർത്തനം 30:15-20 താരതമ്യം ചെയ്യുക.) അനേകർ അത് തളളിക്കളയുന്നു. മുങ്ങിമരിക്കാൻ പോകുന്ന ഒരാൾക്ക് സഹായിക്കാൻ ആഗ്രഹിക്കുന്ന ആരെങ്കിലും ജീവൻ രക്ഷിക്കാൻ സഹായകമായ എന്തെങ്കിലും എറിഞ്ഞു കൊടുക്കുമ്പോൾ അയാൾ അത് നിരസിക്കുന്നത് പോലെയാണ് അവർ പ്രവർത്തിക്കുന്നത്. എന്നിരുന്നാലും അനുതപിക്കാൻ വിസമ്മതിക്കുന്നവർക്കുളള ശിക്ഷ നിത്യകാലത്തേക്കുളള നരക ദണ്ഡനമല്ല എന്നത് കുറിക്കൊളേളണ്ടതാണ്. 2 പത്രോസ് 3:9 കാണിക്കുന്ന പ്രകാരം അനുതപിക്കാത്തവർ നാശമനുഭവിക്കും അല്ലെങ്കിൽ “നശിപ്പിക്കപ്പെടും.” ഏഴാം വാക്യവും (RS) “ഭക്തികെട്ട മനുഷ്യരുടെ നാശത്തെപ്പററി” പറയുന്നു. സാർവ്വത്രിക രക്ഷ എന്നുളള ആശയം ഇവിടെ കാണപ്പെടുന്നില്ല.—“നരകം” എന്ന മുഖ്യ ശീർഷകവും കൂടെ കാണുക.
എല്ലാ മനുഷ്യരും അവസാനം രക്ഷിക്കപ്പെടുമെന്ന് 1 കൊരിന്ത്യർ 15:22 തെളിയിക്കുന്നുവോ? അത് പറയുന്നു: “ആദാമിൽ എല്ലാവരും മരിക്കുന്നതുപോലെ ക്രിസ്തുവിൽ എല്ലാവരും ജീവിപ്പിക്കപ്പെടും.” (RS) മുമ്പും പിമ്പുമുളള വാക്യങ്ങൾ കാണിക്കുന്നതുപോലെ ഇവിടെ ചർച്ചചെയ്യപ്പെടുന്നത് പുനരുത്ഥാനമാണ്. ആരാണ് ഉയർപ്പിക്കപ്പെടുക? ആദാമിക പാപം നിമിത്തം മരിച്ചവർ (21-ാം വാക്യം കാണുക), എന്നാൽ എബ്രായർ 10:26-29-ലേതുപോലുളള മനഃപൂർവ്വ ലംഘനം വ്യക്തിപരമായി ചെയ്തിട്ടില്ലാത്തവർ. ഹേഡീസിൽ നിന്ന് യേശു ഉയർപ്പിക്കപ്പെട്ടതുപോലെ (പ്രവൃ. 2:31) ഹേഡീസിലുളള മറെറല്ലാവരും പുനരുത്ഥാനം മുഖാന്തരം “ജീവിപ്പിക്കപ്പെടും.” (വെളി. 1:18; 20:13) എന്നാൽ ഇവർ എല്ലാവരും നിത്യരക്ഷ പ്രാപിക്കുമോ? അതിനുളള അവസരം അവർക്ക് തുറന്നുകിട്ടും, എന്നാൽ യോഹന്നാൻ 5:28, 29-ൽ സൂചിപ്പിക്കപ്പെടുന്നതുപോലെ എല്ലാവരും അത് എത്തിപ്പിടിക്കുകയില്ല; പരിണതഫലം ചിലർക്ക് പ്രതികൂല “ന്യായവിധി”യായിരിക്കുമെന്ന് അത് കാണിക്കുന്നു.
തീത്തോസ് 2:11 പോലെ RS-ലെ വിവർത്തനമനുസരിച്ച് “സകല മനുഷ്യരുടെയും രക്ഷ”യെ പരാമർശിക്കുന്ന വാക്യങ്ങൾ സംബന്ധിച്ചെന്ത്? യോഹന്നാൻ 12:32, റോമർ 5:18, 1 തിമൊഥെയോസ് 2:3, 4 എന്നീ വാക്യങ്ങളും RS, KJ, NE, TEV മുതലായ ഭാഷാന്തരങ്ങളിൽ സമാനമായ ആശയം നൽകുന്നു. ഈ വാക്യങ്ങളിൽ “എല്ലാവരും” “ഏതൊരുവനും” എന്നൊക്കെ വിവർത്തനം ചെയ്യപ്പെട്ടിരിക്കുന്നത് പാസ് എന്ന ഗ്രീക്കു പദത്തിന്റെ വിഭക്തി രൂപങ്ങളാണ്. വൈനിന്റെ എക്സ്പോസിറററി ഡിക്ഷ്നറി ഓഫ് ന്യൂ റെറസ്ററമെൻറ് വേഡ്സ് (ലണ്ടൻ, 1962, വാല്യം I, പേജ് 46) എന്ന ഗ്രന്ഥത്തിൽ കാണിച്ചിരിക്കുന്നതുപോലെ പാസ് എന്നതിന് “എല്ലാവിധത്തിലുമുളള അല്ലെങ്കിൽ തരത്തിലുമുളള” എന്ന അർത്ഥമുണ്ടായിരിക്കാൻ കഴിയും. അതുകൊണ്ട് മേൽപറഞ്ഞ വാക്യങ്ങളിൽ “എല്ലാവരും” എന്നതിനു പകരം “എല്ലാ വർഗ്ഗത്തിലും പെട്ട” അല്ലെങ്കിൽ NW-ൽ ഉപയോഗിച്ചിരിക്കുന്നതുപോലെ “എല്ലാ തരത്തിലുമുളള” എന്ന് ഉപയോഗിക്കാൻ കഴിയും. ഏതാണ് ശരി—“എല്ലാവരും” എന്നതോ “എല്ലാ തരത്തിലുമുളള” എന്ന പദപ്രയോഗത്താൽ ലഭിക്കുന്ന ആശയമോ? കൊളളാം, ഏതു വിവർത്തനമാണ് ബൈബിളിന്റെ ശേഷം ഭാഗത്തോടും യോജിപ്പിലായിരിക്കുന്നത്? രണ്ടാമത് പറഞ്ഞതാണ്. പ്രവൃത്തികൾ 10:34, 35; വെളിപ്പാട് 7:9, 10; 2 തെസ്സലോനീക്യർ 1:9 എന്നിവ പരിഗണിക്കുക. (കുറിപ്പ്: ആ ഗ്രീക്ക് വാക്ക് മത്തായി 5:11-ൽ “എല്ലാ തരത്തിലുമുളള” RS, TEV; “എല്ലാ വർഗ്ഗത്തിലുംപെട്ട,” NE; “എല്ലാ രീതിയിലുമുളള,” KJ എന്ന് വിവർത്തനം ചെയ്തിരിക്കുന്നതിനാൽ പ്രകടമാകുന്നതുപോലെ മററ് വിവർത്തകരും പദത്തിന്റെ ആ അർത്ഥം തിരിച്ചറിയുന്നു.)
ചിലർ ഒരിക്കലും രക്ഷിക്കപ്പെടുകയില്ല എന്ന് സുനിശ്ചിതമായും കാണിക്കുന്ന തിരുവെഴുത്തുകളുണ്ടോ?
2 തെസ്സ. 1:9, RS: “അവർ കർത്താവിന്റെ സാന്നിദ്ധ്യവും അവന്റെ ശക്തിയുടെ മാഹാത്മ്യവും വിട്ടകന്ന് നിത്യനാശമെന്ന ശിക്ഷാവിധി അനുഭവിക്കും.” (ചെരിച്ചെഴുത്ത് കൂട്ടിച്ചേർത്തത്.)
വെളി. 21:8, RS: “ഭീരുക്കൾ, അവിശ്വസ്തർ, കളങ്കമേററവർ എന്നിവർക്കും കൊലപാതകികൾ, ദുർന്നടപ്പുകാർ, ആഭിചാരകർ, വിഗ്രഹാരാധികൾ എന്നിവർക്കും ഭോഷ്ക്കു പറയുന്ന സകലർക്കുമുളള ഓഹരി തീയും ഗന്ധകവും കത്തുന്ന തടാകത്തിലത്രേ, അത് രണ്ടാം മരണം.”
മത്താ. 7:13, 14, RS: “ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കുക; എന്തുകൊണ്ടെന്നാൽ നാശത്തിലേക്ക് നയിക്കുന്ന പടിവാതിൽ വിശാലവും വഴി എളുപ്പവുമാകുന്നു, അതിലൂടെ പ്രവേശിക്കുന്നവർ അനേകരത്രേ. എന്തുകൊണ്ടെന്നാൽ ജീവനിലേക്കു നയിക്കുന്ന പടിവാതിൽ ഇടുക്കവും വഴി ഞെരുക്കവുമുളളത്, അതു കണ്ടെത്തുന്നവർ ചുരുക്കമത്രേ.”
ഒരു വ്യക്തി ഒരിക്കൽ രക്ഷിക്കപ്പെട്ടാൽ എന്നേക്കും രക്ഷിക്കപ്പെട്ടിരിക്കുന്നുവോ?
യൂദാ 5, RS: “നിങ്ങൾ ഒരിക്കൽ എല്ലാം അറിഞ്ഞിരുന്നുവെങ്കിലും ഈജിപ്ററിൽ നിന്ന് ഒരു ജനത്തെ രക്ഷിച്ചവൻ പിന്നീട് വിശ്വസിക്കാഞ്ഞവരെ നശിപ്പിച്ചു എന്ന് നിങ്ങളെ ഓർപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.” (ചെരിച്ചെഴുത്ത് കൂട്ടിച്ചേർത്തത്.)
മത്താ. 24:13, RS: “അവസാനത്തോളം സഹിച്ചു നിൽക്കുന്നവൻ രക്ഷിക്കപ്പെടും.” (അതുകൊണ്ട് ഒരുവന്റെ അന്തിമമായ രക്ഷ അയാൾ യേശുവിൽ വിശ്വാസം പ്രകടമാക്കാൻ തുടങ്ങുന്ന സമയത്തല്ല തീരുമാനിക്കപ്പെടുന്നത്.)
ഫിലി. 2:12, RS: “അതുകൊണ്ട് നിങ്ങൾ എല്ലായ്പ്പോഴും അനുസരിച്ചിട്ടുളളതുപോലെ ഇപ്പോൾ എന്റെ സാന്നിദ്ധ്യത്തിൽ എന്നതുപോലെ മാത്രമല്ല, എന്റെ അസാന്നിദ്ധ്യത്തിലും അതിലും അധികമായി ഭയത്തോടും വിറയലോടും കൂടെ നിങ്ങളുടെ രക്ഷക്കായി പ്രവർത്തിക്കുക.” (ഫിലിപ്പ്യർ 1:1 പ്രസ്താവിച്ചിരിക്കുന്നതുപോലെ ഫിലിപ്പ്യ സഭയിലെ “പുണ്യവാൻമാരോട്” അല്ലെങ്കിൽ വിശുദ്ധൻമാരോടാണ് ഇത് പറയപ്പെട്ടത്. അതിരുകടന്ന ആത്മവിശ്വാസമുളളവരായിരിക്കാതെ, അവരുടെ അന്തിമമായ രക്ഷ അപ്പോഴും ഉറപ്പാക്കപ്പെട്ടിട്ടില്ല എന്ന് തിരിച്ചറിയാൻ പൗലോസ് അവരെ പ്രോൽസാഹിപ്പിച്ചു.)
എബ്രാ. 10:26, 27, RS: “സത്യത്തിന്റെ പരിജ്ഞാനം ലഭിച്ച ശേഷം നാം മന:പൂർവ്വം പാപം ചെയ്താൽ പാപങ്ങൾക്കുവേണ്ടി ഇനി യാതൊരു യാഗവും ശേഷിക്കാതെ ന്യായവിധിക്കായി ഭയങ്കരമായ ഒരു പ്രതീക്ഷയും എതിരാളികളെ ദഹിപ്പിക്കാനുളള അഗ്നിയുടെ ക്രോധവുമേയുളളു.” (അപ്രകാരം ഒരു മനുഷ്യൻ “രക്ഷിക്കപ്പെട്ടു” കഴിഞ്ഞാൽ പിന്നെ എന്തുതന്നെ ചെയ്താലും ആ രക്ഷ നഷ്ടമാവുകയില്ല എന്ന ആശയത്തോട് ബൈബിൾ യോജിക്കുന്നില്ല. അത് വിശ്വസ്തതയുണ്ടായിരിക്കാൻ പ്രോൽസാഹിപ്പിക്കുന്നു. പരിശുദ്ധാത്മാവിനാൽ അഭിഷേകം ചെയ്യപ്പെട്ട ഒരാൾക്കുപോലും ആ രക്ഷ നഷ്ടമാകാൻ കഴിയും എന്നു കാണിക്കുന്ന എബ്രായർ 6:4-6 കൂടെ കാണുക.)
രക്ഷിക്കപ്പെടുന്നതിന് വിശ്വാസത്തേക്കാൾ കൂടുതലായി എന്തെങ്കിലും ആവശ്യമാണോ?
എഫേ. 2:8, 9, RS: “കൃപയാൽ [“അനർഹ ദയയാൽ,” NW] വിശ്വാസം മൂലം നിങ്ങൾ രക്ഷിക്കപ്പെട്ടിരിക്കുന്നു; അതു നിങ്ങളുടെ സ്വന്തം ചെയ്തിയല്ല, അത് ദൈവത്തിന്റെ ദാനമത്രേ—യാതൊരു മനുഷ്യനും പ്രശംസിക്കാതിരിക്കാൻ പ്രവൃത്തികൾ നിമിത്തവുമല്ല.” (രക്ഷക്കുളള മുഴു കരുതലും ദൈവത്തിന്റെ ഭാഗത്തുനിന്നുളള അനർഹദയയാണ്. തന്റെ പ്രവൃത്തികൾ എത്ര യോഗ്യമായിരുന്നാലും സ്വന്ത നിലയിൽ രക്ഷ നേടാൻ കഴിയുന്നതിന് ആദാമിന്റെ സന്തതികളിലാർക്കും യാതൊരു മാർഗ്ഗവുമില്ല. തന്റെ പുത്രന്റെ ബലിയുടെ പാപപരിഹാര മൂല്യത്തിൽ വിശ്വാസമർപ്പിക്കുന്നവർക്ക് ദൈവം നൽകുന്ന ഒരു ദാനമാണ് രക്ഷ.)
എബ്രാ. 5:9, RS: “അവൻ [യേശു] തന്നെ അനുസരിക്കുന്ന ഏവർക്കും നിത്യരക്ഷയുടെ ഉറവായിത്തീർന്നു.” (ചെരിച്ചെഴുത്ത് കൂട്ടിച്ചേർത്തത്) (“ക്രിസ്ത്യാനികൾ വിശ്വാസത്താൽ രക്ഷിക്കപ്പെടുന്നു” എന്നുളള പ്രസ്താവനയുമായി ഇതിനെന്തെങ്കിലും പൊരുത്തക്കേടുണ്ടോ? അശേഷമില്ല. അനുസരണം അവരുടെ വിശ്വാസം യഥാർത്ഥമാണ് എന്ന് തെളിയിക്കുക മാത്രമേ ചെയ്യുന്നുളളു.)
യാക്കോ. 2:14, 26, RS: “എന്റെ സഹോദരൻമാരേ, ഒരു മനുഷ്യൻ തനിക്ക് വിശ്വാസമുണ്ട് എന്നു പറയുകയും പ്രവൃത്തികളില്ലാതിരിക്കുകയും ചെയ്താൽ എന്തു പ്രയോജനമാണുളളത്? അയാളുടെ വിശ്വാസത്തിന് അയാളെ രക്ഷിക്കാൻ കഴിയുമോ? എന്തുകൊണ്ടെന്നാൽ ആത്മാവില്ലാത്ത ശരീരം മൃതമായിരിക്കുന്നതുപോലെ പ്രവൃത്തികളില്ലാത്ത വിശ്വാസവും മൃതമാണ്.” (ഒരു മനുഷ്യൻ തന്റെ പ്രവൃത്തികളാൽ രക്ഷ സമ്പാദിക്കുന്നില്ല. എന്നാൽ യഥാർത്ഥ വിശ്വാസമുളള ഒരാളിന് അതോടൊപ്പം പ്രവൃത്തികളും ഉണ്ടായിരിക്കും—ദൈവത്തിന്റെയും ക്രിസ്തുവിന്റെയും കൽപനകളോടുളള അനുസരണത്തിന്റെ പ്രവൃത്തികൾ, തന്റെ വിശ്വാസവും സ്നേഹവും പ്രകടമാക്കുന്ന പ്രവൃത്തികൾ. അത്തരം പ്രവൃത്തികൾ ഇല്ലെങ്കിൽ അയാളുടെ വിശ്വാസം മൃതമാണ്.)
പ്രവൃ. 16:30, 31, RS: “‘പുരുഷൻമാരേ രക്ഷിക്കപ്പെടുവാൻ ഞാൻ എന്തു ചെയ്യണം?’ അവർ (പൗലോസും ശീലാസും) പറഞ്ഞു, ‘കർത്താവായ യേശുവിൽ വിശ്വസിക്കുക, നീ രക്ഷിക്കപ്പെടും, നീയും നിന്റെ കുടുംബവും.’” (അയാളും അയാളുടെ കുടുംബവും യഥാർത്ഥത്തിൽ വിശ്വസിച്ചെങ്കിൽ അവർ തങ്ങളുടെ വിശ്വാസത്തോടുളള ചേർച്ചയിൽ പ്രവർത്തിക്കുകയില്ലേ? തീർച്ചയായും.)
ആരെങ്കിലും ഇങ്ങനെ പറഞ്ഞാൽ—
‘ഞാൻ രക്ഷിക്കപ്പെട്ടതാണ്’
നിങ്ങൾക്ക് ഇങ്ങനെ മറുപടി പറയാം: ‘അതറിഞ്ഞതിൽ എനിക്ക് സന്തോഷമുണ്ട്. എന്തുകൊണ്ടെന്നാൽ അതിൽ നിന്ന് നിങ്ങൾ യേശുക്രിസ്തുവിൽ വിശ്വസിക്കുന്നു എന്ന് ഞാൻ മനസ്സിലാക്കുന്നു. ഞാൻ ഇപ്പോൾ പങ്കുപററുന്ന ഈ വേല തന്റെ ശിഷ്യൻമാർക്ക് ചെയ്യാനായി യേശു നിയമിച്ചുകൊടുത്ത ഒന്നാണ്, അതായത് തന്റെ രാജ്യത്തിന്റെ സ്ഥാപനം സംബന്ധിച്ച് മററുളളവരോട് പറയുക എന്നത്. (മത്താ. 24:14)’ പിന്നെ ഒരുപക്ഷേ ഇങ്ങനെ കൂട്ടിച്ചേർക്കുക: (1) ‘ആ രാജ്യം എന്താണ്? അതിന്റെ വരവ് ലോകത്തെ സംബന്ധിച്ചിടത്തോളം എന്തർത്ഥമാക്കും? (ദാനി. 2:44)’ (2) ‘ആ സ്വർഗ്ഗീയ ഗവൺമെൻറിൻ കീഴിൽ ഭൂമിയിൽ ഏതവസ്ഥകളാണ് ഉണ്ടായിരിക്കുക?’ (സങ്കീ. 37:11; വെളി. 21:3, 4)’
അല്ലെങ്കിൽ നിങ്ങൾക്ക് ഇങ്ങനെ പറയാൻ കഴിയും: ‘അപ്പോൾ പ്രവൃത്തികൾ 4:12-ൽ പത്രോസ് പറഞ്ഞിരിക്കുന്നതിനെ നിങ്ങൾ വിലമതിക്കുന്നു, ഇല്ലേ? . . . നാം വിശ്വാസം അർപ്പിക്കേണ്ടതിന് നമുക്ക് യേശുവിന്റെ നാമം നൽകിയത് ആരാണെന്ന് നിങ്ങൾ എന്നെങ്കിലും ചിന്തിച്ചിട്ടുണ്ടോ?’ പിന്നെ ഒരുപക്ഷേ ഇങ്ങനെ കൂട്ടിച്ചേർക്കുക: (1) ‘യേശു തന്നെ നമ്മോട് പറയുന്നു. (യോഹന്നാൻ 17:3)’ (2) ‘താൻ തന്റെ പിതാവിന്റെ നാമം വെളിപ്പെടുത്തി എന്ന് യേശു തന്നെ പറഞ്ഞിരിക്കുന്നതു കാണുക. (യോഹ. 17:6) അവന്റെ വ്യക്തിപരമായ നാമമെന്താണ്? അത് നിങ്ങളുടെ മനസ്സിലേക്ക് എന്ത് ആശയങ്ങളാണ് കൊണ്ടുവരുന്നത്? (പുറ. 3:15; 34:5-7)’
‘നിങ്ങൾ രക്ഷിക്കപ്പെട്ടതാണോ?’
നിങ്ങൾക്ക് ഇങ്ങനെ മറുപടി പറയാം: ‘ഇന്നു വരെ അതെ. നമ്മുടെ നില സംബന്ധിച്ച് അമിതമായ ആത്മവിശ്വാസമുണ്ടായിരിക്കരുത് എന്നുമുളള ബൈബിളിന്റെ ബുദ്ധിയുപദേശം അറിയാവുന്നതുകൊണ്ടാണ് ഞാൻ അങ്ങനെ പറഞ്ഞത്. ഈ വാക്യം നിങ്ങൾക്ക് പരിചയമുണ്ടോ? (1 കൊരി. 10:12)’ പിന്നെ ഒരുപക്ഷേ ഇങ്ങനെ കൂട്ടിച്ചേർക്കുക: ‘അങ്ങനെ പറയാനുളള കാരണമെന്താണ്? വീണ്ടും ജനിച്ചവരും സ്വർഗ്ഗീയ ജീവന്റെ പ്രത്യാശയുണ്ടായിരുന്നവരുമായവർക്ക് (എബ്രാ. 3:1) പൗലോസ് ഇത് എഴുതി . . . (എബ്രാ. 3:12-14) ദൈവവചനത്തിന്റെ അറിവിൽ വളരുന്നതിനാലാണ് നാം നമ്മുടെ വിശ്വാസത്തെ ശക്തിപ്പെടുത്തുന്നത്.’
അല്ലെങ്കിൽ നിങ്ങൾക്ക് ഇങ്ങനെ പറയാൻ കഴിയും: ‘വെറുതെ ഉവ്വ് എന്ന് മാത്രം പറഞ്ഞുകൊണ്ട് എനിക്ക് അതിന് ഉത്തരം പറയാമായിരുന്നു. എന്നാൽ ബൈബിൾ ഒന്നിലധികം രക്ഷയെപ്പററി സംസാരിക്കുന്നു എന്ന് നിങ്ങൾ അറിഞ്ഞിരുന്നോ? ഉദാഹരണത്തിന് വെളിപ്പാട് 7:9, 10, 14-ന്റെ അർത്ഥമെന്താണെന്ന് നിങ്ങൾ എന്നെങ്കിലും ചിന്തിച്ചിട്ടുണ്ടോ? . . . അതുകൊണ്ട് വരാൻ പോകുന്ന മഹോപദ്രവത്തിൽ രക്ഷിക്കപ്പെട്ടിട്ട് ഇവിടെ ഈ ഭൂമിയിൽ തന്നെ ജീവിക്കുന്ന ആളുകൾ ഉണ്ടായിരിക്കും. (മത്താ. 5:5)’
‘വ്യക്തിപരമായി നിങ്ങളുടെ രക്ഷകനായി നിങ്ങൾ യേശുവിനെ സ്വീകരിക്കുന്നുവോ?’
“യേശുക്രിസ്തു” എന്ന ശീർഷകത്തിൻ കീഴിൽ 219, 220 പേജുകൾ കാണുക.
നിങ്ങൾ ‘1,44,000 പേർ മാത്രമേ രക്ഷപ്രാപിക്കുകയുളളു എന്ന് പറയുന്നു’
നിങ്ങൾക്ക് ഇങ്ങനെ മറുപടി പറയാം: ‘ഞങ്ങൾ യഥാർത്ഥത്തിൽ എന്താണ് വിശ്വസിക്കുന്നത് എന്ന് നിങ്ങളോട് പറയാൻ കഴിയത്തക്കവണ്ണം നിങ്ങൾ അത് പരാമർശിച്ചതിൽ എനിക്ക് സന്തോഷമുണ്ട്. ദൈവം തന്റെ പുത്രനിലൂടെ ചെയ്തിരിക്കുന്ന കരുതലിൽ എത്രപേർ യഥാർത്ഥ വിശ്വാസം പ്രകടമാക്കുന്നുവോ അത്രയും പേർക്കും രക്ഷ ലഭ്യമാണ്. എന്നാൽ ക്രിസ്തുവിനോടുകൂടെയായിരിക്കാൻ 1,44,000 പേർ മാത്രമേ സ്വർഗ്ഗത്തിലേക്ക് പോകുന്നുളളു എന്ന് ബൈബിൾ പറയുന്നു. നിങ്ങൾ അത് എന്നെങ്കിലും ബൈബിളിൽ നിന്ന് കണ്ടിട്ടുണ്ടോ? . . . അത് ഇവിടെ വെളിപ്പാട് 14:1, 3-ലാണ്.’ പിന്നെ ഒരുപക്ഷേ ഇങ്ങനെ കൂട്ടിച്ചേർക്കുക: (1) ‘അവർ സ്വർഗ്ഗത്തിൽ എന്തു ചെയ്യും? (വെളി. 20:6)’ (2) ‘അവർ ആരുടെയെങ്കിലും മേൽ ഭരണം നടത്തും എന്നത് വ്യക്തമാണ്. അത് ആരായിരിക്കും? . . . (മത്താ. 5:5; 6:10)’